ബൈബിളിലൂടെ : കൊലൊസ്യര്‍


ക്രിസ്തു നിങ്ങളില്‍ – മഹത്വത്തിന്റെ പ്രത്യാശ


പൗലൊസ് ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു പട്ടണമാണ് കൊലൊസ്യ. ഒരുപക്ഷേ പൗലൊസ് എഫെസോസില്‍ താമസിച്ചിരുന്ന കാലത്തു പൗലൊസിന്റെ ശിഷ്യന്മാരിലൊരാള്‍, ചിലപ്പോള്‍ എപ്പഫ്രാസ്, ആയിരിക്കാം മരുപ്രദേശത്തേക്കു ചെന്ന് അവിടെ ഒരു സഭ സ്ഥാപിച്ചത്. അങ്ങനെ പൗലൊസ് ആ സഭയെക്കുറിച്ചു വളരെക്കാര്യങ്ങള്‍ എപ്പഫ്രാസില്‍ നിന്നും അറിഞ്ഞിരുന്നു. അതുകൊണ്ട് ആ സഭയെക്കുറിച്ച് അദ്ദേഹത്തിനു പ്രത്യേക താത്പര്യവും ഉണ്ടായിരുന്നു. എഫെസ്യ ലേഖനവും കൊലൊസ്യ ലേഖനവും ‘ഇരട്ട പിറന്ന കുട്ടികളെ’പ്പോലെയാണെന്നു വേണമെങ്കില്‍ നമുക്കു കരുതാം.


യേശു – ദൈവവും മനുഷ്യനും


എഫെസ്യ ലേഖനത്തിന്റെ പ്രമേയം ‘ക്രിസ്തുവില്‍’ എന്നാണെങ്കില്‍, കൊലൊസ്യ ലേഖനത്തിന്റെ പ്രമേയം ”ക്രിസ്തു നിങ്ങളില്‍” എന്നാണ്. 1:27ല്‍ നാം കാണുന്നു: ”മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു” എന്ന്. എഫെസ്യ ലേഖനത്തില്‍ ക്രിസ്തുവിലുള്ള നമ്മുടെ സ്ഥാനത്തെക്കുറിച്ചു നാം വായിക്കുന്നു. സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളാലും ദൈവം നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്നു എന്ന്. കൊലൊസ്യരിലാണ് ഇതിന്റെ മറുവശം നാം കണ്ടെത്തുന്നത്. അതു ക്രിസ്തു നമ്മില്‍ ഇരിക്കുന്നു എന്നതാണ്. ഫലം താന്‍ ഈ ഭൂമിയിലായിരുന്നപ്പോഴുള്ള സ്വര്‍ഗ്ഗീയ ജീവനെ തനിക്കു നമ്മില്‍ വെളിപ്പെടുത്താന്‍ ക്രിസ്തുവിനു കഴിയും! അതുകൊണ്ടു കൊലൊസ്യ ലേഖനത്തിന്റെ ഊന്നല്‍ ദൈവത്തിന്റെ സകല സമ്പൂര്‍ണ്ണതയും ക്രിസ്തുവില്‍ ദേഹരൂപമായി വസിക്കുന്നു (2:9) എന്നതിലാണ്. ദൈവത്തിന്റെ സകല സമ്പൂര്‍ണ്ണതയും ദൈവരൂപത്തില്‍ ആദ്യമായി വസിച്ചത് യേശുക്രിസ്തുവിലായിരുന്നു. ഇന്ന് അതേ പൂര്‍ണ്ണത നമ്മിലൂടെയും വെളിപ്പെടുത്തുവാന്‍ ദൈവം തിരുമനസ്സായിരിക്കുന്നു എന്നത്രേ. ഈ ലേഖനത്തിന്റെ പ്രധാന ആശയം ഇതു തന്നെ.


ഈ ലേഖനത്തില്‍ മനുഷ്യശരീരത്തെക്കുറിച്ചുള്ള രണ്ടു തെറ്റായ വാദഗഗതികളെ പൗലൊസ് തിരുത്തുന്നു. ഈ തെറ്റായ വാദഗതികള്‍ വ്യാജമതങ്ങളിലുള്‍പ്പെടെ നമുക്കു കണ്ടെത്താന്‍ കഴിയും.
അതിലെ ഒന്നാമത്തെ വാദം: മനുഷ്യശരീരം അതില്‍ത്തന്നെ തിന്മയാണ്. അതുകൊണ്ടു ഒരു വ്യക്തി ആത്മീയനായിത്തീരുമ്പോള്‍ ശരീരത്തെ മുഴുവനായും അടിച്ചമര്‍ത്തുകയും ആഗ്രഹങ്ങളെ നിഗ്രഹിക്കുകയും ചെയ്യേണ്ടതാണ്. ശാരീരിക പീഡനത്തിലൂടെ, യോഗയിലൂടെ, ശരീരത്തിന്റെ മറ്റു ശിക്ഷണങ്ങളിലൂടെയൊക്കെ വിശുദ്ധി പ്രാപിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ എല്ലാ മതങ്ങളിലും ഈ ഉപദേശങ്ങള്‍ നമുക്കു കാണാന്‍ കഴിയും. കൊലൊസ്യ ലേഖനം രണ്ടാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്തു പൗലൊസ് ഇക്കാര്യങ്ങളെക്കുറിച്ചു പറയുന്നതു നമുക്കു വായിക്കാം. മനുഷ്യശരീരത്തെക്കുറിച്ചുള്ള മറ്റൊരു വാദഗതി അതു പ്രസക്തമല്ലാത്ത ഒന്നാണ് എന്നതാണ്. ആത്മാവിനു മാത്രമാണ് പ്രാധാന്യമുള്ളത്. അതുകൊണ്ടു ശരീരത്തിന്റെ പ്രവൃത്തികളെ, കാമനകളെ, യഥേഷ്ടം വിഹരിക്കാന്‍ വിടുന്നതില്‍ അപാകതയൊന്നുമില്ല എന്നുള്ളതാണ്. മതത്തിന്റെ പേരില്‍ ദുര്‍ന്നടപ്പും ലൈംഗിക കേളികളും പ്രചാരത്തിലായതിന്റെ കാരണം ഈ ഉപദേശമാണ്. ‘ദേവദാസി സമ്പ്രദായ’ത്തെക്കുറിച്ചും ഒക്കെ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. മനുഷ്യശരീരത്തെക്കുറിച്ച് ഈ രണ്ടു കാഴ്ചപ്പാടുകളും നൂറ്റാണ്ടുകളായി മനുഷ്യര്‍ വച്ചു പുലര്‍ത്തിയിരുന്നു. ഈ രണ്ടു കാഴ്ചപ്പാടുകളിലും ശരീരം അധമമെന്ന സമീപനമായിരുന്നു ഉണ്ടായിരുന്നത്. ഇതു കാരണം സര്‍വ്വശക്തനായ ദൈവത്തിനു മനുഷ്യശരീരത്തില്‍ വന്നു വസിക്കാന്‍ കഴിയില്ലെന്നും ഭൂമിയില്‍ മനുഷ്യനെപ്പോലെ നടന്നില്ല എന്നും കൊലൊസ്യയില്‍ ചിലര്‍ വിശ്വസിച്ചിരുന്നു. ഇന്നും യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നുള്ളതിന് തങ്ങളുടെ പ്രായോഗിക ജീവിതത്തില്‍ സാംഗത്യം ഉണ്ടെന്നു വിശ്വസിക്കാത്തവരാണ് ഒട്ടേറെ ക്രിസ്ത്യാനികളും.

യേശുക്രിസ്തു ദൈവമാണ് – എക്കാലവും അങ്ങനെ തന്നെ ആയിരുന്നു. ഭൂമിയില്‍ വന്ന ശേഷവും ദൈവമായിരുന്നു. അതോടൊപ്പം അവിടുന്ന് ഒരു പൂര്‍ണ്ണ മനുഷ്യനായും തീര്‍ന്നു. ഈ രണ്ടു സത്യങ്ങളും ഒരുപോലെ പ്രാധാന്യമുള്ളതാണ്. ഈ രണ്ടു സത്യങ്ങളില്‍ ഏതെങ്കിലും ഒന്നിനുള്ള പ്രാധാന്യം മങ്ങിയാല്‍ നമ്മുടെ പ്രായോഗിക ജീവിതത്തിനും അതേ അളവില്‍ നഷ്ടം സംഭവിക്കും.

യേശുക്രിസ്തു ദൈവമാണെന്നു നാം വിശ്വസിക്കുന്നില്ലെങ്കില്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ല. കാരണം ദൈവത്തിനല്ലാതെ മറ്റാര്‍ക്കും നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ക്രൂശിന്മേല്‍ വഹിച്ച് അതിനെ ഒഴിക്കാന്‍ കഴിയില്ല.

യേശു നമ്മേപ്പോലെ ഒരു മനുഷ്യനാണ് എന്നു നാം വിശ്വസിക്കുന്നില്ലെങ്കില്‍, ”സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശന്‍” (എബ്രാ. 2:17) എന്നത് അംഗീകരിച്ചില്ലെങ്കില്‍, നമുക്കൊരിക്കലും തന്നെ അനുഗമിക്കുവാന്‍ കഴിയില്ല. കാരണം ദൈവം മാത്രമായിരിക്കുന്ന ഒരു വ്യക്തിയെ നമുക്ക് അനുഗമിപ്പാന്‍ കഴിയില്ല. എന്നാല്‍ ദൈവമെന്ന നിലയിലുള്ള തന്റെ എല്ലാ അവകാശങ്ങളും പദവികളും വിട്ടുകളഞ്ഞ ശേഷമായിരുന്നു യേശു ഭൂമിയില്‍ നടന്നത്. നമ്മുടെ മാനുഷികമായ പരിമിതികളോടെ (ഫിലി. 2:6). അതുകൊണ്ടു നമുക്കു അവിടുത്തെ അനുഗമിപ്പാന്‍ കഴിയും.

പാപം എന്നത് ശരീരത്തില്‍ കാണുന്ന ഒന്നല്ല. നിങ്ങള്‍ക്ക് ഒരു ശരീരമുള്ളതുകൊണ്ടല്ല നിങ്ങള്‍ പാപം ചെയ്യുന്നത്. യേശുവിനു നമ്മപ്പോലെയുള്ള ഒരു ശരീരം തന്നെ ഉണ്ടായിരുന്നു. തന്റെ അമ്മയില്‍ നിന്ന് ആയിരുന്നു ആ ശരീരം വന്നത്- ദാവീദിന്റെ സന്തതിയായി. (2 തിമൊ. 2:8- കിങ് ജെയിംസ് തര്‍ജ്ജമ- ഗ്രീക്കു മൂലത്തില്‍ ‘ദാവീദിന്റെ ബീജം’ എന്നാണ് പ്രയോഗം). നമ്മെപ്പോലെ ഒരു ശരീരമാണുണ്ടായിരുന്നതെങ്കിലും ആ ശരീരത്തില്‍ പാപം ഉണ്ടായിരുന്നില്ല- ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയ പാപം. ജനനം മുതല്‍ മരണം വരെയും അവിടുന്നു പാപമില്ലാത്തവനായിരുന്നു.

ഇതേ സമയം ശരീരമില്ലാത്ത സാത്താന്‍ പാപപൂര്‍ണ്ണനുമാണ്.

പാപത്തിനു മനുഷ്യശരീരവുമായി ബന്ധമില്ലെന്നു നാം കണ്ടു. പരീക്ഷയോ പ്രലോഭനങ്ങളോ ഉണ്ടാകുമ്പോള്‍ നാം ആണ് തീരുമാനങ്ങള്‍ എടുക്കുന്നത്. പാപം പ്രവര്‍ ത്തിക്കാന്‍ നമ്മുടെ ശരീരത്തെ വിട്ടുകൊടുക്കണോ അതോ വിശുദ്ധിയും ദൈവത്തിന്റെ ജീവനും നമ്മിലൂടെ വെളിപ്പെടുത്തണമോ എന്ന്.

ദൈവത്തിന്റെ സകല സമ്പൂര്‍ണ്ണതയും ദേഹരൂപത്തില്‍ ക്രിസ്തുവില്‍ വസിച്ചിരുന്നുവെന്നും ആ ക്രിസ്തു നമ്മില്‍ വസിക്കുന്നു എന്നുള്ളതുമാണല്ലോ കൊലൊസ്യ ലേഖനത്തിന്റെ പ്രധാന പ്രമേയം. ഒന്നാം അധ്യായത്തില്‍ ക്രിസ്തുവിന് സകല സൃഷ്ടിയിലും വീണ്ടെടുപ്പിലും ഉപരിയായുള്ള ശ്രേഷ്ഠതയെക്കുറിച്ചു പറയുന്നു. പ്രഥമമായി പൗലൊസ് കൊലൊസ്യര്‍ക്കു വേണ്ടി ദൈവത്തോടു നന്ദി പറയുന്നു. അതോടൊപ്പം താന്‍ ലേഖനമെഴുതുന്ന സഭകള്‍ക്കൊക്കെയും വേണ്ടി പ്രാര്‍ത്ഥിക്കുന്നതു പോലെ കൊലൊസ്യര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. ”ഞങ്ങള്‍ അതു കേട്ട നാള്‍ മുതല്‍ നിങ്ങള്‍ക്കു വേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നു” (1:9). പൗലൊസ് ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടിയാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത് (1:7,8). തന്റെ സഹപ്രവര്‍ത്തകനായ എപ്പഫ്രാസ് ആണ് ഇവിടെ സഭ സ്ഥാപിച്ചത്. ഈ വിശ്വാസികളെക്കുറിച്ച് പൗലൊസിനോടു പറഞ്ഞതും എപ്പഫ്രാസ് തന്നെ.

അപ്പൊസ്തലനായ പൗലൊസിന്റെ പ്രാര്‍ത്ഥനകളെക്കുറിച്ചുള്ള ഒരു വേദപഠനം നടത്തുന്നതു നന്നായിരിക്കും. റോമര്‍ മുതല്‍ 2 തിമൊഥയോസ് വരെ പല പ്രാര്‍ത്ഥനകള്‍ ലേഖനങ്ങളില്‍ പൗലൊസിന്റേതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ ഇതു ശ്രദ്ധിച്ചാല്‍ വിശ്വാസികള്‍ക്കു വേണ്ടി ആത്മീയ കാര്യങ്ങള്‍ മാത്രമേ പൗലൊസ് പ്രാര്‍ത്ഥിച്ചിട്ടുള്ളു എന്നു കണ്ടെത്തുവാന്‍ കഴിയും. ക്രിസ്ത്യന്‍ സഹോദരങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടിയോ, നല്ല വീടുകള്‍ക്കു വേണ്ടിയോ നല്ല ഉദ്യോഗങ്ങള്‍ ലഭിക്കാനോ ഒന്നും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നില്ല എന്നു കാണാന്‍ കഴിയും. യാതൊരു ഭൗതിക കാര്യങ്ങള്‍ക്കും വേണ്ടി പൗലൊസ് പ്രാര്‍ത്ഥിക്കുന്നില്ല എന്നു കണ്ടെത്താം. ഈ ഭൂമിയിലെ കാര്യങ്ങളൊക്കെ അല്പ സമയത്തേക്കു മാത്രമുള്ളതാണെന്ന ബോധം പൗലൊസിന് ആഴത്തില്‍ ഉണ്ടായിരുന്നു.

ഒരു ദൃഷ്ടാന്തത്തിനായി നമ്മുടെ ഭൂമിയിലുള്ള ജീവിതത്തെ നിത്യതയിലേക്കുള്ള ഒരു തീവണ്ടി യാത്രയോട് തുലനം ചെയ്യാം. ഈ യാത്ര ഒരു ഹ്രസ്വമായ സമയത്തേക്കുള്ളതാണ്. അതു കഴിയുമ്പോള്‍ നാം ലക്ഷ്യസ്ഥാനത്തെത്തിച്ചേരും. നാം ബുദ്ധിമാന്മാരെങ്കില്‍ സുഖകരമായ ഒരു യാത്രയെക്കാള്‍ എത്തിച്ചേരുന്നിടത്തു സുഖകരമായ ഒരു ജീവിതത്തിനാവശ്യമായതൊക്കെ നാം ഒരുക്കും. അതുകൊണ്ടു പൗലൊസ് വിശ്വാസികള്‍ക്കുവേണ്ടി നിത്യതയില്‍ അവര്‍ ഖേദിക്കാതിരിക്കാന്‍ തക്കവണ്ണം ഭൂമിയിലെ ജീവിതം ആയിരിക്കേണ്ടതിന് പ്രാര്‍ത്ഥിക്കുന്നു.

അവര്‍ ”ആത്മീയമായ സകല ജ്ഞാനത്താലും വിവേകത്താലും തന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ടു നിറഞ്ഞു വരേണം” (1:10) എന്നു പൗലൊസ് പ്രാര്‍ത്ഥിച്ചു. മറ്റൊരു അര്‍ത്ഥത്തില്‍ ”എല്ലാ കാര്യങ്ങളെയും ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ നിങ്ങള്‍ കാണണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” (ജെ.ബി. ഫിലിപ്‌സ് പരാവര്‍ത്തനം). നിങ്ങളുടെ ശരീരത്തെ ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുക. അതിനെ നിന്ദിക്കുകയോ അതില്‍ പുകഴുകയോ അഭിരമിക്കുകയോ പാടില്ല. യേശു വന്നത് നിങ്ങളുടേതു പോലുള്ള ഒരു ശരീരത്തിലാണ്. അതുകൊണ്ടു ശരീരത്തെ നിന്ദിക്കരുത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുക. ”ദൈവമേ, എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളെയും അങ്ങയുടെ കാഴ്ചപ്പാടിലൂടെ കാണുവാന്‍ എന്നെ സഹായിക്കണമേ” എന്നത് വളരെ നല്ല ഒരു പ്രാര്‍ത്ഥനയാണ്.

രോഗങ്ങള്‍, ജഡത്തിലെ ശൂലം, മോശമായി പെരുമാറുന്ന വ്യക്തികള്‍- ഇവയെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്? അവയെ ഒക്കെ ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കാണാന്‍ പഠിക്കുക. ഇക്കാര്യം നിങ്ങള്‍ക്കു സംഭവിച്ചപ്പോള്‍ ദൈവം അത്ഭുതപ്പെട്ടോ? ഒരിക്കലുമില്ല. പക്ഷേ അതു നിങ്ങളെ അത്ഭുതപ്പെടുത്തി. കാരണം നിങ്ങള്‍ സ്ഥലകാല പരിമിതികളുള്ള കേവല മനുഷ്യരാണ്. എന്നാല്‍ മനസ്സിലാക്കുക, ദൈവം ഒട്ടും തന്നെ അത്ഭുതപ്പെട്ടില്ല. അതുകൊണ്ടു നാം ദൈവത്തിന്റെ കാഴ്ചപ്പാടിലേക്കു മാറുമ്പോള്‍ നിങ്ങളെ ഭാരപ്പെടുത്തിയിരുന്ന പല കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ക്കും സമാധാനം ലഭിക്കും. മുമ്പ് നിങ്ങള്‍ ഭൗമിക കാഴ്ചപ്പാടില്‍ അവയെ കണ്ടിരുന്നു.

ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുവാന്‍ പഠിച്ച ആളുകളുടെ ഒരു സഭയെ നിങ്ങള്‍ പണിയുമ്പോള്‍ അതൊരു ആത്മീയ കൂട്ടായ്മയായി മാറുന്നു. ഒരുപാട് സുവിശേഷ പ്രവര്‍ത്തനങ്ങളും മറ്റു സാമൂഹിക സേവനങ്ങളും ഒക്കെ ചെയ്യുന്നു എന്നതുകൊണ്ടു മാത്രം സഭ ആത്മീയത ഉള്ളതാകണമെന്നില്ല. എല്ലാ കാര്യങ്ങളെയും ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുവാന്‍ നമുക്കു കഴിയണം. അപ്പോള്‍ മാത്രമേ ”കര്‍ത്താവിനു യോഗ്യമാകും വണ്ണം നടന്ന്… സകല സല്‍പ്രവൃത്തിയിലും ഫലം കായ്ച്ച്” (1:10) വളരാന്‍ കഴിയൂ. തുടര്‍ന്ന് ”അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിനൊത്തവണ്ണം പൂര്‍ണ്ണ ശക്തിയോടെ ബലപ്പെടേണ”മെന്നു പൗലൊസ് പറയുന്നു (1:11). അതു പരിശുദ്ധാത്മ ശക്തിയാല്‍ നിറഞ്ഞ ഒരു ജീവിതത്തെ കാണിക്കുന്നു.

യേശുക്രിസ്തു ഈ ഭൂമിയിലായിരുന്നപ്പോഴും ദൈവം തന്നെ ആയിരുന്നു എന്നുള്ളതിന്റെ ഏറ്റവും വ്യക്തമായ പുതിയ നിയമ വിശദീകരണമാണ് കൊലൊസ്യര്‍ 1:15ലേത്. (ആര്‍ക്കെങ്കിലും അക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍). ”അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സര്‍വ്വസൃഷ്ടിക്കും ആദ്യജാതനുമാകുന്നു.” എന്നു വച്ചാല്‍ അവിടുന്നു ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ചതായിരുന്നു. സൃഷ്ടിച്ച എല്ലാറ്റിന്റെയും ആരംഭം അവിടുന്നായിരുന്നു. എല്ലാ സൃഷ്ടികള്‍ക്കും മുമ്പേ അവിടുന്ന് ഉണ്ടായിരുന്നു. അവിടുന്നു സകലവും സൃഷടിച്ചു. (1:15-17-ല്‍ കാണുമ്പോലെ), യേശുവിനു ഒരു ജഡശരീരം ഉണ്ടായിരുന്നില്ല എന്നു ചില ആളുകള്‍ പറഞ്ഞിരുന്നതിനാല്‍ 1:22-ല്‍ യേശുവിന്റെ ‘ജഡശരീര’ത്തെക്കുറിച്ചു ഊന്നിപ്പറഞ്ഞിരിക്കുന്നു.


ക്രിസ്തുവിന്റെ കഷ്ടങ്ങളെ പൂരിപ്പിക്കുക


1:24-ല്‍ ”ക്രിസ്തുവിന്റെ കഷ്ടങ്ങളില്‍ കുറവായുള്ളതു എന്റെ ജഡത്തില്‍ സഭയായ അവന്റെ ശരീരത്തിനുവേണ്ടി പൂരിപ്പിക്കുന്നു.” എന്നു പൗലൊസ് പറയുന്നു. ക്രിസ്തുവിന്റെ കഷ്ടങ്ങളില്‍ കുറവുള്ളത് എന്താണ്? ക്രൂശില്‍ ”നിവൃത്തിയായി” എന്നു തന്നെയല്ലേ യേശു പറഞ്ഞത്? ഇവിടെ ഒരു വലിയ സത്യം ഒളിഞ്ഞു കിടപ്പുണ്ട്.

യേശുക്രിസ്തുവിന്റെ ശാരീരിക പീഡകളെ സംബന്ധിച്ചു നാം സുവിശേഷങ്ങളില്‍ വായിക്കുന്നുണ്ട്. എന്നാല്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്താത്ത വലിയ കഷ്ടം യേശു തന്റെ പ്രാണനില്‍ അനുഭവിച്ചു. ‘എല്ലാം നിവൃത്തിയായി’ എന്നു ക്രൂശില്‍ വച്ചു പറഞ്ഞപ്പോള്‍ മനുഷ്യന്റെ പാപത്തിന്റെ വില നല്‍കിക്കഴിഞ്ഞു എന്നു മാത്രമല്ല, ഏതൊരു മനുഷ്യനും ഏതു കാലഘട്ടത്തിലും അഭിമുഖീകരിക്കാനിടയുള്ള ഒരു വലിയ നിര പരീക്ഷകളെയും താന്‍ അഭിമുഖീകരിച്ചു ജയം നേടി എന്നുംകൂടി അതു അര്‍ത്ഥമാക്കുന്നു. നാം നേരിടുന്ന എല്ലാ പരീക്ഷകളെയും താന്‍ നേരിട്ടു ജയം പ്രാപിച്ചു (എബ്രാ. 4:15). എല്ലാ പരീക്ഷകളിലും വഴങ്ങിക്കൊടുത്ത് അതിന്റെ സുഖരസങ്ങള്‍ നുണയുന്നതിനും എതിര്‍ത്തു നിന്നു കഷ്ടം സഹിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നമ്മുടെ മുമ്പില്‍ തുറന്നു കിടക്കുന്നു. യേശു നിരന്തരം തിരഞ്ഞെടുത്തിരുന്നത് ചെറുത്തു നില്പിന്റെയും സഹനത്തിന്റെയും വഴിയായിരുന്നു. ”ക്രിസ്തു ജഡത്തില്‍ കഷ്ടമനുഭവിച്ചു” (1 പത്രൊ. 4:1). അങ്ങനെയാണ് യേശു നമുക്കു മാതൃക ആയത്. ഇന്നു നമുക്കു അവിടുത്തെ കാല്‍ച്ചുവടുകളെ പിന്തുടര്‍ന്നു മറ്റുള്ളവര്‍ക്കു കൊച്ചു മുന്നോടികളാകുവാന്‍ കഴിയും. പാപത്തിനു നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ ജഡത്തില്‍ കഷ്ടം സഹിക്കുന്ന യേശുവിന്റെ വഴിയിലേക്ക് ഒരു തിരഞ്ഞെടുപ്പിനായി പരിശുദ്ധാത്മാവു നമ്മെ നടത്തുന്നു. 1:24-ല്‍ പൗലൊസ് പറയുന്നത് യേശു തന്റെ ജീവിതത്തില്‍ പൂര്‍ത്തീകരിച്ച കഷ്ടാനുഭവങ്ങളെല്ലാം താന്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്നാണ്.

സത്യത്തിനു വേണ്ടി നിലകൊണ്ടതിനാല്‍ ബാഹ്യമായി വളരെ കഷ്ടം സഹിക്കേണ്ടി വന്നു യേശുവിന്. യേശുവിന്റെ കഷ്ടങ്ങളെ നാം ഒരു ഗ്ലാസ്സില്‍ നിറയ്ക്കുന്നു എന്നു കരുതുക. താന്‍ സഹിക്കുവാന്‍ തിരഞ്ഞെടുത്ത കഷ്ടങ്ങള്‍ ഓരോന്നായി തുള്ളി കണക്കെ ഗ്ലാസ്സില്‍ നിറഞ്ഞുകൊണ്ടിരുന്നു. അവസാനമായി ക്രൂശില്‍ ”നിവൃത്തിയായി” എന്നു പറയുമ്പോഴേക്കും അവസാന തുള്ളിയും ഒഴുകിയെത്തി ആ ഗ്ലാസ് നിറഞ്ഞു. ഇപ്പോള്‍ നാം യേശുവിന്റെ കാല്‍ച്ചുവടുകളെ അനുഗമിക്കുകയാണ്. നമുക്കും തന്നെപ്പോലെ ഒരു ശരീരം ഉണ്ട്. പരിശുദ്ധാത്മാവ് അതേപോലെ ഗ്ലാസ് നിറയ്ക്കുന്ന ഒരു പ്രവൃത്തി ഇവിടെയും ചെയ്തുകൊണ്ടിരിക്കുന്നു. നാം വീണ്ടും ജനിക്കുന്ന സമയത്തു നമ്മുടെ ഗ്ലാസ്സുകള്‍ ശൂന്യമാണ്. കാരണം നാം ക്രിസ്തുവിനു വേണ്ടി ഒന്നും സഹിച്ചിട്ടില്ല. ക്രമേണ കാലത്തിന്റെ ഒഴുക്കില്‍ ഈ ഗ്ലാസ്സും നിറഞ്ഞു തുടങ്ങുന്നു- കര്‍ത്താവിനു വേണ്ടി നാം സഹിക്കുന്നതനുസരിച്ച്. ഭൂമിയില്‍ ജീവിച്ചിരുന്ന ക്രിസ്തു തന്നെ ഇന്നും നമ്മില്‍ ജീവിക്കുന്നു. അവിടുന്നു നമ്മുടെ ശരീരത്തെ താന്‍ അനുഭവിച്ച കഷ്ടങ്ങളിലൂടെ കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല. തന്റെ എല്ലാ കഷ്ടങ്ങളും നമ്മുടെ ശരീരത്തില്‍ നിറവേറേണ്ടിയിരിക്കുന്നു. അതൊരു വലിയ പദവിയാണ്. പൗലൊസ് പറഞ്ഞത് തന്റെ ഗ്ലാസ് ഇതുവരെ നിറഞ്ഞിട്ടില്ല എന്നത്രേ.

തങ്ങള്‍ കഷ്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ക്രിസ്തുവിന്റെ കഷ്ടങ്ങളില്‍ പങ്കാളിയാവുകയാണ് എന്ന് അധികം ക്രിസ്ത്യാനികളും മനസ്സിലാക്കുന്നില്ല. നാം ഭോഷത്തമായിട്ടോ പാപകരമായിട്ടോ എന്തെങ്കിലും ചെയ്യുന്നതിന്റെ ഫലമായിട്ടുള്ള കഷ്ടങ്ങളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. യേശു ഒരിക്കലും ഭോഷത്തങ്ങളോ പാപമോ ചെയ്തിട്ടില്ല. യേശു കഷ്ടം അനുഭവിച്ചത് അവിടുത്തെ നിലപാടുകള്‍ ലോകത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരായിരുന്നു എന്നതു കൊണ്ടാണ്. തന്റെ കാലഘട്ടത്തിലെ ബൈബിള്‍ പണ്ഡിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും എന്നും ആശയ സംഘര്‍ഷമുണ്ടാക്കുന്ന ഒരു ശുശ്രൂഷയായിരുന്നു യേശുവിന്റേത്. അവര്‍ യേശുവിനെ വെറുക്കുകയും ഒടുവില്‍ കൊല്ലുകയും ചെയ്തു.

ഇന്നും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. നാം ക്രിസ്തുവിന്റെ ശിഷ്യന്മാരെങ്കില്‍ ഇന്നു ലോകത്തില്‍ കാണുന്ന മത സംവിധാനങ്ങള്‍ക്കും വേദപണ്ഡിതന്മാര്‍ക്കും വേദശാസ്ത്രത്തിനുമൊക്കെ ആശയ സംഘര്‍ഷമുണ്ടാക്കുന്ന ശുശ്രൂഷയായിരിക്കും നമ്മുടേത്. വളരെ ശക്തരും ദൈവത്തെ അറിയാത്തവരുമായ ആളുകള്‍ക്ക് അത് അസുഖകരമായിരിക്കാം. യേശുവിനെ ‘ബെയേല്‍സെബൂല്‍’ എന്നു വിളിച്ചതാരാണ്? ഗ്രീക്കുകാരോ റോമാക്കാരോ അല്ല. ബൈബിള്‍ (പഴയനിയമം) കൈകാര്യം ചെയ്യുന്നവര്‍ തന്നെ ആയിരുന്നു. യേശുവിനെ വളരെ പീഡിപ്പിച്ചതും കൊലചെയ്തതും ആരാണ്? ബൈബിള്‍ കൈകാര്യം ചെയ്തിരുന്ന മതഭക്തര്‍ തന്നെ ആയിരുന്നു. യേശുക്രിസ്തുവിന്റെ കഷ്ടങ്ങളാല്‍ നമ്മുടെ പാത്രത്തെ നിറയ്ക്കുവാന്‍ നാം തുനിഞ്ഞാല്‍ മതഭക്തന്മാര്‍ നമ്മെ പീഡിപ്പിക്കുന്നതു നാം കണ്ടെത്തും. കാരണം അവര്‍ക്കു ദൈവത്തെ അറിഞ്ഞു കൂടാ. യേശു പറഞ്ഞു: അവര്‍ പിതാവിനെ അറിയായ്കയാല്‍ തന്നെ ഉപദ്രവിക്കുന്നു. അങ്ങനെയുള്ളവര്‍ നമ്മെയും ഉപദ്രവിക്കും.

പൗലൊസ് പറയുന്നു: ഞാന്‍ എന്റെ പങ്കു വഹിക്കുന്നതിനാല്‍ ഈ കഷ്ടങ്ങളില്‍ സന്തോഷിക്കുന്നു. സഭ എന്ന ക്രിസ്തുവിന്റെ ശരീരത്തില്‍ പങ്കാളികള്‍ എന്ന നിലയില്‍ നമുക്കും ഇതില്‍ ഒരു പങ്കാളിത്തം ഉണ്ട്. ഒന്നാമതായി യേശു തന്റെ ഭൗതിക ശരീരത്തില്‍ അനുഭവിച്ചു. ഇന്ന് അവിടുന്നു തന്റെ ആത്മീയ ശരീരത്തില്‍ അനുഭവിക്കുന്നു. ഇതില്‍ നമുക്കോരോരുത്തര്‍ക്കും ഒരു പങ്കുണ്ട്. എനിക്കു നിങ്ങളുടെയോ നിങ്ങള്‍ക്ക് എന്റെയോ പങ്കു നിറവേറ്റാന്‍ കഴിയില്ല. നിങ്ങള്‍ കഷ്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിക്കു നിങ്ങള്‍ക്കുവേണ്ടി വിശ്വസ്തനാകുവാന്‍ കഴികയില്ല. നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസ്തരാകേണ്ടതുണ്ട്- നിങ്ങളുടെ ബന്ധുക്കളോ അയല്‍ക്കാരോ നിമിത്തം നിങ്ങള്‍ ഉപദ്രവം സഹിക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ യേശുവിനെ അനുഗമിക്കുക നിമിത്തം ഉപദ്രവിക്കപ്പെടുകയോ വീടിനു പുറത്താക്കപ്പെടുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ വിശ്വസ്തരായിരിക്കേണ്ടതുണ്ട്. അതു ക്രിസ്തുവിന്റെ കഷ്ടങ്ങളുടെ പങ്കാളിത്തമാണ്. ഈ സമയത്തു സന്തോഷിച്ചു കൊണ്ട് ഇങ്ങനെ പറയണം: ”കര്‍ത്താവേ നന്ദി. അവിടുത്തെ ശരീരമാകുന്ന സഭയ്ക്കു വേണ്ടി കഷ്ടം സഹിക്കുവാന്‍ എന്നെ യോഗ്യനായി കണ്ടതിനാല്‍ എന്റെ പാത്രത്തെ അല്പമായി നിറച്ചതിനാല്‍ നന്ദി.” അങ്ങനെയാണു മറ്റുള്ളവര്‍ക്കുവേണ്ടി നമുക്ക് ഒരു ശുശ്രൂഷ ഉണ്ടാകുന്നതും നമുക്ക് ഒരു സഭയെ പണിയാന്‍ കഴിയുന്നതും.

അതുകൊണ്ടു തന്നെയാണു ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയുടെ ഒരു പങ്ക് എന്ന് ഇതിനെ വിളിക്കുന്നത്. ക്രിസ്തു തന്റെ കഷ്ടാനുഭവങ്ങള്‍ കൊണ്ട് തനിക്കുവേണ്ടി ഒന്നും നേടിയില്ല. എന്നാല്‍ നമുക്കു വലിയ നേട്ടം ഉണ്ടാവുകയും ചെയ്തു. നാം ക്രിസ്തുവിന്റെ കഷ്ടങ്ങളില്‍ പങ്കുള്ളവരാകുമ്പോള്‍ നമുക്ക് അതുകൊണ്ടു കാര്യമായ നേട്ടമില്ല; അതിന്റെ നേട്ടം സഭയ്ക്കാണ്. നമ്മുടെ കഷ്ടങ്ങളിലൂടെ മറ്റുള്ളവര്‍ നേട്ടമുണ്ടാക്കുന്നു. അതിനു നിങ്ങള്‍ മനസ്സുള്ളവരാണോ? ഞാന്‍ വിചാരിക്കുന്നു നിങ്ങള്‍ ഇങ്ങനെ പറയുമെന്ന്: ”അതെ കര്‍ത്താവേ, എനിക്കു മ നസ്സുണ്ട്. അങ്ങയുടെ മനസ്സിനോടും ആത്മാവിനോടും മനോഭാവത്തോടും കൂട്ടായ്മയിലായിരിക്കുവാന്‍ എനിക്കാഗ്രഹമുണ്ട്. മറ്റുള്ളവര്‍ക്ക് എന്റെ കഷ്ടങ്ങള്‍ കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാകുമെങ്കില്‍ ഞാന്‍ കഷ്ടം സഹിക്കുവാന്‍ തയ്യാറാണ്.”

കരിമ്പ് എങ്ങനെയാണ് യന്ത്രച്ചക്കില്‍ ആട്ടി നീരെടുക്കുന്നതെന്നു നിങ്ങള്‍ കണ്ടിട്ടുണ്ടോ? കരിമ്പ് യന്ത്രച്ചക്കിലേക്കു വച്ചുകൊടുക്കുമ്പോള്‍ അതു ചതഞ്ഞരഞ്ഞ് അതിന്റെ നീരു പുറത്തു വരുന്നു. അവിടം കൊണ്ടു തീരുന്നില്ല. അതു വീണ്ടും അതുപോലെ തന്നെ വയ്ക്കും. അല്പം കൂടി നീരു പുറത്തു വരും. ആര്‍ക്കു വേണ്ടിയാണ് കരിമ്പ് ചതഞ്ഞരഞ്ഞത്? ആര്‍ക്കോ അതിന്റെ നീരു കുടിക്കുവാന്‍ വേണ്ടി. അപ്രകാരമാണു ദൈവം നമ്മെ മറ്റുള്ളവര്‍ക്ക് ഒരു അനുഗ്രഹമാക്കി മാറ്റുന്നത്. ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ ദൈവം നമ്മെ ചതയ്ക്കുന്നു, അരയ്ക്കുന്നു, നാം അതു സന്തോഷത്തോടെ സ്വീകരിക്കുന്നു. ആ തകര്‍ച്ചയില്‍ നിന്നും ക്രിസ്തുവിന്റെ സൗരഭ്യം പുറത്തേക്കു വരുന്നു. അപ്രകാരം മാത്രമേ മറ്റുള്ളവര്‍ക്കു വേണ്ടി ഒരു അനുഗ്രഹമായിത്തീരുവാന്‍ നമുക്കു കഴിയൂ.

കൊലൊസ്യര്‍ 1:28-ല്‍ പൗലൊസ് ഇപ്രകാരം പറയുന്നു: ”ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിലൂടെ ഞങ്ങള്‍ ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിനു സകലവിധ ജ്ഞാനത്തോടും ഏതു മനുഷ്യനെയും പ്രബോധിപ്പിക്കുന്നു.” പൗലൊസിന്റെ ആത്യന്തിക ലക്ഷ്യം ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിര്‍ത്തുക എന്നതായിരുന്നു. പൗലൊസിനു നൂറു പേരുള്ള ഒരു സഭ ഉണ്ടായിരുന്നു എങ്കില്‍ ആ നൂറു പേരെയും – ഓരോ സഹോദരനെയും സഹോദരിയെയും- ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിനു സാദ്ധ്യമായതെന്തും അദ്ദേഹം ചെയ്യുമായിരുന്നു. സകല ജ്ഞാനത്തോടും കൂടെ അവരെ പ്രബോധിപ്പിക്കുകയും ശാസിക്കുകയും ഉപദേശിക്കുകയും ചെയ്യുമായിരുന്നു. കാരണം ഒരു ദിവസം അവരെ ദൈവസന്നിധിയില്‍ നിറുത്തേണ്ടതുള്ളതുകൊണ്ട്.

ഇത്തരം ഒരു ഭാരം ഉള്ള പാസ്റ്റര്‍മാരും ഇടയന്മാരും വളരെ കുറവാണ്. അവര്‍ പ്രസംഗിക്കുക മാത്രം ചെയ്യുന്നു. എന്നാല്‍ ഓരോ വ്യക്തിയെയും ആത്മീയ പക്വതയിലേക്കു നടത്താന്‍ പൗലൊസിനു ഭാരം ഉണ്ടായിരുന്നു. ഒരു സഭയിലെ മൂപ്പന്‍ എന്ന സ്ഥാനത്തെ ലഘുവായി കാണുവാന്‍ നിങ്ങള്‍ ശ്രമിക്കരുത്. 25 വര്‍ഷം ബാംഗ്ലൂരിലെ സഭയില്‍ ഞാന്‍ മൂപ്പനായിരുന്നപ്പോള്‍ സഭയിലെ ഓരോ വ്യക്തിയുടെയും ആത്മീയാവസ്ഥ ഗ്രഹിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു- അവരെ തെറ്റു തിരുത്തുവാനും ശാസിക്കുവാനും ജ്ഞാനം പകരുവാനും പ്രബോധനം നല്‍കുവാനും ആശ്വാസം പകരുവാനും അറിയേണ്ടതിന്. അങ്ങനെ ഒരു ദിവസം അവരെ ക്രിസ്തുവിന്റെ മുമ്പാകെ നിറുത്തേണ്ടതിന്. അവരില്‍ നിന്നും എനിക്കു വേണ്ടി ഒന്നും ആഗ്രഹിച്ചിട്ടില്ല. അവര്‍ക്കു വേണ്ടി -ക്രിസ്തുശരീരമാകുന്ന സഭയ്ക്കു വേണ്ടിയും- എന്റെ സ്വകാര്യ ജീവിതത്തില്‍ വളരെ നുറുക്കലുകള്‍ക്കു ഞാന്‍ വിധേയനാകേണ്ടി വന്നിട്ടുണ്ട്. ക്രിസ്തുവിന്റെ സൗരഭ്യം എന്നില്‍ നിന്നൊഴുകേണ്ടതിന് ദൈവം എന്നോടു പല തരത്തിലും വളരെ ശക്തമായി ഇടപെട്ടു. എല്ലാം മറ്റുള്ളവര്‍ അനുഗ്രഹിക്കപ്പെടേണ്ടതിനായിരുന്നു. ഇതാണ് യഥാര്‍ത്ഥ ക്രിസ്തീയ ശുശ്രൂഷ.

1:29-ല്‍ പൗലൊസ് പറയുന്നു: ”ഇതു നിമിത്തം ഞാന്‍ വളരെ പോരാടിക്കൊണ്ട് അദ്ധ്വാനിക്കുന്നു.” എങ്ങനെയാണ് അദ്ധ്വാനിക്കുന്നത്? ”പരിശുദ്ധാത്മാവിന്റെ അതിശക്തമായ വ്യാപാരത്താല്‍.” – ”ഒന്നാമതായി ദൈവം ശക്തിയോടെ എന്നില്‍ വ്യാപരിക്കുന്നതിനാല്‍.” എല്ലായ്‌പോഴും ദൈവത്തിന് ഒന്നാമതായി നമ്മുടെ ഉള്ളില്‍ ഒരു പ്രവൃത്തി തന്റെ പരിശുദ്ധാത്മാവിനാല്‍ ചെയ്യേണ്ടതായിട്ടുണ്ട്. അതിനു ശേഷം മാത്രമേ അവിടുത്തേക്കു നമ്മിലൂടെ മറ്റുള്ളവരെ അനുഗ്രഹിക്കുവാന്‍ കഴികയുള്ളു. സഭയില്‍ ശുശ്രൂഷിക്കുന്ന നിങ്ങള്‍ ഓരോരുത്തരും രണ്ടു വാക്യങ്ങള്‍ നിങ്ങളുടെ ലക്ഷ്യമായി സ്വീകരിക്കണം. ‘ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തുക’ (1:28). ‘ആ ലക്ഷ്യത്തിലേക്കു നിങ്ങളെ എത്തിക്കുന്ന പരിശുദ്ധാത്മ ശക്തിയുടെ നിറവുണ്ടാവുക’ (1:29).


ദൈവഭക്തിയുടെ മര്‍മ്മങ്ങള്‍


2:2-ല്‍ പൗലൊസ് പറയുന്നു: ”നിങ്ങള്‍ ക്രിസ്തു എന്ന ദൈവ മര്‍മ്മത്തിന്റെ പരിജ്ഞാനവും വിവേകപൂര്‍ണ്ണതയുടെ സമ്പത്തും പ്രാപിക്കുവാന്‍ തക്കവണ്ണം സ്‌നേഹത്തില്‍ ഏകീഭവിച്ചിട്ടു ഹൃദയങ്ങള്‍ക്ക് ആശ്വാസം ലഭിക്കണം എന്നുവച്ച് ഞാന്‍ പ്രാര്‍ത്ഥനയില്‍ പോരാടുന്നു.” പുതിയ നിയമത്തില്‍ ചിലയിടങ്ങളില്‍ കാണപ്പെടുന്ന ”മര്‍മ്മം” എന്ന വാക്കു ദൈവത്തിനു മാത്രം തന്റെ പരിശുദ്ധാത്മാവിനാല്‍ വെളിപ്പെടുത്തിത്തരാന്‍ കഴിയുന്ന സത്യങ്ങളെ സൂചിപ്പിക്കുന്നു. 1 കൊരിന്ത്യര്‍ 2:9-ല്‍ പറയുന്നു: ”കണ്ണു കണ്ടിട്ടല്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല. ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ളതു നമുക്കു തന്റെ പരിശുദ്ധാത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു.” രണ്ടു മര്‍മ്മങ്ങളെക്കുറിച്ചു മാത്രമേ വലിയ മര്‍മ്മം എന്നു ബൈബിള്‍ വിശേഷിപ്പിക്കുന്നുള്ളു. ഒന്നാമത്തേതു ദൈവം മനുഷ്യ ജഡത്തില്‍ വെളിപ്പെട്ടു എന്നതാണ് (1 തിമൊ. 3:16). ദൈവഭക്തിയുടെ മര്‍മ്മം വലിയതാണ്. ദൈവം ജഡത്തില്‍ വെളിപ്പെട്ടു. അതിനെ ദൈവഭക്തിയുടെ മര്‍മ്മം എന്നോ ദൈവഭയത്തില്‍ ജീവിക്കുന്നതിന്റെ രഹസ്യം എന്നോ വിളിക്കാം.

രണ്ടാമത്തെ മര്‍മ്മം സഭയെന്ന ക്രിസ്തുശരീരം അഥവാ ക്രിസ്തുവിന്റെ മണവാട്ടിയെക്കുറിച്ചുള്ളതാണ്. എഫെ. 5:32-ല്‍ പറയുന്നു: ”ഇരുവരും ഒരു ദേഹമായിത്തീരും. ഈ മര്‍മ്മം വലിയത്. ഞാന്‍ ക്രിസ്തുവിനെയും സഭയെയും കുറിച്ചത്രെ പറയുന്നത്.” സഭ ക്രിസ്തുവിനോട് ഒന്നായിച്ചേരുന്നതാണ് രണ്ടാമത്തെ വലിയ മര്‍മ്മം.

യേശു ജഡത്തില്‍ വന്നു എന്ന സത്യം ഗ്രഹിക്കുവാന്‍ നമുക്കു ദൈവത്തില്‍ നിന്നു വെളിപ്പാടു ലഭിക്കേണ്ടിയിരിക്കുന്നു. അവിടുന്നു നമ്മെപ്പോലെ പരീക്ഷിതനായെന്നും സകല പരീക്ഷകളെയും ജയിച്ചു എന്നും ഇന്നും നമുക്ക് അവിടുത്തെ കാല്‍ച്ചുവടുകളെ അനുഗമിപ്പാന്‍ കഴിയും എന്നും പാപത്തെ ജയിച്ചുകൊണ്ടു ക്രിസ്തുശരീരത്തിന്റെ പണിയില്‍ സമാന ജീവിതം നയിക്കുന്നവരുമായി കൂട്ടുചേര്‍ന്നു പങ്കാളികളാകാം എന്നതും ഒക്കെ ഒരു വെളിപ്പാടായി ലഭിക്കണം. ക്രിസ്തുശരീരം പണിയുക എന്നതാണ് ഈ ഭൂമുഖത്ത് ഒരു വ്യക്തിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ശുശ്രൂഷ. അതിനെക്കാള്‍ വലുതായി ഒന്നും തന്നെയില്ല.

സഭയെ പണിയുവാനാണ് പൗലൊസ് തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ചത്. കര്‍ത്താവിനോടൊപ്പം സഭയെ പണിയുന്നവരാണ് തന്റെ ഏറ്റവും വലിയ ദാസന്മാര്‍. ദൈവഭക്തിയുള്ള ഒരു ജീവിതം നയിക്കുന്നത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതു മാത്രം പോരാ. പൗലൊസ് ചെയ്തതും നാം ചെയ്യണം- സഭയുടെ പണി. പൗലൊസ് സാമൂഹിക നന്മകള്‍ ചെയ്തു സമയം കളഞ്ഞില്ല. ദരിദ്രരെ സഹായിക്കുന്നതു നല്ല കാര്യമാണെങ്കിലും നിത്യതയ്ക്കുള്ള ദൈവിക പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ അതുകൊണ്ടു കഴിയില്ല. നിങ്ങള്‍ ആളുകള്‍ക്കു വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കി അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കുമ്പോള്‍ ഒരുപക്ഷേ അവരുടെ നരകത്തിലേക്കുള്ള യാത്രയെ കൂടുതല്‍ എളുപ്പമുള്ളതാക്കുകയാവും. മുന്നമേ തന്നെ അവര്‍ തങ്ങളുടെ ബുദ്ധിമുട്ടുകളിലൂടെയാണെങ്കിലും നരകത്തിലേക്കു തന്നെ ആയിരുന്നല്ലോ പൊയ്‌ക്കൊണ്ടിരുന്നത്. ഇപ്പോള്‍ നിങ്ങള്‍ ആ ബുദ്ധിമുട്ടുകള്‍ നീങ്ങാന്‍ സഹായിച്ചു. എന്നാല്‍ എല്ലാ ശുശ്രൂഷകളെക്കാളും പ്രധാനം ആളുകളെ ക്രിസ്തുവിലേക്കു നയിക്കുക എന്നതാണെന്നു പൗലൊസ് കണ്ടെത്തി. വ്യക്തികളെ ദൈവഭക്തിയിലേക്കു നടത്തുക. തുടര്‍ന്ന് അവരെ ഒരുമിച്ചു ചേര്‍ത്തു ഒരു ശരീരമായി പണിയുക. അതു തന്നെയാണ് നമുക്കേവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ശുശ്രൂഷ.

ക്രിസ്തുവിന്റെ നാമത്തില്‍ ദരിദ്രരെ സഹായിക്കുന്നവരെയും സാമൂഹിക സേവനങ്ങള്‍ ചെയ്യുന്ന ഏവരെയും നാം ആദരിക്കുന്നു. അതിനായി വിളിക്കപ്പെട്ട ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ. പൗലൊസ് ഒരിക്കലും അത്തരം കാര്യങ്ങളില്‍ വ്യാപൃതനായിരുന്നില്ല- തന്റെ കാലഘട്ടത്തിലും ധാരാളം സാമൂഹികാവശ്യങ്ങള്‍ നിലനിന്നിരുന്നിട്ടുകൂടി. ദരിദ്രര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു നൊബേല്‍ സമ്മാനം പോലെയുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കും. യേശുവോ പൗലൊസോ ജീവിച്ചിരുന്നു എങ്കില്‍ ഇത്തരം പുരസ്‌കാരങ്ങള്‍ അവരെ തേടി എത്തുമായിരുന്നില്ല. സഭയെ പണിയുന്നവര്‍ക്ക് ആരും പുരസ്‌കാരങ്ങള്‍ നല്‍കാറില്ല.

2:11-12ല്‍ പൗലൊസ് പറയുന്നു: ”ക്രിസ്തുവില്‍ നിങ്ങള്‍ക്കു ജഡശരീരം ഉരിഞ്ഞു കളഞ്ഞതിനാല്‍ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.” പരിച്ഛേദനയില്‍ നമ്മുടെ ജഡം (സ്വേച്ഛ) ക്രൂശില്‍ മുറിച്ചു മാറ്റപ്പെട്ടു. നാം വിശ്വാസത്താല്‍ സ്വീകരിക്കേണ്ട ഒരു നിലപാടാണത്. ജലസ്‌നാനത്തില്‍ നാം യേശുവിനോടുകൂടി കുഴിച്ചിടപ്പെടുകയും ഉയിര്‍ക്കപ്പെടുകയും ചെയ്തു എന്നു സാക്ഷീകരിക്കുന്നു (2:12). അബ്രഹാമിനോടു ദൈവം അവന്റെ സന്തികളെല്ലാം പരിച്ഛേദന ഏല്ക്കണമെന്നു കല്പിച്ചു. ഇപ്രകാരം തന്നെ എല്ലാ ദൈവമക്കളും ആത്മീയമായി പരിച്ഛേദന ഏല്ക്കണമെന്നു ദൈവം കല്പിച്ചു. അവര്‍ക്കൊരിക്കലും ജഡത്തില്‍ ഒരു പ്രശംസയും ഉണ്ടായിക്കൂടാ (ഫിലി. 3:3). ഇപ്രകാരം അകമേയുള്ള പരിച്ഛേദനയുടെ ഒരു പ്രതിരുപമാണ് സ്‌നാനം.


സാത്താന്റെ മേല്‍ യേശുവിന്റെ വിജയം


2:14,15ല്‍ യേശു നമുക്കു വേണ്ടി ക്രൂശില്‍ ചെയ്ത രണ്ടു കാര്യങ്ങളെക്കുറിച്ചു പറയുന്നു. ഒന്നാമതായി, ദൈവത്തോടുള്ള നമ്മുടെ കടം അവിടുന്നു കൊടുത്തു തീര്‍ത്തു. ദൈവത്തിന്റെ പ്രമാണങ്ങളില്‍ നാം പാലിക്കേണ്ടിയിരുന്ന ഒരു നിര കല്പനകള്‍ ഉണ്ടായിരുന്നു. നാം അതൊക്കെ ലംഘിച്ചു. നാം ചെയ്ത ഓരോ പാപവും ദൈവത്തോടുള്ള ഓരോ കടമാണ്. അങ്ങനെ നമ്മുടെ ജീവിതമാകെ കടങ്ങളുടെ ഒരു കൂമ്പാരമായി മാറി. യേശുക്രിസ്തു ക്രൂശില്‍ നമ്മുടെ കടം കൊടുത്തു തീര്‍ക്കുക മാത്രമല്ല കടപ്പത്രം കീറിക്കളയുകയും ചെയ്തു. ഇന്നു നമുക്കെതിരെ ഒരു കടവും ഇല്ല.

യേശു ക്രൂശില്‍ ചെയ്ത രണ്ടാമത്തെ കാര്യം പൈശാചിക വാഴ്ചകളുടെയും അധികാരങ്ങളുടെയും ആയുധവര്‍ഗ്ഗങ്ങളെ എടുത്ത് അവരെ നിരായുധരാക്കി എന്നതാണ്. നമുക്ക് അതിനെ ഇങ്ങനെ കാണാം- ഒരു നിര ഭൂതാത്മാക്കള്‍ സാധുക്കളായ ക്രിസ്ത്യാനികളായ നമുക്കു നേരെ യന്ത്രത്തോക്കുകള്‍ ചൂണ്ടി നില്ക്കുന്നു. നാമെല്ലാം ഭയന്നു വിറച്ചു നില്ക്കുകയാണ്. അവന്‍ നിറയൊഴിക്കുകയും നാം മറ കണ്ടു പിടിച്ച് ഒളിക്കാനായി നെട്ടോട്ടമോടുകയും ചെയ്യുന്നു. അപ്പോഴാണ് യേശു അവരുടെ യന്ത്രത്തോക്കുകള്‍ പിടിച്ചെടുത്തു നമുക്കു നല്കിയത്. ഇന്ന് അവര്‍ നമ്മെ ഭയന്ന് ഓടുകയാണ്. ഇനിമേല്‍ സാത്താനെയോ ഭൂതങ്ങളെയോ നമുക്കു ഭയക്കേണ്ടതില്ല. നാം താഴ്മയിലും ശുദ്ധമനസ്സാക്ഷിയിലും ജീവിക്കുന്നു എങ്കില്‍ യേശുവിന്റെ നാമത്തില്‍ സാത്താന്യ ശക്തികള്‍ക്കു നേരെ ജയകരമായ ഒരു ജീവിതം എക്കാലവും നമുക്കു സാധ്യമാണ്. കര്‍ത്താവിന്റെ നാമം ബലമേറിയ ഒരു ഗോപുരമാണ്. നീതിമാന്‍ അതിലേക്കു ഓടിച്ചെന്നു രക്ഷ പ്രാപിക്കും (സദൃ. 18:10).

സാത്താനും അവന്റെ മുഴു സൈന്യവും ക്രൂശില്‍ ഒരിക്കല്‍ എന്നേക്കുമായി പരാജയമടഞ്ഞിരിക്കുന്നു. നിങ്ങള്‍ ഒരു ഭൂതബാധിതനെ കാണുമ്പോഴൊക്കെ ഓര്‍മ്മിക്കുക: അവന്റെ ഉള്ളിലുള്ള ഭുതം കാല്‍വറിയില്‍ തോല്‍പിക്കപ്പെട്ടതാണ്. അവന്റെ യന്ത്രത്തോക്കുകള്‍ പിടിച്ചു വാങ്ങിയതാണ്. അവന്‍ ഇന്നു നിരായുധനാണ്. ഇന്നു യേശുവിന്റെ നാമം ഏതു ഭുതപ്പിശാചിനു നേരെയും ഏടുത്ത് പ്രയോഗിക്കാവുന്ന ഒരായുധമാണ്. നിങ്ങള്‍ ബലഹീനനാണോ എന്നത് ഒരു പ്രശ്‌നമല്ല. എത്ര ബലഹീനനായ ഒരു പട്ടാളക്കാരനും ഒരു യന്ത്രത്തോക്കെടുത്തു നിരായുധനായ, ബലിഷ്ഠനായ ശത്രു പട്ടാളക്കാരനെ വകവരുത്തുവാന്‍ പ്രയാസമില്ല. എത്ര വലിയ ഗോലിയാത്തും നിങ്ങളുടെ മുമ്പില്‍ വീഴും. യേശുവിന്റെ നാമം അത്രയധികം ശക്തിയേറിയ ആയുധമാണ്.


നിഴലും പൊരുളും


2:16-23ല്‍ ദൈവത്തില്‍ നിന്നുള്ള വെളിപ്പാടുകള്‍ ലഭിക്കാതെ മനുഷ്യര്‍ സ്വന്തബുദ്ധിയില്‍ നിന്നും വിശുദ്ധി പ്രാപിക്കുന്നതിനു ചിട്ടപ്പെടുത്തിയിരിക്കുന്ന പല ആചാരങ്ങളെക്കുറിച്ചു പറയുന്നു. അവയില്‍ ചിലത്: വിശുദ്ധ ദിവസങ്ങളെ ആചരിക്കുക, തീര്‍ത്ഥയാത്രകള്‍ നടത്തുക, ശബത്തുകള്‍ ആചരിക്കുക മുതലായവ. എന്നാല്‍ പരിശുദ്ധാത്മാവു പറയുന്നു. ഈ വക കാര്യങ്ങള്‍ വച്ചുകൊണ്ട് ആരും നിങ്ങളെ വിലയിരുത്തരുത്. ശബത്ത് ആചരണം ഒരു നിഴല്‍ മാത്രമായിരുന്നു. യാഥാര്‍ത്ഥ്യം എന്നത് ക്രിസ്തു ആണ്. യാഥാര്‍ത്ഥ്യം കൂടെയുള്ളപ്പോള്‍ എന്തിനാണ് നിഴല്‍ തേടി പോകുന്നത്? ഇക്കാലത്തു പൗലൊസ് ജീവിച്ചിരുന്നു എങ്കില്‍ അതൊക്കെ വെറും ഫോട്ടോഗ്രാഫ് പോലെയാണെന്ന് പൗലൊസ് പറയുമായിരുന്നു. ന്യായപ്രമാണങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും വിശുദ്ധ ദിവസങ്ങളും ഒക്കെ നിഴലുകളാണ്. ഇന്നു ക്രിസ്തു തന്നെ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ വീട്ടില്‍ നിന്നു ദൂരെയായിരിക്കുമ്പോള്‍ എന്റെ ഭാര്യയുടെ ഫോട്ടോഗ്രാഫുകള്‍ നോക്കാറുണ്ട്. എന്നാല്‍ അവര്‍ എന്റെ അരികിലുള്ളപ്പോള്‍ ഒരു ഫോട്ടോഗ്രാഫിന്റെ പിന്നാലെ പോകുവാനുള്ള മടയത്തരം എനിക്കില്ല. അതുപോലെ ഇന്നു ക്രിസ്തു നിങ്ങളില്‍ തന്നെ വസിക്കുമ്പോള്‍ എന്തിനാണ് ഈ ചിത്രങ്ങള്‍? നിങ്ങളുടെ മണവാളനായ ക്രിസ്തു തന്നെ നിങ്ങളോടൊപ്പമുണ്ട്. ഇനി നിങ്ങള്‍ക്കു ചിത്രങ്ങളുടെ ആവശ്യമില്ല. ശബത്തും പെരുന്നാളുകളും അമാവാസിയും ഉത്സവങ്ങളും ഒക്കെ വെറും ചിത്രങ്ങളായിരുന്നു. ഇന്നു യാഥാര്‍ത്ഥ്യമായിരിക്കുന്ന, സത്യമായിരിക്കുന്ന, ക്രിസ്തു നമ്മില്‍ വന്നിരിക്കുന്നു.

തുടര്‍ന്നു പൗലൊസ് പറയുന്നു: ”ആരും നിങ്ങളുടെ സമ്മാനം നിങ്ങളില്‍ നിന്നും അപഹരിക്കരുത്.” ദൈവം നിങ്ങള്‍ക്കു വേണ്ടി ഒരു സമ്മാനം സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

നിങ്ങള്‍ വ്യാജമായ താഴ്മയുടെ പ്രകടനങ്ങളില്‍ സ്വയം അഭിരമിച്ചു നിങ്ങളുടെ ലക്ഷ്യം നഷ്ടമാവരുത്. വിശ്വാസികളുടെ ഇടയില്‍ വളരെയധികം വ്യാജമായ താഴ്മയുണ്ട്. വേഷങ്ങളിലും മറ്റുമുള്ള ബാഹ്യമായ താഴ്മയുടെ പ്രകടനങ്ങള്‍- യഥാര്‍ ത്ഥ നിഗളത്തിന്റെ തന്നെ ബാഹ്യഭാവമാണ്. അതിനെ വിട്ടുകളയുക.

പൗലൊസ് ദൂതന്മാരെ ആരാധിക്കുന്നതിനെക്കുറിച്ചു പറയുന്നു. ദൂതന്‍ എന്ന വാക്കിന് ‘സന്ദേശം നല്‍കുന്നവന്‍’ എന്നും അര്‍ത്ഥമുണ്ട്. ക്രൈസ്തവ ലോകത്ത് ദൈവിക ദൂതുകള്‍ നല്‍കുന്നവര്‍ക്കു വലിയ ആരാധന ഇന്നു നിലനില്ക്കുന്നു. ഇതര മതങ്ങളില്‍ ആള്‍ ദൈവങ്ങള്‍ക്കും ദിവ്യന്മാര്‍ക്കും ഒക്കെ ഇതുപോലെ ആരാധന നല്‍കുന്നു. പല ക്രൈസ്തവ വിഭാഗങ്ങളിലും ആള്‍ ദൈവങ്ങളും ഉണ്ട്. തങ്ങളുടെ നേതാക്കളോടുള്ള ആദരം മൂത്ത് ആരാധനയായി മാറിയിരിക്കുന്നു. ദൈവഭക്തരായ നേതാക്കളെ ബഹുമാനിക്കുന്നതും അവര്‍ പറയുന്നതു ശ്രദ്ധിക്കുന്നതും നല്ലതാണ്. അവരുടെ ഉപദേശങ്ങള്‍ തേടുന്നതും നല്ലതാണ്. എന്നാല്‍ ക്രിസ്തുവിനുള്ള സ്ഥാനം നിങ്ങളുടെ ജീവിതത്തില്‍ അദ്ദേഹത്തിനു നല്‍കപ്പെടാതിരിക്കാന്‍ നാം ശ്രദ്ധിക്കുക. അങ്ങനെ വന്നാല്‍ അത് ആരാധനയായിത്തീരും. വ്യാജമായ താഴ്മയുടെ ഭാഗമാണത്. നിങ്ങള്‍ക്കൊരിക്കലും ആ വിശുദ്ധി കൈവരിക്കാന്‍ കഴിയില്ല. ദൂതനുമായുള്ള ബന്ധത്തിനപ്പുറം തലയുമായുള്ള ബന്ധമാണ് കുടുതല്‍ ഉറപ്പിക്കേണ്ടത് (2:18,19). ഒരു നല്ല ദൂതന്‍ തലയായ ക്രിസ്തുവിനോടു നിങ്ങളെ കൂടുതല്‍ അടുപ്പിക്കുന്ന ആളായിരിക്കും.

വിശുദ്ധി പ്രാപിക്കുവാന്‍ ആളുകള്‍ ഉപദേശിക്കുന്ന മറ്റൊരു വഴി ശിക്ഷണത്തിന്റേതാണ്: ”അതു തൊടരുത്, ഇതു പിടിക്കരുത്, അതു രുചിക്കരുത്” ഇങ്ങനെ (വാ. 20,21). ഭക്ഷണ ശീലങ്ങള്‍ മാറ്റിക്കൊണ്ടു വിശുദ്ധി പ്രാപിക്കുക. അതുപോലെ കട്ടിലില്‍ കിടന്നുറങ്ങുന്നതിനു പകരം തറയില്‍ പായ് വിരിച്ചു ഉറങ്ങുക, നാല്പതു ദിവസം ഉപവസിക്കുന്നു… മുതലായി ശരീരത്തെ പീഡിപ്പിക്കുന്നതിലൂടെ വിശുദ്ധി (വാ.23). അനേകം ദിവസങ്ങള്‍ ഉപവസിച്ച ശേഷവും കോപിക്കുകയും കയ്പും പിണക്കവും കൊണ്ടുനടക്കുകയും ചെയ്യുന്ന അനേകരെ എനിക്കറിയാം. അവരുടെ ഉപവാസത്തിന് അവരെ വിശുദ്ധരാക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ ഇപ്പോഴും മറ്റുള്ളവരെക്കുറിച്ച് അപവാദവും നുണയും പറഞ്ഞു നടക്കുന്നു. ശരീരത്തെ പീഡിപ്പിച്ചുകൊണ്ട് ആര്‍ക്കും ആത്മീയരാകുവാന്‍ കഴിയില്ല. അതിനു വിശുദ്ധിയുടെ ഒരു രൂപം മാത്രമേയുള്ളു. പാപത്തില്‍ നിന്നും വിടുതല്‍ നല്‍കാന്‍ അതിനു കഴിയില്ല.

പാപത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ കഴിയുന്നത്? 3:3-ല്‍ പൗലൊസ് പറയുന്നു: ”നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ മരിച്ചിരിക്കുന്നു.” അതാണ് വഴി. ക്രിസ്തുവിനോടുകൂടെ മരിച്ചിരിക്കുന്നു എന്ന നിലപാടെടുക്കുക. നിങ്ങള്‍ ക്രിസ്തുവില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തിരിക്കുന്നു (3:1). യഥാര്‍ത്ഥ വിശുദ്ധിയിലേക്കുള്ള വഴിയതാണ്. അല്ലാതെ വിശുദ്ധ ദിവസങ്ങളെ ആചരിക്കുന്നതും, ദൂതന്മാരെ ആരാധിക്കുന്നതും, ശരീരത്തെ പീഡിപ്പിക്കുന്നതും ശിക്ഷണവും ഉപവാസവുമനുഷ്ഠിക്കുന്നതും ഒന്നുമല്ല. ഇവയൊന്നും നിങ്ങളെ വിശുദ്ധരാക്കുകയില്ല-ജീവിതകാലം മുഴുവന്‍ അനുഷ്ഠിച്ചാലും. യേശുവിനോടുകൂടെ ഈ ലോകത്തിന് മരിക്കുന്നതും ക്രിസ്തുവില്‍ ജീവിക്കുന്നതുമാണ് വിശുദ്ധീകരണത്തിനുള്ള ഒരേയൊരു വഴി. അതൊരു മരണം മാത്രമല്ല, സ്വയത്തിന് മരിക്കുന്നതിനെക്കുറിച്ചാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അതും യോഗ പോലെ വിശുദ്ധീകരണത്തിനുള്ള ഒരു പരിപാടിയാകാം-സ്വയം ത്യജിക്കുന്നതിലൂടെയും മറ്റും. എന്നാല്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് നിങ്ങളിലൂടെ യേശുവിന്റെ ജീവന്‍ വെളിപ്പെടുവാന്‍ തക്കവണ്ണം യേശുവിന്റെ ജീവനെ നിങ്ങളിലേക്കു തരുവാനാണ്. അങ്ങനെ യേശു ഈ ഭൂമിയില്‍ ജീവിച്ചതുപോലെ നിങ്ങള്‍ ജീവിക്കുവാന്‍ അവിടുന്ന് നിങ്ങളെ പ്രാപ്തരാക്കുന്നു, അതിന്റെ തെളിവാണ് നിങ്ങളുടെ മനസ്സും ചിന്തകളും സ്വര്‍ഗ്ഗീയ കാര്യങ്ങളിലായിരിക്കുക എന്നത് (3:2). ഭൂമിയില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണകാര്യങ്ങളിലും ശരീരത്തിന്റെ ശിക്ഷണങ്ങളിലുമല്ല മനസ്സ് വ്യാപൃതമായിരിക്കേണ്ടത്. സ്വര്‍ഗ്ഗീയ കാര്യങ്ങളില്‍ മനസ്സ് വ്യാപൃതമായിരിക്കുമ്പോള്‍ വിശുദ്ധി തനിയെ ഉണ്ടാകും.

3:2-ലെ ”മനസ്സും ചിന്തയും” 2:23-ലെ ”ശരീരം” എന്നീ പ്രയോഗങ്ങള്‍ തമ്മിലുള്ള അന്തരം ശ്രദ്ധിക്കുക. ജഡാഭിലാഷങ്ങളെ അടക്കുന്നതിലൂടെ വിശുദ്ധി പ്രാപിക്കുവാന്‍ കഴിയില്ല. ഉയരത്തിലുള്ള കാര്യങ്ങളില്‍ മനസ്സ് വ്യാപൃതമാകുമ്പോള്‍ പരിശുദ്ധാത്മാവ് നമ്മെ വിശുദ്ധിയിലേക്ക് നയിക്കും. ”ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. നിങ്ങളുടെ മനസ്സ് ഉയരത്തിലുള്ള കാര്യങ്ങളിലായിരിക്കട്ടെ. നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ മരിച്ചിരിക്കുന്നുവെങ്കില്‍ നിങ്ങളുടെ അവയവങ്ങള്‍ മരിച്ചതായി കണക്കാക്കുക”(3:1-3). റോമര്‍ക്കെഴുതിയ ലേഖനത്തിലും വിശുദ്ധീകരണത്തിന് പൗലൊസ് എഴുതിയിരിക്കുന്ന വഴി ഇതുതന്നെയാണ്. ”നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിരിക്കുന്നു.” ഇക്കാര്യത്തെക്കുറിച്ച് ദൈവം തന്നെ വ്യക്തമായ ധാരണ നല്‍കേണ്ടതിന് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ഇതാണ് യഥാര്‍ത്ഥ വിശുദ്ധീകരണത്തിനുള്ള വഴി. ഇത് നിങ്ങള്‍ കണ്ടെത്തുമ്പോള്‍ നിങ്ങള്‍ വീണ്ടും ജനിച്ച സമയത്തേപ്പോലെ ഇതും നിര്‍ണ്ണായക സമയമാകും.


സമാധാനവും നന്ദിയും ഉള്ളവരാകുക


ഈ പുതിയ ജീവിതത്തില്‍ നമ്മുടെ പല തൊട്ടുകൂടായ്മകളും ക്രൂശിക്കപ്പെടേണ്ടതായിട്ടുണ്ട്. ക്രിസ്തു ശരീരത്തില്‍, ജാതി, വര്‍ഗ്ഗഭേദങ്ങളില്ല (3:11). ആളുകളെ വര്‍ണ്ണ വര്‍ഗ്ഗ ഭാഷാഭേദമെന്യേ നാം ഒരുപോലെ കാണുന്നു. അവരുടെ വംശമോ ഭാഷയോ എന്തുതന്നെ ആയിരുന്നാലും യേശു നമ്മോടു ക്ഷമിച്ചതുപോലെ നാം തമ്മില്‍ ക്ഷമിക്കുകയും വഹിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളില്‍ നമ്മുടെ ഓരോ ബന്ധങ്ങളുടെയും ഉരകല്ലായിരിക്കട്ടെ (3:15). നമ്മുടെ മന:സാക്ഷിയാണ് യഥാര്‍ത്ഥത്തില്‍ ബന്ധങ്ങളിലുണ്ടാകുന്ന വീഴ്ചകളില്‍ മദ്ധ്യസ്ഥനും തീര്‍പ്പ് കല്‍പ്പിക്കുന്നവനും. ഒരു ഫുട്‌ബോള്‍ കളിയില്‍ ആരെങ്കിലും തെറ്റ് കാണിച്ചാല്‍ റഫറി വിസിലൂതുന്നതുപോലെ. റഫറി വിസിലൂതുമ്പോള്‍ കളി നിര്‍ത്തുന്നു. തെറ്റ് ശരിയാക്കി കഴിവോളം കളി മുമ്പോട്ട് പോകില്ല.

നിങ്ങളുടെ ഹൃദയത്തില്‍ സമാധാനം നഷ്ടപ്പെടുമ്പോള്‍ നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകുമ്പോള്‍ അതിനര്‍ത്ഥം നിങ്ങളുടെ മന:സാക്ഷി ഒരു വിസിലൂതിയിരിക്കുന്നു- നിങ്ങള്‍ എന്തോ പിഴവു വരുത്തിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ഭാര്യയോടു കയര്‍ത്തു സംസാരിച്ചു. അല്ലെങ്കില്‍ പണമിടപാടില്‍ വീഴ്ച വരുത്തി. മനസ്സാക്ഷി വിസിലൂതുമ്പോള്‍ എല്ലാം നിര്‍ത്തിവെയ്ക്കുക. വീഴ്ചകളൊക്കെ പരിഹരിക്കുക. ഉള്ളില്‍ അസ്വസ്ഥമായിരിക്കുമ്പോള്‍ വചനം സംസാരിക്കുകയോ പ്രബോധനം നല്‍കുകയോ ചെയ്യരുത്-ഒരിടത്തും. നിങ്ങള്‍ക്കു വായടച്ചിരുന്നും ആളുകളെ അനുഗ്രഹിക്കാന്‍ കഴിയും. മനുഷ്യനോടും ദൈവത്തോടും പാപങ്ങളെ ഏറ്റു പറയുക. നഷ്ടമുണ്ടാക്കിയത് പരിഹരിക്കുക. അധികം വാങ്ങിയെങ്കില്‍ തിരികെ നല്‍കുക. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ. ഈ ഒരു റഫറിയോട് നിങ്ങള്‍ പൊരുത്തപ്പെട്ടു പോകുന്നെങ്കില്‍ ജീവിതത്തിലൊരിക്കലും നിങ്ങള്‍ വഴിതെറ്റി പോകില്ല. ചില ഫുട്‌ബോള്‍ മത്സരങ്ങളില്‍ കളിക്കാര്‍ റഫറിയുമായി തര്‍ക്കത്തിലേര്‍പ്പെടാറുണ്ട്. എന്നിരുന്നാലും റഫറിയുടെ തീര്‍പ്പാണ് അവസാനം. റഫറിയോട് വിയോജിക്കാതിരിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ക്കു കളിക്കളത്തില്‍ നിന്ന് പുറത്തു പോകേണ്ടി വരും. പെട്ടെന്നു തന്നെ നിരപ്പു പ്രാപിക്കുക,
3:15-ല്‍ ”തമ്മിലും മറ്റുള്ളവര്‍ക്കുവേണ്ടിയും നന്ദിയുള്ളവരായിരിക്കുക” എന്ന് പൗലൊസ് പറയുന്നു. ക്രിസ്തുശീരത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. നാം നമ്മുടെ പ്രാദേശിക സഭയിലുള്ള ഓരോരുത്തര്‍ക്കുവേണ്ടിയും നന്ദിയുള്ളവരായിരിക്കണം-അന്യോന്യം.

തുടര്‍ന്ന് പൗലൊസ് കുടുംബബന്ധങ്ങളെക്കുറിച്ചു പറയുന്നു. ”ഭാര്യമാരോടു കയ്പായിരിക്കരുത്” (3:19). എന്തൊരു വചനം! ഒരു വര്‍ഷത്തില്‍ എത്ര പ്രാവശ്യം ഭാര്യയോടു കയ്പായിരിക്കാന്‍ അനുവാദമുണ്ട്? ഒരിക്കല്‍ പോലുമില്ല. കൊല ചെയ്യരുത് എന്നു ബൈബിള്‍ പറയുമ്പോള്‍ ഒരിക്കല്‍ പോലും നമുക്കു കൊല ചെയ്യാന്‍ അനുവാദമില്ല എന്നു തന്നെയാണ് അര്‍ത്ഥം. അതുപോലെ തന്നെ ഭാര്യയോടു കയ്പായിരിക്കരുത് എന്നു കല്പിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും കയ്പു വെച്ചുകൊണ്ടു നടക്കാന്‍ പാടില്ലായെന്നുതന്നെയാണര്‍ത്ഥം. നിങ്ങള്‍ നിങ്ങളുടെ ക്രിസ്തീയ ജീവിതം ഗൗരവത്തോടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ ലക്ഷ്യം നേടാന്‍ എന്തു വിലയും കൊടുക്കും. 3:21-ല്‍ പിതാക്കന്മാരോടുള്ള പ്രബോധനമാണ് ”മക്കളെ പ്രകോപിപ്പിക്കരുത്”. അവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കരുത്. അവരുടെ ധൈര്യം ക്ഷയിച്ചുപോകും. 4:1-ല്‍ യജമാനന്മാരോടുള്ള പ്രബോധനമാണ്: ”നിങ്ങളുടെ അടിമകളോടു നീതിപൂര്‍വ്വം പെരുമാറുക.” അവരോട് നന്മ കാട്ടുക. നിങ്ങള്‍ അവരെ വില കൊടുത്തു വാങ്ങിയതാണെങ്കിലും അവര്‍ക്കു കൂലി കൊടുക്കാന്‍ കടപ്പാടില്ലെങ്കിലും അവര്‍ക്കിടയ്ക്കിടെ അല്പം പണം കൊടുക്കുക.

തുടര്‍ന്ന് പ്രായോഗികമായ ചില പ്രബോധനങ്ങള്‍: പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുക (4:2). മറ്റുള്ളവരോട് ജ്ഞാനത്തോടെ മറുപടി പറയുവാന്‍ തക്കവണ്ണം എപ്പോഴും കൃപയോടെ സംസാരിക്കുക (4:6). ദൈവത്തിന്റെ ഒരു പ്രതിനിധി എന്ന നിലയില്‍ പ്രസംഗപീഠത്തില്‍ നിങ്ങളൊരു സിംഹത്തെപ്പോലെയായിരിക്കും. എന്നാല്‍ ആളുകളോട് വ്യക്തിസംഭാഷണങ്ങളില്‍ ഒരു കുഞ്ഞാടിനെപ്പോലെയായിരിക്കുക. എല്ലായ്‌പ്പോഴും കൃപയോടെ, ദയയോടെ, കരുണയോടെ ആകട്ടെ സംസാരം.

4:12-ല്‍ നാം കൊലോസ്യയിലെ വിശ്വാസികള്‍ പൂര്‍ണ്ണതയിലെത്തുവാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്ന സഹോദരന്‍ എപ്പഫ്രാസിനെ കണ്ടെത്തുന്നു. ഇത് അപ്പൊസ്തലന്മാരുടെ ഒരു ഭാരമാണ്-ഓരോ സഹോദരനും സഹോദരിയും ക്രിസ്തുവില്‍ പൂര്‍ണ്ണരായിത്തീരേണമെന്നുള്ളത്. ആളുകള്‍ രക്ഷിക്കപ്പെടുന്നതില്‍മാത്രം സന്തോഷിക്കുന്നവരായിരുന്നില്ല അവര്‍. അവര്‍ ശിഷ്യരായിത്തീരേണമെന്നുള്ളതായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ ശിഷ്യരായിത്തീര്‍ന്നവര്‍ പൂര്‍ണ്ണതയിലേക്കു നടക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. ആളുകളെ പൂര്‍ണ്ണതയിലേക്കു നടത്തുവാന്‍ സമയം ലഭിക്കാത്ത തിരക്കൊന്നും സുവിശേഷ വേലയില്‍ അപ്പൊസ്തലന്മാര്‍ കാട്ടിയിരുന്നില്ല. ഇന്നും നാം ദൈവത്തെ സേവിക്കേണ്ടത് ഇങ്ങനെ തന്നെയാണ്.

4:16-ല്‍ ലാവോദിക്യയിലെ സഭയ്ക്കു പൗലൊസ് എഴുതിയ ഒരു കത്തിനെക്കുറിച്ചു പറയുന്നു. വെളി. 3:14,17 വാക്യങ്ങളില്‍ ഈ സഭയുടെ ശോച്യാവസ്ഥയെക്കുറിച്ചു നാം വായിക്കുന്നു. പൗലൊസ് എഴുതിയ മുന്നറിയിപ്പുകളെ അവര്‍ ഗൗരവപൂര്‍വ്വം പരിഗണിച്ചിരുന്നുവെങ്കില്‍ അവര്‍ ആ സ്ഥിതിയിലെത്തുകയില്ലായിരുന്നു. പൗലൊസ് ലവോദിക്യാക്കാര്‍ക്ക് എഴുതിയ കത്ത് ബൈബിളില്‍ ചേര്‍ത്തിട്ടില്ല. ആ സഭയെ നാശത്തില്‍നിന്നു കര കയറ്റാനുള്ള പ്രബോധനങ്ങള്‍ അതിലുണ്ടായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. ചില സമയങ്ങളില്‍ ദൈവം ഒരു പ്രവാചകനെ നിങ്ങള്‍ക്ക് ഒരു വചനവുമായി അയച്ചു തരുവാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ അതു ശ്രദ്ധിച്ചാല്‍ അതു നിങ്ങളെ രക്ഷിക്കും. നിരസിച്ചാല്‍ നിങ്ങള്‍ നാശത്തിലേക്കു പോകും.

തന്റെ സഹപ്രവര്‍ത്തകനായ ദേമാസിനെക്കുറിച്ച് 4:14-ല്‍ പൗലൊസ് പറയുന്നു. എന്നാല്‍ പില്‍ക്കാലത്തു ലോകത്തിന്റെ വഴികളില്‍ ആകൃഷ്ടനായി വഴി തെറ്റിപ്പോയ ദേമാസിനെക്കുറിച്ചു നാം വായിക്കുന്നു (2 തിമൊ.4:10).

4:17-ല്‍ അര്‍ഹിപ്പൊസിനു നല്‍കുന്ന മനോഹരമായ ഒരു പ്രബോധനം നാം വായിക്കുന്നു. ”കര്‍ത്താവില്‍ ലഭിച്ച ശുശ്രൂഷ നിവര്‍ത്തിക്കുവാന്‍ ശ്രമിക്കുക.” മറ്റുള്ളവര്‍ക്കു കര്‍ത്താവ് നല്‍കിയ ശുശ്രൂഷയെക്കുറിച്ചു നാം ഭാരപ്പെടേണ്ടതില്ല. കര്‍ത്താവ് നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കിയ ഒരു ശുശ്രൂഷയുണ്ട്. അതു ശ്രദ്ധിച്ച് അതിനെ നിവര്‍ത്തിക്കുക. അതിനുവേണ്ടി എന്തുവിലയും കൊടുക്കുക. അര്‍ഹിപ്പൊസിന്റെ പേരിന്റെ സ്ഥാനത്തു നിങ്ങളുടെ പേര് വെച്ചുകൊണ്ട് ആ പ്രബോധനം നിങ്ങള്‍ക്കായി സ്വീകരിക്കുക. ഞാന്‍ ഒരു ചെറുപ്പക്കാരനായിരുന്നപ്പോള്‍ എന്റെ പേര്‍ അര്‍ഹിപ്പൊസിന്റെ സ്ഥാനത്തുവെച്ചുകൊണ്ട് ആ പ്രബോധനം എനിക്കായി സ്വീകരിക്കുമായിരുന്നു. ”കര്‍ത്താവില്‍ എനിക്കു ലഭിച്ച ശുശ്രൂഷ നിവര്‍ത്തിക്കുവാന്‍ ശ്രദ്ധിക്കുക. മറ്റെന്തെങ്കിലും ശുശ്രൂഷകളിലേക്കു വഴി മാറിപ്പോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.”

നിങ്ങളോട് എല്ലാവരോടുമായി ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നത്: ”സാമൂഹിക സേവനത്തിലേക്കു വഴുതിമാറാതെയിരിക്കാന്‍ ശ്രദ്ധിക്കുക. ദൈവം നിങ്ങളെ സഭ പണിയുവാന്‍ വിളിച്ചിരിക്കുന്നുവെങ്കില്‍ ഒരു പ്രവചന ശുശ്രൂഷ കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നുവെങ്കില്‍ ഒരു ക്രിസ്തീയ സ്ഥാപനത്തിലെ ഡയറക്ടറായി ഒരു കാബിനിലിരുന്ന് നശിക്കാതിരിക്കുവാന്‍ ഓര്‍മ്മിക്കുക. കര്‍ത്താവ് ഭരമേല്‍പ്പിച്ച ശുശ്രൂഷയെ നിറപടിയായി നിവര്‍ത്തിക്കുവാന്‍ ശ്രദ്ധിക്കുക.”