മത ഭക്തരെങ്കിലും ആത്മീയരല്ലാത്ത മനുഷ്യരുടെ മൂന്നു ദൃഷ്ടാന്തങ്ങള്‍ – WFTW 01 ഏപ്രിൽ 2018

സാക് പുന്നന്‍

യൂദാ തന്‍റെ ലേഖനത്തില്‍ മതഭക്തരെങ്കിലും ആത്മീയരല്ലാത്ത 3 പുരുഷന്മാരെക്കുറിച്ചു സംസാരിക്കുന്നു – കയീന്‍, ബിലെയാം, കോരഹ് (യൂദാ). അവ ഓരോന്നോരോന്നായി നമുക്ക് നോക്കാം.

1.കയീന്‍

കയീന്‍ ദൈവമില്ലാത്ത ഒരുവനായിരുന്നില്ല. ദൈവത്തിന് യാഗം കഴിക്കുന്നതില്‍ വിശ്വസിച്ചിരുന്ന വളരെ ആഴമായ മതഭക്തിയുളള ഒരുവനായിരുന്നു അവന്‍ (ഉല്‍പത്തി 4:3).ഹബേലും ദൈവത്തിനു യാഗം അര്‍പ്പിച്ചു. എന്നാല്‍ ഈ രണ്ടുയാഗങ്ങളും തമ്മിലും കയീനും ഹാബേലും തമ്മിലും ഉളള വ്യത്യാസം നരകവും സ്വര്‍ഗ്ഗവും തമ്മിലുളള വ്യത്യാസമായിരുന്നു, മതഭക്തിയും ആത്മീയതയും തമ്മിലുളള വ്യത്യാസം. മനുഷ്യര്‍ നടന്നുപോയ രണ്ടു മാര്‍ഗ്ഗങ്ങളുടെ പ്രതീകങ്ങളാണ് കയീനും ഹാബേലും – മതഭക്തിയുടെ മാര്‍ഗ്ഗവും ആത്മീയതയുടെ മാര്‍ഗ്ഗവും, ദൈവത്തിന് ബാഹ്യമായ കാര്യങ്ങള്‍ അര്‍പ്പിക്കുന്നവരുടെ ഒരു പ്രതിരൂപമാണ് കയീന്‍- പണം, ശുശ്രൂഷ, സമയം മുതലായവ മറിച്ച്, ഹാബേല്‍ ആട്ടിന്‍ കുട്ടിയെ കൊന്ന് യാഗപീഠത്തില്‍ വച്ചപ്പോള്‍, പ്രതീകാത്മകമായി അവനെ തന്നെ യാഗപീഠത്തില്‍ അര്‍പ്പിച്ചു.

മതഭക്തരായവര്‍ക്ക് ദാനങ്ങള്‍ കൊടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അനേകം നല്ല കാര്യങ്ങള്‍ ചെയ്യുവാനും കഴിയും- എന്നാല്‍ അവരെ തന്നെ അര്‍പ്പിക്കുക എന്നാല്‍ എന്താണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അവര്‍ കൃത്യമായി അവരുടെ ദശാംശം കൊടുക്കും, എന്നാല്‍ പ്രലോഭനത്തിന്‍റെ നിമിഷങ്ങളില്‍ അവര്‍ തങ്ങളുടെ സ്വയത്തെ മരണത്തിന് ഏല്‍പ്പിക്കുകയില്ല. അതാണ് പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുളള വ്യത്യാസം. സ്വയത്തിനു മരിക്കാതെ നിങ്ങള്‍ക്കു പഴയ ഉടമ്പടിയില്‍ പ്രവേശിക്കുവാന്‍ കഴിയും. എന്നാല്‍ സ്വയത്തിനു മരിക്കാതെ പുതിയ ഉടമ്പടിയില്‍ കടക്കുക അസാധ്യമാണ്. യേശുവന്നത് ദശാംശം അര്‍പ്പിക്കുവാനല്ല, എന്നാല്‍ ദൈവത്തിനു സ്വീകാര്യവും നല്ല പ്രസാദവുമുളള യാഗമായി അവിടുത്തെ തന്നെ അര്‍പ്പിക്കുവാനാണ്. കയീനും ഹാബേലും ദൈവത്തെ സമീപിക്കുന്നതിനുളള വിശാല വഴിയെയും ഇടുങ്ങിയ വഴിയെയും പ്രതീകാത്മവല്‍ക്കരിക്കുന്നു – മതഭക്തിയുടെ മാര്‍ഗ്ഗവും, യഥാര്‍ത്ഥ ആത്മീയതയുടെ മാര്‍ഗ്ഗവും. സ്വയത്തിനു മരിക്കാതെ നിങ്ങള്‍ക്ക് ഒരു ദാസനായിരിക്കുവാന്‍ കഴിയും. എന്നാല്‍ അതു കൂടാതെ നിങ്ങള്‍ക്കൊരു മകനായിരിക്കുവാന്‍ കഴിയുകയില്ല.

ഹാബേലിന്‍റെ യാഗത്തിന് സ്വര്‍ഗ്ഗത്തില്‍ നിന്നുളള അഗ്നികൊണ്ട് ഉത്തരമരുളി.. എന്നാല്‍ കയീന്‍റെ വഴിപാടില്‍ ഒന്നും പതിച്ചില്ല. ഒരുവന്‍ നിരന്തരമായി നാള്‍തോറും സ്വയത്തിനു മരിക്കുമ്പോള്‍, അവന്‍റെ ജീവിതത്തിലും ശുശ്രൂഷയിലും സ്വര്‍ഗ്ഗത്തില്‍ നിന്നുളള ഒരു അഗ്നി ഉണ്ടായിരിക്കും. യേശു ആദ്യം വേരിന് കോടാലിവച്ചിട്ടുളളവര്‍ക്കു അവിടുന്നു നല്‍കുമെന്ന് യോഹന്നാന്‍ സ്നാപകന്‍ പറഞ്ഞ ആത്മാവിനാലും അഗ്നിയാലുമുളള യഥാര്‍ത്ഥസ്നാനം ഇതാണ് മറിച്ച്, പുറമെ മാത്രം എല്ലാം ശരിയായി ചെയ്യുന്ന ഒരു സഹോദരന് ഒരു നല്ല ജീവിതം ഉണ്ടായിരിക്കാം, എന്നാല്‍ സ്വര്‍ഗ്ഗത്തിന്‍റെ അഭിഷേകം അവന്‍റെ ജീവിതത്തില്‍ നിന്നു നഷ്ടപ്പെട്ടിരിക്കും. വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന (ഇന്ന് മിക്കവരും ആസ്വദിക്കുന്നത് അതാണ്) സാത്താന്‍റെ വ്യാജമായ “ആത്മാസ്നാനം”, ക്രൂശിന്‍റെ മാര്‍ഗ്ഗം തിരഞ്ഞെടുത്ത തന്‍റെ ശിഷ്യന്മാരുടെമേല്‍ യേശു അയച്ച ആത്മാവിനാലും അഗ്നിയാലുളള യഥാര്‍ത്ഥ സ്നാനത്തിനോട് താരതമ്യം ചെയ്യുമ്പോള്‍, വിലയില്ലാത്തതും ചപ്പും ചവറുമാണ്.

2. ബിലെയാം

ബിലെയാം മറ്റൊരു മതഭക്തനാണ്. അയാള്‍ ദൈവത്തെ സേവിക്കുവാനാഗ്രഹമുളള ഒരു പ്രസംഗകനായിരുന്നു, എന്നാല്‍ അയാള്‍ക്ക് പണം ഉണ്ടാക്കുന്നതിലും ലോകത്തിലെ വലിയ ആളുകളെ കണ്ടുമുട്ടുന്നതിലും താല്‍പര്യമുളളവനും കൂടെ ആയിരുന്നു (സംഖ്യ 22). യഹോവയുടെ പേരില്‍ തനിക്കു വേണ്ടി തന്നെ മാനവും പണവും നേടുന്ന കാര്യം അയാള്‍ അന്വേഷിച്ചു. ബിലെയാമിനെ പോലെയുളള അനേകമനേകം വ്യാജ പ്രവാചകന്മാര്‍ ഇന്നുണ്ട്. അവരുടെ ഉപദേശങ്ങളെല്ലാം അടിസ്ഥാനപരമായി വചനത്തിന്‍റെ അക്ഷരപ്രകാരം ശരിയാണ്. എന്നാല്‍ വിവേചനമില്ലാത്ത വിശ്വാസികള്‍ക്ക്, അവര്‍ ബിലെയാമിന്‍റെ ആത്മാവിനാല്‍ (പണത്തെയും, ബഹുമതികളെയും സ്നേഹിക്കുന്ന ആത്മാവിനാല്‍) പ്രേരിപ്പിക്കപ്പെട്ടവരാണെന്നു തിരിച്ചറിയുവാന്‍ കഴിയുന്നില്ല. അവരെല്ലാവരും സ്വന്ത താല്‍പര്യങ്ങള്‍ അന്വേഷിക്കുന്നവരാണെന്ന് ഫിലി 2:21ല്‍ പൗലൊസ് എഴുതിയിരിക്കുന്നത് ഇവരെക്കുറിച്ചാണ്.പെര്‍ഗ്ഗമൊസിലെ സഭയിലും ബിലെയാമിന്‍റെ ഉപദേശം അനുസരിച്ചു ജീവിക്കുവന്നവര്‍ ഉണ്ടായിരുന്നു (വെളി2:14). സഭയില്‍ മാനം അന്വേഷിക്കുന്നതും പണം അന്വേഷിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇതു രണ്ടും ബിലെയാമിന്‍റ ഒരേ ആത്മാവിന്‍റെ വ്യത്യസ്ത രൂപഭേദങ്ങളാണ്.

3. കോരഹ്

കോരഹ് മറ്റൊരു മതഭക്തനാണ്. അയാള്‍ ലേവിയുടെ പുരോഹിത ഗോത്രത്തില്‍ നിന്നുളളവനാണ് (സംഖ്യ 16) എന്നാല്‍ യഹോവ അവനു പങ്കിട്ടുകൊടുത്ത ശുശ്രൂഷയില്‍ അവന്‍ അതൃപ്തനായിരുന്നു. മോശെ ആയിരുന്നതുപോലെ കൂടുതല്‍ പ്രമുഖനാകുവാന്‍ അയാള്‍ ആഗ്രഹിച്ചു. ഈ ദുര്‍മ്മോഹമാണ് (മതപരമായ വേഷത്താല്‍ പൊതിയപ്പെട്ടത്) ഒടുവില്‍ അവന്‍റെ നാശമായി തെളിയിക്കപ്പെട്ടത്. അവനും അവന്‍റെ സഹ മത്സരികളായ ദാഥാന്‍, അബീരാം, അവരുടെ കുടുംബക്കാര്‍ എന്നിവരും മാത്രമാണ് ജീവനോടെ നരകത്തിലേക്കു പോയതായി തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ടുളളത് (സംഖ്യ 16:32,33). തന്‍റെ ജനത്തിനു മുകളില്‍ അവിടുന്നു തന്നെ നിയമിച്ച അധികാരത്തിനു വിരോധമായ മത്സരത്തെ കര്‍ത്താവ് അത്ര ഗൗരവമുളളതായി എടുത്തു.

ഇന്നുളള മിക്ക മൂപ്പന്മാരും, പ്രസംഗകരും, പാസ്റ്റര്‍മാരും സ്വയം നിയമിതരായവരാണ്. അവര്‍ക്കെതിരെ മത്സരിക്കുന്നത് അത്ര ഗൗരവമുളള കാര്യം അല്ലായിരിക്കാം. അതുപോലും ചിലപ്പോള്‍ ആവശ്യമായേക്കാം! എന്നാല്‍ ദൈവത്താല്‍ നിയമിക്കപ്പെട്ട ഒരുവനോട് മത്സരിക്കുക എന്നത് അയാളുടെ മേല്‍ ദൈവത്തിന്‍റെ കഠിനമായ ന്യായവിധി കൊണ്ടുവരും. ഒരു ആത്മീയ മനുഷ്യന്‍ അങ്ങനെ ഒരു കാര്യം ചെയ്യുന്നതിനെപ്പറ്റിഒരിക്കലും സ്വപ്നം കാണുകപോലുമില്ല. എന്നാല്‍ മതഭക്തരായവര്‍ അതു ചെയ്യും. മതഭക്തിയുടെ കൂടെ യാത്ര ചെയ്യുന്ന ആത്മീയഭോഷത്വമാണത്.

സഭയിലുളള മറ്റുളളവരുമായി അനാരോഗ്യകരമായ മത്സരമുളളവരുടെ പ്രതീകമാണ് കോരഹ്.. ദൈവഭയമുളള ഒരു സഹോദരനെ പുകഴ്ത്തുവാനും, പ്രശംസിക്കുവാനും നിങ്ങള്‍ക്കു പ്രയാസമായി കാണുന്നെങ്കില്‍, അതു സൂചിപ്പിക്കുന്നത് കോരഹിന്‍റെ ആത്മാവിന്‍റെ ചില കാര്യങ്ങള്‍ നിങ്ങളിലുണ്ട് എന്നാണ്. നിങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയാണെങ്കില്‍, അപ്പോള്‍ നിങ്ങള്‍ കോരഹിന്‍റെ ആത്മാവിനാല്‍ നിറഞ്ഞിരിക്കുകയാണ്. മറ്റുളളവര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതു കേള്‍ക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നെങ്കില്‍ അപ്പോള്‍ നിങ്ങള്‍, കോരഹിനോട് ചേര്‍ന്ന് ദൈവത്താല്‍ ന്യായം വിധിക്കപ്പെട്ട, ആ 250 മത്സരികളെപോലെയാണ്.

മതഭക്തിയും ആത്മീയതയും തമ്മില്‍ വിവേചിക്കുന്നില്ലെങ്കില്‍ നമുക്കൊരിക്കലും ആത്മീയരാകാന്‍ കഴിയുകയില്ല. ഇത് ആവശ്യത്തിന്‍റെ സമയമാണ്( തക്കസമയം) – കാരണം, അനേകര്‍ ഭക്തിയുടെ വേഷം ധരിച്ച്, അതിന്‍റെ ശക്തി (ക്രൂശിന്‍റെ വചനം) ത്യജിക്കുവന്നവരായിരിക്കും എന്നു പറഞ്ഞിരിക്കുന്നത് ഈ അന്ത്യകാലത്തെക്കുറിച്ചാണ്.