ദൈവവുമായിട്ട് മാത്രമാണ് നമുക്ക് കാര്യമുള്ളത് – WFTW 11 ഏപ്രിൽ 2021

സാക് പുന്നന്‍

അവിടുത്തേക്ക് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല, സകലവും അവിടുത്തെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു, “അവിടുന്നുമായിട്ടാണ് നമുക്ക് കാര്യമുള്ളത്”.

ഇത് മനോഹരമായ ഒരു പദപ്രയോഗമാണ്. “അവിടുന്നുമായിട്ടാണ് നമുക്കു കാര്യമുള്ളത്”. അത് അർത്ഥമാക്കുന്നത്, മനുഷ്യർ എന്ന നിലയിൽ , ഈ പ്രപഞ്ചത്തിൽ നമുക്ക് കാര്യം തീർക്കാൻ ഒരേ ഒരു വ്യക്തി മാത്രമാണുള്ളത്, ഒരാളോടു മാത്രമാണ് നമുക്കു ഉത്തരം പറയാനുള്ളത്- ദൈവത്തോടുതന്നെ. അതു നിങ്ങൾ അംഗീകരിച്ചുകൊണ്ടു നിങ്ങളുടെ ജീവിതം നയിച്ചാൽ നിങ്ങൾ കൂടുതൽ കൂടുതൽ ദൈവഭക്തരായി തീരും. എന്നാൽ മറ്റുള്ളവർക്കു നിങ്ങളെ കുറിച്ചുള്ള അഭിപ്രായത്തെ കുറിച്ചു മാത്രം എപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നാൽ, അപ്പോൾ നിങ്ങൾ അവരുടെ അടിമകൾ ആകും.

നിങ്ങൾക്ക് ഒരു ദൈവ ഭൃത്യൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ, “ദൈവവുമായിട്ട് മാത്രമാണ് നിങ്ങൾക്കു കാര്യമുള്ളത്” എന്ന കാര്യം എപ്പോഴും തിരിച്ചറിയുക. പതിനായിരം പേർ നിങ്ങളെ ഒരു ദൈവഭക്തൻ എന്ന് വിളിക്കുന്നത് നിങ്ങളെ ഒരു ദൈവഭക്തൻ ആക്കി തീർക്കുന്നില്ല. അതേപോലെതന്നെ, പതിനായിരം പേർ നിങ്ങളെ ഒരു അഭക്തൻ എന്നു വിളിക്കുന്നത് നിങ്ങളെ ഒരു അഭക്തനാക്കി തീർക്കുന്നതുമില്ല.

മനുഷ്യരിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ വിലയില്ലാത്തതാണ്. അതുകൊണ്ട് അവയെല്ലാം ചവറ്റുകൊട്ടയിലേക്ക് എറിയുക. മറ്റുള്ളവർക്കു നിങ്ങളുടെ രഹസ്യ ജീവിതത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ അറിയൂ, നിങ്ങളുടെ ചിന്തകൾ, നിങ്ങളുടെ പണമിടപാടുകൾ തുടങ്ങിയവ. അവർക്കു നിങ്ങളുടെ ജീവിതത്തിന്റെ ഒരു ശതമാനത്തെ കുറിച്ചു മാത്രമേ അറിയൂ- അതുകൊണ്ട് അവരുടെ അഭിപ്രായവും ഈ ഒരു ശതമാനം അറിവിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ വിലയില്ലാത്തവയാണ്- അതു നല്ലതായാലും ചീത്തയായാലും, ഈ നല്ലതും ചീത്തയുമായ എല്ലാ അഭിപ്രായങ്ങളും ഒരുപോലെ ചവറ്റുകൊട്ടയ്ക്കു യോജിച്ചതാണ്. അവയെ അവിടേയ്ക്ക് എറിഞ്ഞു കളയുക. അനേക വർഷങ്ങളായി ഞാൻ എന്റെ തന്നെ ജീവിതത്തിൽ ചെയ്തു പോരുന്നത് അതാണ്. അങ്ങനെ ദൈവത്തെ സേവിക്കുവാൻ ഞാൻ സ്വതന്ത്രനാക്കപ്പെട്ടിരിക്കുന്നു.

ദൈവത്തെ സേവിക്കേണ്ടതിനായി സ്വതന്ത്രനാക്കപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇപ്രകാരം അവിടുത്തോടു പറയുക. “കർത്താവേ എനിക്ക് കാര്യം തീർക്കാനുള്ള ഒരുവൻ അവിടുന്നു മാത്രമാണ്. ഓരോ ദിവസവും അവിടുത്തെ മുമ്പാകെ നിൽക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അവിടുത്തെ കണ്ണുകളിൽനിന്നു മറഞ്ഞിരിക്കുന്നതൊന്നുമില്ല. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അങ്ങയുടെ മുമ്പിൽ നഗ്നവും മലർന്നതുമാണ്. ഞാൻ ആത്മീയനാണെന്ന് മറ്റു മനുഷ്യരെ കബളിപ്പിക്കാൻ എനിക്ക് കഴിയും എന്നാൽ അങ്ങയെ കബളിപ്പിക്കാൻ എനിക്കു കഴിയില്ല”. അങ്ങനെ നിങ്ങൾ ജീവിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ നന്മയ്ക്കായി ഒരു മാറ്റം ഉണ്ടാകുന്നതു നിങ്ങൾ കാണും. അങ്ങനെ നിങ്ങൾ പുതിയ ഉടമ്പടി ജീവിതത്തിൽ പ്രവേശിക്കാൻ തുടങ്ങും.