മനുഷ്യന്റെ വഴികളും, ദൈവത്തിന്റെ വഴികളും WFTW 05 ഓഗസ്റ്റ്‌ 2012

സാക് പുന്നന്‍

Read the PDF Version

യെരുശലേമിലേക്ക് യഹോവയുടെ പെട്ടകം കൊണ്ടുവരുന്നതിന് ദാവീദിന് വലിയ ആഗ്രഹം ഉണ്ടായിരുന്നതായി 2 ശമുവേലില്‍ നാം കാണുന്നു. ആ ആഗ്രഹം വളരെ നല്ലതായിരുന്നുവെങ്കിലും ദൈവത്തിന്റെ നിയമം കല്പിച്ചിരുന്നതുപോലെയല്ല അവന്‍ അത് ചെയ്തത്. വലിയ ദുരന്തമായിരുന്നു അതിന്റെ ഫലം. ദാവീദിന്റെ വിശ്വസ്തരില്‍ ഒരാള്‍ മരിച്ചു. ഒരിക്കല്‍ ഫെലിസ്ത്യര്‍ പെട്ടകം പിടിച്ചടക്കി കൊണ്ടുപോയപ്പോള്‍ ദൈവം അവരെ രോഗങ്ങളാല്‍ ന്യായം വിധിക്കുകയും അവര്‍ പെട്ടകം തിരികെ യിസ്രായേലിലേക്ക് അയക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഒരു കാളവണ്ടിയില്‍ പെട്ടകം കയറ്റി അയച്ചു. ദാവീദ്  ഈ സംഭവം കേട്ടിട്ടുള്ളതാണ്. ലേവ്യ പുത്രന്മാരായ കൊഹാത്യര്‍ വേണം പെട്ടകം ചുമക്കെണ്ടതെന്നു മോശയുടെ ന്യായപ്രമാണം വളരെ വ്യക്തമായി പറയുന്നുണ്ടെന്നും അവനറിയാമായിരുന്നു. എന്നാല്‍ ഹൃസ്വദൂരങ്ങള്‍ക്ക് മാത്രമാണ്  ഈ രീതിയെന്ന് ദാവീദ് കരുതി. ഇപ്പോള്‍ കൂടുതല്‍ ദൂരം കൊണ്ടുവരെണ്ടതുള്ളതിനാല്‍ ഫെലിസ്ത്യരുടെ രീതിയാണ് നല്ലതും ഉചിതവുമെന്നു അവന്‍ തീരുമാനിച്ചു. അതിനാല്‍ പെട്ടകം ഒരു കാളവണ്ടിയില്‍ കയറ്റി. വഴിയില്‍ വച്ച് കാളകള്‍ ഇടറിയതിന്റെ ഫലമായി പെട്ടകം താഴെ വീഴാന്‍ തുടങ്ങി. അപ്പോള്‍ ഊസ്സാ കൈനീട്ടി പെട്ടകം വീഴാതെ താങ്ങി. ഉടനെ ദൈവം അവന്റെ ദൈവഭയമില്ലായ്മ നിമിത്തം അവനെ വീഴ്ത്തി, അവന്‍ മരിച്ചു.
ഊസ്സാ എന്താണോ ചെയ്തത് അത് നല്ല ഉദ്ദേശത്തോടെ മാത്രമായിരുന്നു ചെയ്തത്. എന്നാല്‍ അത് ദൈവീക പ്രമാണങ്ങളുടെ ലംഘനമായിരുന്നു. നല്ല ഉദ്ദേശത്തോടെയാണെങ്കിലും ദൈവവചനത്തിനെതിരായി നാം പോയാല്‍ കഷ്ടത അനുഭവിക്കേണ്ടി വരും. ശരിയായ കാര്യങ്ങള്‍ ദുരുദ്ദേശത്തോടെ ചെയ്യുന്നത് ദൈവത്തിനു സ്വീകാര്യമല്ല. അതുപോലെ തന്നെ നല്ല ഉദ്ദേശത്തോടെ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതും ദൈവത്തിനു സ്വീകാര്യമല്ല. ഫലംകൊണ്ട് പ്രവൃത്തി ന്യായീകരിക്കപ്പെടുന്നില്ല. ഇവിടെ ഊസ്സായുടെ കാര്യത്തില്‍ ഫലം നല്ലതായിരുന്നു. പെട്ടകം താഴെ വീഴാതെ അവന്‍ കാത്തു. എന്നാല്‍ മോശയുടെ ന്യായപ്രമാണം അനുസരിച്ച് ആരും പെട്ടകം സ്പര്‍ശിക്കരുതെന്ന കാര്യം ഊസ്സാക്കും അറിയാം. കൊഹാത്യര്‍ക്ക് പോലും പെട്ടകം  സ്പര്‍ശിക്കുവാന്‍ അനുവാദമുണ്ടായിരുന്നില്ല. പെട്ടകം എടുക്കുന്നതിനു മുന്‍പ്  അത് സമാഗമന കൂടാരത്തിന്റെ മറശീല കൊണ്ട് പൊതിയണമായിരുന്നു. അതിനാല്‍ ആരും നേരിട്ട് പെട്ടകം സ്പര്‍ശിച്ചിരുന്നില്ല (സംഖ്യ.4:15). പെട്ടകത്തെ സ്പര്‍ശിക്കുന്നവര്‍ക്കുള്ള ശിക്ഷ മരണമാണെന്ന്  ദൈവം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
നാം സുവിശേഷ പ്രവര്‍ത്തനത്തിന് തീരുമാനിക്കുമ്പോള്‍ ഈ ചോദ്യം അഭിമുഖീകരിച്ചേക്കാം – എങ്ങനെയാണ് ഇത് ചെയ്യേണ്ടത് ?, ദൈവീക മാര്‍ഗ്ഗത്തിലോ, മാനുഷീക മാര്‍ഗ്ഗത്തിലോ?. ദൈവവേല ചെയ്യുമ്പോള്‍ ബഹുരാഷ്ട്ര കമ്പനികളുടെ രീതികളെ അനുകരിക്കാമോ? –  സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം പണം വേണമെന്നാണ് പല ക്രിസ്ത്യാനികളും പറയുന്നത്. പണത്തിലോ, പരിശുദ്ധാത്മാവിലോ ഏതിലാണ് നിങ്ങളുടെ ആശ്രയം? നിങ്ങള്‍ പറയേണ്ടതിതാണ് – “സുവിശേഷ പ്രവര്‍ത്തനം നടത്തുവാന്‍ ഞങ്ങള്‍ക്ക് പരിശുദ്ധാത്മ ശക്തിയുണ്ടെങ്കില്‍  പണമുണ്ടായാലും ഇല്ലെങ്കിലും ദൈവീക വേല നടന്നുകൊള്ളും”. ലോകപ്രകാരമുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമാണ്  നിലനില്‍പ്പിനു പണം വേണ്ടത്. സഭകളും ഈ അവസ്ഥയില്‍ എത്തി, “പണമുണ്ടെങ്കില്‍ മാത്രമേ ദൈവിക വേല നടക്കുകയുള്ളു” എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അവരും ലോകപ്രകാരമുള്ള ഈ സംഘടനകളുടെ നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ്. സുവിശേഷമോ  ദൈവ വേലയോ  ആയി പണത്തെ ബന്ധപ്പെടുത്തി ഒരു പരാമര്‍ശവും അപ്പോസ്തോല പ്രവര്‍ത്തികളില്‍ നാം കാണുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ പണം ശേഖരിച്ചിട്ടുണ്ട്. അത് പക്ഷെ ദരിദ്രരെ സഹായിക്കുന്നതിനുവേണ്ടി ആയിരുന്നു. എന്നാല്‍ ഒരിക്കലും അത് അപ്പോസ്തോലന്മാര്‍ക്ക് നല്‍കുന്നതിനുവേണ്ടിയായിരുന്നില്ല. ഇന്ന് പല ആളുകളും ചെയ്യുന്നതുപോലെ കൂടുതല്‍ കൂടുതല്‍ പണത്തിനായി ദൈവത്തോട് അവര്‍ പ്രാര്‍ത്ഥിച്ചില്ല. അവര്‍ പരിശുദ്ധാത്മ ശക്തിക്കായിട്ടായിരുന്നു പ്രാര്‍ത്ഥിച്ചത്. ഇന്ന് ലോകത്തിന്റെ രീതികള്‍ (കാളവണ്ടി) ദൈവീക രീതികള്‍ക്ക് പകരമായിരിക്കുന്നു. അതിനാലാണ് ആത്മീയ മരണം നടക്കുന്നത്. ഇവിടെ ദൈവം നമ്മോട് പറയാന്‍ ശ്രമിക്കുന്നതെന്താണെന്ന് നാം മനസ്സിലാക്കണം. 
പിന്നീട്  ദാവീദ് ശരിയായ രീതിയില്‍ ലേവ്യരുടെ ചുമലില്‍ വച്ചുകൊണ്ട് പെട്ടകം യെരുശലെമിലേക്ക് കൊണ്ടുവന്നു. ഇത്തവണ സന്തോഷം നിറഞ്ഞവനായി അവന്‍ ദൈവമുമ്പാകെ നൃത്തം ചെയ്തുകൊണ്ടിരുന്നു (6:14). ദൈവത്തോടുള്ള ആരാധനയും സ്തോത്രവും അങ്ങനെയാണവന്‍ പ്രകടിപ്പിച്ചത്. അവര്‍ വാദ്യമേളങ്ങള്‍ ഉപയോഗിച്ചു. കൈയ്യടിച്ച് ഉച്ചത്തില്‍ പാടി നൃത്തം ചെയ്തു. ദാവീദ് ഒരു ആരാധകനായിരുന്നു. എന്നാല്‍ അവന്‍ പട്ടണത്തിലേക്ക് വരുമ്പോള്‍ നൃത്തം ചെയ്യുന്നത് കണ്ട അവന്റെ ഭാര്യ മീഖള്‍ വളരെ അസ്വസ്ഥയായി (വാക്യം 16). അവള്‍ അവനെ ഹൃദയത്തില്‍ നിന്ദിച്ചു. അഭിഷിക്തനായൊരു ദൈവദാസനെ അവള്‍ അംഗീകരിക്കുന്നതുപോലെ  ആരാധിക്കാത്തതിനാലാണ് അവള്‍ നിന്ദിച്ചത്. നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത വിധം ആരാധിക്കുന്ന ചില ആളുകള്‍ ഉണ്ടാകാം. നിങ്ങള്‍ അവരെ അംഗീകരിക്കണമെന്നില്ല. അതുപോലെ തന്നെ അവരെ നിന്ദിക്കയുമരുത്. മീഖള്‍ ദാവീദിനെപോലെ നൃത്തം ചെയ്യേണ്ടതില്ല, എന്നാല്‍ അവള്‍ ദാവീദിനെ നിന്ദിക്കുവാന്‍ പാടില്ലായിരുന്നു. നാം ആരാധിക്കുന്ന രീതി മാത്രമാണ് ശരിയെന്നു നാം ഒരിക്കലും കരുതരുത്.
മിക്കവാറും എല്ലാ ക്രിസ്തീയ വിഭാഗങ്ങളും കരുതുന്നത് അവരുടെ ആരാധനക്രമം മാത്രമാണ് ശരിയായിട്ടുള്ളത്  എന്നാണ്. മറ്റുള്ളവരും അവരുടെ വഴിയെ വരണമെന്ന് ആവശ്യപ്പെടുന്നു. ചില ക്രിസ്തീയ വിഭാഗത്തിന്റെ ഞായറാഴ്ചയുള്ള ആരാധനായോഗത്തില്‍ എല്ലാവരും ഒരു ശവസംസ്കാര  ശുശ്രൂഷയില്‍  ഇരിക്കുന്നതുപോലെ ശാന്തരായിട്ടു ഇരിക്കുന്നു. അതെന്നെ ഒട്ടും ആകര്‍ഷിക്കുന്നില്ല. കാരണം ഒരു ആരാധനാ ശുശ്രൂഷ ഒരിക്കലും ഒരു ശവസംസ്കാര ശുശ്രൂഷ പോലെയാകരുത്.  ക്രൂശിപ്പോള്‍  ശൂന്യമാണെന്നും, യേശു കല്ലറ തുറന്നു മരണത്തെ ജയിച്ചെഴു ന്നേറ്റിരിക്കുന്നുവെന്നുമുള്ള വസ്തുത അറിഞ്ഞു സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ട സമയമാണത്. എന്നാല്‍ ഇവിടെ ആളുകള്‍ യേശു ഇപ്പോഴും മരിച്ചിരിക്കുകയാണെന്നതുപോലെ  ഇരിക്കുന്നു. എന്നാല്‍ മറ്റു ചില ക്രിസ്തീയ വിഭാഗങ്ങള്‍ ഇതിന്റെ നേരെ എതിര്‍ദിശയിലേക്ക്  പോകുന്നു. ശബ്ദം ഒരു പ്രത്യേക നിലയില്‍ എത്തുമ്പോഴാണ് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യമുള്ളതെന്നാണ്‌  അവര്‍ കരുതുന്നത്. അതിനാല്‍ അവര്‍ “പരിശുദ്ധാത്മാവിനെ അവരുടെ മദ്ധ്യേ കൊണ്ടുവരുന്നതിന് ”  ശബ്ദമുയര്‍ത്തി വൈകാരികമായ അനുഭൂതി സൃഷ്ടിക്കുന്നു. ഇതും ഒരു ചതിയാണ്. ശബ്ദം ഉയര്‍ത്തുന്നതിനനുസരിച്ഛല്ല പരിശുദ്ധാത്മാവ്‌ വരുന്നത്. അത് അത്ര എളുപ്പമായിരുന്നെങ്കിലെന്നു എനിക്കും ആഗ്രഹമുണ്ട്.  എന്നാല്‍ അങ്ങനെയല്ല, നിങ്ങള്‍ക്ക്  ശുദ്ധ മനസാക്ഷി ഉണ്ടായിരിക്കണം.
ഈ   രണ്ടു വിഭാഗങ്ങളെയും നിന്ദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ ഈ രണ്ടു വിഭാഗങ്ങളേയും അനുകരിക്കുവാനും  ഞാന്‍ തയ്യാറല്ല. എന്റേതായ രീതിയില്‍ ദൈവത്തെ ആരാധിക്കുവാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. മറ്റൊരാള്‍ ആരാധിക്കുന്ന രീതിയെ ഒരിക്കലും നിന്ദിക്കരുത്. അതുപോലെ തന്നെ നിങ്ങളുടെ ആരാധനാ രീതി മാത്രമാണ് ശാരിയായിട്ടുള്ളതെന്നും കരുതരുത്.  മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം നല്‍കുക. ദൈവം പുറമെയുള്ള പ്രകടനങ്ങളല്ല, ഹൃദയങ്ങളെയാണ്  നോക്കുന്നത്.