വിശുദ്ധീകരിക്കപ്പെട്ടതും ഉപയോഗപ്രദവുമായിരിക്കാന്‍ ആഗ്രഹിക്കുക – WFTW 10 ഏപ്രിൽ 2016

സാക് പുന്നന്‍

   Read PDF version

ഒരു യഥാര്‍ത്ഥ ദൈവഭൃത്യന്റെ സ്വഭാവ വിശേഷങ്ങളിലൊന്ന്, അവന്‍ ഒരു വിശുദ്ധപാത്രം ആയിരിക്കണമെന്നുള്ളതാണ്, തന്നെത്താന്‍ വെടിപ്പാക്കുന്ന ഒരു പാത്രം (2 തിമൊ.2:20,21). പുതിയനിയമത്തില്‍ രണ്ടുതരം വെടിപ്പാക്കലുകളെപറ്റി പറഞ്ഞിരിക്കുന്നു. ഒന്ന് ദൈവം ചെയ്യുന്ന വെടിപ്പാക്കല്‍ : ‘യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. നാം നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം അവിടുന്ന് വിശ്വസ്തനും നീതിമാനുമാകുന്നു’ (1 യോഹ. 7:9). ദൈവം നമ്മെ പാപത്തിന്റെ കുറ്റത്തില്‍നിന്നും വെടിപ്പാക്കുന്നു. അത് നമുക്ക് ചെയ്യാന്‍ കഴിയുകയില്ല. യേശുവിന്റെ രക്തത്തിനു മാത്രമെ അത് ചെയ്യാന്‍ കഴിയുകയുള്ളു. രണ്ടാമത്തെ വെടിപ്പാക്കല്‍ നാം തന്നെ ചെയ്യേണ്ടിയ ഒരു കാര്യമാണ്. (‘ഒരുവന്‍ തന്നെത്താന്‍ വെടിപ്പാക്കുന്നുവെങ്കില്‍’ 2 തിമൊ.2:21) ഇത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. ദൈവം നമ്മുടെ കഴിഞ്ഞകാല പാപത്തെ വെടിപ്പാക്കുന്നു. അതോടൊപ്പം നാം നമ്മുടെ ജീവിതത്തില്‍ കാണുന്ന തെറ്റുകളില്‍ നിന്ന് നമ്മെത്തന്നെ വെടിപ്പാക്കുന്നു.

നിങ്ങള്‍ക്ക് മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്ന തമാശകള്‍ പറയുന്ന ശീലമുണ്ടായിരിക്കും ഇത് യേശു ഒരിക്കലും ചെയ്യാത്ത ഒരു കാര്യമാണ്. അതിനെ വെടിപ്പാക്കി ദൂരെ ആക്കുവാന്‍ ദൈവത്തോട് ആവശ്യപ്പെടരുത് ‘കര്‍ത്താവേ ഞാന്‍ എന്നെത്തന്നെ വെടിപ്പാക്കുവാന്‍ പോവുകയാണ്. അവിടുത്തെ സഹായത്താല്‍, ഞാന്‍ ഈ ദുശ്ശീലം ഉപേക്ഷിക്കാന്‍ പോകുകയാണ്’ എന്നു പറയുക. അല്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ നിങ്ങളെ തിരക്കുള്ളവനാക്കുന്ന ഒരു ആകാംക്ഷ ഒരുപക്ഷേ നിങ്ങള്‍ക്കുണ്ടായിരിക്കാം. നിങ്ങളെ ഒരു തരത്തിലും സംബന്ധിക്കാത്ത കാര്യങ്ങളില്‍ താല്പര്യമുള്ളവനാകുന്നതില്‍ നിന്ന് നിങ്ങള്‍ നിങ്ങളെതന്നെ വെടിപ്പാക്കണം. അങ്ങനെ ഒരുവന്‍ അവനെതന്നെ വെടിപ്പാക്കിയാല്‍, അവന് വിശുദ്ധീകരിക്കപ്പെട്ടതും യജമാനന് പ്രയോജന പ്രദവുമായ ഒരു പാത്രം ആയിരിക്കുവാന്‍ കഴിയും.

ഭൂമിയിലെ എന്റെ ഒരു ജീവിതത്തിലൂടെ ദൈവത്തിന് ചെയ്യാന്‍ കഴിയുന്ന ഓരോ നല്ല പ്രവൃത്തിക്കും ഉപയോഗപ്രദമായ ഒരു നല്ല പാത്രമായിരിക്കുക എന്നതായിരുന്നു അനേക വര്‍ഷങ്ങളായിട്ട് എന്റെ ജീവിതത്തിന്റെ വാഞ്ച. നാം കൂടിപ്പോയാല്‍ ഈ ഭൂമിയില്‍ എണ്‍പതോ തൊണ്ണൂറോ വര്‍ഷങ്ങള്‍ ജീവിച്ചേക്കാം. നമ്മുടെ ജീവിതത്തിലെ ഓരോ വര്‍ഷവും ദൈവത്തിനായി എണ്ണണം. നിങ്ങള്‍ക്ക് അങ്ങനെ ഒരു ജീവിതം ജീവിക്കണമെങ്കില്‍ ദിനംതോറും നിങ്ങളെത്തന്നെ വെടിപ്പാക്കണം. നിഷ്പ്രയോജനകരമായ കാര്യങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചു തരുവാന്‍ കര്‍ത്താവിനോട് ചോദിക്കുക എന്നിട്ട് അവയെ കഴുകിക്കളയുക. നിങ്ങളുടെ ജീവിതം നിരന്തരമായ ശുദ്ധീകരണം നടക്കുന്ന ഒന്നായിരിക്കട്ടെ. ഈ കാര്യത്തില്‍ നിങ്ങള്‍ ഗൗരവമുള്ളവനാണെങ്കില്‍, നിങ്ങള്‍ ഉടമസ്ഥന് ഉപയോഗപ്രദമായ ഒരു പാത്രമായിരിക്കും. ഉപയോഗശൂന്യമായ അനേകം പാത്രങ്ങള്‍ സഭയിലുണ്ട്.

പൗലൊസ് ക്രിസ്ത്യാനികളെ ഒരു വീട്ടിലെ വ്യത്യസ്ത തരം പാത്രങ്ങളോട് താരതമ്യം ചെയ്യുന്നു. ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ ഉള്ളതുപോലെ തടിയും മണ്ണുംകൊണ്ടുള്ള പാത്രങ്ങളും ഉണ്ട്. വിലകൂടിയ പാത്രങ്ങള്‍ അതിഥികള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു, വില കുറഞ്ഞവ അടുക്കളയിലൊ അല്ലെങ്കില്‍ ചപ്പുചവറുകള്‍ ഇടാനൊ ഉപയോഗിക്കുന്നു. നിങ്ങള്‍ പാപം വിട്ടൊഴിഞ്ഞു നിന്നാല്‍ നിങ്ങള്‍ പരിശുദ്ധമായ സ്വര്‍ണ്ണംകൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍ പോലെയുള്ള ഒരുവനായിരിക്കും വീട്ടിലെ ഏറ്റവും നല്ലത് അവിടുത്തെ ഉന്നതമായ ഉദ്ദേശ്യങ്ങള്‍ക്കായി ക്രിസ്തുവിനു തന്നെ നിങ്ങളെ ഉപയോഗിക്കാന്‍ കഴിയത്തക്കവിധം’ (2 തിമൊ.2:20,21 ലിവിംഗ്).

എന്നാല്‍ ഉപയോഗത്തെക്കുറിച്ച് മാത്രം ചിന്തിക്കരുത്. അനേകം ആളുകള്‍ക്കും ദൈവം അവരെ ഇപയോഗിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ഒരു വീട്ടില്‍ ആളുകള്‍ തങ്ങളുടെ സ്വര്‍ണ്ണപാത്രങ്ങളേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മരപാത്രങ്ങളേയാണ്. എന്നാല്‍ ഏതു പാത്രത്തിനാണ് കൂടുതല്‍ വിലയുള്ളത് ? നിങ്ങള്‍ക്ക് നിങ്ങളുടെ പ്രയോജനത്തെക്കുറിച്ചാണോ അതോ നിങ്ങളുടെ ആത്മീയമൂല്യത്തെക്കുറിച്ചാണോ കൂടുതല്‍ കരുതലുള്ളത് ? അവിടുത്തെ വേലയില്‍ നിങ്ങളെക്കൊണ്ടുള്ള പ്രയോജനത്തേക്കാള്‍ അധികം ദൈവം വിലമതിക്കുന്നത് നിങ്ങളുടെ ആത്മീയമൂല്യത്തെയാണ്. ദൈവം അവിടുത്തെ വേല ചെയ്യാന്‍ അനേകം ആളുകളെ ഉപയോഗിക്കുന്നു പിശാചിനേപ്പോലും. പിശാച് ഒരിക്കല്‍ പൗലൊസിന്റെ ജഡത്തിലേയ്ക്ക് ഒരു മുള്ളിനെ ഒരു ദൂതനെപ്പോലെഅയച്ചു ദൈവം അത് പൗലൊസിനെ എളിമയുള്ളവനാകാന്‍ ഉപയോഗിച്ചു. ദൈവം ബിലയാമിനെ ഉപയോഗിച്ചു. ദൈവം ശലേമോനെ ദൈവവചനം എഴുതുവാന്‍ പോലും ഉപയോഗിച്ചു; എന്നാല്‍ അതിനുശേഷം അവന്‍ നരകത്തിലേക്കു പോയി. അതുകൊണ്ട് ദൈവം നിങ്ങളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും പുകഴരുത്. യേശുവിന്റെ നാമത്തില്‍ പ്രവചിച്ചവരും, വീര്യപ്രവൃത്തികള്‍ ചെയ്തവരുമായ അനേകര്‍ അന്ത്യനാളില്‍ ഉപേക്ഷിക്കപ്പെടും (മത്താ. 7:22,23). അതുകൊണ്ട് ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്നത് അല്ല പ്രധാന കാര്യം. നിങ്ങളുടെ ആന്തരിക യോഗ്യത എന്താണ് ? നിങ്ങള്‍ ഒരു സ്വര്‍ണ്ണപാത്രമാണോ ?

ഒരു വീടിന് തീ പിടിക്കുമ്പോള്‍, ആളുകള്‍ ഓടുന്നത് അവരുടെ സ്വര്‍ണ്ണപാത്രങ്ങളും വെള്ളിപാത്രങ്ങളും എടുത്ത് മാറ്റുവാനാണ് അല്ലാതെ അവരുടെ മണ്‍ഭരണികളെ അല്ല. ലോകം അഗ്‌നിയിലാകുമ്പോഴും അങ്ങനെതന്നെ ആയിരിക്കും. ‘ഞാന്‍ എന്റെ ആഭരണങ്ങളുടെ കുറവ് തീര്‍ക്കുന്ന ആ നാളില്‍, അവര്‍ എന്റേതായിരിക്കും എന്ന് സര്‍വ്വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അപ്പോള്‍ ദൈവത്തെ സേവിച്ചവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ കാണും’ (മലാ. 3:17,18 ലിവിംഗ്). നിങ്ങള്‍ ഇപ്പോള്‍ ഒരു വിലകുറഞ്ഞ മണ്‍പാത്രമാണെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ കാണുന്ന ക്രിസ്ത്വാനുരൂപമല്ലാത്ത ഓരോ കാര്യങ്ങളില്‍നിന്നും നിങ്ങള്‍ നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക വഴി നിങ്ങള്‍ക്കും ഒരു സ്വര്‍ണ്ണപാത്രമായിത്തീരരാന്‍ കഴിയും.

നിങ്ങല്‍ നിങ്ങളേത്തന്നെ വെടിപ്പാക്കുവാന്‍ തീരുമാനിക്കുന്നെങ്കില്‍, നിങ്ങള്‍ ഒന്നാമത് വിട്ടോടേണ്ടിയ കാര്യങ്ങളില്‍ ഒന്നാണ് യൗവ്വന മോഹങ്ങള്‍ (2 തിമൊ.2:22). ഈ സമയത്ത് ഏതാണ്ട 45 വയസ്സു പ്രായമുള്ള തിമോഥെയോസിനെപ്പോലെയുള്ള ഒരു മനുഷ്യനു പോലും യൗവ്വനമോഹങ്ങളെ വിട്ടോടേണ്ടിയിരുന്നു. പൂര്‍ണ്ണഹൃദയമുള്ളവനായ ഈ സഹോദരന്‍ തിമോഥെയേസിനോട് പൗലൊസ് പറഞ്ഞത് ഈ മേഖലയില്‍ പാപം ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏകമാര്‍ഗ്ഗം പ്രലോഭനത്തില്‍ നിന്ന് ഓടിമാറുക എന്നുള്ളത് മാത്രമാണ് എന്നാണ്. ഈ മേഖലയില്‍ പ്രലോഭിപ്പിക്കപ്പെടാന്‍ കഴിയാത്തവിധം താന്‍ പ്രായമുള്ളവനാണ് എന്ന് അദ്ദേഹം ചിന്തിക്കേണ്ടതില്ല. നിങ്ങള്‍ക്ക് 45 വയസ്സു പ്രായമുള്ളതുകൊണ്ട് നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുകയില്ല എന്ന് നിങ്ങള്‍ സങ്കല്‍പ്പിക്കരുത്. അത്തരം പാപങ്ങള്‍ നിങ്ങളെ താഴേക്ക് വലിച്ചുകൊണ്ടു പോയിട്ട് നിങ്ങളുടെ ശുശ്രൂഷയെ നശിപ്പിക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്.

‘നിര്‍മ്മലഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും ചേര്‍ന്ന് നീതിയെ പിന്തുടരുക’ (2 തിമൊ.2:22). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രാഥമികമായി നിര്‍മ്മലതയെ അന്വേഷിക്കുന്നവരുമായിട്ട് ആയിരിക്കണം നാം കൂട്ടായ്മക്കായി അന്വേഷിക്കുന്നത്. അത് നമ്മെ പാപം വിട്ടോടുവാന്‍ സഹായിക്കും. തങ്ങളുടെ മുഴു ഹൃദയം കൊണ്ട് നിര്‍മ്മലത ആഗ്രഹിക്കുന്നവരായിരിക്കണം ഭൂമിയിലെ നമ്മുടെ ഏറ്റവും നല്ല സ്‌നേഹിതര്‍. അനേകം വിശ്വാസികളും താഴ്ന്ന നിലവാരമുള്ളവരും ദൈവഭക്തിയില്‍ താല്പര്യമില്ലാത്തവരുമാണ്. എന്നാല്‍ നാം നമ്മുടെ അധികം സമയവും ചിലവഴിക്കുന്നത് ഒരു വിശുദ്ധജീവിതം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരുമായിട്ടായിരിക്കണം.

ഒരാള്‍ക്ക് ഒരു നിര്‍മ്മലഹൃദയമുണ്ട് എങ്കില്‍ നമുക്ക് എങ്ങനെ അറിയാന്‍ കഴിയും ? യേശു പറഞ്ഞത് ആളുകളുടെ ഹൃദയം നിറഞ്ഞു കവിയുന്നത് അവരുടെ വായ് പ്രസ്താവിക്കന്നു എന്നതാണ് (മത്താ. 12:34).ഒരു മനുഷ്യന്റെ ഹൃദയത്തെ നിറയ്ക്കുന്നത് എന്താണെന്ന് അയാള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിന്നുമറിയാം. അയാള്‍ എപ്പോഴും സംസാരിക്കുന്നത് പണത്തെക്കുറിച്ചും ഭൗതികവസ്തുക്കളെക്കുറിച്ചുമാണെങ്കില്‍, അതിന്റെ കാരണം അയാളുടെ ഹൃദയം പണത്തിന്റെ ചിന്തകളാല്‍ നിറഞ്ഞിരിക്കുന്നു എന്നതാണ്. മറുവശത്ത്, ഒരു മനുഷ്യന്‍ അധികവും കര്‍ത്താവിനെക്കുറിച്ച് പറയാനാഗ്രഹിക്കുന്നെങ്കില്‍, അയാളുടെ ഹൃദയത്തില്‍ നിറയ്ക്കുന്നത് അതാണെന്ന് നിങ്ങള്‍ക്കറിയാം. യേശുവിനേപ്പോലെ ആകുവാന്‍ ആഗ്രഹിക്കുന്നവരുമായി കൂട്ടായ്മ ആചരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. നാം കര്‍ത്താവിനെ സ്‌നേഹിക്കുമ്പോള്‍ നാം അവിടുത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്നു. ഇതാണ് കര്‍ത്താവിനുവേണ്ടിയുള്ള ഫലപ്രദമായ ശുശ്രൂഷയുടെ രഹസ്യം.

What’s New?