തിടുക്കത്തിലുള്ള പ്രവര്‍ത്തനം ഒഴിവാക്കുക – WFTW 18 നവംബര്‍ 2012

സാക് പുന്നന്‍

Read the PDF Version

2 ശമുവേല്‍ ആറാം അദ്ധ്യായത്തില്‍ നാം കാണുന്ന ദൈവവചനത്തോട് കൃത്യത പുലര്‍ത്തിയില്ലെങ്കില്‍ നല്ല ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തികള്‍ പോലും ദൈവയിഷ്ടത്തെ നമ്മില്‍നിന്നും നഷ്ടമാക്കുവാന്‍ ഇടയാക്കും.ദാവീദ് ദൈവത്തിന്‍റെ പെട്ടകം യെരുശലെമിലേക്ക്  മടക്കി കൊണ്ടുവരുന്നു. ഇതൊരു നല്ല കാര്യമാണ്. എന്നാല്‍ ന്യായപ്രമാണത്തില്‍ ദൈവം കല്പിച്ചതുപോലെയല്ല അവന്‍ അത് ചെയ്തത്. ലേവ്യര്‍ തങ്ങളുടെ ചുമലില്‍ പെട്ടകം വഹിക്കണമെന്നായിരുന്നു  ദൈവത്തിന്‍റെ കല്‍പന. എന്നാല്‍ ദാവീദ് ആ കല്‍പന പരിഷ്കരിച്ച് പെട്ടകം ഒരു കാളവണ്ടിയില്‍ കയറ്റി കൊണ്ടുവന്നു. അവിടെ അവന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെലിസ്ത്യര്‍  ചെയ്തതിനെ അനുകരിക്കുകയായിരുന്നു.(1 ശമു. 6:8-12).
ഇന്നും പല ക്രിസ്തീയ നേതാക്കളും ഇത് തന്നെയാണ് ചെയ്യുന്നത്. അവര്‍ തങ്ങളുടെ സഭയെ വചനത്തിലെ പഠിപ്പിക്കലിനനുസരിച്ചല്ല, പകരം ലോകപ്രകാരമുള്ള മാനേജ്മെന്‍റ് തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. പെട്ടകം ചുമന്നുകൊണ്ടുള്ള വണ്ടി വലിച്ചിരുന്ന കാളകള്‍ വിരണ്ടത് കണ്ട ഊസാ പെട്ടെന്ന് കൈ നീട്ടി പെട്ടകം താഴെ വീഴാതെ താങ്ങി. ദൈവം ഉടനെ തന്നെ ഊസായെ അവന്‍റെ  ഭക്തിയില്ലായ്മ നിമിത്തം കൊന്നു (വാക്യം 7). സങ്കടകരമാണെങ്കിലും ഇത് സത്യമാണ്. ദൈവത്തിന്‍റെ ഇടയന്മാരുടെ തെറ്റുകള്‍ക്ക് ആടുകള്‍കൂടി കഷ്ടം അനുഭവിക്കേണ്ടി വരുന്നു. ദാവീദ് വരുത്തിയ തെറ്റിന്‍റെ ഫലം അനുഭവിച്ചത് ഊസയാണ്. ദൈവം തന്‍റെ ഭ്രുത്യന്മാരോട് വളരെ കര്‍ശനമായി ഇടപെടുമെന്ന് ദാവീദ് അവിടെ പഠിച്ചു. ഊസ നല്ല ഉദ്ദേശത്തോടെയാണ് അത് ചെയ്തത്. എന്നാല്‍  “ദൈവകോപം അവന്‍റെ നേരെ ജ്വലിച്ചു” (വാക്യം 7). ലേവ്യര്‍ക്കു മാത്രമേ പെട്ടകം സ്പര്‍ശിക്കാന്‍ കഴിയൂ എന്ന പ്രമാണം കുട്ടിക്കാലം മുതല്‍ തന്നെ ഊസയെ പഠിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ അവന്‍ ആ ഒരു നിമിഷത്തേയ്ക്ക് ദൈവകല്പനയെ ലഘുവായി കണ്ടു. അതിന്‍റെ ഫലം അനുഭവിക്കുകയും ചെയ്തു.
ഊസായുടെ ഈ തെറ്റ് ഇന്നും ആവര്‍ത്തിക്കപ്പെടാം. നമ്മുടെ സഭയില്‍ എന്തെങ്കിലും തെറ്റായി കാണുമ്പോള്‍ നാം കൈ നീട്ടി “പെട്ടകം നേരെ നിര്‍ത്താന്‍”‘ ” ശ്രമിച്ചാല്‍ ദൈവം നമ്മെ അടിക്കും. നമ്മുടെ ലക്‌ഷ്യം ശരിയായിരുന്നെങ്കിലും നമുക്കുള്ള അതിരുകള്‍ക്ക് പുറത്തേക്ക് നാം പോയി. നമ്മുടെ യുക്തി നമ്മോട്  പറഞ്ഞതായിരിക്കും നാം ചെയ്തത്. എന്നാല്‍ ദൈവഹിതമറിയുന്നതിനു  കാത്തിരിക്കാതെ തിടുക്കത്തില്‍ പ്രവര്‍ത്തിച്ചു.
യേശു പറഞ്ഞു ” ഞാന്‍ എന്‍റെ സഭയെ പണിയും ” (മത്തായി 6:18). സഭ പണിയുക എന്നത് ദൈവത്തിന്‍റെ കാര്യമാണ്, നമ്മുടേതല്ല. ആ ജോലി ദൈവം നമ്മെ ആരെയും എല്‍പ്പിച്ചിട്ടുമില്ല. ഇന്ന സ്ഥലത്ത് ഞാന്‍ ഒരു സഭ പണിതുകൊണ്ടിരിക്കുകയാണ് എന്ന് പറയുമ്പോള്‍ അത് ധാര്‍ഷ്ട്യവും നിഗളവുമാണ്.ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പണി നമ്മുടെ സ്വകാര്യ ഇടപാടായിട്ടാണ് കരുതുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു ദിവസമല്ലെങ്കില്‍ മറ്റൊരു ദിവസം ഊസ ചെയ്ത തെറ്റ് വീണ്ടും നമ്മളും വരുത്തും. സഭയ്ക്ക് ഇളക്കം തട്ടുന്നതായി കാണുമ്പോള്‍ നാം ദൈവത്തിന്‍റെ അടുക്കല്‍ ചെന്ന് പറയണം, “ദൈവമേ, അവിടുന്നാണ് സഭയെ പണിയുന്നത്, ഞാനല്ല. അവിടുന്ന് തന്നെ സഭയെ സംരക്ഷിക്കേണമേ”. കാര്യങ്ങള്‍ വേണ്ടവിധമല്ല നടക്കുന്നതെന്ന് തോന്നിയാല്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കാം, “ആരുടെതാണ് ഈ വേല? ആര്‍ക്കാണ് ഇതിനുള്ള ചുമതല? അത് പരിശുദ്ധാത്മാവോ അതോ നമ്മള്‍ തന്നെയോ?”. എന്തെങ്കിലും ഉടനെ ചെയ്യണമെന്ന തോന്നല്‍ ചിലപ്പോള്‍ നമുക്കുണ്ടാകാം. എന്നാല്‍ നാം പരിശുദ്ധാത്മാവിനെ ശ്രദ്ധിക്കാതെ പ്രവര്‍ത്തിച്ചാല്‍ അത് ജഡീക പ്രവൃത്തിയായിരിക്കും. നമ്മുടെ പ്രവൃത്തി നല്ല ഉദ്ദേശത്തോടെ ആണെങ്കിലും അത് നാം ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും. അതുകൊണ്ട് നമ്മള്‍ പറയണം “ദൈവമേ അങ്ങാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്. ആധിപത്യം അവിടുത്തെ തോളിലാണ്. എനിക്ക് അങ്ങയെ കേള്‍ക്കണം. എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന് അവിടുന്നു അരുളിചെയ്താലും”. 
സദൃശ്യവാക്യത്തില്‍ പലതരം ഭോഷന്മാരെകുറിച്ച് പറയുന്നുണ്ട്. ഒടുവില്‍ ഏറ്റവും വലിയ ഭോഷനെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ് “തിടുക്കത്തില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെക്കാള്‍ ഒരു ഭോഷനെക്കുറിച്ചു പ്രതീക്ഷയുണ്ട്” (സദൃ.വാ.29:20). തിടുക്കത്തില്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവന്‍, ആ സന്ദര്‍ഭത്തിന് ഏറ്റവും ആവശ്യമായ പ്രവൃത്തിയാണത് എന്നാ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവന്‍ ദൈവത്തോട് ആലോചന ചോദിക്കുന്നില്ല. അവര്‍ സ്വയമായി പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ള മനുഷ്യനാണ് ഈ ലോകത്തില്‍ ഏറ്റവും വലിയ ഭോഷന്‍ .
യേശുവിനെ കുറിച്ച് ഇങ്ങനെ പ്രവചിച്ചിരുന്നു.”അവന്‍റെ പ്രമോദം യഹോവാ ഭക്തിയില്‍ ആയിരുന്നു. അവന്‍ കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല. ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കുകയുമില്ല” (യെശയ്യ. 11:3). യേശു ഒരു അന്ധനല്ലാത്തതുകൊണ്ട് പലതും കാണുന്നത് ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ചെകിടനല്ലാത്തതുകൊണ്ട് പലതും കേള്‍ക്കാതിരിക്കുവാനും കഴിയുമായിരുന്നില്ല. എന്നാല്‍ കേവലം കാണുന്നതിന്‍റെയും കേള്‍ക്കുന്നതിന്‍റെയും അടിസ്ഥാനത്തില്‍ ആരെയും ന്യായം വിധിക്കാതിരിക്കത്തക്കവണ്ണം അത്രമാത്രം അവിടുന്ന് പിതാവിനെ ഭയപ്പെട്ടു. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു, “പിതാവ് ചെയ്തത് കാണുന്നതല്ലാതെ പുത്രന് സ്വതവേ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല” (യോഹ.5:19).
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയുമായി പരീശന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ യേശു അവരുടെ ചോദ്യങ്ങള്‍ക്ക് കുറച്ചുസമയം ഉത്തരമൊന്നും നല്‍കിയില്ല. അവിടുന്ന് പിതാവില്‍നിന്നു കേള്‍ക്കുവാന്‍ കാത്തിരിക്കുകയായിരുന്നു. കേട്ടുകഴിഞ്ഞപ്പോള്‍ അവിടുന്ന് സംസാരിച്ചു. അതും കേവലം ഒരു വാചകം മാത്രമായിരുന്നു. “നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ” (യോഹ.8:7). ഒരു മണിക്കൂര്‍ നീണ്ട ഒരു പ്രസംഗത്തേക്കാള്‍ അത് ഗുണം ചെയ്തു.
ആരെങ്കിലും എന്തെങ്കിലും കുഴഞ്ഞ പ്രശ്നങ്ങളുമായി നമ്മെ സമീപിക്കുമ്പോള്‍ നമ്മുടെ ബുദ്ധിയില്‍നിന്നും, കഴിഞ്ഞ കാല അനുഭവങ്ങളില്‍നിന്നും ഒരു മറുപടി കൊടുത്താല്‍ പ്രശ്നം ഒരുപക്ഷെ കൂടുതല്‍ വഷളായേക്കാം. എന്നാല്‍ പിതാവില്‍നിന്നു ലഭിക്കുന്ന ജ്ഞാനത്തിന്‍റെ ഒരു വാക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
അതുകൊണ്ട് അടുത്ത തവണ “കാള വിരണ്ട് പെട്ടകം വീഴാന്‍ തുടങ്ങുന്നത്”  കണ്ട് അതിലിടപെട്ട് നമ്മുടെ പേര് ഭോഷന്മാരുടെ പട്ടികയില്‍ ഒന്നാമതാക്കാന്‍ ശ്രമിക്കരുത്. നമ്മുടെ കണ്ണ് കാണുകയും ചെവി കേള്‍ക്കുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തില്‍ വിധിക്കുവാന്‍ തിടുക്കമുള്ളവരാകരുത്. അതിനു പകരം നിലംപാടുവീണ് ദൈവത്തോട് ചോദിക്കുക, “ദൈവമേ എനിക്ക് ജ്ഞാനം കുറവാണ്, ഞാന്‍ എന്താണ് ചെയ്യേണ്ടത്?”.
നമുക്ക് ജ്ഞാനം കുറവാണെന്ന് സമ്മതിക്കുവാന്‍ വലിയ പ്രയാസമാണ്. പ്രത്യേകിച്ച് സഭയിലെ മറ്റുള്ളവര്‍ നമ്മേക്കാള്‍ ചെറുപ്പവും പക്വത കുറവുള്ളവരും ആകുമ്പോള്, എന്നാല്‍ താഴ്മയോടെ നമ്മുടെ ആവശ്യമറിയിച്ചാല്‍ ദൈവം സമൃദ്ധിയായി ജ്ഞാനം നമുക്ക് നല്‍കും.
(മൊഴിമാറ്റം : സാജു ജോസഫ്, ആലപ്പുഴ)