പഴയ ഉടമ്പടിയുടെ ദാസനും പുതിയ ഉടമ്പടിയുടെ ദാസനും തമ്മിലുള്ള വ്യത്യാസം – WFTW 06 ഡിസംബർ 2015

സാക് പുന്നന്‍

   Read PDF version

2 കൊരിന്ത്യര്‍ 3 അധ്യായത്തില്‍ പൗലൊസ് ഒരു പുതിയ ഉടമ്പടി ശുശ്രൂഷകനെക്കുറിച്ചു പറയുന്നു. ഒരു പുതിയ ഉടമ്പടി ശുശ്രൂഷകനും പഴയ ഉടമ്പടി ശുശ്രൂഷകനും തമ്മില്‍ ഒരു വലിയ വ്യത്യാസം ഉണ്ട്. പഴയ ഉടമ്പടിയില്‍ ഹോശെയാ, യെശയ്യാവ്, യെഹസ്‌കേല്‍ തുടങ്ങിയവരെപ്പോലെ ദൈവത്തിന്റെ വഴികള്‍ പഠിക്കുന്നതിനും അവിടുത്തെ സന്ദേശം ലഭിക്കുന്നതിനുമായി വളരെ ശോധനകളിലൂടെ കടന്നുപോകേണ്ടി വന്ന വളരെ കുറച്ചു പ്രവാചകന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ പൊതുവായി പറഞ്ഞാല്‍ ദൈവത്തിന്റെ പുരോഹിതന്മാരായി ഒരു ശുശ്രൂഷ ലഭിക്കേണ്ടതിനു പഴയ ഉടമ്പടിയിലെ പുരോഹിതന്മാര്‍ക്കു ദൈവത്തിന്റെ നിയമങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ആ നിയമങ്ങള്‍ ജനങ്ങള്‍ക്കു വിവരിച്ചു കൊടുക്കുകയും മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളു. അവര്‍ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്തു. നിങ്ങളുടെ പ്രസംഗങ്ങളെല്ലാം നിങ്ങളുടെ പഠനത്തിന്റെ ഫലമായി മാത്രം ഉണ്ടാകുന്നതാണെങ്കില്‍, നിങ്ങള്‍ ഒരു പഴയ ഉടമ്പടി ശുശ്രൂഷകനാണ്. പുതിയ ഉടമ്പടി ശുശ്രൂഷകനു തന്റെ ശുശ്രൂഷ ലഭിക്കുന്നത് പഠിക്കുന്നതിലൂടെ മാത്രമല്ല അദ്ദേഹത്തിന് ആ സന്ദേശം അനുഭവിക്കേണ്ടതുണ്ട്. അപ്പോള്‍ അദ്ദേഹം തന്റെ അനുഭവത്തില്‍ നിന്നു സംസാരിക്കുന്നു. ‘വന്നു കേള്‍ക്കുക’ എന്നല്ല അദ്ദേഹം പറയുന്നത്. എന്നാല്‍ ‘വന്നു കാണുവില്‍’ എന്നാണ്.

2 കൊരിന്ത്യര്‍ 3:5ല്‍ പൗലൊസ് ഇപ്രകാരം പറയുന്നു: ‘ഞങ്ങള്‍ ഈ ശുശ്രൂഷയ്ക്കു പ്രാപ്തരല്ല.’ അദ്ദേഹം പറയുന്നത് പുതിയ ഉടമ്പടിയുടെ മഹത്തായ ഈ ശുശ്രൂഷയക്ക് ആവശ്യമായവ ഉല്‍പാദിപ്പിക്കുവാന്‍ ഞങ്ങള്‍ അപ്രാപ്തരത്രേ എന്നാണ്. എന്നാല്‍ ഞങ്ങളുടെ പ്രാപ്തി ദൈവത്തില്‍ നിന്നു വരുന്നു. ഒരു പുതിയ നിമയ ശുശ്രൂഷകന്‍, ദൈവത്തെ ശുശ്രൂഷിക്കുവാന്‍ തന്നില്‍ തന്നെയുള്ള ഏതെങ്കിലും കാര്യത്തില്‍ ആശ്രയിക്കുന്നില്ല. അദ്ദേഹം തന്റെ കഴിവ് പൂര്‍ണ്ണമായി ദൈവത്തില്‍ നിന്നു സ്വീകരിക്കുന്നു. ദൈവം അത് അദ്ദേഹത്തിനു കൊടുക്കുകയും അദ്ദേഹം അതു പുറത്തേക്കു കൊടുക്കുകയും ചെയ്യുന്നു കാനാവില്‍ പുതിയ വീഞ്ഞ് വിളമ്പിയതുപോലെ. ആ ഭൃത്യന്മാര്‍ വെള്ളം എടുത്തു യേശുവിന്റെ അടുത്തേക്കു കൊണ്ടുവന്നു. അവിടുന്ന് അതു വീഞ്ഞാക്കി മാറ്റി. അപ്പോള്‍ അവര്‍ അതു വിളമ്പി. അതുപോലെ തന്നെ ശിഷ്യന്മാര്‍ അഞ്ചു അപ്പവും രണ്ടു മീനും യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു അവിടുന്ന് അതിനെ വര്‍ദ്ധിപ്പിച്ചു അവര്‍ അതു വിതരണം ചെയ്തു. നാമും നമ്മുടെ പരിമിതമായ വിഭവങ്ങള്‍ കര്‍ത്താവിന്റെ അടുക്കല്‍ കൊണ്ടു ചെല്ലുക. അവിടുന്ന് അവയെ അഭിഷേകം ചെയ്യുകയും, വാഴ്ത്തുകയും വര്‍ദ്ധിപ്പിക്കുകയും, നാം അതു മറ്റുള്ളവര്‍ക്കു കൊടുക്കുകയും ചെയ്യുന്നു. അങ്ങനെയാണ് നാം ശുശ്രൂഷിക്കേണ്ടത്. നാം വിളിക്കപ്പെട്ടിരിക്കുന്നത് വിതരണ വിഭാഗത്തിലേക്കാണ് അല്ലാതെ ഉല്പാദന വിഭാഗത്തിലേക്കല്ല സന്ദേശങ്ങളുടെ ഉല്പാദനത്തിലേക്കു പോലുമല്ല. നാം സംസാരിക്കുമ്പോള്‍, നാം മറ്റുള്ളവര്‍ക്കു നല്‍കേണ്ടതു ജീവനാണ്. അല്ലാതെ അറിവല്ല.

അനേക ക്രിസ്തീയ പ്രവര്‍ത്തകരും കുറച്ചു വര്‍ഷങ്ങള്‍ ദൈവത്തെ സേവിച്ചതിനു ശേഷം നിരുത്സാഹപ്പെട്ടവരും, വിഷണ്ണരും, നിരാശരും ആയിത്തീരുന്നു. ചിലര്‍ക്കു നാഡീസ്തംഭനം പോലും ഉണ്ടാകുന്നു. ഇതിന്റെ കാരണം അവര്‍ തങ്ങളുടെ തന്നെ പ്രാപ്തിയില്‍ ദൈവത്തെ സേവിക്കുവാന്‍ ശ്രമിക്കുന്നതാണ്. അവിടുത്തെ ശുശ്രൂഷയ്ക്കായി നമ്മെ സജ്ജരാക്കേണ്ടതിനു നാം ദൈവത്തില്‍ ആശ്രയിക്കണം. അവിടുത്തെ സേവിക്കണമെങ്കില്‍ നമ്മുടെ ശാരീരികാരോഗ്യത്തിനു പോലും നാം ദൈവത്തില്‍ ആശ്രയിക്കേണ്ടതുണ്ട്. ‘യുവാക്കള്‍ പോലും ക്ഷീണിച്ചു തളര്‍ന്നു പോകും. എങ്കിലും നിങ്ങള്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും’ (യെശയ്യ 40:31) എന്നാണ് ദൈവത്തിന്റെ വാഗ്ദാനം. നമ്മുടെ പ്രാപ്തി ദൈവത്തില്‍ നിന്നു വരുന്നു. നിങ്ങള്‍ സാമ്പത്തിക ബൂദ്ധിമുട്ടിലാണെങ്കില്‍ പോലും, ഈ വാഗ്ദത്തില്‍ ആശ്രയിക്കുക: ‘ഞങ്ങളുടെ പ്രാപ്തി ദൈവത്തില്‍ നിന്നാകുന്നു.’ നമ്മുടെ ആവശ്യം എന്തായാലും, ദൈവം അതെല്ലാം നമുക്കു നല്‍കുവാന്‍ തികച്ചും കഴിവുള്ളവനാണ്. അവിടുന്നു നമ്മെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാരാക്കിയിരിക്കുന്നു. പുതിയ ഉടമ്പടിയില്‍, നാം അക്ഷരത്തിന്റെ ശുശ്രൂഷകരല്ല എന്നാല്‍ ആത്മാവിന്റെതാണ് (2 കൊരി. 3:6), 2 കൊരി 3:9ല്‍ 2 ശുശ്രൂഷകള്‍ എടുത്തു പറയപ്പട്ടിട്ടുണ്ട് ശിക്ഷാവിധിയുടെ ശുശ്രൂഷയും നീതിയുടെ ശുശ്രൂഷയും. ശിക്ഷാവിധിയുടെ ശുശ്രൂഷ എന്നത് സന്ദേശം ശ്രവിച്ചു കഴിയുമ്പോള്‍ ആളുകളില്‍ കുറ്റംവിധി ഉണ്ടാകുന്ന ഒന്നാണ്. ആളുകള്‍ക്കു കുറ്റബോധവും ശിക്ഷയ്ക്കു വിധിക്കപ്പെട്ടവനെന്ന തോന്നലും ഉണ്ടായതുകൊണ്ടു നിങ്ങളുടെ പ്രസംഗം വളരെ അത്ഭുതകരമായിരുന്നു എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ അതു പഴയ ഉടമ്പടിയുടം ഒരു ശുശ്രൂഷ ആയിരുന്നു. ന്യായപ്രമാണം ആളുകളെ കുറ്റം വിധിച്ചുകൊണ്ട് അവരോട് നിരന്തരമായി ഇപ്രകാരം പറയുന്നു’ നീ വേണ്ടത്ര നല്ലവനല്ല, നീ വേണ്ടത്ര നല്ലവനല്ല.’ ഇന്ന് ഉണര്‍വ്വു യോഗങ്ങള്‍ എന്നു വിളിക്കപ്പെടുന്നവയില്‍ കേള്‍ക്കുന്ന അനേകം പ്രസംഗങ്ങളും ആളുകളോടു പറയുന്നത്: നീ വേണ്ടത്ര നല്ലവനല്ല, നീ കൊള്ളരുതാത്തവനാണ്. നീ ചീത്തയാണ്, നീ ചീത്തയാണ്, നീ ചീത്തയാണ്.’ അപ്പോള്‍ ആളുകള്‍ കുറ്റംവിധിയോടെ അവിടെ ഇരിക്കുന്നു. അതു ക്രിസ്തീയ പ്രസംഗമല്ല. ക്രിസ്തീയ പ്രസംഗങ്ങള്‍ ആളുകളെ നീതിയിലേക്കും മഹത്വകരമായ ഒരു ജീവിതത്തിലേക്കും നയിക്കും; അത് ആളുകള്‍ക്കു കുറ്റബോധം ഉണ്ടാക്കുമ്പോഴേക്കും അവരെ ഉയര്‍ത്തി എഴുന്നേല്‍പ്പിക്കുന്നതിലേക്കും, സൗഖ്യമാക്കുന്നതിലേക്കും വിടുവിക്കുന്നതിലേക്കും തുടര്‍ന്നു നീങ്ങുന്നു. അങ്ങനെ അവര്‍ പ്രത്യാശയോടെ അവിടെ നിന്നു പോകുന്നു. നിങ്ങളുടെ പ്രസംഗം ആളുകളെ ബന്ധനത്തിലേക്കാണു കൊണ്ടുവരുന്നതെങ്കില്‍, നിങ്ങള്‍ പഴയ ഉടമ്പടിയുടെ ഒരു ശുശ്രൂഷകനാണെന്നു നിങ്ങള്‍ക്ക് ഉറപ്പാക്കാം. നിങ്ങളുടെ പ്രസംഗം ആളുകള്‍ക്കു കുറ്റംവിധി ഉളവാക്കുകയാണെങ്കില്‍, അതു പഴയ ഉടമ്പടി പ്രകാരമുള്ള പ്രസംഗമാണ്. ആളുകളെ ഉയര്‍ത്തി എഴുന്നേല്‍പ്പിക്കുന്നതിനു പകരം അവരെ താഴേക്കു തള്ളിയിടുകയാണെങ്കില്‍, അതു പഴയ ഉടമ്പടിയുടെ പ്രസംഗമാണ്. പുതിയ ഉടമ്പടിയുടെ പ്രസംഗം ആളുകളെ എഴുന്നേല്‍പ്പിക്കുകയും അവര്‍ക്കു പ്രത്യാശ നല്‍കുകയും ചെയ്യുന്നു.