മൂന്നു വിലയേറിയ പ്രബോധങ്ങള്‍- WFTW 10 ഫെബ്രുവരി 2019

സാക് പുന്നന്‍

1.ദൈവത്തിനു വേണ്ടി കത്തിക്കൊണ്ടിരിക്കേണ്ടതിന് അന്വേഷിക്കുക
പൗലൊസ് തിമൊഥെയൊസിനെഴുതി, ” എന്‍റെ കൈ വയ്പിനാല്‍ നീ പ്രാപിച്ച ആത്മീയവരങ്ങളെക്കുറിച്ചു നിന്നെ ഓര്‍മ്മപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവ് ഭീരുത്വത്തിന്‍റെ ആത്മാവല്ല” (2 തിമൊ 1:6). ആ അഗ്നി കത്തിക്കൊണ്ടിരിക്കേണ്ടതിന് ആ വരത്തെ ഉണര്‍ത്തേണ്ടതിനും അതിനെ വീണ്ടും ജ്വലിപ്പിക്കേണ്ടതിനും പൗലൊസ് തിമൊഥെയൊസിനെ ഉത്സാഹിപ്പിക്കുന്നു. ഇതില്‍ നിന്നു നാം പഠിക്കുന്നത്, യേശു പരിശുദ്ധാത്മാവിലും അഗ്നിയിലും നമ്മെ സ്നാനപ്പെടുത്തിയാലും (മത്തായി 3:11) ആ അഗ്നി എല്ലാ സമയങ്ങളിലും കത്തിക്കൊണ്ടിരിക്കേണ്ടതിന് നാം ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നാണ്. ആ അഗ്നി ദൈവം കത്തിക്കുന്നു. നാം നിരന്തരം ഇന്ധനം പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കണം- എല്ലാ സമയങ്ങളിലും ദൈവത്തിനു സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതം. ദൈവം നിങ്ങളെ ഒരിക്കല്‍ അഭിഷേകം ചെയ്തതു കൊണ്ട് നിങ്ങള്‍ക്ക് ഉദാസീനമായി, ” ഒരിക്കല്‍ അഭിഷേകം ചെയ്യപ്പെട്ടതു കൊണ്ട്, എപ്പോഴും അഭിഷേകം ചെയ്യപ്പെട്ടിരിക്കും” എന്നു പറഞ്ഞിരിക്കാം എന്നു കരുതരുത് അത് “ഒരിക്കല്‍ രക്ഷിക്കപ്പെട്ടതു കൊണ്ട് എപ്പോഴും രക്ഷിക്കപ്പെട്ടിരിക്കും” എന്നു പറയുന്നതു പോലെയുളള ഒരു അപസിദ്ധാന്തമാണ്. ദൈവത്താല്‍ വാസ്തവമായി അഭിഷേകം ചെയ്യപ്പെട്ട ആളുകള്‍ ഒരു വര്‍ഷത്തിനുശേഷം ആത്മീയമായി മരിച്ചവരായി തീര്‍ന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ആ അഗ്നി നഷ്ടപ്പട്ടുപോയി. ലൗകീക താല്‍പ്പര്യങ്ങളും നിഗളവും കടന്നു വന്ന് അഗ്നിയെ ദൂരെ മാറ്റിക്കളഞ്ഞു. അവരിപ്പോള്‍ പണത്തിന്‍റെയും സുഖജീവിതത്തിന്‍റെയും പിന്നാലെ ഓടുകയാണ്. അതിനാല്‍ ദൈവത്തിനായുളള അഗ്നി നഷ്ടപ്പെട്ടുപോയി. അതു ദുഃഖകരവും ദൈവരാജ്യത്തിന് ഒരു വലിയ നഷ്ടവുമാണ്. അതുകൊണ്ട് പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞു. “നിന്‍റെ മേല്‍ വന്ന ആ അഗ്നിയെ, അതു കത്തിക്കൊണ്ടിരിക്കത്തക്കവിധം അതിനെ പുതുമയോടെ സൂക്ഷിക്കുക. അതു നീ ചെയ്യേണ്ട കാര്യമാണ്. അത് കത്തിക്കൊണ്ടിരിക്കുന്ന കാര്യം നീ സൂക്ഷിച്ചില്ലെങ്കില്‍ അതു കെട്ടുപോകും. ഒരു നല്ല മനസാക്ഷി സൂക്ഷിക്കുന്നതിനാലും, ദൈവവചനം പഠിക്കുന്നതിനാലും, നിന്നെ തന്നെ താഴ്ത്തുന്നതിനാലും, ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ അന്വേഷിക്കുന്നതിനാലും, പണസ്നേഹത്തില്‍ നിന്നും, മറ്റുളളവരുമായുളള വാഗ്വാദത്തില്‍ നിന്നും, ഈ അഗ്നിയെ കൊടുത്തിക്കളയുന്ന ഏതു കാര്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതിനാലും, ആ അഗ്നി കത്തിക്കൊണ്ടിരിക്കത്തവിധം അതിനെ സൂക്ഷിക്കുക.

2. പൂര്‍ണ്ണ മനസ്കരായ വിശ്വാസികളുമായുളള കൂട്ടായ്മ അന്വേഷിക്കുക
2 തിമൊഥെയൊസ് 2:22 ല്‍ പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞു “യൗവ്വന മോഹങ്ങളെ വിട്ടോടി,ശുദ്ധഹൃദയത്തോടെ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും കൂടെ നീതിയെ പിന്‍തുടരുക”( 2 തിമൊഥെയൊസ് 2:22): മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ നാം പ്രാഥമികമായി കൂട്ടായ്മയ്ക്കായി അന്വേഷിക്കുന്നത്, വിശുദ്ധിക്കുവേണ്ടി അന്വേഷിക്കുന്നവരുമായി വേണം. അതു നമ്മെ പാപം വിട്ടോടാന്‍ സഹായിക്കും. ഈ ഭൂമിയിലുളള നമ്മുടെ ഏറ്റവും നല്ല സ്നേഹിതര്‍ തങ്ങളുടെ മുഴുഹൃദയവും കൊണ്ട് വിശുദ്ധി ആഗ്രഹിക്കുന്നവരായിരിക്കണം. മിക്ക വിശ്വാസികളും താഴ്ന്ന നിലവാരമുളളവരും ദൈവഭക്തിയില്‍ താല്‍പര്യം ഇല്ലാത്തവരും ആയിരിക്കുന്നു. എന്നാല്‍ നാം നമ്മുടെ അധികസമയവും ചെലവഴിക്കുന്നത്, ഒരു വിശുദ്ധജീവിതം നയിക്കുവാന്‍ അന്വേഷിക്കുന്നവരുടെ കൂടെ ആയിരിക്കണം. ഒരുവന് ഒരു ശുദ്ധ ഹൃദയമുണ്ടോ എന്ന് നാം എങ്ങനെ അറിയും? യേശു പറഞ്ഞത്, മനുഷ്യരുടെ ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നത് എന്നാണ് (മത്തായി 12:34):എന്താണ് ഒരു മനുഷ്യന്‍റെ ഹൃദയത്തെ നിറച്ചിരിക്കുന്നത് എന്ന് അറിയുന്നത് അവന്‍ എന്തിനെക്കുറിച്ചു സംസാരിക്കുവാനാണ് പ്രിയപ്പെടുന്നത് എന്നതില്‍ നിന്നാണ്. അവന്‍ എപ്പോഴും പണത്തെക്കുറിച്ചും ഭൗതിക വസ്തുക്കളെക്കുറിച്ചുമാണ് സംസാരിക്കുന്നതെങ്കില്‍, അത് അവന്‍റെ ഹൃദയം പണത്തിന്‍റെ ചിന്തകള്‍ കൊണ്ട് നിറയപ്പെട്ടിരിക്കുതുകൊണ്ടാണ്. മറിച്ച്, ഒരു മനുഷ്യന്‍ അധികവും കര്‍ത്താവിനെക്കുറിച്ചു പറയാനാണാഗ്രഹിക്കുന്നതെങ്കില്‍, അതാണവന്‍റെ ഹൃദയത്തെ നിറച്ചിരിക്കുന്നത് എന്നു നിങ്ങള്‍ക്കറിയാം. യേശുവിനെപ്പോലെ ആകുവാന്‍ വാഞ്ചിക്കുന്നവരുമായി കൂട്ടായ്മ ആചരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നാം കര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നാം അവിടുത്തെക്കുറിച്ചു സംസാരിക്കുവാന്‍ പ്രിയപ്പെടുന്നു. കര്‍ത്താവിന് വേണ്ടിയുളള ഫലപ്രദമായ ശുശ്രൂഷയുടെ രഹസ്യം ഇതാണ്.

3. ദൈവത്തിന്‍റെ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നത് അന്വേഷിക്കുക
പൗലൊസ് തിമൊഥെയൊസിനെ ഇപ്രകാരം പ്രബോധിപ്പിച്ചു. ” വചനത്തിന്‍റെ നിലവാരം ഒരിക്കലും താഴ്ത്തരുത്” (2 തിമെഥെയൊസ് 1:13) നമ്മുടെ ഈ നാളുകളില്‍ ഉളള എല്ലാ പ്രസംഗകര്‍ക്കും ഈ ഒരു പ്രബോധനത്തിന്‍റെ എത്ര വലിയ ഒരാവശ്യം ഉണ്ട്. നിങ്ങളുടെ സഭയയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടു വരേണ്ടതിനായി തിരുവചനത്തില്‍ നിങ്ങള്‍ കാണുന്ന നിലവാരത്തെ താഴ്ത്തരുത്. ഒരു ഉയര്‍ന്ന നിലവാരമുളള കുറച്ച് ആളുകളാണ് നിങ്ങളുടെ സഭയില്‍ ഉളളതെങ്കില്‍, ദൈവത്തിന്‍റെ ദൃഷ്ടികളില്‍, ഒരു താഴ്ന്ന നിലവാരമുളള കൂടുതല്‍ ആളുകളുളളതിനെക്കാള്‍ നല്ല ഒരു സഭയാണ് നിങ്ങളുടെത്. ഒത്തുതീര്‍പ്പുകാരായ 300 വിശ്വാസികള്‍ ഉളള ഒരു സഭ ഉണ്ടായിരിക്കുന്നതിനെക്കാള്‍ 3 ശിഷ്യന്മാരുളള ഒരു സഭ ഉണ്ടായിരിക്കുന്നതാണ്. ഒത്തു തീര്‍പ്പുകാരായ 300 വിശ്വാസികളെക്കാള്‍ 3 ശിഷ്യന്മാര്‍ക്ക് ഒരു ഗ്രാമത്തെ ക്രിസ്തുവിനുവേണ്ടി സ്വാധീനിക്കുവാന്‍ കഴിയും. ദൈവത്തിന്‍റെ ഓരോ യഥാര്‍ത്ഥ ഭൃത്യനും തനിക്കുശേഷം വരുന്ന തലമുറയെക്കുറിച്ച് ഉണ്ടായിരിക്കേണ്ട ഭാരം ഇതാണ്. ക്രിസ്തീയ ചരിത്രത്തില്‍, നാം മിക്കവാറും കാണുന്നത് ഒരു പ്രസ്ഥാനത്തിന്‍റെ രണ്ടാമത്തെ തലമുറ നിലവാരം താഴ്ത്തുന്നതായാണ്, കാരണം അവയുടെ സ്ഥാപകര്‍ക്കുണ്ടായിരുന്ന അതേ ദര്‍ശനം അവര്‍ക്കില്ലാതെ പോകുന്നു. ഇന്നത്തെ വലിയ സഭാ വിഭാഗങ്ങള്‍ അവയുടെ സ്ഥാപകരുടെ കാലത്തെങ്ങനെയായിരുന്നു എന്നു താരതമ്യം ചെയ്തു നോക്കുക. ആ സഭാ വിഭാഗങ്ങളുടെ സ്ഥാപകര്‍ ഇന്നു ഭൂമിയിലേക്കു വരികയാണെങ്കില്‍, തങ്ങള്‍ സ്ഥാപിച്ച ആ സഭാ വിഭാഗങ്ങളില്‍ അവര്‍ ചേരുകയില്ല – കാരണം അത് അതിന്‍റെ സ്ഥാപകര്‍ ഉയര്‍ത്തിപ്പിടിച്ചതും പ്രഘോഷിച്ചതുമായ നിലവാരം താഴ്ത്തിയിരിക്കുന്നു. ഉപദേശത്തിന്‍റെ ബാഹ്യരൂപം അവിടെ ഉണ്ടായിരിക്കാം, എന്നാല്‍ ആ ശക്തിയും അഭിഷേകവും നഷ്ടപ്പെട്ടിരിക്കുന്നു. ജീവനും ദൈവിക പരിജ്ഞാനവും നഷ്ടപ്പെട്ടിരിക്കുന്നു. നമ്മില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാല്‍ ഈ നിലവാരം നാം കാത്തു സൂക്ഷിക്കണം, കാരണം അത് ഒരു പരിശുദ്ധ നിധിയാണ്.

What’s New?