ബോബി മക്ഡൊണാൾഡ്
(യു.എസ്.എ.യിൽ കാലിഫോർണിയയിലെ ന്യൂ കവനൻ്റ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിൻ്റെ മൂപ്പൻ)
ചില സമയങ്ങളിൽ ആളുകൾ നമ്മോട് വാസ്തവമായി കോപിക്കുന്ന സാഹചര്യങ്ങളിൽ നാം എത്തി ചേരുന്നു. നാം ചെറുപ്പമായിരിക്കുമ്പോൾ പോലും നാം അത് അനുഭവിക്കുന്നു. ഉദാഹരണത്തിന്, ഭവനത്തിൽ സഹോദരങ്ങളുമായി, സ്കൂളിൽ ഉള്ള വഴക്കാളികളുമായി, അല്ലെങ്കിൽ ക്രൂരന്മാരായ സുഹൃത്തുക്കളുമായി. നാം പ്രായമാകുമ്പോൾ ചിലപ്പോൾ സഹപ്രവർത്തകരായിരിക്കാം അല്ലെങ്കിൽ കുടുംബാംഗങ്ങൾ ആയിരിക്കാം നമ്മോട് കോപിച്ച് മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം പോലും മിണ്ടാതിരിക്കുന്നത്. ഒരു പക്ഷെ, നമ്മുടെ അബദ്ധം മൂലം നാം തെറ്റായി എന്തെങ്കിലും ചെയ്തത് ആയിരിക്കാം. അല്ലെങ്കിൽ പ്രാഥമികമായി അത് നമ്മുടെ കുറ്റമല്ലായിരിക്കാം, എന്നാൽ എന്തോ ചില കാര്യങ്ങൾ സംഭവിച്ചിട്ട് അതെ ചൊല്ലി അവർ നമ്മോട് കോപാകുലരാകുന്നു.
അതു നാം തിരിച്ചു കോപിക്കുവാനോ, അല്ലെങ്കിൽ സങ്കടം തോന്നാനോ അല്ലെങ്കിൽ, അവർ നമ്മോട് ക്ഷമിക്കയില്ലെങ്കിലോ എന്നു കുണ്ഠിതപ്പെടാനോ അല്ലെങ്കിൽ നമ്മോടു കോപിച്ചതുകൊണ്ട് അവർ അത്ര ദൈവഭയമില്ലാത്തവരെന്ന തോന്നൽ ഉണ്ടായിട്ട് അവരെ പുച്ഛത്തോടെ നോക്കാനോ കാരണമായി തീരുന്നു. ഇതൊന്നും ദൈവഹിതമല്ല.
ആരെങ്കിലും നമ്മോട് കോപിച്ചാൽ നാം എന്തു ചെയ്യണം?
നാം ചെയ്യേണ്ട ഒന്നാമത്തെ കാര്യം നാം നമ്മെ തന്നെ വിനയപ്പെടുത്തുക എന്നതാണെന്നു ഞാൻ വിശ്വസിക്കുന്നു. നമ്മെ തന്നെ വിനയപ്പെടുത്തുന്നതിൻ്റെ ഭാഗം ഇതാണ്: യഥാസ്ഥാനപ്പെടുന്നതിനായി ഒന്നാമതായി ശ്രമിക്കുന്നത് നാം ആയിരിക്കണം.
ഒരു വാദപ്രതിവാദത്തിൽ കൂടുതൽ ആത്മീയനായവനാണ് ക്ഷമ ചോദിച്ച് യഥാസ്ഥാനത്വത്തിനായി അന്വേഷിക്കേണ്ടത്. എനിക്ക് യേശുവിനെ പിൻഗമിക്കണമെങ്കിൽ, ആദ്യം യഥാസ്ഥാനത്വം അന്വേഷിക്കണ്ടവൻ ഞാനായിരിക്കണം.
മത്തായി 5:23-24 വരെയുള്ള വാക്യങ്ങളിൽ യേശു പറഞ്ഞത് നമ്മുടെ സഹോദരൻ നമ്മോട് കോപിച്ചിരിക്കുന്നെങ്കിൽ, നാം ദൈവത്തിൻ്റെ അടുത്തു വരുന്നതിനു മുമ്പ് പോയി ആ സഹോദരനുമായി നിരപ്പാകുന്നതിനു ശ്രമിക്കണം എന്നാണ്. ക്ഷമ ചോദിക്കുക, നിരപ്പാകുവാൻ ശ്രമിക്കുക – ചിലപ്പോൾ കുറ്റക്കാർ നാം ആയിരിക്കാം. തെറ്റു നമ്മുടേതല്ലെങ്കിൽ പോലും, നമുക്ക് യഥാസ്ഥാനപ്പെടുന്ന കാര്യം അന്വേഷിക്കാം… ചിലപ്പോൾ നമ്മുടെ തെറ്റല്ലാത്ത ചില കാര്യങ്ങൾക്കു പോലും നാം ക്ഷമ ചോദിക്കേണ്ടി വന്നേക്കാം! അവിടുത്തേതല്ലാത്ത അനേകം പാപങ്ങൾക്കു വേണ്ടി മരിച്ച യേശുവിൻ്റെ ഹൃദയം അതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് – നിരപ്പിനായി അന്വേഷിക്കുക എന്നത് നാം നമ്മുടെ സ്വയത്തിനു മരിക്കണമെന്നാണ് അർത്ഥമാക്കുന്നതെങ്കിൽ പോലും നാം അതു ചെയ്യുക. ഇതൊന്നും മറ്റേ വ്യക്തി നമ്മുടെ ക്ഷമാപണം അംഗീകരിക്കുമെന്നതിന് ഒരു ഉറപ്പല്ല, എന്നാൽ സമാധാനം വീണ്ടെടുക്കാൻ നമ്മുടെ ശക്തിയിൽ നാം എല്ലാം ചെയ്തിരിക്കുന്നോ എന്നതാണ് ചോദ്യം: റോമർ 12:18 – “കഴിയുമെങ്കിൽ നിങ്ങളാലാവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ”.
എന്നെ തന്നെ വിനയപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഞാൻ കണ്ട മറ്റൊരു കാര്യം ദൈവം എന്നോട് എത്രമാത്രം ക്ഷമിച്ചു എന്നും ഓരോ നിമിഷവും എൻ്റെ മേൽ എത്രമാത്രം കരുണയാണ് അവിടുന്നു ചൊരിയുന്നതെന്നും ഓർക്കുക എന്നതാണ്.
ഉദാഹരണത്തിന്, എന്നെ അനുസരിക്കാതെ എൻ്റെ കുഞ്ഞു ചെയ്ത ചില കാര്യങ്ങളോട് എനിക്കു ദേഷ്യം തോന്നുമ്പോൾ, എൻ്റെ കുഞ്ഞിൻ്റെ അനുസരണക്കേടിനേക്കാൾ കൂടുതൽ ഗൗരവകരമാണ് എൻ്റെ കോപം എന്നോർക്കുന്നതാണ് എന്നെ സഹായിച്ച കാര്യങ്ങളിൽ ഒന്ന്, കാരണം ഞാൻ അവനെക്കാൾ പ്രായമുള്ളവനാണ് അതുകൊണ്ടു തന്നെ ഞാൻ കൂടുതൽ അറിവുള്ളവനുമാണ്! അവിടുത്തെ സ്നേഹത്തെയും കരുണയെയും ക്ഷമയെയും കുറിച്ച് ദൈവം എന്നോട് പറഞ്ഞിരിക്കുന്നു, എന്നാൽ ദൈവത്തോട് ഞാൻ എത്രമാത്രം അനുസരണക്കേടു കാണിച്ചിട്ടുണ്ട് എന്ന് എനിക്ക് വളരെ നന്നായി അറിയുകയും ചെയ്യാം… അതുകൊണ്ട് എന്നോടുള്ള എൻ്റെ മക്കളുടെ അനുസരണക്കേടിനോട് എനിക്ക് വാസ്തവമായി കോപം തോന്നുമ്പോൾ, അവനേക്കാൾ മുമ്പെ അധികം കൃപയും കരുണയും ദൈവത്തിൽ നിന്നും ആവശ്യമുള്ളവൻ ഞാൻ ആണെന്ന് ഓർക്കുവാൻ അതെന്നെ സഹായിക്കുന്നു.
മറ്റേ വ്യക്തിയുമായി നിരപ്പാകാൻ നമുക്കു കഴിവുള്ളതെല്ലാം ചെയ്തതിനു ശേഷവും അവൻ നമ്മോട് കോപിച്ചിരിക്കുന്നെങ്കിൽ, അതു നമ്മെ ഉൽക്കണ്ഠയുള്ളവരും, അസ്വസ്ഥരും ആക്കിയിട്ട് അവനോട് തിരിച്ച് കോപിക്കാൻ നമ്മെ പ്രലോഭിപ്പിക്കുന്നു. മറ്റുള്ളവർ എന്നോടു വേഗത്തിൽ ക്ഷമിക്കാതിരിക്കുന്ന ഇതുപോലെയുള്ള സാഹചര്യങ്ങളിൽ എനിക്ക് വളരെ നിരാശ തോന്നിയിട്ടുണ്ട്. ദൈവത്തിൽ മാത്രം ഞാൻ എൻ്റെ സ്വസ്ഥതയും ബലവും കണ്ടെത്തേണ്ടതുണ്ട് എന്നു ഞാൻ പഠിച്ചിരിക്കുന്നു – അവിടുത്തെ സ്നേഹവും അംഗീകാരവും മാത്രമാണ് വിലയുള്ള ഒരേ ഒരു കാര്യം.
ഇതിൻ്റെ ഒരു വലിയ ഉദാഹരണമാണ് ദാവീദ്. 1 ശമുവേൽ 30: 6, തന്നെയുമല്ല, ജനത്തിൽ ഓരോരുത്തൻ താന്താൻ്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ച് വ്യസനിച്ചിരിക്ക കൊണ്ട് അവരെല്ലാവരും കോപാകുലരായി ദാവീദിനെ കല്ലെറിയുന്നതിനെ കുറിച്ചു സംസാരിച്ചതുകൊണ്ട് ദാവീദ് വളരെയധികം കഷ്ടത്തിലായി. എന്നാൽ ദാവീദ് തൻ്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.
നമ്മുടെ പിതാവിൻ്റെ സ്നേഹത്തിലാണ് നാം നിൽക്കുന്നത്, മറ്റാരുടെയെങ്കിലും സ്നേഹത്തിലോ അംഗീകാരത്തിലോ അല്ല. നാം ശക്തിപ്പെടുവാൻ ആവശ്യമായിരിക്കുന്നത് അവിടുത്തെ അംഗീകാരവും സ്നേഹവുമാണ്.
ആരെങ്കിലും എന്നോടു സംസാരിക്കുന്നില്ലെങ്കിൽ, ദൈവം ഇപ്പോഴും സംസാരിക്കുന്നുണ്ട് എന്ന വസ്തുതയാൽ എനിക്ക് പ്രോത്സാഹിപ്പിക്കപ്പെടാൻ കഴിയും. ഞാൻ മാനസാന്തരപ്പെട്ടതിനു ശേഷവും ആരെങ്കിലും എൻ്റെ ഭാവത്തെ എനിക്കെതിരായി നിലനിർത്തിയിരിക്കുന്നെങ്കിൽ, ഞാൻ ദുഃഖിക്കേണ്ടതില്ല കാരണം ദൈവം അങ്ങനെ ചെയ്യുന്നില്ല! ഇനി ഒരിക്കലും ദൈവം എനിക്കെതിരെ എൻ്റെ പാപത്തെ നിലനിർത്തുകയുമില്ല, മറ്റാരെങ്കിലും എനിക്കെതിരായി എൻ്റെ പാപത്തെ ഉയർത്തിപ്പിടിക്കുന്നു എന്നതിനേക്കാൾ അനന്തമായി കൂടുതൽ പ്രാധാന്യമുള്ള കാര്യം അതാണ്.
മറ്റുള്ളവർ നമ്മോട് കോപിച്ചിട്ട് പെട്ടെന്നു നമ്മോടു ക്ഷമിക്കാതിരിക്കുകയോ യഥാസ്ഥാനപ്പെടാനുള്ള നമ്മുടെ പരിശ്രമത്തോട് പ്രതികരിക്കാതിരിക്കുകയോ ചെയ്താലും, നാം അവരെ വിട്ടു കളയരുത് എന്ന കാര്യം ഞാൻ ശ്രദ്ധിക്കുന്നു. ദൈവം നമ്മോട് സഹിഷ്ണുതയുള്ളവരായിരിക്കണം. നാം അവരോട് ക്ഷമ ചോദിച്ചിട്ടും അവർ ഇപ്പോഴും നമ്മോടു ക്ഷമിച്ചിട്ടില്ലെങ്കിൽ, അവർ ശാന്തരാകുവാൻ നാം അവരെ അനുവദിക്കണം. അത് ഒരു ബാർബിക്യു പാചകം ചെയ്യുന്നതു പോലെയാണ് – നിങ്ങൾ അതിൻ്റെ പുറത്ത് കരിക്കട്ട ഇട്ടിട്ട് അതു കത്തിക്കുന്നു, അവിടെ കുറേ സമയത്തേക്ക് ഒരു വലിയ ജ്വാല കത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും നിങ്ങൾ അതു പാചകം ചെയ്തു കഴിയുന്നില്ല – ആ ജ്വാല കെട്ടടങ്ങി ആ കനലിൽ അത് വെന്തു പാകമാകുന്നതുവരെ നിങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. അതേപോലെ തന്നെ സംസാരം പ്രയോജനമാകേണ്ടതിന്, അതിനു മുമ്പ് മറ്റേയാളിലുള്ള കോപാഗ്നി കെട്ട് അടങ്ങുന്നതിനു നിങ്ങൾ അനുവദിക്കണം. അത് എന്നോട് അവിടുന്ന് സഹിഷ്ണുതയുള്ളവനായിരിക്കുന്നതു പോലെ ഞാൻ മറ്റുള്ളവരോട് സഹിഷ്ണുതയുള്ളവനായിരിക്കാൻ ദൈവം എന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്നതായിരിക്കാം.
വേദപുസ്തകം ഇപ്രകാരം പറയുന്നു, “ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യരുത്, എന്നാൽ തിന്മയ്ക്കു പകരം നന്മ ചെയ്യുവിൻ” (1 പത്രൊസ് 3:9). നമുക്ക് യേശുവിനെ പോലെ ആകണമെങ്കിൽ തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ തിന്മയ്ക്കു പകരം നന്മ ചെയ്യുന്നതിനെക്കാൾ മെച്ചമായ ഒരു മാർഗ്ഗമില്ല. മൃദുവായ ഉത്തരം കൊണ്ട് ക്രോധത്തെ നേരിടുക (സദൃശ. 15:1). മറ്റൊരാളിൻ്റെ വിദ്വേഷത്തിനു പകരം സഹിഷ്ണുതയും ദയയും മടക്കി കൊടുക്കുക. ഇതായിരുന്നു യേശുവിൻ്റെ ജീവിതത്തിൻ്റെ ഇതിവൃത്തം- അവിടുത്തെ വെറുത്ത ഒരു ലോകത്തിനു വേണ്ടി തൻ്റെ ജീവൻ വയ്ക്കുവാൻ വേണ്ടിയാണ് അവിടുന്നു വന്നത്. നാം ശ്രദ്ധിച്ചു നോക്കുന്ന ഒരുവൻ അവിടുന്നാണ്.
“നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചും മടുത്തും പോകാതിരിക്കേണ്ടതിന് പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചു കൊൾവിൻ” (എബ്രാ. 12:3 എൻ എ എസ് ബി).
യേശുവിലേക്കു നോക്കി അവിടുന്ന് എത്രമാത്രം സൗമ്യതയുള്ളവനായിരുന്നു എന്നും നമുക്ക് അവിടുന്ന് ക്ഷമയോടും കരുണയോടും കൂടെ എത്രമാത്രം എതിർപ്പു സഹിച്ചു എന്നും കാണുന്നതിലൂടെ നമുക്ക് പ്രോൽസാഹിപ്പിക്കപ്പെടാൻ കഴിയും.
അവിടുത്തെ ആത്മാവിൻ്റെ ശക്തിയാൽ നമ്മിൽ തന്നെയുള്ള ഓരോ ഔൺസ് കോപത്തെയും ജയിക്കുവാനും, മറ്റുള്ളവരോട് (നമ്മുടെ ശത്രുക്കൾ ഉൾപ്പെടെ) സ്നേഹം നിറഞ്ഞവരായിരിക്കുവാനും, നമ്മുടെ പ്രതികരണങ്ങളിൽ വിവേകമുള്ളവരാകുവാനും മറ്റുള്ളവർ നമ്മോടു കോപിക്കുമ്പോൾ സഹിഷ്ണുതയും കരുണയുമുള്ളവരും ആയിരിക്കുവാനും ദൈവം നമ്മെ സഹായിക്കട്ടെ.