കുറ്റബോധത്തിലേക്കു തള്ളി വീഴ്ത്തുന്ന പ്രസംഗം – WFTW 27 സെപ്റ്റംബര്‍ 2015

സാക് പുന്നന്‍

   Read PDF version

”ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചത് ലോകത്തെ വിധിക്കുവാനല്ല; ലോകം അവനാല്‍ രക്ഷിക്കപ്പെടുവനത്രേ” (യോഹ. 3:17 ലിവിംഗ്).

നാം ദൈവവചനം പ്രസംഗിക്കുമ്പോള്‍, ദൈവജനത്തിനു കുറ്റബോധം ഉളവാകുന്നതോ, സ്വയം കുറ്റം വിധിക്കുന്നതോ ആയ വിധത്തില്‍ നമ്മള്‍ പ്രസംഗിക്കരുത്.

വേദപുസ്തകം നമ്മോടു പറയുന്നത് ‘പാപത്തിന്റെ വഞ്ചനയാല്‍’ ഹൃദയം ”കഠിനപ്പെട്ടു പോകുന്നതില്‍” നിന്നും ദൈവജനത്തെ രക്ഷിക്കണമെങ്കില്‍ നാം അന്യോന്യം ”ഉത്സാഹിപ്പിക്കുവാനും” അതു നാള്‍തോറും ചെയ്യുവാനുമാണ് (എബ്രാ. 3:13). അതിന്റെ അര്‍ത്ഥം, ഓരോ ദിവസവും നാം പ്രസംഗിക്കുന്ന ഓരോ സന്ദേശത്തിലൂടെയും നാം ആരോടു പ്രസംഗിക്കുന്നുവോ ആ വിശ്വാസികളെ ഉത്സാഹിപ്പിക്കണം. അങ്ങനെ മാത്രമേ നമുക്ക് അവരെ പാപത്തില്‍ നിന്നു രക്ഷിക്കുവാന്‍ കഴിയൂ. എന്നാല്‍ നമ്മുടെ പ്രസംഗത്തിലൂടെ അവര്‍ക്കു കുറ്റബോധം ഉളവായാല്‍, വിശ്വാസികളെ കൂടുതല്‍ വിശുദ്ധരും ദൈവത്തോടു കൂടുതല്‍ ഭക്തിയുള്ളവരും ആക്കാന്‍ നമുക്കു കഴിയും എന്നത് ചിന്തിക്കുവാന്‍ തക്കവണ്ണം സാത്താന്‍ നമ്മെ വഞ്ചിക്കുന്നു. അതൊരു ഭോഷ്‌ക്കാണ്.

വാസ്തവത്തില്‍ പരിശുദ്ധാത്മാവ് വചനപ്രഘോഷണത്തിലൂടെ ദൈവമക്കള്‍ക്ക് പാപബോധം ഉളവാക്കുന്നുണ്ട്. എന്നാല്‍ അവിടുന്ന് അതേസമയം തന്നെ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാം വായിച്ചതുപോലെ ദൈവം തന്റെ പുത്രനെ ലോകത്തലേക്കയച്ചത് ലോകത്തെ വിധിക്കുവാനല്ല. എന്നാല്‍ ലോകത്തെ രക്ഷിക്കുവാനത്രേ. അതുപോലെ ദൈവം തന്റെ ആത്മാവിനെ സഭയിലേക്കയച്ചതു വിശ്വാസികളെ വിധിക്കുവാനല്ല എന്നാല്‍ അവരെ പ്രോത്സാഹിപ്പിക്കുവാനാണ്. ദൈവം പ്രോത്സാഹനത്തിന്റെ ദൈവമാണ്. അവിടുന്ന് എപ്പോഴും നമ്മുടെ ആത്മാക്കളെ ഉയര്‍ത്തുകയും നമുക്കു പ്രത്യാശ തരുകയും ചെയ്യുന്നു (റോമ. 15:5, 2 കൊരി. 1:34). കുറ്റംവിധിയുടെ ശുശ്രൂഷ ആളുകളെ ആത്മീയ മരണത്തിലേക്കു മാത്രം നയിക്കുന്ന പഴയ ഉടമ്പടിയുടെ ഒരു ശുശ്രൂഷയാണ് (2 കൊരി. 3:79). പുതിയ ഉടമ്പടിയുടെ ശുശ്രൂഷ ഏതുവിധത്തിലും അവരെ ദൈവഭക്തിയിലേക്കു നയിക്കുന്ന ജീവന്റെ ഒരു ശുശ്രൂഷയാണ്.

വിശ്വാസികള്‍ക്കു തങ്ങള്‍ കുറ്റം വിധിക്കപ്പെട്ടവരും ദോഷികളും ആണെന്ന് ഉള്ള തോന്നല്‍ ഉണ്ടാകത്തക്കവിധം നമ്മുടെ പ്രസംഗങ്ങളിലൂടെ പാപത്തെ തുറന്നു കാണിക്കുന്ന ആ കെണിയില്‍ വീഴുന്നത് നമുക്ക് എളുപ്പമാണ്. അങ്ങനെ വരുമ്പോള്‍ നാം നമ്മുടെ ശുശ്രൂഷയില്‍ പരാജയപ്പെട്ടവരും ആളുകളെ ‘കുറ്റംവിധിയിലേക്കു തള്ളി വിടുന്നവരും’ ആയിത്തീരുന്നു. മനുഷ്യപ്രേരിതമായി ഉണ്ടാകുന്ന കുറ്റബോധം, മനുഷ്യര്‍ക്കു തങ്ങളെ തന്നെ അതില്‍ നിന്നു പുറത്തു കൊണ്ടുവരാന്‍ വളരെ പ്രയാസമായി കാണപ്പെടുന്ന ഒരു തടവറ ആയിത്തീരാന്‍ കഴിയും.

പ്രസംഗകരുടെ ഇടയില്‍ (പ്രത്യേകിച്ച് അവര്‍ ചെറുപ്പമായിരിക്കുമ്പോള്‍, പരിചയ സമ്പത്തില്ലാത്തവര്‍ ഉണ്ടായിട്ട് ജനങ്ങള്‍ക്കു തങ്ങളില്‍ മതിപ്പുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍) കാണുന്ന പൊതുവായുള്ള ഒരു തന്ത്രമാണ് ഉന്നതമായ വിശുദ്ധിയുടെ അയാഥാര്‍ത്ഥ്യമായ നിലവാരങ്ങള്‍ അവര്‍ പ്രസംഗിച്ച് (അവരൊഴിച്ച്!!) ബാക്കി എല്ലാവര്‍ക്കും തങ്ങള്‍ കുറ്റക്കാരാണന്ന ബോധം ഉണ്ടാക്കുക എന്നത്. അവര്‍ പ്രസംഗിക്കുന്ന ജീവിതത്തിന്റെ നില നേടിയെടുക്കാന്‍ അസാധ്യമായ ഒന്നായിരിക്കും. അതു യേശുവോ അപ്പൊസ്തലന്മാരോ പോലും പ്രസംഗിച്ചിട്ടില്ലാത്തതും മറ്റുള്ളവരോട് അതിനാല്‍ ജീവിക്കുവാന്‍ ആവശ്യപ്പെട്ടിട്ടില്ലാത്തതുമായ ഒരു നില ആയിരിക്കും. തങ്ങള്‍ പ്രസംഗിക്കുന്ന ഈ ജീവിത നിലവാരത്തില്‍ ഈ പ്രസംഗകര്‍ തന്നെ ജീവിക്കുന്നില്ല. എന്നാല്‍ ബലഹീന മനസ്‌കരായ വിശ്വാസികള്‍ അവരുടെ പ്രഭാഷണങ്ങള്‍ കേട്ടിട്ട് അവഹേളിക്കപ്പെട്ടവരായി തോന്നുകയും കുറ്റം വിധിയിലാകുകയും നിരാശപ്പെട്ടു പോകുകയും ചെയ്യുന്നു.

ക്രിസ്തീയ വൃത്തങ്ങളില്‍ ‘പൂര്‍ണസമയ ക്രിസ്തീയ ശുശ്രൂഷയിലേക്കോ പ്രേഷിത വേലയിലേക്കോ പ്രവേശിക്കുവാന്‍ വിശ്വാസികള്‍ക്കു നല്‍കുന്ന അധികം വെല്ലുവിളികളും ‘അപരാധ ബോധത്തിലേക്കു തള്ളിവിടുന്ന’ ഈ രീതിയെ അടിസ്ഥാനമാക്കി ഉള്ളതാണ്. പ്രസംഗകന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആവശ്യങ്ങളെക്കുറിച്ച് അത്രമാത്രം ശക്തമായി പറയുമ്പോള്‍ ശ്രോതാക്കള്‍ക്കു കുറ്റബോധം ഉണ്ടായിട്ട് അതില്‍ ചിലര്‍ സുവിശേഷകരായി പോകുവാന്‍ വേണ്ടി തങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതില്‍ ചെന്നവസാനിക്കുന്നു. എന്നാല്‍ യേശുവോ അപ്പൊസ്തലന്മാരോ ഒരിക്കലും അപ്രകാരമുള്ള തന്ത്രങ്ങള്‍ ഉപയോഗിച്ച് ആരെയും ലോകത്തിലെ വിളവെടുപ്പു നിലങ്ങളിലേക്ക് അയച്ചില്ല. യേശു തന്റെ അപ്പൊസ്തലന്മാരോടു പറഞ്ഞതു ലോകത്തിലെ എല്ലാ ജാതികളുടെയും അടുത്തു ചെന്ന് അവരെ ശിഷ്യരാക്കികൊള്‍വാനാണ്. എന്നാല്‍ യിസ്രായേലിലെ അവരുടെ സുഖജീവിതത്തെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ദാരിദ്ര്യത്തോടു താരതമ്യം ചെയ്ത് അവരില്‍ കുറ്റബോധം തോന്നിപ്പിച്ചല്ല അവരെ പുറത്തേക്കയച്ചത്. പ്രസംഗകരാല്‍ സ്വീകരിക്കപ്പെടുന്ന ഇപ്രകാരമുള്ള ”കുറ്റബോധത്തിലേക്കു തള്ളിവിടുന്ന” രീതിയാണ് ഇന്ന് അനേക ക്രിസ്തീയ പ്രവര്‍ത്തകരുടെ ഇടയില്‍ ഇത്രമാത്രം ആഴമില്ലായ്മ ഉണ്ടായിരിക്കുന്നത്. ഒരു സുവിശേഷ പ്രവര്‍ത്തന വെല്ലുവിളി കേട്ടതിനു ശേഷം അവരില്‍ അധികംപേരും തങ്ങളുടെ ലോകപ്രകാരമുള്ള ഉദ്യോഗങ്ങളില്‍ തുടരുന്നതില്‍ കുറ്റബോധം തോന്നിയിട്ടാണ് ‘കര്‍ത്താവിനെ ശുശ്രൂഷിക്കാനായി’ ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. ദൈവം ഒരിക്കലും തന്റെ ശുശ്രൂഷയിലേക്ക് അവരെ വിളിച്ചിട്ടില്ല. എന്നാല്‍ കുറ്റബോധത്താല്‍ പ്രേരിപ്പിക്കപ്പെട്ടാണ് അവര്‍ ഇറങ്ങിത്തിരിച്ചത്. ദൈവം തന്നെ നമ്മെ അതിലേക്കു വിളിച്ചില്ലെങ്കില്‍ നമുക്ക് അതില്‍ ഇടപെടുവാന്‍ യാതൊരനുവാദവുമില്ലാത്ത അത്ര വിശുദ്ധമായ ഒരു ജോലിയാണ് പൂര്‍ണ്ണസമയം ക്രിസ്തീയ പ്രവര്‍ത്തനം. ദശാംശത്തെക്കുറിച്ചും കൊടുക്കുന്നതിനെക്കുറിച്ചും ഇന്നു ക്രിസ്തീയ ഗോളത്തിലുള്ള മിക്ക പഠിപ്പിക്കലുകളും ‘അപരാധബോധത്തിലേക്കു തള്ളി വിടുന്ന’ ഈ രീതിയെ പിന്‍തുടരുന്നതാണ്. ”ദൈവത്തിന്റെ വേല”യ്ക്കു പണം കൊടുക്കാത്തതില്‍ വിശ്വാസികള്‍ക്കു ഭയങ്കരമായ കുറ്റബോധം ഉണ്ടാകുന്നു. അങ്ങനെ അവര്‍ കഠിനാദ്ധ്വാനം ചെയ്തു നേടിയ സമ്പാദ്യത്തില്‍ നിന്ന് ആയിരക്കണക്കിനു രൂപ ദുര്‍മോഹികളായ പ്രസംഗകര്‍ക്ക് അവരുടെ ”ശുശ്രൂഷയ്ക്കു” വേണ്ടി ദാനം ചെയ്യുന്നതില്‍ ചെന്നവസാനിക്കുന്നു. പാവപ്പെട്ട വിശ്വാസികളുടെ മേല്‍ ഇന്നത്തെ പ്രസംഗകരാല്‍ ഏല്‍പിക്കപ്പെടുന്ന ഏറ്റവും വഷളായ തിന്മകളില്‍ ഒന്നാണിത് കൂടാതെ ഇതെല്ലാം ”ക്രിസതുവിന്റെ നാമത്തിലാണ്” ചെയ്യപ്പെടുന്നതും. യേശു ഒരിക്കലും ഇത്തരത്തിലുള്ള ഉന്നതസമ്മര്‍ദ്ദ രീതികളൊന്നും ഒരു സമയത്തും പ്രയോഗിക്കുന്നതായി നാം കണ്ടിട്ടില്ല. അവിടുന്നു പറഞ്ഞത് ”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍, നിങ്ങള്‍ എന്റെ കല്പനകള്‍ പ്രമാണിക്കും” (യോഹ. 14:15). അവിടുന്നു പത്രൊസിനോടു പറഞ്ഞത് ”മറ്റെല്ലാറ്റിനെക്കാളും അധികമായി നീ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍, എന്റെ ആടുകളെ മേയിക്ക” (യോഹ. 21:1517) എന്നാണ്. ”സന്തോഷത്തോടെ അവിടുത്തെ അനുസരിക്കുന്നവരെ മാത്രമേ ദൈവം സ്‌നേഹിക്കുന്നുള്ളു” (2 കൊരി. 9:7).

പുതിയ ഉടമ്പടിയില്‍ ദൈവത്തിന്റെ മാര്‍ഗ്ഗം ഇതാണ് സ്വതന്ത്രമായ, സ്വമേധയാ, സന്തോഷത്തോടു കൂടിയ ശുശ്രൂഷ ഒരു പ്രസംഗകനാലും ദേഹീപരമായ സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കപ്പെടാത്ത മാര്‍ഗ്ഗം. ബുദ്ധിശാലികളായ പ്രസംകര്‍ നമ്മുടെ മേല്‍ ഇടുന്ന ദേഹീപരമായ സമ്മര്‍ദ്ദവും പരിശുദ്ധാത്മാവിന്റെ ശാന്തമായ നടത്തിപ്പും തമ്മില്‍ തിരിച്ചറിയാന്‍ നാം പഠിക്കണം. പിശാച് ആളുകളെ കൈവശപ്പെടുത്തുമ്പോള്‍ അവ അവരുടെ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്വാതന്ത്ര്യം എടുത്തു കളഞ്ഞിട്ട് അവരെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നു. മറിച്ചു പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ഒരിക്കലും അവരെ ‘ആവേശി’ക്കുന്നില്ല. അവിടുന്ന് അവരെ നിറയ്ക്കുന്നു. അവിടുന്ന് അവരെ നിറച്ചതിനു ശേഷം പോലും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം എടുത്തു കളയാതെ അവര്‍ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നു എന്നതാണ് വ്യത്യാസം. സാത്താനും മറ്റനേക പ്രസംഗകരും ചെയ്യാന്‍ ശ്രമിക്കുന്നതുപോലെ പരിശുദ്ധാത്മാവ് ഒരിക്കലും നമ്മുടെ സ്വതന്ത്ര ഇച്ഛയെ എടുത്തു കളയുകയോ അവിടുന്നു നമ്മുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ഇല്ല.

‘അപരാധ ബോധത്തിലേക്കു തള്ളിവിടുന്ന പ്രഭാഷണങ്ങളെ നാം വേഗത്തില്‍ തിരിച്ചറിയുകയും നമുക്ക് ആത്മാവിന്റെ സ്വാതന്ത്ര്യത്തില്‍ നടക്കണമെങ്കില്‍ ഉടനെ തന്നെ അവയെ തള്ളിക്കളയുകയും വേണം. എന്റെ യൗവന നാളുകളില്‍, ഒരു പുതിയ ഉടമ്പടി ശുശ്രൂഷകന്‍ ആയിരിക്കുക എന്നാല്‍ എന്താണെന്നു മനസ്സിലാക്കാതിരുന്നപ്പോള്‍, ഞാനും അനേകം ന്യായപ്രമാണാധിഷ്ഠിതമായ, ‘കുറ്റബോധത്തിലേക്കു തള്ളി വിടുന്ന’ പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വളരെ മുമ്പു തന്നെ ഞാന്‍ അതില്‍ നിന്നു മാനസാന്തരപ്പെടുകയും അതിനെ ഉപേക്ഷിക്കുകയും ചെയ്തു. ”ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു. ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു. പുരുഷനായ ശേഷമോ ഞാന്‍ ശിശുവിനുള്ളതു ത്യജിച്ചു കളഞ്ഞു” (1 കൊരി. 13:1). ‘കുറ്റബോധത്തിലേക്കു തള്ളിവിടുന്ന” ഈ രീതി ആളുകളെ ബന്ധനത്തിലേക്കു കൊണ്ടുവരിക മാത്രമേ ചെയ്യൂ അതേസമയം യേശുവും പരിശുദ്ധാത്മാവും വന്നത് ആളുകളെ സ്വതന്ത്രരാക്കാന്‍ ആണ്.

ഇങ്ങനെ ‘കുറ്റബോധം ഉണ്ടാക്കുന്ന’ പ്രസംഗ രീതി പ്രയോഗിക്കുന്ന ഓരോ പ്രസംഗകനും ന്യായപ്രമാണവാദിയാണന്ന് അയാള്‍ അറിയുന്നില്ല. പഴയ നിയമ ഉടമ്പടിയുടെ ആത്മാവില്‍ പുതിയ നിയമ തിരുവെഴുത്തുകള്‍ പ്രസംഗിക്കുന്നവരാണ് ഏറ്റവും മോശമായ നിയമവാദികള്‍. തങ്ങള്‍ പുതിയ ഉടമ്പടിയാണ് പ്രസംഗിക്കുന്നത് എന്ന് അവര്‍ സങ്കല്പിക്കുന്നു. എന്നാല്‍ പുതിയ ഉടമ്പടിയുടെ ആത്മാവില്‍ പ്രവേശിക്കാതെ പുതിയ ഉടമ്പടിയുടെ അക്ഷരങ്ങള്‍ പ്രസംഗിക്കുവാന്‍ തക്കവണ്ണം അവര്‍ സാത്താനാല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. പുതിയ ഉടമ്പടി അക്ഷരത്തിന്റെ സുവിശേഷമല്ല എന്നാല്‍ ആത്മാവിന്റേതാണ്. യേശു സംസാരിച്ച വാക്കുകള്‍ ”ആത്മാവും ജീവനും ആയിരുന്നു” (യോഹ. 6:63). ആത്മാവിന്റെ ശുശ്രൂഷ ഒരിക്കലും നിര്‍ബന്ധത്തിന്റെയോ കുറ്റംവിധിയുടെയോ ഒന്നല്ല, എന്നാല്‍ പ്രോത്സാഹനത്തിന്റെയും പ്രത്യാശയുടെയും ഒന്നാണ്. ദൈവം ”നമ്മുടെ തല ഉയിര്‍ത്തുന്നവനാണ്” (സങ്കീ. 3:3). നമ്മുടെ ”തലതാഴഴ്ത്തുന്ന”വനല്ല അവിടുന്ന്. അവിടുത്തെ അനുസരിക്കുന്നതിനായി ഒരിക്കലും നമ്മെ നാണം കെടുത്താന്‍ ശ്രമിക്കുന്നില്ല. സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ അനുസരണത്തിലേക്കു കൊണ്ടുവരാനായി അവരെ നാണം കെടുത്താറുണ്ട്. എന്നാല്‍ സ്‌നേഹമുള്ള പിതാക്കന്മാര്‍ ഒരിക്കലും അതു ചെയ്യാറില്ല. അവര്‍ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, അവര്‍ സന്തോഷത്തോടെ മാതാപിതാക്കളെ അനുസരിക്കുന്നവരായി തങ്ങള്‍ക്കു ലഭിക്കുന്നു (1 കൊരി. 14,15). ഈ മേഖലയില്‍ നമ്മുടെ ആട്ടിന്‍ കൂട്ടത്തോടുള്ള നമ്മുടെ മനോഭാവത്താലാണ് നാം അധ്യാപകരാണോ അതോ പിതാക്കന്മാരാണോ എന്നു നമുക്കു കണ്ടുപിടിക്കാന്‍ കഴിയുന്നത്. നമ്മുടെ സഭകള്‍ക്ക് അധ്യാപകരെ ആവശ്യമില്ല. നമുക്കു കൂടുതല്‍ പിതാക്കന്മാരെ ആവശ്യമുണ്ട്.

പരിശുദ്ധാത്മാവിന്റെ പാപബോധവും ന്യായപ്രമാണത്തിന്റെ കുറ്റംവിധിയും തമ്മിലുള്ള വ്യത്യാസം നമ്മള്‍ തിരിച്ചറിയേണ്ട ആവശ്യമുണ്ട്. കുറ്റബോധം ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍, നിരുത്സാഹപ്പെടുവാനും തങ്ങളെ തന്നെ കുറ്റം വിധിക്കുവാനും ആളുകളെ നയിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ആത്മാവിലുള്ള സ്വാതന്ത്ര്യത്തിന്റെ ഒരു ജീവിതത്തിലേക്കു വരുവാനും ജയാളികളായിത്തീരാനും കഴിയുന്നില്ല.

ഒരു പ്രസംഗകന്‍ ‘അപരാധബോധം ഉളവാക്കുന്ന രീതി’ അവലംബിക്കുമ്പോഴെല്ലാം, അതു സൂചിപ്പിക്കുന്നത് അയാള്‍ വാസ്തവത്തില്‍ കര്‍ത്താവിനെയോ പരിശുദ്ധാത്മാവിന്റെ വഴികളെയോ അറിയുന്നില്ല എന്നാണ് അതു തെളിയിക്കുന്നത്. അയാളുടെ വേദുപുസ്തക പരിജ്ഞാനം വളരെ കുറഞ്ഞതാണ് എന്നാണ്. അയാള്‍ സത്യസന്ധനല്ലാത്തവനുമാണ് കാരണം അയാള്‍ പ്രസംഗിക്കുന്ന നിലവാരത്താല്‍ അയാള്‍ക്കു ജീവിക്കുവാന്‍ കഴിയുന്നില്ല. യേശു ആദ്യം ചെയ്യുകയും അതിനുശേഷം അതു പഠിപ്പിക്കുകയും ചെയ്തു (അപ്പൊ. 1;1). എന്നാല്‍ ഈ പ്രസംഗകര്‍ പണ്ടത്തെ പരീശന്മാരെപ്പോലെ ”തങ്ങള്‍ തന്നെ പാലിക്കുവാന്‍ ശ്രമിക്കുക പോലും ചെയ്യാത്ത അസാധ്യമായ നിബന്ധനകള്‍ അവര്‍ നിങ്ങളുടെ ചുമലില്‍ വയ്ക്കുന്നു” (മത്താ. 23: 3,4 ലിവിംഗ്) കുറ്റബോധം ഉളവാക്കുന്ന ഒരു പ്രസംഗകനുമായി യഥാര്‍ത്ഥ കൂട്ടായ്മ ഉണ്ടാകുവാന്‍ സാധ്യമല്ല. കാരണം അയാള്‍ ആത്മാവില്‍ ദരിദ്രന്‍ അല്ല. ”ആത്മാവില്‍ ദരിദ്രനായവന്‍” അംപ്ലിഫൈഡ് ബൈബിളില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ”തന്നെത്തന്നെ നിസ്സാരനായി കാണുന്നവര്‍” എന്നാണ് (മത്താ. 5:3). തങ്ങളെ തന്നെ നിസ്സാരന്മാരായി കണക്കാക്കുന്ന വളരെക്കുറച്ചു പ്രസംഗകരെ മാത്രമെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ളു. അനേക പ്രസംഗകരുടുയും പ്രസംഗത്തിന്റെ ഉന്നതഭാവം എല്ലാവരോടും പ്രഘോഷിക്കുന്നതു തങ്ങളുടെ കൂടിവരവുകളിലെ സാധാരണ വിശ്വാസികളോട് താരതമ്യം ചെയ്യുമ്പോള്‍ അവര്‍ ”വളരെ വളരെ പ്രാധാന്യമുള്ളവരാണെന്നാണ്!!” അങ്ങനെയുള്ള മനുഷ്യരെ ശ്രദ്ധിക്കുമ്പോള്‍ ഞാന്‍ എല്ലായ്‌പ്പോഴും ആന്തരികമായി സ്വിച്ച് അണച്ചിരിക്കും. കാരണം നിഗളികളായ അത്തരം മനുഷ്യരില്‍ നിന്നു നിത്യമായി വിലയുള്ളതൊന്നും എനിക്കു പ്രാപിക്കുവാന്‍ കഴിയുകയില്ല എന്ന് എനിക്കറിയാം. അത്തരം പ്രസംഗകര്‍ ‘അപവാദി’യുടെ ആത്മാവിനാല്‍ ബാധിക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് അവരുടെ കുറ്റബോധം ഉളവാക്കുന്ന” പ്രസംഗങ്ങള്‍ പ്രധാനമായും, ദൈവത്തിന്റെ നിലവാരത്തിലനൊപ്പം മറ്റുള്ളവരെ അളക്കുന്നതിനു പകരം അവരെ അപവാദം പറയുന്ന കാര്യത്താല്‍ നിറഞ്ഞിരിക്കുന്നത്.

അവര്‍ തങ്ങളെ തന്നെ പ്രവാചകന്മാരായി സങ്കല്പിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രവാചകന്മാരുടെ മനസ്സലിവ് അവര്‍ക്ക് ഇല്ലാതെ പോകുന്നു. അങ്ങനെയുള്ള ഗര്‍വ്വികളായ പ്രസംഗകര്‍ക്കു സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാന്‍ കഴിയുകയില്ല (മത്താ. 25:3). അതുകൊണ്ടു തന്നെ അവര്‍ക്കു മറ്റുള്ളവരെ ആത്മാവിന്റെ സ്വാതന്ത്ര്യത്തിലേക്ക് (സ്വര്‍ഗ്ഗരാജ്യത്തെ വിശേഷിപ്പിക്കുന്ന കാര്യം) നയിക്കുവാന്‍ കഴിയുകയില്ല. അങ്ങനെയുള്ള പ്രസംഗകര്‍ക്ക് ഒരിക്കലും ഒരു സാഹോദര്യ ബന്ധമോ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു പ്രാദേശിക ഭാവമോ പണിയുവാന്‍ കഴിയുകയില്ല. അവര്‍ക്ക് അവരുടെ തന്നെ ആരാധകരുടെ ഒരു കൂട്ടം മാത്രമേ പണിയാന്‍ കഴിയൂ. അങ്ങനെയുള്ള ദുരന്തങ്ങളില്‍ നിന്നെല്ലാം ദൈവം നമ്മെ രക്ഷിക്കട്ടെ.

സാധാരണയായി യുവാക്കളാണ് ”കുറ്റബോധം ഉളവാക്കുന്ന പ്രസംഗങ്ങളില്‍” വ്യപൃതരായിരിക്കുന്നത് എന്നാണു ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരുകാര്യം. എന്നാല്‍ ഇങ്ങനെയുള്ള യുവാക്കള്‍ തങ്ങളെ തന്നെ വിധിക്കാതെയും കൃപയില്‍ വളരുന്ന കാര്യം അന്വേഷിക്കാതെയും ഇരുന്നാല്‍, അവര്‍ വൃദ്ധരാകുമ്പോഴും മാറ്റമില്ലാതെ തുടരുകയും അവര്‍ സഭയില്‍ മൂപ്പന്മാരായി തീരുകയും ചെയ്യും.

അതുകൊണ്ട് നാം മറ്റുള്ളവരെ അവരുടെ പരാജയങ്ങളെ ബോധ്യപ്പെടുത്തി ദൈവത്തെ അനുസരിപ്പിക്കുവാന്‍ ശ്രമിക്കുന്നു, ”കുറ്റബോധത്തിലേക്കു തള്ളിവിടുന്ന” ഈ മാതൃക നമ്മുടെ പ്രസംഗങ്ങളില്‍ ഒരിക്കലും ഉപയോഗിക്കുകയില്ല എന്ന് ഉറപ്പു വരുത്താം. നാം ഒരു പ്രസംഗകനെയും തന്റെ പ്രസംഗത്തിലൂടെ നമ്മെ ഒരു ‘കുറ്റബോധത്തിലേക്കു തള്ളി വീഴ്ത്തുവാന്‍’ ഒരിക്കലും അനുവദിക്കരുത്. നാം നിയമവാദികളായ അധ്യാപകരായിരുന്നത് ഓര്‍ത്തു നമുക്ക് അനുതപിക്കുകയും അതിനു പകരം പിതാക്കന്മാരിയിരിക്കുന്ന കാര്യം അന്വേഷിക്കുകയും ചെയ്യാം

നമ്മുടെ കര്‍ത്താവിന്റെ തേജസ് കാണപ്പെട്ടിരുന്നത് തന്റെ ഐഹിക ജീവിതകാലം മുഴുവന്‍ തന്റെ ജീവിതത്തിലും വാക്കുകളിലും വെളിപ്പെട്ടിരുന്ന കൃപയുടെയും സത്യത്തിന്റെയും നിറവിലായിരുന്നു (യോഹ. 1:14). ആ തേജസ് നമ്മിലൂടെ വെളിപ്പെടുമാറാകട്ടെ. ആമേന്‍. ആമേന്‍