താഴ്‌വരകളുടെ സംഗീതം- 2 : ആഖോര്‍ താഴ്‌വര

ജോജി ടി സാമുവൽ

ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍ താഴ് വരയെയും കൊടുക്കും (ഹോശേയ 2 .15)

ആഖോര്‍ താഴ്‌വര- അതിനെ പ്രത്യാശയുടെ വാതിലായി താന്‍ തുറന്നുകൊടുക്കുമെന്നു ദൈവത്തിന്റെ വാഗ്ദാനം.

ഒരു താഴ്‌വരയില്‍ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാകുന്നതും അവിടെ പ്രതീക്ഷ തളിരിടുകയും പ്രത്യാശ പൂവണിയുകയും ചെയ്യുന്നതും വലിയ കാര്യമാണോയെന്നു നമുക്കു തോന്നാം. എന്നാല്‍ ഈ പ്രത്യേക സ്ഥലത്തിന് -ആഖോര്‍ താഴ്‌വരയ്ക്ക്- യിസ്രായേലിന്റെ ചരിത്രത്തിലുള്ള പ്രത്യേകപ്രാധാന്യം മനസ്സിലാക്കുമ്പോഴാണ് അസാധ്യകാര്യങ്ങളെ സാധ്യമാക്കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു നമുക്കു വലിയ ഉള്‍ക്കാഴ്ച ലഭിക്കുക.

ആഖോര്‍ താഴ്‌വരയെക്കുറിച്ചു വിശദമായി നാം കാണുന്നതു യോശുവയുടെ പുസ്തകം 7-ാം അധ്യായം 24 മുതല്‍ 26വരെ വാക്യങ്ങളിലാണ്. അപ്പോള്‍ യോശുവയും സകലയിസ്രായേല്‍ ജനവും ചേര്‍ന്ന് ആഖാനേയും അവന്റെ പുത്രീപുത്രന്മാരേയും വെള്ളി, മേലങ്കി, സ്വര്‍ണക്കട്ടി, എന്നീ ശപഥാര്‍പ്പിത വസ്തുക്കളോടും കാള, കഴുത, ആട്, കൂടാരം എന്നിവയോടും കൂടി ആഖോര്‍ താഴ്‌വരയിലേക്കു കൊണ്ടുപോയി. യോശുവ അവനോട് പറഞ്ഞു നീ ഞങ്ങളെ വലച്ചത് എന്തിന്. യഹോവ ഇന്നു നിന്നെ വലയ്ക്കും. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു. അവരെ തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്തു. അവന്റെ മേല്‍ അവര്‍ ഒരു വലിയ കല്‍ക്കുന്നു കൂട്ടി. അത് ഇന്നുവരെയും ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി. അതുകൊണ്ട് ആസ്ഥലത്തിന് ആഖോര്‍ താഴ്‌വര എന്ന് ഇന്നു വരെ പേര്‍ പറഞ്ഞുവരുന്നു.

ഒരു കുടുംബത്തെ മുഴുവന്‍ കല്ലെറിഞ്ഞും ചുട്ടെരിച്ചും കൊന്ന സ്ഥലം. ആഖാന്‍ എന്ന ആ മനുഷ്യനോടും കുടുംബത്തോടും എന്തുകൊണ്ടാണ് യോശുവയും മുഴുവന്‍ യിസ്രയേലും അങ്ങനെ പെരുമാറിയത്. വലിയൊരു കഥ ചുരുക്കി പറഞ്ഞാല്‍ അതിങ്ങനെ – മോശെയുടെ മരണശേഷം വാഗ്ദത്ത നാട്ടിലേക്ക് യിസ്രായേലിനെ നയിച്ച യോശുവയ്ക്കു മുന്‍പില്‍ കനാന്‍ നാട്ടില്‍ ആദ്യം വെല്ലുവിളി ഉയര്‍ത്തി നിന്നത് ഒരു കനത്ത മതിലായിരുന്നു-യെരീഹോ കോട്ട മതില്‍. യെരീഹോകോട്ട കീഴടക്കിയാലേ മുന്നോട്ടു നീങ്ങാനാവൂ. വലിയ യുദ്ധപരിചയമില്ലാത്ത യിസ്രായേല്‍ സൈന്യം കോട്ടയ്ക്കു മുന്‍പില്‍ പകച്ചു നിന്നപ്പോള്‍ ദൈവം തന്റേതായ ഒരു പോംവഴി മുന്നോട്ടു വച്ചു. ദൈവത്തിന്റെ പെട്ടകവുമായി ജനം ഏഴു ദിവസം നിശ്ശബ്ദമായി മതിലിനെ ചുറ്റിനടക്കുക. ഏഴാംദിവസം ഏഴുവട്ടം ചുറ്റിക്കഴിഞ്ഞ് ആര്‍പ്പിടുമ്പോള്‍ മതില്‍ നിലംപതിക്കും.നേരെ കയറി പട്ടണത്തെ നിര്‍മൂലമാക്കുക മാത്രം ചെയ്യുക. സൈന്യത്താലല്ല ശക്തിയാലുമല്ല…..പക്ഷേ ഒരേയൊരു വ്യവസ്ഥ. പട്ടണത്തിലെ സകലവസ്തുക്കളും ദൈവത്തിനു ശപഥാര്‍പ്പിതമായിരിക്കും, ആരും തനിക്കായി ഒന്നും എടുക്കരുത്. അങ്ങനെ യെരീഹോവിനെ യിസ്രായേല്‍ അനായാസം കീഴടക്കി.

യെരീഹോവില്‍ വിജയശ്രീലാളിതരായ യിസ്രായേല്‍ വീണ്ടും മുന്നോട്ട്. അപ്പോഴിതാ മുന്നോട്ടുള്ള യാത്രയില്‍ മറ്റൊരു വൈതരണി. ഹായി എന്ന വേറൊരു പട്ടണം. പക്ഷേ യിസ്രായേലിന്റെ ചാരന്മാര്‍ ദേശത്തെ ഒറ്റു നോക്കിയിട്ടു യോശുവയ്ക്കു നല്‍കിയ റിപ്പോര്‍ട്ട് വളരെ പ്രോല്‍സാഹജനകമായിരുന്നു. ഹായി ഒരു കൊച്ചു പട്ടണമാണ്. വേഗത്തില്‍ ജയിക്കാം. ഹായിയെ തോല്‍പ്പിക്കാന്‍ സൈനികരെ എല്ലാംകൂടി അയച്ചു കഷ്ടപ്പെടുത്തേണ്ട. രണ്ടായിരമോ മൂവായിരമോ പേര്‍ പോയാല്‍ മതി.

റിപ്പോര്‍ട്ടു മുഖവിലയ്ക്ക് എടുത്ത് യോശുവ മൂവായിരം പേരെ ഹായിയിലേക്ക് അയച്ചു. പക്ഷേ അനായാസ വിജയം ആഘോഷിക്കാന്‍ പോയവര്‍ ഇരട്ടിവേഗത്തില്‍ മടങ്ങിവന്നു. തോറ്റോടി പോന്നതാണ്. മാത്രമല്ല 36 സൈനികരെ ഹായി പട്ടണക്കാര്‍ വധിക്കുകയും ചെയ്തു. എവിടെയാണു പിഴച്ചത്. യോശുവ ദൈവസന്നിധിയില്‍ സന്ധ്യവരെ സാഷ്ടാംഗം പ്രണമിച്ചു കിടന്നു. യോശുവ ഇത്രയും നിരാശനായതിനു മതിയായ കാരണമുണ്ട്. യിസ്രായേല്‍ ചെങ്കടല്‍ വറ്റിച്ച് ഇക്കരെ കടന്ന് സ്വര്‍ഗീയ ഭക്ഷണത്തിന്റെ ബലംകൊണ്ട് മരുഭൂമി കുറുകെ കടന്ന് ഒടുവില്‍ യോര്‍ദ്ദാനെ വിഭജിച്ചു കനാനില്‍ എത്തിയ ചരിത്രം മറ്റു ജനതകള്‍ക്കറിയാം. വലിയ പേടിയോടെയും ഏറെ ആശങ്കയോടെയുമാണ് അവര്‍ ഈ ജൈത്രയാത്ര കണ്ടുനിന്നത്. മാത്രമല്ല കനാനില്‍ എത്തിയ യിസ്രയേല്‍ യെരീഹോയെ പ്രകൃത്യതീതമായ നിലയില്‍ കീഴടക്കിയതിന്റെ വാര്‍ത്തയും അവര്‍ക്കു നടുക്കമായി. ഇതിനിടയില്‍ ഹായിയുടെ മുന്‍പില്‍ യിസ്രായേല്‍ തോറ്റോടിയ നാണക്കേടിന്റെ ചരിത്രം അവര്‍ കേള്‍ക്കാനിടയായാല്‍ കനാന്യരും ദേശവാസികളും ഒന്നിച്ച് നിന്ന് യിസ്രായേലിനെതിരെ തിരിഞ്ഞാല്‍ എന്തുചെയ്യും എന്നതായിരുന്നു യോശുവായുടെ ആശങ്ക.

ഒടുവില്‍ യോശുവയ്ക്കു ദൈവം ഹായിയിലെ പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി. യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു. അവര്‍ യെരീഹോവില്‍നിന്ന് എന്റെ കല്പനയ്ക്കു വിരുദ്ധമായി ശപഥാര്‍പ്പിതം എടുത്തിരിക്കുന്നു. അതിനു പരിഹാരം വരുത്തിയില്ലെങ്കില്‍ ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കയില്ല-ദൈവം വ്യക്തമാക്കി. തുടര്‍ന്നാണ് ശപഥാര്‍പ്പിത വസ്തുക്കളില്‍ നിന്ന് ബാബിലോന്യ മേലങ്കി, വെള്ളി, പൊന്‍കട്ടി എന്നിവ കണ്ടു മോഹിച്ച് എടുത്തു സ്വന്തം കൂടാരത്തില്‍ കുഴിച്ചിട്ട ആഖാനെയും കുടുംബാംഗങ്ങളെയും കണ്ടെത്തി ആഖോര്‍ താഴ്‌വരയില്‍ കൊണ്ടുവന്നു ന്യായവിധി നടത്തിയത്. (ഇവിടെ ന്യായമായും ഒരു ചോദ്യം ഉയരാം- ആഖാനാണല്ലോ ബാബിലോന്യമേലങ്കിയും വെള്ളിയും പൊന്‍കട്ടിയും ഒക്കെ മോഷ്ടിച്ചത്. ആതെറ്റിന് ആഖാന്റെ കുട്ടികളെ കൂടി കുരുതി കൊടുത്തതു ശരിയായോ.ആവര്‍ത്തനം 24.16 പറയുന്നത് താന്താന്റെ പാപത്തിനു താന്താന്‍ മരണശിക്ഷ അനുഭവിക്കണം എന്നും മക്കള്‍ക്കു പകരം അപ്പന്മാരും അപ്പന്മാര്‍ക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതെന്നും ആണല്ലോ. ഈ നിയമം അറിയാവുന്ന യോശുവ അവരെക്കൂടി മരണശിക്ഷയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ തീര്‍ച്ചയായും ശപഥാര്‍പ്പിതം വീട്ടില്‍ കൊണ്ടുവന്ന് കുടുംബം ഒന്നാകെ വസിക്കുന്ന കൂടാരത്തില്‍ കുഴിച്ചിട്ടെങ്കില്‍ അതു മക്കള്‍ക്കും അറിയാമായിരുന്നെന്നും അവര്‍ക്കും ആ കുറ്റകൃത്യത്തില്‍ പങ്കുണ്ടായിരുന്നെന്നും വ്യക്തമല്ലേ. തെറ്റുകാരനോടു ചേര്‍ന്നു നില്‍ക്കുന്നവനും അവന്റെ ദുഷ്പ്രവൃത്തിയില്‍ കൂട്ടാളിയാണല്ലോ!- 2യോഹന്നാന്‍10,11). ആഖാന്റെ പേരില്‍ നിന്നു തന്നെയാണ് ആഖാന്റെ ന്യായവിധി നടന്ന താഴ്‌വരയ്ക്ക് ആഖോര്‍ എന്നു പേരുവന്നതത്രേ. 2ദിനവൃത്താന്തം 2.7 ല്‍ ആഖാന്റെ പേര് ആഖാര്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നു (ഇംഗ്ലീഷ് ബൈബിളില്‍). ആഖാര്‍ എന്ന വാക്കിന്റെ തത്ഭവമാണേ്രത ആഖോര്‍. ആഖോര്‍ എന്ന വാക്കിന്റെ അര്‍ഥം അസ്വസ്ഥത, പ്രശ്‌നം, പ്രയാസം എന്നെല്ലാമാണു താനും.

ചുരുക്കത്തില്‍ യിസ്രായേലിന്റെ നാണക്കേടിന്റെ സ്ഥലമാണ് ഈ താഴ്‌വര. അവിശ്വസ്തതയുടെ, പരാജയത്തിന്റെ, ഭീതിയുടെ, പ്രശ്‌നത്തിന്റെ, അസ്വസ്ഥതയുടെ താഴ്‌വര. പക്ഷേ, എന്തൊരദ്ഭുതം! അവിടെത്തന്നെയാണ് ദൈവം പ്രത്യാശയുടെ വാതില്‍ തുറക്കുന്നത്.(ഹോശേയ 2.15).

യിസ്രയേലിന്റെ ചരിത്രത്തില്‍ ഈ ആഖോര്‍ താഴ്‌വര പിന്നീട് ഒരിക്കല്‍കൂടി കടന്നുവരുന്നുണ്ട്. അവിടെയും നാണക്കേടിന്റെ പര്യായമായാണ് ആഖോര്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ആഖാന്‍ സംഭവത്തിനുശേഷം നൂറ്റാണ്ടുകള്‍ കടന്നു പോയിരിക്കുന്നു. ആഹാബാണ് ഇപ്പോള്‍ യിസ്രായേലില്‍ രാജാവ്. ആഹാബിനെക്കുറിച്ചു തികഞ്ഞ ഖേദത്തോടെ ബൈബിള്‍ രേഖപ്പെടുത്തുന്നു- ആഹാബ് തനിക്കു മുന്‍പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവെയ്ക്ക് അനിഷ്ടമായതു ചെയ്തു. സീദോന്യരാജാവായ എത്ത്-ബാലിന്റെ മകള്‍ ഈസെബേലിനെ വിവാഹം കഴിക്കുകയും അവളുടെ ദൈവമായ ബാലിന് ശമര്യയില്‍ ക്ഷേത്രവും ബലിപീഠവും പണിയുകയും ചെയ്തു. ആഹാബ് അശേരാപ്രതിഷ്ഠയും ഉണ്ടാക്കി. ആഹാബിന്റെ കാലത്താണ് യെരീഹോപട്ടണവും വീണ്ടും പണിതതെന്നും ഓര്‍ക്കുക(1രാജാക്കന്മാര്‍16.30-34).

പൊടുന്നനെ, ദൈവത്തിന്റെ ന്യായവിധിയുടെ സന്ദേശവുമായി യിസ്രായേല്‍ കണ്ട ശക്തനായ പ്രവാചകന്‍, തിശ്ബ്യനായ ഏലിയാവ്, ആഹാബിനു നേരെ വരുന്നു. ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളില്‍ മഞ്ഞും മഴയും ഉണ്ടാകയില്ല. പകെച്ചു പോയ ആഹാബ് യാഥാര്‍ത്ഥ്യബോധം വീണ്ടെടുത്ത് ഏലിയാവിനെതിരെ തിരിയുമ്പോഴേക്കും ദൈവത്തിന്റെ അരുളപ്പാട് ഏലിയാവിനുണ്ടായി- നീ ഇവിടെ നിന്നു പുറപ്പെട്ട് കിഴക്കോട്ടു ചെന്നു യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത് തോട്ടിനരികെ ഒളിച്ചിരിക്ക. തോട്ടില്‍ നിന്നു നീ കുടിച്ചുകൊള്ളേണം. അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന് ഞാന്‍ കാക്കയോടു കല്പിച്ചിരിക്കുന്നു. (1രാജാ.17.3,4). തുടക്കത്തില്‍ കാര്യങ്ങള്‍ ഭംഗിയായി പോയി. പക്ഷേ രണ്ടു വാക്യം പിന്നിടുമ്പോള്‍ നിരാശാജനകമായ ഒരു സംഭവം-കുറേ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.(7-ാംവാക്യം).

ഈ കെരീത്ത്‌തോട്ടിനു സ്വന്തം ധര്‍മം നിറവേറ്റാന്‍ കഴിഞ്ഞില്ല. ദൈവിക മൂല്യങ്ങള്‍ക്കുവേണ്ടി രാജാവിനെപ്പോലും വെല്ലുവിളിച്ച ശക്തനായ പ്രവാചകനു കുടിവെള്ളം നല്‍കുക എന്ന ദൗത്യമായിരുന്നു കെരീത്തിനുണ്ടായിരുന്നത്. പക്ഷേ ദൈവം തന്റെ അടുത്തേക്കയച്ച പ്രവാചകന്റെ ദാഹം ശമിപ്പിക്കുന്നതില്‍ കെരീത്ത് അമ്പേ പരാജയപ്പെട്ടു. ഈ കെരീത്ത് തോട് മറ്റെങ്ങും ആയിരുന്നില്ല, ആഖോര്‍ താഴ്‌വരയിലായിരുന്നു അതു സ്ഥിതി ചെയ്തിരുന്നതെന്നു ചില വേദപണ്ഡിതന്മാർ ചുണ്ടിക്കാണിക്കുന്നു. ചുരുക്കത്തില്‍ ഏലിയാവിന് ആഖോര്‍ താഴ്‌വരയിലെ ഒളിവിടത്തില്‍ നിന്നു താമസം സീദോനില്‍ സാരെഫാത്തിലെ വിധവയുടെ വീട്ടിലേക്കു മാറ്റേണ്ടിവന്നു. പ്രവാചകനു ദാഹജലവും അഭയവും വേണ്ടത്രകാലം നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന ചീത്തപ്പേര് ബാക്കിയായി. ആഖോര്‍ താഴ്‌വരയുടെ ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായം.

പക്ഷേ ഇതും ഒരവസാനമല്ല. ഈ ആഖോര്‍ താഴ്‌വരയെക്കുറിച്ചു തന്നെയുള്ള പ്രകാശംപരത്തുന്ന മറ്റൊരു വാക്യം കാണുക- യെശയ്യാവ് 65:10. എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോന്‍ ആടുകള്‍ക്കു മേച്ചില്‍പ്പുറവും ആഖോര്‍ താഴ്‌വര കന്നുകാലികള്‍ക്കു കിടപ്പിടവും ആയിരിക്കും.1ദിനവൃത്താന്തം27:29ലും നാല്ക്കാലികള്‍ മേയുന്ന ശാരോനെക്കുറിച്ചുള്ള പരാമര്‍ശം ശ്രദ്ധിക്കുക. ശാരോനെന്നു പറയുന്നത് യിസ്രായേല്‍ നാട്ടിലെ ഏറ്റവും സൗന്ദര്യമുള്ള, ഫലഭൂയിഷ്ടമായ താഴ്‌വരയാണ്. ഉത്തമഗീതം 2.1ല്‍ കാന്ത തന്നെത്തന്നെ ശാരോനിലെ പനിനീര്‍ പുഷ്പത്തോടും ആ താഴ്‌വരയിലെ താമരയോടും ഉപമിക്കുന്നത് ഓര്‍ക്കുക. കര്‍മേല്‍ പര്‍വ്വതത്തിനു തെക്കുവശത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ശാരോനോടു ചേര്‍ത്താണ് ആഖോര്‍ ഇപ്പോള്‍ പരാമര്‍ശവിഷയമായിരിക്കുന്നതെന്നത് എത്ര ചാരിതാര്‍ഥ്യജനകമാണ്!

നോക്കുക. എത്ര മനോഹരമായ ചിത്രം! ശാരോന്റെ മേച്ചില്‍പ്പുറങ്ങളില്‍ മേഞ്ഞുനടന്നശേഷം തൃപ്തിയോടെ ആടുകളും കന്നുകാലികളും തണലത്തു കിടന്നു വിശ്രമിക്കുന്ന താഴ്‌വര. ആഖാനെയും കുടുംബത്തെയും കല്ലെറിഞ്ഞും തീവെച്ചും ന്യായവിധി നടത്തിയശേഷം താഴ്‌വാരത്ത് ഉയര്‍ത്തിയ കല്‍ക്കൂമ്പാരം, തീര്‍ത്തും വരണ്ടുപോയ കെരീത്ത് എന്ന നീര്‍ച്ചാല് എന്നിവയുടെ ഇരുണ്ട പശ്ചാത്തലത്തില്‍ ഇപ്പോള്‍ ആടുമാടുകളുടെ കിടപ്പിടവും പ്രത്യാശയുടെ തുറന്ന വാതിലുമായി മാറിയ ആഖോര്‍ താഴ്‌വരയുടെ ചിത്രത്തിന് എന്തൊരു തിളക്കം!

അപ്പോള്‍ ആഖോര്‍ താഴ്‌വര നമുക്കു നല്‍കുന്ന സന്ദേശം എന്താണ്. തോറ്റുപോയിടത്തു തന്നെ വിജയാരവം ഉയര്‍ത്താന്‍ കഴിയുമെന്നും നിരാശയുടെ താഴ്‌വരയെ തന്നെ പ്രത്യാശയുടെ കവാടം ആക്കാന്‍ കഴിയുമെന്നും വറ്റിപ്പോയ സ്രോതസ്സിനെ ഫലഭൂയിഷ്ടതയുടെ ഇടമാക്കാന്‍ ദൈവത്തിന്റെ മഹാകരുണയാല്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയുടെ സന്ദേശമാണ് ആഖോര്‍ നമുക്കു തരുന്നത്. നമ്മുടെ പരാജയത്തിന്റേയും തകര്‍ച്ചയുടേയും സഥലത്തെതന്നെ അനുഗ്രഹത്തിന്റേയും പ്രതീക്ഷയുടേയും ഇടമാക്കി അവിടുന്നു മാറ്റും. ആകെവേണ്ടത് അവിടെ നിന്ന് ഒളിച്ചോടാതെ അനുതപിച്ചു കാര്യങ്ങള്‍ ക്രമീകരിച്ച് ഇതേയിടത്ത് ദൈവമുഖം അന്വേഷിക്കുക എന്നതാണ്. അവിടുന്ന് അവിടം തന്നെ ദൈവഹിതപ്രകാരമുള്ള അനുഗ്രഹത്തിന്റെ സ്ഥലമാക്കിത്തീര്‍ക്കും.

മരുഭൂമിയില്‍ യഹോവയ്ക്കു വഴി ഒരുക്കുവിന്‍. നിര്‍ജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിന്‍. എല്ലാ താഴ്‌വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം. വളഞ്ഞതു ചൊവ്വായും ദുര്‍ഘടങ്ങള്‍ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും. (യെശയ്യാ.40. 3-5).