സാക് പുന്നന്‍
WFTW 08 ജൂലൈ 2012
2 ശമുവേല്‍ പതിനൊന്നാം അദ്ധ്യായത്തില്‍ നാം ദാവീദിന്റെ വലിയ വീഴ്ചയുടെ കഥ കാണുന്നു. ഇതില്‍നിന്നും അവന്‍ എങ്ങിനെയാണ് വീണതെന്ന് പഠിക്കുവാന്‍ നമുക്ക് കഴിയും. “അടുത്ത വസന്ത കാലത്ത് രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുന്ന സമയത്ത് …………” രാജാക്കന്മാര്‍ ശൈത്യകാലത്ത് തണുപ്പുള്ളപ്പോള്‍ യുദ്ധത്തിനു പോയിരുന്നില്ല. എന്നാല്‍ വസന്തകാലത്ത് യുദ്ധത്തിനു പോയിരുന്നു. ദാവീദ് എപ്പോഴും ഒരു നേതാവായി ശത്രൂക്കളെ നേരിടുവാന്‍ യിസ്രായേല്‍ സൈന്യത്തെ മുമ്പില്‍ നിന്നു നയിച്ചവനാണ്. എന്നാല്‍ ഇത്തവണ ദാവീദിന് വിശ്രമിക്കണമെന്നു തോന്നി. പോരാട്ടം അവസാനിപ്പിച്ച് നാം വിശ്രമിക്കുവാന്‍ തുടങ്ങുമ്പോഴാണ് നാം പാപത്തില്‍ വീഴുന്നത്. നാം എവിടെ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നയിടത്ത് നില്‍ക്കാത്തപ്പോഴും നാം പാപത്തില്‍ വീഴുന്നു. ദാവീദിന്റെ സ്ഥാനം അപ്പോള്‍ യുദ്ധഭൂമിയില്‍ ആയിരിക്കേണ്ടതാണ്. എന്നാല്‍ അവന്‍ ആ സമയം കൊട്ടാരത്തില്‍ കിടന്നുറങ്ങുകയായിരുന്നു. ആ ദിവസം അവന്‍ യുദ്ധഭൂമിയില്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ഇത്തരത്തിലുള്ള വീഴ്ച അവനുണ്ടാകുമായിരുന്നില്ല.
നമ്മെ സംബന്ധിച്ച് കാര്യങ്ങള്‍ എല്ലാം നന്നായി പോകുമ്പോഴാണ് നാം ദൈവതിനായുള്ള പോരാട്ടം അവസാനിപ്പിച്ച് പ്രശ്നങ്ങള്‍ ഉള്ള ദൈവീക വേല ചെയ്യുവാന്‍ നമ്മെക്കാള്‍ പ്രായം കുറഞ്ഞവരെ അയക്കുന്നത്. പല ക്രിസ്തീയ നേതാക്കന്മാരും അവരുടെ അരമനകളില്‍ ഇരുന്നുകൊണ്ട്, തങ്ങളുടെ കൂട്ടത്തിലെ ചെറുപ്പക്കാരെ കഠിന വേലക്കായി അയക്കുന്നു.
എന്റെ ജീവിതാവസാനം വരെയും ഒരു എളിയ സഹോദരനായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ തൊണ്ണൂറാം വയസ്സിലും ദൈവത്തിന്റെ വയലില്‍ ഒരു വേലക്കാരനായിരിക്കണം എന്നതാണ് എന്റെ ആഗ്രഹം. ജീവിതാവസാനം വരെയും യുദ്ധഭൂമിയില്‍ ആയിരിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. യുദ്ധഭൂമിയില്‍ അപകടമില്ല, കൊട്ടാരത്തിലാണ് അപകടമുള്ളത്. യുദ്ധഭൂമിയില്‍ ആയിരുന്നിടത്തോളം കാലം, ദാവീദ് സുരക്ഷിതനായിരുന്നു. അവന്‍ കൊട്ടാരത്തില്‍ ഇരുന്നപ്പോഴാണ് അപകടത്തിലായത്.
നാം വലിയ ശോധനകളും, സമ്മര്‍ദ്ദവും, രോഗവും സാമ്പത്തിക ഞെരുക്കവും ഒക്കെ അനുഭവിക്കുന്ന സമയത്ത് പാപത്തില്‍ വീഴാനുള്ള സാദ്ധ്യത ഉണ്ടോ? ഇല്ല, കാര്യങ്ങള്‍ എല്ലാം നന്നായി പോകുമ്പോള്‍ , ധാരാളം പണം ഉള്ളപ്പോള്‍ , ബിസിനസ് അഭിവൃദ്ധിപ്പെടുമ്പോള്‍ , വീട്ടില്‍ ആര്‍ക്കും രോഗങ്ങളൊന്നും ഇല്ലാതിരിക്കുമ്പോള്‍ – ഇങ്ങനെയെല്ലാമുള്ളപ്പോഴാണ് നാം പാപം ചെയ്യുന്നത്. അങ്ങനെയുള്ള സമയത്ത് നാം ജാഗ്രതയുള്ളവരായിരിക്കണം.
ദാവീദ് യെരുശലേമിലുള്ള തന്റെ ഭവനത്തില്‍ ആയിരുന്നു (2 ശമുവേല്‍ 11:1). യുദ്ധത്തിനുപോയ യോശുവയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മോശയെപ്പോലെ ആയിരുന്നില്ല ദാവീദ്. യുദ്ധത്തിനു പോയ യോവാബിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നുവെങ്കില്‍ അവന്‍ സുരക്ഷിതനായിരുന്നേനെ. എന്നാല്‍ അവന്‍ ആ സമയം ഉറങ്ങുകയായിരുന്നു. “ഒരു നാള്‍ സന്ധ്യയാകാറായ സമയത്ത് ദാവീദ് മെത്തയില്‍ നിന്നു എഴുന്നേറ്റു.” പകല്‍ മുഴുവന്‍ ഉറങ്ങിയിട്ട് അവന്‍ ആ സമയം എഴുന്നേറ്റു വന്നതേയുള്ളോ എന്ന് ഞാന്‍ സംശയിക്കുന്നു. കിടക്കയില്‍ നിന്നു എഴുന്നേറ്റയുടന്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിലൂടെ ഉലാത്തുകയാണ് അവന്‍ ചെയ്തത്. അപ്പോഴാണ് ബെത്ശേബയെന്ന സുന്ദരിയായ സ്ത്രീയെ കണ്ട് അവന്‍ പ്രലോഭിപ്പിക്കപ്പെട്ടത്. അവന്‍ ആ പ്രലോഭനത്തെ മുളയിലേ നുള്ളിയിരുന്നുവെങ്കില്‍ അത് ആദ്യ ഘട്ടത്തില്‍ തന്നെ അവസാനിക്കുമായിരുന്നു.
ആ സ്ത്രീയെ നോക്കി പ്രലോഭിപ്പിക്കപ്പെട്ടപ്പോള്‍ മുഖം തിരിച്ച് അവനിങ്ങനെ പറയാമായിരുന്നു, “ഇത് അപകടമാണ്, ഞാന്‍ സൂക്ഷിക്കണം”. യുദ്ധഭൂമിയിലുള്ള യോവാബിന് വേണ്ടി അല്‍പ സമയം പ്രാര്‍ത്ഥനയില്‍ അവനു ചെലവഴിക്കാമായിരുന്നു. അവന്റെ അന്വേഷണത്തില്‍ ആ സ്ത്രീ മറ്റൊരാളുടെ ഭാര്യയാണെന്നു അറിഞ്ഞപ്പോഴെങ്കിലും , “ഓ അവളെ എനിക്ക് ലഭിക്കുകയില്ല ” എന്ന് പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നു. ആ സമയം അവന്‍ ബെത്ശേബയ്ക്കുവേണ്ടി, അവള്‍ ഊരിയാവിന്റെ ഭാര്യ എന്ന നിലയില്‍ വിശുദ്ധയും നിഷ്കളങ്കയും ആയിരിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നുവെങ്കില്‍ ആ പ്രാര്‍ത്ഥന തന്നെ അവനെ പാപം ചെയ്യാതെ രക്ഷിച്ചേനെ. എന്നാല്‍ ആ നിമിഷം അവന്‍ തന്നെ രാജാവാക്കിയ ദൈവത്തെക്കുറിച്ച് എല്ലാം മറന്നു. അപ്പോള്‍ അവന്‍ താന്‍ ആഗ്രഹിക്കുന്ന ആരെയും സ്വന്തമാക്കുന്ന ഒരു ഏകാധിപതിയായിരുന്നു. അതിനാല്‍ അവന്‍ ആ സ്ത്രീയുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു.