ബൈബിളിലൂടെ : സംഖ്യാ പുസ്തകം

യിസ്രായേലിന്റെ മരുഭൂമിയിലെ ഉഴല്‍ച്ചയും യുദ്ധങ്ങളും

ഇതു മോശെ എഴുതിയ നാലാം പുസ്തകമാണ്. ഇവിടെ യിസ്രായേലിന്റെ മരുഭൂമിയിലെ പ്രയാണങ്ങളെയും യുദ്ധങ്ങളെയും കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു. ഇതില്‍ യിസ്രായേല്‍ മക്കളുടെ എണ്ണം രണ്ടു പ്രാവശ്യം തിട്ടപ്പെടുത്തി രേഖപ്പെടുത്തിയി രിക്കുന്നതിനാല്‍ സംഖ്യ എന്നും ഈ പുസ്തകത്തെ വിളിക്കുന്നു. സംഖ്യ 1:3-ല്‍ 20 വയസ്സിനു മുകളില്‍ പ്രായമുള്ള യുദ്ധപ്രാപ്തരായ പുരുഷന്മാരുടെ എണ്ണം മോശെ എടുത്തിരിക്കുന്നു. തങ്ങളുടെ യാത്രാരംഭത്തിലും 40 വര്‍ഷക്കാലത്തെ പ്രയാണത്തിന്റെ അന്ത്യത്തിലും കുടുംബങ്ങളുടെ കണക്കുകള്‍ എടുക്കുന്നതായി 26-ാം അധ്യായത്തില്‍ നമുക്കു കാണാം.

സംഘടനയും ക്രമവും

രണ്ടാം അധ്യായത്തില്‍ യിസ്രായേല്‍ പാളയത്തിന്റെ ക്രമീകരണം കാണാം. നമ്മുടെ ദൈവം ക്രമത്തിന്റെ ദൈവമാണ്. ഇവിടെ നമുക്കു പഠിക്കാന്‍ കഴിയുന്ന ഒരു വലിയ കാര്യം ദൈവം തന്റെ ജനത്തെ പഠിപ്പിക്കുന്ന ശിക്ഷണവും ക്രമീകരണവുമാണ്. ഈ ജനത്തെ ഈജിപ്തില്‍ നിന്നും പുറപ്പെടുവിക്കുമ്പോള്‍ ഒരു ശിക്ഷണവും ക്രമവുമില്ലാത്ത വെറും അടിമക്കൂട്ടങ്ങള്‍ മാത്രമായിരുന്നു അവര്‍ എന്ന കാര്യം നാം മറന്നു കൂടാ. അതുകൊണ്ടു ദൈവം അവരെ ശുചിത്വം, ക്രമം, ശിക്ഷണം എന്നിവയിലേക്കു കൊണ്ടുവന്നു. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഇവ വളരെ പ്രധാനപ്പെട്ട പാഠങ്ങളാണ്. ധാരാളം വിശ്വാസികളും തങ്ങളുടെ വീടുകളില്‍ ശുചിത്വമോ അടുക്കും ചിട്ടയുമോ ഇല്ലാത്തവരാണ്. തങ്ങളുടെ പണമോ സമയമോ ചെലവഴിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു ചിട്ടയും ഇല്ല.

ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ ആത്മീയ വളര്‍ച്ചയെ ബാധിക്കുന്നു. നിങ്ങളുടെ ആത്മാവിലുള്ള അനുഭവങ്ങള്‍ എത്ര വലുതായിരുന്നാലും ജീവിതത്തില്‍ ശിക്ഷണമില്ലെങ്കില്‍ നിങ്ങള്‍ക്കൊരു ദൈവഭക്തനാകുവാന്‍ കഴിയില്ല. അത്തരം ക്രമീകരണത്തിന്റെ വിശദാംശങ്ങള്‍ സംഖ്യാ പുസ്തകത്തില്‍നിന്നും വായിക്കുമ്പോള്‍ അവയുടെ പ്രാധാന്യമെന്തെന്നു നാം കണ്ടെത്തും.

അത്തരം ശിക്ഷണം നമുക്കില്ലെങ്കില്‍ ദൈവം ആഗ്രഹിക്കുന്ന തരത്തിലുള്ള പുരുഷനോ സ്ത്രീയോ ആയിത്തീരുവാന്‍ നമുക്കു കഴിയില്ല. അധികം ആളുകളും ദൈവത്തിന്റെ വചനത്തെക്കുറിച്ച് അജ്ഞരാണ്. കാരണം അതു പഠിക്കുവാന്‍ അവര്‍ തങ്ങളെത്തന്നെ ശിക്ഷിതരാക്കിയിട്ടില്ല. ദൈവവചനം പഠിക്കുവാന്‍ ദിവസവും നിങ്ങള്‍ ബുദ്ധിമുട്ടു സഹിക്കുവാന്‍ തയ്യാറല്ലെങ്കില്‍ അതു പഠിക്കുവാന്‍ നിങ്ങള്‍ക്കു കഴിയില്ല. പ്രത്യേകിച്ചും യൗവന കാലത്ത്.

ഉദാഹരണമായി ഏഴാം അധ്യായത്തില്‍ നേതാക്കന്മാരുടെ വഴിപാടുകളെക്കുറിച്ചു പറയുന്നിടത്ത് തളികകളുടെയും കിണ്ണങ്ങളുടെയുമൊക്കെ തൂക്കങ്ങള്‍ വിശദമായി പറഞ്ഞിരിക്കുന്നു. ആവര്‍ത്തനങ്ങളും ഉണ്ട്. ഇതില്‍ നിന്നും നാം മനസ്സിലാക്കുന്നത് വഴിപാടുകളിലെ ഓരോ ചെറിയ കാര്യങ്ങളെപ്പോലും ദൈവം ശ്രദ്ധിക്കുന്നു എന്നതാണ്. വ്യത്യസ്തരായ പത്തുപേര്‍ ഒരേ വസ്തു തന്നെ വഴിപാടായി നല്‍കി എന്നു വരാം- എന്നാല്‍ ഓരോ വ്യക്തിയും ദൈവത്തിനു വിലയേറിയവരാകയാല്‍ ദൈവം ഓരോന്നും വ്യക്തമായി രേഖപ്പെടുത്തി വയ്ക്കുന്നു. ഇതു ദൈവത്തിന്റെ ഹൃദയത്തെ നമുക്കു വെളിപ്പെടുത്തുന്നു. അവിടുന്ന് ഓരോ വ്യക്തിയെയും താത്പര്യത്തോടെ ശ്രദ്ധിക്കുന്നു. കോടിക്കണക്കിന് ആളുകള്‍ ലോകത്തിലുള്ളതുകൊണ്ട് അവരില്‍ ഒരുവനെപ്പോലെ സ്വയം കരുതി ഇന്നത്തെ ലോകത്തില്‍ മുങ്ങി നടക്കുവാന്‍ വളരെ എളുപ്പമാണ്. എന്നിരുന്നാലും ദൈവം നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ശ്രദ്ധിക്കുന്നു, പ്രത്യേകമായി കരുതുന്നു, എന്നതില്‍ നമുക്കു ധൈര്യപ്പെടാം.

സംഖ്യ 3:40,41-ല്‍ ഒരു മാസം പ്രായമായ ആണായ ആദ്യജാതന്മാരുടെയൊക്കെ എണ്ണം നോക്കുവാന്‍ ദൈവം മോശെയോട് ആവശ്യപ്പെടുന്നു. അതിന്റെ കാരണം ഇവരൊക്കെ മിസ്രയീമില്‍ വച്ച് മരണത്തിനു കീഴടങ്ങേണ്ടതായിരുന്നു. അവരെ ദൈവം തന്റെ കരുണയാല്‍ രക്ഷിച്ചതാണ്. അതുകൊണ്ട് അവര്‍ ദൈവത്തിനുള്ള വരാണ്. എന്നാല്‍ ദൈവം യിസ്രായേല്‍ മക്കളിലെ എല്ലാ കടിഞ്ഞൂലുകളെയും എണ്ണി അവര്‍ക്കു പകരം ലേവ്യരെ തനിക്കായി എടുക്കാനും യിസ്രായേല്‍ മക്കളുടെ കന്നുകാലികളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെ എടുക്കുവാനും കല്പിച്ചു. അങ്ങനെ മോശെ ആദ്യജാതന്മാരെ എണ്ണി. മൊത്തം 22,273 പേര്‍ എന്നു കണ്ടു (വാ. 43). തുടര്‍ന്നു ലേവ്യരെ എണ്ണി. അവരുടെ എണ്ണം 22,000 മാത്രം ആയിരുന്നു. ലേവ്യരുടെ എണ്ണത്തെ കവിഞ്ഞു ശേഷിച്ച 273 ആദ്യജാതന്മാര്‍ക്കായി ഒരു വീണ്ടെടുപ്പു വില നല്‍കുവാന്‍ കല്പിച്ചു (വാ. 46,47).

ചുരുക്കത്തില്‍ ദൈവത്തിന്റെ വകയാകേണ്ട യിസ്രായേല്യരുടെ ആദ്യജാതന്മാര്‍ക്കു പകരം ദൈവം തനിക്കായി ലേവ്യരെ എടുത്തു. അങ്ങനെ ലേവി ഗോത്രം മുഴുവന്‍ കര്‍ത്താവിന്റെ വകയായി. കര്‍ത്താവ് അവരോടു കല്പിച്ചു.: ”നിങ്ങള്‍ക്കു ദേശത്ത് അവകാശമൊന്നും ഉണ്ടായിരിക്കില്ല. ഞാന്‍ തന്നെ ആയിരിക്കും നിങ്ങളുടെ അവകാശം”(18:20). അവര്‍ ദൈവത്തിന്റെ ശുശ്രൂഷയ്ക്കു മാത്രമായി തങ്ങളെത്തന്നെ സമര്‍പ്പിച്ചു.

നാലാം അധ്യായത്തില്‍ ലേവി പുത്രന്മാര്‍ക്ക് സമാഗമന കൂടാരത്തിലെ ശുശ്രൂഷകള്‍ക്കുള്ള ഉത്തരവാദിത്തം നല്‍കുന്നു. സ്വന്തം മക്കളെ സമാഗമന കൂടാരത്തിലെ ശുശ്രൂഷകള്‍ക്കായി ലേവിയല്ല നിയോഗിച്ചത്. ദൈവമായിരുന്നു അവരെ തിരഞ്ഞെടുത്തത്. ദൈവമാണു നമ്മുടെ മക്കളെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കേണ്ടത്, നാമല്ല. ഏതെങ്കിലും ശുശ്രൂഷകള്‍ നമ്മുടെ മക്കള്‍ ചെയ്യണമെന്ന് നമുക്ക് ആഗ്രഹിക്കാന്‍ കഴിയും. പക്ഷേ ദൈവം തന്നെ അവരെ വ്യക്തിപരമായി വിളിച്ച് ശുശ്രൂഷകള്‍ ഏല്പിക്കേണ്ടതായിട്ടുണ്ട്. ”ലേവി പുത്രന്മാര്‍ ശുശ്രൂഷ എല്‍ക്കട്ടെ” എന്നു കല്പിച്ചതു ദൈവമാണ്. ലേവിക്കു മൂന്നു മക്കള്‍ ഉണ്ടായിരുന്നു. കെഹാത്ത്, ഗെര്‍ശോം, മെരാരി. അഹരോന്റെ മക്കളായ നാദാബും അബീഹൂവും അന്യാഗ്നി കത്തിച്ചതിനാല്‍ മരണപ്പെട്ടു എന്നതു നാം മുമ്പെ കണ്ടതാണല്ലോ. അവര്‍ക്കു ദൈവ ശുശ്രൂഷയ്ക്കുള്ള മെച്ചപ്പെട്ട അവകാശങ്ങള്‍ സമാഗമന കൂടാരത്തില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ അവര്‍ അതു നഷ്ടപ്പെടുത്തി. കെഹാത്ത്, ഗെര്‍ശോം, മെരാരി എന്നിവര്‍ കൂടാര ഭാഗങ്ങള്‍ ചുമലിലേറ്റിക്കൊണ്ടു പോകുന്ന ശുശ്രൂഷയായിരുന്നു ചെയ്തുവന്നിരുന്നത്. യിസ്രായേല്‍ മക്കളുടെ പ്രയാണത്തില്‍ ഏറ്റവും വിശുദ്ധമായ ജോലികള്‍ ചെയ്തിരുന്നത് ഈ കുടുംബങ്ങളാണ്.

ഇവിടെ നിന്നും നാം പഠിക്കുന്നത് എന്താണ്? നമുക്കു ദൈവത്തിന്റെ ആജ്ഞകളെ ഗൗരവം കുറച്ചു കാണാന്‍ കഴിയില്ല. ദാവീദിന്റെ കാലത്ത് ഉസ്സാ ദൈവത്തിന്റെ പെട്ടകം താഴെ വീഴുമെന്നു കണ്ട് കയറി പിടിച്ചപ്പോള്‍ മരണപ്പെട്ടു. കാരണം അവന്‍ ലേവി ഗോത്രക്കാരനല്ലായിരുന്നു. അയാള്‍ക്കു പെട്ടകത്തില്‍ തൊടുവാനുള്ള അവകാശമുണ്ടായിരുന്നില്ല. ദൈവം നമുക്ക് തന്റെ സഭയില്‍ ഒരു ഉത്തരവാദിത്തം നല്‍കിയിട്ടില്ലെങ്കില്‍ നാം അതില്‍ കൈവെക്കാന്‍ പാടില്ല. ചില വിശ്വാസികള്‍ മറ്റു സഭകളെ വിമര്‍ശിക്കുമ്പോള്‍ ഞാന്‍ അവരോടു പറയാറുണ്ട്: ”നിങ്ങളെ ദൈവം ജനത്തിനിടയില്‍ പ്രവാചകന്മാരായി വിളിച്ചിട്ടില്ല. അതുകൊണ്ടു ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ചെയ്തുകൂടാ. അത്തരം കാര്യങ്ങള്‍ പ്രവാചകന്മാര്‍ക്കും മൂപ്പന്മാര്‍ക്കും വേണ്ടി മാറ്റി വെയ്ക്കുക.” അതുപോലെ തന്നെ ആളുകള്‍ മറ്റുള്ളവരുടെ മക്കളെ വിമര്‍ശിക്കുമ്പോള്‍ ഞാന്‍ അവരോടു ചോദിക്കാറുണ്ട്: ”നിങ്ങള്‍ അവരുടെ പിതാവാണോ?” അല്ലെങ്കില്‍ നാം അതില്‍ നിന്നും ഒഴിഞ്ഞു സ്വന്തം കാര്യം നോക്കുവാന്‍ പഠിക്കേണ്ടതുണ്ട്. നാം മറ്റുള്ളവരുടെ മക്കളെ വിമര്‍ശിക്കുമ്പോള്‍ ദൈവം നമ്മെ അനുവദിക്കാത്ത മേഖലയിലേക്കു നാം അതിക്രമിച്ചു കടക്കുകയാണ്. നാം പെട്ടകം പിടിക്കാന്‍ പോയ ഉസ്സയെപ്പോലെയാണ്. പെട്ടകം പിടിക്കുവാന്‍ നിയുക്തരായ ആളുകള്‍ ഉണ്ട്. അതാണു നാം ഇവിടെ കാണുന്നത്.

ഈ മൂന്നു കുടുംബങ്ങള്‍ക്കും വ്യത്യസ്തമായ മൂന്നു പ്രത്യേക ശുശ്രൂഷകള്‍ നല്‍കിയിരുന്നു (4:4,24,33).

7:2-ല്‍ യിസ്രായേല്‍ പ്രഭുക്കന്മാര്‍ യഹോവയ്ക്ക് ഒരു വഴിപാടു കഴിക്കുന്നതായി നാം കാണുന്നു. എല്ലാ നേതാക്കന്മാരെയും അവരുടെ വഴിപാടുകളെയും ഇവിടെ വിവരിച്ചിരിക്കുന്നതു കാണാം. മേല്‍ മൂടിയുള്ള ആറു വണ്ടികളെയും പന്ത്രണ്ടു കാളകളെയും അവര്‍ അര്‍പ്പിച്ചതായി മൂന്നാം വാക്യത്തില്‍ നാം കാണുന്നു. ഈ ആറു വണ്ടികളെയും മേല്‍പ്പറഞ്ഞ മൂന്നു കുടുംബങ്ങള്‍ക്കായി വിഭാഗിച്ചാല്‍ ഓരോ കുടുംബത്തിനും രണ്ടു വണ്ടികള്‍ വീതം ലഭിച്ചതായി നമുക്കു കണക്കാക്കാം. അതുപോലെ കാളകളെയും വീതിച്ചാല്‍ ഒരു കുടുംബത്തിനു നാലു കാളകള്‍ വീതം ലഭിച്ചു എന്നു കരുതാം. എന്നാല്‍ മോശെ ഇവയെ വിഭജിച്ചത് അങ്ങനെയല്ല. ഗെര്‍ശോമിന്റെ കുടുംബത്തിനു രണ്ടു വണ്ടികളെയും നാലു കാളകളെയും നല്‍കി (വാ.7). തുടര്‍ന്നു മെരാരിയുടെ കുടുംബത്തിനു 4 വണ്ടികളെയും എട്ടു കാളകളെയും നല്‍കി (വാ.8). കെഹാത്യര്‍ക്ക് ഒന്നും നല്‍കിയില്ല. കാരണം പെട്ടകവും മറ്റും ചുമക്കേണ്ടത് അവരായിരുന്നു. അതു തങ്ങളുടെ ചുമലില്‍ വഹിച്ചുകൊണ്ടായിരുന്നു പോകേണ്ടിയിരുന്നത് (വാ.9).

മെരാര്യര്‍ക്കു ദൈവം നാലു വണ്ടികളെ നല്‍കി, ഞങ്ങള്‍ക്ക് ഒന്നും തന്നില്ല എന്നു കെഹാത്യര്‍ക്കു പറയാന്‍ കഴിയുമായിരുന്നു. ഇന്നും നമുക്കു കാണുവാന്‍ കഴിയും ദൈവം തന്റെ ചില മക്കളെ കാറിലും മറ്റു ചിലരെ സൈക്കിളിലും നടക്കുവാന്‍ അനുവദിക്കുന്നത്. സൈക്കിള്‍ മാത്രമുള്ളവര്‍ ദൈവത്തെ ചോദ്യം ചെയ്യുവാനും പരാതി പറയുവാനും തങ്ങളുടെ സഹോദരങ്ങള്‍ക്കുള്ളതിനെ മോഹിക്കുവാനും തുനിഞ്ഞേക്കാം. എന്നാല്‍ ദൈവം ഒരു തെറ്റും കൂടാതെ പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം സര്‍വ്വജ്ഞാനിയാണ്. അവിടുന്നു ചെയ്യുന്നതൊക്കെ പൂര്‍ണ്ണമാണ്. ഇത്തരം കൊച്ചു കാര്യങ്ങളെ നാം ശ്രദ്ധിക്കാതെ കടന്നുപോകരുത്. സംഖ്യാ പുസ്തകം വായിച്ചു പോകുമ്പോള്‍ ഇടയിലുള്ള ഇത്തരം വാക്യങ്ങളെ അവഗണിച്ചു കളയരുത്. ചിലര്‍ക്കു നാലു കാറുകളും മറ്റും ഉണ്ടായിരിക്കയും നമുക്ക് ഒന്നുമില്ലാതിരിക്കയും ചെയ്യുന്നതില്‍ നിന്നുണ്ടാകുന്ന പരിഭവങ്ങളില്‍ നിന്നും പരാതികളില്‍ നിന്നും മോചനം നല്‍കുന്ന സന്ദേശങ്ങള്‍ നമുക്കിവിടെ ലഭിക്കും. ഇന്നു നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ ഈ പഴയ നിയമ പുസ്തകങ്ങള്‍ എത്ര പ്രസക്തമാണ്!

വിവിധ നിയമങ്ങള്‍

സംഖ്യ 5:2-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”ശവത്താല്‍ അശുദ്ധനായവനെയും സ്രവക്കാരനെയും കുഷ്ഠരോഗിയെയും പാളയത്തിനു പുറത്താക്കാന്‍ യിസ്രായേല്‍ മക്കളോടു കല്പിക്ക.” പുറപ്പാട് 15:26-ല്‍ ദൈവം ”ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ” എന്നു കല്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം രോഗങ്ങള്‍ക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ മതി ദൈവം സൗഖ്യമാക്കുമെന്നാണ് ചില ക്രിസ്ത്യാനികള്‍ ചിന്തിക്കുന്നതും പഠിപ്പിക്കുന്നതും. എന്നാല്‍ അതങ്ങനെയല്ല. ഇവിടെ നാം വായിക്കുന്നതു കുഷ്ഠം സൗഖ്യമാക്കുന്നതിനെക്കുറിച്ചല്ല മറിച്ച് അവരെ പാളയത്തിനു പുറത്ത് അടച്ചിടുന്നതിനെക്കുറിച്ചാണ്. ഇന്നത്തെ ചില പ്രഭാഷകര്‍ ഇങ്ങനെ പറഞ്ഞെന്നു വരാം: ”കുഷ്ഠരോഗികള്‍ സൗഖ്യദായകനായ യഹോവയില്‍ ആശ്രയിച്ചു തങ്ങളുടെ സൗഖ്യം അവകാശപ്പെടട്ടെ.” ഒരിക്കലുമല്ല. കുഷ്ഠരോഗികളെ പാളയത്തില്‍നിന്നും അകലെ അടച്ചിടട്ടെ. ദൈവത്തിന് അവരെ സൗഖ്യമാക്കുവാന്‍ കഴിയുമായിരുന്നോ? തീര്‍ച്ചയായും. പക്ഷേ അവിടുന്ന് അങ്ങനെ ചെയ്തില്ല. അവരെ പാളയത്തില്‍ നിന്നകലെ അടച്ചിടുവാന്‍ കല്പിച്ചു.

ശാരീരിക സൗഖ്യത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ നാം യാഥാര്‍ത്ഥ്യബോധത്തോടെ സംസാരിക്കണം. നാം സത്യസന്ധരായിരിക്കണം. അല്ലെങ്കില്‍ ബലഹീനരായ പല വിശ്വാസികളെയും നാം കുറ്റബോധത്തിലേക്കും ബന്ധനത്തിലേക്കും നയിക്കും. നമുക്കൊരിക്കലും ദൈവത്തെ ഇപ്രകാരമുള്ള ഒരു ഉപദേശക്കൂട്ടിനകത്തു തളച്ചിടാന്‍ കഴിയില്ല: ”വിശ്വാസമുള്ള ആരെയും ദൈവം സൗഖ്യമാക്കും. ദൈവത്തില്‍ ആശ്രയിക്കുന്ന ആര്‍ക്കും രോഗിയായിരിക്കേണ്ട ആവശ്യമില്ല. ആരെങ്കിലും രോഗിയായി തുടരുന്നു എങ്കില്‍ അതു വിശ്വാസമില്ലായ്മ കാരണമാണ്.” ഇത്തരം അയഥാര്‍ത്ഥമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ പല വിശ്വാസികളും അകാല മരണത്തിനു കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ പോയി ചികിത്സ തേടിയിരുന്നു എങ്കില്‍ അവര്‍ സൗഖ്യം പ്രാപിക്കുമായിരുന്നു. ഇത്തരം അയഥാര്‍ത്ഥ വിശ്വാസം സ്വീകരിച്ചിരിക്കുന്ന ക്രിസ്ത്യാനികളുടെ ജീവിതത്തില്‍ ധാരാളം ഭോഷത്തം ഉണ്ടാകുന്നു. കാരണം അവര്‍ ജീവിക്കുന്നതു വെളിപ്പാടുകളാലല്ല സ്വന്ത ബുദ്ധിയാലാണ്.

ലേവ്യാ പുസ്തകം 13,14 അധ്യായങ്ങളില്‍ കുഷ്ഠരോഗികളുടെ ശുദ്ധീകരണത്തിനായുള്ള നിയമം നാം കാണുന്നു. ആ യിസ്രായേല്യര്‍ക്കു ദൈവത്തോട് ഇങ്ങനെ അവകാശപ്പെടാനാവില്ല: ”കര്‍ത്താവേ, അവിടുന്നു ഞങ്ങളുടെ സൗഖ്യദായകനാണെന്ന് അങ്ങു കല്പിച്ചല്ലോ. അതുകൊണ്ടു കര്‍ത്താവേ, ഞങ്ങളുടെ ഈ കുഷ്ഠരോഗിയെ സൗഖ്യമാക്കണമേ. അവനെ പാളയത്തില്‍ നിന്നകലെ അടച്ചിടാന്‍ ഞങ്ങള്‍ക്കു കഴിയില്ല.” എന്നാല്‍ ദൈവം കല്പിച്ചു: ”അവനെ പാളയത്തില്‍ നിന്നും പുറത്താക്കൂ.” എന്നാല്‍ ദൈവത്തിനു മാത്രം അറിയാവുന്ന ചില കാരണങ്ങളാല്‍ ചില രോഗങ്ങളെ, രോഗികളെ ദൈവം സൗഖ്യമാക്കുന്നില്ല. ഇക്കാര്യം നാം അംഗീകരിച്ചു നമ്മെത്തന്നെ താഴ്ത്തുന്നതല്ലേ നല്ലത്? യേശു തന്നെ പറഞ്ഞതു ശ്രദ്ധിക്കുക: ”എലീശയുടെ കാലത്ത് യിസ്രായേലില്‍ പല കുഷ്ഠരോഗികളുണ്ടായിരുന്നു എന്നാല്‍ അവരാരും സൗഖ്യമായില്ല” (ലൂക്കൊ. 4:27) – ”ഞാന്‍ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ” എന്നു ദൈവം കല്പിച്ചിട്ടും!
ബൈബിള്‍ യാഥാര്‍ത്ഥ്യബോധത്തോടെ എഴുതപ്പെട്ട ഒരു പുസ്തകമാണ്. എന്നാല്‍ ആരെങ്കിലും അവിടെയും ഇവിടെയും ഉള്ള തങ്ങള്‍ക്കു പ്രിയപ്പെട്ട ചില വാക്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ അതു സത്യത്തില്‍ നിന്നു വ്യതിചലിക്കുന്നു. നാം വഴിതെറ്റിപ്പോകാതെയും മറ്റുള്ളവരെ വഴിതെറ്റിക്കാതെയും ഇരിക്കണമെങ്കില്‍ നാം ദൈവവചനം അതീവ ശ്രദ്ധയോടെ പഠിക്കേണ്ടിയിരിക്കുന്നു. ദൈവത്തെയോ ദൈവവചനത്തെയോ അറിയാത്ത നേതൃത്വത്താല്‍ സാധുക്കളായ ജനങ്ങള്‍ വഴിതെറ്റിപ്പോകുന്നതു കണ്ട് എന്റെ ഹൃദയം ദുഃഖിക്കുന്നു.

സംഖ്യാ 5:6-8-ല്‍ ഇപ്രകാരം പറയുന്നു: ഒരു വ്യക്തി മറ്റൊരാള്‍ക്കു പ്രതിശാന്തി നല്‍കുവാന്‍ തക്കവണ്ണമുള്ള അതിക്രമമാണു ചെയ്യുന്നതെങ്കില്‍ ”പ്രതിശാന്തി നല്‍കുമ്പോള്‍ നഷ്ടമായ മുഴുവന്‍ തുകയും നല്‍കണം. കൂടാതെ അതോടൊപ്പം ആ തുകയുടെ അഞ്ചിലൊന്നു കൂടി ചേര്‍ത്തു നല്‍കണം.” ഇതാണു നീതി. ആ വ്യക്തിക്ക് തന്റെ ധനം നഷ്ടമായ കാലയളവിലേക്കുള്ള പലിശയും കൂടി ചേര്‍ത്തു നല്‍കുക. ഈ പ്രതിശാന്തി ദീര്‍ഘകാലയളവിലേക്കാണെങ്കില്‍ തുക തീര്‍ച്ചയായും ഇരുപതു ശതമാനത്തിലും കൂടും. അതുകൊണ്ടാണ് ബുദ്ധിശാലിയായ കണക്കന്‍ ആയിരുന്ന സക്കായി താന്‍ ചതിവായി വാങ്ങിയതു നാലു മടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞത്. ഒരു വര്‍ഷത്തേക്ക് ഇരുപതു ശതമാനമാണു കൊടുക്കേണ്ടതെങ്കില്‍ കൂട്ടു പലിശ പ്രകാരം 8 വര്‍ഷത്തേക്ക് 300% വരെ പലിശയാകും എന്നു സക്കായി വേഗത്തില്‍ മനക്കണക്കു കൂട്ടി. സക്കായി അങ്ങനെ പ്രായശ്ചിത്തം ചെയ്യുന്നതില്‍ നിന്നും യേശു അവനെ വിലക്കിയുമില്ല. കാരണം അതാണു നീതിയെന്ന്, അവിടുന്നു ചിന്തിച്ചു.

1961-ല്‍ ഞാന്‍ സ്‌നാനമേറ്റയുടനെ കര്‍ത്താവ് എന്നോടാവശ്യപ്പെട്ടത് ഒന്നാമതായി ഞാന്‍ നികുതി അടയ്ക്കാതിരുന്നതൊക്കെ കൊടുത്തു തീര്‍ക്കാനാണ്. ഞാന്‍ കണക്കു കൂട്ടിയിട്ട് കൃത്യമായ തുക എത്രയെന്നു മനസ്സിലായില്ല. രണ്ടു തുകകള്‍ എന്റെ മനസ്സില്‍ വന്നു. ഒന്ന് മറ്റേതിനേക്കാള്‍ 20 ശതമാനം കൂടുതലായിരുന്നു. ഒടുവില്‍ അതിലെ കുറഞ്ഞ തുക കൊടുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. നിങ്ങള്‍ക്കറിയാമല്ലോ നമ്മുടെ മനസ്സിന്റെ തീരുമാനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ എപ്പോഴും നമുക്കു ഗുണകരമായിട്ടായിരിക്കും നില്ക്കുക എന്ന്. സംഖ്യാപുസ്തകത്തിലെ ഈ വാക്യങ്ങള്‍ ഒന്നും ഞാനന്ന് വായിച്ചിരുന്നില്ല. ആ കുറഞ്ഞ തുക കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ ഈ വേദഭാഗം ഞാന്‍ വായിക്കുവാനിടയായി. ദൈവം തന്നെ എന്നോടു നേരിട്ടിടപെട്ടു: ”20 ശതമാനം അധികം ചേര്‍ത്ത് അടയ്ക്കുക.” പ്രായച്ഛിത്തം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ എപ്പോഴും കുറവു കൊടുക്കാതെ അധികം കൊടുക്കുക. കര്‍ത്താവിന്റെ മുമ്പില്‍ ഒടുവില്‍ നില്ക്കുമ്പോള്‍ നമ്മുടെ മനസ്സാക്ഷി സംശുദ്ധമായിരിക്കുവാന്‍ അതു സഹായിക്കും. എന്റെ ബാങ്ക് അക്കൗണ്ടില്‍ ആ 20 ശതമാനം തുകയുടെ അധിക നിക്ഷേപവുമായി കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുവാന്‍ എനിക്കു താത്പര്യമില്ലായിരുന്നു.

അധ്യായം 5:11-31-ല്‍ അവിശ്വസ്തയായ ഒരു ഭാര്യയുടെ പാപത്തെ എങ്ങനെയാണു കര്‍ത്താവ് വെളിപ്പെടുത്തുന്നതെന്നു കാണിച്ചിരിക്കുന്നു. ഒരുവന്റെ ഭാര്യ വ്യഭിചാരം ചെയ്താല്‍ പുരോഹിതന്‍ സമാഗമന കൂടാരത്തിന്റെ നിലത്തെ പൊടി വിശുദ്ധ ജലത്തില്‍ കലക്കി അവളെ കുടിപ്പിക്കയും തുടര്‍ന്ന് അവളുടെ വയര്‍ വീര്‍ക്കുകയും നിതംബം ക്ഷയിക്കുകയും ചെയ്യുന്നു. അപ്പോള്‍ ആ സത്രീ ചെയ്ത കുറ്റം വെളിവാകുന്നു. അപ്പൊസ്തല പ്രവൃത്തി 5-ല്‍ അനന്യാസും സഫീറയും രഹസ്യത്തില്‍ ചെയ്ത കാര്യം ദൈവം വെളിപ്പെടുത്തുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. പുതിയ ഉടമ്പടിയില്‍ പാപം വെളിപ്പെടുത്തുന്നതു വിശുദ്ധജലമല്ല പരിശുദ്ധാത്മാവാണെന്നതാണ് വ്യത്യാസം. അനന്യാസിന്റെയും സഫീറയുടെയും പാപം ആത്മാവു നല്‍കിയ വിവേചനത്തില്‍ പത്രൊസ് വെളിപ്പെടുത്തുന്നു. ആളുകളുടെ യഥാര്‍ത്ഥ ആത്മീയാവസ്ഥ ഗ്രഹിക്കുവാനുള്ള ആത്മീയ വിവേചനശക്തി സഭാ നേതൃത്വത്തിനുണ്ടായിരിക്കണമെന്നതു പ്രധാന കാര്യമാണ്.

സംഖ്യാ 6:1-21 നാസീര്‍ വ്രതത്തെ സംബന്ധിച്ചുള്ള പ്രമാണങ്ങള്‍ പറയുന്നു (ഈ പദത്തിന് ”നസറേത്ത്” ”നസറായന്‍” മുതലായ പദങ്ങളുമായി യാതൊരു ബന്ധവുമില്ല. നസറേത്ത് എന്ന ഗ്രാമത്തില്‍ ജീവിച്ചതുകൊണ്ടാണ് യേശുവിനെ ‘നസറായന്‍’ എന്നു വിളിച്ചത് – മത്തായി 2:23).

നാസീര്‍ വ്രതക്കാരന്‍ എന്നാല്‍ ഒരു കാലത്തേക്ക് ദൈവത്തിനുവേണ്ടി മാത്രമായി സ്വമേധയാ സമര്‍പ്പിക്കുന്ന വ്യക്തിയാണ്. ആ കാലത്തില്‍ അവന്‍ തന്റെ മുടി ക്ഷൗരം ചെയ്യുവാനോ വീഞ്ഞോ മദ്യമോ കുടിക്കുവാനോ പാടില്ല. ശിംശോന്‍ ആജീവനാന്തം അത്തരം ഒരു നാസീര്‍ വ്രതക്കാരന്‍ ആയിരുന്നു. രണ്ടു തരത്തില്‍ അവനു തന്റെ ശക്തി നഷ്ടപ്പെടുത്താന്‍ കഴിയുമായിരുന്നു- ഒന്ന്: തന്റെ മുടി വെട്ടുന്നതിലൂടെ, രണ്ട്: വീഞ്ഞു കുടിക്കുന്നതിലൂടെ. അവന്റെ ശക്തി അവന്റെ മുടിയിലായിരുന്നില്ല അവന്റെ സമര്‍പ്പണത്തിലായിരുന്നു. മുടി വെട്ടാതിരിക്കുന്നതും വീഞ്ഞു കുടിക്കാതിരിക്കുന്നതും അതിന്റെ ബാഹ്യ അടയാളങ്ങള്‍ മാത്രമായിരുന്നു. അങ്ങനെ ചെയ്താല്‍ അവന്റെ ശക്തി ക്ഷയിച്ചുപോകുമായിരുന്നു. എന്നാല്‍ യേശു ഇതു രണ്ടും ചെയ്തിരുന്നു. കാരണം യേശു ഒരു നാസീര്‍ വ്രതക്കാരനായിരുന്നില്ല.

6:22-27-ല്‍ യിസ്രായേല്‍ ജനത്തെ അനുഗ്രഹിക്കുവാന്‍ വേണ്ടി അഹരോനെ ഏല്പിച്ച അനുഗ്രഹങ്ങള്‍ നമുക്കു കാണുവാന്‍ സാധിക്കും. ഇവ പഴയ ഉടമ്പടിയില്‍ ആര്‍ക്കെങ്കിലും നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളായിരുന്നു. അതു ആരോഗ്യവും ധനവും മാത്രമായിരുന്നില്ല. അതിനു മീതെ ആയിരുന്നു. ”യഹോവ നിങ്ങളെ അനുഗ്രഹിച്ചു നിങ്ങളുടെ ധനവും ആരോഗ്യവും വര്‍ദ്ധിപ്പിക്കട്ടെ” എന്നായിരുന്നില്ല ദൈവം നല്‍കിയ അനുഗ്രഹം. മറിച്ച് അത് ഇപ്രകാരമായിരുന്നു:

”യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ” – സകല ദോഷങ്ങളില്‍ നിന്നും അവിടുന്നു നിന്നെ രക്ഷിച്ചു കാക്കട്ടെ.

”യഹോവ തിരുമുഖം നിന്റെമേല്‍ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ” – തന്റെ തേജസ് നിന്റെമേല്‍ പ്രകാശിപ്പിക്കട്ടെ.

”യഹോവ തിരുമുഖം നിന്റെമേല്‍ ഉയര്‍ത്തി…”- തന്റെ പ്രസാദം നിനക്കു നല്‍കട്ടെ.

”… നിനക്കു സമാധനം നല്‍കുമാറാകട്ടെ” – സമാധനമുള്ള ഹൃദയവും സമാധാനം നിറഞ്ഞ ജീവിതവും സമാധാനം നിറഞ്ഞ കുടുംബവും നല്‍കട്ടെ.

ഇതിലും വലുതായി അവര്‍ക്ക് ഒന്നും ലഭിക്കാനില്ലായിരുന്നു.

ഉഴല്‍ച്ചയും പിറുപിറുപ്പും

9:15-23-ല്‍ എങ്ങനെയാണു ദൈവം തന്റെ മക്കളെ മേഘസ്തംഭത്തിലും അഗ്നി സ്തംഭത്തിലും നടത്തിയതെന്നു നമുക്കു കാണാം. മരുഭൂമിയിലെ പൊരിവെയിലില്‍ മേഘസ്തംഭം അവര്‍ക്കു തണലൊരുക്കി. രാത്രിയിലെ ഇരുളില്‍ അഗ്നിസ്തംഭം അവര്‍ക്കു വഴി കാട്ടിയായി. മേഘം പൊങ്ങുമ്പോള്‍ അവര്‍ യാത്രയാകും. മേഘം നില്‍ക്കുമ്പോള്‍ അവര്‍ വിശ്രമിക്കും. ചില സമയങ്ങളില്‍ മേഘം കുറച്ചു ദിവസങ്ങള്‍ മാത്രമായിരിക്കും നില്‍ക്കുക, മറ്റു ചില സമയങ്ങളില്‍ മാസങ്ങളോളവും (വാ. 19,22). ചിലപ്പോള്‍ മേഘം നില്‍ക്കുന്നത് ഒരു രാത്രി മാത്രമായിരിക്കും. കാലത്തു തന്നെ മേഘം പൊങ്ങും. അപ്പോള്‍ അവര്‍ യാത്ര പുറപ്പെടും (വാ. 21). വൈകിട്ട് അവര്‍ പാളയമടിക്കുന്നു. പുലരുമ്പോള്‍ യാത്ര പുറപ്പെടുന്നു. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒന്നാലോചിച്ചു നോക്കുക. ഇവിടെ ആളുകള്‍ യാത്ര ചെയ്യുന്നതു കുഞ്ഞു കുട്ടികളോടും മൃഗങ്ങളോടും കൂടാരങ്ങളോടുമൊക്കെ കൂടിയാണ്- ഇരുട്ടി കഴിഞ്ഞ് മേഘം നില്ക്കുമ്പോള്‍ കൂടാരമൊക്കെ നിവര്‍ത്തി എല്ലാം വിരിച്ചൊരുക്കി വേണം അവര്‍ക്ക് ഉറക്കത്തിലേക്കു പോകാന്‍. ഇതിനു തന്നെ മണിക്കൂറുകള്‍ വേണം. ആ രാത്രി വെളുക്കുമ്പോള്‍ മേഘം പൊങ്ങുന്നു. പുറപ്പെടുക എന്ന അറിയിപ്പുണ്ടാകുന്നു. പെട്ടെന്ന് എല്ലാം കെട്ടിപ്പെറുക്കി യാത്രയാവണമല്ലോ എന്ന രോഷം പാളയത്തിലെങ്ങുമുണ്ടാവുന്നത് എനിക്ക് ഊഹിക്കുവാന്‍ കഴിയും. അങ്ങനെയായിരുന്നു ദൈവം അവരെ ക്ഷമ പഠിപ്പിച്ചത്- ഓരോ ചുവടിലും തന്നെ അനുസരിക്കുവാന്‍ തക്കവണ്ണം.

തനിക്ക് അസൗകര്യമുണ്ടാക്കുന്ന ഒരു കാര്യം ചെയ്യാന്‍ ദൈവം പറഞ്ഞാല്‍ ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്‍ പരാതി പറയുകയില്ല. ദൈവം അവനോട് എവിടെയെങ്കിലും പോകുവാന്‍ ആവശ്യപ്പെടുന്നു. അവിടെ എത്തിയാലുടന്‍ തിരികെ വരാനും കല്പിക്കുന്നു. സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ പൊടുന്നനവെ തന്നെ അവന്‍ അനുസരിക്കുന്നു.

ഇവിടെ കാണുന്ന മേഘസ്തംഭം പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. നിങ്ങള്‍ക്ക് ആത്മാവില്‍ നിന്നും ജനിക്കുകയും ആത്മസ്‌നാനം പ്രാപിക്കയും എന്നാല്‍ ആത്മാവിനാല്‍ എല്ലാ ദിവസവും നടത്തപ്പെടാതിരിക്കയും ചെയ്യുവാനുള്ള സാദ്ധ്യത ഉണ്ട്. ”ആത്മാവിനാല്‍ നടത്തപ്പെടുന്ന ഏവരും ദൈവമക്കള്‍ ആകുന്നു” (റോമ. 8:14).

ഒരു ശിശുവും പുത്രനും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. പുത്രന്‍ എന്നാല്‍ വളര്‍ന്നു പക്വത പ്രാപിച്ചവന്‍ ആണ്. നിത്യജീവിതത്തില്‍ ആത്മാവു നടത്തുന്നവരാണു പുത്രന്മാര്‍.

പാളയത്തില്‍ കേട്ട പിറുപിറുപ്പിനെയും പരാതിയെയും കുറിച്ച് ദൈവം കര്‍ക്കശക്കാരനായിരുന്നു. യിസ്രായേല്‍ പാളയത്തില്‍ പിറുപിറുത്തവരൊക്കെ സംഹാരിയാല്‍ നശിച്ചുപോയി (1കൊരി. 10:10). ഇതൊരു ബുദ്ധ്യുപദേശമായിട്ടും മുന്നറിയിപ്പായിട്ടും നമുക്കു നല്‍കിയിരിക്കുന്നു എന്നു തൊട്ടടുത്ത വാക്യത്തില്‍ പറയുന്നു (വാക്യം 11). പരാതിയും പിറുപിറുപ്പും നിറഞ്ഞ ഒരു ലോകത്തില്‍ എല്ലാം പരാതിയും പിറുപിറുപ്പും കൂടാതെ ചെയ്തുകൊണ്ടു നാം ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു (ഫിലി. 2:14).

40 വര്‍ഷത്തെ മരുപ്രയാണത്തില്‍ പിറുപിറുപ്പും പരാതിയും യിസ്രായേല്‍ മക്കളുടെ മുഖമുദ്രയായിരുന്നു. അത്തരം ഒരു വ്യക്തിയും കനാനില്‍ (ജയ ജീവിതത്തില്‍) പ്രവേശിക്കയില്ല. പിറുപിറുക്കയും പരാതിപ്പെടുകയും ചെയ്യുന്ന ഒരാള്‍ക്കും മറ്റൊരാളെ ജയജീവിതത്തിലേക്കു നയിക്കുവാന്‍ കഴികയില്ല. നമ്മുടെ ‘മരുഭൂമിയിലെ ഉഴല്‍ച്ച’ അവസാനിച്ചു എന്നതിന്റെ വ്യക്തമായ അടയാളം നമ്മുടെ ജീവിതത്തിലെ പിറുപിറുപ്പും പരാതിയും നമ്മുടെ വീട്ടില്‍ നിന്നും മറ്റെല്ലായിടത്തുനിന്നും നീങ്ങി എല്ലാറ്റിനും എല്ലായ്‌പ്പോഴും നന്ദി പറയാന്‍ തുടങ്ങി എന്നതാണ് (1 തെസ്സ. 5:18; എഫെ. 5:20).

നേതൃത്വ നിരയിലുള്ള പിറുപിറുപ്പിനെക്കുറിച്ച് 12-ാം അധ്യായത്തില്‍ നാം വായിക്കുന്നു. മോശെ വിവാഹം കഴിച്ചിരുന്ന സ്ത്രീയെ സംബന്ധിച്ച് അഹരോനും മിര്യാമും മോശെയെ വിമര്‍ശിക്കുന്നു. മോശെ ചെയ്തിരുന്ന ശുശ്രൂഷയെ സംബന്ധിച്ച് അവര്‍ക്കു മോശെയോട് അസൂയയായിരുന്നു എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം. മിര്യാം മോശെയെക്കാള്‍ 12 വയസ്സിനും അഹരോന്‍ 3 വയസ്സിനും മൂത്തതായിരുന്നു. തങ്ങളുടെ ഇളയ സഹോദരന്‍ യിസ്രായേലിന്റെ നേതാവും പ്രവാചകനും ആകുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. തങ്ങളെക്കാള്‍ പ്രായം കുറഞ്ഞവര്‍ക്ക് കീഴ്‌പ്പെടുവാന്‍ അത്ര എളുപ്പമല്ല. ദൈവം മോശെയെ തിരഞ്ഞെടുത്തത് അവന്‍ ഭൂമിയില്‍ വച്ച് ഏറ്റവും താഴ്മയുള്ള വ്യക്തി ആയിരുന്നതിനാലാണ് (12:3). ആ വാക്യം ആദ്യ ബൈബിളുകളില്‍ ബ്രായ്ക്കറ്റിലായിരുന്നു, കാരണം അതു മോശെ എഴുതിയതായിരുന്നില്ല. പില്‍ക്കാലത്ത് എഴുതിച്ചേര്‍ത്തതായിരുന്നു- ഒരുപക്ഷേ യോശുവയാകാം അതു ചെയ്തത്. അവര്‍ക്കു മോശയെ വിമര്‍ശിക്കുവാന്‍ ഒരേ ഒരു കാരണം മാത്രമെ ഉണ്ടായിരുന്നുള്ളൂ- യെഹൂദരല്ലാത്ത അന്യജാതിക്കാരിയെ വിവാഹം ചെയ്തു എന്നത്. അവിടെ എഴുതിയിരിക്കുന്നത് ”യഹോവ അതു കേട്ടു” (വാ.2) എന്നാണ്. തന്റെ അഭിഷിക്തന്മാര്‍ക്കെതിരെ ആളുകള്‍ സംസാരിക്കുന്നതു കര്‍ത്താവ് കേള്‍ക്കുന്നു. ദൈവം അവരെ വിളിച്ച് അവരോട്: ‘നിങ്ങളുടെ പ്രവാചകന്മാരോട് ഞാന്‍ ദര്‍ശനത്തിലൂടെയും സ്വപ്നത്തിലൂടെയും സംസാരിക്കുന്നു എന്നാല്‍ മോശെയോട് അങ്ങനെയല്ല. ഒരു മനുഷ്യന്‍ സ്‌നേഹിതനോട് സംസാരിക്കുന്നതുപോലെ മുഖാമുഖമായിട്ടത്രെ’ (വാ. 6-8; പുറ. 33:11).

ഇവിടെ ദൈവം വ്യക്തമാക്കുന്നത് ഇതാണ്: ദര്‍ശനങ്ങളിലൂടെയോ സ്വപ്നങ്ങളിലൂടെയോ സംസാരിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന അനുഭവമാണ് ദൈവം നേരിട്ടു നമ്മോടു സംസാരിക്കുന്നത്. എങ്കിലും അനേകം വിശ്വാസികളും ചിന്തിക്കുന്നതു ദൈവം തങ്ങളുടെ ഹൃദയത്തോടു സംസാരിക്കുന്നതിനെക്കാള്‍ ദര്‍ശനവും സ്വപ്നവും കാണുന്ന ഒരു പ്രവാചകന്റെ അനുഭവമാണ് ഉയര്‍ന്നതെന്നാണ്. അവരാണ് മെച്ചപ്പെട്ട ആത്മീയര്‍ എന്നും കരുതന്നു. ദൈനംദിന ജീവിതത്തില്‍ ആത്മാവു നടത്തുന്നതാണ് ദര്‍ശനവും സ്വപ്നവും കാണുന്നതിനെക്കാള്‍ ഉയര്‍ന്ന അവസ്ഥ.

തന്റെ ദാസനെ വിമര്‍ശിച്ചതിന് അഹരോനോടും മിര്യാമിനോടും യഹോവ കോപിച്ചു. സമാഗമന കൂടാരത്തിനു മുകളില്‍ നിന്നും മേഘം അപ്രത്യക്ഷമായി. മിര്യാം പെട്ടെന്നു കുഷ്ഠരോഗം ബാധിച്ചവളായിത്തീര്‍ന്നു (വാ. 10). താന്‍ വിമര്‍ശിച്ച മോശെ സൗഖ്യത്തിനായി അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടി വന്നു. ബൈബിള്‍ പറയുന്നു: ”നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പീന്‍” (മത്താ. 5:44). അതൊരു പുതിയ നിയമ കല്പനയാണ്, പഴയതല്ല. മോശെ പഴയനിയമകാലത്തു ജീവിച്ചിരുന്ന പുതിയനിയമ മനുഷ്യനായിരുന്നു. അവനൊരു അത്ഭുത മനുഷ്യനായിരുന്നു. ഈ പുതിയ ഉടമ്പടിയുടെ കാലഘട്ടത്തില്‍ പഴയനിയമത്തിന്റെ നിലവാരത്തില്‍ ജീവിക്കുന്ന ക്രിസ്ത്യാനികള്‍ ഉണ്ട്. അതുപോലെ തന്നെ പഴയനിയമകാലത്ത് പുതിയ നിയമത്തിന്റെ നിലവാരത്തില്‍ ജീവിച്ചിരുന്നവരും ഉണ്ട്. കൃപയ്ക്കധീനരായവര്‍ (പുതിയ നിയമ നിലവാരം) തങ്ങളുടെ ജീവിതത്തില്‍ പാപത്തെ ജയിക്കുമെന്നു ബൈബിള്‍ പറയുമ്പോള്‍ (റോമര്‍ 6:14) അതിന്നര്‍ത്ഥം പാപത്തെ ജയിക്കാത്തവര്‍ പഴയ നിയമ നിലവാരത്തിലാണെന്നല്ലേ? – അധികം വിശ്വാസികളും തങ്ങളുടെ ജീവിതത്തില്‍ പാപത്തോടു പരാജയപ്പെട്ടവരാണ്.

മിര്യാം ഒരു പാഠം പഠിക്കുവാന്‍ തക്കവണ്ണം അവളെ പാളയത്തിനു പുറത്ത് ഏഴു ദിവസം അടച്ചിടണമെന്നു ദൈവം കല്പിച്ചു (വാ. 15). അല്ലെങ്കില്‍ മറ്റുള്ളവര്‍ ഇക്കാര്യം അറിയുകയുമില്ല; തങ്ങളുടെ ജീവിതത്തില്‍ ഇത്തരം തെറ്റുകള്‍ വരാതെവണ്ണം സൂക്ഷിക്കുകയുമില്ല. മത്സരിക്കുന്ന ഏവര്‍ക്കും മാതൃകയായി അവര്‍ ഭയപ്പെടുവാന്‍ തക്കവണ്ണം ദൈവം ഇതു ചെയ്തു. മിര്യാം ശിക്ഷാവിധി കഴിഞ്ഞ് തന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ സംസാരിക്കയില്ല എന്നൊരു പാഠം പഠിച്ചു തിരികെ വന്നു. ഇതിനു ശേഷവും പാളയത്തില്‍ പലരും ഈ പാഠങ്ങള്‍ പഠിച്ചില്ല- നമുക്ക് അതിലേക്കു പിന്നീടു വരാം.

ദൈവത്തിനെതിരായ മത്സരം

13-ാം അധ്യായത്തില്‍ യിസ്രായേല്‍ മക്കള്‍ ദൈവം അവര്‍ക്കു വാഗ്ദത്തം ചെയ്ത കനാന്റെ അതിരായ കാദേശ് ബര്‍ന്നയിലേക്കു വന്നു. അവര്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടിട്ടു രണ്ടു വര്‍ഷം ആയിരുന്നു (ആവര്‍ത്തനം 2:14). അതു പോയി കൈവശമാക്കുവാന്‍ ദൈവം അവരോടു കല്പിച്ചു. അങ്ങനെ പന്ത്രണ്ടു ഒറ്റുകാരെ യിസ്രായേല്‍ ദേശം ഒറ്റു നോക്കുവാന്‍ അയച്ചു. പന്ത്രണ്ടു പേരും മടങ്ങി വന്ന് ആ ദേശം എത്രയും നല്ലതെന്നു പറഞ്ഞു. പക്ഷേ പത്തുപേര്‍ ആ ദേശം നമുക്കു കൈവശമാക്കുവാന്‍ കഴികയില്ല കാരണം ദേശത്ത് അതികായന്മാരായ മല്ലന്മാര്‍ താമസിക്കുന്നു എന്നു പറഞ്ഞു. രണ്ടുപേര്‍- കാലേബും യോശുവയും- അവരോടു വിയോജിച്ച് ”ആ മല്ലന്മാരെ കീഴടക്കാന്‍ നമുക്കു കഴിയും, യഹോവ നമ്മെ സഹായിക്കും” എന്നു പറഞ്ഞു. എന്നാല്‍ ആറു ലക്ഷം വരുന്ന യിസ്രായേല്‍ പുരുഷന്മാര്‍ ആ രണ്ടു പേരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞു ഭൂരിപക്ഷത്തിന്റെ വാക്കുകള്‍ക്കു ചെവികൊടുത്തു.

ഇതില്‍നിന്നും നാം എന്താണു പഠിക്കുന്നത്? ഒന്നാമതായി, ഭൂരിപക്ഷത്തെ അനുഗമിക്കുന്നതു അപകടകരമാണ്- കാരണം ഭൂരിപക്ഷം യാതൊരു പരിവര്‍ത്തനത്തിനും വിധേയമാകാത്തവിധം തെറ്റിലാണ്. ”ജീവനിലേക്കുള്ള വഴി ഇടുങ്ങിയതും അതിലൂടെ കടക്കുന്നവര്‍ ചുരുക്കവുമത്രെ.”: യേശു പറഞ്ഞു. ഭൂരിപക്ഷം എപ്പോഴും നാശത്തിലേക്കുള്ള വിശാലമായ വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ്. അങ്ങനെ നിങ്ങള്‍ ഭൂരിപക്ഷത്തെ അനുഗമിച്ചാല്‍ നിങ്ങളറിയാതെ വിശാല വഴിയിലൂടെ നാശത്തിലേക്കു പോകുന്നവരാകും. വലിയ ഒരു സഭ ആത്മീയമായ സഭയാണെന്ന് ഒരിക്കലും കരുതരുത്. യേശുവിന്റെ സഭയില്‍ 11 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഒരു വശത്തു പത്തു നേതാക്കന്മാര്‍ ഒരേ കാര്യം പറയുന്നു. അതിനു നേരെ വിപരീതമായിട്ടുള്ള കാര്യം മറ്റു രണ്ടുപേര്‍ പറയുന്നു. നിങ്ങള്‍ ആരുടെകൂടെ നില്‍ക്കും? ദൈവം ഇവിടെ രണ്ടുപേരുടെ കൂടെ ആയിരുന്നു- യോശുവയുടെയും കാലേബിന്റെയും കൂടെ. മറ്റെ പത്തു പേരോടൊപ്പം സാത്താനും അവിശ്വാസവും ആയിരുന്നു ഉണ്ടായിരുന്നത്. യിസ്രായേല്യര്‍ തങ്ങളുടെ ഭോഷത്തത്തില്‍ ഭൂരിപക്ഷത്തോടൊപ്പം നിന്നതുകൊണ്ട് 38 വര്‍ഷക്കാലം മരുഭൂമിയില്‍ ചുറ്റി നടക്കേണ്ടിവന്നു. ദൈവം ആരോടൊപ്പമാണ് നില്‍ക്കുന്നതെന്നു തിരിച്ചറിയാനുള്ള വിവേചന ശക്തി അവര്‍ക്ക് ഉണ്ടായിരുന്നില്ല. എത്ര വലിയ പുരുഷാരത്തിനു മുമ്പിലും ദൈവത്തോടൊപ്പം നില്ക്കുന്ന ഒരു മനുഷ്യനാണ് ഭൂരിപക്ഷം- അതുകൊണ്ട് ഞാന്‍ എല്ലായ്‌പോഴും ദൈവത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. പുറപ്പാട് 32-ല്‍ മുഴുവന്‍ പാളയവും കാളക്കുട്ടിയെ ആരാധിക്കുമ്പോള്‍ ദൈവത്തോടൊപ്പം നില്‍ക്കാന്‍ ഒരേ ഒരു മനുഷ്യന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മോശെയായിരുന്നു അതെന്നു നാം കണ്ടതാണ്. അന്ന് അതു കാണാന്‍ കഴിവുണ്ടായിരുന്നത് ലേവി ഗോത്രത്തിനു മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ദൈവം യോശുവയോടും കാലേബിനോടും കൂടെ നില്‍ക്കുന്നതു കാണാന്‍ ലേവിഗോത്രത്തിനും കഴിഞ്ഞില്ല.

ഇതൊക്കെ ഇക്കാലത്തു നമുക്കു വലിയ പാഠങ്ങളാണ്. ക്രൈസ്തവലോകം മുഴുവനും ഒത്തു തീര്‍പ്പും ലോകമയത്വവും നിറഞ്ഞിരിക്കുന്നു. അങ്ങുമിങ്ങും ചിലരെ മാത്രം ദൈവം ഒത്തുതീര്‍പ്പു കൂടാതെ ദൈവവചന സത്യങ്ങള്‍ക്കായി എഴുന്നേല്‍പ്പിക്കുന്നു. വിവേചനശക്തി ഉണ്ടെങ്കില്‍ ദൈവം ആ കുറച്ചു പേരോടുകൂടി നില്ക്കുന്നതു കാണുവാന്‍ നിങ്ങള്‍ക്കു കഴിയുകയും നിങ്ങള്‍ ഭൂരിപക്ഷത്തിനെതിരെ ആ കുറച്ചു പേരോടൊപ്പം നില്‍ക്കുകയും ചെയ്യും. നിങ്ങള്‍ അവരോടൊത്ത് വാഗ്ദത്തദേശം കൈവശമാക്കുകയും ചെയ്യും.

എങ്ങനെയാണ് ദൈവം കൂടെ നില്‍ക്കുന്ന ഒരു മനുഷ്യനെ നിങ്ങള്‍ കണ്ടെത്തുന്നത്? അവന്‍ വിശ്വാസത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നവനായിരിക്കും. യോശുവയും കാലേബും വിശ്വാസത്തിന്റെ വാക്കുകള്‍ സംസാരിച്ചു. ”നമുക്കു ജയിക്കാന്‍ കഴിയും.” ”നമുക്കു കോപം, ലൈംഗിക തൃഷ്ണ, അസൂയ, പിറുപിറുപ്പ്, ദ്രവ്യാഗ്രഹം മുതലായ മല്ലന്മാരെ ജയിക്കാന്‍ കഴിയും. നമുക്കു സാത്താനെ ജയിക്കാന്‍ കഴിയും. ദൈവം സാത്താനെ നമ്മുടെ കാല്‍ക്കീഴെ ചതച്ചുകളയും.” – അതാണു ദൈവം കൂടെ നില്ക്കുന്ന മനുഷ്യന്‍ സംസാരിക്കുന്ന ഭാഷ. ദൈവം കൂടെ നില്ക്കാത്ത മനുഷ്യന്‍ ഇപ്രകാരം പറയും: ‘ബൈബിള്‍ അങ്ങനെ അക്ഷരികമായി എടുക്കേണ്ട ഒരു പുസ്തകമല്ല. അല്ലെങ്കിലും നാം വെറും മനുഷ്യരല്ലേ? ശരീരത്തില്‍ ജീവിക്കുന്നേടത്തോളം നമുക്കു പരാജയം മാത്രമേയുള്ളു. നിങ്ങള്‍ മനുഷ്യമനശ്ശാസ്ത്രം മനസ്സിലാക്കണം.” തികഞ്ഞ സത്യസന്ധതയോടെ പറയട്ടെ: ”എനിക്കു മനുഷ്യ മനശ്ശാസ്ത്രത്തോട് ഒരു മതിപ്പുമില്ല. ഞാന്‍ ദൈവവചനത്തില്‍ വിശ്വസിക്കുന്നു.”

അനേകം ക്രിസ്ത്യാനികളും ആ യിസ്രായേല്യരെപ്പോലെ തന്നെയാണ്. മാനുഷികമായ യുക്തി വിചാരത്തിലൂടെ തെറ്റിപ്പോകുന്നു. ദൈവം ഈ സത്യങ്ങളെ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ച് ശിശുക്കള്‍ക്കാണു വെളിപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ മാനുഷിക ബുദ്ധി ഉപയോഗിച്ചു ബൈബിള്‍ പഠിച്ചാല്‍ വഴി തെറ്റിപ്പോകുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് ഈ കാര്യത്തില്‍ ആവശ്യം പരിശുദ്ധാത്മാവു നല്‍കുന്ന വെളിപ്പാടുകള്‍ ആണ്. അതുകൊണ്ടാണ് യേശു മുക്കുവരെ തന്റെ ശിഷ്യന്മാരാകുവാന്‍ ക്ഷണിച്ചത്. ഗമാലിയേലിനെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും പോലെയുള്ള പ്രൊഫസര്‍മാരെയല്ല. പില്‍ക്കാലത്ത് അവിടുന്ന് ഗമാലിയേലിന്റെ ഒരു ശിഷ്യനെ വിളിച്ചു- പൗലൊസിനെ. എന്നാല്‍ കര്‍ത്താവിനു പൗലൊസിനെ മൂന്നു വര്‍ഷം മരുഭൂമിയില്‍ താമസിപ്പിക്കേണ്ടി വന്നു- വെളിപ്പാടുകള്‍ ലഭിക്കാന്‍ തക്കവണ്ണം അറിവുകളുടെ അഹങ്കാരത്തില്‍ നിന്നും അവനെ ഒന്നുമില്ലായ്മയിലേക്കു കൊണ്ടുവരുവാന്‍.

തന്റെ ശക്തിയെ അവിശ്വസിച്ച ആ യിസ്രായേല്യരോട് ദൈവത്തിനു കോപമുണ്ടായി: ”എന്റെ തേജസ്സും ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള ആ പുരുഷന്മാര്‍ എല്ലാവരും… ഞാന്‍ വാഗ്ദത്തം ചെയ്ത ദേശം കാണുകയില്ല. എന്നെ പത്തു പ്രാവശ്യം പരീക്ഷിച്ച ഈ പുരുഷന്മാര്‍ എല്ലാവരും മരിക്കും” (സംഖ്യ 14:22,23). പത്തുപ്രാവശ്യം എന്നത് ഒരു അതിശയോക്തി പ്രയോഗം ആയിരുന്നില്ല. അവര്‍ ശരിയായി പത്തു പ്രാവശ്യം തന്നെ മത്സരിച്ചു. ആ പത്തു മത്സരങ്ങളുടെ പട്ടിക ഇതാ:
1) ചെങ്കടലിലേക്കുള്ള വഴിയില്‍ മിസ്രയീം സൈന്യം പിന്തുടര്‍ന്നപ്പോള്‍ (പുറ. 14:11).
2) മാറയില്‍ വെള്ളം കയ്പ്പായപ്പോള്‍ (പുറ. 15:24).
3) സീന്‍ മരുഭൂമിയില്‍ ഭക്ഷണം കിട്ടാതെ വന്നപ്പോള്‍ (പുറ. 16:2,3).
4) മന്നാ പിറ്റേന്നത്തേക്കു വച്ചപ്പോള്‍ (പുറ. 16:20).
5) ശബ്ബത്തു ദിവസം മന്നാ അന്വേഷിച്ചു പോയപ്പോള്‍ (പുറ. 16:27,28).
6) രെഫീദിമില്‍ കുടിവെള്ളമില്ലാതെ വന്നപ്പോള്‍ (പുറ. 17:3).
7) കാളക്കുട്ടിയെ ആരാധിച്ചപ്പോള്‍ (പുറ. 32).
8) തബേരയില്‍ വച്ച് പിറുപിറുത്തപ്പോള്‍ (സംഖ്യ 11:1).
9) ഇറച്ചി ആവശ്യപ്പെട്ടപ്പോള്‍ (സംഖ്യ 11:4,33).
10) കനാനിലേക്കു പ്രവേശിക്കുവാന്‍ വിസമ്മതിച്ചപ്പോള്‍ (സംഖ്യ 13).
ഒന്‍പതു പ്രാവശ്യം ദൈവം അവരോടു ക്ഷമിച്ചു. എന്നാല്‍ അവര്‍ അവിടുത്തെ കരുണയെ മുതലെടുത്തു- ഇന്നു നാം കാണുന്ന അനേകം വിശ്വാസികളെപ്പോലെ. ഒന്‍പതു പ്രാവശ്യം കൊണ്ടു സൗജന്യം അവസാനിക്കുമെന്ന് അവര്‍ കരുതിയില്ല. എന്നാല്‍ പത്താം പ്രാവശ്യം മത്സരിച്ചപ്പോള്‍ ദൈവം ക്ഷമിച്ചില്ല. അവരെ ശിക്ഷിച്ചു. അവര്‍ക്കു മടങ്ങിവരാന്‍ വഴിയുണ്ടായിരുന്നില്ല. അവര്‍ തങ്ങളുടെ ശിക്ഷയെക്കുറിച്ചു കേട്ടപ്പോള്‍ മടങ്ങി വരാന്‍ ആഗ്രഹിച്ചു. ഒരു പ്രാവശ്യം കൂടെ തങ്ങള്‍ക്ക് അവസരം ചോദിച്ചു. എന്നാല്‍ വൈകിപ്പോയിരുന്നു (സംഖ്യാ 14:39-45). അനേകം വിശ്വാസികളും തങ്ങള്‍ക്ക് ജയജീവിതത്തിലേക്കു പ്രവേശിക്കുവാനുള്ള അവസരം എന്നേക്കുമായി നഷ്ടപ്പെട്ടു പോയിരിക്കുന്നതായി ഒരു ദിവസം കണ്ടെത്തും.

16-ാം അധ്യായത്തില്‍ നാം കോരഹിന്റെ മത്സരത്തെക്കുറിച്ചു വായിക്കുന്നു. മോശെയ്‌ക്കെതിരായി മത്സരിച്ച മിര്യാമിനെ പാളയത്തിനു പുറത്ത് ഏഴു ദിവസം അടച്ചിട്ടപ്പോള്‍ കോരഹ്, ദാഥാന്‍, അബീരാം എന്നിവര്‍ ഒരു പാഠം പഠിച്ചുകാണും എന്ന് ആരെങ്കിലുമൊക്കെ ചിന്തിച്ചിരിക്കാം. ബുദ്ധിയുള്ള മനുഷ്യന്‍ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പാഠം പഠിക്കും. ഭോഷന്‍ അതേ തെറ്റു സ്വയം ആവര്‍ത്തിക്കും. യിസ്രായേല്യരില്‍ ഒരു നല്ല പങ്കും അതില്‍ നിന്നും പാഠം പഠിച്ചിരുന്നു. പക്ഷേ കോരഹ്, ദാഥാന്‍, അബീരാം എന്നിവര്‍ പഠിച്ചില്ല. ദൈവം അവരെ ജീവനോടെ പാതാളത്തിലേക്ക് അയച്ചു ശിക്ഷിച്ചു.

ജീവനോടെ സ്വര്‍ഗ്ഗത്തിലേക്കു പോയ രണ്ടു പേരെ നമുക്കറിയാം – ഹാനോക്കും ഏലിയാവും. ഇവിടെ ജീവനോടെ നരകത്തിലേക്കു പോയ ഒരേ ഒരു കൂട്ടത്തെ നാം കാണുന്നു.

തുടക്കത്തില്‍ നാലു പേരുണ്ടായിരുന്നു മോശെയ്‌ക്കെതിരായ മത്സരത്തില്‍ – കോരഹ്, ദാഥാന്‍, അബീരാം, ഓന്‍ എന്നിവര്‍ (സംഖ്യാ 16:1). പിറ്റേന്നു കാലത്തെ വന്നു കൂടുവാന്‍ മോശെ അവരോട് ആവശ്യപ്പെട്ടു (വാക്യം 5). എന്നാല്‍ അന്നു രാത്രിയില്‍ ഓന്‍ മാനസാന്തരപ്പെട്ട് മത്സരത്തില്‍ നിന്നു പിന്മാറി. അങ്ങനെ അവന്‍ തന്റെ കുടുംബത്തെ മത്സരത്തില്‍ നിന്നും നാശത്തില്‍ നിന്നും രക്ഷിച്ചു. ദാഥാനെയും അബീരാമിനെയും വേറിട്ടു കൂട്ടി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ വേണ്ടി വിളിച്ചു. അവര്‍ നിഗളിച്ച് മത്സരം കടുപ്പിച്ചു മോശെയെ കാണുവാന്‍ കൂട്ടാക്കിയില്ല. തങ്ങളുടെയും തങ്ങളുടെ കുടുംബത്തിന്റെയും നാശം അവര്‍ ഉറപ്പിച്ചു. പിറ്റേന്നു കാലത്തെ ആ മൂന്നു പേരും മത്സര മനോഭാവത്തോടെ മോശെയുടെ അടുക്കല്‍ വന്നു (വാ. 24).

കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും കൂടാരങ്ങളെ വിട്ടുമാറി നില്‍ക്കുവാന്‍ യഹോവാ ജനത്തോടു കല്പിച്ചു. ജനം അനുസരിച്ചു. അവിടെ തുടര്‍ന്ന് ഭയങ്കരമായ കാര്യങ്ങള്‍ സംഭവിച്ചു. അതിനെക്കുറിച്ചു 16-ാം അധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 26:11-ലാണ് നാം അതു കാണുന്നത്. കോരഹിന്റെ മക്കള്‍ അക്കൂട്ടത്തില്‍ മരിച്ചില്ല എന്നു നാം കാണുന്നു. അവര്‍ ഒരു പക്ഷേ പ്രായപൂര്‍ത്തിയായ മക്കള്‍ ആയിരുന്നിരിക്കാം. അവരും കൂടാരത്തിനു പുറത്തു നിന്നവരുടെ കൂട്ടത്തില്‍ ആയിരുന്നിരിക്കാം. തുടക്കത്തില്‍ പിതാവിനു സമീപമായിരിക്കാം നിന്നത്. എന്നാല്‍ മത്സരികളുടെ കൂടാരത്തിനു സമീപത്തു നിന്നും മാറി നില്‍ക്കുവാന്‍ ദൈവം ജനത്തോടു കല്പിച്ചപ്പോള്‍ അവരും മാറിപ്പോയി. അവര്‍ ഒരുപക്ഷേ തങ്ങളുടെ പിതാവിനോട് ഇങ്ങനെ പറഞ്ഞിരിക്കാം: ”ഡാഡീ, ഞങ്ങള്‍ താങ്കളോടൊപ്പമല്ല മോശെയോടൊപ്പം നില്‍ക്കുവാനാഗ്രഹിക്കുന്നു.” അങ്ങനെ അവര്‍ മോശെയുടെ പക്ഷത്തേക്ക് ഓടി. ചില സമയത്തു മക്കള്‍ മാതാപിതാക്കളേക്കാള്‍ വിവേചനശക്തിയുള്ളവരായിരിക്കും! ആ മത്സരികളും അവരോടൊപ്പം 14,700 പേരും നശിച്ചു പോയതിനെച്ചൊല്ലി യിസ്രായേല്‍ മക്കള്‍ മോശെയെ പഴിച്ചു (16:41-49). ഒരു ദൈവഭക്തനെതിരെ മത്സരിക്കുന്നതു ദൈവദൃഷ്ടിയില്‍ ഗുരുതരമായ കാര്യമാണ്. സമുദായ നേതാക്കന്മാര്‍ക്കെതിരെ മത്സരിക്കുന്നതുപോലെയല്ല. അത് ചിലപ്പോള്‍ ആവശ്യമായി വന്നേക്കാം.

ദാവീദിന്റെ കാലത്ത് ദൈവാലയത്തിലെ സംഗീതപ്രമാണിമാര്‍ കോരഹിന്റെ മക്കളുടെ (മരണത്തില്‍ നിന്നും രക്ഷപെട്ട) പിന്മുറക്കാര്‍ ആയിരുന്നു. അവരാണ് 42-49 സങ്കീര്‍ത്തനങ്ങളും 84-ാം സങ്കീര്‍ത്തനവും ഒക്കെ എഴുതിയത്. സങ്കീര്‍ത്തനം 46:2,3-ല്‍ ഭൂമി മാറിപ്പോകുന്നതിനെക്കുറിച്ചും പര്‍വ്വതങ്ങള്‍ ഇടിഞ്ഞു താഴുന്നതിനെ ക്കുറിച്ചും അത്തരം സന്ദര്‍ഭങ്ങളില്‍ ശരണമായിത്തീരുന്ന ദൈവത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നതു നമുക്കു കാണാം. തങ്ങളുടെ പിതാക്കന്മാര്‍ അവസാന നിമിഷത്തില്‍ ഓടിമാറി രക്ഷപെട്ടതും അതുകൊണ്ടാണല്ലോ തങ്ങള്‍ ഇക്കാലത്തു ജീവിച്ചിരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും എന്നോര്‍ത്താണ് അവര്‍ ഇങ്ങനെ പാടുന്നതെന്നു നമുക്കു നിസ്സംശയം മനസ്സിലാക്കാം. മാത്രമല്ല 84:10-ല്‍ ”ദുഷ്ടന്മാരുടെ കൂടാരത്തില്‍ പാര്‍ക്കുന്നതിനെക്കാള്‍ യഹോവയുടെ ആലയത്തില്‍ വാതില്‍ക്കാവല്‍ക്കാരനായിരിക്കുന്നത് എനിക്കേറെ ഇഷ്ടം” എന്നു പറയുമ്പോള്‍ തങ്ങളുടെ പിതാവു കോരഹിന്റെ കൂടാരത്തെയാണ് അവര്‍ അര്‍ത്ഥമാക്കിയത് എന്നും നമുക്കു പറയാം. എഴുതിയവരുടെ പശ്ചാത്തലം മനസ്സിലാക്കുമ്പോഴാണ് സങ്കീര്‍ത്തനങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണത നാം ഗ്രഹിക്കുന്നത്.

താന്‍ തന്നെയാണ് അഹരോനെ മഹാപുരോഹിതനാക്കിയതെന്നും അതിനോടാണ് കോരഹും കൂട്ടരും മത്സരിച്ചതെന്നും ദൈവം ഒരിക്കലായി എന്നേക്കുമായി തെളിവു കൊടുക്കുന്നതു തുടര്‍ന്നു നാം കാണുന്നു. സംഖ്യാ 17-ല്‍ ദൈവം മോശെയോട് എല്ലാ 12 ഗോത്രനേതാക്കന്മാരും ഓരോ വടികൊണ്ടു വരാന്‍ പറയുക എന്നു കല്പിച്ചു. എല്ലാവരും ഓരോ മരക്കൊമ്പു വെട്ടി ഓരോ വടിയുമായി എത്തണമായിരുന്നു. അഹരോനും ലേവി ഗോത്രത്തെ പ്രതിനിധീകരിച്ച് ഒരു വടികൊണ്ടു വരേണ്ടിയിരുന്നു. ആ വടികള്‍ എല്ലാം സമാഗമന കൂടാരത്തില്‍ സൂക്ഷിക്കുവാന്‍ ദൈവം കല്പിച്ചു. നേരം പുലരുമ്പോള്‍ താന്‍ അംഗീകരിച്ച ഗോത്രത്തിന്റെ വടി ഫലം കായ്ച്ചിരിക്കും. പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ അഹരോന്റെ വടി തളിര്‍ത്ത് പൂത്ത് ഫലം കായ്ച്ചിരിക്കുന്നതായി കണ്ടു (വാ. 8). അങ്ങനെയാണ് ആരാണു പുരോഹിത ശുശ്രൂഷയ്ക്കായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന തര്‍ക്കം ദൈവം അവസാനിപ്പിച്ചത്. ദൈവം തന്റെ ദാസനെ കണ്ടെത്തുന്ന രീതി ഇതാണ്- പുനരുത്ഥാനത്തിന്റെ പ്രമാണത്തിലൂടെ- നിര്‍ജ്ജീവമായ ഒരു കമ്പില്‍ നിന്നും ജീവനെ ഉളവാക്കിക്കൊണ്ട്. ആത്മീയ മരണങ്ങള്‍ക്കും നിര്‍ജ്ജീവാവസ്ഥകള്‍ക്കും നടുവില്‍ ദൈവം തന്റെ ദാസനെ ജീവനോടെ സംരക്ഷിക്കുന്നു. അവരെ ചുറ്റുപാടുമുള്ള ക്രൈസ്തവ ലോകത്തിന്റെ നിര്‍ജീവാവസ്ഥ ബാധിക്കുന്നില്ല. മൃതാവസ്ഥയ്ക്കു നടുവില്‍ അഹരോന്റെ വടിപോലെ അവര്‍ ഫലം പുറപ്പെടുവിക്കുന്നു. അവരുടെ അഭിഷേകം പുതിയ പഴങ്ങള്‍പോലെ എപ്പോഴും പുതിയതാണ്. ശുശ്രൂഷയില്‍ ദൈവദാസന്മാര്‍ സ്ഥിരമായി ഒരു പുത്തനുണര്‍വ്വ് നിലനിര്‍ത്തുന്നത് ഇന്നു വളരെ വിരളമായാണു കാണുന്നത്- എങ്കിലും ദൈവം അഭിഷേകം നല്‍കുന്ന ഒരു മനുഷ്യന്റെ അടയാളം അതാണ്. മരുഭൂമിയിലെ യാത്രയിലുടനീളം അഹരോന്റെ വടി തളിര്‍ത്തു തന്നെയിരുന്നു.

18:20 മനോഹരമായ ഒരു വാക്യമാണ്. അവിടെ ദൈവം അഹരോനോടു പറയുന്നു: ”വാഗ്ദത്ത നാട്ടില്‍ എത്തുമ്പോള്‍ അവിടെ നിനക്ക് ഒരു അവകാശവും ഉണ്ടാകരുത്. നിന്റെ ഓഹരിയും അവകാശവും യഹോവയായ ഞാന്‍ ആകുന്നു.” ഇതു തന്നെയാണ് കര്‍ത്താവു നമ്മോടും പറയുന്നത്. ഒരു വീടോ പറമ്പോ ഉണ്ടാകുന്നതു തെറ്റല്ല. എന്നാല്‍ അതുമായി നിങ്ങള്‍ ബന്ധിക്കപ്പെടുന്നു എങ്കില്‍ നിങ്ങള്‍ക്കു കര്‍ത്താവിന്റെ ശുശ്രൂഷകനായിരിക്കുവാന്‍ കഴികയില്ല. നിങ്ങള്‍ക്ക് കര്‍ത്താവിന്റെ ശുശ്രൂഷകന്‍ ആയിരിക്കണമെങ്കില്‍ വസ്തുവകകളോടുള്ള നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കണം: ”എനിക്ക് വീടുണ്ട്. കാറുണ്ട്. സ്‌കൂട്ടറുണ്ട്. പക്ഷേ അതൊന്നും എന്റെ സ്വന്തമായിരിക്കില്ല. ഞാന്‍ അതിനോടു ബന്ധിതനായിരിക്കില്ല. അവയെ എനിക്കുപയോഗിക്കാം. എന്റെ ഓഹരിയും അവകാശവും കര്‍ത്താവായിരിക്കും. വസ്തുക്കളൊക്കെ കര്‍ത്താവിന് ഏതു സമയത്തും എടുത്തു കളയാം.”

മോശെ ശിക്ഷിക്കപ്പെടുന്നു

20-ാം അധ്യായത്തില്‍ ഒരൊറ്റ അനുസരണക്കേടിനു ശിക്ഷിക്കപ്പെടുന്ന മോശെയെ നാം കാണുന്നു. മോശെയ്ക്ക് ഒരു വീഴ്ചയുണ്ടാവുകയും അനുസരണക്കേടു സംഭവിക്കയും ചെയ്യുന്ന ഈ ഒരൊറ്റ സംഭവം മാത്രമേ നാം കാണുന്നുള്ളു. തന്റെ ജീവിത കാലം മുഴുവനും ദൈവത്തെ അനുസരിച്ചു പോന്ന മോശെ തന്റെ ജീവിതാ വസാനത്തിങ്കല്‍ ഒരേ ഒരു തെറ്റു മാത്രം ചെയ്തു- അതിനു വലിയ വില നല്‍കേണ്ടി വന്നു. കനാനിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. ഇതു സംഭവിച്ചത് രണ്ടാം പ്രാവശ്യം ജനം വെള്ളത്തിനു നിലവിളിച്ചപ്പോഴാണ്. ഈ പ്രാവശ്യം ദൈവം മോശെയോടു പാറയെ അടിക്കുവാന്‍ ആവശ്യപ്പെട്ടില്ല, പകരം പാറയോടു സംസാരിക്കുവാനാണ് കല്പിച്ചത് (വാ. 8). ഇതിന്റെ കാരണം ആ പാറ (പുറ.17) ഒരിക്കലായി ക്രൂശില്‍ പിളര്‍ക്കപ്പെട്ട ക്രിസ്തുവിന്റെ ചിത്രമായിരുന്നു. അതിനുശേഷം ആ മുറിവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ക്കായി നാം ചോദിക്കുക മാത്രമേ ചെയ്യേണ്ട തുള്ളു. എന്നാല്‍ മോശെ കോപിച്ചു പാറയെ രണ്ടു പ്രാവശ്യം അടിച്ചു. ഉടന്‍ തന്നെ ദൈവം അവനോട് അവന്‍ കനാനില്‍ പ്രവേശിക്കുകയില്ലെന്നു കല്പിച്ചു (20:12).

യിസ്രായേല്‍ മക്കള്‍ക്ക് ഒന്‍പത് അവസരങ്ങള്‍ ദൈവം കൊടുക്കുകയും പത്താമത്തെ മത്സരത്തിങ്കല്‍ അവര്‍ക്കു പ്രവേശനം നിഷേധിക്കുകയും ചെയ്തു. എന്നാല്‍ മോശെയ്ക്ക് ഒരു ഇളവു പോലും ദൈവം നല്‍കിയില്ല. എന്തുകൊണ്ട്? നേതാക്കന്മാരില്‍ നിന്നും ദൈവം അധികം പ്രതീക്ഷിക്കുന്നു- സാധാരണ വിശ്വാസികളെപ്പോലെയല്ല. ഇത് ഇന്നും സത്യമാണ്. അധികം ലഭിച്ചവനോട് അധികം ചോദിക്കും.

മോശെ ദൈവത്തോടു യാചിച്ചു. 40 വര്‍ഷങ്ങള്‍ കനാനില്‍ പ്രവേശിക്കാനുള്ള ഉത്ക്കട വാഞ്ഛയും പേറി നടന്ന വ്യക്തിയായിരുന്നു മോശെ. ഇതാ ആ അതിരിങ്കല്‍ വച്ചു തന്നെ അതു നിഷേധിക്കപ്പെട്ടിരിക്കുന്നു. ദൈവം ഒരു ഇളവും കാട്ടുന്നില്ല. മറ്റുള്ളവരോട് കരുണ കാട്ടാന്‍ മോശെ പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ ദൈവം കേട്ടിട്ടുണ്ട്. എന്നാല്‍ മോശെയുടെ തനിക്കുവേണ്ടിയുള്ള യാചന ദൈവം ശ്രദ്ധിച്ചില്ല. അതു കൊണ്ടു മോശെ സ്വയം താഴ്ത്തുകയും തനിക്കു വിധിച്ച ശിക്ഷ സ്വീകരിക്കയും ചെയ്തു. ദൈവം അവനു നല്ലവന്‍ തന്നെയായിരുന്നു. 1500 വര്‍ഷങ്ങള്‍ക്കു ശേഷം അവനു വാഗ്ദത്ത ദേശത്തു കാലു കുത്തുവാന്‍ ദൈവം അവസരം കൊടുത്തു. മറുരൂപ മലയില്‍ അവന്‍ നമ്മുടെ കര്‍ത്താവിനോടൊപ്പം നില്‍ക്കുമ്പോള്‍ അതു സാദ്ധ്യമായി. മോശെ വാഗ്ദത്ത നാട്ടില്‍ കാലുകുത്തിയ ആദ്യ അനുഭവം അതായിരുന്നു. മത്സരികളായ യിസ്രായേല്യരോടൊപ്പമുള്ളതിനേക്കാള്‍ എത്രയോ മഹത്തായ പ്രവേശമാണ് കനാനിലേക്ക് ദൈവം മോശെയ്ക്ക് യഥാര്‍ത്ഥത്തില്‍ കൊടുത്തത്. മോശെ ദൈവത്തെ വിശ്വസിച്ചിരുന്നെങ്കില്‍ അവിടുന്നു തനിക്കുവേണ്ടി കൂടുതല്‍ മെച്ചപ്പെട്ടതു കരുതിയിട്ടുണ്ടെന്ന് അന്നേ അവനു തിരിച്ചറിയാന്‍ കഴിഞ്ഞേനേം. ദൈവം നമുക്കു വേണ്ടി എല്ലായ്‌പ്പോഴും നിശ്ശബ്ദമായി പദ്ധതികള്‍ ഒരുക്കുന്നു (സെഫ. 3:17 പരാവര്‍ത്തനം). എന്നാല്‍ ആ സമയത്ത് മോശെയെ ദൈവം ശിക്ഷിക്കേണ്ടത് ആവശ്യമായിരുന്നു. കാരണം അനുസരണക്കേടിന്റെ കാര്യത്തില്‍ ദൈവം തന്റെ ദാസന്മാരോട് എത്ര കര്‍ക്കശക്കാരനാണെന്നു ജനം അറിയേണ്ടതുണ്ടായിരുന്നു.

എന്നാല്‍ മോശെയുടെ അനുസരണക്കേടു കാരണം വെള്ളം പുറപ്പെടാതിരുന്നുവോ? ഇല്ല. വെള്ളം പുറപ്പെട്ടു. ഒരു മനുഷ്യന്‍ അനുസരണക്കേടു കാട്ടിയാലും അനുഗ്രഹത്തിന്റെ ഒഴുക്കിന് അവന്റെ ശുശ്രൂഷയില്‍ കുറവുണ്ടാവുകയില്ല. അത് എന്താണു തെളിയിക്കുന്നത്? അതിന്നര്‍ത്ഥം ആ വ്യക്തിയോടു ദൈവത്തിനു പ്രസാദമുണ്ട് എന്നല്ല. ദൈവം തന്റെ ജനത്തെ സ്‌നേഹിക്കുന്നു. തന്റെ ദാസന്മാരുടെ അനുസരണക്കേടിനെ കണക്കാക്കാതെയും തന്റെ ജനത്തെ അനുഗ്രഹിക്കുന്നു എന്നു മാത്രമാണര്‍ത്ഥം. ഇന്നു ജഡികനായ ഒരു ദൈവഭൃത്യന്റെ ശുശ്രൂഷയില്‍ നിന്ന് അനുഗ്രഹം ഒഴുകുന്നതായി നിങ്ങള്‍ കാണുമ്പോള്‍ അതിന് ദൈവം ജനത്തെ സ്‌നേഹിക്കുന്നു എന്നു മാത്രമാണര്‍ത്ഥം എന്നോര്‍ക്കുക. ദൈവം അവനെ അംഗീകരിച്ചുവെന്ന് അതിനു അര്‍ത്ഥമില്ല. മോശെയോട് ഇടപെട്ടതുപോലെ ആ വ്യക്തിയോട് ദൈവം പിന്നീട് ഇടപെട്ടുകൊള്ളും. യേശു പറഞ്ഞു: ”വളരെപ്പേര്‍, അവസാന നാളില്‍ എന്റെയടുക്കല്‍ വന്നു കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കി, നിന്റെ നാമത്തില്‍ പ്രവചിച്ചു, നിന്റെ നാമത്തില്‍ രോഗികളെ സൗഖ്യമാക്കി എന്നു പറയും.” അതൊക്കെ സത്യമാണു താനും. ആളുകള്‍ക്ക് വിടുതലും സൗഖ്യവും അനുഗ്രഹങ്ങളും ഒക്കെ ലഭിച്ചു. എങ്കിലും കര്‍ത്താവ് ആ പ്രസംഗകരോടു പറയും: ”എന്നെ വിട്ടു പോവുക, നിങ്ങള്‍ പാപത്തില്‍ ജീവിച്ചു. വിശുദ്ധിയെ തിരഞ്ഞെടുത്തില്ല.” ഇവിടെ നാം കാണുന്നത് ദൈവം പാപത്തില്‍ ജീവിക്കുന്ന ജഡികരായ പ്രസംഗകരെപ്പോലും ഉപയോഗിക്കുന്നു. കാരണം അവിടുന്നു ജനത്തെ സ്‌നേഹിക്കുന്നു.

21-ാം അധ്യായത്തില്‍ ദൈവം വിഷപ്പാമ്പുകളെ അയച്ച് യിസ്രായേല്യരെ ശിക്ഷിക്കുന്നതായി നാം വായിക്കുന്നു. ജനം നിലവിളിച്ചപ്പോള്‍ ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി ഒരു തൂണില്‍ എല്ലാവരും കാണത്തക്കവണ്ണം തൂക്കിയിടുവാന്‍ ദൈവം മോശെയോടു കല്പിച്ചു. പിച്ചള സര്‍പ്പത്തെ നോക്കുന്ന വിഷബാധയേറ്റവന്‍ രക്ഷ പ്രാപിക്കും. യേശു നിക്കോദേമോസിനോട്, ഇതു തന്നെ കൊല്ലുവാനായി തൂക്കുന്ന ക്രൂശിന്റെ ഒരു പ്രതീകമാണ് (യോഹ. 3:14) എന്നു പിന്നീടു പറഞ്ഞു. പഴയ പാമ്പായ സാത്താന്റെ കടിയേറ്റവരാണു നാമെല്ലാം. അവന്റെ വിഷം നമ്മുടെ സിരകളിലെല്ലാം പടര്‍ന്ന് നാം ദിവസേന ആത്മീയമായി മരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നാം വിശ്വാസത്തോടെ നമുക്കുവേണ്ടി ക്രൂശില്‍ തൂക്കപ്പെട്ട യേശുവിലേക്കു നോക്കുന്നു എങ്കില്‍ പാപക്ഷമ മാത്രമല്ല ലഭിക്കുന്നത്. നമ്മുടെ സിരകളില്‍ ഒഴുകുന്ന വിഷബാധയുടെ സകല തിന്മകളില്‍ നിന്നും കൂടി നാം മോചനം പ്രാപിക്കും. നാം എന്നെന്നേക്കുമായി സ്വതന്ത്രരാകും.

ബിലെയാം – ഒരു മുന്നറിയിപ്പ്

22-24 അധ്യായങ്ങളില്‍ നാം ബിലെയാമിനെക്കുറിച്ചു വായിക്കുന്നു. ഒരുപാടു കാര്യങ്ങളെ സംബന്ധിക്കുന്ന ഒരു പ്രധാന വേദഭാഗമാണിത്. ബാലാക്ക് രാജാവ് യിസ്രായേലിനെ ശപിക്കുവാനായി ബിലെയാമിനെ ക്ഷണിക്കുമ്പോള്‍ ബിലെയാം ദൈവഹിതം അന്വേഷിച്ചു. പോകരുതെന്നു ദൈവം ബിലെയാമിനെ വ്യക്തമായി വിലക്കി. എന്നാല്‍ അവന്‍ വരുമെങ്കില്‍ ധാരാളം ധനവും മാനവും നല്‍കാമെന്ന് ബാലാക്ക് രാജാവ് പ്രലോഭിപ്പിച്ചു. അപ്പോള്‍ ബിലെയാം പറഞ്ഞു: ‘ഞാന്‍ ദൈവഹിതം ഒന്നുകൂടെ അന്വേഷിക്കട്ടെ’ എന്ന്. ദൈവഹിതം രണ്ടാം പ്രാവശ്യം അന്വേഷിക്കേണ്ടതിന്റെ ആവശ്യം എന്താണ്? ഏതു കാര്യത്തിന്റെയും അവസാനം ആദിയില്‍ തന്നെ അറിയുന്ന ദൈവമാണ് പോകരുതെന്നു വിലക്കിയത്. പക്ഷേ അവനു ധനവും മാനവും ലഭിക്കുന്നതോര്‍ത്തപ്പോള്‍ ബിലെയാമിനു താത്പര്യം വര്‍ധിച്ചു. ബൈബിള്‍ പറയുന്നത് ”ബിലെയാം അനീതിയുടെ കൂലി കൊതിച്ചു” (2 പത്രൊ. 2:15) എന്നാണ്.

നിങ്ങളും ഇത്തരം സാഹചര്യങ്ങളില്‍ എത്തിച്ചേര്‍ന്നേക്കാം. നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുമ്പോള്‍ നിങ്ങളുടെ അന്തരംഗത്തില്‍ ഒരു ജോലിക്കു പോകരുതെന്നു ബോധ്യമുണ്ടാകുന്നു. എന്നാല്‍ അവിടെ വലിയ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്നറിയുമ്പോള്‍ നിങ്ങള്‍ വീണ്ടും ദൈവഹിതം അന്വേഷിക്കാന്‍ തയ്യാറാകുന്നു. അത്തരം ഒരു പ്രലോഭനം, ഒരു പരീക്ഷ, നിങ്ങള്‍ക്കുണ്ടാകുമ്പോള്‍ നിങ്ങള്‍ ബിലെയാമിനെ ഓര്‍ക്കുക. പ്രതിഫലം കൂടുമ്പോഴോ വലിയ പദവി കാണുമ്പോഴോ ദൈവത്തിന്റെ തീരുമാനങ്ങള്‍ മാറുന്നില്ല. പക്ഷേ ഒരു മനുഷ്യന്‍ ഒരു വഴിയില്‍ ഇച്ഛ വച്ചാല്‍ ദൈവം അവനെ അതിന് അനുവദിക്കുന്നു. അതുകൊണ്ടാണ് രണ്ടാം പ്രാവശ്യം ബാലാക്ക് ബിലെയാമിനെ വിളിപ്പിക്കാന്‍ ആളയച്ചപ്പോള്‍ ദൈവം അവനെ പോകാന്‍ അനുവദിച്ചത്. അതു ദൈവത്തിന്റെ പൂര്‍ണ്ണതയുള്ള ഹിതമായിരുന്നില്ല. അവിടുന്നൊരിക്കലും ബിലെയാമിന്റെ സ്വതന്ത്ര ഇച്ഛയെ തടഞ്ഞുകൊണ്ട് തന്റെ ഇഷ്ടം നടപ്പാക്കി ബിലെയാമിനെ ഒരു യന്ത്ര മനുഷ്യനാക്കുവാന്‍ ആഗ്രഹിച്ചില്ല. ബിലെയാമിനു പോകുവാന്‍ ആഗ്രഹമുണ്ടെന്നു ദൈവം കണ്ടു. അതുകൊണ്ടു ദൈവം പറഞ്ഞു: ”പോവുക.” മുടിയനായ പുത്രനെ ദൂരെ ദേശത്തേക്കു പിതാവ് അയച്ചത് ഇപ്രകാരമായിരുന്നു. ദൈവം നമുക്കു സ്വതന്ത്രമായ ഇച്ഛയെ നല്‍കുന്നു. അതിന്റെ മേല്‍ ദൈവം ഒരിക്കലും നിയന്ത്രണം വയ്ക്കുന്നില്ല.

എങ്കിലും ദൈവം തന്റെ ദൂതനെ അയച്ച് ബിലെയാമിനെ ഒരിക്കല്‍കൂടി വഴിയില്‍ തടഞ്ഞുനോക്കി. ബിലെയാമിന് ആ ദൂതനെ കാണുവാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ബിലെയാമിന്റെ കഴുതയ്ക്കു ദൂതനെ കാണാമായിരുന്നു. ഇതില്‍ നിന്നും നാം എന്താണു പഠിക്കേണ്ടത്? പണസ്‌നേഹം ഒരു മനുഷ്യനെ അന്ധനാക്കിയാല്‍ ആത്മീയ സത്യങ്ങളെ അവനെക്കാള്‍ നന്നായി ഒരു കഴുതയ്ക്ക് ഗ്രഹിക്കുവാന്‍ കഴിയും! ആ കഴുത പണത്തെ സ്‌നേഹിക്കാതിരുന്നതുകൊണ്ട് അതിനു ദൈവദൂതനെ വ്യക്തമായി കാണുവാന്‍ കഴിയുമായിരുന്നു. ബിലെയാം ഒരിക്കല്‍ ദൈവത്തെ അറിയുകയും അവിടുത്തെ പ്രവാചകനായി അഭിഷേകം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ ധനസ്‌നേഹം അവന്റെ അഭിഷേകത്തെ നഷ്ടപ്പെടുത്തി.

കഴുത തന്റെ യജമാനനോടു സംസാരിക്കുവാന്‍ തുടങ്ങി. അന്യഭാഷാ ഭാഷണത്തിന്റെ ആദ്യത്തെ ഉദാഹരണം ബൈബിളില്‍ ഇതാണ്. ഒരു കഴുത തനിക്ക് അറിഞ്ഞു കൂടാത്ത ഒരു ഭാഷ ഒഴുക്കോടെ സംസാരിക്കുന്നു- അത് ഒരിക്കലും പഠിച്ചിട്ടില്ലാത്ത ഒരു ഭാഷ! അതൊരു പ്രകൃത്യാതീതമായ കാര്യമായിരുന്നു. അതു സംശയാതീതമായും ദൈവത്തില്‍നിന്നു തന്നെയാണ്. അന്യഭാഷാ ഭാഷണത്തിന്റെ ഈ ആദ്യ സംഭവത്തില്‍ നിന്നും ഒരു കാര്യം നമുക്കു മനസ്സിലാക്കാം. അന്യഭാഷാ ഭാഷണം ആരെയും ആത്മീയരാക്കുന്നില്ല എന്ന സത്യം. ആ അന്യഭാഷാ ഭാഷണത്തിനു ശേഷവും ദൈവിക ശക്തി അനുഭവിച്ച ശേഷവും ആ കഴുത ഒരു വെറും വിഡ്ഢിക്കഴുതയായി തുടര്‍ന്നു. ഇക്കാര്യം നാം ഓര്‍ത്തിരിക്കണം.

അതിനു ശേഷം ബിലെയാം ഒരു തന്ത്രം മോവാബ്യര്‍ക്കും ഉപദേശിച്ചു കൊടുത്തു. യിസ്രായേല്യരെ നശിപ്പിക്കുവാന്‍ ഏറ്റവും മികച്ച ഉപായം അവരുടെ ദൈവത്തെ തന്നെ അവര്‍ക്കെതിരെ തിരിക്കുക എന്നതാണ്. ദൈവത്തെ അവര്‍ക്കെതിരെ തിരിക്കുവാന്‍ ഏറ്റവും എളുപ്പം അവരുടെ ധാര്‍മ്മിക നിലവാരം നഷ്ടപ്പെടുത്തുന്നതിലൂടെയാണ്. അതുകൊണ്ട് അവരുടെ സുന്ദരികളായ പെണ്‍കുട്ടികളെ യിസ്രായേല്‍ പാളയത്തിലേക്ക് അയച്ച് അവിടുത്തെ പുരുഷന്മാരെ വശീകരിക്കുക. അങ്ങനെ യിസ്രായേല്യ പുരുഷന്മാര്‍ അസാന്മാര്‍ഗ്ഗികതയില്‍ മാത്രമല്ല ആ പെണ്‍കുട്ടികള്‍ പാളയത്തിലേക്കു കൊണ്ടുവന്ന വിഗ്രഹങ്ങളിലൂടെയും വിഗ്രഹാര്‍പ്പിതങ്ങളിലൂടെയും വിഗ്രഹാരാധനയിലേക്കും വീണു (സംഖ്യ 25:1; വെളി. 2:14 ഈ ഭാഗങ്ങള്‍ ചേര്‍ത്തു വായിക്കുക). ദൈവം അവരെ കഠിനമായി ശിക്ഷിച്ചു. 24,000 ആളുകള്‍ ബാധയേറ്റു മരിച്ചു (25:9). ഇന്നും സാത്താന്‍ ഈ വിധത്തിലാണ് വിശ്വാസികളെ ദുഷിപ്പിക്കുന്നത്. ബിലെയാമില്‍ നിന്നും നാം സാത്താന്റെ തന്ത്രങ്ങളെ മനസ്സിലാക്കി സൂക്ഷിച്ചൊഴിഞ്ഞിരിക്കേണ്ടതുണ്ട്.

ബാധ തുടങ്ങി. മനുഷ്യര്‍ കൊതുകു ചത്തു വീഴുമ്പോലെ യിസ്രായേല്‍ പാളയത്തില്‍ ചത്തു വീഴുവാന്‍ തക്കവണ്ണം ബാധ പടര്‍ന്നു. ബിലെയാമിന്റെ തന്ത്രം യിസ്രായേലിനെ മുഴുവനായും ഉന്മൂലനം ചെയ്യുമെന്ന ഘട്ടമെത്തിയപ്പോള്‍ അഹരോന്റെ കൊച്ചുമകനായ ഫിനെഹാസിന്റെ തീക്ഷ്ണത ജ്വലിച്ചു (സംഖ്യ. 25:10 മുതലുള്ള വേദഭാഗം ശ്രദ്ധിക്കുക). ഫിനെഹാസ് ഒരു കുന്തമെടുത്തുകൊണ്ട് ഒരു മിദ്യാന്യ സ്ത്രീയെയും കൂട്ടി തന്റെ കൂടാരത്തിനുള്ളിലേക്കു പോയ ഒരു യിസ്രായേല്യന്റെ പിന്നാലെ ചെന്ന് രണ്ടുപേരെയും കുന്തംകൊണ്ടു കുത്തി കൊന്നുകളഞ്ഞു. അങ്ങനെ ആ ബാധ കെട്ടടങ്ങി. ദൈവത്തിന്റെ നാമത്തിനും മഹത്വത്തിനും വേണ്ടി ഫീനഹാസ് കാട്ടിയ തീക്ഷ്ണത കാരണമായി ദൈവം അവന്റെ തലമുറയ്ക്ക് യിസ്രായേലിന്റെ പൗരോഹിത്യം നിത്യമായി ഉറപ്പിച്ചു കൊടുത്തു. തന്റെ നാമത്തിനു വേണ്ടി ധൈര്യത്തോടെ നില്ക്കുന്നവരെ ദൈവം മാനിക്കുന്നു- അവര്‍ എടുക്കുന്ന തീരുമാനങ്ങളും നിലപാടുകളും കാരണമായി മറ്റുള്ളവരാല്‍ തള്ളിക്കളയപ്പെട്ട് ഒറ്റപ്പെട്ടു പോയാലും.

26-ാം അധ്യായത്തില്‍ രണ്ടാമത്തെ എണ്ണമെടുപ്പ് നാം കാണുന്നു. ഇവിടെ ദൈവം അവരെ രണ്ടാംപ്രാവശ്യവും കാദേശ്ബര്‍ന്നയിലേക്കു കൊണ്ടുവരുന്നു- അവര്‍ക്കു കനാനിലേക്കു പ്രവേശിക്കുവാന്‍ ഒരു അവസരം കൊടുക്കുവാന്‍ വേണ്ടി. ദൈവം വീണ്ടും അവസരം നല്‍കുന്നവനാണ്. പരാജയപ്പെടുന്നവര്‍ക്ക് ഇതൊരു വലിയ ഉത്സാഹത്തിന്റെ വചനമാണ്. പത്തുലക്ഷം അവസരങ്ങള്‍ നല്‍കുന്ന ദൈവമാണ് അവിടുന്ന്. വീണ്ടും വീണ്ടും ക്ഷമിക്കുകയും ജയജീവിതത്തിലേക്കു പ്രവേശിക്കുവാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ദൈവം.

27:15-23-ല്‍ യിസ്രായേലിനെ നയിക്കുവാന്‍ തനിക്ക് ഒരു പിന്‍ഗാമിയെ നിയമിക്കണം എന്നു മോശെ യഹോവയോട് അപേക്ഷിക്കുന്നതു നാം വായിക്കുന്നു. മോശെക്കു രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. ഇന്നു പല ക്രൈസ്തവ നേതാക്കളും ചെയ്യുന്നതുപോലെ മോശെ തന്റെ പിന്‍ഗാമിയായി അവരിലാരെയും അവരോധിച്ചില്ല. അവന്‍ ഒരു ദൈവമനുഷ്യനായിരുന്നു. ഒരു രാജകീയ കുടുംബവാഴ്ച ഒന്നും അവന്‍ സ്ഥാപിച്ചില്ല. അവന്‍ ദൈവഹിതം അന്വേഷിച്ചു. യിസ്രായേലിന്റെ നായകനായി യോശുവയെ (ദൈവത്തിന്റെ ആത്മാവുള്ള- വാക്യം 18) നിയമിക്കുവാന്‍ യഹോവ കല്പിച്ചു. മോശെ അങ്ങനെ തന്നെ അനുസരിച്ചു.

28,29 അധ്യായങ്ങളില്‍ യാഗങ്ങളെ സംബന്ധിച്ച തുടര്‍പ്രമാണങ്ങള്‍ കാണാം. 30-ാം അധ്യായത്തില്‍ സത്യം ചെയ്യുന്നതിനെ സംബന്ധിച്ച് പ്രമാണം നല്‍കിയിരിക്കുന്നു. ഇവിടെ രസകരമായ ഒരു കാര്യം നാം ശ്രദ്ധിക്കുക: ഒരു പിതാവിനു തന്റെ മകള്‍ ഭോഷത്തമായി പറഞ്ഞുപോകുന്ന ഒരു സത്യത്തെയും, ഒരു ഭര്‍ത്താവിനു തന്റെ ഭാര്യ അറിവില്ലാതെ മൗഢ്യമായി ചെയ്യുന്ന ഒരു സത്യത്തെയും റദ്ദാക്കുവാന്‍ അധികാരമുണ്ടെന്നതാണ് അത്. എന്നാല്‍ ആ സത്യം ചെയ്യുമ്പോള്‍ പിതാവോ ഭര്‍ത്താവോ അടുത്തുണ്ടായിരിക്കയും അതു കേള്‍ക്കുകയും ആ സമയം അതേക്കുറിച്ച് ഒന്നും പറയാതെയുമിരുന്നാല്‍ ആ സത്യം നിവര്‍ത്തിക്കണം. അതു റദ്ദു ചെയ്യാന്‍ പാടുള്ളതല്ല. ഇതു കാണിക്കുന്നതു പിതാക്കന്മാര്‍ എന്ന നിലയില്‍ മക്കളുടെ ഭോഷത്തങ്ങളെ തിരുത്തുന്നതില്‍ നാം എങ്ങനെ അധികാരം വിനിയോഗിക്കണമെന്നതാണ്. അതുപോലെ ഭാര്യമാര്‍ തങ്ങളുടെ ഭോഷത്തത്തിലും അവിവേകത്തിലും എടുക്കുന്ന തീരുമാനങ്ങള്‍ കുടുംബത്തെ വഴി തെറ്റിക്കുകയും കുഴപ്പത്തിലാക്കുകയും ചെയ്യാതെ ഭര്‍ത്താക്കന്മാര്‍ വീടിന്റെ തലയെന്ന നിലയില്‍ തങ്ങളുടെ അധികാരം എങ്ങനെ വിനിയോഗിക്കണമെന്നും ഇവിടെ നിന്നും മനസ്സിലാക്കാം.

32-ാം അധ്യായത്തില്‍ രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങള്‍ ഒത്തുതീര്‍പ്പുകാരാകുന്നതിനെ കുറിച്ചു നാം വായിക്കുന്നു. അവര്‍ക്ക് ആടുമാടുകള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ തങ്ങളുടെ കൂട്ടങ്ങള്‍ക്കു നല്ല മേച്ചില്പ്പുറങ്ങള്‍ അന്വേഷിക്കുന്നവരായിരുന്നു അവര്‍. അങ്ങനെ അവര്‍ യോര്‍ദ്ദാനിക്കരെ കിഴക്കു വശത്ത് നല്ല പുല്പ്പുറങ്ങള്‍ കണ്ടെത്തിയപ്പോള്‍ അവിടെ സ്ഥിര താമസത്തിനായി മോശെയോട് അനുവാദം ചോദിക്കുന്നു. ഇതു കനാനു പുറത്തുള്ള സ്ഥലമാണ്. അവര്‍ വാഗ്ദത്ത ദേശത്തു പ്രവേശിക്കുവാനുള്ള ദൈവവിളിയെ നിരസിച്ചു. 40 വര്‍ഷത്തെ അലച്ചിലുകള്‍ക്കു ശേഷവും അവര്‍ ഒരു പാഠവും പഠിച്ചില്ല. ഒരു ജയജീവിതത്തെക്കാള്‍ തങ്ങളുടെ ബിസിനസിനെയും ധനത്തെയും വലുതായി കാണുന്നവരുടെ കാര്യത്തില്‍ ദൈവത്തിന് എന്തു ചെയ്യാന്‍ കഴിയും? അവരെ അവരുടെ വഴിക്കു പോകുവാന്‍ ദൈവം അനുവദിച്ചു. അങ്ങനെ മോശെ അവരെ അവിടെ സ്ഥിര താമസമാക്കുവാന്‍ അവസാനം അനുവദിക്കുന്നു. ആത്മീയ സമ്പത്താര്‍ജ്ജിക്കുന്നതിനെക്കാള്‍ ലൗകിക സമ്പത്തിന് പ്രാധാന്യം നല്‍കുന്ന വിശ്വാസികളുടെ ചിത്രമാണിത്.

ഇന്നത്തെ സുഖാന്വേഷികളായ വിശ്വാസികളോടും കൂടിയുള്ള ഒരു ചോദ്യമാണ് അന്നു മോശെ അവരോടു ചോദിച്ചത്: ”നിങ്ങളുടെ സഹോദരന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കണമെന്നോ?” (സംഖ്യ 32:6).

അവര്‍ ഒടുവില്‍ കനാന്‍ പിടിച്ചടക്കുവാനുള്ള യുദ്ധത്തില്‍ പങ്കാളികളാകാം എന്നു സമ്മതിച്ചു. എന്നാല്‍ യുദ്ധാനന്തരം അവര്‍ മടങ്ങി ഇവിടെ യോര്‍ദ്ദാനു കിഴക്കു തന്നെ വന്ന് താമസമാക്കും എന്നു വ്യവസ്ഥ ചെയ്തു.

സംഖ്യ 35-ല്‍ ദൈവം ആറു സങ്കേത നഗരങ്ങളെ പ്രഖ്യാപിക്കുന്നു. അബദ്ധവശാല്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ കൊല്ലപ്പെട്ടവന്റെ ബന്ധുക്കളുടെ പ്രതികാരത്തില്‍ നിന്നും കൊന്നവന് ഓടി അഭയം പ്രാപിക്കുവാനുള്ള പട്ടണങ്ങള്‍. അബദ്ധവശാലുള്ള മരണവും ആസൂത്രിത കൊലപാതകവും ഒരേപോലുള്ള കുറ്റമല്ല. അത്തരം കുറ്റക്കാര്‍ക്ക് ദൈവം അഭയം നല്‍കുന്നു. അതേസമയം കൊലപാതകികള്‍ക്ക് ഇളവില്ലാത്ത ശിക്ഷയും നല്‍കുന്നു. ദൈവത്തിന്റെ എല്ലാ നിയമങ്ങളിലും മനപ്പൂര്‍വ്വമായ പാപത്തോടുള്ള വിട്ടുവീഴ്ചയില്ലായ്മ നമുക്കു കാണാം. എന്നാല്‍ മനപ്പൂര്‍വ്വമല്ലാത്ത പാപങ്ങളോടു കരുണയുള്ളവനായിരിക്കുന്നതും കാണാം. ലേവ്യാ പുസ്തക പഠനത്തില്‍ നാം കണ്ട അതേകാര്യം നമുക്കിവിടെയും കാണാം. എന്നാല്‍ മനപ്പൂര്‍വ്വമായി എത്രയോ അധികം പാപം ചെയ്ത നമ്മെ ഈ പരിശുദ്ധനായ ദൈവം എത്ര കരുണയോടെ ചേര്‍ത്തുകൊണ്ടു എന്നത് എത്ര അത്ഭുതകരമാണ്! നമ്മോടുള്ള ദൈവത്തിന്റെ കരുണയ്ക്കും കൃപയ്ക്കുമായി നമുക്കു ദൈവത്തെ സ്തുതിക്കാം.