ജാഗ്രതയുള്ള കാവൽക്കാരെ നമുക്ക് ആവശ്യമുണ്ട് – WFTW 4 ജൂലൈ 2021

സാക് പുന്നന്‍

ഒരു സഭയെന്ന നിലയിൽ നമ്മുടെ ശുശ്രൂഷ എതിർക്കപ്പെടുന്നതിൻ്റെ കാരണം, നാം വിശുദ്ധിയും നീതിയും പ്രസംഗിക്കുന്നു എന്നതാണ്. “ഇനിമേൽ പാപം നമ്മുടെമേൽ കർതൃത്വം നടത്തേണ്ട ആവശ്യമില്ല” (റോമ.6:14). “പണത്തെ സ്നേഹിക്കുന്നവർക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുകയില്ല” (ലൂക്കോ.16:13). “മറ്റുള്ളവരോട് കോപിക്കുകയും അവരെ നിന്ദിക്കുകയും ചെയ്യുന്നവർ നരകത്തിനു യോഗ്യരാകും” (മത്താ.5:22). “സ്ത്രീകളെ മോഹത്തോടെ നോക്കുന്നവരും നരകത്തിൽ നശിക്കാനുള്ള അപകടത്തിലാണ്” (മത്താ.5:28,29) തുടങ്ങിയ സത്യങ്ങൾ നാം പ്രഘോഷിച്ചു കൊണ്ടിരിക്കുന്നു. യേശുവിൻ്റെ ഈ വാക്കുകൾ ഭൂരിഭാഗം വിശ്വാസികൾക്കും ആസ്വാദ്യമല്ലാത്തതുകൊണ്ട്, അവർ നമ്മെ എതിർക്കുന്നു.

ക്രിസ്തീയ വേലക്കാരുടെ വചനാനുസൃതമല്ലാത്ത ശമ്പള വ്യവസ്ഥയ്ക്കും (ഒന്നാം നൂറ്റാണ്ടിൽ കേട്ടിട്ടില്ലാത്ത ചില കാര്യങ്ങൾ), ക്രിസ്തീയ വേലയെ വിശേഷിപ്പിക്കുന്ന വചനാനുസൃതമല്ലാത്ത പണമിരക്കലിനുമെതിരായി ഞങ്ങൾ നിലപാടെടുത്തിരിക്കുന്നു. ഇത് പ്രസംഗം ജീവിതമാർഗ്ഗമാക്കിയവരുടെയും, അതുവഴി തങ്ങളുടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്തവരുടെയും ക്രോധം ഞങ്ങൾക്ക് നേടിത്തന്നു. സഭയിലെ വ്യക്തിത്വ-ആരാധന, പോപ്പ് വ്യവസ്ഥിതി, സഭാ വിഭാഗീയ, സഭയുടെ മേലുള്ള പാശ്ചാത്യ മേൽക്കോയ്മ, സഭയുടെ പുരോഗതിയെ തടഞ്ഞിരിക്കുന്ന പാശ്ചാത്യ നേതൃത്വത്തിലുള്ള അനാരോഗ്യകരമായ ആശ്രയം ഇവയ്ക്കൊക്കെ എതിരായി ഞങ്ങൾ നിലകൊണ്ടിട്ടുണ്ട്. ഇത് അന്ധാരാധന കൂട്ടങ്ങളെ രോഷാകുലരാക്കിയിരിക്കുന്നു.

ദൈവത്തിൻ്റെ വിശുദ്ധമന്ദിരത്തെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അശുദ്ധമാക്കുക എന്നതാണ് പിശാചിൻ്റെ ലക്ഷ്യം. ദൈവത്തിൻ്റെ വേലയെ സഭയ്ക്കുള്ളിൽ നിന്നു തകർക്കാനായി, അവൻ തൻ്റെ “സൈന്യത്തെ” സഭയുടെ ഉള്ളിൽ ആക്കി വയ്ക്കുന്നു (ദാനി.11:31). ഈ 20 നൂറ്റാണ്ടുകളിലുടനീളം പല കൂട്ടങ്ങളെയും സംരംഭങ്ങളെയും ഒന്നിനുപിറകെ ഒന്നായി മലിനപ്പെടുത്തുന്നതിൽ ഈ സൈന്യം എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന് ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്നു.

സഭയുടെ പരാജയത്തിൻ്റെ പ്രധാന കാരണം, ദൈവം സഭയിൽ നിയമിച്ചിട്ടുള്ള കാവൽക്കാർ ജാഗ്രതയുള്ളവരും ഉണർന്നിരിക്കുന്നവരും ആയി നിലനിന്നില്ല എന്നതാണ്. ഈ കാവൽക്കാരെ ഉറക്കുന്നതിൽ സാത്താൻ എങ്ങനെ വിജയിച്ചു? ചിലരുടെ കാര്യത്തിൽ, ആർക്കെങ്കിലും ഇടർച്ചയുണ്ടാകുമോ എന്നു ഭയപ്പെട്ടിട്ട് സത്യം സംസാരിക്കാതെ ഇരിക്കത്തവിധം അവൻ അവരെ മാറ്റി- പ്രത്യേകിച്ച് ധനവാന്മാരും സ്വാധീനമുള്ളവരുമായവർക്ക്. മറ്റു ചിലരുടെ കാര്യത്തിൽ, അവരെ ഭാര്യമാരെ പ്രസാദിപ്പിക്കുന്നവരും, പണസ്നേഹികളും, ഭക്ഷണപ്രിയന്മാരും ആക്കുന്നതുവഴി. ചില കാര്യങ്ങളിൽ, സഭയിൽ ദൈവത്തിൻ്റെ നിലവാരം നിലനിർത്തേണ്ടതിനുള്ള തങ്ങളുടെ സന്ദേശങ്ങൾ സ്ഥിരമായി എതിർപ്പു നേരിടുന്നതുകൊണ്ട് കാവൽക്കാർ തന്നെ ക്ഷീണിച്ചു മടുത്തു പോകുന്നു. അതുകൊണ്ട് അവർ തങ്ങളുടെ സന്ദേശങ്ങൾക്ക് മനുഷ്യരെ പ്രസാദിപ്പിക്കുന്ന വിധത്തിൽ സ്വരഭേദം വരുത്തുന്നു.

എബ്രാ.12:3 ൽ, “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ച യേശുവിനെ ധ്യാനിച്ചുകൊൾവിൻ” എന്നു നമ്മോടു പറഞ്ഞിരിക്കുന്നു. യേശുവിനെ എതിർത്ത ഈ പാപികൾ ആരായിരുന്നു? അവർ ഇസ്രായേലിലുണ്ടായിരുന്ന വേശ്യകളൊ കൊലപാതകികളോ, കള്ളന്മാരോ ആയിരുന്നില്ല. അവർ റോമാക്കാരും ഗ്രീക്കുകാരും ആയിരുന്നില്ല. ഇല്ല. യേശുവിനെ സ്ഥിരമായി എതിർത്ത പാപികൾ, ദൈവവചനം ശക്തിയോടെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്ന ഇസ്രായേലിലെ പ്രാസംഗികരും മതനേതാക്കന്മാരും ആയിരുന്നു. അവർ യേശുവിനോട് അസൂയാലുക്കളായി ഒടുവിൽ യേശുവിനെ കൊന്നു.

നാം യേശുവിനെ അനുഗമിച്ചാൽ, ഇന്നും അതേ കൂട്ടരിൽ നിന്ന് നാമും എതിർപ്പുകൾ നേരിടും. നമുക്ക് ഏറ്റവും വലിയ എതിർപ്പു വരുന്നത് ദൈവത്തിൻ്റെ നിലവാരം താഴ്ത്തി സഭയെ ദുഷിപ്പിച്ച പ്രാസംഗികരിൽ നിന്നാണ്. നമ്മെ എതിർക്കാനുള്ള സാത്താൻ്റെ മുഖ്യ ഏജൻ്റ്മാർ ഇവരാണ്. നിരന്തരമായ ഈ എതിർപ്പുകളെ നേരിടുന്നതിൽ ക്ഷീണിച്ച് നിരാശരായി തീരുന്നത് നമുക്ക് വളരെ എളുപ്പമാണ്.

സാത്താൻ “അത്യുന്നതനായവൻ്റെ വിശുദ്ധന്മാരെ പീഡനത്തിലൂടെ ഒടുക്കികളയും” (ദാനി.7:25). ജയിക്കാനുള്ള ഏകമാർഗ്ഗം, തൻ്റെ ശത്രുക്കളാൽ ഒടുവിൽ കൊല്ലപ്പെടുന്നതുവരെ സ്ഥിരമായി എതിർപ്പുകളെ നേരിട്ട യേശുവിനെ നോക്കുക എന്നതു മാത്രമാണ്. “നാമും മരണത്തോളം വിശ്വസ്തരായിരിക്കാൻ മനസ്സുള്ളവരായിരിക്കണം”. ജീവിതാവസാനം വരെ എതിർപ്പുകൾ നേരിടാൻ മനസ്സില്ലാത്ത ഏതു പ്രാസംഗികനും “മനുഷ്യനെ തൻ്റെ പക്ഷത്തേക്ക് നേടുന്നതിനു വേണ്ടി മുഖസ്തുതി പറയുന്ന” (ദാനി.11:32) കർണ്ണാനന്ദകരമായ കാര്യങ്ങൾ പറയുന്ന ഒരു പ്രാസംഗികനായി തീരുകയും, ഒത്തുതീർപ്പുകാരനായ ഒരു ബിലെയാം ആയി അവൻ്റെ നാളുകൾ അവസാനിക്കുകയും ചെയ്യും.

എന്തുവിലകൊടുത്തും നമ്മുടെ ഇടയിൽ ദൈവത്തിൻ്റെ നിലവാരം കാത്തുസൂക്ഷിക്കുവാനാണ് നമ്മുടെ വിളി. എല്ലാസമയവും എതിർക്രിസ്തുവിൻ്റെ സൈന്യത്തിനെതിരെ നാം ജാഗരൂകരായിരിക്കണം. പൗലൊസ് എഫെസൊസിലുണ്ടായിരുന്ന മൂന്നു വർഷക്കാലം, ദൈവത്തിൻ്റെ കൃപയാൽ, എഫെസൊസിലെ സഭയെ അദ്ദേഹം നിർമ്മലതയിൽ സൂക്ഷിച്ചു. എന്നാൽ അദ്ദേഹം അവിടം വിട്ടു പോകുമ്പോൾ, താൻ പോയശേഷം, സഭയിൽ അശുദ്ധി കടന്നു വരും എന്നു മൂപ്പന്മാരോടു പറഞ്ഞു (അപ്പൊ.പ്ര.20:29-31). എഫെസ്യർക്കുളള രണ്ടാം ലേഖനത്തിൽ (വെളി.2:1-5) നാം വായിക്കുന്നതുപോലെ യഥാർത്ഥത്തിൽ അതു സംഭവിച്ചു.

What’s New?


Top Posts