മാനുഷിക ജ്ഞാനത്തില്‍ ആശ്രയിക്കുന്നതിലുള്ള അപകടം – WFTW 22 ഫെബ്രുവരി 2015

സാക് പുന്നന്‍

   Read PDF version

മനുഷ്യരില്‍ വച്ച് ഏറ്റവും ജ്ഞാനിയായ ഒരുവനുപോലും മാനുഷിക ബുദ്ധിയില്‍ ആശ്രയിക്കുമ്പോള്‍, ദൈവത്തെ കണ്ടെത്തുന്ന കാര്യം നഷ്ടപ്പെട്ടു പോകും എന്നു കാണിക്കാനാണ് ദൈവവചനത്തില്‍ സഭാപ്രസംഗിയുടെ പുസ്തകം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യേശു ഒരിക്കല്‍ പറഞ്ഞു: “പിതാവേ, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടുന്ന് ഈ കാര്യങ്ങള്‍ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചു വച്ചിട്ട് അത് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ ഞാന്‍ അങ്ങയെ വാഴ്ത്തുന്നു” (മത്താ. 1125). ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും ഇല്ലാത്ത എന്തു കാര്യമാണ് ശിശുക്കള്‍ക്കുള്ളത്? താഴ്മ. ജ്ഞാനിയും വിവേകിയുമായ ഒരു വ്യക്തിക്ക് താഴ്മയുള്ളവനായിരിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ബുദ്ധിയുള്ളവനായിരിക്കുക എന്നത് തെറ്റല്ല, എന്നാല്‍ തങ്ങളുടെ ബുദ്ധിശക്തിയില്‍ അഹങ്കരിക്കുക എന്നത് തീര്‍ച്ചയായും ദൈവികമല്ല. നിഗളികളായ മനുഷ്യര്‍ക്ക് അവരെത്ര ബുദ്ധിയുള്ളവരാണെങ്കിലും, ഒരിക്കലും ദൈവത്തിന്റെ വഴികള്‍ മനസ്സിലാകില്ല.

ഒരുവന് ധാരാളം അറിവുണ്ടായിരിക്കുകയും അതേസമയം തന്നെ ഒട്ടും ആത്മീയനല്ലാതിരിക്കുകയും ചെയ്യാന്‍ എങ്ങനെ കഴിയും എന്ന് സഭാപ്രസംഗി വ്യക്തമാക്കുന്നു. ഇന്ന് മനഃശാസ്ത്രത്തില്‍ കാണുന്ന മാനുഷികജ്ഞാനത്തില്‍ ധാരാളം നല്ല കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ അതു ദിവ്യജ്ഞാനമല്ല. നിങ്ങള്‍ക്ക് മാനുഷിക ജ്ഞാനം മാത്രം ഉണ്ടായിരിക്കുന്നതിനെക്കാള്‍ അപകടകരമാണ് ദൈവീകജ്ഞാനം മാനുഷികജ്ഞാനവുമായി കൂട്ടി കലര്‍ത്തുന്നത്. ആരെങ്കിലും നിങ്ങള്‍ക്ക് വിഷം തരണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍, അവന്‍ ധാരാളം പാലും ഒരല്പം വിഷവും കൂടി കൂട്ടികലര്‍ത്തും, തീര്‍ത്തും ചീത്തയായ കാര്യങ്ങള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണ്. എന്നാല്‍ മനഃശാസ്ത്രത്തിന് അതില്‍ത്തന്നെ ധാരാളം നന്മ ഉണ്ട് അതുകൊണ്ടു തന്നെയാണ് അത് അപകടകരമാകാന്‍ സാധ്യതയുള്ളത്. അത് ദിവ്യജ്ഞാനമല്ല. ദിവ്യജ്ഞാനം വരുന്നത് ദൈവവചനത്തില്‍ നിന്നു മാത്രമാണ്. തങ്ങളുടെ മനസ്സിനെ ദൈവവചനത്തിന് വിധേയപ്പെടുത്തി കൊടുത്തിട്ടില്ലാത്ത മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്ന ഒട്ടേറെ കാര്യങ്ങളും തെറ്റാണ്. നിങ്ങള്‍ അവരുടെ പിന്നാലെ പോയാല്‍, നിങ്ങള്‍ വഴി തെറ്റിപ്പോകും. സഭാപ്രസംഗി 3ാം അദ്ധ്യായം 18ല്‍ നാം കാണുന്നത് ശലോമോന്‍ മാനുഷിക പ്രകൃതത്തിന്റെയും ലോകത്തിന്റെയും ഒരു സൂക്ഷ്മ നിരീക്ഷകന്‍ ആയിരുന്നു എന്നാണ്. അനേക വര്‍ഷങ്ങളിലെ നിരീക്ഷണത്തിനു ശേഷം അയാള്‍ കണ്ടെത്തിയത് സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു പ്രത്യേക സമയവും ഒരു പ്രത്യേക കാലവും ഉണ്ട് എന്നാണ്. ഇവിടെ ശരിയായതും തെറ്റായതുമായ പ്രസ്താവനകള്‍ ഉണ്ട്. മനഃശാസ്ത്രം എന്നത് ശരിയുടെയും തെറ്റിന്റെയും ഒരു മിശ്രിതമാണ്. ജനിക്കാനൊരു കാലമുണ്ട്. മരിക്കാനൊരു കാലമുണ്ട്, നടാനൊരു കാലമുണ്ട് എന്നാണ് ശലോമോന്‍ പറയുന്നത്. അതെല്ലാം ശരിയാണ്. എന്നാല്‍ അദ്ദേഹം തുടര്‍ന്നു പറയുന്നത് കൊല്ലാനൊരു കാലമുണ്ട്, വെറുക്കാനൊരു കാലമുണ്ട് എന്നാണ്. ഒരു ആത്മീയന് ഒരിക്കലും കൊല്ലാനും വെറുക്കാനും ഒരു കാലവുമില്ല തന്നെയുമല്ല അവന്‍ വെറുക്കുന്ന ഒരു മനുഷ്യനും ഇല്ല. ഒരു ആത്മീയ മനുഷ്യന്‍ ദൈവത്തില്‍ വസിച്ചുകൊണ്ട് എല്ലാ ആളുകളെയും എല്ലാക്കാലത്തും സ്‌നേഹിക്കുന്നു.

നിങ്ങളുടെ പിതാവിനോട് നിങ്ങള്‍ കോപിച്ചിരിക്കുകയാണെങ്കില്‍, ആ കോപം ഒഴിവാക്കുവാനുള്ള ഒരു മാര്‍ഗ്ഗം ആയി നിങ്ങളുടെ പിതാവാണെന്ന് സങ്കല്പിച്ചുകൊണ്ട് ഒരു തലയിണയെ അടിക്കുക എന്ന് പഠിപ്പിക്കുന്ന മനഃശാസ്ത്രജ്ഞന്മാരുണ്ട്! വെറുക്കാനൊരു കാലമുണ്ടെന്നു ശലോമോന്‍ പറഞ്ഞപ്പോള്‍ അയാള്‍ മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്ന ഇതുപോലെയുള്ള കാര്യങ്ങള്‍ വിശ്വസിക്കാനുള്ള സാദ്ധ്യത ഉണ്ട്. എന്നാല്‍ അതു ദൈവത്തിന്റെ വഴിയല്ല. യേശു പറഞ്ഞു `നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിന്‍.” അങ്ങനെ ശലോമോന്റെ ലൌകീക ചിന്തകള്‍ ഈ പുസ്തകത്തില്‍ കടന്നു വന്നിരിക്കുന്നതിന്റെ ഒരുദാഹരണം ഇവിടെ കാണുന്നു. ഇവിടെ നമ്മള്‍ വളരെ ശ്രദ്ധയുള്ളവരായിരിക്കേണ്ടിയ ആവശ്യമുണ്ട്. ദൈവത്തിന്റെ മുമ്പാകെ താഴ്മയിലും നുറുക്കത്തിലും ജീവിക്കുന്നില്ല എങ്കില്‍, മാനുഷികജ്ഞാനത്താല്‍ നാം തെറ്റായി നയിക്കപ്പെടാനുള്ള സാദ്ധ്യത ഉണ്ട്. കാരണം അവയില്‍ അധികം കാര്യങ്ങളും നമുക്കു ശരിയാണെന്ന് തോന്നുന്നവയാണ്.

ഒരുദാഹരണം പറയാം: ക്രിസ്തീയ ഗോളത്തില്‍ ഇന്ന് `മനസ്സില്‍ കാണുക’ എന്ന ഒരു പുതിയ പഠിപ്പിക്കല്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അതു നമ്മെ ഇനി പറയുന്നതുപോലെയുള്ള ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നു. “നിങ്ങളുടെ കണ്ണുകള്‍ അടച്ച് നിങ്ങളുടെ സഭയില്‍ ഇപ്പോള്‍ 5 പേരേ ഉള്ളെങ്കിലും അവിടെ 5000 പേരെ നിങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നു എന്ന് മനസ്സില്‍ കാണുക. ഇപ്പോള്‍ നിങ്ങള്‍ ചെറിയ വീട്ടിലാണ് സഭയായി കൂടി വരുന്നതെങ്കിലും നിങ്ങള്‍ ഒരു വലിയ കെട്ടിടത്തില്‍ കൂടി വരുന്നതായി മനസ്സില്‍ കാണുക. നിങ്ങള്‍ മുടന്തനാണെങ്കില്‍ നിങ്ങള്‍ തന്നെ നടക്കുന്നതായി മനസ്സില്‍ കാണുക. നിങ്ങള്‍ക്ക് ഒരു സ്‌കൂട്ടര്‍ മാത്രമേ സ്വന്തമായിട്ടുള്ളു എങ്കില്‍ മനോഹരമായ ഒരു പുതിയ കാര്‍ നിങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമായി കിട്ടിയതായി മനസ്സില്‍ കാണുക അപ്പോള്‍ നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ലഭിക്കാനാവശ്യമായ വിശ്വാസം ഉണ്ടാകുകയും അവയെല്ലാം നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും.” ഇങ്ങനെ മനസ്സില്‍ കാണുന്നതില്‍ അധികവും ഭൌതീക ആഡംബരങ്ങള്‍, വലിയ സഭാ മന്ദിരങ്ങള്‍ മുതലായവുമായി ബന്ധപ്പെട്ടവയാണ്. “തന്നെത്താന്‍ ത്യജിച്ച്, തന്റെ ക്രൂശെടുത്ത് യേശുവിനെ അനുഗമിക്കുന്നത്” മനസ്സില്‍ കാണാന്‍ ആരെങ്കിലും പഠിപ്പിക്കുന്നതായി ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല!! മനസ്സില്‍ കാണുക എന്ന ഈ പഠിപ്പിക്കല്‍ ആധുനികമായ “പുതിയ യുഗ” തത്വശാസ്ത്രത്തില്‍ നിന്ന് വന്നതാണ് (ഇത് ദൈവിക സത്യത്തിന്റെ ഒരു കള്ള നാണയമാണ്). അല്ലാതെ വേദപുസ്തകത്തില്‍ നിന്നുള്ളതല്ല. എന്നിട്ടും വിവേചനമില്ലാത്ത അനേകം വിശ്വാസികളും സങ്കല്പിക്കുന്നത് ഈ വിധത്തിലാണ് തങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നത് എന്നാണ്.

വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത് മനസ്സില്‍ കാണുന്നതിലല്ല. റോമര്‍ 10:17 വ്യക്തമാക്കുന്നത് “വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു” എന്നാണ്. ദൈവം പറഞ്ഞിട്ടുള്ളതില്‍ മാത്രമാണ് വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. അബ്രഹാമിന്, സാറാ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കും എന്ന് മനസ്സില്‍ കാണുന്നതു വഴി, യിസഹാക്കിനെ ലഭിക്കുമായിരുന്നില്ല. അവന്റെ വിശ്വാസം, ദൈവത്തിന്റെ വ്യക്തമായ വാഗ്ദാനത്തില്‍ അധിഷ്ഠിതമായിരുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം മനസ്സില്‍ കാണാന്‍ തുടങ്ങിയിട്ട് ദൈവം അതു നിങ്ങള്‍ക്ക് തരുമെന്ന് പ്രതീക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. അതു മനഃശാസ്ത്രത്തിന്റെ പഠിപ്പിക്കലാണ്. വേദപുസ്തകത്തിന്റേതല്ല. ക്രിയാത്മകമായ ചിന്തകള്‍ വ്യാപാരികള്‍ക്ക് നല്ലതായിരിക്കാം. എന്നാല്‍ അത് വേദപുസ്തകപരമായ വിശ്വാസമല്ല. യേശുവും അപ്പൊസ്തലന്മാരും അത്ഭുതങ്ങള്‍ ചെയ്തത് മനസ്സില്‍ കണ്ടതു വഴിയോ, ക്രിയാത്മകമായ ചിന്തകളിലൂടെയോ അല്ല. ഈ നാളുകളില്‍ ഇങ്ങനെയുള്ള വ്യാജങ്ങളാല്‍ വഞ്ചിക്കപ്പെടുവാന്‍ എളുപ്പമാണ്. അതുകൊണ്ട് സഭാപ്രസംഗിയുടെ പുസ്തകത്തില്‍, മാനുഷികജ്ഞാനത്തില്‍ ആശ്രയിക്കുന്നതിലുള്ള വിപത്തിനെക്കുറിച്ച് ഈ നാളുകളില്‍ നമുക്കെല്ലാവര്‍ക്കും ഒരു മുന്നറിയിപ്പുണ്ട്.