ബൈബിളിലൂടെ : നെഹെമ്യാവ്

യെരുശലേമിലെ പണി പൂര്‍ത്തീകരിക്കുന്നു

പഴയ നിയമത്തില്‍ വളരെ വിശദമായി വിവരിച്ചിട്ടുളള രണ്ടു യാത്രകള്‍ ഉണ്ട്:
മിസ്രയീമില്‍ നിന്നു കനാനിലേക്കുള്ള യാത്ര നമ്മുടെ വ്യക്തിജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു. പാപത്തില്‍ നിന്നും, സാത്താന്റെ പിടിയില്‍ നിന്നും, ലോകത്തില്‍ നിന്നും, നിയമവാദത്തില്‍ നിന്നും, യേശുക്രിസ്തുവിന്റെ രക്തം, ജലസ്‌നാനം, പരിശുദ്ധാത്മ സ്‌നാനം എന്നിവയിലൂടെ ജയജീവിതത്തിലേക്കും ദൈവത്തോടു കൂടെയുള്ള നടപ്പിലേക്കും നാം വരുന്നതിനെ ഇതു സൂചിപ്പിക്കുന്നു.

ഇതേസമയം ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുള്ള യാത്ര നമ്മുടെ പൊതുവായ ജീവിതത്തെ പ്രതീകവല്‍ക്കരിക്കുന്നു. വ്യാജാനുകരണക്രിസ്തീയത വിട്ട് ക്രിസ്തുവിന്റെ ശരീരത്തിന്റെ യഥാര്‍ത്ഥ ആവിഷ്‌കാരത്തിലുള്ള മറ്റുള്ളവരുമായുള്ള കൂട്ടായ്മയിലേക്കു വരുന്നതിനെ ഇതു സൂചിപ്പിക്കുന്നു.

അനേകം ക്രിസ്ത്യാനികളും കരുതുന്നത് ബാബിലോണ്‍ എന്നത് ക്രിസ്തീയ ഗോളത്തിലുള്ള ചില സഭാ വിഭാഗങ്ങളെയാണ് പരമാര്‍ശിക്കുന്നതെന്നാണ്. ഒരിക്കല്‍ ആ നിര്‍ജ്ജീവ സഭാവിഭാഗങ്ങള്‍ വിട്ടാല്‍, അവര്‍ ബാബിലോണ്‍ വിട്ടു എന്നും കരുതുന്നു. എന്നാല്‍ ഇതു സത്യമല്ല.

ബാബിലോണ്‍ ഒരു കച്ചവട വ്യവസ്ഥിതിയാണ്. എല്ലാ കച്ചവട വ്യവസ്ഥിതിയുടെയും പ്രമാണം ലാഭമാണ്- തനിക്കു വേണ്ടി തന്നെയുള്ള നേട്ടം. ”ക്രിസ്തീയതയിലൂടെ വ്യക്തിപരമായ നേട്ടം” എന്ന പ്രമാണം അനുസരിച്ച് ഒരുവന്‍ ജീവിക്കുന്നിടത്തോളംനാള്‍ (കര്‍ത്താവിനുവേണ്ടി, എന്തെങ്കിലും ചെയ്യുന്നതിലൂടെ എന്തു നേടാന്‍ കഴിയും, ഒരു സഭയില്‍ അല്ലെങ്കില്‍ ഒരു സംഘടനയില്‍ ചേരുന്നതിലൂടെ എന്തു നേടാന്‍ കഴിയും എന്നിങ്ങനെ). അയാള്‍ ബാബിലോണിന്റെ പ്രമാണത്താല്‍ നയിക്കപ്പെടുന്നവനാണ്. ജഡപ്രകാരം ജീവിക്കുന്ന ഒരു ക്രിസ്ത്യാനി അവന്റെ സ്വന്തം അന്വേഷിക്കുന്നവനാണെങ്കില്‍, അയാള്‍ ലോകത്തിലെ ഏറ്റവും നല്ല സഭാവിഭാഗത്തിലായിരുന്നാല്‍ പോലും, അപ്പോഴും അയാള്‍ ബാബിലോണിന്റെ ഒരു ഭാഗമാണ്. ബാബിലോണിന്റെ ആത്മാവ് പ്രാഥമികമായി കാണപ്പെടുന്നത് ഒരു മനുഷ്യന്റെ ഉള്ളിലാണ്. ഒരു സഭാ വിഭാഗത്തിലല്ല.

യെരുശലേം ഏതു വിധത്തിലായാലും ത്യാഗത്തിന്റെ നഗരമാണ്. അതിന്റെ ആത്മാവ് ബാബിലോണില്‍ കാണുന്ന കച്ചവടത്തിന്റെ ആത്മാവിന് എതിരാണ്. ”എനിക്ക് ഒന്നും ചെലവില്ലാതെ ഞാന്‍ എന്റെ ദൈവമായ യഹോവയ്ക്ക് ഒന്നും അര്‍പ്പിക്കുകയില്ല” (2 ശമുവേല്‍ 24:24) എന്നു ദാവീദ് പറയുന്ന വാക്കുകളില്‍ ഈ ആത്മാവിനെ നാം കാണുന്നു. ക്രിസ്തുവിന്റെ ശരീരം -”സ്വര്‍ഗ്ഗീയ യെരുശലേം”- പണിയുന്നതിന്, ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചു മാത്രം കരുതല്‍ ഉള്ളതും, സ്വന്ത താല്‍പര്യം അന്വേഷിക്കാത്തതുമായ നിസ്വാര്‍ത്ഥ ആത്മാവിന്റെ ആവശ്യമുണ്ട്. അങ്ങനെയുള്ള ഒരാത്മാവോടുകൂടിയ ഒരു മനുഷ്യനെ ഒരു നിര്‍ജ്ജീവ സഭാവിഭാഗത്തില്‍ പോലും ഇടയ്ക്കിടയ്ക്കു കണ്ടെന്നു വന്നേക്കാം. കാരണം യെരുശലേമിന്റെ ആത്മാവ് ആന്തരികമായ ഒരു കാര്യമാണ്, ബാഹ്യമായ ഒന്നല്ല.

നാം ക്രിസ്തുവിന്റെ ശരീരം പണിയുന്ന കാര്യം അന്വേഷിക്കുകയാണെങ്കില്‍, ഈ ത്യാഗത്തിന്റെ പ്രമാണം ഗ്രഹിച്ചിട്ടുള്ളവരെ ഒരുമിച്ചു കൂട്ടിച്ചേര്‍ക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അല്ലാത്തപക്ഷം നാം പഴയതുപോലെയുള്ള മറ്റൊരു വ്യവസ്ഥിതി പണിയുകയായിരിക്കും. ”വേര്‍പെട്ട സഭകള്‍” എന്നു വിളിക്കപ്പെടുന്ന അനേകം കൂട്ടങ്ങളും ചെയ്തിരിക്കുന്നത് ഇതു തന്നെയാണ്. അതുകൊണ്ട് അവര്‍ ഇന്ന് അവരുടെ മുഖ്യധാരാ സഭയെപ്പോലെ തന്നെ (അല്ലെങ്കില്‍ അതില്‍കൂടുതല്‍) നിര്‍ജ്ജീവമാണ്.

യെരുശലേമിന്റെ തകര്‍ന്ന മതിലും വെന്തുപോയ വാതിലുകളും

തന്റെ ജനത്തിന്റെ, ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുള്ള നീക്കത്തില്‍ ദൈവം ഉപയോഗിച്ച പുരുഷന്മാരില്‍ ഒരാളാണ് നെഹെമ്യാവ്. സെരുബ്ബാബേല്‍, യേശുവ, ഹഗ്ഗായി, സെഖര്യാവ് എന്നിവരുടെ കാലത്തിന് 70 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നെഹെമ്യാവ് ജീവിച്ചിരുന്നത്. ദൈവാലയം പണിയപ്പെട്ടു എന്നു മാത്രമല്ല എസ്രാ നേരത്തെ തന്നെ – ഏതാണ്ട് 13 വര്‍ഷം മുമ്പ് – യെരുശലേമിലേക്ക് പോയിട്ടുമുണ്ട്.

ദൈവം ഹഗ്ഗായിക്കും സെഖര്യാവിനും സെരുബ്ബാബേലിനും നല്‍കിയിട്ടുള്ള ഭാരം ദൈവാലയം പണിയേണ്ടതിനായിരുന്നു. എന്നാല്‍ എസ്രായുടെ ഭാരം ജനങ്ങളെ ദൈവവചനം പഠിപ്പിക്കുക എന്നതായിരുന്നു. ഇതേസമയം നെഹെമ്യാവിന്റെ ഭാരം, യെരുശലേമിന്റെ മതിലുകള്‍ പണിയേണ്ടതിനും പട്ടണത്തിന്റെ ഭരണം നടത്തിക്കേണ്ടതിനും തങ്ങള്‍ ഉപേക്ഷിച്ചു കളഞ്ഞ ഉടമ്പടിയിലേക്ക് ജനങ്ങളെ മടക്കികൊണ്ടു വരേണ്ടതിനുമായിരുന്നു. അദ്ദേഹം ഒരു നവീകരണ കര്‍ത്താവായിരുന്നു. ആത്മീയമായി, അദ്ദേഹം ദര്‍ശനവും പ്രാര്‍ത്ഥനയും ഉള്ള ഒരു പുരുഷനായിരുന്നു. പ്രായോഗികമായി, അദ്ദേഹം ഒരു സംഘാടകനും, ഉത്സാഹിപ്പിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് ഇതുപോലെയുള്ള ഒരു സമയത്ത് ദൈവജനത്തിന്റെ ഒരു നേതാവിനു വേണ്ട എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ടായിരുന്നു.

നെഹെമ്യാവ് ശൂശന്‍ രാജധാനിയിലായിരുന്നു ജീവിച്ചിരുന്നത്. ആ കാലത്ത് ലോകത്തിലെ ഏക അതിശക്ത രാഷ്ട്രത്തിന്റെ തലസ്ഥാനമായിരുന്നു അത്. മേദ്യ-പേര്‍ഷ്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന അര്‍ത്ഥഹ്ശഷ്ടാ രാജാവിന്റെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

അധ്യായം 1:1-3: ഹനാനിയും മറ്റു ചില യിസ്രായേല്യരും യെഹൂദായില്‍ നിന്നു ശൂശന്‍ രാജധാനിയിലേക്കു വന്നപ്പോള്‍ യെരുശലേമിലുള്ള പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചു ചോദിച്ചു മനസ്സിലാക്കുവാനുള്ള താല്‍പര്യം നെഹെമ്യാവിനുണ്ടായിരുന്നു. ദൈവം ഉപയോഗിക്കുന്ന ഏതൊരു പുരുഷന്റെയും പ്രാഥമിക സവിശേഷത ഇതാണ്- അവന് ദൈവജനത്തിന്റെ കാര്യങ്ങളില്‍ താല്‍പര്യമുണ്ട്. അതുകൊണ്ട് ദൈവം അവന് ഒരു ഭാരം നല്‍കുന്നു. നിങ്ങള്‍ക്കു കര്‍ത്താവിനെ സേവിക്കണമെങ്കില്‍, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള താല്‍പര്യത്തില്‍ തുടങ്ങുക. മറ്റുള്ളവര്‍ക്കു വേണ്ടി ഒരു താല്‍പര്യവുമില്ലാത്ത ഒരാളെ ദൈവം ഒരിക്കലും ഉപയോഗിക്കുകയില്ല. നെഹെമ്യാവ് ഹനാനിയോട്, ”അവിടെ കാര്യങ്ങള്‍ എങ്ങനെ പോകുന്നു?” എന്നു ചോദിച്ചു. അപ്പോള്‍ ഹനാനി അവനോട് മതില്‍ ഇടിഞ്ഞും വാതിലുകള്‍ തീവച്ച് ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.

യെശയ്യാവ് 60:18-ല്‍, യെരുശലേമിന്റ മതില്‍ രക്ഷയെയും, വാതിലുകള്‍ സ്തുതിയെയും പ്രതീകവല്‍ക്കരിക്കുന്നു.

മതില്‍ ലോകത്തില്‍ നിന്നുള്ള വേര്‍പാടിനെയും സുരക്ഷിതത്വത്തെയും കുറിച്ചു പറയുന്നു. സഭ ലോകത്തില്‍ നിന്നു വേര്‍പെട്ടിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ലൗകിക മനസ്സുള്ള ഒരു വ്യക്തി സഭയോട് ചേരാതവണ്ണം ഉയരമുള്ളതായിരിക്കണം ആ മതില്‍. ഒരാള്‍ക്ക് യെരുശലേമിന്റെ ഭാഗമായിരിക്കണമെങ്കില്‍, അയാള്‍ ഒരു ശിഷ്യനായിരിക്കണം – ഭൂമിയിലുള്ള മറ്റെന്തിനെക്കാള്‍ യേശുവിനെ സ്‌നേഹിക്കുന്ന ഒരു ശിഷ്യന്‍. കഴിഞ്ഞ 20 നൂറ്റാണ്ടുകളിലുടനീളം പ്രസംഗകര്‍, യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഇട്ടിട്ടുള്ള നിലവാരം താഴ്ത്തിയിരിക്കുന്നു. അങ്ങനെ മതിലുകള്‍ വളരെ ഉയരം കുറഞ്ഞവയായതുകൊണ്ട്, ആര്‍ക്കും മതില്‍ ചാടി അകത്തു കടക്കാം. യേശു ഒരിക്കല്‍ പറഞ്ഞത് മതില്‍ ചാടി അകത്തു വരുന്നവന്‍ കള്ളനാണെന്നാണ് (യോഹന്നാന്‍ 10:1). അകത്തു കടക്കാന്‍ ഒരു വഴി ഉണ്ട്- വാതിലിലൂടെ. യെരുശലേമിലേക്കുള്ള ആ വാതില്‍ ഇടുക്കമുള്ളതാണ്. എന്നാല്‍ വേര്‍പാടിന്റെ ചുവര്‍ വളരെ ഉയരം കുറഞ്ഞതാക്കാന്‍ വേണ്ടി പ്രസംഗകര്‍ നിലവാരം താഴ്ത്തിയിരിക്കുന്നു. ചില സ്ഥലങ്ങളില്‍ സഭയും ലോകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലാതിരിക്കേണ്ടതിന്, മതില്‍ പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ അനേകം ലൗകികര്‍ നാമധേയ ‘വിശ്വാസികളെ’ക്കാള്‍ വളരെ നന്നായി പെരുമാറുന്നു. അതുപോലെയാണ് മതിലുകള്‍ തകര്‍ക്കപ്പെട്ട ഒരു സഭ.

വാതില്‍ പ്രതീകവല്‍ക്കരിക്കുന്നത് സഭയില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ട ജയകരമായ സ്തുതിയുടെ ആത്മാവിനെയാണ്. പട്ടണ മൂപ്പന്മാര്‍ ഇരിക്കുന്ന ഒരു സ്ഥലം കൂടിയാണ് വാതില്‍- അധികാരത്തിന്റെ ഇടം. ഇന്ന് സഭയ്ക്ക് സ്തുതിയുടെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ആത്മീയ അധികാരമുള്ള വളരെ കുറച്ച് ആളുകള്‍ മാത്രമേ അതിനുള്ളു.

തകര്‍ന്ന മതിലിനെയും തീ കൊണ്ടു വെന്ത വാതിലുകളെയും കുറിച്ച് നെഹെമ്യാവ്, ദുഃഖിതനായിരുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍, അദ്ദേഹം കരയുകയും അനേകം ദിവസങ്ങളോളം വിലപിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ഉണ്ടായി. ഇന്ന് ഇങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണ് ദൈവം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്- ദൈവത്തിന്റെ സഭയുടെ അവസ്ഥ കാണുമ്പോള്‍ ദുഃഖവും ഭാരവും ഉള്ള ഒരുവനെ.

നിങ്ങളുടെ സ്വന്ത ദുഃഖങ്ങള്‍ക്കു വേണ്ടിയല്ല, എന്നാല്‍ യേശുക്രിസ്തുവിന്റെ സഭയ്ക്ക് ഇന്ത്യയില്‍ ഇന്നുള്ള ഇത്തരം പരിതാപകരമായ ഒരു അവസ്ഥയെ ഓര്‍ത്ത് നിങ്ങള്‍ ഏറ്റവും ഒടുവില്‍ വിലപിച്ച സമയം എപ്പോഴാണ്? ഇന്ത്യയില്‍ യേശുക്രിസ്തുവിന്റെ സഭയില്‍ യേശുവിന്റെ നാമം മഹത്വീകരിക്കപ്പെടണം എന്ന കാര്യത്തില്‍ ഭാരമുണ്ടായിട്ട് നിങ്ങള്‍ ഒടുവില്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതെപ്പോഴാണ്? എന്നാല്‍ നമ്മുടെ ഹൃദയത്തില്‍ അങ്ങനെയൊരു താല്‍പര്യം ഇല്ലെങ്കില്‍ നാം ഒരിക്കലും ദൈവം നാം ആയിരിക്കണമെന്നാഗ്രഹിക്കുന്നപോലെയുള്ള ഒരു പുരുഷനോ സ്ത്രീയോ ആകുകയില്ല.

നെഹെമ്യാവ് പഴയ ഉടമ്പടിയിന്‍ കീഴില്‍ ആണ് ജീവിച്ചിരുന്നത്. നമുക്കുള്ളതു പോലെ, ഉള്ളില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവ് അദ്ദേഹത്തിനില്ലായിരുന്നു. ഇന്നു നമുക്ക് ധാരാളമായി ലഭ്യമായിരിക്കുന്ന സമ്പൂര്‍ണ്ണ ബൈബിളോ, സഭാകൂട്ടായ്മയോ, പുസ്തകങ്ങളോ, ടേപ്പുകളോ, കോണ്‍ഫറന്‍സുകളോ ഒന്നും അദ്ദേഹത്തിനു ണ്ടായിരുന്നില്ല. ക്രൂശിനെപ്പറ്റി ഒന്നും തന്നെ അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നിട്ടും അത്ര വലിയ ഭാരം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഒരു ”പൂര്‍ണ്ണ സമയ പ്രവര്‍ത്തകനാ”യിരുന്നില്ല. മതേതര ജോലിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. തന്റെ സ്വന്ത ചെലവില്‍ അദ്ദേഹം യഹോവയെ സേവിച്ചു. തികച്ചും നിസ്വാര്‍ത്ഥനായ, ദൈവനാമമഹത്വത്തിനുവേണ്ടി മാത്രം വിചാരമുണ്ടായിരുന്ന ഒരു മനുഷ്യന്റെ മഹത്തായ മാതൃകയാണ് നെഹെമ്യാവ്. അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റുവാന്‍ നാം വെല്ലുവിളിക്കപ്പെട്ടാല്‍ നമ്മുടെ ജീവിതങ്ങള്‍ കൊണ്ടും ദൈവത്തിനു ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

ബാബിലോണില്‍ നിന്ന് യെരുശലേമിലേക്കുള്ള ദൈവജനത്തിന്റെ നീക്കത്തിന്റെ ആരംഭം ദാനിയേലില്‍ നിന്നാണ്. ബാബിലോണില്‍ വച്ച് ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ഒരു പുരുഷന്‍ ആയിരുന്നു ദാനിയേല്‍. ആ നീക്കം യേശുവ, സെരുബ്ബാബേല്‍, ഹഗ്ഗായി, സെഖര്യാവ് എന്നിവരിലൂടെ തുടര്‍ന്നു. ഇവര്‍ക്കെല്ലാവര്‍ക്കും യെരുശേലേം പണിയുന്നതിനുള്ള ഭാരം ഉണ്ടായിരുന്നു. ബാബിലോണില്‍ നിന്നു വെളിയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളില്‍ ഉപവാസത്തെയും പ്രാര്‍ത്ഥനയെയും കുറിച്ച് കൂടെക്കൂടെ പറഞ്ഞിരിക്കുന്നു. എസ്രായും നെഹെമ്യാവും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് അത്യാവശ്യമായി പെട്ടെന്ന് ഒരു മറുപടി ലഭിക്കേണ്ടി വരുമ്പോള്‍ നമ്മില്‍ പലരും ഉപവസിച്ച് പ്രാര്‍ത്ഥിച്ചേക്കാം- കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും സൗഖ്യം ലഭിക്കുവാനോ, അല്ലെങ്കില്‍ ഒരുപക്ഷേ ഒരു ജോലി ലഭിക്കുവാനോ അല്ലെങ്കില്‍ ഒരു വിവാഹ പങ്കാളിയെ കണ്ടെത്തുന്നതിനോ ഒക്കെ. അതു നല്ലതാണ്. എന്നാല്‍ എസ്രായും നെഹെമ്യാവും അവര്‍ക്കുവേണ്ടി തന്നെ എന്തെങ്കിലും ലഭിക്കുവാനല്ല ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തത്. ദൈവനാമം യെരുശലേമില്‍ മഹത്വപ്പെടേണ്ടതിനാണ് അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചത്. നാമും അതിനു വേണ്ടി ആയിരിക്കണം ഉപവസിച്ചു പ്രാര്‍ത്ഥിക്കേണ്ടത്.

രാജാവ് കുടിക്കുന്ന വീഞ്ഞ് രുചിച്ചു നോക്കുക എന്നത് നെഹെമ്യാവിന്റെ ജോലികളിലൊന്നായിരുന്നു. അക്കാലത്തെ രാജാക്കന്മാര്‍ തങ്ങളുടെ ശത്രുക്കള്‍ അവര്‍ക്കു വിഷം നല്‍കുമോ എന്നു ഭയപ്പെട്ടിരുന്നു. അതുകൊണ്ട് അവര്‍ക്കു നല്‍കുന്നതിനു മുന്‍പ് ആ വീഞ്ഞ് ആദ്യം രുചിച്ചു നോക്കുവാന്‍ അവര്‍ക്ക് ആരെങ്കിലും ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു മനുഷ്യന്‍, വ്യക്തമാംവിധം പൂര്‍ണ്ണ വിശ്വസ്തത യുള്ളവനും അഴിമതിയില്ലാത്തവനും ആയിരിക്കണം. ഈ പ്രധാനപ്പെട്ട ദൗത്യത്തി നായി വിജാതിയനായ ഈ രാജാവ് തന്റെ ആളുകളിലൊരാളെ എടുക്കാതെ ഒരു യെഹൂദനെ തിരഞ്ഞെടുത്തത് അത്ഭുതകരമായിരിക്കുന്നു! സ്വഭാവ ദാര്‍ഢ്യമുള്ള ഒരു മനുഷ്യനെന്ന നിലയില്‍ നെഹെമ്യാവിനുണ്ടായിരുന്ന സാക്ഷ്യത്തിന്റെ ഒരു സൂചനയാണിത്. രാജാവ് 100% നെഹെമ്യാവില്‍ വിശ്വാസം അര്‍പ്പിച്ചു- അതിന്റെ ഫലമായി, നെഹെമ്യാവ്, ആ കാലത്തുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ഏകാധിപതിയുടെ രാജകൊട്ടാരത്തില്‍ വലിയ സ്വാധീനമുള്ള ഒരു മനുഷ്യനായി ത്തീര്‍ന്നു.

നെഹെമ്യാവിന്റെ ശുശ്രൂഷയുടെ ആരംഭം

നെഹെമ്യാവ് മുമ്പൊരിക്കലും രാജാവിന്റെ സന്നിധിയില്‍ ദുഃഖിതനായി കാണപ്പെട്ടിട്ടില്ല (2:1). അദ്ദേഹം മ്ലാനവദനനായ ഒരു വ്യക്തി ആയിരുന്നില്ല. രാജാവ് അദ്ദേഹത്തെ എപ്പോഴും സന്തുഷ്ടനായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ അവന്‍ ദുഃഖിതനാണ്. എന്നാല്‍ അദ്ദേഹം തന്നക്കുറിച്ചു തന്നെയോ തന്റെ കുടുംബത്തെ ക്കുറിച്ചോ ആയിരുന്നില്ല ദുഃഖിച്ചത്. അദ്ദേഹം ദുഃഖിച്ചത് യെരുശലേം അത്ര താറുമാറായ സ്ഥിതിയിലായതുകൊണ്ടാണ്. ഓ, യേശുക്രിസ്തുവിന്റെ സഭയുടെ ദുഃഖകരമായ സ്ഥിതി കണ്ട് ദുഃഖിക്കുന്ന അനേകര്‍ ഇന്നുണ്ടായിരുന്നെങ്കില്‍!

”നിന്റെ മുഖം വളരെ ദുഃഖിതമായിരിക്കുന്നു! ഇത് മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല” എന്നു രാജാവു പറഞ്ഞു. അപ്പോള്‍ നെഹെമ്യാവു ഭയപ്പെട്ടു (2:2). ആ കാലത്ത് രാജാവിന്റെ അഭിപ്രായങ്ങളെ എതിര്‍ക്കുന്നത് ഭയാനകമായ ഒരു കാര്യമായിരുന്നു. അവന്‍ ഭയപ്പെടുന്നു എന്ന കാര്യം സമ്മതിക്കുന്നതിലുള്ള നെഹെമ്യാവിന്റെ സത്യസന്ധത എനിക്കിഷ്ടമാണ്. ഭയം എന്നത് നമ്മുടെ ജീവിതങ്ങളില്‍ നിന്നു പൂര്‍ണ്ണമായും നീക്കിക്കളയാന്‍ പറ്റുന്ന ഒന്നല്ല. ഈ ഭൂമിയിലായിരിക്കുന്ന കാലത്തോളം നമുക്കു ഭയം തോന്നും, എന്നാല്‍ നാം ഒരിക്കലും ഭയത്തിന്മേല്‍ പ്രവര്‍ത്തിക്കരുത്. തനിക്കു ഭയം ഉണ്ടെന്നു പൗലൊസ് പറഞ്ഞു (2 കൊരി. 7:5). എന്നാല്‍ അദ്ദേഹം ഒരിക്കലും ആ ഭയത്തിന്മേല്‍ പ്രവര്‍ത്തിച്ചില്ല. നിങ്ങള്‍ അപകടകരമായ ഒരു സ്ഥലത്താണ് ജീവിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ നിങ്ങളുടെ ജീവനു ഭീഷണിയുള്ള ഒരു സ്ഥലത്തേക്കു കര്‍ത്താവിനെ സേവിക്കുവാനായിട്ടു പോകുകയാണെങ്കില്‍- അതുപോലെയുള്ള അനേകം സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്- സ്വാഭാവികമായി നിങ്ങള്‍ ഭയപ്പെടും. അതില്‍ നിങ്ങള്‍ ലജ്ജിക്കേണ്ടതില്ല. നിങ്ങളും മനുഷ്യനാണ്. എന്നാല്‍ നിങ്ങള്‍ ഒരിക്കലും ആ ഭയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കരുത്. നമുക്ക് ശ്രദ്ധാലുക്കളാകാം. സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുക എന്നാല്‍ ഭയത്തോടെ അല്ല. ഭയം എന്നത് വിശ്വാസത്തിനു വിരുദ്ധമാണ്. അതുകൊണ്ട് നാം ഭയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, നാം അവിശ്വാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദൈവം നമുക്കു വേണ്ടി കരുതുന്നു എന്ന് നാം ഒരിക്കലും മറന്നു പോകരുത്.

നെഹെമ്യാവു ഭയപ്പെട്ടെങ്കിലും, അദ്ദേഹം അപ്പോഴും രാജാവിനോട് ഇപ്രകാരം പറഞ്ഞു: ”എന്റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കുന്നതു കൊണ്ടാണ് എന്റെ മുഖം വാടിയിരിക്കുന്നത്.” അതുകൊണ്ട് രാജാവ് ”നിന്റെ അപേക്ഷ എന്ത്?” എന്നു ചോദിച്ചു. ഉടനെ നെഹെമ്യാവ് ഒരു ചെറിയ പ്രാര്‍ത്ഥന പ്രാര്‍ത്ഥിച്ചു (അത്തരം ഒരു സാഹചര്യത്തില്‍ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം) എന്നിട്ട് ഇങ്ങനെ മറുപടി പറഞ്ഞു: ”രാജാവിനു തിരുവുള്ളമുണ്ടായി അടിയനു തിരുമുമ്പില്‍ കൃപ ലഭിച്ചു എങ്കില്‍ അടിയനെ യെഹൂദയില്‍ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്ക് അതു പണിയേണ്ടതിന് അയക്കേണമേ.” രാജാവ് അവനോട് ”നീ എത്ര നാളാണ് അവിടെ ആയിരിക്കാന്‍ പോകുന്നത്?” എന്നു തുടര്‍ന്നു ചോദിച്ചു. അവന്‍ ഒരു അവധി നിശ്ചയിച്ചിട്ടു രാജാവിന്റെ അനുമതിയോടെ യാത്രയായി (2:3-6).

അവന്‍ യെരുശലേമിലെത്തി 3 ദിവസം വേറെ എവിടെയും പോകാതെ തനിച്ചു പാര്‍ത്തു- മിക്കവാറും ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നിരിക്കാം (2:11). പിന്നെ അവന്‍ രാത്രിയില്‍ എഴുന്നേറ്റ് ചില പുരുഷന്മാരെയും അവന്റെ കൂടെ കൂട്ടി. ദൈവം തന്റെ ഹൃദയത്തില്‍ തന്ന താല്പര്യത്തെക്കുറിച്ച് അവന്‍ ആരോടും ഒന്നും പറഞ്ഞില്ല. കാരണം അവനെ തടയുന്നതിന് അവിടെ ശത്രുക്കള്‍ ഉണ്ടെന്ന് അവനറിയാമായിരുന്നു (2:10). ദൈവത്തിന്റെ വേലയ്ക്കായി ഒരു ഭാരവുമില്ലാത്തവരെ കൂടെ ചേര്‍ക്കുന്നതില്‍ ഒരു പ്രയോജനവും ഇല്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവന്‍ വളരെക്കുറച്ച് ആളുകളുമായി ചെന്ന് നഗരത്തിന്റെ മതിലുകളും വാതിലുകളും പരിശോധിച്ചു.

ഇതു പുറത്തറിഞ്ഞപ്പോള്‍ എസ്രായുടെ സമയത്തുണ്ടായതുപോലെ, എതിര്‍പ്പ് ആരംഭിച്ചു. യേശുവിന്റെ നാമം മാനിക്കപ്പെടണം എന്ന് ആര്‍ക്കെങ്കിലും ഒരു വിചാരം ഉണ്ടായാല്‍, ഉടനെ തന്നെ എതിര്‍പ്പ് ആരംഭിക്കുന്നു. ദൈവജനത്തിന്റെ ഇടയില്‍ ഉണ്ടാകുന്ന അത്തരം നീക്കങ്ങളോട് പിശാച് വളരെ ജാഗരൂകനാണ്. അനേക മാളുകള്‍ മുഴുവനായി ദൈവത്തിനു വേണ്ടി ജീവിക്കുന്ന കാര്യവും അവിടുത്തെ സേവിക്കുന്ന കാര്യവും ഒരിക്കലും അന്വേഷിക്കാത്തതിന്റെ ഒരു കാരണം അതാണ്. പിശാചില്‍ നിന്നുള്ള എതിര്‍പ്പിനെ അവര്‍ ഭയപ്പെടുന്നു.

എന്നാല്‍, നിങ്ങള്‍ ദൈവഹിതത്തിലാണെന്ന് തിരിച്ചറിയുന്നതിനുള്ള ഒരു മാര്‍ഗ്ഗം നിങ്ങള്‍ കൂടെക്കൂടെ പിശാചിനാല്‍ എതിരിടപ്പെടുന്നു എന്നതാണ്. പിശാച് നിങ്ങളെ തനിച്ചു വിട്ടിരിക്കയാണെങ്കില്‍, നിങ്ങള്‍ ദൈവഹിതത്തിനു പുറത്താണെന്നു തീര്‍ത്തും ഉറപ്പിക്കാം. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ശരിയായ പാതയിലാണെന്നുള്ളതിന്റെ സൂചന, പിശാച് എനിക്കെതിരായി ആളുകളെ ഇളക്കിവിട്ട് എന്നെ തടസ്സപ്പെടുത്തുവാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കുന്നു എന്നതാണ്. സഭാചരിത്രത്തിലുടുനീളം, കര്‍ത്താവിനെ പരാമര്‍ത്ഥതയോടെ സേവിക്കുന്ന കാര്യം അന്വേഷിച്ച എല്ലാവരുടേയും അനുഭവം ഇതായിരുന്നു.

സന്‍ബല്ലത്തും തോബിയാവും യെഹൂദന്മാരെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടു പറഞ്ഞു: ”നിങ്ങള്‍ ഈ ചെയ്യുന്ന കാര്യം എന്ത്? നിങ്ങള്‍ രാജാവിനോടു മത്സരിപ്പാന്‍ ഭാവിക്കുന്നുവോ?” (2:19). എന്നാല്‍ നെഹെമ്യാവ് ഇപ്രകാരം മറുപടി പറഞ്ഞു: ”സ്വര്‍ഗ്ഗത്തിലെ ദൈവം ഞങ്ങള്‍ക്കു കാര്യം സാധിപ്പിക്കും, ആകയാല്‍ അവിടുത്തെ ദാസന്മാരായ ഞങ്ങള്‍ എഴുന്നേറ്റു പണിയും. നിങ്ങള്‍ക്കോ യെരുശലേമില്‍ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല. ഞങ്ങള്‍ നിങ്ങളോടു കൂടെ ചേര്‍ന്നു വേല ചെയ്യുകയില്ല” (2:20).

നെഹെമ്യാവ് ഒരു വലിയ സംഘാടകനും, ജനങ്ങളെ ഉത്സാഹിപ്പിക്കുവാന്‍ കഴിവുള്ളവനും ആയിരുന്നു. ആളുകള്‍ അവന്റെ കൂടെ സന്തോഷത്തോടുകൂടെ ജോലി ചെയ്തു. കാരണം അവന്‍ തന്നെയും വേല ചെയ്തു. ഇപ്രകാരമുള്ള നേതാക്കന്മാരെ യാണ് ഇന്ന് ഇന്ത്യയില്‍ ദൈവത്തിന് ആവശ്യമുള്ളത്- ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍, ദൈവത്തിന്റെ നാമത്തിനു വേണ്ടി വിചാരം ഉള്ളവര്‍, കര്‍ത്താവിനു വേണ്ടി വേല ചെയ്യുന്നതിനായി ആളുകളെ സംഘടിപ്പിക്കുകയും ഉത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍, അതോടൊപ്പം സ്വന്തം കൈകള്‍ കൊണ്ട് വേല ചെയ്യാനും മടിയില്ലാത്തവര്‍.

മൂന്നാം അദ്ധ്യായത്തില്‍ നാം കാണുന്നത്, നെഹെമ്യാവ് വളരെ വേഗത്തില്‍ പണി ചെയ്യിച്ചു എന്നാണ്. ആ കാര്യം ഇവിടെ പറഞ്ഞിട്ടില്ല. കാരണം ആരോടെങ്കിലും അതു പറയുവാന്‍ താല്പര്യമില്ലാത്ത വളരെ താഴ്മയുള്ളവനായിരുന്നു നെഹെമ്യാവ്. എന്നാല്‍ ഇവിടെ നാം കാണുന്നത് ഓരോരുത്തനും അവനവനു ചെയ്യാനുള്ള ജോലി പകുത്തു കൊടുത്തിരുന്നു എന്നാണ്. മഹാപുരോഹിതനെ പോലെയുള്ള നേതാക്കന്മാര്‍ക്കുപോലും ചെയ്യാനുള്ള ജോലി നല്‍കപ്പെട്ടിരുന്നു (3:1). ഒരു പട്ടണത്തില്‍ ഏറ്റവും അധികം ബഹുമാനിക്കപ്പെട്ടിരുന്ന ആള്‍ മഹാപുരോഹിതനായിരുന്നു. എന്നാല്‍ ഒരിടത്തിരുന്നു ജോലിക്കു മേല്‍നോട്ടം വഹിക്കുവാന്‍ അദ്ദേഹത്തിന് അനുവാദമില്ലായിരുന്നു. ഇല്ല. അദ്ദേഹവും തന്റെ സ്വന്ത കൈകളാല്‍ ഇഷ്ടികയും ചുണ്ണാമ്പു ചാന്തും എടുത്ത് പട്ടണത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹായിക്കേണ്ടതുണ്ടായിരുന്നു. നെഹെമ്യാവിനു തങ്ങളുടെ സ്വന്ത കൈകള്‍ കൊണ്ടു പണിയുന്ന ഇങ്ങനെയുള്ള നേതാക്കന്മാരെ എങ്ങനെ ലഭിച്ചു എന്നു കാണുന്നത് ആശ്ചര്യകരമാണ്. ഇവിടെ നെഹെമ്യാവിന്റെ ശ്രേഷ്ഠതയെ ക്കുറിച്ചു ചില കാര്യങ്ങള്‍ നാം കാണുന്നു. കൈകൊണ്ടു വേല ചെയ്യാതിരിക്കത്തക്ക വിധം ആരും അത്ര വലിയവരല്ല എന്ന തോന്നല്‍ അവന്‍ ജനങ്ങള്‍ക്കു നല്‍കി. അവരെല്ലാവരും സഹോദരീ-സഹോദരന്മാര്‍ ആയിരുന്നു. ഈ ആത്മാവിനെയാണ് നമുക്ക് സഭയിലും ആവശ്യമുള്ളത്.

ഈ അദ്ധ്യായത്തില്‍ കൂടെക്കൂടെ വരുന്ന ”അവരുടെ അപ്പുറം” എന്ന പ്രയോഗം ശ്രദ്ധിക്കുക (3:2,4,7,8). അതിന്റെ അര്‍ത്ഥം ഒരിടത്തും ഒരു വിടവുമില്ലാതെയാണ് മതിലു പണിതത് എന്നാണ്. അവരെല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു. മതിലില്‍ ഒരിഞ്ചു വിടവുപോലും വരാത്തവിധം അവര്‍ അന്യോന്യം സഹകരിച്ചു. സ്ത്രീകള്‍ പോലും തങ്ങളുടെ കൈകള്‍ കൊണ്ടു ജോലി ചെയ്തു (3:12). ശല്ലൂം യെരുശലേമിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ പെണ്‍മക്കളും ഇഷ്ടികയും ചാന്തുംകൊണ്ട് ജോലി ചെയ്തു.

ശത്രുവില്‍ നിന്നുള്ള എതിര്‍പ്പ്

4-ാം അധ്യായത്തില്‍, മതില്‍ ഉയര്‍ന്നു വരുന്നു എന്നു കണ്ടപ്പോള്‍ ശത്രുവായ സന്‍ബല്ലത്ത് മഹാരോഷം പൂണ്ടു. മതില്‍ സന്‍ബല്ലത്തിനു വ്യക്തിപരമായി ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല. പിന്നെ എന്തുകൊണ്ടാണ് അയാള്‍ ക്രുദ്ധനായത്? അവന്‍ പിശാചിനാലാണു പ്രകോപിതനായത്. ഇതേ കാര്യം നാം ഇന്നും കാണുന്നു. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ചില മേഖലകളില്‍ നാം ഒരു വേല ചെയ്യുമ്പോള്‍, നാം ആരെയും ഒരുവിധത്തിലും ഉപദ്രവിക്കുന്നില്ല. എന്നിട്ടും അവിടെയുള്ള അനേകമാളുകള്‍ ശക്തിയായി നമ്മെ എതിര്‍ക്കുന്നു! എന്തുകൊണ്ട് എന്നു ഞങ്ങള്‍ അത്ഭുതപ്പെടുന്നു. നാം അവര്‍ക്കെല്ലാം നന്മ ചെയ്തുകൊണ്ട് സമൂഹത്തിന് ഒരു അനുഗ്രഹമായിരിക്കുന്നു. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് ആളുകള്‍ കോപിക്കുന്നത്? അത്തരം ആളുകളുടെ എതിര്‍പ്പിനെയും കോപത്തെയും വിവരിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളു. അത് അവര്‍ സാത്താനാല്‍ പ്രകോപിപ്പിക്കപ്പെടുന്നു എന്നതാണ്. ദരിദ്രരായ ആളുകളുടെ കാര്യങ്ങള്‍ക്ക് പുരോഗതി ഉണ്ടാക്കുന്ന ക്രിസ്ത്യാനികളോട് ഇന്ത്യയിലെ ആളുകള്‍ എന്തിനാണു കോപിക്കുന്നത്? നാം ഒരു തരത്തിലും അവരെ ദ്രോഹിക്കുന്നില്ല. ഏതുവിധമായാലും ക്രിസ്തുവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്ന ഏതൊരാളെയും സാത്താന്‍ വെറുക്കുന്നതുകൊണ്ടാണ് അവര്‍ നമ്മോടു കോപിക്കുന്നത്. തിരുവചനത്തിലുടനീളം നാം ഈ പ്രമാണം കാണുന്നു. നെഹെമ്യാവിന്റെ കാലത്ത് യെഹൂദന്മാരുടെ ശത്രുക്കള്‍ അവരോടു രോഷം പൂണ്ട് ഭരണകര്‍ത്താക്കളുടെ സമ്മര്‍ദ്ദം അവരുടെ മേല്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇതേ കാര്യം നാം ഇന്ന് ഇന്ത്യയില്‍ കാണുന്നു.

സന്‍ബല്ലത്ത് ധനവാന്മാരായ ആളുകളെ സ്വാധീനിച്ച് യെഹൂദന്മാരുടെ വേലയെ എതിര്‍ക്കാന്‍ ശ്രമിക്കുകയും തോബിയാവ് വേലയെ പരിഹസിക്കുകയും ചെയ്തു. അപ്പോള്‍ നെഹെമ്യാവ് എന്താണു ചെയ്തത്? അവന്‍ അവരുമായി ഒരു ചര്‍ച്ചയിലോ, വാദത്തിലോ ഏര്‍പ്പെട്ടില്ല. അവന്‍ ഇപ്രകാരം പറഞ്ഞു പ്രാര്‍ത്ഥിച്ചു: ”ഞങ്ങളുടെ ദൈവമേ കേള്‍ക്കണമേ, ഞങ്ങള്‍ നിന്ദിതര്‍ ആയിരിക്കുന്നു. ഈ ജനം ഞങ്ങള്‍ക്കെ തിരാണ്. ഞങ്ങള്‍ മതില്‍ പണിയുക മാത്രമാണു ചെയ്യുന്നത്. എന്നാല്‍ ഈ ജനം ഞങ്ങള്‍ക്കെതിരാണ്” (വാക്യം 4). എന്നിട്ടും മതിലു പണിയുന്നത് തുടര്‍ന്നു. കാരണം ജനത്തിനു വേല ചെയ്യാനുള്ള മനസ്സുണ്ടായിരുന്നു (4:6). സന്‍ബല്ലത്തും തോബിയാവും യെരുശലേമിനെതിരെ യുദ്ധം ചെയ്ത് അവിടെ ഒരു കലക്കം ഉണ്ടാക്കുവാന്‍ ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി (വാക്യം 7,8). നെഹെമ്യാവാകട്ടെ, ഏതു വിധേനയും പ്രാര്‍ത്ഥന തുടരുകയും അവരുടെ ശത്രുക്കള്‍ക്കെതിരായി രാവും പകലും കാവല്‍ക്കാരെ ആക്കുകയും ചെയ്തു (വാക്യം 9). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അവര്‍ കാവല്‍ കാക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ ജാഗ്രതയുള്ളവരായി, ശത്രുവിനെതിരെ കാവല്‍ നില്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. നമ്മുടെ ഈ കാലത്തും നാം ഇങ്ങനെയാണു പണി ചെയ്യേണ്ടത്.

ക്രിസ്തീയ വേലയില്‍ നാം നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് വെളിയില്‍ നിന്നു നമ്മെ ആക്രമിക്കുന്ന ശത്രുക്കള്‍ക്കു പുറമെ, അകത്തു നിന്നുകൊണ്ട് പിറുപിറുക്കുകയും നമ്മെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നവരുണ്ട് എന്നതാണ്. അപ്പൊസ്തല പ്രവൃത്തികളില്‍ നാം വായിക്കുന്നത്, ശിഷ്യന്മാര്‍ പെരുകി വന്നപ്പോള്‍, യവനഭാഷക്കാരായ വിധവമാരുടെ ഇടയില്‍ ഒരു പിറുപിറുപ്പുണ്ടായിട്ട് അവര്‍ പറഞ്ഞു: ”എബ്രായ ഭാഷക്കാരുടെ വിധവമാര്‍ക്കു ലഭിക്കുന്നത്ര ആഹാരം ഞങ്ങളുടെ വിധവമാര്‍ക്കു ലഭിക്കുന്നില്ല. അവിടെ മുഖപക്ഷം ഉണ്ട്” (പ്രവൃത്തികള്‍ 6:1). പാളയത്തിനകത്തു നിന്നും ഉണ്ടാകുന്ന പിറുപിറുപ്പാണ് നെഹെമ്യാവിനും കൈകാര്യം ചെയ്യേണ്ടിയിരുന്നത്. യെഹൂദായിലുള്ള ജനങ്ങള്‍ ഇപ്രകാരം പറഞ്ഞുകൊണ്ട് പിറുപിറുക്കാന്‍ തുടങ്ങി. ”ഇവിടെ ധാരാളം അവശിഷ്ടങ്ങള്‍ ഉണ്ട്. ഇതെല്ലാം കൂടി ഞങ്ങള്‍ക്കു കൈകാര്യം ചെയ്യാന്‍ കഴിയില്ല” (വാക്യം 10). നെഹെമ്യാവിന് ഈ പിറുപിറുപ്പും നിരുത്സാഹവുമെല്ലാം കൈകാര്യം ചെയ്യേണ്ടി വന്നു. അവരുടെ അടുത്തു താമസിച്ചിരുന്ന യെഹൂദന്മാര്‍ അതികഠിനമായി അവരെ ഭയപ്പെടുത്തി. ”എല്ലാ വശത്തു നിന്നും അവര്‍ നിങ്ങള്‍ക്കെതിരായി വരും അതുകൊണ്ട് സൂക്ഷ്മതയുള്ളവരായിരിക്കുക” എന്നു പത്തുപ്രാവശ്യം പറഞ്ഞു കൊണ്ട് അവരുടെ ഭയത്തെ മറ്റുള്ളവരോടു പങ്കിടുകയും ചെയ്തു (വാക്യം 12). സഭയിലും, നമ്മുടെ ഹൃദയങ്ങളിലേക്ക് ഭയവും നിരുത്സാഹവും കൊണ്ടുവരാന്‍ ശ്രമിക്കുന്ന അനേകരെ നമുക്കു കണ്ടെത്താന്‍ കഴിയും.

എന്നാല്‍ നെഹെമ്യാവിനു ഭയമില്ലായിരുന്നു. അവന്‍ ജനത്തോടു പറഞ്ഞു: ”നിങ്ങള്‍ അവരെ പേടിക്കേണ്ട. വലിയവനും ഭയങ്കരനുമായ കര്‍ത്താവിനെ ഓര്‍ത്തു നിങ്ങളുടെ സഹോദരന്മാര്‍ക്കു പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വേണ്ടി പൊരുതുവിന്‍ എന്നു പറഞ്ഞു (വാക്യം 14). ”നാം ദൈവത്തെ ഭയപ്പെടുന്നെങ്കില്‍, മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല” (യെശ്ശയ്യാവ് 8:12,13- ലിവിംഗ്). സര്‍വ്വശക്തനായ ദൈവം നാം ചെയ്യുന്നതില്‍ നമ്മെ പിന്‍തുണയ്ക്കുന്നു എന്നു നാം യഥാര്‍ത്ഥമായി വിശ്വസിക്കുന്നെങ്കില്‍, മറ്റാരെ എങ്കിലും ഭയപ്പെടുന്നത് പരിഹാസ്യവും വിഡ്ഢിത്തവുമാണ്.

അധ്യായം 5:1-13 വരെയുള്ള വാക്യങ്ങളില്‍ അവരുടെ ഇടയിലുണ്ടായിരുന്ന ദരിദ്രര്‍ക്കും മര്‍ദ്ദിതര്‍ക്കും കടക്കെണിയിലായവര്‍ക്കും വേണ്ടിയുള്ള നെഹെമ്യാവിന്റെ കരുതല്‍ നാം കാണുന്നു. അവര്‍ക്കു കടം കൊടുത്തവരോട് അവന്‍ സംസാരിച്ച് അവരെ തങ്ങളുടെ കടങ്ങളില്‍ നിന്നു സ്വതന്ത്രരാക്കി. 18-ാം വാക്യത്തില്‍ ഒരു പ്രദേശത്തിന്റെ ദേശാധിപതി എന്ന നിലയില്‍ നെഹെമ്യാവിനു ലഭിക്കേണ്ടിയിരുന്ന പണം സ്വീകരിക്കാതിരുന്ന അവന്റെ അത്ഭുതകരമായ മാതൃക നാം കാണുന്നു- അവന്‍ കഠിനാദ്ധ്വാനം ചെയ്യുകയും 150 യെഹൂദന്മാര്‍ക്കും മറ്റു ജാതികളില്‍ നിന്നു വന്ന പലര്‍ക്കും ഭക്ഷണം കൊടുക്കുക പോലും ചെയ്തിട്ടും! നോഹയെയും പൗലൊസിനെയും പോലെ തന്റെ സ്വന്തം ചെലവില്‍ ദൈവത്തെ സേവിച്ച ആതിഥ്യ മര്യാദയുള്ള ഒരുവനായിരുന്നു നെഹെമ്യാവ്. ലഭ്യമായ പണം മുഴുവന്‍ അവന്‍ മതിലു പണിക്കുവേണ്ടി ഉപയോഗിച്ചു. ദൈവവേലയ്ക്കായി നല്‍കപ്പെട്ട പണം ഒന്നും അവന്റെ സ്വന്ത ആവശ്യത്തിനു വേണ്ടി ഉപയോഗിക്കാതെ മഹാത്യാഗ മനോഭാവത്തോടു കൂടി ജീവിച്ച ഒരു മനുഷ്യനാണ് ഇവിടെയുള്ളത്. പണമിടപാടുകളില്‍ വിശ്വസ്തനായ ഒരുവനെ എവിടെ കാണുന്നുവോ അവിടെ ആ മനുഷ്യനെ ഉപയോഗിക്കുന്നതില്‍ ദൈവത്തിനു ഒരു പരിമിതിയുമില്ല. ദൈവം തന്റെ വേലക്കാരില്‍ അനേകരെ ഉപേക്ഷിച്ചു കളയുന്നതിന്റെ കാരണം, സാമ്പത്തികമായി അവര്‍ തങ്ങളുടെ സഹോദരന്മാരെ മുതലെടുക്കുന്നു എന്നതാണ്.

അധ്യായം 6: ഒരു വിടവുപോലുമില്ലാതെ മതിലുപണി പൂര്‍ത്തിയായി എന്നു നാം ഇവിടെ വായിക്കുന്നു. ഇവിടെ സന്‍ബല്ലത്ത് മറ്റൊരു തന്ത്രം പ്രയോഗിക്കുന്നു. അവന്‍ പറഞ്ഞു, ”വരിക, ഓനോ സമഭൂമിയില്‍ നമുക്കൊരു യോഗം കൂടി ചര്‍ച്ച ചെയ്യാം” (6:2). എന്നാല്‍ നെഹെമ്യാവ് വഞ്ചിക്കപ്പെട്ടില്ല. അവര്‍ തന്നെ ഉപദ്രവിക്കുവാന്‍ പോകുകയാണെന്ന് അവന്‍ ആത്മാവില്‍ അറിഞ്ഞു. ദൈവം തന്റെ ദാസന്മാരെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. നെഹെമ്യാവ് അവര്‍ക്ക് അത്ഭുതകരമായ ഒരു മറുപടി നല്‍കി. അതിനു സമാനമായ സാഹചര്യങ്ങളില്‍ നാമും നല്‍കേണ്ട മറുപടി ഇതു തന്നെയാണ്: ”ഞാന്‍ ഒരു വലിയ വേല ചെയ്യുന്നു, അതുകൊണ്ട് അതു വിട്ടിട്ട് നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങി വരുവാന്‍ കഴിയുകയില്ല” (6:3). ദൈവം നമുക്കു ചെയ്യാന്‍ ഒരു ദൗത്യം ഏല്‍പിച്ചിരിക്കെ, നാം അതില്‍ നിലനില്‍ക്കണം. പ്രയോജനമില്ലാത്ത ചര്‍ച്ചകളില്‍ നമ്മുടെ സമയം നാം പാഴാക്കിക്കളയരുത്. ആ മനോഭാവത്തോടെ നെഹെമ്യാവ് വെറും 52 ദിവസം കൊണ്ട് മതിലുപണി പൂര്‍ത്തീകരിച്ചു (വാക്യം 15). ആദ്യത്തെ പ്രവാസി സംഘം യെരുശലേമില്‍ മടങ്ങി വന്നു കഴിഞ്ഞ് 90 വര്‍ഷമായിട്ടും ഈ മതില്‍ പണിയപ്പെട്ടിട്ടു ണ്ടായിരുന്നില്ല. ആത്മാര്‍ത്ഥതയുള്ള ഒരു മനുഷ്യനെ കണ്ടെത്തുന്നതുവരെ ദൈവത്തിനു കാത്തിരിക്കേണ്ടിയിരുന്നു. ആ മനുഷ്യനെ കണ്ടെത്തിയപ്പോള്‍, അവന്‍ രണ്ടു മാസത്തെക്കാള്‍ കുറഞ്ഞ സമയംകൊണ്ട് ആ ജോലി തീര്‍ത്തു. ഇന്നു ചെയ്യപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഇന്നു പൂര്‍ത്തീകരിക്ക പ്പെടുന്നില്ല. വര്‍ഷങ്ങള്‍ കടന്നുപോകുന്നു. ദൈവം എന്തിനു വേണ്ടിയാണു കാത്തിരിക്കുന്നത്? ഹൃദയത്തില്‍ ഭാരമുള്ള, എതിര്‍പ്പുകൊണ്ടു നിരുത്സാഹപ്പെട്ടു പോകാത്ത, തന്റെ സ്വന്തം ചെലവില്‍ ആ വേല ചെയ്യുന്ന ഒരാളിനു വേണ്ടിയാണ് അവിടുന്നു കാത്തിരിക്കുന്നത്. വിവാഹത്തിലൂടെ തോബിയാവിന്റെ ബന്ധു ആയി ത്തീര്‍ന്ന, യെഹൂദന്മാരുടെ ശത്രുവായ യെഹൂദാ പ്രഭുക്കന്മാരില്‍ നിന്നും നെഹെമ്യാ വിനു പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. നെഹെമ്യാവ് യെഹൂദയിലുള്ള ഒത്തു തീര്‍പ്പുകാരായ ഭരണ കര്‍ത്താക്കളാല്‍ ചുറ്റപ്പെട്ടിരുന്നു. എന്നാല്‍ അവന്‍ ഒറ്റയ്ക്കു മുന്നോട്ടു പോകുകയും ദൈവം അവനു കൊടുത്ത ദൗത്യം നിറവേറ്റുകയും ചെയ്തു.

ഉണര്‍വ്വ്

8,9 അധ്യായങ്ങള്‍ നമ്മെ കാണിക്കുന്നത് രണ്ടു ദൈവപുരുഷന്മാര്‍ക്ക്- എസ്രായും നെഹെമ്യാവും- ഒരു മുഴു രാഷ്ട്രത്തിന്മേലും ഉണ്ടായിരുന്ന സ്വാധീനത്തിലൂടെ ദൈവം യെഹൂദന്മാരുടെ ഇടയില്‍ വരുത്തിയ വലിയ ഉണര്‍വ്വിനെയാണ്.

8-ാം അധ്യായത്തില്‍, എസ്രായിലൂടെ ദൈവം ചെയ്തതെന്താണെന്നു നാം വായിക്കുന്നു. അദ്ദേഹം ദൈവവചനം എടുത്ത്, പുരുഷന്മാരെയും സ്ത്രീകളെയും കേട്ടു ഗ്രഹിപ്പാന്‍ പ്രാപ്തിയുള്ള കുഞ്ഞുങ്ങളെയും കൂട്ടി വരുത്തി. അതിനു ശേഷം അവര്‍ക്കുവേണ്ടി അദ്ദേഹം ഒരു 6 മണിക്കൂര്‍ വേദപുസ്തക പഠനം നടത്തി! (8:3). അവിടെ പറഞ്ഞിരിക്കുന്നത് ”സര്‍വ്വജനവും ന്യായപ്രമാണ പുസ്തകം ശ്രദ്ധിച്ചു കേട്ടു” എന്നാണ് (8:3). അവര്‍ അവരുടെ യോഗം, ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് ആരംഭിച്ചത് (വാക്യം 4). എസ്രാ തിരുവചനത്തില്‍ നിന്നു വായിച്ച ഓരോ കാര്യത്തിന്റേയും അര്‍ത്ഥം ജനങ്ങള്‍ക്കു പറഞ്ഞുകൊടുക്കുന്നതും അദ്ദേഹം ചെയ്തു (വാക്യം 8). അവര്‍ക്കെല്ലാവര്‍ക്കും വളരെ വ്യക്തമായി വിവരിച്ചു കൊടുക്കത്തക്കവണ്ണം വചനം പഠിക്കേണ്ടതിന് എസ്രാ തന്നെ അനേക മാസങ്ങളും വര്‍ഷങ്ങളും ചെലവഴിച്ചിട്ടുണ്ട് എന്ന കാര്യം സ്പഷ്ടമാണ്. ഈ സമയത്തിനായി ദൈവം രഹസ്യത്തില്‍ അദ്ദേഹത്തെ ഒരുക്കിയിട്ടുണ്ടായിരുന്നു. ഉണര്‍വ്വ് ഉണ്ടായിട്ട് ജനങ്ങള്‍ തങ്ങളുടെ പാപത്തെ ഓര്‍ത്തു കരയാന്‍ തുടങ്ങി (വാക്യം 9). ദൈവം അവര്‍ക്കു നല്‍കിയ നന്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടതിനും അവര്‍ക്കു പ്രബോധനം ലഭിച്ചു. അങ്ങനെ ചെയ്യുന്നതിനാല്‍ ”യഹോവയിലുള്ള സന്തോഷം അവരുടെ ബലമായി തീരും” (8:10). ജനങ്ങള്‍ അവിടെനിന്നുപോയി ആ പ്രബോധനം അനുസരിച്ചു. അടുത്ത ദിവസം എസ്രാ നേതാക്കന്മാര്‍ക്കായി ഒരു വേദപുസ്തക പഠനം നടത്തി (വാക്യം 13). ഓരോ വര്‍ഷത്തിന്റെയും ഏഴാം മാസം കൂടാരപ്പെരുന്നാള്‍ ആചരിക്കണം എന്ന് തിരുവചനത്തില്‍ കല്പിച്ചിട്ടുണ്ട് എന്ന് അവര്‍ വചനത്തില്‍ നിന്നു കണ്ടപ്പോള്‍, ഉടനെ അവര്‍ അതനുസരിച്ചു. 900 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഈ ഉത്സവം അവര്‍ ആചരിക്കുന്നത്- കാരണം യോശുവയുടെ കാലം മുതല്‍ ഈ കല്പന അനുസരിക്കപ്പെട്ടിട്ടില്ലായിരുന്നു (വാക്യങ്ങള്‍ 14-17). ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ, ദാവീദുപോലും, ഈ കല്പന അനുസരിക്കാന്‍ തക്കവണ്ണം യിസ്രായേല്യരെ ഒരുക്കിയില്ല. അടുത്ത ഏഴു ദിവസവും എസ്രാ ഈ വേദപുസ്തക പഠനം തുടര്‍ന്നു (വാക്യം 18).

9-ാം അധ്യായത്തില്‍ നെഹെമ്യാവിലൂടെ ദൈവം ചെയ്തതെന്താണെന്നു നാം വായിക്കുന്നു. യിസ്രായേല്യര്‍ ഉപവസിക്കുന്നതും തങ്ങളുടെ പാപങ്ങളെ ഏറ്റു പറയു ന്നതും ജാതികളില്‍ നിന്നു തങ്ങളെ തന്നെ വേര്‍തിരിക്കുന്നതും വിവരിച്ചു കൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത് (വാക്യങ്ങള്‍ 1,2). അതിനുശേഷം അവര്‍ക്ക് ഒരു 3 മണിക്കൂര്‍ വേദപഠനവും 3 മണിക്കൂര്‍ യഹോവയെ സ്തുതിക്കുന്നതും അവരുടെ പാപങ്ങളെ ഏറ്റുപറയുന്നതുമായ ഓരോ ഭാഗങ്ങളുണ്ടായിരുന്നു. വീണ്ടും അവിടെ വലിയ ഒരു ഉണര്‍വ്വുണ്ടായി (വാക്യം 3). അപ്പോള്‍ ലേവ്യര്‍ എഴുന്നേറ്റു നിന്ന് യഹോവയോട് ഉറക്കെ നിലവിളിച്ചു (വാക്യം 4). 6 മുതല്‍ 31 വരെയുള്ള വാക്യങ്ങളില്‍ മുഴുവന്‍ ബൈബിളിലും രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ദീര്‍ഘമായ ഒരു പ്രാര്‍ത്ഥനയാണ് നമുക്കുള്ളത്. അതിനുശേഷം ലേവ്യര്‍ അബ്രാഹാമിന്റെ കാലം മുതലുള്ള ചരിത്രം അനുസ്മരിച്ചു. മരുഭൂമിയില്‍ 40 വര്‍ഷം ഉഴന്നു നടന്നപ്പോഴും ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലത്തും ഉണ്ടായ അവരുടെ പരാജയങ്ങള്‍ അവര്‍ ഓര്‍ക്കുകയും ദൈവം അവരുടെ നേരെ അയച്ച ഓരോ ന്യായവിധിയും നീതിയുക്തവും ശരിയുമായിരുന്നു എന്ന് അവര്‍ ഏറ്റു പറയുകയും ചെയ്തു. അവര്‍ ദൈവമുമ്പാകെ അനുതപിക്കുകയും ഒരു പ്രമാണം ഒപ്പിടുകയും ചെയ്തു. എല്ലാവരിലും ആദ്യം അതില്‍ ഒപ്പിട്ടത് നെഹെമ്യാവ് തന്നെ ആയിരുന്നു (10:1).

ഇതെല്ലാം സംഭവിച്ചത് ദൈവത്തെ ഭയപ്പെട്ടിരുന്ന ഈ രണ്ടു പുരുഷന്മാരിലൂടെയാണ് – എസ്രയും നെഹെമ്യാവും. അവരുടെ ഒരുമിച്ചുള്ള ശുശ്രൂഷ ഏതാണ്ട് രണ്ടു മൂപ്പന്മാരാല്‍ നയിക്കപ്പെടുന്ന ഒരു പുതിയ ഉടമ്പടി സഭയുടെ പ്രവര്‍ത്തനത്തോട് തീര്‍ത്തും സമാനമാണ്. നമുക്ക് ഇന്നു പിന്‍തുടരുവാന്‍ എത്ര നല്ല മാതൃകയാണ്!

ഈ അനുതാപത്തിന്റെ ഫലമായി അവര്‍ എടുത്ത അനേകം തീരുമാനങ്ങളുടെ പട്ടിക അധ്യായം 10-ല്‍ നാം കാണുന്നു. ഇപ്പോഴും യെരുശലേമില്‍ ജീവിക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. കാരണം അവിടുത്തെ ജീവിതം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. എങ്കിലും ചിലര്‍ സ്വമേധയാ അവിടെ ജീവിക്കുവാനായി വന്നു (11:1,2).

വാതില്‍ കാവല്‍ക്കാരെയും സ്തുതിയുടെ സമയത്ത് അതിനു നേതൃത്വം നല്‍കുന്നവരെയും നെഹെമ്യാവ് എപ്രകാരമാണ് സംഘടപ്പിച്ചത് എന്ന 12-ാം അധ്യായത്തില്‍ നാം വായിക്കുന്നു. ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുള്ള ദൈവജനത്തിന്റെ യാത്രയില്‍ ഉപവാസം, പ്രാര്‍ത്ഥന, പാപങ്ങളുടെ ഏറ്റു പറച്ചില്‍, മണിക്കൂറുകളോളമുള്ള വേദപുസ്തക പഠനം, ദീര്‍ഘമായ യോഗങ്ങള്‍, ദൈവത്തെ അധികമായി സ്തുതിക്കുന്നത് ഇവയ്‌ക്കൊക്കെ നല്‍കപ്പെട്ടിരിക്കുന്ന സ്ഥിരമായ ഊന്നല്‍ ശ്രദ്ധിക്കുക.

13-ാം അധ്യായത്തില്‍, ദൈവത്തിന്റെ ആലയത്തിന്റെ വിശുദ്ധിയുടെ കാര്യത്തില്‍ നെഹെമ്യാവിനുള്ള എരിവു നാം കാണുന്നു. അദ്ദേഹം ദൈവാലയത്തിനകത്തേക്കു ചെന്ന്, യേശു യെരുശലേം ദൈവാലയം ശുദ്ധീകരിച്ചപ്പോള്‍ അവിടുന്നു ചെയ്തതിനു സമാനമായി ചില കാര്യങ്ങള്‍ ചെയ്തു. ജനങ്ങള്‍ തങ്ങളുടെ മാനസാന്തരപ്പെടാത്ത ബന്ധുക്കളെ ദൈവാലയത്തില്‍ താമസിക്കുവാന്‍ അനുവദിച്ചതായി നെഹെമ്യാവ് കണ്ടെത്തി. പുരോഹിതനായ ഏലിയാശീബ് തോബിയാവിന്റെ ഒരു ബന്ധു ആയിരുന്നു (13:4). അതുകൊണ്ട് ഒരു വലിയ അറ അവനു വേണ്ടി ഒരുക്കിക്കൊടുത്തു. എന്നാല്‍ നെഹെമ്യാവ് അവയെല്ലാം പുറത്തെറിഞ്ഞു കളഞ്ഞു. അദ്ദേഹം ”തോബിയാവിന്റെ വീട്ടുസാമാനമൊക്കെയും അറയില്‍ നിന്നു പുറത്തെറിഞ്ഞു കളഞ്ഞ് ദൈവാലയത്തെ ശുദ്ധീകരിച്ചു”(13:8). ശബ്ബത്തില്‍ സാധനങ്ങള്‍ വില്‍ക്കുന്ന തിലൂടെ അനേകം ആളുകള്‍ പണമുണ്ടാക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു (13:15). അദ്ദേഹം അവരെ ശാസിക്കുകയും അവര്‍ക്കു താക്കീതു നല്‍കുകയും വേണ്ടി വന്നാല്‍ അവര്‍ക്കെതിരെ ബലം പ്രയോഗിക്കുമെന്ന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു (13:21). ജനം ദൈവത്തെ ഭയപ്പെടുന്നില്ലെങ്കില്‍ കുറഞ്ഞപക്ഷം അവര്‍ ഒരു ദൈവപുരുഷനെ ഭയപ്പെടണം. ചില യെഹൂദന്മാര്‍ യെഹൂദേതര സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട് എന്ന കാര്യം കൂടി അദ്ദേഹം കണ്ടുപിടിച്ചു. നെഹെമ്യാവ് ”അവരെ ശാസിച്ചു. അവരെ ശപിച്ചു. അവരെ അടിച്ച് അവരുടെ തലമുടിയും താടിയും പറിച്ച്, അവരുടെ മക്കളെ ഇനി ഒരിക്കലും യെഹൂദേതരര്‍ക്കു വിവാഹത്തിനു കൊടുക്കുകയില്ല എന്ന് അവരെക്കൊണ്ട് ദൈവനാമത്തില്‍ സത്യം ചെയ്യിച്ചു” (13:25). അങ്ങനെ നെഹെമ്യാവ് മുഖപക്ഷം കൂടാതെ പൗരോഹിത്യത്തെ ശുദ്ധീകരിച്ചു. പുരോഹിതന്മാര്‍ ചെയ്യേണ്ട ജോലികള്‍ എന്തൊക്കെയെന്ന് നിശ്ചയിച്ചു. അടിസ്ഥാന വസ്തുക്കളായ വിറുകു വഴിപാടിന്റെ കാര്യം വരെ അദ്ദേഹം ക്രമീകരിച്ചു (13:30,31).

ദയാലുവും ശാന്തനുമായ ഒരു വ്യക്തി എന്ന പ്രശസ്തി അന്വേഷിക്കാത്ത നിര്‍ഭയനായ ഒരു മനുഷ്യനായിരുന്നു നെഹെമ്യാവ്. സഭയില്‍ ദൈവത്തിന്റ നിലവാരം നിലനിര്‍ത്തുന്ന കാര്യം വരുമ്പോള്‍ അനേകം ക്രിസ്തീയ നേതാക്കളും ഉറച്ചവരും ആധികാരികതയുള്ളവരും അല്ല. ആത്മീയമായി ക്രിസ്തു തുല്യമായ രീതിയില്‍ ശക്തനും, ആധികാരികതയുള്ളവനും ആയ ഒരുവനെ കണ്ടെത്തുവാന്‍ ദൈവത്തിനു കഴിയാതെ വരുമ്പോള്‍, ദൈവത്തിന്റെ വേല നഷ്ടം അനുഭവിക്കേണ്ടി വരുന്നു. അങ്ങനെയാണ് ബാബിലോണ്‍ പണിയപ്പെടുന്നത്.

അനേക വര്‍ഷങ്ങളിലൂടെ ഞാന്‍ നിരീക്ഷിച്ച ഒരു കാര്യം ശക്തനായ ഒരു നേതാവിനെ കണ്ടെത്താന്‍ ദൈവത്തിനു കഴിയാതെ വന്നാല്‍, അവിടുത്തേക്ക് ഒരു സത്യസഭ (യെരുശലേം) പണിയുവാന്‍ കഴിയുകയില്ല എന്നതാണ്. മറ്റൊരു കാര്യം ഞാന്‍ കണ്ടു പിടിച്ചത് മിക്ക നേതാക്കളും ഉറപ്പുള്ളവരാകാത്തതിനു കാരണം അവര്‍ ശാന്തന്മാരെന്നുള്ള തങ്ങളുടെ പ്രശസ്തിയെക്കുറിച്ച് വളരെ കരുതലുള്ളവരാണ് എന്നാണ്. അവര്‍ ചിന്തിക്കുന്നത് ”ഞാന്‍ അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ആളുകള്‍ എന്നെക്കുറിച്ച് എന്തു വിചാരിക്കും? താഴ്മയുള്ള, കൃപാലുവായ, ശാന്തനായ ഒരു വ്യക്തി എന്ന പ്രശസ്തി എനിക്കു വേണം.” ഞാന്‍ ഇങ്ങനെ പറയട്ടെ: നിങ്ങള്‍ നിങ്ങളുടെ പ്രശസ്തിയെക്കുറിച്ചു കരുതലുള്ളവനാണെങ്കില്‍ സഭ പണിയുന്ന കാര്യത്തെക്കുറിച്ച് മറന്നു കളയുന്നതായിരിക്കും നല്ലത്. നിങ്ങള്‍ പണിയുന്നത് ബാബിലോണ്‍ ആയിരിക്കും- നിങ്ങളുടെ ഉപദേശം എല്ലാം ശരിയാണെങ്കില്‍ പോലും.

നെഹെമ്യാവ് അങ്ങനെയുള്ള ഒരു മനുഷ്യന്‍ ആയിരുന്നില്ല. അദ്ദേഹം തന്റെ പ്രശസ്തിയെക്കുറിച്ചു വിചാരപ്പെട്ടിരുന്നില്ല. അതുകൊണ്ട് ദൈവത്തിന് അദ്ദേഹത്തെ ഉപയോഗിക്കാന്‍ കഴിഞ്ഞു.