എല്ലാവര്‍ക്കും നല്ലത് ഇച്ഛിക്കുക – WFTW 13 സെപ്റ്റംബര്‍ 2015

സാക് പുന്നന്‍

   Read PDF version

കയീന്റെ വഴിയില്‍ നടക്കുന്നവരെപ്പറ്റി യൂദാ പറയുന്നുണ്ട് (യൂദാ.11). അവര്‍ ആരാണ്? തങ്ങളുടെ സഹോദരന്മാര്‍ക്കു നല്ലത് ഇച്ഛിക്കാത്തവരാണ് അവര്‍. ദൈവം കയീനോടു പറഞ്ഞത്, അവന്റെ അടിസ്ഥാനപരമായ പ്രശ്‌നം, അവന്‍ തന്റെ സഹോദരന്‍ ഹാബേലിന് നന്മ ഉദ്ദേശിച്ചില്ല എന്നാണ് (ഉല്‍പ. 4:7). ഈ കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരു ആത്മ പരിശോധന ഉണ്ടായിരിക്കുന്നത് നല്ലതാണ്.

നിങ്ങളുടെ പ്രാദേശിക സഭയിലുള്ള എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഏറ്റവും നല്ലതാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് സത്യസന്ധമായി നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ? മറ്റു വിഭാഗങ്ങളിലുള്ള നിങ്ങള്‍ അറിയുന്ന മറ്റു വിശ്വാസികള്‍ക്കുവേണ്ടി ഏറ്റവും നല്ലതാണ് നിങ്ങള്‍ വാഞ്ഛിക്കുന്നതെന്നുകൂടി പറയുവാന്‍ കഴിയുമോ? ആ വൃത്തം ഒന്നുകൂടി വിസ്തൃതമാക്കിയിട്ട്, നിങ്ങളുടെ ബന്ധുക്കള്‍, നിങ്ങളുടെ ശത്രുക്കള്‍, നിങ്ങളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിച്ചിട്ടുള്ളവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിങ്ങള്‍ക്കറിയാവുന്ന എല്ലാവര്‍ക്കും വേണ്ടി ഏറ്റവും നല്ലത് നിങ്ങള്‍ ഇച്ഛിക്കുന്നുണ്ടോ എന്നു നിങ്ങളോടു തന്നെ ചോദിക്കുക.

മറ്റൊരു വ്യക്തിക്കോ അയാളുടെ മക്കള്‍ക്കോ എന്തെങ്കിലും നന്മ ഉണ്ടാകുമ്പോള്‍ (ഒരു ആനന്ദത്തിനു പകരം) നിങ്ങളുടെ ഹൃദയത്തില്‍ ഒരു അസ്വസ്ഥത നിങ്ങള്‍ കാണുന്നെങ്കില്‍, അല്ലെങ്കില്‍ അയാള്‍ക്കോ അയാളുടെ കുടുംബത്തിനോ എന്തെങ്കിലും തിന്മയായതു സംഭവിക്കുമ്പോള്‍ ദുഃഖത്തിനു പകരം നിങ്ങളുടെ ഹൃദയത്തില്‍ ഒരു സന്തോഷം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നെങ്കില്‍, അങ്ങനെയുള്ള മനോഭാവം എന്തിനെയാണ് സൂചിപ്പിക്കുന്നത്? ആദാമിന്റ ജീവന്‍ ഇപ്പോഴും നിങ്ങളില്‍ സജീവമാണ് എന്നു തന്നെയാണ് അതു കാണിക്കുന്നത്.

നിങ്ങള്‍ നിങ്ങളോടു തന്നെ സത്യസന്ധരാണെങ്കില്‍ നിങ്ങള്‍ നടക്കുന്നത് കയീന്റെ വഴിയിലാണോ അല്ലയൊ എന്നതു വേഗം കണ്ടുപിടിക്കും. ദൈവത്തിന്റെ അഗ്‌നിയും അഭിഷേകവും നിങ്ങളില്‍ സ്ഥിരമായി നിലനില്‍ക്കണമെങ്കില്‍, ആ തിന്മ നിറഞ്ഞ ആദാമ്യ ജീവന്‍ നിങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ കാണുമ്പോള്‍ അതിനെ മരണത്തിനേല്‍പ്പിക്കാന്‍ തിടുക്കമുള്ളവരായിരിക്കണം.

ഗോതമ്പു മണി നിലത്തു വീണു പൂര്‍ണ്ണമായി മരിക്കുമ്പോള്‍ മാത്രമേ അവിടെ അധികം ഫലം ഉണ്ടാകുകയുള്ളു. തനിക്കു തന്നെ പൂര്‍ണ്ണമായി മരിച്ച ഒരുവന് ഒരിക്കലും ഇടര്‍ച്ച ഉണ്ടാകുകയില്ല. മറ്റുള്ളവര്‍ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും അതവനു കാര്യമല്ല. അവര്‍ എല്ലാവര്‍ക്കും എപ്പോഴും നന്മ ഇച്ഛിക്കും. അവന്‍ തന്നെ സംബന്ധിക്കുന്ന ഒരു കാര്യത്തിനും അവന്‍ കോപിക്കുകയോ, ആരോടും വഴക്കുണ്ടാക്കുകയോ ഇല്ല. അയാള്‍ തനിക്കു വേണ്ടി തന്നെ സ്വയസഹതാപത്തിന്റെ ഒരു തുള്ളി കണ്ണുനീര്‍ പോലും വാര്‍ക്കുകയില്ല കാരണം മരിച്ച ആളുകള്‍ അവരുടെ കുഴിമാടങ്ങളില്‍ കരയാറില്ല.

കയീന്‍ തന്റെ സഹോദരനു വേണ്ടി നല്ലതു ഇച്ഛിക്കാതിരുന്നപ്പോള്‍ അവന്റെ മുഖം വാടിയതും ഇരുണ്ടതും ആയിരുന്നു (ഉല്‍പ. 4:6). നമുക്ക് അതു മനസ്സിലാകുകയില്ലായിരിക്കാം. എന്നാല്‍ നമ്മുടെ ഹൃദയത്തിലുള്ള മനോഭാവം മിക്കപ്പോഴും നമ്മുടെ മുഖത്ത് പ്രതിഫലിക്കപ്പെടുന്നു. നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി നന്മ ഇച്ഛിക്കുന്നു എങ്കില്‍, നിങ്ങളുടെ മുഖം എപ്പോഴും കര്‍ത്താവിന്റെ സന്തോഷം കൊണ്ട് തിളങ്ങും. അനേകം വിശ്വാസികളും കയീന്റെ വഴിയിലാണ് നടക്കുന്നത്. അവരുടെ തളര്‍ന്ന പുഞ്ചിരികളുടെയും അവരുടെ അധരങ്ങളില്‍ നിന്നു വരുന്ന ”പ്രയ്‌സ് ദ ലോര്‍ഡ്” ന്റെയും എല്ലാം അടിയില്‍ കാണപ്പെടുന്നത് അവരുടെ സഹവിശ്വാസികളോടുള്ള തെറ്റായ മനോഭാവമാണ്.

ആളുകള്‍ നിങ്ങള്‍ക്കെതിരെ തിരിയുകയും, നിങ്ങള്‍ക്കു തിന്മ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥ അവസ്ഥയുടെ ഒരു സ്‌കാന്‍ തരാന്‍ വേണ്ടി ദൈവം അവയെ ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് അവരെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദൈവത്തിന്റെ പ്രകൃതത്തില്‍ നിങ്ങള്‍ പങ്കാളിയായിട്ടില്ലെന്നു നിങ്ങളുടെ ഹൃദയത്തിന്റെ സ്‌കാന്‍ കാണിക്കും. കാരണം ദൈവത്തിന്റെ പ്രകൃതം അവിടുത്തെ ശത്രുക്കളെയും സ്‌നേഹിക്കുന്ന ഒന്നാണ്. ഇസ്‌കര്യോത്താ യൂദയ്ക്കുപോലും യേശു നല്ലത് ഇച്ഛിച്ചു.

ദൈവം എല്ലാ ആളുകള്‍ക്കും ഏറ്റവും നല്ലത് ഉദ്ദേശിക്കുന്നു. നമുക്കും ഈ സ്വഭാവത്തില്‍ പങ്കാളികളാകാം എന്നതാണ് സുവിശേഷ സന്ദേശം.