ലോകത്തിന്റെ ആത്മാവില്‍ നിന്നുള്ള സ്വാതന്ത്ര്യം – WFTW 06 സെപ്റ്റംബര്‍ 2015

സാക് പുന്നന്‍

   Read PDF version

 

ലോകത്തില്‍ നിന്നുള്ള വേര്‍പാട്, പുതിയ നിയമത്തിന്റെ മുന്നിട്ടുനില്‍ക്കുന്ന ഒരു പ്രമേയം ആണ്. അവിടുന്നു ക്രൂശിലേക്കു പോകുന്നതിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, അവര്‍ ഈ ലോകത്തിനുള്ളവരല്ല എന്ന്. യേശു തന്നെ ”ഈ ലോകത്തിന്റെതല്ലാതെ” വേറിട്ടു നിന്നവനാണ്. അവിടുത്തെ ശിഷ്യന്മാരെക്കുറിച്ച് അവര്‍ സത്യത്തില്‍ മറ്റൊരു ലോകത്തിന്റേതാണെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. അവിടുന്ന് അവരോട് പറഞ്ഞത്, അവര്‍ ഈ ലോകത്തിനുള്ളവര്‍ അല്ലാത്തതുകൊണ്ട്, ഈ ലോകം അവര്‍ക്കു ജീവിക്കുവാന്‍ ബൂദ്ധിമുട്ടുള്ള ഒരിടമാണെന്ന് അവര്‍ കണ്ടെത്തും എന്നാണ് (യോഹ. 15:19; 17:16).

ലോകത്താലുള്ള കളങ്കം പറ്റാതെ തന്നെത്താന്‍ സൂക്ഷിക്കുക എന്നത് ക്രിസ്തുശിഷ്യന്റെ ഉത്തരവാദിത്തമാണ് (യാക്കോബ് 1:27). കാരണം സഭ എന്നത് ക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെട്ട്, നേടി എടുക്കപ്പെട്ട്, വിശുദ്ധീകരിക്കപ്പെട്ട ക്രിസ്തുവിന്റെ കാന്തയാണ് (എഫെ. 5:2527). കൊരിന്തിലുള്ള വിശ്വാസികളുടെ മേലുള്ള പൗലൊസിന്റെ ”ദൈവീക എരിവ്” ഇതിനെയാണ് വിശദീകരിക്കുന്നത്. അവരെ ക്രിസ്തുവിന് ഒരു നിര്‍മ്മല കന്യകയെന്നപോലെ സമര്‍പ്പിക്കുവാന്‍ താന്‍ ആഗ്രഹിച്ചു. എന്നാല്‍ പിശാച് അവരെ വഷളാക്കുമോ എന്നു താന്‍ ഭയപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു (2 കൊരി. 11:2,3). ലോകത്തിന്റെ ആത്മാവുമായി തങ്ങളെ തന്നെ സ്‌നേഹിതരായി കാണിച്ച വിശ്വാസികളെ യാക്കോബ് ”അല്ലയോ വ്യഭിചാരികളും വ്യഭിചാരിണികളുമായുള്ളോരെ” എന്ന് ഏറ്റവും ശക്തമായ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതും ഇതിനെ വിശദീകരിക്കുന്നു (യാക്കോബ് 4:4). അതെ വേര്‍പാടിനെക്കുറിച്ചു വേദപുസ്തകത്തിന് വളരെയധികം പറയാനുണ്ട്.

വേദപുസ്തകം പറയുന്നത് അകല്‍ച്ചയുടെ പേരിലുള്ള വേര്‍പാടിനെക്കുറിച്ചല്ല എന്നു നമ്മുടെ മനസ്സില്‍ വ്യക്തമായിരിക്കട്ടെ. അതു ലോകത്തിലുള്ള ആളുകളില്‍ നിന്നു പുറമെയോ, ശാരീരികമായോ ഉള്ള വേര്‍പാടിനെ കുറിച്ചേ അല്ല. എന്നാല്‍ ഹൃദയത്തിന്റെ ഒരു കാര്യമാണ്. ഏകാന്തമായ ഒരു സ്ഥലത്തു ലോകത്തിലുള്ള ആളുകളുമായി ഒരു സമ്പര്‍ക്കവുമില്ലാതെ സന്യാസികളെ പോലെ താമസിച്ചാല്‍ തങ്ങള്‍ക്കു ദൈവത്തോട് അടുത്തു ചെല്ലുവാന്‍ കഴിയുമെന്നാണ് അനേകരും ചിന്തിച്ചിട്ടുള്ളത്. ഒരാശ്രമത്തില്‍ തന്നെത്താന്‍ ഒറ്റയ്ക്കാക്കുന്ന ഒരു സന്യാസിയോ, ഒരു മഠത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ വിരക്തജീവിതം നയിക്കുന്ന കന്യാസ്ത്രിയോ വേദപുസ്തകം പഠിപ്പിക്കുന്നതുപോലെയുള്ള വേര്‍പാടിന്റെ അര്‍ത്ഥം മനസ്സിലാക്കിയിട്ടില്ല. വെള്ളനിറത്തിലോ കാവി നിറത്തിലോ ഉള്ള വസ്ത്രങ്ങളോ അല്ലെങ്കില്‍ മറ്റേതെങ്കിലും യൂണിഫോമോ ധരിക്കുന്നതുമല്ല ഈ വേര്‍പാടു കൊണ്ട് അര്‍ത്ഥമാക്കുന്നത്. യേശുക്രിസ്തു തന്നെ, ഒരിക്കലും ഇത്തരത്തിലുള്ള ബാഹ്യമായ വ്യത്യാസങ്ങളൊന്നും പ്രസംഗിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്തില്ല. ഈ ലോകത്തിന്റെ ആത്മാവിന്റെ ഇടയില്‍ ജീവിക്കുമ്പോള്‍ പോലും അതില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് അവിടുന്നു പഠിപ്പിച്ചതും പ്രവര്‍ത്തിച്ചതും.

അന്യമായ ഒരു മൂലപ്രമാണമുള്ള ജീവികളാണ് നാം. സമുദ്ര മധ്യത്തിലുള്ള ഒരു കപ്പല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. എന്നിട്ടും സമുദ്രജലം ഒട്ടുംതന്നെ കപ്പലിനകത്തേക്കു തുളച്ചു കയറുന്നില്ല. ഒരു വിശ്വാസി അപ്രകാരം ജീവിക്കുമ്പോള്‍, ഉടനെയോ പിന്നീടോ ലോത്തില്‍ നിന്നു പരിഹാസവും എതിര്‍പ്പും നേരിടുവാന്‍ ബാധ്യസ്ഥനാക്കപ്പെടുന്നു. പെട്ടെന്ന് ഈ ലോകം അവനു ജീവിക്കാന്‍ പറ്റാത്തവിധം അസുഖകരമായ ഒരു സ്ഥലമായി തീരുന്നു. തന്നെ അനുഗമിക്കുന്നതിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത അനന്തരഫലമായി ഈ ശത്രുത്വം നിങ്ങളെ പിന്‍തുടരും എന്നു യേശു മുന്‍കൂട്ടി തന്റെ ശിഷ്യന്മാര്‍ക്കു താക്കീതു നല്‍കി (1 യൊഹ. 16:33). ഒരു ക്രിസ്ത്യാനി സ്വര്‍ഗ്ഗത്തിനുള്ളവനാണെങ്കില്‍, അപ്പോള്‍ ഈ ഭൂമി സ്പഷ്ടമായിട്ട് അവന്റെ സ്വാഭാവിക തലമല്ല. അവന്‍ വെള്ളത്തില്‍ നിന്നു പുറത്തിടപ്പെട്ട ഒരു മത്സ്യമാണ്. അതുകൊണ്ട് ഇവിടെ അവന്റെ നിലനില്പു തുടര്‍ന്നുകൊണ്ടു പോകുന്നത് പ്രയാസമുള്ളതായി അവന്‍ കാണുന്നെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. ഒരു അത്ഭുതം നടക്കേണ്ടിയ ആവശ്യം ഉണ്ട്. ക്രിസ്തുവിന്റെ സത്യസഭയ്ക്ക് ഈ ഭൂമിയില്‍ നിലനില്‍ക്കണമെങ്കില്‍ അതില്‍ ഒട്ടും കുറയാത്ത ഒരു അതിശയം ആവശ്യമുണ്ട്. എന്നാല്‍ അതു തന്നെയാണ് ദൈവം ഉദ്ദേശിക്കുന്ന ക്രിസ്തീയ ജീവിതം എല്ലാ ദിവസവും അവിടുത്തെ അത്ഭുതം പ്രവര്‍ത്തിക്കുന്ന ശക്തിയില്‍ ആശ്രയിച്ചുള്ള ഒരു ജീവിതം.

അവിടുത്തെ ജനത്തിനും ഈ ലോകത്തിന്റെ ആത്മാവിനും ഇടയ്ക്ക് ഉറപ്പിക്കപ്പെട്ട ഒരു വലിയ പിളര്‍പ്പ് കാണണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. പറുദീസയെയും നരകത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന പിളര്‍പ്പിന്റെ അത്രയും ആഴവും വിസ്തൃതിയും ഉള്ള ഒരു പിളര്‍പ്പ് (ലൂക്കൊ. 16:26). ഒരിക്കലും കൂട്ടിയിണക്കുവാനോ, കുറെകെ കടക്കുവാനോ കഴിയാത്ത ഒരു പിളര്‍പ്പ്. ഈ ലോകത്തിന്റെ ആത്മാവില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നത് അവിടുത്തെ സ്വന്തമായതിനുവേണ്ടി എപ്പോഴും ദൈവത്തിന്റെ ആഗ്രഹമായിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു വിശ്വാസി ഈ പാഠം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കൂടാതെ അങ്ങനെ ചെയ്യന്നതു വരെ അയാള്‍ ശക്തിയില്ലാത്തവും ഇച്ഛാഭംഗം വന്നവനുമായി തുടരുന്നു.

What’s New?