സാക് പുന്നന്‍
Read PDF version
ഗലാത്യര്‍ 2 :11 ല്‍ പൗലൊസ് , പത്രൊസിനോടുപോലും എതിര്‍ത്തു നില്‍ക്കുന്നതായി നാം വായിക്കുന്നു. ‘പത്രൊസ് അന്ത്യോക്യയില്‍ വന്നാറെ, ഞാന്‍ അഭിമുഖമായി അവനോട് എതിര്‍ത്തു നിന്നു’.പൗലൊസിന് ദൈവത്താല്‍ നല്‍കപ്പെട്ടഒരു ശുശ്രൂഷ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് പരസ്യമായി പൗലൊസിനെ സ്വാഗതം ചെയ്ത ഒരാളാണ് പത്രൊസ് എന്ന കാര്യം ഓര്‍ക്കുക (2 : 9). എന്നിട്ടും പൗലൊസ് അവനോട് എതിര്‍ത്തു നിന്നു. ഇവിടെ പത്രൊസിനെയും , യാക്കോബിനെയും, യോഹന്നാനെയും കുറിച്ച് അത്ഭുതകരമായ ചില കാര്യങ്ങള്‍ നാം കാണുന്നു. അവരെക്കാള്‍ വളരെ ചെറുപ്പമായ പൗലൊസിന്, അവരെക്കാള്‍ വിശാലമായ ഒരു ശുശ്രൂഷ ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ അത് അംഗീകരിച്ച് അവനെ അതിനായി ഉത്സാഹിപ്പിക്കുവാനുള്ള കൃപ അവര്‍ക്കുണ്ടായിരുന്നു. ഇന്ന് അതുപോലെ ഒരു യുവ സഹോദരന്റെ മേലുള്ള അഭിഷേകം തിരിച്ചറിയുവാന്‍ ആവശ്യമായ കൃപയുള്ള പ്രായമായ ദൈവദാസന്മാരെ കണ്ടെത്തുന്നത് വളരെ വിരളമായാണ്. സഭയിലെ ഒരു മുതിര്‍ന്ന നേതാവായ പത്രൊസിനെ പൗലൊസ് അപ്പോള്‍ എതിര്‍ക്കുകയും അദ്ദേഹം തെറ്റിയിരിക്കുന്നു എന്ന് അദ്ദേഹത്തോട് പറയുകയും ചെയ്യുന്നു. അത്, ഇളമുറക്കാരനായ ഒരു പ്രവര്‍ത്തകന്‍ തന്റെ സഭാവിഭാഗത്തിന്റെ ഉന്നതനേതാവിനോട് എതിര്‍ത്തു നിന്നിട്ട് ‘ നിങ്ങള്‍ തെറ്റിയിരിക്കുന്നു ‘ എന്ന് അയാളോട് പറയുന്നത് പോലെയാണ്.
എന്തുകൊണ്ടാണ് പൗലൊസിനെ പോലെയുള്ളവര്‍ വളരെ കുറച്ചു മാത്രമുള്ളത്? കാരണം മിക്ക ക്രിസ്ത്യാനികളും നയതന്ത്രപരരും മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ നോക്കുന്നവരുമാണ്. അവരുടെ ഒത്തുതീര്‍പ്പു മനോഭാവത്തെ ശാന്തതയും വിനയവുമായി അവര്‍ തെറ്റിദ്ധരിക്കുന്നു. സുവിശേഷത്തിന്റെ സത്യത്തിലേക്കു വരുമ്പോള്‍ നമ്മുടെ പ്രശസ്തി നാം അന്വേഷിക്കരുത്. സത്യം നമ്മുടെ സ്വത്തല്ല. അത് ദൈവത്തിന്റേതാണ് അതുകൊണ്ട് നാം അതിനെ സംരക്ഷിക്കേണ്ടതുണ്ട്. മിക്ക ക്രിസ്ത്യാനികളും അവരുടെ ഭൗതിക സമ്പത്തിനുവേണ്ടി നഖശിഖാന്തം പോരാടാറുണ്ട്. എന്നാല്‍ മോഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ സ്വത്തിന്റെ സത്യം കാര്യത്തിലേക്ക് വരുമ്പോള്‍, മിക്ക ക്രിസ്ത്യാനികളും കേവലം നിശബ്ദത പാലിക്കുന്നു. അവര്‍ ദൈവത്തെയോ സത്യത്തെയോ സ്‌നേഹിക്കുന്നില്ല. എന്നാല്‍ പൗലൊസ് സത്യത്തെ സ്‌നേഹിച്ചു.
ആരെങ്കിലും പൗലൊസിന്റെ അങ്കിയോ, ഉടുപ്പോ മാത്രമാണ് മോഷ്ടിച്ചിരുന്നതെങ്കില്‍, അതെടുക്കുവാന്‍ അവന്‍ അവരെ അനുവദിക്കുമായിരുന്നു. എന്നാല്‍ അവര്‍ ദൈവ വചനത്തിലുള്ള സത്യത്തെ മോഷ്ടിച്ചപ്പോള്‍, അദ്ദേഹം സത്യത്തിനുവേണ്ടി പോരാടി. ഓരോ ദൈവഭക്തന്മാരും അങ്ങനെ തന്നെയാണ്. അവന്റെ സ്വന്തം സ്വത്തിനുവേണ്ടി കരുതുന്നതിനെക്കാള്‍ കൂടുതല്‍ ദൈവത്തിന്റെ സത്യത്തിനുവേണ്ടി കരുതുന്നു. നിങ്ങള്‍ എല്ലാവരും നിങ്ങളുടെ സ്വന്തം സ്വത്തിനെ വിലമതിക്കുന്നത്രയും ദൈവത്തിന്റെ സത്യത്തെ വിലമതിച്ചിരുന്നെങ്കില്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളതിനെക്കാള്‍ വളരെയധികം പുരോഗതി ഉണ്ടാകുമായിരുന്നു. സത്യത്തിനുവേണ്ടി ഒരു നിലപാടെടുക്കാന്‍ മനസ്സുള്ള വളരെക്കുറച്ചുപേര്‍ മാത്രമേ ഉള്ളു എന്നു ഞാന്‍ കാണുന്നു. മിക്ക പ്രാസംഗികരും മനുഷ്യരെ പ്രസാദിപ്പിക്കുന്നവരാണ്. അതുകൊണ്ട് ദൈവത്തിന് അവരെ തന്റെ പ്രവാചകന്മാരാക്കുവാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് ആരെ പ്രസാദിപ്പിക്കുവാനാണ് ആഗ്രഹം എന്നു കാണുവാന്‍ ദൈവം നിങ്ങളെ വിവിധങ്ങളായുള്ള നിരവധി സാഹചര്യങ്ങളിലൂടെ പരിശോധന ചെയ്യും. ഇവിടെ പൗലൊസ് പത്രൊസിനെ പ്രസാദിപ്പിക്കുവാന്‍ നോക്കുമോ എന്നു കാണുവാന്‍ ദൈവം അദ്ദേഹത്തെ പരിശോധിക്കുന്നു. പത്രൊസ് ഒരു മുതിര്‍ന്ന അപ്പൊസ്തലനായിരുന്നു, എന്നാല്‍ ആദ്ദേഹം ചെയ്തത് തെറ്റായിരുന്നു (ഗലാ 2 :12). അദ്ദേഹം ജാതികളോടുകൂടെ ഭക്ഷണം കഴിച്ചുപോന്നു. എന്നാല്‍ യാക്കോബിന്റെ (യരൂശലേമിലെ മൂപ്പന്‍) അടുക്കല്‍ നിന്നു ചിലര്‍ വന്നപ്പോള്‍, യാക്കോബ് എന്തു വിചാരിക്കും എന്ന് ഭയപ്പെട്ട് അദ്ദേഹം പിന്‍വാങ്ങി പിരിഞ്ഞുനിന്നു. അപ്പോഴാണ് പൗലൊസ് പത്രൊസിനോട് എതിര്‍ത്തു നിന്നത്. ബര്‍ന്നബാസ് പോലും പത്രൊസിന്റെ കാപട്യത്തില്‍ തെറ്റിപ്പോകുവാന്‍ ഇടയായി(ഗലാ 2 : 13).
ബര്‍ന്നബാസും പൗലൊസിനെക്കാള്‍ മുതിര്‍ന്ന ആളായിരുന്നു. അയാള്‍ ശാന്തനും കൃപാലുവുമായ ഒരാളായിരുന്നു. അയാളുടെ മനോഭാവം ഇപ്രകാരമായിരുന്നിരിക്കാം, ‘ സഹോദരന്‍ ഒരു മുതിര്‍ന്ന സഹോദരനാണ്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞ് ദൈവഭക്തനായ ഈ മനുഷ്യനെ ഞാന്‍ വിധിക്കാതിരിക്കട്ടെ’. എന്നാല്‍ പൗലൊസിന്റെ മനോഭാവം ഇപ്രകാരമായിരുന്നു,’ അദ്ദേഹം കൂടുതല്‍ ദൈവഭക്തനാണോ എന്നതല്ല ഇവിടുത്തെ ചോദ്യം. ഞാന്‍ എന്നെത്തന്നെ അദ്ദേഹത്തോട് താരതമ്യം ചെയ്യുകയല്ല. അദ്ദേഹം ചെയ്യുന്നത് നമ്മള്‍ പ്രസംഗിക്കുന്ന സുവിശേഷത്തിന് എതിരായിട്ടുള്ളതാണ്. ജാതികളോട് കൂടെ ഭക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്? സഹോദരന്‍ യാക്കോബിന് പറയാനുള്ളതിനെ നാം എന്തിനാണ് ഭയപ്പെടുന്നത് ?’
ഇതുപോലെ ഏതെങ്കിലും മുതിര്‍ന്ന സഹോദരന്മാരുടെ അഭിപ്രായത്തെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? പൗലൊസിനെപ്പോലെ ധീരന്മാരായ, ഭയരഹിതരായ ആളുകള്‍ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്നതുകൊണ്ടാണ്, പുതിയ നിയമത്തില്‍ നമുക്ക് നിര്‍മ്മല സുവിശഷം ഉള്ളത്. ഈ കഴിഞ്ഞ 20 നൂറ്റാണ്ടുകളിലും സുവിശേഷ സത്യത്തിനുവേണ്ടി നിന്ന ഭയരഹിതരും, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ നേക്കാത്തവരുമായ ആളുകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്, ഇന്ന് നമുക്ക് നിര്‍മ്മല സുവിശേഷ സന്ദേശങ്ങള്‍ ഉള്ളത്. അപ്രകാരമുള്ള ആളുകള്‍ക്കായി ദൈവത്തിനു നന്ദി.