നിയമങ്ങളുടെ ആവര്‍ത്തനവും ദൈവിക ഇടപാടുകളുടെ പുനരവലോകനവും
നിയമങ്ങളുടെ ഒരു രണ്ടാം വട്ട ചര്‍ച്ചയാണ് ഈ പുസ്തകത്തില്‍ എന്നതു കൊണ്ടാണ് ആവര്‍ത്തനം എന്ന പേരു നല്‍കപ്പെട്ടിരിക്കുന്നത്. നിയമങ്ങളുടെ പ്രധാനപ്പെട്ട അര്‍ത്ഥതലങ്ങളെ വീണ്ടും ഒന്നുകൂടി എടുത്തു പറയുകയാണ്. ഈ പുസ്തകത്തെ രണ്ടു തരത്തില്‍ നമുക്കു വിഭജിക്കാന്‍ കഴിയും. പ്രാഥമികമായി ഇതിനെ മോശെയുടെ മൂന്നു പ്രഭാഷണങ്ങളായി തിരിക്കാം:
1) ഒന്നാം പ്രഭാഷണം (അധ്യായം 1-4)
2) രണ്ടാം പ്രഭാഷണം (അധ്യായം 5-26)
3) മൂന്നാം പ്രഭാഷണം (അധ്യായം 27-30)
ഇതൊക്കെ സംസാരിച്ചിട്ടുള്ളത് ‘എനിക്കു സംസാരിക്കാന്‍ കഴിവില്ല’ എന്നു മുള്‍പ്പടര്‍പ്പിങ്കല്‍ വച്ച് ദൈവത്തോടു പറഞ്ഞ വ്യക്തിയാണ്.
ഈ പുസ്തകം ഉപസംഹരിക്കുന്നത് മോശെയുടെ പാട്ട് (അധ്യായം 32), മോശെയുടെ അനുഗ്രഹങ്ങള്‍ (അധ്യായം 33) മോശെയുടെ മരണം (അധ്യായം 34) എന്നിവയോടു കൂടിയാണ്.
ഈ പുസ്തകത്തെ വിഭജിക്കുവാനുള്ള രണ്ടാമത്തെ രീതി മൂന്നു ദിശകളിലേക്കുള്ള വീക്ഷണങ്ങളിലൂടെയാണ്:
1) പിന്നിലേക്കുള്ള തിരിഞ്ഞു നോട്ടം. നാല്പതു വര്‍ഷത്തെ മരുഭൂമിയിലെ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചുള്ള രണ്ടു സന്ദേശങ്ങള്‍ (അധ്യായം 1-11).
2) മുകളിലേക്കുള്ള നോട്ടം. ദൈവിക നിയമങ്ങളിലൂടെ ദൈവത്തെക്കുറിച്ചുള്ള വീക്ഷണം. ദൈവിക നിയമങ്ങളിലൂടെ മനുഷ്യന്റെ ആവശ്യകതകള്‍. രണ്ടു സന്ദേശങ്ങള്‍ (അധ്യായം 12-31).
3) ഭാവിയിലേക്കുള്ള നോട്ടം. ഭാവിയിലേക്കു നോക്കിക്കൊണ്ടു ദൈവം ചെയ്‌വാനിരിക്കുന്ന അത്ഭുതകാര്യങ്ങളെക്കുറിച്ചു രണ്ടു സന്ദേശങ്ങള്‍ (അധ്യായം 32,33).
നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതത്തിലും ഈ മൂന്നു ദിശകളിലേക്കുള്ള നോട്ടം ആവശ്യമാണ്. എത്ര പ്രായമായാലും ഈ നോട്ടങ്ങള്‍ ഒഴിവാക്കുവാന്‍ പാടില്ല.
ഭൂതകാലത്തിലേക്കു നോക്കുക
നമുക്കൊരു തിരിഞ്ഞു നോട്ടം ആവശ്യമാണ്. കര്‍ത്താവ് എങ്ങനെയൊക്കെ എന്നെ നടത്തിയെന്നു കാണുവാന്‍ പല പ്രാവശ്യം ഞാന്‍ തിരിഞ്ഞു നോക്കിയിട്ടുണ്ട്- അതെന്റെ വിശ്വാസം വര്‍ദ്ധിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. എല്ലാ വഴികളും അടഞ്ഞതുപോലെയുള്ള ചില സാഹചര്യങ്ങള്‍ക്കു നടുവില്‍ ബൈബിളിലെ വാഗ്ദത്തങ്ങളിലും സഹവിശ്വാസികള്‍ നല്‍കുന്ന ഉത്സാഹത്തിലും ധൈര്യം കണ്ടെത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ കാലത്തേക്കുള്ള തിരിഞ്ഞു നോട്ടമാണ് എന്നെ അധികം വിശ്വാസത്തില്‍ ഉറപ്പിക്കുന്നത്. ”ഞാന്‍ നിന്നെ ഒരിക്കലെങ്കിലും ലജ്ജിക്കുവാന്‍ അനുവദിച്ചിട്ടുണ്ടോ?”: കര്‍ത്താവു ചോദിച്ചിട്ടുണ്ട്. ”ഇല്ല കര്‍ത്താവേ”: ഞാന്‍ പറയും: ”ഒരിക്കലുമില്ല.” ”ഞാന്‍ നിന്നെ ഒരിക്കലും പരാജിതനാകുവാനോ നിരാശനാകുവാനോ അനുവദിക്കില്ല:” കര്‍ത്താവു കല്പിക്കും. ഈ ഒരു തിരിഞ്ഞു നോട്ടം മറ്റെന്തിനെക്കാളും എന്നെ ധൈര്യപ്പെടുത്താറുണ്ട്.
നിങ്ങള്‍ വീണ്ടും വീണുപോയോ? കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞു നോക്കുക. കര്‍ത്താവ് എത്രവട്ടം ക്ഷമിച്ചു എന്നോര്‍ക്കുക. നീ പിന്നെയും വീണു എന്നത് കര്‍ത്താവിന് അത്ഭുതം ഉണ്ടാക്കിയോ? ഒരിക്കലുമില്ല. അവിടുന്നു പിന്നെയും നിന്നോടു ക്ഷമിക്കും. നന്ദിയോടെ തിരിഞ്ഞു നോക്കുക. അതു നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും. കര്‍ത്താവിന്റെ ദയയ്ക്കായി നന്ദി പറയുക. ഭൂതകാലത്തിലേക്കു നോക്കി നിങ്ങളുടെ പരാജയങ്ങളെ കാണുമ്പോള്‍, വീഴുന്ന സഹവിശ്വാസികളോടു നിങ്ങള്‍ അധികം കരുണയുള്ളവനാകും.
നാം തിരിഞ്ഞു നോക്കാന്‍ പാടില്ലാത്ത ഒരു നോട്ടമുണ്ട്. പൗലൊസ് പറയുന്നു: ”പിന്നിലുള്ളതു മറന്നും…” (ഫിലി. 3:14). നാം തെറ്റായ ഒരു രീതിയില്‍ തിരിഞ്ഞു നോക്കിയാല്‍ നാം തീര്‍ത്തും പാഴ്ജന്മങ്ങളെന്നും ഉപയോഗ ശൂന്യരെന്നും ജീവിതത്തില്‍ പരാജയങ്ങളെന്നും കരുതും.
ജീവിതം മുഴുവന്‍ നഷ്ടപ്പെടുത്തിയവരെന്നു കരുതി നിരാശപ്പെടുന്നവരോട് ഒരു ഉത്സാഹത്തിന്റെ വാക്ക് ഞാന്‍ പറയട്ടെ. യേശു തന്റെ ഉപമയില്‍ ഒരിടത്ത് ഒരു പകലിന്റെ 12 മണിക്കൂറില്‍ 11 മണിക്കൂറും മെനക്കെട്ടു നടന്നിട്ടു വേലയ്ക്കു വന്ന ജോലിക്കാരെക്കുറിച്ചു പറയുന്നുണ്ട്. 11-ാം മണിക്കൂറില്‍ ഒരു മനുഷ്യന്‍ അവരെ വിളിച്ചിട്ടു തന്റെ മുന്തിരിത്തോട്ടത്തില്‍ പണി ചെയ്യുവാന്‍ അയക്കുന്നു. അവര്‍ ഒരു മണിക്കൂര്‍ നേരം മാത്രം ജോലി ചെയ്തവരാണ്. പക്ഷേ യേശുകര്‍ത്താവ് പറയുന്നത് അവരാണ് ഒന്നാമതു കൂലി വാങ്ങിയതെന്നാണ്. പന്ത്രണ്ടു മണിക്കൂര്‍ ജോലി ചെയ്തവര്‍ക്ക് ഏറ്റവും അവസാനമാണ് കൂലി ലഭിച്ചത്. ഇതു നിങ്ങള്‍ക്ക് ഉത്സാഹമായി എന്നു ഞാന്‍ കരുതുന്നു.
നാം നിരാശയോടെ ഭൂതകാലത്തിലേക്കു നോക്കുവാന്‍ പാടില്ല. നിഗളത്തോടെയും കഴിഞ്ഞ കാലത്തിലേക്കു നോക്കുവാന്‍ പാടില്ല. ”പിന്നിലുള്ളതു മറന്നും” എന്നു പറയുമ്പോള്‍ നിരാശാജനകമായ കാര്യങ്ങളും അഭിമാനകരമായ കാര്യങ്ങളും രണ്ടും ഉണ്ടാവും. ഇവ രണ്ടും എത്രയും പെട്ടെന്നു തന്നെ ജീവിതത്തില്‍ നിന്നും ഉപേക്ഷിക്കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ദൈവം ചെയ്ത എല്ലാ നന്മകളെയും നന്ദി നിറഞ്ഞ ഹൃദയത്തോടെ നാം ഓര്‍ക്കേണ്ടതാണ്. അത്തരം ഒരു തിരിഞ്ഞു നോട്ടത്തെക്കുറിച്ചാണ് ഇവിടെ ഞാന്‍ പറയുന്നത്. പത്രൊസ് പറയുന്നത് തങ്ങളുടെ കഴിഞ്ഞ കാല പാപങ്ങളുടെ ശുദ്ധീകരണത്തെ ഓര്‍മ്മിക്കുവാന്‍ തക്കവണ്ണം തിരിഞ്ഞുനോക്കാത്തവന്‍ ഹ്രസ്വദൃഷ്ടിയുള്ളവനോ അന്ധനോ ആയിരിക്കുമെന്നാണ് (2പത്രൊ. 1:9).
മുകളിലേക്കു നോക്കുക
നമുക്ക് മുകളിലേക്കു നോക്കേണ്ട ആവശ്യം ഉണ്ട്. നമുക്ക് ഒരിക്കലും മുകളിലേക്കുള്ള നോട്ടം അവസാനിപ്പിക്കുകയോ ദൈവതേജസ് അധികമധികമായി കാണാതിരിക്കുകയോ ചെയ്യാന്‍ കഴിയില്ല. വാസ്തവത്തില്‍ യേശുവിന്റെ തേജസ്സിന്റെ വലിയൊരംശം നാം ഇപ്പോഴും കണ്ടിട്ടില്ല. ഇതിനുവേണ്ടി ഒരു വിശപ്പു നമുക്കുണ്ടാകണം. കാരണം ആ തേജസ്സിലേക്കാണ് പരിശുദ്ധാത്മാവ് നമ്മെ രൂപാന്തരപ്പെടുത്തുന്നത്. കര്‍ത്താവിന്റെ തേജസ്സിനെ കാണുമ്പോള്‍ അതു നമ്മെ വിനീതരാക്കും. കാരണം അതു നമ്മുടെ അവസ്ഥയെ, നമ്മുടെ ആവശ്യങ്ങളെ, നമുക്കു കാട്ടിത്തരും. നമുക്ക് ജീവിതാവസാനം വരെ താഴ്മയില്‍ ജീവിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം ഇവിടെയാണ്.
ദൈവം അഭിഷേകം നല്‍കി ശക്തമായി ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് നിഗളം ഉണ്ടാകുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അത്തരം പ്രസംഗകരെ ധാരാളം ഞാന്‍ കണ്ടിട്ടുണ്ട്. അവരെ ദൈവം വളരെ ഉപയോഗിച്ചിരുന്നതുകൊണ്ട് അവര്‍ നിഗളികളായി ആളുകള്‍ക്ക് അടുത്തു ചെല്ലാന്‍ കഴിയാതവണ്ണം ജനത്തില്‍ നിന്നകലം പാലിക്കുന്നു. നമ്മുടെ ജീവിതാവസാനം വരെ നമ്മെ താഴ്മയിലും നുറുക്കത്തിലും നിലനിര്‍ത്താന്‍ കഴിയുന്നതെന്താണ്? ഒരേ ഒരു കാര്യമാണ്. നമ്മുടെ വിശ്വാസത്തിന്റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുന്നതാണ്. ഒരു മനുഷ്യന്‍ മറ്റ് ആളുകളിലേക്കു നോക്കുന്നവനായാല്‍ അവന്‍ നിഗളിയാകും. അവരെക്കാള്‍ മെച്ചപ്പെട്ടവനെന്നും അവരേക്കാള്‍ അഭിഷേകമുള്ളവനെന്നും അവരെക്കാള്‍ ദൈവം തന്നെ ഉപയോഗിക്കുന്നുവെന്നും അയാള്‍ കരുതും. എന്നാല്‍ കര്‍ത്താവിങ്കലേക്കു നോക്കുന്നുവെങ്കില്‍ അവന്‍ തന്റെ മുഖത്തെ അനുതാപത്താല്‍ പൊടിയോളം താഴ്ത്തും- യോഹന്നാന്‍ പത്മോസില്‍ ചെയ്തതുപോലെ. അയാള്‍ തടര്‍ന്നും യേശുവിലേക്കു തന്നെ നോക്കുന്നു എങ്കില്‍ തന്റെ മുഖം നിരന്തരം പൊടിയില്‍ തന്നെ സൂക്ഷിക്കും- എക്കാലവും.
നാമെല്ലാം എക്കാലവും നമ്മുടെ മുഖത്തെ പൊടിയില്‍ തന്നെ താഴ്ത്തി സൂക്ഷിക്കുവാന്‍ പഠിക്കേണ്ടതുണ്ട്. നമ്മെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ കാര്യവും അതു തന്നെയാണ്. ദൈവം നിങ്ങളില്‍ സന്തുഷ്ടനായിരിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജീവിതാന്ത്യം വരെ മുകളിലേക്കു നോക്കുന്നവരായിരിക്കുക.
ഒരിക്കലും ആദ്യമെ തന്നെ നമ്മുടെ ഉള്ളിലേക്കു നോക്കുവാന്‍ പാടില്ല. ഒന്നാമതു നാം മുകളിലേക്കു നോക്കുന്നവരാകണം. നാം യേശുവിങ്കലേക്കു നോക്കുകയും അവിടുത്തെ തേജസ്സു കാണുമ്പോള്‍ നമ്മുടെ പാപത്തെ കാണാന്‍ കഴിയുകയും ചെയ്യണം. നമ്മുടെ പാപത്തെ കാണേണ്ട രീതി അതാണ്. അല്ലെങ്കില്‍ നാം നിരാശപ്പെടുന്നവരായിത്തീരും.
മുമ്പോട്ടു നോക്കുക
നാം വിശ്വാസത്താല്‍ മുമ്പോട്ടു നോക്കേണ്ടതുണ്ട്. ദൈവം നമുക്കുവേണ്ടി അത്ഭുതങ്ങള്‍ കരുതിയിട്ടുണ്ട്. നമുക്കുവേണ്ടി വലിയ പ്രവൃത്തികള്‍ അവിടുന്ന് മെനയുന്നു. നാം എപ്പോഴാണ് ഈ ലോകം വിട്ടുപോകേണ്ടതെന്നു നമുക്കറിയില്ല. എന്നാല്‍ കര്‍ത്താവു വരുംമുന്‍പേ കര്‍ത്താവിനുവേണ്ടി ഈ ലോകത്തില്‍ പ്രയോജനമുള്ളതു ചിലതു ചെയ്യുവാന്‍ നാം മുന്നോട്ടു നോക്കുന്നു. അധികം ആളുകളും ഭാവിയിലേക്കു നോക്കുന്നത് ഭയാശങ്കകളോടെയാണ്. എന്നാല്‍ നാം ഭാവിയിലേക്കു വിശ്വാസത്തോടെയാണു നോക്കുന്നത്. ഭാവിയില്‍ തങ്ങള്‍ കനാനില്‍ ജീവിക്കുന്നതു വിശ്വാസത്താല്‍ കാണുവാന്‍ യിസ്രായേല്‍ മക്കളോടു പറയുക എന്ന് ആവര്‍ത്തന പുസ്തകത്തില്‍ ദൈവം മോശെയോടു കല്പിക്കുന്നു. യിസ്രായേലിന്റെ വിദൂര ഭാവിയെക്കുറിച്ചു പോലും മോശെ ആവര്‍ത്തന പുസ്തകത്തില്‍ പ്രവചിച്ചിട്ടുണ്ട്.
ആവര്‍ത്തനം
ആവര്‍ത്തന പുസ്തകത്തില്‍ നാം കാണുന്ന മറ്റൊരു കാര്യം മോശെയുടെ മുന്‍ എഴുത്തുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള പല കാര്യങ്ങളെയും ആവര്‍ത്തിച്ച് ഇവിടെ എഴുതിയിരിക്കുന്നു എന്നതാണ്. ഒരേകാര്യം വീണ്ടും വായിക്കുന്നു എന്നതിനാല്‍ നാം അസ്വസ്ഥരാകേണ്ടതില്ല. ഒരു സത്യത്താല്‍ പിടിക്കപ്പെടണമെങ്കില്‍ ആവര്‍ത്തനം ആവശ്യമാണ്. അതുകൊണ്ടാണ് ഒരേ കാര്യം തന്നെ ദൈവം തന്റെ വചനത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. യഹൂദ്യയിലെ രാജാക്കന്മാരുടെ ചരിത്രം രണ്ടുപ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളിലായി ഒന്നാം പ്രാവശ്യവും ദിനവൃത്താന്ത പുസ്തകങ്ങളില്‍ രണ്ടാം പ്രാവശ്യവും. ക്രിസ്തുവിന്റെ ജീവചരിത്രം നാലു പ്രാവശ്യം ആവര്‍ത്തിച്ചുകൊണ്ടാണ് പുതിയനിയമം ആരംഭിക്കുന്നതു തന്നെ. എന്തുകൊണ്ട് ഒരു ചരിത്രാഖ്യാനത്തില്‍ ഒതുക്കിയില്ല? നാലു സുവിശേഷങ്ങളില്‍ ഒരുപാട് ആവര്‍ത്തനങ്ങളുണ്ട്. ചില കാര്യങ്ങള്‍ നാലു സുവിശേഷങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്. അതിനൊക്കെ ഒരു കാരണമുണ്ട്. എഫെസ്യ ലേഖനത്തില്‍ എഴുതിയിരിക്കുന്ന പല കാര്യങ്ങളും കൊലൊസ്യ ലേഖനത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ നിന്നും നാം മനസ്സിലാക്കുന്ന കാര്യം അപ്പൊസ്തലന്മാര്‍ തന്നെയും ആവര്‍ത്തിച്ചു കാര്യങ്ങളെ പറയുന്നതില്‍ മടുപ്പില്ലാത്തവരായിരുന്നു. ചില പ്രസംഗകര്‍ തങ്ങളുടെ ജനപ്രീതിയും ഖ്യാതിയും നഷ്ടപ്പെടുമെന്ന ഭയത്താല്‍ ആവര്‍ത്തിക്കാന്‍ മടിയുള്ളവരാണ്. അവര്‍ ആളുകളുടെ ആവശ്യത്തെക്കാള്‍ പരിഗണിക്കുന്നത് ആളുകള്‍ തങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുമെന്നതാണ്.
ഒരു പട്ടണത്തില്‍ ഏഴു ദിവസത്തെ യോഗങ്ങള്‍ സംഘടിപ്പിച്ച് ഏഴു ദിവസവും ”നിങ്ങള്‍ വീണ്ടും ജനിക്കണം” എന്ന ഒരേ വിഷയത്തെക്കുറിച്ച് സംസാരിച്ച ഒരു സുവിശേഷകനെക്കുറിച്ചു ഞാന്‍ കേട്ടിട്ടുണ്ട്. അവിശ്വാസിയായ ഒരു മനുഷ്യന്‍ ഏഴു ദിവസവും ഈ പ്രസംഗം ഒക്കെയും കേട്ടിട്ട് അദ്ദേഹത്തോടു ചോദിച്ചു ”താങ്കള്‍ ഏഴു ദിവസവും നിങ്ങള്‍ വീണ്ടും ജനിക്കണം എന്ന ഈ ഒരേ കാര്യം എന്തുകൊണ്ടു പ്രസംഗിച്ചു” എന്ന്. അതിനു സുവിശേഷകന്‍ ”നിങ്ങള്‍ വീണ്ടും ജനിക്കണം” എന്നു മറുപടി പറഞ്ഞു. അതാണുത്തരം. ചോദ്യം തൊടുത്തയാള്‍ വീണ്ടും ജനിക്കുംവരെ പ്രസംഗം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അയാള്‍ വേറെ ഒന്നും തന്നെ കേള്‍ക്കേണ്ടതില്ല. രോഗി സുഖമാകുംവരെ ഒരേ ആന്റിബയോട്ടിക്ക് തന്നെ ആവര്‍ത്തിച്ചു കഴിക്കുംപോലെ.
ഒരുപക്ഷേ നിങ്ങള്‍ എന്നോട് എന്തുകൊണ്ടാണു നിങ്ങള്‍ ”പാപത്തെ ജയിക്കണം” എന്ന സന്ദേശം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമെന്താണന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായിക്കാണുമെന്നു ഞാന്‍ കരുതുന്നു. ”കാരണം നിങ്ങള്‍ പാപത്തെ ജയിക്കുക തന്നെ വേണം.”
പഴയ നിയമ പ്രവാചകന്മാര്‍ ഒരേകാര്യം തന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. കാരണം ദൈവത്തിന്റെ അരുളപ്പാട് യിസ്രായേല്‍ ആവര്‍ത്തിച്ചു കേള്‍ക്കേണ്ടതുണ്ടായിരുന്നു- വ്യക്തതയോടെ. യിരെമ്യാവ് നാല്പതുവര്‍ഷം ഒരേകാര്യം ആവര്‍ത്തിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അവന്‍ തന്നെ പ്രസംഗിച്ചു മടുത്തുപോയി. എന്നാല്‍ പലപ്പോഴും ചില സത്യങ്ങള്‍ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ ഒരു പത്തു പ്രാവശ്യമെങ്കിലും ആവര്‍ത്തിച്ചു കേള്‍ക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരേ ശ്രോതാക്കളോട് ഒരേകാര്യം തന്നെ ആവര്‍ത്തിച്ചു പറയുന്നതില്‍ നാം ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല. നമുക്ക് അഭിഷേകമുണ്ടെങ്കില്‍ ഓരോ പ്രാവശ്യം സംസാരിക്കുമ്പോഴും ആ സന്ദേശം പുതുമയുള്ളതായിരിക്കും.
നമ്മള്‍ മനുഷ്യരുടെ മാനം അന്വേഷിക്കുന്നവരെങ്കില്‍ ആവര്‍ത്തിച്ചു പറയുവാന്‍ മടിയുള്ളവരാകും. എന്നാല്‍ നാം അവരുടെ നന്മ ലക്ഷ്യമാക്കുന്നുവെങ്കില്‍ സന്ദേശം അവരുടെ ഉള്ളില്‍ ആഴ്ന്നിറങ്ങും വരെ നാം ആവര്‍ത്തിക്കും. ഇതാണ് നാം നിയമങ്ങളെ ആവര്‍ത്തിച്ചെഴുതിയിരിക്കുന്ന ആവര്‍ത്തന പുസ്തകത്തില്‍ നിന്നും മനസ്സിലാക്കുന്നത്. ആവര്‍ത്തന പുസ്തകം ആരംഭിക്കുന്നത് 1:2-ല്‍ ”ഹോരേബില്‍ നിന്നും സേയീര്‍ പര്‍വ്വതം വഴി കാദേശ് ബര്‍ന്നയിലേക്കു പതിനൊന്നു ദിവസത്തെ വഴി ദൂരമുണ്ടായിരുന്നു.” എന്നു പറഞ്ഞുകൊണ്ടാണ്. തങ്ങള്‍ക്കു ദൈവത്തിന്റെ കല്പനകള്‍ ലഭിച്ച പര്‍വ്വതമായ ഹോരേബില്‍ നിന്നും കനാന്റെ അതിര്‍ത്തിയിലുള്ള കാദേശ് ബര്‍ന്ന വരെ വെറും പതിനൊന്നു ദിവസത്തെ വഴിയാത്ര മാത്രം മതിയായിരുന്നുവത്രെ (കാദേശ് ബര്‍ന്നയില്‍ നിന്നായിരുന്നു അവര്‍ക്കു കനാനിലേക്കു പ്രവേശനം). എന്നിട്ടും അവര്‍ കനാനിലേക്കു പ്രവേശിച്ചില്ല. പതിനൊന്നു ദിവസത്തെ യാത്ര ഒടുവില്‍ അവസാനിച്ചത് 38 വര്‍ഷം കൊണ്ടാണ്. 12 വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാവുന്ന സ്‌കൂള്‍ പഠനം നിങ്ങള്‍ക്ക് 20 വര്‍ഷംകൊണ്ടും ചെയ്യാന്‍ കഴിയും. അതു നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.
പതിനൊന്നു ദിവസവും 38 വര്‍ഷവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ദൈവേഷ്ടത്തിനു പുറത്തു നാം 38 വര്‍ഷങ്ങള്‍ പാഴാക്കിയിട്ടുണ്ടെങ്കില്‍ അതിനു ദൈവത്തോടു ക്ഷമ ചോദിക്കാന്‍ മാത്രമേ നമുക്കു കഴിയൂ- കാരണം നാം സമയം പാഴാക്കിയതു സ്വന്ത സുഖങ്ങള്‍ക്കും രസങ്ങള്‍ക്കും സമ്പത്താര്‍ജ്ജിക്കാനും വേണ്ടി ആയിരുന്നല്ലോ. അതിന്റെ അവസാനത്തില്‍ ‘ദൈവമേ എന്നോടു ക്ഷമിക്കേണമേ’ എന്ന് അപേക്ഷിച്ചാല്‍ ദൈവം ക്ഷമിക്കുമോ? തീര്‍ച്ചയായും. പക്ഷേ നിങ്ങള്‍ പാഴാക്കിക്കളഞ്ഞ 38 വര്‍ഷങ്ങള്‍ തിരികെ തരാനാവുമോ? ഇല്ല. സര്‍വ്വശക്തനായ ദൈവത്തിനുപോലും പാഴാക്കിയ സമയം തിരികെ തരുവാന്‍ കഴിയില്ല. പിന്നിട്ട ഒരു വര്‍ഷവും നാം പാഴാക്കിയ അവസരങ്ങളും തിരികെ തരുവാന്‍ ദൈവത്തിനു കഴിയുമോ? ഇല്ല. അടുത്ത ഒരു വര്‍ഷം തരുവാന്‍ കഴിയും. നഷ്ട വര്‍ഷങ്ങള്‍ ഒരിക്കലും തിരികെ വരില്ല. പോയ വര്‍ഷങ്ങളിലെ അവസരങ്ങളും നഷ്ടപ്പെട്ടു പോയി. അതുകൊണ്ടുതന്നെ പതിനൊന്നു ദിവസം കൊണ്ടു ദൈവത്തിനു നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതിനു 11 ദിവസത്തില്‍ കൂടുതല്‍ ഒരു ദിവസം പോലും വേണ്ടി വരുന്നില്ലെന്നു നിങ്ങള്‍ ഉറപ്പാക്കേണ്ടതു പ്രാധാന്യമുള്ള കാര്യമാണ്. യിസ്രായേല്യര്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ടു രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് കാദേശ് ബര്‍ന്നയില്‍ എത്തി എന്ന് 2:14-ല്‍ പറയുന്നു. എന്നാല്‍ കനാനില്‍ പ്രവേശിക്കുവാന്‍ വീണ്ടും 38 വര്‍ഷംകൂടി കഴിയേണ്ടിവന്നു. അങ്ങനെ ആകെ 40 വര്‍ഷം മരുഭൂമിയില്‍ ചെലവഴിച്ചു.
നേതൃത്വത്തിനു വേണ്ട യോഗ്യതകള്‍
1:13-ല്‍ യിസ്രായേലിനു വേണ്ടി താന്‍ തിരഞ്ഞെടുത്ത നേതാക്കന്മാര്‍ എങ്ങനെയുള്ളവരെന്നതിനെക്കുറിച്ച് മോശെ പറയുന്നതു കാണാം. മൂന്നു ഗുണങ്ങളാണ് മോശെ നോക്കിയതെന്നു നിങ്ങള്‍ ഗ്രഹിക്കണം- ജ്ഞാനം, വിവേകം, അനുഭവം എന്നിവ.
ഒന്നാമത്തെ ഗുണം ജ്ഞാനമായിരുന്നു. ജ്ഞാനം അറിവില്‍ നിന്നു വ്യത്യസ്തമാണ്. അറിവു വായനയിലൂടെ ലഭിക്കും. നല്ല ബുദ്ധിശക്തിയുള്ള ഒരാള്‍ക്ക് ഇതു വേഗത്തില്‍ ആര്‍ജ്ജിക്കാന്‍ കഴിയും. എന്നാല്‍ ജ്ഞാനം ഉണ്ടാകുന്നതു നിരവധി പരിശോധനകളിലൂടെ കടന്നു പോകുമ്പോഴാണ്. അതുകൊണ്ടു വിശ്വസ്തനായിരിക്കുന്ന ഒരാള്‍ക്ക് ഇതില്‍ മികവു പ്രാപിക്കാന്‍ കഴിയും. അറിവിനെ പ്രയോഗത്തിലാക്കുവാന്‍ ജ്ഞാനം ആവശ്യമാണ്. അല്ലെങ്കില്‍ അറിവിന്റെ പ്രായോഗികതയിലാണു ജ്ഞാനം. നിങ്ങള്‍ക്കു വലിയ വേദപാണ്ഡിത്യമുണ്ടായിരിക്കാം. പക്ഷേ ദൈവിക ജ്ഞാനമുണ്ടാകണമെന്നില്ല. സദൃശവാക്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നതു ജ്ഞാനം ആര്‍ജ്ജിക്കുന്നതിനാണ്- വേദപാണ്ഡിത്യത്തിനല്ല, ദൈവത്തെ അറിയുന്നതിനാണ്. നമുക്കു ദൈവത്തെ അറിയുവാനും ജ്ഞാനം ഉണ്ടാകുവാനുമുള്ള ഉപാധിയാണ് ബൈബിള്‍. എന്നാല്‍ ഇന്നു ബൈബിള്‍ പഠിക്കുന്ന അധികം ആളുകളും തങ്ങളുടെ അറിവു വര്‍ദ്ധിപ്പിക്കുകയാണ്. അറിവിന്റെ വൃക്ഷം ഉണ്ടാക്കുന്നതു മരണമാണ്. അറിവു ചീര്‍പ്പിക്കുന്നു (1 കൊരി. 8:1). എന്നാല്‍ ജീവവൃക്ഷം നമ്മെ ജ്ഞാനത്തിലേക്കു നയിക്കുന്നു. ആ ജ്ഞാനം നമ്മെ വിവിധ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിക്കുന്നു. അതുകൊണ്ട് ഒരു നേതാവിനു പ്രഥമമായി ആവശ്യമുള്ളതു ജ്ഞാനം തന്നെയാണ്.
രണ്ടാമത്തെ ആവശ്യം വിവേചനശക്തിയാണ്. ദൈവികവും മാനുഷികവുമായ കാര്യങ്ങളെ തമ്മില്‍ വിവേചിക്കുന്നതിനുള്ള വിവേചനശക്തിയാണ് ഉദ്ദേശിക്കുന്നത്. ദൈവികവും പൈശാചികവുമായ കാര്യങ്ങളെ വിവേചിക്കുവാനല്ല ശക്തി വേണ്ടത്. ആ വിവേചനശക്തി താരതമ്യേന വളരെ എളുപ്പമാണ്. എന്നാല്‍ ദൈവികവും മാനുഷികവുമായ കാര്യങ്ങള്‍ തമ്മില്‍ അല്ലെങ്കില്‍ ആത്മാവിനെയും പ്രാണനെയും തമ്മില്‍ വിവേചിക്കുന്നത് എളുപ്പമല്ല.
ചിലപ്പോള്‍ ആളുകള്‍ പറയാറുണ്ട് ”എന്തൊക്കെ പറഞ്ഞാലും നമ്മളെല്ലാം മനുഷ്യരല്ലേ” എന്ന്. എന്നാല്‍ പൗലൊസ് കൊരിന്ത്യരെ ”സാധാരണ മനുഷ്യരെപ്പോലെ നടക്കുന്നു” എന്നു ശാസിക്കുന്നതു കാണുവാന്‍ കഴിയും (1 കൊരി. 3:3). നാം സാധാരണ മനുഷ്യരെപ്പോലെ പെരുമാറാന്‍ പാടില്ല. നമുക്കു യേശുക്രിസ്തുവിനെപ്പോലെ നടക്കേണ്ടതുണ്ട്. ”അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു”(1 യോഹ. 2:6). ഒരു ആത്മീയനെയും പാപത്തില്‍ ജീവിക്കുന്ന ജഡികനെയും തമ്മില്‍ വിവേചിച്ചറിയുക എളുപ്പമാണ്. എന്നാല്‍ സ്വന്തം കഴിവുകള്‍ കൊണ്ടു ജീവിക്കുന്ന ദേഹീപരനായ ഒരു വ്യക്തിയെ ആത്മീയനില്‍ നിന്നും തിരിച്ചറിയാനുള്ള വിവേചനശക്തി നമുക്കുണ്ടാകണം. ഒരു വ്യക്തി നിങ്ങളോടു സംസാരിക്കുമ്പോള്‍ അയാള്‍ ബുദ്ധിയില്‍ നിന്നാണോ ഹൃദയത്തില്‍ നിന്നാണോ സംസാരിക്കുന്നതെന്നു തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയണം. ബുദ്ധിയില്‍ നിന്നു വരുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ബുദ്ധിയിലേക്കായിരിക്കും എത്തുക. എന്നാല്‍ ഹൃദയത്തില്‍ നിന്നും വരുന്ന കാര്യങ്ങള്‍ ഹൃദയത്തിലേക്കെത്തും. യേശു എപ്പോഴും ഹൃദയത്തില്‍ നിന്നായിരുന്നു സംസാരിച്ചിരുന്നത്. നാമും ഹൃദയത്തില്‍ നിന്നും സംസാരിക്കുവാന്‍ പഠിക്കേണ്ടതുണ്ട്. ബൈബിള്‍ എഴുതപ്പെട്ടിരിക്കുന്നതു നമ്മുടെ ഹൃദയങ്ങള്‍ക്കു വേണ്ടിയാണ്. തലച്ചോറിനു വേണ്ടിയല്ല. സങ്കീര്‍ത്തനക്കാരന്‍ പറയുന്നു: ”ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കുവാന്‍ നിന്റെ വചനങ്ങളെ എന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചിരിക്കുന്നു” (119:11). തലച്ചോറിലല്ല.
മൂന്നാമത്തെ ആവശ്യം അനുഭവമാണ്. നിങ്ങള്‍ക്ക് ഒരുപക്ഷേ യൗവനത്തില്‍ തന്നെ വളരെ ജ്ഞാനം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞെന്നു വരാം. നല്ലവിവേചന ശക്തിയും. എങ്കിലും ദൈവഭക്തിയുള്ള ഒരു നേതൃത്വത്തിന് അനുഭവങ്ങള്‍ കൂടിയേ കഴിയൂ. അതിനു സമയം എടുക്കും. വിവിധ ശോധനകളിലൂടെയും കഷ്ടങ്ങളിലൂടെയും കടന്ന് അവിടെയൊക്കെ ദൈവത്തിന്റെ ശക്തിയെ രുചിച്ചറിഞ്ഞ് ഉത്സാഹവും ധൈര്യവും പ്രാപിക്കണം (2 കൊരി. 1:4). കഷ്ടങ്ങളിലൂടെ നമുക്കു ലഭിക്കുന്ന ശക്തിയാണ് മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത്.
തുടര്‍ന്നു മോശെ ചെറിയവരെയും വലിയവരെയും മുഖപക്ഷം കൂടാതെ ഒരുപോലെ കേള്‍ക്കുവാന്‍ ന്യായാധിപന്മാര്‍ക്കു നിര്‍ദ്ദേശം നല്‍കി (വാ.17). നേതാക്കന്മാര്‍ക്കുണ്ടായിരിക്കേണ്ട ഒരു അത്യാവശ്യ ഗുണമാണിത്. ധനികരോടുള്ള മുഖസ്തുതി ഒഴിവാക്കേണ്ടതാണ്.
എന്റെ വിശ്വാസ ജീവിതത്തിന്റെ ആദ്യനാളുകളില്‍ ഞാന്‍ പോയിരുന്ന എല്ലാ സഭകളിലും സമൂഹത്തില്‍ ധനികരായിരുന്നവര്‍- വലിയ ബിസിനസുകാരോ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരോ- ഉണ്ടായിരുന്നാല്‍ അവരൊക്കെ സഭയുടെ ഭരണസമിതിയില്‍ അംഗങ്ങളായിരിക്കും. അതെന്തുകൊണ്ടാണെന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. ലോകത്തില്‍ വലിയവരായിരിക്കുന്നവര്‍ ഒരിക്കലും ആത്മീയരാവില്ലെന്ന് എനിക്കുറപ്പാണ്. യഥാര്‍ത്ഥത്തില്‍ ബൈബിള്‍ പറയുന്നത് ”ദരിദ്രരെ ദൈവം വിശ്വാസത്തില്‍ സമ്പന്നരാകുവാന്‍ തിരഞ്ഞെടുത്തു” (യാക്കോ. 2:5) എന്നാണ്. എന്നാല്‍ ഇവരൊക്കെ തിരഞ്ഞെടുക്കപ്പെട്ടത് അവരുടെ ലോകത്തിലുള്ള സ്വാധീനം കാരണമായാണ്. അത്തരം സഭകളൊക്കെ പിന്മാറിപ്പോയതില്‍ അത്ഭുതപ്പെടാനില്ല. യാക്കോബ് 2:1-ല്‍ മുഖപക്ഷം കാണിക്കുന്നതിനെതിരെ നല്‍കുന്ന മുന്നറിയിപ്പ് അവര്‍ അവഗണിച്ചു. ഞാനൊരു തീരുമാനമെടുത്തു. ദൈവം എന്നിലൂടെ ഒരു സഭ സ്ഥാപിക്കുവാന്‍ ഇടയായാല്‍ ആത്മീയരെ മാത്രമേ നേതൃത്വത്തിലേക്കു കൊണ്ടു വരികയുള്ളു. ഒരിക്കലും സമൂഹത്തില്‍ സ്വാധീനമുള്ളവരെ കൊണ്ടുവരില്ല. കര്‍ത്താവു ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സ്ഥാപിച്ച എല്ലാ സഭകളിലും അത് അങ്ങനെ തന്നെയാണ്.
”നിങ്ങള്‍ മനുഷ്യരെ ഭയപ്പെടരുത്” മോശെ നേതാക്കന്മാരോടു പറഞ്ഞു (വാ.17). നിങ്ങള്‍ക്ക് ഒരു നേതാവാകണമെങ്കില്‍ ഒരു മനുഷ്യനെയും ഭയപ്പെടരുത്.
ദൈവിക പ്രമാണങ്ങളുടെ പുതിയ ആവര്‍ത്തനം
അധ്യായം 2:2,3: ”ദൈവം എന്നോടു കല്പിച്ചു ‘നിങ്ങള്‍ ഈ പര്‍വ്വതം ചുറ്റിയതു മതി.” അവര്‍ മുമ്പോട്ടു പ്രയാണം ചെയ്യുകയല്ല പര്‍വ്വതത്തിനു ചുറ്റും കറങ്ങുകയാണെന്നാണു കര്‍ത്താവു പറഞ്ഞത്. അപ്രകാരം നമ്മോടു കര്‍ത്താവിനു സംസാരിക്കേണ്ടി വന്നിട്ടുണ്ടോ? ആത്മീയമായി നാം ഒരേ സ്ഥലത്തു തന്നെയാണു നില്‍ക്കുന്നതെങ്കില്‍ നാം ചുറ്റിത്തിരിയുക മാത്രമാണ്. ചലിച്ചു കൊണ്ടിരിക്കുന്നതും മുന്നേറ്റവും തമ്മില്‍ അന്തരമുണ്ട്. നാം ഒരേ പാപങ്ങളാല്‍ പരാജിതരെങ്കില്‍- പത്തു വര്‍ഷത്തിനു മുമ്പുള്ള അതേ പരാജയത്തിലാണ് ഇന്നുമെങ്കില്‍! അങ്ങനെയാകാന്‍ പാടില്ല. പത്തു വര്‍ഷത്തിനു മുമ്പുള്ള അതേ കോപവും അതേ മോഹങ്ങളും ഇന്നും നമ്മെ പരാജയപ്പെടുത്താന്‍ പാടില്ല. അങ്ങനെ സംഭവിക്കുന്നു എങ്കില്‍ നാം വൃത്താകൃതിയിലാണ് ചരിക്കുന്നത്. കര്‍ത്താവു നമ്മെ നേരെ മുമ്പോട്ടു പോകുവാനായി വിളിക്കുന്നു.
അധ്യായം 4:2 ”ഞാന്‍ കല്പിക്കുന്ന വചനങ്ങളോട് ഒന്നും കൂട്ടരുത്. അതില്‍ നിന്നും ഒന്നും കുറയ്ക്കുകയും അരുത്.” ദൈവ വചനത്തിലെ ഓരോ ചെറിയ കല്പന പോലും വളരെ പ്രാധാന്യമുള്ളതാണെന്നു നിങ്ങള്‍ക്കറിയാമോ? ദൈവവചനവുമായിട്ടുള്ള ബന്ധത്തില്‍ നാം അഭിമുഖീകരിക്കുന്ന പരീക്ഷകള്‍ എന്തൊക്കെയാണ്? പ്രധാനപ്പെട്ട കല്പനകളെ അനുസരിക്കാതിരിക്കുന്നതല്ല, അപ്രധാനമെന്നു നാം കരുതുന്ന ചെറിയ കല്പനകളെ അവഗണിക്കുന്നതാണ്. ചില കല്പനകള്‍ അത്ര പ്രാധാന്യമുള്ളതല്ല അതുകൊണ്ട് അവയെ ഒഴിവാക്കിയാല്‍ കുഴപ്പമില്ല എന്നു പറയുന്ന ധാരാളം വിശ്വാസികളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യേശു പറഞ്ഞത് ‘ചെറിയ കല്പനയെ അവഗണിക്കുന്നവന്‍ നരകത്തില്‍ പോകുമെന്നല്ല. സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപ്പെടും’ എന്നാണ്. എന്നാല്‍ ”ചെറിയ കല്പനകളെ ആചരിക്കയും മറ്റുള്ളവരെ അങ്ങനെ ചെയ്യുവാന്‍ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ എന്നു വിളിക്കപ്പെടും” (മത്താ. 5:19).
നമ്മുടെ കുട്ടികള്‍ അനുസരണമുള്ളരാണോ എന്നു നാം പരിശോധിക്കുന്നതെങ്ങനെയാണ്? വലിയ കാര്യങ്ങളിലല്ല ചെറിയ കാര്യങ്ങളിലാണ്. സ്‌കൂളില്‍ പോകുന്ന നിങ്ങളുടെ അഞ്ചു വയസ്സുകാരനോട്: ”മകനെ സ്‌കൂളിലേക്കു പോകുന്ന വഴിയില്‍ ആരെയും കൊല്ലരുത്. ആരോടും വ്യഭിചാരം ചെയ്യരുത്. ബാങ്കുകള്‍ കൊള്ളയടി ക്കരുത്” എന്നു പറഞ്ഞാല്‍ ഓരോ ദിവസവും അവന്‍ തിരികെ വരുമ്പോള്‍ ”ഡാഡി, ഇന്നു ഞാന്‍ അങ്ങയുടെ എല്ലാ കല്പനകളും തെറ്റിക്കാതെ കാത്തു” എന്നു പറയും. ഇത്തരം വലിയ കല്പനകള്‍ അനുസരിച്ചോ എന്നാണോ നോക്കുന്നത്? നിങ്ങള്‍ എവിടെയാണ് അവരെ പരിശോധിക്കുന്നതെന്നു ഞാന്‍ പറയാം. നിങ്ങളുടെ കുട്ടി വീടിനടുത്തുള്ള മൈതാനത്തു മറ്റു കുട്ടികളുമായി ചേര്‍ന്നു കളിക്കുമ്പോള്‍ നിങ്ങള്‍ പറയും ”മതി കളിച്ചത്. വീട്ടില്‍ പോയി അമ്മയെ സഹായിക്കു.” അവന്റെ മറുപടി ”നില്ക്കൂ ഡാഡി. ഞാന്‍ ഈ കളിയൊന്നു തീര്‍ത്തോട്ടെ.” അവിടെയാണു നിങ്ങള്‍ അവന്റെ അനുസരണം പരിശോധിക്കുന്നത്. നിങ്ങളുടെയും അനുസരണം ദൈവം എവിടെയാണു പരിശോധിക്കുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായിക്കാണും- ദൈവവചനത്തിലെ കൊച്ചു കൊച്ചു കല്പനകളിലൂടെ തന്നെ.
‘ദൈവവചനത്തില്‍ നിന്നും ഒന്നും അഴിക്കരുത്’ എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം? ചെറിയ കല്പനകളെ അവഗണിക്കരുത് എന്നാണ്.
‘ദൈവവചനത്തോടു ചേര്‍ക്കുക’ എന്നാല്‍ എന്താണ്? നിരവധി ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍, അവരുടെ നേതാക്കന്മാരുടെ നിയമങ്ങള്‍-ദൈവവചനത്തിലില്ലാത്തവ- നിലനില്ക്കുന്നുണ്ട്. ചിലയിടത്ത് മുഴുവന്‍ സമയം വെള്ള ഉടുപ്പിടുന്ന പൂര്‍ണ്ണ സമയ വേലക്കാരെ ഉണ്ടാക്കുന്ന നിയമങ്ങളാണ്. കാരണം അതാണു പ്രത്യക്ഷത്തില്‍ കൂടുതല്‍ ആത്മീയമെന്നു തോന്നുക. അങ്ങനെ എളുപ്പത്തില്‍ ആത്മീയത കൈവരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍… എന്നു ഞാനും ആശിച്ചു പോകുന്നു. എന്നാല്‍ അതു സാദ്ധ്യമല്ല. മറ്റൊരു നിയമം ദൈവദാസന്മാര്‍ എന്തെങ്കിലും ജോലി ചെയ്ത് സ്വയം പര്യാപ്തരായിരിക്കാന്‍ പാടില്ല എന്നതാണ്. എന്നാല്‍ എല്ലാവരെക്കാളും മികച്ച ദൈവദാസനായിരുന്ന പൗലൊസ് വേല ചെയ്തുകൊണ്ടു തന്റെ ഉപജീവനം കണ്ടെത്തിയിരുന്നു. നാം പൗലൊസിനെക്കാള്‍ മികച്ചവരോ? ഇനിയും ചിലര്‍ വിശുദ്ധരായിരിക്കാന്‍ വേണ്ടി വിവാഹം വിലക്കുന്നവരാണ്. എന്നാല്‍ പൗലൊസും ബര്‍ന്നബാസും ഒഴികെ എല്ലാ അപ്പൊസ്തലന്മാരും വിവാഹിതരായിരുന്നു (1കൊരി. 9:5). അതുപോലെ വര്‍ഷത്തില്‍ ഒട്ടേറെ ദിവസങ്ങളോളം ഉപവാസമെടുക്കുക, നിത്യവും മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ആയിരിക്കുക മുതലായവ. വിശ്വാസികളെ കുറ്റബോധത്തിലും ബന്ധനത്തിലുമാക്കുന്ന ഇത്തരം പല നിയമങ്ങള്‍ പാസ്റ്റര്‍മാര്‍ പല സഭകളിലും പഠിപ്പിക്കുന്നു. ഇതൊന്നും ദൈവവചനത്തിലില്ല. ഇവയൊക്കെ ഈ കാലഘട്ടത്തിലെ പരീശന്മാരുടെ സൃഷ്ടി മാത്രമാണ്.
ഞാന്‍ ഉപവാസത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ അതൊരു നിയമമാക്കുന്ന തിനോട് എനിക്കു യോജിപ്പില്ല. യേശു അങ്ങനെ ചെയ്തില്ല. ഇത്തരം പല കാര്യങ്ങളും പ്രയോഗത്തിലാക്കുവാന്‍ പഠിപ്പിക്കുന്നതു വഴി ദൈവവചനത്തോടു കൂട്ടു ചേര്‍ക്കുകയാണ്. അവര്‍ ദൈവത്തേക്കാള്‍ ആത്മീയരായി ചമയുകയാണ്. എന്നാല്‍ കൂടുതല്‍ നിയമപരവും ജഡികവുമായി തീരുകയാണ് അതിന്റെ ഫലം. സാത്താന്‍ ഹവ്വയുടെ അടുക്കല്‍ വന്ന് ‘ദൈവം എന്തു പറഞ്ഞു’ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ദൈവം കല്പിച്ചതിനോടു കൂട്ടിയും കുറച്ചുമൊക്കെയാണ് മറുപടി നല്‍കിയത്. ”ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിന് ആ വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകപോലും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട്” എന്നാണവള്‍ പറഞ്ഞത്. ദൈവം ആ വൃക്ഷത്തില്‍ തൊടുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഫലം തിന്നരുത് എന്നു മാത്രമേ കല്പിച്ചിട്ടുള്ളു എന്നതായിരുന്നു വാസ്തവം. എന്തായിരുന്നു അനന്തരഫലം? അവള്‍ തൊടുകയും തിന്നുകയും ചെയ്തു. ദൈവവചനത്തോടു കൂട്ടു ചേര്‍ക്കുമ്പോള്‍ ആത്യന്തികമായി സംഭവിക്കുന്നത് ഇതു തന്നെയാണ്. അവര്‍ പാപത്തില്‍ വീഴുന്നു. ”നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്” എന്നു ഹവ്വ പറഞ്ഞപ്പോള്‍ അതു ദൈവം നല്‍കിയ കല്പനയ്ക്ക് ശക്തി കുറയ്ക്കുന്നതു പോലെയായി. മരണം ദൈവം കല്പിച്ചതുപോലെ ഉറപ്പുള്ള കാര്യമായിട്ടല്ല മറിച്ച് ഒരു സാധ്യത മാത്രമാക്കി അവള്‍ അതിന്റെ ഗൗരവം കുറച്ചു കളഞ്ഞു. ഇപ്രകാരം നമ്മള്‍ ദൈവവചനത്തില്‍ ഒരു ചെറിയ കുറവു വരുത്തിയാല്‍പോലും അത് അതിനെ നിര്‍വീര്യമാക്കുന്നതിനു തുല്യമാകും (ഉല്പ. 2:16,17; 3:2,3).
അധ്യായം 4-ന്റെ 24-ാം വാക്യത്തിലും 31-ാം വാക്യത്തിലും ദൈവത്തെക്കുറിച്ചു രണ്ടു പ്രസ്താവങ്ങള്‍ കാണാം: ”ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്” ”ദൈവം കരുണയുള്ളവനാണ്.” ദൈവം ഒരേസമയം സ്‌നേഹവും ദഹിപ്പിക്കുന്ന അഗ്നിയുമാണ്. ദൈവത്തിന്റെ തേജസ്സ് കൃപയും സത്യവും നിറഞ്ഞവനായ യേശുക്രിസ്തുവില്‍ നാം കണ്ടു (യോഹ. 1:14). ദൈവം പരിശുദ്ധനും കരുണ നിറഞ്ഞവനുമാണ്. ഒരു യഥാര്‍ത്ഥ ദൈവമനുഷ്യന്‍ ദൈവത്തെപ്പോലെ വിശുദ്ധനും കാരുണ്യവാനുമായിരിക്കും. നിങ്ങള്‍ക്കൊരു ആത്മീയ നേതാവാകുവാന്‍ ഒരു സിംഹത്തെപ്പോലെയും ഒരു കുഞ്ഞാടിനെപ്പോലെയും ആകേണ്ടതുണ്ട്. യേശുവിന്റെ വാക്കുകള്‍ അഗ്നിജ്വാലയ്‌ക്കൊത്തതും കൃപയോടു കൂടിയതും ആയിരുന്നു. ഒരു ആത്മീയന്‍ കാരുണ്യം മാത്രമുള്ള ഒരു വ്യക്തിയാണെന്നു കരുതരുത്. അതുപോലെ തന്നെ കാര്‍ക്കശ്യം മാത്രമുള്ളവനും. രണ്ട് അവസ്ഥയും സന്തുലിതമല്ല. ദൈവത്തിന്റെ തേജസ്സ് കൃപയും സത്യവും നിറഞ്ഞതാണ്.
4:29-ല്‍ മോശെ പറയുന്നു: ‘യിസ്രായേല്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും യഹോവയെ അന്വേഷിച്ചാല്‍ കണ്ടെത്തും.’ യിരെമ്യാവും ഇതേകാര്യം തന്നെ യിരമ്യാവ് 29:13-ല്‍ പറയുന്നു. പല ആളുകളും ദൈവത്തെ കണ്ടെത്താത്തതിന്റെ കാരണം രാത്രിയിലെങ്ങോ കളഞ്ഞുപോയ ഒരു പത്തു പൈസാ നാണയം അന്വേഷിക്കുന്ന അതേ ലാഘവത്തോടെ മാത്രമാണ് അവര്‍ അന്വേഷിക്കുന്നത് എന്നാണ്. നിങ്ങള്‍ എത്രനേരം അതിനു വേണ്ടി അന്വേഷിക്കും? കുറച്ചു സമയം നോക്കിയിട്ട് കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വഴിക്കുപോകും. അതേസ്ഥാനത്ത് നിങ്ങള്‍ക്ക് പതിനായിരം രൂപയുടെ ഒരു കെട്ടാണ് കൈമോശം വന്നതെങ്കില്‍ നിങ്ങള്‍ എത്ര സമയം അന്വേഷിക്കും? നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുന്നതങ്ങനെയാണോ? സമര്‍പ്പണത്തോടെ തന്നെ അന്വേഷിക്കുന്നവര്‍ക്കു പ്രതിഫലം നല്‍കുന്നവനാണു ദൈവം (എബ്രാ. 11:6).
എത്ര ഉത്സാഹത്തോടെയാണു നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുന്നത്? എത്ര ഉത്സാഹത്തോടെയാണു നിങ്ങള്‍ പാപത്തിന്റെ മേല്‍ ജയം അന്വേഷിക്കുന്നത്? കോപത്തെയും ലൈംഗിക തൃഷ്ണയെയും ജയിക്കുന്നതില്‍ നിങ്ങള്‍ക്കെത്രമാത്രം ഉത്സാഹമുണ്ട്? വചനം പഠിക്കുന്നതിലും ദൈവരാജ്യത്തിനു പ്രയോജനപ്പെടുന്നതിലും നിങ്ങള്‍ക്കെത്രമാത്രം ഉത്സാഹമുണ്ട്? പരിശുദ്ധാത്മാവില്‍ നിറയുവാന്‍ നിങ്ങള്‍ എത്ര ഉത്സാഹിക്കുന്നു- ഒരിക്കലല്ല, നിത്യവും? ക്രിസ്തീയ ജീവിതത്തില്‍ നിങ്ങള്‍ അനുദിനവും എത്രമാത്രം പുതുക്കപ്പെടുന്നു? ഇപ്പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്കു ലഭിച്ചിട്ടില്ല എങ്കില്‍ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിച്ചിട്ടില്ല എന്നതു വ്യക്തം. ഇവയൊക്കെ നിങ്ങളെ സംബന്ധിച്ച ദൈവേഷ്ടമാണ്. ദൈവത്തില്‍ നിന്നു ലഭിക്കുന്നതു വരെ യാചിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്തുകൊണ്ടിരിക്കണമെന്ന് യേശു പഠിപ്പിച്ചു. അതേകാര്യം തന്നെയാണ് മോശെയും ഇവിടെ പറയുന്നത്.
പത്തു കല്പനകളുടെ ആവര്‍ത്തനം നമുക്ക് 5-ാം അധ്യായത്തില്‍ കാണുവാന്‍ കഴിയും. 15-ാം വാക്യത്തില്‍ ശബത്ത് ആചരിക്കുന്നതിന് ഒരു കാരണംകൂടി നല്‍കുന്നു. അവര്‍ സ്വന്തം ശക്തി കൊണ്ടല്ല മിസ്രയീമില്‍ നിന്നും മോചിക്കപ്പെട്ടത് എന്നതിന്റെ സ്മരണയ്ക്കും കൂടിയാണ് ശബ്ബത്ത് ആചരിക്കേണ്ടത്. യഹോവയായ ദൈവമായിരുന്നു അവരെ മിസ്രയീമില്‍ നിന്നും പുറത്തു കൊണ്ടുവന്നത്. 430 വര്‍ഷം അവര്‍ സ്വന്തമായി ശ്രമിച്ചു. കഴിഞ്ഞില്ല. കര്‍ത്താവ് ഒറ്റരാത്രി കൊണ്ട് അവരെ മോചിപ്പിച്ചു. ശബ്ബത്തിന്റെ സന്ദേശം അതാണ്. ആശ്രയിക്കുന്നവന്‍ പ്രവര്‍ത്തിക്കുന്ന വനേക്കാളധികം നേടും. പക്ഷേ യിസ്രായേല്യര്‍ ആ പാഠം വേഗം മറക്കുന്നതു കാണുന്നു. അവര്‍ കൂടുതല്‍ ധനം ആര്‍ജ്ജിക്കുവാന്‍ വേണ്ടി ശബ്ബത്തിനെ ലംഘിച്ചു കൊണ്ടു വേല ചെയ്യുന്നതായി ചരിത്രത്തില്‍ നാം കാണുന്നു. ഏഴാം വര്‍ഷങ്ങളില്‍ ദൈവം വിലക്കിയതു കണക്കിലെടുക്കാതെ നിലങ്ങള്‍ ഉഴുതു. എന്നാല്‍ ഈ അദ്ധ്വാനങ്ങളുടെ ഒക്കെ ഫലമായി എന്താണു ലഭിച്ചത്? ബാബിലോണില്‍ 70 വര്‍ഷത്തെ പ്രവാസം. ദൈവത്തില്‍ ആശ്രയിക്കുന്നവന്‍ ദൈവത്തിന്റെ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു. ഏഴാം നാളില്‍ ദൈവം തന്റെ പ്രവൃത്തികളില്‍ നിന്നും സ്വസ്ഥനായതുപോലെ. ഇതാണ് ശബ്ബത്തിന്റെ സന്ദേശം (എബ്രാ. 4:9,10).
അധ്യായം 5:29-ല്‍ ദൈവഹൃദയത്തിന്റെ ഒരു തേങ്ങല്‍ നാം കാണുന്നു. നമ്മെ സംബന്ധിച്ചും നമ്മുടെ മക്കളെ സംബന്ധിച്ചും കാര്യങ്ങള്‍ ശുഭകരമായി പോയിരുന്നെങ്കില്‍ എന്നു ദൈവഹൃദയം ആഗ്രഹിക്കുന്നു. ”അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരിപ്പാന്‍ അവര്‍ എന്നെ ഭയപ്പെടേണ്ടതിനും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിനും ഇങ്ങനെയുള്ള ഹൃദയം അവര്‍ക്കെപ്പോഴും ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്ന്.” നിങ്ങള്‍ അതു ഗ്രഹിക്കുന്നുവോ? നമുക്ക് ഏറ്റവും നല്ലത് ഉണ്ടാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ബൈബിള്‍ ഒരു നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങളാണ്. ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന്, ഫലങ്ങള്‍ക്ക്, നല്‍കപ്പെട്ട ദൈവത്തിന്റെ കല്പനകളാണ് ഇവിടെ കാണുന്നത്. നിങ്ങള്‍ ഒരു ഇലക്‌ട്രോണിക്ക് ഉപകരണം വാങ്ങുമ്പോള്‍ അതെങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നു വ്യക്തമാക്കുന്ന നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു ലഘു പുസ്തകം കൂടി അതോടൊപ്പം ലഭിക്കുന്നു. നിങ്ങള്‍ വലിയ വില കൊടുത്തു വാങ്ങിയ ആ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു പോവുകയോ കേടു വരികയോ ചെയ്യാതിരിക്കുവാന്‍ നിങ്ങള്‍ ആ നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം അനുസരിക്കും. നിര്‍ദ്ദേശങ്ങള്‍ മുഴുവനായി വായിച്ചതിനു ശേഷം മാത്രമേ ഉപകരണം പ്രവര്‍ത്തിപ്പിക്കാവൂ എന്ന് നിര്‍മ്മാതാക്കള്‍ പറയാറുണ്ട്. നമ്മുടെ നിര്‍മ്മാതാവ് ആരാണ്? ദൈവം തന്നെ. മനുഷ്യരെന്ന നിലയില്‍ നമുക്കെങ്ങനെ നന്നായി പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്ന് ബൈബിളില്‍ ദൈവം പറഞ്ഞിരിക്കുന്നു. ഇവ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ജീവിതമോ കുടുംബബന്ധങ്ങളോ കുഴപ്പത്തിലാകുവാന്‍ സാധ്യതയുണ്ട്. ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കായ്കകൊണ്ടു പലര്‍ക്കും അതു സംഭവിച്ചിട്ടുണ്ട്. അതില്‍ അവര്‍ക്ക് ആരെയാണു കുറ്റപ്പെടുത്താന്‍ കഴിയുക? തങ്ങളെ മാത്രം.
സ്രഷ്ടാവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതു കൊണ്ട് അനേകം വിശ്വാസികളും തങ്ങളുടെ ജീവിതം കുഴപ്പത്തിലാക്കിയിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം പോലും ഏറ്റവും മെച്ചമായിരിക്കുന്നത് നാം ദൈവവചന പ്രമാണത്തില്‍ ജീവിക്കുമ്പോഴാണ്. ‘ഞാന്‍ നിങ്ങളുടെ സൗഖ്യദായകന്‍’ എന്നു കര്‍ത്താവു കല്പിക്കുമ്പോള്‍ ‘ഞാന്‍ തന്നെ നിങ്ങളുടെ സൗഖ്യം’ എന്നാണ് അവിടുന്ന് അര്‍ത്ഥമാക്കുന്നത്. കര്‍ത്താവിന്റെ വേല ചെയ്യുവാന്‍ തക്കവണ്ണം നാം ആരോഗ്യമുള്ളവര്‍ ആയിരിക്കണമെന്നു കര്‍ത്താവ് ആഗ്രഹിക്കുന്നു. നിങ്ങള്‍ ആരോഗ്യമുള്ളവരായിരിക്കണമെങ്കില്‍ ഭക്ഷണ കാര്യങ്ങളില്‍ ചില നിയമങ്ങള്‍ നാം പാലിക്കേണ്ടതുണ്ട്. ഭക്ഷണപ്രിയനായ ഒരുവന്‍ ഒരിക്കലും ആരോഗ്യമുള്ളവനായിരിക്കില്ല. കര്‍ത്താവു കല്പിക്കുന്നു: ”എന്റെ വചനങ്ങള്‍ക്കു ചെവി തരിക. അവ നിന്റെ സര്‍വ്വദേഹത്തിനും സൗഖ്യം ആകും” (സദൃ. 4:20-22). ഇപ്രകാരം തന്നെ ആത്മീയനാകുവാന്‍ ആത്മീയതയെ സംബന്ധിച്ചുള്ള നിയമങ്ങള്‍ നിങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ക്കു കൃപ ലഭിക്കണമെങ്കില്‍ താഴ്മ ആവശ്യമാണ്. കാരണം ദൈവം താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുന്നു. ദൈവത്തില്‍ നിന്നും എന്തെങ്കിലും ലഭിക്കണമെങ്കില്‍ വിശ്വാസം വേണം. കാരണം ദൈവം വിശ്വാസത്തിനനുസൃതമായിട്ടാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്. ഇതൊക്കെ ആത്മീയതയുടെ നിയമങ്ങളാണ്. നാം അതു പാലിക്കുന്നുവെങ്കില്‍ നമുക്കു നന്മയുണ്ടാകും.
6:4-ല്‍ ”യഹോവ നമ്മുടെ ദൈവം. യഹോവ ഏകന്‍ തന്നെ” എന്നു നാം കാണുന്നു. നാം മൂന്നു ദൈവങ്ങളെ ആരാധിക്കുന്നില്ല. ഒന്നില്‍ തന്നെ മൂന്നു വ്യക്തികളാണ് ദൈവം. അഞ്ചാം വാക്യത്തില്‍ ഒന്നാമത്തെ കല്പന മറ്റൊരു തരത്തില്‍ വിശദമാക്കിയിരിക്കുന്നു. മത്തായി 22:37-ല്‍ യേശു ഉദ്ധരിച്ചിരിക്കുന്നത് ഇതാണ്: ”കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്‌നേഹിക്കണം.” അതാണ് ഒന്നാമത്തെ കല്പന. അതിനര്‍ത്ഥം നമ്മുടെ ഹൃദയത്തില്‍ കുടുംബത്തിനോ വസ്തുവകകള്‍ക്കോ ജോലിക്കോ ധനത്തിനോ ഒന്നും ഇടമില്ല എന്നത്രെ- കാരണം നമ്മുടെ മുഴുഹൃദയവും ദൈവത്തിനു നല്‍കിയിരിക്കുന്നു. ഇതാണ് നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശപ്പട്ടികയിലെ ഒന്നാമത്തെ നിര്‍ദ്ദേശം. ഈ കല്പന അനുസരിക്കാതെ മനുഷ്യര്‍ എന്ന യന്ത്രത്തെ നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുകൂടാ. നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെ കര്‍ത്താവിനെ സ്‌നേഹിക്കുമ്പോള്‍ എന്തു സംഭവിക്കും? നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കൂടുതല്‍ നന്നായി തന്നെ സ്‌നേഹിക്കും. നിങ്ങളുടെ ഹൃദയത്തില്‍ അല്പം പോലും വിദ്വേഷമോ പകയോ ഇല്ലാത്തതു കൊണ്ട് നിങ്ങള്‍ ശത്രുവിനെപ്പോലും സ്‌നേഹിക്കും.
ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ സ്‌നേഹിക്കായ്ക മൂലമാണ് അസൂയയും വിദ്വേഷവും കയ്പും അന്യര്‍ക്കെതിരെയുള്ള എല്ലാ പാപമനോഭാവങ്ങളും ഉണ്ടാകുന്നത്. നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കേണ്ട ഹൃദയത്തിന്റെ ഒരു ഭാഗത്ത് അസൂയ നിറഞ്ഞു നില്ക്കുന്നുവെന്നിരിക്കട്ടെ. നാം പാപത്തെ ജയിക്കുന്നതു പ്രാഥമികമായും പാപത്തോടു യുദ്ധം ചെയ്തുകൊണ്ടല്ല മറിച്ച് മുഴുഹൃദയത്തോടും ദൈവത്തെ സ്‌നേഹിച്ചുകൊണ്ടാണ്. നാം ദൈവത്തെ മുഴുവന്‍ ഹൃദയം കൊണ്ടും സ്‌നേഹിക്കുമ്പോള്‍ ഈ അസൂയയും പണത്തോടും വസ്തുവകകളോടുമുള്ള സ്‌നേഹവും ദുര്‍മ്മോഹങ്ങളും ഒക്കെ ഓടിയകലും. മിസ്റ്റര്‍ എ-യെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചു നമുക്കു ചിന്തിക്കാം. അയാള്‍ ഒരു നല്ല വ്യക്തിയല്ല. അവളെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവളുടെ മാതാപിതാക്കള്‍ വിഫലമായി ശ്രമിക്കുന്നു. അവള്‍ കൂട്ടാക്കുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവള്‍ കൂടുതല്‍ സുന്ദരനും ധനികനും നല്ല പെരുമാറ്റമുള്ളവനുമായ മിസ്റ്റര്‍ ബിയെ കണ്ടുമുട്ടുന്നു. അതോടെ മിസ്റ്റര്‍ എ-യോടുള്ള അവളുടെ സ്‌നേഹം നഷ്ടപ്പെട്ടു. എങ്ങനെയാണതു സംഭവിച്ചത്? അതാണു പുതിയ പ്രേമത്തിന്റെ ഉപേക്ഷണശക്തി. പുതിയ പ്രേമ ബന്ധം ഉണ്ടായപ്പോള്‍ പഴയ പ്രേമത്തെ പുറന്തള്ളി. ഇതു ക്രിസ്തീയ ജീവിതത്തിലേക്ക് ഒന്നു ബന്ധപ്പെടുത്തി നോക്കുക. ദൈവം വിരോധിച്ച നിരവധി മോഹങ്ങളുമായി നിങ്ങള്‍ ചങ്ങാത്തത്തിലാണ്. ഈ ദുശ്ശീലങ്ങളെ ഉപേക്ഷിക്കുവാന്‍ നിങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നു. നടക്കുന്നില്ല. കാരണം നിങ്ങള്‍ അവയെ സ്‌നേഹിക്കുന്നു. അങ്ങനെയിരിക്കെ നിങ്ങള്‍ യേശുവിന്റെ മഹത്വം കാണുകയും അവനെ സ്‌നേഹിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് എന്തു സംഭവിക്കുന്നു? ഈ പുതിയ സ്‌നേഹം പഴയ പ്രേമത്തെ പുറത്താക്കുന്നു. ഇപ്പോള്‍ ലോകത്തിന്റെ വസ്തുവകകളോട് യാതൊരു താത്പര്യവുമില്ല. അതാണ് പുതിയ പ്രേമത്തിന്റെ പുറന്തള്ളല്‍ ശക്തി. അതാണ് പാപത്തെ ജയിക്കുന്ന ശക്തിയുടെ രഹസ്യം. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും എന്നു വച്ചാല്‍ മുഴു ബുദ്ധിശക്തിയോടും കൂടെ ദൈവത്തെ സ്‌നേഹിക്കുക.
ദൈവം നിങ്ങള്‍ക്കു ബുദ്ധിശക്തി തന്നതു പണമുണ്ടാക്കാനോ ലോകത്തില്‍ ഒരു മഹാനായി തീരുവാനോ അല്ല. പൗലൊസ് അപ്പൊസ്തലന്‍ ഏതു മേഖലയിലും വിജയിക്കുവാന്‍ തക്ക ബുദ്ധിശക്തിയുള്ള വ്യക്തിയായിരുന്നു. ഒരു ഒന്നാംകിട വ്യവസായി ആകുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കാലത്ത് അദ്ദേഹം ജീവിച്ചിരുന്നു എങ്കില്‍ കംപ്യൂട്ടറുകളുടെ ലോകത്ത് ഒരു അസാമാന്യ പ്രതിഭയായി അദ്ദേഹം വിളങ്ങുമായിരുന്നു. എന്നാല്‍ ദൈവം നല്‍കിയ കഴിവുകള്‍ മുഴുവന്‍ അദ്ദേഹം ദൈവത്തിനു വേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുക. അങ്ങനെയായിരിക്കും അദ്ദേഹം തന്റെ ജീവിതത്തെയും സമയത്തെയും ഉപയോഗപ്പെടുത്തുക. നിങ്ങള്‍ നിങ്ങളുടെ കഴിവുകള്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നു?
6:7-ല്‍ മാതാപിതാക്കള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലാ സാഹചര്യങ്ങളിലും തങ്ങളുടെ കുട്ടികളെ ദൈവവചനം പഠിപ്പിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചു പറയുന്നു.
7:1-6-ല്‍ യിസ്രായേലിനേക്കാള്‍ വലുപ്പവും ശക്തിയുമുള്ള ഏഴു രാജ്യങ്ങളെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുവാന്‍ ദൈവം അവരെ സഹായിക്കുമെന്നു പറയുന്നു. ഇതു പാപത്തിന്മേല്‍ ജയം നേടുവാന്‍ ദൈവം നമ്മെ സഹായിക്കുമെന്നതിന്റെ ഒരു ചിത്രമാണ്. ഏഴ് എന്നത് പൂര്‍ണ്ണതയെ കാണിക്കുന്ന ഒരു സംഖ്യയാണ്. ദൈവം തന്നെയായിരുന്നു ശത്രുക്കളെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു കൊടുത്തത്. കാരണം അവര്‍ യിസ്രായേലിനെക്കാള്‍ ബലവാന്മാരായിരുന്നു. നമ്മുടെ മോഹങ്ങളൊക്കെ നമ്മെക്കാള്‍ ശക്തിയേറിയവയാണെന്നു നാമും അറിഞ്ഞിരിക്കണം. ദൈവത്തിനു മാത്രമേ അവയെ ജയിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുവാന്‍ കഴിയൂ.
ദൈവം നമ്മെ സമ്പന്നരാക്കുമ്പോള്‍
എട്ടാം അധ്യായം വളരെ പ്രാധാന്യമുള്ള ഒന്നാണ്. മരുഭൂമിയില്‍ യേശുവിനെ സാത്താന്‍ പരീക്ഷിക്കുമ്പോള്‍ ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ ഉപയോഗിച്ചാണ് അവിടുന്ന് സാത്താനെ ജയിച്ചത്. യേശു ഒരിക്കലും സാത്താനുമായി ഒരു സംവാദത്തിനോ തര്‍ക്കത്തിനോ മുതിര്‍ന്നില്ല. സാത്താന്‍ പറഞ്ഞ ഓരോ കാര്യങ്ങളോടും ”ഇങ്ങനെ എഴുതിയിരിക്കുന്നു” എന്നു മാത്രമായിരുന്നു യേശുവിന്റെ മറുപടി. മൂന്നു പരീക്ഷകളിലും രണ്ടു വേദഭാഗങ്ങള്‍ മാത്രം ഉദ്ധരിച്ചായിരുന്നു മറുപടി. ഒന്നാമത്തെ പരീക്ഷയില്‍ ആവര്‍ത്തനം 8-ാം അധ്യായത്തിലെ മൂന്നാം വാക്യം ”മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു” ഉദ്ധരിച്ചു. അടുത്ത രണ്ടു പരീക്ഷകളിലും ആവര്‍ത്തനം 6:16-ലെ ”നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്” എന്നതും 6:13-ലെ ”ദൈവത്തെ മാത്രമേ സേവിച്ച് ആരാധിക്കാവൂ” എന്നുമുള്ള വാക്യങ്ങളാണ് ഉദ്ധരിച്ചത്.
യേശു ആവര്‍ത്തന പുസ്തകം വായിച്ചിരുന്നു എന്നാണ് ഇതു നമ്മെ കാണിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ എക്കാലവും വരുന്ന എല്ലാ പ്രശ്‌നങ്ങളെയും പരീക്ഷകളെയും അഭിമുഖീകരിക്കുവാന്‍ ആവശ്യമായ വചനങ്ങള്‍ ബൈബിളിലുണ്ട്- അത് എവിടെയെന്നു കണ്ടെത്താന്‍ നാം അറിയുന്നുവെങ്കില്‍. ദൈവവചനത്തില്‍ നിന്നും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒരു പ്രശ്‌നവും ഒരു സാഹചര്യവും എന്റെ ജീവിതത്തില്‍ ഇന്നയോളം ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ദൈവവചനം ശ്രദ്ധയോടെ പഠിക്കുവാന്‍ ഓരോ വിശ്വാസിയെയും ഞാന്‍ ഉത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ബാല്യത്തില്‍ നിന്നു തന്നെ അതു തുടങ്ങുക. ജീവിതത്തിലെ മലകളും മേടുകളും ഒക്കെ താങ്ങുവാന്‍ അതു നിങ്ങളെ പ്രാപ്തരാക്കും. മാത്രമല്ല ദൈവോദ്ദേശ്യത്തിലേക്കു നിങ്ങള്‍ വളരുകയും ചെയ്യും. സങ്കീര്‍ത്തനം 18:29-ല്‍ ദാവീദ് പറയുന്നു: ”എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.” ഒരു പ്രതിബന്ധവും നമ്മുടെ വഴിയില്‍ നിലനില്ക്കയില്ല. നിങ്ങള്‍ കണ്ടെത്താന്‍ പഠിച്ചിരിക്കുന്നു എങ്കില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം ബൈബിളിലുണ്ട്. യേശു ബാല്യത്തിലും യൗവനത്തിലും തിരുവചനം നന്നായി പഠിച്ചു- തീവ്രതയോടെ. അതുകൊണ്ട് എല്ലാ പരീക്ഷകള്‍ക്കു മുമ്പിലും തനിക്കൊരു വചനമുണ്ടായിരുന്നു. പിശാചിനു തന്നെ വഞ്ചിക്കുവാന്‍ കഴിയില്ലായിരുന്നു.
8:11-15-ല്‍ മോശെ യിസ്രായേല്യര്‍ക്കു നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: ”നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിക്കാനും നീ ഭക്ഷിച്ചു തൃപ്തി പ്രാപിച്ചു നല്ല വീടുകള്‍ പണിത് അവയില്‍ പാര്‍ക്കുമ്പോഴും നിന്റെ ആടുമാടുകള്‍ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതൊക്കെയും വര്‍ദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതിരിക്കാനും നിന്നെ അടിമ വീടായ മിസ്രയീമില്‍ നിന്നും പുറപ്പെടുവിക്കയും അഗ്നിസര്‍പ്പവും തേളും വെള്ളമില്ലാത്ത വരള്‍ച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയില്‍ കൂടി നിന്നെക്കൊണ്ടു വന്നിരിക്കുകയും ചെയ്തിരിക്കുന്നു.”
നാം മരുഭൂമിയിലായിരിക്കുമ്പോള്‍ ദൈവത്തെ കുറിച്ചു ചിന്തിക്കുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ നാം സമൃദ്ധിയിലായിരിക്കുമ്പോള്‍ ദൈവത്തെ അനുസരിക്കുവാന്‍ നാം വളരെ പ്രയാസപ്പെടും.
നോഹ പെട്ടകം പണിയുന്ന കാലത്ത് തനിക്കു മദ്യപിക്കുവാന്‍ സമയം കിട്ടാതെ വണ്ണം തിരക്കായിരുന്നു. എന്നാല്‍ പ്രളയത്തിനു ശേഷം ഭൂമിയില്‍ അവശേഷിക്കുന്ന ഒരേ ഒരു മനുഷ്യകുടുംബത്തിന്റെ ഗൃഹനാഥന്‍ എന്ന നിലയില്‍ വിജയശ്രീലാളിതനായി പുറത്തു വന്ന നോഹ മദ്യപിച്ചു ലഹരിയിലായി.
ശൗലില്‍ നിന്നു രക്ഷ നേടുവാന്‍ ഗുഹയില്‍ നിന്നു ഗുഹയിലേക്കു ഒളിച്ചോടിയിരുന്ന ദാവീദ് സങ്കീര്‍ത്തനങ്ങള്‍ തുടര്‍മാനമായി രചിക്കത്തക്കവണ്ണം ദൈവത്തോടു നിരന്തര ബന്ധത്തിലായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ധാരാളം ധനവും ഒഴിവു സമയങ്ങളും അധികാരവുമുണ്ടായി. നേരിട്ടു യുദ്ധത്തിനു പോകാതെ പകരം പോകുവാന്‍ സൈന്യവും സൈന്യാധിപന്മാരുമുണ്ടായപ്പോള്‍ കൊട്ടാരത്തില്‍ അലസ നിദ്രയിലാണ്ട് ബേത്ത്‌ശെബയുമായി പാപം ചെയ്തു. അവന്‍ യുദ്ധത്തിനു പോയിരുന്നെങ്കില്‍ ബേത്ത്‌ശെബയെ കാണുകയില്ലായിരുന്നു (2 ശമു. 11:1).
ധാരാളം സമ്പത്തും സമയവും സുഖസൗകര്യങ്ങളുമുണ്ടായിരുന്നതു കൊണ്ട് ശലോമോന്‍ പാപം ചെയ്തു.
യിസ്രായേല്‍ എപ്പോഴാണ് വിഗ്രഹാരാധനയിലേക്കു വീണത്? മരുഭൂമിയിലെ 40 വര്‍ഷക്കാലം അവര്‍ ഒരു വിഗ്രഹത്തെയും ആരാധിച്ചില്ല. കാളക്കുട്ടിയുടെ രൂപത്തെ ആരാധിച്ച ശേഷം ഒരിക്കലും വിഗ്രഹാരാധന ഉണ്ടായില്ല. എന്നാല്‍ കനാനില്‍ കുടിപാര്‍ത്ത ശേഷം വേഗം തന്നെ അവര്‍ വിഗ്രഹാരാധനയിലേക്കു നിപതിച്ചു.
നമുക്കു സമൃദ്ധിയുണ്ടാകുമ്പോള്‍ നാം അപകടത്തിലാണ്. സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുമ്പോള്‍ നാം ദൈവത്തോടു നന്ദിയുള്ളവരാകും. പക്ഷേ സമൃദ്ധിയില്‍ ദൈവത്തെ മറക്കുമെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. മറിച്ച് നമുക്കു അതു കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ്. ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതു ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് യേശു പറഞ്ഞു. അതൊരിക്കലും സാധ്യമല്ലെന്ന് അവിടുന്നു പറഞ്ഞില്ല. അതുകൊണ്ട് സമൃദ്ധിയില്‍ ജീവിക്കുന്ന സഹോദരന്മാരോട് അസൂയ വേണ്ട. അവനു ദൈവത്തോട് ചേര്‍ന്നു നടക്കാന്‍ വളരെ പ്രയാസമാണ്. നിങ്ങള്‍ക്കു കുറച്ചേയുള്ളുവെങ്കില്‍ നന്ദിയുള്ളവരായിരിക്കുക. നിങ്ങളുടെ രക്ഷ അവിടെയാണ്. നിങ്ങള്‍ക്ക് മറ്റുള്ളവരെപ്പോലെ എപ്പോഴും മാറ്റിയുടുക്കാന്‍ അധികം വസ്ത്രമില്ലെന്നു കരുതി അവരോട് അസൂയപ്പെടരുത്. ഒരുപക്ഷേ നിങ്ങളായിരിക്കാം സുഖമായി ജീവിക്കുന്നത്. നിങ്ങള്‍ അവരുടെ പുറംമോടി മാത്രമാണല്ലോ കാണുന്നത്. വലിയ വീടോ സമ്പത്തോ ഉള്ളവരെക്കുറിച്ചും നാം അസൂയപ്പെടരുത്. അവരൊക്കെ വലിയ അപകടത്തിലാണ്. നിങ്ങള്‍ക്ക് എന്തു തരണമെന്നുള്ള കാര്യം ദൈവത്തിനു വിട്ടുകൊടുക്കുക. അവിടുന്നു തരുന്ന അല്പത്തില്‍ തൃപ്തരായി ജീവിക്കുക. അധികം ലഭിച്ചതുമൂലം തങ്ങളെ തന്നെ നശിപ്പിച്ചു കളഞ്ഞ എത്രയോ പ്രസംഗകരെ എനിക്കറിയാം. അതു നമുക്കൊരു മുന്നറിയിപ്പായിരിക്കട്ടെ. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നു ജ്ഞാനികള്‍ പാഠങ്ങള്‍ പഠിക്കുന്നു.
9-11 അധ്യായങ്ങളില്‍ ദൈവത്തോടുള്ള അനുസരണക്കേടില്‍ മരിച്ചു മണ്‍മറഞ്ഞ അവരുടെ പിതാക്കന്മാരുടെ ചരിത്രത്തില്‍ നിന്നും ചില മുന്നറിയിപ്പുകള്‍ മോശെ യിസ്രായേലിലെ പുതു തലമുറയ്ക്കു നല്‍കുന്നതു നമുക്കു കാണാം. ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണെന്ന മുന്നറിയിപ്പു മോശെ ഒരിക്കല്‍കൂടി അവര്‍ക്കു നല്‍കുന്നു (9:3).
11:20(കെജെവി)-ല്‍ അവരെക്കുറിച്ചു ദൈവത്തിന്റെ ഹൃദയത്തിലെ ആഗ്രഹം മോശെ വ്യക്തമാക്കുന്നു: ”നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും ആയുസ്സ് ഭൂമിയില്‍ സ്വര്‍ഗ്ഗീയ ദിനങ്ങള്‍ പോലെ വര്‍ദ്ധിക്കണം.” നമ്മെ ഓരോരുത്തരെയും സംബന്ധിച്ചും ദൈവത്തിന്റെ ഹൃദയത്തിലെ ആഗ്രഹം അതാണ്- നമ്മുടെ ഭൂമിയിലെ നാളുകളും സ്വര്‍ഗ്ഗീയ നാളുകളായിരിക്കണം. സ്വര്‍ഗ്ഗത്തിലെ സന്തോഷം, സമാധാനം, സ്‌നേഹം, വിശുദ്ധി, നന്മ എന്നിവയുടെ രുചി നമ്മുടെ കുടുംബങ്ങളിലും സഭകളിലും നാം അനുഭവിച്ചറിയണമെന്നു ദൈവം ആഗ്രഹിക്കുന്നു. ഞാന്‍ അതു ചെറിയൊരളവില്‍ അനുഭവിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് എന്റെ ജീവിതവും ശുശ്രൂഷയും എനിക്ക് ഒരു ഭാരമായി തോന്നിയിട്ടില്ല. അത് ഓരോ ദിവസവും സന്തോഷകരവും ആസ്വാദ്യകരവുമായിത്തീര്‍ന്നു. കാരണം ഞാന്‍ ഭൗമികമായതല്ല സ്വര്‍ഗ്ഗീയമായ പ്രമാണങ്ങളിലൂടെ ജീവിക്കാന്‍ ശീലിച്ചിരിക്കുന്നു.
ക്രിസ്തീയ ജീവിതം ആരംഭിക്കുമ്പോള്‍ ഇതു ചെയ്യുന്നതു നിങ്ങള്‍ക്ക് എളുപ്പമായിരിക്കും. എന്നാല്‍ ഭൗമികമായതല്ല സ്വര്‍ഗ്ഗിയ പ്രമാണങ്ങളിലൂടെ ജീവിക്കാന്‍ നിങ്ങള്‍ ഉറച്ചിരിക്കുന്നുവെങ്കില്‍ ഇന്നു മുതല്‍ നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷവും അതു നിങ്ങള്‍ക്കു കൂടുതല്‍ എളുപ്പമായിരിക്കും. നിങ്ങളുടെ നാളുകള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗീയമായിരിക്കുവാന്‍ അവസാനത്തോളം സഹിച്ച യേശുവിനെത്തന്നെ ശ്രദ്ധിച്ചു നോക്കുക. നമ്മെ സംബന്ധിച്ച ദൈവഹിതം അതാണ്.
അധ്യായം 11:24-ല്‍ പറയുന്നു: ”നിങ്ങള്‍ കാല്‍ വയ്ക്കുന്നേടമൊക്കെയും നിങ്ങളുടേതായിരിക്കും.” എല്ലാ മേഖലകളിലും ദൈവഹിതം നാം നിറവേറ്റുന്നുവെങ്കില്‍ എല്ലാ ബലഹീനതകളെയും നാം ജയിക്കുന്നവരാകും. അതു തന്നെയാണു ദൈവഹിതം. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ കാലുകള്‍ താഴെ ഉറപ്പിക്കുകയും സാത്താനെ നമ്മുടെ കാല്‍ക്കീഴിലാക്കുകയും അവനെ ജയിക്കുകയും വേണം.
12 മുതല്‍ 26 വരെ അധ്യായങ്ങളില്‍ വിവിധ നിയമങ്ങള്‍ ആവര്‍ത്തിച്ചും പുതിയവ കൂട്ടിച്ചേര്‍ത്തും നല്‍കിയിരിക്കുന്നു.
കള്ളപ്രവാചകന്മാര്‍
13-ാം അധ്യായത്തില്‍ കള്ള പ്രവാചകന്മാരെക്കുറിച്ച് ശ്രദ്ധേയമായ ഒരു ഭാഗമുണ്ട്. കള്ളപ്രവാചകന്മാരുടെ എണ്ണം ക്രൈസ്തവ ലോകത്തില്‍ ഇക്കാലത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ വേദഭാഗം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. കള്ള പ്രവാചകന്മാരെ ദൈവം അനുവദിച്ചിട്ടാണ് നമ്മുടെ വഴിയില്‍ അവര്‍ വരുന്നതെന്ന് അവിടെ പറയുന്നു. നമ്മുടെ ഹൃദയത്തിലെ യഥാര്‍ത്ഥ മോഹങ്ങളെയും ആഗ്രഹങ്ങളെയും അറിയുവാനുള്ള ഒരു പരീക്ഷയായിട്ടാണ് ദൈവം കള്ളപ്രവാചകന്മാരെയും വഞ്ചകന്മാരെയും ഉപയോഗിക്കുന്നത്. കര്‍ത്താവ് അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: ”നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ് നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുകൊണ്ട് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന്‍ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്‍…” (13:2,3). ഈ പ്രവാചകന്‍ പറയുന്നതു സംഭവിക്കുവാന്‍ ദൈവം അനുവദിക്കുന്നു- നമ്മെ ശോധന ചെയ്യുവാന്‍ വേണ്ടി. അത്തരം ധാരാളം പ്രവാചകന്മാര്‍ ഇന്നത്തെ ക്രൈസ്തവ ലോകത്തിലുണ്ട്. മെഡിക്കല്‍ ഡോക്ടര്‍മാരെപ്പോലെ കണ്‍സല്‍ട്ടിംഗ് ഓഫീസും കണ്‍സല്‍ട്ടിംഗ് ഫീസും ഒക്കെ വച്ച് അവര്‍ വിഹരിക്കുന്നു. അവര്‍ പ്രതിഫലം പ്രതീക്ഷിക്കുന്നതു കൊണ്ടു നിങ്ങള്‍ അവര്‍ക്കു ഫീസ് നല്‍കിയേ മതിയാവൂ. രണ്ടു ഉപായങ്ങള്‍ ആണ് സാധാരണയായി അവര്‍ പണം വാങ്ങുവാന്‍ പ്രയോഗിക്കുക. ഒന്നാമതായി നിങ്ങളെ ക്കുറിച്ച് വളരെ മുഖസ്തുതി പറയും. നിങ്ങള്‍ പോകുന്നിടത്ത്- ഗള്‍ഫിലോ അമേരിക്കയിലോ- നിങ്ങള്‍ ഉന്നതി പ്രാപിക്കുമെന്നു പറയും. അങ്ങനെ നിങ്ങളെ വലിയ സന്തോഷത്തിലാക്കി നിങ്ങളില്‍ നിന്നും നല്ല ഒരു തുക സമ്മാനമായി നേടുവാന്‍ ശ്രമിക്കും. തുടര്‍ന്ന് അവര്‍ പ്രവചിച്ചു പറയുന്നതുപോലെ കൃത്യമായി നിങ്ങള്‍ ചെയ്യുകയും നിങ്ങള്‍ തന്നെ അവരുടെ പ്രവചനം നിവൃത്തി വരുത്തി സഫലമാക്കു കയും ചെയ്യും. ഇതു ”സ്വയംകൃത പ്രവചന നിവൃത്തി” എന്ന ഒരു മനഃശാസ്ത്ര തന്ത്രം ആണ്. ആത്മവിശ്വാസം എന്ന സൂത്രവിദ്യ പ്രയോഗിക്കുന്നവരുടെ ഒരു പഴയ സൂത്രമാണിത്. എന്താണിതിന്റെ പരിണത ഫലം? നിങ്ങള്‍ സന്തുഷ്ടരായി. കാരണം ദൈവാനുഗ്രഹം എന്നു നിങ്ങള്‍ കരുതുന്ന കാര്യം നിങ്ങള്‍ക്കു പ്രവാചകന്മാരില്‍ നിന്നു ലഭിച്ചു. ധാരാളം പണം സമ്പാദിക്കാന്‍ കഴിയുന്ന ഒരു വിദേശ ജോലിക്കു പോകുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞു. നല്ല ഒരു തുക സമ്മാനമായി ലഭിച്ചതുകൊണ്ടു പ്രവാചകനും സന്തുഷ്ടനായി. നിങ്ങളെയും പ്രവാചകനെയും ഒരുപോലെ വഞ്ചിക്കാന്‍ കഴിഞ്ഞതിനാല്‍ പിശാചും സന്തുഷ്ടനായി. ഇവിടെ ദുഃഖിതനാകുന്നത് ദൈവവും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും മാത്രമാണ്. രണ്ടാമതായി അവര്‍ പ്രയോഗിക്കുന്ന ഉപായം നിങ്ങള്‍ക്കു മറഞ്ഞിരിക്കുന്നതും ആസന്നമായിരിക്കുന്നതുമായ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ്. നിങ്ങള്‍ക്ക് അതെക്കുറിച്ച് ഒരു അറിവുമില്ല. സാത്താന്‍ തന്നെ നിങ്ങളുടെ പിന്നാലെ കൂടിയിരിക്കയാണ്. എന്നാല്‍ അവര്‍ക്ക് അതിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയും. തീര്‍ച്ചയായും ഈ അപകടത്തില്‍ നിന്നും വിടുതല്‍ ലഭിക്കും. അതോടെ നിങ്ങള്‍ അവര്‍ക്കു പണം നല്‍കാന്‍ തയ്യാറാകും. കാരണം നിങ്ങള്‍ക്ക് അജ്ഞാതമായിരുന്ന ഭയങ്കര ആപത്തില്‍നിന്നും നിങ്ങളെ വിടുവിച്ചിരിക്കയാണല്ലോ. മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളിലും അവരുടെ ലക്ഷ്യം നിങ്ങളുടെ കീശയാണ്. എന്നാല്‍ അവര്‍ നിങ്ങളെ അകറ്റുന്നത് ക്രിസ്തു എന്ന ലക്ഷ്യത്തില്‍ നിന്നും വിദൂരത്തേക്കാണ്. കര്‍ത്താവു പറയുന്നു: ”നിങ്ങള്‍ ആ പ്രവാചകന്റെ വാക്കു കേള്‍ക്കരുത്. നിങ്ങള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുന്നുവോ എന്ന് പരീക്ഷിക്കയാകുന്നു” (വാ.4).
അത്തരം പ്രവാചകന്മാര്‍ ഭൗമിക കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. സ്വര്‍ഗ്ഗീയമായവയ്ക്കല്ല. അവര്‍ ഭൗമിക കാര്യങ്ങളില്‍ ആളുകളെ വ്യാപൃതരാക്കുന്നു. ആത്മീയ കാര്യങ്ങളിലല്ല. ”നമുക്ക് അന്യദൈവങ്ങളുടെ അടുത്തേക്കു പോകാം” ഇതാണ് അവരുടെ സന്ദേശം- ഉത്ക്കര്‍ഷാതിമോഹം, പണം, സുഖലോലുപത മുതലായ അന്യ ദൈവങ്ങള്‍.
‘അത്തരം പ്രവാചകന്മാരെ കൊല്ലണം’ (വാ.6). അതു നമുക്ക് ഇക്കാലത്ത് എങ്ങനെ നടപ്പിലാക്കാന്‍ കഴിയും? അത്തരം ആളുകളെ ശ്രദ്ധിക്കാതെയിരിക്കുന്നതിലൂടെ ത്തന്നെ. അവരെ അവഗണിച്ചു കളയുക. ഇവയൊക്കെ നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങളാണ്. അവയെ നാം അനുസരിക്കുന്നുവെങ്കില്‍ നമുക്കു വഞ്ചിതരാകാതെ ജീവിക്കുവാന്‍ കഴിയും.
വിവിധ നിയമങ്ങള്‍
14-ാം അധ്യായത്തില്‍ യിസ്രായേല്യര്‍ ഭക്ഷണമാക്കി കൂടാത്ത മൃഗങ്ങളുടെയും ഇതര ജന്തുക്കളുടെയും പട്ടിക നല്‍കിയിരിക്കുന്നു. ഇതു ലേവ്യാ 11-ലെ വിവരങ്ങളുടെ ഒരു ആവര്‍ത്തനമാണ്. ഈ നിയമങ്ങള്‍ യിസ്രായേല്‍ മക്കള്‍ പാലിക്കേണ്ട വിശുദ്ധിയുടെയും വേര്‍പാടിന്റെയും ഒരു പ്രതീകമാണ്. ഈ നിയമങ്ങള്‍ നമുക്ക് ഇന്നു ബാധകമല്ല. എല്ലാ ഭക്ഷ്യ വസ്തുക്കളും വിശുദ്ധമാണെന്ന് യേശു പറഞ്ഞിട്ടുണ്ട് (മര്‍ക്കൊ. 7:19). അതുകൂടാതെ വിശുദ്ധി എന്നത് ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കുന്നതിലൂടെയല്ല എന്ന് പൗലൊസും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഏതു ഭക്ഷണവും സ്‌തോത്രം ചെയ്തു തിന്നുമ്പോള്‍ അതു ശുദ്ധമായിത്തീരും (1 തിമൊ. 4:1-5). ദൈവവചനത്താലും പ്രാര്‍ത്ഥനയാലും ശുദ്ധീകരിക്കപ്പെടുന്നു.
ശബത്ത് സംവത്സരത്തില്‍ ആളുകളെ സ്വതന്ത്രമാക്കുന്നതിനെക്കുറിച്ച് അധ്യായം 15-ല്‍ പറയുന്നു. തങ്ങളുടെ ഇടയില്‍ ഒരു ദരിദ്രനുണ്ടെങ്കില്‍ അയാള്‍ക്കു നേരെ ഹൃദയകാഠിന്യവും ലുബ്ധും കാട്ടാതെ സഹോദരനെന്നു കരുതി അയാളോട് ഔദാര്യവും മഹാമനസ്‌കതയും കാട്ടണം (വാ. 7,8). ദരിദ്രരോടു വളരെ കനിവുള്ളവനാണ് കര്‍ത്താവ്.
അധ്യായം 16-ല്‍ യിസ്രായേലിലെ പുരുഷന്മാരെല്ലാം യെരുശലേമില്‍ നിര്‍ബ്ബന്ധമായും സന്നിഹിതരായിരിക്കേണ്ട മൂന്നു പെരുന്നാളുകളെക്കുറിച്ചു പറയുന്നു.
അധ്യായം 17:14-19. യിസ്രായേലിന് ഒരു രാജാവുണ്ടായിരിക്കുക എന്നത് ദൈവഹിതം അല്ല. അവിടുന്നു തന്നെയായിരുന്നു യിസ്രായേലിന്റെ രാജാവ് (1 ശമുവേല്‍ 8:7 കാണുക). എന്നാല്‍ ദൈവം മനുഷ്യനു വേണ്ടി കരുതിയിരിക്കുന്ന ഏറ്റവും മെച്ചപ്പെട്ട ഒന്നിനോട് അവര്‍ക്കു താത്പര്യമില്ലെങ്കില്‍ അവര്‍ക്കു താത്പര്യമുള്ള മറ്റൊന്ന് തിരഞ്ഞെടുക്കാന്‍ ദൈവം സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതുകൊണ്ട് അവര്‍ ഒരു രാജാവിനെ തിരഞ്ഞെടുക്കുന്നു എങ്കില്‍ അയാള്‍ ദൈവത്തെ ഭയപ്പെടുകയും ദൈവത്തിന്റെ പ്രമാണം നിത്യവും വായിക്കുകയും അത് അനുസരിക്കുകയും വേണം. ഇന്നത്തെ സഭാ നേതാക്കന്മാര്‍ക്കും ശ്രദ്ധിക്കാവുന്ന നല്ല ഒരു വേദഭാഗമാണിത്. എല്ലാ ദിവസവും ദൈവവചനം വായിക്കുകയും അത് അനുസരിക്കയും ദൈവത്തെ ഭയപ്പെടുകയും ചെയ്യുക എന്നത്.
അധ്യായം 18:1-7-ല്‍ മോശെ അവര്‍ക്കു കൂടുതല്‍ പ്രമാണങ്ങള്‍ നല്‍കുന്നതായി നാം കാണുന്നു. ആഭിചാരവും മന്ത്രവാദവും വിലക്കുന്നു (9-14 വാക്യങ്ങള്‍). ഭാവി പ്രവചിക്കുന്ന ആഭിചാരക്കാരെ ശ്രദ്ധിക്കാതെ ദൈവം അവര്‍ക്കു വേണ്ടി എഴുന്നേല്പിക്കുവാനിരിക്കുന്ന പ്രവാചകന്റെ വചനം അവര്‍ കേള്‍ക്കണം (14-19 വാക്യങ്ങള്‍). ഇതു ക്രിസ്തുവിനെ സൂചിപ്പിക്കുന്ന വാക്യങ്ങളാണ്.
18:20-ല്‍ ദൈവം അരുളിച്ചെയ്യാത്ത കാര്യങ്ങള്‍ അവിടുത്തെ നാമത്തില്‍ പറയുന്നതിനെതിരെ അവര്‍ക്കു താക്കീതു നല്‍കുന്നു. ഇന്നും ക്രൈസ്തവ ലോകത്ത് ഈ താക്കീതിനു വളരെയേറെ പ്രസക്തിയുണ്ട്. കാരണം ചില പ്രത്യേക ക്രൈസ്തവ സമൂഹങ്ങളില്‍ ”കര്‍ത്താവ് ഇങ്ങനെ പറഞ്ഞു” എന്ന മട്ടില്‍ പ്രവചനം നടത്തുന്ന ധാരാളം ആളുകള്‍ പ്രവാചകന്മാരായി സംസാരിക്കുന്നു. തങ്ങള്‍ സ്വമേധയാ പറയുന്ന വാക്കുകള്‍ക്ക് ആധികാരികത കിട്ടാന്‍ അവര്‍ കര്‍ത്താവിന്റെ നാമം ഉച്ചരിക്കുന്നു. തുടര്‍ന്നു തങ്ങളുടെ മനസ്സില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു. ഇതു വളരെ ഗുരുതരമായ പാപം തന്നെ. അത്തരം പ്രവാചകന്മാര്‍ക്കു മരണശിക്ഷ നല്‍കണമെന്നു ദൈവം കല്പിക്കുന്നതു നമുക്ക് ഇവിടെ കാണുവാന്‍ കഴിയും. ”ഞാന്‍ അവരോട് അരുളിച്ചെയ്യാതിരുന്നിട്ടും അവര്‍ പ്രവചിച്ചു” (യിരെമ്യ. 23:21). ഇത്രയൊക്കെ താക്കീതുകള്‍ ദൈവവചനത്തില്‍ ഉണ്ടായിട്ടും പാപകരമായ ഇത്തരം പ്രവണതകള്‍ക്കെതിരെ ആരും ശബ്ദം ഉയര്‍ത്തുന്നില്ല. നിഷ്‌കളങ്കരായ ഒരു വലിയ സമൂഹം ക്രിസ്ത്യാനികള്‍ ഇത്തരം പ്രവചനങ്ങളില്‍ കുടുങ്ങി വഴി തെറ്റിപ്പോകുന്നു.
തിരുവെഴുത്തുകളില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉപയോഗിക്കുമ്പോഴല്ലാതെ ”കര്‍ത്താവ് ഇപ്രകാരം പറഞ്ഞു” എന്ന് പറയുവാന്‍ നമുക്ക് പാടില്ല. അങ്ങനെയല്ലാതെ ചെയ്യുമ്പോള്‍ നാം ദൈവവചനത്തോടു കൂട്ടു ചേര്‍ക്കുന്നവര്‍ ആയിത്തീരുകയാണ്.
18:21,22 വാക്യങ്ങളില്‍ ഒരുവന്‍ കള്ളപ്രവാചകനാണോ എന്നു തിരിച്ചറിയുന്നതിനുള്ള വഴി പറഞ്ഞിരിക്കുന്നു. പ്രവചിക്കുന്നത് അതുപോലെ സംഭവിക്കുന്നില്ലെങ്കില്‍ അയാള്‍ കളളപ്രവാചകനാണ്. ഇക്കാര്യം തിരുവെഴുത്തില്‍ വ്യക്തമാക്കിയിട്ടും വിശ്വാസികളുടെ ഒരു വലിയ സമൂഹം ഇത്തരം കള്ളപ്രവാചകന്മാരോടു വിട്ടുവീഴ്ച ചെയ്ത് അവരെ ശ്രദ്ധിക്കുന്നതു തുടരുന്നു. അവര്‍ പറയുന്നതു പലതും സംഭവിക്കുന്നില്ല. ഈ വചനം വിശ്വാസികള്‍ ഗൗരവമായി എടുക്കുന്നില്ല. അല്ലെങ്കില്‍ അത് അപ്രകാരം അക്ഷരംപ്രതി എടുക്കേണ്ട എന്ന മട്ടില്‍ ഗൗരവം കുറച്ചിരിക്കുന്നു. ഈ വചനത്തില്‍ പറയുന്നത് ഒരു യഥാര്‍ത്ഥ പ്രവാചകന്‍ പറയുന്നതു 99 ശതമാനമല്ല നൂറു ശതമാനവും നിറവേറപ്പെടും എന്നു തന്നെയാണ്. വഞ്ചിക്കപ്പെടാതിരിക്കുവാന്‍ മതിയായ മുന്നറിയിപ്പുകള്‍ ദൈവം നമുക്കു തന്റെ വചനത്തില്‍ നല്‍കിയിരിക്കുന്നു.
ഒരുവന്‍ എത്രതന്നെ വിശുദ്ധനും നല്ലവനും ദൈവവചനത്തോടു ചേര്‍ന്നു പോകുന്നവനുമായിരുന്നാലും ഒരിക്കലെങ്കിലും താന്‍ പ്രവചിച്ചതു പൂര്‍ണ്ണമായും നിറവേറാതെയിരിക്കുക, ഒരിക്കലെങ്കിലും തെറ്റായി പ്രവചിക്കുക, എന്നിട്ടും ഇവയെക്കുറിച്ച് സ്വയം താഴ്ത്തുകയും ഏറ്റു പറയുകയും ചെയ്യാതെയിരിക്കുക മുതലായവ സംഭവിച്ചാല്‍ അയാള്‍ തന്റെ തെറ്റ് സമ്മതിക്കാത്തവനും കള്ളപ്രവാചകനുമാണ്. അത്തരം ഒരു വ്യക്തിയെ തുടര്‍ന്നു നാം ശ്രദ്ധിക്കാന്‍ പാടില്ല എന്നു ദൈവം കല്പിക്കുന്നു. ഇവിടെ ദൈവത്തെ അനുസരിക്കാന്‍ എത്ര വിശ്വാസികള്‍ തയ്യാറാകും?
അധ്യായം 19 സങ്കേത നഗരങ്ങളെക്കുറിച്ചു പറയുന്നു. അബദ്ധവശാല്‍ കൊലക്കുറ്റത്തില്‍ പെട്ടുപോകുന്നവരുടെ രക്ഷയ്ക്കായി ഇവയെ നിയമിച്ചിരിക്കുന്നു.
അധ്യായം 20:1-7: യിസ്രായേല്‍ മക്കള്‍ യുദ്ധത്തിനു പോകേണ്ടി വരുമ്പോള്‍ ഭയം കൂടാതെ ദൈവത്തില്‍ ആശ്രയിച്ചു പുറപ്പെടണമെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. ഭയമുള്ളവരും ദൈവത്തിന്റെ യുദ്ധങ്ങളെക്കാള്‍ തന്റെ ഭാര്യയെയോ കുടുംബത്തെയോ വസ്തുവകകളെയോ അധികം സ്‌നേഹിക്കുന്നവരും മടങ്ങി വീട്ടില്‍ പോകട്ടെ. അവര്‍ മറ്റു യോദ്ധാക്കളുടെ ഉത്സാഹം കെടുത്താതെയിരിക്കുവാന്‍ വേണ്ടിയാണത്. പൂര്‍ണ്ണഹൃദയത്തോടെ തന്നെ സേവിക്കുന്നവരെ മാത്രമേ ദൈവം ഇന്നും തന്റെ ശുശ്രൂഷയില്‍ ആഗ്രഹിക്കുന്നുള്ളു- തങ്ങളുടെ സ്വകാര്യ ബന്ധങ്ങളെ ക്കാളും ഇഷ്ടങ്ങളെക്കാളും ദൈവത്തിന്റെ നാമത്തിനും അവിടുത്തെ രാജ്യത്തിനും പ്രാമുഖ്യം നല്‍കുന്നവരെ.
21-ാം അധ്യായത്തില്‍ കൂടുതല്‍ പ്രമാണങ്ങള്‍ നല്‍കിയിരിക്കുന്നു. വിവാഹം സംബന്ധിച്ച കാര്യങ്ങള്‍, മത്സരികളായ മക്കളെ കല്ലെറിഞ്ഞു കൊല്ലുന്നത് മുതലായവ സംബന്ധിച്ച പ്രമാണങ്ങള്‍.
21:22,23 വാക്യങ്ങളില്‍ മരത്തില്‍ തൂക്കപ്പെട്ടവന്‍ ശാപഗ്രസ്തനാകുന്നു എന്നു കാണുന്നു. ഗലാത്യര്‍ 3:13-ല്‍ നാം ദൈവത്തിന്റെ പ്രമാണങ്ങളെ അനുസരിക്കാതിരുന്നതുമൂലം ഉണ്ടായ ശാപത്തില്‍ നിന്നും നമ്മെ സ്വതന്ത്രനാക്കുവാന്‍ ക്രിസ്തു കാല്‍വറിയില്‍ മരത്തിന്മേല്‍ തൂക്കപ്പെട്ടതിലൂടെ എങ്ങനെ ശാപഗ്രസ്തനായി എന്നു പൗലൊസ് ഈ തിരുവെഴുത്തുകളെ ആധാരമാക്കി നമ്മോടു പറയുന്നു.
22:5-ല്‍ സ്ത്രീകളും പുരുഷന്മാരും ധരിക്കേണ്ട വ്യത്യസ്ത വേഷങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഇതൊരു പഴയനിയമ പ്രമാണമാണ്. എങ്കിലും ദൈവം ഉണ്ടാക്കിയ ഈ രണ്ടു ലിംഗങ്ങളും തങ്ങളുടെ വ്യത്യസ്തതകളെ പ്രകടമായി നിലനിര്‍ത്തുകയും ഓരോ ലിംഗത്തിനും നിയമിച്ചിരിക്കുന്ന ധര്‍മ്മങ്ങളെ മാനിക്കുകയും വേണമെന്ന് അര്‍ത്ഥമാക്കിയിരിക്കുന്നു.
ജന്തുജാലങ്ങളോടുള്ള ദൈവത്തിന്റെ കരുതലിനെ കാണിക്കുന്ന പ്രമാണമാണ് 22:6,7. മുട്ടകളോടു കൂടിയോ കുഞ്ഞുങ്ങളോടു കൂടിയോ ഇരിക്കുന്ന ഒരു തള്ള പ്പക്ഷിയെ കണ്ടാല്‍ അതിനെ പിടിക്കരുത് എന്നു പ്രമാണം. ജന്തുജാലങ്ങളോടുള്ള ദൈവത്തിന്റെ കനിവ് ഒരു വലിയ സത്യം നമ്മെ പഠിപ്പിക്കുന്നു: തന്റെ മക്കളായ നമ്മോടുള്ള അവിടുത്തെ കരുതല്‍ എത്രയധികമായിരിക്കും!
23,24 അധ്യായങ്ങളില്‍ ധാര്‍മ്മികത, ശുചിത്വം, ഉപേക്ഷണം മുതലായവ കൂടാതെ ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടാതെ സംരക്ഷിക്കപ്പെടുവാന്‍ വേണ്ട പ്രമാണങ്ങളും നല്‍കപ്പെട്ടിരിക്കുന്നു. 24:6-21-ല്‍ കാണുന്ന പ്രമാണങ്ങള്‍ വായിച്ചിരിക്കുന്നത് നമുക്കു പ്രയോജനകരമാണ്- സാധുക്കളോടുള്ള ദൈവത്തിന്റെ അദമ്യമായ കനിവിനെയും കരുതലിനെയും അറിയുവാന്‍.
25,26 അധ്യായങ്ങളില്‍ കൂടുതല്‍ പ്രമാണങ്ങള്‍ നല്‍കിയിരിക്കുന്നു. ചില പ്രത്യേക പാപപ്രവൃത്തികള്‍ ചെയ്തവരുടെ മേല്‍ പരസ്യമായി ശാപം ചൊരിയുന്നതു നാം വായിക്കുന്നു.
28-ാം അധ്യായം ദൈര്‍ഘ്യമുള്ളതും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നതുമായ ഒരു അധ്യായമാണ്. ആദ്യത്തെ 14 വാക്യങ്ങളില്‍, തന്റെ പ്രമാണങ്ങളെ അനുസരിക്കുന്നവര്‍ എപ്രകാരം അനുഗൃഹീതരാകും എന്നു വിവരിക്കുന്നു. തന്റെ പ്രമാണങ്ങളെ അനുസരിക്കാത്തവരെ ദൈവം എങ്ങനെ ശിക്ഷിക്കുന്നു എന്നും തുടര്‍ന്നുള്ള 54 വാക്യങ്ങളില്‍ വിവരിക്കുന്നു. ന്യായപ്രമാണ കാലഘട്ടത്തില്‍ ഇപ്രകാരം പ്രതിഫലമോ ശിക്ഷയോ കാണിച്ചു മാത്രമേ ആളുകളെ അനുസരണത്തിലേക്കു കൊണ്ടു വരുവാന്‍ കഴിയുമായിരുന്നുള്ളു. നാമും ചെറിയ കുട്ടികളെ വളര്‍ത്തുന്നതിന് ഉപയോഗിക്കുന്ന രീതി ഇതാണ്. ഇതിനെ നമുക്ക് ”മിഠായിയും വടിയും രീതി” എന്നു വിളിക്കാം. അനുസരിച്ചാല്‍ മിഠായി, അനുസരണക്കേടിനു വടി. ന്യായപ്രമാണ കാലത്ത് ദൈവം എല്ലാ മനുഷ്യരെയും ചെറിയ കുട്ടികളെ എന്നപോലെയാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിയമത്തിന്‍ കീഴില്‍ ദൈവം നമ്മെ മുതിര്‍ന്ന വ്യക്തികളായിട്ടാണു കാണുന്നത്. യേശു പറഞ്ഞു: ”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകള്‍ കാത്തുകൊളളും” (യോഹ. 14:15). മുതിര്‍ന്ന മക്കള്‍ പിതാവിനോടുള്ള സ്‌നേഹാദരവുകള്‍ കാരണമായി അദ്ദേഹത്തെ അനുസരിക്കുന്നു- ഭയത്തില്‍ നിന്നല്ല. നാം കുട്ടികളാണോ മുതിര്‍ന്നവരാണോ എന്നു നമ്മെത്തന്നെ വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും ഉപവസിക്കുന്നതും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും ശുശ്രൂഷകള്‍ ചെയ്യുന്നതും എന്ത് ഉദ്ദേശ്യത്തോടെയാണ്? പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടോ ശിക്ഷകളില്‍ നിന്നും ഇളവു പ്രാപിക്കാനോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇപ്പോഴും പഴയ ഉടമ്പടിയുടെ ആത്മാവില്‍ തന്നെയാണ്.
അധ്യായം 31:7,8-ല്‍ മോശെ യിസ്രായേലിനെ മുന്നോട്ടു നയിക്കുവാനുള്ള ഉത്തരവാദിത്തം യോശുവയെ ഭരമേല്‍പിക്കുന്നതു നാം കാണുന്നു. അവിടെയും മോശെ ആ ഉത്തരവാദിത്തം സ്വന്തം മക്കളെയല്ല ദൈവം തിരഞ്ഞെടുത്ത വ്യക്തിയെയാണു ഭരമേല്പിക്കുന്നത് എന്നതു നാം ശ്രദ്ധിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്നു ക്രൈസ്തവ ലോകത്തില്‍ ഒരു വ്യക്തി ആരംഭിക്കുന്ന സഭയൊ ശുശ്രൂഷയൊ തന്റെ മക്കളിലേക്കു കൈമാറുന്ന പ്രവണത എങ്ങും നാം കാണുന്നു. തങ്ങള്‍ കഠിന പ്രയത്‌നം ചെയ്ത് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെ സാമ്പത്തികവും സ്ഥാനീയവുമായ സൗഭാഗ്യങ്ങള്‍ തങ്ങളുടെ മക്കള്‍ തന്നെയോ കുടുംബാംഗങ്ങള്‍ തന്നെയോ അനുഭവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ദൈവസഭയില്‍ ”ഒരു മനുഷ്യനെയും ജഡപ്രകാരം അറിയുന്നില്ല” എന്ന കല്പന നമുക്കു നല്‍കിയിരിക്കുന്നു (2 കൊരി. 5:16) – നമ്മുടെ കുടുംബാംഗങ്ങളെപ്പോലും. അങ്ങനെ വരുമ്പോള്‍ മോശെയെപ്പോലെയുള്ള നേതാക്കളെ ക്രൈസ്തവ ലോകത്തു വിരളമായേ കണ്ടെത്താന്‍ കഴിയൂ എന്നു നമുക്കു പറയാം.
32-ാം അധ്യായത്തില്‍ മോശെയുടെ ഒരു ഗീതം നാം കാണുന്നു. 90-ാം സങ്കീര്‍ത്തനവും മോശെ എഴുതിയതാണ്.
33-ാം അധ്യായത്തില്‍ ദൈവം യിസ്രായേല്‍ ഗോത്രങ്ങളെ അനുഗ്രഹിക്കുന്നതായി നാം കാണുന്നു. 2,3 വാക്യങ്ങളില്‍ മോശെ എങ്ങനെയാണു ദൈവത്തിന്റെ പ്രമാണങ്ങളെ കാണുന്നതെന്നതിന്റെ മനോഹരമായ ഒരു പ്രസ്താവം നമുക്കു കാണാം. തന്റെ ജനത്തോടുള്ള നിസ്തുലമായ സ്‌നേഹത്തിന്റെ പ്രതീകമത്രെ ആ പ്രമാണം- ”അവര്‍ക്കു വേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലങ്കയ്യില്‍ ഉണ്ടായിരുന്നു”(വാ. 2). എന്താണ് അതു തെളിയിക്കുന്നത്? ”അവിടുന്ന് തന്റെ ജനത്തെ സ്‌നേഹിക്കുന്നു” എന്നതുതന്നെ (വാ.3). ദൈവത്തിന്റെ അഗ്നിമയമായ കല്പനകള്‍ നമ്മോടുള്ള അവിടുത്തെ മഹാസ്‌നേഹത്തിന്റെ തെളിവാണെന്ന് നാം തിരിച്ചറിയുന്നുവെങ്കില്‍ അത് ഏറ്റവും നല്ലതു തന്നെ. മൃദുവും എളുപ്പവുമായ പ്രമാണങ്ങള്‍ ആയിരുന്നെങ്കില്‍ യിസ്രായേല്യരോടുള്ള തന്റെ സ്‌നേഹം അതിന്റെ പാരമ്യത്തിലായിരുന്നില്ല എന്നാകുമായിരുന്നു.
34-ാം അധ്യായത്തില്‍ മോശെയുടെ മരണത്തെക്കുറിച്ചു നാം വായിക്കുന്നു. മോശെ മരിച്ച് 30 ദിവസങ്ങള്‍ക്കു ശേഷം യിസ്രായേല്‍ വാഗ്ദത്ത നാട്ടില്‍ പ്രവേശിച്ചു.