സാക് പുന്നന്‍
സകല പ്രവാചകന്മാരുടെയും ഭാരം വിശുദ്ധി ആയിരുന്നു- നിങ്ങളുടെ വിഗ്രഹങ്ങളെ ഉപേക്ഷിച്ച് നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ ഒന്നാം സ്ഥാനത്തു വയ്ക്കുക. നമ്മുടെ ജീവിതത്തില്‍ ഒരു വിഗ്രഹം പോലും ഇല്ലാതിരിക്കുക എന്നതാണ് യഥാര്‍ത്ഥ വിശുദ്ധി. നമ്മുടെ മുഴു ഹൃദയവും നിറഞ്ഞിരിക്കത്തക്കവിധം ദൈവം ഉണ്ടായിരിക്കുന്നതാണ് വിശുദ്ധി. ഇന്ന് ഇതു പ്രഘോഷിക്കുവാനാണ് നമ്മുടെ വിളി അതുവഴി ദൈവത്തിനു സന്തോഷത്തോടുകൂടി വസിക്കാന്‍ കഴിയുന്ന ഒരിടമായി സഭ തീരും.
തന്‍റെ മുഴു ഹൃദയം കൊണ്ടും അതിനുവേണ്ടി അന്വേഷിക്കുന്ന ഒരു മനുഷ്യനാണ് യഥാര്‍ത്ഥ വിശുദ്ധി ലഭിക്കുന്നത്, അല്ലാതെ തന്‍റെ ബുദ്ധിയില്‍ ശരിയായ ഉപദേശം ഉളള ഒരുവനല്ല. വിശുദ്ധിയുടെ രഹസ്യം കണ്ടുപിടിക്കുന്നത് പുതിയ നിയമത്തിലെ ഗ്രീക്കുപദങ്ങളുടെയും കാലങ്ങളുടെയും പഠനത്തിലൂടെയല്ല, എന്നാല്‍ പൂര്‍ണ്ണ ഹൃദയത്തോടും പരമാര്‍ത്ഥതയോടും കൂടെ ദൈവത്തെ പ്രസാദിപ്പിക്കുവാനുളള ആഗ്രഹത്തിലൂടെയാണ്. ദൈവം നമ്മുടെ ഹൃദയങ്ങളെയാണ് നോക്കുന്നത്, നമ്മുടെ ബുദ്ധിയെ (തലച്ചോറിനെ) അല്ല!
വിശുദ്ധിയിലുളള വളര്‍ച്ച എപ്പോഴും ഒരുവന്‍റെ സ്വന്തം പാപാവസ്ഥ ദൈവത്തിന്‍റെ കാഴ്ചയില്‍ എങ്ങനെയാണെന്നതിനെക്കുറിച്ചു വര്‍ദ്ധിച്ചുവരുന്ന ഒരു ബോധത്തോടു ചേര്‍ന്നാണ് ഉണ്ടാകുന്നത്. വിശുദ്ധി എന്നത് തികച്ചും ദൈവത്തിന്‍റെ സ്വഭാവമാണ്. ദൈവം നമുക്കു തരുന്ന ആത്മാവ് ഒരു പരിശുദ്ധ ആത്മാവാണ്. യെശയ്യാവിനു ദൈവത്തിന്‍റെ ഒരു ദര്‍ശനം ഉണ്ടായപ്പോള്‍, അദ്ദേഹം ദൈവത്തെ അവിടുത്തെ പരിശുദ്ധിയില്‍ കാണുകയും അദ്ദേഹം തന്നെത്തന്നെ ഒരു അശുദ്ധമനുഷ്യനായി കാണുകയും ചെയ്തു (യെശയ്യാവ് 6:1 -7). ആത്മനിറവുളള ജീവിതം വിശുദ്ധിയില്‍ വളരുന്ന ഒരു ജീവിതമാണ്. ഒരു മനുഷ്യന്‍റെ സ്വന്ത ജീവിതം വിശുദ്ധിയില്‍ വര്‍ദ്ധിച്ചു വരുന്നതു പോലെ തന്നെ ദൈവത്തിന്‍റെ പൂര്‍ണ്ണ വിശുദ്ധിയെക്കുറിച്ചുളള അവന്‍റെ ബോധവും വര്‍ദ്ധിക്കുന്നു. ഇവ രണ്ടും ഒരുമിച്ചു പോകുന്നു. വാസ്തവത്തില്‍, രണ്ടാമത് പറഞ്ഞത് ഒരു വ്യക്തിക്കു ആദ്യം പറഞ്ഞ കാര്യം യഥാര്‍ത്ഥമായി ഉണ്ടോ എന്നതിന്‍റെ പരിശോധനകളില്‍ ഒന്നാണ്. പൗലൊസ് താന്‍ മാനസാന്തരപ്പെട്ട് 5 വര്‍ഷം കഴിഞ്ഞശേഷം ഇപ്രകാരം പറയുന്നു, “ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവന്‍ ആകുന്നു”(1 കൊരി.15:9). അതിനുശേഷമുളള അഞ്ചുവര്‍ഷം കഴിഞ്ഞ് അദ്ദേഹം പറയുന്നു “ഞാന്‍ സകല വിശുദ്ധന്മാരിലും ചെറിയവന്‍ ആകുന്നു” (എഫെ 3:8). പിന്നെയും ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം പറയുന്നു, “ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍ ആകുന്നു” (1 തിമൊ.1:15) (” ഞാന്‍ ആയിരുന്നു” എന്നല്ല, എന്നാല്‍ “ഞാന്‍ ആകുന്നു” എന്നാണ് എന്ന കാര്യം ശ്രദ്ധിക്കുക). ആ പ്രസ്താവനകളില്‍ അദ്ദേഹത്തിന്‍റെ വിശുദ്ധിയിലുളള അഭിവൃദ്ധി നിങ്ങള്‍ കാണുന്നുണ്ടോ? പൗലൊസ് എത്രയധികം ദൈവത്തോട് അടുത്തു നടന്നോ അത്രയധികം അദ്ദേഹം തന്‍റെ സ്വന്ത ഹൃദയത്തിന്‍റെ ദുഷ്ടതയെയും മലിനതയെയും കുറിച്ചു ബോധവാനായി. തന്‍റെ ജഡത്തില്‍ ഒരു നന്മയും കണ്ടെത്താന്‍ കഴിയുകയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.( റോ മ.7:18).
പൂര്‍ണ്ണ ആരോഗ്യത്തിനുവേണ്ടി വാഞ്ചിക്കുന്നതിനെക്കാള്‍ കൂടുതല്‍ പൂര്‍ണ്ണ വിശുദ്ധിക്കായി വാഞ്ചിക്കുന്ന ഒരു സ്ഥാനത്തേക്കു നാം വരണം. നമ്മുടെ ശരീരത്തിലുളള എല്ലാ രോഗത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കണമെന്ന് നാം ആഗ്രഹിക്കുന്നതുപോലെ നമ്മെ മലിനപ്പെടുത്തുന്ന എല്ലാ പാപത്തില്‍ നിന്നും സ്വതന്ത്രരാകുവാന്‍ നാം ആഗ്രഹിക്കണം. രോഗത്തെ അനുവദിക്കുന്നതില്‍ അധികമായി പാപത്തെ നാം അനുവദിക്കരുത്. അശുദ്ധചിന്തകളെ അനുവദിക്കുന്നത് ക്ഷയരോഗത്തെയോ, കുഷ്ഠരോഗത്തെയോ അനുവദിക്കുന്നതു പോലെയാണ്.. “അതെന്‍റെ ബലഹീനതയാണ് അല്ലെങ്കില്‍ അതെന്‍റെ പ്രകൃതി ഗുണമാണ്” എന്നു പറഞ്ഞ് തന്നെത്താന്‍ നീതികരിച്ചുകൊണ്ട് കോപത്തെ ന്യായീകരിക്കുകയും അങ്ങനെ നമ്മുടെ ജീവിതത്തില്‍ അതിന് അനുവാദം കൊടുക്കുകയും ചെയ്യുന്നത് എയിഡ്സിനോ സിഫിലിസിനോ നമ്മുടെ ശരീരത്തില്‍ അനുമതി കൊടുക്കുന്നതു പോലെയാണ്. പാപവും രോഗവും വളരെ സാമ്യമുളളതാണ്.
ഞങ്ങള്‍ക്കു നിങ്ങളോടുളള സ്നേഹം വര്‍ദ്ധിക്കുന്നതു പോലെ കര്‍ത്താവു നിങ്ങള്‍ക്കു തമ്മിലും എല്ലാവരോടുമുളള സ്നേഹം വര്‍ദ്ധിപ്പിച്ചു കവിയുമാറാക്കുകയും ഇങ്ങനെ നമ്മുടെ കര്‍ത്താവായ യേശു തന്‍റെ സകല വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയില്‍ നമ്മുടെ ദൈവവും പിതാവുമായവന്‍റെ മുമ്പാകെ വിശുദ്ധീകരണത്തില്‍ അനിന്ദ്യമായി വെളിപ്പെടും വണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. (1 തെസ്സ 3:12,13). ഈ വാക്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് വിശുദ്ധിയില്‍ അനിന്ദ്യരായി വെളിപ്പെടണമെങ്കില്‍, നമുക്ക് എല്ലാവാരോടുമുളള സ്നേഹത്തില്‍ വര്‍ദ്ധിച്ചു കവിഞ്ഞുവരണമെന്നാണ്. സ്നേഹം കൂടാതെയുളള വിശുദ്ധി വ്യാജമാണ് – അത്തരത്തിലുളള ഏതു വിശുദ്ധിയും വാസ്തവത്തില്‍ സ്വയ നീതിയും നിയമാനുസൃതവുമാണ്, അവ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ കറപുരണ്ട തുണി പോലെയാണ് (യെശ:64:6).
വിശുദ്ധിയും ദൈവത്തിന്‍റെ മാറ്റമില്ലാത്ത സ്നേഹവും ആയിരുന്നു എല്ലാ പ്രവാചകന്മാരുടെയും ഭാരം: ദൈവജനത്തിലുളള വിശുദ്ധിയും അവര്‍ ആത്മീയ വ്യഭിചാരത്തില്‍പ്പെട്ടു വഴി തെറ്റിപോകുമ്പോഴും തന്‍റെ ജനത്തോടുളള മാറ്റമില്ലാത്ത സ്നേഹവും. അവിടുത്തെ ജനത്തെ എപ്പോഴും തിരിച്ചു കൊണ്ടുവരണമെന്നതായിരുന്നു ദൈവത്തിന്‍റെ ആശ. അവിടുന്ന് അവര്‍ക്കു ശിക്ഷണം നല്‍കുന്നു; എന്നാല്‍ ആ ശിക്ഷണം കഴിയുമ്പോള്‍ അവരെ തങ്കലേക്കു തന്നെ മടക്കി കൊണ്ടുവരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.
ഇങ്ങനെതന്നെ ആയിരിക്കണം സഭയിലും പ്രവാചക ശുശ്രൂഷ നടക്കേണ്ടത്. ദൈവജനത്തിന്‍റെ ഇടയില്‍ വിശുദ്ധി ഉണ്ടാകേണ്ടതിന് പഴയനിയമ പ്രവാചകന്മാര്‍ക്കുണ്ടായിരുന്ന അതേ ഭാരം ഇന്നു സഭയിലുളള യഥാര്‍ത്ഥ പ്രവാചകന്മാര്‍ക്കും ഉണ്ടായിരിക്കും. പിന്മാറിപ്പോയ ദൈവജനത്തെ മടക്കി കൊണ്ടുവരുവാന്‍ ശാശ്വതമായി ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ മാറ്റമില്ലാത്ത, ദീര്‍ഘക്ഷമയുളള, മനസ്സലിവുളള സ്നേഹത്താല്‍ അന്നത്തെ പ്രവാചകന്മാര്‍ ഉണര്‍ത്തപ്പെട്ടതു പോലെ അദ്ദേഹവും ഉണര്‍ത്തപ്പെടും. സഭ ജീവനുളളതും അതായിരിക്കേണ്ട വിധത്തില്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണമെങ്കില്‍ ഓരോ സഭയിലും പ്രവാചക ശുശ്രൂഷ ഉണ്ടായിരിക്കണം.