ബൈബിളിലൂടെ : യോശുവ

ദേശം അവകാശമാക്കുന്നു

Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 13 | 14 | 15 | 21 | 22 | 23 | 24


യിസ്രായേല്‍ ജനം വാഗ്ദത്ത ദേശം അവകാശമാക്കിയത് എങ്ങനെ എന്നാണ് യോശുവയുടെ പുസ്തകം നമ്മോടു പറയുന്നത്. ഈ പുസ്തകം പല വിധത്തിലും അപ്പൊസ്തല പ്രവൃത്തികള്‍ എന്ന പുസ്തകത്തോടു സമാനമാണ്: രണ്ട് പുസ്തകങ്ങളും ഓരോ പുതിയ തുടക്കമാണ് വിവരിക്കുന്നത്. തന്നെയുമല്ല അവയില്‍ ദൈവ ശക്തിയുടെ വലിയ വെളിപ്പെടുത്തലുകളെക്കുറിച്ചും നാം വായിക്കുന്നു. യോശുവ ഒരു വലിയ നേതാവായിരുന്നു. അദ്ദേഹമാണ് യിസ്രായേല്‍ മക്കളെ വാഗ്ദത്ത ദേശത്തേക്കു കൊണ്ടുവന്നതും. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ (യോശുവയുടെ പുസ്തകം കഴിഞ്ഞാലുടന്‍ കാണുന്നത്) യോശുവയുടെ കാലം കഴിഞ്ഞ് അവരിലേക്ക് എത്ര പെട്ടെന്നാണ് പിന്മാറ്റം കടന്നു വന്നത് എന്നുകൂടി നാം കാണുന്നു. പുതിയനിയമത്തിലും, അപ്പൊസ്തലന്മാര്‍ മരിച്ച ശേഷം സഭകളില്‍ വളരെ വേഗത്തില്‍ പിന്മാറ്റം തുടങ്ങി (വെളി. 2,3). ഇതു നമ്മെ പഠിപ്പിക്കുന്നത്, ദൈവജനത്തിനു നല്ല നേതാക്കന്മാര്‍ ഇല്ലാതാകുമ്പോള്‍, വളരെ വേഗത്തില്‍ പിന്മാറ്റം ആരംഭിക്കുന്നു എന്നാണ്.

യോശുവയുടെ പുസ്തകം ദൈവത്തെ ചിത്രീകരിക്കുന്നത് യുദ്ധത്തിന്റെ ദൈവം എന്ന നിലയിലാണ്. അതു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരിക്കാം. എന്നാല്‍ ദൈവം യുദ്ധത്തിന്റെ ദൈവമാണ്. കാരണം അവിടുന്ന് സ്‌നേഹത്തിന്റെ ദൈവമാണ്. സ്‌നേഹമുള്ള ഒരു പിതാവ് തന്റെ മക്കളിലുള്ള രോഗങ്ങള്‍ക്കെതിരായി യുദ്ധം ചെയ്യുന്നതുപോലെ, മനുഷ്യ വര്‍ഗ്ഗത്തിനു ദോഷം ചെയ്യുന്ന ഏതിനെയും അവിടുന്നു വെറുക്കുന്നു.

പഴയ മനുഷ്യനും ജഡവും

കനാന്‍ ദേശം സ്വര്‍ഗ്ഗത്തിന്റെ ചിത്രമല്ല (ചില വിശ്വാസികള്‍ അവരുടെ പാട്ടുകളില്‍ പാടുന്നതുപോലെ). കാരണം സ്വര്‍ഗ്ഗത്തില്‍ കൊല്ലപ്പെടുവാന്‍ മല്ലന്മാരാരും ഇല്ല! കനാന്‍ എന്നു പറയുന്നത് വാസ്തവത്തില്‍ ആത്മാവില്‍ നിറയപ്പെട്ട ജയജീവിതത്തിന്റെ വിവരണമാണ്. അവിടെ പാപത്തിന്റെ മല്ലന്മാര്‍ – നമ്മുടെ ജഡത്തിലുള്ള മോഹങ്ങള്‍- ക്രൂശിക്കപ്പെട്ടിരിക്കുന്നു. എല്ലാ മല്ലന്മാരും ഒരു നിമിഷം കൊണ്ട് കൊല്ലപ്പെടുന്നില്ല. അവര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നു.

യിസ്രായേല്‍ ജനത്തിന് തങ്ങളുടെ കനാനിലേക്കുള്ള യാത്രയില്‍ രണ്ടു ജലാശയങ്ങള്‍ കടക്കേണ്ടിയിരുന്നു. ഒന്ന് ചെങ്കടല്‍. മറ്റേത് യോര്‍ദ്ദാന്‍ നദി. ഇവ രണ്ടും മരണത്തെക്കുറിച്ചു പറയുന്നു. 1 കൊരിന്ത്യര്‍ 10-ല്‍ നാം കാണുന്നത് ചെങ്കടലിലൂടെ കടക്കുന്നത് ജലസ്‌നാനത്തിന്റെ ഒരു ചിത്രമാണെന്നാണ്. യോര്‍ദ്ദാന്‍ നദി മറ്റൊരു തരം മരണമാണ്. ഇവിടെയാണ് 1500 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌നാപക യോഹന്നാന്‍ യേശുവിനെ സ്‌നാനപ്പെടുത്തിയത്.

വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത് കുരിശില്‍ നമ്മുടെ പഴയ മനുഷ്യന്‍ ദൈവത്താല്‍ ക്രൂശിക്കപ്പെട്ടു എന്നാണ് (റോമര്‍ 6:6). നമുക്കു നമ്മുടെ പഴയ മനുഷ്യനെ ക്രൂശിക്കാന്‍ കഴിയുകയില്ല. പഴയ മനുഷ്യന്‍ (പാപം ചെയ്യാന്‍ ആഗ്രഹിക്കുന്ന മനസ്സ്) ക്രൂശില്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു. ദൈവമാണ് അതു ചെയ്തത്. എന്നാല്‍ നാം ക്രൂശിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഉണ്ട്- നമ്മുടെ ജഡം (മോഹങ്ങളുടെ സംഭരണശാല). ഗലാത്യര്‍ 5:24 പറയുന്നു: ”ക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ചിരിക്കുന്നു.” ജഡം എന്നതു പഴയ മനുഷ്യനില്‍ നിന്നു വ്യത്യസ്തമാണ്. മോഹങ്ങളോടു കൂടിയ ജഡം, നമ്മുടെ ഹൃദയങ്ങളിലേക്കു കടന്ന് അതിനെ ദൂഷിതമാക്കാന്‍ ശ്രമിക്കുന്ന കൊള്ളസംഘത്തെ പ്പോലെയാണ്. നമ്മുടെ ഹൃദയത്തിനുള്ളില്‍ ജീവിച്ചുകൊണ്ട് കൊള്ളക്കാര്‍ മോഷ്ടിക്കാന്‍ വരുന്ന ഓരോ സമയവും വാതില്‍ തുറന്നുകൊടുക്കുന്ന അവിശ്വസ്തനായ ഒരു ഭൃത്യനെപ്പോലാണ് പഴയ മനുഷ്യന്‍. ഇവരില്‍ ആരെയാണ് ദൈവം കൊല്ലുന്നത്? അവിടുന്ന് ഭൃത്യനെയാണു കൊല്ലുന്നത്. ഈ കൊള്ള സംഘം ഇപ്പോഴും ശക്തരും പ്രവര്‍ത്തനനിരതരും ആണ്. അതുകൊണ്ടാണ് നാം രക്ഷിക്കപ്പെടുന്നതിനു മുമ്പ് നാം പ്രലോഭിപ്പിക്കപ്പെട്ടതുപോലെ തന്നെയാണ് രക്ഷിക്കപ്പെട്ടതിനു ശേഷവും നാം പ്രലോഭിപ്പിക്കപ്പെടുന്നത്. അതു തെളിയിക്കുന്നത് കൊള്ളക്കാര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ്. അവര്‍ക്ക് ഇപ്പോഴും നമ്മുടെ ഹൃദയത്തില്‍ കടക്കുവാന്‍ ആഗ്രഹമുണ്ട് – നാം രക്ഷിക്കപ്പെട്ടതിനു ശേഷവും. എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ നമ്മുടെ ഉള്ളില്‍ മരിച്ചിരിക്കുന്നു – ഈ കള്ളന്മാര്‍ക്കു വേണ്ടി വാതില്‍ തുറന്നു കൊടുത്തിരുന്ന വേലക്കാരന്‍ (പഴയ മനുഷ്യന്‍). നാം വീണ്ടും ജനിച്ചപ്പോള്‍ ദൈവം അവനെ കൊന്നിട്ട് വേറൊരു പുതിയ വേലക്കാരനെ നമ്മുടെ ഉള്ളില്‍ ആക്കിയിട്ടുണ്ട് – ഈ കള്ളന്മാര്‍ക്കു വേണ്ടി വാതില്‍ തുറന്നു കൊടുക്കുവാന്‍ ഇഷ്ടപ്പെടാത്ത ഒരു വേലക്കാരന്‍. ഇപ്പോള്‍ നമ്മിലേക്ക് പ്രലോഭനങ്ങള്‍ വരുമ്പോള്‍, ഈ പുതിയ വേലക്കാരന്‍ ”ഇല്ല” എന്നു പറയുന്നു. അപ്പോള്‍ പിന്നെ എങ്ങനെയാണ് വിശ്വാസികള്‍ പാപത്തില്‍ വീഴുന്നത്? കാരണം അവര്‍ ഈ പുതിയ വേലക്കാരനു നന്നായി ഭക്ഷണം കൊടുക്കുന്നില്ല. അപ്പോള്‍ ഈ മോഷ്ടാക്കള്‍ക്കെതിരെ വാതിലടച്ചു വയ്ക്കുവാന്‍ വേണ്ടവിധം അവന്‍ ശക്തനല്ല. അതുകൊണ്ട് മോഷ്ടാക്കള്‍ തള്ളിത്തുറന്ന് അകത്തു കടക്കുന്നു. അങ്ങനെയാണ് ഒരു വിശ്വാസി പാപം ചെയ്യുന്നത്.

എന്നാല്‍ ഒരു വിശ്വാസി പാപം ചെയ്യുന്നതും ഒരു അവിശ്വാസി പാപം ചെയ്യുന്നതും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട് – കാരണം ഒരു വിശ്വാസി പാപം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഒരു അവിശ്വാസി പാപം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. വാസ്തവത്തില്‍, നിങ്ങള്‍ വീണ്ടും ജനിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിന്റെ പരീക്ഷ അതാണ്. വീണ്ടും ജനിച്ചിട്ടുണ്ടോ എന്നതിന്റെ തെളിവ്, നിങ്ങള്‍ പാപം ചെയ്യുന്നോ ഇല്ലയോ എന്നതല്ല, എന്നാല്‍ നിങ്ങള്‍ക്കു പാപം ചെയ്യുവാന്‍ ആഗ്രഹമുണ്ടോ എന്നതാണ്. ഇപ്പോഴും നിങ്ങള്‍ പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഞാന്‍ പറയും ഇപ്പോഴും നിങ്ങള്‍ രക്ഷിക്കപ്പെട്ടിട്ടില്ല. ആളുകള്‍ ജലസ്‌നാനം ആവശ്യപ്പെട്ടു വരുമ്പോള്‍ ഞാന്‍ അവരോട് ഒരു ചോദ്യം ചോദിക്കാറുണ്ട്: ”ഇനിമേല്‍ ഒരു തവണയെങ്കിലും പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ?” ”നിങ്ങള്‍ പാപം ചെയ്യുമോ?” എന്നു ഞാന്‍ അവരോടു ചോദിക്കാറില്ല. കാരണം തങ്ങള്‍ പാപം ചെയ്യുകയില്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയുകയില്ല. ”ആഗ്രഹിക്കുന്നു” എന്നതാണ് പഴയ മനുഷ്യന്‍.

പുതിയ നിയമം സംസാരിക്കുന്നത് ഈ രണ്ടു മരണങ്ങളെക്കുറിച്ചാണ്. യിസ്രായേലിന്റെ ചരിത്രത്തില്‍ ഇവ രണ്ടും മനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഫറവോന്റെ സൈന്യം ഒരു നിമിഷംകൊണ്ട് ചെങ്കടലില്‍ മുങ്ങിപ്പോയി. അതു പഴയ മനുഷ്യന്റെ മരണത്തിന്റെ ഒരു ചിത്രമാണ്. അതാരാണു ചെയ്തത്? ദൈവം. പഴയ മനുഷ്യന്‍ ക്രൂശില്‍ വച്ച് ദൈവത്താല്‍ ക്രൂശിക്കപ്പെട്ടു. അനന്തരം യിസ്രായേല്യര്‍ യോര്‍ദ്ദാന്‍ കടന്നു. അതു മറ്റൊരു മരണത്തെക്കുറിച്ചു പറയുന്നു. ക്രിസ്തുവിനോടു കൂടിയുള്ള, നമ്മുടെ മോഹങ്ങളുടെ ക്രൂശീകരണത്തെ, നാം കൈക്കൊള്ളുന്നു. ക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ മോഹങ്ങളോട് ഈ നിലപാട് എടുത്തിരിക്കുന്നു. മോഹങ്ങളെല്ലാം ഇപ്പോഴും അവിടെയുണ്ട്. കൂടാതെ മല്ലന്മാര്‍ ദേശം വാഴുന്നുമുണ്ട്. എന്നാല്‍ യോശുവയും യിസ്രായേല്യരും ആ മല്ലന്മാരെ ഓരോരുത്തനെ ആയി കൊല്ലുവാന്‍ തീരുമാനിച്ചിട്ടുണ്ട്. നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ നാം തന്നെയാണ് നമ്മുടെ മോഹങ്ങളെ – ഓരോന്നോരോന്നായി- കൊല്ലേണ്ടത്. നമ്മുടെ ജഡത്തിന്റെ പ്രവൃത്തികളെ നാംതന്നെ മരണത്തിനേല്‍പ്പിക്കണം – നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ (റോമര്‍ 8:13). ഇത് മിസ്രയീം സൈന്യം ഒരു നിമിഷത്തിനുള്ളില്‍ ദൈവത്താല്‍ ചെങ്കടലില്‍ താഴ്ത്തപ്പെട്ടതില്‍ നിന്നു വളരെ വ്യത്യസ്തമാണ്.

പുതിയ നിയമത്തില്‍ ഇതിന്റെ പ്രായോഗികതയുടെ കാര്യത്തിലേക്കു വരുമ്പോള്‍ തിരുവെഴുത്തു വളരെ കൃത്യമാണ്. നാം നമ്മെ തന്നെ പരിശുദ്ധാത്മാവിനു തുറന്നു കൊടുക്കുമെങ്കില്‍, ഈ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവിടുന്നു നമുക്ക് വെളിപ്പെടുത്തി തരും. വേദപുസ്തകം ആവേശമുണര്‍ത്തുന്ന ഒരു പുസ്തകമാണ്. പുതിയ ഉടമ്പടി ജീവിതത്തിനായി പഴയനിയമ സൂചകോപദേശങ്ങളില്‍ വേദപുസ്തകം വളരെ പൂര്‍ണ്ണതയുള്ളതും കൃത്യവുമാണ്. പഴയനിയമകാലത്തുണ്ടായിരുന്ന ദൈവഭക്തന്മാര്‍ക്ക് ഇതു മുഴുവന്‍ അപ്പോള്‍ മനസ്സിലായില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ ഇന്ന് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയും. അനേക വര്‍ഷങ്ങളായി ധാരാളം മോഹങ്ങളാകുന്ന മല്ലന്മാര്‍ അടക്കി വാണിരുന്ന നമ്മുടെ ശരീരത്തിന്റെ പ്രതീകമാണ് കനാന്‍ ദേശം. എന്നാല്‍ നാം ആ മല്ലന്മാരോട് ഇപ്രകാരം പറയാനുള്ള ഒരു നിലപാട് എടുത്തിരിക്കുന്നു- ”ഞാന്‍ എന്നെത്തന്നെ പാപത്തിനു മരിച്ചവനായി കണക്കാക്കുവാന്‍ പോകുകയാണ്.” നാം നാള്‍തോറും ക്രൂശെടുക്കേണ്ടതുണ്ട് എന്ന് യേശു പറഞ്ഞു. അതു പഴയമനുഷ്യനെ കൊല്ലുന്ന കാര്യമല്ല. പഴയ മനുഷ്യന്‍ നേരത്തെ തന്നെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ക്രൂശെടുക്കുക എന്നാല്‍ സ്വന്ത ഇഷ്ടത്തെ (അതിനെയാണ് വേദപുസ്തകം നമ്മുടെ ”ജഡം” എന്നു വിളിക്കുന്നത്). പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ നാള്‍തോറും മരണത്തിനേല്‍പിക്കുന്നതാണ്.

പാപത്തോട് നിങ്ങള്‍ ഒരയഞ്ഞ നിലപാട് സ്വീകരിക്കുന്നെങ്കില്‍, നിങ്ങള്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി പഴയ മനുഷ്യനെ ധരിക്കുവാന്‍ കഴിയും (എഫെ. 4:22). ”തുടര്‍മാനം ജഡത്തെ അനുസരിച്ചു ജീവിക്കുന്ന” ഒരു വ്യക്തി ആത്മീയമായി മരിക്കും – അവന്‍ ഒരിക്കല്‍ ജീവനുള്ളവനായിരുന്നാലും. റോമര്‍ 8:13 – വിശ്വാസികള്‍ക്കായി എഴുതപ്പെട്ടിട്ടുള്ളത്- ഈ കാര്യം വളരെ വ്യക്തമാക്കുന്നു. യോശുവയുടെ പുസ്തകത്തില്‍, നമ്മുടെ ജഡത്തിലുള്ള മോഹങ്ങളെ നമ്മളാല്‍ തന്നെ മരണത്തിലേല്‍പ്പിക്കുന്നതിന്റെ സൂചനയാണു നാം കാണുന്നത്. അതുകൊണ്ട് യോശുവയുടെ പുസ്തകത്തിലെ പ്രതിപാദ്യം ”പാപത്തെ ജയിക്കുന്ന”തു സംബന്ധിച്ചാണ്. നമ്മുടെ മോഹങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ ജയാളികളായിരിക്കുവാന്‍ ഈ പുസ്തകം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

ഈ യുദ്ധത്തില്‍ യിസ്രായേല്‍ ജനത്തിന്റെ നായകന്‍ യോശുവ ആയിരുന്നു. യോശുവ ‘യേശു’ എന്ന പേരിന്റെ എബ്രായ പദമാണ്. യേശു എന്നത് ഇംഗ്ലീഷ് വാക്കാണ്. എബ്രായ പദം ജെഹോശുവ എന്നാണ്. അതിന്റെ അര്‍ത്ഥം ”കര്‍ത്താവ് ആണു രക്ഷകന്‍” എന്നാണ്. മത്തായി 1:21-ല്‍ ഇപ്രകാരം പറയുന്നു: ‘നീ അവനു യേശു എന്നു പേര്‍ വിളിക്കേണം. എന്തുകൊണ്ടെന്നാല്‍ അവിടുന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുന്ന രക്ഷകനാണ്.” മൊശെയ്ക്കു യിസ്രായേല്‍ ജനത്തെ കനാനിലേക്കു നയിക്കുവാന്‍ കഴിഞ്ഞില്ല. അത് സൂചിപ്പിക്കുന്നത് ന്യായപ്രമാണത്തിനു നമ്മെ പാപത്തിന്മേല്‍ വിജയമുള്ള ഒരു ജീവിതത്തിലേക്കു നയിക്കുവാന്‍ കഴിയുകയില്ല എന്ന വസ്തുതയാണ്.

ഈ യുദ്ധത്തില്‍ നമ്മെ നയിക്കുന്നത് യേശു ആണ്. എല്ലാവിധത്തിലും നമ്മെപ്പോലെ തന്നെ അവിടുന്നു പരീക്ഷിക്കപ്പെട്ടു (എബ്രാ. 4:15). യോശുവ തനിയെ ഒരു കൂടാരത്തില്‍ ഇരുന്നിട്ട് മറ്റുള്ള യിസ്രായേല്യരോട് പോയി യുദ്ധം ചെയ്യുവാന്‍ പറയുകയായിരുന്നില്ല. അല്ല, അദ്ദേഹം മുന്നണിയില്‍ പോയി സ്വയം യുദ്ധം ചെയ്തിട്ട് ”എന്നെ അനുഗമിക്ക” എന്നു പറഞ്ഞു. അതു തന്നെയാണ് യേശുവും ചെയ്തത്. അവിടുന്നു നമ്മുടെ രക്ഷാനായകനാണ് (എബ്രാ. 2:10). അവിടുന്നു നമ്മുടെ മുന്നോടിയാണ്. അതുകൊണ്ടാണ് നമ്മോട്, ‘തന്റെ ഐഹിക ജീവിതത്തില്‍, ക്രൂശിനെ സഹിച്ച്, അപമാനം അലക്ഷ്യമാക്കി, പാപത്തെയും സാത്താനെയും ജയിച്ച് ദൈവസിംഹാസനത്തിന്റെ വലത്തു ഭാഗത്തിരിക്കുന്ന യേശുവിനെ നോക്കിക്കൊണ്ട് നമ്മുടെ ക്രിസ്തീയ ഓട്ടം ഓടുവാന്‍’ പറഞ്ഞിരിക്കുന്നത് (എബ്രാ. 12:1,2). ഇന്നു നമ്മുടെ പോരാട്ടത്തില്‍, നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ നമുക്കു മുമ്പേപോയ നമ്മുടെ നായകനെ നോക്കിക്കൊണ്ട് പറയുക: ”കര്‍ത്താവേ, ഈ നിമിഷം ഞാന്‍ പ്രലോഭിപ്പിക്കപ്പെടുന്നതുപോലെ അവിടുന്നും പ്രലോഭിപ്പിക്കപ്പെട്ടവനാണ്, അവിടുന്ന് ജയിക്കുകയും ചെയ്തു. എനിക്കും ജയിക്കാന്‍ കഴിയേണ്ടതിനു വേണ്ട കൃപ എനിക്കു തരേണമേ.” നാം ഈ നായകനെ പിന്‍തുടരുമ്പോള്‍ ഒരു പരാജയവും ഉണ്ടാകുവാന്‍ ഇടയില്ല. ഈ നായകനെ പിന്‍തുടരാതിരിക്കുമ്പോള്‍ മാത്രമാണ് നാം പരാജിതരാകുന്നത്.

ദൈവം ശിക്ഷിക്കുന്നത് എന്തുകൊണ്ട്?

ദൈവം കൊല്ലുവാന്‍ കല്പിച്ച കനാനിലെ ജനങ്ങള്‍ സൊദോം ഗൊമോറായെപ്പോലെയും നോഹയുടെ കാലത്തുള്ള ലോകത്തെപോലെയും ശിക്ഷിക്കപ്പെടുകയായിരുന്നു. നോഹയുടെ കാലത്ത് ഭൂമി മുഴുവന്‍ ലൈംഗികപാപങ്ങള്‍ കൊണ്ട് വഷളായിത്തീര്‍ന്നു (ഉല്പ. 6:11). കനാന്യരും തരംതാണ ലൈംഗിക പാപങ്ങളിലും സാത്താന്യ ആരാധനയിലും ആസക്തരായിരുന്നു. അതുകൊണ്ട് ”ദേശം തന്നെ അതിലെ നിവാസികളെ ഛര്‍ദിച്ചു കളഞ്ഞു” (ലേവ്യ. 18:24,25). ദൈവം എന്തുകൊണ്ട് കനാന്യരെ നശിപ്പിച്ചു എന്നതിന്റെ വ്യക്തമായ കാരണങ്ങള്‍ ആവര്‍ത്തനം 9:4ഉം 18:10-12ഉം നമുക്കു തരുന്നു. ഏതെങ്കിലും രാജ്യത്ത് ദുഷിപ്പിക്കുന്ന സ്വാധീനങ്ങള്‍ ഉണ്ടാകുമ്പോള്‍, അങ്ങനെയുള്ള ഒരു രാഷ്ട്രത്തെ ശിക്ഷിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം അതിലെ ജനങ്ങളെ ഒഴിപ്പിക്കുക എന്നതാണ്- അവരുടെ സ്വാധീനം വ്യാപിച്ച് മറ്റുള്ളവരെ കൂടെ ദുഷിപ്പിക്കാതിരിക്കേണ്ടതിന്.

ഒരു മനുഷ്യന്റെ പാദത്തിന്റെ ഒരു ഭാഗം വളരെ ഗൗരവതരമായ വിധത്തില്‍ നിര്‍ജ്ജീവാവസ്ഥയിലായി അയാളുടെ ശരീരം മുഴുവന്‍ നശിപ്പിക്കത്തക്ക വിധത്തില്‍ അതു ഭീഷണിയാകുമ്പോള്‍ ദയാലുവായ ഒരു ഡോക്ടര്‍ അയാളുടെ പാദം മുറിച്ചു കളയുന്നതുപോലെ സ്‌നേഹത്തിന്റെ ദൈവം ചില ആളുകളെ നശിപ്പിക്കുന്നു. ഒരു ഡോക്ടര്‍ ആരുടെയെങ്കിലും കാലു മുറിക്കുന്നതു കാണുമ്പോള്‍, വൈദ്യശാസ്ത്രം മനസ്സിലാകാത്ത നിങ്ങള്‍ കരുതും ആ ഡോക്ടര്‍ അയാളെ വെറുക്കുന്നതു കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന്. എന്നാല്‍ വാസ്തവത്തില്‍ സത്യം അതിന്റെ എതിരാണ്. ഡോക്ടര്‍ അതു സ്‌നേഹത്തില്‍ ചെയ്യുകയായിരുന്നു. ചില ആളുകളെ ഛേദിച്ചു കളയുമ്പോള്‍ ദൈവവും ലോകത്തോടുള്ള സ്‌നേഹത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാത്തപക്ഷം അവര്‍ അതിനെ ദൂഷിതമാക്കും. ജലപ്രളയത്തിന്റെ സമയത്തുണ്ടായിരുന്ന ലോകജനതയെ മുഴുവന്‍ തുടച്ചു നീക്കിയത് സ്‌നേഹത്തിന്റെ ഒരു പ്രവൃത്തി ആയിരുന്നു. മനുഷ്യവര്‍ഗ്ഗം മുഴുവനായി പിശാചുക്കളാല്‍ നിയന്ത്രിക്കപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടതിനായിരുന്നു അത് (ഉല്പ. 6:2ല്‍ ”ദൈവത്തിന്റെ പുത്രന്മാര്‍” എന്ന പ്രയോഗം ദൈവത്തിന്റെ സൃഷ്ടിയുടെ സമയത്ത് ‘വീണുപോയ ദൂതന്മാരെ’യാണ് സൂചിപ്പിക്കുന്നത്). അപ്പൊസ്തലനായ പൗലൊസ് ഒരിക്കല്‍ ഒരു മനുഷ്യനെ അന്ധത പിടിപ്പിച്ചു. കാരണം അയാള്‍ വേറൊരാളിനെ വഴി തെറ്റിക്കുവാന്‍ ശ്രമിച്ചു (അപ്പൊ. പ്രവ. 13:8-12). ഒരു ഉണര്‍വ്വിനെ എതിര്‍ത്തു എന്ന കാരണം കൊണ്ട് ദൈവത്താല്‍ മരണത്തിനേല്‍പ്പിക്കപ്പെട്ട ചില ആളുകളുടെ കാര്യം ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് നാം യോശുവയുടെ പുസ്തകത്തില്‍ കാണുന്നത് കനാന്യരുടെ കൊലപാതകമല്ല മറിച്ച് ദേശത്തെ വെടിപ്പാക്കുന്നതിനുള്ള ഒരു ശസ്ത്രക്രിയ ആണ്.

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്, അബ്രാഹാം കനാനില്‍ ജീവിച്ചിരുന്നപ്പോള്‍, അവിടെ കനാന്യര്‍ ഉണ്ടായിരുന്നു. എന്നാല്‍ അപ്പോള്‍ ദൈവം കനാന്യരെ നശിപ്പിച്ചില്ല. ദൈവം 400 വര്‍ഷങ്ങളിലധികം കാത്തിരുന്നു. കാരണം, അവിടുന്ന് അബ്രാഹാമിനോടു പറഞ്ഞതുപോലെ, കനാന്യര്‍ ”ന്യായവിധിക്കു പാകമായിരുന്നില്ല” (ഉല്പ. 15:16). നാം മാങ്ങ പറിക്കുന്നത് അവ വിളഞ്ഞു പാകമാകുമ്പോഴാണ്. ദൈവവും അവിടുന്നു ന്യായം വിധിക്കുന്നതിനു മുമ്പ് മനുഷ്യന്റെ പാപം പാകമാകേണ്ടതിനു കാത്തിരിക്കുന്നു. സൊദോമിനെയും ഗൊമോറായെയും അവിടുന്നു ന്യായം വിധിച്ചത് അവരുടെ പാപം വിളഞ്ഞു പാകമായപ്പോഴാണ്. കനാന്യരുടെ കാര്യവും അങ്ങനെ തന്നെ.

കനാന്‍ കൈവശമാക്കി 700 വര്‍ഷങ്ങള്‍ക്കു ശേഷം, കനാന്യര്‍ ചെയ്ത അതേ പാപങ്ങള്‍ യിസ്രായേല്‍ മക്കള്‍ ചെയ്തപ്പോള്‍ ദൈവം അവരേയും ദേശത്തു നിന്ന് ഓടിച്ചു. അസീറിയക്കാര്‍ വന്ന് അവരെ പിടിച്ചടക്കി. 125 വര്‍ഷങ്ങള്‍ക്കു ശേഷം, തെക്കേ രാജ്യമായ യെഹൂദ്യ, ദൈവത്തിന്റെ പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ന്യായവിധിക്കു പാകമായപ്പോള്‍, അവരെയും നശിപ്പിക്കേണ്ടതിന് ദൈവം ബാബിലോന്യരെ അയച്ചു. ദൈവത്തിനു മുഖപക്ഷമില്ല. അതു കനാന്യരായാലും, യിസ്രായേല്യരായാലും, യെഹൂദ്യരായാലും അവിടുത്തെ രീതി ഒന്നു തന്നെയാണ്. അവിടുത്തെ ജനം അവിടുത്തെ നിലവാരം ലംഘിക്കുകയും പ്രവാചകന്മാരെ അവഗണിക്കുകയും ചെയ്താല്‍, അവിടുന്ന് അതേ ശസ്ത്രക്രിയ തന്നെ നടത്തും. നമ്മോടും ദൈവം അതുതന്നെ ചെയ്യുന്നു. ദൈവം നമ്മുടെ പാപത്തെ ശിക്ഷിക്കാതെ വിട്ടാല്‍, അതു തെളിയിക്കുന്നത് അവിടുന്നു നമ്മെ സ്‌നേഹിക്കുന്നില്ല എന്നാണ്. ഒരു പിതാവ് തന്റെ മക്കള്‍ രോഗങ്ങളുമായി ജീവിക്കാന്‍ അനുവദിച്ചാല്‍, അതു തെളിയിക്കുന്നത് അയാള്‍ വാസ്തവമായി തന്റെ മക്കളെ സ്‌നേഹിക്കുന്നില്ല എന്നാണല്ലോ.


വിജയകരമായ ജീവിതത്തിലേക്കു പ്രവേശിക്കുന്നത്

അധ്യായം 1:1,2: ”യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം, യഹോവ നൂന്റെ മകനായ യോശുവയോട് അരുളിച്ചെയ്തത്, ‘എന്റെ ദാസനായ മോശെ മരിച്ചു. ആകയാല്‍ ഇപ്പോള്‍ എഴുന്നേറ്റ് ഈ യോര്‍ദ്ദാന്‍ കടന്ന് അക്കരയ്ക്കു പോകുവിന്‍.’ മോശെയ്ക്കു ശേഷം നായകനായിരിക്കുവാന്‍ യോശുവയെ ഉയര്‍ത്തിയതും നിയമിച്ചതും ദൈവം തന്നെ ആയിരുന്നു. ദൈവം തന്നെ നമ്മെ ആ സ്ഥാനത്തേക്കു നിയമിക്കുന്നില്ലെങ്കില്‍ നേതൃത്വം ഫലപ്രദമായി നിര്‍വ്വഹിക്കപ്പെടുകയില്ല.

യഹോവ യോശുവയോട് അരുളിച്ചെയ്തത് അവന്റെ ഉള്ളംകാല്‍ ചവിട്ടുന്ന സ്ഥലമൊക്കെയും അവനു നല്‍കപ്പെടും (വാക്യം 3) എന്നാണ്. കൂടാതെ അവന്റെ ജീവകാലത്തൊരിക്കലും ഒരു മനുഷ്യനും അവന്റെ നേരെ നില്‍ക്കുകയില്ല എന്നും പറഞ്ഞു (വാക്യം 5). ഇതു റോമര്‍ 6:14ല്‍ നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പുതിയനിയമ വാഗ്ദാനത്തിന്റെ പ്രതീകമാണ്: ‘നിങ്ങള്‍ കൃപയ്ക്കത്രെ അധീനരാകയാല്‍ ഒരു പാപത്തിനും നിങ്ങളുടെമേല്‍ കര്‍തൃത്വം നടത്താന്‍ കഴിയുകയില്ല.’ കഴിഞ്ഞ കാലങ്ങളില്‍ കനാന്‍ദേശം അനേകം മല്ലന്മാരാല്‍ ഭരിക്കപ്പെട്ടിരുന്നു. എന്നാല്‍ അവരെല്ലാം തോല്‍പിക്കപ്പെടും. ഒരൊറ്റ പാപത്തിനും (എത്രമാത്രം ശക്തിയുള്ളതായാലും) നമ്മെ ജയിക്കുവാന്‍ കഴിയുകയില്ല. അതാണ് നമ്മെക്കുറിച്ചുള്ള ദൈവഹിതം. എന്നാല്‍ യോശുവയ്ക്ക് വാസ്തവമായി അവന്റെ പാദം ഒരു പ്രദേശത്തു വച്ചിട്ട് യഹോവയുടെ നാമത്തില്‍ അത് അവകാശപ്പെടേണ്ടിയിരുന്നു. അപ്പോള്‍ മാത്രമേ അത് അവന്റേതായിത്തീരുകയുള്ളു. നമ്മുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. നാം നമ്മുടെ പിതൃസ്വത്ത് വിശ്വാസത്താല്‍ അവകാശപ്പെടണം. നാം ദൈവത്തിന്റെ വാഗ്ദാനങ്ങളെ നമ്മുടേതായി മുറുകെപ്പിടിച്ചില്ലെങ്കില്‍, അവ ഒരിക്കലും നമ്മുടെ ജീവിതങ്ങളില്‍ നിവൃത്തിയാകുകയില്ല.

സുവിശേഷത്തിലുള്ള വിജയങ്ങള്‍ പൗലൊസ് യേശുവിന്റെ നാമത്തില്‍ അവകാശപ്പെട്ടു. അതിന്റെ ഫലമായി അദ്ദേഹം മഹത്വകരമായ ജീവിതത്തിലേക്കു വന്നു. 2 കൊരിന്ത്യര്‍ 2:14ല്‍ അദ്ദേഹം ഇപ്രകാരം പറയുന്നു: ”ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്‌തോത്രം.” ”എപ്പോഴും ജയോത്സവമായി” എന്നത് പൗലൊസിന്റെ വിജയഗാഥ ആയിരുന്നു – അതു നമ്മുടെയും ഗാനമായിരിക്കുവാന്‍ കഴിയും.

എന്നാല്‍ മിക്ക ക്രിസ്ത്യാനികളും ഈ ജയജീവിതത്തിലേക്ക് ഒരിക്കലും പ്രവേശിക്കാറില്ല. 600,000 യിസ്രായേല്യര്‍ മിസ്രയീമില്‍ നിന്നു പുറത്തു വന്നു. എന്നാല്‍ അവരില്‍ രണ്ടുപേര്‍ മാത്രം – യോശുവയും കാലേബും – കനാനില്‍ പ്രവേശിച്ചു. ഇന്നും അതേ അനുപാതം ക്രിസ്ത്യാനികള്‍ മാത്രമേ വിജയകരമായ ജീവിതത്തിലേക്കു കടക്കുന്നുള്ളു. യോശുവയും കാലേബും വാഗ്ദത്തനാട്ടില്‍ പ്രവേശിച്ചതിനു കാരണം അവര്‍ക്ക് ഈ മനോഭാവം ഉണ്ടായിരുന്നു: ”ദേശം കൈവശമാക്കുവാന്‍ ദൈവം നമ്മോടു പറഞ്ഞിരിക്കുന്നെങ്കില്‍, നമുക്കു ചെയ്യാന്‍ കഴിയും.” അതാണ് വിശ്വാസം. വിശ്വാസം ദൈവത്തിന്റെ വാഗ്ദത്തത്തെ മാത്രമേ കണക്കിലെടുക്കു ന്നുള്ളു. ഒരിക്കലും നമ്മെ നേരിടുന്ന പ്രയാസങ്ങളെ നോക്കുന്നില്ല. മറ്റു യിസ്രായേല്യര്‍ പറഞ്ഞു: ”ഇത് അസാധ്യമാണ്. മല്ലന്മാര്‍ അതികായന്മാരും വളരെ ശക്തരും ആണ്.” ഇന്നും ക്രിസ്ത്യാനികള്‍ക്കു തോന്നുന്നത് കോപത്തെയും കണ്ണുകള്‍ കൊണ്ടു മോഹിക്കുന്നതിനെയും ജയിക്കുന്നത് അസാധ്യമായ കാര്യമാണ് എന്നാണ്. കാരണം ഈ മോഹങ്ങള്‍ വളരെ ശക്തിയുള്ളതും അവ വളരെ നാളുകളായി അവരെ വാണുകൊണ്ടിരിക്കുന്നതുമാണ്. അത്തരം വിശ്വാസികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ പരാജിതരായി അവശേഷിക്കുകയും (ആത്മീയമായി പറഞ്ഞാല്‍) മരുഭൂമിയില്‍ പട്ടുപോകുകയും ചെയ്യുന്നു.

സ്വര്‍ഗ്ഗത്തില്‍ നിന്നു നമ്മിലൂടെ ഒഴുകുന്ന ആത്മാവിന്റെ നദിക്ക് തടസ്സമായി നമ്മുടെ ഹൃദയത്തില്‍ മലിനീകരിക്കപ്പെട്ട ഒരു നീര്‍ച്ചാല് കണ്ടെത്തരുത് – ദുശ്ചിന്തകള്‍, പിറുപിറുപ്പ്, പരാതി, പണസ്‌നേഹം മുതലായവയാല്‍ മലിനീകരിക്കപ്പെട്ട ഒരു നീര്‍ച്ചാല്‍ അരുത്. പാപത്തില്‍ നിന്നു സ്വതന്ത്രമായ, നിര്‍മ്മലമായ ഒരു നീര്‍ച്ചാല്‍ അതിനു കണ്ടെത്താന്‍ കഴിയണം. അപ്പോള്‍ ആ നദിക്ക് നമുക്കു ചുറ്റുമുള്ള ആളുകളെ സ്വര്‍ഗ്ഗത്തിന്റെ തെളിഞ്ഞ വെള്ളം കൊണ്ട് അനുഗ്രഹിക്കുവാന്‍ കഴിയും. ഇന്ന് ക്രിസ്തീയ ഗോളത്തിലെ ഏറ്റവും വലിയു ദുരന്തം, അതിന്റെ പ്രസംഗകര്‍ ആന്തരികമായി നിര്‍മ്മലതയുള്ളവരല്ല എന്നതാണ്. അവര്‍ തങ്ങളുടെ ഹൃദയങ്ങളിലും അവരുടെ സ്വകാര്യ ജീവിതങ്ങളിലും പാപത്തെ ജയിച്ചിട്ടില്ല. അവര്‍ പണസ്‌നേഹം, കണ്‍മോഹം, കയ്പ്, മറ്റു ക്രിസ്തീയ നേതാക്കളുമായോ സംഘടനകളുമായോ ഉള്ള മത്സരത്തിന്റെ ആത്മാവ്, അസൂയ, ഭോഷ്‌ക് പറയുന്നത്, തങ്ങളുടെ ഭാര്യമാരോട് കോപത്തോടെ ഉറക്കെ സംസാരിക്കുന്നത്, മറ്റു പല മേഖലകളിലുമുള്ള അനീതി എന്നിവയെ ജയിച്ചിട്ടില്ല. എന്നിട്ടും അവര്‍ ദൈവജനത്തോട് പ്രസംഗിക്കുന്നു. അവര്‍ക്കു ദൈവജനത്തെ എന്താണു പഠിപ്പിക്കാന്‍ കഴിയുന്നത്? അവര്‍ പതിവായി ചെയ്യുന്നതു മാത്രം- അതായത് ഒരാള്‍ക്ക് തന്റെ ഭാര്യയോട് എങ്ങനെ കോപിക്കാം, എങ്ങനെ കയ്പുള്ളവരായിരിക്കാം, എങ്ങനെ അസൂയാലുവാകാം, എങ്ങനെ മറ്റുള്ളവരോടു മത്സരിക്കാം മുതലായവ! അവര്‍ പഠിപ്പിക്കുന്ന മറ്റെല്ലാം പൊള്ളയായ സിദ്ധാന്തങ്ങള്‍ മാത്രമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ഒരു ജയാളി അല്ലെങ്കില്‍ പഠനത്തിലൂടെ നിങ്ങള്‍ നേടുന്ന എല്ലാ വചന പരിജ്ഞാനവും ഉപയോഗശൂന്യമാണ്.

”ഞാന്‍ നിന്നോടൂകൂടെ ഇരിക്കും” എന്നു പറഞ്ഞുകൊണ്ട് യഹോവ യോശുവയ്ക്ക് ഉറപ്പു നല്‍കി. അതുകൊണ്ടാണ് ഒരു മനുഷ്യനും യോശുവയുടെ മുമ്പില്‍ നില്‍ക്കുവാന്‍ കഴിയാതിരുന്നത്. നാം പാപത്തെ ജയിക്കുന്നത് ചില ഉപദേശങ്ങള്‍ വിശ്വസിക്കുന്നതിലൂടെയോ ചില അനുഭവങ്ങള്‍ ഉണ്ടാകുന്നതിലൂടെയോ അല്ല. പരിശുദ്ധാത്മാവിലൂടെ നമ്മോടു കൂടെയുള്ള കര്‍ത്താവിന്റെ സ്ഥിരമായ സാന്നിദ്ധ്യം മാത്രം ആണ് നമ്മെ ജയിക്കുവാന്‍ പ്രാപ്തരാക്കുന്നത്. ക്രിസ്തീയ ഗോളത്തില്‍ ഇന്നു ദൈവം അതുപോലെയുള്ള നേതാക്കന്മാരെ അന്വേഷിക്കുന്നു. അവരുടെ ഹൃദയം നിര്‍മ്മലമായതിനാല്‍ അവിടുത്തേക്കു പിന്‍താങ്ങുവാനും കാര്യങ്ങള്‍ ഭരമേല്‍പിക്കുവാനും യോഗ്യരായവരെ.

യഹോവ യോശുവയോടു പറഞ്ഞു: ”ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക. വളരെക്കാലമായി തങ്ങളുടെ ശത്രുക്കളാല്‍ ഭരിക്കപ്പെട്ട ഈ ദേശം കൈവശമാക്കുവാന്‍ നീ ഈ ജനത്തെ നയിക്കും” (വാക്യം 6). നാം യാതൊരു പാപത്തെയും ഭയപ്പെടേണ്ട കാര്യമില്ല. നാം പുറപ്പെട്ട് തങ്ങളുടെ ശരീരത്തിലുള്ള പാപത്തെ ജയിക്കുവാന്‍ ദൈവജനത്തെ പ്രാപ്തരാക്കേണ്ടതാണ് – വര്‍ഷങ്ങളായി പാപത്താല്‍ ഭരിക്കപ്പെട്ട ശരീരം. അവരെ വിശ്വാസത്തിലേക്കും രണ്ടു സ്‌നാനങ്ങളിലേക്കും മാത്രം കൊണ്ടുവന്നാല്‍ പോരാ- വാതില്‍ കട്ടളയ്ക്കല്‍ രക്തം പുരുട്ടുന്നതും, ചെങ്കടല്‍ കടക്കുന്നതും മേഘങ്ങളാല്‍ മൂടപ്പെടുന്നതും. അത് ആരംഭം മാത്രമാണ്. ഇത് ബാലപാഠം മാത്രമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ നഴ്‌സറി ക്ലാസ് ജയിച്ചു കഴിഞ്ഞാല്‍ നാം അവരുടെ വിദ്യാഭ്യാസം നിര്‍ത്തിക്കളയുമോ? ഇല്ല. എന്നാല്‍ ഇന്നു ക്രിസ്തീയ ഗോളത്തില്‍ അതാണു സംഭവിക്കുന്നത്.

അവരെ വാഗ്ദത്ത നാട്ടിലേക്കു നയിക്കേണ്ടതിന് മേഘസ്തംഭം – പരിശുദ്ധാത്മാവിന്റെ അഭിഷേകം- വന്നു. അവര്‍ രണ്ടു വര്‍ഷംകൊണ്ട് അതില്‍ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍ 40 വര്‍ഷത്തേക്ക് അവര്‍ പ്രവേശിച്ചില്ല. കാരണം അവരുടെ നായകന്മാര്‍ അവിശ്വാസികള്‍ ആയിരുന്നു. ”വിശ്വാസം കേള്‍വിയാല്‍ വരുന്നു” (റോമര്‍ 10:17). സത്യങ്ങള്‍ സഭായോഗങ്ങളില്‍ വിശ്വാസികളെ പഠിപ്പിച്ചില്ലെങ്കില്‍ അവര്‍ക്കെങ്ങനെ വിശ്വസിക്കാന്‍ കഴിയും? അപ്പോള്‍ പിന്നെ പാപത്തെ ജയിക്കാന്‍ അവര്‍ക്കെങ്ങനെ കഴിയും?

യഹോവ യോശുവയോട് അരുളിച്ചെയ്തു: ”ഉറപ്പും ധൈര്യവുമുള്ളവനായിരുന്ന് ദൈവവചനത്തില്‍ എഴുതപ്പെട്ടിരിക്കുന്നതൊക്കെയും ചെയ്യുവാന്‍ ശ്രദ്ധിക്കുക. അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്” (1:7). ”പാപം നിങ്ങളുടെ മേല്‍ കര്‍തൃത്വം നടത്തുകയില്ല” (റോമ. 6:14) എന്നു ദൈവവചനം പറയുന്നെങ്കില്‍ അതു വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുക. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്. അതിന്റെ അര്‍ത്ഥം: ആ വാഗ്ദാനത്തിന്റെ വിസ്തൃതി കുറയ്ക്കരുത്. ചില പാപങ്ങള്‍ മാത്രം അതില്‍ ഉള്‍പ്പെടുത്തത്തക്ക വിധം അത് ചുരുക്കരുത്. അതേ സമയം അതു പറയുന്നതിനെക്കാള്‍ അധികം അര്‍ത്ഥമാക്കരുത്. ക്രിസ്തുവിനെപ്പോലെ നമുക്ക് ഈ ഭൂമിയില്‍ പൂര്‍ണ്ണതയുള്ളവരാകാന്‍ കഴിയും എന്നു പറയരുത്. ഈ ഭൂമിയില്‍ നമുക്ക് പാപരഹിതപൂര്‍ണ്ണതയുള്ളവരാകാന്‍ കഴിയുകയില്ല. ആ വാഗ്ദത്തം പറയുന്നത് അതല്ല. പാപം ആണെന്നു നമുക്കറിയാവുന്നതിനുമേല്‍ (ബോധപൂര്‍വ്വമായ പാപം) ഉള്ള ജയത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ക്രിസ്തു മടങ്ങി വരുമ്പോള്‍ മാത്രമേ നമുക്ക് മുഴുവനായി ക്രിസ്തുവിനെപ്പോലെ ആകുവാന്‍ കഴിയുകയുള്ളു. 1 യോഹന്നാന്‍ 3:2 ഈ കാര്യത്തില്‍ വളരെ വ്യക്തമാണ്. അതുകൊണ്ട് നമുക്കു തിരുവചനത്തിന് അപ്പുറത്തേക്കു പോകാതിരിക്കാം. അതുപോലെ തിരുവചനം വാഗ്ദത്തം ചെയ്യുന്നതിനെക്കാള്‍ കുറച്ചു വിശ്വസിക്കാതിരിക്കാം.

ക്രിസ്തുവിനെപ്പോലെ ആയിത്തീരുന്നതിനെ കനാന്‍ ദേശം മുഴുവന്‍ അവകാശമാക്കുന്നതിനോടോ അല്ലെങ്കില്‍ ഒരു ഉയരമുള്ള പര്‍വ്വതം കയറുന്നതിനോടോ ഉപമിക്കാം. നാം രക്ഷിക്കപ്പെടുമ്പോള്‍, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും നമ്മുടെ ഭൂതകാലം മായിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ നാം അപ്പോഴും പാപത്താല്‍ അടിമപ്പെട്ടിരിക്കുകയാണ്. അതിനെ നമുക്ക് ഈ പര്‍വ്വതത്തിന്റെ ചുവട്ടില്‍ വരുന്നതിനോടു താരതമ്യം ചെയ്യാം. അതിനു ശേഷം നാം കയറുവാന്‍ ആരംഭിക്കുന്നു. പര്‍വ്വതത്തിന്റെ മുകള്‍ഭാഗം എന്നത് പൂര്‍ണ്ണമായി ക്രിസ്തുവിനെപ്പോലെ ആയിത്തീരുന്നതാണ്. ക്രിസ്തു മടങ്ങി വരുമ്പോള്‍ മാത്രമാണ് നാം അവിടെ എത്തിച്ചേരുന്നത്. എന്നാല്‍ നാം പര്‍വ്വതത്തിന്റെ ചുവട്ടില്‍ത്തന്നെ ജീവിക്കേണ്ട ആവശ്യമില്ല. – പാപത്താല്‍ പരാജിതരായി – നിരന്തരമായി. ഇല്ല. വേദപുസ്തകം പറയുന്നു: ”നമുക്കു പൂര്‍ണ്ണതയിലേക്ക് ആയാം” (എബ്രാ. 6:1). 2 കൊരിന്ത്യര്‍ 7:1-ല്‍ നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നത് ”ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചു കൊള്‍ക” എന്നാണ്. ”പൂര്‍ണ്ണത” എന്ന വാക്കിനെ നാം പേടിക്കേണ്ടതില്ല. നാം അതിലേക്ക് ആയണം. പൗലൊസ് തന്റെ ജീവിതത്തിന്റെ അവസാനത്തോട് അടുത്തപ്പോള്‍ പറഞ്ഞു: ”ഞാന്‍ ഇതുവരെ മുകളില്‍ എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ അതിലേക്ക് ആയുകയാണ്” (ഫിലിപ്യ. 3:12-14). നമ്മില്‍ പലരോടും കര്‍ത്താവു പറയുകയാണ്: ”നിങ്ങള്‍ പര്‍വ്വതത്തിന്റെ ചുവട്ടില്‍ വേണ്ടുവോളം താമസിച്ചു കഴിഞ്ഞു. ഇനി അതില്‍ കയറുക. മുന്നോട്ട് ആയുക.” അതുകൊണ്ട് നമുക്ക് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതിരിക്കാം.

ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്റെ വായില്‍ നിന്നു നീങ്ങിപ്പോകരുത് (വാ. 8). ദൈവവചനം നമ്മുടെ ഹൃദയത്തിലുണ്ടായിരിക്കണമെന്നത് നാം നേരത്തെ തന്നെ കണ്ടിരിക്കുന്നു. ഇവിടെ നാം കാണുന്നത് അതു നമ്മുടെ വായിലും ഉണ്ടായിരിക്കണമെന്നാണ്. ദൈവത്തിന്റെ വചനം നമ്മുടെ വായ്‌കൊണ്ട് നാം ഏറ്റുപറയണം. ഇന്ന് പല ക്രിസ്ത്യാനികളുടെയും പ്രശ്‌നം, അവര്‍ മോഹിച്ചു നടക്കുന്ന കാര്യങ്ങളാണ് അവര്‍ ഏറ്റു പറയുന്നത്. അവര്‍ പറയുന്നത്: ”ഒരു വലിയ വീട് എനിക്കു കിട്ടുമെന്ന് ഞാന്‍ ഏറ്റു പറയുന്നു. എനിക്ക് ഒരു നല്ല ജോലി ലഭിക്കുമെന്നു ഞാന്‍ ഏറ്റു പറയുന്നു. എനിക്ക് ഒരു നല്ല കാര്‍ ലഭിക്കുമെന്നു ഞാന്‍ ഏറ്റുപറയുന്നു!!” അതൊക്കെ ഏറ്റു പറയുന്നതിനു പകരം നമുക്ക് ദൈവവചനം ഏറ്റുപറയാം: ”കര്‍ത്താവേ, ഞാന്‍ കോപത്തെ ജയിക്കുമെന്നു ഞാന്‍ ഏറ്റുപറയുന്നു. എന്റെ കണ്ണുകൊണ്ടു മോഹിക്കുന്നതിനെ പൂര്‍ണ്ണമായി ജയിക്കുമെന്നു ഞാന്‍ ഏറ്റു പറയുന്നു. പണസ്‌നേഹത്തെ ജയിക്കുമെന്നു ഞാന്‍ ഏറ്റു പറയുന്നു.” ഇവയാണ് നമ്മുടെ വായ്‌കൊണ്ട് ഏറ്റുപറയേണ്ട കാര്യങ്ങള്‍. എന്നാല്‍ നാം ഈ കാര്യങ്ങള്‍ ഏറ്റുപറയണമെന്ന് പിശാച് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ അവന്‍ ഭൗതികവസ്തുക്കള്‍ക്കു വേണ്ടിയുള്ള നമ്മുടെ മോഹങ്ങളെ നമ്മെക്കൊണ്ട് ഏറ്റു പറയിക്കുന്നു.

ഭൗതികവസ്തുക്കളില്‍ താല്‍പര്യമുള്ളവരുമായി ചേര്‍ന്ന് സഭ പണിയുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. സ്വര്‍ഗ്ഗീയമായ കാര്യങ്ങളിലും ഒരു ദൈവഭക്തിയുള്ള ജീവിതത്തിലും താല്‍പര്യമുള്ള ആളുകളുമായി ചേര്‍ന്നു മാത്രമേ നിങ്ങള്‍ക്കു സഭ പണിയുവാന്‍ കഴിയുകയുള്ളു. ഭൗതിക സമൃദ്ധി വാഗ്ദാനം ചെയ്യുന്നതുവഴി തെറ്റായ വിധത്തിലുള്ള ആളുകളെ നിങ്ങളുടെ സഭയിലേക്ക് ആകര്‍ഷിക്കരുത്. അവിടുന്ന് നിങ്ങള്‍ക്ക് ഒരു വീടോ കാറോ നല്‍കുമെന്ന് ദൈവവചനം നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്നുണ്ടോ? ഇല്ല. ദൈവത്തിന്റെ വചനം വാഗ്ദാനം ചെയ്യുന്നതു നിങ്ങള്‍ക്ക് പാപത്തെ ജയിക്കുവാന്‍ കഴിയും എന്നാണ്. കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുന്ന – ഒരു ദിവസത്തിന്റെ 24 മണിക്കൂറുകളും, നിരുത്സാഹപ്പെടാതെ, പരാജിതരാകാതെ- എല്ലായ്‌പ്പോഴും ജയോത്സവമായി, എപ്പോഴും സന്തോഷിച്ചു കൊണ്ട്, എപ്പോഴും എല്ലാറ്റിലും എല്ലാ ആളുകള്‍ക്കുംവേണ്ടി നന്ദി പറഞ്ഞുംകൊണ്ടു ജീവിക്കുന്ന ഒരു ജീവിതത്തിലേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴിയുമെന്നാണ്. ഇതാണ് ബൈബിള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ ഉടമ്പടി ജീവിതം (പാലും തേനും ഒഴുകുന്ന കനാന്‍ ദേശം). അത് ഏറ്റു പറഞ്ഞിട്ട് ഇപ്രകാരം പറയുക: ”കര്‍ത്താവേ, എന്റെ എല്ലാ നാളുകളും ഞാന്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ജീവിതം ഇതാണ്.”

ഞാന്‍ ഒരു യുവക്രിസ്ത്യാനി ആയിരുന്നപ്പോള്‍ ബൈബിള്‍ എനിക്കു വാഗ്ദാനം ചെയ്തത് എന്താണെന്നു കണ്ടപ്പോള്‍, ഞാന്‍ ജീവിക്കുവാന്‍ ആഗ്രഹിച്ചത് ആ ജീവിതമായിരുന്നു. എനിക്കു ചുറ്റും ഉണ്ടായിരുന്ന ക്രിസ്തീയ നേതാക്കന്മാരെ ഞാന്‍ നോക്കിയപ്പോള്‍, അവര്‍ പാപത്താല്‍ പരാജിതരാണെന്നു കണ്ടു. അതുകൊണ്ട് ഞാന്‍ പറഞ്ഞു: ”കര്‍ത്താവേ, അവരെ വിധിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെ കാര്യമല്ല. എന്നാല്‍ എനിക്കു മാതൃകകളായി അവരെ കാണുവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ദൈവവചനത്തെ മാത്രം നോക്കുവാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ വാഗ്ദത്തങ്ങളില്‍ മാത്രം നോക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മാതൃകയായി യേശുവിനെ മാത്രം നോക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” ഒരു വിശ്വാസി എന്ന നിലയില്‍ അനേകം വര്‍ഷങ്ങളായി ഞാന്‍ പരാജിതനായിരുന്നു. എന്നാല്‍ ഒരിക്കല്‍ ക്രിസ്തുവിലുള്ള എന്റെ അനന്തരാവകാശം ഞാന്‍ കണ്ടുകഴിഞ്ഞപ്പോള്‍, തിരുവചനത്തിലുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ ഞാന്‍ ഏറ്റു പറഞ്ഞുകൊണ്ടിരുന്നു – അത് എനിക്കു വാഗ്ദാനം ചെയ്ത സ്ഥിരമായ സന്തോഷത്തിന്റെയും വിജയത്തിന്റെയും ഒരു ജീവിതം. ദൈവം ഒടുവില്‍ എന്റെ ഹൃദയത്തിന്റെ ആഗ്രഹം എനിക്കു നല്‍കി. അങ്ങനെയാണ് ഇപ്പോള്‍ ഞാന്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നത്. ഈ ഭൂമിയിലെ എന്റെ ജീവിതാവസാനം വരെ ഞാന്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നതും അങ്ങനെ തന്നെയാണ്.

അതുകൊണ്ട് ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ നിങ്ങളുടെ വായില്‍നിന്നു നീങ്ങിപ്പോകരുത്. ഈ സന്ദേശം നിങ്ങള്‍ പ്രസംഗിക്കുകയാണെങ്കില്‍, കൂടെക്കൂടെ നിങ്ങള്‍ കണ്ടെത്തുന്ന ഒരു കാര്യം, ജനപ്രീതി അന്വേഷിക്കുന്ന പ്രസംഗകരുടെ മധ്യത്തില്‍ ദൈവത്തിനുവേണ്ടി നില്‍ക്കുന്ന ഒരു ഏകാന്ത ശബ്ദമാണ് നിങ്ങള്‍ എന്നാണ്. നിങ്ങള്‍ നിരുത്സാഹപ്പെടരുത്. അവസാനം വരെ ദൈവം നിങ്ങളുടെ കൂടെ നില്‍ക്കും.

രാവും പകലും ദൈവവചനം ധ്യാനിക്കുവാന്‍ യോശുവയോടു കല്പിച്ചു. നാം ഈ ലോകത്തിലെ പാപികളുടെ ആവശ്യങ്ങളെക്കുറിച്ചല്ല ധ്യാനിക്കേണ്ടത്. അത് ചിന്തിക്കുവാനുള്ള ഒരു നല്ല കാര്യമായി നിങ്ങള്‍ക്കു തോന്നാം. എന്നാല്‍ രാപ്പകല്‍ നിങ്ങള്‍ ദൈവവചനം ധ്യാനിക്കുന്നില്ലെങ്കില്‍ ആ പാപികളെ സഹായിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. ദൈവം യോശുവയ്ക്കു സമൃദ്ധിയും, വിജയവും വാഗ്ദത്തം ചെയ്തു. അവന്‍ വചനം ധ്യാനിക്കുകയാണെങ്കില്‍ മാത്രം (1-8). വാസ്തവത്തിലുള്ള ”സമൃദ്ധിയുടെ സുവിശേഷം” എന്നാല്‍ നമ്മുടെ ജീവിതം സ്വര്‍ഗ്ഗീയവും ആത്മീയവുമായ മാര്‍ഗ്ഗത്തില്‍ സമൃദ്ധിയുള്ളതും സഫലമായതും ആകുന്നതാണ്. സമൃദ്ധിയും സഫലതയും ലോകത്തിലുള്ള എല്ലാവരും അന്വേഷിക്കുന്ന കാര്യമാണ്. എന്നാല്‍ യോശുവ 1:8-ല്‍ ദൈവം പറഞ്ഞിരിക്കുന്ന വിധത്തില്‍ അവര്‍ ഇവയ്ക്കായി അന്വേഷിക്കുന്നില്ല.


രാഹാബ്

രണ്ടാം അധ്യായത്തില്‍ ഒരു വിജാതീയ രാജ്യത്തുള്ള ഒരു വേശ്യയ്ക്കു വേണ്ടിയുള്ള ദൈവത്തിന്റെ കരുതല്‍ നാം കാണുന്നു. യേശു അവിടുത്തെ സമയത്തുണ്ടായിരുന്ന വേശ്യമാരുടെ ആത്മാക്കളുടെ കാര്യത്തില്‍ കരുതല്‍ ഉള്ളവനായിരുന്നു. ഇവിടെ ദൈവത്തിന്റെ ഹൃദയത്തില്‍ അതേ കരുതല്‍ നാം കാണുന്നു. യെരിഹോവില്‍ നല്ലവണ്ണം അറിയപ്പെട്ട ഒരു വേശ്യ ആയിരുന്നു രാഹാബ്. എന്നാല്‍ ഇന്നത്തെ അനേകം വേശ്യമാരെപ്പോലെ അവള്‍ തന്റെ ജോലിയില്‍ ക്ഷീണിച്ചു മടുത്തവള്‍ ആയിരുന്നു. മഗ്ദലനക്കാരത്തി മറിയ തന്റെ തൊഴിലില്‍ ക്ഷീണിച്ചു മടുത്തവള്‍ ആയിരുന്നു. വളരെക്കുറച്ചു പേര്‍ മാത്രമേ അതു തിരിച്ചറിയുന്നുള്ളു. അവര്‍ വെറുതെ വേശ്യമാരെ നിന്ദിച്ചു. നമ്മുടെ പട്ടണങ്ങളിലുള്ള മിക്ക വേശ്യമാരും അവിടെ ആയിരിക്കുന്നത് അതിനെ അവര്‍ സ്‌നേഹിക്കുന്നതു കൊണ്ടല്ല അവരില്‍ അനേകരും വഞ്ചിക്കപ്പെട്ടവരും അത്തരം ഒരു ജീവിതത്തിലേക്ക് നിര്‍ബന്ധിതരായവരും ആണ്. അതില്‍ അനേകരും പുരുഷന്മാരാല്‍ ചൂഷണം ചെയ്യപ്പെടുന്നതില്‍ മടുത്തവരാണ്. അവര്‍ക്ക് സുവിശേഷം കേള്‍ക്കേണ്ട ആവശ്യമുണ്ട്. വേശ്യമാരെ രക്ഷിക്കുന്നതിന് ഒരു ഭാരമുണ്ടായിരുന്ന ദൈവഭക്തരായ പുരുഷന്മാരെ ഓര്‍ത്തു ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. അവര്‍ ഈ ഹതഭാഗ്യരായ സ്ത്രീകള്‍ക്കു വേണ്ടി ദൈവത്തിന്റെ ഹൃദയത്തിലുള്ള ഭാരം പങ്കിട്ടു.

രാഹാബ് അബ്രാഹാമിന്റെ സന്തതി ആയിരുന്നില്ല. എന്നാല്‍ അവളുടെ ഹൃദയത്തില്‍ ദൈവത്തിനായി ഒരു വാഞ്ഛ ഉണ്ടായിരുന്നു. ദൈവം തനിക്കായി വിശക്കുന്നവര്‍ക്കു വേണ്ടി ലോകം മുഴുവന്‍ അന്വേഷിക്കുന്നു – അവരുടെ ദേശീയതയോ അല്ലെങ്കില്‍ അവര്‍ വേശ്യയാണോ അതോ മതനേതാവാണോ എന്നൊന്നും കണക്കിലെടുക്കുന്നില്ല. അങ്ങനെയൊരു വാഞ്ഛ രാഹാബിന്റെ ഹൃദയത്തില്‍ ദൈവം കണ്ടിട്ട് അവളുടെ രക്ഷയ്ക്കു വേണ്ടി ഒരു മാര്‍ഗ്ഗം ഉണ്ടാക്കുവാന്‍ അവിടുന്നു തീരുമാനിച്ചു. അവളുടെ പേര് പുതിയ നിയമത്തിന്റെ ആദ്യത്തെ പേജില്‍ ദാവീദിന്റെ വലിയമ്മയായും ജോസഫിന്റെയും യേശുവിന്റെയും അമ്മയായ മറിയയുടെയും പൂര്‍വ്വിക ആയും പ്രത്യക്ഷപ്പെടുന്നു (മത്താ. 1:5). എബ്രായര്‍ 11:31-ല്‍ വിശ്വാസ വീരന്മാരുടെ പട്ടികയില്‍ അവര്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. വിശ്വാസം പ്രവൃത്തിയോടും ചേര്‍ന്നു വരുന്നതിന്റെ ഉദാഹരണമായി അവളുടെ പ്രവൃത്തികളെ യാക്കോബും വിവരിച്ചിരിക്കുന്നു (യാക്കോ. 2:25).

അവള്‍ വരുവാനിരിക്കുന്ന തലമുറയ്ക്ക് ഒരു മാതൃക ആയിത്തീരുമെന്ന് രാഹാബ് എപ്പോഴെങ്കിലും ചിന്തിച്ചോ? അല്ലെങ്കില്‍ ലക്ഷക്കണക്കിനാളുകള്‍ അവളുടെ വിശ്വാസത്തെക്കുറിച്ച് 3000 വര്‍ഷങ്ങളോളം സംസാരിക്കുമെന്നു ചിന്തിച്ചോ? ദൈവത്തിനു മുഖപക്ഷമില്ല. നിങ്ങളില്‍ ചിലര്‍ രാഹാബിനെപ്പോലെ ആയിരിക്കാം – പാപത്തില്‍ ജീവിച്ച് നിങ്ങളുടെ ജീവിതങ്ങളെ താറുമാറാക്കിയിട്ടുണ്ടായിരിക്കാം. നിങ്ങള്‍ ലോകത്തിന്റെ ഒറ്റപ്പെട്ട ഒരു മൂലയില്‍, നിങ്ങള്‍ക്കുവേണ്ടി കരുതാന്‍ ആരുമില്ലാതെ ആയിരിക്കാം. എന്നാല്‍ നിങ്ങളുടെ ഹൃദയത്തിലുള്ള ആഗ്രഹം ദൈവം കാണുന്നു. അതുകൊണ്ട് നിങ്ങളെ അവിടുത്തെ ദാസനാക്കി ലക്ഷങ്ങള്‍ക്കു നിങ്ങളെ ഒരനുഗ്രഹമാക്കുവാന്‍ അവിടുത്തേക്ക് അതിശയകരമായ വഴികള്‍ ഉണ്ട്.


നേതാവായ യോശുവ

മൂന്നാം അധ്യായത്തില്‍, യിസ്രായേല്‍ ജനം എങ്ങനെ യോര്‍ദ്ദാന്‍ കടന്നു എന്നു നാം വായിക്കുന്നു. യഹോവ യോശുവയോട് ഇപ്രകാരം പറഞ്ഞു (വാ.7). ”ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേല്‍ എല്ലാം അറിയേണ്ടതിന് ഞാന്‍ ഇന്ന് അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കാന്‍ തുടങ്ങും.” മോശെയുടെ സ്ഥാനത്ത് ഇരിക്കുന്നത് യോശുവയ്ക്ക് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. മോശെ വളരെ ശക്തനായ ഒരു ദൈവപുരുഷന്‍ ആയിരുന്നു. 40 വര്‍ഷങ്ങളായി എല്ലാവരും ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവന്‍ – ഏതു പ്രശ്‌നവും പരിഹരിക്കുവാന്‍ കഴിവുള്ള ഒരു പുരുഷന്‍. മോശെ മരിക്കുമ്പോള്‍ യോശുവയ്ക്ക് ഏതാണ്ട് 70 അല്ലെങ്കില്‍ 80 വയസു പ്രായം കാണും. ഇപ്പോള്‍ അദ്ദേഹത്തിന് ആ 20 ലക്ഷം യിസ്രായേല്യരെ നയിക്കേണ്ടതായി വന്നിരിക്കുന്നു. ഈ ജനം എന്നെങ്കിലും തന്നെ എങ്ങനെ ബഹുമാനിക്കും എന്ന് അദ്ദേഹം അതിശയിച്ചിട്ടുണ്ടാകും.

എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ഏതെങ്കിലും ഒരു ദൈവപുരുഷന്‍ തുടങ്ങിവച്ച ശുശ്രൂഷ തുടര്‍ന്നു കൊണ്ടുപോകുവാന്‍ വിളിക്കപ്പെട്ടവനായി നിങ്ങള്‍ നിങ്ങളെ തന്നെ കണ്ടേക്കാം. അത് എന്നെങ്കിലും എങ്ങനെയെങ്കിലും നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയുമോ എന്നു നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ദൈവം യോശുവയോടു പറഞ്ഞതു തന്നെ നിങ്ങളോടും പറയുന്നു: ”വിഷമിക്കേണ്ട. ഞാന്‍ നിന്നെ അവരുടെ മുമ്പില്‍ വലിയവനാക്കും.” ആളുകള്‍ നിന്നെ ബഹുമാനിക്കത്തക്കവിധം നിന്നെ അവരുടെ മുമ്പില്‍ ഉയര്‍ത്തുവാന്‍ ദൈവത്തിനു കഴിയും. നിങ്ങളെ ഒരു ഡയറക്ടര്‍ ആക്കുവാനോ നിനക്ക് ഒരു സ്ഥാനപ്പേരു നല്‍കി നിന്നെ ഉയര്‍ത്തുവാനോ ഏതെങ്കിലും ഒരു മനുഷ്യനുവേണ്ടി നീ കാത്തിരിക്കരുത്. എവിടെ നിന്നെങ്കിലും പാരിതോഷികമായി ലഭിക്കുന്ന ഡോക്ടറേറ്റ് നേടി ബഹുമാനം ആര്‍ജ്ജിക്കുവാന്‍ നിങ്ങള്‍ ശ്രമിക്കരുത്. നിങ്ങള്‍ ദൈവത്തിന്റെ വേലക്കാരനാണെന്ന് അവിടുന്നുതന്നെ ജനങ്ങളെ അറിയിക്കട്ടെ. ദൈവം നിങ്ങളുടെ വായോടൂകൂടെ ഉണ്ടായിരിക്കണം. സ്ഥാനപ്പേരുകളും മാനുഷികമായ യോഗ്യതകളും കൊണ്ട് മനുഷ്യര്‍ക്ക് മതിപ്പുണ്ടാക്കുന്നതുകൊണ്ട് എന്താണു പ്രയോജനം? നിങ്ങളുടെ ജീവിതത്തിലും നിങ്ങള്‍ പറയുന്ന വാക്കുകളിലും ഒരു അഭിഷേകം ഉണ്ടായിരിക്കണം. അപ്പോള്‍ ദൈവം നിങ്ങളുടെ കൂടെ ഉണ്ടെന്ന് ആളുകള്‍ അറിയും. ആളുകള്‍ക്കു മതിപ്പുണ്ടാക്കുവാന്‍ യേശുവിന് ഭൗമികമായ ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല. അപ്പൊസ്തലന്മാര്‍ക്കും ഇല്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് ആത്മാവിന്റെ അഭിഷേകം ഉണ്ടായിരുന്നു. ദൈവവും അവരോടു കൂടെ ഉണ്ടായിരുന്നു. അതാണ് പ്രാധാന്യമുള്ള കാര്യം. മറ്റെന്തിനെക്കാള്‍ അതിനായി അന്വേഷിക്കുക.

ദൈവത്തെ സേവിക്കുന്നതിനുള്ള യോശുവയുടെ യോഗ്യത എന്തായിരുന്നു? ഇത്രമാത്രം, ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവത്തെ സേവിക്കുന്നതിന് യേശുവിന്റെ യോഗ്യത എന്തായിരുന്നു? അപ്പൊസ്തല പ്രവൃത്തികള്‍ 10:38 പറയുന്നു: ”ദൈവം അവിടുത്തോടുകൂടെ ഉണ്ടായിരുന്നു.” മോശെയുടെ യോഗ്യത എന്തായിരുന്നു? ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. ഗൊല്യാത്തിനെ കൊല്ലുന്നതിനു ദാവീദിന്റെ യോഗ്യത എന്തായിരുന്നു? ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു.

ദൈവത്തെ സേവിക്കുന്നതിനുള്ള നിങ്ങളുടെ യോഗ്യത എന്താണ്? അതൊരു ഡിഗ്രി സര്‍ട്ടിഫിക്കറ്റാണോ? സാത്താന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനെ ഭയപ്പെടുന്നു എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? പത്തു ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള ഒരു മനുഷ്യനെ പോലും അവന്‍ ശ്രദ്ധിക്കുന്നില്ല. ദൈവം നിങ്ങളുടെ കൂടെ ഉണ്ടെന്ന് അവന്‍ കണ്ടാല്‍ മാത്രമേ സാത്താന്‍ നിങ്ങളെ ഭയപ്പെടുകയുള്ളു.

ദൈവം എന്തുകൊണ്ടാണ് യോശുവയെ എടുത്തത്? അവന്റെ ജീവിതത്തില്‍ ദൈവം കണ്ട ചില യോഗ്യതകളുണ്ടായിരുന്നിരിക്കാം- പ്രത്യേകിച്ച് കനാനിലെ മല്ലന്മാരെ കീഴടക്കുവാന്‍ ദൈവം അവനെ സഹായിക്കുമെന്നുള്ള അവന്റെ വിശ്വാസം. ദൈവം അതു കണ്ടപ്പോള്‍, അവിടുന്നു പറഞ്ഞു: ”ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ ഇതാണ് – എന്നില്‍ വിശ്വസിക്കുകയും എന്റെ വാഗ്ദത്തത്തില്‍ ആശ്രയിക്കുകയും ചെയ്യുന്ന ഒരുവന്‍.” അവിടുന്ന് അവനെ എടുത്ത് മോശെയുടെ കീഴില്‍ അവനെ പരിശീലിപ്പിച്ചു. ദൈവം മിക്കപ്പോഴും അവിടുത്തെ ശുശ്രൂഷയ്ക്കായി ഒരുവനെ പരിശീലിപ്പിക്കുന്നത്, പ്രായമുള്ള ഒരു ദൈവഭക്തന്റെ കൂടെ അവനെ വേല ചെയ്യുവാന്‍ ആക്കിയിട്ടാണ്. എലീശ ഏലിയാവിനോടു കൂടെ വേല ചെയ്ത് ഒരു പ്രവാചകന്‍ ആകുന്നത് എങ്ങനെയെന്ന് പഠിച്ചു. പൗലൊസിന്റെ കൂടെ വേല ചെയ്ത് തിമൊഥെയൊസ് ഒരു അപ്പൊസ്തലനാകുന്നതെങ്ങനെയെന്നു പഠിച്ചു. മോശെയോടു ചേര്‍ന്ന് വേല ചെയ്ത് യോശുവ ഒരു നേതാവാകാന്‍ പഠിച്ചു. പ്രായമുള്ള ഒരു ദൈവഭക്തനുമായി ജോലി ചെയ്യുവാനുള്ള അവസരം ദൈവം നിങ്ങള്‍ക്കു നല്‍കുന്നെങ്കില്‍, അത് അവിടുത്തെ ശുശ്രൂഷയ്ക്കായി നിങ്ങളെ സജ്ജനാക്കുവാന്‍ ദൈവത്തിനു നിങ്ങള്‍ക്കു നല്‍കുവാന്‍ കഴിയുന്ന പ്രത്യേക അനുഗ്രഹമാണ്. മോശെയോട് പറ്റി നില്‍ക്കുവാന്‍ അനേകം യിസ്രായേല്യര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. മോശെയില്‍ നിന്ന് നേതൃത്വം ഏറ്റെടുക്കുവാന്‍ അനേകര്‍ ഇഷ്ടപ്പെട്ടിരിക്കാം. എന്നാല്‍ ദൈവം തിരഞ്ഞെടുത്തത് യോശുവയെ ആണ്.

അധ്യായം 3:9: ”ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനങ്ങളെ കേള്‍പ്പിന്‍.” യോശുവ തന്നെ രാവും പകലും ദൈവത്തിന്റെ വചനം ധ്യാനിച്ചിട്ടുണ്ടാകും. ഇപ്പോള്‍ അവന്‍ ആ വചനം മറ്റുള്ളവരുമായി പങ്കിടുവാന്‍ കഴിവുള്ളവനായിരിക്കുന്നു. മോശെ ദൈവത്തെ കേട്ട് പുറത്തു വന്ന് ജനത്തോട് സംസാരിച്ചതുപോലെ, മോശെ എഴുതിയിട്ടുള്ള ന്യായപ്രമാണം യോശുവ ജനത്തെ വായിച്ചു കേള്‍പ്പിച്ചിട്ടു പറഞ്ഞു: ”ദൈവം പറഞ്ഞിരിക്കുന്നത് ഞാന്‍ നിങ്ങളോടു പറയുവാന്‍ ആഗ്രഹി ക്കുന്നു.”

അതാണ് നമ്മുടെ വിളി – നാം തന്നെ ദൈവത്തില്‍ നിന്നു കേട്ടിരിക്കുന്നതും അനുഭവിച്ചിരിക്കുന്നതുമായ കാര്യങ്ങള്‍ ജനത്തോടു പറയുവാന്‍. സിദ്ധാന്തങ്ങളും ആലോചനകളുമല്ല, എന്നാല്‍ ദൈവത്തില്‍ നിന്നു രുചിച്ചറിഞ്ഞ കാര്യങ്ങള്‍. മോശെ, യോശുവ, പൗലൊസ്, പത്രൊസ് എന്നിവര്‍ ചെയ്തത് അതാണ്.

യിസ്രായേല്യര്‍ യോര്‍ദ്ദാന്‍ നദി കടന്നപ്പോള്‍, നിയമ പെട്ടകം അവര്‍ക്കു മുമ്പില്‍ പോയി (3:15). ഇത് എല്ലാ പാപത്തെയും ജയിച്ച് നമുക്ക് മുമ്പെ പോയ യേശു ക്രിസ്തുവിന്റെ ഒരു ചിത്രമാണ്. നാം ”യേശുവിനെ നോക്കിക്കൊണ്ട്” ഓട്ടം ഓടുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു (എബ്രാ. 12:1,2). പെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍ നദിയോട് അടുത്തപ്പോള്‍, അത് അതിന്റെ തീരം കവിഞ്ഞൊഴുകുകയായിരുന്നു. വിശ്വാസത്താല്‍ അവര്‍ തങ്ങളുടെ പാദങ്ങള്‍ വെള്ളത്തില്‍ വച്ചു. പെട്ടെന്ന് വളരെ അകലത്തില്‍ നിന്നുതന്നെ വെള്ളം ഒഴുകുന്നതു നിന്നു. അപ്പോള്‍ യിസ്രായേല്യര്‍ അക്കരെ കടന്നു; ഇതിനിടയ്ക്ക് എല്ലാവരും അക്കരെ കടക്കുന്നതു വരെ പുരോഹിതന്മാര്‍ നദിയുടെ മധ്യഭാഗത്തു നിന്നു. പിന്നെയും അവരുടെ പാദങ്ങള്‍ക്കടിയില്‍ നദീതടം ഉണങ്ങിയ നിലമായിരുന്നു.

അധ്യായം 4: അവര്‍ കടന്നു തീര്‍ന്ന ശേഷം, യോശുവ പറഞ്ഞു: ഇപ്പോള്‍ നാം കനാനിലേക്കു നദി കടന്നു വന്നിരിക്കുന്നു. എന്നാല്‍ നാം യുദ്ധത്തിനായി ചാടി ഇറങ്ങേണ്ട. ഒന്നാമത് നമുക്ക് ദൈവത്തിനു നന്ദി പറയാം. പഠിക്കുവാന്‍ എത്ര ഉല്‍കൃഷ്ടമായ ഒരു പാഠം – ഒന്നാമതു കര്‍ത്താവിന്റെ മുമ്പില്‍ മുട്ടുകുത്തി അവിടുത്തേക്കു നന്ദിയും സ്തുതിയും അര്‍പ്പിക്കുക. അതിനുശേഷം യോശുവ അവരോട് നദിയുടെ നടുവില്‍ ചെന്ന്, 12 കല്ലുകള്‍ (വാക്യം 8) പെറുക്കിയെടുത്ത് അവകൊണ്ട് ഒരു ജ്ഞാപകം ഉണ്ടാക്കുവാന്‍ പറഞ്ഞു. ഈ കല്ല് എന്ത് എന്ന് നിങ്ങളുടെ മക്കള്‍ വരുംകാലത്തു ചോദിക്കുമ്പോള്‍ നദി രണ്ടായി പിളര്‍ന്ന് ദൈവം ചെയ്ത അതിശയത്തെക്കുറിച്ച് അവരോടു പറയുവാന്‍ പിതാക്കന്മാര്‍ക്കു കഴിയേണ്ടതിനാണത്. ദൈവം നമുക്കു വേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ മക്കളുമായി പങ്കുവയ്ക്കണം. അതിലൂടെ അവര്‍ക്കും വിശ്വാസം ഉണ്ടാകുവാന്‍ കഴിയും.

അധ്യായം: 5:5-9: യിസ്രായേല്‍ പുരുഷന്മാര്‍ ഗില്‍ഗാലില്‍ വച്ച് പരിഛേദന ചെയ്യപ്പെട്ടു. ഈ പുരുഷന്മാര്‍ മരുഭൂമിയില്‍ ജനിച്ചവരാണ്. അവരാരും പരിഛേദന ചെയ്യപ്പെട്ടിട്ടില്ല. അവരുടെ ഇടയില്‍ പരിഛേദന ചെയ്യപ്പെട്ടിട്ടില്ലാത്ത 40 വയസ് പ്രായമുള്ള യിസ്രായേല്യര്‍ ഉണ്ടായിരുന്നു. ഇതൊരു ചെറിയ കാര്യമാണ്. എന്നാല്‍ അത് ഉടമ്പടിയുടെ അടയാളമാണ്. ജഡത്തിലുള്ള എല്ലാ ദൃഢവിശ്വാസവും വിഛേദിക്കുന്നതിന്റെ പ്രതീകമാണത് (ഫിലിപ്യ. 3:3). യുദ്ധത്തിനു പോകുന്നതിനു മുമ്പ് ജഡത്തിലുള്ള എല്ലാ ആശ്രയവും വിഛേദിക്കേണ്ടതുണ്ടായിരുന്നു. അതായിരുന്നു ഒന്നാമത്തെ പടി. അവര്‍ക്ക് തങ്ങളുടെ സ്വന്ത ശക്തിയില്‍ മല്ലന്മാരെ ജയിക്കുവാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍, മിസ്രയീമിന്റെ നിന്ദ അവരില്‍ നിന്ന് ഉരുട്ടി മാറ്റപ്പെട്ടു (വാക്യം 9).

അധ്യായം 5:13,14: യഹോവയുടെ സൈന്യത്തിന്റെ അധിപതി ഇപ്പോള്‍ യോശുവയുടെ മുമ്പില്‍ വന്നു. അവിടുന്നു വന്നത് പരിഛേദന കഴിഞ്ഞതിനു ശേഷം മാത്രമാണെന്നത് ശ്രദ്ധിക്കുക. കൂടാതെ ”മിസ്രയിമിന്റെ നിന്ദ ഉരുട്ടിമാറ്റപ്പെട്ടു” (വാക്യം 9)! ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ട കര്‍ത്താവായ യേശുക്രിസ്തു ആയിരുന്നു ഈ സേനാധിപതി. അതൊരു മനുഷ്യനാണെന്ന് യോശുവ വിചാരിച്ചിട്ടു ചോദിച്ചു: ”നീ ഞങ്ങളുടെ പക്ഷക്കാരനോ അതോ ശത്രു പക്ഷക്കാരനോ? ” കര്‍ത്താവു നല്‍കിയ മറുപടി വളരെ നിര്‍ദ്ദേശകമായിരുന്നു. ”ഞാന്‍ ഒരു പക്ഷക്കാരനുമല്ല. ഞാന്‍ സൈന്യത്തെ നയിക്കുവാന്‍ വന്നിരിക്കുന്നു. നീ എന്റെ പക്ഷത്തേക്കു വരണം.”

ചിലപ്പോള്‍, നാം പറയാറുണ്ട്: ”കര്‍ത്താവേ, ഞാന്‍ അവിടെ പോകുന്നു. ദയവുണ്ടായി വന്ന് എന്നെ അനുഗ്രഹിക്കണേ” അവിടുന്ന് അങ്ങനെ ചെയ്യില്ല. അതിനു പകരം നാം ഇപ്രകാരം ചോദിക്കണം: ”കര്‍ത്താവേ, യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി അവിടുന്ന് ഇപ്പോള്‍ എവിടേയ്ക്കാണ് സഞ്ചരിക്കുന്നത്. അവിടുത്തെ പടയാളിയായി ഞാന്‍ എവിടെ പോകണമെന്നാണ് അവിടുന്നാഗ്രഹിക്കുന്നത്?” അപ്പോള്‍ കര്‍ത്താവ് മറുപടി പറയും: ”ഞാന്‍ ഇന്നിന്ന സ്ഥലത്തേക്കാണു പോകുന്നത്. എന്റെ കൂടെ വരിക.” ക്രിസ്തീയ ജീവിതം വളരെ ലളിതമാണ്. ഇവിടെയും അവിടെയും പോകുവാന്‍ ഞാന്‍ ആലോചിച്ചിട്ട് കര്‍ത്താവിനോട് ‘എന്റെ കൂടെ വരണമേ’ എന്നു പറയേണ്ട കാര്യമില്ല. ഇല്ല. ദൈവം നമ്മുടെ വേലക്കാരനല്ല. അവിടുന്നു നമ്മുടെ നായകനാണ്.

കര്‍ത്താവിനെ ശുശ്രൂഷിക്കുന്ന നമ്മുടെ രീതി ഈ മാര്‍ഗ്ഗത്തിലേക്കു മാറ്റുക – അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ശുശ്രൂഷയില്‍ ആശ്ചര്യകരമായ ഫലങ്ങള്‍ കാണും. എന്റെ ശുശ്രൂഷയില്‍ അതു സംഭവിച്ചിട്ടുള്ളത് എനിക്കറിയാം. ഈ വിധത്തില്‍ കൂടുതല്‍ കാര്യക്ഷമമായി കര്‍ത്താവിനെ സേവിക്കാന്‍ കഴിയും. അപ്പോള്‍ നാം നിലം ഒരുക്കപ്പെടാത്ത സ്ഥലത്തു പോയി, നമ്മുടെ സമയം പാഴാക്കുന്നതിനു പകരം, കര്‍ത്താവു നേരത്തെ തന്നെ നമുക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ള സ്ഥലത്തു നാം പോകും. നമ്മെ ഉപയോഗിക്കേണ്ട ഏറ്റവും നല്ല സ്ഥലം ദൈവത്തിനറിയാം. അവിടുത്തേക്കു വേണ്ടി കാത്തിരിക്കുക. പിന്നീട് അവിടുത്തെ നിര്‍ദ്ദേശങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുക – എപ്പോഴും.

വിജയവും പരാജയവും വഞ്ചനയും

അധ്യായം 6:2: ”ഞാന്‍ നേരത്തെ തന്നെ യെരീഹോവിനെ നിന്റെ കയ്യില്‍ എല്‍പിച്ചിരിക്കുന്നു.” സാത്താനെതിരെ പോരാടുവാന്‍ പോകുമ്പോള്‍ ഇതാണു നാം അറിയേണ്ടത് – അവന്‍ കാല്‍വറി ക്രൂശില്‍ മുന്നമേ തന്നെ തകര്‍ക്കപ്പെട്ടു കഴിഞ്ഞു എന്നും, കര്‍ത്താവ് അവനെ നമ്മുടെ കാല്‍ക്കീഴ് ചതച്ചു കളയും എന്നും (റോമ. 16:20). ”അടുത്ത ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ യെരീഹോവിനെ നിങ്ങള്‍ക്കു നല്കാന്‍ പോകുകയാണ്” എന്ന് യഹോവ യോശുവയോടു പറഞ്ഞില്ല. ഇല്ല. അവിടുന്നു പറഞ്ഞത്, ”പട്ടണത്തെ മുന്നമെ തന്നെ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. പോയി അതു കൈവശമാക്കുക മാത്രം ചെയ്യുക” എന്നാണ്.

യിസ്രായേല്യര്‍ ആകെ ചെയ്യേണ്ടിയിരുന്നത് ഏഴു ദിവസത്തിനുള്ളില്‍ 13 പ്രാവശ്യം പട്ടണത്തിനു ചുറ്റും നടന്നിട്ട് ഏഴാം ദിവസം അവരുടെ കാഹളം ഊതുക എന്നതു മാത്രമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ ചുറ്റിനടപ്പും ഉറക്കെ ശബ്ദമുണ്ടാക്കുന്നതും ചില വിശ്വാസികള്‍ സ്വീകരിച്ച ഒരു തന്ത്രമായി അധഃപതിച്ചിരിക്കുന്നു. കര്‍ത്താവു കല്‍പിക്കുമ്പോള്‍ മാത്രമേ ഈ കാര്യങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ടാകുകയുള്ളു. നാം പോകുന്നിടത്തെല്ലാം കാല്‍വറിയിലെ വിജയം ഉറപ്പിക്കുവാനാണ് നമ്മുടെ വിളി. പിശാച് പരാജിതനാക്കപ്പെട്ടിരിക്കുന്നു എന്നു നാം ഏറ്റു പറയണം. ”സാത്താനെ, നീ ക്രൂശില്‍ പരാജിതനാക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ് സാത്താനോടുള്ള തങ്ങളുടെ സാക്ഷ്യവചനത്താല്‍ അവര്‍ സാത്താനെ ജയിച്ചു.” – അവരുടെ കാഹളം ഊതിക്കൊണ്ട് (വെളി. 12:11). കൂടെക്കൂടെ സാത്താനെ അവന്റെ പരാജയത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. അതു കേള്‍ക്കുവാന്‍ അവനിഷ്ടമില്ലെന്നെനിക്കറിയാം.

ഒരിക്കല്‍ ഒരു സ്ത്രീയെ പ്രാര്‍ത്ഥിക്കുവാനായി എന്റെ വീട്ടിലേക്കു കൊണ്ടുവന്നതു ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അവളോട് കര്‍ത്താവിനെ അവരുടെ രക്ഷകനായി സ്വീകരിക്കുവാനും സാത്താനോട് അവന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടവനാണെന്നു പറയുവാനും ആവശ്യപ്പെട്ടു. ഉടനെ ആ സ്ത്രീ എന്നോട് വ്യത്യസ്തമായൊരു ശബ്ദത്തില്‍ ഉറക്കെ പറഞ്ഞു: ”ഞാന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടില്ല.” അപ്പോള്‍ എന്നോടു സംസാരിച്ചത് അവളുടെ ഉള്ളിലുള്ള ഭൂതമാണ് എന്നു ഞാന്‍ മനസ്സിലാക്കി. അതുകൊണ്ട് ഞാന്‍ ആ ഭൂതത്തോടു പറഞ്ഞു: ”നീ ഭോഷ്‌ക്കു പറയുന്നവനാണ്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് നീ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടു. യേശുവിന്റെ നാമത്തില്‍ അവളെ വിട്ടുപോകുക.” ഉടനെ തന്നെ ഭൂതം വിട്ടുപോയി. അതിനുശേഷം അവള്‍ക്കു സാത്താനോട് ഇങ്ങനെ പറയാന്‍ കഴിഞ്ഞു: ”സാത്താനെ, നീ ക്രൂശില്‍ തോല്‍പി ക്കപ്പെട്ടു.” അന്നു ഞാന്‍ ഒരു കാര്യം പഠിച്ചു – പിശാച് ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ട കാര്യം ഓര്‍പ്പിക്കുന്നത് അവനിഷ്ടമല്ല. അതുകൊണ്ട് ഞാന്‍ തന്നെ അവനോട് ഇത് ഇടക്കിടെ പറയുവാനും, ഇതു പതിവായി അവനോടു പറയുവാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളെ പഠിപ്പിക്കുവാനും ഞാന്‍ തീരുമാനിച്ചു.

നിങ്ങള്‍ പിശാചിനോട് അവന്‍ ക്രൂശില്‍ തോല്‍പിക്കപ്പെട്ടു എന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്? ഇന്നു പറഞ്ഞു തുടങ്ങുക, അവന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടു എന്ന് മിക്കപ്പോഴും അവനോടു പറയുക. അതു പറയുന്നതുകൊണ്ട് അവന്‍ നിങ്ങളെ വെറുക്കും. എന്നാല്‍ പിശാച് എന്നെ വെറുക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം പിശാച് എന്നെ വെറുക്കുമ്പോള്‍, ഞാന്‍ ശരിയായ പാതയിലാണെന്ന് എനിക്കറിയാം. സാത്താനെ ഭയപ്പെടരുത്. സാത്താനെ നിങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ല. നിങ്ങള്‍ നിങ്ങളുടെ സാക്ഷ്യവചനങ്ങള്‍ അവനോടു പറയുന്നതിലൂടെ ദൈവത്തിന്റെ ശക്തിയില്‍ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴെയാക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. ഞാന്‍ നിങ്ങളെ ഒരു തന്ത്രം പഠിപ്പിക്കുകയല്ല. നിങ്ങള്‍ നിങ്ങളുടെ മനസ്സാക്ഷി നിര്‍മ്മലമായി സൂക്ഷിക്കാതെ സാത്താനോട് എതിര്‍ക്കുവാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍, അവന്‍ നിങ്ങളെ കളിയാക്കിയിട്ട് ഇപ്രകാരം പറയും: ”യേശുവിനെ ഞാന്‍ അറിയുന്നു. പൗലൊസിനെയും പരിചയമുണ്ട്. എന്നാല്‍ നിങ്ങള്‍ ആര്‍?” (അപ്പൊ.പ്രവ. 19:15). അതുകൊണ്ട് ഒന്നാമത് ദൈവത്തിനു കീഴടങ്ങുക. അതിനുശേഷം പിശാചിനോടെ തിര്‍ത്തു നില്‍ക്കുക (യാക്കോ. 4:7). ”ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക” യഹോവ യോശുവയോട് അരുളിച്ചെയ്തു (യോശുവ 1:7).

അധ്യായം 7: കനാനില്‍ വച്ച് ആദ്യമായി യിസ്രായേല്‍ തോല്‍പ്പിക്കപ്പെട്ടതിനെ ക്കുറിച്ചു നാം ഇവിടെ വായിക്കുന്നു. എന്തുകൊണ്ടാണ് യിസ്രായേല്‍ തോല്‍പ്പിക്കപ്പെട്ടത് എന്നു യോശുവ യഹോവയോടു ചോദിച്ചതിന് യഹോവ ഇപ്രകാരം മറുപടി പറഞ്ഞു: ”പാളയത്തിനകത്തു പാപം ഉണ്ടായിരിക്കുന്നു.” നിരോധിക്കപ്പെട്ട ഏതോ കാര്യം ഒരുവന്‍ മോഷ്ടിച്ചിരിക്കുന്നു. ”നിങ്ങള്‍ യെരീഹോയില്‍ ഉള്ളത് യാതൊന്നും നിങ്ങള്‍ക്കായി എടുക്കരുത്. അവയെല്ലാം യഹോവയ്ക്ക് അര്‍പ്പിക്കണം” (6:17) എന്ന് ദൈവം വളരെ വ്യക്തമായി അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു. ആഖാന്‍ ഒഴികെയുള്ള എല്ലാ യിസ്രായേല്യരും ആ കല്പന അനുസരിച്ചു (7:20). ഒടുവില്‍ അവന്‍ പിടിക്കപ്പെടുകയും തുറന്നു കാട്ടപ്പെടുകയും ചെയ്തപ്പോള്‍, താന്‍ പാപം ചെയ്തു എന്ന് അവന്‍ ഏറ്റു പറഞ്ഞു. അവന്‍ മനോഹരമായ ഒരു ബാബിലോന്യ മേലങ്കി ഒരു വീട്ടില്‍ കണ്ട് അതു മോഹിച്ച് എടുത്തു (ബാബിലോണ്‍ എന്നതിനു വേറൊരു വാക്കാണ് ‘ശിനാര്‍’). അവന്‍ പറഞ്ഞു: ”ഞാന്‍ കണ്ടു, ഞാന്‍ മോഹിച്ചു, ഞാന്‍ എടുത്തു, ഞാന്‍ ഒളിപ്പിച്ചു” (വാക്യം 21). പ്രലോഭനത്തിന്റെ നാലു പടികള്‍. ഇതുപോലെയാണ് നാമും പാപം ചെയ്യുന്നത് – അതിനുശേഷം നമ്മുടെ പാപങ്ങളെ നാം മറച്ചു വയ്ക്കുന്നു. അപ്പോള്‍ ആഖാന്‍ കല്ലെറിഞ്ഞു കൊല്ലപ്പെട്ടു.

യെരീഹോവിലെ യുദ്ധത്തില്‍ യുദ്ധാവശിഷ്ടങ്ങളില്‍ നിന്ന് ഒന്നും എടുക്കുവാന്‍ അവന്‍ അനുവദിക്കപ്പെട്ടിട്ടില്ല എന്ന് ആഖാന്‍ കേട്ടപ്പോള്‍, അയാള്‍ ഇപ്രകാരം ചിന്തിച്ചു കാണും: ”ഈ മല്ലന്മാരെ കൊന്ന് അവരുടെ പട്ടണങ്ങള്‍ പിടിച്ചടക്കിയ ശേഷം എനിക്കുവേണ്ടി തന്നെ ഒന്നും കിട്ടാന്‍ പോകുന്നില്ലെങ്കില്‍, അടുത്ത 20 വര്‍ഷത്തേക്ക്, ഞാന്‍ ഒരു ദ്രരിദ്രനായിരിക്കും. അതുകൊണ്ട് ഞാന്‍ ഒരല്പം എനിക്കുവേണ്ടി സൂക്ഷിക്കുന്നത് നല്ലതായിരിക്കും.” യിസ്രായേല്‍ ജനം അത്യാഗ്രഹികളാകുമോ എന്ന് യെരീഹോവില്‍ വച്ച് ദൈവം അവരെ പരിശോധിക്കുക മാത്രം ആയിരുന്നു എന്ന് അവന്‍ ഒട്ടും മനസ്സിലാക്കിയില്ല. യോശുവ 8:2ല്‍ നാം വായിക്കുന്നത് യഹോവ ജനത്തോട്, ഇനി മുതല്‍ കനാനിലുള്ള യുദ്ധത്തിന്റെ എല്ലാ കൊള്ളയും അവര്‍ക്കു വേണ്ടി എടുക്കാം എന്നു പറയുന്നതാണ്! ആഖാന്‍ എന്തൊരു ഭോഷനാണ്! അവന്‍ കാത്തിരിക്കുക മാത്രം ചെയ്തിരുന്നെങ്കില്‍, വേണ്ടുവോളം വെള്ളിയും പൊന്നും വസ്ത്രങ്ങളും എല്ലാം അവനു ലഭിക്കുമായിരുന്നു. എന്നാല്‍ അതെല്ലാം അവനു നഷ്ടമായി. കാരണം, ദൈവം അവനെ പരിശോധിച്ചപ്പോള്‍ അവന്‍ പരാജയപ്പെട്ടു. നിങ്ങള്‍ അത്യാഗ്രഹത്തില്‍ എന്തെങ്കിലും പിടിച്ചു പറിക്കുമോ എന്നു കാണുവാന്‍ ദൈവം നിങ്ങളെയും പരിശോധിക്കും. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി പദ്ധതിയിട്ടിട്ടുള്ള ദൈവത്തിന്റെ ഏറ്റവും നല്ലത് നിങ്ങളുടെ ശേഷിക്കുന്ന ജീവിതകാലത്തേക്ക് നിങ്ങള്‍ക്കു നഷ്ടപ്പെടും. അതിനു പകരം, നിങ്ങള്‍ മുന്നമേ ദൈവത്തിന്റെ രാജ്യം അന്വേഷിക്കുമെങ്കില്‍, എപ്പോഴും നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം അവിടുന്നു നിങ്ങള്‍ക്കു തരും.

അധ്യായം 8:26-ല്‍ ആഖാന്‍ കൊല്ലപ്പെട്ടതിനുശേഷം ഹായി എങ്ങനെ തോല്‍പ്പിക്കപ്പെട്ടു എന്നു നാം വായിക്കുന്നു. നമുക്കു മുന്നോട്ടു നീങ്ങാന്‍ കഴിയുന്നതിനു മുമ്പ് നാം നമ്മുടെ ഭൂതകാലം നേരെയാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ ഹായികളില്‍ നാം പരാജിതരായിക്കൊണ്ടിരിക്കും. മോശെ പര്‍വ്വതത്തിന്റെ മുകളില്‍ തന്റെ കരം ഉയര്‍ത്തിപ്പിടിച്ചതു പോലെ, ഇവിടെ യോശുവ തന്റെ കുന്തം ഉയര്‍ത്തി പിടിക്കുന്നതു നാം കാണുന്നു. അപ്പോള്‍ അവന്റെ പടയാളികള്‍ യുദ്ധം ചെയ്ത് ഹായിയെ പരാജയപ്പെടുത്തി.

ഇപ്പോള്‍, ഒരു വിജയം നേടിയതിനു ശേഷം നാം എല്ലാവരും അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം സ്വയം തൃപ്തരായിത്തീരുന്ന അപകടമാണ്. നാം ക്രിസ്തീയ ജീവിതത്തില്‍ അയഞ്ഞ നിലാപാടു സ്വീകരിക്കാന്‍ തുടങ്ങുമ്പോള്‍, നാം വഞ്ചിക്കപ്പെടുവാനുള്ള അപകടത്തിലാണ്. അതാണ് യോശുവയ്ക്കു സംഭവിച്ചത് (അധ്യായം 9). ചില ഗിബയോന്യര്‍ – വധിക്കപ്പെടേണ്ടിയിരുന്ന കനാന്യര്‍ ആയിരുന്നവര്‍- വന്ന് യോശുവയെ കണ്ടുമുട്ടി (9:4). അവര്‍ തന്ത്രപൂര്‍വ്വം പ്രവര്‍ത്തിച്ചു, പഴകിയ കീറിയ വസ്ത്രങ്ങളും പഴക്കം ചെന്നു കണ്ടംവച്ച ചെരിപ്പുകളും ഉണങ്ങി പൂത്ത റൊട്ടിയും കൂടെ എടുത്ത് അവര്‍ വളരെ അകലെ നിന്നു വരുന്നവരാണെന്നു നടിച്ചു (9:5). അവര്‍ യിസ്രായേല്യരെ പുകഴ്ത്തി മുഖസ്തുതി പറഞ്ഞു. ആളുകള്‍ നമ്മോട് മുഖസ്തുതി പറയുമ്പോള്‍ നാം വലിയ അപകടത്തിലാണ്. വഞ്ചന അപ്പോള്‍ വളരെ അടുത്താണ്. 9:14-ല്‍ നാം വായിക്കുന്നത്: ”യിസ്രായേല്‍ പുരുഷന്മാര്‍ യഹോവയോട് ഉപദേശം അന്വേഷിച്ചില്ല” എന്നാണ്. യോശുവ അവരെ വിശ്വസിച്ചിട്ട് അവരെ കൊല്ലുകയില്ലെന്ന് അവരുമായി ഒരു ഉടമ്പടി ചെയ്തു. മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് ഈ ആളുകള്‍ വധിക്കപ്പെടേണ്ടിയിരുന്ന കനാന്യരായിരുന്നു എന്ന് അവര്‍ കണ്ടു പിടിച്ചു (വാ. 1:16). എന്നാല്‍ അപ്പോഴേക്ക് അവര്‍ നേരത്തെ തന്നെ അവരുമായി ഉടമ്പടി ചെയ്തു കഴിഞ്ഞിരുന്നു – അതുകൊണ്ട് അവര്‍ക്കു വാക്കു പാലിക്കേണ്ടി വന്നു.

ഈ സംഭവത്തില്‍ നിന്നു നമുക്കെന്താണു പഠിക്കാന്‍ കഴിയുന്നത്? നമ്മോടു മുഖസ്തുതി പറയുന്നവരാലും തെറ്റായ ലക്ഷ്യത്തോടുകൂടി സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവരാലും നാം വഞ്ചിതരാകാതിരിക്കേണ്ടതിന് നമുക്കുള്ള ഒരു മുന്നറിയിപ്പാണത്. അത്തരം കാര്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ പ്രവര്‍ത്തനരീതി നമ്മുടെ സ്വന്തവിവേകത്തില്‍ ഊന്നാതെ കര്‍ത്താവിന്റെ ഉപദേശം തേടുന്നതാണ്.

വന്‍ വിജയങ്ങള്‍ നേടിക്കഴിഞ്ഞയുടന്‍ നാം പ്രത്യേകിച്ച് ശ്രദ്ധാലുക്കളായിരിക്കണം. സുവിശേഷങ്ങളില്‍ നാം വായിക്കുന്നത്, അത്ഭുതകരമായ രോഗസൗഖ്യ ശുശ്രൂഷകള്‍ക്കു ശേഷം ഉടന്‍തന്നെ, യേശു എപ്രകാരമാണ് വിജനപ്രദേശത്തേക്കു പ്രാര്‍ത്ഥനയ്ക്കായി മാറിപ്പോയിരുന്നത് എന്നാണ്- സകല മഹത്വവും അവിടുത്തെ പിതാവിനു നല്‍കാന്‍ വേണ്ടി (ലൂക്കൊ. 5:15,16). അതു നമുക്കൊരു മാതൃകയാണ്. കര്‍ത്താവില്‍ നിന്ന് ആലോചന ചോദിക്കാതിരിക്കുന്ന അപകടത്തില്‍ നാം ആകുന്നതെപ്പോഴാണ്? നാം ജയാളികള്‍ ആകുമ്പോള്‍. നാം പരാജിതരാകുമ്പോഴല്ല. നാം ഒരു പരാജയത്തിലാകുന്നതിനെക്കാള്‍ വലിയ അപകടത്തിലാകുന്നത് ഒരു വിജയത്തിനു ശേഷമാണ്. സാധാരണയായി ഒരു തോല്‍വിക്കുശേഷം, നാം കര്‍ത്താവിനോടു കൂടുതല്‍ അടുക്കുന്നു. കാരണം നാം ഏതെങ്കിലും വിധത്തില്‍ അവിടുത്തെ വിട്ടുപോയിരിക്കുന്നു. അല്പനേരത്തേക്ക് നാം ജയാളി ആകുമ്പോഴാണ് നാം ആത്മീയനിഗളത്തിന്റെ അപകടത്തിലാകുന്നത്.

അധ്യായം 10: അഞ്ചു രാജാക്കന്മാര്‍ ഗിബെയോന്‍ നിവാസികളെ ആക്രമിക്കുകയും ഗിബെയോന്യര്‍ യോശുവയുടെ സഹായം തേടുകയും ചെയ്തപ്പോള്‍, യഹോവ ഇപ്രകാരം പറഞ്ഞ് യോശുവയെ പ്രോത്സാഹിപ്പിച്ചു: ”ഭയപ്പെടരുത്, ഞാന്‍ അവരെ നിന്റെ കയ്യില്‍ എല്‍പ്പിച്ചിരിക്കുന്നു. അവരില്‍ ഒരുത്തനും നിന്റെ മുമ്പില്‍ നില്‍ക്കുകയില്ല” (വാക്യം 8). വചനം എപ്പോഴും, ”ഞാന്‍ നേരത്തെ തന്നെ തന്നിരിക്കുന്നു” എന്നാണ്. യുദ്ധം തുടങ്ങുന്നതിനു മുമ്പേ തന്നെ, വിജയം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പരിസമാപ്തി ആയിരുന്നു. സാത്താനെതിരായി യുദ്ധം ചെയ്യുവാനും നാം അങ്ങനെ തന്നെ പോകണം. സാത്താനും അവന്റെ പിശാചുക്കള്‍ക്കും നമ്മുടെ മുമ്പില്‍ നില്‍ക്കാന്‍ കഴിയുകയില്ല. ജീവനുള്ള സഭയ്‌ക്കെതിരായി പാതാള ഗോപുരങ്ങള്‍ ജയിക്കയില്ല. യോശുവ അവരുടെ നേരെ വന്ന് അവരെ പരാജയപ്പെടുത്തിയിട്ട് ”യിസ്രായേലിനു വിരോധമായി ആര്‍ക്കും ഒരു വാക്കുപോലും ഉച്ചരിക്കാന്‍ കഴിഞ്ഞില്ല” (വാക്യം 21). അപ്പോള്‍ യോശുവ യിസ്രായേല്‍ പുരുഷന്മാരെ വിളിച്ചിട്ട് ഇപ്രകാരം പറഞ്ഞു: ”നിങ്ങളുടെ കാല്‍ അവരുടെ കഴുത്തില്‍ വയ്ക്കുക” (വാക്യം 24). റോമര്‍ 16:20-ല്‍ വേദപുസ്തകം പറയുന്നു: ”സമാധാനത്തിന്റെ ദൈവമോ വേഗത്തില്‍ സാത്താനെ നിങ്ങളുടെ കാല്‍ക്കീഴെ (കാല്‍വറിയിലല്ല) ചതച്ചു കളയും.” യേശു നേരത്തെ തന്നെ സാത്താനെ കാല്‍വറിയില്‍ പരാജയപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ സാത്താന്‍ നമ്മുടെ കാല്‍ക്കീഴെ ചതയ്ക്കപ്പെടും.

യോശുവയുടെ അന്ത്യനാളുകള്‍

അധ്യായം 13:1: യോശുവ വയസ്സുചെന്ന് വൃദ്ധനായപ്പോള്‍ യഹോവ അവനോട് അരുളിച്ചെയ്തത്: ”ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ട്.” യോശുവയുടെ കയ്യില്‍ നിന്ന് നേതൃത്വം ഏറ്റെടുക്കുവാന്‍ യിസ്രായേലില്‍ ആരും ഉണ്ടായിരുന്നില്ല എന്നത് ദുഃഖകരമായ ഒരു കാര്യമാണ്. ഇന്നത്തെ ക്രിസ്തീയ ഗോളത്തിലും, ദൈവഭക്തരായവര്‍ മരിക്കുന്നു. ഇനിയും വളരെയധികം ദേശങ്ങള്‍ കൈവശമാക്കുവാനുണ്ട്.

അധ്യായം 14:6-15ല്‍ നാം കാണുന്നത് കാലേബിന് ഇപ്പോള്‍ 85 വയസ് പ്രായമുണ്ടെങ്കിലും 40 വയസ്സുണ്ടായിരുന്നപ്പോഴത്തെപ്പോലെ, അവന്റെ വിശ്വാസം ഇപ്പോഴും ഊര്‍ജ്ജസ്വലമാണ്. അദ്ദേഹം യോശുവയോടു ചോദിക്കുന്നത് അനാക്യ മല്ലന്മാര്‍ നിറഞ്ഞ ആ പര്‍വ്വതപ്രദേശം അവനു കൊടുത്താല്‍ അവന്‍ അവരെയെല്ലാം അവിടെനിന്ന് ഓടിച്ചുകളയും എന്നാണ്. അതുകൊണ്ട് യോശുവ ഹെബ്രോന്‍ കാലേബിനു കൊടുത്തു. ദൈവഭക്തന്മാരായ വൃദ്ധന്മാര്‍ ഇന്നും കാലേബിനെപ്പോലെ ‘കര്‍ത്താവിനെ പൂര്‍ണ്ണമായി അനുഗമിച്ച്’ (വാക്യം 14) ജയാളികളായി അവരുടെ വാര്‍ദ്ധക്യത്തിലും വിശ്വാസത്തില്‍ കൂടുതല്‍ ശക്തിയുള്ളവരായി വളരുന്നതു കാണുന്നത് എന്തൊരു വെല്ലുവിളിയും പ്രോത്സാഹനവുമാണ്!


കാലേബിന്റെ മാതൃകയ്ക്കു വിരുദ്ധമായി, കനാനിലെ മിക്ക മേഖലകളില്‍ നിന്നും കനാന്യരെ പുറത്താക്കി കളയാതിരുന്ന മുഴുവന്‍ യിസ്രായേല്‍ ഗോത്രങ്ങളുടെയും ദുഃഖകരമായ കഥ നാം വായിക്കുന്നു. മൂന്നു പ്രാവശ്യം നാം വായിക്കുന്നത് യിസ്രായേല്‍ ഗോത്രങ്ങള്‍ കനാന്യരെ നീക്കിക്കളഞ്ഞില്ല (നീക്കി കളയുവാന്‍ കഴിഞ്ഞില്ല) എന്നാണ് (15:63; 16:10; 17:12). തങ്ങളുടെ ജീവിതത്തില്‍ നിന്ന് കോപം, മോഹം, കയ്പ് മുതലായവയെ നീക്കിക്കളഞ്ഞിട്ടില്ലാത്ത ബഹൂഭൂരിപക്ഷം ക്രിസ്ത്യാനികളുടെ ഒരു ചിത്രമാണിത് – നമ്മെ ഈ പാപങ്ങളില്‍ നിന്നു രക്ഷിക്കാനാണ് യേശു വന്നത്.

ശേഷിക്കുന്ന അധ്യായങ്ങള്‍ കനാനിലെ തൊഴിലിനെക്കുറിച്ചും ഗോത്രങ്ങള്‍ അവരുടെ അവകാശത്തില്‍ താമസമുറപ്പിക്കുന്നതിനെക്കുറിച്ചും വിവരിക്കുന്നു.

അധ്യായം 21:44-ല്‍ ഈ മനോഹരമായ വാക്കുകള്‍ വായിക്കുന്നു: ”യഹോവ ചുറ്റും അവര്‍ക്കു സ്വസ്ഥത നല്‍കി, ശത്രുക്കളില്‍ ഒരുത്തനും അവരുടെ മുമ്പില്‍ നിന്നില്ല.” ഇതാണ് എബ്രായര്‍ 4:8,9 വാക്യങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്ന സ്വസ്ഥത. അവിടെ പറയുന്നത് യോശുവ യിസ്രായേല്‍ ജനത്തിനു നല്‍കിയ സ്വസ്ഥതയും വിജയവും യേശു നമുക്കു നല്‍കാന്‍ ആഗ്രഹിച്ച സ്വസ്ഥതയുടെയും (എല്ലാ പാപത്തിന്മേലുള്ള) വിജയത്തിന്റെയും ഒരു ചിത്രം മാത്രമാണെന്നാണ്. അവിടെ നമ്മോടു പറഞ്ഞിരിക്കുന്നത് ആ സ്വസ്ഥതയില്‍ പ്രവേശിക്കുവാന്‍ ഉത്സാഹിക്കുവാനും നമ്മില്‍ ആര്‍ക്കെങ്കിലും അതു ലഭിക്കാതെ പോയി എന്നു വരാതിരിക്കുവാന്‍ ഭയപ്പെടുവാനുമാണ് (എബ്രാ. 4:1,11).

അധ്യായം 21:45 പറയുന്നത് : ”യഹോവ യിസ്രായേല്‍ ഗൃഹത്തോട് അരുളിച്ചെയ്ത വാഗ്ദാനങ്ങളില്‍ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി” എന്നാണ്. നാം നിത്യതയില്‍ കര്‍ത്താവിനോടുകൂടെ നില്‍ക്കുമ്പോള്‍ നമ്മുടെ സാക്ഷ്യവും ഇതുതന്നെ ആയിരിക്കും. ആ നാളുകളില്‍ അനേകം വിശ്വാസികള്‍ കണ്ടെത്താന്‍ പോകുന്ന ഒരു കാര്യം അവര്‍ ദൈവത്തിന്റെ മിക്ക വാഗ്ദത്തങ്ങളും തങ്ങളുടെ അവിശ്വാസം മൂലം അനുഭവിക്കുകയോ ആസ്വദിക്കുകയോ ചെയ്തില്ല എന്നതാണ്- മരുഭൂമിയില്‍ പട്ടുപോയ 600,000 യിസ്രായേല്യരെപ്പോലെ. എന്നാല്‍ വിശ്വസിച്ചവര്‍ (യോശുവയെയും കാലേബിനെയുംപോലെ) ആ നാളുകളില്‍ തങ്ങളുടെ ഭൂമിയിലെ ജീവിതത്തില്‍ ദൈവത്തിന്റെ ഓരോ വാഗ്ദത്തങ്ങളും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തതില്‍ ആനന്ദിക്കും. തങ്ങളുടെ അവിശ്വാസം നിമിത്തം അനേകം വിശ്വാസികളുടെ ഹൃദയത്തില്‍ എന്തൊരു ദുഃഖം ആയിരിക്കും ഉണ്ടാകുക! അതുകൊണ്ട് നമ്മുടെ മുഴുഹൃദയവും കൊണ്ട് കര്‍ത്താവില്‍ ആശ്രയിക്കുകയും അവിടുത്തെ വാഗ്ദത്തങ്ങള്‍ ഓരോന്നും അവകാശപ്പെടുകയും ചെയ്യുക. കാരണം, ”ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും ക്രിസ്തുയേശുവില്‍ ഉവ്വ് എന്നാണ്; അതുകൊണ്ട് ഞങ്ങള്‍ അതിന് ദൈവത്തിന്റെ മഹത്വത്തിനായി ഞങ്ങളുടെ ആമേന്‍ കൂട്ടിച്ചേര്‍ത്തു പറയുന്നു” (2 കൊരി. 1:20).

അധ്യായം 22:10-34 വരെയുള്ള വാക്യങ്ങളില്‍, എങ്ങനെ തെറ്റിദ്ധാരണകള്‍ നീക്കി സംഘര്‍ഷങ്ങളെ തടുക്കാമെന്നു വിശദീകരിക്കുന്ന മനോഹരമായൊരു കഥ നമുക്കുണ്ട്. മറ്റെ കൂട്ടരെ വിമര്‍ശിക്കുകയോ വിധിക്കുകയോ ചെയ്യുന്നതിനു മുമ്പ് അവരുമായി മുഖാമുഖം സംസാരിക്കുന്ന ലളിതമായ രീതി നാം സ്വീകരിക്കുമെങ്കില്‍… കനാനില്‍ താമസിക്കാതെ യോര്‍ദ്ദാന്റെ കിഴക്കുഭാഗത്തു താമസിക്കുവാന്‍ തീരുമാനിച്ച യിസ്രായേലിന്റെ രണ്ടര ഗോത്രങ്ങള്‍, സമാഗമന കൂടാരത്തിലെ പിച്ചള കൊണ്ടുള്ള യാഗപീഠത്തിന്റെ ഒരു അനുകരണം ഉണ്ടാക്കി അവരുടെ ദേശത്തിന്റെയും കനാന്റെയും അതിര്‍ത്തിയില്‍ സ്ഥാപിച്ചു. മറ്റ് ഒന്‍പതര ഗോത്രങ്ങള്‍ ഇതു കണ്ടപ്പോള്‍ അവര്‍ പെട്ടെന്നു ചിന്തിച്ചത് അതു ദൈവത്തിന് എതിരെയുള്ള മത്സരത്തിന്റെ ഒരു പ്രവൃത്തിയാണെന്നാണ്. എന്നാല്‍ ആദ്യം തന്നെ കാര്യം എന്താണെന്നു വ്യക്തമായി അറിയാം എന്ന് അവര്‍ തീരുമാനിച്ചു. അപ്പോള്‍ അവര്‍ കണ്ടുപിടിച്ചത് അത് മത്സരത്തിന്റെ ഒരു പ്രവൃത്തി എന്നതില്‍ നിന്നു വളരെ അകന്ന ഒരു കാര്യമാണെന്നാണ്. ഒന്‍പതര ഗോത്രങ്ങളിലെ വരുംതലമുറകള്‍ രണ്ടര ഗോത്രങ്ങളിലെ വരും തലമുറയെ അവര്‍ നദിയുടെ മറുകരയില്‍ പാര്‍ക്കുന്നതുകൊണ്ട് അവരെ തള്ളിക്കളയുകയില്ലെന്ന് ഉറപ്പു വരുത്താന്‍ മാത്രമാണ് അതു ചെയ്തത്. അങ്ങനെ ആ കാര്യം സമാധാനപരമായി തീരുമാനിക്കപ്പെട്ടു. തങ്ങളുടെ തന്നെ തെറ്റായ തീരുമാനത്തിലേക്കു വരുന്നതിനു മുമ്പ് മറുവശത്തുള്ളവരെ കൂടെ കേള്‍ക്കുവാനുള്ള അതേ സാമാന്യ ജ്ഞാനം എല്ലാ ക്രിസ്ത്യാനികള്‍ക്കും ഉണ്ടായിരുന്നെങ്കില്‍!

അധ്യായം 23ല്‍ യിസ്രായേല്യരോടുള്ള യോശുവയുടെ വിടവാങ്ങല്‍ സന്ദേശമാണ് വായിക്കുന്നത്. അവന്‍ ഏതാണ്ട് മരിക്കാറായിരുന്നു എന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം യിസ്രായേല്യര്‍ക്ക് ദൈവത്തിന്റെ വചനത്തോടു പറ്റിച്ചേര്‍ന്നിരിക്കുന്നതിലും, തങ്ങള്‍ക്കു ചുറ്റുമുള്ള വിജാതീയ രാഷ്ട്രങ്ങളില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നതിലും അധികം ഉറപ്പുള്ളവരായിരിക്കേണ്ടതിന് മുന്നറിയിപ്പു നല്‍കി. അങ്ങനെയെങ്കില്‍ യഹോവ അവരോടു കൂടെ ഉണ്ടായിരിക്കും. ഒരു യിസ്രായേല്യന് 1000 ശത്രുക്കളെ ഓടിക്കുവാന്‍ കഴിയും (വാക്യം 6-10)!! എന്നാല്‍ അവര്‍ ഒത്തു തീര്‍പ്പു ചെയ്താല്‍, അപ്പോള്‍ കര്‍ത്താവ് അവിടുത്തെ വാഗ്ദത്തങ്ങള്‍ നിറവേറ്റിയതുപോലെ അവിടുത്തെ ഭീഷണിയും നിവര്‍ത്തിച്ച് അവരെ നശിപ്പിച്ചുകളയും (വാക്യങ്ങള്‍ 14-16).

അധ്യായം 24-ല്‍ യോശുവ അബ്രാഹാമിന്റെ കാലം മുതലുള്ള യിസ്രായേലിന്റെ ചരിത്രം വേഗത്തില്‍ പുനരവലോകനം ചെയ്തിട്ട് അവര്‍ക്കു വേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ പറ്റി അവരെ ഓര്‍മിപ്പിക്കുന്നു. അനന്തരം അദ്ദേഹം ”ദൈവത്തെ ഭയപ്പെട്ട് പരമാര്‍ത്ഥതയിലും സത്യത്തിലും അവിടുത്തെ സേവിക്കുവാന്‍” അവരെ പ്രബോധിപ്പിക്കുന്നു. അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞത് അവരുടെ തീരുമാനം എന്തായാലും, തന്നെയും തന്റെ കുടുംബത്തെയും സംബന്ധിച്ച്, അവര്‍ യഹോവയെ സേവിക്കും എന്നാണ് (വാക്യങ്ങള്‍ 14,15). ഇവിടെ നാം കാണുന്നത് യോശുവ തനിക്കുവേണ്ടി മാത്രമല്ല തീരുമാനമെടുത്തത് എന്നാല്‍ തന്റെ കുടുംബത്തിനും കൂടെ വേണ്ടിയാണ്. അദ്ദേഹം കുടുംബത്തിന്റെ തലയായിരുന്ന് തന്റെ മക്കളും യഹോവയെ മാത്രം ആരാധിക്കുവാനും സേവിക്കുവാനും പോകുന്നു എന്നു തീരുമാനിച്ചു. യിസ്രായേല്‍ ജനത്തിനു കൊടുത്തതു പോലെ ഈ കാര്യത്തില്‍ തന്റെ മക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള ഒരു സ്വാതന്ത്ര്യം നല്‍കിയില്ല. ക്രിസ്തീയ നേതാക്കള്‍ ഒന്നാമത് അവരുടെ കുടുംബത്തെ നയിക്കണം. അവരുടെ മക്കളും കര്‍ത്താവിനെ പിന്‍ഗമിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരായിരിക്കണം.
ലോകമെമ്പാടും യോശുവയെ പോലെയുള്ള നേതാക്കന്മാരെ ദൈവത്തിന് ആവശ്യമുണ്ട്.

യിസ്രായേലിന്റെ കുടുംബത്തലവന്മാരുടെ ഏകദേശ ജീവിതകാലം:
അബ്രാഹാം : 2166-1991 ബിസി
യിസ്ഹാക്ക് : 2066-1886 ബിസി
യാക്കോബ് : 2006-1859 ബിസി
യോസഫ് : 1915-1805 ബിസി
മോശെ : 1526-1406 ബിസി
യോശുവ : 1500-1390 ബിസി