ആദ്യ ഫലങ്ങള്‍ – WFTW 01 നവംബര്‍ 2015

സാക് പുന്നന്‍

   Read PDF version

വെളിപ്പാട് 14:4ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘അവര്‍ ബ്രഹ്മചാരികളാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍. കുഞ്ഞാടു പോകുന്നിടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍ നിന്നു വിലയ്ക്കു വാങ്ങിയിരിക്കുന്നു.’

ഇതു പരാമര്‍ശിക്കുന്നത് കന്യകാത്വമോ ശാരീരികമായ വേശ്യാവൃത്തിയോ അല്ല. ഇവിടെ പരമാര്‍ശിച്ചിരിക്കുന്ന സ്ത്രീകളെപ്പറ്റി പിന്നീട് വെളിപ്പാട് 17:5ല്‍ പറഞ്ഞിരിക്കുന്നു. മഹതിയാം ബാബിലോണ്‍, വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവും അവളുടെ വേശ്യമാരായ പുത്രിമാരും. ഈ വചനം പറയുന്നത്, ഈ 1,44,000 പേര്‍ ആത്മീയ വേശ്യാവൃത്തി ചെയ്തില്ല എന്നാണ്. ജഡത്തോടും ലോകത്തോടും ആത്മീയ വ്യഭിചാരം ചെയ്തു മാലിന്യപ്പെടാതെ അവര്‍ അവരെത്തന്നെ ക്രിസ്തുവിനുവേണ്ടി കന്യകമാരായി നിര്‍മ്മലതയില്‍ സൂക്ഷിച്ചു. ആത്മീയ വ്യഭിചാരത്തെ യാക്കോബ് 4:4ല്‍ വിവരിച്ചിരിക്കുന്നു. ‘വ്യഭിചാരിണികളായുള്ളോരേ, ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഇവര്‍ പ്രലോഭനത്തിന്റെ നിമിഷങ്ങളില്‍ വിശ്വസ്തരായിരുന്നവരാണ്. തങ്ങളെത്തന്നെ ലോകമയത്വത്തില്‍ നിന്നു സൂക്ഷിച്ചവരാണ്. കുഞ്ഞാടു പോയ ഇടത്തൊക്കെയും അവര്‍ അവനെ അനുഗമിച്ചു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ നാള്‍തോറും അവര്‍ തങ്ങളുടെ ക്രൂശെടുത്തു കാരണം അങ്ങനെയാണ് കുഞ്ഞാട് ഈ ഭൂമിയില്‍ നടന്നത്.

ഇവിടെ കാണുന്ന മറ്റൊരു വാക്യം ശ്രദ്ധിക്കാം. ‘അവരെ മനുഷ്യരുടെ ഇടയില്‍ നിന്നു വിലയ്ക്കു വാങ്ങിയിരിക്കുന്നു.’ വെളിപ്പാട് 14:3ല്‍ നാം കാണുന്നത് അവര്‍ ഭൂമിയില്‍ നിന്നു സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു എന്നാണ്. അവര്‍ ‘ഭൂവാസികള്‍ക്ക്’ വിപരീതമായിട്ടുള്ളവരാണ് അവര്‍ ഭൂമിയില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ടുള്ളവരാണ്. അവര്‍ ഈ ഭൂമിയിലെ കാര്യങ്ങളാല്‍ പിടിക്കപ്പെട്ടവരല്ല. ക്രിസ്തു പിതാവിന്റെ വലത്തു ഭാഗത്തിരിക്കുന്ന ഇടമായ ഉയരത്തിലുള്ള കാര്യങ്ങളിലാണ് അവര്‍ മനസ്സു വച്ചിരിക്കുന്നത്. ‘ഈ ഭൂമിയില്‍ എന്നാല്‍ കഴിയുന്നിടത്തോളം പണം ഉണ്ടാക്കുകയും അതിനുശേഷം ഞാന്‍ മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കഴിയുകയും ചെയ്യുന്നതെങ്ങനെയാണ്? എനിക്ക് എത്രയും സുഖ സൗകര്യങ്ങുള്ള ഒരു ജീവിതം ജീവിച്ചിട്ട് ഞാന്‍ മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കഴിയുന്നത് എങ്ങനെയാണ്? എന്നല്ല അവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ‘ഭൂവാസികള്‍’ ആണ് അങ്ങനെ ചിന്തിക്കുന്നത്. എന്നാല്‍ ഈ ആളുകള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത് ഇപ്രകാരമാണ്: ‘എന്റെ ഈ ഒരു ഭൗമിക ജീവിതത്തില്‍ എനിക്കു ദൈവത്തിന്റെ എല്ലാ ഇഷ്ടങ്ങളും ചെയ്യാന്‍ കഴിയുന്നത് എങ്ങനെയാണ്? എനിക്കു വേണ്ടി കാല്‍വറിയില്‍ മരിച്ചതിനായി കര്‍ത്താവിനോട് ഞാന്‍ എങ്ങനെയാണ് എന്റെ നന്ദി കാണിക്കേണ്ടത്? ഈ നാളുകളില്‍ തങ്ങളെത്തന്നെ ‘വിശ്വാസികള്‍’ എന്നു വിളിക്കുന്ന ഒത്തു തീര്‍പ്പുകാരായ, അര്‍ദ്ധഹൃദയമുള്ള, വഴുവഴുപ്പുകാരായ, ലൗകീകരായ ആളുകളല്ല ഇവര്‍. ഇവര്‍ ആകപ്പാടെ വ്യത്യസ്തമായ വിഭാഗത്തില്‍പ്പെടുന്നവരാണ്. അവര്‍ ഭൂമിയില്‍ നിന്നു വീണ്ടെടുക്കപ്പെട്ടവരാണ് (സ്വതന്ത്രരാക്കപ്പെട്ടവരാണ്). ഭൂമിയിലെ സുഖസൗകര്യങ്ങളിലോ, സമ്പത്തിലോ, മാനത്തിലോ അല്ല അവര്‍ അവരുടെ മനസ്സു വച്ചിരിക്കുന്നത്. ഇപ്പോള്‍ നാം കാണുന്നത് അവര്‍ മനുഷ്യരില്‍ നിന്നുകൂടെ സ്വതന്ത്രരാണ് എന്നാണ് മനുഷ്യരുടെ അഭിപ്രായങ്ങളില്‍ നിന്ന്. അതിന്റെ ഫലമായി അവര്‍ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലങ്ങളായി തീര്‍ന്നു.

ആദ്യഫലങ്ങള്‍ എന്നത് ഒരു മരത്തില്‍ ആദ്യം പാകമാകുന്ന ഫലങ്ങളാണ്. ഇവര്‍ പരുശുദ്ധാത്മാവിനോട് ശരിയായി വിധത്തില്‍ പ്രതികരിച്ചു തങ്ങളുടെ ഭൗമിക ജീവിതകാലത്തു പഴുത്തു പാകമായി തീര്‍ന്നു. അവര്‍ തങ്ങളുടെ ജീവിതങ്ങളെ പാഴാക്കിക്കളഞ്ഞില്ല. ക്രൂശെടുക്കുവാന്‍ ദൈവം അവര്‍ക്കു നല്‍കിയ അവസരങ്ങളൊന്നും അവര്‍ പാഴാക്കിയില്ല. കുഞ്ഞാടിനെ അനുഗമിക്കാനുള്ള അവസരമൊന്നും അവര്‍ പാഴാക്കിയില്ല. അവര്‍ തങ്ങളുടെ സ്വയത്തിനു മരിച്ചു യേശുവിനെ അനുഗമിക്കുവാനും പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് അനുസരിക്കുവാനും അവരുടെ ജീവിതത്തില്‍ ലഭിച്ച എല്ലാ അവസരങ്ങളും അവര്‍ ഏറ്റെടുത്തു. അതിന്റെ ഫലമോ, അവര്‍ വേഗത്തില്‍ പുഴുത്തു പാകമായി. അവരാണ് ആദ്യഫലങ്ങള്‍.

യാക്കോബ് 1:18 പറയുന്നത് ദൈവം ‘നാം അവിടുത്തെ സൃഷ്ടികളില്‍ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവിടുന്നു തന്റെ ഇഷ്ടത്താല്‍ സത്യവചനത്താല്‍ നമ്മെ ജനിപ്പിച്ചിരിക്കുന്നു’ എന്നാണ്.

എല്ലാവരും പ്രതികരിക്കുന്നത് ശരിയായ വിധത്തിലല്ല. എന്നാല്‍ ശരിയായ വിധത്തില്‍ പ്രതികരിച്ച് ആദ്യഫലങ്ങളായി തീരുന്ന വളരെക്കുറച്ചു പേര്‍ ഉണ്ടായിരിക്കാം. 1,44,000 എന്ന സംഖ്യ അക്ഷരാര്‍ത്ഥത്തിലല്ല. അത് ഒരു ചെറിയ എണ്ണം ആളുകള്‍ എന്നതിന്റെ പ്രതീകമാണ്. ജീവനിലേക്കുള്ള വഴി ഇടുങ്ങിയതാണെന്നും അതു കണ്ടെത്തുന്നവര്‍ ചുരുക്കമാണെന്നും യേശു പറഞ്ഞു.

ദൈവത്തിന്റെ സന്നിധിയില്‍ കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ച, ‘ആര്‍ക്കും എണ്ണുവാന്‍ കഴിയാത്ത വലിയൊരു പുരുഷാരം അവിടെ ഉണ്ടായിരിക്കും. അതു നാം കാണുന്നത് വെളിപ്പാട് 7ല്‍ ആണ്. അവരില്‍ അധികംപേരും എല്ലാ മതങ്ങളില്‍ നിന്നുമുള്ള ശിശുക്കളായിരിക്കും. അവര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനുള്ള പ്രായമാകുന്നതിനു മുമ്പേ മരിച്ചവരാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഗര്‍ഭഛിത്രം നടത്തപ്പെട്ട ലക്ഷക്കണക്കിന് അകാല പ്രജകള്‍ അതിലുണ്ടായിരിക്കും. ക്രിസ്തുവിന്റെ നീതി അവരുടെ കണക്കില്‍പ്പെടുത്തിയതിനാല്‍ അവരും സ്വര്‍ഗ്ഗത്തിലുണ്ട്. എന്നാല്‍ അവര്‍ക്ക് ഒരിക്കലും ജയാളികള്‍ ആകാനുള്ള അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ബോധപൂര്‍വ്വം, ജീവനിലേക്കുള്ള ഇടുങ്ങിയ പാത തിരഞ്ഞെടുക്കുന്നവര്‍ എണ്ണുവാന്‍ കഴിയുന്ന ഒരു കൂട്ടമാണ്. അവര്‍ വളരെ കുറവാണ്. അവര്‍ മത്തായി 5,6,7 എന്നീ വേദഭാഗങ്ങള്‍ ഗൗരവത്തോടെ എടുത്തിട്ടുള്ളവരും ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലങ്ങളായി തീര്‍ന്നവരും ആണ്.