ബൈബിളിലൂടെ : 2 ശമുവേല്‍

ദാവീദിന്റെ വാഴ്ച

ഈ പുസ്തകത്തില്‍ നാം ദാവീദിന്റെ വാഴ്ചയെ സംബന്ധിച്ച് വായിക്കുന്നു. അവന്‍ എങ്ങനെ രാജാവായി, അവന്‍ എങ്ങനെ ധാരാളം യുദ്ധങ്ങള്‍ ജയിച്ചു, അവന്‍ എങ്ങനെ പാപത്തില്‍ വീണു, അവന്റെ ജീവാവസാനം വരെ തന്റെ കുടുംബത്തില്‍ നേരിട്ട പ്രശ്‌നങ്ങള്‍ എന്നീ കാര്യങ്ങള്‍ നാം വായിക്കുന്നു.

ശൗലിനോടുള്ള ദാവീദിന്റെ മനോഭാവം

അധ്യായം 1: ഇവിടെ നാം ശൗലിന്റെ മരണം സംബന്ധിച്ചു വായിക്കുന്നു. ശൗല്‍ ദാവീദിനെ വളരെ വെറുക്കുകയും ദാവീദിനെ വധിക്കുന്നതിനു 10 വര്‍ഷത്തിലധികം പല തരത്തില്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ ശൗല്‍ മരിച്ചു. ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ദാവീദിന്റെ സ്ഥാനത്ത് നിങ്ങളാണെങ്കില്‍ ഉണ്ടാകുന്ന പ്രതികരണമെന്തായിരിക്കും? എന്നാല്‍ ദാവീദിന്റെ പ്രതികരണം എന്തായിരുന്നു എന്നു ശ്രദ്ധിക്കുക.

ശൗല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു നമുക്കറിയാം (1ശമു.31). ഒരു അമാലേക്യന്‍ ദാവീദിന്റെ അടുക്കല്‍ വന്നു, ദാവീദിന്റെ പ്രീതി തനിക്കു ലഭിക്കും എന്നു കരുതി ഒരു കളവ് പറഞ്ഞു. ശൗലിന്റെ ആവശ്യപ്രകാരം താനാണ് ശൗലിനെ കൊന്നതെന്ന് അവന്‍ പറഞ്ഞു. ശൗലിന്റെ കിരീടവും തോള്‍വളയും അവന്‍ ദാവീദിനെ കാണിച്ചു. ഈ വാര്‍ത്ത കേള്‍ക്കുന്ന ദാവീദ് അതില്‍ സന്തോഷിച്ച് തനിക്കു പാരിതോഷികം നല്‍കുമെന്നാണ് ആ അമാലേക്യന്‍ കരുതിയത്. എന്നാല്‍ ഈ വാര്‍ത്ത കേട്ട ദാവീദ് തന്റെ വസ്ത്രം കീറി വിലപിക്കുകയും ആ ദിവസം മുഴുവന്‍, ഉപവസിക്കുകയുമാണ് ചെയ്തത് (1:1-11). ”ദൈവത്തിന്റെ അഭിഷിക്തനെ വധിക്കാന്‍ നീ എങ്ങനെ ധൈര്യപ്പെട്ടു” എന്നാണ് ദാവീദ് അവനോട് ചോദിച്ചത്. തുടര്‍ന്നു തന്റെ ഭൃത്യന്മാരില്‍ ഒരുവനെ വിളിച്ച് ഈ അമാലേക്യനെ കൊന്നുകളയുവാന്‍ കല്പിച്ചു. ആ മനുഷ്യനു താന്‍ പറഞ്ഞ കളവിനു തക്ക പ്രതിഫലം കിട്ടി.

ദാവീദിന്റെ മനോഭാവം ഇവിടെ ശ്രദ്ധിക്കുക. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായി ദാവീദ് മാറിയതിന്റെ ഒരു കാരണം ഇതാണ്. യേശു പറഞ്ഞത് നമുക്കറിയാം: ”നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുക, നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ ദ്രോഹിക്കുന്നവര്‍ക്കു നന്മ ചെയ്യുക, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക” (മത്താ. 5:44). ദാവീദ് അതാണ് ചെയ്തത്. പഴയ നിയമ കാലത്ത് ജീവിച്ച അവനില്‍ പുതിയ നിയമത്തിന്റെ ആത്മാവുണ്ടായിരുന്നു. ദാവീദ് ശൗലിനെ വെറുത്തില്ല. ശൗലിന്റെ അഭിഷേകം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ദാവീദ് പറഞ്ഞത് ”ഞാന്‍ അവനെ തൊടുകയില്ല” എന്നാണ്.

പിന്നീട് ദാവീദ് ശൗലിനും യോനാഥാനും വേണ്ടി ഒരു വിലാപ കാവ്യം എഴുതി. തന്റെ ഹൃദയത്തില്‍ നിന്നും ആത്മാര്‍ത്ഥതയോടെ അവരെ സ്തുതിച്ചുകൊണ്ട് ചില വാക്കുകള്‍ പറഞ്ഞു. ഒരു ദൈവമനുഷ്യന്‍ തന്നെ ദ്രോഹിക്കുന്ന വ്യക്തിയോട് എങ്ങനെ പെരുമാറണം എന്നു നാം ഇവിടെ പഠിക്കുന്നു. ദാവീദ് പറഞ്ഞു: ”യിസ്രായേലേ നിന്റെ ഗിരികളില്‍ മഹത്വം നിഹനിക്കപ്പെട്ടു… ശക്തന്മാര്‍ എങ്ങനെ നിലംപതിച്ചു” (1:19,25,27). യോനാഥാന്‍ ദാവീദിന്റെ സ്‌നേഹിതനായതിനാല്‍ അവനെ സ്തുതിക്കുന്നത് നമുക്കു മനസ്സിലാക്കാം. എന്നാല്‍ അനേകം യുദ്ധം ജയിച്ചവനെന്ന് പറഞ്ഞു ശൗലിനേയും സ്തുതിക്കുന്നു. ശൗലിന്റെ നന്മകളെ കണ്ട് അതിനെ പ്രശംസിക്കുന്നു. മറ്റെല്ലാം വിട്ടു കളയുന്നു. അവന്‍ തന്നെ ശൗലിനെ വിധിക്കാതെ ന്യായവിധി ദൈവത്തിനു വിട്ടുകൊടുക്കുന്നു. അവിടെ അവന്‍ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായി മാറുന്നു. അങ്ങനെ ഒരു മനുഷ്യനെയാണ് ദൈവം തിരഞ്ഞെടുത്ത് യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരുത്തിയത്.

ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക

അധ്യായം 2:1. ”ദാവീദ് യഹോവയോട് ചോദിച്ചു…” മുന്‍പ് 1 ശമുവേല്‍ 23:2-4-ലും 30:8-ലും കണ്ടതുപോലെ എല്ലാ കാര്യത്തിലും ദൈവഹിതം അന്വേഷിക്കുക എന്നത് ദാവീദിന്റെ സ്ഥിരം സ്വഭാവമായിരുന്നു. 2 ശമുവേല്‍ 5:17-25ല്‍ ദാവീദ് ഫെലിസ്ത്യര്‍ക്ക് എതിരെയുള്ള രണ്ട് യുദ്ധങ്ങള്‍ക്കും മുന്‍പ് ദൈവഹിതം തേടിയത് നാം വായി ക്കുന്നു. രണ്ടാം തവണ യുദ്ധതന്ത്രം മാറ്റി അവരെ പുറകില്‍ നിന്നും ആക്രമിക്കുവാന്‍ ദൈവം ആവശ്യപ്പെട്ടു. ഓരോ തവണയും ദൈവം തന്ത്രങ്ങള്‍ മാറ്റി. ദാവീദ് യുദ്ധത്തിന്റെ ആളായിരുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും അവനു യുദ്ധതന്ത്രം ദൈവത്തില്‍ നിന്നു ലഭിച്ചു. അതിനാല്‍ അവന്‍ എപ്പോഴും ജയിച്ചു. രാജ്യത്ത് ഒരു ക്ഷാമമുണ്ടായപ്പോള്‍ എന്തുകൊണ്ടാണ് ക്ഷാമമുണ്ടായതെന്ന് അവന്‍ യഹോവയോട് ചോദിച്ചു (2 ശമു. 21:1).

എങ്കിലും ചുരുക്കം ചില കാര്യങ്ങളില്‍ അവന്‍ ദൈവഹിതം അന്വേഷിക്കാതിരുന്നതും നമുക്കു കാണാം. മൂന്ന് ഉദാഹരണങ്ങള്‍ ഇതാ:
1) അവന്‍ ആറ് ഭാര്യമാരെ സ്വീകരിച്ചപ്പോല്‍ (2 ശമുവേല്‍ 3).
2) ബെത്‌ശേബയെ തന്റെ കൊട്ടാരത്തിലേയ്ക്കു ക്ഷണിച്ചപ്പോള്‍ (2 ശമുവേല്‍ 11).
3) അവന്‍ യിസ്രായേലിന്റെ ജനസംഖ്യ എടുത്തപ്പോള്‍ (2 ശമുവേല്‍ 24).

ഈ വീഴ്ചകള്‍ക്കെല്ലാം അവനു കനത്ത വില കൊടുക്കേണ്ടി വന്നു. എന്നാല്‍ അവന്‍ ദൈവത്തിന്റെ ആലോചന തേടിയപ്പോള്‍ ഒന്നും വഴി തെറ്റിപ്പോയില്ല. ഇത് നമുക്കെല്ലാം ഉള്ള ഒരു മുന്നറിയിപ്പും പാഠവുമാണ്.

അവന്‍ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരിക്കെ തന്നെ അവനു വലിയ പരാജയങ്ങളും ഉണ്ടായി. അവന്റെ പരാജയങ്ങളും വിശദീകരിച്ചിരിക്കുന്നു എന്നത് നമുക്കു വലിയ ഉത്സാഹം നല്‍കുന്ന കാര്യമാണ്. കാരണം പരാജയപ്പെട്ട മനുഷ്യനേയും ദൈവം ഉപയോഗിക്കുന്നു എന്ന പാഠം നാം ഇവിടെ പഠിക്കുന്നു. വേദപുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്ന ദൈവഭൃത്യന്മാരുടെ പരാജയങ്ങള്‍ അവരുടെ വിജയങ്ങളേക്കാള്‍ നമ്മെ ഉത്സാഹിപ്പിക്കുന്നതാണ്. നമ്മളെല്ലാം അനേകം തവണ ദൈവമുമ്പാകെ പരാജയപ്പെട്ടവരാണ് എന്നതാണ് അതിനു കാരണം. പല മണ്ടത്തരങ്ങള്‍ കാണിച്ച് നാം പരാജയപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് നാം ചെറുപ്പമായിരിക്കുമ്പോള്‍. ചെറുപ്പത്തില്‍ നമുക്കു വലിയ തീക്ഷ്ണതയുള്ളപ്പോള്‍ തന്നെ ജ്ഞാനം കുറവായിരിക്കും. യുവത്വത്തിന്റെ നാളുകളില്‍ ജ്ഞാനമില്ലാതെ നാം പലതും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ദൈവം കാരുണ്യവാനാണ്. പരാജയപ്പെട്ട നമ്മെ പോലെയുള്ളവരെ തിരഞ്ഞെടുത്ത് ദൈവം തന്റെ ഹൃദയപ്രകാരമുള്ള പുരുഷന്മാരും സ്ത്രീകളും ആക്കി മാറ്റുന്നു.

ആദ്യം യെഹൂദയിലെ ജനങ്ങള്‍ വന്നു ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു. പിന്നീട് യിസ്രായേലിന്റെ ആകെ രാജാവായി അവന്‍ അഭിഷേകം ചെയ്യപ്പെട്ടു (5:3-5). അവന്‍ യെഹൂദയുടെ രാജാവായപ്പോള്‍ 30 വയസ്സായിരുന്നു പ്രായം. ഏഴര വര്‍ഷം കാത്തിരുന്നതിനു ശേഷമാണ് അവന്‍ യിസ്രായേലിന്റെ മുഴുവന്‍ രാജാവായത്. അവനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റുവാന്‍ ആകെ 20 വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. അബ്രാഹാം കാത്തിരുന്ന കാലയളവിനു തുല്യമായൊരു കാലയളവാണിത്. എന്നാല്‍ ദാവീദ് ക്ഷമയോടെ കാത്തിരുന്നു. വിശ്വാസത്തോടെയും ക്ഷമയോടെയും ദൈവിക വാഗ്ദാനങ്ങള്‍ അവകാശമാക്കിയ ആളുകളുടെ മാതൃക പിന്തുടരുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ദാവീദ് തനിക്കായി സിംഹാസനം പിടിച്ചെടുത്തില്ല, ദൈവം അവിടുത്തെ സമയത്ത് തനിക്കു നല്‍കുന്നതു വരെ അവന്‍ കാത്തിരുന്നു. ബേത്‌ശേബയുടെ കാര്യം വന്നപ്പോഴും അവന്‍ ഇതേ മനോഭാവം തന്നെ കാണിച്ചിരുന്നുവെങ്കില്‍ അവന്റെ കഥ എത്ര വ്യത്യസ്തമാകുമായിരുന്നു.

നിങ്ങള്‍ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഒന്നും പിടിച്ചു പറിക്കാതിരിക്കുവാന്‍ പഠിക്കുക. യാക്കോബ് പിടിച്ചു പറിക്കാരനായിരുന്നു. അങ്ങനെ ആയിരുന്ന കാലത്തോളം അവനു യിസ്രായേല്‍ ആകാന്‍ കഴിഞ്ഞില്ല.

എല്ലാ കുഞ്ഞുങ്ങളും ഈ ഭൂമിയിലേക്കു ജനിച്ചു വീഴുന്നത് മുഷ്ടി ചുരുട്ടിവച്ചാണ്. ഒരു കൊച്ചു കുഞ്ഞിന്റെ കയ്യിലേക്കു നിങ്ങള്‍ വിരല്‍ കടത്തിയാല്‍ ആ കുഞ്ഞു ഉടനെ ആ വിരലുകള്‍ മുറുകെ പിടിക്കുന്നത് കാണാം. അവന്‍ വളര്‍ന്നു വരുന്നതിനനുസരിച്ച് തന്റെ കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുക്കുന്നതിനു പഠിക്കുന്നു. തനിക്കായി വസ്തുക്കള്‍ പിടിച്ചെടുക്കുക എന്നത് മനുഷ്യ സ്വഭാവമാണ്. ജീവിത കാലം അത്രയും നാം ചെലവഴിക്കുന്നത് നമുക്കാവശ്യമുള്ള പല കാര്യങ്ങള്‍ പിടിച്ചെടുക്കുന്നതിനാണ്. സ്ഥാനം, ബഹുമാനം, പണം അങ്ങനെ പലതും നാം പിടിച്ചെടുക്കുന്നു. യേശു വ്യത്യസ്തനായിരുന്നു. അവിടുന്നു തനിക്കായിട്ട് ഒന്നും പിടിച്ചെടുത്തില്ല. അവിടുത്തെ മുഷ്ടി ഒരിക്കലും ചുരുട്ടി വച്ചില്ല. അത് എല്ലാ ജനങ്ങള്‍ക്കുമായി തുറന്നിരുന്നു. ഒടുവില്‍ കാല്‍വരിയിലും ക്രൂശിക്കപ്പെടുന്നതിനായി തന്റെ ഉള്ളംകൈ തുറന്നുകൊടുത്തു. അതാണ് നമുക്കു പിന്തുടരുവാനുള്ള മാതൃക. വിധേയപ്പെടുക, എല്ലാ അവകാശങ്ങളും വിട്ടുകൊടുക്കുക. എല്ലാം മറ്റുള്ളവര്‍ക്കു കൊടുക്കുക. ദൈവം സമൃദ്ധിയായി നിങ്ങള്‍ക്കു മടക്കി നല്‍കും. ദൈവത്തിന്റെ സമയത്തിനായി നിങ്ങള്‍ കാത്തിരുന്നാല്‍ അവിടുന്നു തന്നെ നിങ്ങള്‍ക്ക് ഒരു ശുശ്രൂഷയും സ്ഥാനവും നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും നല്‍കും. നിങ്ങള്‍ തന്നെ പിടിച്ചെടുക്കുന്നതിനെക്കാള്‍ വളരെ നല്ലതാണ് ദൈവത്തില്‍ നിന്നു ലഭിക്കുന്നത്. യാക്കോബിനു തന്റെ പിതാവിനെ ചതിച്ച് ജന്മാവകാശം പിടിച്ചു പറിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ദാവീദിനെ പോലെ ദൈവത്തിന്റെ സമയത്തിനായി കാത്തിരുന്നുവെങ്കില്‍ ദൈവം അത് നല്‍കുമായിരുന്നു. നാം ഏതെങ്കിലും കാര്യങ്ങള്‍ പിടിച്ചു പറിക്കുമ്പോള്‍ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ കുറവാണ് നാം പ്രകടിപ്പിക്കുന്നത്.

നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് ആഗ്രഹിക്കുന്ന ആളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാം: ”ഞാന്‍ അവനെ/അവളെ ഉടനെ അവകാശമാക്കിയില്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അവനെ/അവളെ ലഭിക്കും.” ഇത് അവിശ്വാസമാണ്. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ച് ആശ്രയിക്കുകയാണെങ്കില്‍ നിങ്ങള്‍ ക്ഷമയില്ലാതെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയില്ല. അതിനു പകരം ഇങ്ങനെ പറയും ”ദൈവമേ, അവിടുന്ന് എനിക്കു വേണ്ടി കരുതി വച്ചിരിക്കുന്നത് എനിക്കു തീര്‍ച്ചയായും ലഭിക്കും. എനിക്കായി അവിടുന്നു കരുതി വച്ചിരിക്കുന്നയാളെ മറ്റാര്‍ക്കും വിവാഹം ചെയ്യാന്‍ സാധിക്കുകയില്ല.” ഇതേ തത്വം തന്നെയാണ് ദൈവം നിങ്ങള്‍ക്കായി വച്ചിരിക്കുന്ന ശുശ്രൂഷയ്ക്കും ബാധകമായിട്ടുള്ളത്. ആര്‍ക്കും അത് പിടിച്ചെടുക്കാന്‍ കഴിയില്ല. നിങ്ങള്‍ ദൈവത്തിന്റെ സമയത്തിനായി കാത്തിരുന്നാല്‍ അവിടുന്നു നിങ്ങളെ അതിലേക്കു നടത്തും.

ദൈവത്തില്‍ ആശ്രയിക്കാനും ഒരിക്കലും പരാതി പറയാതിരിക്കാനും പഠിക്കുക. ദൈവം നിങ്ങളെ 20 വര്‍ഷം കാത്തിരിക്കാന്‍ ഇടയാക്കിയാലും കാത്തിരിക്കുക. ആ കാലയളവിന് അവസാനം നിങ്ങള്‍ നല്ലൊരു നേതാവായി മാറും. ശൗലും ശലോമോനും എന്തിനെങ്കിലും വേണ്ടി കാത്തിരിക്കണമെന്ന കാര്യം പഠിച്ചില്ല എന്നതു നാം കണ്ടു. അവര്‍ സുഖസൗകര്യങ്ങളുടെ നടുവിലേക്കു ജനിച്ച് ഒരു ശോധനയും സമ്മര്‍ദ്ദവും നേരിടാതെ ജീവിച്ചു. ജീവിതത്തില്‍ യാതൊരു ശോധനയും സമ്മര്‍ദ്ദവും നേരിടാതെ എപ്പോഴും സുഖജീവിതം നയിക്കുന്നവരോട് എനിക്കു സഹതാപമാണ് ഉള്ളത്. കാരണം മനുഷ്യരാല്‍ ത്യജിക്കപ്പെട്ട ഒരു വ്യക്തിക്കാണ് ദൈവം ഒരു ശുശ്രൂഷ നല്‍കുന്നത്.

ദാവീദിന്റെ കാര്യത്തിലും ഇതു നാം കാണുന്നു. അവന്‍ രാജാവായി കഴിഞ്ഞ് ജീവിതം വളരെ സുഖസൗകര്യങ്ങള്‍ ഉള്ളതായപ്പോള്‍ അവന്‍ ഒന്നിനു പുറകെ ഒന്നായി പല തെറ്റുകള്‍ ചെയ്തു തുടങ്ങി. അവന് ആറ് പുത്രന്മാര്‍ ആറ് ഭാര്യമാരില്‍ നിന്നായി ജനിച്ചു എന്ന് അധ്യായം 3:2-5 വാക്യങ്ങളില്‍ നാം വായിക്കുന്നു.

ഒരിക്കല്‍ രാജാവായി കഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ പോലും വഴിതെറ്റി പോകാന്‍ തുടങ്ങി. അവന്‍ പല കാര്യങ്ങളിലും ദൈവഹിതം അന്വേഷിച്ചിരുന്നു. എന്നാല്‍ രണ്ടാമതും മൂന്നാമതും അങ്ങനെ ആറു തവണ വിവാഹം ചെയ്യുന്ന കാര്യത്തില്‍ അവന്‍ ദൈവഹിതം തേടിയില്ല. യിസ്ഹാക്കിനു ഒരു ഭാര്യ മാത്രമാണുണ്ടായിരുന്നത്. മോശെയ്ക്കും ഒരു ഭാര്യയാണുണ്ടായിരുന്നത്. നാം അറിയുന്നിടത്തോളം യോശുവയ്ക്കും ഒരു ഭാര്യ മാത്രമാണുണ്ടായിരുന്നത്. പിന്നെ എന്തുകൊണ്ടാണ് ദാവീദിനു വളരെയധികം ഭാര്യമാരുണ്ടായത്? അവന്‍ ലോകത്തിലുള്ള മറ്റ് രാജാക്കന്മാരെ പോലെ ആകുവാന്‍ ആഗ്രഹിച്ചതാണതിനു കാരണം. അതിന്റെ ഫലമായി അവന്‍ വളരെ കഷ്ടത അനുഭവിച്ചു. ലോകത്തിന്റെ ആത്മാവിനെ അനുസരിക്കുന്നതിനെതിരെയുള്ള എത്ര വലിയ മുന്നറിയിപ്പാണിത്!

ദാവീദ് പഴയ ഉടമ്പടിക്കു കീഴില്‍ ജീവിച്ചവനായിരുന്നു എന്ന കാര്യം നാം മറക്കരുത്. പരിശുദ്ധാത്മാവിനെ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ ഹൃദയം കഠിനപ്പെട്ടിരുന്നു. അതിനാലാണ് മോശെ അവര്‍ക്കു ഭാര്യമാരെ ഉപേക്ഷിക്കുന്നതിന് അനുമതി നല്‍കിയത് (മത്താ. 19:8-ല്‍ യേശു പറഞ്ഞതുപോലെ). അതിനാല്‍ നമുക്കു അവരെ വിധിക്കാന്‍ സാധിക്കില്ല. പരിശുദ്ധാത്മാവിനെ സ്വീകരിച്ചു കഴിഞ്ഞ നമുക്കുള്ള ദൈവത്തിന്റെ നിലവാരം വ്യത്യസ്തമാണ്. നാം ഇന്നു പുതിയ ഉടമ്പടിക്കു കീഴിലാണ് ജീവിക്കുന്നത്. എന്നാല്‍ ഇന്നു പല ക്രിസ്ത്യാനികളും വ്യഭിചാരത്തില്‍ വീണതിനു ശേഷം ഇപ്രകാരം പറഞ്ഞ് അതിനൊരു ന്യായീകരണം കണ്ടെത്തുന്നു: ”ദാവീദ് പോലും വീണല്ലോ.” എന്നാല്‍ ദാവീദ് ജീവിച്ചത് പഴയനിയമ ഉടമ്പടിക്കു കീഴിലാണ്. അവന് ഉള്ളില്‍ പരിശുദ്ധാത്മാവിനെ ലഭിച്ചിരുന്നില്ല. പഴയ നിയമ വിശുദ്ധന്മാര്‍ക്ക് അവരുടെ ശുശ്രൂഷകള്‍ക്കു വേണ്ടി മാത്രമാണ് പരിശുദ്ധാത്മാവിനെ ലഭിച്ചത്. എന്നാല്‍ നമ്മുടെ സ്വഭാവം ആകെ മാറ്റുവാന്‍ തക്കവണ്ണം പരിശുദ്ധാത്മാവ് ഇന്നു നമ്മുടെ ഉള്ളില്‍ വസിക്കുകയാണ്. അതുകൊണ്ട് ദാവീദിനോടും ശലോമോനോടും തുലനം ചെയ്തുകൊണ്ട് നമ്മുടെ പാപങ്ങള്‍ക്ക് ഒഴികഴിവ് കണ്ടെത്തുന്നതു ശരിയല്ല.

പ്രതികാരം ദൈവത്തിനുള്ളത്

അധ്യായം 4:8-ല്‍ രണ്ടുപേര്‍ ദാവീദ് തങ്ങളില്‍ പ്രീതിയുണ്ടായി പാരിതോഷികം നല്‍കുമെന്നു കരുതി ഇശ്-ബോശെത്തിനെ (ശൗലിന്റെ പുത്രന്‍) വധിച്ച് അവന്റെ തല ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്നാല്‍ ദാവീദ് വളരെ കോപിച്ച് അവരെ ഉടനെ കൊന്നു കളയുവാന്‍ കല്പിച്ചു. പ്രതികാരം ദൈവത്തിനുള്ളതാണെന്നു ദാവീദ് വിശ്വസിച്ചു. അതിനാല്‍ അവന്‍ ആരോടും പ്രതികാരം ചെയ്തില്ല. മാത്രമല്ല മറ്റുള്ളവരെ അതിന് അനുവദിച്ചതുമില്ല.

നാം എല്ലാ സമയത്തും ഓര്‍ത്തിരിക്കേണ്ട ഒരു പ്രമാണമാണിത്. റോമര്‍ 12:19-ല്‍ ഇത് വളരെ വ്യക്തമാണ്. ന്യായം നടത്തുവാനോ പ്രതികാരം ചെയ്യുവാനോ ദൈവത്തിനു നമ്മുടെ സഹായം ആവശ്യമില്ല. ആരെങ്കിലും നിങ്ങളുടെ കാല്‍ക്കല്‍ വീണു നിങ്ങളെ ആരാധിച്ചാല്‍ നിങ്ങള്‍ എന്തുചെയ്യും? പത്രൊസ് ചെയ്തത് തന്നെ നിങ്ങളും ചെയ്യും. നാം അവനെ എഴുന്നേല്പിച്ച് ഇങ്ങനെ പറയും. ”എന്നെ ആരാധിക്കരുത്. ആരാധന ദൈവത്തിനുള്ളതാണ്.”ആരാധന ദൈവത്തിനുള്ളതാണെന്നതുപോലെ പ്രതികാരവും ദൈവത്തിനുള്ളതാണ്. അതിനാല്‍ നാം ആരോടെങ്കിലും പ്രതികാരം ചെയ്യുന്നതിനു ശ്രമിക്കുമ്പോള്‍ അത് സ്വയം ആരാധന സ്വീകരിക്കുന്നതിനു തുല്യമാണെന്നറിയുക. പ്രതികാരം ചെയ്യുന്നതിന് ഒരു അവകാശവും നമുക്കില്ല. നമ്മളോട് ഒരു വ്യക്തി വളരെ ദ്രോഹം ചെയ്താല്‍ അവനെ നേരിടുന്ന കാര്യം ദൈവത്തിനു വിട്ടുകൊടുക്കണം. ദൈവം തന്റെ സമയത്തും തന്റെ രീതിയിലും അത് ചെയ്യും. ഒരു വ്യക്തിക്ക് ഏതെങ്കിലും തരത്തില്‍ ഒരു ദോഷമുണ്ടാകണമെന്നു ഹൃദയത്തില്‍ പോലും നാം ആഗ്രഹിക്കരുത്. നാം ദൈവത്തിനായി വേല ചെയ്യുമ്പോള്‍ നമുക്കെതിരെ സംസാരിച്ച്, നമ്മുടെ ശുശ്രൂഷയെ തകര്‍ക്കാന്‍ ചില വിശ്വാസികള്‍ തന്നെ നമ്മുടെ മുമ്പില്‍ വരും. നമുക്കെതിരെ പലരും ദോഷമായി സംസാരിക്കുകയും, നമ്മെക്കുറിച്ച് വ്യാജകഥകള്‍ പരത്തുകയും, നാം ദുരുപദേശമാണ് പഠിപ്പിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങളൊക്കെ അനുവദിക്കാതെ നമ്മുടെ ശുശ്രൂഷ ഫലപ്രദമാകുകയില്ല എന്നു ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അവനോട് പ്രതികാരം ചെയ്യാന്‍ നാം പരീക്ഷിക്കപ്പെടും. എന്നാല്‍ ഈ പരീക്ഷയെ നാം ശക്തിയോടെ എതിര്‍ത്ത് അവരെ ദൈവത്തിനു വിട്ടു കൊടുക്കുക. വേദപുസ്തകം പറയുന്നു: നശിപ്പിക്കാന്‍ അധികാരമുള്ള ഒരു ന്യായാധിപന്‍ മാത്രമാണുള്ളത് (യാക്കോബ് 4:12). ആ ഒരു ന്യായാധിപന്റെ കയ്യില്‍ അവരെ എല്പിച്ചു കൊടുക്കുക.

ദൈവം നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളുടെ ശുശ്രൂഷയെ തകര്‍ക്കാന്‍ കഴിയുകയില്ല. കാരണം അത് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളതാണ്. യേശുവിനേയും, പൗലൊസിനേയും ദുരപദേശക്കാരെന്നു പലരും വിളിച്ചിരുന്നു. ഭൂതങ്ങളുടെ തലവനെ കൊണ്ടാണ് യേശു ദുരാത്മാക്കളെ പുറത്താക്കുന്നതെന്നു വരെ ആരോപിക്കപ്പെട്ടു. അവര്‍ക്ക് ഉത്തരം നല്‍കി യേശു സമയം കളഞ്ഞില്ല. ആത്മാര്‍ത്ഥതയുള്ളവര്‍ ഇത്തരം ദുരാരോപണങ്ങളില്‍ തെറ്റിപ്പോകുകയില്ല. ആത്മാര്‍ത്ഥയില്ലാത്തവരാണ് വഴി തെറ്റി പോകുന്നത്.

യാക്കോബ് 2:6-ല്‍ നാം വായിക്കുന്നത് ആ കാലഘട്ടത്തില്‍ ധനികരായ വിശ്വാസികള്‍ ദരിദ്രരായ വിശ്വാസികളെ പീഡിപ്പിക്കുകയും കോടതിയിലേക്കു വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു എന്നാണ്. ഇത് അവിശ്വസനീയമായ കാര്യമാണ്. എന്നാല്‍ ഇത് ഇന്നും നടക്കുന്നു! മറ്റൊരു വിശ്വാസിയെ കോടതി കയറ്റണമെങ്കില്‍ അവര്‍ ധനികര്‍ മാത്രമല്ല ദുഷ്ടരും ആയിരിക്കണം. വിശ്വാസികള്‍ എത്ര അന്ധരായിരിക്കുന്നു എന്നത് ആശ്ചര്യകരമാണ്! 1 കൊരിന്ത്യര്‍ 6-ാം അധ്യായത്തില്‍ പൗലൊസ് പറയുന്നത് കൊരിന്തു സഭയില്‍ ഇതേകാര്യം നടന്നിരുന്നു എന്നാണ്. അത്തരം ധനികരായ വിശ്വാസികള്‍, ഒരേയൊരു ന്യായാധിപനു മാത്രമേ ശരിയായ ന്യായവിധി നടത്തി പ്രതികാരം ചെയ്യാന്‍ അധികാരമുള്ളു എന്ന കാര്യം മനസ്സിലാക്കിയിട്ടില്ല എന്നു പൗലൊസ് ചൂണ്ടിക്കാട്ടുന്നു. അത്തരക്കാര്‍ ദൈവത്തിന്റെ സിംഹാസനത്തിലാണിരിക്കുന്നത്. അത്തരം കാര്യങ്ങള്‍ ചെയ്യുന്നവന്‍ ദൈവരാജ്യത്തില്‍ കടക്കുകയില്ലെന്നു പൗലൊസ് മുന്നറിയിപ്പ് നല്‍കുന്നു (1 കൊരി. 6:9, ആദ്യ വാക്യങ്ങളോടു ചേര്‍ത്തു വായിക്കുക). നിങ്ങളോട് ആരെങ്കിലും ഒരു ദ്രോഹം ചെയ്താല്‍ ദൈവം കാണുകയില്ലേ? ആ വ്യക്തിയോട് ഇടപെടുവാന്‍ അവിടുത്തേക്കു കഴിയുകയില്ലേ? സര്‍വ്വ ശക്തനായൊരു ദൈവത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ ആ വ്യക്തിയെ കൈകാര്യം ചെയ്യുന്ന കാര്യം നിങ്ങള്‍ ദൈവത്തിനു വിട്ടുകൊടുക്കുക.

ദൈവത്തിന്റെ വഴികളും മനുഷ്യന്റെ വഴികളും

അധ്യായം 6: ദൈവത്തിന്റെ പെട്ടകം യെരുശലേമിലേക്കു മടക്കി കൊണ്ടുവരണമെന്ന് ദാവീദ് അതിയായി അഗ്രഹിച്ചു. ഇത് നല്ല ഒരു ആഗ്രഹവുമായിരുന്നു. എന്നാല്‍ ദൈവം ന്യായപ്രമാണത്തില്‍ കല്പിച്ച പ്രകാരമല്ല അവര്‍ അത് ചെയ്തത്. വലിയ ദുരന്തമായിരുന്നു അതിന്റെ ഫലം. ദാവീദിന്റെ വിശ്വസ്തരില്‍ ഒരുവന്‍ മരണപ്പെട്ടു. നേരത്തെ ഒരിക്കല്‍ ഫെലിസ്ത്യര്‍ പെട്ടകം പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. അതിന്റെ ഫലമായി ദൈവം അവരെ പലവിധ വ്യാധികളാല്‍ ന്യായം വിധിച്ചു. തുടര്‍ന്ന് അവര്‍ പെട്ടകം യിസ്രായേലിനു മടക്കി നല്‍കി. അന്ന് അവര്‍ പെട്ടകം ഒരു കാളവണ്ടിയില്‍ കയറ്റി അയയ്ക്കുകയാണ് ചെയ്തത്. ഈ കാര്യം ദാവീദ് കേട്ടിരുന്നു. എന്നാല്‍ മോശെയുടെ ന്യായപ്രമാണത്തില്‍ പെട്ടകം ചുമന്നു കൊണ്ടു പോകേണ്ടത് ലേവ്യ പുത്രന്മാരായ കെഹാത്യര്‍ ആയിരിക്കണമെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതും ദാവീദിന് അറിയാമായിരുന്നു. എന്നാല്‍ ചെറിയ ദൂരം യാത്ര ചെയ്യുന്നതിനു മാത്രം ഈ രീതി തുടര്‍ന്നാല്‍ മതിയെന്നു ദാവീദ് കരുതി. ഇപ്പോള്‍ പെട്ടകം വളരെ ദൂരെ യാത്ര ചെയ്യേണ്ടതിനാല്‍ ഫെലിസ്ത്യരുടെ മാര്‍ഗ്ഗമാണ് കൂടുതല്‍ യുക്തിസഹമെന്ന് അവന്‍ ചിന്തിച്ചു. അതിനാല്‍ ഒരു കാളവണ്ടിയില്‍ പെട്ടകം കയറ്റിക്കൊണ്ടു വന്നു. വണ്ടിയില്‍ കാള വിരണ്ടതിനാല്‍ പെട്ടകം താഴെ വീഴാന്‍ തുടങ്ങി. ഉടനെ ഉസ്സാ കൈനീട്ടി പെട്ടകം താങ്ങി പിടിച്ചു. ദൈവകോപം അവന്റെ മേല്‍ ജ്വലിച്ചു. അവന്‍ അവിടെ വച്ച് ദൈവത്താല്‍ കൊല്ലപ്പെട്ടു.

ഉസ്സാ ചെയ്തത് ഒരു നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നു. എങ്കിലും അവന്‍ ദൈവത്തിന്റെ ന്യായപ്രമാണത്തെ ലംഘിച്ചു. നമ്മുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും ദൈവവചനത്തിന് എതിരായി പ്രവര്‍ത്തിച്ചാല്‍ നാം കഷ്ടത അനുഭവിക്കും. ഒരു നല്ല കാര്യം തെറ്റായ ഉദ്ദേശ്യത്തോടെ ദൈവം അംഗീകരിക്കുന്നില്ല. അതുപോലെ തന്നെ തെറ്റായ ഒരു കാര്യം നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്നതിനേയും ദൈവം അംഗീകരിക്കുന്നില്ല. അന്തിമഫലം അതിലേക്കുള്ള മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നില്ല. ഇവിടെ നാം കാണുന്നത് ഉസ്സയുടെ ഉദ്ദേശ്യം പെട്ടകം താഴെ വീഴരുതെന്നുള്ള നല്ല താല്പര്യമായിരുന്നു എന്നതാണ്. എന്നാല്‍ മോശെയുടെ ന്യായപ്രമാണത്തില്‍ പെട്ടകം ആരും സ്പര്‍ശിക്കരുതെന്നു കല്പിച്ചിട്ടുള്ളതും അവന്‍ അറിഞ്ഞിരുന്നു. അത് വഹിക്കുന്ന കെഹാത്യര്‍ക്കു പോലും അത് സ്പര്‍ശിക്കുന്നതിന് അനുവാദ മുണ്ടായിരുന്നില്ല. അതിനാല്‍ കൂടാരത്തിന്റെ തിരശ്ശീല കൊണ്ട് ആകെ മൂടിയതിനു ശേഷമാണ് അവ ചുമന്നു കൊണ്ടുപോയിരുന്നത് (സംഖ്യ 4:15). പെട്ടകം സ്പര്‍ശിക്കുന്നവനുള്ള ശിക്ഷ മരണമാണെന്ന് ദൈവം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

നാം സുവിശേഷ പ്രവര്‍ത്തനം നടത്തുവാന്‍ തീരുമാനിക്കുമ്പോള്‍ ഈ ഒരു ചോദ്യം നമ്മുടെ മുമ്പില്‍ വരാം. നാം ഏതു രീതിയില്‍ അത് ചെയ്യും? ദൈവിക മാര്‍ഗ്ഗത്തിലോ മാനുഷിക മാര്‍ഗ്ഗത്തിലോ? ബഹുരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തന രീതിയിലാണോ നാം ദൈവിക വേല ചെയ്യുന്നത്?

പല ക്രിസ്ത്യാനികളും പറയുന്നത് സുവിശേഷ പ്രവര്‍ത്തനത്തിന് അവര്‍ക്കു പണം ആവശ്യമുണ്ടെന്നാണ്. നിങ്ങളുടെ ആശ്രയം പണത്തില്‍ ആണോ അതോ പരിശുദ്ധാത്മാവിലാണോ? നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്: ‘സുവിശേഷ പ്രവര്‍ത്തനം നടത്തുന്നതിനു ഞങ്ങള്‍ക്കു പരിശുദ്ധാത്മ ശക്തി വേണം.” നിങ്ങള്‍ക്കു പരിശുദ്ധാത്മ ശക്തിയുണ്ടെങ്കില്‍ പണം ഇല്ലെങ്കിലും ഉണ്ടെങ്കിലും ദൈവിക പ്രവൃത്തി നടത്തിയിരിക്കും. ലോകത്തിലെ സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമാണ് നിലനില്‍പ്പിനു പണം ആവശ്യമായിട്ടുള്ളത്. സഭകളും ഇത്തരത്തില്‍ ”പണമുണ്ടെങ്കിലേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു” എന്നു പറയുന്ന തരത്തിലായാല്‍ അവരും ലോകത്തിലെ പ്രസ്ഥാനങ്ങളുടെ നിലവാരത്തില്‍ എത്തിയിരിക്കുന്നുവെന്നു വേണം പറയുവാന്‍. അപ്പൊസ്തലന്മാരുടെ പ്രവൃത്തികളുടെ പുസ്തകത്തില്‍ സുവിശേഷ പ്രവര്‍ത്തനത്തിനോ ദൈവിക വേലകള്‍ക്കോ പണം ആവശ്യമുള്ളതായി ഒരു പരാമര്‍ശവും കാണുന്നില്ല. അപൂര്‍വ്വമായി അവര്‍ പണം ശേഖരിച്ചിരുന്നു. അത് ദരിദ്രരെ സഹായിക്കുന്നതിനു വേണ്ടി ആയിരുന്നു. മറിച്ച് ഒരിക്കലും അത് അപ്പൊസ്തലന്മാര്‍ക്കു വേണ്ടി ആയിരുന്നില്ല. ഇന്നു പലരും ചെയ്യുന്നതുപോലെ കൂടുതല്‍ കൂടുതല്‍ പണം ലഭിക്കുന്നതിന് അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചില്ല. അവര്‍ പരിശുദ്ധാത്മ ശക്തിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഇന്നു ദൈവിക മാര്‍ഗ്ഗങ്ങള്‍ക്കു പകരമായി ലോകത്തിന്റെ മാര്‍ഗ്ഗങ്ങള്‍ (കാളവണ്ടി) സ്വീകരിക്കുന്നു. അതിനാല്‍ അവിടെ ആത്മീയ മരണമുണ്ടാകുന്നു. ഇവിടെ ദൈവം നമ്മോട് അതാണ് പറയാന്‍ ശ്രമിക്കുന്നതെന്നു നാം മനസ്സിലാക്കണം.

പിന്നീട് ദാവീദ് ശരിയായ രീതി അവലംബിച്ചു. ലേവ്യര്‍ ചുമലില്‍ വഹിച്ചുകൊണ്ട് പെട്ടകം യെരുശലേമിലേക്കു കൊണ്ടുവന്നു. ഇത്തവണ ദാവീദ് വളരെ സന്തോഷമുള്ളവനായി സര്‍വ്വ ശക്തിയോടു കൂടി സര്‍വേശ്വരന്റെ മുമ്പാകെ നൃത്തം ചെയ്തു (6:14). ആ കാലഘട്ടത്തില്‍ ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തുന്ന ഒരു രീതി ആയിരുന്നു അത്. വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചും കൈകള്‍ അടിച്ചും ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കുന്നതിനോടൊപ്പം അവര്‍ നൃത്തം ചെയ്യുകയും ചെയ്തു. എന്നാല്‍ ദാവീദ് പട്ടണത്തെ സമീപിച്ചപ്പോള്‍ അവന്റെ ഭാര്യ മീഖള്‍ (ശൗലിന്റെ പുത്രി) ഇത് കണ്ട് ഹൃദയത്തില്‍ അവനെ നിന്ദിച്ചു (16-ാം വാക്യം). അവള്‍ക്ക് ഇഷ്ടമില്ലാത്ത വിധത്തില്‍ ദൈവത്തെ സ്തുതിക്കുന്ന ദൈവത്തിന്റെ അഭിഷിക്തനെ അവള്‍ ഹൃദയത്തില്‍ നിന്ദിച്ചു. നിങ്ങള്‍ അംഗീകരിക്കാത്ത വിധത്തില്‍ ദൈവത്തെ സ്തുതിക്കുന്ന ചില ആളുകളുണ്ടാകാം. നിങ്ങള്‍ അവരെ അനുകരിക്കേണ്ടതില്ല. എന്നാല്‍ അവരെ ഒരിക്കലും നിന്ദിക്കരുത്. മീഖള്‍ ദാവീദിനെ പോലെ നൃത്തം ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ അവള്‍ തന്റെ ഭര്‍ത്താവിനെ നിന്ദിക്കരുതായിരുന്നു. നമ്മള്‍ ദൈവത്തെ സ്തുതിക്കുന്ന രീതി മാത്രമാണ് ശരിയെന്ന് നാം കരുതരുത്.

പല ക്രിസ്തീയ വിഭാഗങ്ങളും കരുതുന്നത് അവര്‍ ദൈവത്തെ സ്തുതിക്കുന്ന രീതി മാത്രമാണ് ശരിയായിട്ടുള്ളതെന്നാണ്. എല്ലാവരും അതുപോലെ തന്നെ ആയിരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ചില ക്രിസ്തീയ കൂട്ടങ്ങളില്‍ ഞായറാഴ്ച രാവിലെ സഭായോഗത്തില്‍ എല്ലാവരും ഒരു ശവസംസ്‌ക്കാര ശുശ്രൂഷയില്‍ സംബന്ധിക്കുന്നതു പോലെ നിശ്ശബ്ദരായിരിക്കുന്നു. അതെന്നെ ആകര്‍ഷിക്കുന്നില്ല. കാരണം ഞായറാഴ്ചത്തെ സഭായോഗം ഒരു ശവസംസ്‌ക്കാര ശുശ്രൂഷ പോലെയല്ല വേണ്ടത്. അത് സന്തോഷത്തിന്റെ സമയമാണ്. യേശു പാതാളത്തെ ജയിച്ച് മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു എന്ന വസ്തുതയെ നാം ആഘോഷിക്കേണ്ട സമയമാണ്. എന്നാല്‍ ഈ ആളുകളെ കാണുമ്പോള്‍ യേശു ഇപ്പോഴും മരിച്ച അവസ്ഥയിലാണെന്ന് നാം കരുതും. ഇതിനു നേരെ വിപരീത ദിശയിലുള്ള മറ്റ് ചില ക്രിസ്തീയ കൂട്ടങ്ങളുണ്ട്. അവരുടെ യോഗങ്ങളില്‍ ശബ്ദം ഉയര്‍ന്ന് ഒരു പ്രത്യേക അളവില്‍ എത്തുമ്പോള്‍ മാത്രമേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അനുഭവിക്കുവാന്‍ കഴിയൂ എന്നാണ് അവര്‍ കരുതുന്നത്. അതിനാല്‍ അവര്‍ വികാരഭരിതരായി ശബ്ദം ഉയര്‍ത്തി പരിശുദ്ധാത്മാവിനെ അവരുടെ മധ്യത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. ഇതൊരു ചതിയാണ്. ശബ്ദം ഉയര്‍ത്തിയതു കൊണ്ട് ഒരു യോഗത്തിലേക്കും പരിശുദ്ധാത്മാവ് വരികയില്ല. അവിടുന്ന് ശുദ്ധ മനഃസാക്ഷിയുള്ളവരോടൊപ്പമാണ് വസിക്കുന്നത്.

ഈ രണ്ട് കൂട്ടരേയും നിന്ദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതോടൊപ്പം ഈ രണ്ട് കൂട്ടരേയും അനുകരിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കു എന്റേതായ രീതിയില്‍ ദൈവത്തെ സ്തുതിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരിക്കലും മറ്റൊരാള്‍ ദൈവത്തെ സ്തുതിക്കുന്ന രീതിയെ നിന്ദിച്ചുകൊണ്ട് തങ്ങളുടെ രീതി മാത്രമാണ് ശരിയായതെന്നു കരുതരുത്. മറ്റുള്ളവര്‍ക്കു സ്വാതന്ത്യം നല്‍കുക. ദൈവം ഹൃദയങ്ങളെ നോക്കുന്നു; പുറമേയുള്ളതിനെയല്ല നോക്കുന്നത്.

അധ്യായം 6:20: ”ദാവീദ് തന്റെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കാന്‍ മടങ്ങിച്ചെന്നു.” നാം ചെയ്യേണ്ട, എത്ര മനോഹരമായ കാര്യമാണിത്! വന്നു തന്റെ കുടുംബ ത്തെ അനുഗ്രഹിക്കുക. വളരെ ദൂരം ദൈവത്തെ സ്തുതിച്ച് നൃത്തം ചെയ്ത് ക്ഷീണിച്ചിരുന്ന അവസരത്തിലാണതെന്നു പ്രത്യേകം ഓര്‍ക്കണം. ഓരോ ദിവസവും ജോലി കഴിഞ്ഞു ക്ഷീണിച്ചു വീട്ടില്‍ മടങ്ങി എത്തുന്ന എല്ലാ ഭര്‍ത്താക്കന്മാരും അസ്വസ്ഥ മനസ്സോടെ പലതും ആവശ്യപ്പെടുന്നതിനു പകരം തങ്ങളുടെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കുന്നവരായെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. മീഖള്‍ ദാവീദിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന ഒരു ഭാര്യയായിരുന്നു. എങ്കിലും ദാവീദിനു ദൈവത്തിലുള്ള സന്തോഷത്തെ ഇല്ലാതാക്കാന്‍ അതിനു കഴിഞ്ഞില്ല. ദാവീദ് കൊട്ടാരത്തിലേക്കു വന്ന ഉടനെ അവള്‍ ദാവീദിനെതിരെ, അവന്‍ രാജാവാണെന്നത് മറന്ന് സാധാരണക്കാരോടൊപ്പം നൃത്തം ചെയ്തതിനു ശബ്ദം ഉയര്‍ത്തി വിമര്‍ശിക്കുവാന്‍ തുടങ്ങി. എന്തായിരുന്നു ദാവീദിന്റെ മറുപടി? തന്റെ ഭാര്യയുടെ വാക്കുകളെ മാനിക്കാതെ ജീവിത കാലമത്രയും ഇതുപോലെ തന്നെ ദൈവത്തെ സ്തുതിക്കും എന്നായിരുന്നു അവന്റെ മറുപടി (21-ാം വാക്യം). തന്റെ ഭര്‍ത്താവിനെ നിന്ദിച്ച മീഖളിനെ ദൈവം ന്യായം വിധിച്ചു. അവളുടെ ജീവിതകാലം മുഴുവന്‍ അവള്‍ വന്ധ്യയായി തുടര്‍ന്നു.

അധ്യായം 7: ദൈവത്തിന് ഒരു ആലയം പണിയണമെന്ന് ഇപ്പോള്‍ ദാവീദിന് ആഗ്രഹമുണ്ടായി. ആരും ആവശ്യപ്പെട്ടതല്ല ഈ കാര്യം എന്നാല്‍ അവന്റെ ഹൃദയത്തില്‍ ഇങ്ങനെയൊരു ചിന്ത വന്നു: ”ഞാന്‍ ഇതാ മനോഹരമായ കൊട്ടാരത്തില്‍ പാര്‍ക്കുന്നു. ദൈവത്തിന്റെ പെട്ടകമാകട്ടെ കൂടാരത്തില്‍ ഇരിക്കുന്നു” (2-ാം വാക്യം). കൂടുതല്‍ ആളുകള്‍ ഇങ്ങനെ ചിന്തിച്ചരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു: ”ദൈവമേ, എത്ര സുഖകരമായിട്ടാണ് ഞാന്‍ പണിത എന്റെ വീട്ടില്‍ ഞാന്‍ വസിക്കുന്നത്. എത്ര പണവും സമയവും ഇതിനായി ഞാന്‍ ചെലവഴിച്ചു! എന്നാല്‍ ദൈവവേലയ്ക്കു വേണ്ടി ഞാന്‍ ത്യാഗം ചെയ്തിട്ടുള്ളത് എത്രമാത്രം കുറവാണ്! ദൈവവേലയെ സംബന്ധിച്ച് വളരെ ചെറിയ അളവില്‍ മാത്രമാണ് എനിക്കു ഹൃദയഭാരമുള്ളത്.” തങ്ങളുടെ താല്പര്യങ്ങളും സമയവും പണവും സമര്‍പ്പിക്കുന്നതിനോടൊപ്പം തങ്ങളെത്തന്നെ സമര്‍പ്പിക്കുന്ന അനേകരെ ദൈവവേലയ്ക്ക് ആവശ്യമുണ്ട്. പല വിശ്വാസികളും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു കൂടുതല്‍ ലാഭമുണ്ടാക്കുന്നതിനായി അധികസമയം ജോലി ചെയ്യുന്നു. ദൈവദാസന്മാരെന്ന നിലയില്‍ നമുക്കു ദൈവത്തിനായി അല്പം സമയം ഒരു സാമ്പത്തിക നേട്ടവും ആഗ്രഹിക്കാതെ, പരാതിയില്ലാതെ, അധികം വേല ചെയ്യാന്‍ കഴിയുമോ?

ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. അവനു ദൈവത്തിന്റെ ആലയത്തെ സംബന്ധിച്ച് ഭാരമുണ്ടായിരുന്നു. അവനെപ്പോലെ, നമുക്കും നമ്മുടെ ഭവനങ്ങളെക്കാള്‍ ദൈവഭവനത്തെ സംബന്ധിച്ച് താല്പര്യമുള്ള ഒരു ഹൃദയം ഉണ്ടാകട്ടെ. നാം ദൈവ ഭവനത്തിന്റെ കാര്യം നോക്കിയാല്‍ ദൈവം നമ്മുടെ ഭവനത്തെ സംരക്ഷിച്ചുകൊള്ളും. പല വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ദൈവത്തോട് പറഞ്ഞു: ”ദൈവമേ, എനിക്കൊരു ഭവനം (കുടുംബം) ഉണ്ട്. അങ്ങേയ്ക്കു ഒരു ഭവനം (കുടുംബം) ഉണ്ട്. അങ്ങയുടെ ഭവനത്തിന്റെ കാര്യം നോക്കി നടത്തുന്നതിന് എനിക്കു കൃപ നല്‍കണമേ. അവിടുന്ന് എന്റെ ഭവനത്തെ സംരക്ഷിക്കണമേ.” അങ്ങനെയൊരു കൈമാറ്റം ദൈവവുമായി ഞാന്‍ ചെയ്തു. ഞാന്‍ ദൈവഭവനത്തെ പരിപാലിച്ചതിനേക്കാള്‍ വിശ്വസ്തതോടെ ദൈവം എന്റെ ഭവനത്തെ നോക്കി പരിപാലിച്ചു.

എന്നാല്‍ യഹോവ തന്റെ ആലയം പണിയുന്നതിനു ദാവീദിനെ അനുവദിച്ചില്ല. ദാവീദ് യുദ്ധങ്ങളുടെ മനുഷ്യനായിരുന്നു എന്നതാണ് അതിനു കാരണം. ഒരു സമാധാന പുരുഷനു മാത്രമേ സര്‍വേശ്വരന്റെ ആലയം പണിയുവാന്‍ സാധിക്കുക യുള്ളു (1 ദിനവൃ. 28:3).

ഇവിടെ ഒരു പ്രമാണം ശ്രദ്ധിക്കുക: ഒരു യുദ്ധമനുഷ്യനു ദൈവത്തിന്റെ ആലയം പണിയാന്‍ സാധിക്കുകയില്ല. നാം യുദ്ധത്തിനുമപ്പുറം ദൈവത്തിന്റെ സ്വസ്ഥതയിലേയ്ക്കു പ്രവേശിക്കണം. തുടക്കത്തിനു യുദ്ധം ആവശ്യമുണ്ട്. എന്നാല്‍ നാം വേഗം സ്വസ്ഥതയിലേക്കു പ്രവേശിക്കണം.

ദാവീദ് യിസ്രായേലിന്റെ എല്ലാ ശത്രുക്കളേയും പരാജയപ്പെടുത്തി. ശലോമോന് ആവശ്യമായ സാഹചര്യം ഒരുക്കി കൊടുത്തു. ആലയത്തിന്റെ പണിക്കാവശ്യമായ സ്വര്‍ണ്ണവും വെള്ളിയും എല്ലാം ദാവീദ് തന്നെ ശേഖരിച്ച് വച്ചു. ശലോമോന്‍ ആലയം പണിതു. ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എല്ലാ കഠിനാദ്ധ്വാനവും നിങ്ങള്‍ നടത്തിയതിനു ശേഷം മറ്റൊരാള്‍ക്ക് ആ വേലയുടെ മഹത്വവും ബഹുമാനവും ലഭിക്കുന്നതിനു നിങ്ങള്‍ അനുവദിക്കുമോ? അതോ എല്ലാ മാനവും നമുക്കു തന്നെ വേണമെന്നു ആഗ്രഹിക്കുമോ? ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യന്‍ മറ്റുള്ളവര്‍ക്കു കാര്യങ്ങള്‍ സുഗമമാക്കുന്നതിനു വേണ്ട എല്ലാ പ്രവര്‍ത്തനവും പിന്നണിയില്‍ നിന്നു ചെയ്യുന്നു. അങ്ങനെ എല്ലാ ബഹുമാനവും മറ്റുള്ളവര്‍ക്കു ലഭിക്കാന്‍ ഇടയാക്കുന്നു.

2 ശമുവേല്‍ 8:15-ല്‍ ഇങ്ങനെ വായിക്കുന്നു: ”ദാവീദ് എല്ലാ ജനങ്ങളോടും നീതിയും ന്യായവും ഉള്ളവനായിരുന്നു.” ഒരു പക്ഷപാതവും കാണിക്കാതെ നീതിയോടെയും ന്യായത്തോടെയും ഭരണം നടത്തുക എന്നത് ഒരു നേതാവിനു വേണ്ട പ്രധാന യോഗ്യതയാണ്.

9-ാം അധ്യായത്തില്‍ യോനാഥാന്റെ പുത്രനും മുടന്തനുമായ മെഫീബോശേത്തിനോടുള്ള ദാവീദിന്റെ കരുണ നാം കാണുന്നു. മെഫീബോശേത്ത് തന്നെക്കുറിച്ച് തന്നെ ഒന്നും അര്‍ഹിക്കാത്ത ”ഒരു ചത്ത നായ” എന്നാണ് കരുതിയത് (8-ാം വാക്യം). എന്നാല്‍ മെഫീബോശെത്ത് സ്ഥിരമായി തന്റെ മേശയില്‍ നിന്നു ഭക്ഷിക്കേണ്ടതാകുന്നു എന്നു ദാവീദ് കല്പന നല്‍കി. ഇത് ദൈവകൃപയുടെ ചിത്രമാണ്. ചത്ത നായ്ക്കളായ നമ്മെ ക്രിസ്തു ഉയര്‍ത്തി അവിടുത്തെ മേശയില്‍ അവിടുത്തോടു കൂടെ ഇരുത്തി.

ദാവീദിന്റെ വലിയ വീഴ്ച

അധ്യായം 11-ല്‍ നാം ദാവീദിന്റെ വലിയ വീഴ്ചയുടെ കഥ കാണുന്നു. ഈ വീഴ്ചയില്‍ നിന്നും നമുക്കെല്ലാം ഒരു പാഠം ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. ”വസന്തത്തില്‍ രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുന്ന സമയത്ത്…” ശൈത്യകാലത്ത് രാജാക്കന്മാര്‍ യുദ്ധത്തിനു പോവുകയില്ല. എന്നാല്‍ വസന്തത്തില്‍ അങ്ങനെയല്ല. യിസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരെ യുദ്ധത്തില്‍ എപ്പോഴും മുമ്പില്‍ നിന്ന് നയിച്ചിരുന്നത് ദാവീദ് ആയിരുന്നു. എന്നാല്‍ ഇത്തവണ തനിക്കു വിശ്രമം എടുക്കാമെന്നു ദാവീദ് ചിന്തിച്ചു. പോരാട്ടം അവസാനിപ്പിച്ച് വിശ്രമിക്കുമ്പോഴാണ് നാം പാപം ചെയ്തു തുടങ്ങുന്നത്. ദൈവം ആഗ്രഹിക്കാത്തയിടത്ത് ആയിരിക്കുമ്പോഴാണ് നാം പാപത്തില്‍ വീഴുന്നത്. ദാവീദ് യുദ്ധഭൂമിയില്‍ ആയിരിക്കേണ്ട സമയത്ത് ഇപ്പോള്‍ തന്റെ കൊട്ടാരത്തില്‍ കിടന്നുറങ്ങുകയാണ്! ആ ദിവസം അവന്‍ യുദ്ധ ഭൂമിയില്‍ ആയിരുന്നെങ്കില്‍ ഇപ്രകാരം ഒരു വീഴ്ച അവനു സംഭവിക്കുകയില്ലായിരുന്നു.

എല്ലാ കാര്യങ്ങളും നന്നായി പോകുമ്പോള്‍ നാം ദൈവത്തിനായി പോരാടുന്നത് അവസാനിപ്പിക്കുകയും, ബുദ്ധിമുട്ടുള്ള വേലകള്‍ക്കായി പരിചയ സമ്പന്നരല്ലാത്ത ചെറുപ്പക്കാരെ അയയ്ക്കുകയും ചെയ്യുന്നു. പല ക്രിസ്തീയ നേതാക്കന്മാരും രാജാക്കന്മാരെപോലെ അവരുടെ കൊട്ടാരങ്ങളില്‍ പാര്‍ത്ത് ചെറുപ്പക്കാരെ കഠിനമായ വേലയ്ക്ക് അയയ്ക്കുന്നു.

ദൈവത്തിന്റെ സഭയില്‍ എപ്പോഴും ഒരു എളിയ വേലക്കാരനായിരുന്ന് എന്റെ ജീവിതാവസാനം വരെ ദൈവത്തിനായി പോരാടുവാനും വേല ചെയ്യുവാനും ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കു 90 വയസ്സായാലും അങ്ങനെ തന്നെ. എന്റെ ജീവിതകാലം അവസാനിക്കുന്നതുവരെ പോരാട്ട ഭൂമിയില്‍ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളും അവിടെ ആയിരിക്കണമെന്നു ഞാന്‍ ആശിക്കുന്നു. പോരാട്ട ഭൂമിയില്‍ ആത്മീയ അപകടമൊന്നുമില്ല. കൊട്ടാരത്തിലാണ് അത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്. യുദ്ധഭൂമിയില്‍ ദാവീദ് തികച്ചും സുരക്ഷിതനായിരുന്നു. കൊട്ടാരത്തില്‍ വച്ചാണ് അവന്‍ അപകടത്തിലായത്.

നാം രോഗിയായിരിക്കുമ്പോഴോ, സാമ്പത്തിക ഞെരുക്കത്തിലായിരിക്കുമ്പോഴോ അങ്ങനെ ഏതെങ്കിലും തരത്തിലുള്ള ശോധനകളുടെ സമ്മര്‍ദ്ദം നേരിടുമ്പോഴോ പാപത്തില്‍ വീഴുമോ? ഇല്ല. എല്ലാം നന്നായി നടക്കുന്നു. ധാരാളം പണമുണ്ട്. വ്യാപാരം മെച്ചപ്പെട്ടു വരുന്നു. ആര്‍ക്കും രോഗങ്ങളൊന്നുമില്ല. അപ്പോഴാണ് നാം പാപം ചെയ്യുന്നത്. അങ്ങനെയുള്ള സമയത്താണ് നാം കൂടുതല്‍ ജാഗ്രത ഉള്ളവരാകേണ്ടത്.

ദാവീദ് യെരുശലേമിലുള്ള തന്റെ കൊട്ടാരത്തില്‍ പാര്‍ക്കുന്നു (11:1). യുദ്ധത്തിനു പോയ യോശുവയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ച മോശയെപ്പോലെ അവന്‍ പ്രാര്‍ത്ഥിച്ചില്ല. യുദ്ധമുന്നണിയില്‍ പോരാടിക്കൊണ്ടിരിക്കുന്ന യോവാബിനു വേണ്ടി അവന്‍ പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ അവന്‍ സുരക്ഷിതനാകുമായിരുന്നു. എന്നാല്‍ അവന്‍ ആ സമയം ഉറങ്ങുകയാണ്. ‘സായാഹ്‌നത്തില്‍ ദാവീദ് കിടക്കയില്‍ നിന്നെഴുന്നേറ്റു’ (11:2). അവന്‍ പ്രഭാതം മുതല്‍ ഉറങ്ങുകയാണോ എന്നറിയില്ല. അവന്‍ എഴുന്നേറ്റത് സായാഹ്‌നത്തിലാണ്. കിടക്കവിട്ട് എഴുന്നേറ്റയുടന്‍ പ്രാര്‍ത്ഥിക്കേണ്ടതിനു പകരം അവന്‍ കൊട്ടാരത്തില്‍ മട്ടുപ്പാവില്‍ ഉലാത്തുകയാണ് ചെയ്തത്. അപ്പോഴാണ് അവന്‍ ബേത്‌ശേബ എന്ന സുന്ദരിയായ സ്ത്രീയെ കണ്ട് പ്രലോഭിപ്പിക്കപ്പെട്ടത്. ആ പ്രലോഭനത്തെ അതിന്റെ മുളയിലെ നുള്ളിക്കളഞ്ഞിരുന്നുവെങ്കില്‍ ഒടുവില്‍ വലിയ വീഴ്ച സംഭവിക്കുമായിരുന്നില്ല.

നോട്ടത്തില്‍ അവന്‍ പ്രലോഭിതനായപ്പോള്‍ ”ഇത് അപകടമാണ് ഞാന്‍ ശ്രദ്ധിക്കണം” എന്നു സ്വയം പറഞ്ഞ് അവന്‍ പിന്തിരിഞ്ഞില്ല. ആ സമയം അവനു യോവാബിനു വേണ്ടി പ്രാര്‍ത്ഥിക്കാമായിരുന്നു. അവള്‍ മറ്റൊരുവന്റെ ഭാര്യയാണെന്ന വിവരം അന്വേഷിച്ചറിഞ്ഞപ്പോള്‍ ”ഓ അവളെ എനിക്കു ലഭിക്കുകയില്ല” എന്നു പറഞ്ഞ് അവിടെ അവസാനിപ്പിച്ചിരുന്നെങ്കിലും നന്നായിരുന്നു. അവള്‍ ഊരിയാവിന്റെ വിശുദ്ധ ഭാര്യ ആയിരിക്കട്ടെ എന്ന് അവന്‍ ബേത്‌ശേബയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നുവെങ്കില്‍ അവന്‍ പാപം ചെയ്യാതെ സംരക്ഷിക്കപ്പെടുമായിരുന്നു. എന്നാല്‍ ആ നിമിഷം അവന്‍ തന്നെ രാജാവാക്കിയ ദൈവത്തെ തന്നെ മറന്ന് ആഗ്രഹിക്കുന്നതെന്തും നേടുന്ന ഒരു ഏകാധിപതിയായി. അതിനാല്‍ അവന്‍ അവളോടൊപ്പം വ്യഭിചാരം ചെയ്തു.

നമ്മള്‍ ദാവീദിനെ വിമര്‍ശിക്കരുത്. മറ്റൊരാളുടെ ഭാര്യയുടെ സൗന്ദര്യത്തെ നിങ്ങള്‍ ആരാധനയോടെ നോക്കിയിട്ടുണ്ടോ? നിങ്ങള്‍ ശക്തനായൊരു രാജാവല്ലാത്തിനാല്‍ അവളെ നിങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയുകയില്ല. അതിനാല്‍ നിങ്ങള്‍ ലൈംഗികാസക്തിയോടെ നോക്കുന്നു. അപ്പോള്‍ വാസ്തവത്തില്‍ നിങ്ങളും ദാവീദും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.

ബേത്‌ശേബ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ദാവീദ് വിഷമാവസ്ഥയിലായി. അവനു തന്റെ പാപം മറച്ചു വയ്‌ക്കേണ്ടിയിരുന്നു. അതിനായി അവന്‍ അവളുടെ ഭര്‍ത്താവായ ഊരിയാവിനെ യുദ്ധഭൂമിയില്‍ നിന്നും വിളിച്ചു വരുത്തി, അവനോട് ഭവനത്തില്‍ ചെന്നു ഭാര്യയോടൊത്തു കഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ സഹ പടയാളികളെ ഓര്‍ത്ത് ഉത്തരവാദിത്ത ബോധമുള്ളവനായിരുന്നു ഊരിയാവ് എന്നതിനാല്‍ അവന്‍ സ്വഭവനത്തിലേക്കു മടങ്ങിയില്ല. അവന്‍ ദാവീദിനോട് പറഞ്ഞു: ”എന്റെ സഹപ്രവര്‍ത്തകര്‍ യുദ്ധഭൂമിയില്‍ തന്നെ ആയിരിക്കുമ്പോള്‍ എനിക്കെങ്ങനെ ഭവനത്തില്‍ പോയി ഭാര്യയോടൊത്ത് ശയിക്കാന്‍ സാധിക്കും?” അപ്പോള്‍ ഊരിയാവ് ദാവീദിനേക്കാള്‍ നല്ല ഒരു മനുഷ്യനായിരുന്നു. ദൈവവേലയില്‍ ആയിരിക്കുന്ന പല ചെറുപ്പക്കാരും അവരുടെ നേതാക്കന്മാരേക്കാള്‍ മികച്ച ആളുകളാണെന്ന് ഇന്നും കാണാം. എന്താണ് ചെയ്യേണ്ടതെന്നു ദാവീദിനപ്പോള്‍ നിശ്ചയമുണ്ടായിരുന്നില്ല. അതിനാല്‍ അവന്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഒരു പാപം ചെയ്തു കഴിഞ്ഞാല്‍ അതു മറച്ചു വയ്ക്കുന്നതിന് അനേകം പാപങ്ങള്‍ വീണ്ടും ചെയ്യാന്‍ പ്രലോഭിപ്പിക്കപ്പെടും. അവന്‍ സത്യസന്ധതയോടെ ഊരിയാവിന്റെ അടുക്കല്‍ ചെന്നു ചെയ്ത തെറ്റിനു ക്ഷമ ചോദിക്കേണ്ടിയിരുന്നു. അതിനു പകരം തന്റെ യശസ്സ് നിലനിര്‍ത്തുന്നതിനുള്ള കാര്യങ്ങളാണ് അവന്‍ ചെയ്തത്. അതിനാല്‍ അവന്‍ ഊരിയാവിനെ വീണ്ടും യുദ്ധഭൂമിയിലേയ്ക്ക് അയച്ചു. മാത്രമല്ല അവന്‍ വെട്ടേറ്റ് മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഘോരയുദ്ധം നടക്കുന്ന സ്ഥാനത്ത് അവനെ നിറുത്തണമെന്ന് സൈന്യാധിപനായ യോവാബിനോട് ആവശ്യപ്പെടുകയും ചെയ്തു.

വലിയ ദുഷ്ടതയാണ് ദാവീദ് ചെയ്തത്. സത്യസന്ധതയോടെ വിശ്വാസ വീരന്മാരുടെ വീഴ്ചകളേയും മറച്ചു വയ്ക്കാതെ ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ദൈവത്തെ സ്തുതിക്കുന്നു. ഞാനും നിങ്ങളും നമ്മുടെ മ്ലേഛതകളെ കാണുമ്പോള്‍ നമ്മള്‍ ദാവീദിനേക്കാള്‍ ഒട്ടും മെച്ചമല്ലെന്നു തിരിച്ചറിയും. നമ്മളെല്ലാം ഒരേ ജഡത്തില്‍ ഉള്ളവരായതിനാല്‍ അതേ പാപം ചെയ്യാന്‍ പ്രാപ്തിയുള്ളവരാണ്. ദൈവം നമ്മളെ സംരക്ഷിക്കട്ടെ.

ദൈവത്തിന്റെ ശിക്ഷണം

അധ്യായം 12: അവിടെ നാഥാന്‍ എന്നു പേരുള്ള ധൈര്യശാലിയായൊരു പ്രവാചകന്‍ ജീവിച്ചിരുന്നു. രാജാവിനെ എതിര്‍ത്ത് അവനോട് നേരിട്ട് ‘നീ ഒരു പാപിയാണെ’ന്നു പറയുന്നത് വളരെ അപകടകരമായ ഒന്നായിരുന്നു ആ കാലഘട്ടത്തില്‍. ഇന്നും 99% പാസ്റ്റര്‍മാരും ധനികനായ ഒരു വിശ്വാസിയോടോ, ഉയര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിശ്വാസിയോടോ കൃത്യമായി അവന്റെ പാപം ചൂണ്ടി കാണിക്കുന്നില്ല. എന്നാല്‍ നാഥാന്‍ വ്യത്യസ്തനായിരുന്നു. അവന്‍ ദാവീദിന്റെ അടുക്കല്‍ വന്ന് ഇങ്ങനെയൊരു കഥ പറഞ്ഞു: ”ഒരു പട്ടണത്തില്‍ രണ്ടാളുകള്‍ താമസിച്ചിരുന്നു. ഒരുവന്‍ അനവധി ആടുമാടുകള്‍ സ്വന്തമായുള്ള ഒരു ധനികന്‍. അപരന്‍ ഒരു പെണ്‍ ആട്ടിന്‍കുട്ടി മാത്രം സ്വന്തമായുള്ള ഒരു ദരിദ്രനും. ഒരുനാള്‍ ധനികന്റെ ഭവനത്തിലേയ്ക്ക് ഒരു സന്ദര്‍ശകന്‍ വന്നു. സ്വന്തം ആടുമാടുകളില്‍ നിന്നും ഒന്നിനെ കൊല്ലാതെ ആ ധനികന്‍ ദരിദ്രന്റെ ആട്ടിന്‍കുട്ടിയെ കൊന്ന് തന്റെ അതിഥിക്കു ഭക്ഷണം ഒരുക്കി.” ഇതു കേട്ടപ്പോള്‍ ആ ധനവാനെതിരെ ദാവീദിന്റെ കോപം ജ്വലിച്ചു (12:5). മറ്റുള്ളവരുടെ പാപം കാണുമ്പോള്‍ നമുക്കു വേഗത്തില്‍ കോപം തോന്നും. അപ്പോള്‍ നാഥാന്‍ പറഞ്ഞു: ”ആ മനുഷ്യന്‍ നീ തന്നെ. നിനക്ക് അനേകം ഭാര്യമാരുണ്ടായിരുന്നു. ഊരിയാവിന് ഒരു ഭാര്യയാണ് ഉണ്ടായിരുന്നത്. അവളെ നീ എടുത്തു.” ദാവീദ് വേഗം സത്യം തിരിച്ചറിഞ്ഞു.

അല്പം സമയം മുന്‍പ് നാഥാന്‍ പറഞ്ഞ കഥ കേട്ട ദാവീദ് എന്താണ് പറഞ്ഞത്? അവന്‍ വളരെ കോപിഷ്ഠനായി ഇങ്ങനെ പറഞ്ഞു: ”സര്‍വേശ്വരന്റെ നാമത്തില്‍ സത്യം ചെയ്തു പറയുന്നു അവന്‍ വധശിക്ഷ അര്‍ഹിക്കുന്നു” (12:5). മറ്റൊരുവന്റെ ആട്ടിന്‍കുട്ടിയെ മോഷ്ടിക്കുന്നവനു വധശിക്ഷ നല്‍കണമെന്നു ന്യായപ്രമാണം പറയുന്നില്ല. എന്നാല്‍ മറ്റൊരാളുടെ പാപത്തിന്റെ മേല്‍ ദാവീദ് ന്യായപ്രമാണത്തേക്കാള്‍ കാര്‍ക്കശ്യമുള്ളവനായി. നമ്മളും ഇങ്ങനെയാണ്. നമ്മുടെ തന്നെ ജീവിതത്തിലെ ഗുരുതരമായ പാപങ്ങള്‍ നാം കാണുന്നില്ല.

ദാവീദ് ഇങ്ങനെയും പറഞ്ഞു: ”അവന്‍ നാലു മടങ്ങ് തിരിച്ചുകൊടുക്കണം” (12:6). ~ഒരു ആട്ടിന്‍കുട്ടിയെ എടുത്തതിനു പകരമായി ധനികനായവന്‍ നാല് ആട്ടിന്‍കുട്ടികളെ മടക്കി നല്‍കണം. ഊരിയാവിനെ വധിച്ചതിനു ദാവീദിന് അത് തന്നെ വിലയായി നല്‍കേണ്ടി വന്നു. നാഥാന്‍ ദാവീദിനോട് പറഞ്ഞു: ”നിന്റെ ഭവനത്തില്‍ നിന്നും വാള്‍ ഒരിക്കലും ഒഴിഞ്ഞു മാറുകയില്ല. നിന്റെ സ്വന്തഭവനത്തില്‍ നിന്നു നിനക്ക് അനര്‍ത്ഥമുണ്ടാകും” (10,11 വാക്യങ്ങള്‍). ദാവീദിന്റെ നാലു പുത്രന്മാര്‍ മരണപ്പെട്ടു. ബേത്‌ശേബയില്‍ ജനിച്ച ആദ്യ കുഞ്ഞ്, അമ്‌നോന്‍, അബ്ശാലോം, അദോനിയാ. നാം വിതച്ചത് നാം കൊയ്യും. നാം സംസാരിക്കുന്നതിനനുസരിച്ചായിരിക്കും നമുക്കുള്ള ന്യായവിധി. നാം വിധിക്കുന്ന വിധിയില്‍ നാം വിധിക്കപ്പെടു മെന്നാണ് യേശു പറഞ്ഞത്. അതിനാല്‍ മറ്റുള്ളവരെ വിധിക്കാതെ അവനോട് കരുണയുള്ളവനായിരിക്കുന്നതാണ് ബുദ്ധി.

ഇവിടെ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ സ്വയം തിരിച്ചറിവിലേക്കു വരുന്നത് നാം കാണുന്നു. ദാവീദ് നാഥാനോട് പറയുന്നു: ”ഞാന്‍ സര്‍വേശ്വരനെതിരെ പാപം ചെയ്തു പോയി” (12:13). തുടര്‍ന്നു മനോഹരമായ ഒരു സങ്കീര്‍ത്തനം – 51-ാം സങ്കീര്‍ത്തനം- ദാവീദ് എഴുതി. ”ദൈവമേ അങ്ങേയ്ക്ക് എതിരായി തന്നെ ഞാന്‍ പാപം ചെയ്തു. അവിടുത്തെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തു കളയരുതേ” (സങ്കീ. 51:4,11). ശൗലിനെ പോലെ അവന്‍ തന്റെ പാപത്തെ മറയ്ക്കുവാന്‍ ശ്രമിച്ചില്ല. ശൗല്‍ പറഞ്ഞത് ഇങ്ങനെയാണ്: ”എന്നെ മാനിക്കുക, മറ്റുള്ളവര്‍ എന്റെ പാപം അറിയരുത്” (1 ശമു. 15:30). എന്നാല്‍ ദാവീദ് നാഥാനോട് അങ്ങനെ പറഞ്ഞില്ല. അവനൊരു സങ്കീര്‍ത്തനം എഴുതി എല്ലാവരേയും അത് അറിയിച്ചു. അതാണ് നാം ദാവീദില്‍ കാണുന്ന മഹത്തായ കാര്യം. ഒരു ആത്മീയനല്ലാതിരിക്കെ ഒരു ആത്മീയനെന്നു ഭാവിച്ചില്ല. പാപം ചെയ്തതു ബോധ്യമായപ്പോള്‍ അവന്‍ അത് സമ്മതിച്ചു.

വേറെ എന്താണ് ഈ സംഭവത്തില്‍ നിന്നും നമുക്കു പഠിക്കാന്‍ സാധിക്കുന്നത്? നിങ്ങള്‍ ദൈവമുമ്പാകെ എത്ര വലിയവനാണെങ്കിലും ആരെങ്കിലും നിങ്ങളുടെ ഒരു തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ഉടനെ അത് സമ്മതിക്കുക. ആര്‍ക്കും ഒരിക്കലും നിങ്ങളോട് നിങ്ങള്‍ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും, നിങ്ങള്‍ അല്പം വ്യത്യാസപ്പെടേണ്ടതുണ്ടെന്നും പറയാന്‍ കഴിയാത്തവിധം നിഗളിയും ധാര്‍ഷ്ട്യക്കാരനുമാകരുത്. ദാവീദ് പരസ്യമായി തന്നെത്താന്‍ താഴ്ത്തി. അവന്‍ എഴുതിയ 51-ാം സങ്കീര്‍ത്തനത്തിലൂടെ ലോകത്തോടാകെ തന്റെ പാപത്തെ ഏറ്റു പറഞ്ഞ് ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കുകയാണ്.

ദാവീദ് അനുതാപത്തോടെ ഉപവസിച്ച് പ്രാര്‍ത്ഥിച്ചുവെങ്കിലും ബേത്‌ശേബയുടെ കുഞ്ഞിന്റെ ജീവന്‍ ദൈവം എടുത്തു. ദൈവം കൃപയോടെ നമ്മോട് ഇടപെട്ട് ക്ഷമിക്കുന്നു. എന്നാല്‍ അതോടൊപ്പം അവിടുന്നു നമ്മെ ശിക്ഷണത്തില്‍ നടത്തുകയും ചെയ്യുന്നു.

ഞാന്‍ ഒരു ഉദാഹരണം നല്‍കാം. പല വര്‍ഷങ്ങളായി അശ്ലീല കഥകളും സിനിമകളും കൊണ്ട് മനസ്സ് നിറഞ്ഞിരിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് ചിന്തിക്കുക. പിന്നീട് അവന്‍ അനുതപിച്ച് ദൈവത്തോട് ക്ഷമ ചോദിക്കുന്നു. ദൈവം ഉടനെ തന്നെ അവനോട് ക്ഷമിക്കുന്നു. യേശുക്രിസ്തുവിന്റെ രക്തം അവനെ പൂര്‍ണ്ണമായി കഴുകുന്നു. ഇതുവരെ ഒരു പാപവും ചെയ്യാത്തവനെ പോലെ ദൈവം അവനെ നീതീകരിക്കുന്നു. എങ്കിലും ആ മനുഷ്യന്റെ ഓര്‍മ്മകളില്‍ അശ്ലീല ചിന്തകളും ലൈംഗിക ചിത്രങ്ങളും ചില വര്‍ഷങ്ങള്‍ ഉണ്ടാകും. ദൈവം അവന്റെ ഹൃദയത്തെ പൂര്‍ണ്ണമായും ശുദ്ധീകരിച്ചു. എങ്കിലും എന്തുകൊണ്ടാണ് ഈ അശ്ലീല ചിത്രങ്ങളും ചിന്തകളും അവന്റെ ഓര്‍മ്മയില്‍ നിന്നും മായിച്ചു കളയാതിരുന്നത്? വീണ്ടും അശ്ലീല ചിത്രങ്ങളിലേക്കു നോക്കാതിരിക്കുന്നതിനു ഗൗരവത്തോടെ ശ്രദ്ധിക്കണമെങ്കില്‍ ഈ അശ്ലീല ചിത്രങ്ങള്‍ വീണ്ടും ചില സമയങ്ങളില്‍ ചിന്തയില്‍ വരുമെന്ന തിരിച്ചറിവ് അവനുണ്ടാകണം. ഒരു മനുഷ്യനു പാപക്ഷമ ലഭിച്ചപ്പോള്‍ തന്നെ എല്ലാ അശ്ലീല ചിത്രങ്ങളും ഓര്‍മ്മയില്‍ നിന്നും ദൈവം മാറ്റിയാല്‍ വീണ്ടും ഇത്തരം അശ്ലീല ചിത്രങ്ങളിലേക്കു നോക്കുവാന്‍ നാം വേഗത്തില്‍ പരീക്ഷിക്കപ്പെടും. വിശ്വസ്തനായ മനുഷ്യന്‍ അശുദ്ധ ചിന്തകളെ എതിര്‍ത്ത് തന്റെ മനസ്സ് ദൈവവചനം കൊണ്ട് നിരന്തരം നിറയ്ക്കും. ക്രമേണ ആ അശ്ലീല ചിത്രങ്ങള്‍ അവന്റെ ഓര്‍മ്മയുടെ അടിത്തട്ടിലേയ്ക്കു പോകും. അവ ഒരിക്കലും പൂര്‍ണ്ണമായി ഇല്ലാതാകുന്നില്ല. എന്നാല്‍ ഒരിക്കലും അവനെ അവന്റെ സ്വപ്നങ്ങളില്‍ ഭാരപ്പെടുത്താത്തവിധം വളരെ ആഴത്തിലേയ്ക്കു മുങ്ങിപ്പോകുന്നു. ശുദ്ധമായ നല്ല ചിന്തകള്‍ ഓര്‍മ്മയുടെ മുകള്‍ ഭാഗത്ത് വരികയും അവ അവന്റെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

അധ്യായം 13-ല്‍ നാം അമ്‌നോനു തന്റെ അര്‍ദ്ധ സഹോദരി താമാറില്‍ പ്രേമം ജനിച്ചതിനെ സംബന്ധിച്ച് വായിക്കുന്നു. അവന്‍ അവളെ ബലം പ്രയോഗിച്ചു ലൈംഗികമായി പീഡിപ്പിച്ചു. തന്റെ കാമം അടങ്ങിയപ്പോള്‍ അവന്‍ അവളെ വെറുത്തു. അത് ഇങ്ങനെ പറഞ്ഞിരിക്കുന്നു. ”അവളോട് മുന്‍പുണ്ടായിരുന്ന പ്രേമത്തേക്കാള്‍ തീവ്രമായിരുന്നു അപ്പോഴത്തെ വെറുപ്പ്” (15-ാം വാക്യം). താമാറിനോടുള്ള അവന്റെ കടുത്ത പ്രേമം എങ്ങനെയാണ് പെട്ടെന്നു വെറുപ്പായി മാറിയത്? കാരണം ”പ്രേമം” എന്നവന്‍ വിളിച്ചത് വാസ്തവത്തില്‍ ”കാമം” മാത്രമായിരുന്നു. എല്ലാ ചെറുപ്പക്കാരും പഠിക്കേണ്ട ഒരു പാഠം ഇവിടെയുണ്ട്. പല യുവാക്കളും തങ്ങളൊരു പെണ്‍കുട്ടിയുമായി പ്രേമത്തിലാണെന്ന് അവകാശപ്പെടുന്നു. പലപ്പോഴും അവന്‍ തിരിച്ചറിയാത്ത കാര്യമെന്തെന്നാല്‍, ചെറുപ്പക്കാരന്‍ ”പ്രേമം” എന്നു വിളിക്കുന്നത് വാസ്തവത്തില്‍ ”കാമം” മാത്രമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഈ കാര്യം തിരിച്ചറിഞ്ഞ് തങ്ങളെ ആരും ചൂഷണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

മാനുഷിക സ്‌നേഹം എപ്പോഴും സ്വന്ത ലാഭം നോക്കുന്നതാണ്.

ദൈവിക സ്‌നേഹം എപ്പോഴും മറ്റുള്ളവരുടെ നന്മ അന്വേഷിക്കുന്നതാണെന്ന വസ്തുതയിലൂടെ ആണ് നാം തിരിച്ചറിയേണ്ടത്.

ദാവീദിനു തന്റെ പുത്രനായ അമ്‌നോനെ ഈ കാര്യത്തില്‍ ശാസിക്കാന്‍ കഴിഞ്ഞില്ല. കാരണം അവനും ഇതു തന്നെയാണ് ബേത്‌ശേബയുടെ കാര്യത്തില്‍ ചെയ്തത്. അങ്ങനെയാണ് പല പിതാക്കന്മാര്‍ക്കും തങ്ങളുടെ മക്കളുടെ മേല്‍ ആത്മീയാധികാരം നഷ്ടപ്പെടുന്നത്.

അബ്ശാലോമിന്റെ വിപ്ലവം

അബ്ശാലോം പിന്നീട് അമ്‌നോനെ വധിച്ചു. അങ്ങനെ തന്റെ സഹോദരി താമാറിനു വേണ്ടി പ്രതികാരം ചെയ്തു. ഒടുവില്‍ ദാവീദ് താന്‍ വിതച്ചത് തന്റെ കുടുംബത്തില്‍ നിന്നു തന്നെ കൊയ്യാന്‍ തുടങ്ങി. താന്‍ ബേത്‌ശേബയോടും ഊരിയാവിനോടും ചെയ്തത്- വ്യഭിചാരവും കൊലപാതകവും. ദൈവത്തിന്റെ ന്യായവിധി ഉടനെ ഉണ്ടായാലും ഇല്ലെങ്കിലും അത് കൃത്യതയുള്ളതായിരിക്കും. നാം വിതച്ചത് നാം കൊയ്യാന്‍ തുടങ്ങും.

15-ാം അധ്യായത്തില്‍ ദാവീദിന്റെ പുത്രനായ അബ്ശാലോം തനിക്കു രാജാവാകുന്നതിനു വേണ്ടിയുള്ള ഒരു ഗൂഢാലോചന ആരംഭിക്കുന്നതായി കാണുന്നു. അവന്‍ ദിനംതോറും പ്രഭാതസമയത്ത് നഗരവാതില്ക്കല്‍ ചെന്നു നില്‍ക്കും. ഏതെങ്കിലും പ്രശ്‌നങ്ങളുമായി രാജാവിനെ കാണാന്‍ വരുന്നവരോട് അവന്‍ ഇങ്ങനെ പറയും: ”നിന്റെ വിഷയം ന്യായമുള്ളതാണ്. എങ്കിലും നിന്റെ പരാതി കേള്‍ക്കാന്‍ രാജാവ് ആരേയും നിയമിച്ചിട്ടില്ല. വഴക്കും വ്യവഹാരവും ഉള്ളവന്‍ എന്റെ അടുക്കല്‍ വരികയും ഞാന്‍ അവ തീര്‍ത്തു കൊടുക്കുകയും ചെയ്യത്തക്കവിധം ഞാന്‍ ഒരു ന്യായാധിപന്‍ ആയിരുന്നെങ്കില്‍ അവരുടെ പ്രശ്‌നങ്ങള്‍ ഞാന്‍ പരിഹരിച്ചു കൊടുക്കുമായിരുന്നു.” അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം ക്രമേണ കവര്‍ന്നു.

ഇത് ക്രിസ്തീയ ഗോളത്തില്‍ ചില അവസരങ്ങളില്‍ സംഭവിക്കുന്നതായി നാം കാണുന്നു. തനിക്കു നേതാവാകുന്നതിനു വേണ്ടി നിലവിലുള്ള നേതാവിനെതിരെ ചിലര്‍ ആളുകളുടെ ഹൃദയങ്ങള്‍ കവര്‍ന്നെടുക്കുന്നു. പൗലൊസ് ഏഫെസൊസിലെ മൂപ്പന്മാരോട് പറഞ്ഞു: ”ഞാന്‍ പോയതിനു ശേഷം ശിഷ്യന്മാരെ പാട്ടിലാക്കുന്നതിനു ദുരുപദേശവുമായി ചിലര്‍ നിങ്ങളുടെ ഇടയില്‍ നിന്നു തന്നെ മുന്നോട്ട് വരും” (പ്രവൃ. 20:29,30). അബ്ശാലോം അതാണ് ചെയ്തത്. എന്നാല്‍ അത് അവനു ഗുണമായി തീര്‍ന്നില്ല. അബ്ശാലോമിന്റെ വഴി പിന്തുടരുന്ന ആര്‍ക്കും ഒരിക്കലും ഗുണം ഉണ്ടാവുകയില്ല.

ദാവീദിനു തന്റെ സിംഹാസനം വിട്ട് ജീവനുവേണ്ടി ഓടി പോകേണ്ടി വന്നു. എന്നാല്‍ ദൈവം അതില്‍ നിന്നും ചില നന്മകള്‍ ഉളവാക്കി. ദാവീദ് മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ ചില സങ്കീര്‍ത്തനങ്ങള്‍ എഴുതി- 55,60,63 എന്നീ സങ്കീര്‍ത്തനങ്ങള്‍. അബ്ശാലോം ദാവീദിനെ യെരുശലേമില്‍ നിന്നും ഓടിച്ചിരുന്നില്ലെങ്കില്‍ ഈ സങ്കീര്‍ത്തനങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ടാകുമായിരുന്നില്ല. 3000 വര്‍ഷങ്ങള്‍ക്കു ശേഷവും അത് അനേകര്‍ക്ക് അനുഗ്രഹമായിരിക്കുന്നു. ദൈവം നമ്മെ കടത്തിവിടുന്ന ശോധനയിലൂടെ മറ്റുള്ളവര്‍ക്കു വേണ്ടി ഒരു ശുശ്രൂഷ ചെയ്യുന്നതിനു ദൈവം നമ്മെ ഒരുക്കുകയാണ്.

55-ാം സങ്കീര്‍ത്തനത്തില്‍ 22-ാം വാക്യം ശ്രദ്ധിക്കുക: ”നിന്റെ ഭാരം സര്‍വേശ്വരനെ ഏല്പിക്കുക. അവിടുന്നു നിന്നെ പോറ്റി പുലര്‍ത്തും. നീതിമാന്‍ കുലുങ്ങാന്‍ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല.” ദൈവത്തെ തന്റെ മുഴുവന്‍ ഭാരവും ഏല്പിക്കുവാന്‍ ദാവീദ് പഠിച്ചത് തന്റെ ജീവനുവേണ്ടി ഓടിക്കൊണ്ടിരുന്നപ്പോഴാണ്. അല്ലാതെ സിംഹാസനത്തില്‍ സ്വസ്ഥതയോടെ ഇരുന്നപ്പോഴല്ല.

അബ്ശാലോം ഭരണമാരംഭിച്ചപ്പോള്‍ പലരും ദാവീദിനെ വിട്ട് അബ്ശാലോമിനൊപ്പം കൂടി. ദാവീദിന് അഹീഥോഫേല്‍ എന്നൊരു വിശ്വസ്തനായ ഉപദേഷ്ടാവുണ്ടായിരുന്നു. അവന്റെ വാക്കുകളെ ദാവീദ് ദൈവത്തിന്റെ അരുളപ്പാടു പോലെ കരുതിയിരുന്നു (16:23). എന്നാല്‍ അബ്ശാലോം സിംഹാസനത്തില്‍ എത്തിയ ഉടന്‍ അഹീഥോഫേലും കൂറുമാറി. അഹീഥോഫേല്‍ ബേത്‌ശേബയുടെ മുത്തശ്ശന്‍ ആയിരുന്നു (2 ശമു. 23:34ഉം 11:3ഉം ചേര്‍ത്ത് വായിക്കുക). തന്റെ പേരക്കുട്ടിയോട് ചെയ്ത ദോഷത്തിനു ദാവീദിനോട് പകരം വീട്ടുവാന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു അവന്‍. അതിനാല്‍ അവന്‍ ദാവീദിന്റെ ഭാര്യമാരോടൊത്ത് വ്യഭിചരിക്കുവാന്‍ അബ്ശാലോമിനെ ഉപദേശിച്ചു (16:21,22).

പിന്നീട് ദാവീദിനെ എങ്ങനെ വധിക്കാമെന്ന് അവന്‍ അബ്ശാലോമിനെ ഉപദേശിക്കുന്നു. എന്നാല്‍ ദാവീദ് അതിനു മുന്‍പ് തന്നെ അഹീഥോഫേലിന്റെ ആലോചന വ്യര്‍ത്ഥമാക്കണമെന്നു ദൈവത്തോട് ഒരു വാചകത്തിലുള്ള പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെട്ടിരുന്നു (15:31). ഒറ്റ വാചകത്തിലുള്ള ആ പ്രാര്‍ത്ഥനയ്ക്കു ദൈവം ഉത്തരം നല്‍കി. എത്ര ആശ്ചര്യകരം! അബ്ശാലോം അഹീഥോഫേലിന്റെ ഉപദേശം സ്വീകരിക്കാതെ മറ്റ് ചിലര്‍ നല്‍കിയ ഉപദേശം സ്വീകരിച്ചു. അങ്ങനെ ദാവീദ് കൊല്ലപ്പെടാതെ രക്ഷപെട്ടു. അതിനാല്‍ ഒറ്റവരി പ്രാര്‍ത്ഥന ഒരിക്കലും അവസാനിപ്പിക്കരുത്. അഹീഥോഫേല്‍ ഒരു നിഗളിയായ മനുഷ്യനായിരുന്നതിനാല്‍ തന്റെ ഉപദേശം അബ്ശാലോം സ്വീകരിക്കാതിരുന്നത് അവനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് അവന്‍ പോയി ആത്മഹത്യ ചെയ്തു (17:23).

ദാവീദ് അബ്ശാലോമില്‍ നിന്നും ഓടി പോകുമ്പോള്‍ ശിമെയി എന്നൊരുവന്‍ ദാവീദിനെ ശപിച്ചുകൊണ്ട് അവന്റെ നേര്‍ക്കു കല്ലെറിഞ്ഞു (16:5). ശിമെയി ശൗലിന്റെ ഒരു ബന്ധുവായിരുന്നു. ശൗലിനെ സിംഹാസനത്തില്‍ നിന്നും നീക്കിയത് ദാവീദ് ആയതിനാല്‍ ദാവീദിനോട് ശിമെയിക്കു വളരെ നാളുകളായി വിരോധമുണ്ടായിരുന്നു. ദാവീദ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ശിമെയിക്കു ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവന്‍ ദാവീദിനു നേരെ ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു: ”കൊല പാതകീ, നീചാ, നീ അകലെ പോകൂ. ശൗലിനേയും അവന്റെ കുടുംബത്തേയും കൊന്നതിനു സര്‍വേശ്വരന്‍ നിന്നോട് പകരം ചോദിക്കുകയാണ്. നീ ശൗലില്‍ നിന്നും സിംഹാസനം കവര്‍ന്നെടുത്തു. ഇപ്പോള്‍ അത് നിന്നില്‍ നിന്നും എടുത്ത് നിന്റെ മകനായ അബ്ശാലോമിനു നല്‍കിയിരിക്കുന്നു. ഒടുവില്‍ നീ ചെയ്തത് തന്നെ ഒരളവില്‍ നീയും അനുഭവിക്കുന്നു” (8-ാം വാക്യം). ശിമെയി യഥാര്‍ത്ഥ സത്യത്തെ എത്ര ചെറിയ അളവില്‍ മാത്രമാണ് അറിഞ്ഞിരുന്നത്! ഇന്നും ദൈവദാസന്മാരെ പല കാര്യങ്ങളിലും കുറ്റപ്പെടുത്തുന്നവരുടെ കാര്യവും ഇങ്ങനെ തന്നെയാണ്.

ദാവീദിന്റെ പടയാളികളില്‍ ഒരാള്‍ അനുവാദം ചോദിച്ചു: ”ഞാന്‍ ശിമെയിയുടെ തല വെട്ടിയെടുക്കട്ടെ” (16:9). എന്നാല്‍ ദാവീദ് മറുപടി പറഞ്ഞതിങ്ങനെയാണ് ”വേണ്ട, എന്നെ ശപിക്കുവാന്‍ ദൈവം അവനോട് പറഞ്ഞിട്ടുണ്ടെങ്കില്‍ (അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍) ഞാന്‍ എന്തിനാണ് ദൈവത്തോട് പോരാടുന്നത്?” (16:10). ദൈവത്തിന്റെ സമ്പൂര്‍ണ്ണ പരമാധികാരത്തെ സംബന്ധിച്ച് ദാവീദിനുള്ള തിരിച്ചറിവ് അത്ഭുതകരമാണ്. ദൈവത്തിന്റെ അനുവാദം കൂടാതെ ആരും തനിക്കെതിരെ സംസാരിക്കുകയില്ല എന്ന് അവന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. ഈ സത്യം അറിഞ്ഞാല്‍ തന്നെ എത്ര സമാധാനമാണ് നമുക്കുണ്ടാകുന്നത്!

യോവാബ് അബ്ശാലോമിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോള്‍ ദാവീദ് അവനോട് ഇങ്ങനെ പറഞ്ഞു: ”എന്നെ ഓര്‍ത്ത് ആ ചെറുപ്പക്കാരനോട് നിങ്ങള്‍ കാരുണ്യപൂര്‍വ്വം പെരുമാറണം” (18:5). നാം ചില ചെറുപ്പക്കാരെ ശിക്ഷണത്തിലേയ്ക്കു നടത്തുമ്പോള്‍ സര്‍വേശ്വരനില്‍ നിന്നും നാം കേള്‍ക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്ന വാക്കുകളാണ് ഇത്. ദാവീദിന്റെ സൈന്യമാണ് ഒടുവില്‍ യുദ്ധം ജയിച്ചത്.

അധ്യായം 18:19-32 വാക്യങ്ങളില്‍ അഹീമാസ് എന്നൊരു ചെറുപ്പക്കാരനെ സംബന്ധിച്ച് വായിക്കുന്നു. യുദ്ധം ജയിച്ച സദ്‌വാര്‍ത്ത ദാവീദിനെ ആദ്യം അറിയിച്ചയാള്‍ എന്ന നിലയില്‍ പ്രശംസ നേടാന്‍ അവന്‍ ആഗ്രഹിച്ചു. എന്നാല്‍ യോവാബ് ഒരു കൂശ്യനെയാണ് ഈ സദ്‌വാര്‍ത്ത അറിയിക്കുവാന്‍ അയച്ചത്. അഹീമാസ് വീണ്ടും നിര്‍ബന്ധിച്ചതിനാല്‍ യോവാബ് അവനേയും അനുവദിച്ചു. അവന്‍ കൂശ്യനേക്കാള്‍ വേഗത്തില്‍ ഓടി ആദ്യം ദാവീദിന്റെ അടുക്കല്‍ എത്തി യുദ്ധം ജയിച്ച വാര്‍ത്ത അറിയിച്ചു. എന്നാല്‍ ദാവീദിന് അബ്ശാലോം ജീവിച്ചിരിക്കുന്നോ എന്നറിയാനായിരുന്നു കൂടുതല്‍ താല്പര്യം. നിര്‍ഭാഗ്യവശാല്‍ അഹീമാസിന് അത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. അതിനാല്‍ കൂശ്യന്‍ വന്ന് ആ വിവരം അറിയിക്കുന്നതു വരെ മാറി നില്‍ക്കേണ്ടി വന്നു. ഇത് രണ്ടുതരം പ്രസംഗകരുടെ ഒരു ചിത്രമാണ്. ഒരുവനു പോയി പ്രസംഗിക്കാന്‍ വലിയ ആവേശമാണ്. എന്നാല്‍ അവനെ ദൈവം അയച്ചിട്ടില്ല. എന്നാല്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ട മറ്റൊരുത്തനുണ്ടായിരുന്നു. ദൈവത്താല്‍ അയയ്ക്കപ്പെട്ടവന്റെ പക്കലാണ് പൂര്‍ണ്ണ സന്ദേശം- പൂര്‍ണ്ണ സുവിശേഷം- ഉള്ളത്. അവന്‍ മാനുഷിക കഴിവുകള്‍ ഇല്ലാത്തവനെങ്കിലും അത് ഒരു പ്രശ്‌നമല്ല. അഹീമാസിനെ പോലെ ദൈവത്താല്‍ അയയ്ക്കപ്പെടാത്ത അനേകം പ്രവാചകന്മാര്‍ ഇന്നുമുണ്ട്. അവരുടെ പ്രവചനത്താല്‍ അനേക ക്രിസ്ത്യാനികള്‍ ചതിക്കപ്പെടുന്നു. വിശ്വാസികളെന്ന നിലയില്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും അന്ധമായി സ്വീകരിക്കാതെ എല്ലാ പ്രവചനങ്ങളും പരിശോധിച്ച് നോക്കണം.

അബ്ശാലോം മരിച്ചുവെന്നു കേട്ടപ്പോള്‍ ദാവീദ് പൊട്ടിക്കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: ”ഓ, എന്റെ മകനെ അബ്ശാലോമേ, നിനക്കു പകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു” (18:33). ഇവിടെ നാം ക്രിസ്തുവിന്റെ അത്മാവിനെയാണ് ദാവീദില്‍ കാണുന്നത്. തന്നോട് കലഹിച്ചവരുടെ സ്ഥാനത്ത് താന്‍ മരിച്ചിരുന്നെങ്കില്‍ എന്നവന്‍ ആഗ്രഹിച്ചു. ദാവീദില്‍ നാം പുതിയ ഉടമ്പടിയുടെ അത്മാവിന്റെ അംശം കാണുന്നു. തന്നെ വധിക്കുന്നതിനു പദ്ധതിയിട്ടവരെ പോലും അവന്‍ വെറുത്തില്ല.

അബ്ശാലോം കൊല്ലപ്പെട്ടതിനു ശേഷം ദാവീദ് സിംഹാസനത്തിലേക്കു മടങ്ങിവന്നു. ദാവീദ് ചെറുപ്പമായിരുന്നപ്പോള്‍ അവന്‍ ശൗലില്‍ നിന്നു സിംഹാസനം തട്ടിയെടുക്കുമോയെന്ന് ദൈവം പരിശോധിച്ചു. ഇപ്പോള്‍ അവന്‍ പ്രായമായതിനു ശേഷം അബ്ശാലോമില്‍ നിന്നും സിംഹാസനം തട്ടിയെടുക്കുമോ എന്നും പരിശോധിച്ചു. രണ്ട് സഹാചര്യത്തിലും ദൈവം അതു തനിക്കു തരുന്നതുവരെ ദാവീദ് കാത്തിരുന്നു. അവന്‍ സ്വയമായി അതു തട്ടിയെടുത്തില്ല. നാം ചെറുപ്പ മായിരിക്കുമ്പോഴും പ്രായമായതിനു ശേഷവും ദൈവം നമ്മെ പരിശോധിക്കും. ആദ്യ തവണ ദാവീദിനു പത്തു വര്‍ഷത്തിലധികം അലഞ്ഞു നടക്കേണ്ടി വന്നു. എന്നാല്‍ രണ്ടാം തവണ ചില ദിവസങ്ങള്‍ മാത്രമാണ് അവനു തന്റെ ജീവന്‍ രക്ഷിക്കുന്ന തിനായി ഓടി പോകേണ്ടി വന്നത്. ഓരോ ശോധനയും എത്ര കാലമെന്നത് ദൈവം നിശ്ചയിക്കും. ഒരിക്കലും അവിടുന്നു നമ്മുടെ പ്രാപ്തിക്കു മീതെ നമ്മെ പരീക്ഷിക്കുകയില്ല.

ദാവീദിന്റെ അവസാന നാളുകള്‍

21-ാം അധ്യായത്തില്‍ യിസ്രായേലില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ക്ഷമാമുണ്ടാകുന്നതായി നാം വായിക്കുന്നു. ആദ്യ രണ്ടു വര്‍ഷം ഇതൊരു സ്വാഭാവിക പ്രകൃതി ദുരന്തം മാത്രമാണെന്നു ദാവീദ് കരുതി. എന്നാല്‍ മൂന്നാം വര്‍ഷവും തുടര്‍ന്നപ്പോള്‍ ദാവീദ് ദൈവത്തില്‍ നിന്നും ഇതിനു കാരണം ആരാഞ്ഞു. നാം തുടര്‍ച്ചയായി സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുമ്പോഴും, ദൈവത്തിന്റെ അനുഗ്രഹം തുടര്‍ച്ചയായി നമ്മുടെ ജീവിതത്തിലില്ലാതിരിക്കുമ്പോഴും ദൈവത്തില്‍ നിന്നും അതിന്റെ കാരണം അന്വേഷിക്കുന്നത് നല്ലതാണ്. തീര്‍ച്ചയായും അതിനൊരു കാരണമുണ്ടാകും. ശൗല്‍ മുന്‍പ് ഗിബെയോന്യരെ വധിച്ചു എന്നതാണ് ഇവിടെ അതിനു കാരണം. ദൈവം യോശുവയോട് കൊന്നു കളയുവാന്‍ ആവശ്യപ്പെട്ടിരുന്ന കൂട്ടരാണ് ഗിബെയോന്യര്‍. എന്നാല്‍ ഗിബെയോന്യര്‍ ചതിയിലൂടെ യോശുവയുമായി തങ്ങളെയോ ഭാവിയില്‍ തങ്ങളുടെ പിന്‍തലമുറയില്‍പ്പെട്ടവരെയോ യിസ്രായേല്യര്‍ കൊല്ലുകയില്ല എന്നൊരു ഉടമ്പടി വാങ്ങി. ശൗല്‍ ഈ ഉടമ്പടിയാണ് ലംഘിച്ചത്. ശത്രുവിനോടുള്ള നമ്മുടെ വാക്കു ലംഘിക്കുന്നതുപോലും ദൈവം വളരെ ഗൗരവത്തോടെ കാണുന്നു. ഈ വിഷയം ശരിയാക്കുന്നതിനു വേണ്ടത് ചെയ്തു കഴിഞ്ഞപ്പോള്‍ ദൈവം വീണ്ടും വലിയ വിളവ് നല്‍കി നാടിനെ അനുഗ്രഹിച്ചു.

22-ാം അധ്യായം വിടുതലിന്റെ സങ്കീര്‍ത്തനമാണ്. ഇത് വീണ്ടും അതേപോലെ 18-ാം സങ്കീര്‍ത്തനത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു. 17 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ നമ്മുടെ രക്ഷയെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.

23-ാം അധ്യായം 2 മുതല്‍ 4 വരെയുള്ള വാക്യങ്ങള്‍: ദാവീദ് യിസ്രായേലിന്റെ മഹാനായൊരു നേതാവായിരുന്നു. അദ്ദേഹം മരിക്കുന്നതിനു മുന്‍പ് ഒരു ആത്മീയ നേതാവിനു വേണ്ട ഗുണങ്ങളില്‍ ചിലത് രേഖപ്പെടുത്തി. ഒരു നേതാവ് പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടവനായിരിക്കണം. ദൈവത്തിന്റെ വചനം എപ്പോഴും അവന്റെ നാവില്‍ ഉണ്ടായിരിക്കണം. അവന്‍ ജനത്തെ നീതിയോടെ ദൈവഭയത്തില്‍ നയിക്കണം. അവന്റെ ജീവിതം വെളിച്ചംപോലെ ശോഭിക്കണം. മേഘരഹിതമായ ആകാശത്തിലെ പ്രഭാതസൂര്യന്‍ പോലെ അവന്‍ ശോഭിക്കണം.

അധ്യായം 23:8-39: ഇവിടെ നാം ദാവീദിന്റെ കൂടെയുണ്ടായിരുന്ന വീരയോദ്ധാക്കന്മാരുടെ പട്ടികയും അവരുടെ സാഹസ കൃത്യങ്ങളും വായിക്കുന്നു. ദാവീദ് തന്നെ ധൈര്യശാലിയായ ഒരു മനുഷ്യനായിരുന്നു. ധീരന്മാരായ ചിലരെ തന്നോടൊപ്പം അവന്‍ ചേര്‍ത്തു. ഇന്നും സാത്താനെതിരെ പോരാടുന്നതിനു ഭയമില്ലാത്ത നേതാക്ക ന്മാരെ സഭയില്‍ ദൈവത്തിന് ആവശ്യമുണ്ട്. അവരിലൂടെ ദൈവം വലിയ വിജയം നേടും. ആവശ്യമെങ്കില്‍ ചില അവസരത്തില്‍ ഒരു വ്യക്തിയിലൂടെയും അത് സാധിക്കും (10,12 വാക്യങ്ങള്‍). ധൈര്യത്തോടെ ദൈവത്തിനായി ഒരു നിലപാടെ ടുക്കുന്നവരെ ദൈവത്തിന് ആവശ്യമുണ്ട് (12-ാം വാക്യം). യിസ്രായേലിന്റെ ഭരണാധികാരിയെന്ന നിലയില്‍ ദാവീദിനു വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്നു. തന്റെ കൂടെയുള്ള ധൈര്യശാലികളായ ആളുകള്‍ക്കു ചില ചുമതലകള്‍ ഏല്പിച്ചു കൊടുക്കണമെന്ന് ദാവീദ് അറിഞ്ഞിരുന്നു. അവന്‍ ഏകനായി ഒന്നും ചെയ്തില്ല.

അധ്യായം 24: ഇവിടെ നാം ദാവീദ് ചെയ്ത ഗുരുതരമായ മറ്റൊരു പാപത്തെ സംബന്ധിച്ച് വായിക്കുന്നു. ദാവീദ് യിസ്രായേലിലെ ജനങ്ങളുടെ എണ്ണം എടുക്കാന്‍ തീരുമാനിച്ചു. താന്‍ എത്ര ആളുകളുടെ മേല്‍ അധികാരി ആയിരിക്കുന്നു എന്ന് അറിയുന്നതിനോ തന്റെ സൈന്യം എത്ര ശക്തമാണെന്ന് അറിയുന്നതിനോ വേണ്ടി ആയിരിക്കണം അവന്‍ ഇത് ചെയ്തത്. അവന്റെ സൈന്യാധിപനായ യോവാബ് (ദാവീദിനോളം ദൈവത്തെ അറിയാത്ത ഒരുവന്‍) ഇത് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു (3-ാം വാക്യം). എന്നാല്‍ ദാവീദ് ശാഠ്യത്തോടെ മുന്നോട്ട് പോയി അത് ചെയ്തു. യഹോവ ഈ കാരണത്താല്‍ അവനെ ശിക്ഷിച്ചു. 70000 യിസ്രായേല്യര്‍ മഹാവ്യാധി മൂലം മരിച്ചു (15-ാം വാക്യം). അവന്റെ ജനസംഖ്യാ നിര്‍ണ്ണയം നിഷ്ഫലമായി. കാരണം ഒരു ദിവസം കൊണ്ട് ജനസംഖ്യയില്‍ 70000 ആളുകളെ കുറവു ചെയ്യാന്‍ തനിക്കു സാധിക്കുമെന്നു ദൈവം ദാവീദിനു കാണിച്ചു കൊടുത്തു!

ദാവീദ് അനുതപിച്ച് സര്‍വേശ്വരന് ഒരു യാഗം കഴിക്കാന്‍ തീരുമാനിച്ചു. അതിനായി ഒരു സ്ഥലം ദൈവം നിര്‍ദ്ദേശിച്ചു. അത് അബ്രാഹാം യിസ്ഹാക്കിനെ ദൈവത്തിനു സമര്‍പ്പിച്ച മോറിയാ മലയിലുള്ള അരവ്‌നായുടെ മെതിക്കളത്തിനു സമീപമായിരുന്നു. അരവ്‌നാ ദാവീദ് രാജാവിനെ കണ്ടപ്പോള്‍ തന്റെ കാളകളും യാഗത്തിനുള്ള വിറകും സൗജന്യമായി നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ ദാവീദ് അവന്റെ വാഗ്ദാനം നിരസിച്ചുകൊണ്ട് അതിന്റെ വില താന്‍ നല്‍കുമെന്ന് അറിയിച്ചു. അവന്‍ ഇങ്ങനെ പറഞ്ഞു: ”എനിക്കു ഒരു ചെലവുമില്ലാത്ത യാഗം എന്റെ ദൈവമായ യഹോവയ്ക്കു ഞാന്‍ അര്‍പ്പിക്കുകയില്ല” (24:24). ഇത് നമുക്കെല്ലാം ജീവിതകാലമത്രയും ഏറ്റെടുക്കാവുന്ന ഒരു നല്ല പ്രമാണ വാക്യമാണ്.

നിങ്ങളുടെ ജീവിതകാലമെല്ലാം ഓര്‍ത്തിരിക്കേണ്ട ഒരു വാക്യമാണിത്. നിങ്ങള്‍ക്കു ചെലിവില്ലാത്തതൊന്നും ദൈവത്തിനു നല്‍കരുത്.

വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ ആലയം പണിയുന്നത് ഈ സ്ഥലത്തായിരിക്കണമെന്നാണ് ദൈവം കല്പിച്ചത് (2 ദിനവൃത്താന്തം 3:1). അബ്രാഹാമും ദാവീദും ”ഞങ്ങള്‍ക്കു ചെലവുള്ള ചിലത്” സമര്‍പ്പിച്ച സ്ഥലം തന്നെയാണ് ദൈവം തന്റെ ആലയം പണിയുന്നതിനായി തിരഞ്ഞെടുത്തത്.

ഇന്നും അങ്ങനെ തന്നെ ദൈവത്തിന്റെ യഥാര്‍ത്ഥ ഭവനം- സഭ- സമര്‍പ്പണ മനോഭാവമുള്ള വ്യക്തികളിലൂടെയാണ് പണിയപ്പെടുന്നത്. ക്രിസ്തീയ ലോകമാകെ സ്വന്തകാര്യം മാത്രം അന്വേഷിക്കുന്ന വ്യക്തികളാല്‍ നിറഞ്ഞിരിക്കുന്നു. അവര്‍ ദൈവത്തിനു കൊടുക്കുന്നത് തങ്ങള്‍ക്കു ചെലവില്ലാത്തതോ അല്ലെങ്കില്‍ അല്പം മാത്രം ചെലവു വരുന്നതോ ആയ കാര്യങ്ങളാണ്. ”എനിക്കു ഒരു ചെലവുമില്ലാത്ത യാഗം ദൈവത്തിനു ഞാന്‍ അര്‍പ്പിക്കുകയില്ല.” ഈ മനോഭാവം ജീവിതകാലമത്രയും ഉള്ള വ്യക്തികളെയാണ് ദൈവം അന്വേഷിക്കുന്നത്.

”നിങ്ങള്‍ക്ക് ദൈവത്തെ സേവിക്കുന്നതിനാല്‍ എന്ത് ചെലവാണ് ഉണ്ടായിട്ടുള്ളത്?”

What’s New?