”പരീക്ഷയിലേക്കു ഞങ്ങളെ നയിക്കാതെ,ദുഷ്ടനില്‍ നിന്നു ഞങ്ങളെ വിടുവിക്കണമേ” – WFTW 21 ഫെബ്രുവരി 2016

സാക് പുന്നന്‍

   Read PDF version

മത്തായി 6:13ല്‍ യേശു നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചു… ”പരീക്ഷയിലേക്കു ഞങ്ങളെ നയിക്കാതെ ദുഷ്ടനില്‍ നിന്നു ഞങ്ങളെ വിടുവിക്കണമേ.” യഥാര്‍ത്ഥ വിശുദ്ധി എന്നത് ഒരു പോരാട്ടത്തിന്റെ ഫലമാണെന്നു ചാരു കസേരിയില്‍ ചാരിയിരുന്നു ”സുഖസൗകര്യങ്ങളുടെ പൂമെത്തയില്‍ ആകാശത്തേക്ക് എടുക്കപ്പെടുവാന്‍ ”ആഗ്രഹിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് അതുണ്ടാകുന്നില്ല. നാം നമ്മുടെ മോഹങ്ങള്‍ക്കും സാത്താനും എതിരെ യുദ്ധം ചെയ്‌തെങ്കില്‍ മാത്രമേ നാം വിശുദ്ധരായി തീരുകയുള്ളു. നാം അപ്പോള്‍ ഇങ്ങനെ ചോദിച്ചേക്കാം: ”നമ്മുടെ വിശുദ്ധിക്ക് പിശാച് ഇത്തരത്തില്‍ ഒരു തടസ്സമാണെങ്കില്‍, എന്തുകൊണ്ടു ദൈവം അവനെ നശിപ്പിക്കുന്നില്ല?” അതിനുള്ള മറുപടി, ഒരു വിധത്തില്‍ പറഞ്ഞാല്‍ സ്വര്‍ണ്ണം ശുദ്ധി ചെയ്യാന്‍ ഉല അനിവാര്യമായിരിക്കുന്നതുപോലെ നമ്മുടെ ആത്മീയ വളര്‍ച്ചക്കു പിശാച് അനിവാര്യമാണ്. നമ്മുടെ മാംസപേശികള്‍ പ്രതിരോധത്തിനു വിധേയമാക്കപ്പെടുമ്പോളാണ് അവ ശക്തമാകുന്നത്. അല്ലാത്തപക്ഷം നാം തടിയന്മാരായി അയഞ്ഞു തൂങ്ങിയ മാംസപേശികളുള്ളവരായിത്തീരും. ആത്മീയ മണ്ഡലത്തിലും ഇതു കൃത്യമായി ഇങ്ങനെ തന്നെയാണ്. ആത്മീയമായി നാം ശക്തരാകണമെങ്കില്‍ നമുക്കു ചെറുത്തു നില്‍പ് ആവശ്യമാണ്. അതുകൊണ്ടാണ് നമ്മെ പരീക്ഷിക്കുവാന്‍ ദൈവം സാത്താനെ അനുവദിക്കുന്നത്.

ആദാം നിഷ്‌കളങ്കനായിരുന്നു എന്നാല്‍ നിഷ്‌കളങ്കത വിശുദ്ധി അല്ല. ആദാം പരീക്ഷിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ അവന്റെ ജീവിതകാലം മുഴുവന്‍, ഒരിക്കലും വിശുദ്ധനാകാതെ, നിഷ്‌കളങ്കനായി നിലകൊള്ളുമായിരുന്നു. നിഷ്‌കളങ്കത എന്നാല്‍ നിഷ്പക്ഷതയുടെ ഒരവസ്ഥയാണ്. ആ നിഷ്പക്ഷതയുടെ അവസ്ഥയില്‍ നിന്നു തീര്‍ത്തും വിശുദ്ധനായി തീരണമെങ്കില്‍, ആദാമിന് ഒരു തിരഞ്ഞെടുപ്പു നടത്തണമായിരുന്നു. അവന്‍ പ്രലോഭനത്തോട് ‘ഇല്ല’ എന്നും ദൈവത്തോട് ‘അതെ’ എന്നും പറയണമായിരുന്നു. അപ്പോള്‍ മാത്രമേ അവന്‍ വിശുദ്ധനായി തീരുകയുള്ളു. അതുകൊണ്ട് അവന്‍ പരീക്ഷിക്കപ്പടേണ്ടിയിരുന്നു. നിര്‍ഭാഗ്യവശാല്‍, അവന്‍ ദൈവത്തോട് ‘ഇല്ല’ എന്നു പറയുകയും അതുകൊണ്ട് അവന്‍ ഒരു പാപിയായിത്തീരുകയും ചെയ്തു.

യേശുവും നമ്മെപ്പോലെ തന്നെ എല്ലാ കാര്യങ്ങളിലും പരീക്ഷിക്കപ്പെട്ടു (എബ്രാ. 4:15). എന്നാല്‍ അവിടുന്നും ആദമും തമ്മിലുള്ള വ്യത്യാസം, അവിടുന്ന് എപ്പോഴും പിതാവിനോട് ‘അതെ’ എന്നു പറഞ്ഞു. പൂര്‍ണ്ണതയുള്ള ഒരു മനുഷ്യന്‍ ആകുന്നതിനു വേണ്ടി, എല്ലാ മനുഷ്യരും എങ്ങനെ ആയിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ ആ വിധത്തിലുള്ള മനുഷ്യന്‍ ആകുന്നതിനു വേണ്ടി യേശുവിന് താന്‍ കഷ്ടം അനുഭവിച്ച കാര്യങ്ങളിലൂടെ അനുസരണം പഠിക്കേണ്ടിയിരുന്നു. അവിടുന്നു പ്രലോഭനങ്ങളെ നേരിടുകയും അതിനെ ജയിക്കുകയും ചെയ്തു. അങ്ങനെ, അവിടുന്നു തികഞ്ഞവനാക്കപ്പെട്ടു (എബ്രാ. 5:8,9). അതുകൊണ്ടാണ് യേശു തന്റെ ശിഷ്യന്മാര്‍ക്കു വേണ്ടി ഇങ്ങനെ പറഞ്ഞു പ്രാര്‍ത്ഥിച്ചത്: ”പിതാവേ, അവിടുന്ന് അവരെ ലോകത്തില്‍ നിന്ന് എടുത്തുകൊള്ളണം എന്നല്ല, പിന്നെയോ ദുഷ്ടനില്‍ നിന്നും അവരെ കാത്തുകൊള്ളണം എന്നാണ് എന്റെ പ്രാര്‍ത്ഥന” (യോഹ. 17:15). അവിടുത്തെ ശിഷ്യന്മാര്‍ ഈ ലോകത്തില്‍ അവര്‍ക്കു നേരിടേണ്ടിയിരുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും ശോധനകളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും ദൂരെ എടുത്തു മാറ്റപ്പെട്ടാല്‍ അവര്‍ക്കൊരിക്കലും വിശുദ്ധരാകുവാന്‍ കഴിയുമായിരുന്നില്ല എന്നു യേശു അറിഞ്ഞിരുന്നു. പ്രലോഭനവും പാപവും തമ്മില്‍ വേര്‍തിരിച്ചറിയേണ്ട ഒരാവശ്യം നമുക്കുണ്ട്. നാം യാദൃച്ഛികമായി കാണുന്ന കാര്യങ്ങളാല്‍ പെട്ടെന്നു പ്രലോഭിപ്പിക്കപ്പെട്ടാല്‍, അതു പാപമല്ല. എന്നാല്‍ നമ്മെ പ്രലോഭിപ്പിക്കുന്ന കാര്യത്തിലേക്കു നോക്കിക്കൊണ്ടിരിക്കുന്നതോ, അതേക്കുറിച്ചു ചിന്തിക്കുന്നതോ തുടര്‍ന്നാല്‍, അപ്പോള്‍ നാം പാപം ചെയ്യുന്നു. പ്രലോഭിപ്പിക്കപ്പെടുന്നതിനെ ഒഴിവാക്കാന്‍ നമുക്കു കഴിയുകയില്ല. എന്നാല്‍ നമുക്കു തീര്‍ച്ചയായും നമ്മുടെ കണ്ണുകളെയും മനസ്സിനെയും പ്രലോഭിപ്പിക്കുന്ന കാര്യത്തില്‍ നിന്നു ദൂരേയ്ക്കു തിരിക്കുന്ന കാര്യം നമുക്കു തിരഞ്ഞെടുക്കാന്‍ കഴിയും. ഇതാണ് നാം വിശുദ്ധിയുള്ളവരാണോ അതോ പാപമുള്ളവരാണോ എന്നു തീരുമാനിക്കുന്ന നമ്മുടെ ഇച്ഛയെ അഭ്യസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം.

നാം പ്രലോഭിപ്പിക്കപ്പെടുന്നു എന്ന കാരണത്താല്‍ ദൈവം നമ്മെ കുറ്റക്കാരായി കരുതുന്നില്ല. ഒരാള്‍ പറഞ്ഞിട്ടുള്ളതുപോലെ ”എന്റെ തലയ്ക്കു മീതെ പറക്കുന്നതില്‍ നിന്ന് എനിക്കു പക്ഷികളെ തടയാന്‍ കഴിയുകയില്ല. എന്നാല്‍ എന്റെ തലമുടിയില്‍ ഒരു കൂട് ഉണ്ടാക്കുന്നതില്‍ നിന്ന് എനിക്കവയെ തടയാന്‍ കഴിയും.” പ്രലോഭനങ്ങള്‍ നിങ്ങളുടെ അടുത്തു വരുന്നതിനെ നിങ്ങള്‍ക്കു തടയാന്‍ കഴിയുകയില്ല. എന്നാല്‍ അതു നിങ്ങളുടെ മനസ്സില്‍ അടിഞ്ഞു കൂടുന്നതില്‍ നിന്നു നിങ്ങള്‍ക്ക് അതിനെ തടയാന്‍ കഴിയും! നാം എത്രമാത്രം ശക്തരാണെന്നു കാണിക്കുന്നതിനു വേണ്ടി നമുക്കു കഴിയുന്നിടത്തോളം പ്രലോഭനങ്ങളെ നാം നേരിടണമെന്നു ദൈവവചനം നമ്മെ പഠിപ്പിക്കുന്നില്ല. ഇല്ല നാം പ്രലോഭനങ്ങളെ വിട്ടോടുകയാണ് വേണ്ടത്. പൗലൊസ് തിമെഥയോസിനോട് അവനെ പ്രലോഭിപ്പിക്കുന്ന കാര്യങ്ങളെ വിട്ടോടുവാന്‍ പറയുന്നു (1 തിമെ. 2:22). നാം പണസ്‌നേഹത്തില്‍ നിന്നും, ഇളക്കക്കാരായ, സ്ത്രീകളില്‍ നിന്നും, നമ്മെ ദൈവത്തില്‍ നിന്നു ദൂരേയ്ക്കു നയിക്കുന്ന എല്ലാത്തില്‍ നിന്നും നാം ഓടി മാറണം.

പ്രലോഭനങ്ങളോടുള്ള നമ്മുടെ മനോഭാവം ഇങ്ങനെ ആയിരിക്കണം. ”അതില്‍ നിന്നു കഴിയുന്നത്ര ദൂരെ ഞാന്‍ എന്നെത്തന്നെ സൂക്ഷിക്കട്ടെ.” കിഴക്കാന്‍ തൂക്കായ ഒരു മലഞ്ചെരുവിന്റെ ഏതറ്റം വരെ താഴെ വീഴാതെ ചെല്ലാന്‍ കഴിയും എന്നു കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന അല്ലെങ്കില്‍ ട്രെയിന്‍ ഇടിച്ചിടാതെ റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ എത്ര അടുത്ത അറ്റം വരെ ചെല്ലാന്‍ കഴിയും എന്നു നോക്കുന്ന കുട്ടികളെപ്പോലെ ആയിരിക്കേണ്ടവരല്ല നാം. സുബോധമുള്ള ഏതെങ്കിലും മാതാപിതാക്കള്‍ തന്റെ കുഞ്ഞിന് ഇങ്ങനെ ഒരു ഉപദേശം നല്‍കുകയില്ല. നാം നമ്മുടെ കുഞ്ഞുങ്ങളോട് അങ്ങനെയുള്ള അപകടങ്ങളില്‍ നിന്നു ദൂരെ മാറി നില്‍ക്കാനാണ് പറയുന്നത്. അതു തന്നെയാണ് ദൈവവും നമ്മോടു പറയുന്നത്.

ഈ അപേക്ഷ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്, ”പിതാവേ, എനിക്കു താങ്ങാവുന്നതില്‍ കൂടുതല്‍ ശക്തമായ പ്രലോഭനങ്ങളെ നേരിടുവാന്‍ എന്നെ അനുവദിക്കരുതേ” എന്നാണ്. തന്റെ ജഡം ബലഹീനമാണെന്ന് അറിയുന്നവനും താന്‍ എളുപ്പത്തില്‍ വീഴാന്‍ സാധ്യത ഉള്ളവനാണ് എന്നു മനസ്സിലാക്കുന്നവനുമായ ഒരാളിന്റെ കരച്ചിലാണിത്.

”പരീക്ഷയിലേക്ക് (ഞങ്ങള്‍ക്കു താങ്ങാവുന്നതില്‍ കൂടുതല്‍ ശക്തമായതിലേക്ക്) ഞങ്ങളെ നയിക്കരുതെ” എന്ന ഈ പ്രാര്‍ത്ഥനയില്‍ നിന്നു തുടര്‍ന്നു വരുന്നത് ”ദുഷ്ടനില്‍ നിന്നു ഞങ്ങളെ വിടുവിക്കണമേ” എന്ന അപേക്ഷയാണ്. ”വിടുവിക്കുക” എന്ന വാക്കിനെ ”അങ്ങയിലേക്കു ഞങ്ങളെ വലിക്കണമേ” എന്നു പരാവര്‍ത്തനം ചെയ്യാന്‍ കഴിയും. അതുകൊണ്ട് ആ പ്രാര്‍ത്ഥന വാസ്തവത്തില്‍ ”ഞങ്ങളെ ദുഷ്ടനില്‍ നിന്നും അങ്ങയിലേക്കു വലിക്കണമേ” എന്നാണ്. ദൈവവും ദുഷ്ടനും രണ്ടു വ്യത്യസ്ത ദിശയില്‍ വലിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ നാം പറയുകയാണ് ”പിതാവേ, ദുഷ്ടനിലേക്കുള്ള ഈ വലി എന്റെ ജഡത്തില്‍ എനിക്ക് അനുഭവപ്പെടുന്നു. എന്നാല്‍ എന്നെ ആ വഴിക്കു പോകുവാന്‍ അനുവദിക്കരുതേ. അതിനു വഴങ്ങുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദയവു തോന്നി അങ്ങയുടെ വഴിയിലൂടെ എന്നെ വലിക്കണമേ.” പാപത്തിന്റെ മേല്‍ വിജയമുള്ള ഒരു ജീവിതം ഉണ്ടാകുവാന്‍ ദൈവത്തിങ്കലേക്കു വലിക്കപ്പെടുവാനുള്ള ഈ ആഗ്രഹവും വിശപ്പും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ആവശ്യമാണ്.

റോമര്‍ 6:14ല്‍ ഉള്ള ”പാപം നിങ്ങളുടെ മേല്‍ കര്‍തൃത്വം നടത്തുകയില്ല” എന്ന വാഗ്ദാനം അനേക ക്രിസ്ത്യാനികളുടെയും ജീവിതത്തില്‍ നിറവേറപ്പെടാത്തത്തിന്റെ ഒരു കാരണം അവരുടെ ഹൃദയത്തിന്റെ ആഴത്തില്‍ പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായി വേണ്ടത്ര ഒരു വിശപ്പ് ഇല്ല എന്നതാണ്. ”ഓ ദൈവമേ, എന്തു വില കൊടുക്കേണ്ടി വന്നാലും എന്നെ പാപത്തില്‍ നിന്നു വിടുവിക്കണമേ” എന്ന് അവര്‍ നിലവിളിക്കുന്നില്ല. അവര്‍ അതിനായി ദാഹിക്കുന്നില്ല. അവര്‍ ഗുരുതരമായി രോഗാവസ്ഥയിലായിരുന്നെങ്കില്‍ അവര്‍ പരാജിതരായി നിലകൊള്ളുന്നതില്‍ അത്ഭുതമൊന്നുമില്ല. പുറപ്പാട് 2:2325ല്‍ ഇപ്രകാരം പറയുന്നു: ”യിസ്രായേല്‍ മക്കള്‍ തങ്ങളുടെ അടിമവേല നിമിത്തം അവരില്‍ നിന്നുയര്‍ന്ന നിലവിളി ദൈവത്തിന്റെ അടുക്കല്‍ എത്തി. ദൈവം അവരുടെ ദീനരോദനം കേട്ടു… ദൈവം യിസ്രായേല്‍ മക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.” ദൈവം നമ്മെയും കടാക്ഷിക്കാന്‍ തുടങ്ങുന്നത് അപ്പോഴാണ് നാം വിടുതലിനു വേണ്ടി ആശയറ്റ അവസ്ഥയില്‍ നിലവിളിക്കാന്‍ തുടങ്ങുമ്പോഴാണ്. ദൈവം പറയുന്നു: ”നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണ്ണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും” (യിരെ. 29:13).

ദൈവത്തിന്റെ പക്കല്‍ നിന്നു വിലയേറിയത് എന്തെങ്കിലും നമുക്കു പ്രാപിക്കണമെങ്കില്‍, നാം ആദ്യം അതിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യണം എന്നുള്ളത് തിരുവചനത്തിലെ ഒരു പ്രമാണമാണ്. അപ്പോള്‍ മാത്രമേ നാം അതിനെ വേണ്ടത്ര വിലമതിക്കുവാന്‍ പഠിക്കുകയുള്ളു. അതുകൊണ്ടു നമുക്കു വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതുവരെ ദൈവം കാത്തിരിക്കുകയും അനന്തരം ദൈവം, നാം യഥാര്‍ത്ഥമായി എന്തിനു വേണ്ടി ആഗ്രഹിച്ചോ അതു നമുക്കു നല്‍കുകയും ചെയ്യുന്നു.

ക്രിസ്തീയ ജീവിതം സാത്താനെതിരെയുള്ള ഒരു പോരാട്ടമാണ്. ഈ പോരാട്ടത്തില്‍, സാത്താനു തന്റെ ഏജന്റുമാരില്‍ ഒരാള്‍ നമ്മുടെ ഉള്ളില്‍ തന്നെയുണ്ട് നമ്മുടെ ജഡം. നമ്മുടെ ജഡം തന്നെ ശത്രുവിന്റെ പക്ഷത്താകയാല്‍, സാത്താനോടുള്ള പോരാട്ടത്തില്‍ ഫലപ്രദമാകാതവണ്ണം നമ്മെ തടയുവാന്‍ അതിനു സാധ്യമായതെല്ലാം അതു ചെയ്യും. അത് ഒരിക്കലും മറന്നു പോകരുത്. അതുകൊണ്ടാണ് നമുക്കു സാത്താനെ ജയിക്കണമെങ്കില്‍, ജഡത്തില്‍ നിന്നുള്ള പൂര്‍ണ്ണ വിടുതലിനായി നാം ആഗ്രഹിക്കേണ്ടത് ആവശ്യമുള്ളത്.

”അല്ലയോ ദൈവമെ പിശാചും മറ്റാളുകളും എന്നോടു ചെയ്യാന്‍ ശ്രമിക്കുന്ന എല്ലാ തിന്മകളില്‍ നിന്നും എന്നെ സംരക്ഷിക്കണമേ” എന്നു പ്രാര്ത്ഥി്ക്കുന്ന ധാരാളം വിശ്വാസികള്‍ ഉണ്ട്. എന്നാല്‍ സദാസമയവും അവര്‍ തങ്ങളുടെ ജഡത്തെ (നമ്മുടെ ശത്രുവിന്റെ എജന്റ്) അത് ആവശ്യപ്പെടുന്നതെല്ലാം കൊടുത്തു തീറ്റിപ്പോറ്റുന്നു. അപ്പോള്‍ ദൈവത്തിന് എല്ലാ തിന്മകളില്‍ നിന്നും നമ്മെ വിടുവിക്കാന്‍ കഴിയുകയില്ല. ആദ്യം നമ്മുടെ ജഡമോഹങ്ങളില്‍ നിന്നുള്ള വിടുതലിനായി നമുക്ക് ആഗ്രഹിക്കാം. അപ്പോള്‍ സാത്താനെ ജയിക്കുന്നത് നമുക്ക് ഒരു എളുപ്പമുള്ള കാര്യമാകും. പിന്നെ മനുഷ്യരില്‍ നിന്നോ പിശാചില്‍ നിന്നോ ഉള്ള ഒരു തിന്മയ്ക്കും നമ്മെ തൊടുവാന്‍ കഴിയുകയില്ലെന്നു നാം കണ്ടെത്തും.