ക്രിസ്തു എന്തിനുവേണ്ടി മരിച്ചു – WFTW 12 ജനുവരി 2014

സാക് പുന്നന്‍

ക്രിസ്തു ക്രൂശില്‍ മരിച്ചപ്പോള്‍ എല്ലാ വിശ്വാസികളും ക്രിസ്തുവിനോടു കൂടെ മരിച്ചു എന്ന മഹത്തായ സത്യത്തെക്കുറിച്ച് പൌലോസ് വളരെ സംസാരിക്കുന്നു. (2 കൊരി 5:14). അദ്ദേഹം ഇതിനെക്കുറിച്ച് റോമര്‍, കൊരിന്ത്യര്‍, ഗലാത്യര്‍ എന്നീ ലേഖനങ്ങളിലും പറയുന്നുണ്ട്. ‘ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു’ (ഗലാ 2:20). ‘ഒരുവന്‍ മരിച്ചിരിക്കെ എല്ലാവരും മരിച്ചു (2 കൊരി 5: 14) ഇത് ദൈവം പൌലോസിനു നല്‍കിയ നിസ്തുലമായ വെളിപാടാണ്. പത്രോസോ, യോഹന്നാനോ, യാക്കോബോ ഇതിനെക്കുറിച്ചെഴുതിയിരിക്കുന്നതായി നാം വായിക്കുന്നില്ല. യേശു മരിക്കുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തപ്പോള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ എല്ലാ വിശ്വാസികളും യേശുവിനോടുകൂടെ മരിക്കുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. അതുകൊണ്ട് നമുക്ക് ഇനിമേല്‍ നമുക്കുവേണ്ടി ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ അവനുവേണ്ടിതന്നെ (2 കൊരി 5: 15)

‘എന്തിനുവേണ്ടി ക്രിസ്തു മരിച്ചു’ എന്ന വിശ്വാസികളോട് നിങ്ങള്‍ ചോദിച്ചാല്‍ അവരില്‍ അധികം പേരും നല്‍കുന്ന ഉത്തരം (1കൊരി 15: 3) ആയിരിക്കും. ‘ക്രിസ്തു ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു’. അത് ശരിയാണ്, എന്നാല്‍ അത് ഉത്തരത്തിന്റെ ഒരു ഭാഗം മാത്രമാണ്. രണ്ടാംഭാഗം ഇവിടെയാണ് ‘ക്രിസ്തു മരിച്ചത് നാം ഇനി ഒരിക്കലും നമുക്കുവേണ്ടി ജീവിക്കാതെ , അവനുവേണ്ടി തന്നെ ജീവിക്കാന്‍ വേണ്ടിയാണ്’ (2 കൊരി 5: 15) നാം നമുക്കുവേണ്ടി ജീവിക്കുമ്പോള്‍, ക്രിസ്തു എന്തിനു വേണ്ടി മരിച്ചോ, ആ ഉദ്ദേശത്തെ നാം വിഫലമാക്കുന്നു. നാം പാപത്തില്‍ തുടര്‍ന്നു ജീവിക്കുമ്പോള്‍ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്ന സത്യത്തെയും ദൈവത്തിന്റെ കൃപയെയും മുതലെടുക്കുകയാണ്. തനിക്കുവേണ്ടി തന്നെ ജീവിക്കുന്ന ഒരു വിശ്വാസിയും ക്രിസ്തു മരിച്ചതിന്റെ സമ്പൂര്‍ണ്ണ ഉദ്ദേശം എന്താണ് എന്ന് യഥാര്‍ത്ഥമായി മനസ്സിലാക്കിയിട്ടില്ല. ദൈവത്തിന്റെ സമ്പൂര്‍ണ്ണ സത്യത്തിന് നേരെ നമ്മുടെ കണ്ണുകള്‍ കുരുടാക്കുക എന്നതാണ് സാത്താന്റെ ലക്ഷ്യം. ആദ്യം അവന്‍ ശ്രമിക്കുന്നത് ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചുളള ഒരു കാര്യംപോലും മനസ്സിലാക്കുന്നതില്‍നിന്ന് നമ്മെ തടയുവാനാണ്. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്ന കാര്യം നാം കണ്ടാല്‍ , ക്രിസ്തുവിന്റെ മരണത്തിന്റെ സമ്പൂര്‍ണ്ണ ഉദ്ദേശ്യം കാണാതവണ്ണം നമ്മുടെ കണ്ണിനെ കുരുടാക്കാന്‍ സാത്താന്‍ ശ്രമിക്കുന്നു.

ക്രിസ്തു മരിച്ചത് നമ്മെ ഒരു സ്വയകേന്ദ്രീകൃത ജീവിത്തില്‍ നിന്ന് നമ്മെ സ്ഥിരമായി വിടുവിക്കുവാനാണ് – 1 കൊരി 15: 3, 2 കൊരി 5: 15 ഈ രണ്ടു വാക്യങ്ങള്‍ ഒന്നിച്ചു ചേര്‍ക്കുമ്പോള്‍ നാം കാണുന്നത്, എല്ലാ പാപത്തിന്റെയും വേര് സ്വയകേന്ദ്രീകരണമാണെന്നാണ്. ഒരു മനുഷ്യന്‍ പാപത്തില്‍ ജീവിക്കുന്നതിന്റെ കാരണം അവന്‍ തനിക്കവേണ്ടി തന്നെ ജീവിക്കുന്നതാണ്. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തന്നെ ജീവിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്കൊരിക്കലും പാപത്തിഞ്ച•ല്‍ ജയം ഉണ്ടാകുകയില്ല. ഒരു വൃക്ഷത്തിന്റെ വേര് അറുത്ത് കളയാതിരിക്കുന്നിടത്തോളം കാലം അത് ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ ആ വേരിന്( സ്വയകേന്ദ്രീകരണം) കോടാലി വച്ചാല്‍, പിന്നീട് നിങ്ങള്‍ അതില്‍ നിന്നുണ്ടാകുന്ന ഫലം(പാപം) മുറിച്ചുകളയുന്ന പ്രവൃത്തി തുടരേണ്ടി വരുന്നില്ല. അധികമാളുകളും പാപത്തെ ഉപരിതലത്തില്‍ ഒഴിവാക്കിയിട്ടുളളവരാണ് എന്നാല്‍ അതിന്റെ വേര് അവിടെതന്നെയുണ്ട്.– തനിക്കുവേണ്ടിത്തന്നെ ജീവിക്കുന്നതിന്റെ വേര്. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നിടത്തോളം നിങ്ങള്‍ക്കൊരിക്കലും പാപത്തിന്റെ മേല്‍ വിജയം കിട്ടുകയില്ല. നിങ്ങള്‍ എന്നെന്നേക്കുമായി ഇങ്ങനെ തീരുമാനിക്കണം. ഇന്നു മുതല്‍ മുമ്പോട്ട് എന്നെ എന്റെ ജീവിതത്തില്‍ കേന്ദ്രമായി വച്ച് ഞാന്‍ ഒരിക്കലും ഒരു തീരുമാനം എടുക്കുകയില്ല. എനിക്ക് എത്ര ആദായകരമാകും എന്നതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു തീരുമാനവും എടുക്കുകയില്ല’ എനിക്കിത് എത്രമാത്രം പ്രയോജനമാകും? എന്റെ കുടുംബത്തിന് ഇത് എങ്ങനെ പ്രയോജനം ചെയ്യും? ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വളരെ ആളുകളും ക്രിസ്തീയ പ്രവര്‍ത്തനത്തില്‍ തീരുമാനങ്ങളെടുക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഇങ്ങനെയാണ് ലോകത്തിലുളള എല്ലാ മാനസാന്തരപ്പെടാത്ത ദൈവമില്ലാത്ത പാപികളും തീരുമാനങ്ങളെടുക്കുന്നത്. അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു നിരീശ്വര വാദിയായിരിക്കാം, അതെ സമയം നിങ്ങള്‍ ഏതെങ്കിലും ഒരു സഭയില്‍ പോകുന്നു എന്നതൊഴിച്ചാല്‍ നിങ്ങളും അവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അകമെ നിങ്ങള്‍ രണ്ടുകൂട്ടരും ഒരു പോലെ തന്നെയാണ് . ഇതില്‍ നിന്ന് നമ്മെ വിടവിക്കുവാനാണ് യേശു മരിച്ചത്. അതായത് നാം ഒരിക്കലും ഒരു തീരുമാനമെടുക്കുന്നത്, അത് എനിക്കെങ്ങനെ ആദായകരമാകും എന്നതിലല്ല, എന്നാല്‍ അത് എങ്ങനെ ദൈവത്തിന് മഹത്വകരമാകും, ദൈവരാജ്യത്തിനും ദൈവത്തിന്റെ ഉദ്ദേശ്യത്തിനും പ്രയോജനകരമാകും എന്നതിലായിരിക്കണം ഇതുപോലെയുളള 100 ആളുകളെ നമുക്ക് ലഭിച്ചാല്‍ ഇന്‍ഡ്യയെ കീഴ്‌മേല്‍ മറിക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ ഇതുപോലെയുളള വളരെ കുറച്ചുപേരെയെങ്കിലും കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

ഒരു വലിയ ഭൂരിപക്ഷം ക്രിസ്ത്യാനികളും, നാം ഇനി ഒരിക്കലും തങ്ങള്‍ക്കുവേണ്ടി തന്നെ ജീവിക്കാനുളളവരല്ലെന്ന് മനസ്സിലാക്കിയിട്ടില്ല. 2 കൊരി. 5: 15 പോലെയുളള വാക്യങ്ങള്‍ അവര്‍ മിറകടന്ന് 2 കൊരി 5 : 17 ലേയ്ക്ക് ചാടിക്കടക്കുന്നു. ‘ പഴയതു കഴിഞ്ഞുപോയി ഇതാ എല്ലാം പുതിയതായി – ഒരു പുതിയ സൃഷ്ടിയായി തീര്‍ന്നിരിക്കുന്നു’ എന്നാല്‍ ഞാന്‍ നിങ്ങളോട് ചോദിക്കട്ടെ ‘കഴിഞ്ഞു പോയ പഴയകാര്യങ്ങള്‍ അല്ലെങ്കില്‍ കഴിഞ്ഞുപോകേണ്ടിയിരുന്ന പഴയ കാര്യങ്ങള്‍ എന്തൊക്കെയാണ്?’ ‘സ്വയത്തിനുവേണ്ടി ജീവിക്കുന്നത്’ കഴിഞ്ഞുപോയോ? നിങ്ങളുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും പുതിയതായോ?