നിങ്ങളുടെ ജീവിതം നനവുള്ള ഒരു തോട്ടം പോലെ ആയിരിക്കുവാന്‍ കഴിയും (യെശ. 58:11) – WFTW 26 ജൂലൈ 2015

സാക് പുന്നന്‍

   Read PDF version

ദൈവവചനത്തില്‍ 3 തോട്ടങ്ങള്‍ കാണ്മാന്‍ കഴിയുന്നുണ്ട്.

1) ഏദന്‍ തോട്ടം: ഉല്‍പത്തി 2:8,15 വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു: ”യഹോവയായ ദൈവം കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കിയിട്ട് അവിടുന്ന് പുരുഷനെയും സ്ത്രീയെയും കൃഷി ചെയ്യുവാനായി അവിടെ ആക്കി.” പാപം എങ്ങനെയാണ് തോട്ടത്തില്‍ കടന്നു വന്നത്? അത് അടിസ്ഥാനപരമായി ആദമിനും ഹവ്വയ്ക്കും ഉണ്ടായിരുന്ന തെറ്റായ രണ്ടു മനോഭാവങ്ങള്‍ കാരണമായിരുന്നു. ഒന്നാമത്തേത് നിഗളമായിരുന്നു. അവര്‍ക്കു ദൈവത്തെക്കാള്‍ നന്നായി കാര്യങ്ങള്‍ അറിയാമെന്ന് അവര്‍ ചിന്തിച്ചു. ഇന്നും ലോകത്തിലുള്ള അനേകരും ചിന്തിക്കുന്നത് അങ്ങനെ തന്നെയാണ്. രണ്ടാമത്തേത് സ്വാര്‍ത്ഥതയായിരുന്നു. അവര്‍ ആ പഴം തിന്നാന്‍ അവര്‍ക്കു സ്വന്തമായി എന്തു കിട്ടും എന്ന് അവര്‍ ചിന്തിച്ചു. ”സ്ത്രീ പഴത്തെ നോക്കിയിട്ട് അതു നല്ലതെന്നും, അത് അവളുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുമെന്നും, അവളെ ബുദ്ധിയുള്ളവളാക്കി തീര്‍ക്കുമെന്നും അവള്‍ കണ്ടു.” ആരംഭത്തില്‍ പാപത്തിന്റെ കാരണങ്ങള്‍ നിഗളവും സ്വാര്‍ത്ഥതയുമായിരുന്നു. ഇന്ന് മനുഷ്യ വര്‍ഗ്ഗത്തിന്റെ എല്ലാ പാപത്തിന്റെയും മൂല കാരണം ഇവ തന്നെയാണ്  ഇവയുടെ അനേകം വെളിപ്പെടുത്തലുകള്‍ ഉണ്ട്. അടിസ്ഥാനപരമായി മനുഷ്യന്‍ അവനില്‍ തന്നെ കേന്ദ്രീകൃതനാണ്. അതിനാല്‍ അവന്‍ ദൈവത്തില്‍ നന്ന് വിട്ട് സ്വതന്ത്രമായ ഒരു ജീവിതം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയാണ് പാപം കടന്നു വന്നത്.

2) ഗെത്ശമന തോട്ടവും കാല്‍വറിയും: പാപം കടന്നു വന്നത് ഒരു തോട്ടത്തിലാണ്. യേശു നമ്മുടെ രക്ഷയെ നിവര്‍ത്തിച്ചതും ഒരു തോട്ടത്തില്‍ തന്നെയാണ്. അനേകര്‍ക്ക് ഗത്ശമന തോട്ടത്തെ പറ്റി അറിയാം. എന്നാല്‍ യേശു ക്രൂശിക്കപ്പെട്ടത് ഒരു തോട്ടത്തിലാണെന്നും, അതുപോലെ അവിടുത്തെ അടക്കിയതും ഒരു തോട്ടത്തിലാണെന്ന കാര്യവും അവര്‍ക്കറിയില്ല. യോഹന്നാന്‍ 19:41 പറയുന്നത് ”അവനെ ക്രൂശിച്ച സ്ഥലത്തു തന്നെ ഒരു തോട്ടവും, ആ തോട്ടത്തില്‍ മുമ്പെ ആരെയും വച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു” എന്നാണ്. യേശു ഒറ്റികൊടുക്കപ്പെട്ടത് ഒരു തോട്ടത്തിലായിരുന്നു. അവിടുന്ന് ക്രൂശിക്കപ്പെട്ടത് ഒരു തോട്ടത്തിലായിരുന്നു, അവിടുന്ന് അടക്കപ്പെട്ടത് ഒരു തോട്ടത്തിലായിരുന്നു, അവിടുന്ന് മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതും ഒരു തോട്ടത്തിലായിരുന്നു. ഇപ്പോള്‍ നമുക്ക് രക്ഷ വരുന്നതും ആ തോട്ടത്തിലാണ്. യേശു ആ തോട്ടത്തില്‍ ചെയ്ത എല്ലാത്തിന്റെയും പ്രയോജനം ഇന്ന് നമ്മുടേതായി തീരാന്‍ സാധിക്കും. നാം യേശുവിന്റെ ഐഹിക ജീവിതത്തിലേക്കു നോക്കുമ്പോള്‍, അതില്‍ നാം കാണുന്നത്, ആദാമിന്റെ വംശത്തില്‍ നാം കാണുന്ന നിഗളത്തിന്റേയും സ്വാര്‍ത്ഥതയുടെയും നേരേ വിപരീതമായ കാര്യമാണ്. ക്രിസ്തുവിന്റെ ജീവിതത്തില്‍ നാം കാണുന്നത്, യേശു എന്തു ചെയ്യണമെന്നു തന്റെ പിതാവ് ആഗ്രഹിച്ചുവോ അത് ക്രൂശില്‍ മരിക്കാനാണെങ്കില്‍ പോലും  കൃത്യമായി അതു തന്നെ ചെയ്യാന്‍ മനസ്സായിരുന്ന ഒരു താഴ്മയാണ്. അവിടുന്ന് ആ മാര്‍ഗ്ഗം തന്നെ അതെന്തു തന്നെയായാലും ഒന്നും മാറ്റി വയ്ക്കാതെ  ഉടനടി തിരഞ്ഞെടുത്തു. ക്രിസ്തു തന്റെ സ്വാന്ത ആവശ്യങ്ങളെക്കുറിച്ചല്ല, മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചു നിസ്വാര്‍ത്ഥമായി ചിന്തിക്കുകയും ചെയ്തു. തന്നെയുമല്ല അവരെ സഹായിക്കാനായി അവിടുത്തെ തന്നെ യാഗമാക്കുവാന്‍ മനസ്സുള്ളവനുമായിരുന്നു. ഇതേ മനോഭാവം നമുക്കും ഉണ്ടാകണമെന്നു ദൈവം ആഗ്രഹിക്കുന്നു.

3) കാന്തന്റെ തോട്ടം: ഈ തോട്ടത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ശലോമോന്റെ ഉത്തമഗീതത്തിലാണ് (അത് ഒരു കാന്തനും കാന്തയും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരൂ പാട്ടാണ്. ഒരു ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തെ). ഉത്തമഗീതം 4:12ല്‍ കാന്തന്‍ പറയുന്നത് ”എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം” എന്നാണ്. ഇവിടെ കാന്തന്‍ ക്രിസ്തുവാണ്. അവിടുത്തെ കാന്തയായ നാം അവിടുത്തേക്കു വേണ്ടി മാത്രം സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു തോട്ടമായിരിക്കേണ്ടതാണ്. പക്ഷേ പ്രാഥമികമായി ആ തോട്ടം നമ്മുടെ പ്രയോജനത്തിനോ മറ്റുള്ളവരുടെ പ്രയോജനത്തിനോ അല്ല, എന്നാല്‍ അത് കര്‍ത്താവിനുള്ളതാണ്. എല്ലായ്‌പ്പോഴും ഈ കാര്യം മനസ്സില്‍ സൂക്ഷിക്കുക  നമ്മുടെ ജീവിതം കര്‍ത്താവിനു വേണ്ടിയുള്ള ഒരു സ്വകാര്യ തോട്ടമാണ്. അപ്പോള്‍, ഒരു ഉപോല്പന്നം എന്ന നിലയില്‍, മറ്റുള്ളവരും അതിലൂടെ അനുഗ്രഹിക്കപ്പെടും.

യേശു പഠിപ്പിച്ചത് ഇതാണ്. ഏറ്റവും വലിയ കല്പന ഏതാണെന്ന് ഒരാള്‍ അവിടുത്തോട് ചോദിച്ചപ്പോള്‍, അവിടുന്നു പറഞ്ഞു: ”നിന്റെ ദൈവമായ കര്‍ത്താവിനെ നിന്റെ മുഴുവന്‍ ഹൃദയവും കൊണ്ടു സ്‌നേഹിക്കണം എന്നതാണ് ഏറ്റവും വലിയ കല്‍പന  അപ്പോള്‍ നിനക്കു നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കാന്‍ കഴിയും” (മത്താ. 22:3740 വരെയുള്ളതിന്റെ പരാവര്‍ത്തനം). എപ്പോഴും നമ്മുടെ ജീവിതം തുടങ്ങുന്നത് ഒന്നാമത് ദൈവത്തോടു കൂടെ ആയിരിക്കണം. അതുകൊണ്ടാണ് ദൈവം ആദമിനെയും ഹവ്വയെയും ഒരുമിച്ചു സൃഷ്ടിക്കാതെ അവരെ വെവ്വേറെ സൃഷ്ടിച്ചത്  കാരണം ആദം കണ്ണു തുറന്നപ്പോള്‍, അവന്‍ ഹവ്വയെ കാണാതെ ആദം ദൈവത്തെ കാണണമായിരുന്നു. അതുപോലെ പിന്നീട് ഹവ്വ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവളും കണ്ണു തുറന്നപ്പോള്‍ ആദ്യം കണ്ടത് ദൈവത്തെയാണ്  ആദമിനെ അല്ല. നമ്മുടെ ജീവിതം നനവുള്ള ഒരു തേട്ടമായിരിക്കണെങ്കില്‍ നമ്മുടെ ജീവിതത്തിലും അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കണം.

ഉത്തമഗീതം 4:16ല്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കന്നു, ”വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക (വടക്കുനിന്നുള്ള കാറ്റ് തണുപ്പുള്ളതും തെക്കു നിന്നുള്ള കാറ്റ് ചൂടുള്ളതും ആണ്). എന്റെ തോട്ടത്തില്‍ നിന്ന് സുഗന്ധം വീശേണ്ടതിന് അതിന്മേല്‍ ഊതുക. എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ വന്ന് അതിലെ വിശിഷ്ട ഫലം ഭുജിക്കട്ടെ.” നമ്മുടെ ജീവിതത്തില്‍ നാം വിപത്തുകളുടെ തണുപ്പുള്ള വടക്കന്‍ കാറ്റും, സമൃദ്ധിയുടെ ചൂടുള്ള തെക്കന്‍ കാറ്റും അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ യേശു നമ്മുടെ തലയായിരുന്ന് നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കുവാന്‍ നാം അവിടുത്തെ അനുവദിക്കുമെങ്കില്‍, അപ്പോള്‍ നാം നേരിടുന്നത് ആപത്ത് ആയാലും സമൃദ്ധി ആയാലും, ശോധന ആയാലും ആശ്വാസം ആയാലും, ഈ രണ്ടു കാറ്റും നമ്മുടെ ജീവിതത്തിലൂടെ ക്രിസ്തുവിന്റെ സുഗന്ധം എല്ലായിടത്തേക്കും പരത്തും. ഒടുവിലായി, നാം അവിടെ വായിക്കുന്നത്: എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ വന്ന് അതിലെ വിശിഷ്ട ഫലം ഭുജിക്കട്ടെ. ആപത്തു വേളകളിലെ നിങ്ങളുടെ വിജയം കര്‍ത്താവിനു മാത്രം കാണാനുള്ളതാണ്, അല്ലാതെ അതു മറ്റുള്ളവരെ കാണിക്കാനല്ല. മറ്റുള്ളവര്‍ കാണാത്ത സമയത്ത് കര്‍ത്താവ് നിങ്ങളുടെ രഹസ്യത്തിലുള്ള ജീവിത്തെ കാണുന്നു. പിന്നീട് അവിടുന്ന് തന്റെ തോട്ടത്തിലേക്കു വരുമ്പോള്‍, അവിടുത്തെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ചില കാര്യങ്ങള്‍ തനിക്ക് അവിടെ കണ്ടെത്തുവാന്‍ കഴിയണം.

ഓരോ തോട്ടത്തിനും മഴ ആവശ്യമാണ്. പുതിയ ഉടമ്പടിയില്‍, നമുക്ക് പരിശുദ്ധാത്മാവിനാല്‍  സ്വര്‍ഗ്ഗീയമാരി നിറയപ്പെടാനുള്ള അവസരമുണ്ട്. ഇതിനു വേണ്ടി പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുക എന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ ഓരോ മേഖലയിലും പരിശുദ്ധാത്മാവിന്റെ നിയന്ത്രണം ഉണ്ടായിരിക്കുക എന്നാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ദിവസവും സ്വര്‍ഗ്ഗത്തിലെ മഴയ്ക്കായി നിങ്ങളെ തന്നെ തുറന്നു വയ്ക്കുക. അപ്പോള്‍ നിങ്ങളുടെ ജീവിതം ഒരു നനഞ്ഞ തോട്ടംപോലെ ആയിത്തീരും.