ബൈബിളിലൂടെ : ഹോശേയ

ആത്മീയ പരസംഗവും
ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും



വടക്കന്‍ രാജ്യമായ യിസ്രായേലിനോടാണ് ഹോശേയാ പ്രവചിച്ചത്. അദ്ദേഹത്തിന്റെ പ്രവചനത്തിന്റെ വിഷയം ആത്മീയ വ്യഭിചാരവും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും എന്നതായിരുന്നു. അവിശ്വസ്തയായ ഒരു ഭാര്യയെ തുടര്‍ന്നും സ്‌നേഹിച്ചു കൊണ്ടിരിക്കുന്ന ഒരു ഭര്‍ത്താവിന്റെ മനോഭാവമാണു ദൈവത്തിനു തന്റെ ജനത്തോടുള്ളത് എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം കാണിക്കുന്നത്.

പഴയ നിയമത്തില്‍ യിസ്രായേലിനെ ‘യഹോവയുടെ മണവാട്ടി’ എന്നു വിളിക്കുന്നു. ദൈവവും യിസ്രായേലും തമ്മിലുള്ള ബന്ധം ഒരു വിവാഹബന്ധം പോലെയായിരുന്നു- ഇന്നു നമുക്കു ക്രിസ്തുവിനോടുള്ളതു പോലെ. ഒരു ഭാര്യ, ഭര്‍ത്താവല്ലാതെ ഒരാളെ സ്‌നേഹിക്കുകയോ മറ്റു പുരുഷന്മാരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ അവള്‍ അവിശ്വസ്തയാണ്. അവളെ ന്യായമായും ‘വ്യഭിചാരിണി’ എന്നു വിളിക്കാം. കര്‍ത്താവിനോടുള്ള നമ്മുടെ ബന്ധവും ഇതുപോലെയാണ്. നാം ക്രിസ്തുവുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരിക്കെ നാം പണത്തെ സ്‌നേഹിച്ചാല്‍ നാം ആത്മീയ വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയാണ്. കാരണം പണം ‘മറ്റൊരു പുരുഷ’നാണ്. നാം ഈ ലോകത്തിന്റെ മാനത്തെ സ്‌നേഹിച്ചാല്‍ അതും നമ്മുടെ ശ്രദ്ധ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന മറ്റൊരു പുരുഷനോട് (ലോകം) പ്രതികരിക്കുന്നതുപോലെയാണ്. നാം പാപകരമായ ഇമ്പങ്ങളെ സ്‌നേഹിച്ചാല്‍ അതും ഈ ലോകത്തിന്റെ ഒരു ഭാഗമാണ്. അതു കൊണ്ടാണ് യാക്കോബ് വിശ്വാസികളോട് ഇങ്ങനെ പറയുന്നത്: ”വ്യഭിചാരിണികളായുള്ളോരേ, ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം എന്നു നിങ്ങള്‍ അറിയുന്നില്ലയോ?’ (യാക്കോബ് 4:4).

ഹോശേയായുടെ പരിശീലനം

വളരെ പ്രധാനപ്പെട്ട ഈ വിഷയത്തെപ്പറ്റിയാണ് ഹോശേയാ പ്രതിപാദിക്കുന്നത്. ദൈവം അവനെ ഈ പാഠം വളരെ വേദനാജനകമായ വിധത്തിലാണു പഠിപ്പിച്ചത്. മറ്റേതു പഴയ നിയമ പ്രവാചകനെക്കാളും ഹോശേയയ്ക്കു തന്റെ ഹൃദയം മനസ്സിലാക്കിക്കൊടുക്കാന്‍ ദൈവം ശ്രമിക്കുന്നതാണു നാം കാണുന്നത്. പുതിയ ഉടമ്പടിയിലും ഇതാണു യഥാര്‍ത്ഥ പ്രവാചക ശുശ്രൂഷയുടെ പ്രമാണം. ദൈവത്തിനു തന്റെ ജനത്തോടു തോന്നുന്നതു തന്നെയായിരിക്കണം നമുക്കും അവരോടു തോന്നേണ്ടത്. ദൈവം അവരെ വീക്ഷിക്കുന്ന നിലയില്‍ നാമും അവരെ വീക്ഷിക്കണം. അങ്ങനെയല്ലെങ്കില്‍ എന്തോ ചിലതു പ്രസംഗിക്കുന്ന (അതു സത്യമായിരിക്കാം), എന്നാല്‍ ദൈവത്തിനു തന്റെ ജനത്തോടുള്ള മനോഭാവം വച്ചു പുലര്‍ത്താത്ത, പ്രസംഗകര്‍ മാത്രമായിരിക്കും നാം. അതുകൊണ്ടു ദൈവം നമ്മെ പല വേദനാജനകമായ പരിശീലനങ്ങളിലൂടെ നടത്തുന്നു. അവിടുത്തേക്കു തന്റെ ജനത്തോടു തോന്നുന്നതു തന്നെ നമുക്കും തോന്നുവാന്‍ വേണ്ടിയാണിത്. എങ്കില്‍ മാത്രമേ നമുക്കവരെ ഫലപ്രദമായി ശുശ്രൂഷിക്കാന്‍ കഴിയുകയുള്ളു.

ഉദാഹരണത്തിന് ഹോശേയായുടെ സമയത്ത് യിസ്രായേല്‍ അവിശ്വസ്തയായ ഒരു ഭാര്യയെപ്പോലെ ആയിരുന്നു. അവള്‍ വിഗ്രഹങ്ങളെ സേവിച്ചപ്പോള്‍ അവള്‍ കര്‍ത്താവിനോട് അവിശ്വസ്തത കാട്ടുകയായിരുന്നു. അതാണു വ്യഭിചാരമായി ചിത്രീകരിച്ചിരിക്കുന്നത്. വിഗ്രഹാരാധനയും പരസംഗവും പഴയനിയമത്തില്‍ വളരെ ചേര്‍ന്നു പോകുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പുതിയ ഉടമ്പടിയിലും ആത്മീയ വ്യഭിചാരം വിഗ്രഹാരാധനയുടെ ഒരു ഭാഗമാണ്. യഥാര്‍ത്ഥ ദൈവത്തെയല്ലാതെ എന്തിനെയെങ്കിലും ആരാധിക്കുന്നതിനെയാണ് ‘വിഗ്രഹാരാധന’ എന്നു പറയുന്നത്. അതു നിങ്ങളുടെ ബിസിനസ്സാകാം, സ്വത്താകാം, പണമാകാം, നിങ്ങളുടെ സൗന്ദര്യമാകാം. നിങ്ങളുടെ ശുശ്രൂഷ പോലുമാകാം. ക്രിസ്തു ഒഴികെ എന്തെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം കയ്യടക്കിയാല്‍ അതാണു വിഗ്രഹം. നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ സ്ഥാനം മറ്റെന്തെങ്കിലും കയ്യടക്കുന്ന നിമിഷത്തില്‍ നിങ്ങള്‍ വിഗ്രഹാരാധിയാകുന്നു; ആത്മീയ പരസംഗത്തില്‍ ഏര്‍പ്പെടുന്നു. വിഗ്രഹാരാധികളോടും വ്യഭിചാരികളോടും പറഞ്ഞിട്ടുള്ള വാക്കുകളെല്ലാം അപ്പോള്‍ നിങ്ങള്‍ക്കും പ്രസക്തമാകുന്നു.

അവിശ്വസ്തയായ ഒരു സ്ത്രീയെ ഭാര്യയായി എടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് ദൈവം സ്വന്തം ഹൃദയം ഹോശേയായ്ക്കു വെളിപ്പെടുത്തിയത്. ഹോശേയായെ സംബന്ധിച്ചിടത്തോളം സത്യം മനസ്സിലാക്കാനുള്ള ഒരു വേദനാജനകമായ വഴിയായിരുന്നു അത്. തന്നോട് അവിശ്വസ്ത കാട്ടുമെന്നും മറ്റു പുരുഷന്മാരുമായി വ്യഭിചാരത്തിലേര്‍പ്പെടുമെന്നും വ്യക്തമായി അറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഏതു പുരുഷനാണു തയ്യാറാവുക? യഥാര്‍ത്ഥ പ്രവാചകന്മാരായിരിക്കാന്‍ വേണ്ടി ഈ പ്രവാചകന്മാര്‍ കൊടുക്കേണ്ടി വന്ന വലിയ വിലയായിരുന്നു അത്. ഹോശേയായുടെ ഭാര്യ അവിശ്വസ്തത കാട്ടിയപ്പോഴും അവളെ സ്‌നേഹിച്ചു കൊണ്ടിരിക്കണമെന്നു ഹോശേയായോടു ദൈവം കല്പിച്ചു. ഒരു ഘട്ടത്തില്‍ അവള്‍ തന്നെത്തന്നെ മറ്റൊരു പുരുഷന് അടിമയായി വിറ്റു. അപ്പോള്‍ ഹോശേയ അവളെ പണം നല്‍കി മടക്കി വാങ്ങി. അവന്‍ തുടര്‍ന്നും അവളെ സ്‌നേഹിച്ചുകൊണ്ടിരുന്നു. പക്ഷേ ഹോശേയാ അവളെ മടക്കി വാങ്ങിയശേഷവും അവള്‍ വ്യഭിചാരം തുടര്‍ന്നു. അവളെ സഹിച്ചുകൊണ്ടു പോകുന്നതു ഹോശേയായ്ക്കു വലിയ ഭാരമായി. ഈ പോരാട്ടത്തിലൂടെ ഹോശേയാ പോകുമ്പോള്‍ ദൈവത്തിന്റെ അരുളപ്പാടുണ്ടായി: ”ഞാന്‍ എന്റെ ജനത്തെ എത്ര സ്‌നേഹിക്കുന്നുവെന്നു നിനക്ക് ഇപ്പോള്‍ മനസ്സിലാകുന്നുവല്ലോ. ഇനി പോയി അവരോടു പ്രസംഗിക്കുക.”

ഇതിന്റെ ഫലമായി, ദൈവജനത്തോട് ഹോശേയാ വളരെ കര്‍ശനമായി സംസാരിച്ചാലും അദ്ദേഹത്തിന്റെ വിശുദ്ധിയുടെ സന്ദേശത്തിന് മനസ്സലിവിന്റെ ഒരു സ്വരം ഉണ്ട്. എന്താണ് ഹോശേയായുടെ സന്ദേശത്തിന്റെ ഊന്നല്‍? – വിശുദ്ധിയും ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹവും. ഈ രണ്ടു കാര്യങ്ങളാണ് എല്ലാ പ്രവാചകന്മാരുടെയും ഭാരം: ദൈവജനത്തിന്റെ വിശുദ്ധിയും വഴി തെറ്റിപ്പോയാലും ആത്മീയ പരസംഗത്തില്‍പ്പെട്ടാലും തന്റെ ജനത്തോടുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും. തന്റെ ജനത്തെ മടക്കിക്കൊണ്ടുവരണമെന്നുള്ളതാണ് ദൈവം എപ്പോഴും ആഗ്രഹിക്കുന്നത്. അവിടുന്ന് അവരെ ശിക്ഷണത്തിലൂടെ നടത്തുന്നു. തുടര്‍ന്ന് അത് അവസാനിപ്പിച്ച് അവരെ തന്നിലേക്കു തന്നെ കൊണ്ടുവരുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. യിരെമ്യാവ് പറഞ്ഞു: ”ശിക്ഷണം പൂര്‍ത്തിയായി കഴിയുമ്പോള്‍, ദൈവം നിങ്ങളെ മടക്കിക്കൊണ്ടു വരും.” ഹോശേയായും അതേ കാര്യമാണു പറഞ്ഞത്. വിശുദ്ധിയാണ് ദൈവം ചോദിക്കുന്നത്. എന്നാല്‍ അതു നിങ്ങളില്‍ കണ്ടെത്തുന്നില്ലെങ്കില്‍ അവിടുന്നു നിങ്ങളെ ശിക്ഷണത്തിലൂടെ നടത്തും. പക്ഷേ അവിടുത്തെ സ്‌നേഹം വളരെ വലുതാണ്. അവിടുന്നു മൃദുവായി ഇങ്ങനെ സംസാരിച്ച് നിങ്ങളെ തന്നോടുള്ള കൂട്ടായ്മയിലേക്കു മടക്കിക്കൊണ്ടുവരും: ”എനിക്ക് എങ്ങനെ നിന്നെ ഉപേക്ഷിക്കാന്‍ കഴിയും? എങ്ങനെ നിന്നെ വിട്ടു കളയാന്‍ കഴിയും? എങ്ങനെ നിന്നെ ഞാന്‍ ഉപേക്ഷിക്കും? എന്റെ ഹൃദയം എന്റെ ഉള്ളില്‍ കരയുന്നു. ഞാന്‍ നിന്നെ സഹായിക്കാന്‍ എത്രത്തോളം ആഗ്രഹിക്കുന്നു” (ഹോശേയ 11:8 ലിവിങ്).

സഭയിലും ഇങ്ങനെയാണ് യഥാര്‍ത്ഥ പ്രവാചക ശുശ്രൂഷ പ്രവര്‍ത്തിക്കേണ്ടത്. ദൈവജനത്തിന്റെ ഇടയിലെ വിശുദ്ധി സംബന്ധിച്ച് പഴയനിയമ പ്രവാചകന്മാര്‍ക്കുണ്ടായിരുന്ന അതേ ഭാരം തന്നെയാണ് സഭയിലെ ഒരു യഥാര്‍ത്ഥ പ്രവാചകനും ഇന്നുള്ളത്. അവരെപ്പോലെ തന്നെ പിന്മാറിപ്പോയ ജനത്തെ ദൈവത്തിലേക്കും യഥാര്‍ത്ഥ വിശുദ്ധിയിലേക്കും നടത്താന്‍ ഈ പ്രവാചകനും ദൈവത്തിന്റെ മാറ്റമില്ലാത്ത, കരുണയുള്ള, ദീര്‍ഘക്ഷമയുള്ള സ്‌നേഹത്താല്‍ പ്രേരിതനായി പ്രവര്‍ത്തി ക്കും. എല്ലാ സഭയിലും ഇത്തരം ഒരു പ്രവാചക ശുശ്രൂഷ ഉണ്ടായിരിക്കണം. സഭ സജീവമായി നില്ക്കാനും അതു വേണ്ടതുപോലെ ദൈവത്തിനായി പ്രവര്‍ത്തിക്കാനും ഇത് ആവശ്യമാണ്.

അതാണു ഹോശേയായുടെ അടിസ്ഥാന വിഷയം. അതുകൊണ്ട് ഹോശേയായെ കഷ്ടം അനുഭവിക്കാന്‍ ദൈവം അനുവദിച്ചു. ദൈവം ഹോശേയായോട് ഇങ്ങനെയാണു നിര്‍ദ്ദേശിച്ചത്: ”പോയി ഒരു വേശ്യയെ വിവാഹം കഴിക്കുക. അവളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ചിലര്‍ പരസംഗത്തിലുണ്ടാകുന്നവരായിരിക്കും”(1:2). ഒരു പ്രവാചകനാകുന്നതിനു കൊടുക്കേണ്ടി വരുന്ന വില! ഇങ്ങനെയെങ്കില്‍ എത്രപേര്‍ പ്രവാചകരാകാന്‍ ആഗ്രഹിക്കും? ഹോശേയാ അന്നു ചെയ്തത് ഇന്നു ചെയ്യണമെന്നു ദൈവം നിങ്ങളോട് ആവശ്യപ്പെട്ടേക്കില്ല. പക്ഷേ പ്രമാണം ഒന്നു തന്നേ: തന്റെ ഹൃദയത്തെക്കുറിച്ച് നമുക്ക് ഒരു ബോധ്യം കിട്ടാന്‍ അവിടുന്ന് ഇന്നും നമ്മെ പ്രയാസങ്ങളുടെ ആഴങ്ങളിലൂടെ നടത്തും. അപ്പൊസ്തലനായ പൗലൊസ് കടന്നുപോയ പല കഷ്ടങ്ങളുടെ പട്ടിക നമുക്കു വായിക്കാന്‍ കഴിയും- പല അപകടങ്ങള്‍, പലവട്ടം മര്‍ദ്ദനം, തടവ്, കോല്‍ കൊണ്ടുള്ള അടി, കള്ളന്മാരാലുള്ള ആപത്ത്, ശീതം മാറ്റാന്‍ ആവശ്യത്തിനു വസ്ത്രം ഇല്ലാത്ത അവസ്ഥ, പട്ടിണി (2 കൊരി. 11:23-28). ഇതിന്റെ എല്ലാം ലക്ഷ്യം പൗലൊസിനെ ദൈവഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുക എന്നതായിരുന്നു. അങ്ങനെ പൗലൊസിന് ദൈവത്തിന്റെ ഹൃദയമിടിപ്പ് അറിയുവാനും ദൈവത്തിന്റെ മനോഭാവം പങ്കിടുവാനും കഴിഞ്ഞു. നമ്മളും പരിശോധനകളിലൂടെ കടന്നുപോകുമ്പോള്‍ നാം ദൈവഹൃദയത്തോടു വളരെ അടുത്തു വരികയാണ്. അങ്ങനെ നമുക്കും അവിടുത്തെ ഹൃദയസ്പന്ദനം അറിഞ്ഞ് അവിടുത്തെ ജനത്തോടു സംസാരിക്കാന്‍ കഴിയും.

ഇത്തരം ഒരു പ്രസംഗകനും പുസ്തകങ്ങള്‍ വായിച്ചും പ്രസംഗങ്ങള്‍ കേട്ടും ധാരാളം അറിവു സമ്പാദിച്ച മറ്റൊരുവനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിങ്ങള്‍ ദൈവത്തെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? നിങ്ങള്‍ എങ്ങനെ പ്രസംഗിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ പ്രസംഗിക്കണമെന്നാണോ നിങ്ങളുടേയും താത്പര്യം? എങ്കില്‍ അവിടുത്തെ ഹൃദയസ്പന്ദനം മനസ്സിലാക്കുവാന്‍ നിങ്ങളെ സഹായിക്കണമെന്നു ദൈവത്തോട് അപേക്ഷിക്കുക. ക്ലാസ്സുമുറിയിലിരുന്നു ബൈബിള്‍ പഠിക്കുന്നതുകൊണ്ടു മാത്രം അതു കൈവരികയില്ല. പരിശോധനകളിലൂടെ കടന്നുപോയാലേ അതു ലഭ്യമാകൂ. യോഗങ്ങളില്‍ സംബന്ധിച്ചും നല്ല ക്രിസ്തീയ പുസ്തകങ്ങള്‍ വായിച്ചും (ഇതെല്ലാം തീര്‍ച്ചയായും നല്ലതാണ്) അതു നേടാനാവില്ല. നമുക്കെല്ലാം അറിവിനു വേണ്ടി വലിയ താത്പര്യം ഉണ്ട്. തത്ഫലമായി നാം ചിന്തിക്കും: ”എനിക്കു കൂടുതല്‍ വേദപരിജ്ഞാനം ലഭിച്ചാല്‍ എനിക്കു കര്‍ത്താവിനെ കൂടുതല്‍ സേവിക്കാന്‍ കഴിയും.” ഇന്നത്തെ ചില ദൈവദാസന്മാരെ നോക്കിയിട്ട് നിങ്ങള്‍ പറയും: ”അദ്ദേഹം ദൈവത്തെ ശുശ്രൂഷിക്കുന്നതുപോലെ എനിക്കും ശുശ്രൂഷിക്കണം.” ഉവ്വ്, നിങ്ങള്‍ക്കതു ചെയ്യാന്‍ കഴിയും. മറ്റാരും ഒരിക്കലും അറിയാത്ത ആഴമേറിയ കഷ്ടങ്ങളിലൂടെ കടത്തിക്കൊണ്ടു പോയി ദൈവം നിങ്ങളെ പൂര്‍ണ്ണമായി തകര്‍ത്ത ശേഷം മാത്രം. ഓരോ യഥാര്‍ത്ഥ ദൈവഭൃത്യനും മറ്റുള്ളവര്‍ അറിയാത്ത വലിയ ശോധനകളിലൂടെ കടന്നു പോയിരിക്കും. താന്‍ എന്തിലൂടെയാണു കടന്നു പോയതെന്ന് മിക്കപ്പോഴും അദ്ദേഹം മറ്റാരോടും പറയുകയുമില്ല.

വ്യക്തിപരമായ ജീവിതത്തില്‍ ആഴമേറിയ കഷ്ടങ്ങളിലൂടെ കടന്നുപോകുന്നതാണു ഫലപ്രദമായി ശുശ്രൂഷിക്കാനുള്ള വഴിയെന്ന് ഹോശേയ നമ്മെ പഠിപ്പിക്കുന്നു. ദൈവം പല ആളുകള്‍ക്ക് ഇതു പല വിധത്തിലാണു ചെയ്യുന്നത്. തന്റെ ഏല്ലാ മക്കള്‍ക്കും ദൈവത്തിന് ഒരേ സിലബസ്സല്ല ഉള്ളത്. പ്രയാസമുള്ള ഒരു ഭാര്യയെ ഉപയോഗിച്ചാണു ഹോശേയായില്‍ അതു ചെയ്തത്. ഭാര്യയെ കൂടാതെയും ആഴമുള്ള കുഴിയില്‍ ഇട്ടുമാണ് യിരെമ്യാവിനെ ദൈവം ഇക്കാര്യം പഠിപ്പിച്ചത്. ഭാര്യയെ നല്‍കാതെ പലവട്ടം തടവിലിട്ടു ദൈവം പൗലൊസിനെ ഇത് അഭ്യസിപ്പിച്ചു. ചുരുക്കത്തില്‍ പ്രവര്‍ത്തനവിധം എല്ലാവര്‍ക്കും ഒന്നായിരുന്നില്ല. എന്നാല്‍ അതിന്റെ പിന്നിലെ പ്രമാണം ഒന്നായിരുന്നു: ദൈവത്തില്‍ നിന്നു നിങ്ങള്‍ക്കൊരു ശുശ്രൂഷ വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ കഷ്ടം അനുഭവിക്കാന്‍ തയ്യാറാകണം. പൗലൊസ് പറഞ്ഞു: ”ഞാന്‍ പല ശോധനകളിലൂടെ കടന്നുപോയി. ആ കഷ്ടങ്ങളില്‍ ദൈവത്തില്‍ നിന്ന് എനിക്കു ലഭിച്ച ശക്തിയാണ് എനിക്കിപ്പോള്‍ മറ്റാളുകള്‍ക്കു പകര്‍ന്നു കൊടുക്കാന്‍ കഴിയുന്നത്” (2 കൊരി. 1:4). അത്തരം അനുഭവങ്ങളില്ലെങ്കില്‍ നാം മറ്റുള്ളവര്‍ക്കു നല്‍കുന്നതു ചത്ത അറിവുകള്‍ മാത്രമായിരിക്കും.

ഹോശേയാ ഗോമേറിനെ വിവാഹം കഴിച്ചു. പക്ഷേ അവളുടെ ചില കുട്ടികള്‍ മറ്റു ചിലര്‍ക്കു ജനിച്ചവരായിരുന്നു. അവളുടെ ആദ്യജാതന്‍ ഹോശേയായുടെ മകനായിരുന്നു. എന്നാല്‍ അടുത്ത രണ്ടു കുട്ടികള്‍ അങ്ങനെയായിരുന്നില്ല. ഈ കുട്ടികളുടെ പേരുകള്‍ ദൈവം എങ്ങനെ തന്റെ ജനത്തെ ശിക്ഷിക്കുന്നു എന്നു വ്യക്തമാക്കുന്നു. ദൈവം പറയുന്നു: ”ഇതാണ് യിസ്രായേല്‍ ചെയ്യുന്നത്. അവള്‍ ജാരന്മാരെ പിന്തുടരും. എങ്കിലും അവരോട് ഒപ്പം എത്തുകയില്ല. അവള്‍ അവരെ അന്വേഷിക്കും. കണ്ടെത്തുകയില്ല താനും. അപ്പോള്‍ അവള്‍ ‘ഞാന്‍ എന്റെ ആദ്യത്തെ ഭര്‍ത്താവിന്റെ അടുക്കല്‍ മടങ്ങിപ്പോകും. ഇന്നത്തേക്കാള്‍ അന്നെനിക്ക് ഏറെ നന്നായിരുന്നുവല്ലോ’ എന്നു പറയും” (2:7). യിസ്രായേല്‍ ദൈവത്തെ വിട്ടു പോയതു പോലെയാണ് ഹോശേയായുടെ ഭാര്യ ഹോശേയായെ വിട്ടുപോയത്. പക്ഷേ യിസ്രായേല്‍ കുഴപ്പത്തിലായപ്പോള്‍ അവര്‍ വീണ്ടും ദൈവത്തെ അന്വേഷിച്ചു. തങ്ങള്‍ കുഴപ്പത്തില്‍ പെടുമ്പോള്‍ മാത്രമാണ് മിക്ക ആളുകളും ദൈവത്തെ അന്വേഷിക്കുന്നത്. പണം തങ്ങളുടെ പ്രശ്‌നം പരിഹരിക്കുകയില്ലെന്നു കാണുമ്പോള്‍, ലോകത്തിലെ ആളുകള്‍ അവരെ കൈവിടുമ്പോള്‍, അപ്പോള്‍ അവര്‍ ദൈവത്തിലേക്കു തിരിയുകയും അവിടുത്തെ സഹായം തേടുകയും ചെയ്യും. ദൈവം അപ്പോഴും അവരെ സഹായിക്കും. അതുകൊണ്ട് ദൈവം ഹോശേയായോടു പറഞ്ഞു: ”അവസാന അഭയം എന്ന നിലയിലാണ് അവള്‍ നിന്റെയടുത്തേക്കു മടങ്ങി വന്നതെങ്കിലും നിന്റെ ഭാര്യയെ നീ സ്വീകരിക്കുക.’

കര്‍ത്താവു പറഞ്ഞു: ”അവള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിനു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വര്‍ദ്ധിപ്പിച്ചതും ഞാന്‍ എന്ന് അവള്‍ അറിഞ്ഞില്ല” (2:8). ഈ വാക്യം നമുക്കും പ്രസക്തമാണ്. നിങ്ങള്‍ക്കിന്നുള്ളതെല്ലാം ദൈവത്തില്‍ നിന്നു ലഭിച്ചവയാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? നിങ്ങളുടെ ആരോഗ്യം ദൈവത്തിന്റെ ദാനമാണെന്നു മനസ്സിലാക്കുന്നുവോ? നിങ്ങളുടെ പണം ദൈവത്തിന്റെ ദാനം. നിങ്ങളുടെ ബുദ്ധിശക്തിയും ദൈവം തന്നത്. പക്ഷേ യിസ്രായേല്‍ അവരുടെ സ്വര്‍ണവും വെള്ളിയും ബാലിനു വിഗ്രഹം ഉണ്ടാക്കാന്‍ ഉപയോഗിച്ചു. ഇതുപോലെ ദൈവം നിങ്ങള്‍ക്കു നല്‍കിയതു നിങ്ങള്‍ ഈ ലോകത്തിനും അതിന്റെ സുഖങ്ങള്‍ക്കുമായി ഉപയോഗിക്കുന്നുവോ?

ധൂര്‍ത്തപുത്രന്റെ ഉപമ ഓര്‍ക്കുക. അവന്‍ പിതാവിന്റെ കയ്യില്‍ നിന്നു പണം വാങ്ങി. പക്ഷേ ആ പണം പിതാവിന്റെ ബിസിനസ്സിനായി ഉപയോഗപ്പെടുത്തിയില്ല. അതു മുഴുവന്‍ അവന്‍ തനിക്കായിത്തന്നെ ചെലവഴിച്ചു. പിന്മാറ്റക്കാരായ ആളുകളുടെ ലക്ഷണം ഇതാണ്. അവര്‍ക്കു ദൈവത്തില്‍ നിന്ന് ഒട്ടേറെ ദാനങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ അവര്‍ അതുപയോഗിച്ച് എന്താണു ചെയ്യുന്നത്? അവര്‍ ചിന്തിക്കുന്നത്, ”ഈ ശരീരം എന്റെയാണ്. എനിക്കിഷ്ടമുള്ളതുപോലെ എനിക്കിത് ഉപയോഗിക്കാം. ഈ ബുദ്ധി എന്റേതാണ്. ഇത് പരമാവധി എന്റെ നേട്ടത്തിനായിത്തന്നെ ഞാന്‍ ഉപയോഗിക്കും. ഈ പണം എന്റേതാണ്. ഞാന്‍ തന്നെയാണ് ഇതു സമ്പാദിച്ചത്. എനിക്കിഷ്ടമുള്ളതുപോലെ ഇതുപയോഗിക്കാം” എന്നല്ലാമാണ്. ദൈവം തന്ന സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചു ബാലിനു വിഗ്രഹമുണ്ടാക്കുക എന്നു പറഞ്ഞാല്‍ ഇതാണ്. ദൈവം പറയുന്നു: ”അവര്‍ക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്കു നല്‍കിയതാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല.”

നിങ്ങളെ സംബന്ധിച്ച് ഇതെങ്ങനെയാണ്? എല്ലാം ദൈവത്തിന്റേതാണെന്നു തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ എല്ലാം ദൈവത്തിനു തന്നെ മടക്കി നല്‍കി ഇങ്ങനെ പറയും: ”കര്‍ത്താവേ, അവിടുന്ന് എനിക്ക് ഈ ദാനങ്ങളെല്ലാം നല്‍കി. ഞാന്‍ അവയെല്ലാം അവിടുത്തെ രാജ്യത്തിനായി തന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു.”

യിസ്രായേലിന്റെ അവിശ്വസ്തത കണക്കിലെടുക്കാതെ കര്‍ത്താവു പറയുന്നു: ”ഞാന്‍ അവളെ വശീകരിച്ചു മരുഭൂമിയിലേക്കു കൊണ്ടുചെല്ലും. അവളുടെ ജീവിതത്തില്‍ ഞാന്‍ എല്ലാം വരണ്ടതും ഊഷരവും ആക്കിത്തീര്‍ക്കും. അപ്പോള്‍ അവള്‍ എന്നിലേക്കു തിരിയും. ഞാനപ്പോള്‍ അവളോട് ഹൃദ്യമായി സംസാരിക്കും” (2:14).

തന്നോട് പൂര്‍ണമായും അവിശ്വസ്തത കാട്ടിയവളോട് ഒരു ഭര്‍ത്താവും ഇത്ര ഹൃദ്യമായി സംസാരിക്കുകയില്ല. പക്ഷേ കര്‍ത്താവു പറയുന്നു: ”ഞാന്‍ അവളോട് ഹൃദ്യമായി സംസാരിക്കുകയും അവള്‍ക്കു തുടര്‍ന്നു ദാനങ്ങളെ നല്‍കുകയും ചെയ്യും. ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെ മടക്കി നല്‍കും. ഞാന്‍ ആഖോര്‍ താഴ്‌വരയെ അവള്‍ക്കു പ്രത്യാശയുടെ വാതിലായി തുറന്നു കൊടുക്കും” (2:14,15). യെരീഹോവിലെ ദൈവത്തിന്റെ ശപഥാര്‍പ്പിതം മോഷ്ടിച്ച പാപത്തിന് ആഖാനു മരണശിക്ഷ നല്‍കിയ സ്ഥലമാണു ആഖോര്‍ (യോശുവ 7). അതു പാപത്തിന്റെ ന്യായവിധി നടന്ന സ്ഥലമാണ്. എന്നാല്‍ ഇപ്പോള്‍ കര്‍ത്താവു പറയുന്നു: ”ന്യായവിധിയുടെ സ്ഥലം ഞാന്‍ നിനക്കു പ്രത്യാശയുടെ വാതിലായി തുറന്നു തരാന്‍ പോകുകയാണ്. നീ പരാജയപ്പെട്ടു. അതിന്റെ ഫലമായി ന്യായവിധിയും ശിക്ഷയും നിന്റെമേല്‍ വന്നു എന്നതു നേര്. എന്നാല്‍ ഇപ്പോള്‍ നീ പാപം ഏറ്റു പറഞ്ഞതുകൊണ്ട് ഇതേസ്ഥലത്ത് ഞാന്‍ പ്രത്യാശയുടെ ഒരു വാതില്‍ നിനക്കു തുറന്നു തരും. വരും ദിവസങ്ങളില്‍ മനോഹരമായ ചിലതു നിന്റെ ജീവിതത്തില്‍ നിന്നു പുറപ്പെട്ടു വരും.”

പിന്മാറി ദൈവത്തില്‍ നിന്ന് അകന്നുപോയി പല വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞവര്‍ക്കുള്ള അത്ഭുതകരമായ ഒരു സന്ദേശമാണിത്. പല തെറ്റായ കാര്യങ്ങള്‍ ചെയ്ത് പല വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞതിനെ തുടര്‍ന്നു പലരും അധൈര്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല ചെറുപ്പമായിരുന്നപ്പോള്‍ ഈ സത്യങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ എന്നവര്‍ ഇന്ന് ആശിക്കുന്നു. നീ ശിക്ഷിക്കപ്പെട്ടു. കഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കര്‍ത്താവു പറയുന്നു: ‘നിരാശപ്പെടേണ്ട. ഞാന്‍ നിന്റെ ആഖോര്‍ താഴ്‌വരയെ പ്രത്യാശയുടെ വാതിലാക്കി തീര്‍ക്കും.”

”വരുംനാളില്‍ നീ എന്നെ ‘ഉടയവനേ’ എന്നല്ല ‘ഭര്‍ത്താവേ’ എന്നു വിളിക്കും” എന്നും കര്‍ത്താവു തുടര്‍ന്നു പറയുന്നു (ഹോശേയ 2:16). പഴയ നിയമകാലത്തു ഇന്നു നമുക്കു കര്‍ത്താവുമായുള്ള ഭാര്യാ-ഭര്‍തൃ ബന്ധത്തെ കുറിച്ച് അവര്‍ക്കു ധാരണയുണ്ടായിരുന്നില്ല. ഈ ബന്ധമാണ് ഇന്നു പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത്. അബ്രാഹാമിന്റെ ദാസന്‍ റിബേക്കയെ യിസ്ഹാക്കിന്റെ അടുത്തുകൊണ്ടു വന്നതുപോലെ പരിശുദ്ധാത്മാവു നമ്മെ യേശുവിന്റെ അടുത്തേക്കു കൊണ്ടുവരികയും നമുക്ക് ഈ ബന്ധത്തിലേക്കു പ്രവേശിക്കാന്‍ കഴിയുകയും ചെയ്യുന്നു. പഴയ ഉടമ്പടിയില്‍ അവര്‍ക്ക് ദൈവത്തെ യജമാനന്‍ എന്ന നിലയിലേ അറിയുമായിരുന്നുള്ളു. ഇപ്പോള്‍ അവിടുന്നു പറയുന്നു: ‘നിങ്ങള്‍ ഇനിമേലില്‍ ‘യജമാനനേ’ എന്നല്ല ‘ഭര്‍ത്താവേ’ എന്നു വിളിക്കും.’

നിങ്ങള്‍ക്കു കര്‍ത്താവിനോടുള്ളത് എന്തുതരം ബന്ധമാണ്? ഇന്നു പ്രാഥമികമായും ‘യജമാനന്‍’ എന്ന ബന്ധമല്ല അവിടുന്ന് ആഗ്രഹിക്കുന്നത്. മറിച്ച് ‘ഭര്‍ത്താവ്’ എന്ന ബന്ധമാണെന്നു നിങ്ങള്‍ക്ക് അറിയാമോ? പല ആളുകളെ സംബന്ധിച്ചിടത്തോളം കര്‍ത്താവിന് അവര്‍ നല്‍കുന്ന ശുശ്രൂഷ ദാസന്‍ യജമാനനെ സേവിക്കുന്നതു പോലെയായതുകൊണ്ട് അതു വിരസവും ഭാരമുള്ളതുമായിരിക്കുന്നു. ശമ്പളത്തിനു വേണ്ടി ക്രൂരനായ ഒരു ബോസിനെ പ്രീതിപ്പെടുത്താന്‍ ജോലി ചെയ്യുന്നതു പോലെയാണത്. പക്ഷേ ഒരു ഭാര്യ ഭര്‍ത്താവിനെ സേവിക്കുന്നതു ശമ്പളത്തിനു വേണ്ടിയല്ല. ഒരു ബോസ് തന്റെ ജീവനക്കാരനുമായി തന്റെ വ്യക്തിപരമായ സമ്പാദ്യങ്ങള്‍ പങ്കിടുന്നില്ല. എന്നാല്‍ ഭര്‍ത്താവ് അങ്ങനെയല്ല. ഭര്‍ത്താവു ഭാര്യയെ സംരക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ ഭാര്യ, ഭര്‍ത്താവിനെ സേവിക്കുന്നത് ഇതിനൊന്നും വേണ്ടിയല്ല. സ്‌നേഹത്തില്‍ നിന്നാണാ സേവനം. കര്‍ത്താവു പറയുന്നു: ”നീ അവിശ്വസ്തയായിത്തീര്‍ന്നാലും ഞാന്‍ നിന്നോടു വിശ്വസ്തനായിരിക്കും. നിന്നെ എന്റേതാക്കും” (2:20). തന്നെ വിട്ടുപോയവരെ തേടിച്ചെല്ലുന്ന ദൈവത്തിന്റെ വലിയ സ്‌നേഹം കാണുക. നമ്മെ ഓരോരുത്തരേയും കര്‍ത്താവു കരുതുന്നത് ഇങ്ങനെയാണ്.

ഹോശേയായുടെ ഭാര്യ തന്നെത്തന്നെ അടിമയായി വിറ്റു. എന്നാല്‍ ഹോശേയ അവളെ പതിനഞ്ചു വെള്ളിക്കാശിനും ഒന്നര ഹോമെര്‍ യവത്തിനും മേടിച്ചു (3:2). ഇനി പരസംഗം ചെയ്യാതെ അവള്‍ തന്റെ ഭവനത്തില്‍ തന്നെ കഴിയണമെന്നും ഹോശേയ തുടര്‍ന്നു ഭാര്യയോട് ആവശ്യപ്പെട്ടു.

ഇതു ദൈവസ്‌നേഹത്തിന്റെ ഒരു ചിത്രമാണ്.

യിസ്രായേല്‍ ഉടനെ അടിമത്വത്തിലേക്കു പോകാനിരിക്കുന്നതുകൊണ്ട് ഈ സമയത്ത് അടങ്ങിപ്പാര്‍ക്കണമെന്നും ആരോടും പരസംഗത്തിലേര്‍പ്പെടരുതെന്നും താന്‍ പോലും അവളോടു ബന്ധപ്പെടുകയില്ലെന്നും (3:3) ഹോശേയ തന്റെ ഭാര്യയോടു പറഞ്ഞു. ദൈവം യിസ്രായേലിനെ ഉപേക്ഷിച്ചിട്ടില്ലെങ്കിലും ഒരു കാലഘട്ടത്തിലേക്ക് യിസ്രായേലിനെ അകറ്റിനിര്‍ത്തും എന്നു സൂചിപ്പിക്കാനാണ് ഇങ്ങനെ പറഞ്ഞത്. ഒരു കാലഘട്ടത്തിലേക്കു ദൈവാലയത്തില്‍ പുരോഹിതന്മാരൊന്നുമില്ലാതെ യിസ്രായേലിനെ ഒരു ശിക്ഷണത്തിലൂടെ നടത്തുവാന്‍ ദൈവം ഒരുമ്പെടുകയാണ്. പക്ഷേ ആത്യന്തികമായി ദൈവം ജനത്തെ തന്നിലേക്കു തന്നെ മടക്കിവരുത്തും. ഇതാണ് എപ്പോഴും അവിടുത്തെ ആഗ്രഹം.

കഷ്ടതയിലൂടെ താന്‍ കടന്നുപോയ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഹോശേയ തുടര്‍ന്നു പ്രസംഗിക്കുവാന്‍ തുടങ്ങി (നാലാം അധ്യായം മുതല്‍ മുന്നോട്ട്). തന്റെ സന്ദേശത്തില്‍ അതിശക്തമായ ചില വാക്കുകള്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഈ ശക്തമായ വാക്കുകളൊക്കെ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതു ഹോശേയ കടന്നു പോയ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നാണ്. നമ്മുടെ പീഡനങ്ങള്‍ നമ്മെ മാര്‍ദ്ദവമുള്ളവരാക്കുകയില്ല. ഇല്ല. നമുക്കു ദൈവജനത്തോടു മനസ്സലിവുണ്ടായിരിക്കും. എന്നാല്‍ നാം അവരോടു കര്‍ക്കശക്കാരായിരിക്കും.

യിസ്രായേലിന്റെ ആത്മിക പരസംഗം

ഒന്നാമതായി ഹോശേയ പറയുന്നു: ”യഹോവയ്ക്കു ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്” (4:1). തുടര്‍ന്ന് എല്ലാ പ്രവാചകന്മാരെയും പോലെ അദ്ദേഹം നേതാക്കളുടെ കുറ്റങ്ങളില്‍ നിന്ന് ആരംഭിക്കുന്നു. പല വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലെ ഒരു വലിയ കണ്‍വന്‍ഷനില്‍ അതിഥി പ്രസംഗകനായി എന്നെ വിളിച്ചു. ഏകദേശം 12,000 ആളുകള്‍ കണ്‍വന്‍ഷനുണ്ടായിരുന്നു. പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഞാന്‍ പറഞ്ഞു: ”എന്റെ മുന്‍പിലിരിക്കുന്ന ആയിരക്കണക്കിന് ആളുകളോട് പ്രസംഗിക്കുവാനല്ല ഇന്നു ദൈവം എനിക്കു തന്നിരിക്കുന്ന ഭാരം. വേദിയില്‍ എന്റെ പിന്നിലും സദസ്സിലും ഇരിക്കുന്ന പാസ്റ്റര്‍മാരോട് സംസാരിക്കുവാനാണ് എനിക്കു ഭാരമുള്ളത്.” പണത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നതിനെക്കുറിച്ചു തുടര്‍ന്നു ഞാന്‍ പ്രസംഗിച്ചു. മൂന്നു ദിവസം പ്രസംഗിക്കുവാനാണ് അവര്‍ എന്നെ ക്ഷണിച്ചിരുന്നത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ എന്നോടു പറഞ്ഞു: ‘നിങ്ങള്‍ ഇനി തുടര്‍ന്നു പ്രസംഗിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.” അതുകൊണ്ടു മൂന്നാം ദിവസം ഞാന്‍ നിശ്ശബ്ദനായി അവിടെത്തന്നെ ഇരുന്നു. ദൈവം എപ്പോഴും നേതാക്കളില്‍ നിന്നാണ് ആരംഭിക്കുന്നത്. ദൈവത്തിനു തങ്ങളോടു പറയാനുള്ളത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍, തുടര്‍ന്ന് അവരെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ നന്നായിരിക്കുകയില്ല.

പ്രവാചകര്‍ എപ്പോഴും ആദ്യം നേതാക്കളോടാണു സംസാരിക്കുക. കാരണം നേതാക്കള്‍ വഴി തെറ്റിപ്പോയാല്‍ ജനങ്ങളും വഴി തെറ്റിപ്പോകും. കുട്ടികള്‍ വഴി തെറ്റിപ്പോകുന്നതിനു കാരണം മാതാപിതാക്കള്‍ അവരെ വേണ്ടതുപോലെ വളര്‍ത്തിയില്ല എന്നതാണ്. നിങ്ങളുടെ കുട്ടികള്‍ സ്‌കൂളില്‍ നന്നായി പെരുമാറിയില്ലെങ്കില്‍, അവരെ ആക്ഷേപിക്കേണ്ട. എങ്ങനെയാണു നന്നായി പെരുമാറേണ്ടതെന്നു നിങ്ങള്‍ വീട്ടില്‍ അവരെ പഠിപ്പിച്ചില്ല. ഒരിക്കല്‍ ഒരമ്മ അവളുടെ മകനെ കൂട്ടിക്കൊണ്ടു വന്നിട്ട് ഇങ്ങനെ പറഞ്ഞു: ”ബ്രദര്‍ സാക്, എന്റെ മകനു വേണ്ടി ദയവായി പ്രാര്‍ത്ഥിച്ചാലും. അവന്‍ വേണ്ടതുപോലെ പഠിക്കുന്നില്ല…” ആ അമ്മയ്ക്കു വേണ്ടിയായിരുന്നു പ്രാര്‍ത്ഥിക്കേണ്ടിയിരുന്നത്. കാരണം അവള്‍ക്കാണു പ്രശ്‌നമുള്ളതെന്നായിരുന്നു എന്റെ തോന്നല്‍. അതുകൊണ്ട് ഞാന്‍ ആ കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിച്ചില്ല. ആളുകള്‍ പറയുന്നതെല്ലാം ഞാന്‍ ചെയ്യാറില്ല. എന്നാല്‍ ഞാന്‍ ആ അമ്മയോടു സ്വകാര്യമായി ഇങ്ങനെ പറഞ്ഞു: ”ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറഞ്ഞ് അവനെ അപമാനിച്ചാല്‍ വാസ്തവത്തില്‍ നിങ്ങള്‍ നിങ്ങളുടെ മകനെ സഹായിക്കുകയല്ല.”

തങ്ങളുടെ നേതാക്കള്‍ ദൈവഭക്തിയില്ലാത്തവരും ദൈവത്തെ അറിയാത്തവരും ആയതുകൊണ്ട് ദൈവജനം ഇന്നും കഷ്ടപ്പെടുന്നു. അതുകൊണ്ട് ഒന്നാമത് ഹോശേയ പുരോഹിതന്മാരോടാണു സംസാരിക്കുന്നത് (4:4). നിങ്ങള്‍ ഒരു നേതാവാണെങ്കില്‍ സഭയിലുള്ളവരുടെ നേരെ വിരല്‍ ചൂണ്ടി ഇങ്ങനെ പറയരുത്: ‘എന്തു ചെയ്യാനാ? എന്റെ സഭയിലെ ആളുകള്‍ വളരെ മോശമാണ്.” കര്‍ത്താവു നിങ്ങളോടു പറയുന്നത്: ”നിങ്ങള്‍, നേതാക്കളെക്കുറിച്ചാണ് എനിക്കു പരാതിയുള്ളത്. നീ നല്ല പകല്‍ സമയത്ത് ഇടറി വീഴും. എല്ലാ വ്യാജപ്രവാചകന്മാരും അങ്ങനെ തന്നെ” (4:5).”എന്റെ ജനം എന്നെ അറിയായ്കയാല്‍ നശിച്ചുപോകുന്നു”(4:6). എന്തുകൊണ്ടാണു ദൈവജനം നശിച്ചുപോകുന്നത്? ബൈബിള്‍ അറിയാത്തതു കൊണ്ടല്ല. മറിച്ച് ദൈവത്തെ അറിയാത്തതുകൊണ്ട്. കര്‍ത്താവു പറയുന്നു: ”കുറ്റം നിങ്ങളുടേതാണു പുരോഹിതന്മാരെ. നിങ്ങള്‍ക്ക് എന്നെ അറിഞ്ഞുകൂടാ. അതുകൊണ്ട് മേലില്‍ നിങ്ങളെ പുരോഹിതന്മാരെന്ന നിലയില്‍ അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. നിങ്ങളുടെ ജീവിതത്തിന്റെ മേലുള്ള അഭിഷേകം ഞാന്‍ മാറ്റുകയാണ്. നിങ്ങളുടെ ദൈവത്തിന്റെ പ്രമാണങ്ങള്‍ നിങ്ങള്‍ മറന്നുപോയി. അതുകൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കാന്‍ ഞാനും മറന്നു പോകും” (4:6).

”പ്രസംഗകരുടെ എണ്ണം പെരുകുന്തോറും എന്നോട് അവര്‍ ഏറെ പാപം ചെയ്തു” (4:7). എന്തൊരു അവസ്ഥ! ”അവര്‍ ദൈവത്തിന്റെ മഹത്വത്തെ വിഗ്രഹങ്ങളുടെ അപമാനത്തിനു വച്ചുമാറും.” ഇന്ന് ഈ വചനം എത്ര പ്രസക്തമാണെന്നു നിങ്ങള്‍ കണ്ടിട്ടുണ്ടോ? പല പ്രസംഗകരും പണം എന്ന വിഗ്രഹത്തെ ആരാധിക്കുന്നതുകൊണ്ട് അവര്‍ക്കു ദൈവത്തിന്റെ അഭിഷേകം നഷ്ടമായിരിക്കുന്നു. ഒരുകാലത്ത് അവര്‍ കൂടുതല്‍ ദരിദ്രരായിരുന്നു. പക്ഷേ അന്നു ദൈവത്തിന്റെ അഭിഷേകം ഉണ്ടായിരുന്നു. ഇന്ന് അവര്‍ ധനികരാണ്. എന്നാല്‍ അഭിഷേകം നഷ്ടപ്പെട്ടു. അവര്‍ ദൈവത്തിന്റെ മഹത്വത്തെ വിഗ്രഹങ്ങള്‍ക്കു കൈമാറി.

ആളുകളുടെ ചെലവില്‍ തങ്ങളെത്തന്നെ പോഷിപ്പിക്കാനായിരുന്നു പുരോഹിതന്മാര്‍ക്കു താത്പര്യം. ആളുകള്‍ കൊണ്ടുവരുന്ന പാപ, അകൃത്യ, യാഗങ്ങളുടെ ഭാഗം ഭക്ഷിക്കാന്‍ പുരോഹിതന്മാര്‍ക്ക് ദൈവിക നിയമം അനുവാദം നല്‍കിയിരുന്നു (ലേവ്യര്‍ 6:25.26; 7:5-7). എന്നാല്‍ ആളുകള്‍ കൂടുതല്‍ പാപം ചെയ്താല്‍ പുരോഹിതന്മാര്‍ക്ക് കറിയില്‍ കൂടുതല്‍ ഇറച്ചി കിട്ടുമെന്നുള്ളതു കൊണ്ട് ജനം പാപം ചെയ്യുന്നതു പുരോഹിതന്മാര്‍ക്ക് സന്തോഷമായിരുന്നു!! ”അവര്‍ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു. അവരുടെ അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു” (4:8-ന്യൂ ലിവിങ്)*.

ജനവും പുരോഹിതന്മാരെപ്പോലെ ചിന്തിക്കുന്നവരായതുകൊണ്ട് രണ്ടു കൂട്ടരെയും ദൈവം ശിക്ഷിക്കുമെന്നു ഹോശേയാ തുടര്‍ന്നു പറയുന്നു (4:9). മാതാപിതാക്കള്‍ (വീടിനെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ പുരോഹിതന്മാരുടെ സ്ഥാനത്താണ്) പണസ്‌നേഹികളാണെങ്കില്‍ അവരുടെ മക്കളും ഇന്ന് ആത്മികപരസംഗത്തില്‍ ഏര്‍പ്പെടുന്നത് ഇതുപോലെയാണ് (4:13). അതുകൊണ്ട് ദൈവം പറയുന്നു: ”മക്കളെ ഞാന്‍ എന്തിനു ശിക്ഷിക്കണം? മാതാപിതാക്കളും അതു തന്നെയാണല്ലോ ചെയ്യുന്നത്. വിഡ്ഢികളായ ജനങ്ങള്‍! കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട് നിങ്ങള്‍ നശിച്ചുപോകും (4:14). ”അവരുടെ ആരാധന വെറും അഭിനയമാണ്” (4:15).

”പുരോഹിതന്മാരും യിസ്രായേല്‍ നേതാക്കളുമായുള്ളോരേ കേള്‍പ്പീന്‍! ഈ ന്യായവിധിയുടെ വാക്കുകള്‍ നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്കു നാശം! വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് നിങ്ങള്‍ ജനങ്ങളെ കെണിയിലും വലയിലുമാക്കി… പക്ഷേ മറക്കരുത്- നിങ്ങള്‍ ചെയ്തതിനു ഞാന്‍ നിങ്ങളോടു കണക്കു തീര്‍ക്കും. ഒരുകാര്യം തീര്‍ച്ചയാണ്. നിങ്ങളുടെ ശിക്ഷാദിവസം വരുമ്പോള്‍ നിങ്ങള്‍ ശൂന്യമാകും. യെഹൂദയുടെ നേതാക്കന്മാര്‍ കള്ളന്മാരെപ്പോലെ മോശമായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഞാന്‍ എന്റെ ക്രോധം വെള്ളംപോലെ അവരുടെ മേല്‍ പകരും” (5:1,2,9,10). വീണ്ടും ദൈവം ശിക്ഷ ഒന്നാമതു നേതാക്കളോടാണ് അറിയിക്കുന്നത്. കാരണം യിസ്രായേലിന്റെ പരാജയത്തിന് ഉത്തരവാദികള്‍ പ്രാഥമികമായും അവരാണ്. ഇന്നും ആദ്യം നേതാക്കള്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ തോറ്റു പോകുന്നത്.

എന്നാല്‍ കര്‍ത്താവു തുടര്‍ന്നു പറയുന്നത് യിസ്രായേല്‍ ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതു വരെ കാത്തിരിക്കാമെന്നാണ്. കാരണം അപ്പോള്‍ അവര്‍ തന്നിലേക്കു തിരിയുമല്ലോ (5:15). യിസ്രായേല്‍ ഹോശേയായുടെ സന്ദേശം കേട്ടപ്പോള്‍ കര്‍ത്താവിലേക്കു മടങ്ങി വരുവാന്‍ ആഗ്രഹിച്ചു- ഇന്നും ശക്തമായ ഒരു സന്ദേശം കേള്‍ക്കുമ്പോള്‍ പലരും ആഗ്രഹിക്കുന്നതുപോലെ. അവര്‍ പറഞ്ഞു: ”വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു. അവന്‍ സൗഖ്യമാക്കും. അവന്‍ നമ്മെ അടിച്ചിരിക്കുന്നു. അവന്‍ മുറിവു കെട്ടും. ചുരുങ്ങിയ സമയത്തിനുള്ളില്‍ അവിടുന്നു നമ്മെ യഥാസ്ഥാനപ്പെടുത്തും. അങ്ങനെ നമുക്ക് തുടര്‍ന്ന് അവിടുത്തെ സാന്നിധ്യത്തില്‍ ജീവിക്കാം. നമുക്കു കര്‍ത്താവിനെ അറിയുവാന്‍ കഴിയും! അവിടുത്തെ അറിയാനായി നമുക്ക് മുന്നോട്ടായാം! അപ്പോള്‍ അവിടുന്നു പ്രഭാതത്തിന്റെ ഉദയം പോലെയും ഭൂമിയെ നനയ്ക്കുന്ന പിന്മഴ പോലെയും നമ്മെ സന്ദര്‍ശിക്കും” (6:1-3). ഇത്തരം ഒരു പ്രതികരണം ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍ പല പ്രസംഗകരും ഇതു യഥാര്‍ത്ഥ അനുതാപമാണെന്നും ഇതു വലിയ ഉണര്‍വ്വിലേക്കു നയിക്കുമെന്നും കരുതി വികാരഭരിതരായി പോകാറുണ്ട്. അവര്‍ ഉടനെ തന്നെ തങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ക്ക് ഇങ്ങനെ റിപ്പോര്‍ട്ട് അയച്ചേക്കും- ”ഞങ്ങള്‍ക്ക് ഇവിടെ വലിയ ഉണര്‍വ്വു നടക്കുകയാണ്. തങ്ങള്‍ കര്‍ത്താവിലേക്കു തിരിയാന്‍ തയ്യാറാണെന്നു പറഞ്ഞ് ആയിരങ്ങള്‍ കൈകള്‍ ഉയര്‍ത്തുകയും തീരുമാന കാര്‍ഡുകള്‍ പൂരിപ്പിച്ചു നല്‍കുകയും ചെയ്യുന്നു.” എന്നാല്‍ കര്‍ത്താവിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. ദൈവത്തെ കബളിപ്പിക്കാന്‍ കഴിയുകയില്ല. ഇത് ആഴം കുറഞ്ഞ വൈകാരികമായ ഒരു തിരിവു മാത്രമാണെന്നും പുലര്‍കാലത്തെ മഞ്ഞുപോലെ ഇതു വേഗത്തില്‍ മാറിപ്പോകുമെന്നു അവിടുത്തേക്കറിയാം (6:4). പുലര്‍ച്ചെ പുല്‍നാമ്പുകളില്‍ മഞ്ഞു തുള്ളികള്‍ തങ്ങിനില്ക്കുന്നതു നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു നോക്കുമ്പോള്‍ അത് അപ്രത്യക്ഷമായിക്കഴിഞ്ഞു.

6:5-ല്‍ യഥാര്‍ത്ഥ പ്രവാചക ശുശ്രൂഷയെ ദൈവം ഇങ്ങനെ വിവരിക്കുന്നു: ”നിങ്ങളെ കഷണങ്ങളായി മുറിക്കാനായി ഞാന്‍ പ്രവാചകന്മാരെ അയച്ചിരിക്കുന്നു. മരണത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കിക്കൊണ്ട് ഞാന്‍ എന്റെ വാക്കുകളാല്‍ നിങ്ങളെ കൊന്നു കളഞ്ഞു.” ആളുകളെ കഷണങ്ങളായി മുറിക്കുന്നത് എളുപ്പമുള്ള ശുശ്രൂഷയല്ല. എന്നാല്‍ ഓര്‍ക്കുക, അവന്റെ വിവാഹജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടല്‍ ഹോശേയായെ കഷണങ്ങളായി മുറിക്കുന്നതായിരുന്നു. അത്തരം ഒരു കഷ്ടതയുടെ തുടര്‍ച്ചയില്‍ നിന്നുകൊണ്ടാണു ഹോശേയ സംസാരിച്ചത്.

സ്വകാര്യ ജീവിതത്തില്‍ അത്തരം ഒരു തകര്‍ച്ച അറിഞ്ഞിരുന്നില്ലെങ്കില്‍ ഹോശേയ വളരെ രൂക്ഷമായ വിധത്തില്‍ ഈ വാക്കുകള്‍ പറയുമായിരുന്നു. കഷ്ടതയുടെ അഗാധ താഴ്‌വരകളിലൂടെ ദൈവം നിങ്ങളെ നടത്തിയിട്ടില്ലെങ്കില്‍ ഹോശേയായുടെ വാക്കുകളെ അനുകരിക്കാന്‍ ശ്രമിക്കരുത്. പുള്‍പ്പിറ്റില്‍ ഒരു പ്രവാചകനെപ്പോലെ അഭിനയിക്കുന്നതു വളരെ സന്തോഷകരമായിരിക്കും. നിങ്ങള്‍ക്ക് ആളുകളുടെ ബഹുമാനവും ലഭിക്കും. എന്നാല്‍ യഥാര്‍ത്ഥ പ്രവാചകന്മാരെ നടത്തിയ കഷ്ടതയിലൂടെ ദൈവം നിങ്ങളെ നടത്താതിരിക്കെ നിങ്ങള്‍ ഒരു പ്രവാചകനെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ഒരു വ്യാജ പ്രവാചകനായിരിക്കും. ഒന്നാമതായി നിങ്ങള്‍ കര്‍ത്താവിനെ അറിയത്തക്കവണ്ണം ആഴമേറിയ അനുഭവങ്ങളിലൂടെ നിങ്ങളെ നടത്താന്‍ ദൈവത്തോട് ആവശ്യപ്പെടുക. പരിശോധനകളുടെ, കഷ്ടതയുടെ, വേദനയുടെ അനുഭവങ്ങള്‍. അപ്പോള്‍ പല ആളുകളുടേയും മുന്‍പില്‍ ദൈവം നിങ്ങളെ അവിടുത്തെ വക്താവാക്കിത്തീര്‍ക്കും. രഹസ്യത്തില്‍ ദൈവത്തോടൊപ്പം നടക്കുക. ദൈവം നിങ്ങളുടെ ജീവിതത്തില്‍ അനുവദിക്കുന്ന എല്ലാറ്റിനും മുന്‍പില്‍ നിങ്ങളെത്തന്നെ വിനയപ്പെടുത്തുക.

ദൈവം തുടര്‍ന്നു പറഞ്ഞു: ”എനിക്കു നിങ്ങളുടെ യാഗങ്ങള്‍ വേണ്ട. നിങ്ങള്‍ ദയ കാട്ടണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.” മത്തായി 12:7-ല്‍ യേശു ഉദ്ധരിക്കുന്ന വചനം ഇതാണ്. അവര്‍ മറ്റുള്ളവരോട് ദയ കാട്ടാത്തതുകൊണ്ട് ഇതാ അവര്‍ക്കും ന്യായവിധി ഉണ്ടാകുമെന്നു ദൈവം മുന്നറിയിപ്പു നല്‍കുന്നു (6:11).

ദൈവം യിസ്രായേലിനെ സുഖപ്പെടുത്താന്‍ ആഗ്രഹിച്ചു. എന്നാല്‍ അവരുടെ പാപങ്ങള്‍ വളരെ വലുതായിരുന്നു. യിസ്രായേലിന്റെ തലസ്ഥാനമായ ശമര്യയാകട്ടെ വ്യാജം പറയുന്നവര്‍, കള്ളന്മാര്‍, കൊള്ളക്കാര്‍ എന്നിവരെക്കൊണ്ട് നിറഞ്ഞിരുന്നു (7:1). യിസ്രായേലിന്റെ നേതാക്കള്‍ തന്നെ കള്ളം പറയുകയും അപഹരിക്കുകയും ചെയ്യുന്നവരായിരുന്നു. പല ക്രിസ്തീയ പ്രസംഗകരും ഇന്ന് ഇതേ കാര്യത്താല്‍ കുറ്റക്കാരാണ്. പണം വരുത്താനായി പാശ്ചാത്യ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന റിപ്പോര്‍ട്ടുകളില്‍ അവര്‍ വ്യാജം പറയുന്നു. പിന്നീട് അവിടെ നിന്നു പണം കിട്ടുമ്പോള്‍ അവര്‍ അത് അപഹരിക്കുകയും തങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ദൈവവേലയ്ക്കായി ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഒരു ക്രിസ്തീയ നേതാവ് ആഡംബര ജീവിതത്തിനും തന്റെ കുടുംബത്തിനു വസ്തു വാങ്ങാനുമായി ഉപയോഗിച്ചാല്‍ അയാള്‍ ആരാണ്? ഒരു കള്ളന്‍.

തുടര്‍ന്നു ദൈവം പറഞ്ഞു: ”എന്റെ ജനം ദൈവമില്ലാത്ത വിദേശികളോട് ഇടകലര്‍ന്നിരിക്കുന്നു” (7:8). ഈ ദൈവമില്ലാത്ത ആളുകളുടെ ദൈവികമല്ലാത്ത വഴികള്‍ ഇവരും പഠിക്കുന്നു. അനേക വിശ്വാസികളും ഇന്നു ലോക മനുഷ്യരുമായി ഇടകലര്‍ന്ന് ലോകത്തിന്റെ നിലവാരവും സമ്പ്രദായങ്ങളും ലോകത്തിന്റെ ബിസിനസ് പ്രമാണങ്ങളും ക്രിസ്തീയ പ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കുകയാണ്. മനഃശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന രീതികള്‍ അവര്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ ഉപയോഗിക്കുന്നു. ക്രിസ്തീയ പുള്‍പ്പിറ്റുകളില്‍ നിന്ന് ഇന്നു മുഴങ്ങി കേള്‍ക്കുന്ന പ്രസംഗങ്ങള്‍ ഏറെയും മനഃശാസ്ത്രമാണ്. അതു ദൈവവചനമല്ല. ആളുകളെ സന്തോഷഭരിതരാക്കുന്ന ഇക്കിളിപ്പെടുത്തുന്ന വാക്കുകളാണവ. ദൈവം തുടര്‍ന്നു പറയുന്നു: ”അവരെല്ലാം മറിച്ചിടാത്ത ദോശ ആകുന്നു. ഒരു വശം വെന്തു. മറുവശം പാകമായിട്ടില്ല”(7:8).

ശത്രു വന്നശേഷം ഇതേപ്പറ്റിയെല്ലാം അനുതപിക്കാം എന്നു ചിന്തിച്ചാല്‍ താമസിച്ചു പോകും (8:1-4). യിസ്രായേല്‍ ”ആര്‍ക്കും ഇഷ്ടമില്ലാത്ത ഒരു പാത്രം പോലെ ആയിരിക്കുന്നു. കാരണം അവര്‍ ദൈവ വചനത്തേയും പ്രമാണങ്ങളേയും ഉപേക്ഷിച്ചു കളഞ്ഞു” (8:8,12).

ദൈവത്തിന്റെ ന്യായവിധി

”യിസ്രായേലേ, നീ മറ്റു ജാതികളെപ്പോലെ സന്തോഷിക്കരുത്” (9:1). കര്‍ത്താവില്‍ സന്തോഷിക്കാനുള്ള ഉപദേശങ്ങളാണു ബൈബിളില്‍ ഉടനീളം ഉള്ളത്. പക്ഷേ ഇവിടെയിതാ ഒരു വാക്യം: ‘യിസ്രായേല്‍ മറ്റു ജാതികളെപ്പോലെ സന്തോഷിക്കരുത്.’ കാരണം അവര്‍ ദൈവത്തോട് അവിശ്വസ്തത കാട്ടി. അവര്‍ വിഗ്രങ്ങളുടെ മുന്‍പില്‍ ബലികള്‍ അര്‍പ്പിച്ചതുകൊണ്ട് അവരെ ‘വ്യഭിചാരിണി’ എന്നു വിളിച്ചിരിക്കുന്നു. പണം, മനുഷ്യമാനം, പാപ ഇമ്പങ്ങള്‍, സുഖജീവിതം എന്നിവയെ ആരാധിക്കുന്ന ഒരുവന്‍ ഞായറാഴ്ച സഭായോഗത്തില്‍ വന്ന് ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്ന് ദൈവം പറയുന്നത് എന്താണെന്നറിയാമോ? ”സന്തോഷിക്കരുത്. നീ വിഗ്രഹങ്ങളുമായി പരസംഗം ചെയ്യുന്ന ഒരുവനാണ്” എന്നായിരിക്കും. നമുക്കു അസഹ്യമായ ചില കാര്യങ്ങള്‍ ചിലപ്പോള്‍ ദൈവം പറയും. അതു കൊണ്ടാണു ദൈവത്തിനുവേണ്ടി സംസാരിക്കുന്ന പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും പ്രവാചകന്മാര്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ആളുകളായത്.

തുടര്‍ന്ന്, യിസ്രായേല്‍ തനിക്കായിത്തന്നെ ഫലം കായിക്കുന്നതിനെ ദൈവം വിമര്‍ശിക്കുന്നു (10:1). ദൈവത്തെയും സ്വന്ത താല്പര്യങ്ങളെയും ഒരേസമയം അന്വേഷിക്കുന്ന ഭിന്നിച്ചിരിക്കുന്ന ഒരു ഹൃദയമാണ് അവര്‍ക്കുള്ളത് എന്നതിനാല്‍ അവര്‍ ദൈവത്തോടു പറയുന്നതു ‘വ്യര്‍ത്ഥവാക്കുകളും വിലയില്ലാത്ത വാഗ്ദാനങ്ങളു’മാണ് (10:4). പഴയ നിയമ കാലഘട്ടത്തിലെ യിസ്രായേലിന്റെ പെരുമാറ്റങ്ങളെക്കുറിച്ചു വായിക്കുമ്പോള്‍ ഇന്നു ക്രിസ്ത്യാനികളുടെ ഇടയില്‍ അവ ആവര്‍ത്തിക്കുന്നു എന്നതു നമുക്കു കാണുവാന്‍ കഴിയും. അവരോടുള്ള വാക്കുകള്‍ തന്നെയാണ് അവിടുന്ന് ഇന്നു നമ്മോടും പറയുന്നത്: ”നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടോടെ വിതയ്ക്കുക. കരുണയ്ക്കു തക്കവണ്ണം കൊയ്യുക. നിങ്ങളുടെ തരിശുനിലം ഉഴുതു മറിക്കുക. ദൈവം നീതി വര്‍ഷിക്കേണ്ടതിന് തന്നെ അന്വേഷിക്കാനുള്ള കാലം ആകുന്നുവല്ലോ” (10:12). നമ്മുടെ ഹൃദയത്തിന്റെ കാഠിന്യങ്ങളെ ഉഴുതു മറിച്ച് അവിടെ നീതിയുടെ നല്ല വിത്തു വിതപ്പാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു. നാം കര്‍ത്താവിനെ അന്വേഷിക്കുമ്പോള്‍ നീതിയുടെ മഴയെ നമ്മുടെമേല്‍ വര്‍ഷിപ്പിക്കും.

യിസ്രായേലിനോടുള്ള ദൈവസ്‌നേഹം

ഹോശേയായുടെ അവസാന നാലധ്യായങ്ങള്‍ യിസ്രായേലിനോടുള്ള ദൈവ സ്‌നേഹം, രാജ്യത്തിന്റെ യഥാസ്ഥാപനം, ന്യായവിധിയുടെമേല്‍ സ്‌നേഹത്തിന്റെ ആത്യന്തിക വിജയം എന്നിവയെക്കുറിച്ചാണു വിവരിക്കുന്നത്.

”യിസ്രായേല്‍ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവനെ സ്‌നേഹിച്ചു. മിസ്രയിമില്‍ നിന്നു ഞാന്‍ എന്റെ മകനെ വിളിച്ചു”(11:1). ഈ വാക്യം മിസ്രയീമില്‍ നിന്നുള്ള യിസ്രായേലിന്റെ വിടുതലിനെ പരാമര്‍ശിക്കുന്നതോടൊപ്പം യേശു ഈജിപ്തില്‍ നിന്നു യിസ്രായേലിലേക്കു മടങ്ങി വന്നതിനെക്കുറിച്ചുള്ള സൂചനയായി മത്തായി 2:15-ല്‍ ഉദ്ധരിച്ചിട്ടുണ്ട്. തിരുവെഴുത്തിന് (അതു ദൈവനിശ്വാസ്യമായ വചനമാണല്ലോ) എങ്ങനെ ഒന്നിലേറെ അര്‍ത്ഥം നല്‍കാന്‍ കഴിയുമെന്ന് ഇതു കാണിക്കുന്നു!

തന്റെ ജനത്തിന്റെ ഇടയിലുള്ള കാപട്യം, അവിശ്വസ്തത എന്നിവയെക്കുറിച്ചെല്ലാം ദൈവത്തിന് അറിയാം (11:12). എങ്കിലും അവിടുത്തെ മൃദുലമായ ഹൃദയം അവര്‍ക്കായി ദാഹിച്ചുകൊണ്ട് ഇങ്ങനെ കേഴുന്നു: ”എങ്ങനെ എനിക്കു നിന്നെ ഉപേക്ഷിക്കാന്‍ കഴിയും എന്റെ മകനേ? എങ്ങനെ നിന്നെ വിട്ടുകളയും? എന്റെ ഹൃദയം എന്റെ ഉള്ളില്‍ കേഴുന്നു. നിന്നെ സഹായിക്കാന്‍ ഞാന്‍ എത്ര ആഗ്രഹിക്കുന്നു! എന്റെ കോപം എന്നോട് ആവശ്യപ്പെടുന്നതിനൊപ്പം ഞാന്‍ നിന്നെ ശിക്ഷിക്കുകയില്ല. ഇല്ല. നിന്നെ വീണ്ടും നശിപ്പിക്കുകയില്ല. ഞാന്‍ മനുഷ്യനല്ല, ദൈവം അത്രേ. ഞാന്‍ നിങ്ങളുടെ നടുവില്‍ വസിക്കുന്ന പരിശുദ്ധനാണ്. നശിപ്പിക്കാനല്ല ഞാന്‍ വന്നിരിക്കുന്നത്” (11:8,9). ഈ മനസ്സലിവുള്ള ദൈവം നമ്മുടെ പിതാവാണ്.

”ഈ ആളുകള്‍ കൗശലക്കാരായ കച്ചവടക്കാരാണ്. കള്ളത്തുലാസ് അവരുടെ കയ്യിലുണ്ട്. കബളിപ്പിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവരെ ചതിച്ചശേഷം അവര്‍ ഇങ്ങനെ വീമ്പിളക്കുന്നു: ‘ഞാന്‍ ധനവാന്‍. അതെല്ലാം എനിക്കായി തന്നെ കിട്ടി. വഞ്ചന മൂലമാണ് എനിക്കതു കിട്ടിയതെന്ന് ആരും മനസ്സിലാക്കുകയില്ല” (12:7,8). ഇന്നു ക്രിസ്തീയ ബിസിനസ്സുകാരുടെ പക്കല്‍ അന്യായമായി നേടിയ ധാരാളം പണം ഉണ്ട്. അതവര്‍ സമര്‍ത്ഥമായി മറ്റുള്ളവരുടെ കണ്‍മുന്‍പില്‍ നിന്നു മറച്ചു വച്ചിരിക്കുന്നു. പക്വതയില്ലാത്ത വിശ്വാസികളുടെ മുമ്പില്‍ അവര്‍ക്കു സാമ്പത്തിക വിജയം വലിയ അംഗീകാരം ലഭ്യമാക്കിയിരിക്കുന്നു. അവരില്‍ പലരും നല്ല പല സഭകളിലും മൂപ്പന്മാരാണ്. പുറമേ അവര്‍ക്കു നീതിമാന്മാരെന്ന് പേരുണ്ട്. തങ്ങളുടെ സഭകളില്‍ അവര്‍ക്കു മാന്യതയുണ്ട്. ”ഞാന്‍ ചതിയിലാണ് ഈ പണം ഉണ്ടാക്കിയതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. കാരണം പുറമേയുള്ള എന്റെ സാക്ഷ്യത്തില്‍ ഒരു കളങ്കവുമില്ല” എന്നാണിവര്‍ പറയുന്നത്. ആളുകളെ കബളിപ്പിക്കുന്ന കൗശലക്കാരായ കച്ചവടക്കാരാണവര്‍. പക്ഷേ അവര്‍ക്ക് ദൈവത്തെയോ അവിടുത്തെ പ്രവാചകരെയോ കബളിപ്പിക്കാനാവില്ല. ഒരു ദിവസം ദൈവം അവരുടെ എല്ലാം തനിനിറം വെളിച്ചത്തു കൊണ്ടുവരും. യഥാര്‍ത്ഥ പ്രവാചകന്മാര്‍ക്കും അവരെ തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടാണ് ഈ ധനികരായ ബിസിനസുകാര്‍ സത്യപ്രവാചകന്മാരുടെ അടുത്തു വരാത്തത്. ഇത്തരം മാലിന്യങ്ങള്‍ക്കെതിരെ നിങ്ങളുടെ തലമുറയില്‍ ദൈവശബ്ദമായി നില്ക്കാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കട്ടെ.

”യിസ്രായേല്‍ സംസാരിക്കുമ്പോള്‍ ദേശങ്ങള്‍ ഭയന്നു വിറയ്ക്കുമായിരുന്നു. കാരണം അവന്‍ ശക്തനായ രാജകുമാരനായിരുന്നു. എന്നാല്‍ അവന്‍ ബാലിനെ ആരാധിച്ചു, അങ്ങനെ നാശം വരിച്ചു. ഇപ്പോള്‍ ആളുകള്‍ അധികമധികം അനുസരണക്കേടു കാട്ടുന്നു” (13:1,2). ദൈവത്തിന്റെ ഒരു പ്രവാചക ശബ്ദമായി ആരംഭിച്ച പലരുടേയും ചരിത്രമാണിത്. സമയം കടന്നുപോയപ്പോള്‍ അവര്‍ പണം, ലോകത്തിലെ പല കാര്യങ്ങള്‍ എന്നിവയോട് ഒത്തുതീര്‍പ്പുകാരായി തീര്‍ന്ന് അവര്‍ തങ്ങളുടെ നാശം വരിച്ചു. ഇപ്പോള്‍ അവര്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ വിറയ്ക്കുന്നില്ല.

”ഓ, മരണമേ നിന്റെ മുള്ളുകള്‍ എവിടെ? പാതാളമേ നിന്റെ സംഹാരം എവിടെ?” (13:14). പുനരുത്ഥാനത്തെക്കുറിച്ചുള്ള ഈ മനോഹരമായ വാക്യം 1 കൊരിന്ത്യര്‍ 15:55-ല്‍ എടുത്ത് ഉദ്ധരിച്ചിട്ടുണ്ട്.

ഹോശേയ അവസാനമായി കര്‍ത്താവിലേക്കു മടങ്ങി വരുവാന്‍ യിസ്രായേലിനെ ക്ഷണിക്കുമ്പോള്‍ എന്തു പറയണമെന്നു കൂടി അവരെ ഉപദേശിക്കുന്നു: ”യിസ്രായേലേ നിങ്ങളുടെ ദൈവമായ കര്‍ത്താവിലേക്കു മടങ്ങി വരിക. നിന്റെ അകൃത്യം നിമിത്തമാണു നീ വീണിരിക്കുന്നത്. അനുതാപ വാക്യങ്ങളോടെ കര്‍ത്താവിന്റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറയുക: ”സകല അകൃത്യത്തേയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ അധരഫലം അര്‍പ്പിക്കും” (14:1,2). അധരഫലം എന്നു പറയുന്നതു ‘സ്‌തോത്രയാഗ’മാണെന്ന് എബ്രായര്‍ 13:15-ല്‍ നാം വായിക്കുന്നു. അന്തിമമായി നിരന്തര സ്തുതിയുടെ സ്ഥലത്തേക്കു നമ്മെ കൊണ്ടുവരുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നമ്മള്‍ അവിടുത്തെ ആരാധകരാകുന്ന, തന്നോടുള്ള നമ്മുടെ ബന്ധം മറ്റെല്ലാറ്റിനെക്കാളും ഉപരിയായി നമുക്കു പ്രധാനമാകുന്ന, സ്ഥലത്തേക്കു നമ്മെ കൊണ്ടുവരുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.

അവസാനമായി കര്‍ത്താവ് നമ്മോട് ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: ”ഞാന്‍ നിങ്ങളുടെ വിഗ്രഹാരാധനയെ സൗഖ്യമാക്കും. എന്റെ സ്‌നേഹത്തിന് ഒരു അതിര്‍ വരമ്പും ഉണ്ടായിരിക്കുകയില്ല. എന്റെ കോപം എന്നേക്കും വിട്ടുമാറും”(14:4). നമ്മുടെ എല്ലാം ഉള്ളില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പണസ്‌നേഹം എന്ന വിഗ്രഹാരാധനയില്‍ നിന്നു നമ്മെ വിടുവിക്കുവാന്‍ കര്‍ത്താവിനു മാത്രമേ കഴിയൂ. പണസ്‌നേഹം ഒരു വലിയ ഉള്ളി പോലെയാണ്. അതിന്റെ മുകളിലത്തെ തൊലി അടര്‍ത്തിക്കളഞ്ഞാല്‍ മറ്റൊരെണ്ണം അതിന്റെ അടിയില്‍ കാണാം. അതിനും അടിയിലായി തൊലിയുടെ പല അടരുകള്‍ കാണാം. ദൈവത്തിനു മാത്രമേ നമ്മെ ഈ അടരുകള്‍ ഒന്നൊന്നായി കാണിക്കാനും അവയില്‍ നിന്നു നമ്മെ ക്രമേണ വിടുവിക്കാനും കഴിയുകയുള്ളു. ജഡികനായ ഒരു സഹോദരനോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു: ”നിങ്ങളുടെ പ്രശ്‌നം പണത്തോടുള്ള സ്‌നേഹമാണെന്നു ഞാന്‍ കരുതുന്നു.” അദ്ദേഹം ഉടനെ മറുപടി നല്‍കി: ”അല്ല ബ്രദര്‍ സാക്, ഞാന്‍ അതില്‍ നിന്നു സ്വാതന്ത്ര്യം നേടിയവനാണ്.” അപ്പോള്‍ ഞാന്‍ പറഞ്ഞു: ”എങ്കില്‍ താങ്കള്‍ എന്നെക്കാള്‍ ഭേദമാണ്. കാരണം ഞാന്‍ ഇപ്പോഴും അതിനെതിരെ വ്യക്തിപരമായ ജീവിതത്തില്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്.” അദ്ദേഹം തന്റെ ആവശ്യം കണ്ടില്ല. ഫലം ചില നാളുകള്‍ കഴിഞ്ഞപ്പോള്‍ പണസ്‌നേഹത്തിലൂടെ തന്നെ അദ്ദേഹം പിന്മാറിപ്പോയി. താന്‍ നില്ക്കുന്നു എന്നു തോന്നുന്നവനാണ് ആദ്യം വീഴുന്നത്. പണസ്‌നേഹത്തില്‍ നിന്നു നിങ്ങള്‍ പൂര്‍ണമായി (യേശുവിനെപ്പോലെ) സ്വതന്ത്രനായെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെ തോന്നുന്നെങ്കില്‍ ദൈവം നിങ്ങളോടു കരുണ കാണിക്കട്ടെ. നിങ്ങളെക്കുറിച്ചു തന്നെ നിങ്ങള്‍ക്കു വെളിച്ചം നല്‍കാന്‍ ദൈവത്തോട് അപേക്ഷിക്കുക.

ദൈവം തുടര്‍ന്നു പറയുന്നു: ”ആകാശത്തിലെ മഞ്ഞുതുള്ളി പോലെ ഞാന്‍ നിങ്ങളെ പുതുക്കും. നിങ്ങള്‍ മടങ്ങി വന്ന് എന്റെ തണലില്‍ വിശ്രമിക്കും. നനയ്ക്കപ്പെട്ട തോട്ടംപോലെ നിങ്ങള്‍ പൂവിടും” (14:4-8). അവിടുത്തെ ആത്മാവിന്റെ വര്‍ഷണത്തെക്കുറിച്ചുള്ള ഒരു വാഗ്ദാനമാണിത്. ഈ ആത്മ വര്‍ഷണം നമ്മുടെ ജീവിതത്തെ നനയ്ക്കപ്പെട്ട തോട്ടംപോലെ ആക്കിത്തീര്‍ക്കും.

”ജ്ഞാനിയായവന്‍ ഇതു ഗ്രഹിക്കട്ടെ: കര്‍ത്താവിന്റെ വഴികള്‍ സത്യവും ശരിയുമാണ്. നീതിമാന്മാര്‍ അതില്‍ നടക്കും. പാപികള്‍ അതില്‍ ഇടറി വീഴും” (14:4-9).

രണ്ടുതരം ആളുകളാണുള്ളത്. കര്‍ത്താവിന്റെ വഴികളില്‍ നടക്കുന്ന നീതിമാന്മാര്‍, അതില്‍ നടക്കാത്ത പാപികള്‍. ബുദ്ധിമാന്മാരായവര്‍ ഇതു തിരിച്ചറിയും.

*ഈ വാക്യങ്ങള്‍ പല യാഥാസ്ഥിതിക തര്‍ജ്ജമകളിലും വേണ്ടത്ര വ്യക്തമല്ല. അതുകൊണ്ട് ഈ പഴയനിയമ പുസ്തകങ്ങള്‍ ‘ലിവിങ് ബൈബിള്‍’ ‘ന്യൂ ലിവിങ് ബൈബിള്‍’ തര്‍ജ്ജമകളില്‍ വായിക്കുന്നതു നല്ലതാണ്. ഈ തര്‍ജ്ജമകള്‍ നേരിട്ടുള്ള തനി വിവര്‍ത്തനങ്ങളല്ല. മറിച്ച് പരാവര്‍ത്തനങ്ങളാണ്. അതുകൊണ്ടു തന്നെ ഒരു ഉപദേശം സ്ഥാപിക്കാന്‍ ഇവ ഉപയോഗിക്കാനാവില്ല. എന്നാല്‍ പല വാക്യങ്ങളുടേയും യഥാര്‍ത്ഥ അര്‍ത്ഥം വ്യക്തമല്ലാത്തതുകൊണ്ട് ഈ തര്‍ജ്ജമകള്‍ ആ വാക്യങ്ങളെക്കുറിച്ച് ഒരു പുതിയ വെളിച്ചം നല്‍കും.