എതിര്‍ക്രിസ്തുവിന്റെ ആത്മാവില്‍ നിന്നു രക്ഷിക്കപ്പെടുക – WFTW 20 സെപ്റ്റംബര്‍ 2015

സാക് പുന്നന്‍

   Read PDF version

 

വെളിപ്പാട് 13:4ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”മൃഗത്തിന് അധികാരം കൊടുത്തതുകൊണ്ട് അവര്‍ മഹാ സര്‍പ്പത്തെ നമസ്‌കരിച്ചു: മൃഗത്തോടു തുല്യന്‍ ആര്‍? അതിനോട് പൊരുതുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞ് മൃഗത്തെയും നമസ്‌ക്കരിച്ചു.” ഈ ഭൂമി മുഴുവന്‍ ഇപ്പോള്‍ സാത്താനെ ആരാധിക്കുന്നു. ഇതു തന്നെയാണ് ആരംഭം മുതല്‍ സാത്താന് ആവശ്യമായിരുന്നിട്ടുള്ളതും. യെശയ്യ 14:14ല്‍ നാം വായിക്കുന്നത് ലൂസിഫര്‍ ദൈവത്തെപ്പോലെ ആകുവാന്‍ ആഗ്രഹിച്ചു എന്നാണ്. ദൈവം നേരത്തെ തന്നെ ലൂസിഫറിന് അത്ഭുതകരമായ ദാനങ്ങള്‍ കൊടുത്തിരുന്നു ജ്ഞാനം, സൗന്ദര്യം, കഴിവ്, കൂടാതെ അമാനുഷിക വരങ്ങളും. അതിനെക്കാള്‍ കൂടുതല്‍ വേറെ എന്തായിരുന്നു അവനു വേണ്ടിയിരുന്നത്? ദൈവത്തെപ്പോലെ ആരാധിക്കപ്പെടുവാന്‍ അവന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് അവന്‍ പിശാചായിത്തീര്‍ന്നത്.

നിങ്ങള്‍ ആളുകളുടെ പ്രശംസ ആഗ്രഹിക്കുമ്പോഴൊക്കെ ഓര്‍മ്മിക്കുക. നിങ്ങള്‍ക്കും സാത്താനുണ്ടായിരുന്ന അതേ ആഗ്രഹം ഉണ്ട്. മനുഷ്യന്റെ മാനം അന്വേഷിക്കുന്നത് സാത്താന്യമാണ്. ഇവിടെ നാം കാണുന്നത്, ഒടുവില്‍ സാത്താന് ലോകത്തെ മുഴുവന്‍ അവനെ ആരാധിക്കുവാന്‍ തക്കവണ്ണം ലഭിച്ചു എന്നാണ്. തീര്‍ച്ചയായും ചെറിയ അളവില്‍ ഇന്നും അതു തന്നെയാണ് സംഭവിക്കുന്നത്. എന്നാല്‍ അതു വളരെയധികം ദൂരവ്യാപകമാകാന്‍ പോകുകയാണ്.

അവര്‍ എതിര്‍ക്രിസ്തുവിനെയും ആരാധിച്ചു ”മൃഗത്തോടു തുല്യന്‍ ആര്‍?” ”ഓ ദൈവമെ അങ്ങയെപ്പോലെ ആരുള്ളു” എന്നു പറഞ്ഞു നാം ദൈവത്തെ ആരാധിക്കുന്നതുപോലെ ആളുകള്‍ അതേ കാര്യം പറഞ്ഞുകൊണ്ട് സാത്താനെയും എതിര്‍ക്രിസ്തുവിനെയും ആരാധിക്കുന്നു. ആളുകള്‍ എതിര്‍ക്രിസ്തുവിനെ ”എതിര്‍ക്രിസ്തു എന്നു വിളിക്കുകയില്ല. ഇല്ല, അവര്‍ അവനെ ബഹുമാന്യമായ ഒരു പേരില്‍ വിളിക്കും.

1 യോഹന്നാന്‍ 2:18ല്‍ നാം വായിക്കുന്നത് ”കുഞ്ഞുങ്ങളെ ഇത് അന്ത്യനാഴിക ആകുന്നു; എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം. അവര്‍ നമ്മുടെ ഇടയില്‍ നിന്നു പുറപ്പെട്ടു” (സഭയുടെ നടുവില്‍ നിന്ന്). ഇതു നമ്മെ പഠിപ്പിക്കുന്നത് എതിര്‍ക്രിസ്തുവിന്റെ ആത്മാവുണ്ടായിരുന്നവര്‍ ഒന്നാം നൂറ്റാണ്ടിലെ സഭയുടെ നടുവില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ്. അത്തരം ആളുകള്‍ ക്രിസ്തീയ ഗോളത്തില്‍ ഇന്നും കാണപ്പെടുന്നു. എതിര്‍ക്രിസ്തുവിന്റെ ആത്മാവോടു കൂടിയ ആളുകളെ രാഷ്ട്രീയ ലോകത്തിലും, വ്യവസായ ലോകത്തിലും, ജാതീയ മതപരമായ ലോകത്തിലും, കൂടാതെ ക്രിസ്തീയ സഭകള്‍ എന്നു വിളിക്കപ്പെടുന്നവയുടെ ഇടയിലും കാണപ്പെടുന്നു.

ഈ എതിര്‍ക്രിസ്തുവിന്റെ ആത്മാവിന്റെ അടയാളം എന്താണ്? അനവധി അടയാളങ്ങളുണ്ട്. എന്നാല്‍ മുഖ്യ അടയാളം ഇതാണ്. മറ്റുള്ളവര്‍ അവരെ പ്രശംസിക്കണമെന്നും ഉയര്‍ത്തണമെന്നും അവര്‍ ആഗ്രഹിക്കുന്നു അത് ആളുകളില്‍ നിന്ന് ആരാധന സ്വീകരിക്കുന്നതിനു തുല്യമാണ്. ഇങ്ങനെ തമ്മില്‍ തമ്മില്‍ ബഹുമാനം അന്വേഷിക്കുന്നതിനെതിരെ പോരാടാത്ത ഒരു സഭയില്‍ വളരെ വേഗത്തില്‍ എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഭരണം നടത്തും.

മനുഷ്യന്റെ മാനത്തിനായുള്ള ആഗ്രഹം നമ്മുടെ ജഡത്തില്‍ കാണപ്പെടുന്നു. അതു വളരെ ചെറിയ ഒരു വിത്തുപോലെ വളരാന്‍ തുടങ്ങുന്നു. ഒരു ശിശുവിനെപ്പോലെ പ്രശംസയ്ക്കുവേണ്ടി വളരെ ലഘുവായ ഒരാഗ്രഹം, മറ്റാരുടെയെങ്കിലും അംഗീകരാത്തിനും പുകഴ്ത്തലിനുമായി ആഗ്രഹിച്ചുകൊണ്ട് അതു തുടങ്ങുന്നു. ഒടുവില്‍ അത് ആരാധനയ്ക്കുള്ള ആഗ്രഹമായി അവസാനിക്കുന്നു. ഇതാണ് എതിര്‍ക്രിസ്തുവിന്റെ അത്മാവ്. അതുകൊണ്ട് ഈ ചെറിയ സര്‍പ്പത്തിന്റെ മുട്ട നമ്മുടെ ഉള്ളില്‍ കാണുമ്പോഴെല്ലാം നാം അത് ഉടച്ചു കളയണം. അല്ലെങ്കില്‍ ഒരു ദിവസം അതു വിരിഞ്ഞ് ഒരു സര്‍പ്പം പുറത്തു വരും. ദൈവദൂതന്മാരില്‍ ഏറ്റവും ഉന്നതനായവനില്‍ ഈ ആത്മാവിന് തന്നെത്താന്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ നമ്മില്‍ ആരിലെങ്കിലും അതിനെത്തന്നെ വെളിപ്പെടുത്താന്‍ എന്തുകൊണ്ട് കഴിയില്ല? കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

നമ്മോടു പറഞ്ഞിരിക്കുന്നത്, ഈ ഭൂമി മുഴുവന്‍ എതിര്‍ക്രിസ്തുവിന്റെ പിന്‍പെ പോകും എന്നാണ്. ഈ ലോകം ക്രിസ്തുവിന്റെ പിന്‍പെ പോയില്ല. അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്, ”അവനെ വേണ്ട. അവനെ ക്രൂശിക്ക” എന്നാണ്. എന്നാല്‍ അവര്‍ എതിര്‍ക്രിസ്തുവിനെ അനുഗമിക്കും. കാരണം പഴയ കാലത്തെ വ്യാജപ്രവാചകന്മാരെപ്പോലെ അവന്‍ മൃദുവായ വാക്കുകള്‍ അവരോടു സംസാരിക്കും.

ക്രിസ്തുവിന്റെ ആത്മാവ്, നമുക്ക് മനുഷ്യരില്‍ നിന്നു നിന്ദയും പരിഹാസവും എതിര്‍പ്പും കൊണ്ടുവരും. ക്രിസ്ത്യാനികള്‍ ഈ ലോകത്തില്‍ ജനപ്രീതി അന്വേഷിക്കുമ്പോള്‍ അവര്‍ അപകടകരമായ സ്ഥാനത്താണ് എതിര്‍ക്രിസ്തുവിന്റെ സ്ഥലത്താണ്. ജനങ്ങള്‍ തന്നെ രാജാവായി കിരീടധാരണം ചെയ്യുവാന്‍ ആഗ്രഹിച്ചപ്പോള്‍ യേശു അവേശഭരിതനായില്ല. മനുഷ്യരുടെ അഭിപ്രായങ്ങളെല്ലാം കുപ്പത്തൊട്ടിക്കു മാത്രം യോജിച്ചതാണെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. അതുകൊണ്ട് അവിടുന്നു തിരിഞ്ഞ് അവരോടു പറഞ്ഞു: ”നിങ്ങള്‍ എന്നെ അനുഗമിക്കുന്നതിനു മുമ്പെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തജീവനെയും വെറുക്കണം” (ലൂക്കൊ. 14;2633). അതു കേട്ട അനേകര്‍ക്കും ഇടര്‍ച്ചയുണ്ടാക്കിയ കഠിന വാക്കുകളായിരുന്നു അവ. ഇന്ന്, യേശുക്രിസ്തുവിന്റെ സത്യസഭ അതേ വാക്കുകള്‍ തന്നെ പ്രസംഗിക്കുകയും അവ കഠിനമായി തോന്നുകയും ക്രിസ്തുവിന്റെ നാളുകളില്‍ അവ ചെയ്തതുപോലെ തന്നെ ഇന്നും അവ ജനങ്ങള്‍ക്ക് ഇടര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ അതുവഴി ക്രിസ്തുവിന്റെ നിന്ദ നമ്മുടെ മേല്‍ വരികയും ചെയ്യുന്നു. അങ്ങനെയാണ് നാം എതിര്‍ക്രിസ്തുവിന്റെ ആത്മാവില്‍ നിന്നു സംരക്ഷിക്കപ്പെടുന്നത്. എന്നാല്‍ ബാബിലോന്യ ക്രിസ്ത്യാനിത്വം ഈ സന്ദേശങ്ങള്‍ പ്രസംഗിക്കാത്തിനാല്‍ അവര്‍ മാനിക്കപ്പെടുകയും അങ്ങനെ എതിര്‍ക്രിസ്തുവിന് വെളിപ്പെടുവാനുള്ള വഴി ഒരുക്കപ്പെടുകയും ചെയ്യുന്നു.