മറ്റെന്തിനെക്കാളുമേറെ ജീവനെയും കൂട്ടായ്മയെയും വിലമതിക്കുക – WFTW 12 ഏപ്രിൽ 2015

സാക് പുന്നന്‍

യോഹന്നാന്‍ തന്റെ സുവിശേഷവും ഒന്നാം ലേഖനവും ആരംഭിക്കുന്നത് ആദിയില്‍ ഉണ്ടായിരുന്ന കാര്യങ്ങളെ എടുത്തു പറഞ്ഞുകൊണ്ടാണ്. ആദിയില്‍, ഇന്ന് ക്രിസ്ത്യാനികള്‍ക്കു തര്‍ക്ക വിഷയങ്ങളായ ഉപദേശങ്ങള്‍, സഭാ മാതൃകകള്‍, സ്‌നാനം മുതലായവ ഒന്നും ഇല്ലാതിരുന്നപ്പോള്‍, അവിടെ പിതാവാം ദൈവവും, പുത്രനും, പരിശുദ്ധാത്മാവും മാത്രമേ ഉണ്ടായിരുന്നുള്ളു. കൂടാതെ അവര്‍ക്കു ജീവനുണ്ടായിരുന്നു. അവര്‍ തമ്മില്‍ കൂട്ടായ്മയും ഉണ്ടായിരുന്നു (1 യോഹ.1:1-3). മറ്റെന്തിനെക്കാളുമേറെ നാം വിലമിതിക്കേണ്ടത് ജീവനെയും കൂട്ടായ്മയെയുമാണ്. 1 യോഹന്നാന്‍ രണ്ടാം അദ്ധ്യായത്തില്‍, യോഹന്നാന്‍ മൂന്നു തലത്തിലുള്ള ആത്മീയ ജീവിതത്തെക്കുറിച്ച് എഴുതിയിരിക്കുന്നു.

കുഞ്ഞുങ്ങള്‍ (1 യോഹ. 2:12): കുഞ്ഞുങ്ങളെ സംബന്ധിക്കുന്ന മുഖ്യസ്വഭാവ വിശേഷം, അവര്‍ അവരുടെ പാപക്ഷമയില്‍ സന്തോഷിക്കുന്നു. അവര്‍ക്ക് അവരെ സ്‌നേഹിക്കുന്ന ഒരു പിതാവുണ്ടെന്നും അവിടുന്ന് അവരെ സംരക്ഷിക്കും എന്നും അവര്‍ അറിയുന്നു. നാം പാപക്ഷമയിലും പിതാവിന്റെ അനുഗ്രഹങ്ങളിലും മാത്രം വ്യാപൃതരാണെങ്കില്‍, അതു കാണിക്കുന്നത് നാം ആത്മീയമായി കുഞ്ഞുങ്ങള്‍ മാത്രമാണെന്നാണ്.

യുവാക്കള്‍ (1 യോഹ. 2:13): യുവാക്കള്‍ ശക്തന്മാരും ദൈവവചനം തങ്ങളില്‍ വസിക്കുന്നവരും സാത്താനെ ജയിച്ചിരിക്കുന്നവരും ആകുന്നു. നാം പാപത്തിന്മേല്‍ ജയം നേടുകയും, ദൈവത്തെ സേവിക്കുന്നതില്‍ വ്യാപൃതരാകുകയും, പിശാചിനെ ജയിക്കാന്‍ കഴിവുള്ളവരാകുകയും ചെയ്താലും അപ്പോഴും നാം ആത്മീയമായി യുവാക്കളാണ്.

പിതാക്കന്മാര്‍ (1 യോഹ. 2:14): അവിടെ ആത്മീയ പിതാക്കന്മാരാകുവാന്‍ തക്കവണ്ണം വളര്‍ന്നവരുണ്ട്, അവരെ സംബന്ധിക്കുന്ന ഒരേ ഒരു കാര്യം അവര്‍ ജീവനും കൂട്ടായ്മയ്ക്കും പ്രാധാന്യം കൊടുത്ത്, ദൈവത്തെ ആദിമുതലുള്ളവനായി അറിഞ്ഞിരിക്കുന്നു എന്നുള്ളതാണ്. നമുക്കുള്ള ഏറ്റവും വലിയ വിളി ദൈവത്തിന്റെ ജീവനും സ്വഭാവവും വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ്. ആദിയില്‍ ദൈവം എന്തെങ്കിലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയോ ഭൂതങ്ങളെ പുറത്താക്കുകയോ ആയിരുന്നില്ല. എന്നാല്‍ ദിവ്യജീവന്‍ ഉണ്ടായിരിക്കുകയും കൂട്ടായ്മ ആസ്വദിക്കുകയുമായിരുന്നു. നമുക്കും ദൈവത്തിന്റെ ജീവന്‍ അനുഭവമാക്കുവാനും അതേ ജീവനുള്ള മറ്റുള്ളവരുമായി കൂട്ടായ്മയിലാകുവാനും കഴിയും.

അനേകര്‍ സഭയില്‍ പോകുന്നത് വരപ്രാപ്തരായ പ്രാസംഗകരെ കേള്‍ക്കുക, നല്ല സംഗീതം ശ്രദ്ധിക്കുക, രോഗശാന്തിയും അത്ഭുതങ്ങളും കാണുക, ഭൌതികമായ ആവശ്യങ്ങള്‍ക്കുള്ള സഹായം നേടുക തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടിയാണ്. മര്‍ക്കൊസ് 6:20ല്‍ നാം വായിക്കുന്നത് ഹെരോദാ രാജാവ് സ്‌നാപക യോഹന്നാന്റെ ഉജ്ജ്വല പ്രസംഗം കേള്‍ക്കുന്നതിന് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അത് അയാളെ ആത്മീയനാക്കിയില്ല എന്നാണ്. ദൈവം സ്വീകരിക്കുന്നത് തങ്ങളുടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് അവിടുത്തെ ജീവനുവേണ്ടി അന്വേഷിക്കുന്നവരെയാണ്, അങ്ങനെയുള്ളവര്‍ക്ക് അതേ ജീവനുള്ള മറ്റാളുകളുമായി, അവര്‍ക്ക് ശ്രദ്ധേയമായ വരങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും, കൂട്ടായ്മ ഉണ്ടായിരിക്കും. വരപ്രാപ്തരായ ആളുകളുടെ അടുത്തേക്കു മാത്രം നാം ആകര്‍ഷിക്കപ്പെടുകയാണെങ്കില്‍, അതു കാണിക്കുന്നത് നമുക്ക് ഹെരോദാവിനെപ്പോലെ മാത്രമെ ആകാന്‍ കഴിയൂ എന്നാണ്. ദിവ്യ ജീവനിലേക്കും താഴ്മയുള്ളവരും ദൈവഭക്തന്മാരുമായവരുടെ കൂടെയുള്ള കൂട്ടായ്മയിലേക്കും ആകര്‍ഷിക്കപ്പെടാതെ വരങ്ങളിലേക്കു മാത്രം ആകര്‍ഷിക്കപ്പെടുന്നവര്‍ വേഗത്തില്‍ മാറിപ്പോകും. എന്നാല്‍ ജീവനിലേക്ക് ആകര്‍ഷിക്കപ്പെടുന്നവര്‍ മാറിപ്പോകയില്ല.

വളരെ വര്‍ഷങ്ങളെടുത്താണ് നാം ദിവ്യസ്വഭാവത്തിന്റെ പങ്കാളികളാകുന്നത്. എന്നാല്‍ വളരെ പെട്ടെന്ന് ആത്മീയ വരങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. ഒരു വ്യക്തിയുടെ ഉള്ളില്‍ ഒരു മാറ്റവും വരുത്താതെ ധരിക്കുവാന്‍ കഴിയുന്ന വസ്ത്രം പോലെയാണ് വരങ്ങള്‍. ബിലെയാമിന്റെ കഴുതയ്ക്ക് അറിയപ്പെടാത്ത ഒരു ഭാഷയില്‍ സംസാരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അത് അപ്പോഴും ഒരു `കഴുത’ മാത്രമായിരുന്നു. ബിലെയാം തന്നെ മശിഹായെ കുറിച്ചു പ്രവചിക്കാന്‍ കഴിഞ്ഞവനാണ്. എന്നാല്‍ ഇസ്രയേലിനെ പാപത്തിലേക്ക് നയിച്ച ഒരുവനും അയാളാണ്.

ജീവനുവേണ്ടി അന്വേഷിക്കുന്നവരെയും വരങ്ങള്‍ക്കായി അന്വേഷിക്കുന്ന മറ്റുള്ളവരെയും തമ്മില്‍ വേര്‍തിരിക്കാനായി, ദൈവം വരപ്രാപ്തരായ അനേക സഹോദരന്മാരെ സഭയില്‍ വച്ചിട്ടില്ല. വളരെ വരപ്രാപ്തരല്ലാത്ത ദൈവഭക്തന്മാരായ സഹോദരന്മാരോടു കൂട്ടായ്മ ആചരിക്കാന്‍ കഴിയാത്ത ഒരു വ്യക്തി വെളിവാക്കുന്നത് അയാള്‍ ജീവനെയല്ല അന്വേഷിക്കുന്നത് എന്നാണ്.

യേശു പറഞ്ഞത് കള്ളപ്രവാചകന്മാര്‍ പ്രവചിക്കുകയും വീര്യപ്രവൃത്തികള്‍ ചെയ്യുകയും, അവിടുത്തെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യും എന്നാണ് (മത്താ. 7:22). എന്നാല്‍ അവര്‍ ഒരിക്കലും അവിടുത്തേക്കുള്ളവര്‍ ആയിരുന്നില്ല എന്ന് അവിടുത്തേക്ക് പറയേണ്ടി വരും (മത്താ. 7:23, ലിവിംഗ് ബൈബിള്‍). അങ്ങനെയുള്ള വരങ്ങള്‍ ഉള്ളവര്‍ വീണ്ടും ജനിച്ചിട്ടുപോലും ഇല്ലാതിരിക്കാനുള്ള സാധ്യത ഉണ്ടെന്ന് അധികം ആളുകളും മനസ്സിലാക്കിയിട്ടില്ല. യേശു നമ്മോടു പറയുന്നത് വരങ്ങള്‍ക്കായിട്ട് അന്വേഷിക്കരുത്, എന്നാല്‍ ദീര്‍ഘക്ഷമ, നന്മ, കരുണ, ദയ മുതലായവ പോലെയുള്ള ഫലങ്ങള്‍ അന്വേഷിപ്പിന്‍ എന്നാണ്. നിങ്ങള്‍ ഒരു വലിയ പ്രസംഗകനെ കേള്‍ക്കുമ്പോള്‍, എപ്പോഴെങ്കിലും നിങ്ങള്‍ അയാളുടെ കുടുംബജീവിതം, സഹപ്രവര്‍ത്തകരോടുള്ള അയാളുടെ ബന്ധം, ധനത്തോടും മാനത്തോടും ഉള്ള അയാളുടെ മനോഭാവം തുടങ്ങിയവ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? അങ്ങനെയാണ് നാം യഥാര്‍ത്ഥ പ്രവാചകന്മാരെയും കള്ളപ്രവാചകന്മാരെയും തമ്മില്‍ തിരിച്ചറിയുന്നത്.

വളരെയധികം പ്രശംസിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന വരങ്ങളുടെ അടിസ്ഥാനത്തിന്മേലാണ് ബാബിലോണ്‍ പണിയപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ സഭയായ യെരുശലേം പണിയപ്പെടുന്നത് ജീവനാലും കൂട്ടായ്മയാലുമാണ്.

   

What’s New?