ബൈബിളിലൂടെ : ഫിലിപ്പിയര്‍


ക്രിസ്തുവിലുള്ള ഭാവം ഉണ്ടാവുക


ഫിലിപ്യ ലേഖനത്തിന്റെ മുഖ്യ പ്രമേയം 2:5ല്‍ നാം കാണുന്നു- ”ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” ഇവിടെ പൗലൊസ് കുറിച്ചിട്ടിരിക്കുന്നതെല്ലാം ഈ ഒരൊറ്റക്കാര്യത്തെ ചുറ്റിപ്പറ്റിയാണ്.

അതേപോലെ, സന്തോഷത്തെക്കുറിച്ചു വലിയ പ്രാധാന്യത്തോടെ ഈ ലേഖനത്തില്‍ എഴുതിയിരിക്കുന്നു: ”ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കഴിക്കുന്ന സകല പ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചും…”(1:4) ”കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവിന്‍ സന്തോഷിക്കുവിന്‍ എന്നു ഞാന്‍ പിന്നെയും പറയുന്നു” (4:4).

പൗലൊസ് തടവിലായിരുന്നപ്പോള്‍ ആണ് ഫിലിപ്യ ലേഖനം എഴുതിയത് (1:13). തടവില്‍ കിടക്കുന്ന പൗലൊസ് സന്തോഷത്തെക്കുറിച്ച് ഇത്രയധികം എഴുതിയിരിക്കുന്നു എന്നുള്ളതു നമ്മെ വെല്ലുവിളിക്കുന്ന കാര്യമാണ്. സാഹചര്യങ്ങള്‍ നന്നായിരിക്കുമ്പോള്‍ സന്തോഷത്തെക്കുറിച്ചു പറയുന്നത് ഒരുകാര്യം. ഒട്ടും സുഖകരമല്ലാത്ത സാഹചര്യങ്ങളില്‍ സന്തോഷത്തെക്കുറിച്ചു പറയുന്നതു തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യം. ഒരു ക്രിസ്ത്യാനിക്ക് എങ്ങനെയുള്ള സാഹചര്യത്തിലും സന്തുഷ്ടനായിരിക്കുവാന്‍ കഴിയുമെന്നു പൗലൊസിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഇതു തന്നെയാണു ക്രിസ്തുയേശുവിലുള്ള മനസ്സും ഭാവവും.

താന്‍ ക്രൂശിക്കപ്പെടുന്നതിനു തൊട്ടു മുന്‍പുള്ള രാത്രി യാമങ്ങളിലായിരുന്നു സന്തോഷത്തെക്കുറിച്ചു യേശു വളരെ സംസാരിച്ചത് (യോഹ. 15,16 അദ്ധ്യായങ്ങള്‍). അന്ത്യ അത്താഴ സമയത്ത് അവിടുന്നു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: ”നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു… നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്നും എടുത്തു കളകയില്ല. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു.” ഇതു സംസാരിച്ചു ചില മണിക്കൂറുകള്‍ക്കു ശേഷം വ്യാജമായ കുറ്റങ്ങള്‍ ചുമത്തി ഒരു കുറ്റവാളിയെപ്പോലെ താന്‍ പരസ്യമായി കുരിശിലേറ്റപ്പെടുകയാണ്. ആ സമയത്തും താന്‍ സംസാരിക്കുന്നതു മറ്റുള്ളവര്‍ക്കു സന്തോഷവും സമാധാനവും നല്‍കുന്നതിനു വേണ്ടിയാണ്. അവരെ ധൈര്യപ്പെടുത്തുന്നതിനു വേണ്ടിയാണ്.

പൗലൊസിലുണ്ടായിരുന്ന ക്രിസ്തുവിന്റെ മനസ്സും ഭാവവും അതായിരുന്നു. തടവിലും താന്‍ സന്തോഷപൂര്‍ണ്ണമായിത്തന്നെ കഴിഞ്ഞു. അതൊരു വീട്ടുതടങ്കലായിരുന്നോ (അ. പ്ര. 28:29) അതോ പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ഒരു റോമന്‍ കാരാഗൃഹമായിരുന്നോ എന്നു നമുക്കറിഞ്ഞു കൂടാ. അക്കാലത്തെ റോമന്‍ കാരാഗൃഹങ്ങള്‍ കൊതുകും എലികളും ഇഴജന്തുക്കളും താവളമടിച്ചിരുന്ന ഇരുട്ടറകളായിരുന്നു. തടവുകാര്‍ വെറും തറയിലായിരുന്നു കിടന്നിരുന്നത്. വളരെ പരിമിതമായ ഭക്ഷണം മാത്രമേ അവര്‍ക്കു നല്‍കിയിരുന്നുള്ളു. മേല്‍പ്പറഞ്ഞ രണ്ടു സാഹചര്യങ്ങളും അത്ര സുഖകരമായിരുന്നില്ല. എങ്കിലും പൗലൊസ് അവിടെ സന്തുഷ്ടനായിരുന്നു. സുവിശേഷം പ്രസംഗിച്ചതിനായിരുന്നു പൗലൊസിനെ തടവിലാക്കിയിരുന്നത്. എന്നാല്‍ തന്റെ കഷ്ടങ്ങളെയോര്‍ത്ത് അദ്ദേഹം കണ്ണീരൊഴുക്കിയില്ല. തനിക്ക് ആരുടെയും സഹതാപം ആവശ്യമായിരുന്നില്ല. താന്‍ പൂര്‍ണ്ണ സന്തോഷവാനായിരുന്നു.

സുഖ സൗകര്യങ്ങളില്‍ ജീവിക്കയും കൊച്ചുകൊച്ചു കാര്യങ്ങളെയോര്‍ത്തു പരാതിപ്പെടുകയും ചെയ്യുന്ന ക്രിസ്ത്യാനികള്‍ക്കു പൗലൊസ് എത്ര നല്ല മാതൃകയാണ്! കൊച്ചു പ്രശ്‌നങ്ങളിലൂടെയോ ചെറിയ പരീക്ഷകളിലൂടെയോ കടന്നു പോകുമ്പോള്‍ അതേക്കുറിച്ചു പരിതപിക്കുകയും പരാതി പറകയും ചെയ്യുന്ന എത്രയെത്ര വിശ്വാസികളെ നാം കാണുന്നു! പൗലൊസ് തന്റെ കഷ്ടങ്ങളെക്കുറിച്ച് ഒരു വാക്കുപോലും ഇവിടെ പറയുന്നില്ല. എന്നാല്‍ അദ്ദേഹം ഇപ്രകാരം പറയുന്നു: ”ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി കഴിക്കുന്ന സകല പ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചും… ഞാന്‍ നിങ്ങളെ ഓര്‍ക്കുമ്പോഴൊക്കെയും എന്റെ ദൈവത്തിനു നന്ദി പറയുന്നു” (1:3,6). ഒരു രാത്രി മുഴുവന്‍ കൊതുകു കടിയും തണുപ്പും കാരണം ഉറങ്ങാന്‍ കഴിയാതെ പ്രയാസപ്പെട്ട ശേഷമാകാം ഇതെഴുതിയത്. തനിക്കു പുതയ്ക്കാനോ ഒന്നും ആവശ്യമായ വസ്ത്രങ്ങള്‍ അവിടെ ലഭ്യമായിരുന്നിരിക്കില്ല. പക്ഷേ തന്റെ സന്തോഷം ഇതില്‍ നിന്നായിരുന്നില്ല, മറിച്ചു ദൈവകൃപയില്‍ നിന്നായിരുന്നു. ഫിലിപ്യയിലെ സഹോദരന്മാരില്‍ ദൈവം പകര്‍ന്നതു താന്‍ ദര്‍ശിച്ച ആ കൃപ.

ചില വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദര്‍ശനത്തിലൂടെ ദൈവം തന്നെ ഫിലിപ്യയിലേക്ക് അയയ്ക്കുമ്പോള്‍ (അ. പ്ര. 16:9-11) പൗലൊസ് അതനുസരിച്ച് അവിടേക്കു പോവുകയും ചിലരെ കര്‍ത്താവിലേക്കു നടത്തുകയും തുടര്‍ന്നു തടവിലാവുകയും ചെയ്തു. അന്നു മാനസാന്തരപ്പെട്ട കാരാഗൃഹ പ്രമാണി ഈ ലേഖനമെഴുതുന്ന സമയത്ത് അവിടെയുള്ള സഭയിലെ ഒരു മൂപ്പനായിരുന്നിരിക്കാം. അദ്ദേഹം സഭയിലുള്ളവരോട് ഇപ്രകാരം സാക്ഷ്യം പറഞ്ഞിരിക്കാം: ”ഞാന്‍ ഈ മനുഷ്യനെ ജയിലിലും സന്തോഷിക്കുന്നവനായി കണ്ടു.” കര്‍ത്താവിനു വേണ്ടി പ്രയോജനപ്പെട്ട ഒരു ജീവിതത്തില്‍ നിന്നാണ് പൗലൊസിന്റെ സന്തോഷം ഉടലെടുത്തത്. നിങ്ങളുടെ ജീവിതാവസാനത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യമുണ്ടായിരുന്ന കാലത്ത് ആളുകളെ കര്‍ത്താവിലേക്കു നയിക്കുകയും തന്റെ സഭയെ ശുശ്രൂഷിക്കയും ചെയ്ത ഓര്‍മ്മകളായിരിക്കും നിങ്ങളില്‍ സന്തോഷം നിറയ്ക്കുക. അപ്പോള്‍ കര്‍ത്താവ് നിങ്ങളിലൂടെ ചെയ്ത പ്രവൃത്തികളെ ഓര്‍ത്തു പൗലൊസിനെപ്പോലെ സന്തോഷിക്കുവാന്‍ നിങ്ങള്‍ക്കും കഴിയും.


ദൈവവചനത്തെയും ജനത്തെയും വിലമതിക്കുക


പൗലൊസ് ഒരു വലിയ പ്രാര്‍ത്ഥനാ വീരനായിരുന്നു (1:3). അദ്ദേഹം ദൈവജനത്തിനു വേണ്ടി എല്ലാ സമയത്തും എല്ലാ സ്ഥലത്തും പ്രാര്‍ത്ഥിച്ചു. അദ്ദേഹം പ്രസംഗിക്കുക മാത്രമല്ല പ്രാര്‍ത്ഥിക്കുകയും കൂടി ചെയ്യുമായിരുന്നു. ഒരു യഥാര്‍ത്ഥ ദൈവഭൃത്യന്‍ പ്രസംഗിക്കുക മാത്രമല്ല തന്റെ ജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുന്നവനാണ്.

”നിങ്ങളില്‍ ദൈവം ആരംഭിച്ചിരിക്കുന്ന നല്ല പ്രവൃത്തിയെ യേശുക്രിസ്തുവിന്റെ നാളോളം തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിക്കുന്നു”(1:4) എന്നു പൗലൊസ് പറയുന്നു. തുടര്‍ന്ന് അദ്ദേഹം പറയുന്നു: ”നിങ്ങളെ ഞാന്‍ എന്റെ ഹൃദയത്തില്‍ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ”(1:7).

നിങ്ങള്‍ ഒരു പ്രസംഗകനായിരിക്കയും നിങ്ങള്‍ക്കു ദൈവജനത്തിനു വേണ്ടി ഒരു പ്രവചനത്തിന്റെ ദൂത് എല്ലായ്‌പ്പോഴും ഉണ്ടായിരിക്കയും വേണമെങ്കില്‍ നിങ്ങളുടെ ഹൃദയത്തില്‍ രണ്ടു കാര്യങ്ങള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്: ദൈവവചനവും ദൈവജനവും. നിങ്ങള്‍ക്കു ദൈവവചനത്തില്‍ അവഗാഹമുണ്ടായിരിക്കയും ഹൃദയത്തില്‍ ദൈവജനത്തോടു സ്‌നേഹമില്ലാതിരിക്കുകയും ചെയ്താല്‍ അവര്‍ക്കു വേണ്ടി ഒരു സന്ദേശം നിങ്ങള്‍ക്കു ദൈവം നല്‍കുകയില്ല. അപ്രകാരം തന്നെ നിങ്ങള്‍ക്കു ഹൃദയത്തില്‍ ദൈവജനത്തോടുള്ള സ്‌നേഹം ഉണ്ട്; പക്ഷേ നിങ്ങള്‍ ദൈവവചനത്തില്‍ സമയം ചെലവഴിക്കുന്നില്ല, വചന പരിജ്ഞാനമില്ല എന്നു വരികിലും ദൈവത്തിന് നിങ്ങള്‍ക്ക് ഒരു ദൂതു നല്‍കാന്‍ കഴിയുകയില്ല. പൗലൊസ് വിശ്വാസികളെ തന്റെ ഹൃദയത്തില്‍ വഹിച്ചിരുന്നു- എപ്രകാരം അഹരോന്‍ യിസ്രായേലിന്റെ 12 ഗോത്രങ്ങളുടെയും പേരുകള്‍ തന്റെ മാര്‍പ്പതക്കത്തില്‍ വഹിച്ചിരുന്നുവോ അതുപോലെ. ലോകത്തിലുള്ള എല്ലാ വിശ്വാസികളെയും ഒരു മനുഷ്യനെന്ന നിലയില്‍ പൗലൊസിനു തന്റെ ഹൃദയത്തില്‍ വഹിക്കുവാന്‍ കഴിയുമായിരുന്നില്ല. ദൈവം തന്റെ ഉത്തരവാദിത്തത്തിലേക്കു ഭരമേല്പിച്ചിരിക്കുന്നവരെ മാത്രമേ താന്‍ വഹിച്ചിരുന്നുള്ളു. നമുക്കു ദൈവവചനവും ഹൃദയത്തില്‍ ദൈവജനവും ഉണ്ടായിരിക്കുന്നെങ്കില്‍ നാം പറയുന്ന ഒരു വാക്യം പോലും അവര്‍ക്ക് അനുഗ്രഹമായിത്തീരും. പൗലൊസ് ക്രിസ്തുയേശുവിന്റെ സ്‌നേഹത്തോടെ ഫിലിപ്പിയര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരുടെ സ്‌നേഹം മേല്‍ക്കുമേല്‍ വര്‍ദ്ധിച്ചു വരേണ്ടതിന് (1:9). തന്നെയുമല്ല അതു പരിജ്ഞാനത്തിലും വിവേകത്തിലും വര്‍ദ്ധിച്ചു വരേണ്ടതിന് (1:9). വിവേകം കൂടാതെയുള്ള സ്‌നേഹം അപകടകരമാണ്. ആത്മീയ വിവേചനശക്തിയില്‍ വര്‍ദ്ധിക്കുന്ന സ്‌നേഹം നല്ലതിനെക്കാളുപരി മേല്‍ത്തരമായതിനെ അംഗീകരിക്കുന്ന, അഭിവാഞ്ഛിക്കുന്ന, ഒരു മനസ്സായി മാറും. മേല്‍ത്തരമായതിന്റെ ശത്രു ‘നല്ലതാ’ണെന്ന് ഒരു ചൊല്ലുണ്ട്. ഒരു നല്ലതിനെ നാം തിരഞ്ഞെടുക്കുമ്പോള്‍ മേല്‍ത്തരമായത്, ഒരുപക്ഷേ ഏറ്റവും മഹത്തരമായതു തന്നെ, ഒഴിവായിപ്പോവുകയായിരിക്കും ചെയ്യുക.

മോശമായതുണ്ട്, നല്ലതുണ്ട്, മേല്‍ത്തരമായതുണ്ട്. 1 കൊരിന്ത്യര്‍ 6-ാം അദ്ധ്യായത്തില്‍ പൗലൊസ് അനുവദനീയല്ലാത്ത കാര്യങ്ങള്‍, അനുവദനീയമായവ, പ്രയോജനമുള്ളവ എന്നു മൂന്നു തരങ്ങളെക്കുറിച്ചു പറയുന്നതു കാണാം. ജ്ഞാനമുള്ള ഒരുവന്‍ അനുവദനീയമായവയെയല്ല പ്രയോജനമുള്ളതിനെ തിരഞ്ഞെടുക്കുന്നു. അങ്ങനെയാണ് ഒരാള്‍ ആത്മീയനാകുന്നത്. നല്ലതിനെക്കൊണ്ടു കര്‍ത്താവിനെ സേവിക്കുകയല്ല ഏറ്റവും മേല്‍ത്തരമായതിനെക്കൊണ്ടത്രേ നാം കര്‍ത്താവിനെ സേവിക്കേണ്ടത്. ഒരു ഡോക്ടര്‍ തന്റെ രോഗിയെക്കുറിച്ചു ചിന്തിക്കുന്നതുപോലെ ഒരു നല്ല ചികിത്സയല്ല ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ തന്റെ രോഗിക്കു നല്‍കണം.

ഒരു ഭവനത്തില്‍ എന്നെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ മേശയില്‍ നിരത്തി വയ്ക്കുന്ന വിഭവങ്ങള്‍ കാണുമ്പോള്‍ ആ വീട്ടമ്മ എത്ര അദ്ധ്വാനമാണ് ഈ ഭക്ഷണമുണ്ടാക്കുന്നതിനു ചെലവഴിച്ചതെന്നു ഞാന്‍ ചിന്തിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ എന്നോടു തന്നെ പറയും: ഇപ്രകാരമുള്ള ഒരു ഒരുക്കം ദൈവജനത്തിനു ഞാന്‍ ദൈവവചനം ശുശ്രൂഷിക്കുമ്പോഴും നടത്തേണ്ടതുണ്ട്- അവര്‍ക്ക് ഏറ്റവും മേല്‍ത്തരമായതു തന്നെ വിളമ്പാന്‍.


പരീക്ഷകള്‍ അനുഗ്രഹമാകുമ്പോള്‍


തുടര്‍ന്നു പൗലൊസ് തന്റെ തടവുശിക്ഷയെക്കുറിച്ച് ഇങ്ങനെ പറയുന്നു: ”എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്നു”(1:12). അതുകൊണ്ടു നിങ്ങള്‍ അധൈര്യപ്പെടരുത്. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് തന്റെ ഉദ്ദേശ്യങ്ങള്‍ക്കായി വിളിക്കപ്പെട്ടവര്‍ക്കു സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു” എന്നു പൗലൊസ് വിശ്വസിച്ചിരുന്നു (റോമ. 8:28). പൗലൊസിന്റെ തടവ് എങ്ങനെയാണ് നന്മയ്ക്കു കാരണമായത്?

പൗലൊസിന്റെ തടവ് ഒന്നാമതു നമ്മുടെ നന്മയ്ക്കു കാരണമായിത്തീര്‍ന്നു. പൗലോസ് എപ്പോഴും മുമ്പോട്ടു പൊയ്‌ക്കൊണ്ടിരുന്ന ഒരു വ്യക്തിയാണ്. വാര്‍ദ്ധക്യത്തിലും താന്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. താന്‍ ഈ ഭൂമിയില്‍ നിന്നും കടന്നുപോകും മുമ്പെ എത്താവുന്നിടത്തോളം സുവിശേഷമെത്തിക്കണമെന്നു താന്‍ ആഗ്രഹിച്ചിരുന്നു. ദൈവത്തോട് ഏറ്റവും ചേര്‍ന്ന് അനേക കഷ്ടങ്ങളിലൂടെ നടന്നിരുന്നതിനാല്‍ ആത്മീയമായി താന്‍ ഏറ്റവും ധനികനായിരുന്നു. താന്‍ ദൈവത്തില്‍ നിന്നും പഠിച്ചതെല്ലാം ഓരൊന്നായി പൗലൊസ് ഇവിടെ വിവിരിച്ചിട്ടില്ല. പക്ഷേ പൗലൊസിനെ തന്റെ അറിവുകളുമായി നിശ്ശബ്ദതയില്‍ ഒതുങ്ങുവാന്‍ ദൈവം അനുവദിച്ചില്ല. അതൊക്കെ വരും തലമുറയ്ക്കു കൈമാറുവാന്‍ തക്കവണ്ണം ദൈവം ഇടയാക്കി. ഇക്കാര്യങ്ങളൊക്കെ എഴുതി സൂക്ഷിക്കുവാനുള്ള സാവകാശം ദൈവം പൗലൊസിനു നല്‍കിയത് എങ്ങനെയായിരുന്നു? തന്നെ തടവറയിലേക്ക് അയച്ചുകൊണ്ട്!! കാരാഗൃഹത്തില്‍ കിടക്കുന്നയാള്‍ക്കു യാത്ര ചെയ്യാന്‍ കഴിയുകയില്ലല്ലോ. അപ്പോള്‍ സഭകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കത്തുകള്‍ എഴുതുവാന്‍ തന്റെ സമയം വിനിയോഗിക്കാമെന്നു അദ്ദേഹം തീരുമാനിച്ചു. അപ്രകാരമാണ് താന്‍ ഫിലിപ്പിയര്‍ക്കും എഫെസ്യര്‍ക്കും കൊലൊസ്യര്‍ക്കുമുള്ള ലേഖനങ്ങള്‍ എഴുതിയത്. അതിന്റെ ഫലം എന്തായിരുന്നു? കഴിഞ്ഞ 2000 വര്‍ഷങ്ങളായി കോടിക്കണക്കിനു ജനങ്ങളെ അവ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ പൗലൊസിന്റെ കാരാഗൃഹം സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്നു.

1980കളുടെ മദ്ധ്യത്തിലെങ്ങോ ഒരിക്കല്‍ ഒരു ലഘു ശസ്ത്രക്രിയക്കു വിധേയനായി ഞാന്‍ ആശുപത്രിയില്‍ കഴിയാനിടയായി. അതൊരു ചെറിയ അസുഖമായിരുന്നു. കര്‍ത്താവിന് ഒരു ശസ്ത്രക്രിയ കൂടാതെ എളുപ്പത്തില്‍ സൗഖ്യം നല്‍കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഞാന്‍ ശസ്ത്രക്രിയയിലൂടെ കടന്നു പോകണമെന്ന് അവിടുന്നു തീരുമാനിച്ചു. ആശുപത്രിയിലായിരുന്നപ്പോള്‍ ഞാന്‍ ഇങ്ങനെ ചോദിച്ചു: ”കര്‍ത്താവേ, അങ്ങെന്തുകൊണ്ടാണ് ഞാന്‍ ആശുപത്രിയില്‍ കിടക്കുവാന്‍ അനുവദിച്ചത്? എനിക്കു പെട്ടെന്നു സൗഖ്യം നല്‍കിയിരുന്നെങ്കില്‍ ഏതെങ്കിലും സ്ഥലത്ത് എനിക്ക് അങ്ങയുടെ വേലയില്‍ ആയിരിക്കാമായിരുന്നു.” കര്‍ത്താവ് എന്നോടു പറഞ്ഞു: ”എനിക്കു നിന്നെ സൗഖ്യമാക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ നീ കുറച്ചു ദിവസം കിടക്കയില്‍ ആയിരിക്കേണ്ടതുണ്ട് – ഞാന്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുവാന്‍. നിന്റെ ഓട്ടം അധികമായിരിക്കുന്നതുകൊണ്ട് ഞാന്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുവാന്‍ നിനക്കു സാവകാശം ലഭിക്കുന്നില്ല. പലപ്പോഴും എനിക്കു നിന്നോടു സംസാരിക്കുവാന്‍ കഴിയുന്നു പോലുമില്ല.” എന്റെ ആശുപത്രി വാസം കര്‍ത്താവ് അനുവദിച്ചതിന്റെ കാരണം എനിക്കു വ്യക്തമായി. എനിക്കു ആശുപത്രിയില്‍ കര്‍ത്താവ് ആഗ്രഹിക്കുന്നേടത്തോളം തുടരുന്നതു സന്തോഷമായി. കാരണം എനിക്ക് അവിടുത്തെ കേള്‍ക്കണമായിരുന്നു. ഞാന്‍ അവിടെ കിടന്ന നാളുകളില്‍ ഓരോ ദിവസവും കര്‍ത്താവ് എന്നോടു സംസാരിച്ചുകൊണ്ടിരുന്നു. അതൊക്കെ ഞാന്‍ കുറിച്ചു വച്ചു. കര്‍ത്താവു സംസാരിച്ച ഓരോ വാക്കുകളും സശ്രദ്ധം കുറിച്ചു വച്ച എന്റെ ഒരേ ഒരു ലേഖനം അതു മാത്രമാണ്. അതു പിന്നീട് ”ദൈവത്തിന് ആവശ്യമുള്ള മനുഷ്യര്‍” എന്ന പേരില്‍ ഒരു ലഘുലേഖ ആയി പ്രസിദ്ധീകരിച്ചു. പില്‍ക്കാലത്ത് ”പുതിയ വീഞ്ഞു പുതിയ തുരുത്തിയില്‍” ”ദൈവശുശ്രൂഷയുടെ പ്രമാണങ്ങള്‍” എന്നീ പുസ്തകങ്ങളില്‍ ഓരോ അദ്ധ്യായമായി അതു ചേര്‍ത്തു. അനേക രാജ്യങ്ങളില്‍ ആ ലഘുലേഖ ആത്മാക്കളോടു സംസാരിക്കുവാന്‍ കര്‍ത്താവു ഉപയോഗിച്ചു. എന്നാല്‍ കര്‍ത്താവ് എന്നെ ആശുപത്രിക്കിടക്കയിലാക്കിയിരുന്നില്ലെങ്കില്‍ ഞാന്‍ ആ ലഘുലേഖ എഴുതുമായിരുന്നില്ല.

ദൈവം നമ്മെ രോഗത്തിലോ തടവിലോ ഒക്കെ ആക്കിക്കൊണ്ടു തനിക്കു വേണ്ടി ചിലതു ചെയ്യുവാന്‍ സാവകാശം തരുന്നു. അങ്ങനെയൊരു അവസരം തരുന്നില്ലെങ്കില്‍ നാമതു ചെയ്യുകയില്ല. അതുകൊണ്ടു ദൈവം നമുക്കു സൃഷ്ടിക്കുന്ന മാര്‍ഗ്ഗ തടസ്സങ്ങള്‍ക്കും നമുക്കു നന്ദിയുള്ളവരായിരിക്കാം. ”ഒരു നല്ല മനുഷ്യന്റെ നടപ്പും നില്‍പ്പും കര്‍ത്താവിന്റെ നിയോഗമാണ്” (സങ്കീ. 37:23).

പൗലൊസിന്റെ തടവ് നന്മയ്ക്കായി തീര്‍ന്ന മറ്റൊരു വഴി ഇതാ: ”എന്റെ ബന്ധനങ്ങള്‍ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടി പട്ടാളത്തില്‍ ഒക്കെയും മറ്റെല്ലാവര്‍ക്കും തെളിവായി വരികയും”(1:13) എന്ന് എഴുതിയിരിക്കുന്നു. തുടര്‍ന്നു ”വിശുദ്ധന്മാര്‍ എല്ലാവരും കൈസരുടെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവരും നിങ്ങളെ വന്ദനം ചെയ്യുന്നു” (ലിവിംഗ് ബൈബിള്‍) എന്നും രേഖപ്പെടുത്തിയിരിക്കുന്നു. കൈസരുടെ കൊട്ടാരത്തില്‍ ഉദ്യോഗം വഹിക്കുന്നവര്‍ എങ്ങനെയാണ് ക്രിസ്ത്യാനികളായത്? തന്നെ ബന്ധിച്ചു തനിക്കു കാവല്‍ നിന്ന ഭടന്മാരോടു പൗലൊസ് അറിയിച്ച സുവിശേഷത്തിലൂടെയായിരിക്കാം അതു സംഭവിച്ചത്. അക്കാലത്തു തടവു പുള്ളികള്‍ ഓടിപ്പോകാതിരിക്കേണ്ടതിന് കാവല്‍ക്കാരോടു ചേര്‍ത്തു ചങ്ങലയാല്‍ ബന്ധിക്കുന്ന പതിവുണ്ടായിരുന്നു. തന്നോടു ചേര്‍ത്തു ബന്ധിച്ചിരുന്ന കാവല്‍ ഭടനോട് അയാളുടെ 8 മണിക്കൂര്‍ ഡ്യൂട്ടി സമയം മുഴുവന്‍ സുവിശേഷം അറിയിച്ചിരിക്കാം. പട്ടാളക്കാരനു മാറിപ്പോകാന്‍ കഴിയുമായിരുന്നില്ല. പൗലൊസ് സുവിശേഷം അറിയിച്ചിരുന്നു. അവന്‍ നിന്നു കേട്ടു. 8 മണിക്കൂര്‍ ഷിഫ്റ്റു കഴിയുമ്പോള്‍ അടുത്ത ഡ്യൂട്ടിക്കാരന്‍ വന്നു. അയാളോടു പൗലൊസ് സംസാരിച്ചുകൊണ്ടിരുന്നു. കേട്ടവരെ സുവിശേഷം സ്വാധീനിക്കുകയും മനം തിരിയുകയും ചെയ്യുവാന്‍ ഇടയായി. അങ്ങനെ പട്ടാളക്കാരില്‍ വളരെപ്പേര്‍ സുവിശേഷം കേള്‍ക്കുവാനിടയായി. അതിന്റെ ഫലമായി കൊട്ടാരത്തില്‍ ഒരു സഭയുമുണ്ടായി.

പൗലൊസിന്റെ കാരാഗൃഹ വാസം ഒരിക്കലും ഒരു സഭാ യോഗത്തില്‍ സംബന്ധിക്കുകയോ വചനം കേള്‍ക്കുകയോ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒട്ടേറെ പേരുടെ മാനസാന്തരത്തിനു കാരണമായിത്തീര്‍ന്നുവെന്നു തിരുവചനത്തില്‍ നിന്നും നാം ഗ്രഹിക്കുന്നു. എന്നു മാത്രമല്ല പല വിശ്വാസികളും ധൈര്യത്തോടെ സുവിശേഷം പ്രസംഗിക്കുവാനും ആരംഭിച്ചു (1:14). പേടിച്ചിരുന്ന പലരും ധൈര്യമുള്ളവരായി സംസാരിച്ചു തുടങ്ങി.

എന്നാല്‍ ഇന്നുള്ളതുപോലെ ചിലര്‍ പൗലൊസിനോടുള്ള അസൂയയില്‍ നിന്നായിരുന്നു പ്രസംഗിച്ചത്. അവര്‍ പൗലൊസിനോടു മത്സരവും പിണക്കവുമുള്ളവരായിരുന്നു. അവര്‍ പ്രസംഗിച്ചതു തങ്ങളുടെ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായിരുന്നു. അവര്‍ മുമ്പേ തന്നെ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഉത്സുകരായിരുന്നു. എന്നാല്‍ പൗലൊസ് ഉണ്ടായിരുന്ന കാലത്തൊന്നും അവസരം ലഭിച്ചില്ല. ഇപ്പോള്‍ പൗലൊസ് തടവിലായപ്പോള്‍ അവര്‍ക്ക് അവസരം ലഭിച്ചു. അവര്‍ക്ക് അഭിഷേകം ഉണ്ടായിരുന്നില്ല. പ്രസംഗിക്കുവാനുള്ള വാഞ്ഛ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതേക്കുറിച്ചു കേട്ടപ്പോള്‍ പൗലൊസിന്റെ പ്രതികരണമെന്തായിരുന്നു? ഏതു വിധമായിരുന്നാലും ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നതില്‍ അദ്ദേഹം സന്തോഷിച്ചു. അവരുടെ ഉദ്ദേശ്യങ്ങളെ ദൈവം വിധിക്കട്ടെ എന്നു വിചാരിച്ചു (1:17,18).

ഇന്നു ധനസമ്പാദനത്തിനായി വളരെപ്പേര്‍ സുവിശേഷം പ്രസംഗിക്കുന്നതു നമുക്കു കാണുവാന്‍ കഴിയും. ചില ആത്മാക്കള്‍ രക്ഷിക്കപ്പെടേണ്ടതിനും ചിലര്‍ രോഗസൗഖ്യം പ്രാപിക്കേണ്ടതിനും ദൈവം അവരെ ഉപയോഗിച്ചേക്കാം. എന്നാല്‍ അന്ത്യവിധിയില്‍ ക്രിസ്തുവിനെ ധനസമ്പാദനത്തിന് ഉപയോഗിച്ചതിനാല്‍ ദൈവം അവരെ നരകാഗ്നിയിലേക്ക് അയച്ചെന്നുവരും (മത്താ. 7:22,23). ഇന്റര്‍നെറ്റിലുള്ള എന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും എന്റെ പുസ്തകങ്ങള്‍ വായിച്ചു പ്രസംഗങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്ന ഒട്ടേറെ ക്രിസ്തീയ പ്രസംഗകരുണ്ട്. തങ്ങള്‍ക്കു മഹത്വമുണ്ടാക്കാനായി അവര്‍ അതുപയോഗിക്കുന്നു. എന്നാല്‍ അവരുടെ പ്രസംഗം കാരണമായി ചിലര്‍ അനുഗ്രഹിക്കപ്പെടുന്നു എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അവരുടെ തെറ്റായ ഉദ്ദേശ്യങ്ങളെ ദൈവം വിധിക്കട്ടെ. രക്ഷിക്കപ്പെടാത്ത വ്യക്തികള്‍ നല്‍കുന്ന ട്രാക്റ്റുകളിലൂടെ ആളുകള്‍ രക്ഷയിലേക്കു വരാറുണ്ട്. പക്ഷേ ട്രാക്റ്റുകള്‍ വിതരണം ചെയ്ത ആള്‍ ഒടുവില്‍ നരകാഗ്നിയിലേക്കു പതിക്കും. അവരെ നമുക്കു വിധിക്കേണ്ടതില്ല. അന്ത്യവിധിയില്‍ ദൈവം അവരെ വിധിക്കും. തെറ്റായ ഉദ്ദേശ്യത്തോടെ സുവിശേഷം പ്രസംഗിക്കുന്ന ഏതു വ്യക്തിയേയും ദൈവം ശിക്ഷിക്കും.

പൗലൊസ് പറഞ്ഞു: ”എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവുമാണ്” എന്ന് (1:21). താന്‍ മരിക്കുന്ന നിമിഷം തന്നെ കര്‍ത്താവിനോടുകൂടെ ചേര്‍ന്നിരിക്കും. താന്‍ തുടര്‍ന്നു ജീവിക്കുന്നെങ്കില്‍ കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ ഫലപ്രദമായ ശുശ്രൂഷയിലായിരിക്കും. ഇതു രണ്ടും പൗലൊസിനെ സംബന്ധിച്ച് അഭികാമ്യമാണ്. ഇതില്‍ ഏതു തിരഞ്ഞെടുക്കണമെന്നു തനിക്കു നിശ്ചയമില്ലായിരുന്നു. ഒടുവില്‍ താന്‍ ഇപ്രകാരം തീരുമാനിക്കുന്നു- വിശ്വാസികളെ ഉറപ്പിക്കേണ്ടതിനു കുറച്ചു കാലം കൂടി ഭൂമിയില്‍ത്തന്നെ തുടരാമെന്ന്. വിശ്വാസികളെ സ്ഥിരീകരണത്തിലേക്കു നടത്തേണ്ടതിനും തിരുവെഴുത്തുകളിലേക്കു മുതല്‍ക്കൂട്ടേണ്ട ലേഖനങ്ങള്‍ ബാക്കിയുള്ളവ കൂടി പൂര്‍ത്തീകരിക്കേണ്ടതിനും ദൈവം കുറച്ചു വര്‍ഷങ്ങള്‍ കൂടി പൗലൊസിന് അനുവദിച്ചു നല്‍കി. പിന്നീട് തിമൊഥെയോസിനുള്ള രണ്ടാമത്തെ ലേഖനം എഴുതുന്ന കാലത്തു താന്‍ ഈ ലോകത്തില്‍ നിന്നും മാറ്റപ്പെടുവാനുള്ള കാലം അടുത്തു എന്ന് അദ്ദേഹത്തിനു ബോദ്ധ്യമായിരുന്നു.

1:27ല്‍ അദ്ദേഹം ഇപ്രകാരം തുടരുന്നു: ”ഞാന്‍ നിങ്ങളെ വന്നു കാണുമ്പോഴായാലും ദൂരെയിരുന്നു നിങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോളായാലും നിങ്ങള്‍… ഒരു മനസ്സോടെ ഏകാത്മാവില്‍ സുവിശേഷത്തിന്റെ വിശ്വാസത്തിനായി പോരാടേണ്ടതിനു തന്നെ നിലകൊള്ളുന്നു എന്നു ഗ്രഹിക്കേണ്ടതിനു ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമാം വണ്ണം നടക്കുവീന്‍.” അവരെക്കുറിച്ചു പൗലൊസിന് ഒരേ ഒരു ഭാരമാണുണ്ടായിരുന്നത് – ഐക്യത. ഏകാത്മാവില്‍ ഏകമനസ്സോടെ പോരാടുക.

1:28-ല്‍ അതുപോലെ തന്നെ എതിരാളികള്‍ ഒരിക്കലും നിങ്ങളെ ഭിന്നിപ്പിക്കുവാന്‍ ഇടവരരുത് എന്നു പറഞ്ഞിരിക്കുന്നു. പീഡനങ്ങള്‍ക്കു നടുവില്‍, രക്ഷിക്കപ്പെടുന്ന നിങ്ങള്‍, സ്വസ്ഥതയിലായിരിക്കും. നശിക്കുന്നവര്‍ കലങ്ങിപ്പോകും. നിങ്ങളുടെ സ്വസ്ഥത നിങ്ങളുടെ രക്ഷയുടെ തെളിവും അടയാളവുമായിരിക്കും. ”നിന്നെ ക്രൂശിക്കുവാനും വിട്ടയയ്ക്കുവാനും എനിക്ക് അധികാരമുണ്ട് എന്നു നീ അറിയുന്നുവോ?” എന്നു പീലാത്തോസ് യേശുവിനോടു ചോദിച്ചപ്പോള്‍ യേശു സ്വസ്ഥനായി ഇങ്ങനെ മറുപടി നല്‍കി: ”എന്റെ പിതാവു നിനക്കു നല്‍കിയിട്ടില്ലെങ്കില്‍ നിനക്ക് എന്റെമേല്‍ ഒരു അധികാരവും ഉണ്ടാകയില്ല” (യോഹ. 19:10,11). യേശു അക്ഷോഭ്യനായിരുന്നു. നമ്മുടെ ജീവിതത്തിലും ഇപ്രകാരം ഏതെങ്കിലും ലൗകിക അധികാര സ്ഥാനങ്ങള്‍ക്കു മുമ്പില്‍ നില്‌ക്കേണ്ടി വരുമ്പോള്‍ പൊന്തിയോസ് പിലാത്തോസിനു മുമ്പാകെ യേശു പറഞ്ഞ അതേ ഏറ്റു പറച്ചില്‍ നമുക്കും നല്‍കാന്‍ കഴിയണം: ”എന്റെ പിതാവു നല്‍കുന്നില്ലെങ്കില്‍ നിനക്ക് എന്റെ മേല്‍ ഒരു അധികാരവുമില്ല.” അതു നമ്മുടെ ശത്രുക്കളുടെ നാശത്തിന് ഒരു അടയാളമായിരിക്കും. ദൈവം നമുക്കു രണ്ട് അവകാശങ്ങള്‍ നല്‍കിത്തന്നിരിക്കുന്നു. ”ക്രിസ്തുവില്‍ വിശ്വസിക്കുക” ”ക്രിസ്തുവിനു വേണ്ടി കഷ്ടം സഹിക്കുക” (1:29). ഇതു രണ്ടും ചേര്‍ന്നു പോകുന്ന രണ്ടു കാര്യങ്ങളാണ്.

സ്വാര്‍ഥത, നിഗളം എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യം


രണ്ടാം അദ്ധ്യായത്തില്‍ ഐക്യതയെക്കുറിച്ചു തന്നെ പൗലൊസ് തുടരുന്നു. 1:27-ലേതിനു സമാനമായ നാലു പദപ്രയോഗങ്ങള്‍ നമുക്കു കാണാം. ”നിങ്ങള്‍ ഏക മനസ്സുള്ളവരായി ഏകസ്‌നേഹം പൂണ്ട് ഐകമത്യപ്പെട്ട് ഏകഭാവമുള്ളവരായി”(2:2). ഇപ്രകാരമുള്ള ഐക്യത പ്രാപിക്കുവാന്‍ എന്തു ചെയ്യണമെന്നു തുടര്‍ന്ന് അദ്ദേഹം പറഞ്ഞു പോകുന്നു. ക്രിസ്തുവിന്റെ ശരീരം പണിയുന്നതിനും കൂട്ടായ്മയില്‍ വളരുന്നതിനുമുള്ള ഐക്യത എങ്ങനെ നേടാം? ”ശാഠ്യത്താലോ (സ്വാര്‍ത്ഥത) ദുരഭിമാനത്താലോ (പൊങ്ങച്ചം) ഒന്നും ചെയ്യരുത്” (2:3). നാം മരിക്കുവോളം നമ്മെ മുറുകെ പിടിച്ചിരിക്കുന്ന രണ്ടു പാപങ്ങളാണ് സ്വാര്‍ത്ഥതയും നിഗളവും. പല അളവില്‍ പല രൂപങ്ങളില്‍ പല ഭാവങ്ങളില്‍. കുറച്ചു കാലം കൊണ്ട് അശുദ്ധ ചിന്തകളെയും പണസ്‌നേഹത്തെയും പെട്ടെന്നു മുറിവേല്‍ക്കുന്ന തൊട്ടാവാടി സ്വഭാവത്തെയും അപവാദം പറയുന്നതിനെയും നുണ പറയുന്നതിനെയും കയ്പിനെയും ക്ഷമിക്കാത്ത മനോഭാവത്തെയും ഒക്കെ നമ്മില്‍ നിന്നും നീക്കുവാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ സ്വാര്‍ത്ഥതയും നിഗളവും നമ്മില്‍ ആഴത്തില്‍ വേരുകളുള്ള തിന്മയാണ്. രണ്ടു വലിയ ഉള്ളി പോലെയാണവ. ഒരു ഇതള്‍ അടര്‍ത്തി മാറ്റുമ്പോള്‍, അടുത്ത ഇതള്‍ അതിനടിയില്‍ കണ്ടെത്തുന്നു. അത് അടര്‍ത്തി മാറ്റുമ്പോള്‍, വീണ്ടും അടുത്ത ഇതള്‍ നാം കണ്ടെത്തുന്നു. ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കും.

ആദാമ്യ വര്‍ഗ്ഗത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമാണ് സ്വാര്‍ത്ഥത. നാം സമയം ചെലവഴിക്കുന്നതിലും പണം ചെലവഴിക്കുന്നതിലും ഒക്കെ സ്വാര്‍ത്ഥതയുടെ താത്പര്യം നാം നിരന്തരം കാണുന്നു. ഓരോന്നും കാണുമ്പോള്‍ നമുക്ക് അതില്‍ നിന്നും രക്ഷ നേടുവാനായി പൊരുതാം. അപ്രകാരം ലക്ഷ്യം വയ്ക്കുന്നവര്‍ക്കു ക്രമേണ ക്രിസ്തുതുല്യമായ സ്വഭാവം പ്രാപിക്കുവാന്‍ കഴിയും. നിങ്ങളുടെ സ്വാര്‍ത്ഥതയെക്കുറിച്ചു നിങ്ങള്‍ക്കു വെളിച്ചം ലഭിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ കര്‍ത്താവിനോടൊപ്പം വെളിച്ചത്തില്‍ നടക്കുന്നില്ല എന്നാണ്. എന്നു മാത്രമല്ല ക്രിസ്തുവിന്റെ ശരീരം പണിയുന്നതിനു നിങ്ങള്‍ ഒരു തടസ്സവുമായിരിക്കും.

ആദാമ്യ വര്‍ഗ്ഗത്തിന്റെ മറ്റൊരു അടിസ്ഥാന സ്വഭാവമാണ് നിഗളം. നമ്മുടെ രൂപഭാവങ്ങളിലും ബുദ്ധിയിലുമൊക്കെ അതാകാം തെളിഞ്ഞു നില്ക്കുന്നത്. ഇക്കാര്യങ്ങളിലൊക്കെ പ്രകടമാകുന്ന നിഗളത്തെ നാം ജയിക്കുന്നില്ലെങ്കില്‍ പിന്നീട് ആത്മീയ നിഗളമെന്ന അപകടത്തിലാകാം നാം തുടര്‍ന്നെത്തുന്നത്.

സ്വാര്‍ത്ഥതയുടെയും ആത്മീയ നിഗളത്തിന്റെയും ഇതളുകള്‍ അടര്‍ത്തി മാറ്റുന്നതില്‍ വിശ്വസ്തരാകുന്നവര്‍ ക്രിസ്തു ശരീരത്തില്‍ അധികമധികമായി ഒന്നായിത്തീരും. ഈ വിഷയത്തോടുള്ള ബന്ധത്തിലാണ് പൗലൊസ് ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടാകട്ടെ എന്നു പ്രബോധിപ്പിക്കുന്നത് (2:5). ഈ ഒരൊറ്റ വാക്യം മാത്രം മതി നിങ്ങള്‍ക്കു ജീവിതകാലം മുഴുവന്‍ മുമ്പോട്ടു പോകുവാന്‍. നിങ്ങളെ രൂപാന്തരപ്പെടുത്താന്‍ വേറെ അധികം വാക്യങ്ങളൊന്നും അന്വേഷിക്കേണ്ടതില്ല. ഏതൊരു സാഹചര്യത്തിനു മുമ്പിലും നിങ്ങളോടു തന്നെ ചോദിക്കുക: ”ഞാന്‍ ക്രിസ്തുവിന്റെ ഭാവമാണോ ഇവിടെ അണിഞ്ഞിരിക്കുന്നത്?” കഴിഞ്ഞകാല പ്രവൃത്തികളെ ഓരോന്നായി ഈ ചോദ്യത്തിനു മുമ്പില്‍ വിധിക്കുക. ”ഞാന്‍ ക്രിസ്തുവിന്റെ മനോഭാവത്തോടെ ആയിരുന്നുവോ അവിടെ പ്രവര്‍ത്തിച്ചത്?” സ്വന്തം സൗകര്യങ്ങളോടുള്ള മനോഭാവത്തില്‍ വളരെയേറെ സ്വാര്‍ത്ഥതയുള്ളവരാണ് ആദാമ്യ വര്‍ഗ്ഗം. ഏറ്റവും നല്ല കിടക്കയും ഏറ്റവും നല്ല ഭക്ഷണവും ഏറ്റവും വലിയ കേക്കു കഷണവും തിരഞ്ഞെടുക്കുന്നവരാണു നാം. കുട്ടികളായിരിക്കുമ്പോള്‍ ഈ സ്വഭാവമൊക്കെ പച്ചയായി വെളിപ്പെടുത്തും. പ്രായമാകുമ്പോള്‍ സാക്ഷ്യം നഷ്ടപ്പെടാതിരിക്കാന്‍ നാം കൗശലപൂര്‍വ്വം പെരുമാറും. സ്വഭാവം പഴയതു തന്നെയായിരിക്കും.

യേശുവിന്റെ മനോഭാവം എന്താണ്? അവിടുന്നു സ്വര്‍ഗ്ഗത്തിലായിരുന്നപ്പോള്‍ തനിക്കുള്ള സൗഭാഗ്യങ്ങളൊന്നും ഇല്ലാത്ത മനുഷ്യരെക്കുറിച്ചു ചിന്തിച്ചു. ”എനിക്കുള്ള സൗഭാഗ്യങ്ങള്‍ അവര്‍ക്കും ഉണ്ടാകണം.” അതായിരുന്നു യേശുവിന്റെ മനോഭാവം. അപ്രകാരം നമുക്കും മറ്റുള്ളവരെക്കുറിച്ചുണ്ടാകേണ്ട മനോഭാവമാണ് ”എനിക്കു പാപക്ഷമ ലഭിച്ചിരിക്കുന്നു, അവര്‍ക്കില്ല, എനിക്കു പാപത്തിന്മേല്‍ ജയം ലഭിച്ചിരിക്കുന്നു, അവര്‍ക്കതില്ല. അതുകൊണ്ട് അവര്‍ക്കും അതു ലഭ്യമാകണം. അതിനുള്ള വഴി ഞാന്‍ അവര്‍ക്കു പറഞ്ഞു കൊടുക്കണം.” ഭൗതിക ആവശ്യങ്ങളെക്കുറിച്ചും ഈ മനോഭാവം നമുക്കുണ്ടാകണം. തണുപ്പുള്ള രാത്രികളില്‍ കമ്പിളി വസ്ത്രങ്ങളും പുതപ്പും സൗകര്യങ്ങളുമുള്ളവര്‍ക്ക് അതില്ലാത്ത സഹോദരങ്ങളെക്കുറിച്ചു ചിന്തിക്കാം. അതാണു ക്രിസ്തുവിന്റെ ഭാവം. ഭക്ഷണമുള്ളവര്‍ ഇല്ലാത്തവരെക്കുറിച്ചു ചിന്തിക്കുക. അതാണു ക്രിസ്തുവിന്റെ മനസ്സ്.

ക്രിസ്തു ലോകത്തിലേക്കു വന്നപ്പോള്‍ അവിടുന്നു സ്വയം താഴ്ത്തി (2:6). പിതാവിനോടു സമനായിരുന്നവന്‍ തന്റെ അവകാശങ്ങള്‍ വിട്ടുകളഞ്ഞ് ഒരു ദാസനെപ്പോലെയായി. സകല മനുഷ്യരുടെയും ദാസന്‍. മറ്റുള്ളവരുടെ മേല്‍ ആധിപത്യം ചെലുത്താന്‍ അവിടുന്നു തയ്യാറായില്ല. ഒരു സ്ഥാനമോ പദവിയോ പേരോ സ്വീകരിക്കാതെ ആളുകളെ സേവിച്ചു. തന്നെത്തന്നെ ‘മനുഷ്യപുത്രന്‍’ എന്നായിരുന്നു അവിടുന്നു വിളിച്ചത്. എന്നു വച്ചാല്‍ ഒരു സാധാരണ മനുഷ്യന്‍. താന്‍ ഭൂമിയിലായിരുന്നപ്പോഴും സര്‍വ്വശക്തനായ ദൈവം തന്നെ ആയിരുന്നു. എങ്കിലും ‘സാധാരണ മനുഷ്യന്‍’ എന്നാണു താന്‍ സ്വയം വിശേഷിപ്പിച്ചത്. തനിക്ക് ഒരു ദാസന്റെ മനസ്സായിരുന്നു.

ശുശ്രൂഷ ചെയ്യുന്നതും ശുശ്രൂഷക്കാരനാകുന്നതും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഒരു ശുചിത്വ പരിപാടിയുടെ ഉദ്ഘാടന വേളയില്‍ മന്ത്രി ചൂലുകൊണ്ട് പൊതുസ്ഥലം അടിച്ചു വാരുന്നതിന്റെ ചിത്രം നാം കാണാറുണ്ട്. അഞ്ചു സെക്കന്റു നീണ്ടു നില്‍ക്കുന്ന ഒരു അടിച്ചു വാരല്‍ മാത്രമാണത്. അദ്ദേഹം ഒരു ദാസനാണോ? ഒരിക്കലുമല്ല. അതൊരു പ്രകടനം മാത്രമാണ്. തനിക്കു ഒരു പേരു കിട്ടാന്‍ വേണ്ടി നടത്തുന്ന അഞ്ചു സെക്കന്റു നീണ്ടു നില്ക്കുന്ന ഒരു അഭിനയം മാത്രം. വേല ചെയ്യുന്നതും വേലക്കാരനാകുന്നതും തികെച്ചും വ്യത്യസ്തമായ രണ്ടു കാര്യമാണ്. അവ തമ്മില്‍ രണ്ടു ലോകങ്ങളുടെ തന്നെ വ്യത്യാസമുണ്ട്. നമുക്കു മനുഷ്യരുടെ മാനം ലഭിക്കുവാന്‍ വേണ്ടി സേവകനാകുവാന്‍ കഴിയും. എന്നാല്‍ ഒരു യഥാര്‍ത്ഥ ശുശ്രൂഷക്കാരന്‍ ശുശ്രൂഷിക്കുന്നതു തന്റെ മനോഭാവം ദാസന്റേത് ആയതുകൊണ്ടു മാത്രമാണ്. അവരെ സംബന്ധിച്ച് തന്നെത്തന്നെ അങ്ങനെ മാത്രമേ കാണുവാന്‍ കഴിയുകയുള്ളു.

കര്‍ത്താവ് എന്നെ ഈ സത്യം ഒരിക്കല്‍ പഠിപ്പിച്ചത് ഇങ്ങനെയാണ്. ഞാന്‍ പതിനൊന്നു വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. അവിടെ കൃത്യനിഷ്ഠയ്ക്കു വലിയ പ്രാധാന്യം കല്പിച്ചിരുന്നു. 6.30ന് ഒരു പരേഡു വച്ചിട്ടുണ്ടെങ്കില്‍ 6.25നു തന്നെ ഞങ്ങള്‍ക്ക് അവിടെ എത്തിച്ചേരേണ്ടിയിരുന്നു. അത് ഒരിക്കലും 6.31ന് ആയിക്കൂടായിരുന്നു. ആരെങ്കിലും 6.31ന് എത്തിയാല്‍ അയാള്‍ പിന്നീടൊരിക്കലും ജീവിതകാലത്തു മറക്കാന്‍ കഴിയാത്തവിധം ഒരു പാഠം അയാളെ പഠിപ്പിച്ചിരിക്കും. ഞാന്‍ ഒരു സഭയിലെ മൂപ്പനായപ്പോള്‍ അവിടെ പകുതിയിലധികം പേരും സഭായോഗത്തിന് കൃത്യസമയത്ത് എത്തുന്നില്ലെന്നു മനസ്സിലാക്കി. ഇത് എന്നെ അസ്വസ്ഥനാക്കുകയും ഞാന്‍ പല തരത്തില്‍ പ്രബോധനങ്ങളിലൂടെ അവര്‍ക്കു വ്യത്യാസം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. ഫലമുണ്ടായില്ല. അപ്പോള്‍ കര്‍ത്താവ് എന്നെ കാണിച്ചു തന്നു – ഞാന്‍ ഒരു യജമാനനെപ്പോലെയാണ് പെരുമാറുന്നത്, ദാസനെപ്പോലെയല്ല എന്ന്. ഉദാഹരണമായി രാജകൊട്ടാരത്തിലെ പരിചാരകന്‍ ഭക്ഷണമേശയില്‍ സമയത്തിനു മുമ്പെ തന്നെ നിലകൊള്ളേണ്ടതുണ്ട്. രാജാവിനും രാജ്ഞിക്കും തങ്ങള്‍ക്കു ബോധിച്ച സമയത്തു വരാന്‍ കഴിയും. കര്‍ത്താവ് എന്നോടു സഭയില്‍ ഇപ്രകാരം ഒരു പരിചാരകന്‍ ആയിരിക്കാനും വിശ്വാസികളെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു കരുതുവാനും പറഞ്ഞു. അതുമുതല്‍ എന്റെ അസ്വസ്ഥത നീങ്ങി. ഇക്കാര്യത്തില്‍ എന്റെ ഹൃദയം സമാധാനത്തിലായി. ഒരു ശുശ്രൂഷ ചെയ്യുന്നതും ശുശ്രൂഷക്കാരന്റെ മനസ്സുണ്ടാകുന്നതും തമ്മിലുള്ള വ്യത്യാസം ഞാന്‍ മനസ്സിലാക്കി. എനിക്ക് അതാണാവശ്യമെന്നും ഞാന്‍ അറിഞ്ഞു. മറ്റുള്ളവര്‍ കൃത്യനിഷ്ഠയില്‍ വീഴ്ച വരുത്തുന്നതില്‍ പിന്നീടൊരിക്കലും ഞാന്‍ അസ്വസ്ഥനായിട്ടില്ല.

യേശു തന്നെത്തന്നെ ഒരു ദാസനായി താഴ്ത്തി. അതുകൊണ്ടു ദൈവം അവനെ ഉയര്‍ത്തി. നിങ്ങള്‍ സ്വയം എത്രയധികം താഴ്ത്തുന്നുവോ അത്രയധികം ദൈവം നിങ്ങളെ ആത്മീയമായി ഉയര്‍ത്തും. ആളുകള്‍ക്കു മീതെയല്ല, പാപത്തിനും ലോകത്തിനും പിശാചിനും മീതെ ദൈവം നിങ്ങളെ ഉയര്‍ത്തും.

2:14ല്‍ ‘എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‌വീന്‍’ എന്നു പ്രബോധിപ്പിക്കുന്നു. ഇതൊരു അസാദ്ധ്യമായ നിലവാരമെന്നു പലരും കരുതുന്നതിനാല്‍ ഈ കല്പനയെ അവഗണിക്കാറാണു പൊതുവേ പതിവ്. എന്നാല്‍ ദൈവശക്തിയാല്‍ ഇതൊക്കെ സാദ്ധ്യമാണ്. ഇതിനു തൊട്ടു മുമ്പുള്ള 13-ാം വാക്യത്തില്‍ ദൈവം തന്നെയാണു നമ്മില്‍ ഇച്ഛയും പ്രവൃത്തിയും ഉളവാക്കുന്നതെന്നു നാം കാണുന്നു. ക്രിസ്തുവിന്റെ താഴ്മയും നിസ്വാര്‍ത്ഥ സ്‌നേഹവും നമുക്കു സ്വയം നമ്മില്‍ ഉത്പാദിപ്പിക്കുവാന്‍ കഴിയില്ല. ആദ്യമേ ദൈവം തന്നെ ഒരു പ്രവൃത്തി നമ്മില്‍ തുടങ്ങണം. അതു ദൈവം തുടങ്ങിയിരിക്കുന്നു. എന്നാല്‍ ദൈനംദിന ജീവിതത്തിന്റെ ഓരോ സാഹചര്യത്തിലും ദൈവം അതു പ്രവര്‍ത്തിച്ചെടുക്കേണ്ടതായിട്ടുണ്ട്. അങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തു സ്വഭാവത്തില്‍ നാം വളരും (2 കൊരി. 4:16). അപ്പോഴാണ് പരാതിയും പിറുപിറുപ്പും കൂടാതെ ജീവിക്കുവാന്‍ നമുക്കു സാധ്യമാവുക.

തുടര്‍ന്നു തന്റെ രണ്ടു സഹപ്രവര്‍ത്തകരുടെ മാതൃകയെക്കുറിച്ചു പൗലൊസ് രേഖപ്പെടുത്തുന്നു- തിമൊഥെയോസും (2:19-22), എപ്പഫ്രോദിത്തോസും (2:25-30). ക്രിസ്തുവിലുള്ള നിസ്വാര്‍ത്ഥയുടെ ഉദാഹരണങ്ങളായി പൗലൊസ് ഇവരെ വെളിപ്പെടുത്തുന്നു. തന്നോടു കൂടെയുള്ള സഹപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ തിമൊഥെയോസിനെ മാത്രമാണു ഫലിപ്യയിലേക്ക് അയയ്ക്കുവാന്‍ പൗലൊസ് തിരഞ്ഞെടുക്കുന്നത്. കാരണം മറ്റുള്ളവരൊക്കെ സ്വന്തം കാര്യം മാത്രം നോക്കുന്നവരായിരുന്നു! അവരും വീണ്ടും ജനനം പ്രാപിച്ചവരും പരിശുദ്ധാത്മാഭിഷേകം ഉള്ളവരുമാണ്. അവര്‍ അന്യഭാഷയില്‍ സംസാരിക്കുന്നവരും പ്രസംഗിക്കുവാന്‍ കഴിവുള്ളവരുമാണ്. അവര്‍ക്ക് ആത്മാക്കളെ നേടാനുള്ള ദാഹവുമുണ്ട്. എങ്കിലും അവര്‍ സ്വന്തം നേട്ടങ്ങള്‍ അന്വേഷിച്ചിരുന്നു – മാനം, ധനം, സുഖം, സൗകര്യം ഒക്കെ. പൗലൊസ് ഒരു ആത്മീയനായിരുന്നതിനാല്‍ ഈ നല്ല സഹോദരന്മാരുടെ നിലവാരത്തെ വിവേചിച്ചറിഞ്ഞിരുന്നു. തിമൊഥെയോസ് മാത്രം നിസ്വാര്‍ത്ഥനാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഇന്നും നമുക്കു ക്രിസ്തീയ വേലക്കാരില്‍ ഇത്തരം രണ്ടു കൂട്ടരെ കണ്ടെത്താന്‍ കഴിയും.

എല്ലാ കൂട്ടത്തിലും നമുക്കു നല്ല സഹോദരന്മാരെയും വളരെ നല്ല സഹോദരീ സഹോദരന്മാരെയും കണ്ടെത്താന്‍ കഴിയും. സ്വാര്‍ത്ഥം അന്വേഷിക്കാത്തവരാണ് വളരെ നല്ല സഹോദരങ്ങള്‍. ഞാന്‍ കണ്ടിട്ടുള്ള അധികം ക്രിസ്തീയ ശുശ്രൂഷകരും സ്വാര്‍ത്ഥം അന്വേഷിക്കുന്നവരായാണ് കാണപ്പെട്ടിട്ടുള്ളത്. അവര്‍ തിമൊഥെയോസിനെ പോലെയല്ല. പ്രഥമമായും പ്രധാനമായും ക്രിസ്തുവിനെ അന്വേഷിക്കുന്നവരെയാണു ദൈവം അന്വേഷിക്കുന്നത്. അവര്‍ക്കാണു താന്‍ വെളിപ്പാടുകളെ നല്‍ കുന്നത്. നിത്യമായ ഒരു പ്രവൃത്തി ചെയ്യുവാന്‍ ഉപയോഗിക്കുന്നത് അവരെയാണ്. തിമൊഥെയോസും എപ്പഫ്രോദിത്തോസും അത്തരക്കാരായിരുന്നു. കര്‍ത്തൃ ശുശ്രൂഷ കാരണമായി എപ്പഫ്രോദിത്തോസ് മരണത്തോട് അടുത്തു. എങ്കിലും തന്റെ ജീവിതം കര്‍ത്താവിന്റ ജീവനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

3:1ല്‍ ”ഒരേ കാര്യം ആവര്‍ത്തിച്ചു എഴുതുന്നതില്‍ എനിക്കു നാണക്കേട് ഒട്ടും തോന്നുന്നില്ല. അതു നിങ്ങളുടെ സുരക്ഷിതത്വത്തിനു നല്ലതാണെന്നു ഞാന്‍ കരുതുന്നു.” തന്റെ ലേഖനങ്ങളില്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ചെഴുതുന്നതില്‍ തനിക്കു ലജ്ജയോ വിരസതയോ ഇല്ലെന്നു പൗലൊസ് വ്യക്തമാക്കുന്നു. അദ്ദേഹം വിശ്വാസികളുടെ നന്മയെ ലക്ഷ്യം വച്ചിരുന്നു. സ്വന്തം ബഹുമാനമായിരുന്നില്ല ലക്ഷ്യം വച്ചിരുന്നത്. അധികം പ്രസംഗകരും തങ്ങളുടെ പ്രസംഗങ്ങളില്‍ ആവര്‍ത്തനങ്ങളുണ്ടാകാതിരിക്കാന്‍ വളരെ ശ്രദ്ധിക്കുന്നു- കാരണം ശ്രോതാക്കളുടെ ബഹുമാനം നഷ്ടപ്പെടാതിരിക്കാന്‍. അവര്‍ തങ്ങളുടെ പ്രസംഗങ്ങളുടെ കുറിപ്പുകളും അവ പ്രസംഗിച്ച സ്ഥലങ്ങളും കുറിച്ചുവയ്ക്കുന്നു. ആവര്‍ത്തനം ഒരേ സ്ഥലത്തുണ്ടാകാതിരിക്കാന്‍. അവര്‍ പ്രസംഗ തൊഴിലാളികളാണ്. പ്രവാചകന്മാരല്ല. പഴയ നിയമ പ്രവാചകന്മാര്‍ തങ്ങളുടെ സന്ദേശങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നവരായിരുന്നു. കാരണം അവര്‍ ലക്ഷ്യം വച്ചിരുന്നത് ആളുകളുടെ അംഗീകാരമോ പണമോ ആയിരുന്നില്ല. പകരം ആളുകള്‍ മനം തിരിഞ്ഞു ദൈവത്തെ അനുസരിക്കുന്നതിലായിരുന്നു. പൗലൊസും തന്റെ പ്രസംഗങ്ങള്‍ പല തവണ ആവര്‍ത്തിച്ചിരുന്നു. കാരണം ആളുകള്‍ അതു വീണ്ടും വീണ്ടും കേള്‍ക്കണമെന്നു പൗലൊസ് ആഗ്രഹിച്ചിരുന്നു.

ക്രിസ്തുവിനു വെളിയിലുള്ളതെല്ലാം ചവറ്


3:2ല്‍ പൗലൊസ് പറയുന്നു: ”നായ്ക്കളെ സൂക്ഷിക്കുവിന്‍. ആകാത്ത വേലക്കാരെ സൂക്ഷിക്കുവിന്‍. ബാഹ്യമായ പരിച്ഛേദന മാത്രം നടത്തുന്ന വ്യാജ പരിച്ഛേദനക്കാരെ സൂക്ഷിക്കുവിന്‍. നാം തന്നെ യഥാര്‍ത്ഥ പരിച്ഛേദനക്കാര്‍.” ശരീര ഭാഗം മുറിച്ചു മാറ്റുന്ന പരിച്ഛേദനയുടെ അര്‍ത്ഥം ‘ജഡത്തില്‍ പുകഴുവാന്‍ ഒന്നുമില്ല. എല്ലാ പ്രശംസയും ക്രിസ്തുവിലാണ്’ എന്നതത്രേ (3:3). പ്രശംസയ്ക്കാണെങ്കില്‍ തനിക്കു ജഡത്തില്‍ വളരെ നേട്ടങ്ങളുണ്ടു പറയാനെന്നു പൗലൊസ് വ്യക്തമാക്കുന്നു. ഒന്നാമതു താന്‍ ഒരു പരീശനാണ്. എന്നു മാത്രമല്ല ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് ഒരു കുറ്റം പോലും പറയാനില്ലാത്തവന്‍. അതിന്നര്‍ത്ഥം ചെറുപ്പം മുതല്‌ക്കെ താന്‍ പത്തു കല്പനകളും കൃത്യമായി അനുസരിച്ചു ഭക്തിയോടെ ജീവിച്ചു പോരുന്നു എന്നത്രേ. എന്നാല്‍ ക്രിസ്തുവിനെ കണ്ടു മുട്ടിയപ്പോള്‍ തന്റെ മാനുഷിക നന്മകള്‍ വെറും ചവറു മാത്രമെന്നു ബോദ്ധ്യപ്പെട്ടു. ”ചവറെ”ന്നും ”അഴുക്കെ”ന്നും ഉള്ള പ്രയോഗങ്ങള്‍ ഞാന്‍ കൂടെക്കൂടെ ഉപയോഗിക്കാറുണ്ട്. ഭൂമിയിലെ വിലകുറഞ്ഞ കാര്യങ്ങളെക്കുറിച്ചു പറയുമ്പോഴാണത്. എന്നാല്‍ ആ വാക്കുകള്‍ എന്റെ സ്വയ നിര്‍മ്മിതിയല്ല, പൗലൊസില്‍ നിന്നു കടമെടുത്തതാണ്. ഇവിടെ 3:11ല്‍ അദ്ദേഹം ആ വാക്ക് ഉപയോഗിച്ചിരിക്കുന്നതു കാണാം. ക്രിസ്തുവിന്റെ തേജസ്സിനു മുമ്പില്‍ മനുഷ്യന്റെ നീതിയും ഭൗതിക ശ്രേഷ്ഠതകളുമെല്ലാം വെറും ചവറും മാലിന്യവും പോലെയാണ് എന്നദ്ദേഹം കണ്ടെത്തി. നിങ്ങള്‍ക്കങ്ങനെ തോന്നിയിട്ടുണ്ടോ? ക്രിസ്തുവിനോടു താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിന്റെ സമ്പത്തും ധനവുമെല്ലാം ചവറുപോലെ മൂല്യമില്ലാത്തതാണെന്നു നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ? മനുഷ്യര്‍ നല്‍കുന്ന മാനവും ആദരവും വെറും അഴുക്കു പോലെയാണെന്നു നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ദൈവഹിതം ചെയ്യുക. ദൈവം ആഗ്രഹിക്കുന്ന ഇടത്തു നിങ്ങള്‍ ആയിരിക്കുക. ക്രിസ്തു സ്വഭാവത്തില്‍ വളരുക. ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന ശുശ്രൂഷ നിവര്‍ത്തിക്കുക- നിത്യതയുടെ വെളിച്ചത്തില്‍ ആവശ്യമുള്ള കാര്യങ്ങള്‍ ഇവ മാത്രമാണ്.

മറ്റു ശുശ്രൂഷകര്‍ മാനിക്കപ്പെടുകയും നിങ്ങള്‍ മാനിക്കപ്പെടാതിരിക്കയും ചെയ്യുന്നു എങ്കില്‍ എന്താണ്? ക്രിസ്തുവിന്റെ നിന്ദ ചുമക്കുക എന്നതാണു നമ്മുടെ വിളി. ഭൗമികമായ മാനം വെറും ചവറു തന്നെയാണ്. മറ്റൊരു ക്രിസ്തീയ ശുശ്രൂഷകന്‍ സമ്പന്നതയിലും സൗകര്യത്തിലും ജീവിക്കുന്നതില്‍ നിങ്ങള്‍ അസൂയാലുവാണോ? എങ്കില്‍ പണത്തെയോ സുഖസൗകര്യങ്ങളെയോ ചവറെന്നു താങ്കള്‍ കണ്ടിട്ടില്ല. അതില്‍ താങ്കള്‍ക്കു ദുഃഖം തോന്നുന്നുണ്ടോ? ഭൗമിക സുഖത്തെയും ധനത്തെയും മാനത്തെയും ചവറെന്നു കണ്ടെത്തിയ ഒരു വ്യക്തിയായിരുന്നു പൗലൊസ്. ഇവയുടെ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രനായിരുന്നതിനാലായിരുന്നു വിഘ്‌നം കൂടാതെ കര്‍ത്താവിന്റെ വേലയില്‍ ആയിരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.

ക്രിസ്തുവിന് അന്യമായതെല്ലാം ചവറെന്നു കണ്ടെത്തുന്ന ഒരു വ്യക്തിക്കു മാത്രമേ വിശ്വസ്തമായി കര്‍ത്താവിന്റെ വേല നിവര്‍ത്തിക്കുവാന്‍ കഴിയൂ. ഈ ഭൂമിയില്‍ ജീവിക്കുവാന്‍ നമുക്കു പണം ആവശ്യമാണ്. നമുക്കു വേല ചെയ്തു പണം സമ്പാദിക്കാം. മറ്റുള്ളവര്‍ നല്കുന്ന ദാനങ്ങള്‍ സ്വീകരിക്കയും ആകാം. (എന്നാല്‍ ചോദിച്ചു വാങ്ങുന്നതും ദാനം അന്വേഷിക്കുന്നതും ദൈവവേലക്കാര്‍ക്കു ചേര്‍ന്നതല്ല). ലഭിക്കുന്ന പണം ജീവിതാവശ്യങ്ങള്‍ക്ക് – ഭക്ഷണം, വസ്ത്രം, വീട്ടു വാടക, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുതലായവയ്ക്ക് – ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ധനത്തിന്റെ, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവരോ, കണക്കു കൂട്ടലുകള്‍ നടത്തുന്ന മനോഭാവമുള്ളവരോ ശുശ്രൂഷ തെരഞ്ഞെടുക്കുന്നതില്‍ പണം ഒരു മാനദണ്ഡമാക്കുന്നവരോ ആണെങ്കില്‍ നാം ദൈവത്തിന്റെ വഴിയില്‍ നിന്നും തികച്ചും വിദൂരതയിലാണ്. പണം ഒരിക്കലും നമ്മുടെ യജമാനനാകുവാന്‍ പാടില്ല. നമ്മുടെ ദാസനായിരിക്കണം.

സ്വര്‍ഗ്ഗത്തിലെ വീഥികള്‍ തങ്ക നിര്‍മ്മിതമാണ്. തങ്കം സ്വര്‍ഗ്ഗത്തില്‍ നമ്മുടെ പാദങ്ങള്‍ക്കു കീഴിലാണ്. ഭൂമിയിലും ദൈവദാസന്മാര്‍ക്കു ധനം അങ്ങനെ തന്നെയായിരിക്കണം. ഇവിടെ ഭൂമിയില്‍ അതു തലയിലാണ് പൊതുവേ വയ്ക്കുന്നത്. കാല്‍ക്കീഴില്‍ വയ്ക്കുവാന്‍ നാം ശീലിച്ചാല്‍ നാം സ്വര്‍ഗ്ഗത്തിലേക്കു പോകുവാന്‍ തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ പൊന്ന് നിങ്ങളുടെ തലയില്‍ (മനസ്സില്‍) ഇരിക്കുന്നേടത്തോളം നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ തയ്യാറെടുത്തിട്ടില്ല. ധനത്തെ അതിന്റെ സ്ഥാനത്തു വയ്ക്കുവാന്‍ കഴിയുന്നത്ര വേഗത്തില്‍ പഠിക്കുന്നതാണു നിങ്ങള്‍ക്കു നല്ലത്. അതുപോലെ തന്നെയാണ് ലോകമാനം. ലോകത്തിന്റെ മാനാപമാനങ്ങളെയും ധനത്തെപ്പോലെ ചവറായി കാണുവാന്‍ നമുക്കു കഴിയണം.

ഇവിടെ പൗലൊസ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ചു പറയുന്നു. അതു വലിയ ഒരു പ്രസംഗകന്‍ ആകണമെന്നതോ പ്രസിദ്ധന്‍ ആകണമെന്നതോ ഒന്നുമായിരുന്നില്ല. ക്രിസ്തുവിനെ അധികമായി അറിയണമെന്നതായിരുന്നു അത്. ക്രിസ്തുവിന്റെ കഷ്ടങ്ങളോട് അനുരൂപപ്പെട്ടിട്ട് അവിടുത്തെ പുരുത്ഥാനത്തിന്റെ ശക്തിയെ അധികമായി അനുഭവിച്ചറിയണമെന്നതായിരുന്നു (3:10). എന്നാല്‍ താന്‍ ലക്ഷ്യം വച്ചതൊന്നും ഇതുവരെ പ്രാപിച്ചില്ല എന്നു തുടര്‍ന്നു പറയുന്നു. ക്രിസ്തുവിന്റെ പൂര്‍ണ്ണതയെ പ്രാപിക്കുവാന്‍ തനിക്കു കഴിഞ്ഞിട്ടില്ല (3:12). എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ താന്‍ തികഞ്ഞവനാണ് എന്നു പൗലൊസ് പറയുന്നു (3:15). തന്നെപ്പോലെ തികവുള്ള മറ്റു ചിലരും കൂടി ഉണ്ടെന്നു പൗലൊസ് പറയുന്നു. അവരെ മാതൃകകളായി കാണുവാന്‍ അദ്ദേഹം ഫിലിപ്പിയരെ ഉത്സാഹിപ്പിക്കുന്നു. ഈ വൈരുദ്ധ്യം നിങ്ങള്‍ക്കു പിടി കിട്ടിയോ? അപൂര്‍ണ്ണതയിലെ പൂര്‍ണ്ണത. യഥാര്‍ത്ഥ ആത്മീയതയിലെ വൈരുദ്ധ്യമാണത്. പൂര്‍ണ്ണതയെന്ന വാക്കു ഭയത്തോടെയാണു പല വിശ്വാസികളും കേള്‍ക്കുന്നത്. കാരണം അവര്‍ ശ്രദ്ധയോടെ പുതിയ നിയമം പഠിച്ചിട്ടില്ല. നമുക്ക് ഇവിടെ ഭൂമിയില്‍ കൈവരിക്കുവാന്‍ കഴിയുന്ന ഒരു പൂര്‍ണ്ണതയുണ്ട്. കര്‍ത്താവിന്റെ മടങ്ങി വരവില്‍ മാത്രം കൈവരിക്കാന്‍ കഴിയുന്ന പൂര്‍ണ്ണതയുമുണ്ട്.

ഭൂമിയിലായിരിക്കുമ്പോള്‍ നമുക്കു പ്രാപിക്കാന്‍ കഴിയുന്ന ഒരു പൂര്‍ണ്ണതയാണ് പൂര്‍ണ്ണതയുള്ള (കുറ്റമറ്റ) മനസ്സാക്ഷി. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ എല്ലാം ഏറ്റു പറഞ്ഞ ഒരു മനസ്സാക്ഷി (അ. പ്ര. 24:16). ബോധ്യമുള്ള എല്ലാ പാപങ്ങളെയും ഏറ്റു പറഞ്ഞു യേശുവിന്റെ രക്തത്താല്‍ കഴുകല്‍ പ്രാപിക്കുക (1യോഹ. 1:7,9). നഷ്ട പരിഹാരം ചെയ്യുക, കൊടുക്കാനുള്ളതു കൊടുത്തു തീര്‍ക്കുക, ക്ഷമ ചോദിക്കുക മുതലായവ. അവിടെ നമ്മുടെ മനസ്സാക്ഷി പൂര്‍ണ്ണതയുള്ളതാകും. ഭൂമിയില്‍ നമുക്കു പ്രാപിക്കാന്‍ കഴിയുന്ന പൂര്‍ണ്ണതയാണിത്. എന്നാല്‍ യേശുക്രിസ്തുവിന്റെ സ്വരൂപത്തിന്റെ പൂര്‍ണ്ണത നമുക്കു പ്രാപിക്കാന്‍ കഴിയുകയില്ല. അതിനെക്കുറിച്ചാണ് പൗലൊസ് പറയുന്നത്: ലഭിച്ചു കഴിഞ്ഞു എന്നു പറയാന്‍ കഴിയുന്നില്ല. പിടിക്കാമോ എന്നു വച്ചു മുമ്പോട്ട് ഓടുകയാണ്. ക്രിസ്തുവില്‍ ദൈവത്തിന്റെ പരമവിളിയുടെ ലക്ഷ്യത്തിലേക്ക്. കര്‍ത്താവിന്റെ മടങ്ങി വരവില്‍ മാത്രമേ ആ പൂര്‍ണ്ണത പ്രാപിക്കാനാവൂ. പക്ഷേ അതൊരു കൊടുമുടിയുടെ അഗ്രം പോലെയാണ്. നാം വീണ്ടും ജനിക്കുമ്പോള്‍ പര്‍വ്വതത്തിന്റെ ചുവട്ടിലാണു നാം. കര്‍ത്താവിനെ പോലെയാവുക എന്നാല്‍ പര്‍വ്വതത്തിന്റെ നെറുകയിലെത്തുക എന്നാണ്. ഓരോ ദിവസവും ഏതാനും അടിവീതം നാം കയറുന്നു. അങ്ങനെ നാം പൂര്‍ണ്ണതയിലേക്ക് ആയുന്നു. ജീവിതാവസാനം വരെ പര്‍വ്വതത്തിന്‍ ചുവട്ടില്‍ കഴിയാനുള്ളവരല്ല നാം. നമുക്കു മുകളിലേക്കു പ്രയാണം ചെയ്യേണ്ടതുണ്ട്.

അതുകൊണ്ട് എല്ലാ സമയത്തും നിര്‍മ്മലമായ ഒരു മനസ്സാക്ഷി സൂക്ഷിക്കുന്നവരെ നമുക്കു മാതൃകകളാക്കാം (വാ.17). എല്ലാവരെയും മാതൃകകളാക്കുവാന്‍ നമുക്കു കഴിയില്ല. കാരണം അധികം പേരും ഈ വഴിയില്‍ക്കൂടി സഞ്ചരിക്കുന്നവരല്ല. അവര്‍ ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നവരാണ് (വാ.18). അവരുടെ ദൈവം വയറ് (വാ.19). എങ്ങനെയാണ് നമ്മുടെ വയറ് (വിശപ്പ്) നമ്മുടെ ദൈവമായിരിക്കുന്നു എന്നറിയുന്നത്? നിങ്ങളുടെ ഭാര്യ ഒരു ദിവസം ഉണ്ടാക്കിയ ഭക്ഷണം അത്ര സ്വാദിഷ്ഠമല്ലായിരുന്നു. നിങ്ങള്‍ വളരെ അസ്വസ്ഥനാവുകയും അവരോടു മോശമായി സംസാരിക്കുകയും ചെയ്തു. അതിന്നര്‍ത്ഥം താങ്കളുടെ നാവിലെ രസ മുകുളങ്ങളുടെ അടിമയാണു താങ്കള്‍ എന്നാണ്. അങ്ങനെയാണെങ്കില്‍ ഭക്ഷണത്തിനു മുമ്പുള്ള താങ്കളുടെ പ്രാര്‍ത്ഥന യേശുക്രിസ്തുവിനോടാണെന്നു താങ്കള്‍ സങ്കല്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. പ്രാര്‍ത്ഥിക്കുന്നതു രസമുകുളങ്ങളോടാണ്. നിങ്ങളുടെ വയറിനെ ഒരിക്കലും ദൈവമാക്കരുത്. കര്‍ത്താവായ ക്രിസ്തു തന്നെ നിങ്ങളുടെ ദൈവമായിരിക്കട്ടെ. ഭക്ഷണം ലഭിക്കുമ്പോള്‍ അതിനായി ദൈവത്തിനു നന്ദി കരേറ്റുക. അതു മോശമായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. നിങ്ങള്‍ ജോലിക്കു പോകുന്നതിനു മുമ്പെ പ്രഭാത ഭക്ഷണം തയ്യാറായില്ല എന്നു വരികില്‍ ഭാര്യയോടു ക്ഷോഭിക്കാതിരിക്കുക. അതിനു പകരം ഇങ്ങനെ പറയുക: ”ഇന്നു കാലത്തെ ഞാന്‍ ഉപവസിക്കണമെന്നതായിരിക്കാം കര്‍ത്താവിന്റെ ഇഷ്ടം. അതുകൊണ്ടാകാം പ്രഭാതഭക്ഷണം തയ്യാറാകാതിരിക്കാന്‍ അവിടുന്ന് അനുവദിച്ചത്. ഭക്ഷണത്തോടുള്ള പ്രിയത്തില്‍ നിന്നും എന്നെ മോചിപ്പിക്കാന്‍ കര്‍ത്താവ് അതു ചെയ്തതാകാം.” അതുകൊണ്ടു സ്‌തോത്രം ചെയ്തുകൊണ്ട് ഭക്ഷണം കൂടാതെ ജോലിക്കു പോവുക. വയറിനെ ദൈവമാകുവാന്‍ അനുവദിക്കാതിരിക്കുക. നാം സ്വര്‍ഗ്ഗീയ പൗരന്മാരാണ് (3:20).


ക്രിസ്തുവില്‍ എല്ലാറ്റിനും ശക്തി


4:4ല്‍ പരിശുദ്ധാത്മാവ് ”കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവാന്‍” നമ്മെ ഉത്സാഹിപ്പിക്കുന്നു. വല്ലപ്പോഴും സന്തോഷിക്കുവാനല്ല, മിക്കപ്പോഴും സന്തോഷിക്കുവാനല്ല. വര്‍ഷങ്ങള്‍ക്കു മുമ്പെ ഈ വാക്യം എന്നെ വെല്ലു വിളിക്കുകയുണ്ടായി. ഞാന്‍ കര്‍ത്താവിനോടു പറഞ്ഞു: ‘കര്‍ത്താവേ, ഇത് എന്റെ ജീവിതത്തില്‍ സത്യമായിട്ടില്ല, അങ്ങ് ഇത് എന്റെ ജീവിതത്തില്‍ സത്യമാക്കണമേ.’ നിങ്ങള്‍ക്കു വല്ലപ്പോഴും ആരോഗ്യവാനായിരിക്കുവാന്‍ മാത്രമേ താത്പര്യമുള്ളോ അതോ എല്ലായ്‌പോഴും ആരോഗ്യവാനായിരിക്കുവാനാണോ താത്പര്യം? നാമെല്ലാം എല്ലായ്‌പോഴും ആരോഗ്യമുള്ളവരായിരിപ്പാന്‍ താത്പര്യമുള്ളവരാണ്. അതുപോലെ തന്നെ വല്ലപ്പോഴും സന്തോഷിക്കുവാനാണോ അതോ എല്ലായ്‌പോഴും സന്തോഷിക്കുവാനാണോ താത്പര്യം? നിങ്ങള്‍ ചോദിക്കുമായിരിക്കും അതു സാദ്ധ്യമാണോ എന്ന്. ദൈവകൃപയാല്‍ സാദ്ധ്യമാണ്. അതു അസാദ്ധ്യമാണന്ന് അറിഞ്ഞിരുന്നു എങ്കില്‍ കര്‍ത്താവ് അങ്ങനെ ഒരു കല്പന നമുക്കു നല്‍കുമായിരുന്നില്ല. ഇതു നമ്മുടെ ജീവിതത്തില്‍ സത്യമായി തീര്‍ന്നിട്ടില്ലെങ്കില്‍ കര്‍ത്താവിനോട് ഏറ്റു പറയുക. പരിശുദ്ധാത്മാവിനാല്‍ നിങ്ങളെ നിറയ്ക്കുകയും ക്രിസ്തുവില്‍ നിന്നന്യമായതെല്ലാം ചവറാണെന്നു കാണുവാന്‍ തക്കവണ്ണം നിങ്ങളെ പഠിപ്പിക്കേണ്ടതിന് അപേക്ഷിക്കയും ചെയ്യുക. അപ്പോള്‍ എല്ലാ സമയത്തും സന്തോഷിക്കുവാന്‍ നമുക്കു കഴിയും. ക്രിസ്തുവില്‍ നിന്നന്യമായതൊക്കെ ചവറാണെന്നു കാണാന്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് ഭൂരിപക്ഷം ക്രിസ്ത്യാനികളും പരാതിക്കാരും പിറുപിറുപ്പുകാരും ഞരങ്ങിക്കൊണ്ടു ജീവിക്കുന്നവരുമായി തീരുന്നത്. – എല്ലായ്‌പ്പോഴും സന്തോഷിക്കുക എന്നത് അസാദ്ധ്യമാണന്ന ചിന്ത അവരില്‍ വേരൂന്നിയിരിക്കുന്നത്. റോമിലെ ഒരു ഇരുണ്ട തടവറയില്‍ കിടന്നു കൊണ്ടാണ് പൗലൊസ് ഈ വാക്കുകള്‍ എഴുതിയത്. അദ്ദേഹത്തിന് അവിടെ സന്തോഷിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ നമുക്കെന്തുകൊണ്ട് സാധ്യമല്ല?

4:6-ല്‍ നമ്മെ വെല്ലുവിളിക്കുന്ന മറ്റൊരു കാര്യം കൂടി അദ്ദേഹം പറയുന്നു: ”ഒന്നിനെക്കറിച്ചും ആകുലപ്പെടരുത്.” നാം കയറേണ്ട മറ്റൊരു കൊടുമുടിയാണത്. ആകുലത വളരെ വേഗത്തില്‍ നമ്മിലേക്കു കടന്നു വരുന്ന ഒന്നാണ്. നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ട പണം കയ്യിലില്ലാതെ വന്നാല്‍ ആകുല ചിന്ത നമ്മെ ഭരിക്കുവാന്‍ തുടങ്ങും. നമ്മുടെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ നിന്നു വരാന്‍ വൈകിയാല്‍ ആകുല ചിന്ത നമ്മെ ഭരിക്കുവാന്‍ തുടങ്ങും. നിങ്ങള്‍ ഒരു യുവാവായിരിക്കുന്നു. പ്രായം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള സാദ്ധ്യതകള്‍ ഒന്നും കാണുന്നില്ലെന്നു വരുമ്പോള്‍ നിങ്ങള്‍ ആകുല ചിത്തനാകും. ഇപ്രകാരം നിരവധി കാര്യങ്ങള്‍ നമ്മെ ആകുലചിന്തയിലേക്കു നയിക്കാം. ഭൂമിയില്‍ ഈ പര്‍വ്വതം കീഴടക്കാന്‍ ഒരു പക്ഷേ നമുക്കു കഴിഞ്ഞെന്നു വരില്ല. എന്നാല്‍ നാം മുമ്പോട്ടു തന്നെ പോകുന്നെങ്കില്‍ ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവും വര്‍ദ്ധിക്കും. ഏതു സമയത്ത് ആകുലത കടന്നു വന്നാലും നമുക്ക് അതുമായി കര്‍ത്താവിന്റെ അടുത്തേക്കു പോകുവാന്‍ കഴിയും. ഒരു പഴയ പാട്ടില്‍ പാടുംപോലെ: ”അനാവശ്യ ഭാരങ്ങള്‍ എത്ര നാം ചുമക്കുന്നു! എത്ര ശാന്തി നാം നിരസിക്കുന്നു! പ്രാര്‍ത്ഥനയില്‍ കര്‍ത്തൃ സന്നിധിയിലേക്ക് ഓരോന്നും പറഞ്ഞൊഴിക്കാത്തതു മൂലം.” നമ്മുടെ പ്രാര്‍ത്ഥനകളില്‍ സ്‌തോത്രം കൂടി അര്‍പ്പിക്കേണ്ടതുണ്ട്. സ്‌തോത്രം എന്നു വച്ചാല്‍ ”കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന അങ്ങു കേട്ടിരിക്കയാല്‍ ഞാന്‍ നന്ദി കരേറ്റുന്നു” എന്നു പറയുന്നതാണ്. പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തില്‍ കേട്ടിരിക്കുന്നു എന്നു നാം വിശ്വസിച്ചുറച്ചിരിക്കുന്നു. പിന്നെ, കര്‍ത്താവ് അക്കാര്യം നോക്കിക്കൊള്ളും. ഒരിക്കല്‍ നിങ്ങള്‍ ദൈവത്തിനു സ്‌തോത്രം അര്‍പ്പിച്ചാല്‍, നന്ദി കരേറ്റിയാല്‍ നിങ്ങള്‍ക്കു പ്രാര്‍ത്ഥനയില്‍ നിന്നെഴുന്നേല്‍ക്കാം. അക്കാര്യത്തില്‍ പിന്നീട് ആകുലപ്പെടേണ്ടതില്ല. വീണ്ടും ആകുല ചിന്ത ശേഷിക്കുന്നു എങ്കില്‍ ഒരുപക്ഷേ നന്ദി കരേറ്റാത്തതു കൊണ്ടാകാം.

ഉല്‍കൃഷ്ടമായ കാര്യങ്ങളില്‍ മനസ്സു വയ്ക്കുവാന്‍ നമ്മെ തുടര്‍ന്നു പ്രബോധിപ്പിക്കുന്നു (4:8). തുടര്‍ന്നു ദൈവം തന്റെ ജ്ഞാനത്തില്‍ തന്നെ ആക്കി വയ്ക്കുന്ന എല്ലാ സാഹചര്യങ്ങളിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലും തൃപ്തനായിരിക്കുവാന്‍ പഠിച്ചതിന്റെ രഹസ്യം പൗലൊസ് നമ്മോടു പറയുന്നു. അധികം ക്രിസ്ത്യാനികളും പഠിച്ചിട്ടില്ലാത്ത ഒരു വലിയ രഹസ്യമാണിത് -അതെ മഹത്തായ ഒരു രഹസ്യം.

തുടര്‍ന്ന് ജയോത്സവമായ ഒരു പ്രഖ്യാപനം പൗലൊസ് നടത്തുന്നു: ”എന്നെ ശക്തനാക്കുന്ന ക്രിസ്തു മുഖാന്തരം ഞാന്‍ സകലവും പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവനാകുന്നു”(4:13). ക്രിസ്തു നമ്മെ ശക്തരാക്കുമ്പോള്‍ നാം എല്ലായ്‌പോഴും സന്തോഷിക്കുവാനും ഒന്നിനെക്കുറിച്ചും ആകുലപ്പെടാതിരിക്കുവാനും പ്രാപ്തരായിരിക്കും. എന്നാല്‍ സ്വന്ത ശക്തികൊണ്ട് ഒരിക്കലും നമുക്ക് ഈ വിജയം ഉണ്ടാക്കാന്‍ കഴിയില്ല. കര്‍ത്താവു നല്‍കുന്ന ശക്തിയാല്‍ അതു സാദ്ധ്യമാണ്.
ഫിലിപ്യയിലെ സഭ മാത്രമായിരുന്നു പൗലൊസിനെ സാമ്പത്തികമായി സഹായിച്ചിരുന്നത്. ധനസഹായം സ്വീകരിക്കുന്ന കാര്യത്തിലും അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ടായിരുന്നത് ഫിലിപ്യ സഭയോടു മാത്രമായിരുന്നു(4:14-18). അങ്ങനെ ഔദാ ര്യം കാട്ടിയ സഭയോടു പൗലൊസ് ഇങ്ങനെ പറഞ്ഞു: ”എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തു തരും”(4:19). ദൈവഭക്തിയുള്ള ജീവനത്തിന് ആവശ്യമായതെല്ലാം ദൈവം നല്‍കിത്തരും. ഈ വാഗ്ദാനം പ്രാഥമികമായി ഭൗതിക കാര്യങ്ങളെക്കുറിച്ചല്ല പറയുന്നത്; ദൈവമഹത്വത്തിന്റെ ധനത്തെക്കുറിച്ചാണ്. പാപത്തെയും സാത്താനെയും ജയിക്കുവാന്‍ ആവശ്യമായതൊക്കെ അവിടുന്നു നമുക്കു നല്‍കിത്തരും. പരിശുദ്ധാത്മാവിന്റെ നിറവോടെ സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം. അതോടൊപ്പം നമുക്കാവശ്യമായ ഭൗതിക സൗകര്യങ്ങളും. ഇവിടെ ഊന്നല്‍ നല്‍കിയിരിക്കുന്നത് ആര്‍ഭാടങ്ങള്‍ക്കല്ല ആവശ്യങ്ങള്‍ക്കാണ് എന്നതു ശ്രദ്ധിക്കുക. ദൈവിക ശുശ്രൂഷയില്‍ ഔദാര്യം കാണിച്ചവര്‍ക്കാണ് ഈ വാഗ്ദാനം എന്ന കാര്യം നാം വിസ്മരിക്കരുത്. അങ്ങനെയുള്ളവരില്‍ നിന്നും ദൈവം ഒന്നും പിടിച്ചു വയ്ക്കുന്നില്ല. അവര്‍ക്കു ദൈവം തനിക്കുള്ള ഏറ്റവും നല്ലതു തന്നെ നല്‍കുന്നു.