നന്ദിയുള്ളവരായിരിക്കുക എന്നത് ആത്മീയ വളര്‍ച്ചയുടെ അടയാളങ്ങളില്‍ ഒന്ന് – WFTW 09 ആഗസ്റ്റ് 2015

സാക് പുന്നന്‍

   Read PDF version

രക്ഷിക്കപ്പെട്ട ഒരു ചെറുപ്പക്കാരനെക്കുറിച്ചു ഞാന്‍ വായിച്ചു. എന്നാല്‍ അയാള്‍ കര്‍ത്താവിനു വേണ്ടി പൂര്‍ണ്ണഹൃദയമുള്ളവനായിരുന്നില്ല. ഒരു ദിവസം അവന്‍ ഒരു സ്വപ്നം കണ്ടു. അതില്‍ അവന്‍ കണ്ടത്. അവന്‍ മരിച്ചു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതായാണ്. അവിടെ അവന്റെ ജീവിതത്തിന്റെ കുറിപ്പു പുസ്തകത്തിനു കുറുകെ ”ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന വാക്ക് എഴുതിയിരിക്കുന്നതാണ്. താന്‍ ക്ഷമിക്കപ്പെട്ടു സ്വര്‍ഗ്ഗത്തിലായതില്‍ അവന്‍ സന്തോഷിച്ചു. എന്നാല്‍ തങ്ങള്‍ക്കു ചുറ്റും ഒരു പ്രത്യേക തേജോവലയത്തോടു കൂടി ചില വിശ്വാസികളെ സ്വര്‍ഗ്ഗത്തില്‍ അവന്‍ കണ്ടു. ഭൂമിയില്‍ കര്‍ത്താവിനു വേണ്ടി തങ്ങളുടെ ജീവന്‍ വച്ചു കളഞ്ഞ രക്തസാക്ഷികളായിരുന്നു അവര്‍. കര്‍ത്താവിനും അവിടത്തെ സഭയ്ക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചു കളഞ്ഞിട്ടുള്ളവരായിരുന്നു അവര്‍. പണം, സ്ഥാനം, മാനം ഇങ്ങനെ ലോകം വിലമതിച്ച എല്ലാത്തിനെയും അവര്‍ യാഗം കഴിച്ചു. ഈ മനുഷ്യന്‍ അവരുടെ മഹത്തായ തേജസ് കണ്ട് അവരോട് അസൂയപ്പെട്ടു. അപ്പോള്‍ സ്വപ്നത്തില്‍ യേശു ഈ മനുഷ്യന്റെ അടുക്കല്‍ വന്നിട്ട് അയാളോടു പറഞ്ഞത്, ഇപ്പോള്‍ അയാള്‍ കണ്ട ഈ തേജസ്സുള്ള ആളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി അയാള്‍ കാണപ്പെടും. കാരണം അയാള്‍ ഭൂമിയില്‍ അവരെപ്പോലെ അല്ല; അയാള്‍ക്കുവേണ്ടി മാത്രം ജീവിച്ചിട്ടുള്ളവനാണ് എന്നാണ്. തന്റെ ജിവിതത്തിന്റെ സ്വാര്‍ത്ഥ വിഴികളെക്കുറിച്ചുള്ള ഓര്‍മ്മയുമായി നിത്യത മുഴുവന്‍ ജീവിക്കണം എന്നു കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അയാള്‍ ഹൃദയം തകര്‍ന്നവനായി തീര്‍ന്നു. തനിക്കു രണ്ടാമതൊരു അവസരം തരണമെന്നു കര്‍ത്താവിനോട് അവന്‍ യാചിച്ചു. എന്നാല്‍ മരണാനന്തരം ഒരു രണ്ടാമൂഴം ഇല്ല എന്നു കര്‍ത്താവ് അവനോട് പറഞ്ഞു. അപ്പോള്‍ അവന്‍ ഉറക്കമുണര്‍ന്നു താന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ കണ്ടെതെല്ലാം സ്വപ്നം മാത്രം ആയിരുന്നു എന്നും കണ്ട് അവന്‍ നന്ദിയുള്ളവനായി. അന്നു മുതല്‍ ഇനി ശേഷിക്കുന്ന തന്റെ കാലം എല്ലാം, ജീവിതം പൂര്‍ണ്ണമായി കര്‍ത്താവിനുവേണ്ടി ജീവിക്കാന്‍ തീരുമാനിക്കുകയും ഒരു വലിയ ദൈവമനുഷ്യനായി തീരുകയും ചെയ്തു.

വര്‍ഷങ്ങളായി നിങ്ങള്‍ക്കു സഭയില്‍ നിന്നു ലഭിച്ചിട്ടുള്ള ആത്മീയ ആഹാരത്തെ നിങ്ങള്‍ വില മതിക്കുമെങ്കില്‍ അപ്പോള്‍ നിങ്ങള്‍ സഭയെ വളരെയധികം വിലമതിക്കും. ഒരു പ്രാവശ്യം ഒരു ഭക്ഷണത്തിനു വേണ്ടി നിങ്ങളെ ക്ഷണിച്ചിട്ടുള്ളവരോടു നിങ്ങള്‍ എത്ര നന്ദിയുള്ളവനാണെന്ന് ഓര്‍ത്തു നോക്കുക. അങ്ങനെയെങ്കില്‍ വര്‍ഷങ്ങളായി, സഭയില്‍ നിരന്തരമായി ലഭിച്ചിട്ടുള്ള ആത്മീയ ആഹാരത്തിനു വേണ്ടി നിങ്ങള്‍ എത്രയധികം നന്ദിയുള്ളവനായിരിക്കണം!

അല്ലെങ്കില്‍ ഈ കാര്യം മറ്റൊരു വിധത്തില്‍ ചിന്തിക്കാം: ഒരാള്‍ നിങ്ങളുടെ മക്കളെ അപകടങ്ങളില്‍ നിന്നു സംരക്ഷിച്ച്, അവര്‍ രോഗികളായിരുന്നപ്പോള്‍ അവരെ ശുശ്രൂഷിച്ച്, നിരുത്സാഹപ്പെട്ടപ്പോഴെല്ലാം അവരെ ഉത്സാഹിപ്പിച്ച് അവരെ വളര്‍ത്തി എന്നു കരുതുക. ഈ വ്യക്തി ഇതെല്ലാം ചെയ്തത് ഒന്നോ രണ്ടോ ദിവസത്തേക്കല്ല എന്നാല്‍ അനേകം വര്‍ഷങ്ങളായിട്ടാണ് എന്നു കരുതുക. നിങ്ങള്‍ അയാളോട് നന്ദിയുള്ളവനായിരിക്കുകയില്ലേ?

നിങ്ങളുടെ മക്കളെ സംരക്ഷിക്കുന്നതിന് കുറഞ്ഞപക്ഷം ഇത്രയുമെങ്കിലും നിങ്ങള്‍ സഭയോട് നന്ദിയുള്ളവരാണോ? അനേക വിശ്വാസികളും ആത്മീയമായി വളര്‍ന്നിട്ടില്ലാത്തതിന്റെ കാരണം തങ്ങള്‍ക്ക് സഭയില്‍നിന്ന് ലഭിച്ചിട്ടുള്ളതിന് നന്ദിയുള്ളവരായിട്ടില്ല എന്നതാണ്. അനേക വര്‍ഷങ്ങളായി സഭയില്‍ നിന്ന് വളരെ സൗജന്യമായി ലഭിച്ചിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും ഒട്ടും നന്ദിയില്ലാത്തവരായി തുടര്‍ന്നവരാണ് സഭയില്‍ നിന്നു വിട്ടു പോയിട്ടുള്ളവര്‍.

ലൂക്കൊ. 17:15ല്‍, സൗഖ്യമാക്കപ്പെട്ട പത്തു കുഷ്ഠരോഗികളെക്കുറിച്ചു നാം വായിക്കുന്നു. എന്നാല്‍ ഒരാള്‍ മാത്രം കര്‍ത്താവിനു നന്ദി പറയാനും ദൈവത്തെ മഹത്വീകരിക്കുവാനുമായി കര്‍ത്താവിന്റെ അടുത്തേക്കു മടങ്ങി വന്നു. അവര്‍ ആവശ്യത്തിലായിരുന്നപ്പോള്‍ അവര്‍ ശബ്ദം ഉയര്‍ത്തി കരുണയ്ക്കായി യാചിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ സൗഖ്യമാക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, 9 പേര്‍ തങ്ങള്‍ പ്രാപിച്ച പ്രയോജനത്തെക്കുറിച്ചു തീര്‍ത്തും നന്ദിയില്ലാത്തവരായിരുന്നു. ഒരാള്‍ മാത്രം നന്ദി പറയാന്‍ തന്റെ ശബ്ദം ഉയര്‍ത്തി. സൗഖ്യമാക്കപ്പെട്ട ആയിരക്കണക്കിനാളുകള്‍ പലസ്തീനില്‍ ഉണ്ടായിരുന്നിരിക്കാം. അവര്‍ ഒരിക്കലും കര്‍ത്താവിനു നന്ദി പറയുവാന്‍ മെനക്കെട്ടിട്ടില്ല, എന്നാല്‍ ഈ ശമര്യന്‍ മടങ്ങി വന്നു കര്‍ത്താവിനു നന്ദി പറഞ്ഞു. അയാള്‍ കര്‍ത്താവിനോട് ഇപ്രകാരം പറഞ്ഞിരിക്കാം: ”കര്‍ത്താവേ അവിടുന്നു എന്നെ തൊട്ടതിനാല്‍ എന്റെ ജീവിതം ഭാവിയില്‍ എത്ര വ്യത്യാസപ്പെടാന്‍ പോകുകയാണ്‍ എനിക്കു നഗരത്തിനകത്തു കടക്കാന്‍ കഴിയും. എനിക്ക് എന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോകാന്‍ കഴിയും. അവിടുന്ന് എന്റെ ജീവിതത്തിലേക്കു സന്തോഷം കൊണ്ടു വന്നു. ഈ അനുഗ്രഹങ്ങളൊന്നും എനിക്കു ലഭിക്കേണ്ടതു തന്നെയായിരുന്നു എന്നു ഞാന്‍ കണക്കാക്കുന്നില്ല. എല്ലാത്തിനും ഞാന്‍ അവിടുത്തോട് കടപ്പെട്ടിരിക്കുന്നു. കൂടാതെ എന്റെ ജീവിതത്തിന്മേലുള്ള അങ്ങയുടെ എല്ലാ അനുഗ്രങ്ങള്‍ക്കും ഞാന്‍ അഗാധമായ നന്ദിയുള്ളവനാണ്.” അയാള്‍ വെളിപ്പെടുത്തി. ഈ നന്ദിയുടെ ആത്മാവിനെ യേശു അനുമോദിച്ചു.

അപ്പോള്‍ യേശു അയാള്‍ക്കു കുറച്ചു കാര്യങ്ങള്‍ കൂടി കൊടുത്തു. അവന്റെ വിശ്വാസമാണ് അവനെ രക്ഷിച്ചത് എന്നു യേശു അവനോടു പറഞ്ഞു. ശുദ്ധീകരിക്കപ്പെട്ട ആ കുഷ്ഠരോഗിക്ക് സൗഖ്യത്തെക്കാള്‍ കൂടുതലായി ചില കാര്യങ്ങള്‍ കര്‍ത്താവില്‍ നിന്നും ലഭിച്ചു. അയാള്‍ക്കു നേരത്തെ തന്നെ സൗഖ്യം ലഭിച്ചിരുന്നു. എന്നാല്‍ അയാള്‍ നന്ദിയുള്ളവനായിരുന്നതുകൊണ്ട് അവനു രക്ഷയും ലഭിച്ചു. ഈ ശമര്യക്കാരനെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കണ്ടു മുട്ടും എന്നെനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ബാക്കി ഒന്‍പതു പേരില്‍ ആരെയെങ്കിലും ഞാന്‍ അവിടെ കണ്ടു മുട്ടുമോ എന്നെനിക്കു തീര്‍ച്ചയില്ല. നിങ്ങള്‍ നന്ദി പറയാനായി കര്‍ത്താവിന്റെ അടുക്കല്‍ തിരിച്ചു വരുമ്പോള്‍ മറ്റുള്ളവര്‍ക്കു കിട്ടുന്നതിനേക്കാള്‍ കൂടുതലായി ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു കിട്ടുന്നു.

ഭൂമിയിലെ അവിടുത്തെ ശരീരമായ സഭയുടെ മദ്ധ്യത്തില്‍ കര്‍ത്താവുണ്ട്. ഇപ്പോള്‍ നാം കര്‍ത്താവിനോടുള്ള ആദരവു കാണിക്കുന്നത് അവിടുത്തെ ശരീരത്തെ വിലമതിക്കുന്നതിലൂടെയാണ്. നിങ്ങള്‍ സഭയെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു തന്നെയായിരിക്കും നഷ്ടമുണ്ടാകുന്നത്. അല്ലാതെ സഭയ്ക്കല്ല. സഭയെ വിലമതിക്കുകയും സഭയില്‍ നിന്നു തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള കാര്യങ്ങള്‍ക്കു നന്ദിയുള്ളവരായിരിക്കയും ചെയ്തിട്ടുള്ളവരെ ദൈവം ധാരാളമായി അനുഗ്രഹിച്ചിട്ടുണ്ട്.

What’s New?