Table of Content


വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം


ജോജി ടി. സാമുവല്‍

അധ്യായം 1 :
വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം


‘വിജയകരമായ ക്രിസ്തീയ ജീവിതം’ ഓരോ ക്രിസ്ത്യാനിയുടെയും ജന്മാവകാശമാണ്. ലളിതമായ ഒരു പ്രസ്താവന. പക്ഷേ എത്ര വലിയൊരു സാധ്യതയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്.!

ഇവിടെ, എന്താണു വിജയകരമായ ക്രിസ്തീയജീവിതം എന്ന ചോദ്യം ഉയരുന്നു. വിജയം (Success) എന്ന പദം ഇന്നത്തെ വിശ്വാസികള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ‘വിജയ’ത്തിന് ഈ ലോകം നല്‍കുന്ന അര്‍ത്ഥമാണ് അവരില്‍ പലരുടെയും മനസ്സിലുള്ളത്. വിജയത്തെക്കുറിച്ചുള്ള ഈ ലോകത്തിന്റെ മൂല്യബോധത്തോടെ ക്രിസ്തീയ സത്യങ്ങളെ വ്യാഖ്യാനിച്ചപ്പോള്‍ ഉരുത്തിരിഞ്ഞ സമൃദ്ധിയുടെ സുവിശേഷം (prosperity gospel), മലയാളികളായ വിശ്വാസികളെ ആഴത്തില്‍ സ്വാധീനിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ‘വിജയകരമായ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് ഉദ്‌ഘോഷിച്ചു’കൊണ്ട് ജീവമൊഴികള്‍ മാസിക രംഗത്തുവന്നത്. അതുകൊണ്ടുതന്നെ എന്താണിതെന്നു പലര്‍ക്കും മനസ്സിലായില്ല. വിജയം സമം ഭൗതിക വിജയം എന്ന സമവാക്യം മാത്രം മനസ്സിലുള്ളവര്‍ ഇവിടെ ഉദ്ദേശിക്കുന്നത് ഭൗതിക വിജയമല്ലെന്ന് വ്യക്തമായപ്പോള്‍ ഇത് എന്തോ അപകടം പിടിച്ച കാര്യമാണെന്നു തെറ്റിദ്ധരിച്ചു. എന്നാല്‍ വാസ്തവത്തില്‍ ദൈവിക സത്യങ്ങളെ അതിന്റെ നിര്‍മലതയില്‍ ഉള്‍ക്കൊള്ളുന്നതും ആദിമ നൂറ്റാണ്ടിലെ വിശ്വാസസമൂഹം മുന്നോട്ടുവച്ച കാഴ്ചപ്പാടിനോടു ചേര്‍ന്നു നില്ക്കുന്നതും ‘രക്ഷ-സ്‌നാനം-പരിശുദ്ധാത്മ സ്‌നാനം’ എന്ന വൃത്തത്തിനുള്ളില്‍ തളംകെട്ടിനിന്ന പെന്തക്കോസ്തു മുന്നേറ്റത്തെ ചാലുകീറി പെന്തക്കോസ്തില്‍ നിന്നു മുന്നോട്ടു നയിക്കുന്നതുമായ ചിന്തയായിരുന്നു ഇത്.

വിജയകരമായ ക്രിസ്തീയ ജീവിതം ഒരു ജയാളിയുടെ ജീവിതമാണ്. ബോധപൂര്‍വമായ എല്ലാ പാപത്തിന്മേലും ജയമുള്ള ജീവിതമാണത് (over coming Christian life). എന്നാല്‍ അങ്ങനെയൊരു ജീവിതം സാധ്യമാണെന്നു ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരില്‍ തന്നെ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. പാപത്താല്‍ നിരന്തരം തോല്പിക്കപ്പെടുന്ന ഒരു ജീവിതം; വീണും എഴുന്നേറ്റും വീണ്ടും വീണും എഴുന്നേറ്റും – അങ്ങനെയൊരു ജീവിതം മാത്രമേ ഈ ഭൂമിയില്‍ സാധ്യമാകുകയുള്ളുവെന്നാണു വിശ്വാസികളില്‍ ഏറെപ്പേരും കരുതുന്നത്. അവരെ നയിക്കുന്നവരുടെ ജീവിതവും ഈ സത്യത്തിനു സാക്ഷ്യം വഹിക്കാത്തതുകൊണ്ട് പാപത്തിന്റെ മേല്‍ ജയമുള്ള ഒരു ജീവിതമുണ്ടെന്ന് അവര്‍ കേട്ടിട്ടില്ല: ‘കേള്‍ക്കാതെ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും?’ (റോമ. 10:14). എന്നാല്‍ സുവിശേഷങ്ങളില്‍ യേശുവിനെക്കുറിച്ച് ആദ്യം പറയുന്ന വാക്യങ്ങളിലൊന്നു ശ്രദ്ധിക്കുക: ‘അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ട് (save his people from their sins) അവനു യേശു എന്നു പേര്‍ ഇടേണം’ (മത്തായി 1:21). കണ്ടോ, യേശു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കും (forgive our sins) എന്നല്ല, നമ്മെ പാപത്തില്‍നിന്നു രക്ഷിക്കും എന്നാണു വാഗ്ദാനം. ഒരു പാപി വിശ്വാസത്തോടെ കാല്‍വറി ക്രൂശിനു ചുവട്ടില്‍ വരുമ്പോള്‍ യേശു അവന്റെ പാപങ്ങള്‍ ക്ഷമിക്കുകയും അവനെ ദൈവപൈതലായി സ്വീകരിക്കുകയും ചെയ്യുന്നു. ഇവിടെയാണു തുടക്കം. തുടര്‍ന്നു ക്രിസ്തീയ ജീവിതത്തില്‍ മുന്നോട്ടുപോകുമ്പോള്‍ തെറ്റുകള്‍ സംഭവിച്ചാല്‍ പശ്ചാത്താപത്തോടെ അത് ഏറ്റുപറഞ്ഞ് പാപക്ഷമയ്ക്കായി അപേക്ഷിക്കുമ്പോള്‍ അതും അവിടുന്നു ക്ഷമിക്കും. എന്നാല്‍ ജീവിതത്തില്‍ ഉടനീളം പാപത്തില്‍ വീണും ഏറ്റുപറഞ്ഞു പാപക്ഷമ പ്രാപിച്ചും മുന്നോട്ടുപോകുന്ന ഒരു വിശ്വാസിക്കുള്ള സദ്വാര്‍ത്ത ഇതാണ് – ‘യേശു പാപമോചകന്‍ മാത്രമല്ല, അവിടുന്നു പാപങ്ങളില്‍നിന്നു രക്ഷിക്കുന്നവന്‍ കൂടെയാണ്.’ ബോധപൂര്‍വമായ എല്ലാ പാപങ്ങളിന്മേലും ജയമുള്ള വിജയകരമായ ഒരു ക്രിസ്തീയ ജീവിതം – അതു നമ്മുടെ ജന്മാവകാശമാണ്. ‘വീഴാതവണ്ണം നമ്മെ സൂക്ഷിച്ചു തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവനാണ്’ അവിടുന്ന് (യൂദാ. 24).

റോമര്‍ 8:29 പറയുന്നത് നമ്മുടെ മൂത്ത സഹോദരനായ യേശുവിന്റെ സ്വഭാവത്തോട് അനുരൂപരാകുവാനാണു ദൈവം നമ്മെ മുന്‍നിയമിച്ചത് എന്നാണ്. മുന്‍നിയമനത്തെക്കുറിച്ച് എഫെസ്യര്‍ 1:4-6-ലും നാം കാണുന്നു. പക്ഷേ അവിടെ ‘മുന്‍നിയമനം’ എന്ന പദം നമ്മുടെ രക്ഷയോടു ബന്ധപ്പെടുത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. രക്ഷിക്കപ്പെടുന്ന ഒരുവനെ ദൈവം മുന്‍നിയമിച്ചതാണെങ്കില്‍ പാപത്തിന്റെ മേല്‍ ജയമുള്ള വിജയകരമായ ഒരു ജീവിതവും റോമര്‍ 8:29 അനുസരിച്ച് ദൈവം അവനുവേണ്ടി മുന്‍നിയമിച്ചിരിക്കുന്നതാണ്. നോക്കുക: രക്ഷ ഒഴിവാക്കാനാവാത്തതാണെങ്കില്‍ വിജയകരമായ ഒരു ജീവിതവും ദൈവത്തിന്റെ ദൃഷ്ടിയില്‍ അങ്ങനെതന്നെ. റോമര്‍ 8:29 അതിനു തൊട്ടുമുകളിലുള്ള വാക്യത്തോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും: യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെട്ടു ജയാളിയാകുന്നതാണ് ഈ ജീവിതത്തില്‍ ഒരു വിശ്വാസിക്കു നേടാവുന്ന ആത്യന്തിക നന്മ.

യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുന്ന വിജയകരമായ ഒരു ജീവിതത്തിലേക്കു നമ്മെ വെല്ലുവിളിക്കുന്ന ഇതുപോലെ ഒട്ടേറെ വേദഭാഗങ്ങളുണ്ട്. യോഹന്നാന്‍ അപ്പൊസ്തലന്‍ പറയുന്നു. ‘അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ട താകുന്നു’ (1 യോഹ. 2:6). പത്രൊസ് പറയുന്നത് യേശുവിന്റെ ജീവിതത്തെ മാതൃകയായി കണ്ട് നാം അവിടുത്തെ കാലടികള്‍ പിന്‍പറ്റണമെന്നാണ്: ‘നിങ്ങള്‍ അവന്റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു. അവന്‍ പാപം ചെയ്തിട്ടില്ല; അവന്റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല’ (1 പത്രൊ. 2:21, 22). പൗലൊസിന്റെ ആഹ്വാനം ഇങ്ങനെ: ‘ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികള്‍ ആകുവിന്‍’ (1 കൊരി. 11:1). ഫിലിപ്യരോട് ഇങ്ങനെ പറയുന്നു: ‘ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ (2:5). മറ്റൊരു വാക്യം കാണുക: ‘കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു’ (2കൊരി. 3:18). എബ്രായ ലേഖനകാരന്‍ ആവശ്യപ്പെടുന്നു: ‘വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കിക്കൊണ്ട് സകലഭാരവും മുറുകെപറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക’ (12:1,2). എബ്രായ ലേഖനകാരന്‍ തന്നെ യേശുവിനെ നമ്മുടെ മുന്നോടി (മുന്നില്‍ ഓടുന്ന ആള്‍ ളീൃല ൃൗിിലൃ) എന്നും വിശേഷിപ്പിച്ചിരിക്കുന്നു (6:20). യേശു ഭൂമിയിലായിരുന്നപ്പോള്‍ താന്‍ കണ്ടുമുട്ടിയ മനുഷ്യരോട് ഏറ്റവുംകൂടുതല്‍ തവണ പറഞ്ഞത് ‘എന്നെ അനുഗമിക്കുക’ എന്നതാണെന്നതും ഇതിനോടു കൂട്ടി വായിക്കാവുന്നതാണ്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ഒരു സത്യത്തിലേക്കാണ്-യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുന്ന വിജയകരമായ ക്രിസ്തീയ ജീവിതം ഒഴിവാക്കാന്‍ കഴിയുന്ന ഒന്നല്ല. എല്ലാ വിശ്വാസികളും ലക്ഷ്യം വയ്‌ക്കേണ്ട ഒന്നാണിത്. ഏതെങ്കിലും വിശുദ്ധരായ ചിലര്‍ക്കുമാത്രം കരഗതമാക്കാന്‍ കഴിയുന്ന ഒരു അനുഭവമല്ല. മറിച്ച്, പാപത്തിന്റെ മേല്‍ ജയമുള്ള ജീവിതത്തിന്റെ ‘സ്വസ്ഥതയിലേക്കു പ്രവേശിക്കാനുള്ള വാഗ്ദാനം’ എല്ലാവര്‍ക്കും ഉള്ളതാണ്. (എബ്രായര്‍ 4:1-3).

പാപത്തിന്റെ മേല്‍ ജയമുള്ള ജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ സാധാരണ ഒന്നു രണ്ടു തെറ്റിദ്ധാരണകള്‍ വരാം. ഒരു പാപരഹിത പൂര്‍ണത (ടശിഹല ൈുലൃളലരശേീി) കൈവരിക്കാമെന്നാണു പഠിപ്പിക്കുന്നതെന്നാണ് ഒന്നാമത്തെ തെറ്റിദ്ധാരണ. രണ്ടാമത് ദൈവത്തില്‍ ആശ്രയിക്കാതെ സ്വന്തപരിശ്രമംകൊണ്ട് ഒരു വിശുദ്ധജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമമാണിതെന്നതാണ്. ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും വിശദമായി ചിന്തിക്കാം:

പാപരഹിതമായ പൂര്‍ണത കര്‍ത്താവായ യേശുക്രിസ്തുവിനു മാത്രമാണുണ്ടായിരുന്നത്. അവിടുത്തെ ജനനം പരിശുദ്ധാത്മാവിലായിരുന്നു. അവിടുന്നു വിശുദ്ധ പ്രജ (Holy offspring) യായിരുന്നു. മറ്റു മനുഷ്യര്‍ക്കുള്ളതുപോലെ ഒരു പഴയമനുഷ്യന്‍ (old man) യേശുവിന് ഇല്ലായിരുന്നു. യേശുവിന്റേതു പാപജഡം ആയിരുന്നില്ല. മറിച്ച് പാപജഡത്തിന്റെ സാദൃശ്യം മാത്രമായിരുന്നു (റോമര്‍ 8:3). മാത്രമല്ല, യേശുവില്‍ അബോധപൂര്‍വ്വമായ പാപം (Unconscious sin) ഉണ്ടായിരുന്നില്ല. കാരണം അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ യേശുവിന്റെ രക്തം നിര്‍ദോഷവും നിഷ്‌കളങ്കവുമായ കുഞ്ഞാടിന്റെ രക്തം (1 പത്രൊ. 1:19) ആകുമായിരുന്നില്ല. ചുരുക്കത്തില്‍ യേശു ഈ ഭൂമിയില്‍ വാക്കില്‍, പ്രവൃത്തിയില്‍, ചിന്തയില്‍, മനോഭാവത്തില്‍ പാപത്തിന്റെ നേരിയ സ്പര്‍ശംപോലും ഇല്ലാതെ ജീവിച്ചു.

എന്നാല്‍ മനുഷ്യരെ സംബന്ധിച്ചോ? അവര്‍ പാപത്തില്‍ വീണുപോയ ആദാമ്യകുലത്തിലാണു ജനിക്കുന്നത്. യേശുവിനെ കര്‍ത്താവും രക്ഷകനുമായി കൈക്കൊണ്ട് ഒരു പുതിയ മനുഷ്യനെ ധരിക്കുന്നതുവരെ അവരില്‍ ഒരു പഴയ മനുഷ്യന്‍ (old man) ഉണ്ട്. പുതു മനുഷ്യനെ ധരിക്കുന്നതുവരെ, രക്ഷിക്കപ്പെടാത്ത കാലഘട്ട ത്തില്‍, ചെയ്തിരുന്ന പാപങ്ങളുടെ അബോധപൂര്‍വമായ ഒരു സ്വാധീ നം – ഹാങ്ഓവര്‍ – രക്ഷിക്കപ്പെട്ടതിനുശേഷവും അവരില്‍ ഉണ്ടാകാം. മാത്രമല്ല രക്ഷിക്കപ്പെട്ടു ബോധപൂര്‍വമായ പാപങ്ങളിന്‍മേല്‍ ജയം പ്രാപിച്ചാലും നമ്മില്‍ അബോധപൂര്‍വമായ പാപം (unconscious sin) ഉണ്ട്. അതുകൊണ്ടാണു യോഹന്നാന്‍ പറയുന്നത് ‘നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു. സത്യം നമ്മില്‍ ഇല്ലാതെയായി’ (1 യോഹ. 1:8) എന്ന്.

അപ്പോള്‍ പാപരഹിതമായ ഒരു പൂര്‍ണത (sinless perfection) നമുക്ക് ഇവിടെ ഭൂമിയില്‍ കൈയാളാന്‍ കഴിയുകയില്ല. അതു പൂര്‍ണമായ അര്‍ത്ഥത്തില്‍ സാധ്യമാകുന്നതു കര്‍ത്താവിന്റെ രണ്ടാമത്തെ വരവിലാണ്. ഇതേക്കുറിച്ച് യോഹന്നാന്‍ പറയുന്നത് ഇങ്ങനെ: ‘പ്രിയമുള്ളവരേ, നാം ഇപ്പോള്‍ ദൈവമക്കള്‍ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായിട്ടില്ല. അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവനെ താന്‍ ഇരിക്കുമ്പോലെ തന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാര്‍ ആകും എന്നു നാം അറിയുന്നു’ (1 യോഹ. 3:2). കര്‍ത്താവിന്റെ രണ്ടാമത്തെ വരവില്‍ നമ്മുടെ താഴ്ചയുള്ള ഈ ജഡം കര്‍ത്താവിന്റെ മഹത്വമുള്ള ശരീരത്തോടു തുല്യമാകുമ്പോള്‍ നാം പാപത്തിന്റെ സാന്നിധ്യത്തില്‍നിന്നു തന്നെ രക്ഷപ്രാപിക്കും. ഇതാണല്ലോ രക്ഷയുടെ ഭാവികാലം. അതു വരാന്‍ പോകുന്നതേയുള്ളു. അപ്പോഴാണു പാപരഹിതമായ ഒരു പൂര്‍ണത അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ ത്തില്‍ നാം കൈയാളുക.

കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ചപ്പോള്‍ നാം രക്ഷിക്കപ്പെട്ടു. പാപത്തിന്റെ ശിക്ഷയില്‍ നിന്നു രക്ഷപ്രാപിച്ചു. ഇതാണു രക്ഷയുടെ ഭൂതകാലം. എന്നാല്‍ രക്ഷയുടെ ഭൂതകാലത്തിനും ഭാവികാലത്തിനും മധ്യത്തില്‍ ഇന്നു നാം രക്ഷയുടെ വര്‍ത്തമാനകാലത്തിലായിരിക്കുന്നു. പാപത്തിന്റെ ശിക്ഷയില്‍നിന്നു നാം രക്ഷപ്രാപിച്ചു. പാപത്തിന്റെ സാന്നിധ്യത്തില്‍ നിന്നു നാം ഭാവിയില്‍ രക്ഷപ്രാപിക്കും. എന്നാല്‍ ഇന്ന് രക്ഷയുടെ വര്‍ത്തമാനകാലത്തു നാം പാപത്തിന്റെ ശക്തിയില്‍ നിന്നാണു രക്ഷ പ്രാപിക്കേണ്ടത്. ഇതിനായി പാപത്തെ നാം ഗൗരവമായി എടുക്കണം. ഗിരിപ്രഭാഷണത്തില്‍ കര്‍ത്താവു പറഞ്ഞതുപോലെ ചെറിയ കല്പനകളെന്നു കരുതുന്നതില്‍ ഒന്നു പോലും അഴിക്കാതെ (മത്താ. 5:19) കോപം, ദുര്‍മ്മോഹം, വിധിക്കുന്നത് തുടങ്ങിയവയില്‍നിന്നുള്ള ജയം നമുക്കു പ്രാപിക്കാന്‍ കഴിയും. മാത്രമല്ല പ്രാര്‍ത്ഥന, ഉപവാസം, ദാനം ചെയ്യല്‍ എന്നിങ്ങനെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനിടയിലും സ്വന്തമാനം തേടുന്ന മനോഭാവങ്ങളില്‍നിന്നുള്ള ജയം നാം നേടണമെന്നും ഗിരിപ്രഭാഷണം ആവശ്യപ്പെടുന്നുണ്ടല്ലോ. (ഗിരിപ്രഭാഷണം മറ്റാര്‍ക്കോ വേണ്ടിയാണെന്നു കരുതുന്നവരല്ലേ ഇന്നു വിശ്വാസികളിലേറെയും? എത്രപേര്‍ ഇതു ഗൗരവമായി എടുക്കുന്നു?). അങ്ങനെ ഭയത്തോടും വിറയലോടും കൂടി വര്‍ത്തമാനകാല രക്ഷ പ്രവര്‍ത്തിച്ചെടുക്കാന്‍ നാം തയ്യാറാകുമ്പോള്‍ (ഫിലി. 2:12) ബോധപൂര്‍വമായ എല്ലാപാപങ്ങളുടെമേലും ജയമുള്ള വിജയകരമായ ഒരു ജീവിതത്തിലേക്കു ദൈവം തന്നെ നമ്മെ നടത്തും.

ഈ വിജയകരമായ ജീവിതം നാം ലക്ഷ്യം വയ്ക്കുമ്പോള്‍ അതിനു നമുക്കു മാതൃകയും മുന്നോടിയും യേശുവാണ്. കാരണം യേശു സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടെങ്കിലും പാപം ചെയ്തില്ല (എബ്രായര്‍. 4: 15). യേശു പൂര്‍ണദൈവവും പൂര്‍ണമനുഷ്യനുമായിരുന്നു. എന്നാല്‍ അവിടുന്നു ദൈവത്വത്തിന്റെ അവകാശങ്ങള്‍ ഉരിഞ്ഞുവച്ചു താണ ഭൂമിയിലേക്കുവന്നു (ഫിലി. 2:6). ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവനാണ് (യാക്കോ. 1:13). എന്നാല്‍ ഭൂമിയില്‍ താന്‍ പരീക്ഷിക്കപ്പെട്ടുവെന്നത് (മത്തായി. 4:1-11) പരീക്ഷിക്കപ്പെടാതിരിക്കാനുള്ള ദൈവത്വത്തിന്റെ അവകാശം ഉരിഞ്ഞുവച്ചാണ് അവിടുന്നു ഭൂമിയില്‍ വന്നത് എന്നതിനെ കാണിക്കുന്നു. എന്നാല്‍ പരീക്ഷിക്കപ്പെട്ടപ്പോഴും അവിടുന്നു പൂര്‍ണ ജയാളിയായി. അവിടുന്ന് സകലത്തിലും സഹോദരന്മാര്‍ക്കു തുല്യനായി (എബ്രാ. 2:17, 4:15). എന്നാല്‍ അതേസമയം പാപത്തിന്റെമേല്‍ ജയം നേടി. ഇങ്ങനെ ജഡത്തില്‍ വെളിപ്പെട്ട യേശുവിനെ കാണുന്നതിലാണു ദൈവഭക്തിയുള്ള ഒരു ജീവിതത്തിന്റെ രഹസ്യം അടങ്ങിയിരിക്കുന്നതെന്നു പൗലൊസ് പറയുന്നു (1 തിമൊ. 3:16). ചുരുക്കത്തില്‍ പാപത്തിന്മേല്‍ ജയമുള്ള ജീവിതം ലക്ഷ്യംവയ്ക്കുന്ന വിശ്വാസിക്ക് യേശു എല്ലാ അര്‍ത്ഥത്തിലും മാതൃകയാണ്.

ഇവിടെ ഒരു സംശയം വരാം: യേശു എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമായി നമ്മെപ്പോലെ ആയിരുന്നില്ലെന്നു നേരത്തെ പറഞ്ഞല്ലോ. ഉദാഹരണത്തിന് യേശുവിന്റേതു ദിവ്യജനനം ആയിരുന്നു. അവിടുത്തേക്ക് അബോധപൂര്‍വമായ പാപം ഉണ്ടായിരുന്നില്ല എന്നിങ്ങനെ. അങ്ങനെ യെങ്കില്‍ അവിടുന്നു നമുക്കു മാതൃകയാകുന്നതെങ്ങനെയാണ്? മറുപടി: ഇതെല്ലാം ശരിയാണെങ്കിലും യേശുവിനുണ്ടായ പരീക്ഷകള്‍ (പ്രലോഭനങ്ങള്‍) യഥാര്‍ത്ഥമായിരുന്നു. പ്രലോഭനവും പാപത്തില്‍ വീഴുന്നതും രണ്ടാണ്. പ്രലോഭനം അതില്‍തന്നെ തെറ്റല്ല. വാസ്തവത്തില്‍ നാം ഏതു പ്രലോഭനത്തെ നേരിടുമ്പോഴും അവിടെ അഭിമുഖീകരിക്കുന്ന ചോദ്യം നാം അവിടെ സ്വന്ത ഇഷ്ടം ചെയ്യുമോ അതോ പിതാവിന്റെ ഇഷ്ടം ചെയ്യുമോ എന്നതാണ്. സ്വന്ത ഇഷ്ടം ചെയ്താല്‍ പാപമായി. പിതാവിന്റെ ഇഷ്ടം ചെയ്താല്‍ ജയാളിയായി. യേശു പിതാവിന്റെ ഇഷ്ടം മാത്രം ചെയ്യാന്‍ പ്രോഗ്രാം ചെയ്തുവിട്ട യന്ത്ര മനുഷ്യനെ (ൃീയീ)േ പോലെയല്ല ഭൂമിയിലേക്കു വന്നത്. അവിടുത്തേക്കും നമ്മളെപ്പോലെ സ്വന്ത ഇഷ്ടവും പിതാവിന്റെ ഇഷ്ടവും തമ്മിലുള്ള തിരഞ്ഞെടുപ്പിനു സ്വാതന്ത്ര്യം ഉണ്ടായിരുന്നു (യോഹ. 5:30; 6:38). പിതാവിന്റെ ഇഷ്ടം ചെയ്യുന്നത് അവിടുത്തേക്കും എളുപ്പമായിരുന്നില്ല (ലൂക്കൊ. 22:44). എന്നിട്ടും അവിടുന്നു മാത്രനേരത്തേക്കുപോലും സ്വന്തഇഷ്ടത്തിനു വഴങ്ങാതെ ജയാളിയായി. നമുക്കും ഈ പാതയില്‍ തന്നെ അനുഗമിക്കാന്‍ കഴിയുമല്ലോ. ഇങ്ങനെയാണ് വിജയകരമായ ക്രിസ്തീയ ജീവിതത്തിന് യേശു നമുക്കു മുന്നോടിയും മാതൃകയുമാകുന്നത്.

ചുരുക്കത്തില്‍ പറഞ്ഞുവന്ന കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം: വിശ്വാസികള്‍, പാപത്താല്‍ തോല്‍പ്പിക്കപ്പെടുന്ന ഒരു ശരാശരി ക്രിസ്തീയ ജീവിതത്തില്‍ തൃപ്തരായിരിക്കരുത്. ബോധപൂര്‍വമായ എല്ലാ പാപങ്ങളുടെമേലും ജയമുള്ള വിജയകരമായ ഒരു ക്രിസ്തീയ ജീവിതം ദൈവിക വാഗ്ദാനമാണ്. അതിനായുള്ള ഒരു നിലവിളി നമ്മില്‍ നിരന്തരം ഉണ്ടായിരിക്കണം. എന്നാല്‍ പൂര്‍ണ്ണമനസ്സോടെ നാം ഇതിനായി അന്വേഷിക്കുമ്പോള്‍ നാം ഇത്തരം ഒരു ജീവിതത്തിലേക്കു പ്രവേശിച്ചുവെന്ന് ആദ്യം കരുതിപ്പോകും. എന്നാല്‍ ദൈവം നമ്മെ പലവട്ടം പരാജയപ്പെടാന്‍ അനുവദിക്കും. നമുക്കു നമ്മില്‍ തന്നെയുള്ള ആശ്രയവും നമ്മുടെ സ്വയത്തിലുള്ള വിശ്വാസവും തകര്‍ക്കുന്നതിനു വേണ്ടിയാണു ദൈവം ഈ പരാജയങ്ങള്‍ അനുവദിക്കുന്നത്. ഒടുവില്‍ ഈ പരാജയങ്ങള്‍മൂലം നാം നമ്മില്‍ തന്നെ മടുത്ത്, സ്വന്തം പ്രയത്‌നംകൊണ്ട് ഇതു കഴിയുകയില്ല എന്നു കണ്ടുകഴിയുമ്പോള്‍ ദൈവം തന്നെ പരിശുദ്ധാത്മാവിനാല്‍ നമ്മെ വിജയകരമായ ജീവിതത്തിലേക്കു നടത്തും.

അങ്ങനെ വിജയകരമായ ഒരു ജീവിതത്തിലേക്കു പ്രവേശിച്ച ക്രിസ്ത്യാനികള്‍ എപ്പോഴും താഴ്മയിലായിരിക്കും; നന്ദിയുള്ളവരായിരിക്കും. അവര്‍ നിത്യതയുടെ ഒരാത്മാവില്‍ ഈ ലോകത്തില്‍ നടക്കുന്നവരും ആയിരിക്കും. നിത്യതയുടെ, സ്വര്‍ഗ്ഗത്തിന്റെ, ഒരു ദൃശ്യം നമ്മള്‍ വെളിപ്പാട് ഏഴാം അധ്യായത്തില്‍ കാണുന്നത് ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്. ”ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്നതു ഞാന്‍ കണ്ടു. രക്ഷ എന്നുള്ളതു സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്ന് അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു” (7:9,10). ദാനം (Gift) ഒരിക്കലും യോഗ്യതയുടെ അടിസ്ഥാനത്തില്‍ നല്‍കുന്നതല്ല. യോഗ്യതയുടെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്നതു കൂലിയാണ്, പ്രതിഫലമാണ്. ഇവിടെ വെള്ള നിലയങ്കി ലഭിച്ചവരുടെ സ്വര്‍ഗത്തിലെ പാട്ട് രക്ഷ എന്നുള്ളതു തങ്ങള്‍ക്കു ദാനമായി ലഭിച്ചു എന്നാണ്. ദാനം സൗജന്യമായി കിട്ടുന്നതാണ്. അതിന് ഒരു പ്രവൃത്തിയും കാരണമല്ല. എന്നാല്‍ ഇവരെക്കുറിച്ചു തുടര്‍ന്നു വായിക്കുമ്പോള്‍ ഇവര്‍ ഒരു വലിയ പ്രവൃത്തി ചെയ്തവരാണെന്നും ഒത്തുതീര്‍പ്പില്ലാതെ ത്യാഗപൂര്‍ണമായി ജീവിച്ചു മഹാകഷ്ടങ്ങളെ അതിജീവിച്ചവരാണെന്നു നമുക്കു മനസ്സിലാകും. ”മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട്: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്? എവിടെനിന്നു വന്നു എന്നു ചോദിച്ചു. യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞിന് അവന്‍ എന്നോട് പറഞ്ഞത്. ഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍. കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു” (7:14). ഇതു വ്യക്തമാക്കുന്നത് ഇവര്‍ കുഞ്ഞാടിന്റെ രക്തത്തില്‍ അങ്കി അലക്കി വെളുപ്പിക്കുക എന്ന പ്രവൃത്തി ചെയ്തവരും മഹാകഷ്ടങ്ങളെ അതിജീവിച്ചവരുമാണ് എന്നല്ലേ? ഈ പ്രവൃത്തി ചെയ്തവര്‍ക്കു ലഭിക്കുന്നതിനെ കൂലി എന്നല്ലേ പറയേണ്ടത്? പക്ഷേ അവര്‍ ആത്മാര്‍ത്ഥമായും കരുതുന്നതും പാടുന്നതും തങ്ങള്‍ക്കു ലഭിച്ചതു ദൈവത്തിന്റേയും കുഞ്ഞാടിന്റേയും ദാനമെന്നാണ്. ഇതാണു സ്വര്‍ഗ്ഗത്തിലെ മനോഭാവം.

ദൈവത്തിന്റെ കരുണയാല്‍ രക്ഷിക്കപ്പെട്ടവരെപ്പോലെ പരിശുദ്ധാത്മാവിനാല്‍ വിജയകരമായ ജീവിതത്തിലേക്കു പ്രവേശിച്ചവരും ഭൂമിയില്‍ ഇപ്പോഴേ നിത്യതയുടെ ഈ മനോഭാവത്തിലായിരിക്കും. തങ്ങള്‍ ചെയ്ത പ്രവൃത്തി അവര്‍ മറന്നുപോയി. ‘ഇച്ഛിക്ക എന്നതും പ്രവൃത്തിക്ക എന്നതും ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവര്‍ത്തിക്കുന്നത്’ എന്നായിരിക്കും അവരുടെ ഏറ്റുപറച്ചില്‍ (ഫിലി. 2:13). വിജയകരമായ ജീവിതവും ദൈവത്തിന്റെ ദാനമാണ്. അങ്ങനെ ഒരു ജീവിതത്തിലേക്കു പ്രവേശിച്ചവര്‍ക്കു തങ്ങള്‍ക്കായി ഒരു പ്രശംസയും ഉണ്ടായിരിക്കുകയില്ല. ആത്മാര്‍ഥമായും അവര്‍ക്കു പറയുവാനുള്ളത് ‘നമ്മുടെ ദൈവത്തിന് എന്നെന്നേയ്ക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്‌തോത്രവും ബഹുമാനവും ശക്തിയും ബലവും ആമേന്‍’ എന്നായിരിക്കും (വെളി. 7:12). ചുരുക്കത്തില്‍ സ്വന്ത പരിശ്രമംകൊണ്ട് ഒരു വിശുദ്ധജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തെയല്ല വിജയകരമായ ജീവിതമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും വ്യക്തമായല്ലോ.

ഒടുവിലായി, വിജയകരമായ ക്രിസ്തീയജീവിതം എന്ന ചിന്ത ശരിയാണെന്നു നമുക്ക് എങ്ങനെ ഉറപ്പിക്കാം? ഏത് ഉപദേശവും ശരിയോ തെറ്റോ എന്നറിയുവാനുള്ള ഉരകല്ല് അതു നമ്മെ കൂടുതല്‍ ക്രിസ്തു സ്വഭാവത്തിലേക്കും ക്രിസ്തുവിലുള്ള ആശ്രയത്വത്തിലേക്കും നടത്തുന്നുണ്ടോ എന്നതാണ്. ഭൗതിക സമൃദ്ധിയാണു ദൈവാനുഗ്രഹത്തിന്റെ അളവുകോല്‍ എന്ന സമൃദ്ധിയുടെ ഉപദേശം അതുകൊണ്ടുതന്നെ ശരിയല്ലെന്നു നമുക്ക് ഉറപ്പിക്കാം. ‘പാപം ചെയ്താലും അനുതപിക്കേണ്ട, കൃപയെല്ലാം കൈകാര്യം ചെയ്യുകൊള്ളും’ എന്ന വ്യാജകൃപയുടെ സുവിശേഷവും വിശുദ്ധ ജീവിതത്തിലേക്കോ ക്രിസ്തു സ്വഭാവത്തിലേക്കോ നമ്മെ നടത്തുകയില്ലെന്നു വ്യക്തമല്ലേ? എന്നാല്‍ പാപം കര്‍തൃത്വം നടത്താത്ത ഒരു ജീവിതത്തിലേക്കു നമ്മെ വെല്ലുവിളിക്കുന്ന വിജയകരമായ ജീവിതം ഫലത്തില്‍ ക്രിസ്തുസ്വഭാവത്തിലേക്കാണു നമ്മെ നടത്തുന്നത്. അതുപോലെ സ്വന്തബലത്തില്‍, സ്വയത്തില്‍ ഒരു പ്രശംസയില്ലാതെ, ഓരോ ചുവടുവയ്പിലും ദൈവത്തില്‍ മാത്രം ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ സന്ദേശം അതുകൊണ്ടുതന്നെ ശരിയാണെന്നു നമുക്ക് ഉറപ്പിക്കാം (യോഹ. 7:17).

ഈ വരികള്‍ വായിക്കുന്ന എല്ലാ മാന്യവായനക്കാരും പാപത്തിന്റെമേല്‍ ജയമുള്ള വിജയകരമായ ഒരു ക്രിസ്തീയജീവിതം ലക്ഷ്യം വയ്ക്കുകയും സര്‍വകൃപാലുവായ കര്‍ത്താവ് അതിലേക്ക് അവരെ നയിക്കുകയും ചെയ്യട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

അധ്യായം 2 :
ആദ്യസ്‌നേഹം അവസാനത്തോളം


‘കര്‍ത്താവിനെ സ്‌നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍! നമ്മുടെ കര്‍ത്താവു വരുന്നു’ (1 കൊരിന്ത്യര്‍ 16:22).

പൗലൊസ് കൊരിന്ത്യര്‍ക്കുള്ള ദീര്‍ഘമായ തന്റെ ലേഖനം അവസാനിപ്പിക്കുകയാണ്. ‘എല്ലാവര്‍ക്കും വന്ദനം, സ്‌നേഹാശംസകള്‍’ എന്നിങ്ങനെ ഔപചാരികമായ ചില വാക്കുകള്‍ എഴുതുന്ന അവസാന ഖണ്ഡികയില്‍ പൊടുന്നനെ പൗലൊസ് എന്തോ ഓര്‍ത്തിട്ടെന്നവണ്ണം വായനക്കാരുടെ ചങ്കില്‍ തറയ്ക്കത്തക്കവണ്ണം രണ്ടു കാര്യങ്ങള്‍കൂടി കുറിക്കുകയാണ്. ഒന്ന്: ‘കര്‍ത്താവിനെ സ്‌നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍’ രണ്ട്: നമ്മുടെ കര്‍ത്താവു വരുന്നു.’ ഗ്രീക്കില്‍ ഇതു രണ്ടു വാക്കുകള്‍ മാത്രമാണ്. അനാഥെമാ, മാറാനാഥാ എന്നിങ്ങനെ. മാറാനാഥാ എന്നാല്‍ നമ്മുടെ കര്‍ത്താവു വേഗം വരുന്നു. കര്‍ത്താവിനെ സ്‌നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍ എന്നാണ് അനാഥെമാ എന്ന വാക്കിന്റെ അര്‍ത്ഥം.

നടുക്കുന്ന ഒരു മുന്നറിയിപ്പാണ് ‘അനാഥെമാ’യെങ്കില്‍ പ്രതീക്ഷ ഉണര്‍ത്തുന്ന പ്രത്യാശയുടെ വാക്കാണ് ‘മാറാനാഥാ.’ പക്ഷേ ഇതു രണ്ടും പൗലൊസ് കുറിച്ചിട്ടിരിക്കുന്നത് ഇതുമായി വലിയ ബന്ധമില്ലാത്ത ഔപചാരികമായ ചില ഭംഗിവാക്കുകള്‍ക്കിടയിലാണെന്നതു ശ്രദ്ധേയമല്ലേ? ഈ രണ്ടു വാക്കുകളും അവ നല്‍കുന്ന ആശയവും അതെഴുതിയ പശ്ചാത്തലത്തില്‍ നിന്നു വേറിട്ട് എഴുന്നു നില്ക്കുകയാണ്.

അര്‍ത്ഥതലത്തില്‍ മാത്രമല്ല കാഴ്ചയ്ക്കും ഈ രണ്ടു വാക്കുകളും ആ ലേഖനത്തില്‍ വലുപ്പം കൊണ്ട് എടുത്തു നില്ക്കുകയായിരുന്നുവെന്നു വേദപണ്ഡിതന്മാര്‍ കാര്യകാരണസഹിതം വിശദീകരിക്കാറുണ്ട്. വലിയ പ്രസക്തിയില്ലെന്നു തോന്നിയാലും അവരുടെ രസകരമായ കണ്ടെത്തല്‍ ഒന്നു നോക്കിക്കാണുന്നതു നന്നായിരിക്കും. കാരണം അതു നമുക്കും ചില പുതിയ വെളിച്ചം നല്‍കിയേക്കും.

ഈ ലേഖനത്തിന്റെ അവസാന ഖണ്ഡിക മുഴുവനായി ഇങ്ങനെയാണ്: ”പൗലൊസായ എന്റെ കയ്യാല്‍ വന്ദനം. കര്‍ത്താവിനെ സ്‌നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍! നമ്മുടെ കര്‍ത്താവു വരുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. നിങ്ങള്‍ക്കേവര്‍ക്കും ക്രിസ്തുയേശുവില്‍ എന്റെ സ്‌നേഹം ആമേന്‍!” (1കൊരി 16:21-24).

ലേഖനം അവസാനിപ്പിക്കുമ്പോള്‍ ”പൗലൊസായ എന്റെ കയ്യാല്‍ വന്ദനം’ എന്നു പൗലൊസ് എടുത്തെഴുതുന്നതിന്റെ പ്രസക്തി എന്താണ്? 2 തെസ്സലോനിക്യര്‍ 3:17 ലാണു പൗലൊസ് അങ്ങനെ എഴുതുന്നതിന്റെ കാരണം വിശദീകരിക്കുന്നത്: ”പൗലൊസായ എന്റെ കയ്യാല്‍ വന്ദനം. സകലലേഖനത്തിലും ഇതു തന്നെ അടയാളം. ഇങ്ങനെ ഞാന്‍ എഴുതുന്നു.” അന്ന് ഒന്നാംനൂറ്റാണ്ടില്‍ അപ്പൊസ്തലന്മാര്‍ എഴുതിയതാണെന്ന മട്ടിലുള്ള വ്യാജ ലേഖനങ്ങള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു സ്വന്ത ലേഖനങ്ങളെ പൗലൊസ് തന്നെ ഇങ്ങനെയാണ് അടയാളപ്പെടുത്തിയിരുന്നത്. മാത്രമല്ല, വ്യാജ ലേഖനങ്ങള്‍ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ”നിങ്ങള്‍ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങള്‍ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധം വിട്ട് വേഗത്തില്‍ ഇളകുകയും ഞെട്ടിപ്പോകയുമരുത്” (2 തെസ്സ. 2:2). സാധാരണ പൗലൊസ് എഴുതുന്ന ലേഖനങ്ങള്‍ അതിന്റെ ആശയഗാംഭീര്യം കൊണ്ടും ശൈലിയുടെ പ്രത്യേകതകള്‍ കൊണ്ടും ആത്മീയകാര്യങ്ങളില്‍ പരിണതപ്രജ്ഞരായ ആളുകള്‍ക്കു തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഇതേസമയം, സാധാരണക്കാര്‍ക്കുപോലും ലേഖനം അവസാനിപ്പിക്കുന്ന രീതികൊണ്ട് അതു പൗലൊസിന്റേതാണെന്നു മനസ്സിലാകുമായിരുന്നു. ‘കൃപ നിങ്ങളുടെ ആത്മാവോടു കൂടെ ഇരിക്കട്ടെ’ എന്ന ആശംസയോടെയാണ് അദ്ദേഹം ചെറുതും വലുതുമായ തന്റെ എല്ലാ ലേഖനങ്ങളും അവസാനിപ്പിക്കുക (റോമര്‍ക്കെഴുതിയ ലേഖനം മാത്രമാണ് ഇതിനൊരു അപവാദം). ലേഖനകര്‍ത്താവ് ആരെന്നു വ്യക്തമാക്കിയിട്ടില്ലാത്ത എബ്രായ ലേഖനം പൗലൊസാണ് എഴുതിയതെന്നു മിക്ക വേദപണ്ഡിതന്മാരും കരുതുന്നതിനുള്ള പല കാരണങ്ങളിലൊന്ന് ഇതാണ്-എബ്രായലേഖനവും ‘കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ’ എന്ന പൗലൊസിന്റെ മുദ്ര പതിഞ്ഞ ആശംസയോടെയാണല്ലോ അവസാനിക്കുന്നത്.

ഉവ്വ്, ലേഖനത്തിന്റെ അവസാന ആശംസകൊണ്ട് അതു പൗലൊസിന്റേതാണെന്നു തിരിച്ചറിയാം. എന്നാല്‍ പൗലൊസ് എഴുതി എന്ന ഭാവത്തിലുള്ള വ്യാജലേഖനം ചമച്ചു വിശ്വാസികളെ വഴിതെറ്റിക്കുന്നവര്‍ ഇതും അനുകരിക്കാന്‍ തുടങ്ങിയപ്പോഴാകണം ‘പൗലൊസായ എന്റെ കയ്യാല്‍ വന്ദനം. സകല ലേഖനത്തിലും ഇതുതന്നെ അടയാളം’ എന്നു പൗലൊസ് പ്രത്യേകം രേഖപ്പെടുത്തിയത്.

‘പൗലൊസായ എന്റെ കയ്യാല്‍ വന്ദനം’ എന്ന അടയാളവാക്യവും ‘കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ’ എന്ന സമാപന ആശംസയും ഒന്നു കൊരിന്ത്യര്‍ അവസാന ഖണ്ഡികയിലും നമുക്കു കാണാം. എന്നാല്‍ ഇവയുടെ നടുവില്‍ പൗലൊസ് മറ്റു ലേഖനങ്ങളില്‍ നിന്നു വ്യത്യസ്തമായ രണ്ടു വാക്കുകള്‍ കൂടി രേഖപ്പെടുത്തുന്നു-അനാഥെമാ, മാറാനാഥാ.

എന്നാല്‍ ഈ രണ്ടു വാക്കുകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആരുടേയും ദൃഷ്ടിയില്‍ തറയ്ക്കും വിധം ആ ലേഖനത്തിലെ മറ്റ് എഴുത്തിനെക്കാള്‍ വലിയ അക്ഷരത്തിലായിരിക്കണം രേഖപ്പെടുത്തിയിരുന്നത്. ഇങ്ങനെ ഊഹിക്കാന്‍ എന്താണു കാരണം? ഗലാത്യര്‍ 6:11 കാണുക. ”നോക്കുവിന്‍, എത്ര വലിയ അക്ഷരമായി ഞാന്‍ നിങ്ങള്‍ക്കു സ്വന്ത കൈകൊണ്ടുതന്നെ എഴുതിയിരിക്കുന്നു” പൗലൊസ് സ്വന്തകൈകൊണ്ട് എഴുതിയാല്‍ അതു വലിയ അക്ഷരമായിരിക്കും! എന്തുകൊണ്ടാണങ്ങനെ? ദമസ്‌ക്കോസിന്റെ പടിവാതില്ക്കല്‍ വച്ച് പൗലൊസിനെ ഒരു വലിയ വെളിച്ചം ചുറ്റി മിന്നി. പൗലൊസ് തുടര്‍ന്നു മൂന്നു ദിവസം കണ്ണുകാണാതിരിക്കുകയും ഒടുവില്‍ അനന്യാസ് വന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ കാഴ്ച പ്രാപിക്കുകയും ചെയ്തുവല്ലോ. എന്നാല്‍ ദൈവിക തേജസ്സിന് അഭിമുഖമായി നിന്ന പൗലൊസിനു പിന്നീടു കാഴ്ച ലഭിച്ചെങ്കിലും അദ്ദേഹത്തിനു കാഴ്ചക്കുറവുണ്ടായിരുന്നിരിക്കാം എന്നു ചില വേദ പണ്ഡിതന്മാര്‍ പറയാറുണ്ട്. ‘എന്റെ ശരീരം സംബന്ധിച്ചു നിങ്ങള്‍ക്കുണ്ടായ പരീക്ഷയില്‍ നിങ്ങള്‍ കഴിയുമെങ്കില്‍ നിങ്ങളുടെ കണ്ണു ചൂഴ്‌ന്നെടുത്ത് എനിക്കു തരുമായിരുന്നു’ (ഗലാ. 4:14,15) എന്നു പറയുന്നതിനെ പൗലൊസിനു ‘ശരീരത്തില്‍ ഒരു ശൂലം ഉണ്ടായിരുന്നു’ (2 കൊരിന്ത്യര്‍ 12:7) എന്നതിനോടു ചേര്‍ത്തു വായിച്ചാണ് അദ്ദേഹത്തിനു കാഴ്ചക്കുറവുണ്ടായിരുന്നു എന്ന നിഗമനത്തില്‍ അവര്‍ എത്തുന്നത്. കേള്‍വിക്കുറവുള്ളവര്‍ സാധാരണക്കാരെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുകയും കാഴ്ചക്കുറവുള്ളവര്‍ സാധാരണക്കാരെക്കാള്‍ വലിയ അക്ഷരത്തില്‍ എഴുതുകയും ചെയ്യുന്നതു ഓര്‍ക്കുക. ഒരുപക്ഷേ ഇതുകൊണ്ടാകുമോ പൗലൊസ് നേരിട്ട് എഴുതുമ്പോഴെല്ലാം അതു വലിയ അക്ഷരത്തില്‍ ആയിപ്പോയത്?

അങ്ങനെയെങ്കില്‍ നാം ചിന്തിച്ചു വരുന്ന 1 കൊരിന്ത്യര്‍ എന്ന ലേഖനം മുഴുവന്‍ പൗലൊസ് എഴുതിയതല്ലേ? അതില്‍ അനാഥെമാ, മാറാനാഥ എന്നീ വാക്കുകള്‍ മാത്രം വലിയ അക്ഷരത്തിലായിരുന്നു എന്നു പറയുന്നതിന് എന്താണു ന്യായം? ഇതിനു മറുപടി ആ കാലഘട്ടത്തില്‍ പൗലൊസ് ഉള്‍പ്പെടെയുള്ളവര്‍ നീണ്ട ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതു കേട്ടെഴുതാന്‍ അവര്‍ അതു തൊഴിലായി സ്വീകരിച്ച എഴുത്തുകാരുടെ (Scribes) സഹായം തേടാറുണ്ടായിരുന്നു എന്നതാണ്. ആ ലേഖനം മുഴുവന്‍ അങ്ങനെ ഒരാളെ കൊണ്ടായിരിക്കാം എഴുതിച്ചത്. ഇങ്ങനെ പറയുന്നതിനും എന്തെങ്കിലും തെളിവു ബൈബിളില്‍ നിന്നു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും കഴിയും. ഉദാഹരണത്തിനു റോമര്‍ 16-ന്റെ 22 നോക്കുക: ”ഈ ലേഖനം എഴുതിയ തെര്‍തോസ് എന്ന ഞാന്‍ നിങ്ങളെ വന്ദനം ചെയ്യുന്നു” എന്നാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. റോമര്‍ക്ക് എഴുതിയ ലേഖനം പൗലൊസാണ് എഴുതിയതെന്നാണല്ലോ നമ്മള്‍ കരുതിയിരുന്നത്. പിന്നെ പൗലൊസിന്റെ കൂട്ടുവേലക്കാരുടെയൊക്കെ വന്ദനം രേഖപ്പെടുത്തുമ്പോള്‍ തെര്‍തോസ് എന്നൊരാള്‍ കൂടി ഇടയ്ക്കു കയറി റോമാക്കാര്‍ക്കു വന്ദനം പറയുകയും ഈ ലേഖനം എഴുതിയതു താനാണെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ഉവ്വ്, അതാണു നമ്മള്‍ പറഞ്ഞുവന്നത്. തെര്‍തോസ്, പൗലൊസ് പറഞ്ഞുകൊടുക്കുന്നതു കേട്ടെഴുതുന്ന ഒരു പ്രഫഷണല്‍ കൈപ്പട എഴുത്തുകാരന്‍ ആയിരുന്നിരിക്കണം.

റോമാലേഖനം പോലെ തന്നെ നീണ്ട പതിനാറ് അധ്യായങ്ങളുള്ള 1 കൊരിന്ത്യര്‍ എഴുതാനും പൗലൊസ്, തെര്‍തോസോ അതുപോലെയുള്ള എഴുത്തുകാരുടേയോ സഹായം തേടിയിട്ടുണ്ടാകാം. അങ്ങനെ യെങ്കില്‍ ആ രംഗം നമുക്ക് ഇങ്ങനെ ഭാവന ചെയ്യാം. പൗലൊസ് ലേഖനം പറഞ്ഞുകൊടുക്കുന്നു. എഴുത്തുകാരന്‍ അതു കേട്ടെഴുതുന്നു. ഒടുവില്‍ ലേഖനം സമാപിക്കുമ്പോള്‍ പൗലൊസ് ആ തൂലിക വാങ്ങി സ്വന്തകൈകൊണ്ട് സമാപന വാക്കുകള്‍ കുറിക്കുന്നു. ഒപ്പം രണ്ടു വാക്കുകളും-അനഥെമാ, മാറാനാഥ. ആ ഭാഗം മാത്രം പൗലൊസ് എഴുതിയതുകൊണ്ട് വലിയ അക്ഷരത്തിലാണു വന്നിരിക്കുന്നത്!

ഈ ലേഖനം കൊരിന്തു സഭയില്‍ കിട്ടുന്ന രംഗം കൂടി ഭാവന ചെയ്തു നോക്കുക. പൗലൊസിന്റെ ലേഖനം വന്നിട്ടുണ്ടെന്നു കേട്ട സഭാംഗങ്ങളെല്ലാം അതൊന്നു കാണാനായി തിക്കിത്തിരക്കുന്നു. ലേഖനം വായിക്കുന്നതിനു മുന്‍പ് ആ ലേഖനത്തിന്റെ വലിയ ചുരുള്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ അവിടെ നിവര്‍ത്തിയിട്ടു. എല്ലാവരും അതിലേക്ക് ഉറ്റുനോക്കുന്നു. ചെറിയ അക്ഷരങ്ങളില്‍ ‘കുനുകുനെ’ എഴുതിയ ഒരു നീണ്ട ലേഖനം. പക്ഷേ അവസാനം എത്തുമ്പോള്‍ വളരെ വലിയ അക്ഷരങ്ങളില്‍ രണ്ടു വാക്കുകള്‍. ആള്‍ക്കൂട്ടത്തിനു പുറകില്‍ നില്ക്കുന്നവര്‍ക്കു കൂടി ആ വാക്കുകള്‍ വായിച്ചെടുക്കാം. അത്ര വലുപ്പമുണ്ട് അക്ഷരങ്ങള്‍ക്ക് (”നോക്കുവിന്‍; എത്ര വലിയ അക്ഷരമായി ഞാന്‍ നിങ്ങള്‍ക്കു സ്വന്തകൈകൊണ്ടുതന്നെ…”). ആ വാക്കുകള്‍ നല്‍കുന്ന സന്ദേശം അസ്ത്രംപോലെ കാഴ്ചക്കാരുടെ ഹൃദയത്തിലേക്കു തുളച്ചുകയറി- ‘കര്‍ത്താവിനെ സ്‌നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍, നമ്മുടെ കര്‍ത്താവു വരുന്നു.’ തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ മറ്റെല്ലാറ്റിനെക്കാളും വലുതായി ഈ രണ്ടു കാര്യങ്ങള്‍ അവര്‍ ഹൃദയത്തില്‍ കരുതിക്കൊണ്ടിട്ടുണ്ടാകും.

മുകളില്‍ നാം പറഞ്ഞതിന്റെയെല്ലാം ചുരുക്കമെന്താണ്? അത് ഇങ്ങനെ പറയാം: 1 കൊരിന്ത്യര്‍ എന്ന ലേഖനം ഒന്നാം നൂറ്റാണ്ടില്‍ കൊരിന്തിലെ സഭാജനങ്ങള്‍ കണ്ടതുപോലെ നാം ഒന്നു കണ്ടിരുന്നെങ്കില്‍ കേവലം അക്ഷരത്തിന്റെ വലുപ്പംകൊണ്ടുതന്നെ രണ്ടു കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണെന്നു നാം തിരിച്ചറിയുമായിരുന്നു. ഒന്ന്: കര്‍ത്താവുമായി നമുക്കുണ്ടാകേണ്ടത് ഒരു സ്‌നേഹബന്ധമാണ്. നാമും കര്‍ത്താവുമായുള്ള ബന്ധത്തിലെ സ്‌നേഹം നഷ്ടപ്പെടരുത്. നഷ്ടപ്പെട്ടാല്‍ നാം ഒരു ശാപത്തിനു കീഴിലായിപ്പോകും. രണ്ട്: നാം സ്‌നേഹിക്കുന്ന കര്‍ത്താവിനെ നാം മുഖാമുഖമായി കാണുന്ന നാള്‍ സമീപിച്ചിരിക്കുന്നു. കര്‍ത്താവിന്റെ ആ നാളിനായി ഒരുങ്ങിക്കാത്തിരിക്കണം.

സ്ഥലപരിമിതി മൂലം ഇതില്‍ ഒന്നാമത്തെ കാര്യം, കര്‍ത്താവിനെ സ്‌നേഹിക്കണം എന്ന കാര്യം മാത്രം, നമുക്കു തുടര്‍ന്നു ചിന്തിക്കാം:

ദൈവത്തെ ഭയപ്പെടുകയോ, ആരാധിക്കുകയോ, ദൈവത്തിനായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ പോര നാം ദൈവത്തെ സ്‌നേഹിക്കണം എന്നാവശ്യപ്പെടുന്നതു ക്രിസ്തീയ മാര്‍ഗ്ഗം മാത്രമാണ്. യേശു തന്നെ ഇതാണ് വലിയതും ഒന്നാമത്തേതുമായ കല്പന എന്നു പറഞ്ഞിരിക്കുന്നു–‘നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും കൂടെ സ്‌നേഹിക്കണം’ (മത്തായി. 22:37).

ദൈവത്തെ സ്‌നേഹിക്കണം എന്നു പറയുമ്പോള്‍ ഒരു പ്രശ്‌നമുണ്ട്. നാം യഥാര്‍ത്ഥത്തില്‍ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് എങ്ങനെ അറിയാം? അതൊരു തോന്നലാണോ? വാസ്തവത്തില്‍ കര്‍ത്താവിനോടുള്ള സ്‌നേഹം എന്നാല്‍ എന്താണ്?

സ്‌നേഹം എന്തെന്ന് അറിയുന്നതിനും നാം കര്‍ത്താവിങ്കലേക്ക് നോക്കണം. കര്‍ത്താവ് സ്‌നേഹിച്ചു എന്നു പറയുന്നിടത്ത് അവിടുന്ന് എന്താണ് ചെയ്തത്? അതാണ്, അതുമാത്രമാണ്, യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അളവുകോല്‍.

ദൈവം സ്‌നേഹിച്ചു എന്നു പറഞ്ഞിരിക്കുന്ന ഏറ്റവും പ്രസിദ്ധമായ വാക്യം യോഹന്നാന്‍ 3:16 ആണ്–‘തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.’

ദൈവം ലോകത്തെ സ്‌നേഹിച്ചു. അതു സ്വന്തം പുത്രനെ നല്‍കിയാണ്. അല്ലാതെ ദൈവസ്‌നേഹം ഒരു തോന്നലോ കേവലം വൈകാരികാനുഭൂതിയോ ആയിരുന്നില്ല.

1 യോഹന്നാന്‍ 3:16-ലും സ്‌നേഹം എങ്ങനെ തിരിച്ചറിയാന്‍ കഴിയുമെന്നു പറഞ്ഞിരിക്കുന്നു– ‘അവന്‍ നമുക്കുവേണ്ടി തന്റെ പ്രാണനെ വച്ചുകൊടുത്തതിനാല്‍ നാം സ്‌നേഹം എന്തെന്ന് അറിഞ്ഞിരിക്കുന്നു.’

റോമര്‍ 5:8-ല്‍ ദൈവം തന്റെ സ്‌നേഹം പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. എന്നാല്‍ അത് എങ്ങനെയാണ്? ‘ക്രിസ്തു വോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.’

കണ്ടോ, ദൈവം സ്‌നേഹിച്ചു എന്നു പറഞ്ഞിരിക്കുന്ന ഈ മൂന്നു വാക്യങ്ങളിലും പുത്രനെ നല്‍കിയും പ്രാണനെ വച്ചുകൊടുത്തും നമുക്കുവേണ്ടി മരിച്ചുമാണ് ദൈവം ആ സ്‌നേഹം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സ്‌നേഹം തന്നെത്തന്നെ നല്‍കുന്നതാണ്. പ്രാണന്‍ വച്ചുകൊടുക്കുന്നതാണ്. മരിക്കുന്നതാണ്. ഇതില്‍ കുറഞ്ഞതു സ്‌നേഹമല്ല.

നാം കര്‍ത്താവിനെ സ്‌നേഹിക്കണം എന്നു പറയുന്നിടത്തും ഇതേ മനോഭാവം പ്രസക്തമാണ്. നമ്മെത്തന്നെ കര്‍ത്താവിനു നല്‍കാത്ത, ജീവന്‍ വച്ചുകൊടുക്കാത്ത, സ്വയത്തിനു മരിക്കാത്ത സ്‌നേഹം യഥാര്‍ത്ഥ സ്‌നേഹമല്ല. ഒരു ക്രിസ്തീയ പാട്ടിന്റെ ഗാനമാധുരിയില്‍ കണ്ണു നനഞ്ഞുപോയതും, പ്രാര്‍ത്ഥിച്ചപ്പോഴുണ്ടായ ഗദ്ഗദവുമല്ല ദൈവത്തോടുള്ള സ്‌നേഹം. തീര്‍ച്ചയായും സ്‌നേഹത്തില്‍ ഇത്തരം വൈകാരികാനുഭൂതികള്‍ ഉണ്ട്. എന്നാല്‍ അതുമാത്രമാണു ദൈവത്തോടുള്ള സ്‌നേഹമായി നമ്മിലുള്ളതെങ്കില്‍ അത് ഒരുതരം ‘സോപ്പുകുമിള സ്‌നേഹ’മാണ്. അതു യഥാര്‍ത്ഥമല്ല. നമ്മുടെ കര്‍ത്താവിനോടുള്ള സ്‌നേഹം അങ്ങനെ മാത്രമാണെങ്കില്‍ നാം കര്‍ത്താവിനെ വാസ്തവത്തില്‍ സ്‌നേഹിക്കുന്നില്ല!

കര്‍ത്താവിനോടുള്ള യഥാര്‍ത്ഥ സ്‌നേഹം ജീവന്‍ നല്‍കുന്ന സ്‌നേഹം മാത്രമാണെന്നു പറയുമ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ പ്രാണനെ വെടിയുന്നതല്ല. കര്‍ത്താവിനോടുള്ള വിശ്വാസത്തെപ്രതി തനിക്കായി രക്തസാക്ഷിയാകാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിച്ചുവെന്നു വരികയില്ല. എന്നാല്‍ എല്ലാവര്‍ക്കും കര്‍ത്താവിനായി സ്വയജീവനെ (self life) വച്ചുകൊടുക്കാന്‍ കഴിയും. അത് ആഴത്തില്‍ ദൈവേഷ്ടത്തിനായി സ്വന്തഇഷ്ടത്തെ യാഗമാക്കുന്നതാണ്. ഇത് എളുപ്പമല്ല. നമ്മുടെ സ്വന്തഇഷ്ടം നമ്മുടെ സ്വത്വത്തിന്റെ (identity) തന്നെ ഭാഗമാണ്. അതു വേണ്ടെന്നു വയ്ക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ നാം ഒരു മരണ വേദന അറിയുകയാണ്. സ്വന്തഇച്ഛയെ പിതാവിന്റെ ഇച്ഛയ്ക്കു മുന്‍പില്‍ അടിയറ വച്ച ഒരു സമയത്ത് യേശു ‘എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു’ എന്നു പറഞ്ഞത് ഓര്‍ക്കുക (മത്തായി 26:38,39). ക്രൂശിന്റെ വഴിയില്‍ സ്വയ ജീവനെ ഈ നിലയില്‍ വച്ചുകൊടുക്കാത്ത (യോഹന്നാന്‍ 12:24,25) ശിഷ്യത്വത്തിന്റെ പാതയില്‍ ദിനംതോറും ക്രൂശെടുത്ത് തന്നെ അനുഗമിക്കാത്ത (ലൂക്കൊ.14:27) സ്‌നേഹം കര്‍ത്താവിനോടുള്ള യഥാര്‍ത്ഥ സ്‌നേഹമല്ലെന്നു വ്യക്തമല്ലേ?

കര്‍ത്താവു സ്വര്‍ഗാരോഹണത്തിനു തൊട്ടുമുന്‍പ് ‘ശക്തി ലഭിച്ചിട്ടു നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകും’ (പ്രവൃ.1:8) എന്നു പറഞ്ഞിടത്തു മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദം വെറും സാക്ഷികള്‍ എന്നല്ല ‘രക്തസാക്ഷികള്‍’ (Martyrs) എന്നാണെന്നു കേട്ടിട്ടുണ്ട്. എല്ലാവര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ രക്തസാക്ഷികളാകാന്‍ കഴിയുകയില്ല. എന്നാല്‍ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ശക്തിയാല്‍ നമുക്കെല്ലാവര്‍ക്കും യെരുശലേമിലും യെഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളം എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ മേഖലയിലും കര്‍ത്താവിന്റെ ‘ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാ’കാന്‍ (living martyrs) കഴിയും. ഇങ്ങനെയൊരു സ്‌നേഹം ഒരുവന്‍ കയ്യാളുന്നില്ലെങ്കില്‍ അവന്‍ യഥാര്‍ത്ഥത്തില്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നില്ലെന്നും 1 കൊരിന്ത്യര്‍ 16:22-ന്റെ അടിസ്ഥാനത്തില്‍ അവന്‍ ശപിക്കപ്പെട്ടവനാണെന്നും പൗലൊസ് പറയുമ്പോള്‍ ഇത് എത്രയോ ഗൗരവമുള്ളകാര്യമാണ്!

പൗലൊസ് എഫെസ്യ ലേഖനം അവസാനിപ്പിക്കുമ്പോള്‍ പതിവുപോലെ ‘കൃപ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ’ എന്നല്ല പറയുന്നത്. മറിച്ച് ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്‌നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ’ എന്നാണ് (6:24). കര്‍ത്താവിനോടു നമുക്ക് ക്ഷയിച്ചു പോകാത്ത സ്‌നേഹം ഉണ്ടായിരിക്കണം എന്ന് ഇവിടെ പറയുമ്പോള്‍ അത് ഒരു മുന്നറിയിപ്പു കൂടിയാണ്–‘സ്‌നേഹം ക്ഷയിച്ചുപോകാന്‍ സാധ്യതയുണ്ട്!’

സമ്പൂര്‍ണ്ണസ്‌നേഹം പൂര്‍ണചന്ദ്രനെപ്പോലെയാണ്. എന്നാല്‍ പൗര്‍ ണമി നാളില്‍ ആകാശത്തു പൂര്‍ണപ്രഭ ചൊരിഞ്ഞു നില്ക്കുന്ന ചന്ദ്രനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാം ശ്രദ്ധിച്ചാല്‍ ഓരോ ദിവസവും അതു ക്ഷയിച്ചു ക്ഷയിച്ചു വരുന്നതു കാണാം. വലുപ്പം കുറഞ്ഞു വരുന്നു. ഒടുവില്‍ അമാവാസി നാളില്‍ ഒട്ടും കാണാനില്ല. പൂര്‍ണ്ണ അന്ധകാരം! പൗലൊസ് നല്‍കുന്ന മുന്നറിയിപ്പ് കര്‍ത്താവിനോടുള്ള നമ്മുടെ സ്‌നേഹം ഇങ്ങനെ ക്ഷയിച്ചുപോകരുതെന്നാണ്.

സ്‌നേഹം നഷ്ടമായേക്കാമെന്ന ഈ മുന്നറിയിപ്പ് നമുക്ക് ആവശ്യമില്ലെന്നാണോ നാം ചിന്തിക്കുന്നത്? എന്നാല്‍ ഓര്‍ക്കുക: ‘ഒട്ടേറെ നന്മകള്‍ ചൂണ്ടിക്കാണിക്കാനുണ്ടായിരുന്ന എഫെസൊസിലെ സഭയ്‌ക്കെതിരെ ഒരു കുറ്റം മാത്രമായിരുന്നു കര്‍ത്താവിനു പറയാനുണ്ടായിരുന്നത്. അതു മറ്റൊന്നല്ല- കര്‍ത്താവിനോടുള്ള ആദ്യസ്‌നേഹം വിട്ടുകളഞ്ഞു! ഇത് ഒരു ദിവസം പൊടുന്നനെ സംഭവിച്ചതാണോ? അല്ല. ഓരോ ദിവസവും സ്‌നേഹം കുറഞ്ഞുവന്നു. ഒടുവില്‍ അനിവാര്യമായതു സംഭവിച്ചു–ആദ്യസ്‌നേഹം കൈമോശം വന്നു!

നമുക്ക് ഇതു സംഭവിക്കാതിരിക്കാന്‍ എന്താണു വഴി? ഉവ്വ് ഒരു വഴിയുണ്ട്. കര്‍ത്താവിന്റെ മുന്‍പാകെ ദിനന്തോറും (Day today basis) ജീവിക്കുക. ഇന്നലത്തെ ആത്മീയനേട്ടം ഇന്നു നമ്മെ സഹായിക്കുകയില്ല. കര്‍ത്താവിനോടുള്ള സ്‌നേഹം ഒരു വൈകാരികാനുഭൂതിയില്‍ ഒതുക്കാതെ സ്വയജീവനെ മരണത്തിന് ഏല്പിക്കുക. ദിനന്തോറും സ്വന്ത ഇഷ്ടത്തിനു മരിക്കുക. ‘എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ’ (ലൂക്കൊ. 9:23). ദൈവസ്‌നേഹത്തിന്റെ ചൂടിനു മുന്‍പില്‍ ഇന്നു നിന്റെ ഹൃദയം വെണ്ണപോലെ ഉരുകിയൊലിക്കുന്നുവെന്നാണോ പ്രശംസ? സൂക്ഷിക്കുക: കഷ്ടിച്ച് 24 മണിക്കൂര്‍ മതി പാപത്തിന്റെ ചതിയാല്‍ കഠിനപ്പെട്ട് അത് അവിശ്വാസമുള്ള ദുഷ്ടഹൃദയമായി മാറാം. അതുകൊണ്ട് ‘ഇന്ന്’ എന്നു പറയുന്നേടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിച്ചുകൊള്‍വിന്‍. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളുക (എബ്രാ.3:12-14, 4:7). കര്‍ത്താവിനോടുള്ള സ്‌നേഹം ഒരുനാളും ഉതിര്‍ന്നുപോകാതിരിക്കട്ടെ.

ഇതുവരെ ചിന്തിച്ച കാര്യങ്ങളെ സംക്ഷേപിക്കുമ്പോള്‍ ഒരുവാക്ക് നമ്മുടെ ഹൃദയപ്പലകയില്‍ വളരെ വലിയ അക്ഷരത്തില്‍ ഒന്നു കോറിയിട്ടിരുന്നെങ്കില്‍!
ആ വാക്ക് മറ്റൊന്നല്ല–അനാഥെമാ.

അധ്യായം 3 :
രണ്ട് യജമാനന്മാരെ സേവിക്കുകയോ?

നിരക്ഷരയായ ഒരു സ്ത്രീയോട് ഒരാള്‍ ചോദിച്ചു: ”നിന്റെ വീട് ഈ വഴിയുടെ ഏതു വശത്താണ്? വലതു വശത്തോ ഇടതുവശത്തോ?”

അല്പനേരം ആലോചിച്ചിട്ട് അവള്‍ ഇങ്ങനെ മറുപടി പറഞ്ഞു: ”എന്റെ വീട് വഴിയുടെ രണ്ടു വശത്തുമാണ്.”

മറുപടി കേട്ട ആള്‍ അത്ഭുതസ്തബ്ധനായി. അതെങ്ങനെയാണ് ശരിയാവുക? ഇവള്‍ തന്നെ കളിയാക്കുകയാണോ? അദ്ദേഹം ക്ഷുഭിതനായി ചോദിച്ചു: ”അതെങ്ങനെ? ഒരു വീടിന് ഒരേ സമയത്തു വഴിയുടെ ഇരു വശത്തും സ്ഥിതിചെയ്യാന്‍ കഴിയുമോ? നീ എന്തു വിഡ്ഢിത്തമാണു പറയുന്നത്.”

അവളുടെ നിഷ്‌കളങ്കമായ മറുപടി ഇങ്ങനെ: ”അതു സാറേ, ഞാനീ വഴിയിലൂടെ അങ്ങോട്ടുപോകുമ്പോള്‍ വീട് വഴിയുടെ വലതുവശത്താണ്. ഇങ്ങോട്ടു വരുമ്പോള്‍ ഇടതു വശത്തും. അതുകൊണ്ടാ ഞാന്‍ പറഞ്ഞതു വീടു വഴിയുടെ രണ്ടു വശത്തുമാണെന്ന്. ഞാന്‍ പറഞ്ഞതു ശരിയല്ലേ സാറേ?”

കഥ ഇവിടെ അവസാനിക്കുന്നു; നമുക്കു കാര്യത്തിലേക്കു വരാം. യേശുക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന് ഇന്ന് അവകാശപ്പെടുന്ന വിശ്വാസികളില്‍ പലരും ഈ സ്ത്രീയെപ്പോലെയാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ പിണങ്ങുമോ? ഒരേ സമയം വഴിയുടെ രണ്ടു വശത്തും ആയിരിക്കുന്നതില്‍ അവര്‍ തെറ്റൊന്നും കാണുന്നില്ല. എന്നു തന്നെയല്ല അങ്ങനെയല്ലേ വേണ്ടതെന്നും അവര്‍ ചോദിക്കുന്നു.

എന്നാല്‍ ദൈവവചനം നിലപാടുകളുടെ കാര്യത്തില്‍ ഇത്രയും വിശാലതയുള്ളതല്ല. മറിച്ച് അല്പം ‘സങ്കുചിത’മാണ്. ഒരു കൈകൊണ്ട് ദൈവത്തെയും മറുകൈകൊണ്ടു ലോകത്തെയും പിടിച്ചുകൊണ്ടു മുന്നോട്ടുപോകുന്ന ഹൃദയവിശാലതയോ ദൈവത്തോടും ലോകത്തോടും സമദൂരം പാലിക്കുന്ന നിഷ്പക്ഷതയോ ഒന്നും ദൈവവചനം വിഭാവനം ചെയ്യുന്നില്ല.

ഇതു സംബന്ധിച്ച് യേശു പറഞ്ഞു: ”രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യനും കഴികയില്ല” (ലൂക്കൊ. 16:13). യോഹന്നാന്‍ അപ്പൊസ്തലന്‍ വ്യക്തമാക്കി: ‘ഒരുവന്‍ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്റെ സ്‌നേഹം ഇല്ല’ (1 യോഹന്നാന്‍ 2:15) നേരിയ സംശയത്തിനുപോലും ഇടനല്‍കാതെ യാക്കോബ് പ്രഖ്യാപിക്കുന്നു: ‘ലോകത്തിന്റെ സ്‌നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു’ (4:4). അപ്പൊസ്തലനായ പൗലൊസ് സ്വന്തം നിലപാടു വിശദീകരിക്കുന്നു: ‘ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല'(ഗലാത്യ.1:10). ഇവിടെ ഒന്നും ഒരു ‘നിഷ്പക്ഷ മേഖല’ നാം കാണുന്നില്ല. ഒന്നുകില്‍ അവിടെ. അല്ലെങ്കില്‍ ഇവിടെ. ഒരേ സമയം രണ്ടു വശത്തും നില്ക്കുക – അങ്ങനെയൊരു ഒത്തുതീര്‍പ്പ് ദൈവവചനത്തിലില്ല. ഒരേസമയം ദൈവത്തെയും മനുഷ്യരെയും പ്രസാദിപ്പിക്കുവാനോ രണ്ടു യജമാനന്മാരെ സേവിപ്പാനോ ദൈവത്തിന്റെയും ലോകത്തിന്റെയും സ്‌നേഹിതനാകുവാനോ യഥാര്‍ത്ഥ ക്രിസ്ത്യാനിക്കു കഴിയുകയില്ലെന്നു ദൈവവചനം അസന്നിഗ്ദ്ധമായാണു പ്രഖ്യാപിക്കുന്നത്. ദൈവവചനത്തിന്റെ ആദ്യവാക്യങ്ങളില്‍ തന്നെ ദൈവം ചെയ്യുന്ന ഒരു പ്രവൃത്തി നാം ഇങ്ങനെ വായിക്കുന്നു: ”ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍പിരിച്ചു” (ഉല്‍പ.1:4). എങ്കില്‍ നമുക്ക് ഇങ്ങനെ പറയാം: ദൈവം വേര്‍പിരിച്ചതിനെ ഇന്നു മനുഷ്യന്‍ യോജിപ്പിക്കരുത്.

തമ്മില്‍ യോജിക്കുന്നതല്ല ഇരുളും വെളിച്ചവും. ദൈവത്തിന് ഇക്കാര്യം എത്രയും വ്യക്തമാണ്. അല്ലെങ്കില്‍, യേശുവിന്റെ വചനം (ലൂക്കൊസ് 16:13) നാം നേരത്തെ ഉദ്ധരിച്ചതു മുഴുവനായി നോക്കുക: ”രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യനും കഴികയില്ല. അവന്‍ ഒരുവനെ പകെച്ചു മറ്റവനെ സ്‌നേഹിക്കും. അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും. നിങ്ങള്‍ക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാന്‍ കഴിയുകയില്ല.”

‘മാമ്മോന്‍’ എന്നത് ഒരു അരാമ്യ വാക്കാണ്. അതു ധനത്തെ, സമ്പന്നതയെ, പണത്തെ കുറിക്കുന്നു. ഇവിടെ കര്‍ത്താവു ധനത്തിന്, പണത്തിന് ഒരു വ്യക്തിത്വം ആരോപിക്കുകയാണ്. അത് ഒരു യജമാനനെപ്പോലെ തന്റെ അടിമയായ ദാസന്റെ മേല്‍ കര്‍ത്തൃത്വം നടത്തും. എത്രയോ വാസ്തവമാണിത്! ഇന്നു പണം എന്ന യജമാനനെ സേവിക്കുന്നവരെ നോക്കുക: പണത്തോടുള്ള ആശയ്ക്ക് ഒരിക്കലും മതി വരുന്നില്ല. ധനാശ ഒരു കടല്‍ക്കിഴവനെപ്പോലെ അവരുടെ തോളില്‍ കയറിയിരുന്ന് അവരെ ഭരിക്കുകയും നിയന്ത്രിക്കുകയും ഞെരുക്കുകയുമാണ്!

ഈ മാമ്മോനെയും ദൈവത്തെയും ഒന്നിച്ചു സേവിക്കാന്‍ ആര്‍ക്കും കഴിയുകയില്ലെന്നു കര്‍ത്താവു ഖണ്ഡിതമായി ഇവിടെ പറഞ്ഞിരിക്കുകയാണ്. എന്നിട്ടും ഇന്നു ക്രിസ്തീയലോകത്തു പലരും കരുതുന്നതു രണ്ടിനേയും ഒരേ സമയം സേവിക്കാമെന്നാണ്! ഇല്ല. സാധ്യമല്ല. ക്രമേണ നിങ്ങള്‍ ഒരു യജമാനനെ തള്ളിക്കളഞ്ഞ് മറ്റവനെ സ്‌നേഹിക്കുകയും അവനോടു പറ്റിച്ചേരുകയും അവനെ മാത്രം സേവിക്കുകയും ചെയ്യും. ഇതൊരു പ്രകൃതിനിയമം പോലെ കൃത്യമായി നടക്കുമെന്നു കര്‍ത്താവു പറയുന്നു. എങ്കില്‍, ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതു നാം മാമ്മോനെന്ന യജമാനനെ പകെച്ച് ദൈവത്തെ മാത്രം സ്‌നേഹിച്ച് ദൈവത്തോടു മാത്രം പറ്റിച്ചേര്‍ന്ന് അവിടുത്തെ മാത്രം സേവിക്കണമെന്നാണ്.

ഇവിടെ ഒരു സംശയം വരാം. പണത്തെ പകെച്ചാല്‍, നാം ഈ ലോകത്ത് എങ്ങനെ ജീവിക്കും? ഈ ചോദ്യത്തിന്റെ മറുപടി കര്‍ത്താവു തന്നെ പറഞ്ഞിട്ടുണ്ട്. മത്തായി സുവിശേഷത്തില്‍ ഇതേ കാര്യം പറയുന്നിടത്താണത്. ‘…നിങ്ങള്‍ക്ക് ദൈവത്തെയും മാമ്മോനെയും സേവിപ്പാന്‍ കഴികയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നത് എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്’ (മത്തായി 6:24-34). ഇവിടെ 24 മുതല്‍ 34 വരെയുള്ള വാക്യങ്ങളില്‍ മൂന്നു വട്ടമാണു കര്‍ത്താവു മാമ്മോനെ പകെച്ചു തന്നെ സ്‌നേഹിക്കാന്‍ തയ്യാറാകുന്ന ഒരുവനോട് ”വിചാരപ്പെടരുത്” എന്നു പറഞ്ഞിരിക്കുന്നത് (6:25, 31, 34 വാക്യങ്ങള്‍ നോക്കുക). ഒരു ലേലം ‘ഒരു തരം രണ്ടു തരം മൂന്നു തരം’ എന്നു പറഞ്ഞ് ഉറപ്പിക്കുന്നതുപോലെയാണ് കര്‍ത്താവ് ഇവിടെ ധനാശ ഉപേക്ഷിക്കാന്‍ മടിച്ചു നില്ക്കുന്ന ഒരു വിശ്വാസിയെ ‘വിചാരപ്പെടരുതെ’ന്നു മൂന്നു വട്ടം പറഞ്ഞു ധൈര്യപ്പെടുത്തുന്നത്. ഉവ്വ്, മുമ്പെ അവിടുത്തെ രാജ്യവും നീതിയും അന്വേഷിച്ചാല്‍ അതോടുകൂടെ ഈ ജീവിതത്തില്‍ വേണ്ടതൊക്കെയും (ആഗ്രഹിക്കുന്നതൊക്കെയും എന്നല്ല) അവിടുന്ന് കൂട്ടിച്ചേര്‍ക്കും എന്ന വാഗ്ദാനവും ഈ ഭാഗത്താണു നല്‍കിയിരിക്കുന്നത് (6:33).

ദൈവത്തില്‍ നിന്നുതന്നെ ഈ വാഗ്ദാനങ്ങളൊക്കെ കേട്ടാലും അതു വിശ്വാസമായി പരിണമിച്ചാല്‍ മാത്രമേ മാമ്മോനെ സ്‌നേഹിക്കുന്നതിനെതിരെ നിലപാടെടുക്കാന്‍ കഴിയൂ. വാസ്തവത്തില്‍ നാം എന്തു വിശ്വസിക്കുവാന്‍ ഇച്ഛിക്കുന്നുവോ അതു മാത്രമേ നമുക്കു വിശ്വസിക്കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ കര്‍ത്താവ് മാമ്മോനെ സ്‌നേഹിക്കാതെ ദൈവത്തെ മാത്രം സേവിക്കാന്‍ കഴിയുമെന്നു പറഞ്ഞപ്പോള്‍ തന്റെ വാക്കുകള്‍ കേട്ട പരീശന്മാര്‍ക്ക് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: ”…ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ കേട്ട് അവനെ പരിഹസിച്ചു” (ലൂക്കൊ. 16:14). (ഇന്നും ഇങ്ങനെ തന്നെയാണ്). എന്നാല്‍ ഇതുകൊണ്ടൊന്നും യേശു തന്റെ നിലപാട് മാറ്റിയില്ല. അവിടുന്ന് തുടര്‍ന്ന് അവരോട് അതു കൂടുതല്‍ ഉറപ്പിച്ചു പറഞ്ഞു: ‘മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു ദൈവത്തിന്റെ മുന്‍പാകെ അറെപ്പത്രേ’ (16:15).

ഇവിടെ ഈ ലോകത്തു മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു പലതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ലോകം അതിന്റെ മൂല്യബോധത്തെ ക്രമീകരിച്ചിരിക്കുന്നത്. ഈ മൂല്യങ്ങള്‍ക്കനുസരിച്ചു നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനെയാണു ലോകം വിജയം (Success) എന്നു വിളിക്കുന്നത്. പണവും അംഗീകാരങ്ങളും ലോകമാനവും ഇതിലെ പ്രധാന ഘടകങ്ങളാണ്. എന്നാല്‍ ലോകം ഉന്നതമായി കരുതുന്ന ഈ കാര്യങ്ങള്‍ ദൈവത്തിന്റെ മുന്‍പാകെ അറെപ്പാണ് (abomination) എന്നു യേശു പറഞ്ഞു. ഈ ലോകത്തിന്റെ മൂല്യങ്ങള്‍ക്കു കടകവിരുദ്ധമായ ദൈവാശ്രയത്വത്തില്‍ മാത്രം അധിഷ്ഠിതമായ ഒരു നിലപാടാണു യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. സ്വന്തജീവിതത്തില്‍ ഈ ദൈവികമൂല്യങ്ങള്‍ ഒന്നാമതു യേശു പ്രാവര്‍ത്തികമാക്കി. ആ നിലയില്‍ ജീവിക്കാന്‍ തന്റെ ശിഷ്യന്മാരെയും ഉദ്‌ബോധിപ്പിച്ചു. ഈ ജീവിതവീക്ഷണത്തെ സിസ്റ്റര്‍ ഇവ ഫ്രൈഡന്‍ ഷോര്‍ട്ട് ‘എന്റെ രാജ്യം ഐഹികമല്ല’ എന്ന തന്റെ ലേഖനത്തില്‍ മനോഹരമായി വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ”സമ്പത്തിനു പകരം ദാരിദ്ര്യം, ലാഭത്തിനു പകരം നഷ്ടം, സ്വേച്ഛാപ്രവണതയ്ക്കു പകരം സൗമ്യത, ഭരിക്കുന്നതിനു പകരം സേവനം, ഉല്ലാസത്തിനു പകരം കഷ്ടത, മിത്രത്തിനെന്നപോലെ ശത്രുവിനു വേണ്ടിയും ജീവന്‍ വച്ചുകൊടുക്കല്‍- ഇതൊക്കെയാണ് ഈ ജീവിത പ്രമാണത്തിന്റെ പ്രായോഗികമായ അര്‍ത്ഥം. ഒരു ശിഷ്യനോട് മറ്റൊരാള്‍ അയാളുടെ ഉടുപ്പ് ആവശ്യപ്പെട്ടാല്‍ പുതപ്പും കൂടി ആ ശിഷ്യന്‍ വിട്ടുകൊടുക്കും. ഒരു മൈല്‍ ദൂരം തന്നോടൊപ്പം പോകുവാനാവശ്യപ്പെട്ടാല്‍ രണ്ടുമൈല്‍ കൂടെപ്പോകും.”

ലോകത്തെ ഭരിക്കുന്ന പ്രമാണത്തിനു നേരെ എതിരായ ഈ പുതിയ പ്രമാണം പ്രാവര്‍ത്തികമാക്കുന്ന സമൂഹത്തെ സൃഷ്ടിക്കുവാന്‍ വേണ്ടിയാണ് പെന്തക്കോസ്തുനാളില്‍ പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേല്‍ ഇറങ്ങിവന്നത്. സഭ എന്ന ഈ പുതിയ സമൂഹം ഈ പ്രമാണത്തിനനുസരിച്ചു ജീവിതവീക്ഷണത്തെ ക്രമീകരിച്ചു. എന്നാല്‍ ഒന്നാം നൂറ്റാണ്ടിലെ സഭയില്‍ തന്നെ, ഈ ലോകത്തിന്റെ പണം, മാനം തുടങ്ങിയ മൂല്യങ്ങളെ ഒരു കൈകൊണ്ടും സ്വര്‍ഗ്ഗരാജ്യത്തിലെ നിക്ഷേപങ്ങളെ മറുകൈകൊണ്ടും പിടിക്കുവാന്‍ ശ്രമിച്ച ചില ഒറ്റപ്പെട്ട വ്യക്തികളുണ്ടായിരുന്നു. അനന്യാസ്-സഫീറ ദമ്പതികള്‍ (പ്രവൃത്തി 5:1-10), ശമര്യപട്ടണത്തിലെ ശിമോന്‍ (പ്രവൃ.8:18,19), ദേമാസ് (2തിമൊ.4:10) എന്നിവരെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ അപ്പൊസ്തലന്മാര്‍ക്കു യേശുവിന്റെ ജീവിതമാതൃകയും അവിടുന്നു കൊണ്ടുവന്ന ദൈവരാജ്യത്തിന്റെ മൂല്യങ്ങളും എത്രയും വ്യക്തമായിരുന്നതുകൊണ്ട് ഈ പ്രവണതയെ മുളയിലെ നുള്ളുവാന്‍ കഴിഞ്ഞു.

ഇന്നോ? ഇന്നു യേശുവിന്റെ മാര്‍ഗ്ഗത്തിലേക്ക് ഈ ലോകത്തിന്റെ മൂല്യവും അതിന്റെ പ്രമാണവും നുഴഞ്ഞുവന്നിരിക്കുന്നു. അവര്‍ ഒരു വശത്തു യേശുവിനെ വാഴ്ത്തിപ്പാടുകയും അവിടുത്തെ താഴ്മയെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഈ ലോകത്തിലെ അഭികാമ്യമായ കാര്യങ്ങളില്‍ തങ്ങള്‍ക്കുള്ള പങ്കും അവകാശവും നഷ്ടമാക്കാതെ ഈ ലോകത്തു നേട്ടങ്ങള്‍ കയ്യടക്കുവാനുള്ള നെട്ടോട്ടത്തിലാണ്. മാത്രമല്ല, ദൈവഭക്തിയുടെ മാര്‍ഗ്ഗത്തെ തന്നെ ആദായസൂത്രമാക്കി ചിലര്‍ മാറ്റിയിരിക്കുന്നു. പുതിയ ‘ഇക്കണോമിസ്റ്റ്’ വാരികയില്‍ (2017 നവംബര്‍ 4 ലക്കം) ക്രിസ്തീയ ലോകത്തെ പുതിയ പ്രവണതകളെപ്പറ്റി പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍നിന്ന് ഉദ്ധരിക്കട്ടെ: ”യുഎസില്‍ നിന്ന് അടുത്തകാലത്ത് ഇറക്കുമതി ചെയ്ത സമൃദ്ധിയുടെ സുവിശേഷം പണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. പല പുതിയ തലമുറ പാസ്റ്റര്‍മാരും തങ്ങളുടെ ജനങ്ങളോട് അവര്‍ പാവപ്പെട്ടവരായിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ലെന്നു തുറന്നു പറയുന്നു. ആഫ്രിക്കയില്‍ പല സഭകളും ‘ഈ ലോകത്തിലെ വിജയ’ത്തിനാണ് ഊന്നല്‍ നല്‍കുന്നത്. നൈജീരിയയില്‍ ‘വിക്ടറി ബൈബിള്‍ ചര്‍ച്ച്’ എന്നിങ്ങനെയുള്ള പേരില്‍ അറിയപ്പെടുന്ന കൂട്ടങ്ങള്‍ ‘വിജയം എന്റെ ജന്മാവകാശമാണ്’ എന്നൊക്കെയുള്ള വലിയ ബാനറുകള്‍ തൂക്കുന്നു! നൈജീരിയയില്‍ ഏറ്റവും പ്രശസ്തനായ പാസ്റ്റര്‍ (അദ്ദേഹത്തിന്റെ സഭയിലാണു രാജ്യ ത്തെ പ്രസിഡന്റും സംബന്ധിക്കുന്നത്) ക്രിസ്ത്യാനികള്‍ തീര്‍ച്ചയായും ധനികരായി മാറണമെന്നു പ്രസംഗിക്കുന്നു. ഇത്തരം പ്രസംഗകര്‍ ‘വിത്തുകള്‍ വിതയ്ക്കുന്നത്’ (സഭയ്ക്കു പണം കൊടുക്കുന്നത്) വലിയ പണത്തിന്റെ കൊയ്ത്തു കയ്യാളാനുള്ള മാര്‍ഗ്ഗമായി സഭാജനങ്ങളെ ഉപദേശിക്കുന്നു. പണം ലഭിക്കുന്നതു ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണെന്നു അവര്‍ പ്രഘോഷിക്കുന്നു. ഏതായാലും നൈജീരിയയിലെ നേരത്തെ പറഞ്ഞ പ്രശസ്തനായ പ്രസംഗകനെ ദൈവം വളരെ സ്‌നേഹിക്കുന്നുണ്ടെന്നുള്ളതിനു സംശയമില്ല. കാരണം അദ്ദേഹത്തിന് കോടിക്കണക്കിനു ഡോളറിന്റെ സ്വത്തും സ്വന്തമായി നാലു സ്വകാര്യവിമാനങ്ങളുമുണ്ട്.”

കാര്യങ്ങള്‍ എത്ര മാറിപ്പോയിരിക്കുന്നു! രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യനും കഴിയുകയില്ലെന്നു യേശു പറഞ്ഞു. എന്നാല്‍ ഒരേ സമയം രണ്ടു യജമാനന്മാരെ സേവിക്കാന്‍ കഴിയുമെന്ന് ഇന്നത്തെ മേല്പറഞ്ഞ വിശ്വാസലോകം കണ്ടെത്തിയിരിക്കുന്നു! അതില്‍ ഒരു തെറ്റും ഇല്ലെന്നു സ്ഥാപിക്കാന്‍ അതിനെ പിന്തുണയ്ക്കുന്ന, ഈ കാലഘട്ടത്തിനു യോജിച്ച, ഒരു ദൈവശാസ്ത്രത്തിനു രൂപം നല്‍കുകയും ചെയ്തിരിക്കുന്നു! ഈ ലോകം അവര്‍ക്ക് എത്രയും യോഗ്യം (worthy) ആയിത്തീര്‍ന്നിരിക്കുന്നു!

എന്നാല്‍ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത് ‘ലോകം അവര്‍ക്കു യോഗ്യമായിരുന്നില്ല’ എന്നാണ് (എബ്രായര്‍ 11:38). അവര്‍ ഈ ലോകത്തു ഭേദ്യമേറ്റു. പരിഹാസം, ചമ്മട്ടി, ചങ്ങല, തടവ് എന്നിവ അനുഭവിച്ചു… ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു. കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു. അതെ, ലോകം അവര്‍ക്കു യോഗ്യമായിരുന്നില്ല (36-38). എന്നാല്‍ അവരെ സംബന്ധിച്ചു വളരെ അനുഗൃഹീതമായ ഒരു കാര്യം തൊട്ടടുത്ത വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു: ”അവര്‍ എല്ലാവരും വിശ്വാസത്താല്‍ സാക്ഷ്യം പ്രാപിച്ചു” (39). അവര്‍ യഥാര്‍ത്ഥ വഴിയിലാണു നടന്നതെന്ന ദൈവത്തിന്റെ സാക്ഷ്യം അവര്‍ക്കു ലഭിച്ചു. അതു ലഭിച്ചതോ? അവരുടെ വിശ്വാസം മൂലവും.

ഉവ്വ്, ഈ വഴിയില്‍ നടക്കാന്‍ യഥാര്‍ത്ഥ വിശ്വാസം വേണം. വിശ്വാസം എന്നതു ‘കാണാത്ത കാര്യങ്ങളുടെ നിശ്ചയ’മാണല്ലോ(11:1). ഈ ലോകത്തിലെ കാണുന്ന കാര്യങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല അവരുടെ വിശ്വാസം. ഈ ലോകത്തു ദൃശ്യമായതോ ഇവിടെ അംഗീകാരം ലഭിച്ചതോ ആയിരുന്നില്ല അവരുടെ വിശ്വാസം. പക്ഷേ ആ വിശ്വാസത്തിനു ദൈവത്തിന്റെ സാക്ഷ്യം ലഭിച്ചു. അതു പോരേ?

ഇന്ന് ഈ ലോകത്തു പണവും നേട്ടവും ദൈവം സ്‌നേഹിക്കുന്നതിന്റെ തെളിവാണെന്ന് പ്രഘോഷിക്കുന്ന സമൃദ്ധിയുടെ പ്രസംഗകരും ഇതെല്ലാം തങ്ങള്‍ക്കു ലഭ്യമായതു വിശ്വാസത്താലാണെന്നാണല്ലോ അവകാശപ്പെടുന്നത്? ഇത് എന്തു വിശ്വാസമാണ്? വിശ്വാസത്താല്‍ കാറ്, വീട് പോലുള്ള ചില ഭൗതിക വസ്തുക്കളും ഈ ലോകത്തിലെ നേട്ടങ്ങളും സ്വപ്നം കാണണമെന്നും അവകാശപ്പെടണമെന്നും കൃത്യസമയത്ത് അതു ലഭ്യമാകുമെന്നും അവര്‍ പഠിപ്പിക്കുമ്പോള്‍ ധാരാളംപേര്‍ അതിന്റെ പിന്നാലെയാണ്. തീര്‍ച്ചയായും മുന്‍പേ അവിടുത്തെ രാജ്യവും നീതിയും അന്വേഷിച്ചാല്‍ ഈ ലോകജീവിതത്തില്‍ നമുക്ക് ആവശ്യമായതു കൂട്ടിച്ചേര്‍ക്കപ്പെടും എന്നതു ദൈവത്തിന്റെ വാഗ്ദാനമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഈ ലോകത്തിലെ ഭൗതികകാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ദുരാഗ്രഹങ്ങളും അത്യാഗ്രഹങ്ങളും നേടിയെടുക്കാനുള്ള ഒരു മാര്‍ഗ്ഗമായി വിശ്വാസത്തെ ചിത്രീകരിക്കുമ്പോള്‍ ആ വിശ്വാസത്തിന് എവിടെയോ എന്തോ ഒരു തകരാറുണ്ടെന്നതു വ്യക്തമല്ലേ?

വിശ്വാസത്തിന്റെ അദ്ധ്യായമായ എബ്രായര്‍ 11-ല്‍ വിവരിക്കുന്ന വിശ്വാസവീരന്മാരെക്കുറിച്ചെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് എന്താണ്? അവര്‍ ‘എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടവരും കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ടു ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നവരും ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുകൊണ്ടു വിശ്വാസത്തില്‍ മരിച്ചവരും’ എന്നാണല്ലോ. അവര്‍ ദൈവജനത്തോടുകൂടി കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുക്കുകയും മിസ്രയേമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കുകയും ചെയ്തുവല്ലോ. അവര്‍ ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യമേറ്റവരും സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്ത നിവൃത്തി പ്രാപിക്കാതിരുന്നവരുമാണല്ലോ. തുടര്‍ന്ന് 12-ാം അധ്യായത്തില്‍ വിശ്വാസത്തിന്റെ നായകനായ യേശുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതും അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു എന്നാണെന്നതു ശ്രദ്ധിക്കുക. വിശ്വാസത്തിന്റെ നായകനായ അവിടുന്ന് വിശ്വാസത്താല്‍ ക്രൂശില്‍ നിന്നു വിടുതല്‍ നേടി എന്നല്ല എഴുതിയിരിക്കുന്നത്!

ഈ ലോകത്തിന്റെ പ്രമാണത്താല്‍ സ്വാധീനിക്കപ്പെട്ട ഇന്നത്തെ വിശ്വാസലോകം കഷ്ടങ്ങളില്‍ നിന്നുള്ള വിടുതലിലും ദൃശ്യമായ ചില കാര്യങ്ങള്‍ കയ്യടക്കുന്നതിലും ഈ ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിലും ‘വിശ്വാസത്തിന്റെ വിജയം’ കാണുന്നു. എന്നാല്‍ എബ്രായര്‍ 11-ലെ വിശ്വാസവീരന്മാര്‍ തങ്ങളുടെ ജീവിതം കൊണ്ട് ഉദ്‌ഘോഷിക്കുന്ന യഥാര്‍ത്ഥ വിശ്വാസം കാണാത്ത കാര്യങ്ങളിലുള്ള നിശ്ചയത്താല്‍ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കുന്നതായിരുന്നു. ഈ വിശ്വാസത്തിന്റെ വഴി ഈ ലോകത്തിനോ ലോകത്തിന്റെ മൂല്യങ്ങള്‍ക്കൊപ്പം വിശ്വാസത്തെ വ്യാഖ്യാനിക്കുന്ന ഇരുതോണിയില്‍ കാലുവയ്ക്കുന്ന ഇന്നത്തെ വിശ്വാസലോകത്തിനോ ഉള്‍ക്കൊള്ളാനാവുകയില്ല. അവര്‍ക്കു മനസ്സിലാകാത്ത യഥാര്‍ത്ഥ വിശ്വാസത്തിന്റെ അദൃശ്യമായ ഒരു സമാന്തര പാതയാണിത്. എന്നാല്‍ ഇതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ (മത്തായി 7:14).

പൗലൊസിന്റെ വാക്കുകളോടെ ഈ ചിന്തയ്ക്ക് അടിവരയിടാമെന്നു തോന്നുന്നു: ”തൃപ്തിയോടുകൂടിയ ദൈവഭക്തിയാണു വലിയ ആദായം. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടു വന്നിട്ടില്ല. ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകാന്‍ കഴിയുന്നതുമല്ല… ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു. നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൗമ്യത എന്നിവ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോര്‍ പൊരുതുക. നിത്യജീവനെ പിടിച്ചുകൊള്‍ക” (1 തിമൊ. 6:6-12). ആമേന്‍.

അധ്യായം 4 :
ധൂര്‍ത്തപുത്രന്റെ മടങ്ങിവരവ്


ദൈവം സ്‌നേഹമാണെന്നു പറഞ്ഞതു ‘സ്‌നേഹത്തിന്റെ അപ്പൊ സ്തല’നാണ്. തന്റെ ആദ്യ ലേഖനത്തില്‍ രണ്ടിടത്ത് യോഹന്നാന്‍ ദൈവത്തെ അങ്ങനെ പരിചയപ്പെടുത്തി ( 4:8,19). – ‘ദൈവം സ്‌നേഹം തന്നെ.’

‘സ്‌നേഹം ദൈവ’മാണെന്നല്ല മറിച്ച് ‘ദൈവം സ്‌നേഹ’മാണെന്നാ ണു യോഹന്നാന്‍ പറഞ്ഞത്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. സൂര്യന്‍ വെളിച്ചമാണ്. എന്നാല്‍ എല്ലാ വെളിച്ചവും സൂര്യനല്ല. ഇതുപോലെ ഇന്നു കാണുന്ന എല്ലാ സ്‌നേഹവും ദൈവമല്ല. എന്നാല്‍ ദൈവം യഥാര്‍ത്ഥ സ്‌നേഹമാണ്.

ദൈവം സ്‌നേഹം തന്നെ (God in love) – ഒരു കൊച്ചുവാക്യം. എന്നാല്‍ ആ ആശയത്തിന്റെ ആഴവും പരപ്പുമോ?. സത്യത്തില്‍ ജീവിതം ധന്യമാകാന്‍ ഈ ഒരറിവ് ധാരാളം. ജീവിതത്തില്‍ വലിയൊരു സുരക്ഷിതത്വം കൈവരും . ആകുലചിന്തകള്‍ മാറിപ്പോകും. മറ്റുള്ളവരെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും ഇല്ലാതെയാകും. ഉവ്വ്, ദൈവം സ്‌നേഹം തന്നെ.

നദിക്ക് ഒഴുകാതിരിക്കാനാവില്ല എന്നു പറയുന്നതുപോലെ സ്‌നേഹത്തിനു പകരപ്പെടാതിരിക്കാന്‍ സാധ്യമല്ല. സ്‌നേഹമാണോ? അതു പകരപ്പെടും; പ്രദര്‍ശിക്കപ്പെടും. ദൈവസ്‌നേഹവും അങ്ങനെയെന്നു യോഹന്നാന്‍ തന്നെ പറഞ്ഞിട്ടുണ്ട്: ‘തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു’ (യോഹ. 3:16). ദൈവം ലോകത്തെ സ്‌നേഹിച്ചു. അതെങ്ങനെയാണു പ്രദര്‍ശിക്കപ്പെട്ടത്?. പുത്രനെ നല്‍കിക്കൊണ്ട്. ഇക്കാര്യം യോഹന്നാന്‍ തന്റെ ലേഖനത്തില്‍ കൂടുതല്‍ സ്പഷ്ടമാക്കിയിട്ടുണ്ട്: ”ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിനു ലോകത്തിലേക്ക് അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിനു നമ്മോടുള്ള സ്‌നേഹം പ്രത്യക്ഷമായി” (1 യോഹ.4:9). അതെ, ദൈവം സ്‌നേഹമാണ്. ആ സ്‌നേഹം മാനവരാശിക്കായി പ്രദര്‍ശിപ്പിക്കപ്പെടുകയും പകരപ്പെടുകയും ചെയ്തിരിക്കുന്നു.

പകരപ്പെടുന്ന ഈ ദൈവസ്‌നേഹത്തെ യേശു മനോഹരമായ ഒരു കൊച്ചു കഥയിലൂടെ വരച്ചു കാട്ടിയിട്ടുണ്ട്. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തെ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്നു സംബോധന ചെയ്യാന്‍ ശിഷ്യന്മാരെ പഠിപ്പിച്ച യേശു ദൈവത്തെ പ്രതിനിധാനം ചെയ്യാന്‍ ഇവിടെയും ഒരു പിതൃസങ്കല്പമാണു കടമെടുക്കുന്നത്. രണ്ടു മക്കളുള്ള ഒരു പിതാവ്. അദ്ദേഹം മക്കളെ ഇരുവരേയും ഒരുപോലെ സ്‌നേഹിക്കുന്നു. എന്നാല്‍ ഇളയമകന്‍ ഒരു ധൂര്‍ത്ത പുത്രനായിരുന്നു. അവന്‍ അപ്പനോട് സ്വത്തിലെ തന്റെ വീതം ആവശ്യപ്പെട്ടു. അപ്പന്‍ അതു നല്‍കിയപ്പോള്‍ അവന്‍ അതു ധൂര്‍ത്തടിച്ച് ദുര്‍വൃത്തനായി ജീവിച്ചു. ഒടുവില്‍ പണവും സ്‌നേഹിതരും നഷ്ടപ്പെട്ട അവന്‍ അന്യദേശത്ത് ഒരു ധനികന്റെ പന്നികളെ മേയിച്ച് കാലം കഴിക്കുന്നു. എന്നാല്‍ ഭക്ഷണത്തിനും മുട്ടുവന്നപ്പോള്‍ അവനു സുബോധം വന്നു. അവന്‍ അനുതാപത്തോടെ അപ്പന്റെ വീട്ടിലേക്കു മടങ്ങിവന്നു. സ്‌നേഹവാനായ അപ്പന്‍ അവനെ വീണ്ടും മകനായി സ്വീകരിച്ചു. നഷ്ടപ്പെട്ട മകനെ മടക്കികിട്ടിയതില്‍ ആഹ്ലാദിച്ചു വിരുന്നൊരുക്കുന്നു. ഇതിനിടെ, വയലില്‍ നിന്നു വീട്ടിലേക്കു വന്ന മൂത്തപുത്രന്‍ ഇളയവനെക്കുറിച്ചു പറഞ്ഞ കുറ്റപ്പെടുത്തലിന്റെ വാക്കുകള്‍ അപ്പന്‍ ഗൗനിക്കുന്നില്ല. അവനെയും സാന്ത്വനപ്പെടുത്തി വീടിന്റെ സന്തോഷത്തില്‍ പങ്കാളിയാകുവാന്‍ ക്ഷണിക്കുന്നിടത്തു കഥ അവസാനിക്കുകയാണ് (ലൂക്കൊസ് 15:11-32).

‘മുടിയന്‍ പുത്രന്റെ കഥ’ എന്നറിയപ്പെടുന്ന ഈ ഉപമ രണ്ടു കാര്യങ്ങളുടെ-മടങ്ങിവരവിന്റെയും സ്‌നേഹത്തിന്റെയും-കഥയാണ്. മുടിയന്‍ പുത്രന്റെ ഭാഗത്തുനിന്നു മടങ്ങിവരവ്, പിതാവിന്റെ ഭാഗത്തുനിന്ന് വ്യവസ്ഥയില്ലാത്ത, അതിരുകളില്ലാത്ത സ്‌നേഹം. രക്ഷിക്കപ്പെടുന്ന ഒരു പാപിയെ സംബന്ധിച്ചായാലും മടങ്ങിവരുന്ന ഒരു പിന്മാറ്റക്കാരനെ സംബന്ധിച്ചായാലും ഇതു രണ്ടും ഒരു പോലെ പ്രസക്തമാണ്.

ഉവ്വ്, മുടിയന്‍ പുത്രന്‍ മടങ്ങിവന്നു. മടങ്ങിവരവ്-എത്ര ദയനീയമായ അവസ്ഥയിലെത്തിയാലും ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും മടങ്ങിവരവിനുള്ള സാധ്യതയുണ്ട്. പക്ഷേ ശ്വാസം പോയാല്‍, ജീവന്‍ നഷ്ടപ്പെട്ടാല്‍ പ്രതീക്ഷയുടെ വാതില്‍ അടഞ്ഞു. പിന്നീടൊരു മടങ്ങി വരവു സാധ്യമല്ല. അതുകൊണ്ടാണു സഭാപ്രസംഗി പറയുന്നത് ‘ചത്ത സിംഹത്തെക്കാള്‍ ജീവനുള്ള നായാണു നല്ലതെ’ന്ന് (9:4). വാസ്തവത്തില്‍ ഒരു താരതമ്യം ഇല്ലാത്ത വിധം നായെക്കാള്‍ എത്രയോ മികച്ചതാണു സിംഹം. എന്നാല്‍ ഇവിടെ നായാണു നല്ലത്. കാരണം സിംഹം ചത്തുപോയി; നായ് ജീവിച്ചിരിക്കുന്നു. ‘ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ളവനൊക്കെയും പ്രത്യാശയുണ്ട്.’

മടങ്ങിവരവിനു മുടിയന്‍ പുത്രനെ സഹായിച്ച രണ്ടാമത്തെ ഘടകം അവനുണ്ടായ ബുദ്ധിമുട്ടുകളാണ്. ദേശത്തു കഠിനമായ ക്ഷാമം വന്നു. ഫലം അവനു മുട്ടുവന്നു തുടങ്ങി (15:14). മുട്ടുവന്നു എന്നത് ഇംഗ്ലീഷില്‍ ശി ിലലറ എന്നാണു നാം കാണുന്നത്. ക്ഷാമം, ബുദ്ധിമുട്ട് എന്നിവ അവനെ ഒരു ആവശ്യബോധത്തില്‍ (need) എത്തിച്ചു. ആ ആവശ്യബോധം തുടര്‍ന്ന് അവനെ സുബോധത്തിലേക്ക് (came to his senses) നയിച്ചു. അതില്‍നിന്നാണ് അനുതാപവും മടങ്ങിവരവും സംഭവിക്കുന്നത്. എന്നാല്‍ ഇന്നു പലപ്പോഴും പാപിക്കു രക്ഷയിലേക്കും പിന്മാറ്റക്കാരന് യഥാസ്ഥാനത്വത്തിലേക്കും മടങ്ങിവരാന്‍ കഴിയാതിരിക്കുന്നതിനു കാരണം അവനു കഷ്ടപ്പാടും ബുദ്ധുമുട്ടും ക്ഷാമവും ഉണ്ടാകുന്നില്ല എന്നതല്ല, മറിച്ച് അത് അവനെ ഒരു ആവശ്യബോധത്തിലേക്കും (need) സുബോധത്തിലേക്കും (sense) നയിക്കുന്നില്ല എന്നതാണ്. സാഹചര്യമല്ല അതിനോടുള്ള പ്രതികരണമാണു കാര്യങ്ങളെ വ്യത്യസ്തമാക്കുന്നത്. രണ്ടുപേര്‍ക്ക് ഒരേ സാഹചര്യം. ഒരാള്‍ അതിനോടു ധനാത്മകമായി (positive) പ്രതികരിക്കുന്നു. അയാള്‍ക്കതു പ്രയോജനമാകുന്നു. മറ്റെയാള്‍ അതേ സാഹചര്യത്തോട് നിഷേധാത്മക(negative)മായി പ്രതികരിക്കുന്നു. രണ്ടാമന് ആ സാഹചര്യം നിത്യതയുടെ കാഴ്ചപ്പാടില്‍ പ്രയോജനപ്രദമാകുന്നില്ല. വെയിലത്തു വയ്ക്കുന്ന മഞ്ഞുകട്ട ഉരുകിയൊലിക്കുമ്പോള്‍ അതേ വെയില്‍ കളിമണ്ണിനെ കട്ടിയുള്ളതാക്കും എന്നു പറയാറുണ്ടല്ലോ. കഷ്ടതയുടെ അഗ്നിശോധനയിലൂടെ കടന്നുപോകുമ്പോള്‍ ഒരാളെ അത് അനുതാപത്തിലേക്കും അലിവിലേക്കും നയിക്കുകയും മറ്റേയാളെ അതേ സാഹചര്യം ദൈവത്തോടും മറ്റു മനുഷ്യരോടും കാഠിന്യമുള്ള മനോഭാവത്തിലേക്കു കൊണ്ടുവരികയും ചെയ്യുന്നതിന്റെ രഹസ്യം ഇതാണ്. ഏതായാലും ബുദ്ധിമുട്ടേറിയ സാഹചര്യം മുടിയന്‍ പുത്രനെ യാഥാര്‍ത്ഥ്യബോധത്തിലേക്കും പശ്ചാത്താപത്തിലേക്കും തീരുമാനത്തിലേക്കും മടങ്ങിവരവിലേക്കും നടത്തി.

ഉപമയില്‍, മുടിയന്‍ പുത്രന്റെ മടങ്ങിവരവോളമോ അതിലേറെയോ പ്രാധാന്യമുള്ളതാണു പിതാവിന്റെ സ്‌നേഹം. ദൈവത്തെ ഏറെ ഭയത്തോടെ കണ്ടിരുന്ന യെഹൂദാപശ്ചാത്തലത്തിലാണു യേശു സ്‌നേഹനിധിയായ പിതാവായി ദൈവത്തെ വെളിപ്പെടുത്തുന്നതെന്ന് ഓര്‍ക്കണം. ദൈവപ്രത്യക്ഷതയ്ക്കു മുന്‍പില്‍ പഴയനിയമത്തിന്റെ മധ്യസ്ഥനായ മോശെയ്ക്കു പറയാനുണ്ടായിരുന്നത് ‘ഞാന്‍ അത്യന്തം പേടിച്ചു വിറയ്ക്കുന്നു’ എന്നായിരുന്നു (എബ്രാ.12:21). ഈ ഭയം മോശെ യിസ്രായേല്‍ ജനതയ്ക്കു പകര്‍ന്നു നല്കിയപ്പോള്‍ എക്കാലത്തും യെഹൂദനു ദൈവം ഒരു പേടിസ്വപ്നമായിരുന്നു. യേശുവിന്റെ കാലത്തും അതങ്ങനെയായിരുന്നു. തിരുവെഴുത്തു പകര്‍ത്തിയെഴുതുന്നതു തൊഴിലാക്കിയിരുന്ന അന്നത്തെ യെഹൂദാ ശാസ്ത്രിമാരെക്കുറിച്ച് ഇങ്ങനെ കേട്ടിട്ടുണ്ട്. ‘എന്റെ നാമം വൃഥാ എടുക്കരുതെന്ന’ കല്പനയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുത്തിരുന്ന അവര്‍ പഴയനിയമം പകര്‍ത്തിയെഴുതുമ്പോള്‍ ‘യഹോവ’ എന്ന് എഴുതേണ്ടിടത്തെല്ലാം ആദ്യം കുത്തുകള്‍ മാത്രം ഇട്ട് ബാക്കിയുള്ളവ മാത്രം എഴുതിപ്പോകും. അങ്ങനെ പഴയനിയമം മുഴുവന്‍ പകര്‍ത്തി എഴുതിയ ശേഷം വളരെ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും ഭയത്തോടും കൂടി മാത്രമാണ് കുത്തിട്ട ഭാഗങ്ങളില്‍ പിന്നീട് ‘യഹോവ’ എന്ന് എഴുതിച്ചേര്‍ക്കുന്നത്. മാത്രമല്ല, തൂവല്‍ മഷിയില്‍ മുക്കി എഴുതിയിരുന്ന അക്കാലത്ത് യഹോവ എന്നതിലെ ഓരോ അക്ഷരവും എഴുതാന്‍ ഓരോ പുതിയ തൂവലാണ് ഉപയോഗിക്കുന്നത്. ഒരക്ഷരം എഴുതിയിട്ട് ആ തൂവല്‍ ഉപേക്ഷിക്കും. അടുത്ത അക്ഷരം എഴുതാന്‍ മറ്റൊരു പുതിയ തൂവല്‍ എടുക്കും. നോക്കുക: ഈ നിലയില്‍ ദൈവത്തെ പേടിച്ചിരുന്ന ഒരു പശ്ചാത്തലത്തില്‍ നസ്‌റേത്തില്‍ നിന്നു വന്ന ഒരു ചെറുപ്പക്കാരന്‍ ദൈവത്തെ ഇങ്ങനെ പരിചയപ്പെടുത്തി ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ്’ (മത്താ. 6:9). തന്റെ ചുറ്റും ഇരിക്കുന്ന പാവപ്പെട്ട നിരക്ഷരരായ മുക്കുവരോടു തുടര്‍ന്നു പറഞ്ഞു: ‘അവിടുന്നു നിങ്ങളുടെ പിതാവ്’ (6:26). പിന്നേയും വ്യക്തമാക്കി: ‘അവിടുന്നു രഹസ്യത്തിലുള്ള നിന്റെ പിതാവ്’ (6:6). താന്‍ തന്നെ പ്രാര്‍ത്ഥിക്കുമ്പോള്‍ പിതാവ് എന്ന ഔപചാരികമായ പദത്തിനു പകരം ‘അബ്ബാ’ എന്ന വിളിപ്പേര് ഉപയോഗിക്കാനും യേശു മടിച്ചില്ല (മര്‍ക്കൊ. 14:36). ഇരുളിന് ഏറ്റവും കട്ടികൂടുമ്പോഴാണു വെളിച്ചം കൂടുതല്‍ പ്രകാശിക്കുക എന്നു പറയാറില്ലേ? ഇതുപോലെ ദൈവത്തെ ഭയത്തോടും വിറയലോടും കൂടി മാത്രം സമീപിച്ചിരുന്ന കാലഘട്ടത്തില്‍ യേശു ദൈവത്തെ ‘സ്‌നേഹസമ്പന്നനായ അബ്ബ’യായി വെളിപ്പെടുത്തിയപ്പോള്‍ ആ വെളിച്ചം ചൂറ്റും കൂടിയിരുന്നവരെ എത്രമാത്രം പ്രകാശിപ്പിച്ചു കാണും! പക്ഷേ, അപ്പോഴും ഇങ്ങനെ ഒരാശങ്ക അവരെ അധീരരാക്കിയിരിക്കും-ശരിയാണ് ദൈവം സ്‌നേഹവാനായ പിതാവാണ്. പക്ഷേ, ആ സ്‌നേഹത്തെ അറിഞ്ഞോ അറിയാതെയോ തള്ളിക്കളയുന്ന ഞങ്ങളോടുള്ള ദൈവത്തിന്റെ പ്രതികരണം എന്തായിരിക്കും? ആ ചോദ്യത്തിനുള്ള യേശുവിന്റെ മറുപടിയാണു മുടിയന്‍ പുത്രന്റെ ഉപമ.

അതെ, പിതാവിന്റെ സ്‌നേഹത്തെ തള്ളിക്കളഞ്ഞവനാണു മുടിയന്‍ പുത്രന്‍. യിസ്രായേല്‍ നാട്ടില്‍ നിലവിലിരുന്ന രീതിയനുസരിച്ച് അപ്പന്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ സ്വത്തിന്റെ വിഹിതം ചോദിക്കുന്നത് അപ്പനെ അപമാനിക്കുന്നതിനു തുല്യമാണ്. അപ്പന്‍ മരിക്കണമെന്നു മകന്‍ മുഖത്തു നോക്കി പറയുന്നതുപോലെയാണു സമൂഹം അന്നതിനെ കണക്കാക്കിയിരുന്നത്. എന്നാല്‍ സുഖാന്വേഷണങ്ങളുടെ പിന്നാലെപോയ സ്വാര്‍ത്ഥമതിയായ ഇളയമകന്‍ അപ്പനു തീരാത്ത അപമാനവും ഹൃദയവേദനയും വരുത്തിവച്ചുകൊണ്ടു വസ്തുവിലെ തന്റെ പങ്ക് ആവശ്യപ്പെടുകയാണ് (ലൂക്കൊ. 15:12). പിതാവ് ഒരക്ഷരവും പറയാതെ മകന്‍ ആവശ്യപ്പെട്ടതു നല്‍കുന്നു. ദൈവത്തിന്റെ ഹൃദയ മാണ് ഇവിടെ അപ്പന്റെ പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്നത്. തന്റെ സ്‌നേഹത്തെ തള്ളിക്കളയാനും മനുഷ്യന്‍ തനിക്കു ലഭിക്കുന്ന സ്വാത ന്ത്ര്യം ഉപയോഗിക്കുമെന്നറിഞ്ഞിട്ടും സ്വന്ത ഇഷ്ടത്തിനനുസരിച്ചു തീരുമാനം എടുക്കാനുള്ള സ്വതന്ത്ര ഇച്ഛ ദൈവം മനുഷ്യനു നല്‍കിയല്ലോ.

സ്വന്ത തീരുമാനത്തില്‍ തന്നെ അപമാനിച്ചു പുറപ്പെട്ടുപോയ മുടിയന്‍ പുത്രനെ പക്ഷേ പിതാവു വെറുക്കുന്നില്ല. പിതാവിന്റെ സ്‌നേഹ ത്തെ മകന്‍ തള്ളിക്കളഞ്ഞെങ്കിലും മകനോടുള്ള സ്‌നേഹം (agape love) അവിടുന്ന് ഉപേക്ഷിക്കുന്നില്ല. ദൈവവും അങ്ങനെതന്നെ. ദൈവത്തിനു സ്‌നേഹിക്കാതിരിക്കാനാവില്ല. കാരണം അവിടുത്തെ അസ്തി ത്വം തന്നെ സ്‌നേഹമാണ്- ‘ദൈവം സ്‌നേഹം തന്നെ.’ അവിടുന്ന് നിത്യസ്‌നേഹം കൊണ്ടാണു നമ്മെ സ്‌നേഹിച്ചത്. ദൈവത്തിന്റെ സ്‌നേഹം നിത്യസ്‌നേഹം (eternal love) ആയിരിക്കുമ്പോള്‍ തന്നെ അതു സ്വര്‍ഗീയമായ നിത്യതയ്ക്കു വേണ്ടിയുള്ള സ്‌നേഹം (love for eternity) കൂടിയാണല്ലോ. അതുകൊണ്ടുതന്നെ ഉപമയിലെ പിതാവ് വീടുവിട്ടുപോയ മകന്റെ പിന്നാലെ ഒരുതരം ‘മാനുഷികസ്‌നേഹ’വുമായി പോകുന്നില്ല. അവന്‍ അനുതാപവാക്യങ്ങളോടെ തിരിച്ചുവന്നാലേ അവന്റെ നിത്യതയ്ക്ക് അതു പ്രയോജനപ്പെടുകയുള്ളുവെന്നു മനസ്സിലാക്കി പിതാവ് അടക്കിപ്പിടിച്ച സ്‌നേഹത്തോടെ കാത്തുനിന്നു. പിതാവായ ദൈവവും നമ്മെ നിത്യമായി സ്‌നേഹിക്കുന്നു; നമ്മുടെ നിത്യതയെ സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെ അവിടുന്ന് ആഗ്രഹിക്കുന്നതും നാം നാമായിത്തന്നെ തീരുമാനം എടുത്തു മടങ്ങിവരണമെന്നാണ്. അതിനുവേണ്ടി എത്രയെത്ര ആഹ്വാനങ്ങളാണു തിരുവെഴുത്തില്‍ നാം കാണുന്നത് ! (യിരെമ്യാ.3:12, 14,22; ഹോശെയ 14:1,2,4; മലാഖി 3:7).

മകന്‍ മടങ്ങിവരുന്നത് അപ്പന്‍ ദൂരത്തുനിന്നു തന്നേ കണ്ടു (ലൂക്കൊ.15:20). എന്തുകൊണ്ട്? കാരണം അവന്‍ ഇന്നല്ലെങ്കില്‍ നാളെ മടങ്ങിവരുമെന്നു പ്രതീക്ഷിച്ചു സ്‌നേഹസമ്പന്നനായ പിതാവ് സദാ ജാഗ്രതയോടെ കാത്തുനില്ക്കുകയായിരുന്നു. ഈ ജാഗ്രതയ്ക്കു പിന്നില്‍ മറ്റൊരു കാരണവും നമുക്കു കണ്ടെത്താനാകും. അന്ന് യിസ്രായേലിലെ ചട്ടം അനുസരിച്ച് ഒരു മകന്‍ മത്സരിയും ശഠനുമാണെങ്കില്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം (ആവര്‍ത്തനം 21:20). ഈ പിതാവിന്റെ ഇളയമകന്‍ മത്സരിയും ശഠനുമായി പിതാവിന്റെ സ്‌നേഹത്തെ തള്ളിപ്പറഞ്ഞ് വിദൂര നാട്ടില്‍ ചെന്ന് യെഹൂദന് അറപ്പായ (ലേവ്യ.11:7,8) പന്നികളെ മേയിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഒരു പക്ഷേ നാട്ടില്‍ പാട്ടായിരിക്കും. അങ്ങനെയെങ്കില്‍ അവന്‍ തിരികെ നാട്ടില്‍ കാലുകുത്തുന്ന നിമിഷം തന്നെ അവന്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതിനെക്കുറിച്ചു ബോധ്യമുള്ളതുകൊണ്ടാകാം മകന്‍ മടങ്ങിവരുന്നതും കാത്തു ദൂരത്തു കണ്ണുംനട്ട് സ്‌നേഹവാനായ ആ പിതാവു കാത്തു നിന്നത്.

പിതാവ്, ദൂരത്തുനിന്നു തന്നേ അവനെ കാണുക മാത്രമല്ല, മനസ്സലിഞ്ഞ് ഓടിച്ചെല്ലുകയും ചെയ്തു. യിസ്രായേലിലെ രീതിയനുസരിച്ച് നാല്പതു വയസ്സുകഴിഞ്ഞവര്‍ ഓടുവാന്‍ പാടില്ല, ഓടിയാല്‍ സമൂഹത്തില്‍ അവരുടെ വില നഷ്ടപ്പെട്ടുപോകും. പക്ഷേ പിതാവ് അതു ഗണ്യമാക്കിയില്ല. മകന്‍ കല്ലെറിഞ്ഞു കൊല്ലപ്പെടരുതെന്ന ആഗ്രഹത്തില്‍ സ്വന്തം സ്ഥാനം വിട്ട് പിതാവ് അവന്റെ അടുക്കലേക്ക് സ്‌നേഹത്തോടെ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയാണ്. സ്വര്‍ഗീയപിതാവ് സ്വന്തമഹത്വങ്ങള്‍ ഉപേക്ഷിച്ച് പാപിയായ മനുഷ്യന്റെ അടുത്തേക്ക് ഓടിവന്നല്ലോ; അവന്റെ തലത്തിലേക്ക് താണിറങ്ങിവന്നല്ലോ (ഫിലിപ്യ.2:6,7). അതു മാനവരാശിക്കു മുഴുവനും വേണ്ടിയായിരിക്കുമ്പോള്‍ തന്നെ പാപിയായ ഓരോ വ്യക്തിക്കും വേണ്ടിയാണ്. ഒരു ദൈവഭൃത്യന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ”ഈ മുഴുലോകത്തിലും വീണ്ടെടുക്കപ്പെടാനായി ഞാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും യേശു വന്ന് എനിക്കുവേണ്ടി ക്രൂശില്‍ മരിക്കുമായിരുന്നു.” എത്ര വാസ്തവം! മാത്രമല്ല അപ്പന്‍ ഓടിച്ചെന്നു മകനെ സ്വീകരിക്കുന്ന ഭാഗം വായിക്കുമ്പോള്‍ അവിടത്തെ ക്രിയാപദങ്ങളുടെ ബാഹുല്യം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും. അപ്പന്‍ കണ്ടു, മനസ്സലിഞ്ഞു, ഓടിച്ചെന്നു, കെട്ടിപ്പിടിച്ചു ചുംബിച്ചു (ലൂക്കൊ15:20). എത്ര തിടുക്കം! അതെ, നമ്മെ രക്ഷിക്കാന്‍ സ്വര്‍ഗ്ഗത്തിനാണു താല്പര്യം കൂടുതല്‍.

അപ്പന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ പറയേണ്ട അനുതാപവാക്യങ്ങള്‍ സ്വയം ഉരുവിട്ടുകൊണ്ടാകണം മകന്‍ ഈ ദീര്‍ഘദൂരം നടന്നു തീര്‍ത്തത്. പക്ഷേ അവന്‍ പറയാന്‍ തയ്യാറായി വന്നതില്‍ അവസാന വാചകം പിതാവിനെ നേരില്‍ കണ്ടപ്പോള്‍ പറയുന്നില്ല. (ലൂക്കൊ:15:18,19 വാക്യങ്ങള്‍ 21-ാം വാക്യവുമായി താരതമ്യം ചെയ്യുക)-‘നിന്റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ ആക്കേണമേ’ എന്ന വാക്യം. അന്നത്തെ യെഹൂദാപ്രഭുക്കന്മാരുടെ ഭവനങ്ങളില്‍ മൂന്നു തരത്തിലുള്ള ജോലിക്കാര്‍ ഉണ്ട്. ദാസന്മാര്‍, ബാല്യക്കാര്‍, കൂലിക്കാര്‍ അല്ലെങ്കില്‍ വേലക്കാര്‍. ഈ മൂന്നു കൂട്ടരില്‍ വീടുമായി അടുപ്പം കുറവ് കൂലിക്കാര്‍ക്കാണ്. ദാസന്‍ ആ ഭവനത്തില്‍ തന്നെ ജീവിച്ച് അവിടെനിന്ന് എല്ലാനേരവും ഭക്ഷിക്കുന്നവനാണ്. ബാല്യക്കാരാകട്ടെ ദിവസംതോറും ഈ വീട്ടില്‍ സ്ഥിരമായി വന്നു ജോലിചെയ്തു ഭക്ഷണവും കഴിച്ച് കൂലിയും വാങ്ങിപോകുന്നവരും. എന്നാല്‍ വേലക്കാര്‍ പലരുടെ പണികള്‍ക്കു പോകുന്നവരും ഈ വീട്ടില്‍ കൂലിപറഞ്ഞ് ഒത്ത് പ്രത്യേക ഒരു ജോലി ചെയ്യാനായിവന്നു വേല ചെയ്തു കൂലി വാങ്ങിപ്പോകുന്നവരുമാണ് (മത്തായി 20:1 കാണുക). ഈ കൂലിക്കാര്‍ക്ക് ആ ഭവനത്തില്‍ നിന്നു ഭക്ഷണം കഴിപ്പാന്‍ അവകാശമില്ല (എന്നാല്‍ ഈ അപ്പന്‍ വളരെ ഔദാര്യവാനായതുകൊണ്ട് കൂലിക്കാര്‍ക്കുപോലും ഭക്ഷണം കൊടുക്കുകയും അവര്‍ തിന്നുശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു-ലൂക്കൊസ് 15:17). കണ്ടോ, ജോലിക്കാരില്‍ തന്നെ ഭവനത്തോട് അടുപ്പം കുറവുള്ള ഈ കൂലിക്കാരില്‍ ഒരുത്തനെപ്പോലെയെങ്കിലും തന്നെ ആക്കണേ എന്നു പറയാനാണ് മകന്‍ ഒരുമ്പെട്ടത്. പക്ഷേ പിതാവ് ആ വാക്കുകള്‍ അവനെകൊണ്ടു പറയിച്ചില്ല. അവന്‍ അതുപറയും മുന്‍പേ പിതാവ് അവന്റെ അധരങ്ങളെ സ്‌നേഹചുംബനംകൊണ്ടു മൂടിയിട്ടുണ്ടാകാം.

തുടര്‍ന്നു സ്‌നേഹവാനായ അപ്പന്‍ അവനു ശരീരത്തിനു മേല്ത്തരമായ അങ്കി, കൈക്കു മോതിരം, കാലിനു ചെരിപ്പ് എന്നിവ സമ്മാനിക്കുകയാണ് (ലൂക്കൊ. 15:22). ഒന്നാമത് അങ്കി. ഏറ്റവും സ്‌നേഹമുള്ള മക്കള്‍ക്കുവേണ്ടി നല്‍കുന്ന നിലയങ്കിയാണത് (ഉല്‍പ.37:3 കാണുക). മാത്രമല്ല, ആ അങ്കിയെ വിശേഷിപ്പിച്ചിരിക്കുന്നത് മേല്ത്തരം (ആലേെ) എന്നും. സ്വര്‍ഗീയ പിതാവും നമ്മെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിക്കുന്നു (യെശ.61:10). നീതീകരിക്കപ്പെട്ടവര്‍ക്കുള്ള ഏഴ് അനുഗ്രഹങ്ങളെപ്പറ്റി റോമര്‍ 5:1-5-ല്‍ പറഞ്ഞിരിക്കുന്നത് ഇതിനോടു കൂട്ടിവായിക്കാവുന്നതാണ്. തുടര്‍ന്നു നല്‍കുന്ന മോതിരം മുദ്രമോതിരമാണ്. കുടുംബത്തിലുള്ളവര്‍ക്കു മാത്രമേ അതു ധരിക്കാന്‍ അവകാശമുള്ളു. ആധാരങ്ങള്‍ ഒപ്പിട്ട് മോതിരമുദ്ര അതില്‍ പതിപ്പിക്കുന്ന ആ കാലഘട്ടത്തില്‍ മുദ്രമോതിരം അധികാരത്തിനും കുടുംബബന്ധത്തിനും നിദര്‍ശനമാണ്. സ്വര്‍ഗത്തിലെ എല്ലാ ആത്മീയാനുഗ്രഹങ്ങള്‍ക്കും സ്വര്‍ഗീയ പിതാവു നമ്മെയും അവകാശികളാക്കുന്നു (എഫെ.1:3). കൈക്കു മോതിരം മാത്രമല്ല, കാലിനു ചെരിപ്പും നല്‍കുന്നു. ചെരിപ്പ് പുത്രത്വത്തിന്റെ അടയാളമാണ്. സ്വര്‍ഗം നമുക്കും സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പായി തന്നിരിക്കുന്നുവല്ലോ (എഫെ.6:15). തുടര്‍ന്നു വിരുന്നിനായി അറുക്കുന്നതു തൊഴുത്തിലെ ഏതെങ്കിലും ഒരു തടിച്ച കാളക്കുട്ടിയെ അല്ല; മറിച്ച് തീറ്റിത്തടിപ്പിച്ച കാളക്കുട്ടിയെയാണ് (fattened calf) മകന്‍ വീടുവിട്ടുപോയ കാലംമുതല്‍ അവന്‍ എന്നെങ്കിലും മടങ്ങി വരുമ്പോള്‍ അറുക്കാനായി ഒരു കാളക്കുട്ടിയെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്നു എന്നു വേണം കരുതാന്‍. ലോകസ്ഥാപനം മുതല്‍ വേര്‍തിരിക്കപ്പെട്ട യാഗമൃഗമായിരുന്നല്ലോ കര്‍ത്താവ് (വെളി.13:8). ഇതെല്ലാം പിതാവിന്റെ സ്‌നേഹത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

അങ്ങനെ മുടിയന്‍ പുത്രന്‍ പിതാവിന്റെ സ്‌നേഹഭവനത്തിലേക്കു സ്വീകരിക്കപ്പെട്ടു. എന്നാല്‍ ആ ആഹ്ലാദത്തിന്റെ വെണ്മയില്‍ കരിപുരട്ടുവാന്‍ അപവാദിയായ പിശാച് തന്നാലാവും വിധം ശ്രമിക്കുന്നതും നാം കാണാതിരുന്നുകൂടാ. വയലില്‍ നിന്നു വന്ന മൂത്തപുത്രന്റെ വാക്കുകള്‍, ഭവനത്തിലേക്കു വ്യവസ്ഥയൊന്നും കൂടാതെ സ്വീകരിക്കപ്പെട്ട ഇളയപുത്രന്റെ നേരെയുള്ള അപവാദിയുടെ കുറ്റപ്പെടുത്തലിന്റെ വാക്കുകളാണ് (ലൂക്കൊ.15:30). എന്നാല്‍ തന്റെ നേരെയുള്ള ആരോപണങ്ങള്‍ക്ക് ഒരു വാക്കുകൊണ്ടുപോലും ഇളയ മകന്‍ മറുപടി പറയുന്നില്ലെന്നതു ശ്രദ്ധേയം. പിതാവിന്റെ സ്‌നേഹത്തില്‍ നിമഗ്നനായ അവന് മറ്റൊന്നും ശ്രദ്ധിക്കാന്‍ നേരമില്ല. മറിച്ച് കുറ്റം വിധിയുടെ വാക്കുകള്‍ക്കു മറുപടി നല്‍കുന്നതു പിതാവാണ്. നാമും അപവാദിയുടെ അനാവശ്യമായ കുറ്റബോധങ്ങള്‍ക്കു ചെവികൊടുക്കാതെ നമുക്കുവേണ്ടി വാദിക്കാന്‍ കര്‍ത്താവിനെ അനുവദിക്കുക. ലോകം വിട്ടുപോകുന്നതിനു മുന്‍പ് യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: ‘എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും. അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ (Comforter, Advocate) എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും’ (യോഹ.14:16). ഇവിടെ ശ്രദ്ധിച്ചോ? യേശു പരിശുദ്ധാത്മാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു മറ്റൊരു കാര്യസ്ഥന്‍ (Another helper) എന്നാണ്. ‘ഞാന്‍ പോകുന്നു. എനിക്കു പകരം ഒരു കാര്യസ്ഥന്‍’ എന്നല്ല. യേശുക്രിസ്തു എന്നകാര്യസ്ഥന്‍ നമുക്കായി എപ്പോഴും പിതാവിന്റെ അടുക്കല്‍ ഉണ്ടാകും (1യോഹ.2:1). പരിശുദ്ധാത്മാവ് ഇവിടെ ഭൂമിയില്‍ നമ്മോടു കൂടെ ഇരിക്കാന്‍ തന്ന മറ്റൊരു കാര്യസ്ഥനാണ്. നോക്കുക: നമുക്കുവേണ്ടി വാദിക്കാന്‍ രണ്ടു കാര്യസ്ഥന്‍മാരുണ്ട്. പിന്നെ നാം എന്തിനു പേടിക്കണം? ‘ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു കുറ്റംവിധിയും (Condemnation) ഇല്ല’ (റോമര്‍ 8:1).

ഉവ്വ്, ദൈവം സ്‌നേഹമാണ്. ആ സ്‌നേഹത്തില്‍ നിന്ന് അകന്നുപോയ ഏവര്‍ക്കും ജീവനോടെയിരിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും അനുതാപ വാക്യങ്ങളോടെ മടങ്ങിവരാമല്ലോ. ഇതാണു സുവാര്‍ത്ത.

ഈ വരികള്‍ വായിക്കുന്ന താങ്കള്‍ ദൈവത്തിന്റെ സ്‌നേഹത്തെ തിരിച്ചറിയാതെ നഷ്ടപ്പെട്ട ഒരവസ്ഥയിലാണോ?. അല്ലെങ്കില്‍ ഒരു കാലത്ത് ഭവനത്തിലായിരുന്നു. പിന്നീട് ഭവനം വിട്ടു ലോകത്തിലേക്കു പിന്മാറിപ്പോയോ? അതും അല്ലെങ്കില്‍, കര്‍ത്താവിന്റെ സ്വഭാവത്തോട് അനുരൂപനായിരിക്കാന്‍ ദൈവം മുന്‍നിയമിച്ചിരിക്കെ (റോമര്‍ 8:29) ദൈവതേജസ്സില്‍ കുറഞ്ഞവനായി ദൈവിക വിശുദ്ധിയുടെ മുന്‍പില്‍ പാപിയായി മാറിയോ? (റോമര്‍ 3:23). എങ്കില്‍ ഇപ്പോള്‍, ജീവനുള്ള പ്പോള്‍, അനുതാപത്തോടെ അബ്ബായുടെ അടുത്തേക്കു മടങ്ങിവരാമല്ലോ. എന്തിനു താമസിക്കുന്നു? ‘യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തുവരിക, എന്തിനു പുറത്തു നില്ക്കുന്നു?’ (ഉല്പ.24:31). വീട്ടിലേക്കു വരിക. മേല്ത്തരമായ അങ്കി ധരിക്കുക. കൈയ്ക്കു മോതിര വും കാലിനു ചെരിപ്പും ഇടുക. കൊഴുപ്പിച്ച കാളക്കുട്ടിയെ അറുക്കട്ടെ. നൃത്തവും സംഗീതവും വിരുന്നും ആരംഭിക്കട്ടെ! ഈ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ അപവാദിയുടെ സ്വരം മുങ്ങിപ്പോകട്ടെ.
‘ഇപ്പോഴാകുന്നു സുപ്രസാദകാലം ഇപ്പോഴാകുന്നു രക്ഷാദിവസം’ (2 കൊരി. 6:2).

അധ്യായം 5 :
തീക്ഷ്ണതയുള്ള ദൈവത്തെ തൃപ്തിപ്പെടുത്തുക


ലോകത്തു രണ്ട് വ്യക്തികള്‍ക്കിടയിലെ ഏറ്റവും ഇഴയടുപ്പമുള്ള ബന്ധം ഭാര്യാഭര്‍തൃ ബന്ധമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ദൈവവചനം ഇതിനോടാണ് ഉപമിച്ചിരിക്കുന്നത്. ആദ്യ പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ചശേഷം അവര്‍ മറ്റെല്ലാം വിട്ട് അന്യോന്യം പറ്റിച്ചേരുമെന്നും ഒരു ദേഹമായിത്തീരുമെന്നും ദൈവം അരുളിച്ചെയ്തു (ഉല്‍പ. 2:24). ഭൂമിയില്‍ യേശു വന്നപ്പോള്‍ അവിടുന്ന് ഈ വചനം ആവര്‍ത്തിച്ചു പറഞ്ഞു (മത്തായി. 19:5, മര്‍ക്കൊ. 10:8). പൗലൊസാകട്ടെ, ഭാര്യാഭര്‍ത്തൃ ബന്ധത്തെക്കുറിച്ച് പറയുന്നിടത്ത് ഈ വചനം എടുത്ത് ഉദ്ധരിച്ചിട്ട് ഇങ്ങനെ പറയുന്നു: ”ഈ മര്‍മ്മം വലിയത്; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്” (എഫെസ്യ. 5:32). ബൈബിളിലെ ഒടുവിലത്തെ പുസ്തകമായ വെളിപ്പാടിന്റെ അവസാന താളുകളിലെത്തുമ്പോള്‍ കുഞ്ഞാട് തന്റെ കാന്തയോടൊപ്പം ആയിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നാം കാണുന്നു (വെളി. 21:9). നോക്കുക: ക്രിസ്തുവും സഭയും തമ്മില്‍, ദൈവവും മനുഷ്യനും തമ്മില്‍ ഭാര്യാഭര്‍തൃബന്ധം പോലെയുള്ള വളരെ അടുത്തബന്ധം ഉണ്ടാകണമെന്ന ദൈവത്തിന്റെ ആദിമുതലുള്ള ആഗ്രഹമാണു ദൈവവചനത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത്.

ദൈവവചനത്തില്‍ പഴയനിയമത്തില്‍ യെഹൂദാജനത്തോടുപോലും ദൈവം പറയുന്നു: ‘നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭര്‍ത്താവ്’ (യെശ്ശയ്യാ. 54:5). അതു താല്‍ക്കാലികമായ ഒരു ബന്ധമല്ലെന്നും അവിടുന്നു വിശദീകരിക്കുന്നു: ‘ഞാന്‍ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിനു നിശ്ചയിക്കും’ (ഹോശേയ 2:19). യിസ്രായേല്‍ ഗൃഹത്തിന്റെ പിന്‍മാറ്റത്തെക്കുറിച്ചു പറയുമ്പോഴും ഭാര്യാഭര്‍തൃ ബന്ധത്തിലെ അവിശ്വസ്തതയോടു ചേര്‍ത്താണ് അതിനെ വിവരിക്കുന്നത്: ‘യിസ്രായേല്‍ ഗൃഹമേ, ഒരു ഭാര്യ ഭര്‍ത്താവിനോടു വിശ്വാസപാതകം ചെയ്ത് അവനെ വിട്ടുകളയുന്നതുപോലെ നിങ്ങള്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്’ (യിരെമ്യാ. 3:20).

തന്റെ ഭാര്യ അവിശ്വസ്തത കാട്ടിയാല്‍ പുരുഷന് അതു ക്രോധഹേതുവാകുമെന്നു സദൃശവാക്യകാരന്‍ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: ”ജാരശങ്ക പുരുഷനു ക്രോധഹേതുവാകുന്നു. പ്രതികാരദിവസത്തില്‍ അവന്‍ ഇളെക്കുകയില്ല. അവന്‍ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല. എത്ര സമ്മാനം കൊടുത്താലും അവന്‍ തൃപ്തി പ്പെടുകയുമില്ല’ (6:34,35). ഭര്‍ത്താവു ഭാര്യയുടെ കാര്യത്തില്‍ ഇങ്ങനെ തീക്ഷ്ണതയുള്ളവനാകുന്നതുപോലെ ദൈവം തന്റെ ജനത്തിന്റെ മറ്റു ബന്ധങ്ങള്‍ക്കെതിരെ തീക്ഷ്ണതയുള്ള ദൈവമാണെന്നു (Jealous God) ദൈവവചനം വ്യക്തമാക്കുന്നത് (പുറപ്പാട് 20:5; 34:14; ആവര്‍ ത്തനം 4:23,24; 5:9) ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്.


ബന്ധങ്ങളുടെ കാര്യത്തില്‍ തീക്ഷ്ണതയുള്ള ദൈവം (Jealous God)) പുതിയ നിയമത്തില്‍ യാക്കോബും ദൈവത്തിന്റെ ഈ പ്രത്യേകതയെ വിവരിക്കുന്നുണ്ട്: ”വ്യഭിചാരിണികളായുള്ളോരേ, ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്റെ സ്‌നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. അല്ലെങ്കില്‍ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ?. അവന്‍ നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവ് അസൂയെക്കായി കാംക്ഷിക്കുന്നുവോ?” (4:4,5). യോഹന്നാന്‍ ഇതേകാര്യത്തിലേക്കു വിരല്‍ചൂണ്ടുന്നത് ഇങ്ങനെ: ”ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്റെ സ്‌നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവില്‍ നിന്നല്ല, ലോകത്തില്‍ നിന്നത്രേ ആകുന്നു” (1 യോഹ. 2: 15,16). 2 കൊരിന്ത്യര്‍ 11:2,3 വാക്യങ്ങളില്‍ പൗലൊസും പറയുന്നതു നമുക്കു ദൈവത്തോട് ഉണ്ടാകേണ്ട ലളിതമായ, സുതാര്യമായ ഭാര്യാഭര്‍തൃബന്ധം പോലെയുള്ള അടുപ്പത്തെക്കുറിച്ചാണ്. അതില്‍ നിന്ന് അറിയാതെ ഹൃദയം അന്യമായിപ്പോകാനുള്ള സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പും ആ വരികളില്‍ കാണാം: ”ഞാന്‍ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിര്‍മലകന്യകയായി ഏല്പിപ്പാന്‍ വിവാഹ നിശ്ചയം ചെയ്തിരിക്കുന്നു. എന്നാല്‍ സര്‍പ്പം ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.”

തന്റെ ജനം തന്റേതുമാത്രമായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവരുടെ മുഴുസ്‌നേഹവും തന്നോടു മാത്രമായിരിക്കണമെന്നകാര്യം അവിടുന്നു മുറുകെപ്പിടിക്കുന്നവനാണ് (Possessive). ആ സ്‌നേഹം പങ്കുവയ്ക്കപ്പെട്ടാല്‍ അതിനെ ‘വ്യഭിചാര’മെന്നാണു യാക്കോബ് വിശേഷിപ്പിക്കുന്നത്. ‘ലോകത്തെകൂടി സ്‌നേഹിച്ചാല്‍ അതോടെ അവനു പിതാവിനോടുള്ള സ്‌നേഹം നഷ്ടമാകു’മെന്ന് യോഹന്നാന്‍ തീര്‍ത്തു പറയുന്നു. അതുപോലെ ‘ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടാല്‍’ പിന്നെ ‘വഷളായിപ്പോകും’ എന്നതില്‍ പൗലൊസിനു ലവലേശം സംശയമില്ല. കണ്ടോ: ദൈവികകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഒത്തുതീര്‍പ്പില്ല. ഒരു കൈകൊണ്ടു ലോകത്തേയും മറുകൈകൊണ്ട് ദൈവത്തേയും പിടിച്ചുകൊണ്ട് നടക്കാന്‍ തക്കവണ്ണം വീതിയുള്ളതല്ല ഈ ‘ഇടുങ്ങിയ വഴി.’

ദൈവത്തോടു ശത്രുത്വം ആയിപ്പോകുന്ന ഈ ലോക സ്‌നേഹം വാസ്തവത്തില്‍ എന്താണ്?. ലോകം എന്നതുകൊണ്ട് ദൈവവചനം ഉദ്ദേശിക്കുന്നത് ഇന്നീ കാണുന്ന ദൃശ്യ പ്രപഞ്ചമോ കേവലമായ ഈ ലോകമോ അല്ല. മറിച്ച് ഈ ലോകസംവിധാനമാണ്. എന്നുവച്ചാല്‍ ഈ ലോകം, ഈ സമൂഹം, ഏതു തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണോ പ്രവര്‍ത്തിക്കുന്നത് അതാണ്. ഈ ലോകത്തിന്റെ മൂല്യബോധമാണത്. അതിനെ സ്‌നേഹിക്കരുത്. ഈ ലോകത്തിന്റെ മൂല്യബോധങ്ങളെ നിരാകരിക്കുക; മറിച്ച് ദൈവത്തിന്റെ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുക – ‘ലോകത്തെ സ്‌നേഹിക്കരുത്’ എന്നു പറഞ്ഞാല്‍ ഇതാണ്.

ഇതേ സമയം, ‘ദൈവം ലോകത്തെ സ്‌നേഹിച്ചു’ എന്നൊരു വാക്യമുണ്ടല്ലോ, എങ്കില്‍ ദൈവം സ്‌നേഹിച്ച ലോകത്തെ നാമും സ്‌നേഹിക്കേണ്ടേ?. അപ്പോള്‍ ലോകത്തെ സ്‌നേഹിക്കരുതെന്നു പറയുന്നത് എങ്ങനെ ശരിയാകും?- ഇങ്ങനെയൊരു ചോദ്യം വരാം. ഇതിനെന്താ ണു മറുപടി?.

ഉവ്വ്, ദൈവം ലോകത്തെ സ്‌നേഹിച്ചു എന്ന വാക്യം പ്രശസ്തമായ യോഹന്നാന്‍ 3:16 ആണ്. ”ദൈവം തന്റെ ഏകജാതനായ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” പക്ഷേ അവിടെ പറയുന്ന ലോകം, ലോകവ്യവസ്ഥിതിയല്ല മറിച്ച് മാനവരാശിയാണ്. അല്ലെങ്കില്‍ ഈ ലോകത്തിലെ മനുഷ്യരാണ്. ദൈവം സ്‌നേഹിച്ച ഈ മനുഷ്യരെ നാമും സ്‌നേഹിക്കുകയാണ് വേണ്ടത്; അല്ലാതെ വൈരാഗികളായി ഈ മനുഷ്യരെ ഉപേക്ഷിച്ച് വനാന്തരങ്ങളിലോ ഗുഹകളിലോ കഴിയുകയല്ല. ‘വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിലാണല്ലോ ((in the midst of a crooked and preverse generation) നാം ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കാന്‍’ വിളിക്കപ്പെട്ടിരിക്കുന്നത് (ഫിലിപ്യ.2:14). അതുകൊണ്ട് നാം ലോകത്തിലെ ആളുകളെ സ്‌നേഹിക്കണം. അപ്പോള്‍ തന്നെ ഈ ലോകമനുഷ്യരെ നയിക്കുന്ന തത്ത്വങ്ങളെ നിരാകരിക്കുകയും ദൈവരാജ്യത്തിന്റെ മൂല്യബോധങ്ങള്‍ക്കനുസരിച്ചു ജീവിക്കുകയും വേണം. യേശുവും ഇതായിരുന്നല്ലോ ചെയ്തത്.

ഈ ലോകത്തിന്റെ മൂല്യങ്ങള്‍ നിരാകരിച്ച് ദൈവരാജ്യത്തിന്റെ മൂല്യബോധം കയ്യാളുന്നതിനെക്കുറിച്ചുള്ളതാണു വാസ്തവത്തില്‍ യേശുവിന്റെ ഗിരിപ്രഭാഷണം. അവിടെ യേശു ഓരോ കാര്യങ്ങള്‍ എടുത്ത് ‘നിങ്ങള്‍ ഇങ്ങനെ കേട്ടിട്ടുണ്ടല്ലോ’ (ഈ ലോകത്തെ നയിക്കുന്ന തത്ത്വങ്ങള്‍) എന്ന് ആദ്യം പറഞ്ഞു. തുടര്‍ന്ന് ‘എന്നാല്‍ ഞാനോ നിങ്ങളോടു പറയുന്നത്’ എന്നു പറഞ്ഞ് ആ മൂല്യങ്ങളെ നിരസിച്ച് ദൈവരാജ്യത്തിന്റെ തത്ത്വങ്ങളെ, പ്രമാണങ്ങളെ, നമ്മുടെ മുന്നില്‍ വരച്ചു കാട്ടി. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്: യേശു തള്ളിക്കളഞ്ഞ ഈ ലോകത്തിന്റെ മൂല്യങ്ങള്‍ തെറ്റായതോ മോശപ്പെട്ടതോ അല്ല. ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്താതെ, അയാളുടെ വസ്തുവകകള്‍ അപഹരിക്കാതെ, സഹജീവിയുടെ അവകാശങ്ങള്‍ കവര്‍ന്നു കളയാതെ ഈ സമൂഹം സമാധാനത്തില്‍ സഹവര്‍ത്തിക്കാന്‍ വേണ്ട സദാചാര നിയമങ്ങള്‍ തന്നെയാണവ. മോശെയിലൂടെ നല്‍കിയ പത്തു കല്‍പ്പനകളില്‍ മനുഷ്യരുമായി ബന്ധപ്പെട്ട ഒടുവിലത്തെ ആറു കല്പനകളെ അടിസ്ഥാനമാക്കിയാണല്ലോ പിന്നീട് എല്ലാ പരിഷ്‌കൃത സമൂഹങ്ങളും അവരുടെ നിയമങ്ങള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്. അവയൊന്നും തെറ്റായ മൂല്യങ്ങളല്ല. എന്നാല്‍ യേശു മുന്നോട്ടു വച്ച ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ഇതിനും അപ്പുറത്താണ്. യേശുവിലൂടെ നമുക്കു ലഭ്യമായിട്ടുള്ള ദൈവിക ജീവന്‍ പത്തു കല്പനകളുടെ നിലവാരംകൊണ്ടു തൃപ്തിപ്പെടുകയില്ല.

പര്‍വ്വത പ്രസംഗത്തില്‍ യേശു പറഞ്ഞു: ‘കൊല ചെയ്യരുതെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ, ഞാനോ നിങ്ങളോട് പറയുന്നത്…’ ‘വ്യഭിചാരം ചെയ്യരുതെന്ന് അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ, ഞാനോ നിങ്ങളോട് പറയുന്നത്…’ ‘കൂട്ടുകാരനെ സ്‌നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ, ഞാനോ നിങ്ങളോടു പറയുന്നത് നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിന്‍’ കര്‍ത്താവു പറഞ്ഞ ‘ ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍’ ‘ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍’ ‘സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍’ തുടങ്ങിയ അഷ്ടഭാഗ്യങ്ങളെ കൂടി ഇതിനോടു ചേര്‍ത്തു വായിക്കുക. യേശു മുന്നോട്ടു വച്ച ഈ ദൈവിക പ്രമാണങ്ങള്‍, ലോകത്തിന്റെ മൂല്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമല്ലേ?. തീര്‍ച്ചയായും.

ചുരുക്കത്തില്‍ ലോകത്തിന്റെ മൂല്യങ്ങള്‍ക്കപ്പുറത്തു യേശു കൊണ്ടുവന്ന പുതിയ ഉടമ്പടിയുടെ ദൈവിക പ്രമാണത്തിനനുസരിച്ചു ജീവിക്കുമ്പോള്‍ മാത്രമാണു നാം ലോകത്തെ സ്‌നേഹിക്കാതിരിക്കുന്നത്. ഭാര്യയ്ക്കു ഭര്‍ത്താവിനോടെന്നപോലെ ക്രിസ്തുവിനോട് ഏകാഗ്രവും നിര്‍മലവുമായ ബന്ധം നമുക്കു കൈ വരുന്നത്. ഇത്തരം ഒരു ബന്ധമാണ് തീക്ഷ്ണതയുള്ള ദൈവം ആഗ്രഹിക്കുന്നത്. അവിടുന്നു നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവ് ഇത്തരം ഒരു ബന്ധത്തിനായാണ് അസൂയയോടെ കാംക്ഷിക്കുന്നത്. ലോകത്തിന്റെ പ്രമാണങ്ങള്‍ നിരാകരിച്ച് ദൈവരാജ്യത്തിന്റെ മൂല്യബോധം സ്വീകരിച്ച് ഇങ്ങനെയൊരു ഭാര്യാഭര്‍തൃ സമാനമായ ബന്ധത്തിലേക്കു വരുന്നതിനു നമുക്കുള്ള തടസ്സമെന്താണ്?. ദൈവം അതാഗ്രഹിക്കുന്നു. നമ്മില്‍ വസിക്കുന്ന ആത്മാവ് അതിനായി കാംക്ഷിക്കുന്നു. എന്നിട്ടും അതു പലരെ സംബന്ധിച്ചും യാഥാര്‍ത്ഥ്യമാകാതിരിക്കുന്നതെന്തുകൊണ്ടാണ്?.

ഇതിനു കാരണം പലപ്പോഴും നമ്മിലുള്ള സ്വയബലമാണ്. സ്വയം നമ്മില്‍ ശക്തമായിരിക്കുന്നിടത്തോളം ലോകത്തിന്റെ മൂല്യങ്ങള്‍ക്കനുസരിച്ച് വിട്ടുകൊടുക്കാതിരിക്കുവാനും ശത്രുവിനെ സ്‌നേഹിക്കാതെ പകെയ്ക്കുവാനും മനുഷ്യരുടെ മുന്‍പാകെ ജീവിക്കുവാനും ഒക്കെ മാത്രമേ കഴിയു. സ്വയബലം മൂലം ആത്മാവിലെ ദാരിദ്ര്യം (ദൈവത്തിലുള്ള ശിശുതുല്യമായ ആശ്രയത്വം) അന്യമായിരിക്കും. ദൈവഹിത പ്രകാരം ദുഃഖിക്കുന്നതിന്റെയും സൗമ്യത, കരുണ, ഹൃദയശുദ്ധി തുടങ്ങിയവ ഉണ്ടായിരിക്കുന്നതിന്റെയും ഭാഗ്യാവസ്ഥ കാണാന്‍ കഴിയാതെ പോകും. അതുകൊണ്ടുതന്നെ ഈ സ്വയജീവനെ നാം പകയ്ക്കു കയാണു വേണ്ടതെന്നു യേശു നാലു സുവിശേഷങ്ങളിലും പറഞ്ഞു (മത്തായി 10:39; 16:25; മര്‍ക്കൊ. 8:35; ലൂക്കൊസ് 9:24;14:26; 17:33; യോഹന്നാന്‍ 12:25). ”തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതിനെ കളയും; ഇഹലോകത്തില്‍ തന്റെ ജീവനെ പകെയ്ക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും” (യോഹന്നാന്‍ 12:25) എന്ന യേശുവിന്റെ ഈ വചനം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഏഴുവട്ടം സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ടു തന്നെ അതിന്റെ പ്രാധാന്യം വ്യക്തമാണ്. നമ്മള്‍ കര്‍ത്താവിനെ അറിഞ്ഞു എന്നതു ശരിയാണ്. എന്നാല്‍ നമ്മള്‍ നമ്മുടെ സ്വയത്തെ സംരക്ഷിച്ച് അതിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചു ജീവിച്ചാല്‍ നിത്യതയില്‍ നമുക്കു നഷ്ടമുണ്ടാകും. അതേസമയം ഇന്നു നാം നമ്മുടെ സ്വയജീവനെ കണ്ടെത്തി കര്‍ത്താവിനേയും സുവിശേഷത്തെയും പ്രതി അതിനെ പകെച്ചാല്‍ നിത്യതയില്‍ അതു നേട്ടമാകും – ഇതാണു ക്രൂശിന്റെ വഴി. യേശു സ്വന്തജീവിതത്തില്‍ അതു നടപ്പാക്കുകയും ദൈനംദിന ജീവിതത്തില്‍ അറിയേണ്ട സ്വയത്തിന്റെ മരണത്തെപ്പറ്റി ഇങ്ങനെ പറയുകയും ചെയ്തു: ”ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു. ഗോതമ്പു മണി നിലത്തുവീണു ചാകുന്നില്ല എങ്കില്‍ അതു തനിയേ ഇരിക്കും. ചത്തു എങ്കിലോ വളരെ വിളവുണ്ടാകും” (യോഹ. 12:24). ഇതു ദിനംതോറും നമ്മുടെ ക്രൂശെടുത്തു നമ്മുടെ പദവിക്ക്, നമ്മുടെ ബഹുമാനത്തിന്, നമ്മുടെ തിരഞ്ഞെടുപ്പിന് മരിക്കുന്ന മാര്‍ഗ്ഗമാണ്. സ്വയത്തെ പോറലുപോലും ഏല്‍ക്കാതെ സംരക്ഷിക്കുകയും സ്വന്തന്യായത്തിനും മാനത്തിനും അംഗീകാരത്തിനും വേണ്ടി പോരാടുകയും ചെയ്യുന്നതാണു ലോകത്തിന്റെ രീതി. അതുപോലെ, ഈ ലോകത്തിന്റെ പ്രമാണത്താല്‍ സ്വാധീനിക്കപ്പെട്ട വിശ്വാസിയും സ്വയത്തിനു മരിക്കുന്നത് ഒഴിവാക്കാന്‍ എന്തും ചെയ്യും. ഇന്നു ചിലര്‍ ബൈബിള്‍ പരിജ്ഞാനത്തിനും മറ്റുചിലര്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തികള്‍ക്കും ഊന്നല്‍ നല്‍കുന്നു. എന്നാല്‍ വളരെ വിളവുണ്ടാകാനുള്ള വ്യവസ്ഥ യേശു പറയുന്നത് ‘ചത്തു എങ്കില്‍…’ എന്നതാണെന്നു ശ്രദ്ധിക്കുക. ബൈബിള്‍ പരിജ്ഞാ നം ആവശ്യമാണ്. എന്നാല്‍ അതു മാത്രമായി വിളവു നല്‍കുകയില്ല. പരിശുദ്ധാത്മാവിന്റെ പകര്‍ച്ച ഏറെ ആവശ്യമാണ്. എന്നാല്‍ ആത്മമാരിയും അതില്‍തന്നെ വിളവു നല്‍കുകയില്ലെന്നാണു കര്‍ത്താവു പറഞ്ഞത്. വിത്തു കിളിര്‍ക്കാന്‍, വിളവുണ്ടാകാന്‍, മഴ വളരെ അത്യാവശ്യം. എന്നാല്‍ മഴ എത്ര പെയ്താലും വിത്തു നേരത്തേ നിലത്തു വീണു ചത്തിട്ടില്ലെങ്കില്‍ വിളവുണ്ടാവുകയില്ല എന്നതു വ്യക്തമല്ലേ?. ചുരുക്കത്തില്‍ ബൈബിള്‍ പരിജ്ഞാനത്തിനും പരിശുദ്ധാത്മ നിറവിനും മാത്രം ഊന്നല്‍ നല്‍കുകയും സ്വയത്തെ കണ്ടെത്തി ദൈവേ ഷ്ടത്തെ പ്രതി സ്വന്ത ഇഷ്ടത്തെ ഉപേക്ഷിക്കുന്ന ക്രൂശിന്റെ വഴിയെ അവഗണിക്കുകയും ചെയ്താല്‍ എന്താണു പ്രയോജനം?. പാപത്തിന്റെ മേല്‍ വിജയകരമായ ഒരു ജീവിതം കൈവരിക്കുന്നതിന്റെ രഹസ്യവും ഇവിടെ നമുക്കു കാണാം. ‘നിങ്ങളെത്തന്നെ… മരിച്ചവര്‍ എന്ന് എണ്ണുവീന്‍’ (റോമര്‍ 6:11) എന്ന വചനം ശ്രദ്ധിക്കുക. മരിച്ച ഒരു മനുഷ്യനു പാപം ചെയ്യാന്‍ കഴിയുകയില്ല. മരിച്ച ഒരു മനുഷ്യനെ നമ്മള്‍ പരിഹസിച്ചാലും ഉപദ്രവിച്ചാലും അവന്‍ പ്രതികരിക്കുകയില്ല. മറിച്ച് അവനെ പുകഴ്ത്തിയാലും അവനു ഭാവവ്യത്യാസമൊന്നുമില്ല. നാമും നമ്മെത്തന്നെ ഇങ്ങനെയാണ് എണ്ണേണ്ടത്. അപ്പോള്‍ മനുഷ്യരുടേയും ഈ ലോകത്തിന്റെയും (അതു ‘വിശ്വാസലോക’മായാലും ശരി) പ്രശംസയാകട്ടെ, വിമര്‍ശനമാകട്ടെ നമ്മെ ഏശുകയില്ല. കാരണം നാം ഈ ലോകത്തിനു മരിച്ചു, ദൈവത്തോടു മാത്രം സജീവതയുള്ളവരായിരിക്കുന്നു. എത്ര അനുഗൃഹീതമായ ജീവിതമാണിത്! മരണത്തിന്റെ, ക്രൂശിന്റെ ഈ വഴിയില്‍ നാമും കര്‍ത്താവും തമ്മിലുള്ള ബന്ധം ഏറ്റവും അടുപ്പമുള്ളതാകുകയും ചെയ്യും. ‘അവന്റെ മരണത്തോട് അനുരൂപപ്പെടുമ്പോഴാണല്ലോ അവനെ… അനുഭവിച്ചറിയുന്നത്’ (ഫിലിപ്യര്‍ 3:10 കാണുക). ഇത് തുടരുന്ന ഒരനുഭവമാണെന്നും ഓര്‍ക്കുക.

ഈ ഒരനുഭവത്തിലേക്കു വരുവാന്‍ എങ്ങനെ കഴിയും?. നാം ഇതുവരെ ചിന്തിച്ച കാര്യങ്ങളെ സംക്ഷേപിച്ചാല്‍ അതിനുള്ള ഉത്തരം കിട്ടും. ഒന്നാമതു നമ്മുടെ ദൈവം തീക്ഷ്ണതയുള്ള ദൈവം ആണെന്ന് അറിയുക. നമ്മുടെ സ്‌നേഹം തന്നോടല്ലാതെ മറ്റെന്തിനോടെങ്കിലും പങ്കുവയ്ക്കുന്നതിന് അവിടുന്ന് എതിരാണ്. അങ്ങനെയുള്ള നിലപാടിനെ ‘വ്യഭിചാരം’ എന്നു തന്നെ വിളിക്കുകയും ലോകത്തിന്റെ കൂടെ സ്‌നേഹിതനാകാന്‍ ആഗ്രഹിക്കുന്നവനെ തന്റെ ‘ശത്രു’ എന്ന് എണ്ണുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള ദൈവമാണ് അവിടുന്ന്. അവിടുന്നു നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവും നമ്മുടെ മുഴുവന്‍ സ്‌നേഹത്തിനുമായി അസൂയയോടെ കാംക്ഷിക്കുന്നു. രണ്ടാമതായി ദൈവത്തോട് പൂര്‍ണ്ണസമര്‍പ്പണത്തോടെ നമ്മുടെ മുഴുവന്‍ പ്രതിബദ്ധതയും തനിക്കുമാത്രം നല്‍കാന്‍ നമുക്കുള്ള തടസ്സം നമ്മില്‍ തന്നെയാണ്. നമ്മിലുള്ള ഈ സ്വയജീവനെ കണ്ടെത്തി അതിനെ പകയ്ക്കുകയാണു വേണ്ടത്. ദൈവേഷ്ടത്തിനു വിരുദ്ധമായ സ്വയത്തിന്റെ ഇഷ്ടത്തെ നിഷേധിച്ച് ക്രൂശിന്റെ വഴിയിലൂടെയുള്ള യാത്രയാണിത്. ഇതു കര്‍ത്താവിന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയാണ്. ഈ വഴിയില്‍ കര്‍ത്താവിനെ നമ്മള്‍ കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കും. കര്‍ത്താവുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമായികൊണ്ടിരിക്കും. തീക്ഷ്ണതയുള്ള ദൈവത്തിന്റെ പ്രതീക്ഷയിലേക്കു നാം നാള്‍തോറും വളര്‍ന്നുകൊണ്ടിരിക്കും.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കായുള്ള ആഗ്രഹവും സമര്‍പ്പണവും സ്വയത്തെ നിഷേധിച്ച് ക്രൂശിന്റെ വഴിയിലൂടെയുള്ള മുന്നേറ്റവും താഴ്മയുള്ള മനോഭാവത്തെ കാണിക്കുന്നു. നാം നേരത്തെ ഉദ്ധരിച്ച ‘ആത്മാ വ് അസൂയയോടെ നമുക്കായി കാംക്ഷിക്കുന്നു’ എന്ന യാക്കോബിന്റെ ലേഖനത്തിലെ വചനത്തിന്റെ തൊട്ടടുത്ത വാക്യം (4:6) താഴ്മയെക്കുറിച്ചാണെന്നതു ശ്രദ്ധിച്ചോ?. താഴ്മയുള്ള ഒരുവനു മാത്രമേ ക്രൂശിന്റെ ഈ വഴി വ്യക്തമാകുകയുള്ളു; ഈ വഴിയിലൂടെ തുടര്‍മാനം സഞ്ചരിക്കുവാനും ഇങ്ങനെയൊരുവനു മാത്രമേ കഴിയുകയുള്ളു. ഈ താഴ്മ മൂലം അവനു നിരന്തരം ദൈവകൃപ ലഭ്യമായിക്കൊണ്ടിരിക്കും. കാരണം ‘ദൈവം നിഗളികളോട് എതിര്‍ത്തു നില്ക്കുകയും താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുകയും ചെയ്യുമെന്ന്’ അതേ വാക്യം തന്നെ വ്യക്തമാക്കുന്നു. ക്രൂശിന്റെ ഈ വഴിയിലൂടെ താഴ്മയോടെ ദൈവകൃപ ആസ്വദിച്ച് നാള്‍തോറും നടപ്പാന്‍ ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെ!

‘ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു’ (1 കൊരി. 1:18).

അധ്യായം 6 :
നീതീകരണത്തിന്റെയും വിശുദ്ധീകരണത്തിന്റെയും അര്‍ത്ഥതലങ്ങള്‍


”അവന്‍ നമുക്കു ദൈവത്തിങ്കല്‍ നിന്നു… നീതിയും ശുദ്ധീകരണവും… ആയിത്തീര്‍ന്നു” (1 കൊരി:1.30).

വിശ്വാസിയുടെ നീതീകരണവും വിശുദ്ധീകരണവും കര്‍ത്താവു തന്നെയാണ് എന്നു വ്യക്തമാക്കുന്ന ഈ വചനം വാസ്തവത്തില്‍ ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതത്തിനായുള്ള അദ്ധ്വാനത്തില്‍ നിന്നു നമ്മെ വിമോചിപ്പിക്കുന്ന മനോഹരമായ ഒരു വാക്യമാണ്.

നീതീകരണവും വിശുദ്ധീകരണവും- ഇവയെക്കുറിച്ച് ദൈവവചനത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തമായ ബോധ്യമില്ലെങ്കില്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനത്തിന് ഉറപ്പുണ്ടാകുകയില്ല. പിശാചിന്റെ കുറ്റാരോപണങ്ങള്‍ക്കു മുന്‍പില്‍ പതറിപ്പോകും. ആത്മീയ വളര്‍ച്ച തടസ്സപ്പെടും.

രക്ഷിക്കപ്പെട്ടതിനുശേഷം 13 വര്‍ഷത്തോളം ഇതേപ്പറ്റി ഒരു വ്യക്തത ദൈവത്തില്‍ നിന്നു തന്നെ പ്രാപിക്കാഞ്ഞ കാലങ്ങളെക്കുറിച്ചു ചൈനയിലെ വാച്ച്മാന്‍ നീ എന്ന ദൈവഭൃത്യന്‍ എഴുതിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ എവിടെയോ എന്തോ ഒരു കുറവുള്ളതുപോലെയാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. നിരന്തരം ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ദൈവം തന്റെ വചനത്തിലൂടെ രക്ഷയില്‍ അന്തര്‍ഭവിച്ചിട്ടുള്ള നീതീകരണത്തിന്റെയും വിശുദ്ധീകരണത്തിന്റെയും അര്‍ത്ഥതലങ്ങള്‍ അദ്ദേഹത്തിനു വെളിപ്പെടുത്തി. പിന്നീടൊരിക്കലും തന്റെ ജീവിതം പഴയപടി ആയിട്ടില്ലെന്നു നീ സാക്ഷ്യപ്പെടുത്തുന്നു.

രക്ഷ സംബന്ധിച്ചുള്ളതെല്ലാം തന്റെ ക്രൂശുമരണത്തില്‍ യേശു പൂര്‍ത്തിയാക്കി – ‘നിവൃത്തിയായി.’ രക്ഷയെ സംബന്ധിച്ചു രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്: നാം ക്രിസ്തുവില്‍. രണ്ട്: ക്രിസ്തു നമ്മില്‍.

നമ്മെ ക്രിസ്തുവില്‍ ആക്കിവച്ചിരിക്കുന്നു(We are in Christ); അപ്പോള്‍ തന്നെ ക്രിസ്തു നമ്മിലുമാണ് (Christ in us). ഈ രണ്ടു കാര്യങ്ങളും ആകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും യേശു തന്നെ പറഞ്ഞിട്ടുണ്ട്: ”എന്നില്‍ വസിപ്പിന്‍ ഞാന്‍ നിങ്ങളിലും വസിക്കും. കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴിയുകയില്ല… ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു” (യോഹന്നാന്‍ 15:4). കണ്ടോ?. ‘ഒരുത്തന്‍ എന്നില്‍’ (നമ്മള്‍ കര്‍ത്താവില്‍); അപ്പോള്‍ തന്നെ ‘ഞാന്‍ അവനിലും’ (കര്‍ത്താവു നമ്മില്‍).

നാം നേരത്തെ ഉദ്ധരിച്ച 1 കൊരിന്ത്യര്‍ 1:30-ല്‍ പൗലൊസും ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും പറയുന്നു: ‘നിങ്ങളോ അവനാല്‍ ക്രിസ്തുയേശുവില്‍ ഇരിക്കുന്നു. (നാം ക്രിസ്തുവില്‍)… അവന്‍ നമുക്ക്… ആയിത്തീര്‍ന്നു’ (ക്രിസ്തു നമ്മില്‍).

ഇതില്‍ ‘നാം ക്രിസ്തുവില്‍’ എന്നതു നീതീകരണത്തോടു ബന്ധപ്പെട്ടും ‘ക്രിസ്തു നമ്മില്‍’ എന്നതു വിശുദ്ധീകരണത്തോടു ബന്ധപ്പെട്ടും ചിന്തിക്കുന്നതു നമുക്ക് ഒട്ടേറെ ഉള്‍ക്കാഴ്ച നല്‍കും.

പ്രാരംഭമായി ‘നാം ക്രിസ്തുവില്‍’ എന്ന കാര്യം നോക്കാം. ഇതു ദൈവം തന്നെ ചെയ്യുന്ന കാര്യമാണ്. അവിടുന്നു നമ്മെ കര്‍ത്താവില്‍ ആക്കിവയ്ക്കുന്നു. ‘തന്റെ മുന്നറിവിന്‍ പ്രകാരം… ദൈവം ലോകസ്ഥാപനത്തിനു മുന്‍പേ നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു’വല്ലോ. (1 പത്രൊ:1:2; എഫെ 1:4). ഈ തിരഞ്ഞെടുപ്പ് അംഗീകരിച്ചു ദൈവവിളിയോട് ധനാത്മകമായി (positive) പ്രതികരിച്ചപ്പോള്‍ നമുക്ക് ‘അവന്‍ മൂലം വിശ്വാസത്താല്‍ ഈ കൃപയിലേക്കു പ്രവേശനം ലഭിച്ചു’ (റോമര്‍ 5:1, 2). ദൈവികാഹ്വാനത്തോട് നാം അനുസരണം കാട്ടി എന്നതു ശരിയാണെങ്കിലും ഈ രക്ഷ സംബന്ധിച്ചു നമുക്കു പറയുവാന്‍ കഴിയുന്നത് ‘നാശകരമായ കുഴിയില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നും അവന്‍ എന്നെ കയറ്റി എന്റെ കാലുകളെ ക്രിസ്തുവെന്ന പാറമേല്‍ നിര്‍ത്തി’ എന്നാണ്. (സങ്കീ. 40:2-നെ 1 കൊരി 10:4-നോടു ചേര്‍ത്തു വായിക്കുക). അവിടുന്നു നമ്മെ ക്രിസ്തുവില്‍ വച്ചു. ഉവ്വ്, ‘നിങ്ങളോ അവനാല്‍ ക്രിസ്തു യേശുവില്‍ ഇരിക്കുന്നു’ (1 കൊരി 1:30).

നാം ക്രിസ്തുവില്‍ ഇരിക്കുമ്പോള്‍ ക്രിസ്തുവിനു സംഭവിക്കുന്നതെല്ലാം നാമും അനുഭവിക്കുകയാണ്. ഒരു ഉദാഹരണം ഇങ്ങനെ കേട്ടിട്ടുണ്ട്. നാം ഒരു പുസ്തകം തുറന്ന് ഒരു ബസ് ടിക്കറ്റ് അതിനുള്ളില്‍ വച്ചു എന്നിരിക്കട്ടെ. ഇപ്പോള്‍ ടിക്കറ്റ് പുസ്തകത്തിനുള്ളില്‍ ഇരിക്കുന്നു. ഇനി പുസ്തകത്തിനു സംഭവിക്കുന്നതെല്ലാം ടിക്കറ്റിനും ബാധകമാണ്. നാം ഈ പുസ്തകം പുഴയിലെറിഞ്ഞു എന്നു സങ്കല്പിക്കുക. ടിക്കറ്റും വെള്ളത്തില്‍ വീണു. നാം പുസ്തകം തീയിലിട്ടുവെന്നിരിക്കട്ടെ. പുസ്തകം കത്തിച്ചാമ്പലാകുമ്പോള്‍ അതിനുള്ളിലെ ടിക്കറ്റും ചാരമായിത്തീരും. പകരം പുസ്തകം നാം പാഴ്‌സലായി വിദേശത്തേക്ക് അയച്ചുവെന്നു സങ്കല്‍പിക്കുക. ടിക്കറ്റിനെന്തു സംഭവിക്കും? ടിക്കറ്റും പുസ്തകത്തോടൊപ്പം വിദേശത്ത് എത്തും. പുസ്തകത്തിനു സംഭവിച്ചതെല്ലാം ടിക്കറ്റിനും സംഭവിച്ചു. ഇതുപോലെയാണു നമ്മെ സംബന്ധിച്ചും. നാം ക്രിസ്തുവിലായിരിക്കയാല്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോള്‍ ‘നാമും (നമ്മുടെ പഴയ മനുഷ്യന്‍) അവനോടു കൂടെ ക്രൂശിക്കപ്പെട്ടു’ (ഗലാത്യര്‍ 2:20, റോമര്‍ 6:6). ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ നാമും അവനോടു കൂടെ ഉയിര്‍ത്തെഴുന്നേറ്റു (എഫെ. 2:5,7). ക്രിസ്തു സ്വര്‍ഗത്തില്‍ ഇരുത്തപ്പെട്ടപ്പോള്‍ നാമും അവനോടുകൂടെ അവിടെ ഇരുത്തപ്പെട്ടു (എഫെ. 2:7). ഇനി ക്രിസ്തു വെളിപ്പെടുമ്പോള്‍ നാമും അവനോടു കൂടെ വെളിപ്പെടും (കൊലോ. 3:4). എത്ര അദ്ഭുതകരം!

‘നാം ക്രിസ്തുവില്‍’ എന്ന ഈ സത്യം നമ്മുടെ ഭൂതകാലം സംബന്ധിച്ച എല്ലാ കാര്യങ്ങളെയും കൈകാര്യം ചെയ്തിരിക്കുന്നു. നാം ക്രിസ്തുവില്‍ ആകുമ്പോള്‍ ഭൂതകാലത്തില്‍ നാം ചെയ്ത തെറ്റുകള്‍ എല്ലാം ദൈവം ക്ഷമിക്കുക മാത്രമല്ല ചെയ്യുന്നത്. അങ്ങനെയാണ് അവിടുന്നു ചെയ്യുന്നതെങ്കില്‍ ‘അതുവരെയുള്ള തെറ്റുകളെല്ലാം ക്ഷമിക്കപ്പെട്ട അപരാധി’ എന്നതായിരിക്കും ദൈവമുന്‍പാകെ നമ്മുടെ സ്ഥാനം. പകരം ദൈവം അതുവരെയുള്ള പാപം ക്ഷമിക്കുക മാത്രമല്ല ‘ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ലാത്ത നീതിമാന്‍’ എന്നു നമ്മെ മുദ്ര കുത്തുക കൂടി ചെയ്യുന്നു. ഇതിനെയാണു ‘നീതീകരണം’ എന്നു വിളിക്കുന്നത്. ദൈവം നമ്മുടെ ഭൂതകാല പാപങ്ങള്‍ ക്ഷമിച്ചാല്‍ മാത്രം പോരേ? എന്തിനാണു നീതീകരിക്കുന്നത്? അതിനു കാരണം ‘നാം ക്രിസ്തുവിലാ’ണെന്നതാണ്. ദൈവമുന്‍പാകെ ക്രിസ്തുവിന്റെ സ്ഥാനം എന്താണ്? അത് ‘ഒരിക്കലും ഒരു പാപവും ചെയ്തിട്ടില്ലാത്ത നീതിമാന്‍’ എന്നതാണ്. നാം ക്രിസ്തുവിലാകയാല്‍ ക്രിസ്തുവിനുള്ളതെല്ലാം നമുക്കും ബാധകമാണ്. അതുകൊണ്ടു തന്നെ ദൈവത്തിനു നമ്മുടെ ഭൂതകാല പാപങ്ങള്‍ ക്ഷമിച്ചാല്‍ മാത്രം പോരാ, സ്വര്‍ഗീയ കോടതിയുടെ മുന്‍പാകെ ‘ഭൂതകാലത്തില്‍ ഒരിക്കല്‍പോലും പാപം ചെയ്തിട്ടില്ലാത്ത നീതിമാന്മാര്‍’ എന്നു നമ്മെ പ്രഖ്യാപിക്കുക കൂടിവേണം. ഇവിടെ ക്രിസ്തുവിന്റെ നീതി നമ്മുടെ നീതിയായി കണക്കിടുകയാണ്. (‘പുസ്തകത്തിനു സംഭവിക്കുന്നതെല്ലാം അതിനുള്ളിലെ ടിക്കറ്റിനും ബാധകമാണല്ലോ’ എന്ന ഉദാഹരണം ഓര്‍ക്കുക). നീതീകരണം എന്നു പറയുന്നത് എത്ര മഹത്തായ കാര്യമാണ്!

ചുരുക്കത്തില്‍ ‘നാം ക്രിസ്തുവില്‍’ എന്ന ദൈവിക സത്യം നീതികരണത്തിലൂടെ നമ്മുടെ ഭൂതകാലം സംബന്ധിച്ച തെറ്റുകള്‍ക്കെല്ലാം നിവൃത്തി വരുത്തിയിരിക്കുന്നു. ഇതു ദൈവം തന്നെ ചെയ്യുന്ന ഒരു കാര്യമാണ്. നമുക്കു ചെയ്‌തെടുക്കുവാന്‍ കഴിയുന്നതല്ല. ‘ഞാന്‍ എന്നെത്തന്നെ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കണം’ എന്നല്ല മറിച്ച് ‘ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു’ എന്നാണല്ലോ വാക്യം (ഗലാത്യ. 2:20). ‘നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു’ എന്ന വചനവും ശ്രദ്ധിക്കുക (റോമ.6:6). ആദാമിന്റെയും ഹവ്വയുടെയും അനുഭവം ഇതു വ്യക്തമാക്കാന്‍ നല്ലൊരു ഉദാഹരണമാണെന്നു തോന്നുന്നു. ഏദന്‍ തോട്ടത്തില്‍ പാപം ചെയ്തപ്പോള്‍ ഇരുവരും നഗ്നരായിത്തീര്‍ന്നു. ഉടനെ അവര്‍ അത്തിയിലകള്‍ കൊണ്ടു വസ്ത്രം ഉണ്ടാക്കി നാണം മറയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ദൈവം ഒരു മൃഗത്തെ കൊന്ന് അതിന്റെ തോലെടുത്ത് അതുകൊണ്ട് അവരുടെ നഗ്നത മറച്ചു. ആദിമ മാതാപിതാക്കളുടെ പാപത്തിന്റെ ഫലമായി കൊല്ലപ്പെട്ട മൃഗം ക്രിസ്തുവിന്റെ പ്രതീകമാണ്. അത്തിയിലകള്‍ മനുഷ്യന്റെ പ്രവൃത്തിയുടെ പ്രതീകവും. നമ്മുടെ ഏറ്റവും നല്ല സല്‍പ്രവൃത്തികള്‍ പോലും ദൈവത്തിന്റെ മുന്‍പാകെ കറപുരണ്ട തുണിപോലെയാണല്ലോ (യെശ 64:6). അതുകൊണ്ട് നമ്മുടെ പ്രവൃത്തികള്‍കൊണ്ട് നാം ദൈവമുന്‍പാകെ നീതീകരിക്കപ്പെടുകയില്ല. മറിച്ച് ‘ക്രിസ്തുവിന്റെ നീതി’ എന്ന തോല്‍വസ്ത്രം കൊണ്ടു മാത്രമേ നമ്മുടെ നഗ്നത മറയ്ക്കുവാന്‍ കഴിയുകയുള്ളു. ഇങ്ങനെ ക്രിസ്തുയേശുവില്‍ സൗജന്യമായി നാം നീതീകരിക്കപ്പെട്ടിരിക്കുന്നു.

രണ്ടാമതായി ‘ക്രിസ്തു നമ്മില്‍’ എന്ന വസ്തുത വിശുദ്ധീകരണത്തോടുള്ള ബന്ധത്തില്‍ ചിന്തിക്കാം. ഗലാത്യര്‍ 2:20 നോക്കുക: ‘ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു.’ ഇതിന്റെ ആദ്യഭാഗം നാം ചിന്തിച്ചു. ഞാന്‍ ക്രിസ്തുവിനോടുകൂടെ ഭൂതകാലത്തില്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു. എന്റെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നു ഞാന്‍ അറിയുന്നു. ഇത്രയും ശരിയാണ്. എന്നാല്‍ തുടര്‍ന്നു പറയുന്നു. ‘ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തു എന്നില്‍.’

ക്രിസ്തു നമ്മില്‍ (Christ in us) എന്നതു നമ്മുടെ വര്‍ത്തമാന കാലത്തെയും ഭാവിയെയും സംബന്ധിച്ച കാര്യമാണ്. ദൈവത്താല്‍ നീതീകരിക്കപ്പെട്ട നമ്മള്‍ ഇനി വിശുദ്ധിയുടെ പാതയിലൂടെ മുന്നോട്ട് ഓടണം. എന്നാല്‍ അതു ചെയ്യുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന ക്രിസ്തുവാണെന്ന് (Not I, but Christ in me) തുടര്‍ന്നു പറയുന്നു. വിശുദ്ധിയുടെ പാതയിലൂടെ വിജയകരമായി നമ്മെ മുന്നോട്ടു നടത്താന്‍ അവിടുന്നു ശക്തനാണ്. ”വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിര്‍ത്തുവാന്‍ ശക്തിയുള്ളവനാണ് അവിടുന്ന്” (യൂദ. 24). ‘ഇനി ജീവിക്കുന്നതു ഞാനല്ല’ എന്നു പറയുമ്പോള്‍ ഊന്നല്‍ നമ്മിലല്ല എന്നര്‍ത്ഥം. മറിച്ച് ‘ക്രിസ്തു എന്നില്‍ ജീവിക്കുന്നു’ എന്നു പറയുമ്പോള്‍ എനിക്കു പകരം ക്രിസ്തു ജീവിക്കുകയാണ്. അവിടുന്ന് ശക്തനാണ്.

ഇതു പ്രായോഗികമായി എങ്ങനെയാണു നടക്കുന്നത്? ‘ഞാനല്ല, ക്രിസ്തു എന്നില്‍ ജീവിക്കുന്നു’ എന്നു പറയുമ്പോള്‍ അതൊരു പുതുജീവനാണ്. ജീവന്‍ ഒരു ‘നിയമ’ത്തിന്റെ (law) അടിസ്ഥാനത്തില്‍ സ്വാഭാവികമായാണു പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിനു ഗുരുത്വാകര്‍ഷണനിയമം. അത് ഭൂമിയില്‍ എല്ലായിടത്തും ഒരേപോലെ പ്രവര്‍ ത്തിക്കുന്നു. നാം ഭൂമിയില്‍ എവിടെ നിന്ന് ഒരു കല്ല് മുകളിലേക്ക് എറിഞ്ഞാലും അതു മുകളിലേക്കു പോകുകയില്ല, സ്വാഭാവികമായി താഴേക്കു പോരും. ഇതൊരു നിയമമാണ്. ആത്മീയ മണ്ഡലത്തിലും ഇങ്ങനെ രണ്ടു നിയമങ്ങള്‍ (പ്രമാണങ്ങള്‍) പ്രവര്‍ത്തിക്കുന്നതായി പൗലൊസ് പറയുന്നു. പാപത്തിന്മേല്‍ വിജയകരമായ ഒരു വിശുദ്ധജീവിതം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവപൈതലിനെ വീഴ്ത്തിക്കളയാന്‍ സദാ ജാഗരൂകമായിരിക്കുന്ന ശക്തി ഒരു പ്രമാണം (നിയമം) പോലെയാണു പ്രവര്‍ത്തിക്കുന്നതെന്നു സ്വന്തം ജീവിതത്തോടു ബന്ധപ്പെടുത്തി പൗലൊസ് ചൂണ്ടിക്കാട്ടുന്നു (റോമര്‍ 7:21, 23, 25). ഇതിനെതിരെ വീഴാതെ വിശ്വാസിയെ സൂക്ഷിക്കുന്ന ദൈവികജീവനും ഒരു പ്രമാണം പോലെയാണു പ്രവര്‍ത്തിക്കുന്നതെന്നു പൗലൊസ് വിശദീകരിക്കുന്നു. ഇതാണു ‘ജീവന്റെ ആത്മാവിന്റെ പ്രമാണം.’ ഈ ജീവന്റെ ആത്മാവിന്റെ പ്രമാണം തനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തില്‍നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നുവെന്നാണ് ഒടുവില്‍ പൗലൊസ് ഉദ്‌ഘോഷിക്കുന്നത് (റോമര്‍ 8:2). ഈ ജീവന്റെ പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണു നമുക്കും വിജയകരമായ ഒരു വിശുദ്ധജീവിതം കരഗതമാകുന്നത്. ക്രിസ്തു എന്നില്‍. ഞാനല്ല, ക്രിസ്തുവാണു ജീവിക്കുന്നത്. വിജയകരമായ ഒരു ജീവിതത്തിന്റെ രഹസ്യം അവിടുന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണു 1 കൊരിന്ത്യര്‍ 1:30-ന്റെ രണ്ടാം ഭാഗത്ത് ‘അവന്‍ നമുക്കു ദൈവത്തിങ്കല്‍നിന്നു… ശുദ്ധീകരണവും… ആയിത്തീര്‍ന്നു’ എന്നു പറഞ്ഞിരിക്കുന്നത്. നമ്മുടെ പ്രവൃത്തികളല്ല, കര്‍ത്താവു തന്നെയാണു നമ്മുടെ ശുദ്ധീകരണം. എത്ര അത്ഭുതകരം!

എന്നാല്‍ ഇതിന്റെ അര്‍ത്ഥം നമുക്കൊരു ഉത്തരവാദിത്തവും ഇല്ലെന്നാണോ…? അല്ല. ഗലാത്യര്‍ 2:20-ല്‍ നമ്മള്‍ ഇതുവരെ ചിന്തിച്ചതിന്റെ അടുത്ത ഭാഗത്ത് ഇതു വ്യക്തമാണ്. ”ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു.” പൗലൊസ് ഇവിടെ നിര്‍ത്തുന്നില്ല. തുടര്‍ന്നു പറയുന്നു: ”ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്‌നേഹിച്ച് എനിക്കു വേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.” നേരത്തേ, ഗലാ.2:20-ന്റെ ആദ്യഭാഗത്ത് ‘ഇനി ഞാന്‍ ജീവിക്കുന്നില്ല’ എന്നു പറഞ്ഞ പൗലൊസ് തന്നെ ‘ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നു’ എന്നു പറഞ്ഞിരിക്കുന്നു. കണ്ടോ? ‘ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു. ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവാണ്’ എന്നു പറയുമ്പോള്‍ തന്നെ എന്റെ അസ്തിത്വം ഇല്ലാതാകുന്നില്ല. തുടര്‍ന്നും ഈ ലോകത്തില്‍ ഞാന്‍ തന്നെ ജീവിച്ചേ മതിയാകൂ. അതു നല്‍കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് എനിക്ക് ഒളിച്ചോടാനാവില്ല. ഞാന്‍ മറ്റെവിടെ നിന്നോ നിയന്ത്രിക്കപ്പെടുന്ന ഒരു യന്ത്രമനുഷ്യനല്ല. ‘ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുക’ തന്നെയാണ്.

ഒരേ വാക്യത്തില്‍ തന്നെ ആദ്യം പറയുന്നു ‘ഞാന്‍ ഇനി ജീവിക്കുന്നില്ല’? തുടര്‍ന്നു പറയുന്നു ‘ഞാന്‍ ഇപ്പോള്‍ ജഡത്തില്‍ ജീവിക്കുന്നു.’ പരസ്പര വിരുദ്ധമെന്ന് തോന്നാവുന്ന ഈ പ്രസ്താവനയുടെ പൊരുളെന്താണ്? ഇതിനെ ലളിതമായി ഇങ്ങനെ പറയാം: ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു. ഇനി ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. അപ്പോള്‍ തന്നെ ഇപ്പോള്‍ ജഡത്തില്‍ ജീവിച്ചിരിക്കുന്ന ഞാന്‍ എന്നില്‍ ജീവിക്കാന്‍ ക്രിസ്തുവിനെ അനുവദിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം എന്റേതാണ്.

ഒരു നിയമം (പ്രമാണം) പോലെ ഇതു സ്വാഭാവികമായി നടന്നുകൊള്ളും എന്നു നാം മുകളില്‍ പറഞ്ഞെങ്കിലും ആ പ്രമാണം പ്രവര്‍ത്തിക്കുന്നതിനെ തടയാന്‍ നമുക്കാകും. ഉദാഹരണത്തിനു നേരത്തെ ചിന്തിച്ച ഗുരുത്വാകര്‍ഷണ നിയമം തന്നെ എടുക്കുക. മുകളിലുള്ള ഏതു വസ്തുവും വീണാല്‍ താഴേക്കുതന്നെ പതിക്കും. എന്നാല്‍ ആ വസ്തു വീഴാന്‍ തുടങ്ങുമ്പോള്‍ തന്നെ ഒരു കൈ അതിനെ ബലമായി പിടിച്ചാലോ? അതു പിന്നെ താഴേക്കു വീഴുകയില്ല. ഗുരുത്വാകര്‍ഷണ നിയമം അവിടെ സ്വാഭാവികമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഒരു കൈ അതിനെ തടഞ്ഞു. ഇതുപോലെ ജീവന്റെ ആത്മാവിന്റെ പ്രമാണം പ്രവര്‍ത്തിക്കുന്നതു തടയാന്‍ നമുക്കാകും. മറിച്ച് ജീവന്റെ ആത്മാവിന്റെ പ്രമാണം സ്വാഭാവികമായി പ്രവര്‍ത്തിക്കാന്‍ നാം അനുവദിക്കുകയാണ് വേണ്ടത്.

ഇങ്ങനെ ക്രിസ്തു നമ്മില്‍ ജീവിക്കാന്‍ നാം അനുവദിക്കുക എന്നു പറഞ്ഞാല്‍ പ്രായോഗിക അര്‍ത്ഥത്തില്‍ അതെങ്ങനെയാണ്? ഗലാത്യര്‍ 2:20-ല്‍ നിന്ന് അതും വ്യക്തമാണ്: ”ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്‌നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രെ ജീവിക്കുന്നത്.” എന്നില്‍ ജീവിക്കുന്ന ദൈവപുത്രങ്കലുള്ള വിശ്വാസത്താല്‍ (ആശ്രയത്വത്താല്‍) ആണതു കഴിയുന്നത്. വിശ്വാസം എന്നാല്‍ ഫലത്തില്‍ വിശ്വസിക്കുന്ന ആളിനെ ആശ്രയിക്കുന്നതാണ്, ആ ആളിനു കീഴടങ്ങുന്നതാണ്. നാം നമ്മിലുള്ള ക്രിസ്തുവിനു കീഴടങ്ങണം. അങ്ങനെ ക്രിസ്തുവിനെ നമ്മില്‍ ജീവിക്കാന്‍ അനുവദിക്കണം.

നാം ഇങ്ങനെ കീഴടങ്ങുന്നതിന് ഒരു മാതൃക ആ വാക്യത്തില്‍ തന്നെ പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക. അതും മറ്റാരുമല്ല, ദൈവപുത്രന്‍ തന്നെയാണ്. ദൈവപുത്രനെ അവിടെ വിശേഷിപ്പിച്ചിരിക്കുന്നത് എങ്ങനെയാണെന്നു ശ്രദ്ധിച്ചോ? ‘എന്നെ സ്‌നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവന്‍’ എന്നാണ്. ദൈവപുത്രന്‍ തന്നെത്താന്‍ ഏല്പിച്ചുകൊടുത്തു. നാം ഇതാണു മാതൃകയാക്കേണ്ടത്.

ദൈവപുത്രന്‍ തന്നെത്താന്‍ ഏല്പിച്ചുകൊടുത്തത് എന്തിനുവേണ്ടിയാണ്? ഉത്തരം: പിതാവിന്റെ ഇഷ്ടം തന്നില്‍ നിറവേറാനാണ്. പിതാവായ ദൈവം ലോകത്തെ സ്‌നേഹിച്ച് പ്രിയപുത്രനെ ലോകസ്ഥാപനത്തിനു മുന്‍പേ ക്രൂശില്‍ തകര്‍ത്തുകളയാന്‍ നമുക്കായി വേര്‍തിരിച്ചു എന്നതു സത്യമാണ്. പക്ഷേ അതു യാഥാര്‍ത്ഥ്യമാകാന്‍ പുത്രനും അതിനുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുക്കേണ്ടതുണ്ടായിരുന്നു. പുത്രന്‍ സ്വന്തഇഷ്ടത്തെ പിതാവിന്റെ ഇഷ്ടത്തിനു കീഴ്‌പ്പെടുത്തിക്കൊടുത്തില്ലായിരുന്നെങ്കില്‍ അതു യാഥാര്‍ത്ഥ്യമാകുകയില്ലായിരുന്നു. ദൈവഹിതം മാത്രമേ ഈ ലോകത്തു നടക്കുകയുള്ളു. അതു സ്വാഭാവികമായി ഒരു ‘നിയമം’പോലെ നിറവേറുകയും ചെയ്യും. എന്നാല്‍ പുത്രന്‍ സ്വന്ത ഇഷ്ടത്തില്‍ മുറുകെപ്പിടിച്ചു നിന്നിരുന്നെങ്കില്‍ അതു തടസ്സപ്പെടുമായിരുന്നു. അതുകൊണ്ട് പുത്രന്‍ സ്വന്തഇഷ്ടത്തെ പിതാവിന്റെ ഇഷ്ടത്തിന് അടിയറവച്ച് പിതാവിനു കീഴടങ്ങി തന്നെത്താന്‍ ഏല്പിച്ചു കൊടുത്തു. ഗത്‌സെമന തോട്ടത്തില്‍ യേശു ‘എന്റെ ഇഷ്ടമല്ല’ എന്നു സമര്‍പ്പിച്ചപ്പോള്‍ ‘ഇനി ജീവിക്കുന്നതു ഞാനല്ല’ എന്നു തന്നെയാണു തത്ത്വത്തില്‍ സമ്മതിച്ചത് (ഒരുവന്റെ അസ്തിത്വം വാസ്തവത്തില്‍ അവന്റെ സ്വന്തം ഇഷ്ടമാണല്ലോ). തുടര്‍ന്ന് യേശു ‘നിന്റെ ഇഷ്ടം തന്നെ ആകട്ടെ’ എന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ പിതാവിന്റെ ഇഷ്ടം തന്റെ ജീവനാകുവാന്‍ അനുവദിക്കുകയാണു ചെയ്തത്. യേശു പിതാവിന്റെ ഇഷ്ടം തന്നില്‍ നിറവേറുവാന്‍ സ്വന്ത ഇഷ്ടത്തെ ഏല്പിച്ചുകൊടുത്തതു തന്നെയാണ് നമുക്കും മാതൃക. നാം നമ്മുടെ ഇഷ്ടത്തെ ദൈവപുത്രന്റെ ഇഷ്ടത്തിനായി ഏല്‍പ്പിച്ചുകൊടുക്കണം.

ചുരുക്കത്തില്‍ ക്രിസ്തുവാണു നമ്മില്‍ ജീവിക്കുന്നത്; നാമല്ല. അപ്പോള്‍ തന്നെ ക്രിസ്തു നമ്മില്‍ ജീവിക്കാന്‍ അനുവദിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ‘എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം’ എന്നു തന്നെത്താന്‍ ഏല്പിച്ചുകൊടുത്തുകൊണ്ടാണ് അതു നമുക്കു ചെയ്യാവുന്നത്. ‘ഞാന്‍ കുറഞ്ഞാലാണല്ലോ അവന് എന്നില്‍ വളരുവാന്‍’ കഴിയുന്നത് (യോഹന്നാന്‍ 3:30).

ജീവിതത്തില്‍ സ്വയത്തിന്റെ ഇഷ്ടം നമ്മില്‍ കുറഞ്ഞുവരുമ്പോള്‍ ആ സ്ഥാനത്തു ദൈവഹിതം നടപ്പായിക്കൊണ്ടിരിക്കും. വിശുദ്ധജീവിതം എന്നുപറയുന്നതു ദൈവേഷ്ടത്തിലേക്കു മുന്നേറിക്കൊണ്ടിരിക്കുന്നതാണല്ലോ.

നോക്കുക: നമ്മുടെ നീതീകരണവും വിശുദ്ധീകരണവും ദൈവം എത്ര ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു! നമ്മെ ക്രിസ്തുവില്‍ ആക്കിവച്ചപ്പോള്‍ ഭൂതകാലത്തില്‍ ക്രിസ്തുവിനോടൊപ്പം നമ്മുടെ ‘പഴയമനുഷ്യന്‍’ ക്രൂശിക്കപ്പെട്ടു. ഫലം നാം സൗജന്യമായി നീതീകരിക്കപ്പെട്ടു. തുടര്‍ന്നു ‘ക്രിസ്തു നമ്മില്‍’ ആയപ്പോള്‍ വിശുദ്ധീകരണത്തിന്റെ പാതയില്‍ അവിടുത്തെ ശക്തിയാല്‍ നമുക്കു സ്വാഭാവികമായി മുന്നേറാന്‍ കഴിയുന്നു. അപ്പോള്‍ത്തന്നെ ക്രിസ്തു നമ്മില്‍ ജീവിക്കുവാന്‍ നാം അനുവദിക്കുകയും ക്രിസ്തു നമ്മില്‍ വളരുവാന്‍ നാം നമ്മുടെ ഇഷ്ടത്തെ അവിടുത്തെ ഇഷ്ടത്തിനായി ഏല്‍പ്പിച്ചുകൊടുക്കുകയും വേണം.

ഈ സത്യങ്ങള്‍ കാണേണ്ടതുപോലെ കണ്ടാല്‍ നാമും പൗലൊസിനെപ്പോലെ ഇങ്ങനെ പറഞ്ഞുപോകും: ”ഹ! ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! …സകലവും അവനില്‍ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്വം ആമേന്‍.”

അധ്യായം 7 : സഭയുടെ പണിയില്‍ നമ്മുടെ പങ്കാളിത്തം


ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ, തലയൊളിപ്പിക്കാന്‍ തണലില്ലാതെ, ദാഹത്തിനിറ്റു വെള്ളമില്ലാതെ നടന്നു പോകുന്ന ഒരു പഥികന്‍ പൊടുന്നനെ ഒരു മരുപ്പച്ചയിലെത്തിയാല്‍ അവനുണ്ടാകുന്ന ആശ്വാസം എത്ര വലുതായിരിക്കും! ഈ ലോക മരുഭൂമിയില്‍ ഇത്തരം ആശ്വാസത്തിന്റെ തുരുത്തുകളാകണം സഭകള്‍.

സഭകളെ സംബന്ധിച്ച് ദൈവം ഇതാണാഗ്രഹിക്കുന്നത്. കാരണം ദൈവം മുഴുലോകത്തേയും വീണ്ടെടുക്കാനുള്ള തന്റെ പ്രവൃത്തി സഭയിലൂടെയാണ് ചെയ്യുന്നത്. ദൈവത്തിന്റെ പ്രവര്‍ത്തനരീതി തുടക്കം മുതല്‍ ഈ നിലയിലായിരുന്നു. മുഴുവന്‍ ‘ഭൂമി’യെയും വീണ്ടെടുക്കാനായി ആദ്യം ഒരു ‘ദേശത്തെ’ സ്വന്തമാക്കുക. ലോകത്തെ ‘എല്ലാ ജാതികളി’ലേക്കും എത്താനായി ‘തനിക്കായി ഒരു ജന’ത്തെ തിരഞ്ഞെടുക്കുക – ഇതായിരുന്നു അബ്രാഹാമിന്റെ കാലം മുതല്‍ ഇന്നുവരെയുള്ള ദൈവത്തിന്റെ പ്രവര്‍ത്തന വിധം.

അബ്രാഹാമിനെ ദൈവം ആദ്യമായി വിളിക്കുന്ന ഭാഗത്തു തന്നെ ഇതിന്റെ സൂചന കാണാം: ”യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തതെന്തെന്നാല്‍: നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുക. ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും. നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും. നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്‍പ. 12:1 -3).

രണ്ടു വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. ഒന്ന്: ദേശം. രണ്ട്: ഭൂമി. ദേശം ഒരു ചെറിയ പ്രദേശമാണ്. ഭൂമിയാകട്ടെ ഈ മുഴുവന്‍ ലോകവും. അബ്രാഹാമിനെ ദൈവം ഒരു ദേശത്തേക്കാണു വിളിക്കുന്നത്; അവനിലൂടെ അനുഗ്രഹിക്കുന്നതോ? മുഴുഭൂമിയെയും.

ഒരിക്കല്‍ ഈ മുഴുഭൂമിയും ദൈവത്തിന്റേതായിരുന്നു. കാരണം അവിടുന്നാണതിനെ സൃഷ്ടിച്ചത് (ഉല്‍പ.2:4). തുടര്‍ന്നു ആദിമ മനുഷ്യനെ ദൈവം അതിന്റെ കാവല്‍ക്കാരനാക്കി. എന്നാല്‍ ആദം അവന്റെ വീഴ്ചയിലൂടെ സാത്താന്റെ അടിമയായിത്തീര്‍ന്നു. അടിമയുടെ സ്വത്തിന്റെ മേല്‍ അവന്റെ യജമാനനാണല്ലോ അവകാശം? അങ്ങനെ ഭൂമി ദുഷ്ടന്റെ അധീനതയിലായി. ഇങ്ങനെ നഷ്ടമായ ഈ ഭൂമിയെ തിരിച്ചുപിടിക്കാന്‍ അബ്രാഹാമിനു ദൈവം ഒരു ദേശത്തെക്കുറിച്ചുള്ള ദര്‍ശനം നല്‍കുന്നു. ആ ദേശത്തില്‍ നിന്നാരംഭിച്ചു ഭൂമിയെ മുഴുവന്‍ വീണ്ടെടുക്കാനുള്ള ദൈവപദ്ധതിയുടെ സൂചനയാണ് അബ്രാഹാമിനു നല്‍കിയ അനുഗ്രഹത്തില്‍ കാണുന്നത്.

അബ്രാഹാമിനും ആദിമ മനുഷ്യനായ ആദമിനും ഇടയില്‍ ദൈവഭക്തരായ മൂന്നു വ്യക്തികളെയെങ്കിലും നമുക്കു കാണാന്‍ കഴിയും. ഹാബേല്‍, ഹാനോക്ക്, നോഹ എന്നിവരാണവര്‍. എന്നാല്‍ ഇവരോട് ദൈവം വ്യക്തികള്‍ എന്ന നിലയിലാണ് ഇടപെടുന്നത്. നഷ്ടമായ ലോകത്തെയും മാനവരാശിയേയും വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ പ്രവര്‍ത്തനം ഇവരിലൂടെ ആരംഭിക്കുന്നില്ല.

മറിച്ച്, വ്യക്തികള്‍ക്കപ്പുറത്തു മാനവരാശിയുടെ പാപം എന്ന പ്രശ്‌നം അബ്രാഹാം മുതലാണു ദൈവം കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നത്. നേരത്തെ നമ്മള്‍ പരാമര്‍ശിച്ച ഹാബേല്‍, ഹാനോക്ക്, നോഹ എന്നിവരില്‍ നിന്ന് അബ്രാഹാമിനുണ്ടയിരുന്ന പ്രകടമായ ഒരു വ്യത്യാസം ഇവിടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഹാബേലും ഹാനോ ക്കും നോഹയും തുടക്കം മുതല്‍ ദൈവാരാധകരായിരുന്നു. എന്നാല്‍ അബ്രാഹാമിന്റെ പശ്ചാത്തലം അതായിരുന്നില്ല. യോശുവ: 24:2 കാണുക: ”അപ്പോള്‍ യോശുവ സര്‍വ്വ ജനത്തോടും പറഞ്ഞതെന്തന്നാല്‍: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു”!

ഹാബേലും ഹാനോക്കും നോഹയും ദൈവത്തെ സേവിച്ചപ്പോള്‍ വിഗ്രഹങ്ങളെ സേവിക്കുന്നവനായിരുന്നു അബ്രാഹാം. പക്ഷേ ഈ അബ്രാഹാമിലാണു ദൈവം മാനവരാശിയുടെ വീണ്ടെടുപ്പിന്റെ പ്രവൃത്തി ആരംഭിക്കുന്നത്. അബ്രാഹാം ഒരളവില്‍ ആദമിനെപ്പോലെയാണ്- നഷ്ടപ്പെട്ടവന്‍, യഥാര്‍ത്ഥ ദൈവത്തെ വിട്ടുകളഞ്ഞവന്‍. ലോകത്തിന്റെ പാപത്തെ കൈകാര്യം ചെയ്യാന്‍ തുടങ്ങുന്ന ദൈവം ഹാബേലിനെയും ഹാനോക്കിനേയും നോഹയേയും മറികടന്ന് ആദാമിന്റെ ലംഘനത്തിലൂടെയുണ്ടായ വീഴ്ചയ്ക്കു പരിഹാരമായി തന്റെ വീണ്ടെടുപ്പിന്‍ പ്രവൃത്തി അബ്രാഹാമില്‍ ആരംഭിച്ചതില്‍ ഒരു ദൈവനീതിയുണ്ട്. അബ്രാഹാമിനെ കാണിപ്പാനിരിക്കുന്ന ഒരു ദേശത്തേക്കു വിളിക്കുന്നു. ആ ദേശത്തില്‍ ആദ്യം അവനെ അനുഗ്രഹിക്കുകയും തുടര്‍ന്നു ഭൂമിയെ മുഴുവന്‍ അനുഗ്രഹിക്കുകയും ചെയ്യുന്ന തന്റെ പ്രവര്‍ത്തനത്തിന്റെ രൂപരേഖയാണ് ദൈവം അബ്രാഹാമിനെ ആദ്യം വിളിക്കുന്ന ഭാഗത്തുതന്നെ (ഉല്‍പ:12:1 -3 കാണുക) അവന്റെ മുന്‍പില്‍ അവിടുന്നു വയ്ക്കുന്നത്. നിശ്ചലമായ ഒരു കുളത്തില്‍ ഒരു കല്ലു വന്നുവീണാല്‍ ആദ്യം കല്ലു വീണഭാഗത്തു വൃത്തത്തില്‍ ഒരു തരംഗം ഉണ്ടാകും. തുടര്‍ന്ന് കുറച്ചുകൂടി വലിയ വൃത്തത്തില്‍ മറ്റൊരു തരംഗം. പിന്നെ അതിനെക്കാള്‍ വലുത്. അങ്ങനെയങ്ങനെ അതു വ്യാപിച്ച് ഒടുവില്‍ ആ തരംഗം കുളം മുഴുവന്‍ നിറയുന്നതുപോലെയാണ് ഒരു പ്രദേശത്ത് ആരംഭിച്ച് ഭൂമി മുഴുവന്‍ നിറയുന്ന ദൈവത്തിന്റെ അനുഗ്രഹത്തിന്റെ പ്രവൃത്തി.

ഈ പ്രവര്‍ത്തന രീതിയുടെ ചുവടു പിടിച്ചാണു ദൈവം തനിക്കായി ഒരു ജാതിയെ തിരഞ്ഞെടുത്തതും – തനിക്കായി ഒരു ജനത; പിന്നീട് അവരിലൂടെ ലോകത്തിലെ സകല ജാതികളിലേക്കും. അബ്രാഹാമിലൂടെ ദൈവം ഒരു പ്രദേശം മാത്രമല്ല തനിക്കായി ഒരു ജനതയെയും തിരഞ്ഞെടുത്തു. അതാണ് അബ്രാഹാമിന്റെ തിരഞ്ഞെടുക്കപ്പെട്ട സന്തതിയിലൂടെ പിന്നീടു രൂപപ്പെട്ട യെഹൂദാ ജനത. എന്നാല്‍ പിന്നീട് ആ ജനത ദൈവത്തെ തള്ളിക്കളഞ്ഞു വിഗ്രഹാരാധനയിലേക്കു തിരിഞ്ഞപ്പോള്‍ ദൈവവും അവരെ ഉപേക്ഷിക്കുന്നു. ‘ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തപ്പോള്‍’ (ഹോശെയാ 1:2) ദൈവം ഹോശെയാ പ്രവാചകനോട് അവന്റെ മകന് ‘എന്റെ ജനമല്ല’ എന്നു പേരു വിളിക്കാന്‍ ദൈവം കല്പിക്കുന്നതു കാണുക: ”അപ്പോള്‍ യഹോവ, അവന് ലോ-അമ്മി (എന്റെ ജനമല്ല) എന്നു പേരു വിളിക്കുക; നിങ്ങള്‍ എന്റെ ജനമല്ല ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയുമില്ല എന്ന് അരുളിച്ചെയ്തു” (ഹോശെയാ 1:9). തുടര്‍ന്നു ദൈവം തന്റെ പുത്രന്റെ രക്ഷണ്യ പ്രവൃത്തിയുടെ ഭാഗമായി സകല ജാതികളില്‍ നിന്നും തന്റെ നാമത്തിനായി ഒരു ജനത്തെ, എടുത്തു (പ്രവൃ. 15:14). അതാണു സഭ. നമ്മള്‍, വിശ്വാസികളാണ് അബ്രാഹാമിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ എന്നാണു പൗലൊസിന്റെ നിലപാട്. ഇക്കാര്യം ഗലാത്യലേഖനത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നു. ‘അതുകൊണ്ട് വിശ്വാസികളത്രേ അബ്രാഹാമിന്റെ മക്കള്‍ എന്നറിവിന്‍. എന്നാല്‍ ദൈവം വിശ്വാസം മൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍കണ്ടിട്ട് ‘നിന്നില്‍ സകല ജാതികളും അനുഗ്രഹിക്കപ്പെടും’ എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികള്‍ വിശ്വാസിയായ അബ്രാഹാമിനോടു കൂടെ അനുഗ്രഹിക്കപ്പെടുന്നു” (3:7-9).

പറഞ്ഞുവന്ന കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം – ദൈവം മുഴുഭൂമിയിലേക്കും തന്റെ അനുഗ്രഹം കൊണ്ടു പോകാനായി ഇന്നു തിരഞ്ഞെടുത്തിരിക്കുന്ന ‘ജനത’ അവിടുത്തെ സഭയാണ്. തിരഞ്ഞെടുത്തിരിക്കുന്ന ‘പ്രദേശ’വും മറ്റൊന്നല്ല; അവിടുന്നു രാജാവായി വാഴുന്ന ഇടമായ അവിടുത്തെ സഭയാണ്. ചുരുക്കത്തില്‍ സഭ ദൈവത്തിന് ഒന്നാം സ്ഥാനമുള്ള പ്രദേശമാണ്. സഭ, അവിടുന്നു തനിക്കായി വിളിച്ചു വേര്‍തിരിച്ച ജനതയാണ്.

മരുഭൂമിയിലെ മരുപ്പച്ച പോലെ ഈ ലോകത്തു ദൈവം ആക്കിവച്ചിരിക്കുന്ന തന്റെ സഭയുടെ ‘ഭരണഘടന’യാണ് യേശുവിന്റെ പര്‍വ്വതപ്രസംഗം എന്നു പറയാറുണ്ട്. ഈ ഗിരിപ്രഭാഷണത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട ഒരു വചനം കാണുക: ”സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമിയെ അവകാശമാക്കും” (മത്തായി 5:5). സഭയെന്ന ചെറിയ പ്രദേശം ഭൂമിയെ മുഴുവന്‍ അവകാശമാക്കുന്നത് എങ്ങനെയെന്നാണ്, അല്ലെങ്കില്‍ തനിക്കായി വേര്‍തിരിക്കപ്പെട്ട ജനതയെന്ന സഭ എല്ലാ ജാതികള്‍ക്കും അനുഗ്രഹമാകുന്നത് എങ്ങനെയെന്നാണ് ഇവിടെ വിശദീകരിക്കുന്നത്. പുതിയ ഉടമ്പടിയിലെ ദൈവികപ്രമാണങ്ങള്‍ക്കൊത്തു സഭ ജീവിക്കുമ്പോഴാണ് അതിന് ആത്യന്തികമായി ഭൂമിയെ അവകാശമാക്കാന്‍ കഴിയുന്നത്. സഭ എന്നാല്‍ അമൂര്‍ത്തമായ ഒരു സങ്കല്പമല്ല; ലളിതമായി പറഞ്ഞാല്‍ അതു സഭയിലെ അംഗങ്ങളാണ്. വിശ്വാസികളാണ്, നാമാണ്. നാം ആത്മാവില്‍ ദരിദ്രരും, ഹൃദയശുദ്ധിയുള്ളവരും, സൗമ്യരും, നീതിക്കായി വിശന്നു ദാഹിക്കുന്നവരുമെല്ലാം ആകുമ്പോള്‍ മാത്രമാണ് സഭ ഈ ലോകത്തെ പരിവര്‍ത്തനത്തിലൂടെ കീഴടക്കുന്ന ചാലകശക്തിയായി മാറുന്നത്.

മത്തായി സുവിശേഷം അഞ്ചാം അദ്ധ്യായത്തില്‍ യേശു പറഞ്ഞ അഷ്ടഭാഗ്യങ്ങള്‍ വാസ്തവത്തില്‍ പുതിയ നിയമസഭയുടെ പ്രകടനപത്രികയും (manifesto) ഭരണഘടനയും (constitution) ആയിരിക്കണമെന്നാണു ദൈവം വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം ഇന്നീ ലോകത്തെ നയിക്കുന്ന പ്രമാണങ്ങള്‍ക്കു കടകവിരുദ്ധമാണ്. സമ്പന്നരെ ഭാഗ്യവാന്മാരെന്നു ഈ ലോകം കണക്കാക്കുമ്പോള്‍ ആത്മാവില്‍ ദരിദ്രരാണു ഭാഗ്യവാന്മാരെന്നു യേശു പറഞ്ഞു. ചിരിക്കുന്നവരാണു ഭാഗ്യവാന്മാരെന്നു ഈ ലോകത്തിന്റെ മൂല്യങ്ങള്‍ പറയുമ്പോള്‍ ദുഃഖിക്കുന്നവരാണ് ഭാഗ്യവാന്മാരെന്ന് സഭ പറയുന്നു. തൃപ്തരെ ഭാഗ്യവാന്മാരെന്ന് ലോകം വിളിക്കുമ്പോള്‍ നീതിക്കായി വിശന്നു ദാഹിക്കുകയാണു വേണ്ടതെന്നു സഭയുടെ പ്രമാണം പറയുന്നു. ധാര്‍ഷ്ട്യവും കൈക്കരുത്തുമുള്ളവര്‍ ഇവിടെ നേട്ടങ്ങള്‍ കയ്യടക്കുമെന്നു ലോകര്‍ ചിന്തിക്കുമ്പോള്‍ ഭൂമിയെ അവകാശമാക്കുന്നതു സൗമ്യതയുള്ളവരാണെന്നു സഭയുടെ മൂല്യബോധം ചൂണ്ടിക്കാട്ടുന്നു!

‘ഇതില്‍ സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍’ എന്ന വചനം മാത്രം നോക്കാം. എന്താണു സൗമ്യത? താഴ്മയും സൗമ്യതയും ഒന്നാണെന്നു പലരും കരുതാറുണ്ട്. എന്നാല്‍ താഴ്മ ആയിരിക്കുന്ന അവസ്ഥയും സൗമ്യത ആ അവസ്ഥയുടെ ബഹിര്‍സ്ഫുരണവുമാണ് എന്നതാണു തമ്മിലുള്ള വ്യത്യാസം. ഹൃദയത്തില്‍ താഴ്മ (Humility)യുള്ളവന്റെ പെരുമാറ്റത്തില്‍ പ്രകടമാകുന്നതാണു സൗമ്യത (meekness) എന്നു പറയാം. സൗമ്യത ഉത്ഭവിക്കുന്നതു താഴ്മയില്‍ നിന്നാണ്. താഴ്മ ഹൃദയത്തിന്റെ നിലയും സൗമ്യത അതിന്റെ പ്രതിഫലനവുമാണ്. യഥാര്‍ത്ഥ താഴ്മയുണ്ടെങ്കിലേ യഥാര്‍ത്ഥ സൗമ്യത പ്രകടമാകൂ. ഇന്നു വ്യാജമായ താഴ്മയും വ്യാജസൗമ്യതയും സമൂഹത്തില്‍ ധാരാളം കാണാം. ഉദാഹരണത്തിനു ഗാന്ധിജയന്തി ദിവസം ചൂലുമായി പൊതുനിരത്ത് വൃത്തിയാക്കുന്ന മന്ത്രിയെ നോക്കുക. അദ്ദേഹം വളരെ താഴ്മയും സൗമ്യതയുമുള്ള ആളാണെന്നു തോന്നാം. എന്നാല്‍ അത് കേവലം ഒരു പ്രകടനമാണല്ലോ.

ഉവ്വ്, വ്യാജമായ താഴ്മയും സൗമ്യതയും അരങ്ങുവാഴുന്ന ഈ കാലത്തു നമുക്കു യഥാര്‍ത്ഥ താഴ്മയും സൗമ്യതയും കര്‍ത്താവായ യേശുക്രിസ്തുവിലാണു കാണാന്‍ കഴിയുന്നത്. നമ്മോട് യേശു പറഞ്ഞു: ”ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍” (മത്തായി 11:29). അതെ നാം താഴ്മയും സൗമ്യതയും പഠിക്കേണ്ടത് മറ്റെങ്ങുനിന്നുമല്ല, കര്‍ത്താവില്‍ നിന്നു തന്നെയാണ്. കാരണം അവിടുന്ന് യഥാര്‍ത്ഥ താഴ്മയുടേയും സൗമ്യതയുടേയും ആള്‍രൂപമായിരുന്നു.

യേശുവിന്റെ താഴ്മയെക്കുറിച്ച്, അതിന്റെ വിവിധ വശങ്ങളെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു വേദഭാഗം പ്രസിദ്ധമായ ഫിലിപ്യര്‍ 2:6-8 വാക്യങ്ങളാണ്: ”അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായിത്തീര്‍ന്നു.”

യേശുവിന്റെ ഈ താഴ്മയെക്കുറിച്ചു വിവരിക്കുന്നിടത്തു നമ്മോടുള്ള ആഹ്വാനം ക്രിസ്തുയേശുവിലുള്ള ഈ ഭാവം തന്നെ നമ്മിലും ഉണ്ടായിരിക്കണം എന്നതാണ് (2:5). ശാഠ്യത്താലോ (selfish ambition) ദുരഭിമാനത്താലോ (vain glory) ഒന്നും ചെയ്യാതെ താഴ്മയില്‍ നാം ആയിരിക്കണം എന്നും അവിടെ പ്രബോധിപ്പിക്കുന്നു (2:3). ചുരുക്കത്തില്‍ സ്വാര്‍ത്ഥപരമായ അഭിലാഷവും (selfish ambition) ദുരഭിമാനവും (vain glory) ആണ് താഴ്മയുടെ എതിരാളികള്‍. താഴ്മയിലായിരിക്കാന്‍ ഇവ രണ്ടും ഒഴിവാക്കണം. ഇതാണു സഭയുടെ ‘ഭരണഘടന’ അനുശാസിക്കുന്നത്.

യഥാര്‍ത്ഥ ദൈവസഭ ഈ ലോകത്തിന്റെ പ്രമാണത്തില്‍ നിന്ന് എത്ര അകലെയാണ്, അല്ലെങ്കില്‍ അകലെയായിരിക്കണമെന്നു ഇവിടെ നിന്നു വ്യക്തമായി മനസ്സിലാക്കാം. ഈ ലോകത്തെ ഭരിക്കുന്ന രണ്ടു പ്രമാണങ്ങള്‍ സ്വാര്‍ത്ഥതയും അഹങ്കാരവുമാണ്. തന്നില്‍ തന്നെയുള്ള അഹങ്കാരവും സ്വയാഭിനന്ദനവും വാസ്തവത്തില്‍ ദുരഭിമാനമാണ്. അതുപോലെ ‘എനിക്കു ഞാനാണു പ്രധാനം, എനിക്കു നേട്ടം ഉണ്ടാകണം, എന്റെ ഇഷ്ടം നടക്കണം’ എന്ന മനോഭാവമാണു സ്വാര്‍ത്ഥത. ഈ ലോകത്തു നേട്ടം ഉണ്ടാകാന്‍ ഈ ദുരഭിമാനവും സ്വാര്‍ത്ഥതയും കൂടിയേ കഴിയൂ എന്ന നിലയില്‍ ഈ ലോകവ്യവസ്ഥയെ ഈ ലോകത്തിന്റെ പ്രഭു (യോഹ.14:30) ക്രമീകരിച്ചിരിക്കുന്നു.

സഭ ഇതിനെതിരായിരിക്കണം. സഭ എന്നാല്‍ സഭാജനങ്ങളാണ്, നാമാണ് എന്നു പറഞ്ഞല്ലോ. എങ്കില്‍ സ്വാര്‍ത്ഥ അഭിലാഷങ്ങളും (‘ഞാന്‍ നേതാവാകണം എനിക്കു മുമ്പില്‍ വരണം’ എന്ന ചിന്തയും അതിനുവേണ്ടിയുള്ള ശ്രമങ്ങളും ക്രിസ്തീയലോകത്തായാലും അതു സ്വാര്‍ത്ഥത തന്നെയാണ്) ദുരഭിമാനവും (നമുക്കുണ്ടായ ആത്മീയ നേട്ടങ്ങളെച്ചൊല്ലിയുള്ള അഹങ്കാരമായാലും അതും ദുരഭിമാനം തന്നെ) ഒഴിവാക്കി നാം താഴ്മയില്‍ വസിക്കണം. അങ്ങനെയാണെങ്കില്‍ മാത്രമേ സഭയ്ക്കു ഭൂമിയെ അവകാശമാക്കാന്‍ കഴിയൂ!

ഇന്നു സഭകള്‍, സഭാവിശ്വാസികള്‍ ഈ നിലയിലാണോ? മറിച്ച് സ്വാര്‍ത്ഥതയും ദുരഭിമാനവുമാണു സഭാനേതാക്കളുടെയും വിശ്വാസികളുടെയും മുഖമുദ്രയെങ്കില്‍ സഭയെ ലോകത്തിന്റെ മൂല്യങ്ങള്‍ കീഴടക്കിയിരിക്കുന്നു എന്നു നാം ഞെട്ടലോടെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ദൈവം ആഗ്രഹിച്ചതു സഭ (താഴ്മയുള്ളവര്‍) ഭൂമിയെ അവകാശമാക്കണം എന്നാണ്. എന്നാല്‍ ഇന്നു ഭൂമി (സ്വാര്‍ത്ഥതയും ദുരഭിമാനവും) സഭയെ അവകാശമാക്കിയിരിക്കുകയാണോ?

ഗിരിപ്രഭാഷണത്തിനിടയില്‍ യേശു ശിഷ്യന്മാരെ പഠിപ്പിച്ച കര്‍ത്തൃപ്രാര്‍ത്ഥനയുടെ ഊന്നല്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ‘സ്വര്‍ഗ്ഗത്തിലു’ള്ള പിതാവിനോട് ഭൂമിയില്‍ സ്വര്‍ഗ്ഗത്തിലെപ്പോലെ അവിടുത്തെ ഇഷ്ടം നടപ്പാകണമെന്നും അവിടുത്തെ രാജ്യം വരണമെന്നുമാണു പ്രാര്‍ത്ഥിക്കുന്നത് (മത്തായി 6:10). സ്വന്ത ഇഷ്ടത്തെ ദൈവേഷ്ടത്തിനായി അടിയറ വച്ച വിശ്വാസികളും കര്‍ത്താവു തന്നെ രാജാവായിരിക്കുന്ന ഇടമായ സഭയും ഭൂമിയിലുണ്ട്. അതുകൊണ്ടു തന്നെ ഈ ഭൂമിയെ ക്രിയാത്മകമായി സ്വാധീനിക്കാന്‍ ഈ സഭയ്ക്കും വിശ്വാസികള്‍ക്കും കഴിയും. സഭയില്‍ നിന്നു ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ ഭൂമിയില്‍ വ്യാപിക്കണമേ എന്ന പ്രാര്‍ത്ഥനയുടെ കാതല്‍ ഇതാണ്. എന്നാല്‍ പ്രാര്‍ത്ഥനയ്ക്കു വിപരീതമായി ലോകത്തിന്റെ മൂല്യങ്ങള്‍ സഭയിലേക്കു കടന്നാലോ?

ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടതു നാം വിശ്വാസികളാണ്. ലോകത്തോടുള്ള ദൈവത്തിന്റെ ഇടപെടല്‍ സഭയിലൂടെയാണെന്നു നമുക്ക് ഓര്‍ക്കാം. സഭയുടെ മൂല്യങ്ങള്‍ ലോകത്തെ സ്വാധീനിക്കുകയാണു മറിച്ചല്ല വേണ്ടതെന്ന തിരിച്ചറിവില്‍ നമുക്കു ജാഗരൂകരാകാം. പാതാളഗോപുരങ്ങള്‍ക്കു ജയിക്കാന്‍ കഴിയാത്ത ഒരു സഭയുടെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ത്താവിന്റെ സഹപ്രവര്‍ത്തിക്കാരായി ഈ തലമുറയില്‍ നാം നില്‍ക്കുമോ? മറുപടി പറയേണ്ടതു നാം ഓരോരുത്തരുമാണ്.

അധ്യായം 8 :
സമ്പൂര്‍ണ്ണ ക്ഷമ സാധ്യമോ?


”അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കുകയും ഒരുവനോട് ഒരുവനു വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കുകയും ചെയ്‌വിന്‍. കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിന്‍” (കൊലോസ്യര്‍ 3:12,13).

ക്രിസ്ത്യാനി എന്തുകൊണ്ടു ക്ഷമിക്കണം?
അതാണ് അവനെക്കുറിച്ചുള്ള ദൈവഹിതം എന്നതുകൊണ്ടു ക്രിസ്ത്യാനി ക്ഷമിക്കണം. ക്ഷമിച്ചേ മതിയാകൂ.

ക്ഷമിക്കുന്നതു മാത്രമല്ല ഏതുകാര്യവും നമ്മെ സംബന്ധിച്ച ദൈവഹിതം അതായതു കൊണ്ടാണു നാം അങ്ങനെ ചെയ്യേണ്ടത്; അല്ലാതെ നമുക്കങ്ങനെ തോന്നുന്നു എന്നതുകൊണ്ടല്ല. നമ്മുടെ എല്ലാ പെരുമാറ്റത്തിനും അടിസ്ഥാനം ദൈവത്തിന്റെ സ്വഭാവത്തിലൂടെയും ദൈവവചനത്തിലൂടെയും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവഹിതം ആയിരിക്കണം; അല്ലാതെ നമ്മുടെ തോന്നലുകളായിരിക്കരുത്.

തോന്നലുകള്‍ക്കനുസരിച്ചു ശരി തെറ്റുകള്‍ തീരുമാനിക്കുന്നത് ഈ ലോകമനുഷ്യരാണെന്നും ദൈവമക്കളുടെ മാനദണ്ഡം അതായിരിക്കരുതെന്നും വ്യക്തമാക്കുവാന്‍ പ്രസിദ്ധ അപ്പോളജിസ്റ്റ് രവി സക്കറിയാസ്, ഈ ലോകത്തിന്റെ ചിന്തകനും തത്ത്വജ്ഞാനിയുമായ ബര്‍ട്രാന്‍ഡ് റസ്സലും ക്രൈസ്തവ ചിന്തകനായിരുന്ന ഫ്രെഡറിക് കോപ്പള്‍സ്റ്റണും തമ്മില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പ്രസിദ്ധമായ ഒരു സംവാദത്തിന്റെ കഥ ഇങ്ങനെ വിവരിക്കുന്നുണ്ട്:
കോപ്പള്‍സ്റ്റണ്‍ റസ്സലിനോടു ചോദിച്ചു: ”നല്ലതും ചീത്തതും ഉണ്ടെന്നു താങ്കള്‍ വിശ്വസിക്കുന്നുവോ?”
റസ്സല്‍: ”ഉണ്ട് വിശ്വസിക്കുന്നുണ്ട്.”
കോപ്പള്‍സ്റ്റണ്‍: ”താങ്കള്‍ നല്ലതും ചീത്തയും, തമ്മില്‍ എങ്ങനെയാണ്, എന്തിന്റെ അടിസ്ഥാനത്തിലാണ്, വേര്‍തിരിച്ചറിയുന്നത്?”
റസ്സല്‍: ”നമ്മള്‍ നിറങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്നതുപോലെയാണു ശരിയും തെറ്റും ഞാന്‍ വേര്‍തിരിച്ചറിയുന്നത്.”
കോപ്പള്‍സ്റ്റണ്‍: ”നമ്മള്‍ നിറങ്ങള്‍ വേര്‍തിരിച്ചറിയുന്നതു കാഴ്ചയുടെ അടിസ്ഥാനത്തിലല്ലേ? അപ്പോള്‍ ശരിയും തെറ്റും തമ്മില്‍ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു താങ്കള്‍ വേര്‍തിരിക്കുക?”
റസ്സലിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”തോന്നലുകള്‍. എന്റെ തോന്നലുകളുടെ അടിസ്ഥാനത്തില്‍. അല്ലാതെ പിന്നെ എങ്ങനെയാണതു കഴിയുന്നത്?.”
ഈ സംഭാഷണം വിവരിച്ചശേഷം രവി സക്കറിയാസ് ഇങ്ങനെ തുടരുന്നു: ”ചില സംസ്‌ക്കാരങ്ങളില്‍ ആളുകള്‍ തങ്ങളുടെ അയല്‍ ക്കാരെ സ്‌നേഹിക്കുന്നു. അതേ സമയം മറ്റു ചില സംസ്‌ക്കാരങ്ങളില്‍ ആളുകള്‍ അവരുടെ അയല്‍ക്കാരെ കൊന്നു തിന്നുന്നു. രണ്ടും തോന്നലുകളുടെ അടിസ്ഥാനത്തിലാണ്. റസ്സലിന് ഇതില്‍ ഏതിനോടാണു വ്യക്തിപരമായി താല്പര്യം എന്നറിഞ്ഞാല്‍ കൊള്ളാം.”
വ്യക്തിനിഷ്ഠമായ തോന്നലിനെ തെറ്റും ശരിയും തിരിച്ചറിയാനുള്ള മാനദണ്ഡമാക്കുന്നതിന്റെ പൊള്ളത്തരം ഇതിലേറെ വ്യക്തമാക്കുന്നതെങ്ങനെ?
തോന്നലുകള്‍ ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ റസ്സല്‍ പറഞ്ഞതുപോലെ തെറ്റും ശരിയും തീരുമാനിച്ചാല്‍ അരാജകത്വമായിരിക്കും ഫലം. എങ്കില്‍ ആത്യന്തികമായി ധാര്‍മികത എങ്ങനെ തീരുമാനിക്കും? നന്മയും തിന്മയും എങ്ങനെ നിര്‍ണയിക്കും? തെറ്റും ശരിയും എന്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കും?
ഇക്കാര്യത്തില്‍ ദൈവം തന്നെ ഒരു അടിസ്ഥാനം വച്ചിട്ടുണ്ട്. അത് ഇങ്ങനെ വിശദീകരിക്കാം: ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം നന്മയുടെ ആകെത്തുകയാണ്. സദ്ഗുണ പൂര്‍ണനാണ്. യഥാര്‍ഥ ധാര്‍മികതയുടെ മൂര്‍ത്തിമദ്ഭാവമാണ്. ദൈവം പൂര്‍ണവെളിച്ചമാണ്. ‘അവനില്‍ ഇരുട്ട് ഒട്ടുമില്ല’ (1 യോഹ.1:5). മാത്രമല്ല ‘ദൈവം മാറ്റമില്ലാത്തവന്‍’ (എബ്രായര്‍ 13:8; മലാഖി 3:6). ആകയാല്‍ അവിടുത്തെ സ്വഭാവമോ, സത്യം, സ്‌നേഹം, നീതി തുടങ്ങിയ ധാര്‍മിക മൂല്യങ്ങളോ കാലത്തിനനുസരിച്ചു മാറുകയില്ല. ദൈവത്തിന്റെ എക്കാലത്തും എപ്പോഴു മുള്ള പൂര്‍ണനന്മയുടെ അടിസ്ഥാനത്തില്‍ തെറ്റും ശരിയുമെന്തെന്ന്, ഭാഗികമായി മനുഷ്യന്റെ മനഃസാക്ഷിയിലും പൂര്‍ണമായി ദൈവവചനത്തിലുമാണു വെളിപ്പെടുത്തിയിരിക്കുന്നത്. ഇതായിരിക്കണം തെറ്റും ശരിയും വേര്‍തിരിച്ചറിയാനുള്ള നമ്മുടെ മാനദണ്ഡം. അല്ലാതെ അതു മാനുഷികമായ തോന്നലുകളാകരുത്.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ ദൈവവചനം നമ്മോടു തെറ്റുകള്‍ പൊറുക്കാനും ക്ഷമിക്കാനും പറഞ്ഞിരിക്കുമ്പോള്‍ (കൊലോസ്യ. 3:12,13) അതാണു ശരി. അതാണു നമ്മെക്കുറിച്ചുള്ള ദൈവഹിതം. ഇവിടെ യഥാര്‍ത്ഥ ക്രിസ്ത്യാനിക്കു മറ്റൊരു തിരഞ്ഞെടുപ്പില്ല. മാത്രമല്ല കൊലോസ്യര്‍ 3:13-ല്‍ കര്‍ത്താവു ക്ഷമിച്ചതിനെ മാനദണ്ഡമാക്കാനും പറഞ്ഞിരിക്കുന്നു.-‘കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിന്‍.’
നമ്മോടു കര്‍ത്താവ് എങ്ങനെയാണ് ക്ഷമിച്ചത്? ദൈവവചനത്തില്‍ രണ്ടിടത്ത് ഇക്കാര്യം വിവരിച്ചിട്ടുണ്ട്: ‘ഞാന്‍ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവന്‍ ആകും. അവരുടെ പാപങ്ങളെ ഇനി ഓര്‍ക്കയുമില്ല’ (എബ്രായര്‍ 8:12). എബ്രായര്‍ 10:17-ലും ഇതേകാര്യം പറഞ്ഞിരിക്കുന്നു: ‘അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല.’
‘പാപങ്ങളെയും അകൃത്യങ്ങളെയും ഓര്‍ക്കയുമില്ല’ എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം? ഏറ്റു പറഞ്ഞു ക്ഷമ പ്രാപിച്ച പാപങ്ങളെ ദൈവം മറന്നു കളഞ്ഞു എന്നതു ശരിയാണെങ്കിലും ദൈവത്തിന് അത് ഓര്‍ക്കാന്‍ കഴിയുകയില്ല അവ എന്തെല്ലാമെന്ന് അവിടുത്തേക്ക് ഇനി അറിയുകയേയില്ല എന്നു പറയാമോ? അങ്ങനെ പറഞ്ഞാല്‍ ദൈവം സര്‍വ്വജ്ഞാനിയല്ലെന്നും വരും. എല്ലാം അറിയുന്ന സര്‍വ്വജ്ഞാനിയായ ദൈവം എന്ന നിലയില്‍ അവിടുത്തേക്ക് നാം ചെയ്ത പാപങ്ങളെ അറിയാം. പക്ഷേ അവിടുന്ന് അത് എന്നന്നേക്കുമായി മറന്നു കളയാന്‍ തീരുമാനിച്ചിരിക്കുന്നു. അവയെ പിന്നീടൊരിക്കലും നമുക്കെതിരെ കൊണ്ടുവരികയില്ല. അവയുടെ ഒരു കണക്ക് അവിടുന്നു സൂക്ഷിക്കുന്നില്ലെന്നു സാരം.

കര്‍ത്താവു ക്ഷമിച്ചതുപോലെ നാമും ക്ഷമിക്കുകയെന്നു പറഞ്ഞാല്‍ ഇതാണ്. നമ്മോടു വ്യക്തിപരമായി ചിലര്‍ ചെയ്ത തെറ്റുകള്‍, അവര്‍ ക്ഷമ ചോദിച്ചാലും, നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടായെന്നു വരാം. എന്നാല്‍ അതു മറന്നുകളയാന്‍ നാമും തീരുമാനിക്കണം. അവയുടെ ഒരു കണക്കു നാം സൂക്ഷിക്കുകയോ പിന്നീടൊരവസരത്തില്‍ അത് അവര്‍ക്കെതിരെ ഉപയോഗിക്കുകയോ ചെയ്യരുത്. നമ്മുടെ ഇച്ഛയില്‍ നാം അതു മറന്നു കളഞ്ഞിരിക്കുന്നു. മാത്രമല്ല നമ്മുടെ ഹൃദയത്തിലും വാക്കുകളിലും അവരോട് നമുക്ക് ‘വിശാലത’യുണ്ടായിരിക്കണം. പൗലൊസിന്റെ സാക്ഷ്യം ഇതായിരുന്നു: ”അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായ് നിങ്ങളോടു തുറന്നിരിക്കുന്നു. ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. ഞങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ക്ക് ഇടുക്കമില്ല. നിങ്ങളുടെ ഹൃദയങ്ങളിലത്രേ ഇടുക്കമുള്ളത്” (2 കൊരി.6:11,12). വ്യക്തിപരമായി തങ്ങളോട് ഇടുക്കമുള്ളവരോട് മറിച്ചു വാക്കിലും ഹൃദയത്തിലും വിശാലതയുള്ളവനായിരിക്കുക എന്നതായിരുന്നു പൗലൊസിന്റെ തീരുമാനം.

ഇതേ സമയം ഇതിനൊരു മറുവശമുള്ളതു കാണാതെ പോകരുത്. പൗലൊസിന്റെ പരസ്പര വിരുദ്ധമെന്നു തോന്നുന്ന രണ്ടു വചനങ്ങള്‍ ശ്രദ്ധിക്കുക: ”എന്റെ ഒന്നാം പ്രതിവാദത്തില്‍ ആരും എനിക്കു തുണ നിന്നില്ല. എല്ലാവരും എന്നെ കൈവിട്ടു. അത് അവര്‍ക്കു കണക്കിടാതിരിക്കട്ടെ” (2 തിമൊ.4:16). എന്നാല്‍ അതിനു മുകളില്‍ പൗലൊസ് പറയുന്നു: ‘ചെമ്പുപണിക്കാരന്‍ അലെക്‌സന്തര്‍ എനിക്കു വളരെ ദോഷം ചെയ്തു. അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവ് അവനു പകരം ചെയ്യും‘ (2 തിമൊ. 4:14). ഇവിടെ തന്നെ കൈവിട്ടവരോടു ക്ഷമിച്ച പൗലൊസ് അലെക്‌സന്തരിനെക്കുറിച്ച് അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവു പകരം ചെയ്യും എന്നു പറഞ്ഞിരിക്കുന്നതെന്തുകൊണ്ടാണ്? വ്യക്തിപരമായ കാരണങ്ങളല്ല അതിനു പിന്നിലുള്ളതെന്നു 1തിമൊ. 1:20, 2 തിമൊ. 2:17 എന്നീ വാക്യങ്ങളില്‍ നിന്നു വ്യക്തമാണ്. അലെക്‌സന്തര്‍, ഫിലെത്തോസ്, ഹുമനെയോസ് എന്നിവര്‍ ദൈവസഭയ്ക്ക് എതിരായിരുന്നു. അതുകൊണ്ട് അങ്ങനെയുള്ളവരോടു പൗലൊസിന്റെ നയം എത്രയും വ്യക്തമായിരുന്നു- ‘അവരോട് അകന്നു മാറുക’ (റോമര്‍ 16:17). യോഹന്നാന്‍ അപ്പൊസ്തലനും ഇക്കാര്യത്തില്‍ ഇതേ ബോധ്യമാണുണ്ടായിരുന്നത് (2 യോഹ. 7-10 കാണുക).

പറഞ്ഞുവന്നത്, വ്യക്തിപരമായി നമുക്കു ദോഷം ചെയ്തവരോട് കര്‍ത്താവു ക്ഷമിച്ചതുപോലെ ക്ഷമിക്കുകയും അതിന്റെ ഒരു കണക്കു സൂക്ഷിക്കാതെ അവരോടു വാക്കിലും ഹൃദയത്തിലും വിശാലതയുള്ളവരായിരിക്കുകയും വേണം എന്നാണ്. ഇത് മനോഹരമായ ഒരാശയം എന്നതിനപ്പുറത്തു പ്രായോഗികമാണോ? സമ്പൂര്‍ണ്ണമായി ക്ഷമിക്കുന്നതു മനുഷ്യസാധ്യമാണോ? ആണെങ്കില്‍ എങ്ങനെയാണതിനു കഴിയുക?

ക്ഷമയെ മാത്രം അടര്‍ത്തിയെടുത്തു നോക്കാതെ മറ്റു പ്രധാന ക്രിസ്തീയ മൂല്യങ്ങളെക്കുറിച്ചു ദൈവവചനം പറഞ്ഞിരിക്കുന്നതും ഇതിനോടു ചേര്‍ത്തു ചിന്തിച്ചാല്‍ നമുക്കൊരു മറുപടി കിട്ടും. ക്ഷമയെപ്പറ്റി നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നതു ‘കര്‍ത്താവു ക്ഷമിച്ചതുപോലെ’ നാമും ചെയ്യണം എന്നാണെന്നു നാം കണ്ടു. വിശുദ്ധിയെക്കുറിച്ചു പറഞ്ഞിരിക്കുന്നതോ?. അതും ‘ഞാന്‍ വിശുദ്ധനായിരിക്കയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍’ എന്നാണ് (1പത്രൊ. 1:16; ലേവ്യ. 11:45; 19:2). സ്‌നേഹത്തെക്കുറിച്ചു പറയുമ്പോഴും ‘ഞാന്‍ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹിക്കണം’ എന്നാണു പറഞ്ഞിരിക്കുന്നത് (യോഹ. 13:34). മറ്റൊരു വാക്യം കാണുക: ‘നിങ്ങളുടെ സ്വര്‍ഗീയ പിതാവു സല്‍ഗുണപൂര്‍ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണരാകുവിന്‍’ (മത്താ. 5:48). അപ്പോള്‍ ക്ഷമ മാത്രമല്ല. സ്‌നേഹം, വിശുദ്ധി, മറ്റ് സദ്ഗുണങ്ങള്‍ എന്നിവയിലെല്ലാം കര്‍ത്താവിനെപ്പോലെയാകാനാണു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എങ്ങനെയാണു കഴിയുക? കര്‍ത്താവിനെ ബാഹ്യമായി അനുകരിച്ചുകൊണ്ടല്ല മറിച്ച് അവിടുത്തെ ജീവനില്‍ പങ്കാളികളായിക്കൊണ്ടാണു നമുക്കതിനു കഴിയുക. നാം യഥാര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കുമ്പോള്‍ അവിടുന്നു ജീവിപ്പിക്കുന്ന ആത്മാവായി നമ്മുടെ ആത്മാവില്‍ വസിക്കും (1 കൊരിന്ത്യര്‍ 15:45). നാം കര്‍ത്താവുമായി ഏകീഭവിക്കുന്നു. അവിടുത്തെ ജീവനില്‍ നാം പങ്കാളികളാകുന്നു. ആ ദിവ്യജീവനില്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ ക്ഷമിക്കുന്നതും സ്‌നേഹിക്കുന്നതും വിശുദ്ധിയില്‍ ജീവിക്കുന്നതും സദ്ഗുണപൂര്‍ണതയിലേക്ക് ആയുന്നതും താരതമ്യേന നമുക്ക് എളുപ്പമായിത്തീരും. ‘ഞാന്‍ അവരുടെ പാപങ്ങളെക്കുറിച്ചു കരുണയുള്ളവന്‍ ആകും. അവരുടെ അകൃത്യങ്ങളെ ഇനി ഓര്‍ക്കയുമില്ല’ (എബ്ര.8:12) എന്നു നാം നേരത്തെ ഉദ്ധരിച്ച വാക്യത്തിന്റെ തൊട്ടു മുകളിലുള്ള വാക്യങ്ങള്‍ ഈ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ”ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു. ഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും. ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും… അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും’ (8:10-11). കണ്ടോ: ഇവിടെ മൊത്തത്തില്‍ അഞ്ചു പ്രാവശ്യമാണു കര്‍ത്താവ് ‘ഞാന്‍ ചെയ്യും’ (I will)) എന്നു പറഞ്ഞിരിക്കുന്നത്. ഇതു ചെയ്യുന്നതു നമ്മുടെ ജീവനായ കര്‍ത്താവാണ്; നാമല്ല. അതുകൊണ്ടു തന്നെ അവിടുത്തേക്കതു പൂര്‍ണ്ണമായി ചെയ്യാന്‍ കഴിയും. ഈ വചനത്തെ പുറപ്പാട് 20:1-17 വാക്യങ്ങളുമായി താരതമ്യം ചെയ്യുക. അവിടെ, പഴയനിയമത്തില്‍, പത്തു കല്പനകള്‍ കൊടുക്കുമ്പോള്‍ ‘നിങ്ങള്‍ ചെയ്യുക’ (Thou shall) എന്നാണു പറഞ്ഞിരിക്കുന്നത്. പഴയ നിയമത്തില്‍ ചെയ്യുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും നമുക്കാണ്. എന്നാല്‍ പുതിയ നിയമത്തില്‍ കര്‍ത്താവാണു നമുക്കുവേണ്ടി അതു ചെയ്യുന്നത്. ഈ രണ്ടു കാര്യങ്ങളെയും ‘യജമാനന്‍-ദാസന്‍’ ബന്ധത്തോടും ‘അപ്പന്‍-മകന്‍’ ബന്ധത്തോടും ഒരു ദൈവഭൃത്യന്‍ താരതമ്യം ചെയ്തിട്ടുള്ളത് ഓര്‍ക്കുന്നു. യജമാനന്‍-ദാസന്‍ ബന്ധത്തില്‍ യജമാനന്‍ കല്പനകള്‍ നല്‍കുക മാത്രം ചെയ്യുന്നു. അതു ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്തം ദാസനുള്ളതാണ്. അനുസരണത്തിന്റെ ഭാരം മുഴുവന്‍ അവന്റെ ചുമലിലാണ്. ഇതേ സമയം, ‘അപ്പന്‍-മകന്‍ ബന്ധത്തില്‍’ പിതാവു മകനോടു പറയുന്നത് ‘നീ പേടിക്കേണ്ട നമുക്ക് ഒന്നിച്ച് ഇത് ചെയ്തു തീര്‍ക്കാം’ എന്നാണ്. ഒരു ചിത്രം വരയ്ക്കുകയാണ് മകന്‍ ചെയ്തു തീര്‍ക്കേണ്ട ജോലി എന്നിരിക്കട്ടെ. പെന്‍സിലേന്തിയ മകന്റെ അവിദഗ്ധമായ വിരലുകളില്‍ പിടിച്ചിട്ടുള്ളതു മനോഹരമായ ചിത്രങ്ങള്‍ വരച്ചു തഴക്കമുള്ള പിതാവിന്റെ വിരലുകളാണ്. പിതാവിന്റെ വിരലുകള്‍ക്കു മകന്റെ കൈ കീഴ്‌പ്പെട്ടു കൊടുത്താല്‍ മാത്രം മതി- മനോഹരമായ ഒരു ചിത്രം അവിടെ രൂപപ്പെടുകയായി. അപ്പോള്‍ ആരാണ് ആ പ്രവൃ ത്തി ചെയ്തത്?- പിതാവോ മകനോ? പിതാവിനു തന്നെയല്ലേ അതില്‍ മേല്‍ക്കൈ ഉള്ളത്? അനുഗൃഹീതമായ ഈ സത്യം ഫിലിപ്യ ലേഖനത്തില്‍ ഒരു വാക്യമായി രേഖപ്പെടുത്തിയിട്ടുണ്ട്: ‘ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്’ (2:13).

അങ്ങനെയെങ്കില്‍ ഈ കാര്യത്തില്‍ നമുക്കൊരു പങ്കാളിത്തവും ഇല്ലല്ലോ. നാം നിഷ്‌ക്രിയരായി, നിശ്ചിന്തരായി, ഇരുന്നാലും സ്വാഭാവികമായി (automatic) ക്ഷമയും സ്‌നേഹവും വിശുദ്ധിയും സല്‍ഗുണപൂര്‍ണതയുമെല്ലാം നമുക്കു ലഭ്യമാകുമല്ലോ- ഇങ്ങനെ കണക്കു കൂട്ടുന്നവരുണ്ട് (മനുഷ്യമനസ്സിന് എപ്പോഴും താത്പര്യം സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണല്ലോ!). എന്നാല്‍ ദൈവവചനം അങ്ങനെയല്ല പറയുന്നത്. ഇച്ഛിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം ദൈവമാണെന്നു പറയുന്ന, നേരത്തെ നാം ഉദ്ധരിച്ച വാക്യത്തിന്റെ തൊട്ടു മുകളിലത്തെ വചനം ശ്രദ്ധിക്കുക: ‘ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിപ്പിന്‍’ (ഫിലി. 2:12). ഇതു ചിലപ്പോള്‍ ഒരു കടംകഥപ്പോലെ നമുക്കു തോന്നാം. ഒരു വാക്യം പറയുന്നു: ‘രക്ഷ നാം തന്നെ പ്രവര്‍ത്തിച്ചെടുക്കണമെന്ന്.’ അടുത്ത വാക്യം പറയുന്നു: ‘ദൈവം തന്നെയാണു പ്രവര്‍ത്തിക്കുന്നതെന്ന്.’ ഇതില്‍ ഏതാണു ശരി? രണ്ടും ശരിയാണെന്നാണു മറുപടി.

ഉദാഹരണത്തിനു നേരത്തെ നാം പരാമര്‍ശിച്ച ദൈവത്തിന്റെ പത്തു കല്പനകള്‍ എഴുതിയിരുന്ന കല്പലകകളെക്കുറിച്ചു ചിന്തിക്കുക. ഈ കല്പലകകളില്‍ ദൈവത്തിന്റെ വിരല്‍ തന്നെയാണു കല്പനകള്‍ എഴുതിയത് (ആവര്‍ത്തനം 9:10). എന്നാല്‍ കല്പലകകള്‍ അങ്ങനെ എഴുതാനായി ദൈവകരങ്ങള്‍ക്കു കീഴടങ്ങിക്കൊടുത്തു. അവ തങ്ങളുടെമേല്‍ ദൈവകല്പനകള്‍ രേഖപ്പെടുത്തുന്നതിനെതിരെ മത്സരിച്ചിരുന്നെങ്കില്‍ ഒരിക്കലും ആ കല്പലകകളുടെ മേല്‍ കല്പനകളുടെ മേലെഴുത്തു വരുമായിരുന്നില്ല. എബ്രായര്‍ 8:8-12-ല്‍ ആ സംഭവം ഓര്‍പ്പിച്ചിട്ട് ദൈവം പറയുന്നു: ‘ഈ കാലം കഴിഞ്ഞശേഷം ഞാന്‍ ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു. ഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി (mind) അവരുടെ ഹൃദയങ്ങളില്‍ (hearts) എഴുതും.’ കല്പലകകള്‍ ദൈവകരത്തിനു തങ്ങളെത്തന്നെ കീഴ്‌പ്പെടുത്തിക്കൊടുത്തതു പോലെ നാം ഇന്നു നമ്മുടെ ഹൃദയങ്ങളെ ഏല്പിച്ചു കൊടുത്താലല്ലേ ദൈവത്തിനു നമ്മുടെ മനസ്സുകളിലും ഹൃദയങ്ങളിലും എഴുതാന്‍ കഴിയൂ?- മനസ്സില്‍ എഴുതുന്നതിനെ കല്പന പാലിക്കാനുള്ള ആഗ്രഹത്തെയും ഹൃദയത്തില്‍ എഴുതുന്നതിനെ കല്പന പാലിക്കാനുള്ള ശക്തിയെയും നല്‍കുന്നതിനെക്കുറിക്കുന്നു. പരിശുദ്ധാത്മാവിനാലാണ് അവിടുന്ന് ഇതു ചെയ്യുന്നത്.

ക്രിസ്തുവിന്റെ ജീവന്‍ അക്ഷരാര്‍ത്ഥത്തില്‍ മറിയയില്‍ ഉരുവായതും പരിശുദ്ധാത്മാവിനാലായിരുന്നല്ലോ. എന്നാല്‍ യേശു തന്നില്‍ ഉരുവാകുന്നതിനെക്കുറിച്ചു ദൂതന്‍ മറിയയെ അറിയിച്ചപ്പോള്‍ അതിനോടുള്ള അവളുടെ പ്രതികരണം ശ്രദ്ധിക്കുക: ‘ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി. നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ’ (ലൂക്കൊ. 1:38). മറിയ തന്നെത്താന്‍ താഴ്ത്തി ഏല്പിച്ചപ്പോള്‍ മാത്രമാണ് പരിശുദ്ധാത്മാവ് ക്രിസ്തുവിനെ അവളില്‍ ഉരുവാക്കിയത്. മറിയയെക്കൊണ്ട് തനിയെ അതു ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇതുപോലെ ഇന്നു ക്രിസ്തുസ്വഭാവം നമ്മില്‍ ഉരുവാകുന്നതു നമ്മുടെ പ്രയത്‌നത്താലല്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണത്. ദൈവാത്മാവിന്റെ പ്രവൃത്തിയെ ദൈവത്തിന്റെ വിരലിന്റെ പ്രവൃത്തിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധിക്കുക. (മത്തായി 12:28-ല്‍ ‘ദൈവാത്മാവിനാല്‍ ഭൂതങ്ങളെ പുറത്താക്കുന്ന’തിനെക്കുറിച്ചു പറയുന്നു. ഇതേകാര്യം ലൂക്കൊസ് 11:20-ല്‍ പറയുമ്പോള്‍ അവിടെ ‘ദൈവത്തിന്റെ വിരല്‍ കൊണ്ട് -ഇംഗ്ലീഷ് ബൈബിളില്‍ By the finger of God -ഭൂതങ്ങളെ പുറത്താക്കുന്നു’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്). ഉവ്വ്, ദൈവത്തിന്റെ വിരല്‍ നമ്മുടെ ഹൃദയപ്പലകയില്‍ അവിടുത്തെ ന്യായപ്രമാണം എഴുതും. അതു വാസ്തവത്തില്‍ ക്രിസ്തുവിനെ നമ്മില്‍ ഉരുവാക്കുന്ന (ഗലാത്യ. 4:19) പരിശുദ്ധാത്മാവിന്റെ പ്രവൃത്തി തന്നെയാണ്.

ദൈവത്തിന്റെ വിരല്‍, പരിശുദ്ധാത്മാവ്, അതിന്റെ പ്രവൃത്തി ചെയ്യും. സംശയമില്ല. എന്നാല്‍ അതിനു നമ്മുടെ ഭാഗത്ത് ഒരു ഉത്തരവാദിത്തമുണ്ട്- ദൈവത്തിന്റെ വിരലിന്റെ എഴുത്തിന് നമ്മെത്തന്നെ ഏല്പിച്ചുകൊടുക്കണം, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിക്കു മുന്‍പില്‍ ‘ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി (ദാസന്‍) അവിടുത്തെ ഹിതം പോലെ എനിക്കു ഭവിക്കട്ടെ’ എന്നു നമ്മുടെ സ്വന്ത ഇച്ഛയെ സമര്‍പ്പിക്കണം. അപ്പോള്‍ ദിവ്യജീവന്റെ പങ്കാളിത്തം നമ്മില്‍ വര്‍ധിച്ചു വരും. അതിന് ആനുപാതികമായി കര്‍ത്താവു ക്ഷമിച്ചതുപോലെ ക്ഷമിക്കാനും നമുക്കു കഴിയും. സമ്പൂര്‍ണ്ണ ക്ഷമ ഇങ്ങനെയാണു സാധ്യമാകുന്നത്.

അധ്യായം 9 :
വിശ്വാസം: അത്ഭുതകരം, ലളിതം


”ദൈവം അശുദ്ധരായിരുന്ന നമ്മെ അശുദ്ധമായ ഈ ലോകത്തില്‍ നിന്നു വീണ്ടെടുത്തു വിശുദ്ധരാക്കിയശേഷം അശുദ്ധരായ ആളുകളുടെ ഇടയില്‍ വിശുദ്ധരായി ജീവിക്കാന്‍ ഈ അശുദ്ധമായ ലോകത്തില്‍ തന്നെ ആക്കി വച്ചിരിക്കുന്നു”- ദൈവം ചെയ്ത പ്രവൃത്തിയെ ഒരു ദൈവഭൃത്യന്‍ ഒരൊറ്റ വാചകത്തില്‍ ഇങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നത്.

മനസ്സിലായോ? പാപികളായിരുന്ന നമ്മെ ദൈവം ഈ പാപമയമായ ലോകത്തില്‍ നിന്നു വീണ്ടെടുത്തു വിശുദ്ധരാക്കിത്തീര്‍ത്തു. തുടര്‍ന്നോ? തുടര്‍ന്ന് ദൈവം വിശുദ്ധരായ നമ്മെ നേരെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടു പോയില്ല. പകരം, അവിടുന്നു വിശുദ്ധരായ നമ്മെ ഈ പാപലോകത്തില്‍ വിശുദ്ധരായി ജീവിക്കാന്‍ പാപികളായ ആളുകളുടെ ഇടയില്‍ തന്നെ വച്ചിരിക്കുന്നു- ഇതാണു ദൈവം ചെയ്ത പ്രവൃത്തി.

ഉവ്വ്, ഈ പാപലോകത്തില്‍ പാപികളുടെ ഇടയില്‍ വിശുദ്ധിയില്‍ നാം ജീവിക്കണം – ഇതാണു നമ്മുടെ വിളി; ഇതാണു നമ്മുടെ മുന്‍പിലുള്ള വെല്ലുവിളിയും. ഇത്തരം ഒരു ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അവയുടെ നടുവില്‍ സ്വസ്ഥതയോടെ, ആന്തരിക സമാധാനത്തോടെ നാം ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു.

ഈ സ്വസ്ഥതയെ, സമാധാനത്തെ നാം നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമാധാനം എപ്പോഴെങ്കിലും കൈമോശം വന്നാല്‍ അതൊരു സൂചനയാണ്- എവിടെയോ എന്തോ തകരാറുണ്ട്. ഒരു കളി നടക്കുമ്പോള്‍ കളിക്കാര്‍, കളി നിയന്ത്രിക്കുന്ന റഫറിയുടെ വിസിലിന് എപ്പോഴും കാതോര്‍ക്കണമെന്നു പറയുന്നതുപോലെയാണിത്. കൊലോസ്യ ലേഖനത്തില്‍ അങ്ങനെയൊരു വാക്യമുണ്ടല്ലോ.- ‘ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ’ (Let the peace of Christ rule in your hearts’ 3:15). ഇത് ആധുനിക വിവര്‍ത്തനത്തില്‍ ‘ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയത്തില്‍ റഫറി (അമ്പയര്‍) ആയിരിക്കട്ടെ’ എന്നാണ്. കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ റഫറി വിസിലൂതിയാല്‍ ഉടനെ കളി നിര്‍ത്തണം. ഇതുപോലെ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എപ്പോഴെങ്കിലും ഹൃദയസമാധാനം ഭഞ്ജിക്കപ്പെട്ടാല്‍ അതിനെ ഗണ്യമാക്കാതെ മുന്നോട്ടു പോകരുത്. അവിടെ നിര്‍ത്തുക. വീണ്ടും ക്രിസ്തുവിന്റെ സമാധാനത്തിലേക്ക്, സ്വസ്ഥതയിലേക്കു വന്നശേഷമേ മുന്നോട്ടു പോകാവൂ- ഇതാണ് ഈ വാക്യത്തിന്റെ അര്‍ത്ഥം. നമുക്കു സ്വസ്ഥത (Rest) നല്‍കാമെന്നു യേശുക്രിസ്തു വാഗ്ദാനം ചെയ്യുമ്പോള്‍ത്തന്നെ അതിന്റെ തൊട്ടടുത്ത വാക്യത്തില്‍ ആ സ്വസ്ഥത നാം കണ്ടെത്തണമെന്നും അവിടുന്നു പറയുന്നുണ്ടല്ലോ (മത്തായി 11:28,29).

നമ്മുടെ സ്വസ്ഥത നഷ്ടപ്പെട്ടതിന്, ഹൃദയത്തിലെ ക്രിസ്തുവിന്റെ സമാധാനം ഭഞ്ജിക്കപ്പെട്ടതിനു പല കാരണങ്ങളുണ്ടാകാം- പാപമാകാം, കഷ്ടതകള്‍ നല്‍കുന്ന ഭാരമാകാം, ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളുടെ സ്വാധീനമാകാം, അകാരണമായ ഭയമാകാം, അബോധപൂര്‍വമായ ഉല്‍ക്കണ്ഠകളാകാം. കാരണം എന്തായാലും അസ്വസ്ഥമായ മനസ്സോടെ മുന്നോട്ടു പോകരുതേ. റഫറിയുടെ വിസില്‍ കേട്ടിട്ടും കളി തുടര്‍ന്നാല്‍ ഫൗളാകും. അതുകൊണ്ട് നില്ക്കുക. എവിടെയാണു പ്രശ്‌നമെന്നു മനസ്സിലാക്കുക. അവിചാരിതമായി സംഭവിച്ച ഒരു പാപമാണോ? എങ്കില്‍, അതിനു പോംവഴിയുണ്ടല്ലോ. ‘യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു… നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു’ (1യോഹ. 1:7,9). കഷ്ടങ്ങള്‍ നല്‍കുന്ന ചിന്താകുലങ്ങളാണോ സമാധാനം നഷ്ടപ്പെടുത്തിയത്? എങ്കില്‍ ‘അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേല്‍ ഇട്ടുകൊള്‍വിന്‍’ (1 പത്രൊ. 5:7). ജീവിതക്ലേശങ്ങള്‍ നല്‍കുന്ന ഉല്‍ക്കണ്ഠകളാണോ സ്വാസ്ഥ്യം കെടുത്തിയത്? എങ്കില്‍, ”ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്‌തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്” (ഫിലി. 4:6; മത്തായി 6:25). പ്രത്യേകിച്ച് ഒരു കാരണമില്ലാതെ മനസ്സില്‍ തള്ളിക്കയറി വരുന്ന ഭയങ്ങളോ ഭാരങ്ങളോ ആണോ സമാധാനം അപഹരിച്ചത്? എങ്കില്‍, ‘സകലഭാരവും… വിടുക’ (എബ്രാ. 12:1, സങ്കീ. 55:22). എന്തു തന്നെയാലും അവിടുത്തെ അടുത്തേക്കു വരിക, ‘ആശ്വാസം കണ്ടെത്തുക’ (മത്തായി. 11:29). ഇവിടെ ശ്രദ്ധിച്ചോ? പാപങ്ങള്‍ ഏറ്റുപറയുന്നതായാലും ആകുലചിന്തകള്‍ അവന്റെ മേല്‍ ഇടുന്നതായാലും സകലഭാരവും വിടുന്നതായാലും എല്ലാം നാം തന്നെ ബോധപൂര്‍വ്വം ചെയ്യേണ്ട കാര്യങ്ങളാണ്. ഹൃദയത്തില്‍ ഉയര്‍ന്നു വരുന്ന അസ്വസ്ഥത അടുത്തുവരുന്ന പിശാചിന്റെ കാലടി ശബ്ദങ്ങളാണ്. അവയെ അവഗണിക്കാതെ ക്രമീകരണം വരുത്തുക. ഹൃദയ ത്തെ ദൈവത്തില്‍ തന്നെ ഉറപ്പിക്കുക.

ഹൃദയം ദൈവത്തില്‍ ഉറപ്പിക്കുന്നതു വിശ്വാസത്തിന്റെ ലളിതമായ ഒരു പ്രവൃത്തിയാണ്. വിശ്വാസം വാസ്തവത്തില്‍ ലളിതമാണ്. എന്നാല്‍ അതേക്കുറിച്ചു വേണ്ടത്ര വ്യക്തതയില്ലാത്തതിനാല്‍ അതു വളരെ സങ്കീര്‍ണ്ണവും തങ്ങള്‍ക്ക് അപ്രാപ്യവുമായ ഒരു കാര്യമായാണു പല വിശ്വാസികളും ചിന്തിക്കുന്നത്. അവര്‍ തങ്ങളുടെ ഉള്ളിലേക്കു നോക്കുമ്പോള്‍ വലിയ വിശ്വാസമൊന്നും തങ്ങള്‍ക്കുള്ളതായി അവര്‍ക്കു തോന്നുന്നില്ല. ‘മലകളെ നീക്കുവാന്‍ കഴിയുന്ന വിശ്വാസം’- അതൊക്കെ മറ്റു പലര്‍ക്കും കാണുമായിരിക്കും, രണ്ടായാലും അതു തനിക്കില്ലെന്നാണ് അവരുടെ നിലപാട്.

വിശ്വാസം എന്നു പറയുമ്പോള്‍ അതു തങ്ങളുടെ ഉള്ളില്‍ നിന്ന്്യു എടുത്തു കൊടുക്കേണ്ട, തങ്ങള്‍ ഉല്‍പാദിപ്പിച്ച് എടുക്കേണ്ട എന്തോ ഒന്ന് പോലെ കരുതുന്നു എന്നതാണ് അവരുടെ പ്രശ്‌നം. ഹന്ന വിറ്റാള്‍ സ്മിത്ത് എന്ന ദൈവഭൃത്യ ഇങ്ങനെ പറഞ്ഞു: വിശ്വാസം എന്നു പറയുമ്പോള്‍ നമ്മുടെ ഉള്ളിലേക്കല്ല നമുക്കു പുറത്തു വലിയവനായ ദൈവത്തിലേക്കാണു നാം നോക്കേണ്ടത്. ദൈവത്തെ ദൈവമായി കാണുന്ന താണു വിശ്വാസം. ദൈവത്തെയാണു വിശ്വസിക്കേണ്ടത്.

കര്‍ത്താവ് ഊന്നിപ്പറഞ്ഞതും ഈ ഒരു കാര്യമാണല്ലോ ”ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍” (യോഹന്നാന്‍ 14:1). വിശ്വാസം നമ്മിലല്ല തിരയേണ്ടത്. ദൈവത്തിങ്കലാണു വിശ്വസിക്കേണ്ടത് (മര്‍ക്കൊസ് 11:22; റോമര്‍ 3:21,26; 4:17; ഗലാത്യ. 2:20).

ആട്ടെ, ദൈവത്തെക്കുറിച്ചു നാം എന്താണു വിശ്വസിക്കേണ്ടത്? കര്‍ത്താവ് ശിഷ്യന്മാരുടെ അല്‍പ വിശ്വാസത്തെ ശാസിക്കുകയും അവരെ യഥാര്‍ത്ഥ വിശ്വാസത്തിലേക്കു നയിക്കുകയും ചെയ്ത ഒരു സന്ദര്‍ഭം സുവിശേഷങ്ങളില്‍ നിന്നു ചിന്തിക്കുന്നത് നാം ദൈവത്തെ ക്കുറിച്ച് എന്താണു വിശ്വസിക്കേണ്ടത് എന്നതിനെക്കുറിച്ചു നമുക്കു വ്യക്തത നല്‍കും (മത്തായി 8:23-27, മര്‍ക്കൊ. 4:35-41 കാണുക). യേശുവും ശിഷ്യന്മാരും കൂടി പടകില്‍ തടാകത്തിന് അക്കരയ്ക്കു പോകുകയാണ്. കര്‍ത്താവ് പടകിന്റെ അമരത്തു തലയിണ വച്ച് ഉറങ്ങിപ്പോയി. പെട്ടെന്നു വലിയ ചുഴലിക്കാറ്റുണ്ടായി. പടക് മുങ്ങുമെന്ന നിലവന്നു. ശിഷ്യന്മാര്‍ കര്‍ത്താവിനെ ഉണര്‍ത്തി. കര്‍ത്താവ് ഉണര്‍ന്ന് കാറ്റിനെയും കടലിനെയും ശാസിച്ചു. ‘ഭീരുക്കള്‍ ആകുവാന്‍ എന്ത്? നിങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമില്ലയോ’ എന്നു പറഞ്ഞ് ശിഷ്യന്മാരുടെ അവിശ്വാസത്തെയും ശാസിച്ചു. ഈ സംഭവം മത്തായിയും മര്‍ക്കൊ സും വിവരിക്കുമ്പോള്‍ അല്പം വ്യത്യാസമുണ്ട്. മത്തായി രേഖപ്പെടുത്തുന്നതു ശിഷ്യന്മാര്‍ ഇങ്ങനെ പറഞ്ഞു കര്‍ത്താവിനെ ഉണര്‍ത്തിയെന്നാണ്: ‘കര്‍ത്താവേ രക്ഷിക്കണമേ, ഞങ്ങള്‍ നശിച്ചു പോകുന്നു’ (8: 25). എന്നാല്‍ ഇതേ സംഭവം മര്‍ക്കൊസ് ‘ഗുരോ ഞങ്ങള്‍ നശിച്ചു പോകുന്നതില്‍ നിനക്ക് വിചാരം ഇല്ലയോ’ എന്ന് പറഞ്ഞ് അവര്‍ കര്‍ത്താവിനെ ഉണര്‍ത്തി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ രണ്ട് അപേക്ഷയും കര്‍ത്താവിലുള്ള രണ്ടു കാര്യങ്ങളിലുള്ള അവരുടെ അവിശ്വാസത്തെയാണു വിളിച്ചറിയിക്കുന്നത്. ‘ഞങ്ങള്‍ നശിച്ചു പോകുന്നു; കര്‍ത്താവേ രക്ഷിക്കണമേ’ എന്നു പറയുമ്പോള്‍ തങ്ങളെ രക്ഷിക്കാന്‍ ദൈവത്തിനു കഴിയുകയില്ലയോ എന്നാണ് അവര്‍ ചോദിക്കുന്നത്. ദൈവത്തിന്റെ കഴിവിനെയാണ്, ശക്തിയെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ‘ഞങ്ങള്‍ നശിച്ചു പോകുന്നതില്‍ നിനക്കു വിചാരം ഇല്ലയോ’ എന്നു ചോദിക്കുമ്പോള്‍ ദൈവത്തിന്റെ മനസ്സലിവിനെയാണ്, കരുണയെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ കര്‍ത്താവ് അവരെ രക്ഷിക്കാന്‍ ശക്തനും അതിനു മനസ്സുള്ളവനും ആയിരുന്നു. അത് അവിടുന്നു തുടര്‍ന്നു വെളിപ്പെടുത്തി.

വാസ്തവത്തില്‍ നാം വിശ്വസിക്കുന്ന ദൈവത്തില്‍ ഈ രണ്ടു ഘടകങ്ങളുമുണ്ട്. ഒന്ന്: അവിടുന്നു സര്‍വ്വശക്തനാണ്. രണ്ട്: അവിടുന്നു കരുണയുള്ളവനാണ്. ഈ രണ്ടു കാര്യങ്ങളും നമ്മിലല്ല അധിഷ്ഠിതമായിരിക്കുന്നത്, ദൈവത്തിലാണ്. ഇതു കാണുന്നതാണു വിശ്വാസം. പ്രശ്‌നങ്ങളുടെ മധ്യത്തില്‍ ദൈവത്തെ നോക്കുക, ദൈവം സര്‍വ്വശക്തിയുള്ള ദൈവമാണെന്നും അവിടുന്നു നമുക്കായി പ്രവര്‍ത്തിപ്പാന്‍ മനസ്സുള്ളവനുമാണെന്ന് അംഗീകരിക്കുക. ഇത്രയും മതി. ഇതാണു വിശ്വാസം. ഇതു പ്രയാസമുള്ള കാര്യമാണോ? ദൈവത്തെ ദൈവമെന്നു കണ്ടു വിശ്വസിക്കേണ്ടതിനു പകരം പലരും തങ്ങളുടെ ഉള്ളിലേക്കു നോക്കി അവിടെ വിശ്വാസമില്ലെന്നു നെടുവീര്‍പ്പിടുന്നു. വിശ്വാസത്തിനായി നമ്മിലേക്കല്ല നോക്കേണ്ടത് ദൈവത്തിലേക്കാണ്.

വിശ്വാസികളുടെ പിതാവായ അബ്രാഹാമിനെ ദൈവം ഈ പാഠം പഠിപ്പിച്ചത് ഉല്‍പത്തി 15-ാം അധ്യായത്തിന്റെ പ്രാരംഭവാക്യങ്ങളില്‍ നാം കാണുന്നു. ദൈവം ‘അബ്രാഹാമേ ഭയപ്പെടേണ്ട, ഞാന്‍ നിന്റെ പരിചയും (വാളില്‍ നിന്നു നിന്നെ കാക്കാന്‍ ശക്തനാണ്) പ്രതിഫലവുമാണ് (പ്രവൃത്തിക്കു നിനക്കു പ്രതിഫലം നല്‍കാന്‍ മനസ്സുള്ളവനാണ്)’ എന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയപ്പോഴും (15:1) അബ്രാഹാം നോക്കുന്നതു തന്നിലേക്കാണ്. ‘ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നല്ലോ… എന്റെ അവകാശി… എന്റെ വീട്ടില്‍ ജനിച്ച ഈ ദാസനാണല്ലോ’ (15:2,3) എന്നെല്ലാം തന്നിലേക്കു തന്നെ നോക്കി നെടുവീര്‍പ്പിട്ടപ്പോള്‍ ദൈവം അവനെ ആ കൂടാരത്തില്‍ നിന്നു പുറത്തു കൊണ്ടു വരുന്നു. എന്നിട്ടു പറയുന്നു ‘നീ ആകാശത്തേക്കു നോക്കുക, നക്ഷത്രങ്ങളെ കാണുക’ (15:5). ദൈവം, അബ്രാഹാമിന്റെ നോട്ടം അവനില്‍ നിന്നു മാറ്റി ഉയരത്തിലേക്ക്, സര്‍വശക്തിയുള്ള ദൈവത്തിലേക്കു തിരിച്ചു വിടുകയാണു ചെയ്തത്. അപ്പോഴാണ് അബ്രാഹാമിനു വിശ്വസിക്കാന്‍ കഴിഞ്ഞത്. അവിടെയാണ് ‘അവന്‍ യഹോവയില്‍ വിശ്വസിച്ചു; അത് അവനു നീതിയായി കണക്കിട്ടു’ എന്ന പ്രശസ്തമായ വാക്യം രേഖപ്പെടുത്തിയിരിക്കുന്നത് (15:6). പിന്നീട് സാറായെ വിശ്വാസത്തിലേക്കു ദൈവം ആനയിക്കുമ്പോഴും ഇതേ കാര്യമാണ് അവിടുന്നു ചെയ്യുന്നത്: ഒന്നാമത് ‘തന്നാല്‍ കഴിയാത്ത ഒരു കാര്യവുമില്ലെ’ന്നു പറഞ്ഞ് താന്‍ സര്‍വശക്തനാണെന്ന സത്യത്തിലേക്കു വിരല്‍ ചൂണ്ടി (ഉല്‍പ. 18:13). തുടര്‍ന്ന് അവളുടെ ആഗ്രഹംപോലെ അവര്‍ക്കു മകനെ കൊടുക്കാന്‍ താന്‍ മനസ്സുള്ളവനാണെന്നും അവിടുന്നു വെളിപ്പെടുത്തി (18:14). ഇതു രണ്ടും ദൈവത്തിലുണ്ടെന്നു കണ്ട് സാറായും വിശ്വാസത്തില്‍ ശക്തിപ്പെട്ടു.

കണ്ടോ? വിശ്വാസം ഒരളവില്‍ വളരെ ലളിതമാണ്. ദൈവം കഴിവുള്ളവനും കരുണയുള്ളവനുമാണ്. ‘അവനില്‍ ഉവ്വ് എന്നത്രേയുള്ളൂ. ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വ് എന്നത്രേ. അതുകൊണ്ട് ഞങ്ങളാല്‍… അവനില്‍ ആമേന്‍ എന്നും തന്നെ’ (2 കൊരി. 1:19, 20). അതേ, അവനില്‍ ഉവ്വ് (്യല)െ എന്നേയുള്ളു. ദൈവത്തിനു നമുക്ക് ഇതു ചെയ്തു തരാന്‍ കഴിയുമോ? ‘ഉവ്വ്’. ദൈവത്തിന് അതിനു മനസ്സുണ്ടോ? ‘ഉവ്വ്’. ദൈവത്തിങ്കലേക്കു കണ്ണുയര്‍ത്തി ഇതു രണ്ടും കാണുക. അതാണു വിശ്വാസം (എബ്രായര്‍ 12:2). ആ വിശ്വാസത്താല്‍ നമ്മുടെ ഹൃദയത്തെ ദൈവത്തില്‍ ഉറപ്പിക്കാന്‍ സാധിക്കും. പ്രശ്‌നങ്ങളുടെ മുന്‍പില്‍, ഭാരങ്ങള്‍ നേരിട്ടപ്പോള്‍ നഷ്ടമായ ഹൃദയ സമാധാനം, സ്വസ്ഥത, അങ്ങനെ വീണ്ടെടുക്കാന്‍ കഴിയും. തുടര്‍ന്നു ‘ക്രിസ്തുവിന്റെ സമാധാനം ഹൃദയങ്ങളില്‍ വാഴുന്നവരായി’ നമുക്കു മുന്നോട്ടു പോകാമല്ലോ.

ഇങ്ങനെ ഹൃദയത്തെ ദൈവത്തില്‍ ഉറപ്പിച്ചവര്‍ക്ക്, തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക്, രണ്ടു കാര്യങ്ങള്‍ കഴിയുമെന്നു യോഹന്നാന്‍ 14-ല്‍ കര്‍ത്താവു തുടര്‍ന്നു പറയുന്നു: ”ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും. ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതുകൊണ്ട് അതില്‍ വലിയതും അവന്‍ ചെയ്യും” (14:12). ഇവിടെ വളരെ അത്ഭുതകരമായ കാര്യങ്ങളാണ് അവിടുന്നു പറയുന്നത്. ഒന്ന്: താന്‍ ചെയ്ത പ്രവൃത്തി തന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും. രണ്ട്: താന്‍ ചെയ്തതില്‍ കൂടുതലും അവന്‍ ചെയ്യും.

യേശു ചെയ്ത പ്രവൃത്തിയെല്ലാം തന്നില്‍ വിശ്വസിക്കുന്ന നമുക്കു ചെയ്യാന്‍ കഴിയുമോ? അവിടുന്നു മരിച്ചവരെ ഉയിര്‍പ്പിച്ചു, കുഷ്ഠരോഗികളെ ശുദ്ധരാക്കി, കടലിന്മീതെ നടന്നു, അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ചു. -ഇതെല്ലാം നമുക്കും ചെയ്യാന്‍ കഴിയുമോ? എന്താണ് ഇതിന്റെ അര്‍ത്ഥം?

ഇതിനെ ഇങ്ങനെ വിശദീകരിക്കാം: താന്‍ ചെയ്ത മുഴുവന്‍ പ്രവൃത്തികളെയും കര്‍ത്താവ് ഒരു വചനത്തില്‍ സംക്ഷേപിച്ചിട്ടുണ്ട്. അതിതാണ്: ‘ഞാന്‍ എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്’ (യോഹന്നാന്‍ 6:38). യേശു ചെയ്ത അത്ഭുത പ്രവൃത്തികള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ മുഴുവന്‍ കാര്യത്തെയും അവിടുന്ന് ഒരൊറ്റ കാര്യമായി ഒതുക്കിപ്പറഞ്ഞു- ‘അയച്ചവന്റെ ഇഷ്ടം.’ യേശുവില്‍ വിശ്വസിക്കുന്ന നമുക്കും ഇതു കഴിയുമല്ലോ. നമ്മെ അയച്ചവന്റെ ഇഷ്ടം ചെയ്യാന്‍ നമുക്കും കഴിയും. യേശുവിനെപ്പോലെ കടലിന്മീതെ നടക്കുക, മരിച്ചവരെ ഉയിര്‍പ്പിക്കുക എന്നിവയൊക്കെ നമ്മെ സംബന്ധിച്ച് ദൈവേഷ്ടം ആയിരിക്കണമെന്നില്ല. മറിച്ച് ദൈവഭക്തിയുള്ള ഒരു ജീവിതം നയിക്കുക, ജീവിതപങ്കാളിയോടും കുഞ്ഞുങ്ങളോടുമൊപ്പം കുടുംബത്തില്‍ സമാധാനമായി ജീവിക്കുക, ജോലിസ്ഥലത്തു വിശ്വസ്തരായിരിക്കുക എന്നിവയായിരിക്കാം നമ്മെ സംബന്ധിച്ച ദൈവേഷ്ടം. ആ ദൈവേഷ്ടം നാം നിറവേറ്റുമ്പോള്‍ യേശു ചെയ്ത പ്രവൃത്തി തന്നില്‍ വിശ്വസിക്കുന്ന നാമും ചെയ്യുകയാണ്. സംശയമുണ്ടോ?

ആട്ടെ, അങ്ങനെയെങ്കില്‍ യേശു പറഞ്ഞ രണ്ടാമത്തെ കാര്യമോ? താന്‍ ചെയ്തതിനെക്കാള്‍ വലിയത് തന്നില്‍ വിശ്വസിക്കുന്നവന്‍ ചെയ്യും എന്നു പറഞ്ഞതോ? ‘യേശു ചെയ്തതിനെക്കാള്‍ കൂടുതല്‍ നമുക്ക് എന്താണു ചെയ്യാന്‍ കഴിയുന്നത്? യേശു ചെയ്തതിനെക്കാളേറെ ചെയ്യാന്‍ എനിക്കു കഴിയും എന്നു പറയുന്നതു ദൈവദൂഷണമല്ലേ?’- ഈ ചോദ്യങ്ങള്‍ക്കെന്താണു മറുപടി?

ഇതും ഇങ്ങനെ വിശദീകരിക്കാം: ആ വാക്യത്തില്‍ യേശു പറഞ്ഞത്, താന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതുകൊണ്ട് തന്നില്‍ വിശ്വസിക്കുന്നവന്‍ അതില്‍ വലിയതും ചെയ്യും എന്നാണല്ലോ. ഇത് ഒരു സൂചനയാണ്. യേശു ഉയിര്‍ത്തെഴുന്നേറ്റു പിതാവിന്റെ അടുക്കല്‍ പോയതുകൊണ്ട് എന്താണു സംഭവിച്ചത്? അവിടുന്നു പിതാവിനോടു ചോദിച്ചു (യോഹ. 14:16), പിതാവിനോടു വാങ്ങി (പ്രവൃ. 2:33), പരിശുദ്ധാത്മാവിനെ നമുക്കു നല്‍കി. പരിശുദ്ധാത്മാവിന്റെ സഹായം അങ്ങനെ നമു ക്കു ലഭ്യമായതുകൊണ്ട് ഇന്നു ഹൃദയത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാല്‍ രണ്ടുപേര്‍ക്ക് ഒന്നാകാം. എന്നാല്‍ യേശുവിന്റെ സമയത്ത് ഈ സഹായം ലഭ്യമായിരുന്നില്ല എന്നതുകൊണ്ട് തന്റെ കൊച്ചുസഭയിലെ 11 ശിഷ്യന്മാര്‍ അന്ത്യഅത്താഴത്തിലും ‘ഞാനോ നീയോ വലിയവന്‍’ എന്ന പോരാട്ടത്തിലായിരുന്നു. അവരെ ഒന്നിപ്പിക്കാന്‍ അവസാനം വരെ യേശുവിനു കഴിഞ്ഞില്ല. ഇത് യേശുവിന്റെ കുറവായിരുന്നില്ല, മറിച്ച് അന്ന് ആ ശിഷ്യന്മാര്‍ക്കു പരിശുദ്ധാത്മാവിന്റെ സൗകര്യം ലഭ്യമായിരുന്നില്ല എന്നതാണു കാരണം. ഇതേ സമയം ഇന്നു നമുക്ക് രണ്ടു വിശ്വാസികളെ ഒരേ കാഴ്ചപ്പാടിലും ലക്ഷ്യത്തിലും ഐക്യതയുള്ളവരാക്കാന്‍ കഴിയും. ഇതാണ് ‘എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്തതിലും വലിയതും ചെയ്യും’ എന്ന് യേശു പറഞ്ഞതിന്റെ പൊരുള്‍. നാം കര്‍ത്താവിനെക്കാള്‍ വലിയവരായതുകൊണ്ടല്ല നമുക്കിതു കഴിയുന്നത്. മറിച്ച് നമുക്കു കൂടുതല്‍ സൗകര്യം ലഭിച്ചതുകൊണ്ടാണ്. (ഇതു വ്യക്തമാക്കാന്‍ ഒരു ദൈവഭൃത്യന്‍ ഇങ്ങനെ ഒരു ഉദാഹരണം പറഞ്ഞിട്ടുണ്ട്: ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനാണ്. പക്ഷേ അദ്ദേഹം അന്നു കണക്കു കൂട്ടിയതിനെക്കാള്‍ വളരെ വേഗത്തില്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ നമുക്കിന്നു കണക്കു കൂട്ടാന്‍ കഴിയും. ഇതിന്റെ അര്‍ത്ഥം നാം ഐന്‍സ്റ്റീനെക്കാള്‍ വലിയ ഗണിതശാസ്ത്രജ്ഞരാണെന്നല്ല. ഐന്‍സ്റ്റിന്‍ തന്നെയാണു വലിയവന്‍. എന്നാല്‍ നമുക്കിന്നുള്ള കംപ്യൂട്ടറിന്റെ സൗകര്യങ്ങള്‍ അദ്ദേഹത്തിനു ലഭ്യമല്ലാതിരുന്ന തിനാല്‍ അദ്ദേഹം ചെയ്തതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്കിന്നു ചെയ്യാന്‍ കഴിയും എന്നു മാത്രം).

ഉവ്വ്, നമുക്കിന്ന് വിശ്വാസത്താല്‍ രണ്ടു കാര്യങ്ങളും കഴിയും – ഒന്ന്: യേശുവിനെപ്പോലെ നമ്മെ സംബന്ധിച്ച ദൈവേഷ്ടം പൂര്‍ത്തിയാക്കി വിജയകരമായ ഒരു ജീവിതം നയിക്കാന്‍ കഴിയും. രണ്ട്: പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ഐക്യതയും പരസ്പര സ്‌നേഹവുമുള്ള ഒരു സഭയെ കെട്ടിപ്പണിയാന്‍ കഴിയും.

യേശു പറഞ്ഞു: ദൈവത്തിന് ഒന്നും അസാധ്യമല്ല (മത്തായി. 19:26). വിശ്വസിക്കുന്ന മനുഷ്യനും ഒന്നും അസാധ്യമല്ല (മര്‍ക്കൊ. 9:23).
വിശ്വാസം – അത് എത്ര അത്ഭുതകരമാണ്! എത്ര ലളിതവും!

അധ്യായം 10 :
സ്വാതന്ത്ര്യത്തിലേക്കു കീഴടങ്ങുക


‘ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്‍’ (യാക്കോബ് 4:7).

ദൈവത്തിനു നമ്മുടെ അനുസരണം പോരാ, കീഴടക്കമാണു വേണ്ടത്. സമൂഹവും സര്‍ക്കാരും നിയമത്തോടുള്ള നമ്മുടെ അനുസരണം മാത്രം ആവശ്യപ്പെടുമ്പോള്‍ ദൈവം ഒരു പടികൂടെ കടന്നു തന്റെ മുന്‍പാകെയുള്ള നമ്മുടെ കീഴടക്കവും ആഗ്രഹിക്കുന്നു. ഉവ്വ്, നാം കീഴടങ്ങാന്‍ അവിടുന്ന് ആവശ്യപ്പെടുന്നത് ആത്യന്തികമായി നമ്മുടെ തന്നെ നന്മയ്ക്കായാണ്.

അനുസരണവും (obedience) കീഴടക്കവും (submission, surrender) -എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? വേഗത്തില്‍ മനസ്സിലാകാന്‍, കേട്ടിട്ടുള്ള ഒരു ഉദാഹരണം ഇങ്ങനെ പറയട്ടെ: കുസൃതി കാട്ടിയ അഞ്ചു വയസ്സുകാരന്‍ മകനോട് അച്ഛന്‍ ആജ്ഞാപിച്ചു: ‘ഇരിക്കവിടെ.’ മകന്‍ അനുസരിച്ചില്ല. അവന്‍ അവിടെ തന്നെ നിന്നു. രോഷാകുലനായ അച്ഛന്‍ വടിയെടുത്തുകൊണ്ട് അവന്റെ നേരെ ചീറി: ‘ഇരിക്കാനല്ലേ നിന്നോടു പറഞ്ഞത്?’ പേടിച്ചുപോയ കുഞ്ഞ് വേഗം ഇരുന്നു. എന്നാല്‍ കുറുമ്പോടെ അവന്‍ അച്ഛനോട് ഇങ്ങനെ പറയാന്‍ മടിച്ചില്ല: ‘ഞാന്‍ ഇരുന്നെങ്കിലും മനസ്സില്‍ എഴുന്നേറ്റു നില്‍ക്കുകയാണ്.’ ഇതാണ് അനുസരണവും കീഴടക്കവും തമ്മിലുള്ള വ്യത്യാസം. കുട്ടി അനുസരിച്ചില്ലേ? അനുസരിച്ചു. എന്നാല്‍ കീഴടങ്ങിയോ? ഇല്ല.

കീഴടക്കത്തിനു താഴെ അനുസരണംകൊണ്ടു തൃപ്തിപ്പെടും മിക്കപ്പോഴും സര്‍ക്കാരും സമൂഹവും. നിയമം പാലിക്കുന്നുണ്ടോ, നികുതി അടയ്ക്കുന്നുണ്ടോ എന്നെല്ലാം മാത്രമേ ഗവണ്‍മെന്റ് നോക്കുന്നുള്ളു. ചുവപ്പു സിഗ്നല്‍ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തിയാല്‍, സമയത്തിനു കരം അടച്ചാല്‍ നിയമം തൃപ്തിപ്പെട്ടുകൊള്ളും. മുറുമുറുപ്പോടെയും ഉള്ളിലുള്ള മത്സരത്തോടെയുമാണോ അതനുസരിച്ചതെന്നതു സര്‍ക്കാരിനെ സംബന്ധിച്ചു പ്രശ്‌നമല്ല. (അനുസരണത്തിനും അപ്പുറത്തു കീഴടക്കമാണ് നിയമവും ആവശ്യപ്പെട്ടിരുന്നതെങ്കില്‍ നമ്മുടെ നാട്ടില്‍ പണ്ടേ ജയിലുകളെല്ലാം നിറഞ്ഞുകവിയുമായിരുന്നു).

എന്നാല്‍ ദൈവത്തിന് കേവല അനുസരണത്തിനും അപ്പുറത്ത് കീഴടക്കം വേണം. മൂന്നു തലങ്ങളിലുള്ള കീഴടക്കമാണു ദൈവം ആവശ്യപ്പെടുന്നത്. ദൈവത്തോട്, ദൈവവചനത്തോട്, അധികാരങ്ങളോട് എന്നിവയാണവ. അവ ഓരോന്നായി നോക്കാം:

ദൈവമുന്‍പാകെയുള്ള കീഴടക്കം

യേശു ശിഷ്യന്മാരോട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. ഞാന്‍ അങ്ങനെ ആകകൊണ്ടു നിങ്ങള്‍ പറയുന്നതു ശരി. കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകി എങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു’ (യോഹ 13:13,14). യേശുവിനെ ശിഷ്യന്മാര്‍ വിളിക്കുന്നതു ‘ഗുരു’ (teacher) എന്നും ‘കര്‍ത്താവ്’ (Lord) എന്നുമാണ്. ഗുരുവിന്, അദ്ധ്യാപകന് അനുസരണം മതി. എന്നാല്‍ യേശുവിനെ കര്‍ത്താവെന്നും (തങ്ങളുടെ മേല്‍ കര്‍തൃത്വം- Lordship- ഉള്ളവന്‍) അവര്‍ വിളിക്കുന്നതുകൊണ്ട് ശിഷ്യന്മാര്‍ യേശുവിനു കീഴടങ്ങുകയും വേണമെന്ന് അവിടുന്നു ചൂണ്ടിക്കാട്ടി. മാത്രമല്ല തുടര്‍ന്നു സംസാരിക്കുമ്പോള്‍ യേശു, ‘ഗുരുവും കര്‍ത്താവും’ എന്ന ക്രമം മാറ്റി ‘കര്‍ത്താവും ഗുരുവും’ എന്നാക്കുന്നു. കര്‍തൃത്വത്തെ ഒന്നാമതു അവിടുന്നു പ്രതിഷ്ഠിക്കുന്നു. തന്റെ ശിഷ്യന്മാര്‍ തന്റെ കര്‍തൃത്വത്തെ അംഗീകരിക്കണമെന്ന് അവിടുന്ന് ആവശ്യപ്പെടുമ്പോള്‍ കീഴടങ്ങാതെ അതു സാദ്ധ്യമല്ലല്ലോ. അവിടുത്തെ ശിഷ്യന്മാരായ നാമും ഒന്നാമതു തനിക്കു കീഴടങ്ങി അവിടുത്തെ കര്‍തൃത്വത്തെ അംഗീകരിക്കുകയാണു വേണ്ടത്. ദൈവമുന്‍പാകെയുള്ള ഈ കീഴടക്കത്തിന്റെ ഭാഗവും തുടര്‍ച്ചയുമാണ് ദൈവവചനത്തോടുള്ള കീഴടക്കവും അധികാരത്തോടുള്ള കീഴടക്കവും.

ദൈവവചനത്തോടുള്ള കീഴടക്കം

ദൈവവചനത്തോടുള്ള കീഴടക്കമാണു തുടര്‍ന്നു വേണ്ടത്. ‘തന്റെ നാമത്തിനു മീതെ ഒക്കെയും അവിടുന്നു തന്റെ വചനത്തെ മഹിമപ്പെടുത്തിയിരിക്കുന്നു’ എന്നു ദാവീദു പറയുമ്പോള്‍ (സങ്കീ. 138:2 മലയാളത്തില്‍ ‘വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു’ എന്നതു ഇംഗ്ലീഷില്‍ ‘വചനത്തെ മഹിമപ്പെടുത്തിയിരിക്കുന്നു’ എന്നാണല്ലോ) ദൈവവചനത്തിന്റെ അതുല്യമായ പ്രാധാന്യത്തിലേക്കാണതു വിരല്‍ ചൂണ്ടുന്നത്. സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമാക്കിയിരിക്കുന്നതാണു വചനം. ദൈവം പ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതും അന്ത്യകാലത്തു പുത്രന്‍ മുഖാന്തരം അരുളിച്ചെയ്തതുമാണത് (എബ്രാ. 1:1,2). ‘ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ഇതിലെ വള്ളി എങ്കിലും പുളളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകുകയില്ല’ എന്നും യേശു ഈ വചനത്തെപ്പറ്റിയാണു പറഞ്ഞത് (മത്തായി 5:18).

ദൈവനിശ്വാസ്യമായ ഈ വചനത്തിനു കീഴടങ്ങണമെന്നു പറയുമ്പോള്‍ ഇന്നു ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവര്‍ പോലും പലരും അതിനോടു മുഖം തിരിക്കുന്നു. അങ്ങനെ പറയുന്നതു സങ്കുചിതമായ ക്രിസ്തീയ മൗലികവാദത്തിന്റെ (Christian fundamentalism) ലക്ഷണമാണെന്ന് അവര്‍ മുദ്രകുത്തുന്നു. എല്ലാ മതഗ്രന്ഥങ്ങളിലും നല്ല കാര്യങ്ങളുണ്ടെന്നും ബൈബിളും അങ്ങനെയൊക്കെയാണെന്നും പറഞ്ഞ് മാനവവാദത്തിലൂന്നിയ ഒരുതരം വിശാലതയാണ് അവര്‍ പ്രഘോഷിക്കുന്നത്. ഫലത്തില്‍ അവര്‍ ദൈവവചനത്തിന്റെ ആധികാരികതയേയും അതുല്യതയെയും നിഷേധിക്കുകയാണ്. വാസ്തവത്തില്‍ ദൈവവചനം അതായിരിക്കുന്നതുപോലെ ദൈവവചനമായി കണ്ട് അതിനു കീഴടങ്ങുന്നതു ജീവിതത്തിനു വ്യക്തതയും മൂര്‍ച്ചയും സുരക്ഷിതത്വവും നല്‍കും. അതിനു പകരം വചനത്തിന്റെ ദൈവനിശ്വാസ്യതയെ മനുഷ്യന്റെ കയ്യടിക്കും ‘വിശാലതയ്ക്കും പുരോഗമനത്തിനും’ വേണ്ടി സംശയിച്ചാല്‍ ‘അണ മുറിഞ്ഞാല്‍ വെള്ളം സാഗരത്തിലേ ചെന്നു നില്ക്കുകയുള്ളു’വെന്നു പറഞ്ഞതുപോലെ ആത്യന്തികമായി അത് ഇന്നത്തെ സമൂഹത്തിനു സ്വീകാര്യമായ ഒരുതരം ക്രിസ്തീയ മാനവവാദത്തിലേ (Christian humanism) ചെന്നവസാനിക്കുകയുള്ളു. പിശാചും ആഗ്രഹിക്കുന്നത് അതു തന്നെയാണ്. ഇതു മനസ്സിലാക്കി വചനത്തിനു കീഴടങ്ങുക. അതു ജീവിതത്തെ ധന്യമാക്കും. ‘എങ്കിലും അരിഷ്ടനും മനസ്സു തകര്‍ന്നവനും എന്റെ വചനത്തിങ്കല്‍ വിറെക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും’ (യെശ 66:2).

അധികാരങ്ങള്‍ക്കു മുന്‍പിലുള്ള കീഴടക്കം

ദൈവ മുന്‍പാകെയുള്ള കീഴടക്കം പ്രായോഗിക തലത്തില്‍ പ്രതിഫലിക്കുന്നതു സമൂഹത്തില്‍, കുടുംബത്തില്‍, സഭയില്‍ ഉളള അധികാര ങ്ങളുടെ മുന്‍പിലുള്ള കീഴടക്കം എന്ന നിലയിലാണ്. ഇന്നു സമൂഹത്തില്‍ നാം എവിടെയും നമുക്കു മുകളില്‍ അധികാരങ്ങളെ കാണുന്നു. ഓഫീസില്‍ മാനേജരാണ് അധികാരി. ബസില്‍ കയറുമ്പോള്‍ കണ്ടക്ടറാണ് അവിടുത്തെ അധികാരി. കോടതിയില്‍ ന്യായാധിപന്‍ അധികാരിയാണ്. റോഡില്‍ ട്രാഫിക് പോലീസുകാരനാണ് അധികാരി. കുടുംബത്തില്‍ കുടുംബനാഥന്‍. അങ്ങനെ നമ്മള്‍ സൂക്ഷ്മതയുള്ളവരാണെങ്കില്‍ എവിടെയും നമുക്ക് അധികാരങ്ങളെ കണ്ടെത്തുവാന്‍ കഴിയും. എല്ലാ അധികാരങ്ങളും സ്വാഭാവികമായും അനുസരണം അവകാശപ്പെടുന്നു. നാമാകട്ടെ അവയെ അനുസരിക്കുക മാത്രമല്ല അവയ്ക്ക് കീഴടങ്ങുകയും വേണം. കാരണം ദൈവത്താല്‍ ആക്കിവയ്ക്കപ്പെട്ടതാണല്ലോ ആ അധികാരങ്ങള്‍. അതുകൊണ്ട് പൗലൊസ് ഇങ്ങനെ പറയുന്നു: ‘ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ. ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ അധികാരത്തോടു മറുക്കുന്നവന്‍ ദൈവവ്യവസ്ഥയോടു മറുക്കുന്നു’ (റോമര്‍ 13:1,2). തുടര്‍ന്നുള്ള വചനങ്ങളില്‍ ഈ അധികാരിയെ ‘ദൈവശുശ്രൂഷക്കാരന്‍’ (God’s minister) എന്നു വിളിക്കാനും പൗലൊസ് മടിക്കുന്നില്ല. ‘അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ?… നിന്റെ നന്മയ്ക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നത്? നീ തിന്മ ചെയ്താലോ ഭയപ്പെടുക. വെറുതെ അല്ല അവന്‍ വാള്‍ വഹിക്കുന്നത്. അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍ തന്നെ. അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. അതുകൊണ്ടു നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നെ നോക്കുന്നവരുമാകുന്നു. എല്ലാവര്‍ക്കും കടമായുള്ളതു കൊടുപ്പിന്‍. നികുതി കൊടുക്കേണ്ടവനു നികുതി, ചുങ്കം കൊടുക്കേണ്ടവനു ചുങ്കം, ഭയം കാണിക്കേണ്ടവനു ഭയം, മാനം കാണിക്കേണ്ടവനു മാനം” (13:4-7).
ഒരു ചെറിയ ഖണ്ഡികയില്‍ മൂന്നുവട്ടമാണു പൗലൊസ് അധികാരിയെ ദൈവശുശ്രൂഷക്കാരന്‍ എന്നു വിളിക്കുന്നത്. അതുകൊണ്ടു മനസ്സാക്ഷിയെ വിചാരിച്ചും അവര്‍ക്കു കീഴടങ്ങണം. കാരണം അതു ദൈവത്താല്‍ നിയമിക്കപ്പെട്ട അധികാരമാണ്.

അധികാരത്തെപ്പറ്റിയുള്ള ഈ ബോധ്യം തന്റെ വിചാരണയ്ക്കിടയില്‍ യേശുവും വ്യക്തമാക്കുന്നുണ്ട്. പീലാത്തൊസ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരത്തെക്കുറിച്ചു മേനി പറയുന്ന സന്ദര്‍ഭത്തിലാണത്. പീലാത്തൊസ് ചോദിച്ചു: ‘എനിക്കു നിന്നെ ക്രൂശിപ്പാന്‍ അധികാരമുണ്ടെന്നും നിന്നെ വിട്ടയപ്പാന്‍ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ’ യേശുവിന്റെ മറുപടി ഇങ്ങനെ: ‘മേലില്‍ നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില്‍ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു’ (യോഹ 19:10,11). ദൈവത്താല്‍ ആക്കി വയ്ക്കപ്പെട്ട ഈ അധികാരങ്ങള്‍ ചിലപ്പോള്‍ നീതിയായി പെരുമാറിയെന്നു വരികയില്ല. പീലാത്തോസ് തന്നെ ഉദാഹരണം. ‘ഇവനില്‍ ഞാന്‍ ഒരു കുറ്റവും കാണുന്നില്ലെ’ന്നു പറഞ്ഞു കൈകഴുകിയ പീലാത്തൊസ് തന്നെ യെഹൂദന്മാരെ ഭയന്നും ജനത്തിന്റെ കയ്യടി കൊതിച്ചും ഒരു ഭീരുവിനെപ്പോലെ ‘അവനെ ക്രൂശിക്കേണ്ടതിന് അവര്‍ക്ക് ഏല്പിച്ചുകൊടുത്തു’ (19:16). പക്ഷേ പ്രകടമായ ഈ അനീതിക്കു മുന്‍പില്‍ യേശു പ്രതികരിച്ചില്ല. ‘കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു’ (യെശ 53:7). ഈ സംഭവം പിന്നീടു പത്രൊസ് ഇങ്ങനെ അനുസ്മരിക്കുന്നു: ‘അവന്‍ പാപം ചെയ്തിട്ടില്ല. അവന്റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല്‍ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്’ (1 പത്രൊ 2:22,23). അധികാരി നീതിയായി പെരുമാറാതിരുന്നിട്ടും അന്യായമായ വിധി പുറപ്പെടുവിച്ചിട്ടും ഉള്ളില്‍ നിന്നു നേരിയ മത്സരം പോലുമില്ലാതെ മേലില്‍ നിന്ന് ആക്കിവയ്ക്കപ്പെട്ട ആ അധികാരത്തിനു യേശു കീഴടങ്ങി. യേശുവിന്റെ ഈ കീഴടങ്ങലിന് അവിടുത്തെ ശിഷ്യന്മാരായ നമ്മുടെ ജീവിതത്തിലുളള പ്രസക്തിയിലേക്കും പത്രൊസ് അവിടെത്തന്നെ വിരല്‍ ചൂണ്ടുന്നുണ്ട് – ‘ക്രിസ്തുവും നിങ്ങള്‍ അവന്റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ഒരു മാതൃക വച്ചേച്ചുപോയി’ (1 പത്രൊ.2:21). ഈ മാതൃക പിന്തുടര്‍ന്നു ‘നാം യജമാനന്മാര്‍ക്കു, നല്ലവര്‍ക്കും ശാന്തന്മാര്‍ക്കും മാത്രമല്ല മൂര്‍ഖന്മാര്‍ക്കു കൂടെ കീഴടങ്ങിയിരിക്കണം. ഒരുത്തന്‍ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാല്‍ അതു പ്രസാദം ആകുന്നു. നിങ്ങള്‍ കുറ്റം ചെയ്തിട്ട് അടി കൊളളുന്നതു സഹിച്ചാല്‍ എന്തു യശ്ശസ്സുള്ളു? അല്ല നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല്‍ അതു ദൈവത്തിനു പ്രസാദം. അതിനായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്’ (1 പത്രൊസ് 2:18-20).

നാം നല്ല യജമാനന്മാര്‍ക്ക് (അധികാരങ്ങള്‍ക്ക്) മാത്രമല്ല മൂര്‍ഖന്മാര്‍ക്കും കൂടി കീഴടങ്ങിയിരിക്കണമെന്നാണ് ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നത്. യജമാനന്മാര്‍ കേവലം അനുസരണം കൊണ്ടുതന്നെ തൃപ്തരായിരിക്കും എന്നിരിക്കെ എന്തിനാണു നമ്മോട് അനുസരണത്തിനുമപ്പുറം കീഴടക്കം ആവശ്യപ്പെട്ടിരിക്കുന്നത്? വാസ്തവത്തില്‍ നാം ഉള്ളില്‍ മത്സരത്തോടെ, പിറുപിറുപ്പോടെ, യജമാനന്മാരെ അനുസരിച്ചാല്‍ നമ്മിലുള്ള ക്രിസ്തുവിന്റെ ജീവനു തൃപ്തിയാവുകയില്ല എന്നതിനാലാണത്. പുറത്തു മത്സരം (rebellion) കാണിക്കുന്നില്ല; എന്നാല്‍ അകമേ മത്സരമനോഭാവം പുലര്‍ത്തിയാല്‍ യജമാനന്മാര്‍ക്കതു കാണാന്‍ കഴിയുകയില്ലെങ്കിലും തീജ്വാലയ്‌ക്കൊത്ത കണ്ണോടു കൂടിയവനായ ദൈവത്തിന് അതു കാണാം. പുറമെ മത്സരം ഇല്ലാത്തതാണ് അനുസരണം. അകമേയും മത്സരം ഇല്ലാത്തതാണു കീഴടക്കം. ക്രിസ്തുവിന്റെ ജീവന് അനുസരണം പോരാ, കീഴടക്കം തന്നെ വേണം. എന്തുകൊണ്ടാണതങ്ങനെ? രണ്ട് കാരണങ്ങളാണ്: ഒന്ന്; യേശു ഈ ഭൂമിയിലായിരുന്നപ്പോള്‍ അവിടുന്ന് അധികാരങ്ങളോടു പുലര്‍ത്തിയിരുന്ന മനോഭാവം അതായിരുന്നു. യേശുവിന്റെ ഈ ജീവന്റെ പങ്കാളിത്തം അവിടുത്തെ കാല്‍ച്ചുവടു പിന്തുടരുന്ന നമ്മെയും അതിനു നിര്‍ബന്ധിക്കുന്നു. രണ്ട്: മത്സരത്തിലൂടെയാണ് ആദ്യം പാപം വന്നത് എന്നതുകൊണ്ടു തന്നെ ദൈവത്തിന് അതു സഹിച്ചുകൂടാ (യെശ. 14:12-14, യെഹെ:28:16-17). ‘മത്സരം ആഭിചാരദോഷം പോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു’ എന്നാണു ദൈവം വിലയിരുത്തുന്നത് (1 ശമു. 15:23). മത്സരം ആത്മാവിലെ കളങ്കമാണ്. യിസ്രായേല്‍ മക്കളുടെ മത്സരങ്ങളെ ദൈവം എത്ര കര്‍ശനമായി കൈകാര്യം ചെയ്തതെന്നും ഓര്‍ക്കുക. ചുരുക്കത്തില്‍ ഭൂമിയിലെ അധികാരങ്ങള്‍ക്കു കീഴടങ്ങുക. ഈ കീഴടക്കം മനുഷ്യജീവികളെന്ന നിലയിലുള്ള നമ്മുടെ മാന്യതയും അന്തസ്സും ചോര്‍ത്തിക്കളഞ്ഞുവെന്നോ നാം ലോകമനുഷ്യര്‍ക്കു അടിമകളായെന്നോ കരുതേണ്ടതില്ല. കാരണം നാം ആത്യന്തികമായി ദൈവത്തിനാണു കീഴടങ്ങുന്നത്. നാം നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ ഇതുമൂലം അലങ്കരിക്കുകയാണ് ചെയ്യുന്നത് (തീത്തോസ് 2:9).

‘ദാസന്മാര്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിനു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവര്‍’ ആയിരിക്കണം എന്നു പറയുമ്പോള്‍ തന്നെ ഇതിനെന്തെങ്കിലും ഒരു ഒഴിവുണ്ടോ എന്നും ചിന്തിക്കേണ്ടതുണ്ട്. ഉവ്വ്, ഒഴിവുണ്ട്. ദൈവവചന വിരുദ്ധമായ ഒരു കാര്യം യജമാനന്‍ പറഞ്ഞാല്‍ നാം അതിനു കീഴടങ്ങരുത്. വിനയത്തോടെ ‘സാദ്ധ്യമല്ല’ എന്നു തന്നെ പറയണം. അതുമൂലം ഉണ്ടാകുന്ന കഷ്ടങ്ങള്‍ നാം സന്തോഷത്തോടെ സഹിക്കണം. അപ്പൊസ്തല പ്രവൃത്തികളില്‍ നിന്ന് ഒരു ഭാഗം ഇതിന് ഉപോദ്ബലകമായി ഉദ്ധരിക്കട്ടെ: ”പിന്നെ അവരെ വിളിച്ചിട്ട് യേശുവിന്റെ നാമത്തില്‍ അശേഷം സംസാരിക്കരുത്, ഉപദേശിക്കയും അരുത് എന്ന് കല്പിച്ചു. അതിനു പത്രൊസും യോഹന്നാനും: ദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിന്‍. ഞങ്ങള്‍ക്കോ ഞങ്ങള്‍ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാന്‍ കഴിയുന്നതല്ല എന്ന് ഉത്തരം പറഞ്ഞു” (4:18-20). എത്ര വ്യക്തമായ നിലപാട്, ധീരവും!

പൊതുസമൂഹത്തില്‍ മാത്രമല്ല സഭയിലും കുടുംബത്തിലും അധികാരങ്ങളുണ്ട്. അവയ്ക്കും കീഴടങ്ങണം. ഭവനത്തില്‍ ഭാര്യ ഭര്‍ത്താവിനു കീഴടങ്ങണമെന്നു പത്രൊസ് പറയുന്നു (1 പത്രൊ3:1). പൗലൊസ് ഇക്കാര്യം കൂടുതല്‍ മൂര്‍ച്ചയോടെ പറഞ്ഞിട്ടുണ്ട് – ‘ഭാര്യമാരേ, കര്‍ത്താവിന് എന്നപോലെ സ്വന്തഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങുവിന്‍’ (എഫെ. 5:22); ‘സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്കു സകലത്തിലും കീഴടങ്ങിയിരിക്കണം’ (5:24).

ഈ കല്പനയുടെ ലംഘനമാണ് ഇന്നു പല ഭവനങ്ങളിലെയും പ്രശ്‌നങ്ങള്‍ക്കു കാരണം. ഇത് അനുസരിക്കാന്‍ പ്രയാസമായതു കൊണ്ട് വിവാഹ ഉടമ്പടിയില്‍ നിന്നു പോലും ഈ ഭാഗം ഇന്ന് ഒഴിവാക്കുന്നു! അല്ലെങ്കില്‍ ഇംഗ്ലണ്ടില്‍ നടന്ന പ്രശസ്തമായ രാജകീയ വിവാഹത്തിന്റെ കാര്യംതന്നെ നോക്കുക. ബ്രിട്ടന്റെ കിരീടാവകാശി ചാള്‍സിന്റെയും പരേതയായ ഡയാനയുടെയും മകനായ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹമായിരുന്നു അത്. ഭര്‍ത്താവിനു കീഴടങ്ങി അനുസരിച്ചുകൊള്ളാം എന്ന വിവാഹപ്രതിജ്ഞയിലെ വാചകം ഒഴിവാക്കിയാണത്രെ ഹോളിവുഡ് നടിയായ മേഗന്‍ മാര്‍ക്കിള്‍ ഉടമ്പടി വാചകം ചൊല്ലിയത്! ഇതു വാസ്തവത്തില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമായിരുന്നു. 1981 ജൂലൈ 29നു നടന്ന ചാള്‍സ് -ഡയാന വിവാഹത്തില്‍ ഡയാന രാജകുമാരിയും കീഴടങ്ങി അനുസരിക്കാം എന്ന ഭാഗം വിട്ടുകളഞ്ഞു. ഇതിന്റെ ഫലം എന്തായിരുന്നു? ഭര്‍ത്താവിനു കീഴടങ്ങാത്ത, സ്വേഛാനുസരണമുള്ള ഒരു ജീവിതമായിരുന്നു ഡയാനയുടേതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒടുവില്‍ ആര്‍ക്കും കീഴടങ്ങാത്ത ആ സ്വതന്ത്ര ജീവിതമാണ് അവരെ അന്തിമ ദുരന്തത്തിലേക്കും മരണത്തിലേക്കും നയിച്ചത്. എന്നാല്‍ അമ്മാവിയമ്മയുടെ ജീവിതദുരന്തം പോലും മരുമകള്‍ക്കു പാഠമായില്ല! ‘യഥാ മാതാ തഥാ പുത്രി’ എന്ന ചൊല്ലു ശരിവച്ചുകൊണ്ടു മേഗന്‍ മാര്‍ക്കിളും ഡയാനയെപ്പോലെ ഭര്‍ത്താവിനു ‘കീഴടങ്ങാന്‍’ വിസ്സമ്മതിച്ചു. ഡയാനയുടെ ജീവിതത്തില്‍ അതുമൂലം ഉണ്ടായ ദുരന്തത്തിന്റെ ചരിത്രം മേഗന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയല്ലാതെ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?

കുടുംബ ജീവിതത്തില്‍ ഭാര്യ ഭര്‍ത്താവിനു കീഴടങ്ങണം എന്നതിനെക്കുറിച്ചാണല്ലോ നാം പറഞ്ഞുവന്നത്. എന്നാല്‍ വിജയകരമായ ഒരു കുടുംബജീവിതത്തിനു ഭാര്യമാത്രം കീഴടങ്ങിയാല്‍ മതിയോ? ദൈവവചനം വളരെ യാഥാര്‍ത്ഥ്യബോധം പുലര്‍ത്തുന്നതായതുകൊണ്ടു ഭര്‍ത്താവും ഭാര്യയ്ക്കു കീഴടങ്ങേണ്ടതുണ്ടെന്നു പറയുന്നുണ്ട് – ‘ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴടങ്ങിയിരിപ്പിന്‍’ എഫേ 5:21).

ഇവിടെ ഒരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. സമൂഹത്തിലെന്നപോലെ കുടുംബത്തിലെ കീഴടക്കത്തിനും ദൈവവചനം എന്തെങ്കിലും ഒഴിവു നല്‍കുന്നുണ്ടോ? നേരത്തെ അധികാരികള്‍ക്കു കീഴടങ്ങുന്നതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ദൈവവചനത്തിനു വിപരീതമായ ഒരു കാര്യത്തില്‍ യജമാനനു ദാസന്‍ കീഴടങ്ങേണ്ടതില്ല എന്നു ചൂണ്ടിക്കാട്ടിയതുപോലെ കുടുംബജീവിതത്തിലും കര്‍ത്താവിന് ഉചിതമല്ലാത്ത കാര്യത്തില്‍ കീഴടക്കം വേണ്ടെന്നു പൗലൊസ് വ്യക്തമാക്കുന്നുണ്ട് -‘ഭാര്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കര്‍ത്താവില്‍ ഉചിതമാകുംവണ്ണം കീഴടങ്ങുവിന്‍’ (കൊലോ. 3:18).

ദൈവത്തിനും വചനത്തിനും വിവിധ അധികാരങ്ങള്‍ക്കുംകീഴടങ്ങുന്നതിനെപ്പറ്റിയാണല്ലോ നാം ഇതുവരെ ചിന്തിച്ചത്. എന്നാല്‍ ഈ നിലയിലെല്ലാം കീഴടങ്ങുന്നതിന്റെ പ്രയോജനം എന്താണ്? അതു നമ്മെ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും ആത്യന്തികമായ സ്വാതന്ത്ര്യത്തിലേക്കും നയിക്കും എന്നതാണതിന്റെ ഗുണഫലം. ഒറ്റക്കേഴ്‌വിക്ക് ഇതൊരു കടങ്കഥപോലെ തോന്നും. കീഴടങ്ങിയാല്‍ എങ്ങനെയാണു സ്വാതന്ത്ര്യം ലഭിക്കുക? ഒരു വാക്യം കാണുക: ‘ദൈവരാജ്യം… നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമാണ്’ (റോമര്‍ 14:17). ദൈവരാജ്യം, ദൈവം രാജാവായിരിക്കുന്ന ഇടമാണ്. ദൈവം രാജാവാകണമെങ്കില്‍ അവിടുത്തേക്കു നാം കീഴടങ്ങേണ്ടതുണ്ടല്ലോ. അങ്ങനെ കീഴടങ്ങി നാം ദൈവരാജ്യാനുഭവത്തിലേക്കു പ്രവേശിക്കുമ്പോള്‍ അവിടെ നീതിയും സമാധാനവും സന്തോഷവും അതു നല്കുന്ന സുരക്ഷിതത്വവും ആത്യന്തികമായി സുരക്ഷിതബോധം തരുന്ന സ്വാതന്ത്ര്യവും ലഭ്യമാണ്.

ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത മിഷനറി സ്റ്റാന്‍ലി ജോണ്‍സ് ഒരിക്കല്‍ ‘കീഴടക്കത്തിലൂടെ സ്വാതന്ത്ര്യം’ എന്ന വിഷയത്തെക്കുറിച്ച് ഒരു ചെറിയ സദസ്സില്‍ പ്രസംഗിക്കുകയായിരുന്നു. ആ സദസ്സില്‍ ഒരു പട്ടാള ബ്രിഗേഡിയറും ഉണ്ടായിരുന്നു. മീറ്റിംഗ് കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്റ്റാന്‍ലി ജോണ്‍സിനോടു പറഞ്ഞു: ”ഞങ്ങള്‍ പട്ടാളക്കാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു വാക്കിനെക്കുറിച്ചാണ് താങ്കള്‍ ഇന്നു പ്രസംഗിച്ചത്. ‘കീഴടങ്ങുക’ എന്ന വാക്കാണു ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത്.”

വാസ്തവത്തില്‍ സൈനികര്‍ മാത്രമല്ല, എല്ലാ മനുഷ്യരും ഉള്ളിന്റെയുള്ളില്‍ കീഴടങ്ങുന്നതിനെ ഭയപ്പെടുന്നു. എന്നാല്‍ ദൈവം യഥാര്‍ത്ഥ സ്വാതന്ത്ര്യവും വിജയവും കീഴടങ്ങുന്നതിലൂടെയാണു നമുക്കു ലഭ്യമാക്കുന്നത്.

‘ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്‍.’

അധ്യായം 11 :
കൃപയില്‍ വളരുക


”എന്റെ കൃപ നിനക്കു മതി.”
കൃപയുണ്ടെങ്കില്‍ അതു മതിയാകും (sufficient) എന്നാണു കര്‍ത്താവു പൗലൊസിനോട് പറഞ്ഞത് (2 കൊരി. 12:9). കൃപയെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നതു കര്‍ത്താവിനു തന്നെയാണ്. കാരണം മോശെ ന്യായപ്രമാണം കൊണ്ടുവന്നു; കൃപകൊണ്ടു വന്നതു യേശു ക്രിസ്തുവാണ് (യോഹ. 1:17). മാത്രമല്ല, കൃപയെ ‘എന്റെ’ കൃപ എന്നും കര്‍ത്താവു വിശേഷിപ്പിക്കുന്നു. ആ കര്‍ത്താവു തന്നെയാണു പറയുന്നത്. ‘കൃപയുണ്ടെങ്കില്‍ അതു മതി’യെന്ന്.
ക്രിസ്തീയ ജീവിതത്തില്‍ നമുക്ക് ഒരു കാര്യം മാത്രമേ അന്വേഷിക്കാനാവുകയുള്ളുവെങ്കില്‍ നാം എന്താണ് അന്വേഷിക്കേണ്ടത്? ‘വിശ്വാസം -അതാണു നമുക്കു വേണ്ടത്’ എന്നു ചിലര്‍ പറയും. കാരണം നമ്മെ വിശ്വാസികളെന്നു വിളിക്കണമെങ്കില്‍ ‘വിശ്വാസ’മല്ലേ വേണ്ടത് എന്നാവും അവരുടെ ന്യായം. മറ്റു ചിലര്‍ പറയും സ്‌നേഹമാണു വേണ്ടത്. കാരണം നിലനില്ക്കുന്ന മൂന്നുകാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ട് അവയില്‍ വലിയതു സ്‌നേഹമാണെന്നു പൗലൊസ് പറഞ്ഞിട്ടുണ്ടല്ലോ എന്നവര്‍ 1 കൊരിന്ത്യര്‍ 13:13 ഉദ്ധരിച്ചു വാദിക്കും. മറ്റൊരാള്‍ പറയും ആത്യന്തികമായി വേണ്ടതു ക്ഷമിക്കാനുള്ള കഴിവാണ്. കാരണം മത്തായി 18:35 അനുസരിച്ച് സഹോദരനോടു നാം ക്ഷമിച്ചില്ലെങ്കില്‍ കര്‍ത്താവും നമ്മോടു ക്ഷമിക്കുകയില്ല എന്നാണല്ലോ. എന്നാല്‍ ശ്രദ്ധിക്കുക: ക്രിസ്തീയ ജീവിതത്തില്‍ ഒരു കാര്യം മാത്രമേ എടുക്കാനാവൂ എന്നു പറഞ്ഞാല്‍ നാം എടുക്കേണ്ടതു കൃപയാണ്. കാരണം കൃപ എടുത്താല്‍ ബാക്കിയുള്ളതെല്ലാം അതതു സമയത്തു നമുക്കു ലഭ്യമാകും. എന്തുകൊണ്ടെന്നാല്‍ ദൈവം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ദൈവം തന്നെ നമുക്കു നല്‍കുന്ന ശക്തിയാണല്ലോ കൃപ.

ഇതു വ്യക്തമാകാന്‍ ഒരു ഉദാഹരണം ഇങ്ങനെ പറയാം. ഒരു ക്രിസ്ത്യാനി പകലത്തെ അധ്വാനത്തിനുശേഷം വൈകുന്നേരം ഭവനത്തിലേക്കു മടങ്ങുകയാണ്. വരുന്നവഴി അദ്ദേഹം രോഗിയായിരിക്കുന്ന ഒരു സഹോദരനെ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്നു. നേരത്തേ തന്നെക്കുറിച്ചു കള്ളകഥകള്‍ പറഞ്ഞു പരത്തിയ ഒരു പരിചയക്കാരനെ ബസില്‍ കണ്ടുമുട്ടുന്നു. വീട്ടില്‍ വന്നപ്പോള്‍ പകല്‍ മുഴുവന്‍ വീട്ടുജോലികളും കുഞ്ഞുങ്ങളുടെ പരിചരണവുമായി വലഞ്ഞുപോയ ഭാര്യ ഇറ്റു സ്‌നേഹത്തിനും സാന്ത്വനത്തിനും കൊതിച്ച് കാത്തു നില്ക്കുകയാണ്. മൂന്നു സാഹചര്യങ്ങള്‍. മൂന്നിടത്തും മൂന്നു കാര്യങ്ങളാണ് ഇദ്ദേഹത്തില്‍ നിന്ന് ആവശ്യപ്പെടുന്നത്. രോഗിയായ സഹോദരനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസമാണു വേണ്ടത്. തന്നെ ദ്രോഹിച്ച പരിചയക്കാരനു ക്ഷമയും വീട്ടില്‍ ഭാര്യയ്ക്കു സ്‌നേഹവും നല്‍കണം. ഏതെങ്കിലും ഒരു ക്രിസ്തീയ ഗുണം മാത്രമേ ഇദ്ദേഹത്തിന്റെ കൈവശമുള്ളെങ്കില്‍ യഥോചിതം വിശ്വാസവും ക്ഷമയും സ്‌നേഹവും നല്‍കാന്‍ കഴിയുന്നതെങ്ങനെ? കഴിയും. കൃപയുണ്ടെങ്കില്‍ സാഹചര്യത്തിന് അനുസരിച്ച് അദ്ദേഹത്തിനു വിശ്വാസവും ക്ഷമയും സ്‌നേഹവും നല്‍കാന്‍ സാധിക്കും. കാരണം ദൈവത്തിന്റെ നിബന്ധനകളെ തൃപ്തിപ്പെടുത്താനുള്ള ദൈവത്തിന്റെ തന്നെ നിറവാണു കൃപ. അതുകൊണ്ട് ഏതു സാഹചര്യത്തിലും നമുക്കുവേണ്ട ഒരേയൊരു കാര്യം കൃപയാണ്. കൃപയുണ്ടെങ്കില്‍ വേണ്ടതു വേണ്ട സാഹചര്യത്തില്‍ വേണ്ടതു പോലെ നല്‍കാന്‍ നമുക്കു കഴിയും. അതിനു നമ്മെ ശക്തിപ്പെടുത്തുന്നതും കൃപ തന്നെയാണ്.

കൃപയുടെ ഒരു പ്രത്യേകത ശ്രദ്ധിച്ചോ? അതിന്റെ ഊന്നല്‍ (focus) പൂര്‍ണമായും ദൈവത്തിലാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വിശ്വാസമാകട്ടെ, ക്ഷമയാകട്ടെ, സ്‌നേഹമാകട്ടെ നാം നല്‍കണമെന്ന് ആവശ്യപ്പെടുന്നതു ദൈവം. ആ ദൈവിക നിബന്ധനകളെ തൃപ്തിപ്പെടുത്താനുള്ള കഴിവു നമുക്കു നല്‍കുന്നതും ദൈവം. ഇതിന് ഒരു ഉദാഹരണം അബ്രാഹാമിന്റെ ജീവിതത്തില്‍ നമുക്കു കണ്ടെത്താന്‍ കഴിയും. ഉല്‍പത്തി 22-ല്‍, ദൈവം അബ്രാഹാമിനോട് മോരിയാ ദേശത്തു ചെന്ന് ഏകജാതനായ മകന്‍ യിസ്ഹാക്കിനെ ഹോമയാഗം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. യഹോവയായ ദൈവം നരബലി ആവശ്യപ്പെടുകയോ? അബ്രാഹാമിന് ഒന്നും മനസ്സിലാകുന്നില്ല. എങ്കിലും അവന്‍ ദൈവത്തില്‍ വിശ്വസിച്ചു. ഹോമയാഗം കഴിക്കാന്‍ തന്നോടാവശ്യപ്പെട്ട ദൈവം തന്നെ ഹോമയാഗത്തിന് ഒരാട്ടിന്‍കുട്ടിയെയും നോക്കിക്കൊള്ളും എന്നായിരുന്നു അവന്റെ വിശ്വാസം. അവന്‍ ആ വിശ്വാസം വഴിയില്‍ വച്ചു മകനോടു പങ്കുവയ്ക്കുന്നുണ്ട് (22:8). ഒടുവില്‍ വിശ്വാസം പോലെ ദൈവം ഒരാട്ടിന്‍കുട്ടിയെ കരുതിവച്ചിരുന്നു. അബ്രാഹാം അതിനെ ഹോമയാഗം കഴിച്ച് ദൈവിക നിബന്ധനയെ തൃപ്തിപ്പെടുത്തി (22:13).

കണ്ടോ? ഹോമയാഗം കഴിക്കാന്‍ ആവശ്യപ്പെട്ടതു ദൈവം. ഹോമയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ നല്‍കിയതും ദൈവം. ദൈവകൃപയുടെ ഉത്തമ നിദര്‍ശനമാണ് ഈ സംഭവം.

കൃപയ്ക്കു മറ്റൊരു നിര്‍വചനമുണ്ട്. ‘അര്‍ഹതയില്ലാത്തിടത്തു ചൊരിയുന്ന ദാനമാണു കൃപ’ എന്നതാണ് ആ നിര്‍വചനം. കൂലി, പ്രവൃത്തിയുടെ അല്ലെങ്കില്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ നല്‍കുന്നതാണ്. എന്നാല്‍ അര്‍ഹതയുടെ അടിസ്ഥാനത്തിലല്ലാതെ നല്‍കുന്നതാണു ദാനം. കൃപ ദാനമാണ്. അത് അര്‍ഹതയില്ലാത്തിടത്തു ദൈവം ചൊരിയുന്നതാണ്. ദാനം (gift) വാങ്ങാന്‍ ഒരുവനു വേണ്ടതു താഴ്മയാണ്. കൂലി വാങ്ങാന്‍ താഴ്മ ആവശ്യമില്ല. കാരണം അതു ചെയ്ത ജോലിയുടെ, അര്‍ഹതയുടെ, അടിസ്ഥാനത്തില്‍ ന്യായമായി ലഭിക്കുന്നതാണ് (റോമര്‍. 4:4). ഇതേ സമയം അര്‍ഹതയില്ലാത്തവനു ദാനം ഏറ്റുവാങ്ങാന്‍ താഴ്മ ആവശ്യമാണ്. അര്‍ഹതയില്ലാത്തിടത്തു നല്‍കുന്നതാണു കൃപ എന്നതാണു കൃപയെ താഴ്മയുമായി അഭേദ്യമാം വിധം ബന്ധപ്പെടുത്തുന്നത്. അതുകൊണ്ട് 1 പത്രൊസ് 5:5-ലും യാക്കോബ് 4:6-ലും ഒരേപോലെ പറയുന്നു: ‘താഴ്മയുള്ളവര്‍ക്കു കൃപ ലഭിക്കും.’ ഉവ്വ്, താഴ്മയുള്ളവര്‍ക്കേ കൃപ ലഭിക്കുകയുള്ളൂ. കാരണം അത് അനര്‍ഹന്‍ ഏറ്റുവാങ്ങുന്ന ദാനമാണ്. താഴ്മയിലല്ലാതെ ദാനം ഏറ്റുവാങ്ങുന്നതെങ്ങനെ? ഇങ്ങനെ താഴ്മയില്‍ കൃപ ഏറ്റുവാങ്ങിയ ഒരുവന്‍ പിന്നീടു താന്‍ അര്‍ഹനാണെന്നു കരുതിയാല്‍ എന്തു സംഭവിക്കും? പിന്നെ അവനു ദാനം സ്വീകരിക്കുവാന്‍ കഴിയുകയില്ല. കാരണം അവന്റെ താഴ്മ നഷ്ടപ്പെട്ടു. സ്വാഭാവികമായി തന്നെ കൃപയും നഷ്ടമായി. ഒരിക്കല്‍ കൃപ പ്രാപിച്ച ഒരുവനു പിന്നീടു കൃപ നഷ്ടപ്പെടുന്നത് ഇങ്ങനെയാണ്.

താന്‍ അര്‍ഹനാണെന്നു കരുതുന്നവനു കൃപ ലഭിക്കുകയില്ലെന്നും മറിച്ച് തനിക്ക് അര്‍ഹതയില്ലെന്ന നിലപാടെടുക്കുന്നവന്റെമേല്‍ കൃപ ധാരാളമായി ദൈവം ചൊരിയുമെന്നും വ്യക്തമാക്കുന്ന ഒരു ഉപമ യേശു പറഞ്ഞതു ലൂക്കൊസിന്റെ സുവിശേഷം 18-ന്റെ 9-14 വാക്യങ്ങളില്‍ നമുക്കു കാണുവാന്‍ കഴിയും. അവിടെ രണ്ടുപേര്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയി. ഒരുവന്‍ പരീശന്‍. മറ്റവന്‍ ചുങ്കക്കാരന്‍. ഇതില്‍ പരീശനു നിരത്താനുണ്ടായിരുന്നതു തന്റെ അര്‍ഹതയുടെ നീണ്ട പട്ടികയാണ്- ‘താന്‍ പിടിച്ചുപറിക്കാര്‍, നീതികെട്ടവര്‍, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ചുങ്കക്കാരനെപ്പോലെയോ അല്ല. ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു. നേടുന്നതില്‍ ഒക്കെയും പതാരം കൊടുക്കുന്നു.’ എന്നാല്‍ ചുങ്കക്കാരന്‍ ദേവാലയത്തില്‍ നിന്നു കൊണ്ടു തന്നെത്തന്നെ നോക്കുമ്പോള്‍ തനിക്ക് ദൈവമുന്‍പാകെ കരുണ ലഭിക്കാന്‍ ഒരര്‍ഹതയുമില്ല. അവന്‍ ദൂരെ നിന്നു കൊണ്ടു സ്വര്‍ഗത്തേക്കു നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു. ‘ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകണമേ’ എന്നു നിലവിളിച്ചു. എന്തായിരുന്നു ഫലം? ചുങ്കക്കാരനു ദൈവമുന്‍പാകെ കൃപ ലഭിച്ചു, പരീശന് അതു ലഭ്യമായില്ല. ഈ ഉപമയെ കര്‍ത്താവ് താഴ്മയുമായി ബന്ധപ്പെടുത്തി ഉപസംഹരിക്കുന്നത് ഇങ്ങനെ: ”തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും. തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും.’ തുടര്‍ന്ന് ചുങ്കക്കാരന്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി. മറ്റവന്‍ അങ്ങനെയല്ല (18:14).

നോക്കുക: നീതിമാന്മാരായിരിക്കുക എന്നതാണു ദൈവം എല്ലാവരില്‍ നിന്നും ആവശ്യപ്പെടുന്നത്. എന്നാല്‍ ദൈവത്തിന്റെ ഈ നിബന്ധനയെ തൃപ്തിപ്പെടുത്തുവാനുള്ള ശക്തി -കൃപ- ദൈവം തന്നെ നല്‍കുന്നു. ഈ കൃപ സൗജന്യമായാണ് (അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല) നല്‍കുന്നത്. എന്നാല്‍ അര്‍ഹതയില്ലെന്നു താഴ്മയോടെ സമ്മതിക്കുന്നിടത്തു മാത്രമേ കൃപ വ്യാപരിക്കുകയുള്ളൂ. ഇതു പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം: കൃപ ലഭിക്കാനുള്ള അര്‍ഹതയായല്ല താഴ്മയെ കാണേണ്ടത്. (അങ്ങനെയായാല്‍ അര്‍ഹതയില്ലാത്തിടത്തു നല്‍കുന്നതാണു കൃപ എന്നു പറയാനാവില്ലല്ലോ.) എന്നാല്‍ ഉയര്‍ന്ന ഇടത്തേക്കല്ല താണ സ്ഥലത്തേക്കു മാത്രമേ വെള്ളത്തിന് ഒഴുകിച്ചെല്ലാന്‍ കഴിയൂ (‘താണ നിലത്തേ നീരോടൂ’) എന്ന പ്രകൃതി നിയമം പോലെയാണ് ഇതിനെയും കാണേണ്ടത്. താഴ്മയുള്ളിടത്തേ കൃപയ്ക്ക് വ്യാപരിക്കാന്‍ കഴിയൂ. ചുങ്കക്കാരന്‍ തന്നെത്താന്‍ താഴ്ത്തി. അവിടേക്കു കൃപ ഒഴുകിച്ചെന്നു. ഫലം അവന്‍ നീതികരിക്കപ്പെട്ടവനായി. എന്നാല്‍ പരീശന്‍ തന്റെ അര്‍ഹതയുടെ പട്ടിക നിരത്തി തന്നെത്താന്‍ ഉയര്‍ത്തി. സ്വാഭാവികമായും അവിടേക്കു ദൈവകൃപയ്ക്ക് ഒഴുകിച്ചെല്ലാന്‍ കഴിയുകയില്ലല്ലോ. അതിന്റെ ഫലമായി പരീശന് ദൈവത്തിന്റെ നിബന്ധനയെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ, നീതികരിക്കപ്പെടാതെ, വീട്ടിലേക്കു മടങ്ങേണ്ടി വന്നു. നീതിമാനായിരിക്കുക എന്ന ദൈവത്തിന്റെ നിബന്ധനയെ (demand) തൃപ്തിപ്പെടുത്താനുള്ള ദൈവിക ശക്തിയായ കൃപ അവനും കയ്യാളാമായിരുന്നു. എന്നാല്‍ അതു ലഭ്യമാകുന്ന സ്ഥലത്ത് (താഴ്മയുള്ളിടത്ത്) അവന്‍ നിന്നില്ല. കൃപയുടെ വെള്ളച്ചാട്ടത്തിനു താഴെ നിന്നാലേ ഒരുവന്‍ കഴുകപ്പെടുകയുള്ളു. പരീശന്‍ ആ ഉത്തരവാദിത്തം എടുത്തില്ല. സ്വാഭാവികമായും അവന്‍ നീതികരിക്കപ്പെട്ടില്ല.

പരീശന്റേയും ചുങ്കാരന്റേയും ഈ ഉപമയുടെ പ്രസക്തി ഒരുവന്‍ കര്‍ത്താവിലേക്കു വരുന്ന ആദ്യസന്ദര്‍ഭത്തിലേക്ക് (രക്ഷിക്കപ്പെടുന്ന സന്ദര്‍ഭം) മാത്രം പരിമിതപ്പെടുത്തി ചിലര്‍ കാണാറുണ്ട്. രക്ഷിക്കപ്പെടുന്നതിന് കൃപ തീര്‍ച്ചയായും ആവശ്യമാണ്. (എഫെസ്യര്‍ 2:5,8; റോമര്‍ 1:16 എന്നീ വാക്യങ്ങള്‍ വായിക്കുക). സ്വന്ത പ്രയത്‌നംകൊണ്ടു രക്ഷനേടാനാവില്ല എന്നു താഴ്മയോടെ സമ്മതിച്ച് ‘പാപിയായ എന്നോടു കരുണയുണ്ടാകണമേ’ എന്നു നിലവിളിച്ച് ഒരുവന്‍ ക്രൂശിന്റെ ചുവട്ടിലേക്ക് ആദ്യം വരുന്ന സന്ദര്‍ഭമാണല്ലോ അവന്‍ രക്ഷിക്കപ്പെടുന്ന അവസരം. അവിടെ അവന്‍ രക്ഷയ്ക്കായുള്ള ദൈവശക്തിയായ കൃപമൂലം രക്ഷിക്കപ്പെടുന്നു. എന്നാല്‍ തുടര്‍ന്നു ദിനന്തോറും രക്ഷിക്കപ്പെട്ടു കൊണ്ടിരിക്കേണ്ടതിനു ജീവിതത്തിന്മേല്‍ കൃപ വ്യാപരിക്കാന്‍ താഴ്മയില്‍ത്തന്നെ നില്‌ക്കേണ്ടതുണ്ടെന്നു പലരും കരുതുന്നില്ല എന്നതാണ് ഇന്നത്തെ ക്രിസ്തീയലോകത്തെ പ്രശ്‌നം. ഇതിന്റെ ഫലമായി പലരും രക്ഷിക്കപ്പെടുന്ന ആദ്യ സന്ദര്‍ഭത്തില്‍ ലൂക്കൊസ് 18-ലെ ഉപമയിലെ ചുങ്കക്കാരനെപ്പോലെയും തുടര്‍ന്ന് പരീശനെപ്പോലെയുമാണ് ജീവിക്കുന്നത്. അവര്‍ ആദ്യം ചുങ്കക്കാരനെപ്പോലെ വന്നു രക്ഷിക്കപ്പെട്ടു. തുടര്‍ന്നു പരീശനെപ്പോലെ ജീവിക്കുന്നു. എത്ര ദുഃഖകരം! ‘ഭൂതകാല രക്ഷ’യെ അറിയാനുള്ള താഴ്മ അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ‘വര്‍ത്തമാനകാല രക്ഷ’യില്‍ തുടരാനുള്ള താഴ്മ അവര്‍ക്കില്ലാതെ പോയി. തനിക്ക് അര്‍ഹതയില്ല എന്നു പറഞ്ഞ് അവര്‍ ആദ്യം ക്രൂശിന്റെ ചുവട്ടില്‍ വന്നു നീതീകരിക്കപ്പെട്ടു. ഇന്നു തനിക്ക് അര്‍ഹതയുണ്ടെന്നു ദൈവാലയത്തില്‍ വന്നു സാക്ഷ്യം പറഞ്ഞിട്ട് നീതീകരിക്കപ്പെടാതെ വീട്ടിലേക്കു പോകുന്നു! ചുങ്കക്കാരന്റേയും പരീശന്റേയും കഥ തുടരുകയാണ്…

ചാള്‍സ് ഫിന്നി എന്ന ദൈവഭൃത്യന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ”രക്ഷയിലേക്കു വരാന്‍ കൃപ ആവശ്യമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ രക്ഷയില്‍ തുടരാന്‍ കൃപയില്‍ നില്ക്കണമെന്നു വിശ്വസിക്കുന്നവര്‍ ചുരുക്കം.” ശരിയല്ലേ?

എന്നാല്‍ പൗലൊസിന്റെ അനുഭവം വ്യത്യസ്തമായിരുന്നു. ‘എന്റെ കൃപ നിനക്കു മതി’ എന്നു കര്‍ത്താവില്‍ നിന്നുതന്നെ നേരില്‍ കേട്ട പൗലൊസ് ജീവിതത്തിന്റെ ഒടുവില്‍ വരെ കൃപ കിട്ടാവുന്ന ഇടത്ത്, താഴ്മയില്‍ തന്നെ, നിലയുറപ്പിച്ചു. ജീവിതത്തിന്റെ സായാഹ്‌നത്തിലും തന്റെ പിന്നിട്ട വര്‍ഷങ്ങളിലെ വലിയ ശുശ്രൂഷകള്‍ നല്‍കുന്ന അര്‍ഹതയുടെ തലക്കനമില്ലാതെ, ‘ഞാന്‍ അര്‍ഹനല്ല’ എന്ന നിലപാടില്‍ തന്നെ അവന്‍ നിന്നു. അതുകൊണ്ട് ഓട്ടം തികച്ച്, വിശ്വാസം കാത്ത്, നീതിയുടെ കിരീടത്തെക്കുറിച്ചുള്ള പ്രത്യാശയോടെ പൗലൊസ് കടന്നുപോയി.

എ.ഡി. 67-ലാണു പൗലൊസ് രക്തസാക്ഷി മരണം പ്രാപിച്ചതെന്നു കരുതപ്പെടുന്നു. അതിനു രണ്ടുവര്‍ഷം മുന്‍പു മാത്രം എ.ഡി. 65-ല്‍ എഴുതിയ ഒരു ലേഖനത്തിലെ പൗലൊസിന്റെ പ്രസ്താവന കാണുക: ‘ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനംതന്നേ. ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍’ (1തിമൊ. 1:15). പൗലൊസ് തന്നെക്കുറിച്ചുതന്നെ ഇവിടെ പറയുന്നത് ശ്രദ്ധിച്ചോ? ‘ഞാനാണു സകല പാപികളിലും ഒന്നാമന്‍’!

ദമസ്‌ക്കോസിന്റെ പടിവാതില്ക്കല്‍ വച്ച് കര്‍ത്താവുമായി ഒരു മുഖാമുഖം ഉണ്ടാകുന്നതിനു മുന്‍പ്, ആദ്യരക്തസാക്ഷി സ്‌തെഫാനോസിനെ കല്ലെറിഞ്ഞു കൊല്ലുമ്പോള്‍ അതിനു സമ്മതം കൊടുത്തുകൊണ്ട് കൊലയാളികളുടെ വസ്ത്രം കാക്കുകയും (പ്രവൃ.7:58) ക്രിസ്തുശിഷ്യന്മാരെ ഭീഷണിപ്പെടുത്തുകയും (9:1) അവരെ കൊല്ലുകയും (22:4) ചെയ്തു ജീവിച്ച ഭൂതകാലത്തെ ഓര്‍ത്ത് ‘ഞാന്‍ പാപികളില്‍ ഒന്നാമനായിരുന്നു’ എന്നല്ല പൗലൊസ് പറയുന്നത്. മറിച്ച് വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് ‘ഞാന്‍ പാപിയില്‍ ഒന്നാമനാണ്’ (I am foremost of all sinners) എന്നു തന്നെയാണു പൗലൊസ് പറയുന്നത്. ഈ ഏറ്റുപറച്ചില്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് ലൂക്കൊസ് 18-ലെ ചുങ്കക്കാരന്റെ ഏറ്റുപറച്ചിലിനെയാണ്. അവിടെ ചുങ്കക്കാരന്‍ ‘ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകണമേ’ (18:13) എന്നു നിലവിളിച്ചത് ഇംഗ്ലീഷില്‍ ഒരു വിവര്‍ത്തനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് I am the sinner എന്നാണ്. അര്‍ത്ഥം ‘ഒരേയൊരു പാപി ഞാനാണ്.’ ചുങ്കക്കാരന്‍ ദേവാലയത്തില്‍നിന്നു നോക്കുമ്പോള്‍ അവിടെ മറ്റാരും പാപികളില്ല, അവിടെ ഒരേയൊരു പാപിയേ ഉള്ളു. അതു താനാണ് എന്നാണവന്റെ ഏറ്റുപറച്ചില്‍. (മറിച്ച് ദേവാലയത്തില്‍ നിന്ന പരീശന്‍ അടുത്തുനിന്ന ചുങ്കക്കാരന്‍ ഉള്‍പ്പെടെ മറ്റെല്ലാവരേയും പാപികളായും തന്നെ മാത്രം നീതിമാനായും കണ്ടു!). ‘ഒരേയൊരു പാപിയേയുള്ളു അതു ഞാനാണ്’ എന്ന ചുങ്കക്കാരന്റെ ഏറ്റുപറച്ചില്‍പോലെ തന്നെയല്ലേ ‘സകല പാപികളിലും വച്ച് ഞാനാണ് ഒന്നാമന്‍’ എന്ന പൗലൊസിന്റെ ഏറ്റുപറച്ചിലും?

‘പാപികളില്‍ ഞാന്‍ ഒന്നാമന്‍’ എന്ന പൗലൊസിന്റെ നിലപാട്, ‘ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു’ എന്ന സത്യത്തിന്റെ പശ്ചാത്തലത്തിലാണു കാണേണ്ടത്. അല്ലെങ്കില്‍ -പൗലൊസിന്റേത് അനാവശ്യമായ കുറ്റബോധവും സ്വയംപീഡന മനോ ഭാവവുമാണെന്നു നാം തെറ്റിദ്ധരിച്ചു പോകും. ക്രിസ്തുയേശു പാപികളെയാണു രക്ഷിക്കുന്നത്. യേശുവും അതു വ്യക്തമാക്കിയിട്ടുണ്ടല്ലോ- ‘ഞാന്‍ നീതിമാന്മാരെയല്ല പാപികളെയാണു വിളിപ്പാന്‍ വന്നത്’. യേശു തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു ‘രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം'(മര്‍ക്കൊ. 2:17). പൗലൊസ് ജീവിതത്തിലുടനീളം ‘പാപികളില്‍ ഒന്നാമന്‍’ എന്ന നിലപാടില്‍ നിന്നിരുന്നതുകൊണ്ട് പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്ന യേശുവിനെ അവന് എപ്പോഴും ആവശ്യമുണ്ടായിരുന്നു. അവന്‍ യേശുവിന്റെ സൗഖ്യദായക രക്ഷയെ സദാ അറിയുന്നവനായിരുന്നു. കുറവുകളെയും പോരായ്മകളേയും കാട്ടിത്തരുന്ന ദൈവിക വെളിച്ചത്തില്‍ എപ്പോഴും നടന്നതുകൊണ്ട് രക്തത്താലുള്ള കഴുകല്‍ സദാ സ്വാഭാവികമായി പ്രാപിക്കുന്നതിന്റെ

(1 യോഹന്നാന്‍.1:7) ശുദ്ധീകരണവും പുതുക്കവും അവനുണ്ടായിരുന്നു. കര്‍ത്താവിനോടു ചേര്‍ന്നുള്ള നടപ്പില്‍ വര്‍ദ്ധിച്ചുവരുന്ന പാപബോധം മൂലം ‘ഞാന്‍ അര്‍ഹനല്ല’ എന്ന ഏറ്റുപറച്ചില്‍ എപ്പോഴും ഉണ്ടായിരുന്നതുകൊണ്ട് പൗലൊസ് നിരന്തരം താഴ്മയില്‍ വസിച്ചു. താഴ്മയില്‍ ആയിരുന്നതുകൊണ്ട് പൗലൊസിന് എപ്പോഴും കൃപ ലഭിച്ചുകൊണ്ടിരുന്നു.

ചുരുക്കത്തില്‍: ‘എന്റെ കൃപ നിനക്കു മതി’ എന്ന വാക്കുകള്‍ കര്‍ത്താവില്‍ നിന്നു തന്നെ കേട്ട പൗലൊസ് ദൈവത്തില്‍നിന്നു കൃപ എപ്പോഴും ലഭിക്കുന്നതിന്റെ രഹസ്യം മനസ്സിലാക്കിയിരുന്നു. അങ്ങനെ കൃപ എന്ന പദം പൗലൊസിനു പ്രിയപ്പെട്ടതായി മാറി. തന്റെ ചെറുതും വലുതുമായ ലേഖനങ്ങളെല്ലാം അദ്ദേഹം അവസാനിപ്പിക്കുന്നതു ‘കൃപ നിങ്ങളോടുകൂടെ ഇരിക്കട്ടെ’ എന്ന ആശംസയോടെയാണല്ലോ. (റോമാലേഖനത്തിന്റെ അവസാനവാക്യം മാത്രം വ്യത്യാസമായിരിക്കുന്നു. എന്നാല്‍ റോമാലേഖനവും ‘കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ’ എന്നുതന്നെ 16:20-ല്‍ എഴുതി പൗലൊസ് അവസാനിപ്പിച്ചതാണെന്നും ചിലര്‍ക്കുള്ള വന്ദനങ്ങള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നുമാണു വേദപണ്ഡിതന്മാരുടെ അഭിപ്രായം). നിരന്തരം താഴ്മയില്‍ വസിച്ച് എപ്പോഴും കൃപ പ്രാപിച്ചിരുന്ന പൗലൊസിനു നമ്മെ ഉദ്‌ബോധിപ്പിക്കാനുള്ളതും ഇതേ കാര്യമാണ്: ”നിങ്ങള്‍ക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യര്‍ത്ഥമായിത്തീരരുത്” (2 കൊരി.6:1). ‘കൃപയാല്‍ തന്നെ ഹൃദയം ഉറപ്പിക്കുന്നതു നല്ലത് (എബ്രാ.13:9).

പത്രൊസിന്റെ അവസാനവാക്കുകള്‍ ഇങ്ങനെ: ‘കൃപയില്‍ … വളരുവിന്‍’ (2 പത്രൊ. 3:14).
കൃപയെക്കുറിച്ചുള്ള ഈ ഉദ്‌ബോധനങ്ങളെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കാന്‍ ദൈവം തന്നെ നമുക്കു കൃപ നല്‍കട്ടെ. ആമേന്‍.

അധ്യായം 12 :
കഷ്ടതയിലും പാടുവാന്‍


തോരാമഴയുടെയും വെള്ളപ്പൊക്കക്കെടുതികളുടെയും ദുരിത ദിവസങ്ങളിലൂടെ കേരളം കടന്നുപോകാറുണ്ടല്ലോ. ആറുകള്‍ കരകവിയും. അണക്കെട്ടുകള്‍ തുറന്നുവിടും. വീടുകളില്‍ വെള്ളം കയറും.

‘ഇരെച്ചു കലങ്ങുന്ന വെള്ളം’ കോരഹ് പുത്രന്മാരുടെ സങ്കീര്‍ത്തനത്തെ നമ്മെ ഓര്‍മിപ്പിക്കും. 46-ാം സങ്കീര്‍ത്തനത്തില്‍ പ്രകൃതിക്ഷോഭത്തിന്റെ ഭയപ്പെടുത്തുന്ന ഒരു ചിത്രമാണ് കോരഹ് പുത്രന്മാര്‍ വരച്ചിട്ടിരിക്കുന്നത്. അതിങ്ങനെ: ‘അതുകൊണ്ട് ഭൂമി മാറിപ്പോയാലും പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും അതിലെ വെള്ളം ഇരെച്ചുകലങ്ങിയാലും അതിന്റെ കോപം കൊണ്ടു പര്‍വ്വതങ്ങള്‍ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല'(46:2,3).

‘ഭയപ്പെടുകയില്ല’ എന്നാണു വാക്യം അവസാനിക്കുന്നതെങ്കിലും അതിനുമുകളില്‍ കോറിയിട്ടിരിക്കുന്ന ദൃശ്യം എത്ര ഭീകരമാണ്! ‘പര്‍വ്വതങ്ങള്‍ കുലുങ്ങുന്നു. അവ കുലുങ്ങി സമുദ്രമധ്യത്തില്‍ പതിക്കുന്നു. അതിന്റെ ആഘാതംമൂലം സമുദ്രത്തിലെ വെള്ളം ഇരെച്ചു കലങ്ങുന്നു. ഈ ഇരെച്ചു കലങ്ങുന്ന വെള്ളത്തിന്റെ ക്ഷോഭം വീണ്ടും പര്‍വ്വതങ്ങളെ കുലുക്കുന്നു!’ എത്ര ഭയാനകം!

ഇവിടെ ശ്രദ്ധിച്ചോ? ആദ്യം പര്‍വ്വതങ്ങള്‍ കുലുങ്ങുകയാണ്. തുടര്‍ന്ന് അവ സമുദ്രത്തില്‍ വീഴുന്നു. ഇതിന്റെ ഫലമായി സമുദ്രത്തിലെ ജലം ഇരെച്ചുകലങ്ങുന്നു. ഈ ഇരെച്ചു കലങ്ങുന്ന വെള്ളം വീണ്ടും പര്‍വ്വതങ്ങളെ കുലുക്കുകയാണ്. ഇങ്ങനെ വീണ്ടും മറ്റു പര്‍വ്വതങ്ങള്‍ കുലുങ്ങിയാല്‍ എന്തു സംഭവിക്കും? അവയും സമുദ്രത്തില്‍ വീഴുകയും വെള്ളം ഇരെച്ചു കലങ്ങാന്‍ ഇടയാകുകയും ചെയ്യും. ഇങ്ങനെ ഇരെച്ചു കലങ്ങുന്ന വെള്ളം വീണ്ടും പര്‍വ്വതങ്ങളെ കുലുക്കും… ദുരന്തങ്ങള്‍ ഒരു ചക്രം പോലെ ആവര്‍ത്തിച്ചുവരികയാണ്. അവ അവസാനിക്കുന്നില്ല. ദുരിതം തുടരുകയാണ്…
ഇവ മാത്രമല്ല. മറ്റൊരു വലിയൊരു അത്യാഹിതത്തെക്കുറിച്ചും കോരഹ് പുത്രന്മാര്‍ പറയുന്നുണ്ട്–‘ഭൂമി മാറിപ്പോകുക.’ ചവിട്ടിനില്ക്കുന്ന ഈ ഭൂമി പൊടുന്നനെ കാല്‍ക്കീഴില്‍നിന്നു മാറിപ്പോകുക! എന്തൊരു വലിയ അനര്‍ത്ഥമാണത്! ഓര്‍ക്കണം: ഈ സങ്കീര്‍ത്തനം കോരഹ് പുത്രന്മാരുടേതാണ്. അവര്‍ കണ്ടിട്ടുള്ള ഏറ്റവും ഭയാനകമായ ദൃശ്യം ഭൂമി വായ്പിളര്‍ന്ന് ആളുകളെ വിഴുങ്ങുന്നതാണ് (സംഖ്യാ.16:31-34; 26:10,11 ഭാഗങ്ങള്‍ വായിക്കുക). സ്വന്തം മാതാപിതാക്കളും ബന്ധുക്കളും ഭൂമിക്കുള്ളിലേക്കു ജീവനോടെ കുഴിച്ചുമൂടപ്പെടുന്നതു നേരില്‍ കണ്ടതിന്റെ നടുക്കം കോരഹ് പുത്രന്മാരെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയിട്ടുണ്ടാകും. ഭൂമി വായ്പിളര്‍ന്നു വിഴുങ്ങിയവരുടെ നിലവിളിയുടെ ഒച്ച ഓര്‍മയില്‍ പ്രതിധ്വനിച്ച് എത്രയോ വട്ടം കോരഹ് പുത്രന്മാര്‍ ഉറക്കത്തില്‍ നിന്നു ഞെട്ടി എഴുന്നേറ്റിട്ടുണ്ടാവാം! അതുകൊണ്ടുതന്നെ ഏറ്റവും ഭയാനകമായ ഒരു ദുരന്തത്തെ സങ്കല്പിക്കേണ്ടി വന്നപ്പോള്‍ അവര്‍ അതിനെ ഒരു കൊച്ചു പ്രയോഗത്തില്‍ സംക്ഷേപിച്ചു–‘ഭൂമി മാറിപ്പോയാലും.’

അതെ, ഭൂമി മാറിപ്പോകാം. പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യത്തില്‍ വീണ് വെള്ളം ഇരച്ചുകലങ്ങി വീണ്ടും പര്‍വ്വതങ്ങള്‍ കുലുങ്ങാം. ദുരന്തം ഒരു വിഷമവൃത്തം (vicious circle) പോലെ തുടര്‍ച്ചയായി നമ്മെ വേട്ടയാടാം. പക്ഷേ അതിന്റെ മദ്ധ്യത്തില്‍ ഇതാ സാന്ത്വനത്തിന്റെ കുളിരല പോലെ ഒരു വാക്യം: ഒരു ‘നദിയുണ്ട്. അതിന്റെ തോടുകള്‍ ദൈവനഗരത്തെ അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ തന്നേ സന്തോഷിപ്പിക്കുന്നു’ (46:4).

46-ാം സങ്കീര്‍ത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങള്‍ക്കിടയില്‍ പഴയ മലയാളം ബൈബിളില്‍ വിട്ടുപോയ ഒരു വാക്കുണ്ട്– ‘സേല.’ ഏഴാമത്തെ വാക്യം, 11-ാമത്തെ വാക്യം എന്നിവ തീരുമ്പോള്‍ കാണുന്ന ‘സേല’ വാസ്തവത്തില്‍ മൂന്നാമത്തെ വാക്യത്തിന്റെ അവസാനത്തിലും ഉണ്ട്. (ഇംഗ്ലീഷ് ബൈബിള്‍ കാണുക). എന്താണിത് അര്‍ത്ഥമാക്കുന്നത്? സേല, ആ കീര്‍ത്തനാലാപനത്തിനിടയിലെ ഒരു നിര്‍ത്താണ് (Pause). അതു കഴിയുമ്പോള്‍ ഗാനത്തിന്റെ രാഗം ഒന്നു മാറി വീഴുകയാണ്. രണ്ടും മൂന്നും വാക്യങ്ങളിലെ ദുരന്തങ്ങളുടെയും പ്രകൃതിക്ഷോഭത്തിന്റെയും വര്‍ണനകള്‍ ഉച്ചസ്ഥായിയില്‍ ചടുലമായ താളത്തില്‍ പാടുന്ന യെഹൂദാ ഗായകര്‍ ‘അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ സന്തോഷിപ്പിക്കുന്ന ഒരു നദി’യെക്കുറിച്ചു പാടുന്നതിനു മുന്‍പ് ഒരു മാത്ര നിര്‍ത്തുന്നു. ഒരു നിശ്ശബ്ദ നിമിഷം. തുടര്‍ന്നു ശ്രുതിഗംഭീരമായ ഒരു ഈണത്തിലേക്കും സൗമ്യമധുരമായ ഒരു താളത്തിലേക്കും ഗാനത്തിന്റെ ഗതി മാറുകയാണ്. ഇതാണു ‘സേല’ നല്‍കുന്ന സൂചന. ചുരുക്കത്തില്‍ ഇത് അര്‍ത്ഥമാക്കുന്നതെന്താണ്? മൂന്നാം വാക്യത്തില്‍ കാണുന്ന ‘ഇരെച്ചു കലങ്ങുന്ന വെള്ള’ത്തിന്റെ തുടര്‍ച്ചയും ഭാഗവുമല്ല തൊട്ടടുത്ത വാക്യത്തില്‍ കാണുന്ന ‘നദിയും അതിന്റെ തോടുകളും.’ ഇതു വ്യത്യസ്തമായ വെള്ളമാണ്. ഇതു സന്തോഷത്തിന്റെ നദിയാണ്. ഇതു ജീവജലത്തിന്റെ പ്രവാഹമാണ്. കഷ്ടതയുടെ നടുവിലും ഉള്ളില്‍ ചൈതന്യം പകരുന്ന ദൈവസാന്നിധ്യത്തിന്റെ നിറവാണിത്.

കഷ്ടങ്ങളുടെ നടുവിലും ധൈര്യവും സമാധാനവും സന്തോഷവുമാണല്ലോ ദൈവസാന്നിധ്യം ഉറപ്പു നല്‍കുന്നത്. യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘നിങ്ങള്‍ക്ക് എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിനു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍. ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ (യോഹ. 16:33). തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു ലോകത്തില്‍ കഷ്ടമില്ലെന്നല്ല യേശു പറഞ്ഞത്. മറിച്ച് തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ അവിടുന്നു പറഞ്ഞു: ‘ഈ ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്.’ മാത്രമല്ല അവിടുന്നു പറഞ്ഞത് നിങ്ങള്‍ക്ക് എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിനാണു ഞാന്‍ ഇതു സംസാരിക്കുന്നതെന്നാണ്!

ഇതൊരു വൈരുദ്ധ്യംപോലെ തോന്നുന്നില്ലേ? കഷ്ടം ഉണ്ടെന്നു പറഞ്ഞാല്‍ സമാധാനം ഉണ്ടാകുന്നതെങ്ങനെ? എന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരു കഷ്ടവും ഇല്ലെന്നു പറയുമ്പോഴല്ലേ സമാധാനം ഉണ്ടാകൂ? എന്താണിതിന്റെ പൊരുള്‍? അത് ഇങ്ങനെ വിശദീകരിക്കാം: നമുക്കു കര്‍ത്താവില്‍ (‘എന്നില്‍’) ഉള്ള സമാധാനമാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകത്തില്‍ നമുക്കു കഷ്ടം ഉണ്ടെങ്കിലും നമ്മുടെ കര്‍ത്താവ് ഈ ലോകത്തെ ജയിച്ചിരിക്കുന്നു. ലോകത്തില്‍ നമുക്കു കഷ്ടം ഉള്ളതിനാല്‍ ആ സാഹചര്യത്തിലല്ല (not in the circumstance) നമ്മുടെ സമാധാനം. മറിച്ച് ലോകത്തെ ജയിച്ച കര്‍ത്താവു നമ്മോടൊപ്പം ഉള്ളതിനാല്‍ ആ കര്‍ത്താവിലാണ് (but in the Lord) നമ്മുടെ സമാധാനം. ആ കര്‍ത്താവിലാണു നമ്മുടെ സന്തോഷവും ധൈര്യവും (ഫിലി.4:4).

ഇന്നത്തെ വിശ്വാസസമൂഹം കഷ്ടങ്ങളില്‍ നിന്നുള്ള വിടുതലിലൂടെ മാത്രം ലഭിക്കുന്ന സമാധാനം, സന്തോഷം, ധൈര്യം എന്നിവയെക്കുറിച്ചു മാത്രമാണു വാചാലരാകുന്നത്. എന്നാല്‍ കഷ്ടങ്ങളുടെ നടുവിലും സമാധാനവും ധൈര്യവും നല്‍കുന്ന ദൈവസാന്നിധ്യത്തെക്കുറിച്ചാണ് കോരഹ് പുത്രന്മാര്‍ക്കു പാടുവാനുള്ളത്. ഇരെച്ചു കലങ്ങുന്ന വെള്ളങ്ങളുടെ നടുവിലും ശാന്തമായി ഒഴുകുന്ന സന്തോഷത്തിന്റെ നദിയാണു നമുക്കുള്ളത്. അതിലാണു നമ്മുടെ ധൈര്യം. ദൈവത്തിന്റെ ഈ പ്രവര്‍ത്തനവിധം നമുക്കു സമാധാനം ഉണ്ടാകേണ്ടതിനു കര്‍ത്താവ് വിശദീകരിച്ചിരിക്കുന്നതു നമുക്കു യാഥാത്ഥ്യബോധം നല്‍കട്ടെ!

കര്‍ത്താവിന്റെ സാന്നിധ്യം നല്‍കുന്ന ഉറപ്പിനെപ്പറ്റി ഒരു ദൈവഭൃത്യന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ‘ഈ ലോകത്ത് ലോകമനുഷ്യര്‍ക്കും പ്രശ്‌നങ്ങളും കഷ്ടങ്ങളുമുണ്ട്. യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കും കഷ്ടങ്ങളും പ്രശ്‌നങ്ങളുമുണ്ട്. പിന്നെന്താണു വ്യത്യാസം? ഒരു വ്യത്യാസമേയുള്ളൂ: നമുക്കു പ്രശ്‌നങ്ങളുടെ നടുവിലും കര്‍ത്താവുണ്ട്. ലോകമനുഷ്യര്‍ക്ക് അതില്ല.’ ശരിയല്ലേ? രണ്ടുകൂട്ടരും തമ്മില്‍ ഒരേയൊരു വ്യത്യാസം മാത്രം. എന്നാല്‍ അതു ചെറുതല്ല, വലിയ വ്യത്യാസം തന്നെയാണ്. അതുള്ളതുകൊണ്ടാണ്, വിശ്വാസിക്കു ‘കഷ്ടതയിലും പാടുവാനും നഷ്ടമതില്‍ കൊണ്ടാടുവാനും’ കഴിയുന്നത്. കാരാഗൃഹത്തില്‍ അര്‍ദ്ധരാത്രിയില്‍ ‘സന്തുഷ്ടരായി ദൈവത്തെ പാടിസ്തുതിക്കുവാന്‍’ സാധിക്കുന്നത് ദൈവസാന്നിധ്യത്തിന്റെ ഈ ആന്തരിക ഉറവ നല്‍കുന്ന ചൈതന്യത്തിലാണ്.

ധൈര്യവും സമാധാനവും നല്‍കുന്ന സന്തോഷത്തിന്റെ ആന്തരിക ഉറവയായ ഈ ജീവജലനന്ദി എവിടെ നിന്നാണു പുറപ്പെടുന്നത്? സെഖര്യാവ് അതിനെ യെരുശലേമില്‍ നിന്നു പുറപ്പെടുന്നതായാണു കാണുന്നത് (14:8). യോവേല്‍ ഒരു പടികൂടി കടന്ന് അതു യെരുശലേമിലെ ദേവാലയത്തില്‍ നിന്നു തന്നെ പുറപ്പെടുന്നതായി കാണുന്നു(3:18). ദേവാലയത്തിലെ ഉമ്മരപ്പടിയുടെ താഴെ നിന്ന് അത് ഒഴുകി വരുന്നതായാണ് യെഹസ്‌കേല്‍ കാണുന്ന ദര്‍ശനം (47:1). ബൈബിളിലെ അവസാന അധ്യായത്തിലേക്കു വരുമ്പോള്‍ യോഹന്നാന്‍ അതിനെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു തന്നെ ഉത്ഭവിക്കുന്നതായി കാണുന്നു (വെളി. 22:1). സെഖ്യര്യാവു മുതല്‍ യോഹന്നാന്‍ വരെയുള്ളവര്‍ക്ക് പടിപടിയായി വര്‍ധിച്ചുവരുന്ന വെളിപ്പാടാണ് ഈ ജീവജലനദിയുടെ ഉത്ഭവത്തെക്കുറിച്ചു ലഭ്യമാകുന്നത്.

ദൈവസിംഹാസനത്തില്‍ നിന്നു പുറപ്പെടുന്ന ഈ ജീവജല നദി വാസ്തവത്തില്‍ ദൈവത്തെ തന്നെ പ്രതിനിധാനം ചെയ്യുന്നു. മാത്രമോ? ത്രിയേകദൈവത്തിലെ ഓരോ ആളത്വവും അതു തങ്ങള്‍ തന്നെയാണെന്നു സാക്ഷിക്കുന്നു: താനാണു ജീവജലത്തിന്റെ ഉറവയെന്നു പിതാവു പറയുന്നു (യിരെമ്യാ. 2:13). ജീവജലദാതാവ് താനാണെന്നു പുത്രന്‍ അവകാശപ്പെടുന്നു (യോഹ. 4:14). ജീവജലത്തിന്റെ നദി പരിശുദ്ധാത്മാവാണെന്നും പറഞ്ഞിരിക്കുന്നു (യോഹ. 7:38,39). ചുരുക്കത്തില്‍ ത്രിയേകദൈവത്തിന്റെ മുഴുവന്‍ സാന്നിധ്യത്തെയും ഈ പ്രവാഹം പ്രതിനിധാനം ചെയ്യുന്നു.

യെരുശലേമിലെ ദേവാലയത്തിലെ ഉമ്മറപ്പടിയുടെ താഴെനിന്നു പുറപ്പെടുന്നതായി കാണുന്ന ഈ ജീവജലപ്രവാഹം വാസ്തവത്തില്‍ ദൈവസിംഹാസനത്തില്‍ നിന്ന്, അതിനുമപ്പുറത്ത് ത്രിയേക ദൈവത്തില്‍ നിന്നു തന്നെയാണ് ഉത്ഭവിക്കുന്നത്. ഈ നദി കഷ്ടതകളുടെ നടുവില്‍ നമ്മുടെ ആന്തരിക ഊര്‍ജമാണ്. ആത്മാവില്‍ നമ്മെ ശക്തിപ്പെടുത്തുന്ന, സമാധാനം നല്‍കുന്ന, സന്തോഷം പ്രദാനം ചെയ്യുന്ന ഒരു ആന്തരിക സ്രോതസ്സാണ്. തുടര്‍ന്നു വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നു തന്നെ പുറപ്പെടുന്ന ഈ ജീവജലനദി (യോഹ. 7:38) നമ്മില്‍ ഒരു സജീവസാന്നിധ്യമാണ്; ആയിരിക്കണം.

സജീവമായ ഈ ദൈവസാന്നിധ്യത്തെക്കുറിച്ച് ‘സൈന്യങ്ങളുടെ യഹോവ നമ്മോടു കൂടെയുണ്ട്, യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗമാകുന്നു’ എന്നു കോരഹ് പുത്രന്മാര്‍ സങ്കീര്‍ത്തനത്തില്‍ രണ്ടിടത്ത് ഒരേപോലെ പറഞ്ഞിരിക്കുന്നു(46:7,11 വാക്യങ്ങള്‍ കാണുക). ‘സൈന്യങ്ങളുടെ യഹോവ’ എന്നു ദൈവത്തെ സംബോധന ചെയ്യുമ്പോള്‍ അതു ദൈവത്തിന്റെ ശക്തിയെയാണു സൂചിപ്പിക്കുന്നത്. ‘യാക്കോബിന്റെ ദൈവം’ എന്ന പ്രയോഗം ദൈവം ഉടമ്പടിയുടെ ദൈവമാണെന്നും കാണിക്കുന്നു. മൂന്നാമത് ഈ വാക്യത്തില്‍ ‘ദൈവം നമ്മോടുകൂടെ’ എന്നു പറഞ്ഞിരിക്കുന്നത് അവിടുന്ന് ‘ഇമ്മാനുവേല്‍’ ആണെന്നതിലേക്കും വിരല്‍ ചൂണ്ടുന്നു. അപ്പോള്‍ ദൈവം സൈന്യങ്ങളുടെ യഹോവയായി യാക്കോബിന്റെ ദൈവമായി ഇമ്മാനുവേലായി നമ്മോടൊപ്പമുണ്ട്. സൈന്യങ്ങളുടെ യഹോവ എന്ന നിലയില്‍ അവിടുന്നു ശക്തനാണ്. പക്ഷേ നാം ആഗ്രഹിക്കുന്ന വിധത്തിലായിരിക്കുകയില്ല താന്‍ ശക്തി വെളിപ്പെടുത്തുന്നത്. ദൈവം ഉടമ്പടിയുടെയും ദൈവമാണ്. പക്ഷേ ഭൗതിക വിടുതലല്ല അവിടുന്ന് ഉടമ്പടി ചെയ്തിരിക്കുന്നതെന്ന് ഓര്‍ക്കണം. എന്നാല്‍ ഏതു സാഹചര്യത്തിലും ദൈവം ഇമ്മാനുവേലായി നമ്മോടൊപ്പമുണ്ട്. ഇതേ സമയം കഷ്ടങ്ങളുടെ നടുവിലാണ് ആ സാന്നിധ്യം പലപ്പോഴും നമുക്കു സജീവമായി മാറുക. ‘കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണ’ എന്നാണല്ലോ സങ്കീര്‍ത്തനക്കാരന്റെ സാക്ഷ്യം (46:1).
46-ാം സങ്കീര്‍ത്തനത്തിന്റെ 10-ാമത്തെ വാക്യവും ശ്രദ്ധേയമാണ്- ‘മിണ്ടാതിരുന്നു ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍വിന്‍.’ ‘മിണ്ടാതിരുന്ന്’ എന്ന ഈ പദത്തില്‍ എബ്രായഭാഷയില്‍ ‘വിട്ടുകളവിന്‍’ എന്നും അര്‍ത്ഥമുണ്ടത്രേ. അങ്ങനെയെങ്കില്‍ ദൈവസാന്നിധ്യം നമ്മുടെ ജീവിതത്തില്‍ സജീവമായി അറിയുന്നതിനു തടസ്സമായുള്ള എല്ലാ കാര്യങ്ങളേയും വിട്ടുകളവിന്‍ എന്നാണ് ആ വാക്യം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. ദൈവത്തിന്റെ സാന്നിധ്യത്തിന് എതിരായി വരുന്ന ഏറ്റവും വലിയ തടസ്സം എന്താണ്? യെശയ്യാവ് 57:15-ല്‍ പറയുന്നതു ‘ദൈവത്തിനു താഴ്മയും മനോവിനയവുമുള്ളിടത്തേ വസിക്കാന്‍ കഴിയൂ’ എന്നാണ്. അങ്ങനെയെങ്കില്‍ നിഗളവും നമ്മുടെ സ്വന്തബലവും സ്വയാശ്രയവുമാണു ദൈവസാന്നിധ്യം അറിയുന്നതിനുള്ള ഏറ്റവും വലിയ തടസ്സം. കഷ്ടങ്ങളുടെ നടുവില്‍ സമാധാനവും ധൈര്യവും നല്‍കുന്ന സന്തോഷനദിയായി ദൈവത്ത അറിയണമെങ്കില്‍ നാം ബലഹീനരാകേണ്ടതുണ്ട്. ദൈവത്തിനു താഴ്മയുള്ളിടത്തേ വസിക്കാന്‍ കഴിയുകയുള്ളു എന്നു പറയുന്നതുപോലെ ദൈവത്തിന്റെ മറ്റൊരു പ്രത്യേകത ആവര്‍ത്തനം 10:18-ല്‍ നാം കാണുന്നു. അവിടെ നാം വായിക്കുന്നതു ദൈവം അനാഥന്റെയും വിധവയുടെയും പരദേശിയുടെയും പക്ഷത്തായിരിക്കും എന്നാണ്. അനാഥന്‍, വിധവ, പരദേശി എന്നിവര്‍ക്കു പൊതുവായുള്ളത് എന്താണ്? അവര്‍ക്ക് ആരുമില്ല, അവര്‍ തീര്‍ത്തും നിസ്സഹായരാണ്, അവര്‍ക്ക് ദൈവത്തിലല്ലാതെ മറ്റെങ്ങും ആശ്രയമില്ല- ഈ ഒരു ബലഹീനതയാണ് അവര്‍ക്കു പൊതുവായുള്ളത് (1 തിമൊ. 5:5; ലൂക്കൊസ് 18:1-8). ദൈവം നിഷ്പക്ഷനാണെന്നു നാം കരുതുമെങ്കിലും വാസ്തവത്തില്‍ ദൈവത്തിനൊരു പക്ഷാപാതിത്വമുണ്ട്. അവിടുന്ന് അനാഥന്റെയും വിധവയുടെയും പരദേശിയുടെയും ഭാഗത്താണ്. നിസ്സഹായരോടാണ് അവിടുത്തെ പക്ഷപാതിത്വം. അതുകൊണ്ട് കഷ്ടങ്ങളിലൂടെ നമ്മെ ബലഹീനരും നിസ്സഹായരുമാക്കി തന്റെ സാന്നിധ്യത്തിന്റെ നിറവുകൊണ്ടു നമ്മെ ആശ്വസിപ്പിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്. ഇതിനു തടസ്സമായി നമ്മിലുള്ള എല്ലാ ഉയര്‍ച്ചയും സ്വയബലവും സ്വയാശ്രയവും കാഠിന്യവും വിട്ടുകളഞ്ഞു (മിണ്ടാതിരുന്ന്) ദൈവത്തെ അറിയാനാണ് കോരഹ് പുത്രന്മാര്‍ 46:10 വാക്യത്തിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്.

2 കൊരിന്ത്യര്‍ 7:4-6 വാക്യങ്ങളില്‍ പൗലൊസ് തന്റെ ഒരനുഭവം പങ്കുവയ്ക്കുന്നതും ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. മക്കദോന്യയില്‍ എത്തിയശേഷം എല്ലാവിധത്തിലും കഷ്ടമാണു തങ്ങള്‍ക്കുള്ളതെന്നു പൗലൊസ് ഇവിടെ പറയുന്നു. പുറത്തു യുദ്ധം, അകത്തു ഭയം. ജഡത്തിനും ഒട്ടും സുഖമില്ല. ഈ സാഹചര്യത്തില്‍ പൗലൊസ് എളിമപ്പെട്ടു. ഫലം എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം അവരെ ആശ്വസിപ്പിച്ചു. പൗലൊസ് ആശ്വാസം കൊണ്ടു നിറഞ്ഞു. കഷ്ടതയുടെ നടുവിലും സന്തോഷം തനിക്കു നിറഞ്ഞു കവിഞ്ഞു.

നോക്കുക: കഷ്ടത പരിഹരിച്ചിട്ടല്ല പൗലൊസിന് ഇവിടെ സന്തോഷവും ആശ്വാസവും ദൈവം കവിയുമാറാക്കിയത്. കഷ്ടതയുടെ നടുവിലും തന്റെ സാന്നിധ്യത്തിന്റെ നിറവുകൊണ്ട് അവനെ ധന്യനാക്കാന്‍ ദൈവം ആഗ്രഹിച്ചു. പക്ഷേ ദൈവത്തിന്റെ പ്രത്യേകത അവിടുത്തേക്ക് എളിയവരെ മാത്രമേ ആശ്വസിപ്പിക്കാന്‍ കഴിയുകയുള്ളു എന്നതാണ്. ഇതിനെക്കുറിച്ചുള്ള ബോധ്യം പൗലൊസിനെ എളിമയിലേക്കും ബലഹീനതയിലേക്കും നയിച്ചു (2 കൊരി. 12:7-9 ചേര്‍ത്തു വായിക്കുക). തുടര്‍ന്ന് എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം അവനെ സന്തോഷവും ആശ്വാസവുംകൊണ്ടു നിറച്ചു. ഇരെച്ചു കലങ്ങുന്ന വെള്ളത്തിന്റെ പ്രക്ഷുബ്ധതയ്ക്കു നടുവിലും ഒരു നദിയുടെ സാന്ത്വനം പൗലൊസിനെ തേടിവന്നു. പൗലൊസിന്റെ ഇപ്പോഴത്തെ സാക്ഷ്യം ഇങ്ങനെ: ‘ഞാന്‍ ആശ്വാസം കൊണ്ടു നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു’ (2 കൊരി. 7:4).

കഷ്ടതകളുടെയും നിന്ദകളുടെയും പരിഹാസങ്ങളുടെയും എതിര്‍പ്പുകളുടെയും മലവെള്ളപ്പാച്ചിലിനിടയില്‍ കോരഹ് പുത്രന്മാരെപ്പോലെ നമുക്കും പാടാം: ‘ഒരു നദിയുണ്ട്. അതിന്റെ തോടുകള്‍… സന്തോഷിപ്പിക്കുന്നു.’

അധ്യായം 13:
പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ വിജയകരമായ ജീവിതം


‘എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരുശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു’ (പ്രവൃത്തി 1:8).

മരിച്ച് ഉയിര്‍ത്തെഴുന്നേറ്റവനായ യേശു സ്വര്‍ഗാരോഹണം ചെയ്യുന്ന ദിവസം. അന്നും അവര്‍ കൂടിയിരിക്കുമ്പോള്‍ അവിടുന്നു ശിഷ്യന്മാരെ ഓര്‍മിപ്പിച്ചു: ‘നിങ്ങള്‍ യെരുശലേമില്‍ പരിശുദ്ധാത്മാവ് എന്ന വാഗ്ദാനത്തിനായി കാത്തിരിക്കണം. യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം കഴിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവുകൊണ്ടുള്ള സ്‌നാനം ലഭിക്കും’ (പ്രവൃ. 1:5).

പക്ഷേ യേശുവിന്റെ ഈ വാക്കുകളോടുള്ള ശിഷ്യന്മാരുടെ പ്രതികരണം നമ്മെ അത്ഭുതപ്പെടുത്തും. പരിശുദ്ധാത്മാവ് എന്താണെന്നോ, പരിശുദ്ധാത്മസ്‌നാനത്തിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നോ, അല്ലെങ്കില്‍ പരിശുദ്ധാത്മ സ്‌നാനം പ്രാപിച്ച ശേഷം തുടര്‍ന്നു തങ്ങള്‍ എന്താണു ചെയ്യേണ്ടതെന്നോ ഒന്നുമല്ല അവര്‍ക്കറിയേണ്ടത്. അവര്‍ ഉടനെ ചോദിക്കുന്നതു രാജ്യത്തെക്കുറിച്ചാണ്. ‘കര്‍ത്താവേ നീ എപ്പോഴാണു രാജ്യം യഥാസ്ഥാനപ്പെടുത്തി തരുന്നത്’ എന്നായിരുന്നു അവരുടെ അന്വേഷണം (പ്രവൃ.1:6). പക്ഷേ യേശു അവരുടെ സങ്കുചിതമായ വീക്ഷണത്തെയോ പരിമിതമായ കാഴ്ചപ്പാടിനെയോ ശാസിക്കുന്നില്ല. അവിടുന്നു കാരുണ്യപൂര്‍വ്വം അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ‘പിതാവ് സ്വന്ത അധികാരത്തില്‍ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല’ എന്നു പറഞ്ഞശേഷം വീണ്ടും പരിശുദ്ധാത്മാവിനെക്കുറിച്ചു തന്നെ അവരോടു പറയുന്ന ഭാഗമാണു നാം തുടക്കത്തില്‍ ഉദ്ധരിച്ചത്. അവിടെ യേശു വീണ്ടും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആവശ്യബോധത്തിലേക്ക് അവരെ നയിക്കാന്‍ ശ്രമിക്കുന്നു- ‘പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരും, നിങ്ങള്‍ ശക്തരാകും, നിങ്ങള്‍ സാക്ഷികള്‍ ആകും’ എന്നിങ്ങനെ…

എന്തുകൊണ്ടാണു പരിശുദ്ധാത്മ സ്‌നാനത്തെക്കുറിച്ചു പറയുമ്പോള്‍ ശിഷ്യന്മാര്‍ എപ്പോഴും രാജ്യത്തെക്കുറിച്ച് ഓര്‍ത്തു പോകുന്നത്? ‘യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം കഴിപ്പിച്ചു, നിങ്ങള്‍ക്കു പരിശുദ്ധാത്മസ്‌നാനം ലഭിക്കും’ എന്നു യേശു പറഞ്ഞപ്പോള്‍ യോഹന്നാന്‍ സ്‌നാപകനും തുടര്‍ന്നു യേശുവും തങ്ങളുടെ ശുശ്രൂഷകള്‍ ആരംഭിച്ചതും ഇരുവരും ‘രാജ്യത്തിന്റെ സുവിശേഷം’ പ്രഘോഷിച്ചതും തങ്ങള്‍ ശിഷ്യരായതുമെല്ലാം അവര്‍ ഓര്‍ത്തുപോയിരിക്കാം. അതിനെതുടര്‍ന്ന് അവര്‍ തങ്ങള്‍ക്ക് എക്കാലത്തും താല്പര്യമുള്ള വിഷയത്തെക്കുറിച്ചു സ്വാഭാവികമായി ചോദിച്ചു- ‘ആട്ടെ, ഇനി എന്നാണു ഞങ്ങള്‍ക്കു രാജ്യം കിട്ടുക?’

ഉവ്വ്, ഒരു രാജ്യത്തെക്കുറിച്ചു പ്രഘോഷിച്ചുകൊണ്ടാണു യോഹന്നാന്‍ സ്‌നാപകന്‍ രംഗത്തു വരുന്നത്. ‘ആ കാലത്തു യോഹന്നാന്‍ സ്‌നാപകന്‍ വന്നു, യെഹൂദ്യാ മരുഭൂമിയില്‍ പ്രസംഗിച്ചു: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു’ (മത്തായി 3:1,2). യെഹൂദന്റെ സ്വന്തം രാജ്യം തന്നെ റോമാക്കാര്‍ ഭരിച്ചുകൊണ്ടിരിക്കുന്ന കാലം. ആ സമയത്ത് എന്തുകൊണ്ടും അതിനെക്കാള്‍ മെച്ചപ്പെട്ട ഒരു രാജ്യം സമീപിച്ചിരിക്കുന്നു എന്ന സന്ദേശവുമായി യോഹന്നാന്‍ സ്‌നാപകനെത്തിയപ്പോള്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലായവരും മനസ്സിലാകാത്തവരുമായി ഒരു വലിയ ജനക്കൂട്ടം മാനസാന്തരസ്‌നാനത്തിനു തയ്യാറായി. എന്നാല്‍ വെള്ളത്തില്‍ സ്‌നാനം കഴിപ്പിച്ചുകൊണ്ടിരുന്ന യോഹന്നാന്‍ പിന്നീടു പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കുന്ന ഒരുവനെക്കുറിച്ചു പറയുവാനും യേശുവിനെ ചൂണ്ടിക്കാണിപ്പാനും തുടങ്ങുന്നു (യോഹന്നാ. 1:19-34). സ്‌നാപക യയോഹന്നാ ന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ യേശുവിന്റെ ശിഷ്യരായവരാ ണല്ലോ അന്ത്രയോസും സഹോദരന്‍ പത്രൊസും, യോഹന്നാനും മറ്റും (യോഹ.1:35-42). യേശു തുടര്‍ന്നു ശുശ്രൂഷ ആരംഭിച്ചതും വരാനുള്ള ഒരു രാജ്യത്തിന്റെ സന്ദേശം അറിയിച്ചുകൊണ്ടാണ് (മത്തായി 4:17, 23). തന്റെ ശിഷ്യന്മാരെ പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് അയയ്ക്കുമ്പോള്‍ അവരോടും ‘സ്വര്‍ഗരാജ്യം സമാഗതമായിരിക്കുന്നു’ എന്നു ഘോഷിപ്പാനും യേശു കല്പിച്ചു (മത്താ. 10:7).

വാസ്തവത്തില്‍ യേശു പ്രഘോഷിച്ച രാജ്യത്തിന്റെ സുവിശേഷം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ശിഷ്യന്മാര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിരുന്നില്ല. ഭൗതികമായ ഒരു ചക്രവാളത്തിന് അപ്പുറത്തേക്ക് അവരുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിരുന്നുവോയെന്നു സംശയം. അതുകൊണ്ടാണല്ലോ സെബദിപുത്രന്മാരുടെ അമ്മ വന്നു തന്റെ പുത്രന്മാര്‍ ഇരുവരും ‘നിന്റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യണമേ’ എന്ന് അപേക്ഷിച്ചതും അതു കേട്ട മറ്റു പത്തു ശിഷ്യന്മാര്‍ ആ രണ്ടു സഹോദരന്മാരോട് നീരസപ്പെട്ടതും (മത്തായി 20:21,24). ഒടുവില്‍ യേശു ക്രൂശിക്കപ്പെട്ടതോടെ ഒരു രാജ്യത്തില്‍ ഇടത്തും വലത്തും ഇരുന്നു ഭരിക്കാമെന്നുള്ള വിദ്യാവിഹീനരായ ഈ പാവം ശിഷ്യന്മാരുടെ സ്വപ്നങ്ങളൊക്കെ പൊലി ഞ്ഞുപോയി. എന്നാല്‍ മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ ഇതാ മരണത്തെ ജയിച്ച് യേശു ഉയിര്‍ത്തെഴുന്നേറ്റു വന്നിരിക്കുന്നു. മാത്രമോ? ‘നാല്പതു നാളോളം അവര്‍ക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍’ വീണ്ടും പറയുന്നു (പ്രവൃ. 1:2). അപ്പോള്‍ വരാനിരിക്കുന്ന രാജ്യത്തില്‍ വാഴുന്നതിനെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങള്‍ ഒരിക്കല്‍ കൂടി തളിരിട്ടു. ഈ സന്ദര്‍ഭത്തിലാണു യേശു ‘ഇനി ഏറെ നാള്‍ കഴിയും മുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്‌നാനം ലഭിക്കും’ എന്നു പറയുന്നത്. അവര്‍ പെട്ടെന്ന് ഓര്‍ത്തു: പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കുന്ന യേശുവും യോഹന്നാന്‍ സ്‌നാപകനെപ്പോലെ ഒരു രാജ്യം സമീപിച്ചിരിക്കുന്നു എന്നു പറഞ്ഞാണല്ലോ ശുശ്രൂഷ ആരംഭിച്ചതും തങ്ങള്‍ അവന്റെ ശിഷ്യന്മാരായതും. അതുകൊണ്ടാവണം പരിശുദ്ധാത്മാവിനെക്കുറിച്ച് അവര്‍ക്കു വലിയ ഉത്സാഹമൊന്നും തോന്നിയില്ലെങ്കിലും ‘രാജ്യം എപ്പോഴാണു യഥാസ്ഥാനപ്പെടുത്തുക’ എന്ന് അവര്‍ കൗതുകത്തോടെ ഉടനെ ആരാഞ്ഞത്. ഇതാണു ‘നിങ്ങള്‍ക്കു പരിശുദ്ധാത്മാവുകൊണ്ടുള്ള സ്‌നാനം ലഭിക്കും’ എന്ന യേശുവിന്റെ പ്രസ്താവനയോട് ശിഷ്യന്മാര്‍ ‘രാജ്യം എപ്പോള്‍ കിട്ടും?’ എന്നു പ്രതികരിച്ചതിന്റെ പശ്ചാത്തലം.

ആട്ടെ, വാസ്തവത്തില്‍ യേശു പ്രഘോഷിച്ച രാജ്യത്തിന്റെ സുവിശേഷം എന്താണ്? യോഹന്നാന്‍ സ്‌നാപകന്‍ പ്രസംഗിച്ചത് ഈ രാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നു മാത്രമാണ്. തുടര്‍ന്നു യേശു ശുശ്രൂഷ ആരംഭിച്ചപ്പോഴും അവിടുന്നു ശിഷ്യന്മാരെ അയയ്ക്കുമ്പോഴും ഈ രാജ്യം വന്നിട്ടില്ല (മത്താ. 4:17; 10:7). യേശു സ്വര്‍ഗാരോഹണം ചെയ്യുന്ന ദിവസവും രാജ്യം വരുമെന്നു മാത്രമാണ് യേശു പറഞ്ഞതെന്നും നാം കണ്ടു.

ഇതേസമയം, ഈ രാജ്യം കാണണമെങ്കില്‍ പുതുതായി ജനിക്കണം എന്നു യേശു നിക്കോദേമൊസിനോടു പറയുന്നു (യോഹ. 3:3). എന്നാല്‍ മത്തായി 16:18,19-ല്‍ ‘യേശു ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന വെളിപ്പാടിന്മേല്‍ താന്‍ തന്റെ സഭയെ പണിയും’ എന്നു പത്രൊസിനോടു വ്യക്തമാക്കുന്നിടത്ത് കര്‍ത്താവ് സഭയെയും സ്വര്‍ഗരാജ്യത്തെയും ഒന്നാക്കിയാണ് പറഞ്ഞിരിക്കുന്നതെന്നതു ശ്രദ്ധിക്കുക. കൂടാതെ, സഭയിലുള്ളവരോടു പിന്നീട് പൗലൊസ് പറയുന്നത് ‘നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്നു വിടുവിച്ച് സ്‌നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തില്‍ ആക്കി വച്ചിരിക്കുന്നു’ എന്നാണ് (കൊലോ.1:13). ‘ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമത്രേ’ എന്ന വാക്യം (റോമര്‍ 14:17) നാം കാണുന്നതും സഭയെക്കുറിച്ചും സഭയിലെ അന്യോന്യ ബന്ധത്തെക്കുറിച്ചും പരാമര്‍ശിക്കുന്നിടത്താണെന്നതും ശ്രദ്ധിക്കുക. ചുരുക്കത്തില്‍ യോഹന്നാനും യേശുവും ‘സമീപിച്ചിരിക്കുന്നു’ എന്നു പ്രഘോഷിച്ച ഈ രാജ്യം സഭയാണെന്നു വ്യക്തം. പെന്തക്കോസ്തുനാളില്‍ ശിഷ്യന്മാര്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചിടത്തു സഭ നിലവില്‍ വന്നു. സഹസ്രാബ്ദ വാഴ്ചയിലും നിത്യതയിലും അതു തുടരും. യേശു ക്രിസ്തുവാണ് ഈ രാജ്യത്തിന്റെ തലവന്‍. പുതുതായി ജനിക്കുന്നതിലൂടെയാണ് ഈ രാജ്യത്തിലേക്കുള്ള പ്രവേശനം. പുതുതായി ജനിക്കുന്നവരെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്നു വിടുവിച്ച് ഈ രാജ്യത്തില്‍ ആക്കിവയ്ക്കും. ദൈവഹിതത്തിന്റെ ഈ മര്‍മ്മം എത്ര വലിയത്! (എഫെസ്യ. 1:9,10; 3:9 വാക്യങ്ങള്‍ വായിക്കുക).

ഈ മര്‍മ്മം പെന്തക്കോസ്തു നാളില്‍ പരിശുദ്ധാത്മ സ്‌നാനത്തോടെ പ്രകാശിച്ചു കിട്ടിയ ശിഷ്യന്മാര്‍ പിന്നീടൊരിക്കലും പഴയപടി ആയിട്ടില്ല. അല്ലെങ്കില്‍ പെന്തക്കോസ്തു നാളില്‍ തന്നെ പത്രൊസ് പറയുന്നതു ശ്രദ്ധിക്കുക: ”നിങ്ങള്‍ ഓരോരുത്തന്‍ പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം ഏല്പിന്‍. എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങള്‍ക്കു ലഭിക്കും. വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു” (പ്രവൃ.2:38, 39). കണ്ടോ? അടുത്തും അകലെയുമുള്ളവര്‍ക്കും വിവിധ തലമുറകള്‍ക്കും രാജ്യത്തില്‍ പ്രവേശനമുണ്ടെന്നും പുതുജനനമാണ് അതിനുള്ള യോഗ്യതയെന്നും പരിശുദ്ധാത്മാവിന് ഈ പ്രക്രിയയില്‍ ഒരു പങ്കാളിത്തമുണ്ടെന്നും എത്ര വ്യക്തതയോടെയാണു പത്രൊസ് വിശദീകരിക്കുന്നത്!

ഈ രാജ്യത്തില്‍ ജാതികള്‍ക്കും പ്രവേശനം ലഭിച്ചതാണു സഭയുടെ മുന്നോട്ടുള്ള പോക്കിലെ അടുത്ത സുപ്രധാന സംഭവം. കൊര്‍ന്നല്യോസിന്റെ ഭവനത്തില്‍ നടന്ന ആ സംഭവത്തെക്കുറിച്ച് (പ്രവൃത്തി 10-ാം അധ്യായം) പത്രൊസ് യെരുശലേമിലെത്തിയപ്പോള്‍ നല്‍കിയ വിശദീകരണത്തിലും തന്നെ ഒരു തീരുമാനം എടുക്കാന്‍ സഹായിച്ചതു സ്വര്‍ഗ്ഗാരോഹണ ദിവസം കര്‍ത്താവു പറഞ്ഞ വാക്കുകളാണെന്നു ചൂണ്ടിക്കാട്ടുന്നു: ”ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവ് ആദിയില്‍ നമ്മുടെ മേല്‍ എന്നപോലെ അവരുടെ മേലും വന്നു. അപ്പോള്‍ ഞാന്‍ ‘യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്‌നാനം ലഭിക്കും’ എന്നു കര്‍ത്താവു പറഞ്ഞ വാക്ക് ഓര്‍ത്തു” (പ്രവൃ.11:15,16). നോക്കുക: അപ്പൊസ്തലപ്രവൃത്തി ഒന്നാം അധ്യായത്തില്‍ യേശു ആദ്യം ഈ വാക്കുകള്‍ പറഞ്ഞപ്പോള്‍ ‘അരിയെത്ര’ എന്ന ചോദ്യത്തിനു ‘പയറഞ്ഞാഴി’ എന്ന മട്ടില്‍ ‘രാജ്യം എപ്പോള്‍ കിട്ടും’ എന്നു ചോദിച്ച ശിഷ്യന്മാര്‍ ഇപ്പോള്‍ എത്ര മാറിപ്പോയിരിക്കുന്നു! പെന്തക്കോസ്ത് അനുഭവമാണ് അവര്‍ക്ക് ഈ ശരിയായ കാഴ്ചപ്പാടും ദിശാബോധവും വ്യക്തതയും നല്‍കിയത്. ‘പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും’ എന്ന് യേശു നേരത്തെ പറഞ്ഞത് എത്ര ശരിയായിരിക്കുന്നു! (യോഹ. 14:26).

പരിശുദ്ധാത്മാവ്, ഉപദേശം നല്‍കി ശരിയായ കാഴ്ചപ്പാടിലേക്ക് അവരെ നയിക്കുക മാത്രമല്ല അവരെ ശക്തരാക്കുകയും ചെയ്തു. പെന്തക്കോസ്തുനാളിനു മുന്‍പ് ഒരു വേലക്കാരിയുടെ മുന്‍പില്‍പോലും യേശുവിനെ ഏറ്റുപറയുവാന്‍ കഴിയാതിരുന്ന ഭീരുവായിരുന്നു പത്രൊസ്. എന്നാല്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചുകഴിഞ്ഞപ്പോള്‍ അപ്പൊസ്തലപ്രവൃത്തി രണ്ടാം അദ്ധ്യായത്തില്‍ ഓടിക്കൂടിയ ജനത്തിന്റെ മുന്‍പാകെ വിശ്വാസത്തിനുവേണ്ടി നില്പാന്‍ അവനു മടിയുണ്ടായിരുന്നില്ല. മാത്രമല്ല കൊച്ചുകാര്യങ്ങളുടെ മുന്‍പില്‍ നിരാശപ്പെടുകയും കുറ്റബോധത്തിന്റെ തടവറയില്‍ വീര്‍പ്പുമുട്ടുകയും ചെയ്യുന്നവനായിരുന്നു പത്രൊസ്. എന്നാല്‍ പ്രവൃത്തി മൂന്നാം അദ്ധ്യായത്തില്‍ പിറവിക്കുരുടനെ സൗഖ്യമാക്കിയതിനെ തുടര്‍ന്ന് വിസ്മയം പൂണ്ട് ഓടിക്കൂടിയ ജനത്തോടു സംസാരിക്കുമ്പോള്‍ പത്രൊസിന്റെ വാക്കുകള്‍ ഇങ്ങനെ: ‘അവനെ (യേശുവിനെ) നിങ്ങള്‍ ഏല്പിച്ചു കൊടുക്കുകയും അവനെ വിട്ടയപ്പാന്‍ വിധിച്ച പീലാത്തൊസിന്റെ മുന്‍പില്‍ വച്ചു തള്ളിപ്പറയുകയും ചെയ്തു. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തള്ളിപ്പറഞ്ഞു‘ (3:11-14). പരിശുദ്ധനും നീതിമാനുമായിരുന്ന യേശുവിനെ യെരുശലേമിലെ യെഹൂദര്‍ തള്ളിപ്പറഞ്ഞു എന്നതാണ് പത്രൊസ് അവര്‍ക്കെതിരെ ഉന്നയിക്കുന്ന പ്രധാന പോയിന്റ്. എന്നാല്‍ ഈ തൊപ്പി ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതു പത്രൊസിന്റെ തലയ്ക്കു തന്നെയല്ലേ? പത്രൊസ് മൂന്നുവട്ടം യേശുവിനെ തള്ളിപ്പറഞ്ഞവനല്ലേ? ശരിയാണ്. എന്നാല്‍ കര്‍ത്താവില്‍ നിന്നും പാപക്ഷമ പ്രാപിച്ച പത്രൊസിനെ ആ കുറ്റബോധമോ നിരാശയോ ഇപ്പോള്‍ ലവലേശം വേട്ടയാടുന്നില്ല. കുറ്റബോധത്തില്‍നിന്നു പൂര്‍ണ്ണമായി വിടുതലും ദൈവികക്ഷമയും പ്രാപിച്ചവനായി തികഞ്ഞ പ്രാഗല്ഭ്യത്തോടെ മറ്റുള്ളവര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്ന ഈ പത്രൊസ് പെന്തക്കോസ്തു നാളിനു മുന്‍പ് നമുക്കു പരിചയമുള്ള ആ പഴയ പത്രൊസല്ല. പരിശുദ്ധാത്മാവ് അവന്റെ മേല്‍ വന്നപ്പോള്‍ അവനു ശക്തി ലഭിച്ചു. ഭീരുത്വം, നിരാശ, കുറ്റബോധം, അസ്ഥിരത എന്നിങ്ങനെ അവനെ മുറുകെ പറ്റിയിരുന്ന പാപങ്ങളെ എല്ലാം ജയിക്കാന്‍ പരിശുദ്ധാത്മാവ് അവനു ശക്തി നല്‍കി.

പരിശുദ്ധാത്മാവില്‍ നിന്നു നമുക്കും പ്രാഥമികമായി വേണ്ടത് ഈ നിലയിലുള്ള ശക്തിയാണ്. ഇന്നു പലരും പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കാനാഗ്രഹിക്കുന്നതു പ്രവര്‍ത്തനത്തിനുള്ള ശക്തിക്കായും വരങ്ങള്‍ക്കായുമാണ്. പ്രവര്‍ത്തനത്തിനുള്ള ശക്തിയും വരങ്ങളുമൊക്കെ നല്ലതാണ്. എന്നാല്‍ അടിസ്ഥാനപരമായി ഒരു ക്രിസ്തുശിഷ്യന്‍ ബോധപൂര്‍വ്വമായ പാപങ്ങള്‍, സ്വയത്തിന്റെ ശക്തി എന്നിവയുടെ മേല്‍ വിജയം നേടിയവനായിരിക്കണം. ഈ അന്ത്യകാലത്തു ദൈവം ‘ജയിക്കുന്നവനെ’യാണല്ലോ തിരയുന്നത് (വെളി. 2:7,11,17). ഒരു ജയാളിയായി നില്പാനാണു പ്രാഥമികമായും നമുക്കു പരിശുദ്ധാത്മാവിന്റെ ശക്തി ആവശ്യമായിരിക്കുന്നത്.

പാപത്തിന്റെ മേല്‍ മാത്രമല്ല സ്വയത്തിന്റെ മേലും അവന്‍ ജയാളി (Over comer) ആയിരിക്കും. സ്വന്ത ഇഷ്ടങ്ങളെ നിരന്തരം ദൈവേഷ്ടത്തിനായി ഏല്പ്പിച്ചു കൊടുക്കുന്ന അവന്‍ യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നവനായിരിക്കും. യേശു നിമിത്തം എല്ലായ്‌പ്പോഴും മരണത്തിന് ഏല്പ്പിക്കപ്പെടുന്നവനായിരിക്കും (2 കൊരി. 4:10,11). സ്വന്തജീവനെയും പകെച്ച് തന്റെ ക്രൂശ് എടുത്ത് യേശുവിനെ അനുഗമിക്കുന്നവനായിരിക്കും (ലൂക്കൊസ് 14:26). അവന്റെ യഥാര്‍ത്ഥ അവസ്ഥ ശ്രദ്ധിച്ചോ? അവന്‍ ജീവിച്ചിരിക്കുന്നുണ്ട്, പക്ഷേ അവന്‍ എപ്പോഴും മരണം അറിയുന്നവനാണ്. ഇങ്ങനെ ഒരുവനെ വാസ്തവത്തില്‍ ‘ജീവിക്കുന്ന രക്തസാക്ഷി’ (Living martyr) എന്നല്ലേ വിളിക്കേണ്ടത്? പ്രവൃത്തി 1:8 പറയുന്നതും അതുതന്നെ: ‘പരിശുദ്ധാത്മാവു മേല്‍ വരുമ്പോള്‍ ശക്തി ലഭിച്ചിട്ട് നിങ്ങള്‍ സാക്ഷികള്‍ ആകും’ എന്നു പറയുന്നിടത്തെ ‘സാക്ഷികള്‍’ എന്ന വാക്കിനു ഗ്രീക്കിലുള്ള അര്‍ത്ഥം ‘രക്തസാക്ഷികള്‍’ എന്നാണ്. അതുപോലെ മത്തായി 24:14-ല്‍ അന്ത്യകാലത്തെക്കുറിച്ചു പറയുമ്പോള്‍ ‘ഈ സുവിശേഷം സകല ജാതി കള്‍ക്കും സാക്ഷ്യമായി ലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും’ എന്ന വാക്യത്തിലെ ‘സാക്ഷ്യം’ എന്ന വാക്കു മൂലഭാഷയില്‍ ‘രക്തസാക്ഷിത്വ’ത്തെ കാണിക്കുന്ന വാക്കാണ്. കണ്ടോ? അപ്പോള്‍ പാപത്തിന്റേയും സ്വയത്തിന്റേയും മേല്‍ ജയമുള്ള ഒരു ശിഷ്യത്വ ജീവിതം നമ്മള്‍ വാഞ്ഛിച്ചാല്‍ അത്തരം ‘ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി’യാകാനുള്ള ശക്തി പരിശുദ്ധാത്മാവു നമുക്കു നല്‍കുമെന്നാണു പ്രവൃത്തി 1:8-ല്‍ കര്‍ത്താവു പറഞ്ഞിരിക്കുന്നത്. ഇന്ന് ഈ നിലയില്‍ തങ്ങളെ ശക്തിപ്പെടുത്തുന്നതിനല്ല മറിച്ച് ഭൂലോകത്തിലുടനീളം സഞ്ചരിച്ച് സാക്ഷ്യം പറയാനും വരപ്രാപ്തനെന്നു സ്വയം തെളിയിക്കാനുമാണു പലര്‍ക്കും പരിശുദ്ധാത്മാവിനെ ആവശ്യം. എന്നാല്‍ ‘രക്തസാക്ഷിയാകുക’ എന്ന ആഴമായ അര്‍ത്ഥമാണ് ആ പദത്തിനുള്ളതെന്നു നമ്മള്‍ കണ്ടു.

കര്‍ത്താവിനുവേണ്ടി ഈ ലോകത്തു സ്‌തെഫാനോസിനെപ്പോലെ അക്ഷരാര്‍ത്ഥത്തില്‍ രക്തസാക്ഷിയാകാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിച്ചെന്നിരിക്കയില്ല. എന്നാല്‍ സ്വന്ത ഇഷ്ടത്തെ നിരന്തരം യാഗപീഠത്തില്‍ വച്ച് സ്വന്ത ജീവനെ പകെച്ച് തന്റെ ക്രൂശെടുത്ത് യേശുവിനെ അനുഗമിക്കുന്ന ‘ജീവിക്കുന്ന രക്തസാക്ഷി’യായിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയും. അങ്ങനെയൊരു ജീവിതത്തിനു നാം കൊതിക്കുമെങ്കില്‍, അതിനായി സമര്‍പ്പിക്കുമെങ്കില്‍, പരിശുദ്ധാത്മാവ് അതിനു നമ്മെ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനമാണു സത്യത്തില്‍ പ്രവൃത്തി 1:8-ല്‍ കര്‍ത്താവു നമുക്കു നല്‍കിയിരിക്കുന്നത്. ഉവ്വ്, പ്രാഥമികമായും ഒരു ജയാളിയുടെ ജീവിതത്തിനായാണു പരിശദ്ധാത്മ സ്‌നാനവും തുടര്‍ന്നു പരിശുദ്ധാത്മ നിറവില്‍ ദിനന്തോറുമുള്ള നടത്തവും നമുക്ക് ആവശ്യമായിരിക്കുന്നത്.

ഇങ്ങനെയുള്ള വിജയകരമായ ക്രിസ്തീയ ജീവിതം ലക്ഷ്യം വയ്ക്കുകയും അതിനായി പരിശുദ്ധാത്മാവില്‍ ആശ്രയിക്കുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന സഭ ഇളകിപ്പോകയില്ല. എബ്രായ ലേഖനകാരന്‍ ഇളകാത്ത രാജ്യം (Unshakable Kingdom) പ്രാപിക്കുന്നതിനെക്കുറിച്ചു പറയുന്നു (12:28). കര്‍ത്താവിന്റെ പുനരാഗമനത്തിനുശേഷം അവിടുന്നു തന്റെ വിശുദ്ധന്മാരോടൊപ്പം സ്ഥാപിക്കുന്ന രാജത്വം ഇളക്കമില്ലാത്ത നിത്യരാജത്വമാണെന്നു ദാനിയേല്‍ പറഞ്ഞിട്ടുണ്ടല്ലോ (ദാനിയേല്‍ 2:44; 7:18,27 വായിക്കുക). സഹസ്രാബ്ദ വാഴ്ചയായാലും തുടര്‍ന്നുള്ള നിത്യതയായാലും ഇളക്കമില്ലാത്ത രാജ്യമാണ്. കര്‍ത്താവാണ് അവിടെ രാജാവ്. തന്റെ വിശുദ്ധന്മാര്‍ അവിടെ കര്‍ത്താവിനോടൊപ്പം വാഴും. ആ ഇളകാത്ത രാജ്യത്തിലേക്കു നമ്മെ കൊണ്ടുചെന്നെത്തിക്കാനായി ദൈവം നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്നും വിടുവിച്ച് സ്‌നേഹസ്വരൂപനായ പുത്രന്റെ ഇളകാത്ത രാജ്യമായ ദൈവസഭയില്‍ (സഭ ക്രിസ്തുവിന്റെ കാന്ത എന്ന നിലയില്‍ കര്‍ത്താവിന്റെ രണ്ടാം വരവിനുശേഷവും മാറ്റമില്ലാതെ തുടരുമല്ലോ) ഇന്നേ ആക്കിവച്ചിരുക്കുന്നു. അതുകൊണ്ട് ഇവിടെ, ഇന്ന്, യേശുക്രിസ്തു തന്നെ നമ്മുടെ ജീവിതത്തിന്റെ കര്‍ത്താവും രാജാവുമായിരിക്കണം. നാം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പാപത്തിന്റെയും സ്വയത്തിന്റെയും മേല്‍ വാഴുന്നവരായിരിക്കണം. ഇതില്‍ കുറഞ്ഞ ഒന്നല്ല ദൈവം ഇന്നു നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

അധ്യായം 14 :
ഭയപ്പെടാതെ ആശ്രയിക്കും


”ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല’ എന്ന് അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാല്‍ ‘കര്‍ത്താവ് എനിക്കു തുണ ഞാന്‍ പേടിക്കയില്ല, മനുഷ്യന്‍ എന്നോട് എന്തു ചെയ്യും’ എന്നു നമുക്കു ധൈര്യത്തോടെ പറയാം.” (എബ്രായര്‍ 13:5,6).

കര്‍ത്താവായ യേശുക്രിസ്തു ഒരിക്കല്‍ പറഞ്ഞു: ‘ചഞ്ചലപ്പെടാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.’ അന്ത്യകാലത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചു തന്റെ ശിഷ്യന്മാരോട് വിശദമായി പറയുന്നതിനിടയിലാണ് അവിടുന്ന് ഈ മുന്നറിയിപ്പ് നല്‍കിയത് (മത്തായി 24:6). അന്ത്യകാലത്തു സംഭവിക്കുന്ന തന്റെ രണ്ടാം വരവിനെക്കുറിച്ചു പറയുമ്പോഴും യേശു ഇതേ മുന്നറിയിപ്പു നല്‍കി-‘നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്’ (യോഹന്നാന്‍ 14:1-3 വായിക്കുക).
കര്‍ത്താവു മുന്നറിയിപ്പു നല്‍കിയ ആ അന്ത്യകാലത്തിലേക്കു രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം വന്നിരിക്കുകയാണ് നാമിന്ന്. ചഞ്ചലപ്പെടാനും ഹൃദയം കലങ്ങിപ്പോകാനും ഈ കാലത്തില്‍ സാധ്യതയുള്ളതുകൊണ്ടാണല്ലോ അങ്ങനെ സംഭവിക്കരുതെന്നു കര്‍ത്താവു മുന്നറിയിപ്പു നല്‍കിയത്.


കണ്ണും കാതും തുറന്ന് ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന വിശ്വാസികളുടെ ഹൃദയം കലങ്ങിപ്പോകാനും അവര്‍ ചഞ്ചലിച്ചുപോകാനും പ്രേരിപ്പിക്കുന്ന എന്തെല്ലാമാണ് ഈ കാലത്തു നമ്മുടെ രാജ്യത്തു തന്നെ സംഭവിക്കുന്നത്? അടുത്ത കാലത്തുണ്ടായ ചില സുപ്രീം കോടതി വിധികള്‍ ശ്രദ്ധിക്കുക. അടുത്തുണ്ടായ രണ്ട് ഉത്തരവുകളിലൂടെ വിവാഹേതര ബന്ധങ്ങള്‍, സ്വവര്‍ഗ്ഗബന്ധങ്ങള്‍ എന്നിവ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും അവയ്ക്കു നിയമപരിരക്ഷ നല്‍കുകയും ചെയ്തിരിക്കുന്നു. ഫലത്തില്‍ വിവാഹബന്ധത്തിന്റെ പവിത്രതയ്ക്കു ഭീഷണിയാകുന്നവയാണ് ഈ രണ്ടു വിധികളും. ഈ വിധികള്‍ ഭാവിയില്‍ നമ്മുടെ രാജ്യത്തു വിവാഹബന്ധങ്ങളിലും കുടുംബജീവിതങ്ങളിലും എന്തെല്ലാം ദൂരവ്യാപകങ്ങളായ ദൂഷ്യ ഫലങ്ങളാണുണ്ടാക്കുകയെന്നു ഇപ്പോള്‍ സങ്കല്പിക്കാന്‍ കഴിയുകയില്ല.

നാം തുടക്കത്തില്‍ ഉദ്ധരിച്ച എബ്രായര്‍ 13:5,6 വാക്യങ്ങളുടെ തൊട്ടുമുകളിലുള്ള വചനം വിവാഹത്തെക്കുറിച്ച് ഇങ്ങനെയാണു പറയുന്നത്: ”വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മലവും ആയിരിക്കട്ടെ. എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും” (13:4). ‘വിവാഹം എല്ലാവര്‍ക്കും മാന്യമായിരിക്കട്ടെ’ എന്ന വാക്യം ഇംഗ്ലീഷില്‍ നോക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം ഇങ്ങനെയാണ്: ‘വിവാഹത്തെ എല്ലാവരും മാന്യമായി കണക്കാക്കണം.’ അങ്ങനെയെങ്കില്‍ ഈ വിധികള്‍ തീര്‍ച്ചയായും വിവാഹത്തെ മാന്യമായി (വീിീൗൃമയഹല) കണക്കാക്കുന്നവയല്ല. സ്വവര്‍ഗ്ഗബന്ധങ്ങള്‍ അംഗീകരിച്ചുകൊണ്ട് സ്വവര്‍ഗ വിവാഹങ്ങള്‍ക്കു പച്ചക്കൊടി കാട്ടിയതോടെ ‘വിവാഹത്തെ എല്ലാവരും മാന്യമായി കണക്കാക്കണം’ എന്ന ദൈവിക തീര്‍പ്പിനെ അഗണ്യമാക്കി. വിവാഹേതരബന്ധങ്ങള്‍ക്കുണ്ടായിരുന്ന നിയമവിലക്ക് എടുത്തുകളഞ്ഞ് വീണ്ടും വിവാഹത്തിന്റെ മാന്യതയെ അപഹാസ്യമാക്കി. മാറിമാറി വരുന്ന നിയമങ്ങളും വിധികളും കാലത്തിനനുസരിച്ച് എന്തെല്ലാം പറഞ്ഞാലും പക്ഷേ ദൈവവചനത്തിനു മാറ്റമില്ല. ഏതു കാലത്തിലും ഏവരും വിവാഹജീവിതത്തെ മാന്യമായി കരുതണം എന്ന് വചനം ആവശ്യപ്പെടുന്നു. എന്നാല്‍ വചനത്തിനു വിരുദ്ധമായ നിലയില്‍ രാജ്യത്തു ചട്ടങ്ങളും നിയമങ്ങളും വരുമ്പോള്‍ അവ സൃഷ്ടിക്കുന്ന മൂല്യച്യുതിയുടെ കാലഘട്ടത്തിലൂടെയാണല്ലോ കര്‍ത്താവിന്റെ വരവു താമസിച്ചാല്‍ നമ്മുടെ തലമുറകളും വിശ്വാസസമൂഹവും കടന്നുപോകേണ്ടതെന്ന് ഇന്നു വിശ്വാസി ഓര്‍ത്തുപോകുന്നു. തീര്‍ച്ചയായും ഹൃദയം കലങ്ങാവുന്ന, ചഞ്ചലിച്ചു പോകാവുന്ന, സാഹചര്യം. പക്ഷേ അവിടെയും ദൈവികവാഗ്ദാനം ഇരുളില്‍ നക്ഷത്രം പോലെ തിളങ്ങുന്നു – ‘ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.’

ആധാറിനുവേണ്ടി ശേഖരിച്ച വിവരങ്ങള്‍ ബ്രിട്ടനെപ്പോലെ വേണ്ടെന്നു വയ്ക്കാതെ ആധാര്‍ നമ്പര്‍ നമ്മുടെ രാജ്യത്തു നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയും വചനം അറിയാവുന്ന വിശ്വാസിയുടെ മനസ്സില്‍ എതിര്‍ക്രിസ്തുവിന്റെ മുദ്രയിലേക്ക് ലോകം തിടുക്കപ്പെടുകയാണല്ലോ എന്ന ചിന്തയാവും കൊണ്ടുവരിക. ലോകം അതിന്റെ അന്ത്യത്തിലേക്കു കൂപ്പുകുത്തുമ്പോള്‍, ഹൃദയം കലങ്ങാം, ചഞ്ചലിച്ചു പോകാം. പക്ഷേ അവിടെയും ദൈവിക വാഗ്ദാനത്തിനു മാറ്റമില്ല- ‘ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.’

‘ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല’ എന്നതു പഴയനിയമത്തില്‍ നിന്നുള്ള ഉദ്ധരണിയാണ്. മോശെ നേതൃത്വത്തില്‍ നിന്നു മാറുന്ന സമയത്തു യിസ്രായേലിനും യോശുവയ്ക്കും ദൈവം നല്‍കുന്ന വാഗ്ദാനം (ആവര്‍ത്ത. 31:6,8; യോശുവ 1:5 വായിക്കുക). അതുവരെ ദൈവികാലോചന പറഞ്ഞു തന്നു തങ്ങളെ നടത്തിയിരുന്ന മോശെ പൊടുന്നനെ മാറ്റപ്പെടുന്നു എന്നു കേട്ടപ്പോള്‍ യിസ്രായേലും യോശുവയും ചഞ്ചലിച്ചും ഹൃദയം കലങ്ങിയും പോയതു സ്വാഭാവികം. എന്നാല്‍ താന്‍ മാറുകയില്ലെന്നും കൈവിടുകയില്ലെന്നും ഉറപ്പു നല്‍കി ദൈവം അവരെ ശക്തിപ്പെടുത്തുകയാണ്.

ഈ ഉറപ്പിക്കുന്ന വചനമാണ് എബ്രായ ക്രിസ്ത്യാനികള്‍ക്കായി ലേഖനത്തിന്റെ ഈ അവസാനഭാഗത്തു ലേഖനകാരന്‍ എടുത്ത് ഉദ്ധരിക്കുന്നത്. എബ്രായര്‍ 13:5-8 വാക്യങ്ങളില്‍ എബ്രായ ക്രിസ്ത്യാനികള്‍ക്ക് (വിശ്വാസികളായ നമുക്കും) ഉറപ്പു നല്‍കുന്ന മൂന്നു കാര്യങ്ങള്‍ കാണാന്‍ കഴിയും: ‘ഞാന്‍ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല’ എന്ന ദൈവികവാഗ്ദാനം ഒന്നാമതായി നാം കണ്ടു (13:5). വാഗ്ദാനം മാത്രമല്ല, വാഗ്ദാനത്തിനു പിന്നിലുള്ള വ്യക്തിയെയും ഈ ഭാഗത്തു നമുക്കു കാണാം- ‘യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യന്‍ തന്നെ’ (13:8). അതെ, വാഗ്ദാനം നല്‍കിയവന്‍ വിശ്വസ്തന്‍, അവിടുന്നു മാറാത്തവന്‍. മൂന്നാമതായി ഈ മാറാത്ത ദൈവത്തിലും അവിടുന്നു നല്‍കിയ വാഗ്ദാനത്തിലും ആശ്രയിച്ച് ജീവാവസാനം വരെ വിശ്വാസത്തില്‍ നിലനിന്ന ഒരു വിശ്വാസസമൂഹത്തെയും (സഭ) അവിടെ കാണാം- ‘നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍. അവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിപ്പിന്‍’ (13:7). ചഞ്ചലിച്ചു പോകാവുന്ന സാഹചര്യത്തില്‍ ധൈര്യം നല്‍കുന്ന ഈ മൂന്നു ഘടകങ്ങളും കണ്ടു ബലപ്പെട്ട വിശ്വാസി തന്റെ വിശ്വാസം ഏറ്റുപറയുന്നതും ഈ ഭാഗത്തു രേഖപ്പെടുത്തിയിരിക്കുന്നു- ”ആകയാല്‍ ‘കര്‍ത്താവ് എനിക്കു തുണ; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോട് എന്തു ചെയ്യും’ എന്നു നമുക്കു ധൈര്യത്തോടെ പറയാം” (13:6). ചുരുക്കത്തില്‍ നമ്മെ ശക്തിപ്പെടുത്താന്‍ ദൈവം ഉണ്ട്, ദൈവിക വാഗ്ദാനങ്ങളുണ്ട്, ദൈവസഭയുണ്ട്. ഇവയോടുള്ള പ്രതികരണമായി നമ്മുടെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലുമുണ്ട്.

ദൈവത്തിനു പല പ്രത്യേകതകള്‍ ഉണ്ടെങ്കിലും അവിടുന്ന് അനന്യന്‍, മാറ്റമില്ലാത്തവന്‍ (same) എന്ന പ്രത്യേകതയിലാണ് ഇവിടത്തെ ഊന്നല്‍. ഭൂമിയും ആകാശവും മാറിപ്പോയാലും മാറ്റമില്ലാത്ത ദൈവത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് എബ്രായലേഖനം ആരംഭിക്കുന്നതു തന്നെ: ‘കര്‍ത്താവേ നീ പൂര്‍വകാലത്തു ഭൂമിക്ക് അടിസ്ഥാനമിട്ടു ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു… അവ മാറിപ്പോകും. നീയോ അനന്യന്‍’ (1:10-12). 13-ാം അദ്ധ്യായത്തിലേക്കു വരുമ്പോള്‍ മൂന്നു കാലത്തിലും – ഇന്നലെ, ഇന്ന്, എന്നേക്കും- യേശുക്രിസ്തു അനന്യനാണെന്നു പറയുന്നു. യേശുക്രിസ്തു ഇന്നലെ ഈ ഭൂമിയിലായിരുന്നപ്പോള്‍ ആളുകളുടെ ആവശ്യങ്ങളോട് ആര്‍ദ്രതയോടെ പ്രതികരിച്ചെങ്കില്‍, അവരെ കാണുമ്പോള്‍ ആദ്യം ‘ഭയപ്പെടേണ്ട’ എന്നു ധൈര്യപ്പെടുത്തിയെങ്കില്‍, അവിടുന്ന് ഇന്നും നാളെയും അങ്ങനെതന്നെ ആയിരിക്കും. ‘തന്റെ സ്വഭാവം ത്യജിപ്പാന്‍ അവിടുത്തേക്കു കഴിയുകയില്ലല്ലോ.’ എത്ര വലിയ ധൈര്യമാണു ദൈവസാന്നിധ്യം നമുക്കു നല്‍കുന്നത്!

ആകാശവും ഭൂമിയും മാറിപ്പോയാലും അനന്യനായി നില്ക്കുന്ന യേശുക്രിസ്തുവിന്റെ വാഗ്ദാനങ്ങളും അങ്ങനെ തന്നെയാണ്. ആകാശവും ഭൂമിയും മാറിപ്പോയാലും ആ വചനങ്ങള്‍ക്കു മാറ്റമില്ലല്ലോ (മത്തായി 24:35). അങ്ങനെ മാറ്റമില്ലാതെ നില്ക്കുന്ന അവിടുത്തെ വാഗ്ദാനങ്ങളിലൊന്നാണ് ‘ഞാന്‍ കൈവിടുകയില്ല ഉപേക്ഷിക്കുകയുമില്ല’ എന്നത്. ഇതും എത്ര വലിയ ധൈര്യം നമുക്കു നല്‍കണം! പക്ഷേ വചനം നമ്മെ ശക്തിപ്പെടുത്തുവാന്‍ ദൈവിക വാഗ്ദാനങ്ങളെ കേവലം എഴുതപ്പെട്ട പൊതുവായ വചനങ്ങളായി (‘ലോഗോസാ’യി) നാം കണ്ടാല്‍ പോരാ. അവ ദൈവത്തിന്റെ വായില്‍നിന്നു തന്നെ വരുന്ന നമുക്കു വേണ്ടിയുള്ള വ്യക്തിപരമായ വചനമായി (‘റീമ’യായി) നാം ഏറ്റെടുക്കേണ്ടതുണ്ട്.

മൂന്നാമത് നമ്മെ ശക്തിപ്പെടുത്തുന്നതു നമുക്കു ചുറ്റുമുള്ള വിശ്വാസ സമൂഹമാണ്, സഭയാണ്. നമുക്കു മുന്‍പേ പോയ ഈ ദൈവഭക്തരുടെ വിശ്വാസം അനുകരിപ്പാനാണു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചോ? അവരുടെ ജീവാവസാനം ഓര്‍ത്തുവേണം അവരെ അനുകരിപ്പാന്‍. നമുക്കു മുന്‍പില്‍ പോയ ദൈവഭക്തര്‍ നമുക്കു മാതൃകയായിരിക്കുന്നതുപോലെ ഈ വിശ്വാസസമൂഹത്തിന്റെ ഭാഗമായ നാം നമുക്കു പിന്നാലെ വരുന്നവര്‍ക്കും അനുകരണ യോഗ്യമായ ഒരു വിശ്വാസം കാഴ്ചവയ്ക്കാന്‍ ബാധ്യസ്ഥരാണല്ലോ. ഇതു നമുക്ക് വലിയ ഒരു ഉത്തരവാദിത്തം നല്‍കുന്നുണ്ട്. അവരും നമ്മുടെ ജീവാവസാനം ഓര്‍ത്തുവേണം നമ്മെ അനുകരിക്കാന്‍. ക്രിസ്തീയ ജീവിതം എങ്ങനെ ആരംഭിച്ചുവെന്നതല്ല എങ്ങനെ അവസാനിച്ചു എന്നതാണു നിര്‍ണായകം. പലരുടേയും നല്ല തുടക്കമായിരിക്കും. എന്നാല്‍ അവസാനമോ? ഓട്ടക്കളത്തില്‍ ഓടുന്നവര്‍ അനേകര്‍. എന്നാല്‍ വിരുതു പ്രാപിക്കുന്നതാണു പ്രധാനം. അതുകൊണ്ട് ‘നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിന്‍’ എന്നു കൊരിന്ത്യരെ ഉദ്‌ബോധിപ്പിച്ച പൗലൊസ് തുടര്‍ന്ന് സ്വന്തം അനുഭവം പറയുന്നു- ‘ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്’ (1കൊരി. 9:26). ആ അദ്ധ്യായം പൗലൊസ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്- ‘മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിനു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.’ ഈ ഒരു നിശ്ചയദാര്‍ഢ്യത്തോടെ ജീവിച്ചതുകൊണ്ട് പൗലൊസ് ജീവിതാന്ത്യത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസ്താവിക്കുന്നു. -‘ഞാന്‍… ഓട്ടം തികച്ചു’ (2 തിമൊ. 4:7). അപ്പോള്‍ അതാണു കാര്യം. ഓട്ടം തികയ്ക്കണം. ഉവ്വ്, മരണപര്യന്തം വിശ്വസ്തനായി നിന്നാലേ ജീവകിരീടം പ്രാപിക്കാന്‍ കഴിയൂ (വെളിപ്പാ. 2:10).

എബ്രായര്‍ 13-ലേക്ക് മടങ്ങിവരുമ്പോള്‍ അവിടെ കര്‍ത്താവും വാഗ്ദാനവും സഭയും നല്‍കിയ ക്രിയാത്മകമായ ഊര്‍ജ്ജം ക്രിസ്ത്യാനിയെ തന്റെ വിശ്വാസം ഏറ്റുപറയാന്‍ (confess the faith) പ്രേരിപ്പിക്കുന്നതും നാം കാണുന്നു- ‘കര്‍ത്താവ് എനിക്കു തുണ. ഞാന്‍ പേടിക്കയില്ല. മനുഷ്യന്‍ എന്നോടു എന്തു ചെയ്യും?’ ഇതു സങ്കീര്‍ത്തനത്തില്‍ നിന്നുള്ള ഒരു ഉദ്ധരണിയാണ് (118:6). ദാവീദിന്റെ ഒരു സങ്കീര്‍ത്തനത്തിലും ഇതിനു സമാനമായ ഒരു വെല്ലുവിളി നാം കാണുന്നു- ‘യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു. ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം ഞാന്‍ ആരെ പേടിക്കും?’ (27:1). വാസ്തവത്തില്‍ ഈ ധൈര്യത്തിന്റെ വാക്കുകള്‍ പ്രസ്താവിക്കുന്ന ദാവീദിന്റെ അനുഭവം എന്തായിരുന്നു? ജീവനെ പേടിച്ചും ശൗലിനെ ഭയപ്പെട്ടും ദുര്‍ഗ്ഗങ്ങളിലും മരുഭൂമികളിലും ഉഴന്നു നടന്ന ദിനങ്ങള്‍. ആ അനുഭവങ്ങള്‍ക്കിടയിലും വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ ഉള്ളവനായിരുന്നു ദാവീദ്. അല്ലെങ്കില്‍ നോക്കുക: ‘ഞാന്‍ ഭയപ്പെടുകയില്ല. ജഡത്തിന് എന്നോട് എന്ത് ചെയ്‌വാന്‍ കഴിയും?’ (സങ്കീ. 56:4). ‘ഞാന്‍ ഭയപ്പെടുകയില്ല മനുഷ്യന് എന്നോടു എന്തു ചെയ്‌വാന്‍ കഴിയും’ (56:11). ദാവീദ് ഇങ്ങനെ പറയുമ്പോള്‍ ഏറ്റവും ഭയപ്പെടാവുന്ന സാഹചര്യമാണ് അവന് അപ്പോള്‍ ഉണ്ടായിരുന്നതെന്ന് 56-ാം സങ്കീര്‍ത്തനത്തിന്റെ തലക്കെട്ടു വായിച്ചാല്‍ വ്യക്തമാകും. പക്ഷേ ആ സമയത്തും ദാവീദ് തന്റെ വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ ഉപേക്ഷിച്ചില്ല. ഫലം, അവന്റെ വിശ്വാസത്തിന്റെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. നമുക്കും നിരാശയുടെയും അവിശ്വാസത്തിന്റെയും വാക്കുകള്‍ ഉപേക്ഷിച്ച് വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ ഉള്ളവരായി തുടരാം.

വിശ്വാസത്തോടെ ദൈവത്തെ ആശ്രയിക്കുന്നത് സംബന്ധിച്ച് ഏറെക്കുറെ ഒരേപോലെ തോന്നുന്ന രണ്ടു വാക്യങ്ങളുണ്ട്. ഒന്ന്: ‘ഭയപ്പെടുന്ന നാളില്‍ ഞാന്‍ നിന്നില്‍ ആശ്രയിക്കും’ (സങ്കീര്‍. 56:3). രണ്ടാമത്തെ വാക്യം ‘ഞാന്‍ ഭയപ്പെടാതെ ആശ്രയിക്കും’ (യെശയ്യാ. 12:2). തീര്‍ച്ചയായും ഭയപ്പെടാതെ ദൈവത്തില്‍ ആശ്രയിക്കുന്നതാണ് മെച്ചപ്പെട്ട കാര്യം. പക്ഷേ അതിലേക്കു വരാന്‍ കഴിയുന്നത് ഭയപ്പെടുമ്പോള്‍ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടാണ്. അവിടെ തുടങ്ങുക. ക്രമേണ ഭയപ്പെടാതെ ദൈവത്തില്‍ ആശ്രയിക്കാന്‍ കഴിയും.

‘ഭയപ്പെടേണ്ട’- വിവിധ പ്രശ്‌നങ്ങളുമായി തന്നെ സമീപിച്ചവരോട് യേശു എപ്പോഴും ആദ്യം അങ്ങനെയാണു പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് അവിടുന്ന് അങ്ങനെ പറഞ്ഞത്? ഒരു ദൈവഭൃത്യന്‍ പറയാറുള്ളതുപോലെ യേശു ആദ്യം അവരുടെ ഭയത്തെ പുറത്താക്കുകയായിരുന്നു; തുടര്‍ന്ന് രോഗമുള്‍പ്പെടെയുള്ള അവരുടെ പ്രശ്‌നങ്ങളെയും. പ്രശ്‌നപരിഹാരത്തിനു ഭയം തടസ്സമാണെന്ന് അറിയാവുന്നതുകൊണ്ടാണു യേശു ആദ്യം ഭയത്തെ പുറത്താക്കിയത്.

‘ഭയപ്പെടേണ്ട’ എന്ന് ഒരു ഖണ്ഡികയില്‍തന്നെ യേശു മൂന്നുവട്ടം പറഞ്ഞിരിക്കുന്നത് മത്തായി 10-ാം അദ്ധ്യായത്തില്‍ കാണാം. അവ മൂന്നും മൂന്നുകാര്യങ്ങളോടു ബന്ധപ്പെടുത്തിയാണു യേശു പറഞ്ഞത്. 10:26-ല്‍ യേശു ആദ്യം പറയുന്നു: ”ഭയപ്പെടേണ്ട, മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.”

ആളുകള്‍ സാധാരണ ആരോടും പങ്കു വയ്ക്കാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു വലിയ ഭയത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കഴിഞ്ഞകാലത്തു തങ്ങള്‍ ചെയ്തിട്ടുള്ളതും ഇന്നു രഹസ്യമായിരിക്കുന്നതുമായ ഏതെങ്കിലും തെറ്റുകള്‍ എന്നെങ്കിലും വെളിച്ചത്തു വരുമോ എന്നതാണ് ഈ ഭയം. കര്‍ത്താവു പറയുന്നു: തീര്‍ച്ചയായും. ‘മറച്ചുവച്ചതു വെളിപ്പെടും; ഗൂഢമായത് പുറത്തു വരും.’ ഇങ്ങനെ സംഭവിക്കുമെങ്കില്‍ ഭൂതകാലത്തില്‍ ചെയ്ത പാപങ്ങള്‍ എപ്പോഴാണു വെളിപ്പെടുക എന്ന ഭീതിയോടെ വേണ്ടേ നമ്മളും ജീവിക്കുവാന്‍? പക്ഷേ യേശു ‘ഭയപ്പെടേണ്ട’ എന്നു പറഞ്ഞിട്ടാണല്ലോ ഭയാനകമായ ഈ കാര്യം പറഞ്ഞത്? എന്താണിതിന്റെ പൊരുള്‍?

ഇതിന്റെ ഉത്തരം ഇങ്ങനെയാണ്: യേശു തന്റെ ശിഷ്യന്മാരോടാണ്, നമ്മോടാണ്, ഭയപ്പെടേണ്ട എന്നു പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലോകമനുഷ്യന്‍ ഭയപ്പെടേണ്ടതുണ്ട്. കാരണം ഒരു ദിവസം ദൈവം സകല രഹസ്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരും. എന്നാല്‍ അന്നു ദൈവമക്കളുടെ ഭൂതകാല പാപങ്ങള്‍ അവ യേശുവിന്റെ രക്തത്താല്‍ കഴുകപ്പെട്ടതായതിനാല്‍ ദൈവം വെളിപ്പെടുത്തുകയില്ല. കാരണം അവിടുന്ന് അവ ക്ഷമിക്കുക മാത്രമല്ല മറക്കുകയും ചെയ്തുവല്ലോ (എബ്രാ. 8:12; 10:17). അതുകൊണ്ട് ഭയപ്പെടേണ്ട. പക്ഷേ ഇവിടെ നമുക്ക് ഒരു ഉത്തരവാദിത്തവും ഉണ്ട്. ഭൂതകാല പാപങ്ങള്‍ക്കു കര്‍ത്താവിന്റെ രക്തത്താല്‍ പരിഹാരം വരുത്തുകയും അവ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് ക്രമീകരണം വരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം. പക്ഷേ അതു ചെയ്താല്‍ പിന്നെ ഭൂതകാല പാപങ്ങള്‍ ദൈവം വെളിച്ചത്തുകൊണ്ടുവരുമെന്ന ഭയം വേണ്ട.

രണ്ടാമത് യേശുപറഞ്ഞു: ‘ഭയപ്പെടേണ്ട, ദേഹിയേയും ദേഹത്തെയും നരകത്തില്‍ നശിപ്പിക്കാന്‍ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിന്‍’ (മത്താ: 10:28). നേരത്തെ ഭൂതകാലത്തെ സംബന്ധിച്ച ഒരു ഭയത്തെക്കുറിച്ചാണ് യേശു പറഞ്ഞതെങ്കില്‍ ഇവിടെ ഭാവിയെ സംബന്ധിച്ച ഭയത്തെയാണ് ഉദ്ദേശിക്കുന്നത്. മരണഭയമാണു ലോകമനുഷ്യരുടെ ഏറ്റവും വലിയ പേടി. അതുപോലെ നരകഭയവും ചിലപ്പോള്‍ അവരെ അലട്ടുന്നു. പാപം ചെയ്യുന്ന ദേഹി മരിക്കും നിശ്ചയം. പാപത്തിന്റെ ശമ്പളം മരണമാണ് (റോമര്‍ 6:23). തീയും ഗന്ധകവും കത്തുന്ന പൊയ്ക, രണ്ടാമത്തെ മരണം ലോകമനുഷ്യരെ കാത്തിരിക്കുന്നു (വെളി. 20:14,15; 21:8). എന്നാല്‍ നാം ഭയപ്പെടേണ്ട. നമുക്ക് ആ മരണമില്ല. നമ്മുടെ നരകശിക്ഷ ഒഴിഞ്ഞുപോയി. യഥാര്‍ത്ഥത്തില്‍ ഭയപ്പെടേണ്ട ഒരേയൊരുവനെ ഭയപ്പെടുന്നവര്‍ വാസ്തവത്തില്‍ മറ്റൊന്നിനേയും ഭയപ്പെടേണ്ടതില്ലല്ലോ (യെശയ്യാ. 8:12.13 Living Bible)

യേശു മൂന്നാമതു ഭയപ്പെടേണ്ട എന്നു പറഞ്ഞതു വര്‍ത്തമാനകാലത്തെ സംബന്ധിച്ചാണ്: ”ഭയപ്പെടേണ്ട, ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ”(മത്താ.10:31). ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങളുടെ മുന്‍പില്‍ അവ എങ്ങനെ സാധിക്കും എന്നറിയാതെ മനുഷ്യര്‍ ഭയപ്പെട്ടു പോയേക്കാം. പക്ഷേ യേശു പറഞ്ഞു: ”എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊ ണ്ടും എന്ത് ഉടുക്കും എന്ന് ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്… ആകാശത്തിലെ പറവകളെ നോക്കുവിന്‍ അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല. എങ്കിലും സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലോ” (മത്താ. 6:25,26). ചുരുക്കത്തില്‍ വര്‍ത്തമാനകാലത്തെ ദൈനംദിന ആവശ്യങ്ങളെ ഓര്‍ത്തും നാം ഭയപ്പെടേണ്ട.

‘യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍’ എന്നു പറയുമ്പോള്‍ അതു ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ഉദ്ദേശിച്ചുള്ളതാണെന്നു നാം നേരത്തേ കണ്ടു. ആ യേശു തന്നെ നമ്മുടെ ഭൂതകാല, വര്‍ത്തമാനകാല, ഭാവികാലജീവിതത്തെ സംബന്ധിച്ച മൂന്നു വ്യത്യസ്ത ഭയങ്ങളെയും ഇഴവിടര്‍ത്തി പരിശോധിച്ച ശേഷം പറയുന്നു: ഭയപ്പെടേണ്ട, ഭയപ്പെടേണ്ട, ഭയപ്പെടേണ്ട. മാത്രമോ? അവിടുന്നു പറഞ്ഞു: ‘ഞാനോ ലോകാവസാനത്തോളം എല്ലാനാളും (ഓരോ നാളും) നിങ്ങളോടു കൂടെയുണ്ട്’ (മത്താ. 28:20).

‘ഒരു നാളും കൈവിടുകയില്ല’ എന്നു പറഞ്ഞവന്‍ ‘ഓരോ നാളും കൂടെയുണ്ട്’- ഇതില്‍ കവിഞ്ഞ് എന്താണു വേണ്ടത്? (എബ്രാ. 13:5; മത്താ. 28:20).

അതുകൊണ്ട് ഈ ലോകം തലകീഴായി മറിഞ്ഞാലും നമുക്കു ഭയമില്ല. നാം അപ്പോഴും സന്തോഷത്തോടെ ഇങ്ങനെ പാടിക്കൊണ്ടി രിക്കും:
‘ലോകം കീഴ്‌മേല്‍ മറിഞ്ഞാലും
എനിക്കില്ലോര്‍ ഭയം
തിര മറിഞ്ഞലച്ചാലും
യേശു എന്‍ സങ്കേതം.’

അധ്യായം 15 :
കൂട്ടായ്മയിലൂടെ വിശുദ്ധീകരണം ശുദ്ധീകരണത്തിലൂടെ കൂട്ടായ്മ



അന്ത്യ അത്താഴ സമയത്തെ ഒരു രംഗം യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ മിഴിവോടെ വരച്ചിട്ടിരിക്കുന്നത് ഇങ്ങനെ: ”ശിഷ്യന്മാരില്‍ വെച്ചു യേശു സ്‌നേഹിച്ച ഒരുത്തന്‍ യേശുവിന്റെ മാര്‍വ്വിടത്തു ചാരിക്കൊണ്ടിരുന്നു” (13:23).

‘യേശു സ്‌നേഹിച്ച ഒരുത്തന്‍’ എന്ന പ്രയോഗത്തിന്റെ പിന്നില്‍ മറഞ്ഞിരിക്കാന്‍ യോഹന്നാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യേശുവും യോഹന്നാനും തമ്മിലുളള കൂട്ടായ്മയുടെ ആഴവും അതു യോഹന്നാനു നല്‍കുന്ന സ്വാതന്ത്ര്യവും ഈ രംഗത്തു നിന്നു നമുക്കു വായിച്ചെടുക്കാന്‍ കഴിയും.

യോഹന്നാന്‍ എഴുതിയ ലേഖനങ്ങളിലേക്കു വരുമ്പോഴും ‘കൂട്ടായ്മ’ (Fellowship) എന്നത് അദ്ദേഹത്തിനു പ്രിയപ്പെട്ട വിഷയമാണെന്നു കാണാം. യോഹന്നാന്‍ തന്റെ ആദ്യ ലേഖനം എഴുതുന്നതിന്റെ ഉദ്ദേശ്യം തന്നെ കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ്. ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം ഈ കാര്യം വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: ”ഞങ്ങള്‍ കണ്ടും കേട്ടുമുളളതു നിങ്ങള്‍ക്ക് ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു” (1:3).

കൂട്ടായ്മയോടു വളരെ ചേര്‍ന്നു പോകുന്ന മറ്റൊരു കാര്യമാണു സ്‌നേഹം. അതുകൊണ്ടുതന്നെ ‘സ്‌നേഹവും’ യോഹന്നാനു പ്രിയപ്പെട്ട വിഷയമാണ്. യേശു സ്‌നേഹിച്ച ശിഷ്യന്‍ എന്നു സുവിശേഷത്തില്‍ സ്വയം വിശേഷിപ്പിക്കുന്ന യോഹന്നാന്‍ ലേഖനങ്ങളിലും സ്‌നേഹത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. സ്‌നേഹത്തിന്റെ അപ്പൊസ്തലന്‍ എന്നാണല്ലോ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

സ്‌നേഹം, കൂട്ടായ്മ എന്നിവ വളരെ വിശാലവും എല്ലാവരെയും ഉള്‍ക്കൊളളുന്നതുമാണെന്നാണു പൊതുവേയുളള ധാരണ. എന്നാല്‍ നമ്മുടെ ഈ ധാരണയ്ക്കു വിരുദ്ധമായി യോഹന്നാന്‍ അവയെ പരിമിതപ്പെടുത്തുന്നതായാണു കാണുന്നത്. ‘നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകണം’ എന്ന ആഗ്രഹത്തോടെ ലേഖനം എഴുതുമ്പോള്‍ തന്നെ യോഹന്നാന്‍ അതിനുളള വ്യവസ്ഥയും അതേ വാക്യത്തില്‍ വ്യക്തമാക്കുന്നു. ‘ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു’ (1:3). യോഹന്നാന്‍ പറയുന്നതിന്റെ സാരം ഇതാണ്: ഞങ്ങള്‍ക്ക് ഒന്നാമതു കൂട്ടായ്മ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആണ്. നിങ്ങള്‍ക്കും ആദ്യമായി ദൈവത്തോട് ആ വിധത്തില്‍ കൂട്ടായ്മ ഉണ്ടാകണം. നമുക്ക് ഒരോരുത്തര്‍ക്കും ഒന്നാമതു ദൈവത്തോടു കൂട്ടായ്മ ഉണ്ടെങ്കില്‍ അതു നമ്മെ അന്യോന്യമുളള കൂട്ടായ്മയിലേക്കു നയിക്കും. ദൈവത്തോടു കൂട്ടായ്മ എന്ന പൊതു ഭൂമികയില്‍ (Common ground) നിന്നു കൊണ്ടേ നമുക്ക് അന്യോന്യം കൂട്ടായ്മയുളളു എന്നു സാരം. നോക്കുക: ഈ നിലപാടു സകല മനുഷ്യരോടുമുളള കൂട്ടായ്മ എന്ന ‘വിശാലമായ’ കാഴ്ചപ്പാടില്‍ നിന്ന് ഒരു പരിമിതപ്പെടലല്ലേ? അതേ. പക്ഷേ ഈ നിലപാടാണ് ഇന്നുളള ലോകമനുഷ്യര്‍ തമ്മിലുളള കൂട്ടായ്മയില്‍ നിന്നു സഭയിലെ കൂട്ടായ്മയെ മാറ്റി നിര്‍ത്തുന്നത്.

യോഹന്നാന്റെ ലേഖനങ്ങള്‍ തുടര്‍ന്നു വായിക്കുമ്പോള്‍ ‘കൂട്ടായ്മ’യെ യോഹന്നാന്‍ ഒന്നും കൂടി പരിമിതപ്പെടുത്തുന്നതു കാണുവാന്‍ കഴിയും. ദൈവത്തോടുളള കൂട്ടായ്മ തനിക്കു നല്‍കിയ പ്രത്യേക വിളിയോടുളള ബന്ധത്തിലാണിത് (1 യോഹന്നാന്‍ 2:19, 4:6, 2 യോഹന്നാന്‍ 9-11 എന്നീ വാക്യങ്ങള്‍ ശ്രദ്ധിക്കുക). ദൈവം തനിക്കുതന്ന പ്രത്യേക വിളിയോടുളള ബന്ധത്തില്‍ മുഴു ക്രിസ്തീയ ലോകത്തുനിന്നു തന്റെ കൂട്ടായ്മയെ യോഹന്നാന്‍ ഒന്നു കൂടി ഇടുങ്ങിയതാക്കുന്നതാണ് ഇവിടെ കാണുന്നത്. ‘സ്‌നേഹത്തിന്റെ അപ്പൊസ്തലനി’ല്‍ നിന്നു നാം പ്രതീക്ഷിക്കുന്ന എല്ലാവരെയും ഉള്‍ക്കൊളളുന്ന വിശാലമായ സ്‌നേഹവും കൂട്ടായ്മയുമൊന്നുമല്ല നാം ഇവിടെ കാണുന്നത്. മറിച്ചു ദൈവം തനിക്കു തന്ന പ്രത്യേക വിളിയോടും ദര്‍ശനത്തോടുമുളള ബന്ധത്തില്‍ വളരെ വ്യക്തതയോടും കൃത്യതയോടും കട്ടായ്മയെ കൂടുതല്‍ പരിമിതപ്പെടുത്തിയുളള പോക്കാണിത്. ഇത് ഒരളവില്‍ ഒരു സങ്കുചിത്വമല്ലേ? അതേ, പക്ഷേ ഈ നിലപാടാണു യോഹന്നാന്റെ പ്രവര്‍ത്തനത്തിനു കൂടുതല്‍ മൂര്‍ച്ചയും ആഴവും നല്‍കിയത്. ലോകമെങ്ങുമുളള സകല വിശുദ്ധരെയും സ്‌നേഹിക്കുക, എല്ലാ ദൈവമക്കളോടും കൂട്ടായ്മ ആചരിക്കുക. തുടങ്ങിയ പ്രയോഗങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ വളരെ ആത്മീയമായി തോന്നുമെങ്കിലും ഈ പറയുന്ന സ്‌നേഹവും കൂട്ടായ്മയുമൊക്കെ ആശയതലത്തിലേ നില്‍ക്കൂ. സൈദ്ധാന്തിക തലത്തില്‍ ഇങ്ങനെ വലിയ സ്‌നേഹവും കൂട്ടായ്മയുമൊക്കെ പറയാമെങ്കിലും പ്രായോഗിക തലത്തില്‍ താന്‍ കണ്ടിട്ടുളള സഹോദരനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയുകയുളളുവെന്നു യോഹന്നാന് ബോധ്യമുണ്ടായിരുന്നു – 1 യോഹ. 4:20.

യോഹന്നാന്റെ ലേഖനം തുടര്‍ന്നു വായിക്കുമ്പോള്‍ കൂട്ടായ്മ വിശുദ്ധീകരണത്തിലേക്കു നടത്തുന്നതായി കാണാം. ‘നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനാണു യോഹന്നാന്‍ ലേഖനം എഴുതുന്നത്. പക്ഷേ യോഹന്നാനെ സംബന്ധിച്ചിടത്തോളം കൂട്ടായ്മ അതില്‍ തന്നെ ഒരവസാനമല്ല മറിച്ച് ഒരു മാര്‍ഗ്ഗമാണ് (not an end but a means) വെളിച്ചത്തിലേക്കും ശുദ്ധീകരണത്തിലേക്കുമുളള മാര്‍ഗ്ഗം. യഥാര്‍ത്ഥ കൂട്ടായ്മ ഒരുവനെ വിശുദ്ധീകരണത്തിലേക്കു നയിക്കും. മറ്റുളളവരുമായുളള കൂട്ടായ്മയാണു നമുക്കു നമ്മുടെ സ്വാര്‍ത്ഥത, സ്വയ സ്‌നേഹം, നിഗളം, ഈര്‍ഷ്യ, കോപം, കാപട്യം തുടങ്ങിയവയെക്കുറിച്ചു വെളിച്ചം നല്‍കുന്നത് പഴയ കാലഘട്ടത്തില്‍ തൂണ്‍ വിശുദ്ധര്‍ (ജശഹഹമൃ ടമശിെേ) ഉണ്ടായിരുന്നു. വിശുദ്ധരാകുന്നതിനു മറ്റുളളവരുമായുളള സംസര്‍ഗ്ഗം ഒഴിവാക്കുവാന്‍ വലിയ ഉയരമുളള തൂണുകള്‍ നിര്‍മിച്ച് അതിനു മുകളില്‍ പാര്‍ത്തിരുന്നവരായിരുന്നു അവര്‍. ഭൂമിയില്‍ നിന്നു തൂണിന് എത്രമാത്രം പൊക്കമുണ്ടോ അതിനനുസരിച്ച് അവരുടെ വിശുദ്ധിയും കൂടും എന്നായിരുന്നു സങ്കല്പം. ഇന്നും കുടുംബ ജീവിതം ഉപേക്ഷിച്ചു ഹിമാലയത്തിലും സന്യാസാശ്രമത്തിലും വിശ്വാസ മന്ദിരത്തിലും പോയി വിശുദ്ധരാകാന്‍ ശ്രമിക്കുന്നവരുണ്ടല്ലോ. തനിയെ ഇരിക്കുമ്പോള്‍ നമുക്കൊക്കെ നാം വിശുദ്ധരാണെന്നു തോന്നും. എന്നാല്‍ കൂട്ടായ്മയിലാണു നമുക്കു നമ്മുടെ ജീവിതത്തിലെ കുറവുകളെയും ഇരുട്ടിനെയും കുറിച്ചു വെളിച്ചം ലഭിക്കുന്നത്. അതുകൊണ്ടു യോഹന്നാന്‍ കൂട്ടായ്മയെക്കുറിച്ചു പറഞ്ഞു തുടങ്ങിയിട്ടു തൊട്ടു താഴെ വെളിച്ചത്തെക്കുറിച്ചും വിശുദ്ധീകരണത്തെക്കുറിച്ചും പറയുന്നു. ‘ദൈവം വെളിച്ചം ആകുന്നു. അവനില്‍ ഇരുട്ട് ഒട്ടും ഇല്ല എന്നുളളതു ഞങ്ങള്‍ അവനോടു കേട്ടു നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു’ (1 യോഹന്നാന്‍ 1:5). കര്‍ത്താവില്‍ ഇരുട്ട് ഒട്ടും ഇല്ല. അവിടുത്തെ ഈ സ്വരൂപത്തോട് അനുരൂപപ്പെടുവാനാണു നമ്മെ മുന്‍നിര്‍ണയം ചെയ്തിരിക്കുന്നതെന്ന് (റോമര്‍ 8:29) ബോധ്യമുളളവര്‍ക്ക് അന്യോന്യമുളള കൂട്ടായ്മയിലൂടെ – സഭയിലും ഭവനത്തിലും- തങ്ങളിലെ ഇരുളിനെക്കുറിച്ചു വെളിച്ചം ലഭിക്കും. അപ്പോള്‍ അവിടുത്തെ രക്തത്താലുളള കഴുകല്‍ പ്രാപിച്ച് കൂടുതല്‍ വശുദ്ധീകരണത്തിലേക്കു വരുവാന്‍ കഴിയും (1 യോഹന്നാന്‍ 1:7). കൂട്ടായ്മ ഒരുവനെ വിശുദ്ധീകരണത്തിലേക്കു നടത്തുന്നത് ഇങ്ങനെയാണ്.

ഇങ്ങനെ പ്രാപിക്കുന്ന വിശുദ്ധീകരണവും അവിടെ അവസാനിക്കുന്നില്ല. ആ വിശുദ്ധീകരണം ഒരുവനെ ഈ വഴിയില്‍ നടക്കുന്ന വിശുദ്ധന്മാരുമായുളള കൂടുതല്‍ അടുത്ത കൂട്ടായ്മയിലേക്കു നയിക്കും. ഇതാണു യോഹന്നാന്‍ തുടര്‍ന്നു പറയുന്നത് – യേശുവിന്റെ രക്തത്താലുളള കഴുകല്‍ പ്രാപിച്ച് ശുദ്ധീകരണം നേടി വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ വീണ്ടും ‘നമുക്കു തമ്മില്‍ കൂട്ടായ്മയുണ്ട്’ (1 യോഹ 1:7). കര്‍ത്താവിന്റെ തേജ്ജസ്സിലേക്ക് (വെളിച്ചം) വന്നു സത്യം അനുസരിക്കുന്നതു സഹോദര പ്രീതിയിലേക്കും (കൂട്ടായ്മ) (1 പത്രൊ. 1:21,22), കര്‍ത്താവിന്റെ അടുക്കല്‍ വന്നു ജീവന്‍ പ്രാപിക്കുന്നത് ആത്മീകഗൃഹത്തിന്റെ പണിയിലേക്കും (കൂട്ടായ്മ) (2:4,5) നടത്തുമെന്നു പത്രൊസും പറയുന്നുണ്ടല്ലോ. ശുദ്ധീകരണം ഒരുവനെ കൂടുതല്‍ അഗാധമായ കൂട്ടായ്മയിലേക്കു നടത്തുന്നതു പ്രായോഗികമായി എങ്ങനെയാണു നടക്കുന്നതെന്നു നോക്കാം. തന്റെ ജീവിതത്തിലെ സ്വയത്തിന്റെ ഒരു പ്രവര്‍ത്തനം എങ്ങനെയാണെന്ന് ദൈവിക വെളിച്ചത്തില്‍ ഒരുവനു ബോധ്യം ലഭിച്ചു എന്നിരിക്കട്ടെ. അവന് അപ്പോള്‍ സമാനമായ പോരാട്ടത്തിലൂടെ കടന്നുപോകുന്ന മറ്റൊരു സഹോദരനെ ഈ മേഖലയില്‍ ഉപദേശിക്കാനും സഹായിക്കാനും കഴിയും. (തന്റെ സ്വന്ത ജീവിതത്തില്‍ കണ്ടെത്തി വിധിച്ച കാര്യങ്ങളിലേ ഒരാള്‍ക്കു വെളിച്ചമുളളൂ. ആ കാര്യത്തില്‍ മാത്രമേ അയാള്‍ക്കു സഹോദരനെ സഹായിക്കാനും കഴിയൂ). ഈ നിലയില്‍ നല്‍കുന്ന സഹായം അന്യോന്യമുളള കൂട്ടായ്മയെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കും.

ചുരുക്കത്തില്‍ കൂട്ടായ്മ ശുദ്ധീകരണത്തിലേക്കു നടത്തും. ആ ശുദ്ധീകരണം കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ കൂട്ടായ്മയിലേക്കു നയിക്കും. ഇതു വീണ്ടും ശുദ്ധീകരണത്തിലേക്കും നടത്തും (സഹോദര വര്‍ഗ്ഗത്തോടു മാത്രമല്ല. ദൈവത്തോടു നേരിട്ടുളള കൂട്ടായ്മയിലും ഇതേ കാര്യങ്ങളാണല്ലോ നിരന്തരം നടക്കുന്നത്). ദൈവവഴിയില്‍ മുന്നോട്ടു പോകുന്നതില്‍ ഗൗരവമുളള ഒരു വിശ്വാസിയെ സംബന്ധിച്ചും ഒരു കൂട്ടത്തെ സംബന്ധിച്ചും ഇതു തുടര്‍മാനമായ ഒരു പ്രക്രിയയാണ് (1 യോഹന്നാന്‍ ശ്രദ്ധിച്ചു വായിച്ചാല്‍ ഇതു വ്യക്തമാകും. കൂട്ടായ്മയെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ടു യോഹന്നാന്‍ വിശുദ്ധീകരണത്തിലേക്കു കടക്കുന്നു. തുടര്‍ന്നു വീണ്ടും കൂട്ടായ്മയെക്കുറിച്ചു പറയുന്നു. വീണ്ടും വിശുദ്ധീകരണത്തെക്കുറിച്ച്… ഒരു ചക്രം ഉരുളുന്നതുപോലെ ഇത് ആവര്‍ത്തിക്കുമ്പോള്‍, കൂട്ടായ്മയിലും വിശുദ്ധീകരണത്തിലും കൂടി അനുസ്യൂതം മുന്നോട്ടുപോകുന്ന ഒരു വിശ്വാസിയുടെ ആത്മീയപുരോഗതിയുടെ ചിത്രമായി അതു മാറുന്നു). ഇതാണ് വെളിച്ചത്തിലുള്ള കൂട്ടായ്മയുടെ പ്രത്യേകത.

അപ്പോള്‍ ഇരുളിലുള്ള ഒരു കൂട്ടായ്മയുണ്ടോ? ഉണ്ട്. വെളിച്ചത്തിന് ഇരുളിനോട് കൂട്ടായ്മയില്ലെങ്കിലും (2കൊരി. 6:14) വെളിച്ചത്തിന് വെളിച്ചത്തോട് കൂട്ടായ്മ ഉള്ളതുപോലെ ഇരുളിന് ഇരുളിനോടു കൂട്ടായ്മ പുലര്‍ത്തുവാന്‍ കഴിയും. ഇത് ഇങ്ങനെ വിശദമാക്കാം.: നമ്മള്‍ മുകളില്‍ പറഞ്ഞ കൂട്ടായ്മ – ശുദ്ധീകരണം – കൂട്ടായ്മ എന്നിങ്ങനെയുള്ള നിരന്തര മുന്നേറ്റത്തിന് എപ്പോഴാണ് വിഘാതം വരുന്നത്. ഒരുവന്‍ കൂട്ടായ്മയിലൂടെ കിട്ടിയ ദൈവിക വെളിച്ചത്തില്‍ തന്നെത്തന്നെ വിധിക്കാതെ, കഴുകല്‍ പ്രാപിക്കാതെ, ശുദ്ധീകരണം നേടാതെ ഇരിക്കു മ്പോള്‍ അവനെ സംബന്ധിച്ചിടത്തോളം ആത്മീയ പുരോഗതിയുടെ ചക്രത്തിന്റെ മുന്നോട്ടുള്ള ഉരുളല്‍ അവസാനിച്ചു. അവന്‍ വിശുദ്ധീകരണം നേടുന്നില്ല പകരം സ്വയന്യായീകരണം, കുറ്റാരോപണം എന്നിവയോടെ ഇരുട്ടില്‍ നില്‍ക്കുകയാണ്. ആ കൂട്ടത്തില്‍ തന്നെയുള്ള മറ്റൊരു സഹോദരനും ഇതുതന്നെ സംഭവിച്ചു എന്നു വിചാരിക്കുക. അവനെ സംബന്ധിച്ചും ആത്മീയ പുരോഗതി നിലച്ചു. അവനും സ്വയന്യായീകരണവും ആരോപണങ്ങളുമായി ഇരുളില്‍ നില്‍ക്കുകയാണ്. ക്രമേണ ഇരുളിലുള്ള ആ രണ്ടു സഹോദരന്മാര്‍ തമ്മില്‍ ഒരു മമതാബന്ധം ഉടലെടുക്കുന്നതു കാണുവാന്‍ കഴിയും. ഇരുളിന് ഇരുളിനോട് കൂട്ടായ്മ ഉണ്ടാവുകയാണ്. ഇതാണ് ഇരുളിലുള്ള കൂട്ടായ്മ. പല സഭകളുടെയും പിന്‍ബഞ്ചില്‍ ഇരുളിലുള്ള കൂട്ടായ്മ പുലര്‍ത്തുന്ന സഹോദരന്മാരെ (സഹോദരിമാരെയും) കണ്ടെത്താന്‍ സാധിക്കും.

കൂട്ടായ്മയിലൂടെ വിശുദ്ധീകരണം, വിശുദ്ധീകരണത്തിലൂടെ കൂട്ടായ്മ എന്ന തുടര്‍പ്രക്രിയ നമ്മില്‍ നിരന്തരം നടക്കട്ടെ. എങ്കില്‍, എങ്കില്‍ മാത്രമേ യോഹന്നാന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, ‘അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ ആത്മധൈര്യത്തോടെ അവിടുത്തെ മുന്‍പില്‍ ലജ്ജിക്കാതെ നില്‍ക്കാന്‍ നമുക്ക് കഴിയൂ’ (1 യോഹ. 2:28).