ക്രിസ്തുവിന്റെ ശരീരത്തില്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട വൈവിധ്യം ഉണ്ട് – WFTW 10 ജനുവരി 2016

സാക് പുന്നന്‍

   Read PDF version

ഈ ലോകത്തിന് ക്രിസ്തുവിന്റെ സന്തുലിതമായ ഒരു ചിത്രം പ്രദര്‍ശിപ്പിക്കുവാനായി ദൈവം നമ്മുടെ വ്യത്യസ്ഥങ്ങളായ പ്രകൃതി ഗുണങ്ങളും കഴിവുകളും ഉപയോഗിക്കുന്നു. നമ്മില്‍ ഓരോരുത്തര്‍ക്കും നമ്മളാല്‍ തന്നെ ഏറ്റവും നന്നായി ചെയ്താലും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നത് ക്രിസ്തുവിന്റെ വളച്ചൊടിക്കപ്പെട്ടതും അസന്തുലിതമായതുമായ ഒരു ചിത്രം മാത്രമായിരിക്കും. ഏതൊരാളിന്റെയും ഒറ്റയ്ക്കുള്ള ശുശ്രൂഷയ്ക്ക് ഉളവാക്കാന്‍ കഴിയുന്നത് അസന്തുലിത ക്രിസ്ത്യാനികളെ ആയിരിക്കും.

വ്യത്യസ്തമായ പ്രവര്‍ത്തന തീവ്രതയും പ്രകൃതി ഗുണങ്ങളുമുള്ള മറ്റുള്ളവര്‍ ഈ സഭയാകുന്ന ശരീരത്തിലുണ്ട് എന്നതില്‍ നാം എത്ര നന്ദിയുള്ളവരായിരിക്കണം. ഉദാഹരണത്തിന്, ഒരേ കൂട്ടം വിശ്വാസികളെ രണ്ടു സഹോദരന്മാര്‍ ശുശ്രൂഷിക്കുകയും, ഒരാളുടെ ഊന്നല്‍ ‘നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ അമിതമായ ഉറപ്പു നിങ്ങള്‍ക്കുണ്ടാകരുത്, കാരണം നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരിക്കാം’ എന്നും, മറ്റേ സഹോദരന്റെ ഊന്നല്‍, ‘നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പാക്കുക’ എന്നും ആണെങ്കില്‍, ഉപരിതലത്തില്‍ അവര്‍ പരസ്പരം വിരുദ്ധമായിരിക്കുന്നതായി തോന്നാം. എന്നാല്‍ ഈ രണ്ട് ഊന്നലുകളും ആവശ്യമാണ് കാരണം അവരുടെ ശുശ്രൂഷകള്‍ അന്യോന്യം പുരകങ്ങളാകാന്‍ കഴിയും. ക്രിസ്തുവിന്റെ ശരീരത്തില്‍ നമുക്ക് ഒരുമിച്ചും പ്രവര്‍ത്തിക്കുന്ന ‘കാല്‍വനിസ്റ്റു’കളും ‘അര്‍മീനിയനു’കളും ഉണ്ടാകുവാന്‍ കഴിയും. ഓരോരുത്തരും അവരവരുടെ പ്രത്യേകമായ ഊന്നലുകള്‍ മുന്നോട്ടു കൊണ്ടുവരുന്നു കാരണം ഈ രണ്ടു കാഴ്ചപ്പാടുകളും വേദപുസ്തകത്തില്‍ ഉണ്ട്. ചാള്‍സ് സൈമണ്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ‘സത്യം മദ്ധ്യത്തിലല്ല, ഒരറ്റത്തുമല്ല, എന്നാല്‍ രണ്ട് അറ്റങ്ങളിലുമാണ്.’ അതുകൊണ്ടു രണ്ട് അറ്റങ്ങളും പ്രദര്‍ശിപ്പിക്കുന്ന ആളുകളെ നമുക്കാവശ്യമുണ്ട്.

എല്ലാവരോടും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും അതുപോലെ ലജ്ജാലുക്കളായവര്‍ക്കും ഇവിടെ ഇടം ഉണ്ട്. വ്യത്യസ്ത പ്രകൃതി ഗുണങ്ങള്‍ക്ക് അന്യോന്യം പൂരകങ്ങളായിരിക്കാന്‍ കഴിയും. ചില ആളുകള്‍ അമിത സൂക്ഷ്മതയുള്ളവരായിരിക്കും. വളരെ ഗാഡമായ പര്യാലോചന കൂടാതെ ഒരിക്കലും ഒരു ചുവടു വയ്ക്കാത്തവര്‍, വരും വരായ്കകളെ തൂക്കി നോക്കിയിട്ടു നീങ്ങണോ വേണ്ടയോ എന്നു വളരെ നാള്‍ ആലോചിക്കുന്നവരാണവര്‍. മറ്റുള്ളവര്‍ കൂടുതല്‍ സ്വതന്ത്രരാണ്, ശ്രദ്ധയില്ലാതെ അനന്തര ഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാതെ ആകാംക്ഷയോടെ മുന്നോട്ടു പായുന്നവരാണവര്‍. ഈ രണ്ടു തരങ്ങളിലുള്ളവരും (മറ്റു തരത്തിലുള്ളവരും) ക്രിസ്തുവിന്റെ ശരീരത്തില്‍ കാണപ്പെടുന്നതു കൊണ്ട്, അവിടെ ഒരു സന്തുലനം ഉണ്ട്. ക്രിസ്തുവിന്റെ ശരീരത്തില്‍ ശങ്കയുള്ളവരായ, ആഴത്തില്‍ ചിന്തിക്കുന്ന വ്യക്തിത്വങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍, അതിന്റെ പരോഗതി വളരെ സാവധാനത്തിലേ ഉണ്ടാകുകയുള്ളു. അതിനു വിപരീതമായി ഈ ശരീരത്തില്‍ എടുത്തു ചാട്ടക്കാരായ ഉത്സാഹ ഭരിതന്മാര്‍ മാത്രമാണുള്ളതെങ്കില്‍ അവിടെ വളരെയധികം പൂര്‍ത്തീകരിക്കപ്പെടാത്ത പദ്ധതികള്‍ ഉണ്ടായിരിക്കും.

ഓരോ പ്രകൃതി ഗുണത്തിനും അതിന്റേതായ ശക്തിയും ബലഹീനതകളും ഉണ്ട്. വിവിധ പ്രകൃതി ഗുണങ്ങളോടു കൂടിയ വൈവിധ്യമാര്‍ന്ന ഒരു ജനം, ക്രിസ്ത്യാനികളായി ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് ക്രിസ്തുവിന്റെ കൂടുതല്‍ പൂര്‍ണ്ണതയുള്ളതും കൃത്യതയുള്ളതുമായ ഒരു ചിത്രം ലോകത്തിനു കാഴ്ചവയക്കുവാന്‍ കഴിയും. അതുകൊണ്ട് ഈ ശരീരത്തിലുള്ള ഓരോരുത്തരെയും നമ്മെപ്പോലെ ആക്കാന്‍ ശ്രമിച്ചു നമ്മുടെ സമയം നഷ്ടപ്പെടുത്തരുത്. ഓരോരുത്തരും അവരവര്‍ തന്നെ ആയിരിക്കാന്‍ നാം അനുവദിക്കണം. നമ്മുടെ ശക്തികള്‍ കൊണ്ട് വേറൊരാളിന്റെ ബലഹീനതകളെ എങ്ങനെ താങ്ങാന്‍ കഴിയും എന്നതിലായിരിക്കണം നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. തിരിച്ച് അവന്റെ ശക്തിക്കു നമ്മുടെ ബലഹീനതകളെ താങ്ങാന്‍ കഴിയണം. പത്രൊസും യോഹന്നാനും (വിവിധ പ്രകൃതി ഗുണങ്ങളുള്ള പുരുഷന്മാര്‍) ഒരുമിച്ചു പ്രവര്‍ത്തിച്ചതുകൊണ്ട്, അവര്‍ക്കു തന്നെത്താന്‍ എക്കാലവും ചെയ്യാന്‍ കഴിയുമായിരുന്നതിനെക്കാള്‍ അധികം മഹത്വം ദൈവത്തിനു കൊണ്ടുവരുവാന്‍ അവര്‍ക്കു കഴിഞ്ഞു. പൗലൊസും തിമൊഥെയോസും തങ്ങളുടെ പ്രകൃതത്തില്‍ വിസ്മയാവഹമാം വിധം വ്യത്യസ്തരായിരുന്നവര്‍ എന്നിട്ടും സുവിശേഷത്തിനു വേണ്ടി അദ്ധ്വാനിക്കുവാനും ശക്തിയുള്ള ഒരു ടീം രൂപപ്പെടുത്തുവാനും അവര്‍ക്കു കഴിഞ്ഞു.

അത്യുജ്വലമായ ബുദ്ധിയുള്ളവരും അതേസമയം തന്നെ സാധാരണമായ കഴിവുകള്‍ മാത്രമുള്ള മനസ്സുകളും സഭയില്‍ ഉണ്ട്. സ്വാഭാവികമായി, ദൈവത്തിന്റെ സത്യത്തിന്റെ അവരുടെ അവതരണം വ്യത്യസ്തമായിരിക്കും. എന്നാല്‍ ഒരു തരത്തില്‍ ഉള്ളവര്‍ മറ്റുള്ളവരെ നിന്ദിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. കാരണം ബുദ്ധിയുള്ളവരും ബുദ്ധിഹീനരും തത്വചിന്തകന്മാരും, വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും കര്‍ഷകരും മറ്റുള്ളവരും ഉള്ള ഒരു ലോകത്തിന് സുവിശേഷം നല്‍കുവാന്‍ ഈ രണ്ടു കൂട്ടരെയും ക്രിസ്തുവിന്റെ ശരീരത്തില്‍ ആവശ്യമുണ്ട്. ദൈവത്തിനു തന്റെ വേലയ്ക്കായി പൗലൊസിനെപ്പോലെ ഒരു പ്രതിഭാശാലിയും പണ്ഡിതനുമായ ഒരാളിനെയും അതുപോലെ തന്നെ പത്രൊസിനെപ്പോലെ പഠിപ്പില്ലാത്ത മുക്കുവനെയും ആവശ്യമുണ്ടായിരുന്നു. അവര്‍ക്ക് ഒരേ സുവിശേഷം പ്രസംഗിക്കുന്നതിന് വ്യത്യസ്ത രീതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും ഒരു പ്രത്യേക പങ്കു ചെയ്യാനുണ്ടായിരുന്നു. അവരിലാര്‍ക്കും തന്നെ ദൈവം മറ്റെ ആളിലൂടെ ചെയ്ത വേല ഇത്ര നിപുണമായി ചെയ്യുവാന്‍ കഴിയുമായിരുന്നില്ല.

മാനസാന്തരം ഒരു മനുഷ്യന്റെ ബുദ്ധിപരമായ കഴിവുകളെ വ്യത്യാസപ്പെടുത്തുന്നില്ല. അത് അവന്റെ സാമൂഹ്യ സ്ഥിതിയെ മാറ്റുവാനും അവനെ നിര്‍ബന്ധിക്കുന്നില്ല. സാമൂഹ്യമായ പ്രത്യേകതകള്‍ എല്ലാം ക്രിസ്തുവില്‍ അപ്രസക്തമായി തീരുന്നു എങ്കിലും, സുവിശേഷം ഈ ഭൂമിയിലുള്ള സമൂഹത്തിന്റെ ഭിന്ന ജാതീയ സ്വഭാവത്തെ തുടച്ചു മാറ്റുന്നില്ല. ദൈവത്തിനു ഫിലെമോനെപ്പോലെ ധനവാനായ ആരു മനുഷ്യന്റെയും അതുപോലെ തന്നെ ഫിലെമോന്റെ വീട്ടില്‍ ദാസനായിരുന്ന ഒനേസിമോസിനെപ്പോലെ ഒരുവന്റെയും ആവശ്യമുണ്ടായിരുന്നു. അവരുടെ സാമൂഹിക നിലയും ജീവിത നിലവാരങ്ങളും മാറ്റമില്ലാതെ നിലനിന്നു. എന്നാല്‍ അവരില്‍ ഓരോരുത്തര്‍ക്കും, ക്രിസ്തുവിന്റെ ശരീരം പണിയുന്നതില്‍, മറ്റെയാള്‍ക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത ഒരു പ്രത്യേക സംഭാവന ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഒരുമിച്ചു സുവിശേഷത്തില്‍ അദ്ധ്വാനിക്കാന്‍ കഴിഞ്ഞു.

ഒരു ഫാക്ടറിയില്‍ നിന്നു പുറത്തു വിടുന്ന മോട്ടോര്‍ കാറുകളെപ്പോലെ ക്രിസ്തുവിന്റെ ശരീരം കൃത്യമായി എല്ലാ വിധത്തിലും ഒരുപോലെയുള്ള ആളുകളെ കൊണ്ട് നിറഞ്ഞിരിക്കണമെന്നു ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ആ ശരീരത്തിന്റെ തനതായ ശുശ്രൂഷ ആശ്രയിച്ചിരിക്കുന്നത് അതിലെ അംഗങ്ങളുടെ വൈവിധ്യത്തിന്മേലാണ്. എല്ലാവരും ഒരുപോലെ ആയിരുന്നെങ്കില്‍ അവിടെ മുരടിപ്പും ആത്മീയ മരണവും ഉണ്ടാകുമായിരുന്നു. നാം തമ്മിലുള്ള ഭിന്നാഭിപ്രായങ്ങള്‍ പോലും നമ്മുടെ കൂട്ടായ്മയുടെ ആഴം വര്‍ദ്ധിപ്പിക്കുവാനും നമ്മെ ആത്മീയ പക്വതയിലേക്കു നയിക്കുവാനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെടാന്‍ കഴിയും. സദൃശവാക്യങ്ങള്‍ 27:18 (റ്റി.എല്‍.ബി) പറയുന്നത് ‘ഇരുമ്പ് കൊണ്ട് ഇരുമ്പിനെ അടിക്കുമ്പോള്‍ പാറുന്ന തീപ്പൊരികള്‍ പോലെ ഉത്തേജകമാണ് സൗഹൃദപരമായ ഒരു ചര്‍ച്ച.’ അവിടെ തീപ്പൊരികള്‍ ഉണ്ടാകും. എന്നാല്‍ ഇരുമ്പിന്റെ രണ്ടു കഷണങ്ങളും മൂര്‍ച്ചയുള്ളതായി തീരുന്നു.

ചില സമയങ്ങളില്‍ ദൈവം വ്യത്യസ്ത പ്രകൃതി ഗുണങ്ങളുള്ളവരെ ഒരുമിച്ചു തന്റെ വേലയ്ക്ക് ആക്കി വയ്ക്കുന്നു. അതിനു ശേഷം അവര്‍ ഒരുമിച്ച് അദ്ധ്വാനിക്കുമ്പോള്‍, അവരുടെ ഇടിയില്‍ തീപ്പൊരി പാറിയേക്കാം. എന്നാല്‍ അത് അവര്‍ക്കു മൂര്‍ച്ച കൂട്ടാന്‍ വേണ്ടിയുള്ള ദൈവത്തിന്റെ വഴി ആയിരിക്കാം. ഒരു വ്യക്തി ഇരുമ്പു പോലെയും മറ്റെയാള്‍ കളിമണ്ണു പോലെയും ആണെങ്കില്‍ അവിടെ ഒരു തീപ്പൊരിയും ഉണ്ടായിരിക്കുകയില്ല. മൂര്‍ച്ച കൂട്ടലും ഉണ്ടായിരിക്കുയില്ല. അതിനു പകരം കളിമണ്ണില്‍ ഇരുമ്പിന്റെ ഒരു മുദ്ര പതിഞ്ഞിരിക്കും ശക്തമായ ഇഛാശക്തിയുള്ള വ്യക്തിയുടെ അഭിപ്രായം ബലഹീനമായ ഇഛാശക്തിയുള്ളവന്റെ മേല്‍ അടിച്ചേല്‍പിക്കുപ്പെടുന്നു, എങ്ങനെ ആയിരുന്നാലും ദൈവത്തിന്റെ ഹിതം ഒരാള്‍ തന്റെ കാഴ്ചപ്പാടുകള്‍ മറ്റൊരാളിന്റെ മേല്‍ അടിച്ചേല്‍പിക്കുവാനല്ല. എന്നാല്‍ രണ്ടു പേരും പരസ്പരം മറ്റേ ആളില്‍ നിന്നു പഠിക്കണമെന്നതാണ്. നമുക്കു വിയോജിക്കാം. എങ്കിലും അപ്പോഴും നമുക്ക് ഒന്നായിരിക്കാം. അപ്പോഴും നമുക്ക് അന്യോന്യം സ്‌നേഹിക്കാം എന്നു മാത്രമല്ല, നമുക്കു മുമ്പ് ആയിരുന്നതിനേക്കാള്‍ കൂടുതല്‍ ആഴത്തില്‍ ഇപ്പോള്‍ അന്യോന്യം സ്‌നേഹിക്കാം.