പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ- WFTW 12 ജൂൺ 2016

സാക് പുന്നന്‍

   Read PDF version

ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങളിലും അദ്ദേഹം പരിശുദ്ധാത്മാവന്റെ ശുശ്രൂഷയെക്കുറിച്ച് വളരെയധികം പറഞ്ഞിരിക്കുന്നു. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ മുഖ്യ ഊന്നലുകളിലൊന്ന് ഇതാണ്. ഈ സുവിശേഷത്തിലെ ഈ ഉദാഹരണങ്ങള്‍ നോക്കുക: സ്‌നാപകയോഹന്നാന്‍ ഗര്‍ഭത്തില്‍വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ നിറയും (ലൂക്കോ. 1:15).പരിശുദ്ധാത്മാവ് മറിയയുടെ മേല്‍ വരും (ലൂക്കോ.1:35). എലിസബേത്തും സഖരിയാവും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടു (ലൂക്കോ.1:41,67). ശിമയോന്റെമേല്‍ പരിശുദ്ധാത്മാവ് ആവസിച്ചിരിക്കുന്നു, അദ്ദേഹത്തിന് പരിശുദ്ധാത്മാവില്‍ വെളിപ്പാടു ലഭിക്കുകയും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവാലയത്തിലേക്ക് ചെല്ലുകയും ചെയ്തു (ലൂക്കോ.2:2527). യേശു പ്രിശുദ്ധാത്മാവുകൊണ്ട് സ്‌നാനപ്പെടുത്തും (ലൂക്കോ.3:16). സ്‌നാനമേറ്റപ്പോള്‍ യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു (വ്യക്തമായി പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായിട്ട്), ഉടനെ തന്നെ പരിശുദ്ധാത്മാവ് അദ്ദേഹത്തിന്റെ മേല്‍ വന്നു (ലൂക്കോ.3:21,22). യേശു ആത്മാവ് നിറഞ്ഞവനായിത്തീരുകയും, ആത്മാവിനാല്‍ മരുഭൂമിയലേക്ക് നയിക്കപ്പെടുകയും, പരിശുദ്ധാത്മാവിന്റെ ശക്തിയോടെ മടങ്ങുകയും ചെയ്തു (ലൂക്കോ.4:1,14). പരിശുദ്ധാത്മാവ് തന്റെമേല്‍ ഉണ്ടെന്ന് അവിടുന്ന് പ്രഖ്യാപിച്ചു (ലൂക്കോ.4:18). ചോദിക്കുന്നവര്‍ക്കാണ് പരിശുദ്ധാത്മാവ് നല്‍കപ്പെടുന്നത് (ലൂക്കോ.11:13). യേശു തന്റെ ശിഷ്യന്മാരോട് പരിശുദ്ധാത്മാവിന്റെ ശക്തിക്കുവേണ്ടി കാത്തിരിക്കുവാന്‍ കല്പിച്ചു (ലൂക്കോ.24:49).

അപ്പൊസ്തല പ്രവൃത്തികളില്‍, ലൂക്കോസ് 50 ല്‍ കൂടുതല്‍ തവണ പരിശുദ്ധാത്മാവിനെപ്പറ്റി പറഞ്ഞിരിക്കുന്നു. ലൂക്കോസ് സംശയമെന്യേ ആത്മനിറവുള്ള മനുഷ്യനായിരുന്നു. കൂടാതെ പരിശുദ്ധാത്മ ദാനത്തിലൂടെ സാധ്യമാക്കപ്പെട്ട ഈ പുതിയ ഉടമ്പടി ജീവിതത്തെപ്പറ്റി ആവേശഭരിതനുമായിരുന്നു. അദ്ദേഹം ആയിരുന്നതുപോലെ ആവേശഭരിതരായ എത്ര ക്രിസ്ത്യാനികള്‍ ഇന്നുണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. പുതിയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളില്‍ പരിശുദ്ധാത്മസ്‌നാനം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇതു നമ്മെ പഠിപ്പിക്കുന്നത് ഈ പുതിയ ഉടമ്പടിയുടെ യുഗത്തില്‍ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയുടെ വലിയ പ്രാധാന്യത്തെയാണ്. അതുകൊണ്ട് പിശാച് ഏതെങ്കിലും കാര്യത്തില്‍ കള്ളനാണയം ഇറക്കാന്‍ അന്വേഷിക്കുന്നെങ്കില്‍ അത് പരിശുദ്ധാത്മ അഭിഷേകത്തിന്റെ കാര്യത്തിലായിരിക്കും, ഇന്ന് അത്തരം ധാരാളം കള്ളനാണയങ്ങള്‍ നാം കാണുന്നുണ്ട് .വിശ്വാസികള്‍ക്ക് പരിശുദ്ധാത്മാവിലുള്ള സ്‌നാനം ഒരിക്കലും ലഭിക്കുകയില്ല എന്ന് പിശാച് എങ്ങനെയാണ് ഉറപ്പു വരുത്തുന്നത്?

ഒന്നാമതായി, അവരില്‍ ചിലര്‍ക്ക് ശാരീരികമോ വൈകാരികമോ ആയ അനുഭവങ്ങള്‍ നല്‍കിക്കൊണ്ടാണ്. അവര്‍ക്ക് പാപത്തെ ജയിക്കാനും കര്‍ത്താവിനെ സേവിക്കാനുമുള്ള ശക്തിയുടെ കുറവ് അവര്‍ക്കുണ്ടാകുന്നു. എന്നാല്‍ അവര്‍ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സാത്താന്‍ അവര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്യുന്നു! അത്തരം വിശ്വാസികള്‍ ഒരിക്കലും പരിശുദ്ധാത്മസ്‌നാനത്തിനായി അന്വേഷിക്കുകയില്ല, കാരണം അവര്‍ക്ക് അത് നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട് എന്ന് അവര്‍ ബോധ്യപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതുപോലെയുള്ള ലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍ എല്ലായിടവുമുണ്ട്. അവര്‍ പാപത്താല്‍ പരാജിതരാക്കപ്പെടുന്നു, അവര്‍ പണത്തെ സ്‌നേഹിക്കുന്നു. കൂടാതെ അവര്‍ ലോകത്തിനുവേണ്ടി ജീവിക്കുന്നു. എന്നാല്‍ ‘അന്യഭാഷ’ എന്ന് അവര്‍ വിളിക്കുന്ന ചില അസ്പഷ്ടജല്പനം അവര്‍ സംസാരിക്കുകയും ശാരീരികവും ദൃശ്യവുമായ ചില അസാധാരണ അനുഭവങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുവെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു.

രണ്ടാമത്, മറ്റു ചില വിശ്വാസികളെ (പരിശുദ്ധാത്മഭിഷേകത്തിന്റെ എതിര്‍ ധ്രുവത്തിലായിരിക്കുന്നവരെ) പിശാച്, പ്രകടമായ ഈ കള്ളനാണയത്തിനെതിരായി പ്രതിപ്രവര്‍ത്തിക്കുന്നതിനും, പരിശുദ്ധാത്മ സ്‌നാനത്തില്‍ നിന്നും മുഴുവനായി അകന്നു മാറി നില്‍ക്കുന്നതിനും ഒരുക്കുന്നു. അങ്ങനെ ഈ രണ്ട് കൂട്ടം വിശ്വാസികളെയും (ബഹുഭൂരിപക്ഷം വിശ്വാസികളും അതിലുള്ളവരാണ്) യഥാര്‍ത്ഥ ദൈവശക്തിയും പരിശുദ്ധാത്മാഭിഷേകവും ഒരിക്കലും ലഭിക്കാതവണ്ണം ആക്കിത്തീര്‍ക്കുന്നതില്‍ അവന്‍ വിജയിക്കുന്നു. അതുകൊണ്ട് ഈ രണ്ടു പരകോടികളും ഒഴിവാക്കുന്നതില്‍ ശ്രദ്ധയുമുള്ളവരായിരിക്കുക.

യോഹന്നാന്‍ എപ്രകാരമാണ് അവന്റെ അമ്മയുടെ ഗര്‍ഭത്തില്‍വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടത്? അവനൊരു ഭ്രൂണമായിരുന്നപ്പോള്‍ അവന്റെ അമ്മയുടെ ഗര്‍ഭത്തില്‍ അവന്‍ പരിശുദ്ധാത്മാവിനായി കാത്തിരുന്നോ? അമ്മയുടെ ഉദരത്തില്‍ വച്ച് പ്രാര്‍ത്ഥിക്കുവാന്‍ അവനെ ആരെങ്കിലും പ്രബോധിപ്പിച്ചോ? ഇല്ല. ദൈവം അവനെ നിറച്ചു. നിങ്ങളെ പരിശുദ്ധാത്മാവില്‍ നിറക്കുക എന്നതു ദൈവത്തിന്റെ പ്രവൃത്തിയാണ്. നാം അവിടുത്തോട് വിധേയപ്പെടുന്നെങ്കില്‍, അവിടുന്ന് നമ്മെ നിറക്കും. നിങ്ങളുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുവാന്‍ ഒരു കാര്യം ഇവിടെയുണ്ട്: നിസ്സഹായമായ ഒരു ഭ്രൂണത്തെ അതിന്റെ അമ്മയുടെ ഗര്‍ഭത്തില്‍വച്ച് പരിശുദ്ധാത്മാവിനാല്‍ നിറക്കുവാന്‍ കഴിയുമെങ്കില്‍, നിങ്ങളെ നിറക്കുവാന്‍ അവിടുത്തേക്ക് എന്തുകൊണ്ട് കഴിയില്ല?

ഏതെങ്കിലും വിലകുറഞ്ഞുള്ള നാണയംകൊണ്ട് തൃപ്തിപ്പെടരുത്. ഞാന്‍ ഒരു യുവാവായിരുന്നപ്പോള്‍ കര്‍ത്താവിനോട് പറഞ്ഞു: ‘ഞാനൊരിക്കലും ഒരു കള്ളനാണയംകൊണ്ട് തൃപ്തനാവുകയില്ല, തന്നെയുമല്ല യഥാര്‍ത്ഥമായ അനുഭവം ലഭിക്കുവാന്‍ പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വന്നാലും എനിക്ക് അതിന് മനസ്സാണ്’. കാത്തിരിക്കുന്നത് യോഗ്യമായിരുന്നു. നിങ്ങള്‍ യഥാര്‍ത്ഥമായി ആത്മാവില്‍ അഭിഷേകം ചെയ്യപ്പെടുമ്പോള്‍, അത് നിങ്ങളുടെ മുഴുവന്‍ ജീവിതരീതിയെയും വ്യത്യാസപ്പെടുത്തും.

യോഹന്നാന്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടപ്പോള്‍ അദ്ദേഹം കര്‍ത്താവിന്റെ ദൃഷ്ടിയില്‍ വലിയവനായിത്തീര്‍ന്നു (ലൂക്കോ. 1:15).പരിശുദ്ധാത്മാവ് നമ്മെയും ഇങ്ങനയാക്കിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു ദൈവത്തിന്റെ ദൃഷ്ടിയില്‍ വലിയവന്‍, മനുഷ്യന്റെ ദൃഷ്ടിയിലല്ല.