യേശുവിന്‍റെ ഗണനീയമായ മൂന്നു നിലപാടുകള് – WFTW 6 മെയ് 2018

സാക് പുന്നന്‍

നമ്മുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ശുശ്രൂഷയുളള ചിലരെ നാം കാണുമ്പോള്‍ നാം എന്തു ചെയ്യണമെന്ന് ലൂക്കോസ് 9:49,50 വാക്യങ്ങളില്‍ യേശു നമ്മെ പഠിപ്പിക്കുന്നു. ഒരുവന്‍ ഭൂതങ്ങളെ പുറത്താക്കുകയായിരുന്നു, എന്നാല്‍ അവന്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചേര്‍ന്നില്ല. അവനെ തടയുവാന്‍ യേശുവിനോട് യോഹന്നാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവനെ തനിച്ചു വിടുവാനും ആ ശുശ്രൂഷ തുടരുവാന്‍ അവനെ അനുവദിക്കുവാനും യേശു യോഹന്നാനോടു പറഞ്ഞു. നി നിന്‍റെ വിളിയില്‍ ഉറച്ചു നില്‍ക്കുക. അവര്‍ തങ്ങളുടേത് നിര്‍വ്വഹിക്കട്ട. അനേകം ക്രിസ്ത്യാനികള്‍ തങ്ങളുടെ ശുശ്രൂഷയുടെ പ്രാധാന്യത്താല്‍ വളരെയധികം പിടിക്കപ്പെട്ടിരിക്കുന്നതിനാല്‍, അവര്‍ കരുതുന്നത് മറ്റുളള എല്ലാവരും അതു തന്നെ ചെയ്യണമെന്നാണ്.”എന്നാല്‍ ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ, മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?” 1 കൊരിന്ത്യന്‍ 12:17) ദൈവം വ്യത്യസ്ത ആളുകള്‍ക്ക് വെവ്വേറെ ശുശ്രൂഷയാണ് നല്‍കുന്നതെന്ന് പക്വത പ്രാപിച്ച ഒരു ക്രിസ്ത്യാനി മനസ്സിലാക്കുന്നു. ഒരാള്‍ക്ക് സുവിശേഷവേല ചെയ്യാനും മറ്റൊരാള്‍ക്ക് സാമൂഹിക പ്രവര്‍ത്തനം ചെയ്യാനുമാണ് ആഗ്രഹമെങ്കില്‍, അവര്‍ ഓരോരുത്തരും അവരവരുടെ സ്വന്തം ശുശ്രൂഷ നിര്‍വ്വഹിക്കട്ടെ. അവര്‍ രണ്ടുപേരിലൂടെയും ക്രിസ്തുവിന്‍റെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെടാന്‍ കഴിയും. എന്നാല്‍ നാം അന്യോന്യം വിമര്‍ശിക്കാതിരിക്കാം. സൃഷ്ടിപ്പില്‍ ഒരു വൈവിധ്യം ഉണ്ട്. ദൈവം എല്ലാ പുഷ്പങ്ങളെയും ഉണ്ടാക്കിയത് ഒരേ നിറത്തിലും , ഒരേ ആകൃതിയിലും ഒരേ വലിപ്പത്തിലുമല്ല. മഴവില്ലിന് വ്യത്യസ്തങ്ങളായ അനേകം നിറങ്ങളുണ്ട്, അതുപോലെ തന്നെയാണ് ക്രിസ്തുവിന്‍റെ ശരീരവും, സങ്കുചിത മനസ്കരായവര്‍ ഒരിക്കലും തങ്ങളുടെതല്ലാത്ത ഒരു ശുശ്രൂഷയും ഒരു വിധത്തിലും കാണുകയില്ല. അങ്ങനെയുളളവര്‍ക്കു വേണ്ടി ഇവിടെ ഇതാ ഒരു വാക്ക് ” ഓരോ ശുശ്രൂഷയ്ക്കുവേണ്ടിയും ദൈവത്തിനു നന്ദി പറഞ്ഞിട്ട് , നിങ്ങള്‍ നിങ്ങളുടെതില്‍ ഉറച്ചു നില്‍ക്കുക.

2. പാപികളോടുളള യേശുവിന്‍റെ നിലപാട്

പരീശന്മാര്‍ കല്ലെറിയാന്‍ ആഗ്രഹിച്ച, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ആ സ്ത്രീയുടെ മനോഹരമായ കഥ യോഹന്നാന്‍ 8:1-12ല്‍ നാം വായിക്കുന്നു. മറ്റുളളവരെ എറിയുവാന്‍ വേണ്ടി തങ്ങളുടെ കീശ നിറച്ച് കല്ലുകളുമായി നടക്കുന്ന അനേകം പരീശന്മാര്‍ ഇന്നുമുണ്ട്. അനേകം പ്രസംഗകര്‍, തങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ആളുകളുടെ നേരെ കല്ലെറിയാറുണ്ട്. ആരെയും എറിയുവാന്‍ ഒരു കല്ലുപോലും ഒരിക്കലും യേശുവിനുണ്ടായിരുന്നില്ല. പാപം ചെയ്തവരോട് അവിടുത്തേക്ക് എപ്പോഴും മനസ്സലിവുണ്ടായിരുന്നു. കൊലപാതകന്മാരെയോ, കളളന്മാരെയോ, വ്യഭിചാരികളെയോ യേശു വിമര്‍ശിക്കുന്നതായി നാം ഒരിക്കലും സുവിശേഷങ്ങളില്‍ കാണുന്നില്ല. എന്നാല്‍ സിനഗോഗിലുളള പരീശന്മാരെയും കപടമതഭക്തരെയും അവിടുന്ന് നരകത്തിന് ശിക്ഷ വിധിക്കുന്നത് നാം കാണുന്നു. എന്നാല്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോട്, അവിടുന്നു പറഞ്ഞു, ” ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല. ഇനിമേല്‍ പാപം ചെയ്യരുത്”( യോഹ 8:11). ആ രണ്ടു വാക്യങ്ങളില്‍ നമുക്ക് സമ്പൂര്‍ണ്ണ സുവിശേഷമുണ്ട് – നീതീകരണവും വിശുദ്ധീകരണവും. യേശു പരീശന്മാരോടു പറഞ്ഞു, “നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലെറിയട്ടെ” (യോഹന്നാന്‍ 8:7). അതുകൊണ്ട് ഇനിയും ആരെയെങ്കിലും കല്ലെറിയുവാന്‍ നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുമ്പോഴെല്ലാം, നിങ്ങള്‍ നിങ്ങളെ തന്നെ രണ്ടു കാര്യങ്ങള്‍ ഓര്‍പ്പിക്കുക. (1) ഏതു കുഴിയില്‍ നിന്നാണ് ദൈവം നിങ്ങളെ വലിച്ചെടുത്തത് എന്നും, (2) ഇന്നും നിങ്ങളുടെ ജഡത്തില്‍ കുടികൊളളുന്ന പാപത്തെക്കുറിച്ചും, അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കീശകളില്‍ നിന്ന് എല്ലാ കല്ലുകളും എടുത്തു കളഞ്ഞ് അത് കാലിയാക്കും. അതിനുശേഷം ഒരിക്കലും ആരെയും ഒരു കല്ലും എറിയുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.

3. തിരുവചനത്തോടുളള യേശുവിന്‍റെ നിലപാട്

ലൂക്കോസ് 2:47-52 ല്‍ യേശു യെരുശലേമില്‍ പോയപ്പോള്‍ ജോസഫും മറിയയും അവിടുത്തെ ദേവാലയത്തില്‍ വിട്ടേച്ചു പോന്ന സമയത്തെക്കുറിച്ചു നാം വായിക്കുന്നു. 12 വയസ്സ് പ്രായമുളളപ്പോള്‍, യേശുവിന് യിസ്രായേലില്‍ ഉളള സകല പണ്ഡിതന്മാരെയുംകാള്‍ നന്നായി തിരുവചനം അറിയാമായിരുന്നു. അവിടുന്ന് തിരുവചനത്തിന്‍റെ വിശദീകരണം നല്‍കിയപ്പോള്‍ അത് അവരെ ആശ്ചര്യപ്പെടുത്തി. യേശുവിന് തന്‍റെ ഭവനത്തില്‍ ഒരു വേദപുസ്തകം ഇല്ലായിരുന്നു. അന്ന് അച്ചടിക്കപ്പെട്ട വേദപുസ്തകം ഇല്ലായിരുന്നു. തന്നെയുമല്ല കൈകളാല്‍ എഴുതപ്പെട്ട പഴയ നിയമത്തിന്‍റെ ഒരു ചുരുള്‍ ഉണ്ടായിരിക്കുക എന്നത് വളരെ ചെലവുളള ഒരു കാര്യമായിരുന്നു. അങ്ങനെ ഒരെണ്ണം ആര്‍ക്കും തങ്ങളുടെ ഭവനത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് യേശു തന്‍റെ 12-ാമത്തെ വയസ്സില്‍ തിരുവചനം അറിഞ്ഞത്? സിനഗോഗിലും വിദ്യാലയത്തിലും അതു വായിക്കപ്പെട്ടപ്പോള്‍ അവിടുന്നു ശ്രദ്ധയോടെ കേട്ടു. ഇന്ന്, നമുക്ക് നമ്മുടെ ഭവനങ്ങളില്‍ അച്ചടിക്കപ്പെട്ട വേദപുസ്തകം ഉണ്ട് – നമ്മില്‍ പലര്‍ക്കും അതിന്‍റെ പല ഭാഷാന്തരങ്ങളും ഉണ്ട്. എന്നിട്ടും, മിക്ക ക്രിസ്ത്യാനികളും വേദപുസ്തകത്തിലെ കാര്യങ്ങള്‍ വളരെ കുറച്ചു മാത്രമെ അറിയുന്നുളളൂ. നിങ്ങള്‍ ദൈവവചനം പഠിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരം പണിയുവാന്‍ കഴിയുകയില്ല. യേശുവിനു പോലും തന്‍റെ പിതാവിനെ സേവിക്കുവാന്‍ തിരുവചനം പഠിക്കേണ്ടിയിരുന്നു. തിരുവചനം പഠിക്കുന്നതില്‍ നിങ്ങള്‍ തീരെ അലസന്മാരാണെങ്കില്‍, ഒരിക്കലും ദൈവം നിങ്ങളെ ഉപയോഗിക്കുകയില്ല എന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍ നിങ്ങള്‍ തിരുവചനം പഠിക്കുവാന്‍ ജാഗ്രതയുളളവനും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതിനു വേണ്ടി അന്വേഷിക്കുന്നവനും ആണെങ്കില്‍, ദൈവം നിങ്ങളെ ശക്തിയോടെ ഉപയോഗിക്കും. അതുകൊണ്ട് നിങ്ങള്‍ രക്ഷിക്കപ്പെടുന്ന പ്രാരംഭനാളുകള്‍ മുതല്‍ ദൈവവചനം ധ്യാനിക്കുന്ന ശീലത്തിലേക്കു കടക്കുക. അങ്ങനെ നിങ്ങള്‍ ദൈവത്തിന്‍റെ മനസ്സും ദൈവത്തിന്‍റെ വഴികളും അറിയും.

What’s New?