ബൈബിളിലൂടെ : മർക്കൊസ്

യേശുക്രിസ്തു-ദൈവപുത്രന്‍

Chapter : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 14 | 15 | 16

ഏകനാല്‍ രചിതമായ ഒരൊറ്റ ജീവചരിത്രത്തിനു പകരം നാലു വ്യത്യസ്ത വ്യക്തികളെക്കൊണ്ടു യേശുവിന് നാലു ജീവചരിത്രം ഉണ്ടാക്കിയതിന് ചില ലക്ഷ്യങ്ങള്‍ ഉണ്ടാകാം.

യേശുവിനെ ”അബ്രാഹാമിന്റെ മകന്‍” എന്നും ”ദാവീദിന്റെ മകന്‍” എന്നുമൊക്കെ സംബോധന ചെയ്തും യേശു യെഹൂദന്മാരുടെ വാഗ്ദത്ത മശീഹായാണെന്നു തെളിയിക്കുവാന്‍ വേണ്ട തിരുവെഴുത്തുകള്‍ ഉദ്ധരിച്ചുമൊക്കെയാണ് മത്തായി തന്റെ സുവിശേഷം ആരംഭിക്കുന്നത്. എന്നാല്‍ മര്‍ക്കൊസാകട്ടെ, ”ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം” എന്നു പറഞ്ഞുകൊണ്ടാണ് തന്റെ എഴുത്തു തുടങ്ങുന്നത്. യേശുവിന്റെ ദിവ്യത്വത്തിനു പ്രാധാന്യം നല്‍കുകയാണ് മര്‍ക്കൊസ്. മര്‍ക്കൊസില്‍ മത്തായിയുടെ സുവിശേഷത്തിലേതുപോലെ ഉപദേശങ്ങള്‍ക്കോ ഉപമകള്‍ക്കോ അല്ല, യേശുവിന്റെ അത്ഭുതങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം. സ്വര്‍ഗ്ഗരാജ്യത്തിന്റെ ഉപദേശങ്ങള്‍ മത്തായി വിശദമായി രേഖപ്പെടുത്തുമ്പോള്‍ യേശു ദൈവപുത്രന്‍ എന്ന നിലയില്‍ ഭൂമിയില്‍ എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്നു മര്‍ക്കൊസ്.

പഠിക്കുകയും അനുഗമിക്കുകയും


യേശു ഗലീലക്കടല്‍ക്കരയിലൂടെ നടക്കുമ്പോള്‍ ശീമോനും സഹോദരനായ അന്ത്രെയോസും വല വീശുന്നതു കണ്ടു. അവര്‍ മീന്‍ പിടിക്കുന്നവരായിരുന്നു. യേശു അവരോട്: ”എന്നെ അനുഗമിക്ക. ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു (1:16,17). ഗലീലതീരത്ത് നൂറുകണക്കിനു മീന്‍പിടിക്കാര്‍ വലവീശുന്നുണ്ടായിരുന്നിരിക്കാം. യേശു നാലുപേരെ മാത്രമാണു വിളിച്ചത്- പത്രൊസ്, അന്ത്രെയോസ്, യാക്കോബ്, യോഹന്നാന്‍. നാമൊക്കെ വിളിക്കപ്പെട്ടത് ക്രിസ്തുവിന്റെ സാക്ഷികളാകാനാണ്. എന്നാല്‍ ദൈവം പ്രത്യേകമായി വിളിക്കാതെ ആര്‍ക്കും തന്നെ അവിടുത്തെ മുഴുസമയ വേലക്കാരനാകാന്‍ കഴിയില്ല. ”എനിക്ക് ഒരു സുവിശേഷകനാകണം” ”ഒരു ഉപദേഷ്ടാവ് ആകണം” എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ദൈവം ആ വേലയ്ക്കു നിങ്ങളെ വിളിക്കുകയും അതിനുവേണ്ടി സജ്ജരാക്കയും ചെയ്യേണ്ടതായിട്ടുണ്ട്. ദൈവം തന്റെ പരമാധികാരത്തിലാണ് തന്റെ ഭൃത്യരെ വിളിക്കുന്നത്. ശരീരത്തിലെ ഓരോ അവയവത്തിന്റെ പ്രവര്‍ത്തനവും ശരീരത്തെ സംബന്ധിച്ച് എത്രമാത്രം പ്രാധാന്യമുള്ളതായിരിക്കുന്നുവോ അതുപോലെ ക്രിസ്തുശരീരമാകുന്ന സഭയിലെ ഓരോ അംഗത്തിന്റേയും ശുശ്രൂഷ വിലപ്പെട്ടതു തന്നെയാണ്. മുഖം പോലെ ചില അവയവങ്ങള്‍ ദൃശ്യവും വൃക്ക, കരള്‍ എന്നിവ പോലെ മറ്റു ചില അവയവങ്ങള്‍ അദൃശ്യവുമാണ്. ഇപ്രകാരം ക്രിസ്തുശരീരത്തിലെ ചില ശുശ്രൂഷകള്‍ മറ്റു ചിലതിനെക്കാള്‍ പ്രകടമാണ്.

മത്തായി 11:29-ല്‍ യേശു ഇപ്രകാരം പറഞ്ഞു: ”എന്നില്‍ നിന്നും പഠിക്കുക” ഇവിടെ യേശു പറയുന്നു: ”എന്നെ അനുഗമിക്കുക” എന്ന്. ഈ രണ്ടു കാര്യങ്ങളാണ് ഒരു ശിഷ്യന്‍ പ്രധാനമായും ചെയ്യേണ്ടത്. ശിഷ്യന്‍ എന്നാല്‍ ഒരേസമയം പഠിതാവും അനുഗമിക്കുന്നവനുമാണ്. ജീവിതം മുഴുവനും യേശുവില്‍നിന്നു പഠിക്കുകയും ആ പാദമുദ്രകളിലൂടെ നടക്കുകയും ചെയ്യുക. ഇത് പട്ടാളക്കാര്‍ ”ഇടത്ത്, വലത്ത്” ”ഇടത്ത്, വലത്ത്” എന്ന ആജ്ഞകള്‍ കേട്ട് മുന്നോട്ടു നീങ്ങുന്നതുപോലെയാണ്. ”പഠിക്കുക, അനുഗമിക്കുക” എന്ന ആജ്ഞകേട്ട് നാം ജീവിതത്തില്‍ മുന്നോട്ടു ഗമിക്കുന്നു-കര്‍ത്താവു വരുന്നതു വരെയും.

നിങ്ങള്‍ അനുഗമിക്കാന്‍ താത്പര്യമില്ലാതെ പഠനം മാത്രം നടത്തുന്ന ഒരാളെങ്കില്‍ ”ഇടത്ത്, ഇടത്ത്” എന്ന ആജ്ഞകേട്ട് ഇടതുകാല്‍ മാത്രം വച്ച് മുന്നോട്ടു ഗമിക്കുന്ന ഒരാളെപ്പോലെയായിരിക്കും!! യേശുവിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ പഠിക്കുക മാത്രമല്ല പഠിച്ചതു പ്രയോഗത്തിലാക്കുന്നവനുമായിരിക്കും. നിങ്ങള്‍ പഠിച്ചതു പ്രയോഗത്തിലാക്കുന്നില്ല എങ്കില്‍ നിങ്ങള്‍ പരിശീലിപ്പിക്കുന്ന ശിഷ്യരും അങ്ങനെ തന്നെയാകും- ഒറ്റക്കാലില്‍ നടക്കുന്നവര്‍. നമുക്കൊരിക്കലും നമ്മുടെ പഠനം പൂര്‍ത്തിയായി എന്നു പറയാന്‍ കഴിയില്ല. നമ്മുടെ ജീവിതാവസാനം വരെയും നമുക്കു യേശുവില്‍ നിന്നു പഠിക്കേണ്ടതുണ്ട്.

ഈ വാഗ്ദാനത്തിന്റെ രണ്ടാം ഭാഗം ശ്രദ്ധിക്കുക: ”ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.” ആ പ്രയോഗം ശ്രദ്ധിക്കുക ”ഞാന്‍ നിങ്ങളെ…ആക്കും” ഇത് ഒരു കുശവന്‍ ഒരു പാത്രം ഉണ്ടാക്കുന്നതുപോലെയാണ്. കുശവന്‍ ഉണ്ടാക്കുന്ന എല്ലാ പാത്രങ്ങളും ഒരുപോലെയുള്ളതല്ല. ദൈവവും നമ്മെ വ്യത്യസ്ത രൂപങ്ങളിലാക്കുന്നു. നിങ്ങളുടെ ശുശ്രൂഷ മറ്റൊരാളിന്റേതുപോലെയാക്കുവാന്‍ നിങ്ങള്‍ ദൈവത്തോട് ആവശ്യപ്പെടുന്നതു ശരിയല്ല. ദൈവം ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല. നിങ്ങളെ തികച്ചും പ്രത്യേകമായ നിലയിലായിരിക്കും അവിടുന്നു രൂപപ്പെടുത്തുക. നിങ്ങള്‍ മറ്റൊരാളിന്റെ ശുശ്രൂഷ ആഗ്രഹിച്ചാല്‍ ദൈവം നിങ്ങള്‍ക്കുവേണ്ടി ഒരുക്കിയ ആ രൂപപ്പെടുത്തലിനെ നിങ്ങള്‍ തടയുകയായിരിക്കും.

ഞാന്‍ എന്റെ സഭയിലുള്ള സഹോദരന്മാരോടു കൂടെക്കൂടെ പറയാറുണ്ട്: ”നിങ്ങള്‍ എന്റെ ശുശ്രൂഷയെ അനുകരിക്കാന്‍ ശ്രമിക്കരുത്. കാരണം നിങ്ങള്‍ ഒരു സവിശേഷതയുള്ള വ്യക്തിയായിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നിങ്ങള്‍ നിങ്ങളായിരിക്കുക. സഭയില്‍ നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേ പാടുള്ളു. അതാണു ദൈവേഷ്ടം.”

നിങ്ങള്‍ കര്‍ത്താവിനെ അനുഗമിക്കുന്നു എങ്കില്‍ നിങ്ങള്‍ ആകേണ്ട രൂപത്തില്‍ അവിടുന്നു നിങ്ങളെ ആക്കും. അതു കര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്. ആ ശിഷ്യരുടെ കാര്യത്തില്‍ യേശു അവരെ മനുഷ്യരെ പിടിക്കുന്നവരാക്കി. നിങ്ങളുടെ കാര്യത്തില്‍ അതു മറ്റെന്തെങ്കിലുമായിരിക്കും. ഒരുപക്ഷേ സഭയില്‍ ഒരു സഹായിയെന്ന നിലയിലായിരിക്കും, ചിലരെ അപ്പൊസ്തലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും മറ്റുചിലരെ സുവിശേഷകന്മാരായും എന്നിങ്ങനെ പലതരത്തില്‍ വിളികള്‍ നാം കാണുന്നു. സുവിശേഷകന്മാരാണ് മനുഷ്യരെ പിടിക്കുന്നത്. പൗലൊസിനെപ്പോലെ ചിലര്‍ ബഹുമുഖ ശുശ്രൂഷകളുള്ളവരാണ്– അപ്പൊസ്തലനും പ്രവാചകനും ഉപദേഷ്ടാവും ഇടയനും സുവിശേഷകനും അങ്ങനെ പലതും. എന്നാല്‍ അങ്ങനെ ദൈവം നല്‍കുന്നത് അപൂര്‍വ്വമാണ്. നമ്മില്‍ അധികം പേരും ഒരേ ഒരുവരം മാത്രമുള്ളവരാണ്. ആരംഭകാലത്ത് അപ്പൊസ്തലന്മാര്‍ നിരവധി കൃപാവരങ്ങളുള്ളവരാകേണ്ടിയിരുന്നു. കാരണം, സഭയില്‍ വരങ്ങളുള്ളവര്‍ തുലോം വിരളമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് സഭ അധികം വളര്‍ന്നതോടെ ദൈവം കൃപാവരങ്ങള്‍ അധികം പേര്‍ക്കു പങ്കുവച്ചു തുടങ്ങി. നിങ്ങളുടെ കൃപാവരം ഏതായിരുന്നാലും കര്‍ത്താവു തന്നെ നിങ്ങളെ അതിലേക്കു രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. നമുക്ക് ഒരിക്കലും സ്വയം രൂപപ്പെടുത്താനാവില്ല.

നിങ്ങള്‍ സ്വയം ഒരു സുവിശേഷകനോ, ഉപദേഷ്ടാവോ അപ്പൊസ്തലനോ ആയിക്കൂടാ. അങ്ങനെയായാല്‍ നിങ്ങള്‍ പരാജയപ്പെടും. ദൈവം ഭരമേല്പിക്കാത്ത ഒരു ശുശ്രൂഷ ഒരിക്കലും ചെയ്യാന്‍ പാടില്ല. സ്വയം ശുശ്രൂഷ ഏറ്റെടുക്കുന്ന ധാരാളം ശുശ്രൂഷകരെ ഞാന്‍ നമ്മുടെ രാജ്യത്തു കണ്ടിട്ടുണ്ട്. അവര്‍ അമേരിക്കയില്‍ നിന്നും പണം സ്വീകരിച്ചുകൊണ്ട് ശുശ്രൂഷ ഏറ്റെടുക്കുന്നു. ഒരു ദിവസം ദൈവം അതിനെ ഇല്ലാതെയാക്കും. നിങ്ങള്‍ക്ക് ഒരു ജീവിതമേയുള്ളു എന്ന് ഓര്‍ത്തിരിക്കുക. ആ ജീവിതം ഞാന്‍ വലിയ ഒരു ശുശ്രൂഷകനാണെന്ന മതിപ്പ് ആളുകളില്‍ ഉളവാക്കുവാന്‍ വേണ്ടി അതുമിതും ചെയ്തു പാഴാക്കരുത്. ക്രിസ്തുശരീരത്തില്‍ നിങ്ങള്‍ നിര്‍വ്വഹിക്കേണ്ട ധര്‍മ്മം നിറവേറ്റുവാന്‍ ശ്രമിക്കുക. ”കര്‍ത്താവിനെ നിങ്ങള്‍ കാത്തിരിക്കുന്നു എങ്കില്‍ നിങ്ങളെ അവിടുന്നു ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പാത്രമാക്കിത്തീര്‍ക്കും.” എല്ലാവരെയും ഒരേകാര്യത്തിനു വേണ്ടിയല്ല അവിടുന്നു വിളിച്ചത്. ഗലീലക്കടല്‍ക്കരയില്‍ കണ്ടുമുട്ടിയവരെ യേശു തന്റെ ശിഷ്യന്മാരാകുവാനാണ് വിളിച്ചത്. പക്ഷേ അവര്‍ക്കെല്ലാം അപ്പൊസ്തലന്മാരാകുവാന്‍ കഴിഞ്ഞില്ല. അപ്പൊസ്തലന്മാര്‍ പ്രത്യേകമായി വിളിക്കപ്പെടേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതത്തെ സംബന്ധിച്ച വിളിയെയും നമ്മുടെ ശുശ്രൂഷ സംബന്ധിച്ച വിളിയെയും തിരിച്ചറിയുവാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. താങ്കളുടെ ശുശ്രൂഷ മറ്റൊരാള്‍ക്കുണ്ടാകുവാന്‍ നിര്‍ബന്ധം പിടിക്കരുത്. അതു ഭോഷത്തമാണ്. യേശു ഭൂതങ്ങളെ പുറത്താക്കുമ്പോള്‍ ചില ഭൂതങ്ങള്‍ യേശുവിനെക്കണ്ട് ”നീ ദൈവപുത്രന്‍”(1:34) എന്നു നിലവിളിച്ചിരുന്നു. നിങ്ങളെ കണ്ടിട്ട് ഭൂതങ്ങള്‍ അങ്ങനെ നിലവിളിച്ചാല്‍ അതു നിങ്ങളെ ഉന്മത്തരാക്കുകയില്ലേ? എന്നാല്‍ യേശു അവരെ നിശ്ശബ്ദരാക്കി. ഭൂതങ്ങളില്‍ നിന്നും യേശുവിനു സാക്ഷ്യം ആവശ്യമായിരുന്നില്ല. ഭൂതങ്ങള്‍ ഭോഷ്‌ക്കിന്റെ ആത്മാക്കളാണ്. അവരുടെ സാക്ഷ്യത്തിന്റെ മൂല്യം എന്താണ്? അതൊന്നുമില്ല. യേശു ചെയ്തതുതന്നെ നമുക്കും ചെയ്യാം. ചില ആളുകള്‍ ഭൂതങ്ങളെ പുറത്താക്കുംമുമ്പേ അവയുമായി സംഭാഷണത്തിലേര്‍പ്പെടാറുണ്ട്. അതും ഭോഷത്തമാണ്. യേശു ഒരിക്കലും അവയെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. അവയെ പുറത്താക്കുക മാത്രം ചെയ്തു.


തന്റെ പിതാവിന്റെ ഹിതം ചെയ്യുന്നത്


1:35-ല്‍ യേശുവിന്റെ ഒരു പ്രത്യേക ശീലം നാം കാണുന്നു. അതു നമുക്കും ഉണ്ടായിരിക്കുന്നതു നല്ലതായിരിക്കും. അതികാലത്തെ ഉണര്‍ന്നു ദൈവത്തെ ശ്രവിക്കുക (യെശ. 50:4 വായിക്കുക). രാത്രി വളരെ ഇരുട്ടുന്നതുവരെ നീളുന്ന അവിശ്രമശുശ്രൂഷകള്‍ക്കു ശേഷം പോലും അതികാലത്തെ ഉണര്‍ന്നുള്ള പിതൃസംസര്‍ഗ്ഗത്തിനു യേശു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏതു കാര്യത്തിലാണ് യേശുവിനെ അനുഗമിക്കുന്നതില്‍ നിങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്? രോഗികളെ സൗഖ്യമാക്കുന്നതിനാണോ? എന്തുകൊണ്ട് ഇവിടെ എഴുതിയിരിക്കുന്ന ഇക്കാര്യത്തില്‍ ആരംഭം കുറിച്ചുകൂടാ? യേശു പ്രഭാതം മുതല്‍ പ്രദോഷം വരെയും പിതാവിനെ ശ്രദ്ധിക്കുന്നതില്‍ ജാഗ്രത കാണിച്ചിരുന്നു. ഒരു പുതിയ സ്ഥലത്ത് വിനോദസഞ്ചാരികള്‍ എത്തുമ്പോള്‍ തങ്ങള്‍ കാണേണ്ടുന്ന സ്ഥലം നോക്കിവയ്ക്കുംപോലെ യേശുവും ഒരു സ്ഥലത്തെത്തിയാല്‍ അവിടെയുള്ള നിര്‍ജ്ജന പ്രദേശങ്ങള്‍ നോക്കിവയ്ക്കാറുണ്ടായിരുന്നു- പിതാവിനോടൊത്ത് ഏകാന്തതയില്‍ സമയം ചെലവഴിക്കാന്‍. ഇന്ന് ക്രിസ്ത്യാനികള്‍ ഏകാന്തതയെ ഭയപ്പെടുന്നു. അവര്‍ എപ്പോഴും മറ്റുള്ളവരോടൊത്ത് ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് അവരുടെ ജീവിതങ്ങള്‍ തീരെ ആഴം കുറഞ്ഞതായിരിക്കുന്നു. യേശു നിത്യവും പിതാവിനോടു സംഭാഷിക്കുന്നതിനു സമയം കണ്ടെത്തിയിരുന്നു. അവിടെനിന്നായിരുന്നു തനിക്കാവശ്യമായ ജ്ഞാനവും ശക്തിയും ലഭ്യമായിരുന്നത്.

ഒരു സ്ഥലത്ത് ഒരുണര്‍വ്വുണ്ടാകുമ്പോള്‍ അവിടെത്തന്നെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആളുകള്‍ നിര്‍ബന്ധിക്കാറുണ്ട്. യേശു അതു ശ്രദ്ധിക്കാതെ മറ്റൊരിടത്തേക്കു യാത്രയാകും. കാരണം പിതാവില്‍നിന്നും അങ്ങനെയൊരു സ്വരം താന്‍ കേട്ടതുകൊണ്ട് യേശു ആളുകളുടെ ആവശ്യമനുസരിച്ചായിരുന്നില്ല, പിതാവിന്റെ ശബ്ദം കേട്ടായിരുന്നു നീങ്ങിയിരുന്നത്. അതേസമയം യേശു രാത്രിയിലോ പുലര്‍ച്ചയ്‌ക്കോ പിതാവിനെ ശ്രവിക്കാന്‍ സമയം കണ്ടെത്തിയിരുന്നില്ലെങ്കില്‍ സ്വന്തം വിവേകത്തിലൂന്നി പ്രവര്‍ത്തിക്കേണ്ടി വരുമായിരുന്നു. അങ്ങനെയെങ്കില്‍ ഒരേ സ്ഥലത്തുതന്നെ താമസിക്കയും പിതാവിന്റെ ഇഷ്ടം ഒന്നോ രണ്ടോ ദിവസത്തേക്കു നിവര്‍ത്തിക്കാതിരിക്കയും ചെയ്യുമായിരുന്നു. ഒരു ഉണര്‍വ്വ് പൊട്ടിപ്പുറപ്പെടുമ്പോള്‍ അവിടെ ഒന്നിലധികം ദിവസങ്ങള്‍ തങ്ങുവാനാണ് മാനുഷ വിവേകം എപ്പോഴും ഉപദേശിക്കുക. ഇപ്രകാരം ഒരു ദിവസത്തേക്കെങ്കിലും പിതാവിന്റെ ഹിതം നിറവേറ്റാതെ പോകുന്നതിലെന്താണു തെറ്റ് എന്നു നാം ചോദിച്ചേക്കാം. എന്നാല്‍ യേശുവിനെ സംബന്ധിച്ച് പിതാവ് തന്നെ ഭരമേല്പിച്ച ദൗത്യം നിറവേറ്റുക എന്നത് ഓരോ ദിവസവും വളരെ പ്രാധാന്യമുള്ളതായിരുന്നു. നാം നമ്മുടെ സമ്പത്തിനെക്കുറിച്ചു കരുതലുള്ളവരായിരിക്കുന്നതുപോലെ യേശുവും തന്റെ സമയത്തെക്കുറിച്ചു വളരെ കരുതലുള്ളവനായിരുന്നു.

”കര്‍ത്താവേ, ഞാന്‍ ഒരു ദിവസം പോലും പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങ് എന്നെക്കുറിച്ച് ആഗ്രഹിക്കുന്ന ഇടത്തു ഞാന്‍ ഓരോ ദിവസവും ആയിരിപ്പാന്‍ തക്കവണ്ണം എന്റെ സാഹചര്യങ്ങളെ നിയന്ത്രിക്കേണമേ.” – ഈ മനോഭാവം നമ്മിലുണ്ടായിരിക്കണം. അതൊരു നല്ല പ്രാര്‍ത്ഥനയാണ്. നാം ദൈവത്തില്‍ നിന്നും ഒന്നും കേള്‍ക്കുന്നില്ലെങ്കില്‍ക്കൂടി ദൈവം ആഗ്രഹിക്കുന്നിടത്തു നാം ആയിരിക്കാന്‍ തക്കവണ്ണം നമ്മുടെ സാഹചര്യങ്ങളെ ക്രമപ്പെടുത്താന്‍ അവിടുത്തേക്കു കഴിയും. നമുക്കു സുഖകരമായി താമസിക്കുവാന്‍ കഴിയുന്ന ഒരിടമെന്ന നിലയില്‍ ഒരു സ്ഥലത്തെക്കുറിച്ചും ഒരു തിരഞ്ഞെടുപ്പു നടത്തിക്കൂടാ. നാം അവിടെ ആയിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നുവോ എന്നു ദൈവത്തോടു ചോദിക്കുക. അങ്ങനെയെങ്കില്‍ ദൈവഹിതം നഷ്ടമാക്കാതിരിക്കാന്‍ നമുക്കു കഴിയും. നിങ്ങളുടെ ജീവിതാന്ത്യത്തില്‍ നിങ്ങള്‍ ദുഃഖിക്കേണ്ടി വരികയുമില്ല.


യേശു ആളുകളെ സ്‌നേഹിച്ചു

മര്‍ക്കൊസ് 2:3 ല്‍ ഒരു പക്ഷവാതക്കാരനെ യേശുവിന്റെ വീട്ടിലേക്ക് ആളുകള്‍ ചുമന്നുകൊണ്ടുവരുന്നതായി നാം കാണുന്നു. ആള്‍ക്കൂട്ടം കാരണമായി വീടിനുള്ളിലേക്കു പ്രവേശിക്കാന്‍ കഴിയാതെ വന്നതുകൊണ്ട് അവര്‍ യേശുവിന്റെ വീടിന്റെ മേല്‍ക്കൂര പൊളിച്ചു. അത്തരം ഒരു കാര്യം ചെയ്യുവാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നു? കാരണം അത് യേശുവിന്റെ വീടായിരുന്നു (വാക്യം1-ഉം മത്തായി 4:13-ഉം താരതമ്യം ചെയ്യുക). യേശു തന്റെ വീടിനെക്കാളധികം ആളുകളെ സ്‌നേഹിച്ചിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നു. ഒരാളുടെ സൗഖ്യത്തിനുവേണ്ടി തന്റെ വീടിന്റെ മേല്‍ക്കൂര തകരുന്നതിനും യേശുവിനു സന്തോഷമായിരുന്നു.

കൊണ്ടുവന്നവരുടെ വിശ്വാസം കണ്ട് യേശു പക്ഷവാതക്കാരനെ സൗഖ്യമാക്കി. (വാക്യം 5, 11). പൊതുവായി പറഞ്ഞാല്‍ നമുക്കൊക്കെ ദൈവത്തില്‍ നിന്നു ലഭിക്കുന്നതു നമ്മുടെ വിശ്വാസത്തിനനുസൃതമായിട്ടാണ്. യേശു എപ്പോഴും വിശ്വാസത്തിലധിഷ്ഠിതമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവിടെ മറ്റുള്ളവരുടെ വിശ്വാസത്താല്‍ ഒരു മനുഷ്യന്‍ ദൈവാനുഗ്രഹം പ്രാപിക്കുന്നതായി നാം കാണുന്നു. ഈ മനുഷ്യന് ഒരുപക്ഷേ വിശ്വാസമുണ്ടായിരുന്നിരിക്കില്ല. അവന്റെ സ്‌നേഹിതരുടെ വിശ്വാസം അവന്റെ സൗഖ്യത്തിനു കാരണമായിത്തീര്‍ന്നു.

ഭൂതഗ്രസ്തനായ ഒരു മകന്റെ സൗഖ്യത്തിന് ഒരിക്കല്‍ അവന്റെ പിതാവിന്റെ വിശ്വാസം കാരണമായിത്തീര്‍ന്നു (മര്‍ക്കൊ. 9:24). ഒരു കനാന്യസ്ത്രീയുടെ വിശ്വാസം അവളുടെ മകളുടെ രോഗസൗഖ്യത്തിനു മുഖാന്തരമായി (മത്താ. 15:28). ശതാധിപന്റെ വിശ്വാസം അവന്റെ ഭൃത്യന്റെ സൗഖ്യത്തിന് ഹേതുവായി (മത്താ. 8:13). ഇന്ന് നമുക്കും പക്ഷവാതം പിടിച്ചവരെയും ഭയവും നിരാശയും ബാധിച്ചവരെയും പ്രാര്‍ത്ഥനയാല്‍ യേശുവിന്നടുത്തേക്കു കൊണ്ടുവരികയും നമ്മുടെ വിശ്വാസത്താല്‍ അവരെ വിടുവിക്കയും ചെയ്യാം. ദൈവത്തിന്റെ അനുഗ്രഹം മറ്റുള്ളവരുടെ മേല്‍ വരേണ്ടതിന്നു നമുക്കു പ്രാര്‍ത്ഥിക്കാം.

ക്രിസ്തുശരീരത്തില്‍ നമുക്കുള്ള സ്വാതന്ത്ര്യമെന്തെന്ന് ഈ സംഭവത്തിലൂടെ നമുക്കു ഗ്രഹിക്കാന്‍ കഴിയും. ക്രിസ്തീയജീവിതം നാം ഒറ്റയ്ക്കു ജീവിക്കേണ്ട ഒന്നല്ല, മറിച്ച് മറ്റുള്ളവരോടു ചേര്‍ന്ന് കൂട്ടായി ജീവിക്കേണ്ട ഒന്നാണ്. ആരോടും ഉത്തരവാദിത്വമില്ലാതെ സ്വന്തം ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യമുള്ള ഒരു ജീവിതമാണ് എപ്പോഴും നാം താത്പര്യപ്പെടുന്നതും നമുക്കു സൗകര്യപ്രദവും. പക്ഷേ അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ എപ്പോഴും സ്വയം നശിപ്പിക്കുകയാവും ഫലം. എപ്പോഴും കൂട്ടായ്മ അന്വേഷിക്കുക. അതു നിങ്ങളെ രക്ഷിക്കും. നിങ്ങള്‍ യുവാവായിരിക്കുമ്പോള്‍ ഒരു ഭക്തനായ സഹോദരനെ കണ്ടെത്തുക. അവനു കീഴടങ്ങുക. നീ ബലഹീനനായിരിക്കുമ്പോള്‍ അവന്റെ വിശ്വാസം നിന്നെ സഹായിക്കും.


മര്‍ക്കൊസ് 2:18-22-ല്‍ യേശുവിന് ഒരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതായി നാം കാണുന്നു. പല മത വിഭാഗങ്ങളും ഉപവസിക്കുന്നതുപോലെ യേശുവിന്റെ ശിഷ്യന്മാര്‍ എന്തുകൊണ്ട് ഉപവസിക്കുന്നില്ല? യേശു പഠിപ്പിച്ചത് രഹസ്യമായി ഉപവസിക്കാനാണ്. അതുകൊണ്ട് നമുക്കു മറ്റൊരാളിന്റെ ഉപവാസത്തെക്കുറിച്ച് അന്വേഷിക്കേണ്ട കാര്യമില്ല. മണവാളന്‍ പിരിഞ്ഞുപോയിക്കഴിയുമ്പോള്‍ ശിഷ്യന്മാര്‍ ഉപവസിക്കും എന്നാണ് യേശു മറുപടി പറഞ്ഞത്. യേശു ഒരിക്കലും നമുക്ക് ഉപവസിക്കാന്‍ കല്പന തന്നിട്ടില്ല. എന്നാല്‍ ക്രിസ്തുവിന്റെ മണവാട്ടി സ്വമേധയാ രഹസ്യത്തില്‍ ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ചെയ്യുന്നവളാണ്.

പുതിയ നിയമത്തില്‍ എല്ലാ കാര്യങ്ങളും പഴയനിയമത്തില്‍ നിന്നും വ്യത്യസ്തമാണെന്ന് യേശു പഠിപ്പിച്ചു. പ്രത്യേക നിയമങ്ങളോ പ്രമാണങ്ങളോ ഒന്നുംതന്നെയില്ല. എല്ലാ കാര്യങ്ങളും അതു ചെയ്യുന്ന വ്യക്തികള്‍ സ്വമേധയാ, അവരവരുടെ പ്രാപ്തിപോലെ ചെയ്യേണ്ടതാകുന്നു. യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു: ”ഒരു പുതിയ, ചുരുങ്ങാത്ത, തുണിക്കഷണം പഴയ ഒരു പരുത്തിത്തുണി വസ്ത്രത്തില്‍ ചേര്‍ത്തുവച്ചു തുന്നി എന്നു കരുതുക. അതു അലക്കുമ്പോള്‍ പഴയ തുണി കീറിപ്പോകും.” ഇതിന്റെയര്‍ത്ഥം ഇതാണ്: നിങ്ങള്‍ക്കൊരിക്കലും പുതിയ നിയമസത്യങ്ങള്‍ അല്പാല്പമായി പഴയ നിയമവ്യവസ്ഥിതിയോടു ചേര്‍ത്തുവയ്ക്കുവാന്‍ കഴിയില്ല. എഴുപത്തിയഞ്ചു ശതമാനം പഴയ നിയമ തുണിക്കഷണം പുതിയതിനോടു ചേര്‍ത്തു പിടിപ്പിക്കാന്‍ കഴിയില്ല. ഒരു സഭ നൂറു ശതമാനവും പുതിയനിയമ അടിസ്ഥാനത്തില്‍തന്നെയാവണം. അല്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അതിന്നുണ്ടാകും.

തുടര്‍ന്നു മറ്റൊരു ദൃഷ്ടാന്തവും യേശു പറഞ്ഞു: പുതിയ വീഞ്ഞു പകര്‍ന്നു വയ്ക്കുവാന്‍ പുതിയ തുരുത്തി തന്നെ വേണം (2:22). അക്കാലത്ത് തുകല്‍സഞ്ചികളിലായിരുന്നു വീഞ്ഞു പകര്‍ന്നു വച്ചിരുന്നത്. അകത്തെ വീഞ്ഞു പുളിച്ചു പൊങ്ങുമ്പോള്‍, അതിന്റെ വ്യാപ്തം വര്‍ദ്ധിക്കുന്നതനുസരിച്ച് തുകല്‍ സഞ്ചിക്ക് വികസിക്കാന്‍ കഴിയില്ല. നിങ്ങള്‍ പുളിക്കാത്ത പുതിയ വീഞ്ഞ് ഇപ്രകാരം നേരത്തെ വികസിച്ച ഒരു തോല്‍ സഞ്ചിയിലേക്കു പകര്‍ന്നാല്‍ വീഞ്ഞു പുളിച്ചു വികസിക്കുമ്പോള്‍ പഴയ സഞ്ചിക്കു വികസിക്കാന്‍ കഴിയാത്തതിനാല്‍ അതു പൊട്ടിപ്പോകും. പഴയ വീഞ്ഞ് എന്നാല്‍ പഴയനിയമജീവിതവും പഴയ തുരുത്തി പഴയ നിയമ വ്യവസ്ഥിതിയുമാണ്. പുതിയ വീഞ്ഞ് യേശുവിന്റെ ജീവനാണ്. പുതിയ തുരുത്തി പുതിയനിയമസഭയാണ്. നാം യേശുവിന്റെ ജീവനെ പുരോഹിതന്മാരും ദശാംശവും ആചാരങ്ങളും പ്രമാണങ്ങളുമുള്ള പഴയ നിയമ വ്യവസ്ഥിതിയിലേക്ക് പകര്‍ന്നാല്‍ യേശുവിന്റെ ജീവന്‍ അതിനെ മറികടന്നുപോകും. പഴയനിയമ വ്യവസ്ഥിതി നിലനിര്‍ത്തണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോശയുടെ പ്രമാണത്തിന്‍കീഴില്‍ ജീവിക്കുവാന്‍ നിങ്ങള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു. പഴയ, പുതിയ നിയമങ്ങളെ നമുക്കു ഇടകലര്‍ത്തുവാന്‍ കഴിയുന്നതല്ല. സഭയില്‍നിന്നും പഴയനിയമ പ്രമാണങ്ങളും വ്യവസ്ഥിതികളും തുടച്ചു നീക്കുകതന്നെ ചെയ്യണം. അവര്‍ പുതിയ വീഞ്ഞിനെ പഴയ തുരുത്തിയില്‍ പകരുകയും അത് അവിടെയുമിവിടെയും പൊട്ടിയൊഴുകുകയും ചെയ്തു. യേശു പറഞ്ഞതുപോലെതന്നെ.

3:1-6ല്‍ യേശു ഒരു ശബ്ബത്തു ദിവസത്തില്‍ പള്ളിയില്‍ പോകുന്നതായി നാം വായിക്കുന്നു. അവിടെ വരണ്ട കൈയുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. യേശു അവനെ സൗഖ്യമാക്കുമോ എന്ന് പരീശന്മാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. യേശു കോപിച്ചതായി തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വേദഭാഗം ഇതാണ്. ദേവാലയത്തിനുള്ളില്‍ ദൈവത്തിന്റെ പേരില്‍ കച്ചവടം നടത്തി ധനസമ്പാദനം നടത്തി വന്നിരുന്നവരെ ചമ്മട്ടിയുപയോഗിച്ച് പുറത്താക്കിയപ്പോഴും യേശു കോപിച്ചിരിക്കാമെന്നു ഞാന്‍ കരുതുന്നു. യേശു അവരെ കോപത്തോടെ നോക്കി എന്നു നാം ഇവിടെ വായിക്കുന്നു. കാരണം അവരുടെ ഹൃദയകാഠിന്യം തന്നെ. അത് അവിടുത്തെ വല്ലാതെ ദുഃഖിപ്പിച്ചു. പരീശന്മാര്‍ക്ക് എന്തു തോന്നാം എന്നതിനെ അവഗണിച്ചുതന്നെ യേശു ആ മനുഷ്യനെ സൗഖ്യമാക്കി. ആ മനുഷ്യന്‍ സൗഖ്യമായതില്‍ സന്തോഷിക്കുന്നതിനു പകരം യേശുവിനെ എങ്ങനെ നശിപ്പിക്കാമെന്ന് ആലോചിക്കുക വഴി പരീശന്മാരിലെ തിന്മ പ്രകടമായിത്തീരുകയും ചെയ്തു.

എന്തുകൊണ്ടാണ് അവര്‍ യേശുവിനെ നശിപ്പിക്കാനാഗ്രഹിച്ചത്? വരണ്ട കൈയുള്ള മനുഷ്യന്‍ വര്‍ഷങ്ങളായി പള്ളിയില്‍ വന്നിരിക്കുന്ന ആളായിരുന്നു. പരീശന്മാര്‍ക്ക് അവനെ സൗഖ്യമാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇവിടെ ഇതാ, നിരക്ഷരനായ ഒരു മരപ്പണിക്കാരന്‍ നിന്ദ്യമായ നസറേത്ത് പട്ടണത്തില്‍നിന്ന് വന്ന് അവനെ സൗഖ്യമാക്കിയിരിക്കുന്നു. ഈ പുതിയ ഉപദേഷ്ടാവിന് തങ്ങളെക്കാള്‍ അധികം ജനപ്രീതി ലഭിക്കാനുള്ള സാധ്യത കണ്ട് അസൂയ മുഴുത്താണ് അവര്‍ യേശുവിനെതിരെ ആലോചന നടത്തിയത്. തന്നെയും തന്റെ ശുശ്രൂഷയെയും തകര്‍ക്കുവാന്‍ ചിന്തിച്ചത്. അദ്ദേഹത്തെ അവര്‍ ദുരുപദേശകന്‍ എന്നോ കള്ള പ്രവാചകനെന്നോ വിളിച്ചിരിക്കാം. ഇന്നും ദൈവം നിങ്ങളെ ഉപയോഗിക്കുമ്പോള്‍ അസൂയ പൂണ്ട് നിങ്ങളുടെ ശുശ്രൂഷയെയോ നിങ്ങളെത്തന്നെയോ നശിപ്പിക്കാനാഗ്രഹിക്കുന്ന പരീശമനോഭാവമുള്ള ക്രിസ്ത്യാനികള്‍ ധാരാളമുണ്ട്. അവര്‍ നിങ്ങള്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയോ നിങ്ങളെ ഒരു കള്ളപ്രവാചകന്‍ എന്നു വിളിച്ചോ നിങ്ങളുടെ ശുശ്രൂഷയെ നശിപ്പിക്കാന്‍ ശ്രമിച്ചേക്കാം. ദൈവം നിങ്ങളിലൂടെ ചെയ്യുന്നത് ചെയ്യാന്‍ അവര്‍ക്ക് കഴിയാത്തതിനാലാവാം അവര്‍ അസൂയപ്പെടുന്നത്. മറ്റൊരാളിന്റെ ശുശ്രൂഷയെക്കുറിച്ച് അസൂയ ഉണ്ടാകുന്നതിനെതിരെ നാം കരുതലുള്ളവരായിരിക്കണം.

കോപത്തെക്കുറിച്ച് ചില വാക്കുകള്‍ ഞാന്‍ പറയട്ടെ: ”കോപിച്ചാല്‍ പാപം ചെയ്യരുത്” എന്ന് എഫെ 4:26-ല്‍ നാം കാണുന്നു. പാപകരമായ കോപം ഉണ്ട്. പാപകരമല്ലാത്ത കോപവും ഉണ്ട്. പാപകരമല്ലാത്ത തരത്തിലുള്ള കോപം യേശുവില്‍ നമുക്കു കണ്ടെത്താന്‍ കഴിയും. എപ്പോഴായിരുന്നു അവിടുന്ന് കോപിച്ചത്, എപ്പോഴാണ് കോപിക്കാതിരുന്നത്? നാം ഇവിടെ കണ്ടതുപോലെ സാധുക്കളായ ആളുകള്‍ക്കു നേരെയുള്ള കഠിനമായ പെരുമാറ്റം യേശുവിനെ കോപിപ്പിച്ചു. ദേവാലയത്തില്‍ ദൈവനാമത്തില്‍ സാധുക്കളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്നതു കണ്ട് യേശുവിനു കോപമുണ്ടായി. എന്നാല്‍ ആളുകള്‍ തന്നെ ഭൂതമെന്നു വിളിച്ചപ്പോഴോ മുഖത്തു തുപ്പിയപ്പോഴോ ക്രൂശിച്ചപ്പോഴോ അവിടുന്നു കോപിച്ചില്ല. ആളുകള്‍ നമ്മോടും ചെയ്യുന്നതിനെതിരെ നാം കോപിക്കുന്നതു പാപകരമാണ്- തന്നെ അടിക്കാന്‍ കല്പിച്ച മഹാപുരോഹിതനെ പൗലൊസ് ശകാരിച്ചതുപോലെ (അ:പ്ര:23.3). എന്നാല്‍ ദൈവനാമം സഭയില്‍ ദുഷിക്കപ്പെടുന്നതിനെതിരെ നാം കോപിക്കുന്നതു നീതിയാണ്.

പല ക്രിസ്ത്യാനികളും വിപരീത മനോഭാവമുള്ളവരാണ്. തങ്ങളെ മറ്റുള്ളവര്‍ ദ്രോഹിക്കുമ്പോള്‍ അവര്‍ കോപിക്കുന്നു. ദൈവനാമം ദുഷിക്കപ്പെടുമ്പോള്‍ അവര്‍ നിസ്സംഗരായിരിക്കുകയും ചെയ്യുന്നു. യേശുവിന്റെ പേരില്‍ സാധുക്കളെ ചൂഷണം ചെയ്തു ധനസമ്പാദനം നടത്തുന്ന ധാരാളം പ്രസംഗകര്‍ ഭാരതത്തിലുണ്ട്. ക്രിസ്ത്യാനികള്‍ അവര്‍ക്കെതിരെ രോഷം പ്രകടിപ്പിക്കാറുണ്ടോ? ഇല്ല. എന്തുകൊണ്ട്? കാരണം, ഈ ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ അനുകരിക്കുവാന്‍ താത്പര്യമുള്ളവരല്ല. യേശു പറഞ്ഞു: ”എന്നില്‍ നിന്നും പഠിക്കുക. എന്നെ അനുഗമിക്കുക.”

4:38-ല്‍ യേശു പടകില്‍ തലയിണവച്ച് സുഖമായി ഉറങ്ങുന്നതായി നാം വായിക്കുന്നു. ഒരു തലയിണ അതു നല്‍കുന്ന സുഖത്തെ സൂചിപ്പിക്കുന്നു. യേശു പടകിലെ പലകമേലല്ല തലയിണയില്‍ തലവച്ചാണ് ഉറങ്ങിയത് എന്ന കാര്യം എന്റെ ഹൃദയത്തിന് സന്തോഷം നല്‍കുന്നു. നല്ല ഒരു കിടക്ക സൗജന്യമായി ലഭിക്കുമ്പോള്‍ എല്ലാം ത്യജിച്ച ഒരു സര്‍വസംഗപരിത്യാഗിയായിട്ടല്ല യേശു ജീവിച്ചത്. വെറും തറയില്‍ കിടന്നുറങ്ങുന്നത് ഉയര്‍ന്ന ആത്മീയതയുടെ ഒരു ലക്ഷണമായിക്കരുതുന്ന ഒട്ടേറെ ക്രിസ്ത്യാനികളുണ്ട്. എന്നാല്‍ അതല്ല ആത്മീയത. യേശുവിനെ അനുഗമിക്ക എന്നാല്‍ ഇതൊന്നുമല്ലതാനും.

5-ാം അദ്ധ്യായത്തില്‍ ഒരു ഭൂതഗ്രസ്തനെ യേശു സ്വതന്ത്രനാക്കുന്നതു നാം വായിക്കുന്നു. ഭൂതങ്ങള്‍ പന്നികളില്‍ പ്രവേശിക്കാനനുവാദം ചോദിക്കയും യേശു അനുവദിക്കയും ചെയ്യുന്നു. ഏകദേശം രണ്ടായിരത്തോളം ഭൂതങ്ങള്‍ ആ മനുഷ്യനില്‍ ഉണ്ടായിരുന്നിരിക്കണം! ആ മനുഷ്യനെ സൗഖ്യവും സുബോധവുമുള്ളവനാക്കിക്കണ്ടിട്ട് ”കര്‍ത്താവേ കടന്നുവന്ന് ഞങ്ങളുടെ ഗ്രാമങ്ങളിലും ശുശ്രൂഷിക്കേണമേ” എന്നു പറയുന്നതിനുപകരം തങ്ങളുടെ അതിര്‍ വിട്ടു പോകുവാന്‍ ആളുകള്‍ യേശുവിനെ നിര്‍ബന്ധിക്കയാണത്രേ ചെയ്തത് (വാ. 17). അത് അവരുടെ തെറ്റായ മൂല്യബോധത്തെയാണു കാണിക്കുന്നത്. അവര്‍ പന്നികളെ മനുഷ്യരെക്കാള്‍ വിലമതിച്ചു. എന്നാല്‍ ഒരു ആത്മാവ് സര്‍വ്വ ലോകത്തെക്കാളും മൂല്യമുള്ളതെന്നു യേശു പഠിപ്പിച്ചു (8:36). യേശു അവരുടെ ആഗ്രഹം മാനിച്ച് അവിടെ നിന്നും കടന്നുപോയി. എന്നാല്‍ സൗഖ്യം പ്രാപിച്ച ആ വ്യക്തിയോടു ആ നാട്ടില്‍ തന്റെ സാക്ഷിയായിരിക്കുവാന്‍ കല്പിച്ചു (വാ. 19).

6:3-ല്‍ യേശുവിനു നാലു സഹോദരന്മാരുണ്ടായിരുന്നതായി നാം കാണുന്നു- യാക്കോബ്, യോസെ, യൂദാ, ശീമോന്‍. സഹോദരിമാരും ഉണ്ടായിരുന്നു എന്നു പറയുന്നതില്‍ കുറഞ്ഞപക്ഷം രണ്ടു പേരെങ്കിലുമുണ്ടായിരുന്നു എന്നു കരുതണം. അങ്ങനെ മറിയയ്ക്ക് കുറഞ്ഞത് ഏഴു മക്കളുണ്ടായിരുന്നു. ജോസഫിനെക്കുറിച്ച് പരാമര്‍ശങ്ങളൊന്നുമില്ലാത്തതിനാല്‍ ഇക്കാലത്തിനു മുമ്പ് അദ്ദേഹം മരണമടഞ്ഞിരുന്നു എന്നു കരുതാം.

വളരെക്കാലം എട്ടംഗങ്ങളുള്ള ഒരു കുടുംബത്തെ മരപ്പണി ചെയ്തു പുലര്‍ത്തേണ്ട ഭാരം യേശുവിന്റെ ചുമലിലായിരുന്നു എന്നു നമുക്കു കരുതേണ്ടതുണ്ട്. വലിയ കുടുംബഭാരം വഹിക്കുന്ന അനേകം മാതാപിതാക്കള്‍ക്ക് ഒരു മാതൃകയെന്നോണം ദൈവം സ്വപുത്രനെ ഇത്തരം സാഹചര്യങ്ങളിലൂടെയൊക്കെയും കടന്നുപോകുവാനനുവദിച്ചു. അതുകൊണ്ട് അവരുടെ കഷ്ടങ്ങളില്‍ സഹതാപം കാട്ടുവാന്‍ അവിടുത്തേക്കു കഴിയും (എബ്രാ. 4:15).

6:4-ല്‍ യേശു പറഞ്ഞു: ”ഒരു പ്രവാചകന്‍ സ്വന്ത ഭവനത്തിലും സ്വന്ത പട്ടണത്തിലുമൊഴികെ എവിടെയും ആദരിക്കപ്പെടുന്നവനാണ്.” ഒന്നാം നൂറ്റാണ്ടില്‍ അതു സത്യമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും. സ്വന്തം ബന്ധുജനങ്ങളുടെയിടയിലും സ്വന്തം പട്ടണത്തിലും പ്രവാചകന്‍ നിന്ദിതനാണ്.എന്നാല്‍ അദ്ദേഹം സ്വന്തം പട്ടണത്തിനു പുറത്ത് ദൈവജനത്താല്‍ മാനിതനാണ്. അതിപരിചയം അവജ്ഞയെ ഉളവാക്കുന്നു. അതുകൊണ്ട് യേശുവിനു തന്റെ സ്വന്തം പട്ടണത്തില്‍ അധികം വീര്യപ്രവൃത്തികളെ ചെയ്‌വാന്‍ കഴിഞ്ഞില്ല (6.5). ഒരു ദൈവമനുഷ്യനെ നിങ്ങള്‍ വിലമതിക്കുന്നില്ലെങ്കില്‍ അയാളെക്കൊണ്ടു മറ്റുള്ളവര്‍ക്കു ലഭിക്കുന്ന അനുഗ്രഹം ഒരിക്കലും നിങ്ങള്‍ക്കു കിട്ടിയെന്നു വരില്ല. ആളുകളുടെ അവിശ്വാസം കാരണമായി തന്റെ പട്ടണക്കാരുടെ എല്ലാ ആവശ്യങ്ങളും യേശുവിനു നിറവേറ്റാന്‍ കഴിഞ്ഞില്ല. നമ്മുടെ അവിശ്വാസത്താല്‍ നമുക്കു യേശുവിന്റെ കരങ്ങളെ ബന്ധിക്കുവാന്‍ കഴിയും. അവിടുന്നു നമുക്കുവേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നതു പോലും നമുക്കു തരുവാന്‍ യേശുവിനു കഴിയുകയില്ല.


മനുഷ്യരുടെ പാരമ്പര്യങ്ങളെ തള്ളിക്കളയുന്നു


7-ാം അദ്ധ്യായത്തില്‍ ദൈവവചനത്തെക്കാള്‍ തങ്ങളുടെ സമ്പ്രദായങ്ങളെ വിലമതിക്കയാല്‍ പരീശന്മാരെ യേശു ശാസിക്കുന്നു. ക്രൈസ്തവ മതഭക്തന്മാരെ സംബന്ധിച്ചും ഇതു സത്യമാണ്. യേശുവിന്റെ കാലഘട്ടത്തില്‍ യേശു നേരിട്ട ഏറ്റവും വലിയ സംഘര്‍ഷം ഇക്കാര്യത്തിലായിരുന്നു: മുന്‍ഗാമികളുടെ പാരമ്പര്യത്തെ മുറുകെ പ്പിടിച്ച പരീശ മതത്തോട് വചനത്തെ മുറുകെപ്പിടിച്ച യേശുവിനുണ്ടായ വിയോജിപ്പ്. ക്രൈസ്തവ ലോകത്തിലും ഈ സംഘര്‍ഷം തുടരുന്നു. അധികം ക്രിസ്ത്യാനികളും തങ്ങളുടെ പൂര്‍വികര്‍ വിശ്വസിക്കയും ആചരിക്കയും ചെയ്തുപോന്നതിനെ അതു ദൈവവചനത്തിനു നിരക്കുന്നതാണോ എന്നുപോലും ശ്രദ്ധിക്കാന്‍ മെനക്കെടാതെ അന്ധമായി ആചരിച്ചുപോകുന്നു. ഇത്തരം പാരമ്പര്യങ്ങളും സമ്പ്രദായങ്ങളും പടിപടിയായി മൂന്നു ഘട്ടങ്ങളിലൂടെ ഒരു സമ്പൂര്‍ണ പതനത്തിലെത്തിക്കുമെന്ന് യേശു മുന്നറിയിപ്പു നല്‍കുന്നു. (1) അതു ദൈവകല്പനകളെ അവഗണിക്കുന്നതിലേക്കു നയിക്കും (വാ.8). (2) തുടര്‍ന്നു ദൈവകല്പനകളെ ഒഴിവാക്കിത്തുടങ്ങും (വാ. 9 ). 3) അവസാനമായി ദൈവകല്പനയെ തീര്‍ത്തും ഉപേക്ഷിക്കും (വാ. 13)- ഇതാണ് അപകടം. അതുകൊണ്ടുതന്നെ നാം ആചരിക്കുന്ന പാരമ്പര്യങ്ങളും മത സമ്പ്രദായങ്ങളും ദൈവവചന വെളിച്ചത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. വചനാടിസ്ഥാനമില്ലാത്തവയെ ഉപേക്ഷിക്കുവാന്‍ എത്രയധികം ആളുകള്‍ എതിര്‍ത്താലും നാം മനസ്സുവയ്ക്കണം. മത സമ്പ്രദായങ്ങളും സഭാ പാരമ്പര്യങ്ങളുമാണ് ഇന്നും പരീശന്മാരെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഭൗതിക കാര്യങ്ങളിലേക്കു വരുമ്പോള്‍ നാം എങ്ങനെ പെരുമാറുന്നുവെന്നു ചിന്തിച്ചു നോക്കാം. നമുക്കു രോഗം വരുമ്പോള്‍ നാം ഒരിക്കലും നമ്മുടെ മുത്തച്ഛന്മാര്‍ പോയിരുന്ന വൈദ്യന്മാരുടെയടുക്കല്‍ പോകാറില്ല. കാരണം ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ സുലഭമായിട്ടുണ്ട്. നാം നമ്മുടെ കുട്ടികളെ സ്‌കൂളിലേക്കയയ്ക്കുമ്പോള്‍ നമ്മുടെ മുത്തച്ഛന്മാര്‍ പോയിരുന്ന ആശാന്‍മാരുടെയടുക്കല്‍ അയയ്ക്കാറില്ല. കാരണം ഏറ്റവും പരിഷ്‌കൃതമായ വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ നമുക്കു സുലഭമായിട്ടുണ്ട്. എന്നാല്‍ ആത്മീയകാര്യങ്ങളിലേക്കു നാം നമ്മുടെ മുത്തച്ഛന്മാരുടെ പാത മാത്രമേ താത്പര്യപ്പെടുന്നുള്ളു. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ലത് എന്തെന്ന് അന്വേഷിക്കാത്തത്.? കാരണം വീണ്ടും ജനിച്ചവരെന്ന് അവകാശപ്പെടുന്നവര്‍ പോലും ലക്ഷ്യം വച്ചിരിക്കുന്നത് ഇഹത്തിലാണ്. അവരുടെ മനസ്സ് ആത്മീയമനസ്സല്ല ജഡിക മനസ്സാണ്. ഭൗതികമായി ഏറ്റവും നല്ലതൊക്കെ അവര്‍ക്കു വേണം. ആത്മീയ കാര്യങ്ങളില്‍ ആ താല്‍പര്യമില്ല. തങ്ങളുടെ ആരോഗ്യകാര്യത്തിലും മറ്റും തങ്ങള്‍ക്കുള്ള താല്‍പര്യം ആത്മീയ കാര്യങ്ങളിലുണ്ടായിരുന്നെങ്കില്‍ ഏറ്റവും ആത്മീയമായ സഭ അവര്‍ അന്വേഷിച്ചു കണ്ടെത്തുമായിരുന്നു- അവരുടെ പിതാക്കന്മാര്‍ പോയിരുന്നതല്ലെങ്കിലും. എന്നാല്‍ എത്ര വിശ്വാസികള്‍ക്ക് അതിനുള്ള ധൈര്യമുണ്ട്? ഒരുപക്ഷേ നൂറിലൊരാള്‍ കണ്ടേക്കുമായിരിക്കും. മറ്റെല്ലാവരും തന്നെ യേശുവിന്റെ കാലത്തെ പരീശന്മാരെപ്പോലെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളെ പിന്തുടരുന്നവരാണ്. അതുകൊണ്ടാണവര്‍ തങ്ങളുടെ ജീവിതത്തില്‍ വളര്‍ച്ച മുരടിച്ച് ദൈവഹിതത്തില്‍ നിന്നകന്നു പോകുന്നത്.

ദൈവവചനത്തിനു വിരുദ്ധമായ എല്ലാ പാരമ്പര്യങ്ങളെയും ഉപേക്ഷിക്കുവാനുള്ള ധൈര്യമുള്ളവരായിത്തീരുവാന്‍ ഈ തലമുറയിലെ യുവജനങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു. അപ്പോള്‍ മാത്രമേ എല്ലാ കാര്യങ്ങളിലും യേശുവിനെ അനുഗമിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയൂ. ഏതു സഭയിലാണ് നിങ്ങള്‍ ചേരേണ്ടതെന്നു പറയുകയല്ല എന്റെ ലക്ഷ്യം. നിങ്ങള്‍ താമസിക്കുന്ന പട്ടണത്തിലോ സമീപത്തോ ഉള്ള ഏറ്റവും നല്ല ക്രിസ്തുശിഷ്യന്മാരുടെ കൂട്ടത്തില്‍ ചേരുക. അവരുടെ കൂട്ടം ഏതു പേരില്‍ അറിയപ്പെട്ടിരുന്നാലും.

ഞാന്‍ അങ്ങനെ ചെയ്യുവാനായിരിക്കും താത്പര്യപ്പെടുക. എന്റെ കൂറും ഭക്തിയും യേശുക്രിസ്തുവിനോടാണ്. ഞാന്‍ നട്ടു പരിപാലിക്കുന്ന സഭകളോടല്ല. സഭാവിഭാഗങ്ങളിലും സമുദായങ്ങളിലും എനിക്കു വിശ്വാസമില്ല. വെളിപ്പാട് 1-3 അദ്ധ്യായങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതുപോലെയുള്ള പ്രാദേശിക സഭകളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ എന്റെ സഭകളിലുള്ള സഹോദരന്മാരോട് ഇങ്ങനെ പറയാറുണ്ട്: നിങ്ങള്‍ മറ്റ് ഏതെങ്കിലും സ്ഥലത്തോ പട്ടണത്തിലോ പോകുമ്പോള്‍ ആ പട്ടണത്തിലുള്ള നമ്മുടെ സഭയേക്കാള്‍ ആത്മീയ നിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റേതെങ്കിലും ഒരു സഭ കണ്ടെത്തുകയാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അവിടെത്തന്നെയായിരിക്കണം പോകേണ്ടത്. നമ്മുടെ സഭയിലായിരിക്കരുത്. ഓരോ പ്രാദേശിക സഭയുടെ നിലവാരവും അവിടുത്തെ നേതൃത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്.

7:10-11-ല്‍ നമ്മുടെ മാതാപിതാക്കള്‍ വൃദ്ധരായിരിക്കുമ്പോള്‍ അവര്‍ക്കു സഹായം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു പറയുന്നു. അക്കാലത്ത് ആത്മീയതയുടെ അതിപ്രസരത്താല്‍ (ഇക്കാലത്തും) ചിലര്‍ മാതാപിതാക്കളോട് ഇങ്ങനെ പറയുമായിരുന്നു: ”ഞാന്‍ ദൈവശുശ്രൂഷയിലായിരിക്കുന്നതിനാല്‍ നിങ്ങളെ ഒരു തരത്തിലും സഹായിക്കുവാന്‍ എനിക്കു കഴിയില്ല. അതില്‍ എനിക്കു ദുഃഖമുണ്ട്.” യേശു പറഞ്ഞു: ”അതു ദൈവവചനത്തെ നിഷേധിക്കലാണ്” (വാ. 13). നാം നമ്മുടെ വൃദ്ധ മാതാപിതാക്കളെ സഹായിച്ചേ മതിയാവൂ. ”ഞാന്‍ ദൈവവേലയ്ക്കു കൊടുത്തുപോയി. ഇനി നിങ്ങള്‍ക്കു തരുവാനൊന്നുമില്ല” എന്ന് അവരോടു പറയുവാന്‍ പാടില്ല. മാതാപിതാക്കളെ സഹായിക്കുന്നതും കൂടി ഉള്‍പ്പെട്ടതായിരിക്കണം നമ്മുടെ ദൈവശുശ്രൂഷ. നിങ്ങള്‍ വീടുവിട്ടുപോയശേഷം നിങ്ങള്‍ക്കു മാതാപിതാക്കളെ അനുസരിക്കേണ്ടതായിട്ടില്ല. അവര്‍ക്കു നിങ്ങളുടെ ശുശ്രൂഷകളില്‍ തടസ്സം സൃഷ്ടിക്കാനും കഴിയില്ല. പക്ഷേ അവരെ സാമ്പത്തികമായും ശാരീരികമായും സഹായിക്കേണ്ടത് അവശ്യമാണ്.

മൂന്നു തരം ക്രിസ്ത്യാനികള്‍

മൂന്നു തരത്തിലുള്ള പുളിപ്പുകളെ സൂക്ഷിക്കണമെന്നു യേശു തന്റെ ശിഷ്യന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി. മത്തായി 16:11-ല്‍ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവിനെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പു നല്‍കുന്നു. ഇവിടെ ഹെരോദാവിന്റെ പുളിച്ച മാവിെനതിരെയും മുന്നറിയിപ്പു നല്‍കുന്നതായി നാം കാണുന്നു. എന്തൊക്കെയാണീ പുളിപ്പുകള്‍?

എല്ലാ ഉപദേശവും കിറുകൃത്യമായി സൂക്ഷിക്കുന്ന വചനവാദികളായിരുന്നു പരീശന്മാര്‍. (മത്താ. 23:3-ല്‍ യേശു തന്നെ അവര്‍ക്കു അംഗീകാരപത്രം നല്‍കുന്നതു ശ്രദ്ധിക്കുക). സദൂക്യര്‍ യേശുവിന്റെ കാലഘട്ടത്തിലെ സ്വാതന്ത്ര്യവാദികളായിരുന്നു. അവര്‍ അത്ഭുതങ്ങളിലും ആത്മാവിലും പുനരുത്ഥാനത്തിലുമൊന്നും വിശ്വസിച്ചിരുന്നില്ല. ഹെരോദ്യര്‍ ഹെരോദാവിന്റെ അനുയായികളായിരുന്നു. അവര്‍ തികച്ചും ലൗകികരായിരുന്നു. ഹെരോദാവിന് ഒരേസമയം യോഹന്നാന്‍ സ്‌നാപകന്റെ ഞെട്ടിപ്പിക്കുന്ന പ്രസംഗവും ശലോമിയുടെ അല്പ വസ്ത്രമണിഞ്ഞുള്ള അശ്ലീലനൃത്തവും ആസ്വദിക്കാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല (മര്‍ക്കൊ. 6:20-22) – ഇന്നു ഞായറാഴ്ച ക്രിസ്ത്യാനികള്‍ നല്ല ഒരു ആരാധനയ്ക്കുശേഷം വീട്ടില്‍വന്ന് ഒരു മസാലചിത്രം അതിന്റെ എല്ലാ എരിവോടും പുളിയോടും ആസ്വദിക്കുന്നതുപോലെ.

ഈ മൂന്നു തരത്തിലുള്ള ക്രിസ്ത്യാനികളും ഇന്നു നിലവിലുണ്ട്- വചനവാദികള്‍, സ്വാതന്ത്ര്യവാദികള്‍, ലൗകികര്‍. എന്നാല്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതാണ് യേശുവിനെ ഏറ്റവുമധികം എതിര്‍ത്തിരുന്നതു സദൂക്യരും ഹെരോദ്യരുമായിരുന്നില്ല പരീശന്മാരായിരുന്നു. വചനവാദികളായിരുന്നു ഏറ്റവും വലിയ കാപട്യക്കാര്‍. ഇത് ഇന്നും സത്യമാണ്. കപടഭക്തന്മാര്‍ ഏറ്റവുമധികമുള്ളത് ലൗകിക ക്രിസ്ത്യാനികളിലും മിതവാദികളായ ക്രിസ്ത്യാനികളിലുമല്ല. മറിച്ച് യാഥാസ്ഥിതികരായ വചനാനുസാരികളിലാണ്. തങ്ങളുടെ ഉപദേശങ്ങളെല്ലാം ക്യതൃമാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ തങ്ങളെത്രമാത്രം കാപട്യത്തിലാണു ജീവിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. നിയമത്തെ മുറുകെപിടിക്കുന്ന തങ്ങളുടെ മനോഭാവത്തിനെതിരെ പരിശുദ്ധാത്മാവു നല്‍കുന്ന ഉണര്‍ത്തലുകളോടു പ്രതികരിക്കാന്‍ കൂടി അവര്‍ക്കു കഴിയുന്നില്ല. അതുകൊണ്ടുതന്നെ അതില്‍നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനും കഴിയുന്നില്ല. ഇന്നും യേശു അവരുമായി സംഘര്‍ഷത്തിലാണ്-രണ്ടായിരം വര്‍ഷം മുന്‍പായിരുന്നതുപോല തന്നെ.

മര്‍ക്കൊസ് 8:23-26-ല്‍ രോഗസൗഖ്യം സംബന്ധിച്ച ഒരു പ്രധാനപ്പെട്ട ഉപദേശം നാം കണ്ടെത്തുന്നു. അവിടെ അന്ധനായ ഒരാള്‍ക്കുവേണ്ടി യേശു പ്രാര്‍ത്ഥിച്ചു. എങ്കിലും അയാള്‍ പൂര്‍ണ്ണമായും സൗഖ്യമായില്ല. യേശു ചോദിച്ചു: ”നിനക്കു വ്യക്തമായിക്കാണാമോ?” ”ഇല്ല, ഞാന്‍ മനുഷ്യരെ മരങ്ങളെപ്പോലെയാണ് കാണുന്നത്.” അയാള്‍ മറുപടി പറഞ്ഞു.

യേശു ഇന്നത്തെ ചില ശുശ്രൂഷകരെപ്പോലെയായിരുന്നുവെങ്കില്‍ ഇങ്ങനെ പറയുമായിരുന്നു: ”അങ്ങനെയല്ല നിങ്ങള്‍ ശുഭകരമായ ഏറ്റുപറച്ചിലാണ് നടത്തേണ്ടത്. ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയെക്കുറിച്ച് ഒന്നും പറയണ്ടാ. നിങ്ങള്‍ പൂര്‍ണ്ണസൗഖ്യം ലഭിച്ചതായി വിശ്വസിക്കയും അങ്ങനെതന്നെ ഏറ്റുപറയുകയും ചെയ്യുക. എങ്കില്‍ മാത്രമേ സൗഖ്യം പ്രാപിക്കയുള്ളു.” എന്നാല്‍ യേശു അങ്ങനെ പറഞ്ഞില്ല. കാരണം, യേശുവിനു കള്ളം പറയുവാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. യേശു വീണ്ടും പ്രാര്‍ത്ഥിക്കയും അവനു പൂര്‍ണ്ണസൗഖ്യം ലഭിക്കുകയും ചെയ്തു. എന്തുകൊണ്ടായിരുന്നു യേശു അവനെ ഇപ്രകാരം സൗഖ്യമാക്കിയത്?

മറ്റെല്ലാ അവസരങ്ങളിലും ഒരു സ്പര്‍ശനംകൊണ്ടോ വാക്കുകൊണ്ടോ പൂര്‍ണ്ണസൗഖ്യം വരുത്തുകയായിരുന്നു പതിവ്. ഇവിടെ എന്തുകൊണ്ടാണ് ഒരു രണ്ടാം സ്പര്‍ശനം ആവശ്യമായി വന്നത്? യേശു അറിഞ്ഞിരുന്നു, ഇരുപതാം നൂറ്റാണ്ടില്‍ സൗഖ്യശുശ്രൂഷകര്‍ ചുറ്റിനടന്ന് സൗഖ്യം ലഭിക്കാത്ത ആളുകളെക്കൊണ്ടു സൗഖ്യം ലഭിച്ചുവെന്നു സാക്ഷ്യം പറയിക്കുമെന്ന്.

ശുഭാത്മകമായ ഏറ്റുപറച്ചില്‍ (Positive Confession) നടത്തുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും കള്ളം പറയരുതെന്നും യേശു പഠിപ്പിച്ചു. മനുഷ്യരെ മരങ്ങളെപ്പോലെയെങ്കിലും കാണുന്ന കാഴ്ച ലഭിച്ച സാഹചര്യത്തില്‍ പോലും വ്യക്തമായിക്കാണാം എന്നു നമുക്കു പറയേണ്ടതില്ല. ഇന്നു ക്രൈസ്തവലോകത്തു പ്രചരിപ്പിക്കുന്ന വിശ്വാസസംബന്ധമായ ഉപദേശങ്ങള്‍ കേട്ടു നാം കുഴങ്ങേണ്ടതില്ല. വിശ്വാസം എന്നത് ശുഭാത്മകമായ ഏറ്റുപറച്ചില്‍ അല്ല. ദൈവം എനിക്കു നല്‍കിയ വാഗ്ദാനം ഏറ്റുപറയുന്നതാണ് വിശ്വാസം. നമുക്കു സൗഖ്യം ലഭിച്ചിട്ടില്ലെങ്കില്‍ അതു സത്യസന്ധമായി ഏറ്റുപറകയും സൗഖ്യത്തിനായി ദൈവത്തെ അന്വേഷിക്കയും ചെയ്യുക.

മര്‍ക്കൊസ് 8:33ല്‍ യേശു മറ്റാരെയും ശാസിച്ചതിനേക്കാള്‍ കടുത്ത വാക്കുകള്‍കൊണ്ട് പത്രൊസിനെ ശാസിക്കുന്നതായി നാം കാണുന്നു ”സാത്താനേ, എന്റെ പിന്നില്‍ പോകുക” എന്ന വാക്കുകള്‍ എന്തുകൊണ്ടായിരിക്കാം യേശു ഉപയോഗിച്ചത്? യേശുവിന് അങ്ങനെ നമ്മോട് എപ്പോഴെങ്കിലും പറയേണ്ടി വന്നിട്ടുണ്ടാവുമോ? നാമും പത്രോസിനെക്കാള്‍ ഒട്ടും മെച്ചമല്ല. യേശുവിനെ അനുഗമിക്കാന്‍ എല്ലാം വിട്ടുവന്നവനാണ് പത്രൊസ്. എങ്കിലും പത്രോസിനെ സാത്താന്‍ വഞ്ചിച്ചു. ആരെയാണ് പിശാച് വഞ്ചിക്കുന്നത്? അതിന്റെ ഉത്തരം നമുക്കറിയാമെങ്കില്‍ വഞ്ചനയില്‍ നിന്നും രക്ഷപെടാന്‍ നമുക്ക് കഴിയും. സാത്താനാല്‍ വഞ്ചിക്കപ്പെടുന്ന ഒരു വ്യക്തിയുടെ അടയാളം എന്ത്? ഈ ചോദ്യത്തിനുത്തരവും ഈ വാക്യത്തില്‍ത്തന്നെയുണ്ട്: ദൈവത്തിന്റെ താല്‍പര്യങ്ങള്‍ക്കുപരി മനുഷ്യന്റെ താല്‍പര്യങ്ങളില്‍ മനസ്സുവച്ചിരിക്കുന്നവന്‍. ദൈവത്തിന്റെ താല്‍പര്യങ്ങള്‍ക്കുപരി സ്വന്തം താല്‍പര്യങ്ങളില്‍ മനസ്സു വച്ചിരിക്കുന്ന ഏതൊരു ക്രിസ്തീയ ശുശ്രൂഷകനും സാത്താനാല്‍ വഞ്ചിക്കപ്പെടും. നിങ്ങള്‍ വീണ്ടും ജനനം പ്രാപിച്ച് പരിശുദ്ധാത്മ സ്‌നാനം ലഭിച്ച ഒരാളായിരിക്കാം. പക്ഷേ നിങ്ങളുടെ മനസ്സ് സ്വന്തം നേട്ടങ്ങളിലും സ്വന്തം താല്‍പര്യങ്ങളിലുമാണ് വച്ചിരിക്കുന്നതെങ്കില്‍ നിങ്ങളെ സാത്താന്‍ നിരന്തരം വഞ്ചിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ ദൈവത്തെയല്ല, നിങ്ങളെത്തന്നെ സ്‌നേഹിക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തെയാണ് സ്‌നേഹിക്കുന്നതെന്ന സങ്കല്പത്തില്‍ നിങ്ങളെ നിലനിര്‍ത്തുവാന്‍ അവനു കഴിയും. പൗലൊസിന്റെ കാലഘട്ടത്തില്‍ അത്തരക്കാര്‍ ധാരാളമുണ്ടായിരുന്നു. സ്വാര്‍ത്ഥം അന്വേഷിച്ചു ദൈവശുശ്രൂഷ ചെയ്യുന്നവര്‍. തിമൊഥെയോസ് അതിനൊരപവാദമായിരുന്നു (ഫിലി. 2:19-21). എല്ലായ്‌പ്പോഴും സ്വന്തം താല്‍പര്യത്തെക്കാള്‍, സ്വന്ത നേട്ടങ്ങളെക്കാള്‍, സ്വന്ത ലാഭത്തെക്കാള്‍ ദൈവതാല്‍പര്യത്തില്‍ മനസ്സുവയ്ക്കുക എന്നതു മാത്രമാണ് വഞ്ചനയില്‍നിന്നു രക്ഷ നേടാനുള്ള ഏക വഴി.


ദൈവരാജ്യം ശക്തിയോടെ വരുന്നു


9:1-ല്‍ യേശു പറഞ്ഞു ”ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നില്‍ക്കുന്നവരുടെ ഇടയിലുണ്ട്.” അതു പെന്തക്കോസ്തുനാളില്‍ സംഭവിക്കയും അവിടെ നിന്നവരില്‍ ചിലര്‍ അത് അനുഭവിക്കുകയും ചെയ്തു. പെന്തക്കോസ്തു നാളില്‍ 120 പേരിലേക്ക് ദൈവത്തിന്റെ ശക്തി ഇറങ്ങിവന്നു (അ.പ്ര. 1:8). പരിശുദ്ധാത്മാവ് ദൈവരാജ്യത്തെ ഭൂമിയിലേക്ക് കൊണ്ടുവന്നു (റോമ. 14:17). യേശു പെന്തക്കോസ്ത് നാളിനെക്കുറിച്ചാണ് ശക്തിയോടെ വരുന്ന ദൈവരാജ്യമെന്നും ശക്തിയോടെ വരുന്ന സ്വര്‍ഗ്ഗീയഭരണകൂടമെന്നുമൊക്കെ ഇവിടെ പറയുന്നത്. അങ്ങനെ പൈശാചിക ഭരണകൂടങ്ങളുടെ മദ്ധ്യത്തില്‍ ദൈവരാജ്യമായി സഭ ശക്തിയോടെ നിലകൊള്ളണമെന്നാണ് യേശു ആഗ്രഹിച്ചത്.

9-ാം അദ്ധ്യായത്തില്‍ യേശു മൂന്നു ശിഷ്യന്മാരോടൊപ്പം മറുരൂപമലയില്‍ കയറി രൂപാന്തരപ്പെടുന്നതായി നാം വായിക്കുന്നു. അപ്പോള്‍ മോശെയെയും ഏലിയാവെയും കണ്ട പത്രോസ് യേശുവിനും മോശെയ്ക്കും ഏലിയാവിനും മൂന്ന് കുടിലുകള്‍ ഉണ്ടാക്കാമെന്ന് ആനന്ദാതിരേകത്താല്‍ വിളിച്ചു പറഞ്ഞു (വാക്യം. 5). പെട്ടെന്ന് ഒരു മേഘം അവരെ മറച്ചു. ”എന്റെ പുത്രനെ മോശെയ്ക്കും ഏലിയാവിനുമൊപ്പം കാണരുത്. ഇതാ എന്റെ പുത്രന്‍. അവനെ ശ്രദ്ധിപ്പീന്‍.” എന്നു ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നും പറയുന്നത് അവന്‍ കേട്ടു. നമുക്കുള്ള സന്ദേശം ഇവിടെ എന്താണ്? ഒരു ദൈവമനുഷ്യനാല്‍ നാം എത്ര അനുഗൃഹീതനായിത്തീര്‍ന്നാലും കര്‍ത്താവിനും നമുക്കുമിടയില്‍ ഒരു മനുഷ്യന്‍ കടന്നു വരുമ്പോള്‍ ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിലേക്ക് ഒരു മേഘത്തിന്റെ കരിനിഴല്‍ വീഴുകയാണ്. എന്തുകൊണ്ടാണ് അനേകം വിശ്വാസികളുടെ ജീവിതത്തിലും ദര്‍ശനത്തിന് ഒരു മങ്ങല്‍ കാണപ്പെടുന്നത്? കാരണം അവരുടെ നോട്ടം യേശുവിലേയ്ക്കല്ല, പകരം ഒരു ദൈവമനുഷ്യനിലേക്ക് ആയിത്തീര്‍ന്നിരിക്കുന്നു. അവര്‍ യേശുവിനെയല്ല ഒരു മനുഷ്യനെയത്രേ കേള്‍ക്കുന്നത്. നാം ദൈവഭക്തന്മാരായ ആളുകളെ ബഹുമാനിക്കുക തന്നെ വേണം. എന്നാല്‍ നമ്മുടെ ക്രിസ്തീയജീവിതമാകുന്ന ഓട്ടം യേശുവിങ്കലേക്കു തന്നെ നോക്കി ഓടേണ്ടതായിട്ടുണ്ട് (വാ.8).

9:20-29ല്‍ എങ്ങനെയാണ് ഒരു പിതാവിന്റെ വിശ്വാസം ഭൂതഗ്രസ്തനായ ഒരു മകന് മോചനത്തിനു കാരണമായതെന്നു കാണുന്നു. ശിഷ്യന്മാര്‍ യേശുവിനോടു തങ്ങള്‍ക്കെന്തുകൊണ്ടാണതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞതെന്നു ചോദിച്ചു. ”നിങ്ങള്‍ക്കു വിശ്വാസമില്ലായ്കയാലാണ് അതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞത്” എന്ന് യേശു ഉത്തരമായി പറഞ്ഞു. ”നിങ്ങള്‍ ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ചെയ്യായ്കയാലാണ് നിങ്ങള്‍ക്കു വിശ്വാസമില്ലാത്തത്”(മത്താ. 17:20,21). ഓരോ ഭൂതത്തിന്റെയും ശക്തി വ്യത്യസ്തമായ അളവുകളിലാണ്. ചില ഭൂതങ്ങളെ പ്രാര്‍ത്ഥനയാലും ഉപവാസത്താലും പ്രാപിക്കുന്ന വിശ്വാസത്തിന്റെ ആത്മശക്തി കൂടാതെ പുറത്താക്കാന്‍ കഴിയില്ല. അതു വിശദീകരിക്കാന്‍ ഞാന്‍ അശക്തനാണ്. പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും യുക്തി എന്തെന്നു വിശദീകരിക്കാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിന്റെ ശക്തി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. യേശു പറഞ്ഞതൊക്കെയും ഞാന്‍ ലളിതമായി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.


പാപത്തിന്റെ ഗൗരവം


9:43 -48 ല്‍ യേശു പറഞ്ഞു: ”നിന്റെ കൈ നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞു കളക. രണ്ടു കൈയും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനെക്കാള്‍ അംഗഹീനനായി ജീവനില്‍ കടക്കുന്നതു നിനക്കു നന്ന്. നിന്റെ കാല് നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളക. രണ്ടു കാലും ഉള്ളവനായി നരകാഗ്നിയില്‍ പതിക്കുന്നതിനേക്കാള്‍ ഒറ്റക്കാലുള്ളവനായി ജീവനില്‍ കടക്കുന്നതു നല്ലത്. നിന്റെ കണ്ണു നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ ചൂഴ്‌ന്നെടുത്തു കളക. രണ്ടു കണ്ണും ഉള്ളവനായി നരകത്തില്‍ പോകുന്നതിനേക്കാള്‍ ഒറ്റക്കണ്ണുള്ളവനായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതു നിനക്കു നല്ലത്.”

യേശു മറ്റാരെക്കാളുമധികം നരകത്തെക്കുറിച്ചു സംസാരിച്ചു. കാരണം, അതിന്റെ യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞ ഏക വ്യക്തി അവിടുന്നായിരുന്നല്ലോ. തീയും പുഴുവും ഒരിക്കലും ഇല്ലാതാകാത്ത ഒരിടം എന്നാണ് യേശു നരകത്തെക്കുറിച്ചു പറഞ്ഞത്. തീയില്‍ എങ്ങനെയാണ് പുഴുക്കള്‍ നശിക്കാതിരിക്കുക? എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്റെ ഉത്തരം: എനിക്കതു കണ്ടുപിടിക്കാന്‍ വലിയ താല്‍പര്യമില്ല. നരകത്തിലേക്കു പോകുന്നവര്‍ അതു കണ്ടുകൊള്ളും എന്നു മാത്രമാണ്. കയ്യുകൊണ്ടും കണ്ണുകൊണ്ടും പാപം ചെയ്യുന്നവര്‍ തങ്ങളുടെ പാപം വിട്ടു തിരിയുന്നില്ലെങ്കില്‍ അവര്‍ നരകത്തില്‍ത്തന്നെ പോകും എന്ന് യേശു പഠിപ്പിച്ചു. പാപികള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ അപകടമെന്തെന്ന് ആരെക്കാളുമധികം യേശു അറിഞ്ഞിരുന്നു. ദൈവത്തിന്റെ യഥാര്‍ത്ഥ ഭൃത്യന്മാര്‍ നരകത്തെക്കുറിച്ചു സംസാരിക്കുകതന്നെ ചെയ്യും- കാരണം, യേശു അതു സംസാരിച്ചതുകൊണ്ട്. നമുക്കു നരകത്തിന്റെ എല്ലാ വിശദാംശങ്ങളും വിശദീകരണങ്ങളും അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല. അതു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടു നാം ആളുകള്‍ക്ക് അതിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കേണ്ടിയിരിക്കുന്നു.

9:49-ല്‍ യേശു പറഞ്ഞു: ”എല്ലാവനും തീകൊണ്ട് ഉപ്പിടും.” ഏതു മനുഷ്യനും രണ്ടില്‍ ഏതെങ്കിലും ഒരു തീ ഉള്ളിലുള്ളവരാകണം എന്നാണ് ഞാന്‍ ആവാക്യത്തില്‍ നിന്നും മനസ്സിലാക്കുന്നത്. സ്വര്‍ഗ്ഗത്തിന്റെ അഗ്നിയോ അല്ലെങ്കില്‍ നരകാഗ്നിയോ. അത് ഓരോരുത്തരും സ്വയം തെരഞ്ഞെടുക്കുന്നതാണ്. ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അഗ്നി തെരഞ്ഞെടുത്തിരിക്കുന്നു. യേശുവിനെക്കുറിച്ചു പ്രവചിച്ചു പറഞ്ഞപ്പോള്‍ യോഹന്നാന്‍ സ്‌നാപകന്‍ ഇങ്ങനെ പറഞ്ഞു: ‘യേശു ആളുകളെ തീയില്‍ സ്‌നാനം കഴിപ്പിക്കയും പതിര്‍ കെടാത്ത തീയില്‍ ദഹിപ്പിക്കയും ചെയ്യും’ എന്ന് (മത്താ. 3:11, 12).

10:17-ല്‍ യേശുവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്ന ധനികനായ യുവാവിനെ നാം കാണുന്നു. അവന്‍ ഒരു ധനസ്‌നേഹിയെന്ന് യേശു കണ്ടെത്തിയതുകൊണ്ട് ”നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രര്‍ക്കു കൊടുക്ക”എന്ന് അവനോടു പറഞ്ഞു. യേശു അങ്ങനെയുള്ള വാക്കുകള്‍ എല്ലാവരോടും പറഞ്ഞില്ല. സക്കായി തന്റെ വസ്തുവകകളില്‍ പകുതി ദരിദ്രര്‍ക്കു കൊടുക്കുവാന്‍ തീരുമാനിച്ചു. യേശു അതു സമ്മതിച്ചു (ലൂക്കൊ. 19). മാര്‍ത്തയ്ക്കും മറിയയ്ക്കും ഒരു വീടുണ്ടായിരുന്നു. യേശു ഒരിക്കലും അതു വില്‍ക്കണമെന്ന് അവരോടു പറഞ്ഞില്ല (യോഹ.12). എന്താണ് ഈ വ്യത്യാസം? കാരണം, ധനസ്‌നേഹം അര്‍ബുദവ്യാധി പോലെയാണ്. ചിലരില്‍ അര്‍ബുദരോഗം വളരെ ഗുരുതരമായിരിക്കുന്നതിനാല്‍ ഒരു അവയവം തന്നെ മുറിച്ചു മാറ്റേണ്ട നിലയിലാണ്. മറ്റു ചിലരില്‍ കീമോതെറാപ്പി കൊണ്ടു ഭേദമാക്കാന്‍ കഴിയും. സക്കായിയുടെ നില ധനികനായ യുവാവിന്റെയത്ര ഗുരുതരമായിരുന്നില്ല. മാര്‍ത്തയിലും മറിയയിലും അര്‍ബ്ബുദം ഏറ്റവും താഴ്ന്ന നിലയിലും ആയിരുന്നു. സമ്പത്തെല്ലാം വിട്ടുകളയാനായി കര്‍ത്താവ് എല്ലാവരോടും അവശ്യപ്പെടുന്നില്ല. ആഴത്തില്‍ പടര്‍ന്നിറങ്ങിയ അര്‍ബുദം കാണുന്നിടത്തൊഴികെ. യേശു ശിഷ്യന്മാരോടു പറഞ്ഞു: ”ധനികന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം” എന്ന്. സ്വര്‍ഗ്ഗരാജ്യവും ഭൗമികരാജ്യവും രണ്ടു വിപരീതധ്രുവങ്ങളിലാണ്. നമുക്കു രണ്ടിലൊന്നേ തെരഞ്ഞെടുക്കാന്‍ കഴിയൂ. തുടര്‍ന്നു യേശു തന്നെ ഇങ്ങനെ പറഞ്ഞു: ധനസ്‌നേഹത്തില്‍ നിന്നും ഒരു വ്യക്തിയെ രക്ഷിക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയൂ(10:27).


വിശ്വാസം


11:22-24 വിശ്വാസത്തെക്കുറിച്ച് യേശു പഠിപ്പിച്ചു: നമ്മുടെ പാതയില്‍ ഒരു വലിയ മല തടസ്സമുണ്ടാക്കി നിന്നാലും നാം പിന്‍തിരിയണമെന്ന് അര്‍ത്ഥമില്ല. അതു നമ്മുടെ വിശ്വാസത്തിന് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാം. ആ മലയെ നീക്കിക്കളഞ്ഞുകൊണ്ട് നാം അവിടുത്തെ ഹിതത്തിലെത്തിച്ചേരണമെന്നായിരിക്കാം ദൈവം ആഗ്രഹിക്കുന്നത് (വാ. 23). അത്ഭുതകരങ്ങളായ രണ്ടു പ്രസ്താവനകള്‍ മര്‍ക്കൊസിന്റെ സുവിശേഷത്തിലുണ്ട്. അവ ചേര്‍ത്തു വയ്ക്കുമ്പോള്‍ സത്യം അവയ്ക്കിടയിലൂടെ കണ്ടെത്തുവാന്‍ കഴിയും.
”ദൈവത്തിന് എല്ലാം സാദ്ധ്യമാണ്” (10:27).
”വിശ്വസിക്കുന്നവന് എല്ലാം സാദ്ധ്യമാണ്” (9:23).
ഇതില്‍ ഒന്നാമത്തെ പ്രസ്താവന എല്ലാ വിശ്വാസികളും വിശ്വസിക്കുന്നുണ്ടാവും. പക്ഷേ രണ്ടാമത്തെ പ്രസ്താവനയിലുള്ള വിശ്വാസമാണ് നമ്മുടെ ജീവിതത്തിലും ശുശ്രൂഷയിലും ദൈവത്തിന്റെ ശക്തി വ്യാപരിക്കുവാന്‍ കാരണമായിത്തീരുന്നത്. നമുക്കു വിശ്വാസത്തിന്റെ വലിയ കുറവുണ്ടെന്നു നാം ഏറ്റുപറയും. അതുകൊണ്ടുതന്നെ അധികം വിശ്വാസത്തിനു വേണ്ടിത്തന്നെയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. കാരണം, വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നതല്ല (എബ്രാ. 11:6). നമ്മുടെ ജീവിതത്തിലും ശുശ്രൂഷയിലും സമൂലമായ വ്യത്യാസം വരുത്താന്‍ കഴിയുന്ന ഒന്നത്രേ വിശ്വാസം.

വിശ്വാസത്തിനുള്ള ഏറ്റവും വലിയ തടസ്സം എന്തെന്നു യേശു പറയുന്നു- ക്ഷമിക്കാന്‍ കഴിയാത്തത് (11:25,26). നമുക്കു ക്ഷമിക്കാന്‍ കഴിയാത്ത ഒരാത്മാവെങ്കിലും ഈ ഭൂമുഖത്ത് എവിടെയെങ്കിലുമുണ്ടെങ്കില്‍ അതു നമ്മുടെ വിശ്വാസത്തില്‍ ചോര്‍ച്ചയുണ്ടാക്കും. നമ്മുടെ രക്ഷയും നഷ്ടപ്പെടും.

12:17-ല്‍ മനുഷ്യരോടുള്ള നമ്മുടെ കടങ്ങള്‍ തീര്‍ത്തിട്ടല്ലാതെ നമുക്കു ദൈവത്തിന് ഒന്നും നല്‍കാന്‍ കഴിയില്ല. കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും. കൈസരുടെയോ മറ്റാരുടെയെങ്കിലുമോ ആയതൊന്നും ദൈവത്തിന് ആവശ്യമില്ല. ഒന്നാമതു മനുഷ്യര്‍ക്കുള്ള കടങ്ങള്‍ കൊടുത്തു തീര്‍ക്കുക.

12:42-44-ല്‍ രണ്ടു ചില്ലിക്കാശ് ഭണ്ഡാരത്തിലിട്ട ഒരു വിധവയെക്കുറിച്ചു നാം വായിക്കുന്നു. യേശു ഭണ്ഡാരത്തിനരികിലിരുന്ന് ആളുകള്‍ ഭണ്ഡാരത്തില്‍ പണമിടുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. എത്രയിടുന്നു എന്നല്ല എങ്ങനെയിടുന്നു എന്ന്. പഴയനിയമത്തില്‍ എത്രയിടുന്നു എന്നതിനായിരുന്നു പ്രാധാന്യം. പത്തിലൊന്ന് നല്‍കേണ്ടിയിരുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ എങ്ങനെയിടുന്നു എന്നതിനാണു പ്രാധാന്യം. വിധവയെപ്പോലെ ത്യാഗമനസ്സോടെയും സന്തോഷത്തോടെയുമാണോ നല്‍കുന്നത്? അതാണു കര്‍ത്താവ് നോക്കുന്നത്.

14:34-36-ല്‍ ഗത്‌സെമനയില്‍ വച്ച് യേശു പത്രോസ്, യാക്കോബ് യോഹന്നാനോട് പറഞ്ഞു: എന്റെയുള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു. പിന്നെ യേശു കവിണ്ണുവീണ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ”അബ്ബാ പിതാവേ, നിനക്ക് എല്ലാം കഴിയും. ഈ പാനപാത്രം എങ്കല്‍നിന്നും നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടമത്രേ ആകട്ടെ.” യേശു നീങ്ങാനാഗ്രഹിച്ച ഈ പാനപാത്രം എന്തായിരുന്നു? അതു ശാരീരിക മരണമായിരുന്നില്ല. ഏതു രക്തസാക്ഷിയെക്കാളും ധീരനായിരുന്നു യേശു. ക്രൂശില്‍ നമ്മുടെ പാപങ്ങള്‍ തന്റെ മേല്‍ വഹിച്ചുകൊണ്ടു ശിക്ഷയനുഭവിക്കുന്ന സമയം പിതാവിന്റെ കൂട്ടായ്മയില്‍ നിന്നും അകന്നുപോകുന്ന അനിവാര്യതയെ യേശു ഭയപ്പെട്ടിരുന്നു. നിത്യതയിലുടനീളം അങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല. എന്നാലിപ്പോഴിതാ മൂന്നു മണിക്കൂര്‍ വേര്‍പാട് ഒഴിവാക്കാന്‍ കഴിയാത്തതായിത്തീര്‍ന്നിരിക്കുന്നു. മാനുഷികമായ ബലഹീനതയില്‍ യേശു ചോദിച്ചുപോയി അതൊഴിവാക്കാന്‍ കഴിയില്ലേ? മറ്റൊരു വഴിയുമില്ലേ? ഒരു പക്ഷേ മൂന്നു മണിക്കൂര്‍ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിച്ചിരിക്കാം. കാരണം തന്റെ പ്രാണവേദന അത്ര കഠിനമായിരുന്നു. ഗെത്‌സെമനെയില്‍ നിന്നും നേരേ സ്വര്‍ഗ്ഗത്തിലേക്കു തനിക്കു പോകാമായിരുന്നു. കാരണം താന്‍ പാപം ചെയ്തിട്ടില്ലായിരുന്നു. എന്നാല്‍ എന്നോടും നിങ്ങളോടുമുള്ള തന്റെ സ്‌നേഹമാണ് തന്നെ അതില്‍നിന്നും തടഞ്ഞത്. അതു നിമിത്തം അവിടുന്ന് ക്രൂശിലേക്കു പോയി.

15:33,34-ല്‍ നാം ഇങ്ങനെ വായിക്കുന്നു: നമ്മുടെ പാപത്തിന്മേലുള്ള ദൈവകോപത്തെ യേശു സഹിച്ചു. പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട് നിത്യതയിലെ നരകയാതനയത്രയും ഉറഞ്ഞുകൂടി സാന്ദ്രമായ മൂന്നുമണിക്കൂര്‍. ഈ സമയം മാത്രമായിരുന്നു പിതാവിനെ യേശു ‘ദൈവമേ’ എന്ന് സംബോധന ചെയ്തത്. കാരണം ഈ പ്രപഞ്ചത്തിന്റെ ന്യായാധിപനു മുമ്പിലായിരുന്നു ആ സമയം താന്‍. ആ പ്രവൃത്തി നിവൃത്തിയായതോടെ കൂട്ടായ്മ വീണ്ടും പുനഃസ്ഥാപിക്കുന്ന നിലവിളി യേശുവില്‍ നിന്നും ഉയര്‍ന്നു. തന്റെ പ്രാണനെ പിതാവിനു ഏല്പിച്ചു കൊടുക്കുന്ന സമര്‍പ്പണത്തിന്റെ പാരമ്യം(15:37). നമുക്കും അതിവിശുദ്ധ സാന്നിദ്ധ്യത്തിലേക്കു പ്രവേശിക്കുവാന്‍ വഴിതുറക്കപ്പെട്ടു എന്നറിയിച്ചുകൊണ്ട് ദേവാലയത്തിന്റെ തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി (15:38). ഇത്ര വലിയ രക്ഷകനുവേണ്ടി ദൈവത്തെ സ്തുതിക്കാം!

16:7-ല്‍ കര്‍ത്താവു ദൂതന്‍ മുഖാന്തരം അയച്ച സന്ദേശത്തില്‍ ”എന്റെ ശിഷ്യന്മാരോടും പത്രൊസിനോടും” എന്നൊരു പ്രയോഗം കാണാം. എന്തുകൊണ്ടാണവിടെ പത്രൊസിനോടും എന്നു പറഞ്ഞിരിക്കുന്നത്? പത്രൊസ് യേശുവിന്റെ ശിഷ്യന്മാരുടെ ഗണത്തിലായിരുന്നില്ലെ? അതെ. പക്ഷേ അതിനു വലിയൊരു വിലയുണ്ട്. യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കുന്ന ഒരു ക്ഷണ സന്ദേശത്തിലും ഒരു ശിഷ്യന്‍ എന്ന നിലയില്‍ താന്‍ ഉള്‍പ്പെടുകയില്ലെന്നു പത്രൊസ് തന്റെ മനസ്സാക്ഷിയില്‍ ഉറച്ചിരുന്നു. താന്‍ കര്‍ത്താവിനെ തള്ളിപ്പറഞ്ഞ് തന്റെ യോഗ്യത എന്നേക്കുമായി നഷ്ടപ്പെടുത്തിക്കഴിഞ്ഞു എന്നു പത്രൊസ് വിശ്വസിച്ചിരുന്നു. അതുകൊണ്ടായിരുന്നു കര്‍ത്താവ് അരുമയോടെ പത്രൊസിന്റെ പേര് പ്രത്യേകം എടുത്തുപറഞ്ഞത്. ആ ക്ഷണത്തില്‍ പത്രൊസുംകൂടി ഉള്‍പ്പെട്ടിരിക്കുന്നു എന്ന് കാണിക്കുവാന്‍. പരാജിതരോട് യേശു ഇന്നും അതേ സന്ദേശം തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവിടുന്ന് നിങ്ങളെ പ്രത്യേകമായി തന്റെ അടുക്കലേക്കു ക്ഷണിക്കുന്നു. ആ ക്ഷണം നിങ്ങള്‍ക്ക് വ്യക്തിപരമായിട്ടുള്ളതാണ്.

16:14ല്‍ യേശു ശിഷ്യന്മാരെ അവരുടെ അവിശ്വാസത്തിനും ഹൃദയകാഠിന്യത്തിനും ശാസിക്കുന്നതും നമുക്കു കാണാം. സുവിശേഷ രേഖകളില്‍ ഏഴു പ്രാവശ്യം യേശു ശിഷ്യരെ ശാസിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റെന്തിനെക്കാളും അവരിലെ അവിശ്വാസത്തെ യേശു ശാസിച്ചിരുന്നു. അവര്‍ വിശ്വാസമുള്ളവരായിരിക്കേണമെന്നു യേശു ആഗ്രഹിച്ചിരുന്നു. നമ്മിലും അതുതന്നെയാണ് യേശു ആഗ്രഹിക്കുന്നത്.

16:15-18 ല്‍ ലോകമെങ്ങും പോയി സുവിശേഷം സകല മനുഷ്യരോടും പ്രസംഗിക്കുവാന്‍ യേശു ശിഷ്യന്മാരോടു കല്പിക്കുന്നതായി നാം വായിക്കുന്നു. എല്ലാ രാജ്യങ്ങളിലും ശിഷ്യന്മാരെ ഉണ്ടാക്കുവാന്‍ യേശു ശിഷ്യന്മാരെ ചുമതലപ്പെടുത്തുന്നതായി മത്തായി 28-ല്‍- നാം പഠിച്ചു. ഈ രണ്ട് അധികാരപ്പെടുത്തലുകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇവിടെ സുവിശേഷവത്കരണത്തിനാണ് ഊന്നല്‍. സുവിശേഷകന്മാര്‍ സംസാരിക്കുന്ന വചനത്തെ അത്ഭുതങ്ങളിലൂടെ ഉറപ്പിക്കും എന്നു കര്‍ത്താവ് വാഗ്ദത്തം നല്‍കിയിരിക്കുന്നു. ഇന്നും അപ്പൊസ്തല പ്രവൃത്തികളില്‍ കാണുന്നതുപോലെ സുവിശേഷം ആദ്യമായി പ്രസംഗിക്കപ്പെടുന്ന ഇടങ്ങളില്‍ കര്‍ത്താവ് അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മത്തായി 28-ല്‍ കര്‍ത്താവു പഠിപ്പിച്ചതൊക്കെയും പ്രമാണിക്കുന്ന ശിഷ്യന്മാരെ വാര്‍ത്തെടുക്കുന്നതിനായിരുന്നു ഊന്നല്‍. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ പണിയെ ആണ് അത് അര്‍ത്ഥമാക്കുന്നത്. അധികാരപ്പെടുത്തിയ ദൈവം കൂട്ടിച്ചേര്‍ത്തിരിക്കുന്ന ഈ രണ്ടു ഭാഗങ്ങളെയും ക്രിസ്ത്യാനികള്‍ വേര്‍പെടുത്തി എന്നതാണ് സംഭവിച്ചിരിക്കുന്ന ദുരന്തം. ശിഷ്യരെ ഉണ്ടാക്കാതെയുള്ള സുവിശേഷവത്ക്കരണം ഒരു വശം മാത്രം മുദ്രിതമായ ഒരു നാണയം പോലെയാണ്. അതു വ്യാജനാണയമാണ്.

സുവിശേഷകര്‍, വിശ്വസിക്കുന്നവരെ ശിഷ്യരാക്കുവാന്‍ തക്കവണ്ണം പ്രാദേശിക സഭകളിലേക്കു കൊണ്ടുവരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സുവിശേഷകര്‍ അപ്പൊസ്തലന്മാരോടും പ്രവാചകന്മാരോടും ഉപദേഷ്ടാക്കന്മാരോടും ഇടയന്മാരോടും ചേര്‍ന്ന് ഒരു ശരീരമായി പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് (എഫെ. 4:11). ഒന്നാം നൂറ്റാണ്ടില്‍ അങ്ങനെയായിരുന്നു പ്രവര്‍ത്തന രീതി. ഇന്നത്തെ ക്രൈസ്തവലോകത്ത് അത്തരം കൂട്ടായ്മകള്‍ തുലോം വിരളമാണ്. അതുകൊണ്ടാണ് ആഴമുള്ള ജീവിതത്തെക്കുറിച്ചു അവബോധമില്ലാത്ത, താല്‍പര്യമില്ലാത്ത ക്രൈസ്തവര്‍ പെരുകി വരുന്നത്.

വലിയൊരു പാറയില്‍ നിന്നും കല്ലുകള്‍ പൊട്ടിച്ചു കെട്ടിടം പണി നടക്കുന്നിടത്തേക്കു കൊണ്ടുവരുന്നതുപോലെയാണ് സുവിശേഷകന്‍. ഈ കല്ലുകളെ ദൈവത്തിന് വാസയോഗ്യമായ ആലയമാക്കി മാറ്റുന്ന ജോലിയാണ് മറ്റു നാലു ശുശ്രൂഷകര്‍ കൂടി ചെയ്യുന്നത്. ഇതില്‍ ഏതു ശുശ്രൂഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്? അഞ്ചു ശുശ്രൂഷകളും ആവശ്യമുള്ളതു തന്നെ. അഞ്ചും കൂടി ഒരാള്‍ക്കു ചെയ്‌വാന്‍ കഴിയില്ല. ഒരു സുവിശേഷകന്റെ ജോലി പ്രയാസമുള്ളതും അപകടമുള്ളതുമാണ്. ദൈവം വിളിച്ചിട്ടല്ലാതെ ഒരാള്‍ അതിലേക്കു പ്രവേശിക്കുവാന്‍ പാടില്ല. എന്നാല്‍ ഈ കല്ലുകളെ ചേര്‍ത്തുവച്ചു പണിയുന്ന മേസ്ത്രിയുടെ ജോലി വളരെ എളുപ്പമുള്ളതാണെന്നു സങ്കല്പിച്ച് അതിനെ ചെറുതായി കാണുവാനും ആ ശുശ്രൂഷയെ വിമര്‍ശിക്കുവാനും പാടില്ല. അവരും കല്ലു പൊട്ടിച്ചെടുക്കുന്ന സ്ഥലത്തേക്കു വന്നാല്‍ ആലയത്തിന്റെ പണി ഒരിക്കലും നടക്കുകയില്ല. ദൈവം നമ്മെ ഭരമേല്പിച്ച വേല നാം നിവര്‍ത്തിച്ചേ മതിയാകൂ. സുവിശേഷ വത്കരണത്തിന് മാത്രം പ്രാധാന്യം നല്‍കിപ്പോയാല്‍ നാം കല്‍ക്കൂമ്പാരങ്ങള്‍ മാത്രം ശേഷിപ്പിക്കുന്നവരായിത്തീരും. ഒരിടത്തും ആലയം പണി നടക്കില്ല. ക്രിസ്തു ശരീരത്തിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങള്‍ എങ്ങുമില്ലാതെ വരും. അതുകൊണ്ട് ഈ രണ്ട് അധികാരപ്പെടുത്തലുകളോടുള്ള ബന്ധത്തില്‍ നമ്മുടെ ദൗത്യം വ്യക്തമായി തിരിച്ചറിഞ്ഞ് നിറവേറ്റുവാന്‍ കര്‍ത്താവു നമ്മെ സഹായിക്കേണ്ടതിനായി പ്രാര്‍ത്ഥിക്കാം. ആമേന്‍.

What’s New?