മറ്റുള്ളവരെ ഉത്സാഹിപ്പിക്കുവാനും ഗുണദോഷിക്കുവാനുമാണ് യേശു തന്റെ നാവിനെ ഉപയോഗിച്ചത് (WFTW 17 ജൂണ്‍ 2012)

സാക് പുന്നന്‍
WFTW മലയാളം 17 ജൂണ്‍ 2012

യേശുവിന്റെ സംഭാഷണം ശുദ്ധമായിരുന്നു. അശുദ്ധമായ ഒരു വാക്കുപോലും  അവിടുത്തെ വായില്‍നിന്നു പുറപ്പെട്ടിട്ടില്ല. അതുപോലെതന്നെ പ്രയോജനമില്ലാത്ത വാക്കുകളും. അവിടുന്ന് എപ്പോഴും സത്യം മാത്രം സംസാരിച്ചു. അവിടുത്തെ വായില്‍ ചതി ഒട്ടും ഇല്ലായിരുന്നു. കൂടുതല്‍ കൂടുതല്‍ പണം ഉണ്ടാക്കുന്നതിനെക്കുറിച്ചു (ഒരുവന്റെ ആവശ്യത്തിലധികം) യേശുവുമായി സംസാരിക്കുവാന്‍ ഒരിക്കലും ആര്‍ക്കും കഴിയുമായിരുന്നില്ല. അങ്ങനെയുള്ള കാര്യങ്ങളില്‍ അവിടുന്ന് ഒട്ടും താല്പര്യപ്പെട്ടില്ല. ഭൂമിയിലുള്ളതില്‍ അല്ല, ഉന്നതങ്ങളിലുള്ള കാര്യങ്ങളിലാണ് അവിടുന്ന് മനസ് വച്ചിരുന്നത്. ഒരു സംശയവും ഇല്ല, അവിടുന്ന് ഭൌതിക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഒരിക്കലും അവയെ സ്നേഹിക്കുകയോ, അവയാല്‍ ആകര്ഷിക്കപ്പെടുകയോ ചെയ്തില്ല.

യേശു ഒരിക്കലും ആരെയും കൊച്ചാക്കുകയോ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകള്‍ പറയുകയോ പ്രസ്താവനകള്‍  നടത്തുകയോ ചെയ്തില്ല. അവിടുന്ന് ഒരിക്കലും തന്റെ ശിഷ്യന്മാരുടെ കുറ്റങ്ങളും കുറവുകളും അവര്‍ കേള്‍ക്കാതെ രഹസ്യത്തില്‍ ആരുമായും ചര്‍ച്ച ചെയ്തില്ല. മൂന്നു വര്‍ഷവും യൂദാസിനെ മറ്റു ശിഷ്യന്മാരുടെ മുമ്പില്‍ തുറന്നു കാട്ടിയില്ല എന്നത് തികച്ചും ആശ്ചര്യകരമാണ് . അന്ത്യ അത്താഴ നാളില്‍ പോലും ഗുരുവിനെ ഒറ്റു കൊടുക്കുവാന്‍ പോകുന്നത് ആരാണെന്ന ഒരു സൂചനയും  ശിഷ്യന്മാര്‍ക്ക് ലഭിച്ചില്ല.

മറ്റുള്ളവരെ ഉത്സാഹിപ്പിക്കുവാനും  ഗുണദോഷിക്കുവാനുമാണ്  യേശു തന്റെ നാവിനെ ഉപയോഗിച്ചത്. അങ്ങനെ തന്റെ നാവിനെ അവിടുന്ന് ജീവന്റെ ഉപകരണമായി ദൈവ കരങ്ങളില്‍ ഏല്‍പ്പിച്ചു. തളര്‍ന്നിരിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ അവിടുന്ന് തന്റെ നാവിനെ ഉപയോഗിച്ചു (യെശ. 50:4). അതുപോലെ അഹങ്കാരികളെ തകര്‍ക്കുന്ന വാളായും ഉപയോഗിച്ചു (യെശ. 49:2).

യേശു,  തങ്ങളുടെ വിശ്വാസത്തെ കുറിച്ച് പരസ്യമായി പ്രശംസിച്ചതിനാല്‍ റോമന്‍ ശതാധിപനും, കനാന്യ സ്ത്രീയും എത്രമാത്രം ഉത്സാഹിക്കപ്പെട്ടിട്ടുണ്ടാകും? (മത്തായി 8:10, 15:28). തന്റെ സ്നേഹത്തെക്കുറിച്ച്   പ്രശംസിക്കപ്പെട്ട പാപിനിയായ സ്ത്രീയും (ലൂക്കോ  7:47), തന്റെ ത്യാഗം നിറഞ്ഞ സമര്‍പ്പണത്തെകുറിച്ച്  പ്രശംസിക്കപ്പെട്ട ബേഥാന്യയിലെ മറിയയും(മാര്‍ക്കോ. 14:6) ഒരിക്കലും യേശുവിന്റെ വാക്കുകളെ മറന്നു കാണില്ല.

നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞ യേശുവിന്റെ വാക്കുകള്‍ പത്രോസിനെ എത്രമാത്രം ശക്തിപ്പെടുത്തിയിരിക്കണം!! (ലൂക്കോ 22:32). കേവലം ചില വാക്കുകള്‍ മാത്രം, എന്നാല്‍ അത് എത്രമാത്രം ശക്തിയും ഉത്സാഹവുമാണ് പകര്‍ന്നത്!!!

യേശുവിന്റെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ക്ഷീണിച്ചിരിക്കുന്ന അനേകം ആത്മാക്കളെ ഉത്സാഹിപ്പിച്ചു  ഉണര്‍ത്തി. തന്റെ മുന്നില്‍ വരുന്ന ക്ഷീണിച്ച ആത്മാക്കള്‍ക്ക് ആശ്വാസം നല്‍കുന്ന കൃത്യമായ വചനം ലഭിക്കുന്നതിനു യേശു ദിനം തോറും പിതാവിന്റെ  ശബ്ദം കേട്ടിരുന്നു എന്നാണ്  യെശയ്യാവ്  50:4 ല്‍ പറയുന്നത്.

ശമര്യക്കാരോട് പ്രതികാരം ചെയ്യണമെന്നു പറഞ്ഞ യാക്കോബിനെയും യോഹന്നാനെയും യേശു ശാസിച്ചു (മത്തായി 20:22, 23; ലൂക്കോ 9:55). തന്റെ ശിഷ്യന്മാരെ അവരുടെ അവിശ്വാസം നിമിത്തം അവിടുന്ന് ഏഴു പ്രാവശ്യമാണ് ശാസിച്ചത്.

മറ്റുള്ളവരെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ കൂടി സത്യം പറയുന്നതിനെ യേശു ഭയപ്പെട്ടില്ല. കാരണം അവരോടുള്ള സ്നേഹം കൊണ്ട് അവിടുത്തെ ഹൃദയം നിറഞ്ഞിരുന്നു. ശക്തമായ വാക്കുകള്‍ സംസാരിക്കുക വഴി കരുണ നിറഞ്ഞവനെന്ന തന്നെ കുറിച്ചുള്ള നല്ല അഭിപ്രായം നഷ്ടപ്പെട്ടു പോകുമോ എന്നൊന്നും അവിടുന്ന് ചിന്തിച്ചില്ല. തന്നെക്കാള്‍ അധികം മറ്റുള്ളവരെ അവിടുന്ന് സ്നേഹിച്ചതിനാല്‍ അവര്‍ക്കുവേണ്ടി തന്നെകുറിച്ചുള്ള നല്ല അഭിപ്രായം നഷ്ടപ്പെടുത്തുന്നതിന് അവിടുന്ന് തയ്യാറായിരുന്നു. അതുകൊണ്ടാണ് നിത്യ നാശം സംഭവിക്കാതിരിക്കുവാന്‍  അവിടുന്ന് ശക്തമായ  വാക്കുകളില്‍ സംസാരിച്ചത്. തല്‍ക്കാലത്തേക്കുള്ള അഭിപ്രായത്തെക്കാള്‍ മനുഷ്യരുടെ നിത്യമായ ക്ഷേമമാണ് അവിടുന്ന് ആഗ്രഹിച്ചത്‌.

What’s New?