അഭിനന്ദനവും പ്രോത്സാഹനവും – WFTW 08 മെയ് 2016

സാക് പുന്നന്‍

   Read PDF version

മത്തായി 8 അദ്ധ്യായത്തില്‍ യേശു ചെയ്ത ചില അത്ഭുതങ്ങളെക്കുറിച്ചു നാം വായിക്കുന്നു. അവിടുന്ന് പ്രസംഗിക്കുക മാത്രമല്ല ചെയ്തത്; ആളുകള്‍ക്കുവേണ്ടി കരുതുക കൂടി ചെയ്തു. മറ്റാരും തൊടാത്ത കുഷ്ഠരോഗികളെ അവിടുന്നു തൊട്ടു. അതിലൂടെ അവിടുന്ന് അവരെ സൗഖ്യമാക്കുക മാത്രമല്ല ചെയ്തത്. എന്നാല്‍ അവര്‍ വിലയുള്ളവരാണെന്ന ഒരു ബോധവും അവര്‍ക്കു നല്‍കി. ശതാധിപന്റെ ദാസനെ സൗഖ്യമാക്കാനായി യേശു അയാളുടെ വീട്ടിലേക്കു ചെല്ലാം എന്നു പറഞ്ഞപ്പോള്‍ ‘കര്‍ത്താവേ, അവിടുന്ന് എന്റെ പുരയ്ക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല. ഒരു വാക്കു മാത്രം കല്പിച്ചാല്‍ എന്റ ബാല്യക്കാരനു സൗഖ്യം വരും’ എന്നു പറയുവാന്‍ തക്കവണ്ണം വിനയമുള്ളവനും വിശ്വാസത്താല്‍ നിറഞ്ഞവനുമായ ഒരു റോമന്‍ ശതാധിപനേക്കുറിച്ച് ഇവിടെ നാം വായിക്കുന്നു. വിശ്വാസവും വിനയവും എല്ലായ്‌പ്പോഴും ഒരുമിച്ചു ചേര്‍ന്നു പോകുന്നതാണ്. യേശു ഉടനെ പറഞ്ഞു, ‘ യിസ്യായേലില്‍ ഉള്ള ഒരുത്തനില്‍ പോലും ഇത്ര വലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല’ (മത്താ. 8:10).

ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലും അഭിനന്ദിക്കുന്നതിലും യേശു ഒരു വിദഗ്ധന്‍ ആയിരുന്നു. അവിടുന്ന് ഒരിക്കല്‍ പത്രോസിനെ പരസ്യമായി പ്രശംസിച്ചുകൊണ്ട് പറഞ്ഞു. ‘ബര്‍യോനാ ശിമയോനെ, നീ ഭാഗ്യവാന്‍. സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കിത് വെളിപ്പെടുത്തിയത്’ (മത്താ. 16:17).അവിടുന്ന് നഥനയേലിനെ പ്രശംസിച്ചുകൊണ്ടു പറഞ്ഞു ‘ഇതാ കപടമില്ലാത്ത ഒരു മനുഷ്യന്‍’ (യോഹ. 1:47).അവരില്‍ ആരും തന്നെ പൂര്‍ണ്ണരല്ലെങ്കില്‍ പോലും ആളുകളോടുള്ള പ്രശംസയില്‍ യേശു ഒരു ധാരാളി ആയിരുന്നു. റോമന്‍ ശതാധിപന്‍, പത്രോസ്, നഥനയേല്‍ ഇവരെല്ലാം അപൂര്‍ണ്ണരായ ആളുകളായിരുന്നു. എങ്കിലും യേശു അവരിലെല്ലാം, അഭിനന്ദിക്കുവാനുള്ള എന്തെങ്കിലും കാര്യങ്ങള്‍ കണ്ടെത്തി. രക്ഷിക്കപ്പെടാത്ത, വിഗ്രഹാരാധിയായ, ബൈബിളിനേക്കുറിച്ചോ സത്യദൈവത്തേക്കുറിച്ചോ ഒന്നും അറിയാന്‍ വയ്യാത്ത ഒരു പടനായകനില്‍ പോലും കണ്ട നന്മയെ പ്രശംസിക്കുവാന്‍ അവിടുന്ന് മടിച്ചില്ല. ആ റോമന്‍ ശതാധിപന്‍ തന്റെ ശേഷിക്കുന്ന ജീവിതത്തില്‍ എപ്പോഴെങ്കിലും യേശു സംസാരിച്ച ആ വാക്കുകള്‍ മറക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ ? ഇല്ല. അയാള്‍ ആ വാക്കുകളാല്‍ അത്രയധികം ഉത്സാഹിക്കപ്പെട്ടു കാണും; അയാള്‍ യേശുവിന്റെ ഒരു പൂര്‍ണ്ണ ഹൃദയ ശിഷ്യനായിത്തീര്‍ന്നിരിക്കാനാണ് കൂടുതല്‍ സാധ്യത.

ഇതില്‍ നിന്ന് നമുക്ക് യഥാര്‍ത്ഥ ദൈവഭക്തിയെക്കുറിച്ചും സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും ചില കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. ആദാമിന്റെ മക്കള്‍ ആളുകളെ ‘അഭിനന്ദിക്കുന്നതില്‍’ പിശുക്കന്മാരും, അവരെ ‘കുറ്റം പറയുന്നതില്‍’ വിദഗ്ധരും ആണ്. ആളുകളെ പരസ്യമായി അഭിനന്ദിക്കുവാന്‍ നമുക്ക് മടിയാണ്, അതിനു കാരണം അവര്‍ അതിനാല്‍ ഗര്‍വ്വികളായി പോകുമോ എന്ന ഭയമാണ്. നമുക്ക് യാഥര്‍ത്ഥ ദൈവഭക്തരായ ആളുകളെപ്പോലും അഭിനന്ദിക്കുവാന്‍ കഴിയുന്നില്ല. മിക്ക വിശ്വാസികളും ശീലം ക്രിസ്തുവില്‍നിന്ന് പഠിച്ചിട്ടില്ല. തീര്‍ച്ച ആയും നാം ആരോടും മുഖസ്തുതി പറയരുത്, കാരണം മുഖസ്തുതി എന്നത് സാത്താന്യമാണ്. എന്നാല്‍ വാസ്തവമായ അഭിന്ദനം ഒരു ദിവ്യസ്വഭാവമാണ്. ദൈവഭക്തനായ ഒരാള്‍ മറ്റൊരു സഹോദരനോട് അഭിന്ദനത്തിന്റെ ഒരു വാക്കു പറയുകയാണെങ്കില്‍ ആ ഒരൊറ്റ വാക്കിന് അയാളെ യേശുവിനെ പൂര്‍ണ്ണഹൃദയത്തോടെ അനുഗമിക്കാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുവാന്‍ കഴിയും.

What’s New?