ദൈവം അവനില്‍ പ്രസാദിച്ചു – WFTW 11 നവംബര്‍ 2012

സാക് പുന്നന്‍

Read the PDF Version

യേശുവിനു മുപ്പതു വയസ്സായപ്പോള്‍ പിതാവ് സ്വര്‍ഗ്ഗത്തില്‍നിന്നും പരസ്യമായി അരുളിച്ചെയ്ത വാക്കുകളാണിത്, “ഇവനെന്‍റെ പ്രിയ പുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” (മത്തായി 3:17). യേശു എന്തെങ്കിലും അത്ഭുതം നടത്തുകയോ അല്ലെങ്കില്‍ ഒന്ന് പ്രസംഗിക്കുകയോ ചെയ്യുന്നതിന് മുമ്പാണ് ഇതെന്ന് ഓര്‍ക്കുക !
അപ്പോള്‍ പിന്നെ ദൈവത്തിന്‍റെ അംഗീകാരം യേശുവിനു ലഭിച്ചതിന്‍റെ രഹസ്യമെന്താണ്? തീര്‍ച്ചയായും അവിടുത്തെ ശുശ്രൂഷയുടെ ഫലമായിട്ടല്ല കാരണം, ആ സമയത്ത് അവിടുന്ന് പരസ്യ ശുശ്രൂഷ ആരംഭിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. മുപ്പതു വര്‍ഷക്കാലം അവിടുന്ന് ജീവിച്ച ജീവിതത്തിന്‍റെ ഫലമായിട്ടാണ് അത് ലഭിച്ചത്.
ദൈവത്തിന്‍റെ അംഗീകാരം നമുക്ക് ലഭിക്കുന്നത് നമ്മുടെ ശുശ്രൂഷയുടെ അടിസ്ഥാനത്തിലല്ല, എന്നാല്‍ ദൈനംദിന ജീവിതത്തില്‍ ശോധനകളെ നേരിടുന്നതിലുള്ള വിശ്വസ്തതയുടെ അടിസ്ഥാനത്തിലാണ്. മറഞ്ഞിരിക്കുന്ന മുപ്പതു വര്‍ഷക്കാലത്തെ യേശുവിന്‍റെ ജീവിതത്തെക്കുറിച്ച് രണ്ടു കാര്യങ്ങള്‍ മാത്രമാണ് നമ്മോടു പറയുന്നത്. (ദേവാലയത്തില്‍ നടന്ന സംഭവം ഒഴിച്ചാല്‍) അത് “നമുക്ക് തുല്യമായി സകലത്തിലും പരീക്ഷിക്കപ്പെട്ടു, എങ്കിലും അവിടുന്ന് പാപം ചെയ്തില്ല.” (എബ്രായര്‍ 4:15). എന്നതും “അവിടുന്ന് തന്നില്‍ത്തന്നെ പ്രസാദിച്ചില്ല”. (റോമര്‍ 15:3). എന്നതുമാണ്‌…
അവിടുന്ന് വിശ്വസ്തതയോടെ എല്ലാ ശോധനകളെയും എതിര്‍ത്ത് നില്‍ക്കുകയും ഒരു കാര്യത്തിലും സ്വന്ത താല്‍പര്യം അന്വേഷിക്കുകയും ചെയ്തില്ല. ഇതാണ് പിതാവിനെ സന്തോഷിപ്പിച്ചത്. പുറമേ നാം പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ ലോക മനുഷ്യരിലും ജഡീക വിശ്വാസികളിലും മതിപ്പുളവാക്കിയേക്കാം. എന്നാല്‍ ദൈവത്തിനു നമ്മുടെ സ്വഭാവമാണ് മതിപ്പുളവാക്കേണ്ടത്. ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുന്നത് നമ്മുടെ സ്വഭാവം നോക്കി മാത്രമാണ്. അതുകൊണ്ട് നമ്മെ കുറിച്ചുള്ള ദൈവത്തിന്‍റെ അഭിപ്രായമറിയണമെങ്കില്‍ നാം ബോധപൂര്‍വ്വം നമ്മുടെ മനസ്സില്‍നിന്നും നമ്മുടെ ശുശ്രൂഷ വഴി നിവര്‍ത്തിച്ച കാര്യങ്ങളെ മായിച്ചുകളയണം. പിന്നീട് പാപത്തോടുള്ള നമ്മുടെ മനോഭാവത്തെയും, നമ്മുടെ ചിന്താമണ്ഡലത്തിലുള്ള സ്വയത്തെയും സംബന്ധിച്ച് സത്യസന്ധമായി വിലയിരുത്തണം. അത് മാത്രമായിരിക്കും നമ്മുടെ ആത്മീയ നിലവാരം തെറ്റാതെ അളക്കുന്ന കാര്യം.
അതിനാല്‍ തന്നെ ലോകം ചുറ്റി സഞ്ചരിക്കുന്ന ഒരു പ്രസംഗികനും,  തന്‍റെ വീടും പരിസരവും വിട്ടു എങ്ങും പോകാത്ത ഒരു വീട്ടമ്മയ്ക്കും ദൈവത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള അവസരം കൃത്യമായിട്ട്‌ ഒരുപോലെയാണ്. അതുകൊണ്ട് തന്നെ ക്രിസ്തുവിന്‍റെ ന്യായാസനത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ക്രൈസ്തവ ലോകത്തെ മുമ്പന്മാരായിരുന്ന പലരും പിമ്പന്മാരും, ഇവിടെ പിമ്പന്മാരായിരുന്നവര്‍ (അറിയപ്പെടുന്ന ശുശ്രൂഷയൊന്നും ഇല്ലാതിരുന്നവര്‍),) അവിടെ ഒന്നാമന്മാരും ആകും.
(മൊഴിമാറ്റം : സാജു ജോസഫ്, ആലപ്പുഴ)