ശോധനകളുടെയും കഷ്ടതകളുടെയും ഉദ്ദേശം WFTW 12 ഓഗസ്റ്റ്‌ 2012

സാക് പുന്നന്‍

Read the PDF Version

ഏതാണ്ട് പതിമൂന്നു വര്‍ഷക്കാലം ദാവീദ് പലവിധ പ്രയാസങ്ങളും ശോധനകളും അഭിമുഖീകരിക്കുകയും അതിലൂടെ കടന്നു പോകുകയും ചെയ്തു. അതിനു ശേഷമാണ് അവന്‍ ഒരു ദൈവമനുഷ്യനും, കാര്യപ്രാപ്തിയുള്ള ഒരു രാജാവുമായി തീര്‍ന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ ഈ വാക്കുകള്‍ എഴുതി, “എന്തെന്നാല്‍ ദൈവമേ അവിടുന്ന് ഞങ്ങളെ ശോധന ചെയ്തു, വെള്ളി ഊതികഴിക്കുന്നതുപോലെ അങ്ങ് ഞങ്ങളെ സ്ഫുടം ചെയ്തിരിക്കുന്നു. അങ്ങ് ഞങ്ങളെ തടവിലാക്കി, ഞങ്ങളുടെ മുതുകില്‍ വലിയ ഭാരം വച്ചിരിക്കുന്നു. മനുഷ്യരെ ഞങ്ങളുടെ തലയ്ക്കു മീതെ ഓടുമാറാക്കി. ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടെ കടന്നുപോയി. എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്ക്‌  കൊണ്ടുവന്നിരിക്കുന്നു”(സങ്കീ. 66:10 -12).
മറിച്ചു, ശൌല്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു വളരുകയും ആ സുഖസൌകര്യങ്ങളുടെ നടുവില്‍ നിന്നു നേരെ രാജാവാകുകയുമാണ് ചെയ്തത്. അവന്‍ യാതൊരുവിധ ശോധനകളും കഷ്ടതകളും നേരിട്ടിട്ടില്ല. അതിനാല്‍ തന്നെ അവന്‍ ദൈവത്തെ അറിഞ്ഞില്ല. രാജാവെന്ന നിലയില്‍ അവന്‍ ഒരു പരാജയമായിരുന്നു. ദാവീദിന് ശേഷം വന്ന ശലോമോന്‍ ശോധനകളും കഷ്ടതകളും ഒന്നും നേരിടാതെ രാജകൊട്ടാരത്തിന്റെ സുഖസൌകര്യങ്ങള്‍ക്ക് നടുവില്‍ ഒരു രാജകുമാരനായിട്ടാണ്  വളര്‍ന്നത്‌. അവനും രാജാവെന്ന നിലയില്‍ പരാജയമായിരുന്നു.
ശോധനകളിലൂടെയും കഷ്ടതകളിലൂടെയും മാത്രമേ നാം ദൈവത്തെ അറിയുകയുള്ളുവെന്നും, അങ്ങനെ മാത്രമേ നമ്മുടെ ശുശ്രൂഷ ഫലപ്രദവും, വിജയകരവും ആയി തീരുകയുള്ളുവെന്നുമാണ്  ഈ  ഉദാഹരണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌. ഇത് തന്നെയാണ് പൌലോസിന്റെ അപ്പസ്തോലിക ശുശ്രൂഷ വിജയകരമാക്കിയത് (2 കോരി.1:4 – 11, 11:23 – 33 വായിക്കുക). സുവിശേഷ പ്രസംഗത്തിലൂടെ ധനികരായി സുഖലോലുപതയില്‍ ജീവിക്കുന്നവരായ ഇന്നുള്ള പല പ്രാസംഗികരും ആത്മീയരല്ലാതായിരിക്കുന്നതിനും, തങ്ങളുടെ കൂടെയുള്ളവര്‍ക്ക് ഒരു ദൈവീക മാതൃക ആയിരിക്കുവാന്‍ കഴിയാത്തതിനും കാരണം ഇതുതന്നെയാണ്.
ദൈവം നിങ്ങളെ അവിടുത്തെ ദാസനായി വിളിച്ചിരിക്കാം. നിങ്ങള്‍ വിളിക്കപ്പെട്ടു എന്നുള്ളതുകൊണ്ടുമാത്രം ദൈവവേലക്ക് നിങ്ങള്‍ യോഗ്യരാണെന്നു കരുതരുത്. ശോധനകളിലൂടെ ദീര്‍ഘകാലം വിശ്വസ്തതയോടെ കടന്നുപോകാതെ നിങ്ങള്‍ക്ക് ദൈവജനത്തിന്റെ  ആത്മീയ നേതാവാകാന്‍ സാധിക്കുകയില്ല. ഒടുവില്‍ നിങ്ങള്‍ ശൌലിനെയോ, ശലോമോനെയോ പോലെ നശിക്കുകയേയുള്ളു.  അതുകൊണ്ട് ദൈവത്തിനു നിങ്ങളെ ദീര്‍ഘനാളത്തെ ശോധനകളിലൂടെയും, കഷ്ടതകളിലൂടെയും കടത്തിവിടെണ്ടി വരും.  മറ്റുള്ളവര്‍ നിങ്ങളെ തെറ്റിദ്ധരിക്കുവാനും നിങ്ങളോട്  അസൂയപ്പെടുവാനും ഇടയാക്കും. നിങ്ങളെ അവര്‍ ഇടിച്ചു താഴ്ത്തുവാനും എതിര്‍ക്കുവാനും അവിടുന്ന് അനുവദിക്കും. ഈ സാഹചര്യങ്ങളിലെല്ലാം നിങ്ങള്‍ (ദാവീദിനെപ്പോലെ) താഴ്മയോടെ നിന്നു ദൈവത്തില്‍ ആശ്രയിച്ചാല്‍ ഒരു നാള്‍ ദൈവം നിങ്ങളെ സമൃദ്ധിയുടെയും അനുഗ്രഹങ്ങളുടെയും  സ്ഥാനത്ത്  ആക്കും.
കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ !

What’s New?