ക്രിസ്തുസമാനമായ രീതിയില്‍ ജീവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക – WFTW 12 ജൂലൈ 2015

സാക് പുന്നന്‍

   Read PDF version

പൗലൊസ് എഫെസൊസിലുള്ള സഭയിലെ മൂപ്പന്മാരോട് യാത്ര പറയുവാന്‍ അവരെ വിളിച്ചു കൂട്ടിയപ്പോള്‍ അപ്പസ്‌തൊല പ്രവൃത്തി 20:17-35ല്‍ അവരോട് പറഞ്ഞതെന്താണെന്നു ശ്രദ്ധിക്കുക. കഴിഞ്ഞ മൂന്നു വര്‍ഷം അവരോട് കൂടെ ഇരുന്ന് രാവും പകലും അവരെ പ്രബോധിപ്പിച്ച കാര്യം അദ്ദേഹം അവരെ ഓര്‍പ്പിച്ചു. മൂന്നു വര്‍ഷം എന്നത് ആയിരത്തില്‍ അധികം ദിവസങ്ങള്‍ ആണ്. അതുകൊണ്ട് പൗലൊസ് എല്ലാ ദിവസവും രണ്ടു നേരം പ്രസംഗിച്ചിട്ടുണ്ടെങ്കില്‍, ഇവിടെ സൂചിപ്പിച്ചതുപോലെ, അദ്ദേഹം 2000 പ്രസംഗങ്ങള്‍ അവിടെ പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ ഒരു വലിയ ഉണര്‍വ്വുണ്ടായിട്ട് ക്രിസ്ത്യാനികള്‍ അവരുടെ അഞ്ചു ലക്ഷം രൂപാ വിലയുള്ള മന്ത്രവാദത്തിന്റെയും ക്ഷുദ്ര പ്രയോഗത്തിന്റെയും പുസ്തകങ്ങള്‍ ചുട്ടു കളഞ്ഞിട്ടുള്ള സ്ഥലമാണ് എഫെസൊസ്. രോഗികളെ സൗഖ്യമാക്കുവാനും ദുരാത്മാക്കള്‍ ബാധിച്ചിരുന്നവരെ വിടുവിക്കുവാനും പൗലൊസിന്റെ ശരീരത്തില്‍ കിടന്ന റൂമാലും ഉത്തരീയവും ഉപയോഗിച്ച സ്ഥലവും ഇതു തന്നെയാണ്. മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഒരളവില്‍ ദൈവം ചില അത്ഭുതകരമായ വീര്യപ്രവൃത്തികള്‍ പൗലൊസിലൂടെ അവിടെ ചെയ്തു (അപ്പ.പ്ര. 19:11,12,19 കാണുക). ഇതിന്റെ എല്ലാം ഒടുവില്‍ പൗലൊസ് എന്താണ് മൂപ്പന്മാരെ ഓര്‍പ്പിച്ചത്? തന്റെ പ്രസംഗങ്ങളെക്കുറിച്ചോ അതിശയപ്രവൃത്തികളെക്കുറിച്ചോ ആയിരുന്നോ അദ്ദേഹം അവരെ ഓര്‍മ്മപ്പെടുത്തിയത്? അല്ല.

അവര്‍ പൗലൊസിനെ കണ്ട ആദ്യ ദിവസം മുതല്‍ താന്‍ അവരുടെ ഇടയില്‍ എത്ര താഴ്മയോടെയാണ് ജീവിച്ചതെന്ന കാര്യമാണ് അദ്ദേഹം അവരെ ഓര്‍മിപ്പിച്ചത് (അപ്പ. പ്ര. 19:19). അവര്‍ പൗലൊസിന്റെ ഉപദേശങ്ങള്‍ മറന്നു പോയാലും, അദ്ദേഹം അവരുടെ ഇടയില്‍ എങ്ങനെ ജീവിച്ചു എന്ന കാര്യം ഒരിക്കലും അവര്‍ക്കു മറക്കാന്‍ കഴിയുകയില്ല. അദ്ദേഹത്തിന്റെ ജീവിതം അവരില്‍ സ്ഥായിയായ ഒരു സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മനസ്സലിവും ലാളിത്യവും അവര്‍ക്കൊരിക്കലും മറക്കാന്‍ കഴിയുകയില്ല. താന്‍ മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകാതിരിക്കുന്നതിനും വേണ്ടി അദ്ദേഹം ഒരു കൂടാരപ്പണിക്കാരന്‍ എന്ന നിലയില്‍ സ്വന്ത കൈകളാല്‍ കഠിനാദ്ധ്വാനം ചെയ്ത കാര്യം അവര്‍ ഓര്‍ക്കും (അപ്പ. പ്രവ. 19:34,35). ആ മൂന്നു വര്‍ഷങ്ങളിലും അവരില്‍ ആരില്‍ നിന്നും ഒരിക്കലും പൗലൊസ് അവരുടെ പണമോ, ദാനങ്ങളോ, അല്ലെങ്കില്‍ ഒരു സെറ്റ് പുതിയ വസ്ത്രങ്ങളോ ആഗ്രഹിച്ചില്ല എന്നത് അവര്‍ ഒരിക്കലും മറക്കില്ല (വാ.33).

ഒട്ടും മറച്ചുവയ്ക്കാതെ ദൈവത്തിന്റെ മൂഴുവന്‍ ആലോചനയും എപ്രകാരം അവര്‍ക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട് എന്നതും (അപ്പ. പ്ര. 20:27) പൗലൊസ് അവരെ ഓര്‍മ്മപ്പെടുത്തി. പ്രസിദ്ധി അന്വേഷിച്ചുകൊണ്ട് മനുഷ്യനെ പ്രസാദിപ്പിക്കുന്ന ഒരുവനായിരുന്നില്ല അദ്ദേഹം. മാനസാന്തരവും അതുപോലെ ജനഹിതമല്ലാത്ത എല്ലാ വിഷയങ്ങളും, ഏതാനും ചിലര്‍ക്ക് അതിനാല്‍ ഇടര്‍ച്ചയുണ്ടായാല്‍ പോലും, അത് അദ്ദേഹത്തെ കേള്‍ക്കുന്നവര്‍ക്ക് പ്രയോജനമുള്ളതാണെങ്കില്‍, അദ്ദേഹം പ്രസംഗിച്ചിരുന്നു (വാ. 20:20,21). ഈ കാര്യങ്ങളാണ് പൗലൊസ് അവര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തത്.

പൗലൊസ് എഫെസൊസില്‍ ചെയ്തതുപോലെ നിങ്ങളും ഒരു സഭയില്‍ മൂന്നു വര്‍ഷം ഉടയ ശുശ്രൂഷ ചെയ്തതിനു ശേഷം അതിനെ വിട്ടുപോകുകയാണെങ്കില്‍ നിങ്ങളുടെ വിശ്വാസി സമൂഹം എന്തായിരിക്കും നിങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത്? ഹൃദയഹാരിയായ ഒരു പ്രസംഗകനായിട്ടാണോ അതോ യേശു എങ്ങനെ ആയിരുന്നു എന്നു നിങ്ങളുടെ ജീവിത്തിലൂടെ കാണിച്ചു കൊടുത്ത താഴ്മയുള്ള ഒരു ദൈവമനുഷ്യനായാണോ അവര്‍ നിങ്ങളെ ഓര്‍ക്കാന്‍ പോകുന്നത്? ദൈവത്തിങ്കലേക്ക് അവരെ കൂടുതല്‍ വലിച്ച് അടുപ്പിച്ചിട്ട് കൂടുതല്‍ ക്രിസ്തു സമാനരാകുവാന്‍ അവരെ വെല്ലുവിളിക്കുന്ന ഒരുവനായിട്ട് അവര്‍ നിങ്ങളെക്കുറിച്ച് ഓര്‍ക്കുമോ അതോ ട്രാക്റ്റുകള്‍ വിതരണം ചെയ്യുവാന്‍ അവരെ പഠിപ്പിച്ച ഒരാളായിട്ടാണോ? നമ്മുടെ വിളിയും ശുശ്രുഷയും എന്തു തന്നെ ആയാലും അത് ക്രിസ്തുസമാനമായ ഒരു ജീവിതത്തിന്റെ ആന്തരിക ഉറവയില്‍ നിന്ന് ഒഴുകണം.

രോഗശാന്തി വരമുള്ള ഒരാള്‍ അതിനെ ഉപയോഗപ്പെടുത്തുന്നത് യേശു അത് ഉപയോഗിച്ച വിധത്തിലായിരിക്കണം. രോഗികളെ സൗഖ്യമാക്കുന്നതിനു മുമ്പോ ശേഷമോ അവരില്‍ നിന്ന് ഒരു കാശും വാങ്ങാതെ, അവരോട് വളരെ മനസ്സലിവുള്ളവനും, സ്വാതന്ത്ര്യത്തോടുകൂടെ എല്ലാതരത്തിലുമുള്ള ആളുകളോടും കൂടിച്ചേര്‍ന്നവനും, ലളിത ജീവിതം നയിച്ചവനുമായ ഒരു വിനീത മനുഷ്യനായിരുന്നു യേശു. അവിടുന്ന് ജനങ്ങളെ സൗഖ്യമാക്കിയത് സൗജന്യമായാണ്. എന്നാല്‍ എന്റെ മുഴുവന്‍ ജീവിതകാലത്തില്‍ ഒരിക്കല്‍പോലും അതുപോലെ ഒരു രോഗശാന്തി ശുശ്രൂഷകനെ ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ അങ്ങനെയുള്ള ആരെയെങ്കിലും കണ്ടുമുട്ടുന്നെങ്കില്‍, ദയവുചെയ്ത് എന്നെ അറിയിക്കുക. കാരണം ഞാന്‍ അയാളെ സന്ധിക്കുവാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഞാന്‍ ഇതുവരെ അങ്ങനെ ഒരാളിനെ കണ്ടു മുട്ടിയിട്ടില്ല. അതിനു പകരം, പണസ്‌നേഹികളായ ധാരാളം പ്രസംഗകരെ ഞാന്‍ കണ്ടു മുട്ടിയിട്ടുണ്ട്. അവര്‍ രോഗശാന്തി വരമുള്ളവരാണെന്ന് നടിച്ചിട്ട് ജനങ്ങളെ തങ്ങളുടെ മനശാസ്ത്രപരമായ സൂത്രങ്ങള്‍ കൊണ്ട് വഞ്ചിക്കുന്നു. ഇതിലെല്ലാമുള്ള ദുഃഖകരമായ കാര്യം എന്താണെന്നു വച്ചാല്‍, വിവേചനമില്ലാത്ത, ചെറുപ്പക്കാരായ ആളുകള്‍ ഈ വഞ്ചകന്മാരെ പിന്തുടരുകയും അവര്‍ തന്നെ അത്തരത്തിലുള്ള ഒര ശുശ്രൂഷയ്ക്കായി അന്വേഷിക്കുകയും ചെയ്യുന്നു! അങ്ങനെ അടുത്ത തലമുറയുംകൂടി തെറ്റായ വഴിയില്‍ നയിക്കപ്പെടുന്നു! എന്നെ ദുഃഖിപ്പിക്കുന്ന കാര്യം ഇതാണ്. നാം അപ്പസ്‌തൊലിക ശുശ്രൂഷയ്ക്കായിട്ടോ, പ്രവചന ശുശ്രൂഷയ്ക്കായിട്ടോ, സുവിശേഷകന്റെ ശുശ്രൂഷയ്ക്കായിട്ടോ, ഉപദേഷ്ടാവിന്റെ ശുശ്രൂഷയ്ക്കായിട്ടോ, അല്ലെങ്കില്‍ എന്തെല്ലാം ശുശ്രൂഷകള്‍ക്കായി വിളിക്കപ്പെട്ടിട്ടുണ്ടെങ്കിലും നാം അത് ക്രിസ്തുസമാനമായ രീതിയില്‍ ചെയ്യണം. എല്ലാ വിളിയിലും ക്രിസ്തുവിന്റെ ആത്മാവ് നമ്മെ ഉത്സാഹിപ്പിക്കണം.

ഒരു സഭയെ പാലിക്കാനായി ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍, അത് യേശു ചെയ്യുമായിരുന്ന വിധത്തില്‍ ചെയ്യുക. നിങ്ങളുടെ കൂട്ടത്തിന്മേല്‍ നിങ്ങള്‍ രൂപപ്പെടുത്തുന്ന നിലനില്ക്കുന്ന മതിപ്പ്, യേശുവിന്റെ തേജസ്സിനാല്‍ പ്രശോഭിക്കപ്പെട്ട ഒരു മനുഷ്യന്‍ എന്നതായിരിക്കട്ടെ.