അബ്രഹാം ജയിച്ച മൂന്നു പരീക്ഷകള്‍- WFTW 24 ഫെബ്രുവരി 2019

സാക് പുന്നന്‍

ഒന്നാമത്തെ പരീക്ഷ:- അബ്രാഹാമിന് 75 വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍, ദൈവം അദ്ദേഹത്തെ, തന്‍റെ സ്വന്ത ദേശത്തെയും കല്‍ദയരുടെ ദേശമായ ഊരിലുളള തന്‍റെ ബന്ധുജനങ്ങളെയും വിട്ട്, ദൈവത്തിലുളള വിശ്വാസത്തില്‍, അറിയപ്പെടാത്ത ഒരു ദേശത്തേക്കു പുറപ്പെടുവാന്‍, വിളിച്ചു. അതായിരുന്നു അദ്ദേഹം ജയിച്ച ആദ്യത്തെ പരീക്ഷ. അപ്പന്‍, അമ്മ, സഹോദരീസഹോദരന്മാര്‍ തുടങ്ങിയവരുമായി ബന്ധം വിഛേദിക്കുക എന്നത് എളുപ്പമുളള ഒരു കാര്യമല്ല, എന്നാല്‍ നമ്മെ അവരുമായി ബന്ധിച്ചിരിക്കുന്ന പൊക്കിള്‍കൊടി ബന്ധം മുറിയ്ക്കപ്പെടുന്നതുവരെ നമുക്കൊരിക്കലും യേശുവിന്‍റെ ശിഷ്യന്മാരായിരിക്കുവാന്‍ കഴിയുകയില്ല. യേശു ഇപ്രകാരം പറയുന്നു, “എന്‍റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും, സ്വന്തം ജീവനെയും കൂടെ പകയ്ക്കാതിരിക്കുകയും ചെയ്യുന്നവനു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല”.(ലൂക്കോ 14:26). അബ്രാഹാം ഉടനെതന്നെ ദൈവത്തെ അനുസരിച്ചു. അബ്രാഹാം ദൈവത്തിന്‍റെ വിളിയെ നിരാകരിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും ദൈവം അദ്ദേഹത്തെ നിര്‍ബന്ധിക്കുമായിരുന്നില്ല. ദൈവം മറ്റാരെയെങ്കിലും തിരഞ്ഞെടുക്കുമായിരുന്നു; നാം പിന്നീടൊരിക്കലും അബ്രാഹാമിനെക്കുറിച്ചു വീണ്ടും കേള്‍ക്കുമായിരുന്നില്ല. ആ മറ്റെയാള്‍ വിശ്വാസത്തിന്‍റെ പിതാവും മശിഹായുടെ പൂര്‍വ്വപിതാവും ആയി തീരുമായിരുന്നു! ആദ്യത്തെ പരീക്ഷയില്‍ അബ്രാഹാം പരാജയപ്പെട്ടിരുന്നെങ്കില്‍ അബ്രാഹാമിനുണ്ടാകുമായിരുന്ന നഷ്ടം എത്ര മാത്രം വലിയതാകുമായിരുന്നു. തന്‍റെ ബന്ധുക്കളുടെ വാദങ്ങള്‍ പിന്‍തളളിക്കൊണ്ട് ഊരില്‍ നിന്നു പുറപ്പെട്ടപ്പോള്‍, ദൈവം തനിക്കു വേണ്ടി ഒരുക്കിയിട്ടുളള മഹത്വകരമായ ഭാവിയെക്കുറിച്ച് അദ്ദേഹം വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല. അബ്രാഹാമിനെ വിളിച്ചതുപോലെ, ദൈവം ഇന്നും ആളുകളെ വിളിക്കുന്നുണ്ട്. വിളിക്കപ്പെടുന്നവരാരും, അവര്‍ ദൈവത്തിന്‍റെ വിളികേട്ടപ്പോള്‍ എത്ര വലിയ സംഗതികളാണ് അനിശ്ചിതമായി തുടരുന്നത് എന്ന് മനസ്സിലാക്കിയിരുന്നില്ല. .ഈ 20 നൂറ്റാണ്ടുകളിലുടനീളമുളള സഭാചരിത്രം, അബ്രാഹാമിനെയും ദൈവത്തിന്‍റെ ഉദ്ദേശങ്ങള്‍ നിവര്‍ത്തിച്ചവരെയും പോലെ പെട്ടെന്ന്, സന്തോഷത്തോടുകൂടിയും, പൂര്‍ണ്ണ ഹൃദയത്തോടെയും ദൈവത്തിന്‍റെ വിളിയോട് പ്രതികരിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും അത്ഭുത കഥകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു.

രണ്ടാമത്തെ പരീക്ഷ:- അബ്രാഹാം ഒരു തവണ തന്‍റെ ചാര്‍ച്ചക്കാരില്‍ നിന്ന് സ്വതന്ത്രനായിക്കഴിഞ്ഞപ്പോള്‍, ദൈവം അദ്ദേഹത്തെ ഭൗതിക വസ്തുക്കളോടുളള ബന്ധത്തില്‍ പരീക്ഷിച്ചു. ഇതും ശിഷ്യത്വത്തിനുവേണ്ട ഒരു യോഗ്യതയാണ്. യേശുപറഞ്ഞു, “നിങ്ങളില്‍ ആരെങ്കിലും തനിക്കുളളതെല്ലാം വിട്ടു പിരിയുന്നില്ല എങ്കില്‍ അവനു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല”(ലൂക്കോ 14:33). ഉല്‍പത്തി 13 ഉം 14 ഉം അദ്ധ്യായങ്ങളില്‍ മാമ്മോനോടുളള ബന്ധത്തില്‍ അബ്രാഹാം പരീക്ഷിക്കപ്പെടുന്ന രണ്ടു സംഭവങ്ങളെക്കുറിച്ച് നാം വായിക്കുന്നു. അവര്‍ക്ക് ഒന്നിച്ചു പാര്‍പ്പാന്‍ കഴിയാതവണ്ണം അവരുടെ ആടുമാടുകളും സമ്പത്തും വര്‍ദ്ധിച്ചതു നിമിത്തം അബ്രാഹാമും ലോത്തും തമ്മില്‍ വേര്‍പിരിയേണ്ടി വന്നപ്പോഴായിരുന്നു അദ്യത്തെ സന്ദര്‍ഭം. അവരില്‍ മുതിര്‍ന്ന വ്യക്തി എന്ന നിലയിലും കനാനിലേക്കു ദൈവം വിളിച്ച മനുഷ്യന്‍ എന്ന നിലയിലും ദേശത്തിന്‍റെ തിരഞ്ഞെടുപ്പ് ആദ്യം ചെയ്യുന്നത് അബ്രാഹാമിനു എളുപ്പവും ശരിയും ആയിരുന്നു. എന്നാല്‍ യഥാര്‍ത്ഥമായ നിസ്വാര്‍ത്ഥതയോടും ഹൃദയ വിശാലതയോടും കൂടെ, അദ്ദേഹം ലോത്തിനോട് അവനു വേണ്ടത് ആദ്യം തിരഞ്ഞടുത്തു കൊളളാന്‍ പറഞ്ഞു. മാനുഷ നേത്രങ്ങള്‍ക്ക് ഏറ്റവും നല്ലതെന്നു കണ്ടത് ലോത്ത് തിരഞ്ഞെടുത്തു – സോദോമിന്‍റെ പ്രദേശം. ദൈവം ഈ ഇടപാടിന് ഒരു മൂകസാക്ഷിയായിരിക്കുന്നുണ്ട് എന്ന് അബ്രാഹാമോ, ലോത്തോ മനസ്സിലാക്കിയില്ല – നമ്മുടെ എല്ലാ പണമിടപാടുകളിലും അവിടുന്നായിരിക്കുന്നതു പോലെ. അബ്രാഹാമിനാല്‍ വെളിപ്പെടുത്തപ്പെട്ട നിസ്വാര്‍ത്ഥതയില്‍ ദൈവം വളരെ പ്രസാദിച്ചതുകൊണ്ട് അവിടുന്ന് ഉടനെതന്നെ, അബ്രാഹാമിനു നാലുദിക്കുകളിലും കാണാന്‍ കഴിയുന്ന ദേശം മുഴുവന്‍ അവന്‍റെ സന്തതി അവകാശമാക്കും എന്ന് അദ്ദേഹത്തോടു പറഞ്ഞു. ലോത്ത് തിരഞ്ഞെടുത്ത ഭാഗവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. “ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞ ശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്ത്, തല പൊക്കി നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമിയൊക്കെയും ഞാന്‍ നിനക്കും നിന്‍റെ സന്തതിക്കും ശാശ്വതമായിതരും (ഉല്‍പത്തി 13:14,15). ഉല്‍പത്തി 14 ല്‍ ഭൗതിക വസ്തുക്കളുടെ കാര്യത്തില്‍ അബ്രാഹാം വീണ്ടും ഒരു യഥാര്‍ത്ഥ ദൈവഭൃത്യനില്‍ നിന്നുണ്ടാകുന്ന മാന്യതയോടെ പെരുമാറുന്നതു നാം കാണുന്നു. സൊദോം രാജാവിന്‍റെ ആളുകളെയും സമ്പത്തിനെയും അവന്‍റെ ശത്രുക്കളുടെ കയ്യില്‍ നിന്ന് അബ്രാഹാം വീണ്ടെടുത്തു. അതിനൊരു പ്രതിഫലമായി, സൊദോം രാജാവ്, സമ്പത്തു മുഴുവന്‍ അബ്രാഹാമിനു വാഗ്ദാനം ചെയ്തു. എന്നാല്‍ അബ്രാഹാം അതില്‍ നിന്നു ഒന്നും എടുക്കാതെ അതിനെ നിരസിച്ചു. ” അതിനു അബ്രാം സൊദോം രാജാവിനോടു പറഞ്ഞത്, ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നീ പറയാതിരിപ്പാന്‍ ഞാന്‍ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുളളതില്‍ നിന്നു യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാന്‍ സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നത ദൈവമായ യഹോവയിങ്കലേക്കു കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു” (ഉല്‍ 14:22,23). ഫലത്തില്‍ അബ്രാഹാം പറഞ്ഞത് ഇതായിരുന്നു, ” എന്‍റെ ദൈവം സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും ഉടമസ്ഥനാക കൊണ്ട്, എനിക്ക് നിന്‍റെതൊന്നും ആവശ്യമില്ല”. വീണ്ടും ദൈവം ആ സംഭാഷണത്തിന് ഒരു നിശബ്ദനായ കേള്‍വിക്കാരാനയിരുന്നു. ഉടനെ തന്നെ അവിടുന്ന് അബ്രാഹാമിനു പ്രത്യക്ഷനായിട്ട് അവനോട്, അവിടുന്നു തന്നെ അവനു പ്രതിഫലം നല്‍കും എന്നു പറഞ്ഞു. “അതിന്‍റെ ശേഷം അബ്രാമിനു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാല്‍, അബ്രാമേ ഭയപ്പെടേണ്ട; ഞാന്‍ നിന്‍റെ പരിച ആകുന്നു; നിന്‍റെ പ്രതിഫലം അതിമഹത്തായിരിക്കും” (ഉല്‍ 15:1), നാം ദൈവത്തെ മാനിക്കുമെങ്കില്‍, തീര്‍ച്ചയായി അവിടുന്നു നമ്മെ മാനിക്കും.

മൂന്നാമത്തെ പരീക്ഷ:- തന്‍റെ മാതാപിതാക്കളോടുളള ബന്ധത്തിലും ഭൗതികസമ്പത്തിനോടുളള ബന്ധത്തിലും അബ്രാഹാം പരീക്ഷിക്കപ്പെട്ടു. ഇനി തന്‍റെ മകനോടുളള ബന്ധത്തില്‍ അദ്ദേഹം പരീക്ഷിക്കപ്പെടേണ്ടതുണ്ട്. ഉല്‍പത്തി 22:2 ല്‍ ദൈവം അബ്രാഹാമിനോട് അരുളി ചെയ്തു. ” നിന്‍റെ മകനെ, നീ സ്നേഹിക്കുന്ന നിന്‍റെ ഏകജാതനായ യിസ്ഹാക്കിനെ തന്നെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തു ചെന്ന്, അവിടെ ഞാന്‍ നിന്നോടു കല്‍പ്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക”. ആ രാത്രിയില്‍ ദൈവം അദ്ദേഹത്തോടു ചോദിച്ചത് വളരെ വിലയുളള ഒരു കാര്യമായിരുന്നു. ആ കാര്യത്തില്‍ ഒന്നും ചെയ്യാതെ അടുത്ത ദിവസങ്ങളില്‍ അബ്രാഹാമിനു കഴിയാമായിരുന്നു, അബ്രാഹാം ദൈവത്തോടു അനുസരണക്കേടു കാണിച്ചു എന്ന് ആരും അറിയുകയുമില്ലായിരുന്നു. അബ്രാഹാം അവിടുത്ത ഭയപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ദൈവം അദ്ദേഹത്തെ പരീക്ഷിക്കാനുദ്ദേശിച്ചത് അങ്ങനെ ആയിരുന്നു. അങ്ങനെ തന്നെയാണ് ദൈവം നമ്മെയും പരിശോധിക്കുന്നത്. അവിടുന്ന് രഹസ്യത്തില നമ്മുടെ ഹൃദയത്തില്‍ സംസാരിക്കുന്നു- ദൈവം നമ്മോടു പറഞ്ഞതെന്താണെന്ന് നമ്മുടെ കൂടെ ജീവിക്കുന്നവര്‍ പോലും അറിയാത്ത വിധത്തില്‍ നിശബ്ദമായി. നമ്മില്‍ ഓരോരുത്തനും തീര്‍ത്തും സ്വകാര്യമായ ഒരു മേഖല -നമ്മുടെ ചിന്താ – ജീവിതം – ദൈവം നമുക്കു നല്‍കിയിരിക്കുന്നതിന്‍റെ ഒരു കാരണം, നാം അവിടുത്തെ ഭയപ്പെടുന്നുണ്ടോ ഇല്ലയോ എന്നു പരിശോധിക്കുവാനാണ്. അബ്രാഹാം ആ പരീക്ഷ ജയിച്ചു. മനുഷ്യരുടെ മുമ്പാകെ ഒരു നല്ല സാക്ഷ്യത്തിനു വേണ്ടിയല്ല അദ്ദേഹം അതു ചെയ്തത്. രഹസ്യമേഖലയില്‍ പോലും ദൈവത്തേ അനുസരിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതു കൊണ്ട് പിറ്റെ ദിവസം അതികാലത്ത് യിസ്ഹാക്കിനെയും കൂട്ടി മോറിയാ മലയിലേക്കു പോകുകയും അവിടെ തന്‍റെ ഹൃദയത്തിന്‍റെ ഓമനയെ ദൈവത്തിന് അര്‍പ്പിക്കുകയും ചെയ്തു, അതിലൂടെ അദ്ദേഹം ഇപ്രകാരം പറയുകയായിരുന്നു “കര്‍ത്താവെ, ഈ ഭൂമിയില്‍ എനിക്കുളള ആരെക്കാളും എന്തിനെക്കാളും അധികം ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു”, അപ്പോഴാണ് ദൈവം അബ്രാഹാമിനു അവിടുത്തെ അംഗീകാരത്തിന്‍റെ സാക്ഷ്യപത്രം നല്‍കിയതും അളവു കൂടാതെ അദ്ദേഹത്തെ അനുഗ്രഹിക്കുമെന്നു വാഗ്ദത്തം ചെയ്തതും:”നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാന്‍ മടിയ്ക്കായ്ക കൊണ്ട് ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ക്കരയിലെ മണല്‍ പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്‍റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുളള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളി ചെയ്യുന്നു” (ഉല്‍പത്തി 22:16-18). ത്യാഗപരമായ അനുസരണത്തെ പോലെ ദൈവം പ്രസാദിക്കുന്ന മറ്റൊന്നുമില്ല. ഇവിടെ ഈ പരീക്ഷ ജയിക്കാത്ത ആരും ദൈവത്താന്‍ അംഗീകരിക്കപ്പെടുന്നില്ല. കര്‍ത്താവിനോട് “കര്‍ത്താവെ, സ്വര്‍ഗ്ഗത്തില്‍ അവിടുന്നല്ലാതെ എനിക്കാരുളളൂ, ഭൂമിയിലും അങ്ങെയല്ലാതെ ഞാന്‍ ആരെയും ഒന്നിനെയും ആഗ്രഹിക്കുന്നില്ല.”(സങ്കീ 73:25) എന്നു പരമാര്‍ത്ഥതയോടെപറയുന്ന ഒരു സ്ഥാനത്തേക്കു നാം വരുമ്പോള്‍ മാത്രമെ ദൈവത്തെ സംബന്ധിച്ചിടത്തോളം നാം യോഗ്യരായി തീരുകയുളളൂ. നമ്മില്‍ ഓരോരുത്തനും കയറുവാനുളള മോറിയാമല ഇതാണ്. അവിടമാണ് നമുക്കു പ്രിയമായവയെ എല്ലാം ദൈവത്തിന്‍റെ യാഗപീഠത്തില്‍ അര്‍പ്പിച്ചിട്ട് ദൈവത്തോടു മാത്രം ചേര്‍ന്നു നാം അവശേഷിക്കുന്ന സ്ഥലം.