വ്യത്യാസങ്ങൾ കണക്കാക്കാതെ ഒരുമിച്ച് പ്രവർത്തിക്കുന്നത് – WFTW 28 ഫെബ്രുവരി 2021

സാക് പുന്നന്‍

തീത്തൊസിനെ പോലെയുള്ള പൗലൊസിൻ്റെ അടുത്ത പ്രവർത്തകർ യഹൂദരല്ലായിരുന്നു. പൗലൊസ് തന്നെ ഉറച്ച നിലപാടുള്ള ഒരു യഹൂദനായിരുന്നു, പരീശന്മാരിൽ പരീശനായിരുന്നു. എന്നാൽ തൻ്റെ യാത്രകളിൽ സ്ഥിരമായി ഉണ്ടായിരുന്ന കൂട്ടാളി ലൂക്കോസ് എന്നു പേരുള്ള ഒരു ഗ്രീക്ക് ഡോക്ടർ ആയിരുന്നു. അദ്ദേഹമാണ് ലൂക്കോസിൻ്റെ സുവിശേഷവും അപ്പൊസ്തലന്മാരുടെ പ്രവൃത്തികളും എഴുതിയത്. പൗലൊസ് വളരെ അടുത്തു പ്രവർത്തിച്ച മറ്റൊരു വ്യക്തി തിമൊഥെയൊസ് ആയിരുന്നു. അവൻ്റെ പിതാവ് ഒരു ഗ്രീക്ക്കാരൻ (യവനൻ) ആയിരുന്നതിനാൽ അവൻ ഒരു അർദ്ധ യവനൻ ആയിരുന്നു. അതു കൊണ്ട് വ്യത്യസ്തങ്ങളായ സമൂഹങ്ങളിൽ നിന്നു വന്ന് ഒരുമിച്ചു പ്രവർത്തിക്കുന്ന ഈ നാല് ആളുകൾ- പൗലൊസ് , തീത്തൊസ് , തിമൊഥെയൊസ് , ലൂക്കോസ് എന്നിവർ- വ്യത്യസ്ത ദേശീയതയുള്ളവർക്ക് ഒന്നായി പ്രവർത്തിക്കാൻ കഴിയും എന്നതിൻ്റെ പുതിയ ഉടമ്പടി സുവിശേഷത്തിലെ ജീവിക്കുന്ന തെളിവ് ആണ്.

നിങ്ങളുടെ സ്വന്തം സംസ്കാരവും ദേശീയതയും ഉള്ളവരോട് ചേർന്നു മാത്രമെ നിങ്ങൾക്കു പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എങ്കിൽ, നിങ്ങളുടെ ക്രിസ്തീയതയ്ക്ക് എന്തോ കുഴപ്പം ഉണ്ട്. നിങ്ങൾ ഒരു മലയാളിയും നിങ്ങൾക്ക് മലയാളിയുടെ കൂടെ മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നും ആണെങ്കിൽ നിങ്ങൾക്കു സുവിശേഷം എന്താണെന്നു മനസ്സിലായിട്ടില്ല. സുവിശേഷം പൗലൊസിനെ വ്യത്യസ്ത ഭാഷയും വ്യത്യസ്ത ദേശീയതയും ഉള്ളവരുടെ കൂടെ പ്രവർത്തിക്കുമാറാക്കി. ഏതു ദേശക്കാരോടും അല്ലെങ്കിൽ ഏതു സ്വഭാവഗുണവിശേഷങ്ങളുള്ളവരോടും ചേർന്നു പ്രവർത്തിക്കുവാൻ നാം മനസ്സുള്ളവരായിരിക്കണം- അവർ യേശുവിൻ്റെ ശിഷ്യന്മാരാണെങ്കിൽ- അവർ ചൈനക്കാരോ, ആഫ്രിക്കക്കാരോ, റഷ്യക്കാരോ, തെക്കെ അമേരിക്കക്കാരോ, അല്ലെങ്കിൽ വടക്കെ അമേരിക്കക്കാരോ, അവർ അന്തർമുഖരോ അല്ലെങ്കിൽ ബഹിർമുഖരോ ആണെങ്കിലും. പ്രകൃതി ഗുണങ്ങളും ദേശീയതയും എല്ലാം വ്യത്യസ്തമായിരിക്കാം, അപ്പോഴും അവർക്ക് അടുത്ത പ്രവർത്തകരായിരിക്കാൻ കഴിയും. നന്മുടെ സ്വന്തം ദേശീയതയും സ്വഭാവ ഗുണ വിശേഷങ്ങളും ഉള്ളവരുടെ കൂടെ പ്രവർത്തിക്കുന്നതു മാത്രമേ സുഖപ്രദമാകുകയുള്ളൂ എന്ന സങ്കുചിതവും, സാമൂഹികവുമായി ഇടുങ്ങിയ വിധത്തിൽ ചിന്തിക്കുന്നതിൽ നിന്നു നാം പുറത്തു വന്നിട്ട്, ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള എല്ലാവരുടെയും കൂടെ പ്രവർത്തിക്കുവാൻ നാം പഠിക്കണം.

ചില ദേശങ്ങൾക്കും സമുദായങ്ങൾക്കും വിചിത്രമായ ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ അവർ ക്രിസ്തുവിലേക്കു വരുമ്പോൾ ഈ പ്രത്യേക ലക്ഷണങ്ങളിൽ നിന്ന് അവർക്ക് വിടുവിക്കപ്പെടുവാൻ കഴിയും. തീത്തൊസ് ക്രേത്തയിൽ ആയിരുന്നപ്പോൾ, പൗലൊസ് തീത്തൊസിനോടു പറഞ്ഞത്, “ക്രേത്തർ സർവ്വദാ അസത്യവാദികളും മടിയന്മാരായ പെരുവയറന്മാരുമാണ്” എന്ന് ക്രേത്തയിലെ ഒരു വിദ്വാൻ പറഞ്ഞിട്ടുണ്ട് (1:12) എന്നാണ്. അതു ശരിയായിരുന്നിരിക്കാം. എന്നാൽ അങ്ങനെയുള്ള ഒരു ക്രേത്തൻ ക്രിസ്തുവിലേക്കു വന്ന് പരിശുദ്ധാത്മാവിനാൽ നിറയപ്പെടുമ്പോൾ, അവൻ ഒരു ഭോഷ്കു പറയുന്നവനോ ദുഷ്ടനോ ആയിരിക്കുകയില്ല, അവൻ ഒരു മൃഗത്തെപ്പോലെ പെരുമാറുകയില്ല, അവൻ ഒരു മടിയൻ ആയിരിക്കുകയില്ല, അവൻ ഒരു പെരുവയറനും ആയിരിക്കുകയില്ല. അതു കൊണ്ട് നാം ഒരിക്കലും ഒരു വ്യക്തിയെ അയാളുടെ ദേശീയതയുടെ പേരിലോ, സമുദായത്തിൻ്റെ പേരിലോ വിധിക്കരുത്. ഏതെങ്കിലും ക്രിസ്ത്യാനിയെ അവൻ്റെ സമുദായത്തിൻ്റെ പേരിൽ വിധിച്ചാൽ, നാം ആത്മീയമായി ദാരിദ്ര്യത്തിൽ നിലനിൽക്കും.

വ്യത്യസ്ത രാഷ്ട്രങ്ങളിലും സമുദായങ്ങളിലും ഉള്ള ആളുകളോടുള്ള കൂട്ടായ്മയിലൂടെ, ദൈവം എന്നെ ആത്മീയമായി വലിയ സമ്പന്നനാക്കിയിരിക്കുന്നു- ചൈനക്കാർ, ആഫ്രിക്കക്കാർ, വിവിധ വർഗ്ഗങ്ങളിലുള്ള ഇന്ത്യക്കാർ, യൂറോപ്യർ, അമേരിക്കക്കാർ തുടങ്ങിയവർ. എല്ലാ സമൂഹങ്ങളിൽ നിന്നും രാഷ്ട്രങ്ങളിൽ നിന്നുമുള്ള ദൈവ ജനത്തോട് എൻ്റെ ഹൃദയം എപ്പോഴും തുറന്നിരിക്കുന്നു- കാരണം ദൈവഭക്തി ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിൽ അല്ല കാണപ്പെടുന്നത് എന്ന് എനിക്കറിയാം. ചില സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ വളരെ ധാർഷ്ട്യമുള്ളവരാണ് എന്നു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ആ രാജ്യങ്ങളിൽ നിന്നുള്ള യഥാർത്ഥ വിശ്വാസികൾ വിനയമുള്ളവരാണ്. അതുപോലെ ക്രേത്തർ ഭോഷ്ക്കു പറയുന്നവരായിരിക്കാം, എന്നാൽ ക്രേത്തയിലുള്ള ക്രിസ്ത്യാനികൾ ഭോഷ്ക്കു പറയുന്നവരല്ല. ചില സമൂഹങ്ങളിലുള്ളവർ വളരെ മോശം കുടുംബ മൂല്യങ്ങളുള്ളവരാണ്. എന്നാൽ ആ സമുദായങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികൾ മറ്റുള്ളവരെപോലെ ആയിരിക്കണമെന്നില്ല. അതുകൊണ്ട് നാം ഒരു ക്രിസ്ത്യാനിയെ അവൻ വരുന്ന സമൂഹത്തിൻ്റെ പേരിൽ വിധിക്കരുത്. അവൻ ഒരു പുതിയ സൃഷ്ടിയാണ്. അതുകൊണ്ടാണ് മറ്റു രാഷ്ട്രങ്ങളിൽ നിന്നുള്ള ഏറ്റവും അടുത്ത ചില സഹപ്രവർത്തകർ തനിക്കുണ്ടായിരിക്കുന്നതിൽ പൗലൊസിനു പ്രശ്നമൊന്നും ഇല്ലാതിരുന്നത്.

നിങ്ങളിൽ നിന്നു വ്യത്യസ്തരായി ക്രിസ്തുവിൻ്റെ ശരീരത്തിലുള്ളവരുമായി പ്രവർത്തിക്കുവാൻ നിങ്ങൾക്കു മനസ്സില്ലെങ്കിൽ, നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ മുഴുവൻ ഉദ്ദേശ്യങ്ങളും നിറവേറ്റാൻ നിങ്ങൾക്കു കഴിയില്ല. അപ്പോൾ നിങ്ങളുടെ സഹപ്രവർത്തകർ ആരായിരിക്കണമെന്ന് ദൈവം കാണിച്ചു തരികയില്ല- കാരണം അവിടുത്തെ ആലോചനയിൽ, നിങ്ങൾ, മറ്റൊരു രാഷ്ട്രത്തിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യയുടെ മറ്റൊരു ഭാഗത്തു നിന്നോ ഉള്ള ചിലരുമായി പ്രവർത്തിക്കണമെന്നായിരിക്കാം അവിടുന്നാഗ്രഹിക്കുന്നത് എന്നാൽ അവിടുത്തെ ആലോചന സ്വീകരിക്കുവാൻ നിങ്ങൾക്കു സമ്മതമല്ല എന്ന് അവിടുന്നു കാണുന്നു.

യാതൊരു തരത്തിലുള്ള വ്യത്യാസവും കൂടാതെ, ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള മറ്റുള്ളവരുമായി ചേർന്നു പ്രവർത്തിക്കുവാൻ നമുക്കു കഴിയുന്നതിനു മുമ്പ് തകർക്കപ്പെടേണ്ട അനേകം തെറ്റായ മനോഭാവങ്ങൾ തമ്മിലുണ്ട്. നമ്മെ പോലെ തന്നെയുള്ള ആളുകളുമായി മാത്രം പ്രവർത്തിക്കാനുള്ള ഒരു താൽപര്യം നമുക്കുണ്ടെങ്കിൽ, ദൈവം നമുക്ക് വഴി കാട്ടുകയില്ല. നാം തന്നെ നമ്മുടെ സഹപ്രവർത്തകരെ തിരഞ്ഞെടുത്തിട്ട് കർത്താവു നമ്മെ അവരുടെ അടുക്കലേക്കു നയിച്ചു എന്നു നാം പറയും- എന്നാൽ അതു സത്യമായിരിക്കുകയില്ല. നമ്മുടെ ജഡിക താൽപര്യങ്ങളായിരിക്കാം നമ്മെ നയിച്ചത്. അവർ നമ്മുടെ അതേ ബൗദ്ധിക നിലവാരമോ, അതേ സമുദായമോ, അല്ലെങ്കിൽ നമ്മുടെ അതേ പ്രകൃതി ഗുണമോ, ഉള്ളവരായതുകൊണ്ടാണ് നാം അവരെ തിരഞ്ഞെടുത്തത്. വിവാഹത്തിൻ്റെ കാര്യത്തിൽ ആ വിധത്തിലുള്ള ഒന്നിച്ചു ചേരൽ ശരിയാണ്. എന്നാൽ ദൈവത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ, നമ്മുടെ സഹപ്രവർത്തകരായി ദൈവം തിരഞ്ഞെടുക്കുന്ന ആരോടും നാം തുറന്ന മനസ്സുള്ളവരായിരിക്കണം.

What’s New?