നിലവാരം മെച്ചപ്പെടുത്തുകയും എണ്ണം കുറയ്ക്കുകയും – WFTW 29 മെയ് 2016

സാക് പുന്നന്‍

   Read PDF version

യോഹന്നാന്‍ ആറാം അദ്ധ്യായം ആരംഭിക്കുന്നത് ഒരു വലിയ പുരുഷാരത്തോടു കൂടിയും (വാ.2) അവസാനിക്കുന്നത് 11 ആളുകളോടുകൂടിയുമാണ് (വാ.70). നിങ്ങള്‍ക്ക് നിങ്ങളുടെ സഭയുടെ ഗുണനിലവാരം മെച്ചപ്പെടുത്തി അതിന്റെ വലുപ്പം കുറയ്ക്കുന്നതെങ്ങനെയാണെന്ന് അറിയണമെങ്കില്‍, ഈ അദ്ധ്യായത്തില്‍ യേശുവില്‍ നിന്ന് നിങ്ങള്‍ക്കു പഠിക്കാം. തീര്‍ച്ചയായും, മിക്ക പ്രാസംഗകരും പാസ്റ്റര്‍മാരും അതില്‍ താല്പര്യം ഉള്ളവരായിരിക്കുകയില്ല, കാരണംഅവരെപ്പോഴും തങ്ങളുടെ സഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തല്‍പരരാണ്. എന്നാല്‍ ഗുണമേന്മ മെച്ചപ്പെടുത്തി വലുപ്പം കുറയ്ക്കുന്നതില്‍ യേശു ഒരു വിദഗ്ധന്‍ ആയിരുന്നു.

വിജയം ഉറപ്പാക്കുന്നതിന് ഗിദയോന് ദൈവത്തിന്റെ സാന്നിധ്യം ലഭിക്കേണ്ടതിനായി, അതിനു മുമ്പെ ദൈവം ഗിദയോന്റെ സൈന്യത്തിലെ ആളുകളുടെ എണ്ണം 99% കുറച്ച്, 33000ല്‍ നിന്ന് 300 ആക്കിത്തീര്‍ത്തു. ദൈവം എപ്പോഴും അവിടുത്തെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റിയിട്ടുള്ളത് തിരെഞ്ഞെടുക്കപ്പെട്ട വളരെക്കുറച്ചുപേരെക്കൊണ്ടാണ്. അതെങ്ങനെയാണ് ചെയ്തതെന്ന് ഇവിടെ നമുക്കു കണാന്‍ കഴിയും. അവിടുത്തോടുകൂടി ക്രൂശിക്കപ്പെടുന്നതിനെപ്പെറ്റി അവിടുന്ന് പ്രസംഗിച്ചു. (‘എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുക’ വാ.5,6). ഇത് വലിയ പുരുഷാരത്തിലെ മിക്ക ആളുകള്‍ക്കും ഇടര്‍ച്ചയായിട്ട് തീരുകയും അദ്ദേഹത്തിന്റെ അനേക ശിഷ്യന്മാരും ‘ഇത് കഠിനവാക്ക്’ (വാ.60,66) എന്നു പറഞ്ഞ് അവിടുത്തെ വിട്ട് പോകുകയും ചെയ്തു. യേശു അവരില്‍ ആരോടും പോകാതെ ‘ഇവിടെ നില്‍ക്കണം’ എന്ന് ഒരിക്കലും ആവശ്യപ്പെട്ടില്ല.

യേശു ശേഷിച്ച 12 ശിഷ്യന്മാരോടു തിരിഞ്ഞ് അവരെപ്പോലും, നിങ്ങള്‍ക്കും പോകാന്‍ മനസ്സുണ്ടോ എന്നു ചോദിച്ചു. യേശുവിന്റെ മനോഭാവം ഇതായിരുന്നു. ‘ക്രൂശിന്റെ സന്ദേശംകൊണ്ട് ആര്‍ക്കെങ്കിലും ഇടര്‍ച്ച ഉണ്ടായി എന്നെ വിട്ടുപോകാന്‍ ആഗ്രഹിച്ചാല്‍, ഞാന്‍ അവനെ തടയുകയില്ല. എന്നാല്‍ ആരുടെയെങ്കിലും അഭിരുചിക്കുയോജിക്കത്തക്കവിധം ശിഷ്യത്വത്തിനു വേണ്ട യോഗ്യതകളെ ഞാന്‍ താഴ്ത്താനും പോകുന്നില്ല’.

ഓരോ പ്രസംഗകനും ഈ മനോഭാവം ഉണ്ടായിരുന്നെങ്കില്‍ എത്ര ശക്തിയുള്ള സഭകള്‍ നമുക്ക് ഭൂമിയില്‍ ഉണ്ടാകുമായിരുന്നു! ഇന്ന്, പ്രസംഗകര്‍ ആളുകളെ സാമ്പത്തികമായി അനുഗ്രഹിക്കപ്പെടുവാനും, ശാരീരികമായി സൗഖ്യമാകുവാനുമായി യേശുവിങ്കലേക്കു ക്ഷണിക്കുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കു തരാമെന്നു പറയുന്ന ഒരു ‘യേശു’വിങ്കലേക്കു വരുവാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? എന്നാല്‍ അത് ‘മറ്റൊരു യേശുവാണ്’. എന്നാല്‍ സമൃദ്ധി പ്രസംഗിക്കാത്ത അനേകം വിശ്വാസികള്‍ പോലും ഇപ്പോഴും വിശ്വസിക്കുന്നത് അവരുടെമേല്‍ ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് എന്നതിന്റെ അടയാളം അതാണെന്നാണ്. ഇതൊരു വഞ്ചനയാണ്. ഓരോ മതവിഭാഗത്തിലുമുള്ള വക്രബുദ്ധികളായ വ്യാപാരിസമൂഹത്തെ നോക്കുക, അവര്‍ പണമുണ്ടാക്കുകയും ദൈവം അവരെ അനുഗ്രഹിച്ചിരിക്കുന്നു എന്നു കരുതുകയും ചെയ്യുന്നു!

ദൈവത്തിന്റെ അനുഗ്രഹത്തിന് ഒരടയാളം മാത്രമെയുള്ളു അത് നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ യേശുവിനോട് അനുരൂപരായയിത്തീരുന്നു എന്നതാണ്. യഥാര്‍ത്ഥ യേശു നമ്മെ ക്ഷണിക്കുന്നത് ‘വന്നു മരിക്കുക’ എന്ന കാര്യത്തിനാണ്. ഇത്തരം ഒരു സന്ദേശത്തിലേക്ക് അധികമാരും ആകര്‍ഷിക്കപ്പെടാറില്ല. അത് അതിശയോക്തിയല്ല, കാരണം ജീവനിലേക്കുള്ള വഴി കണ്ടെത്തുന്നവര്‍ വളറെ ചുരുക്കമാണ് എന്ന് യേശു തന്നെ പറഞ്ഞു ( മത്താ. 7:14) .

എന്നാല്‍ ആ ചുരുക്കം പേര്‍ സഭയെ പണിയും. യേശു പറഞ്ഞതുപോലെ അവര്‍ ഭൂമിയില്‍ അനവധി കഷ്ടതകളും തെറ്റിദ്ധാരണകളും ഉപദ്രവങ്ങളും നേരിടേണ്ടി വരും (യോഹ. 16:33).എന്നാല്‍ നിത്യത മുഴുവന്‍ നിലനില്‍ക്കുന്ന ഒരു പണി ദൈവത്തിനു വേണ്ടി അവര്‍ ചെയ്യും.

What’s New?