ജയജീവിതത്തിലേക്കുള്ള പ്രവേശനം – WFTW 03 ജനുവരി 2016

സാക് പുന്നന്‍

   Read PDF version

യഹോവ യോശുവയോട് അരുളിച്ചെയ്തത് അവന്റെ കാല്‍ പതിക്കുന്ന സ്ഥലമൊക്കെയും അവനു കൊടുക്കുമെന്നും (യോശുവ 1:3). അവന്റെ ജീവകാലത്തൊരിക്കലും ഒരുത്തനും അവന്റെ നേരെ നില്ക്കുകയില്ല എന്നുമാണ് (യോശുവ 1:5). ഇത് റോമര്‍ 6:14ല്‍ നമുക്കു നല്‍കിയിരിക്കുന്ന പുതിയ നിയമ വാഗ്ദാനത്തിന് പ്രതീകാത്മകമായിട്ടുള്ളതാണ്. ‘നിങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രെ അധീനരാകയാല്‍ പാപത്തിന് ഇനി നിങ്ങളുടെ മേല്‍ അധികാരം ഉണ്ടായിരിക്കുകയില്ല.’ കനാന്‍ ദേശം കഴിഞ്ഞ നാളുകളില്‍ അനേകം അനാക്യ മല്ലന്മാരാല്‍ ഭരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരെല്ലാം തോല്‍പിക്കപ്പെടും. ഒരൊറ്റ പാപത്തിനുപോലും (അതെത്ര ശക്തമായാലും) നമ്മെ ജയിക്കുവാന്‍ കഴിയുകയില്ല. അതാണ് നമുക്കു വേണ്ടിയുള്ള ദൈവത്തിന്റെ ഇഷ്ടം. എന്നാല്‍ യോശുവ വാസ്തവത്തില്‍ ആ പ്രദേശത്തിന്റെ ഒരു ഭാഗത്ത് അവന്റെ പാദം വച്ച് യഹോവയുടെ നാമത്തില്‍ അത് അവകാശപ്പെടേണ്ടിയിരുന്നു. അപ്പോള്‍ മാത്രമേ അത് അവന്റേതാകുമായിരുന്നുള്ളു. നമുക്കും അത് അങ്ങനെ തന്നെയാണ്. നാം നമ്മുടെ പിതൃസ്വത്തു വിശ്വാസത്താല്‍ അവകാശപ്പെടണം. നാം ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ നമ്മുടേതായി മുറുകെ പിടിക്കുന്നില്ലെങ്കില്‍, അതൊരിക്കലും നമ്മുടെ ജീവിതങ്ങളില്‍ നിറവേറപ്പെടുകയില്ല.

യഹോവ യോശുവയോടു പറഞ്ഞു: ‘ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക. എന്റെ ദാസനായ മോശെ നിനക്കു തന്ന ന്യായപ്രമാണമൊക്കെയും പാലിക്കുവാന്‍ ശ്രദ്ധിക്കുക. നീ ചെല്ലുന്നിടത്തൊക്കെയും വിജയം വരിക്കേണ്ടതിന് അതു വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്’ (യോശുവ 1:7). ‘പാപം നിങ്ങളുടെ മേല്‍ കര്‍തൃത്വം നടത്തുകയില്ല’ എന്ന് (റോമ. 6;14) ദൈവവചനം പറയുന്നെങ്കില്‍ അതു വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുക. ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. അതിന്റെ അര്‍ത്ഥം: ആ വാഗ്ദാനത്തിന്റെ വിശാലത കുറയ്ക്കരുത് എന്നാണ്. ചില പാപങ്ങള്‍ മാത്രം ഉള്‍ക്കൊള്ളത്തക്ക വിധം അതിനെ ചെറുതാക്കരുത്. അതേസമയം തന്നെ, അതു പറയുന്നതിനെക്കാള്‍ കൂടുതല്‍ അര്‍ത്ഥമാക്കുകയും ചെയ്യരുത്. ഈ ഭൂമിയില്‍ നമുക്കു ക്രിസ്തു ആയിരുന്നതുപോലെ പൂര്‍ണ്ണനാകാന്‍ കഴിയും എന്നു നാം പറയരുത്. ഈ ഭൂമിയില്‍ നമുക്കു പാപരഹിതമായ പൂര്‍ണ്ണത ഉള്ളവരാകാന്‍ കഴിയുകയില്ല. ആ വാഗ്ദാനം പറയുന്നത് അതല്ല. നമുക്കു പാപമെന്ന് അറിയാവുന്ന (ബോധപൂര്‍വ്വമായ പാപം) പാപങ്ങളുടെ മേലുള്ള വിജയത്തെപ്പറ്റിയാണ് അത് പരാമര്‍ശിക്കുന്നത്. നമുക്കു പൂര്‍ണ്ണമായി ക്രിസ്തുവിനെപ്പോലെ ആകാന്‍ കഴിയുന്നത് അവിടുന്നു മടങ്ങി വരുമ്പോഴാണ്. 1 യോഹന്നാന്‍ 3:2 ഈ കാര്യത്തില്‍ വളരെ വ്യക്തത തരുന്നു. അതുകൊണ്ടു നാം വചനത്തിന് അപ്പുറം പോകാതിരിക്കാം. അതുപോലെ വചനം വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ കുറച്ചു വിശ്വസിക്കാതെയുമിരിക്കാം.

ക്രിസ്തുവിനെപ്പോലെ ആയിത്തീരുന്നതിനെ കനാന്‍ ദേശം മുഴുവന്‍ കൈവശമാക്കുന്നതിനോട് അല്ലെങ്കില്‍ വളരെ ഉയരമുള്ള ഒരു പര്‍വ്വതം കയറുന്നതിനോട് ഉപമിക്കാം. നാം മാനസാന്തരപ്പെടുമ്പോള്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും നമ്മുടെ കഴിഞ്ഞ കാലം മായ്ക്ക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോഴും നാം പല പാപങ്ങളാലും അടിമകളാക്കപ്പെട്ടിരിക്കുന്നു. അതിനെ, നാം ഈ പര്‍വ്വതത്തിന്റെ ചുവട്ടിലേക്കു വരുന്നതിനോടു താരതമ്യം ചെയ്യാം. പിന്നീടു നാം ഈ പര്‍വ്വതം കയറുവാന്‍ ആരംഭിക്കുന്നു. പര്‍വ്വതത്തിന്റെ മുകള്‍ ഭാഗം എന്നതു ക്രിസ്തുവിനോടുള്ള പൂര്‍ണ്ണമായ സദൃശമാണ്. ക്രിസ്തു മടങ്ങി വരുമ്പോള്‍ മാത്രമേ നാം അവിടെ എത്തിച്ചേരുകയുള്ളു. എന്നാല്‍ നാം ആ പര്‍വ്വതത്തിന്റെ ചുവട്ടില്‍ പാപത്താല്‍ തോല്‍പ്പിക്കപ്പെട്ട് എന്നന്നേക്കുമായി നില്‍ക്കേണ്ട ആവശ്യമില്ല. വേദപുസ്തകം പറയുന്നു: ‘നമുക്കു പൂര്‍ണ്ണതയിലേക്ക് ആയാം (എബ്രാ. 6:1). 2 കൊരിന്ത്യര്‍ 7ല്‍ നാം പ്രബോധിപ്പിക്കപ്പെടുന്നത് ‘ദൈവഭയത്തില്‍ വിശുദ്ധിയെ തികയ്ക്കു’വാനാണ്.

‘പൂര്‍ണ്ണത എന്ന വാക്കിനെ നാം ഭയപ്പെടരുത്. നാം അതിലേക്കായണം. പൗലൊസ് തന്റെ ജീവിതാവസാനത്തോടടുത്തപ്പോള്‍ പറഞ്ഞു, ‘ഞാന്‍ ഇതുവരെ മുകളില്‍ എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ മുന്നോട്ട് ആഞ്ഞുകൊണ്ടിരിക്കുന്നു’ (ഫിലി. 3:1214). കര്‍ത്താവ് ഇപ്പോള്‍ നമ്മില്‍ അധികം പേരോടും പറഞ്ഞുകൊണ്ടിരിക്കുന്നത്, ‘നിങ്ങള്‍ ഈ പര്‍വ്വതത്തിന്റെ ചുവട്ടില്‍ വേണ്ടുവോളം പാര്‍ത്തുകഴിഞ്ഞു. ഇനി ഇപ്പോള്‍ അതു കയറുക. മുന്നോട്ടായുക.’ അതുകൊണ്ട് നാം ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്.

‘ഈ ന്യായപ്രമാണപുസ്തകം നിന്റെ വായില്‍ നിന്നു നീങ്ങിപ്പോകരുത്’ (യോശുവ 1:8). ദൈവവചനം നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കണം. അതു നമ്മുടെ വായിലും ഉണ്ടായിരിക്കേണ്ടതാവശ്യമുണ്ട്. നാം ദൈവവചനത്തിലെ വാഗ്ദാനങ്ങള്‍ വായ്‌കൊണ്ട് ഏറ്റുപറയണം. തങ്ങള്‍ മോഹിക്കുന്ന കാര്യങ്ങളാണ് അവര്‍ ഏറ്റു പറയുന്നത് എന്നതാണ് ഇന്നു മിക്ക ക്രിസ്ത്യാനികള്‍ക്കുമുള്ള പ്രയാസം. അവര്‍ പറയുന്നത്, ‘എനിക്കൊരു വലിയ വീടു ലഭിക്കുമെന്നു ഞാന്‍ ഏറ്റു പറയുന്നു. എനിക്കു കുറച്ചുകൂടി നല്ല ഒരു ജോലി ലഭിക്കുമെന്നു ഞാന്‍ ഏറ്റു പറയുന്നു. എനിക്കു ഒരു നല്ല കാര്‍ ലഭിക്കുമെന്നു ഞാന്‍ ഏറ്റു പറയുന്നു’!! അതൊക്കെ ഏറ്റു പറയുന്നതിനു പകരം, നമുക്കു ദൈവവചനം ഏറ്റു പറയാം: ‘കര്‍ത്താവേ, ഞാന്‍ എന്റെ കോപത്തെ ജയിക്കുമെന്നു ഞാന്‍ ഏറ്റു പറയുന്നു. എന്റെ കണ്ണുകൊണ്ടു മോഹിക്കുന്നതിനെ പൂര്‍ണ്ണമായി ജയിക്കുമെന്നു ഞാന്‍ ഏറ്റു പറയുന്നു. പണസ്‌നേഹത്തെ ജയിക്കുമെന്നു ഞാന്‍ ഏറ്റു പറയുന്നു.’ നാം നമ്മുടെ വായ്‌കൊണ്ട് ഏറ്റു പറയുന്ന കാര്യങ്ങള്‍ ഇവ ആയിരിക്കണം. എന്നാല്‍ നാം ഇവയൊന്നും ഏറ്റു പറയുവാന്‍ പിശാച് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവന്‍ നമ്മെക്കൊണ്ട് ഭൗതീക കാര്യങ്ങളോടുള്ള മോഹം ഏറ്റു പറയിക്കുന്നു.

ഭൗതിക കാര്യങ്ങളില്‍ താല്‍പര്യമുള്ളവരെ ചേര്‍ത്തു സഭ പണിയുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. സ്വര്‍ഗ്ഗീയ കാര്യങ്ങളിലും, ദൈവഭക്തിയുള്ള ഒരു ജീവിതത്തിലും താല്‍പര്യപ്പെടുന്നവരെ കൊണ്ടു മാത്രമേ നിങ്ങള്‍ക്കു സഭ പണിയുവാന്‍ കഴിയുകയുള്ളു. ഭൗതിക അഭിവൃദ്ധി ആളുകള്‍ക്കു വാഗ്ദാനം ചെയ്തു തെറ്റായ രീതിയിലുള്ള ആളുകളെ നിങ്ങളുടെ സഭയിലേക്ക് ആകര്‍ഷിക്കരുത്. ദൈവം നിങ്ങള്‍ക്ക് ഒരു വീടോ കാറോ തരുമെന്നു ദൈവചനം നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്നുണ്ടോ? ഇല്ല. ദൈവവചനം വാഗ്ദാനം ചെയ്യുന്നത് നിങ്ങള്‍ക്കു പാപത്തെ ജയിക്കാന്‍ കഴിയുമെന്നാണ്. കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുന്ന ഒരു ജീവിതത്തിലേക്കു നിങ്ങള്‍ക്കു വരാന്‍ കഴിയുമെന്നാണ് ഒരു ദിവസത്തിന്റെ 24 മണിക്കൂറും നിരാശപ്പെടാതെ, നിരുത്സാഹപ്പെടാതെ, അല്ലെങ്കില്‍ പരാജയപ്പെടാതെ എല്ലായ്‌പ്പോഴും ജയോത്സവമായി, എപ്പോഴും സന്തോഷിക്കുന്ന എല്ലായ്‌പോഴും എല്ലാ കാര്യങ്ങള്‍ക്കും, എല്ലാ ആളുകള്‍ക്കും വേണ്ടി നന്ദി പറയുന്ന ഒരു ജീവിതം. ഇതാണ് വേദപുസ്തകം വാഗ്ദാനം ചെയ്യുന്ന പുതിയ നിയമ ജീവിതം (പാലും തേനും ഒഴുകുന്ന കനാന്‍ ദേശം). അതു ഏറ്റു പറഞ്ഞിട്ടു പറയുക ‘കര്‍ത്താവേ എന്റെ എല്ലാ നാളുകളിലും ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത് ഈ ജീവിതമാണ്.’

ഈ ജീവിതമാണ് ഞാന്‍ ജീവിക്കുവാന്‍ ആഗ്രഹിച്ചത്, ഞാന്‍ ഒരു യുവ ക്രിസ്ത്യാനി ആയിരുന്നപ്പോള്‍ ബൈബിള്‍ എനിക്കു വാഗ്ദാനം ചെയ്തത് എന്താണെന്നു ഞാന്‍ കണ്ടു. എന്നാല്‍ ഞാന്‍ എനിക്കു ചുറ്റുപാടുമുള്ള ക്രിസ്തീയ നേതാക്കളെ നോക്കിയപ്പോള്‍, അവര്‍ പാപത്താല്‍ പരാജിതരായാണ് ഞാന്‍ കണ്ടത്. അതുകൊണ്ടു ഞാന്‍ പറഞ്ഞു, ‘കര്‍ത്താവേ എനിക്ക് അവരെ വിധിക്കണ്ട. അതെന്റെ കാര്യമല്ല. എന്നാല്‍ അവരെ എന്റെ മാതൃകയായി കാണാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ദൈവവചനത്തിലേക്കു മാത്രം നോക്കുവാന്‍ ആഗ്രഹിക്കുന്നു. എന്റെ ഏക മാതൃകയായി യേശുവിനെ മാത്രം നോക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ഒരു വിശ്വാസി എന്ന നിലയില്‍ അനേക വര്‍ഷങ്ങളായി ഞാന്‍ പരാജിതനായിരുന്നു. എന്നാല്‍ ഒരിക്കല്‍ ക്രിസ്തുവിലുള്ള എന്റെ അവകാശം ഞാന്‍ കണ്ടു, വചനത്തിലുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ ഏറ്റു പറയുന്നത് ഞാന്‍ തുടര്‍ന്നു കൊണ്ടിരുന്നു അത് എനിക്കു സ്ഥിരമായ സന്തോഷത്തിന്റെയും സ്ഥരിമായ വിജയത്തിന്റെയും ജീവിതം വാഗ്ദാനം ചെയ്തു. ദൈവം ഒടുവില്‍ എനിക്ക് എന്റെ ഹൃദയത്തിന്റെ ആഗ്രഹം എനിക്കു നല്‍കി. അങ്ങനെയാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. എന്റെ ജീവിതാന്ത്യം വരെയും ഞാന്‍ ജീവിക്കാനാഗ്രഹിക്കുന്നതും അങ്ങനെ തന്നെയാണ്.

അതുകൊണ്ടു ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ നിന്റെ വായില്‍ നിന്നു നീങ്ങിപ്പോകരുത്. നിങ്ങള്‍ ഈ സന്ദേശം പ്രസംഗിക്കുകയാണെങ്കില്‍, പ്രശസ്തി അന്വേഷിക്കുന്ന പ്രസംഗകരുടെ ഇടയില്‍ ദൈവത്തിനു വേണ്ടിയുള്ള ഏക ശബ്ദമായി നിങ്ങള്‍ നിങ്ങളെ തന്നെ ഇടയ്ക്കിടയ്ക്കു കാണും. നിരുത്സാഹപ്പെടരുത്. ദൈവം അവസാനത്തോളവും നിന്റെ കൂടെ തന്നെ നില്‍ക്കും.

യോശുവയോടു കല്പിച്ചത് രാവും പകലും ദൈവത്തിന്റെ വചനം ധ്യാനിക്കുവാനാണ്. ജാതികളുടെ ആവശ്യത്തെക്കുറിച്ചു ധ്യാനിക്കുവാനല്ല. അതു ധ്യാനിക്കുവാന്‍ കൊള്ളാവുന്ന ഒരു നല്ല കാര്യമായി തോന്നിയേക്കാം. എന്നാല്‍ രാവും പകലും ദൈവവചനം നിങ്ങള്‍ ധ്യാനിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ആ ജാതികളെ സഹായിക്കാന്‍ കഴിയുകയില്ല. ദൈവം യോശുവയ്ക്കു സമൃദ്ധിയും വിജയവും വാഗ്ദാനം ചെയ്തത്, അവന്‍ വാസ്തവമായി അതു ചെയ്യുമെങ്കില്‍ ആണ് (യോശു. 1:8). യഥാര്‍ത്ഥമായ ‘സമൃദ്ധിയുടെ സുവിശേഷം’ എന്നത് നമ്മുടെ ജീവിതം സ്വര്‍ഗ്ഗീയവും ആത്മീകവുമായി സമൃദ്ധിയുള്ളതും വിജയകരവും ആകുന്ന ഒരിടമാണ്. ഈ ലോകത്തിലുള്ള ഓരോരുത്തരും അന്വേഷിക്കുന്ന രണ്ടു കാര്യങ്ങളാണ് സമൃദ്ധിയും വിജയവും. എന്നാല്‍ അവരത് ദൈവം യോശുവയോട് (യോശുവ 1:8) പറയുന്ന വിധത്തില്‍ അന്വേഷിക്കുന്നില്ല.

What’s New?