നിങ്ങളുടെ ആന്തരീക ജീവിതത്തിലും ദൈവവചനത്തോടുള്ള അനുസരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 04 നവംബര്‍ 2012

സാക് പുന്നന്‍

Read the PDF Version

പഴയനിയമത്തില്‍ പുറമെയുള്ള കാര്യങ്ങള്‍ക്കായിരുന്നു എപ്പോഴും ഊന്നല്‍…., “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തം” (മത്തായി 19:8). ന്യായ പ്രമാണം പുറമെയുള്ള ശുദ്ധിക്ക് ഊന്നല്‍ നല്‍കി. പുതിയ നിയമത്തില്‍ അതിനു നേരെ വിപരീതമായി ആദ്യം പാനപാത്രത്തിന്‍റെ അകം വെടിപ്പാക്കുന്നതിനായിരുന്നു ഊന്നല്‍ (മത്തായി 23:25,26).  വാക്യം 26ല്‍ യേശു പറഞ്ഞത് അകം വെടിപ്പാക്കിയാല്‍ പുറം താനേ ശുദ്ധിയായിക്കൊള്ളും എന്നാണു. അതിനാല്‍ പുറം പ്രത്യേകമായി ശുദ്ധമാക്കേണ്ടതില്ല.  മത്തായി 5:21-30 ല്‍ ഈ കാര്യം വ്യക്തമായി കാണാവുന്നതാണ്. ഒരുവന്‍ തന്‍റെ ഹൃദയത്തില്‍ നിന്നും കോപത്തെ ശുദ്ധിയാക്കിയാല്‍ പിന്നെ കൊലപാതകമെന്ന പുറമെയുള്ള പ്രവര്‍ത്തി ചെയ്യുമെന്ന അപകടമില്ല. അതുപോലെ ഹൃദയത്തിലെ വൃത്തികെട്ട ലൈംഗീക ചിന്തകള്‍ ശുദ്ധിയാക്കിയാല്‍ വ്യഭിചാരമെന്ന പുറമെയുള്ള പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമെന്ന അപകടമില്ല. പാനപാത്രത്തിന്‍റെ അകം വെടിപ്പാക്കുക, പുറം താനേ വെടിപ്പായിക്കൊള്ളും.
സിനിമയ്ക്ക് പോകരുത്, പുകവലിക്കരുത്, മദ്യപിക്കരുത്, ചൂത് കളിക്കരുത്, ആഭരണങ്ങള്‍ അണിയരുത് തുടങ്ങിയ പുറമെയുള്ള കാര്യങ്ങള്‍ക്ക് മുഖ്യ ഊന്നല്‍ നല്‍കുന്ന സഭ, ഒരു പഴയനിയമ സഭ മാത്രമായിരിക്കും. പുറമെയുള്ള ദുഷ്പ്രവൃത്തികളെ ഉപേക്ഷിക്കുവാന്‍, അവയില്‍ ആദ്യം കേന്ദ്രീകരിക്കുകയല്ല വേണ്ടത്. അതിനു പകരം പുറമെയുള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യിക്കുന്ന അകമേയുള്ള ലോകമയത്വമെന്ന മനോഭാവത്തില്‍ കേന്ദ്രീകരിച്ചാല്‍ മതി.
സ്വയം വിധിക്കാതെ ആന്തരീക ശുദ്ധീകരണം ഒരിക്കലും നടക്കുകയില്ല. ഈ ആന്തരീക ശുദ്ധീകരണം നിരന്തരം പ്രസംഗിക്കാതെ ഒരു സഭ പണിയുക അസാദ്ധ്യമാണ്. പാപത്തിന്‍റെ ചതിയാല്‍ കഠിനപ്പെടാതിരിക്കുവാന്‍ ദിനം തോറും സഭയില്‍ തമ്മില്‍ തമ്മില്‍ പ്രബോധിപ്പിക്കുക എന്നാണു വേദ പുസ്തകം പറയുന്നത്.(എബ്രായര്‍ 3:13, 10:25). മിക്ക ക്രിസ്തീയ “സഭകളിലും” ഇത്തരം പ്രസംഗത്തിന് ഒട്ടും താല്‍പര്യമില്ല. ഒരു പക്ഷെ വല്ലപ്പോഴും പ്രസംഗിച്ചേക്കും, തീര്‍ച്ചയായും ദിനംതോറും ഇല്ല. അതിനാല്‍ അവര്‍ പാനപാത്രത്തിന്‍റെ പുറം മാത്രം വെടിപ്പാക്കുന്ന പരീശന്മാരെ സൃഷ്ടിക്കുന്നു. ഇവിടെ ക്രിസ്തുവിന്‍റെ കാന്ത തികച്ചും വ്യത്യസ്തയായിരിക്കണം.
സംഘടിത ക്രിസ്തീയ സഭകളില്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍…, (പരസ്യയോഗങ്ങള്‍, ഭവന സന്ദര്‍ശനങ്ങള്‍, സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ). ഇതെല്ലാം നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പല വിശ്വാസികളുടെയും മനസ്സില്‍ ദൈവ വചനത്തോടുള്ള സമ്പൂര്‍ണ അനുസരണത്തിന്‍റെ സ്ഥാനം ഇവ കൈവശമാക്കിയിരിക്കുന്നു. യേശു പറഞ്ഞത്, താന്‍ കല്‍പ്പിച്ചതെല്ലാം അനുസരിക്കുവാന്‍ എല്ലാ ക്രിസ്ത്യാനികളേയും പഠിപ്പിക്കണമെന്നാണ് (മത്തായി 28:20). യാഗങ്ങളെക്കാള്‍ അനുസരണമാണ് ദൈവത്തിനു വേണ്ടത് (1ശമുവേല്‍ 15:22). നമ്മുടെ സ്നേഹം തെളിയിക്കുവാന്‍ നാം ശാരീരികമായ കഷ്ടത സഹിക്കണമെന്നുള്ളത് ഒരു ജാതീയ ചിന്തയാണ്. ഇന്ത്യയില്‍ വളരെ ശക്തമായി നിലനില്‍ക്കുന്ന ഒരു ജാതീയ ചിന്തയാണിത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തെ ക്രിസ്തീയതയിലും അത് വ്യാപിച്ചിരിക്കുന്നു. അതിനാല്‍ ഒരുവന്‍ ജോലി ഉപേക്ഷിച്ച് ഏതെങ്കിലും കഷ്ടപ്പാട് നിറഞ്ഞ സ്ഥലത്ത് പോയി വിവിധ കഷ്ടതയിലൂടെ കടന്നു പോകുന്നതാണ് ആത്മീയത എന്ന് കരുതുന്നു. ഇതെല്ലാം വളരെ ത്യാഗം ആവശ്യമുള്ള കാര്യങ്ങളാണ്. എന്നാല്‍ അവയൊന്നും ദൈവ വചനത്തോടുള്ള അനുസരണത്തിന് പകരമാകുന്നില്ല.
യേശു തന്നെ യോഹ.14:15ല്‍ പറഞ്ഞിരിക്കുന്നതുപോലെ യേശുവിനോടുള്ള നമ്മുടെ സ്നേഹത്തെ തെളിയിക്കേണ്ടത് യാഗങ്ങളാലല്ല, മറിച്ചു അവിടുത്തെ കല്‍പ്പനകള്‍ അനുസരിച്ചുകൊണ്ടായിരിക്കണം. നമ്മുടെ വരുമാനത്തിന്‍റെ 50% കൊടുക്കുന്നതിലും, ജോലി ഉപേക്ഷിച്ച് സുവിശേഷ വേലക്കാരന്‍ ആകുന്നതിലും ദൈവത്തോടുള്ള സ്നേഹത്തിന്‍റെ ഏറ്റവും വലിയ തെളിവ്, മത്തായി 5,6,7 അദ്ധ്യായങ്ങളില്‍ യേശു പഠിപ്പിച്ച കാര്യങ്ങള്‍ എല്ലാം അനുസരിക്കുന്നതാണ്. സംഘടിത ക്രിസ്തീയ വിഭാഗങ്ങളുടെ വ്യക്തമായ ഒരു ചിത്രമാണ്, തിരക്കിട്ട് പ്രവര്‍ത്തിക്കുന്ന മാര്‍ത്തയില്‍ കാണുന്നത് (ലൂക്കോ.10:39-42). അവള്‍ സത്യസന്ധതയുള്ളവളും, ത്യാഗം ചെയ്യുവാന്‍ മനസ്സുള്ളവളും, നിസ്വാര്‍ത്ഥയും, അടുക്കളയില്‍ കര്‍ത്താവിനു വേണ്ടി എരിവോടെ ജോലിചെയ്യുന്നവളുമായിരുന്നു. എങ്കിലും കര്‍ത്താവ്‌ അവളെ ശാസിച്ചു. കര്‍ത്താവിനു വേണ്ടി ത്യാഗപൂര്‍വ്വം പ്രകടമായി ഒന്നും ചെയ്യാത്ത തന്‍റെ സഹോദരി മറിയയെ കുറിച്ച് അവളുടെ ആത്മാവില്‍ കയ്പ്പും വിമര്‍ശനവും ആയിരുന്നു. മറിയ കര്‍ത്താവിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് അവിടുത്തെ പാദപീഠത്തില്‍ ഇരുന്ന് അവിടുത്തെ വാക്കുകള്‍ കേട്ടു. ഇതായിരിക്കണം നമ്മുടെയും മനോഭാവം. തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങളല്ല, എന്നാല്‍ ദൈവം എന്താണ് നമ്മോടു പറയുന്നതെന്ന് കേട്ട് അനുസരിക്കുക. നമ്മുടെ സ്വന്തം യുക്തിക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയല്ല, മറിച്ചു, ദൈവഹിതം ചെയ്യുകയാണ് വേണ്ടത്. 
(മൊഴിമാറ്റം : സാജു ജോസഫ്, ആലപ്പുഴ)

What’s New?