യൗവനകാലത്ത്…

യൗവനത്തില്‍ തന്നെ ചിലതു ചെയ്തു തീര്‍ത്തവരാണ് ചരിത്രത്തിലെ പ്രശസ്തരായ പലരും.

മുപ്പതു വയസ്സു തികയും മുന്‍പേ വിര്‍ജില്‍ ലാറ്റിന്‍ കവികളുടെ മുന്‍നിരയിലെത്തി. മാര്‍ട്ടിന്‍ ലൂഥര്‍ നവീകരണത്തിനു നേതൃത്വം നല്‍കി. ഐസക് ന്യൂട്ടന്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞനായി.

ഇരുപത്തിയെട്ടു വയസ്സാകും മുന്‍വേ ഹെറോഡോട്ടസ് തന്റെ ഒന്‍പതു ചരിത്ര പുസ്തകങ്ങളും ഒളിമ്പിക് ഗെയിംസില്‍ വായിച്ചു കേള്‍പ്പിച്ചു. ഹാനി ബോള്‍, സ്‌പെയിനിനെ കാര്‍ത്തേജിൻ്റെ അധീനതയില്‍ കൊണ്ടുവന്നു.

ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും ഡെമോസ്തനീസ് ‘ഗ്രീസിലെ സുവര്‍ണനാവുള്ള പ്രഭാഷകന്‍’ സിസെറോ ‘റോമിലെ വെള്ളിനാവുള്ള പ്രഭാഷകന്‍’ എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ടു. റാഫേലിനു വത്തിക്കാനിന്റെ ചുവരുകളെ തന്റെ അനശ്വര ചിത്രങ്ങളാല്‍ അലങ്കരിക്കുവാനുള്ള ക്ഷണം ലഭിച്ചു. ഷേക്‌സ്പിയര്‍ ഈ പ്രായത്തില്‍ നാടകകൃത്തുക്കളില്‍ അഗ്രഗണ്യനായി. ഗലീലയോ രാത്രി തോറും പുതിയ നക്ഷത്രങ്ങളെ വീക്ഷിച്ചതും ഈ പ്രായത്തിലാണ്

ഇരുപത്തി രണ്ടാം വയസ്സില്‍ അലക്‌സാണ്ടര്‍ പേര്‍ഷ്യന്‍ സാമ്രാജ്യം കീഴടക്കി. നെപ്പോളിയനും വാഷിങ്ടണും ഈ പ്രായത്തില്‍ പേരു കേട്ട ജനറല്‍മാരായിരുന്നു.

ഇരുപതു വയസ്സായപ്പോള്‍ സോക്രട്ടീസിന്റെ പിന്‍ഗാമി പ്ലേറ്റോ, പതിനേഴുകാരനായ അരിസ്റ്റോട്ടിലിനെ തന്റെ ‘പാഠശാലയുടെ ശിരസ്സ്’ എന്നു വിശേഷിപ്പിച്ചു.

പത്തൊന്‍പതാം വയസ്സില്‍ പാസ്‌കല്‍ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായി. ബേക്കണ്‍ സാമാന്യനുമാനതത്ത്വശാസ്ത്രത്തിന് (Inductive philosophy) അടിത്തറയിട്ടപ്പോള്‍ ഇതേ പ്രായമേ ഉണ്ടായിരുന്നുള്ളു.

ക്രിസ്തീയ ലോകത്തേക്കു വന്നാല്‍ ജോനാഥാന്‍ എഡ്വേര്‍ഡ്‌സും ജോര്‍ജ് വൈറ്റ്ഫീല്‍ഡും പ്രസംഗികളുടെ പ്രഭുക്കളായി മാറിയപ്പോള്‍ തങ്ങളുടെ ഇരുപതുകളിലായിരുന്നു.

യേശുക്രിസ്തു 30-ാം വയസ്സില്‍ സുവിശേഷം പ്രഘോഷിക്കാന്‍ തുടങ്ങി. അതാണല്ലോ ലോകത്തെ വിപ്ലവകരമായി മാറ്റി മറിച്ചത്.

ചെറുപ്പക്കാരാ, നീ ഇപ്പോള്‍ എന്തു ചെയ്യുകയാണ്?

”നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്‍ക. ദുര്‍ ദിവസങ്ങള്‍ വരികയും എനിക്ക് ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കുകയും സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങള്‍ മടങ്ങി വരികയും ചെയ്യും മുമ്പ് തന്നെ” (സഭാപ്രസംഗി 12:1,2).