വെളിപ്പാട് പുസ്തകത്തില്‍ ബാബിലോണിനെ (വ്യാജ സഭയെ) “മഹതിയാം” എന്ന് പതിനൊന്നു തവണ വിളിച്ചിരിക്കുന്നു. മറുവശത്തു യെരുശലേമിനെ(യഥാര്‍ത്ഥ സഭയെ) വിശുദ്ധ നഗരം എന്നാണു വിളിച്ചിരിക്കുന്നത്.
ഒരു സഭ എന്ന നിലയില്‍ ലോകത്തിന്റെ ദൃഷ്ടിയില്‍ മഹത്വമുള്ളതാകുവാന്‍ ശ്രമിച്ചാല്‍ നാം ബാബിലോണിനോട് അടുക്കുകയാവും ചെയ്യുക. “മനുഷ്യരുടെ ദൃഷ്ടിയില്‍ ഉന്നതമായത് ദൈവത്തിന്റെ ദൃഷ്ടിയില്‍ അറപ്പത്രെ” എന്നാണ് യേശു പറഞ്ഞത് (ലൂക്കോ.16:15). നമ്മുടെ സഭയില്‍ പറയുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ ഏത് കാര്യവും (അത് സംഗീതമോ പ്രസംഗമോ എന്തുമാകട്ടെ) ആളുകളില്‍ മതിപ്പുളവാക്കുന്നതിനു വേണ്ടിയാണോ എന്ന കാര്യം നാം നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കണം. സംഖ്യകള്‍ എന്നും ആളുകളുടെ ദൃഷ്ടിയില്‍ മതിപ്പുളവാക്കുന്ന കാര്യമാണ്. മറ്റുള്ളവരോട് നമ്മുടെ സഭയുടെ വളര്‍ച്ച സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ പറയുന്നതിന് നമുക്ക് വലിയ താല്പര്യമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ബാബിലോണിന്റെ ഒരു അടയാളമാണ്. നമ്മുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ ദൈവത്തിനു താല്പര്യമില്ല എന്നല്ല ഇതിന്റെ അര്‍ത്ഥം. തീര്‍ച്ചയായും അവിടുന്ന് അത് ആഗ്രഹിക്കുന്നു. തന്റെ ആടുകളെ (പൂര്‍ണ ഹൃദയത്തോടെയുള്ളവരെ) അയക്കുവാന്‍ ശുപാര്‍ശ ചെയ്യത്തക്കവണ്ണം നമ്മെ തന്റെ ആട്ടിന്‍കൂട്ടമായി അവിടുന്ന് കാണുന്നുവെങ്കില്‍ മാത്രം അതില്‍ താല്പര്യപ്പെടുന്നു. എന്നാല്‍ എണ്ണത്തിലുള്ള വര്‍ദ്ധന ഒരിക്കലും ദൈവാനുഗ്രഹത്തിന്റെ ലക്ഷണമല്ല. ദുരുപദേശക്കൂട്ടങ്ങളും, ജാതികളും എണ്ണത്തില്‍ വര്‍ദ്ധിക്കുന്നുണ്ടല്ലോ. പലപ്പോഴും സ്ഥിതി വിവരകണക്കുകള്‍ നോക്കിയാല്‍ ക്രിസ്തീയ വിഭാഗങ്ങളെക്കാള്‍ അങ്ങനെയുള്ള കൂട്ടങ്ങളാണ് കൂടുതല്‍ മെച്ചമായി കാണുന്നത്.
അതിനാല്‍ യെരുശലേമിന്റെ വളര്‍ച്ച അളക്കുന്നത് തമ്മില്‍ തമ്മിലുള്ള സ്നേഹമടക്കം അതിന്റെ വിശുദ്ധിയിലുള്ള വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. “……..ജീവനിലേക്കുള്ള വഴി ഇടുങ്ങിയതും അത് കണ്ടെത്തുന്നവര്‍ ചുരുക്കവുമത്രേ”(മത്തായി.7:13,14) എന്ന് യേശു പറഞ്ഞതുപോലെ, ഇടുക്കുവാതിലിനെ കുറിച്ച് പ്രഘോഷിക്കുന്ന സഭയില്‍ കുറച്ചു ആളുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും നാം കാണുന്നു. മറിച്ച്, യേശു വച്ചിരിക്കുന്നതിനേക്കാള്‍ വാതില്‍ വിസ്താരമുള്ളതാക്കിയാല്‍ വളരെ വേഗം നമുക്ക് എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും. ഇന്നത്തെ ക്രൈസ്തവലോകം വഴി തെറ്റിപ്പോയിരിക്കുന്നത് ഇങ്ങനെയാണ്. ഇടുക്ക് വാതിലിനെ കുറിച്ചും, ഇടുക്കുവഴിയെ കുറിച്ചും ഗിരിപ്രഭാഷണത്തിലാണ് യേശു പരാമര്‍ശിച്ചിട്ടുള്ളത്. മത്തായി 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങള്‍ ). അതുകൊണ്ട് തന്നെ ആ അദ്ധ്യായങ്ങളിലുള്ള കാര്യങ്ങളാണ് ഇടുക്കുവാതിലും, ഇടുക്കവഴിയും.
ദൈവം നമ്മുടെ വേലയെ അളക്കുന്നത് എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന കാര്യം 1കൊരി.3:13 ല്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. നിരന്തരം സ്വയം വിധിച്ചുകൊണ്ട് ജീവിക്കുന്ന ഒരുവനില്‍ നിന്നു മാത്രമേ – “ദഹിപ്പിക്കുന്ന അഗ്നിയോടു കൂടി വസിക്കുന്നവന്”(യെശയ്യ.33:14) – ഗുണകരമായ ഒരു ശുശ്രൂഷ ഉണ്ടാകുകയുള്ളൂ. ചുറ്റുമുള്ള കൂട്ടങ്ങളില്‍നിന്നു നാം വ്യത്യസ്തരാകുന്നത് അങ്ങനെയാണ്. ഈ വ്യത്യാസം നഷ്ടപ്പെട്ടാല്‍ നാമും മറ്റൊരു നിര്‍ജ്ജീവ കൂട്ടമായി തീരും.
പഴയനിയമത്തില്‍ എപ്പോഴും പുറമെയുള്ള കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. “അവരുടെ ഹൃദയ കാഠിന്യം നിമിത്തം” (മത്തായി 19:8). ന്യായപ്രമാണം പുറമെയുള്ള ശുദ്ധിക്കാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ പുതിയനിയമത്തില്‍ “പാത്രത്തിന്റെ അകം” ശുദ്ധിയാക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്(മത്തായി 23:25,26). ഇരുപത്തിയാറാം വാക്യത്തില്‍ യേശു പറഞ്ഞു; അകം ശുദ്ധിയാക്കിയാല്‍ പുറം തന്നെ ശുദ്ധിയായിക്കൊള്ളും, അതിനാല്‍ പുറം ശുദ്ധിയാക്കെണ്ടതില്ല – മത്തായി 5:21-30 ല്‍ ഇത് വ്യക്തമായി കാണാം. ഒരുവന്‍ തന്റെ ഹൃദയത്തില്‍ നിന്നും കോപം കളഞ്ഞു ശുദ്ധമായാല്‍ പിന്നെ കൊലപാതകമെന്ന പുറമെയുള്ള കാര്യം ചെയ്യുമെന്ന് ഭയപ്പെടേണ്ട. അതുപോലെ തന്നെ അയാള്‍ ലൈംഗീകമായ ദുഷ്ച്ചിന്തകള്‍ കളഞ്ഞു ഹൃദയത്തെ ശുദ്ധീകരിച്ചാല്‍ പിന്നെ ഒരിക്കലും വ്യഭിചാരത്തെ കുറിച്ച് ഭയപ്പെടേണ്ട. പാത്രത്തിന്റെ അകം ശുദ്ധിയാക്കുക, പുറം തനിയെ ശുദ്ധമായിക്കൊള്ളും.
സിനിമ കാണരുത്, പുക വലിക്കരുത്, മദ്യപിക്കരുത്,ചൂത് കളിക്കരുത്, ആഭരണങ്ങള്‍ ധരിക്കരുത് എന്നിങ്ങനെ പുറമെയുള്ള കാര്യങ്ങള്‍ക്കാണ് സഭയില്‍ പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ അത്തരമൊരു സഭ പഴയ നിയമ സഭ മാത്രമായിരിക്കും. പുറമെയുള്ള ദുഷ്പ്രവൃത്തികള്‍ ഒഴിവാക്കുന്നതിനു, അവയെ നേരിടുന്നതിനു പകരം ആദ്യം അത്തരം പ്രവൃത്തികള്‍ക്ക് കാരണമായ ആന്തരീക ലൌകീക മനോഭാവത്തെ നേരിടുകയാണ് വേണ്ടത്.
സ്വയം വിധിക്കാതെ ആന്തരീക ശുദ്ധീകരണം നടക്കുന്നില്ല. ആന്തരീക വിശുദ്ധിയെ കുറിച്ച് നിരന്തരം പ്രസംഗിക്കാതെ ഒരു സഭ പണിയുക അസാദ്ധ്യമാണ്. പാപത്തിന്റെ ചതിയില്‍ പെട്ട് കഠിനമാകാതിരിക്കുവാന്‍ നാള്‍തോറും അന്യോന്യം പ്രബോധിപ്പിക്കുവാനാണ് വേദപുസ്തകം പറയുന്നത്(എബ്രാ.3:13, 10 :25). മിക്ക ക്രിസ്തീയ സഭകള്‍ക്കും ഇത്തരം പ്രസംഗത്തില്‍ താല്പര്യമില്ല. വല്ലപ്പോഴും ഒരു പക്ഷെ പ്രസംഗിച്ചെക്കാം, എന്നാല്‍ ദിനംതോറും ഒരിക്കലും ഇല്ല. അതിനാല്‍ പുറം മാത്രം ശുദ്ധീകരിക്കുന്ന പരീശന്മാരെ ആണ് അവര്‍ സൃഷ്ടിക്കുക. ഇവിടെ കര്‍ത്താവിന്റെ മണവാട്ടി വ്യത്യസ്തയായിരിക്കണം.