പഴയനിയമത്തിലെ രണ്ടു വലിയ മാറ്റങ്ങള്‍ – WFTW 07 ഏപ്രിൽ 2013

സാക് പുന്നന്‍

 

പഴയനിയമത്തില്‍ വളരെ വിശദമായി വിവരിച്ചിട്ടുള്ള യിസ്രായേലിന്റെ രണ്ടു മാറ്റങ്ങളുണ്ട്.

നമ്മുടെ വ്യക്തി ജീവിതത്തെ സൂചിപ്പിക്കുന്നതാണ് ഈജിപ്റ്റില്‍ നിന്നും കനാനിലെക്കുള്ള മാറ്റം. ക്രിസ്തുവിന്റെ രക്തത്താലും ജലസ്‌നാനത്താലും പരിശുദ്ധാത്മസ്‌നാനത്താലും പാപത്തില്‍നിന്നും, സാത്താന്റെ പിടിയില്‍നിന്നും, ലോകത്തില്‍നിന്നും പുറത്തേയ്ക്കു വന്നു, പാപത്തിന്മേലുള്ള ജയവും ദൈവത്തോടുകൂടിയുള്ള നടപ്പും സാദ്ധ്യമാക്കിത്തീര്‍ത്ത ഒരു ജീവിതത്തിലേയ്ക്ക് വന്ന മാറ്റം.

ബാബിലോണില്‍നിന്നും യേരുശലേമിലേയ്ക്കുള്ള മാറ്റം നമ്മുടെ പൊതു ജീവിതത്തെ സൂചിപ്പിക്കുന്നു. വ്യാജമായ ക്രിസ്തീയത വിട്ടു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെന്ന  യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വരുന്നതാണത്.

പല ക്രിസ്ത്യാനികളും കരുതുന്നത് ബാബിലോണ്‍ എന്നത് ഏതോ ചില ക്രിസ്തീയ വിഭാഗങ്ങളാണെന്നാണ്. എന്ന് മാത്രമല്ല അത്തരം നിര്‍ജ്ജീവക്കൂട്ടങ്ങള്‍ വിട്ടു പുറത്തുവന്ന തങ്ങള്‍ ബാബിലോണ്‍ വിട്ടു എന്നും അവര്‍ കരുതുന്നു. എന്നാല്‍ ഇത് ശരിയല്ല.

ബാബിലോണ്‍ എന്നത് ഒരു വാണിജ്യ വ്യവസ്ഥയാണ്. എല്ലാ വാണിജ്യവ്യവസ്ഥകളുടേയും പ്രമാണം ലാഭമുണ്ടാക്കുക എന്നത് മാത്രമാണ്. ‘ക്രിസ്തീയതയിലൂടെ വ്യക്തിപരമായ ലാഭം’ എന്ന പ്രമാണമനുസരിച്ചു  ഒരു മനുഷ്യന്‍ ജീവിക്കുകയും ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുക വഴി ‘തനിക്കെന്തു കിട്ടും’, ഏതെങ്കിലും സഭയിലോ പ്രസ്ഥാനത്തിലോ ചേരുക വഴി ‘തനിക്കെന്തു കിട്ടും’ എന്നിങ്ങനെ ചിന്തിക്കുകയും ചെയ്യുന്നുവെങ്കില്‍ അയാള് ബാബിലോണിന്റെ പ്രമാണത്താല്‍ ഉത്സാഹിപ്പിക്കപ്പെടുന്നവനാണ്. ഒരു ക്രിസ്ത്യാനി, അവന്‍ ലോകത്തിലെ ഏറ്റവും  നല്ല ഒരു സഭാവിഭാഗത്തിലാണെങ്കിലും ജഡത്തെ അനുസരിച്ച് ജീവിക്കുകയും, സ്വന്ത കാര്യം മാത്രം നോക്കി ജീവിക്കുകയും ചെയ്യുന്നവനാണെങ്കില്‍ അയാള് ബാബിലോണിന്റെ ഭാഗമായിരിക്കും. ബാബിലോണിന്റെ ആത്മാവ് പ്രാഥമീകമായും ഒരു വ്യക്തിയിലാണ് കാണപ്പെടുന്നത്. അല്ലാതെ ഒരു സഭാവിഭാഗത്തിലല്ല.

യെരുശലേം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പട്ടണമാണ്. അതിന്റെ ആത്മാവ് ബാബിലോണിന്റെ വ്യാപാര ആത്മാവിനു നേരെ വിപരീതമായിട്ടുള്ളതാണ്. ദാവീദിന്റെ ഈ വാക്കുകളില്‍ കാണുന്നതാണ് അതിന്റെ ആത്മാവ്  ‘എനിക്ക് യാതൊരു ചെലവും ഇല്ലാതെ ഞാന്‍ യാഹോവയ്ക്ക് ഹോമയാഗങ്ങള്‍ അര്‍പ്പിക്കുകയില്ല’ (2 ശമുവേല്‍ 24:24).

‘സ്വര്‍ഗ്ഗീയ യെരുശലേം’ എന്ന ക്രിസ്തുവിന്റെ ശരീരം പണിയപ്പെടണമെങ്കില്‍ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് മാത്രം ഭാരപ്പെടുന്ന  നിസ്വാര്‍ത്ഥമായ ഒരാത്മാവ് ആവശ്യമാണ്. അത്തരം ആത്മാവുള്ള ഒരാളെ ചിലപ്പോള്‍ ഒരു നിര്‍ജ്ജീവ കൂട്ടത്തില്‍ ആയിരിക്കും കാണുക. യെരുശലേമിന്റെ ആത്മാവ് ഒന്നാമത് അകമെയുള്ളതാണ്, അല്ലാതെ പുറമേയുള്ളതല്ല.

ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ത്യാഗത്തിന്റെ പ്രമാണം മനസ്സിലാക്കിയിട്ടുള്ളവരെ ഒരുമിച്ചു കൂട്ടുകയെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അല്ലാത്തപക്ഷം പഴയതുപോലെ തന്നെയുള്ള ഒരു സംവിധാനമായിരിക്കും നാം പണിയുക. അതാണ് ഇന്ന് ‘വേര്‍പെട്ട കൂട്ടങ്ങള്‍’ എന്ന് വിളിക്കപ്പെടുന്ന പലതിലും സംഭവിച്ചിരിക്കുന്നത്. അവ മറ്റു പ്രമുഖ സഭാവിഭാഗങ്ങളേക്കാള്‍ നിര്‍ജ്ജീവക്കൂട്ടങ്ങള്‍ ആയിരിക്കുന്നു.